Wednesday, July 4, 2012

ITS GOING TO BE SUSHEEL not ABINAV



കൊടിയിലും രാഷ്‌ട്രീയം
ജൂലൈ 27ന്‌ ഒളിംപിക്‌ പാര്‍ക്കില്‍ നടക്കുന്ന താരങ്ങളുടെ മാര്‍ച്ച്‌പാസ്‌റ്റില്‍ ഇന്ത്യയുടെ ത്രിവര്‍ണപതാക വഹിക്കുക ആരായിരിക്കും....? ഗുസ്‌തിക്കാരന്‍ സുശീല്‍കുമാറുണ്ട്‌, ബോക്‌സര്‍ വിജേന്ദറുണ്ട്‌, നാല്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗില്‍ കനകം കരസ്ഥമാക്കിയ അഭിനവ്‌ ബിന്ദ്രയുണ്ട്‌, ആര്‍ച്ചറിയില്‍ ലോക ഒന്നാം റാങ്കുകാരിയായി ദീപികാ കുമാരിയുണ്ട്‌, ബാഡ്‌മിന്റണില്‍ കരുത്ത്‌ പ്രകടിപ്പിക്കുന്ന സൈന നെഹ്‌വാളുണ്ട്‌, അവസാന ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ലിയാന്‍ഡര്‍ പെയ്‌സും മഹേഷ്‌ ഭൂപതിയുമുണ്ട്‌-അങ്ങനെ പേരുകള്‍ നിരവധി. ആര്‍ക്കായിരിക്കും നറുക്ക്‌. അത്‌ തീരുമാനിക്കുക ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനാണ്‌. തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ മേല്‍പ്പറഞ്ഞ താരങ്ങളുടെ എല്ലാ റെക്കോര്‍ഡും പരിശോധിക്കുമെന്ന്‌ കരുതരുത്‌. ആരാണോ അധികാരികള്‍ക്ക്‌ നല്ല കുട്ടി, അവനെ പതാക ഏല്‍പ്പിക്കും.
പതാക വഹിക്കാനുള്ള യോഗ്യതകളെക്കുറിച്ച്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി മാനുവലില്‍ വ്യക്തമായ വ്യവസ്ഥകളില്ല. രാജ്യത്തിന്റെ കായിക അംബാസിഡറായ, ലോക തലത്തില്‍ വ്യക്തമായ വിലാസമുള്ള താരത്തിനാണ്‌ സാധാരണ നറുക്ക്‌ വീഴാറുള്ളത്‌. മാര്‍ച്ച്‌പാസ്റ്റില്‍ സ്‌പാനിഷ്‌ പതാക വഹിക്കുന്നത്‌ അവരുടെ ടെന്നിസ്‌ സൂപ്പര്‍താരം റഫേല്‍ നദാലാണ്‌. റഷ്യന്‍ പതാക വഹിക്കുന്നത്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസില്‍ വനിതാ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കിയ മരിയ ഷറപ്പോവയാണ്‌. സെര്‍ബിയന്‍ പതാകയേന്തുന്നത്‌ നോവാക്‌ ദ്യോകോവിച്ചാണ്‌. കൂടുതല്‍ രാജ്യങ്ങള്‍ പതാക വാഹകരെ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്‌. അര്‍ജന്റീന എന്ന ഫുട്‌ബോള്‍ രാജ്യത്തിന്റെ വെള്ളയും നീലയുമുള്ള പതാക വഹിക്കുന്നത്‌ ഹോക്കി താരം ലുസിയാന ഐമറാണ്‌. ബെലാറൂസിന്‌ വേണ്ടി ടെന്നിസ്‌ താരം മാക്‌സ്‌ മിര്‍നി, ടൂണിഷ്യക്കായി ഹാന്‍ഡ്‌ബാള്‍ താരം ഹെകെ മാഗ്‌നം, ഉസ്‌ബെക്കിസ്ഥാന്‌ വേണ്ടി ബോക്‌സിംഗ്‌ താരം എല്‍ഷാദ്‌ റസലോവ്‌ തുടങ്ങിയവരുടെ പേരുകളെല്ലാം പ്രഖ്യാപിക്കപ്പെട്ടത്‌ വ്യക്തമായും മികവിന്റെ അടിസ്ഥാനത്തിലാണ്‌.
നമ്മുടെ നാട്ടില്‍ കൊടി പിടിക്കാനുള്ള തെരഞ്ഞെടുപ്പും രാഷ്ട്രീയമാണ്‌, മേഖലാ താല്‍പ്പര്യമാണ്‌, വ്യക്തിതാല്‍പ്പര്യമാണ്‌. യോഗ്യതയാണ്‌ മാനദണ്‌ഠമെങ്കില്‍ ലണ്ടനില്‍ ഇന്ത്യന്‍ പതാക വഹിക്കാന്‍ എന്ത്‌ കൊണ്ടും ഒന്നാമന്‍ അഭിനവ്‌ ബിന്ദ്ര എന്ന ഷൂട്ടറാണ്‌. ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ആദ്യമായി വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ താരം. ബെയ്‌ജിംഗില്‍ ത്രിവര്‍ണ പതാകയെ പൊന്ന്‌ പുതിപ്പിച്ച താരം. പക്ഷേ അധികാരികളുടെ കണ്ണില്‍ ബിന്ദ്ര നല്ല കുട്ടിയല്ല. അച്ചടക്കമില്ലാത്തവനാണ്‌, പറഞ്ഞാല്‍ കേള്‍ക്കാത്തവനാണ്‌. ദേശീയ ഷൂട്ടിംഗ്‌ അസോസിയേഷന്‍കാര്‍ക്ക്‌ ബിന്ദ്രയോട്‌ താല്‍പ്പര്യമില്ല. അസോസിയേഷന്‍ പറയുന്നതാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ കേള്‍ക്കുക. ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസിനിടെ ബിന്ദ്രയെ അധികാരികള്‍ അപമാനിച്ചത്‌ എല്ലാവരും കണ്ടിരുന്നു. ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ചും ബിന്ദ്രയെ കരക്കിരുത്തി. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിനിടെ അധികാരികളുടെ ബിന്ദ്ര വിരോധവും ഗഗന്‍ നരാംഗ്‌ സനേഹവും ആവോളം കണ്ടിരുന്നു. ബിന്ദ്ര ചെയ്‌ത തെറ്റാണ്‌ രസകരം-അദ്ദേഹം ധനികനായതിനാല്‍ അസോസിയേഷന്‍കാരുടെ പണത്തിനും സഹായത്തിനും നില്‍ക്കാതെ സ്വന്തം കാശെടുത്ത്‌ ജര്‍മനിയില്‍ പോയി വിദഗ്‌ധ പരിശീലനം നടത്തി. ഒളിംപിക്‌ ജേതാവായത്‌ കൊണ്ട്‌ ട്രയല്‍സ്‌ എന്ന കടമ്പക്ക്‌ തന്നെ വിളിക്കില്ലെന്നും കരുതി. ഇവനാരാടാ രാജാവോ എന്ന്‌ തോന്നിയ അസോസിയേഷന്‍കാര്‍ ജര്‍മന്‍ പരിശീലനം നിര്‍ത്തി ഉടന്‍ ഡല്‍ഹിയിലെത്താന്‍ ബിന്ദ്രക്ക്‌ നിര്‍ദ്ദേശം നല്‍കി. അദ്ദേഹം കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി എത്തിയപ്പോള്‍ അനാവശ്യമായി കൂറെ ദിവസം പരിശീലനവും മല്‍സരങ്ങളും നിഷേധിച്ചു. ലണ്ടനില്‍ പതാക വഹിക്കാന്‍ ബിന്ദ്രക്ക്‌ കഴിയില്ലെന്ന്‌ പറയാന്‍ ഇപ്പോള്‍ ഒളിംപിക്‌ അസോസിയേഷന്‍ വിശ്വസനീയമായ ഒരു കാരണം കണ്ടെത്തിയിട്ടുണ്ട്‌- അടുത്ത ദിവസം തന്നെ മല്‍സരമുള്ളതിനാല്‍ പതാകയേന്താന്‍ നിന്നാല്‍ അത്‌ മല്‍സര തയ്യാറെടുപ്പിനെ ബാധിക്കും. അഭിമാനിയാണ്‌ അഭിനവ്‌. പതാക എനിക്ക്‌ തരൂ എന്ന്‌ പറഞ്ഞ്‌ അദ്ദേഹം അധികാരികളുടെ കാല്‍ക്കല്‍ വീഴില്ല. മറ്റാര്‍ക്കെങ്കിലും ലഭിക്കുന്ന അവസരത്തെ നിഷേധിക്കുകയുമില്ല.
അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ടെന്നിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്‌ ലിയാന്‍ഡര്‍ പെയ്‌സ്‌. അധികാരികളോട്‌ താല്‍പ്പര്യമില്ലാത്തവനാണ്‌ പെയ്‌സ്‌. സ്വന്തം ദിശയില്‍ സഞ്ചരിക്കുന്നവന്‍. അതിനാല്‍ പെയ്‌സും ഗുഡ്‌ ലിസ്റ്റിലില്ല. പെയ്‌സിനെ മാറ്റി ഭൂപതിക്ക്‌ അവസരം നല്‍കാനാവില്ല. ഈയിടെയാണ്‌ സാനിയ അധികാരികള്‍ക്കെതിരെ പൊട്ടിത്തെറിച്ചത്‌. സൈന ഇപ്പോള്‍ നല്ല കുട്ടിയാണ്‌. പക്ഷേ പതാക നല്‍കാന്‍ മാത്രം ഒളിംപിക്‌സില്‍ കാര്യമായ നേട്ടം കൈവരിച്ചിട്ടില്ല. ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ്‌ ഓപ്പണ്‍ ബാഡ്‌മിന്റണുകളില്‍ ഇപ്പോള്‍ ജയിച്ചിട്ടുണ്ട്‌. (സൈനയുടെ കോച്ച്‌ ഗോപീചന്ദാണ്‌. ഗോപിയാവട്ടെ പ്രകാശ്‌ പദുകോണ്‍ ഗ്രൂപ്പുകാരനാണ്‌. ഇന്ത്യന്‍ കായികമേധാവികളെ പരസ്യമായി വെല്ലുവിളിച്ച്‌ സ്വന്തമായി സംഘടന രൂപീകരിച്ച പാരമ്പര്യമുണ്ട്‌ പ്രകാശിന്‌.) ആര്‍ച്ചറി താരം ദീപികാ കുമാരി നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാമതാണ്‌. പക്ഷേ കന്നി ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ പോവുന്ന താരത്തിന്‌ പതാക നല്‍കുന്നത്‌ ഉചിതമല്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ടെന്നിസ്‌ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കിയ സോമദേവുണ്ട്‌. പക്ഷേ കാര്യമായ ഒളിംപിക്‌സ്‌ അനുഭവങ്ങളില്ല. പിന്നെയുള്ളത്‌ ബെയ്‌ജിംഗില്‍ വെങ്കലം നേടിയ സുശീല്‍ കുമാറും വീജേന്ദറുമാണ്‌. ഇതില്‍ സുശീല്‍ നല്ല പിള്ളയാണ്‌. വീജേന്ദര്‍ പക്ഷേ പെട്ടെന്ന്‌ വഴങ്ങുന്നവനല്ല. ഹോക്കി ടീമിലാവട്ടെ സൂപ്പര്‍ താരങ്ങളാരുമില്ല.
ഈ പട്ടികയില്‍ അധികാരികളുടെ കണ്ണില്‍ കൊടി പിടിക്കാന്‍ യോഗ്യന്‍ സൂശീലാണ്‌. ആ തീരുമാനം ഉടനുണ്ടാവും.

No comments: