Friday, July 20, 2012

THE PRIVATE SPORTS
സ്വാഗതം ചെയ്യാം ഈ സ്വകാര്യ നിശബ്ദ വിപ്ലവത്തെ
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ ശേഷം ഇന്ത്യന്‍ കായികരംഗത്ത്‌ വലിയ നിശബ്ദ വിപ്ലവം നടന്നിരുന്നു. സ്വകാര്യ സംരഭകരുടെ കായിക താല്‍പ്പര്യം. രാജ്യത്തിന്റെ കായിക വികസനം ലക്ഷ്യമാക്കി സ്വകാര്യ സംരഭകരും ഗ്രൂപ്പുകളും സജീവ താല്‍പ്പര്യം പ്രകടിപ്പിച്ചത്‌ പക്ഷേ വലിയ വാര്‍ത്തയായിരുന്നില്ല. മുന്‍കാല താരങ്ങളായ പ്രകാശ്‌ പദുകോണും ഗീത്‌ സേഥി തുടങ്ങിയവരുടെ താല്‍പ്പര്യത്തിലാണ്‌ അഞ്ചോളം കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകള്‍ ഒളിംപിക്‌സ്‌ സ്‌പോര്‍ട്‌സ്‌ ഇനങ്ങളില്‍ രാജ്യത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ വന്‍പദ്ധതികല്‍ ആവിഷ്‌ക്കരിച്ചത്‌. അതിന്‍രെ ഗുണഭോക്താക്കളായി അഭിനവ്‌ ബിന്ദ്രയും സീമാ ആന്റിലും വികാസ്‌ ഗൗഡയുമെല്ലാം മാറുകയും ചെയ്‌തു.
ഈ പോസീറ്റീവ്‌ നീക്കത്തിലും ഇന്ത്യന്‍ താരങ്ങളുടെ മുഖത്തേക്കൊന്ന്‌ നോക്കിയാല്‍ കാണുക ആശങ്കയാണ്‌...... ആത്മവിശ്വാസമില്ലായ്‌മയാണ്‌. എത്രയോ രാജ്യാന്തര മീറ്റുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ വാടിയ മുഖം കണ്ടിട്ടുണ്ട്‌. മല്‍സരം ആരംഭിക്കുന്നതിന്‌ മുമ്പ്‌ എല്ലാവരും വാടിത്തളര്‍ന്നിരിക്കും. സമ്മര്‍ദ്ദവും വിമര്‍ശനങ്ങളുമെല്ലാമായി രക്തം വാര്‍ന്ന നിലയിലുള്ള അവസ്ഥ. മറ്റ്‌ രാജ്യങ്ങളിലെ കായികതാരങ്ങള്‍ ചിട്ടയായ പരിശീലനവും പ്രൊഫഷണല്‍ പരിശീലകരുടെ പിന്തുണയിലും അധികാരികളുടെ സഹകരണത്തിലും മെഡല്‍ എന്ന ഉറച്ച വിശ്വാസത്തില്‍ ഒരുങ്ങുമ്പോള്‍ ആര്‍ക്കോ വേണ്ടി പരിശീലിക്കുന്നത്‌ പോലെയാണ്‌ നമ്മുടെ താരങ്ങള്‍. ലക്ഷ്യമില്ലാതെ ഉപദേശം നല്‍കുന്നവരാണ്‌ നമ്മുടെ പരിശീലകര്‍. ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനിടെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യന്‍ ഡിസ്‌ക്കസ്‌ ത്രോ താരം സീമാ ആന്റിലുമായി സംസാരിച്ചിപ്പോഴാണ്‌ താരങ്ങളുടെ നിരാശയുടെ ആഴം മനസ്സിലായത്‌. തികഞ്ഞ പ്രൊഫഷണലിസ്‌റ്റായ സീമ ഒരു വേള കളിക്കളം വിടാന്‍ പോലും ആലോചിച്ചിരുന്നു. അധികാരികളുടെ മനോഭാവത്തില്‍ മനം മടുത്ത്‌. സ്വന്തം സുരക്ഷിതത്വമാണ്‌ താരങ്ങളെ വേട്ടയാടുന്നത്‌. ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ഒരു താരവും സുരക്ഷിതരല്ല. ഓരോ മേളകള്‍ വരുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നവര്‍. മേള കഴിഞ്ഞാല്‍ ഒരു മെഡലുണ്ടെങ്കില്‍ മാത്രം അംഗീകരിക്കപ്പെടുന്നവര്‍. മെഡല്‍ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വിസ്‌മൃതിയിലേക്ക്‌ തള്ളപ്പെടുന്നവര്‍.
സീമയെ ഈയിടെ ഒളിംപിക്‌സ്‌ ഒരുക്കങ്ങളുടെ ഭാഗമായി ബന്ധപ്പെട്ടിരുന്നു. അവരിപ്പോള്‍ അമേരിക്കയിലാണ്‌. സംസാരത്തില്‍ വലിയ ആവേശം. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ വെങ്കലം സ്വന്തമാക്കിയ വേളയില്‍ സംസാരിക്കന്‍ പോലുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല സീമ. ഡിസ്‌ക്കസ്‌ ത്രോ തന്നെ മതിയാക്കുകയാണെന്നായിരുന്നു അല്‍പ്പം രോഷത്തോടെയുള്ള അന്നത്തെ പ്രതികരണം. കാരണം മറ്റൊന്നുമല്ല- സംരക്ഷിക്കാനോ, ഒളിംപിക്‌സ്‌ പരിശീലനത്തിന്‌ അവസരം നല്‍കാനോ ആരുമില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ കേസില്‍ പ്രതികളായി സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടുമെല്ലാം ജയിലില്‍ കഴിയുന്നു. അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ മറ്റ്‌ ഭാരവാഹികളെ വിളിച്ച്‌ പരിശീലന സൗകര്യം തേടിയപ്പോള്‍ എല്ലാവരും കൈ മലര്‍ത്തി. ഒളിംപിക്‌സ്‌ മെഡല്‍ മോഹവുമായി നടക്കുമ്പോഴായിരുന്നു സീമക്ക്‌ ഈ അനുഭവം. ഇന്ത്യന്‍ ടീമിന്റെ മുഖ്യ അത്‌ലറ്റിക്‌ കോച്ച്‌ ബഹാദൂര്‍ സിംഗിനെ സമീപിച്ചപ്പോള്‍ അദ്ദേഹമാണ്‌ പറഞ്ഞത്‌ ഒരു മെഡല്‍ മോഹമുണ്ടെങ്കില്‍ വിദേശത്ത്‌ പരിശീലനം നടത്താന്‍. വിദേശത്ത്‌ പരിശീലനം നടത്താന്‍ വലിയ ചെലവ്‌ വേണം. എല്ലാം മതിയാക്കാമെന്ന്‌ കരുതിയത്‌ ഈ വേളയിലായിരുന്നു. പക്ഷേ സീമക്ക്‌ തുണയായി ഗീത്‌ സേഥി എത്തി. ഒളിംപിക്‌സ്‌ സ്‌പോര്‍ട്‌സ്‌ ഇനങ്ങളില്‍ ഇന്ത്യയെ മെഡല്‍ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യവുമായി നിലവില്‍ വന്ന മിട്ടാല്‍ ചാമ്പ്യന്‍സ്‌ ട്രസ്റ്റിനെ (എം.സി.ടി) സീമ സമീപിച്ചത്‌ അവരുടെ കരിയറില്‍ വലിയ മാറ്റമായി. ഡിസ്‌ക്കസ്‌ ത്രോയില്‍ മുന്‍ ലോക ചാമ്പ്യനായ അമേരിക്കന്‍ താരം മാക്‌ വില്‍ക്കിന്‍സിനെ സീമക്ക്‌ കോച്ചായി കിട്ടി. ഇപ്പോള്‍ ലോസാഞ്ചലസില്‍ പരിശീലനം നടത്തുകയാണ്‌ സീമ. നല്ല ആത്മവിശ്വാസമുണ്ട്‌. ലോകോത്തോര താരങ്ങളെ വെല്ലുവിളിക്കാമെന്ന പ്രതീക്ഷയുണ്ട്‌. തന്റെ നിരാശയെല്ലാം തല്‍ക്കാലം മാറിയെന്നും സീമ പറയുന്നു. അമേരിക്കയില്‍ പരിശീലനത്തിനിടെ 62.6 മീറ്റര്‍ ഡിസ്‌ക്ക്‌ എറിഞ്ഞത്‌ വഴിയാണ്‌ സീമക്ക്‌ ലണ്ടന്‍ ടിക്കറ്റ്‌ ലഭിച്ചത്‌.മിട്ടാല്‍ ചാമ്പ്യന്‍സ്‌ ട്രസ്റ്റിനെ കൂടാതെ ഒളിംപിക്‌ ഗോള്‍ഡ്‌ ക്വസ്‌റ്റ്‌ (ഒ.ജി.ക്യൂ), ലക്ഷ്യ സപോര്‍ട്‌സ്‌ തുടങ്ങിയ സംഘടനകള്‍ക്കൊന്നും ഔദ്യോഗിക പരിവേഷമില്ല.
അവര്‍ അടിസ്ഥാനപരമായി ചിന്തിക്കുന്നു. നാളെ തന്നെ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാമെന്ന വിശ്വാസമില്ലാതെ ഭാവി താരങ്ങളെ കണ്ടെത്താനായി തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ കാര്യങ്ങളെ കാണുന്നു. സാമ്പത്തിക ദാരിദ്ര്യമാണ്‌ നമ്മുടെ വലിയ പ്രശ്‌്‌നമെന്ന്‌ മനസ്സിലാക്കി തന്നെ താരങ്ങളെ സമീപിച്ച്‌ ആദ്യം അവര്‍ക്ക്‌ ജീവിത സുരക്ഷ ഉറപ്പ്‌ നല്‍കുന്നു. ചൈനക്കാര്‍ വളരെ പണ്ട്‌ മുതല്‍ ചെയ്‌തത്‌-സ്വന്തം ഗെയിമുകളുടെ തിരിച്ചറിവ്‌. അതാണ്‌ ഈ സ്വകാര്യ സംരഭകര്‍ ചെയ്യുന്നത്‌. താരങ്ങളെ കണ്ടെത്താനും തിരിച്ചറിയാനും അവര്‍ കായിക പ്രൊഫഷണലുകളെ തന്നെ നിയോഗിക്കുന്നു.
ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ മെഡല്‍ സാധ്യതയുള്ള ഇനങ്ങളെ നയിക്കുന്ന കായിക ഫെഡറേഷനുകളുടെ കാര്യം കട്ടപുകയാണ്‌. ആര്‍ച്ചറി, ബോക്‌സിംഗ്‌, ഗുസ്‌തി ഫെഡറേഷനുകള്‍ക്ക്‌ വലിയ ഫണ്ടില്ല. ഉള്ള ഫണ്ടാവട്ടെ പലരുടെയും പോക്കറ്റിലാവുമ്പോള്‍ താരങ്ങള്‍ക്ക്‌ പരിശീലനത്തിനായി ഒന്നും ലഭിക്കുന്നില്ല. ഇവിടെയാണ്‌ സ്വകാര്യ കായിക പ്രൊമോട്ടര്‍മാരുടെ സേവനം വലിയ സഹായമായി മാറുന്നത്‌. ഫെഡറേഷനുകളുടെ ഭരണം നിയന്ത്രിക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌. പണം വരുന്ന വഴിയെക്കുറിച്ച്‌ അവര്‍ക്കറിയാം. പക്ഷേ അത്‌ ഏത്‌ വിധം പ്രയോജനപ്പെടുത്തണം എന്ന കാര്യത്തില്‍ കാര്യമായ അറിവില്ല. ഇതും താരങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന വിഷയമാണ്‌. ഇതെല്ലാം മനസ്സിലാക്കി തന്നെ പദുകോണും സേഥിയും പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക്‌ വന്‍കിട കോര്‍പ്പറേറ്റ്‌ ഗ്രൂപ്പുകള്‍ സഹായം നല്‍കുന്നുണ്ട്‌. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ രക്ഷപ്പെടുത്താന്‍ പലവിധ മാര്‍ഗങ്ങള്‍ പരീക്ഷിച്ച്‌ പരാജയപ്പെട്ട ശേഷം 2002 ല്‍ പദുകോണിനെ കണ്ടതാണ്‌ സേഥിയിലെ താരത്തെ സംഘാടകന്‍ എന്ന നിലയില്‍ കരുത്തനാക്കിയത്‌. ബംഗ്ലരൂവില്‍ സ്വന്തം ബാഡ്‌മിന്റണ്‍ അക്കാദമി സ്ഥാപിച്ച്‌ അധികാരികള്‍ക്കെതിരെ കുരിശ്‌ യുദ്ധം പ്രഖ്യാപിച്ച പദുകോണാണ്‌ ഒ.ജി.ക്യൂയുടെ പ്രധാന കാര്യദര്‍ശി. വിശ്വനാഥന്‍ ആനന്ദ്‌, ലിയാന്‍ഡര്‍ പെയ്‌സ്‌ എന്നി കായിക പ്രതിഭകളെ കൂടാതെ ബിസിനസുകാരായ നീരജ്‌ ബജാജ്‌ (ബജാജ്‌ ഓട്ടോ ലിമിറ്റഡ്‌), ഷിതിന്‍ ദേശായി എന്നിവരെല്ലാം സംഘത്തിലുണ്ട്‌. ഇവരുടെ ശ്രമഫലമായാണ്‌ മോണറ്റ്‌ ഇസ്‌പാറ്റ്‌ ആന്‍ഡ്‌ എനര്‍ജി ലിമിറ്റഡ്‌ ഇന്ത്യന്‍ ബോക്‌സിംഗ്‌ ടീമുമായി 4.45 കോടിയുടെ കരാര്‍ ഒപ്പിട്ടത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ സ്‌പോണ്‍സര്‍മാരായ സഹാറ ഇന്ത്യ 95 കായിക താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്‌. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ മാര്‍ക്കറ്റിംഗ്‌ ഗ്രൂപ്പായ ഐ.എം.ജി വേള്‍ഡ്‌ വൈഡുമെല്ലാ ഈ രംഗത്ത്‌ താല്‍പ്പര്യമെടുത്തിരിക്കുന്നു. ഷൂട്ടര്‍ ഗഗന്‍ നരാംഗാണ്‌ ലക്ഷ്യ സ്‌പോര്‍ട്‌സിന്റെ വക്താവ്‌. ബോക്‌സര്‍മാരെ സഹായിക്കാന്‍ ഭീവാനി ബോക്‌സിംഗ്‌ ക്ലബുണ്ട്‌.
ബെയ്‌ജിംഗിലെ നേട്ടത്തിന്‌ ശേഷം ഉടലെടുത്ത ഈ സ്വകാര്യ കൂട്ടായ്‌മകളില്‍ തീര്‍ച്ചയായും പ്രതീക്ഷയര്‍പ്പിക്കാം. ഇന്നത്തെ താരങ്ങളുടെ ഗതികേട്‌ എന്തായാലും നാളെയുടെ താരങ്ങള്‍ക്കുണ്ടാവില്ല.

No comments: