Saturday, January 31, 2009

yuki-the indian

നമ്പര്‍ വണ്‍ കപ്പ്‌
മെല്‍ബണ്‍: അപ്രതീക്ഷിതമായത്‌ റോഡ്‌ ലീവര്‍ അറീനയില്‍ സംഭവിച്ചില്ല. സറീന വില്ല്യംസ്‌ അനായാസ വിജയവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ വനിതാ സിംഗിള്‍സ്‌ കിരീടത്തില്‍ മുത്തമിട്ടു. കേവലം ഒരു മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച കലാശപ്പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയില്‍ നിന്നുളള ദിനാര സാഫിനയെ വീഴ്‌ത്തി. സ്‌ക്കോര്‍ 6-0, 6-4. കിരീടത്തിനൊപ്പം ലോക റാങ്കിംഗിലെ ആദ്യ സ്ഥാനവും സ്വന്തമാക്കിയ അമേരിക്കന്‍ താരം ഗ്രാന്‍ഡ്‌സ്ലാം നേട്ടം ഇതോടെ പത്താക്കി ഉയര്‍ത്തി. ആദ്യ സെറ്റില്‍ പ്രതിയോഗിക്ക്‌ ഒരു ഗെയിം പോലും നല്‍കാതെ 22 മിനുട്ടില്‍ വിജയം വരിച്ച 27 കാരിക്ക്‌ മുന്നില്‍ രണ്ടാം സെറ്റില്‍ മാത്രമാണ്‌ നേരിയ ചെറുത്തുനില്‍പ്പിന്‌ റഷ്യക്കാരിക്ക്‌ കഴിഞ്ഞത്‌. തന്റെ രണ്ടാമത്‌ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കുന്ന സാഫിന സമ്മര്‍ദ്ദത്തില്‍ അടിമുടി പതറി. ഒന്നും ചെയ്യാന്‍ കഴിയാത്ത കൊച്ചുകുട്ടിയെ പോലെയായിരുന്നു ആദ്യ സെറ്റില്‍ റഷ്യന്‍ താരം. ഫൈനലില്‍ ഞാന്‍ കേവലം ഒരു ബോള്‍ ബോയ്‌ മാത്രമായി-മല്‍സര ശേഷം സറീനയെ അഭിനന്ദിച്ച്‌ കൊണ്ട്‌ ദിനാര സ്വയം വിശേഷിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു. രണ്ട്‌ ദിവസത്തിനകം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സറീന നേടുന്ന രണ്ടാമത്തെ കിരീടമാണിത്‌. വെള്ളിയാഴ്‌ച്ച നടന്ന വനിതാ ഡബിള്‍സ്‌ ഫൈനലില്‍ ചേച്ചി വീനസ്‌ വില്ല്യംസിനൊപ്പം സറീന കിരീടം സ്വന്തമാക്കിയിരുന്നു.
ലോക വനിതാ ടെന്നിസില്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ കൂടുതല്‍ സ്വന്തമാക്കിയവരുടെ പട്ടികയിലേക്കാണ്‌ സറീന നടന്നുകയറുന്നത്‌. ഓസ്‌ട്രേലിയന്‍ താരമായ മാര്‍ഗരറ്റ്‌ കോര്‍ട്ടാണ്‌ ഏറ്റവുമധികം ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ വനിതാ താരം. 24 തവണയാണ്‌ ഓസീസ്‌ താരം ഉന്നത വിജയങ്ങള്‍ സ്വന്തമാക്കിയതെങ്കില്‍ ജര്‍മനിയുടെ സ്‌റ്റെഫി ഗ്രാഫ്‌ 22 തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്‌. 19 തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ഹെലന്‍ മോഡിയെയും 18 വീതം തവണ ഗ്രാന്‍ഡ്‌സ്ലാം കോര്‍ട്ടുകളഇല്‍ കൊടിപാറിച്ചിട്ടുള്ള മാര്‍ട്ടീന നവരത്‌ലോവ, ക്രിസ്‌ എവര്‍ട്ട്‌ എന്നിവര്‍ക്കൊപ്പമെത്താന്‍ നിലവിലുള്ള ഫോമില്‍ സറീനക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇപ്പോള്‍ കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുളള സറീനക്ക്‌ പ്രായം 27 മാത്രമേ ആയിട്ടുളളു.
ലോക വനിതാ ടെന്നിസിനെ ഉയരങ്ങളിലെത്തിച്ച താരങ്ങള്‍ക്കൊപ്പം തന്റെ പേര്‌ വരുന്നതിലെ സന്തോഷം സറീന മറച്ചുവെച്ചില്ല. സ്‌റ്റെഫി ഗ്രാഫായിരുന്നു ചെറുപ്പകാലത്ത്‌ എന്റെ ആരാധനാ പാത്രം. അവര്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഓ ഇതാണല്ലോ സ്‌റ്റെഫിയെന്ന വിസ്‌മയത്തിലായിരുന്നു ഞാന്‍. മാര്‍ട്ടീന നവരത്ത്‌ലോവയെയായിരുന്നു എന്നും ഞാന്‍ ആരാധിച്ചിട്ടുള്ളത്‌. ഇവര്‍ക്കൊപ്പമെല്ലാം എന്റെ പേര്‌ വരുമെന്ന്‌ കരുതിയതല്ല.-സറീന പറഞ്ഞു.

യൂകി നേടി, മഹേഷ്‌ വീണു
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഭാഗ്യ-നിര്‍ഭാഗ്യ ദിനം. ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ രണ്ട്‌ ഫൈനലുകള്‍ കളിച്ചപ്പോള്‍ ടീനേജ്‌ താരമായ യുകി ബാംബ്രി ജൂനിയര്‍ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കി. പക്ഷേ പുരുഷ ഡബിള്‍സില്‍ ബഹമാസുകാരനായ പാര്‍ട്ട്‌ണര്‍ മാര്‍ക്‌ നോളസിനൊപ്പം കളിച്ച മഹേഷ്‌ ഭൂപതി അമേരിക്കയുടെ ബ്രയന്‍ സഹോദരങ്ങള്‍ക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞു. ഇന്ന്‌ മിക്‌സഡ്‌ ഡബിള്‍സില്‍ മഹേഷ്‌ ഭൂപതി സാനിയ മിര്‍സക്കൊപ്പം കളിക്കുന്നുണ്ട്‌.
മെല്‍ബണ്‍ പാര്‍ക്കിലെ ഇന്ത്യന്‍ ഹീറോ യുകിയായിരുന്നു. അധികമാര്‍ക്കും പരിചയമില്ലാത്ത കൊച്ചുതാരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിയാണ്‌ നേടിയത്‌. ഏകപക്ഷീയമായി നടന്ന കലാശപ്പോരാട്ടത്തില്‍ യുകി ജര്‍മനിയില്‍ നിന്നുള്ള അലക്‌സാണ്ടറസ്‌ ഫെര്‍ഡിനാന്‍ഡസ്‌ ഗ്രിഗോഡസിനെയാണ്‌ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 6-3, 6-1. കേവലം 57 മിനുട്ടിലാണ്‌ യുകി ഗ്രാന്‍ഡ്‌സ്ലാം കിരീടം പോക്കറ്റിലാക്കിയത്‌. ഗ്രാന്‍ഡ്‌ സ്ലാം ജൂനിയര്‍ കിരീടം സ്വന്തമാക്കുന്ന നാലാമത്‌ ഇന്ത്യക്കാരന്‍ കൂടിയാണ്‌ യുകി. 1954 ല്‍ രാമനാഥന്‍ കൃഷ്‌ണന്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടവും അദ്ദേഹത്തിന്റെ മകന്‍ രമേശ്‌ കൃഷ്‌ണന്‍ 1979 ല്‍ വിംബിള്‍ഡണ്‍, ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടവും 1990 ല്‍ ലിയാന്‍ഡര്‍ പെയ്‌സ്‌ ജൂനിയര്‍ വിംബിള്‍ഡണും ജൂനിയര്‍ യു.എസ്‌ ഓപ്പണും നേടിയിരുന്നു. സമ്മര്‍ദ്ദമില്ലാത്ത പ്രകടനം നടത്തിയാണ്‌ ഡല്‍ഹിക്കാരന്‍ വിജയിച്ചത്‌. കഴിഞ്ഞ വര്‍ഷം സെമിഫൈനല്‍ വരെയെത്തി നിരാശപ്പെടുത്തിയ യുകി ഇത്തവണ കപ്പുമായി മാത്രമേ നാട്ടിലേക്ക്‌ മടങ്ങു എന്ന ദൃഡപ്രതിജ്ഞയിലായിരുന്നു.
അതേ സമയം മഹേഷ്‌ ഭൂപതിക്ക്‌ ഗ്രാന്‍ഡ്‌സ്ലാം മൈതാനങ്ങളിലെ തന്റെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ബ്രയന്‍ സഹോദരന്മാരുടെ അനുഭവ സമ്പത്തിന്‌ മുന്നില്‍ പതറാതെ ആദ്യ സെറ്റ്‌ സ്വന്തമാക്കിയ ഭൂപതി രണ്ടാം സെറ്റിലാണ്‌ തരിപ്പണമായത്‌.

ഇന്ന്‌ ക്ലാസ്‌
മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ നടന്ന അഞ്ച്‌ സെറ്റ്‌ മാരത്തോണ്‍ ഫൈനലിന്‌ ശേഷം ലോക ടെന്നിസിലെ രണ്ട്‌ അതികായര്‍ ഇന്ന്‌ വീണ്ടും ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ കലാശവേദിയില്‍ മുഖാമുഖം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും രണ്ടാമന്‍ റോജര്‍ ഫെഡ്‌ററും മുഖാമുഖം വരുമ്പോള്‍ ടെന്നിസ്‌ പ്രേമികള്‍ക്ക്‌ ഇതിലും വലിയ വിരുന്നില്ല. ഇന്ന്‌ റോഡ്‌ ലീവര്‍ അറീനയില്‍ കിരീടം സ്വന്തമാക്കാനായാല്‍ സ്വിസുകാരനായ റോജര്‍ ഫെഡ്‌റര്‍ക്ക്‌്‌ പീറ്റ്‌ സംപ്രാസിന്റെ ഗ്രാന്‍ഡ്‌സ്ലാം റെക്കോര്‍ഡിനൊപ്പമെത്താനാവും. പതിനാല്‌ തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള സംപ്രാസിന്‌ പിറകില്‍ ഇപ്പോള്‍ ഫെഡ്‌റര്‍ പതിമൂന്ന്‌ ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങളുമായി തൊട്ട്‌പിറകിലുണ്ട്‌. ലോക ടെന്നിസിലെ രണ്ട്‌ അതികായര്‍ തമ്മില്‍ ഓസ്‌ട്രേലിയന്‍ ഹാര്‍ഡ്‌കോര്‍ട്ടില്‍ ഇതാദ്യമായാണ്‌ മുഖാമുഖം.
തന്റെ ആധികാരികത തെളിയിച്ചുളള പ്രകടനങ്ങള്‍ നടത്തിയാണ്‌ ഫെഡ്‌റര്‍ ഇവിടെ കലാശ മല്‍സരം വരെയെത്തിയത്‌. പക്ഷേ നദാലിന്‌ പലവട്ടം പിഴച്ചിരുന്നു. സ്വന്തം നാട്ടുകാരനായ വെര്‍ദാസ്‌ക്കോക്കെതിരായ സെമി അഞ്ച്‌ സെറ്റ്‌ ദീര്‍ഘിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരവും ഇതായിരുന്നു.
കഴിഞ്ഞ വിംബിള്‍ഡണിലെ പരാജയം മറന്ന്‌ ലോക റാങ്കിംഗിലെ ആദ്യ സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തില്‍ ഫെഡ്‌റര്‍ക്ക്‌ അനുകൂലമാവുന്ന മറ്റൊരു ഘടകമുണ്ട്‌. വ്യാഴാഴ്‌ച്ചയായിരുന്നു അദ്ദേഹത്തിന്റെ സെമി. ഫൈനലിനുളള ഒരുക്കത്തില്‍ രണ്ട്‌ ദിവസമാണ്‌ ഫെഡ്‌റര്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌.

ക്രിക്കറ്റ്‌
കൊളംബോ: 88 പന്തില്‍ 66 റണ്‍സ്‌ നേടിയ മധ്യനിര ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിംഗിന്റെ മികവില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഒമ്പത്‌ വിക്കറ്റിന്‌ 256 റണ്‍സാണ്‌ നേടിയത്‌. അമ്പയര്‍മാരുടെ പിഴവുകളും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരില്‍ ചിലരുടെ അലസതയുമാണ്‌ വന്‍സ്‌ക്കോറില്‍ നിന്ന്‌ ടീമിനെ അകറ്റിയത്‌. ആദ്യ 13 ഓവറിനിടെ തന്നെ ഇന്ത്യയുടെ മൂന്ന്‌ മുന്‍നിര വിക്കറ്റുകള്‍ നിലംപതിച്ചിരുന്നു. ഇവിടെ നിന്നും യുവരാജ്‌-സുരേഷ്‌ റൈന സഖ്യം നേടിയ 85 റണ്‍സ്‌ ടീമിനെ കരകയറ്റി. ഇന്നിംഗ്‌സിന്റെ മധ്യത്തില്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും യൂസഫ്‌ പത്താനും പൊരുതിയെങ്കിലും തുടക്കത്തിലെ റണ്‍റേറ്റ്‌ നിലനിര്‍ത്താന്‍ ടീമിനായില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ ചെറിയ സ്‌ക്കോറിന്‌ പുറത്തായി. ധാംബൂലയില്‍ സച്ചിനെ പുറത്താക്കിയ രീതിയില്‍ തന്നെയായിരുന്നു ഇവിടെയും അമ്പയറുടെ വിരലുയര്‍ത്തല്‍. ഫോമിലായിരുന്ന യുവരാജ്‌ തകര്‍പ്പന്‍ ഷോട്ടുകളുമായി കളിക്കവെയാണ്‌ അമ്പയറുടെ ഏറ്റവും വലിയ വിഡ്ഡിത്തത്തില്‍ ഇന്ത്യന്‍ താരം പുറത്തായത്‌. നുവാന്‍ കുലശേഖരയുടെ പന്ത്‌ സ്‌ക്വയര്‍ ലെഗിലേക്ക്‌ തിരിച്ചുവിട്ട്‌ റണ്ണിനായി ഓടവെ അമ്പയര്‍ വിരലുയര്‍ത്തുകയായിരുന്നു. പന്ത്‌ ആദ്യം ബാറ്റില്‍ തട്ടിയാണ്‌ പാഡില്‍ തട്ടിയത്‌. പക്ഷേ അമ്പയര്‍ ഇത്‌ കണ്ടില്ല.
സേവാഗ്‌ മികച്ച ഫോമില്‍ കളിക്കവെ ഇല്ലാത്ത മൂന്നാം റണ്ണിനായി ഓടി വിക്കറ്റ്‌ വലിച്ചെറിഞ്ഞു. 26 പന്തില്‍ ഏഴ്‌ തകര്‍പ്പന്‍ ബൗണ്ടറികളുമായി 42 റണ്‍സ്‌ നേടിയ സേവാഗ്‌ ലങ്കന്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറിയ ഘട്ടത്തിലായിരുന്നു പുറത്താവല്‍.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-റണ്ണൗട്ട്‌-42, സച്ചിന്‍-എല്‍
.ബി.ഡബ്ല്യൂ-ബി-കുലശേഖര-6, ഗാംഭീര്‍-സി-സങ്കക്കാര-ബി-മഹറൂഫ്‌-27, യുവരാജ്‌-എല്‍.ബി.ഡബ്ല്യൂ-ബി-കുലശേഖര-66, റൈന-സി-കപ്പുഗുഡേര-ബി-ദില്‍ഷാന്‍-29, ധോണി-സി-സങ്കക്കാര-ബി-മഹറൂഫ്‌-23, യൂസഫ്‌-റണ്ണൗട്ട്‌-21, സഹീര്‍-സി-ദില്‍ഷാന്‍-ബി-മെന്‍ഡിസ്‌-17, പ്രവീണ്‍-സി-മഹേല-ബി-മെന്‍ഡിസ്‌-15, ഒജ-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-10, ആകെ ഒമ്പത്‌ വിക്കറ്റിന്‌ 256. വിക്കറ്റ്‌ പതനം: 1-13 (സച്ചിന്‍), 2-62 (ഗാംഭീര്‍), 3-83 (സേവാഗ്‌), 4-168 (റൈന), 5-180 (യുവി), 6-219 (യൂസഫ്‌), 7-223 (ധോണി), 8-256 (പ്രവീണ്‍), 9-256 (സഹീര്‍). ബൗളിംഗ്‌: കുലശേഖര 9-0-61-2, തുഷാര 8-0-59-0, മഹറൂഫ്‌ 10-0-40-2, മെന്‍ഡിസ്‌ 10-0-44-2, മുരളി 10-1-32-0, ദില്‍ഷാന്‍ 3-0-19-1.
ശ്രീലങ്ക: ദില്‍ഷാന്‍-സി-ഇഷാന്ത്‌-ബി-സഹീര്‍-8, ജയസൂര്യ-സി-ഒജ-ബി-ഇഷാന്ത്‌-17, സങ്കക്കാര-സി-സച്ചിന്‍-ബി-പ്രവീണ്‍-4, മഹേല

ധോണി നമ്പര്‍ വണ്‍
ദുബായ്‌: ഐ.സി.സി ഏകദിന ബാറ്റിംഗ്‌ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ഒന്നാം സ്ഥാനത്ത്‌. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പുറത്താവാതെ 61 റണ്‍സ്‌ നേടാനായതാണ്‌ വിന്‍ഡീസുകാരന്‍ ക്രിസ്‌ ഗെയിലിനെ പിറകിലാക്കാന്‍ ധോണിയെ സഹായിച്ചത്‌. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌ വന്ന ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്‌മാന്‍ എബി ഡി വില്ലിയേഴ്‌സ്‌ ആദ്യ പത്തിലേക്ക്‌ കയറി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്ഥിരതയോടെ കളിച്ച ഡി വില്ലിയേഴ്‌സിന്റെ ബാറ്റിംഗ്‌ ശരാശരി 63.66 ആയിരുന്നു. ഓസ്‌ട്രേലിയയുടെ മൈക്‌ ഹസി അഞ്ചാം സ്ഥാനത്തുണ്ട്‌. ധോണി കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയിലെ ഉയര്‍ന്ന നേട്ടക്കാരന്‍ ഇരുപതാം സ്ഥാനത്തുള്ള ഗൗതം ഗാംഭീറാണ്‌. ദക്ഷിണാഫ്രിക്കന്‍ നിരയിലെ യുവതാരങ്ങളായ ജെ.പി ഡുമിനിയും ഹാഷിം അംലയും റാങ്കിംഗില്‍ മുന്നോട്ട്‌ കയറിയിട്ടുണ്ട്‌. ടെസ്‌റ്റിലും ഏകദിനങ്ങളിലും ഡുമിനി 29 ലാണ്‌. അംല 37 ല്‍ നിന്നും 34 ല്‍ എത്തി. ബൗളര്‍മാരില്‍ ഒന്നാമന്‍ കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി തന്നെയാണ്‌. ഇന്ത്യയുടെ സഹീര്‍ഖാന്‍ ഒമ്പതില്‍ നില്‍ക്കുന്നു.

ഇന്ന്‌ കിടിലന്‍
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ കിടിലന്‍ അങ്കം. പോയന്റ്‌്‌ ടേബിളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ പിറകില്‍ രണ്ടാം സ്ഥാനത്തുളള ചെല്‍സി മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ എതിരിടുന്നു. ഇന്ത്യന്‍ സമയം രാത്രി 8-25 നാണ്‌ മല്‍സരം. രണ്ട്‌ പേര്‍ക്കും നിര്‍ണ്ണായകമാണ്‌ മല്‍സരം. 2008 അവസാനം വരെ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ലിവര്‍പൂള്‍. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പുതിയ വര്‍ഷത്തില്‍ അസാമാന്യ ഫോമില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ റാഫേല്‍ ബെനിറ്റസിന്റെ സംഘത്തിന്‌ കാലിടറി. ചെല്‍സി, ലിവര്‍പൂള്‍ എന്നിവരേക്കാള്‍ രണ്ട്‌ പോയന്റിന്റെ ലീഡാണ്‌ നിലവില്‍ മാഞ്ചസ്‌റ്ററിന്‌. മറ്റ്‌ ടീമുകളെ അപേക്ഷിച്ച്‌ ഒരു മല്‍സരം കുറവാണ്‌ അവര്‍ കളിച്ചതും.

മുരളി വെയിറ്റ്‌
കൊളംബോ: വസീം അക്രമിന്റെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മുത്തയ്യ മുരളീധരന്‍ കാത്തിരിക്കണം.അക്രമിനെ പിറകിലാക്കാന്‍ കേവലം രണ്ട്‌ ഇരകളെ കണ്ടെത്തിയാല്‍ മതി മുരളിക്ക്‌. പക്ഷേ ഇന്നലെ ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ മുരളിക്ക്‌ ഇരകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംശയം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങളുണ്ടാവുന്ന കാര്യം സംശയത്തില്‍. മുംബൈ സംഭവത്തിന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും തമ്മിലുളള ബന്ധം മോശമായിട്ടുണ്ട്‌. കൂടാതെ പാക്‌ താരങ്ങളെ സ്വന്തം ടീമുകളിലെടുത്താല്‍ അത്‌ പ്രശ്‌നമാവുമോ എന്ന ഭയം ടീമുകള്‍ക്കുമുണ്ട്‌. ഈ മാസം ആറിന്‌ ഗോവയിലാണ്‌ ആദ്യ താരലേലം നടക്കുന്നത്‌. കഴിഞ്ഞ ലീഗില്‍ ഷുഹൈബ്‌ അക്തര്‍, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍, സുഹൈല്‍ തന്‍വീര്‍, യൂനസ്‌ഖാന്‍ തുടങ്ങി ധാരാളം പാക്‌ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിരുന്നു.

Friday, January 30, 2009

S.A THE ROYALS

വെല്‍ഡണ്‍ സിസ്‌റ്റേഴ്‌സ്‌
മെല്‍ബണ്‍: റോഡ്‌ ലീവര്‍ അറീനയുടെ മേല്‍ക്കുര ഇന്നലെയും സംഘാടകര്‍ ക്ലോസ്‌ ചെയ്‌തു-അത്രമാത്രം ചൂടായിരുന്നു മെല്‍ബണില്‍. പക്ഷേ ആ ചൂടൊന്നും വില്ല്യംസ്‌ സഹോദരിമാരെ ബാധിച്ചില്ല. അവര്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. സറീന പവര്‍ ഗെയിമും വീനസ്‌ സിംപിള്‍ ഗെയിമും പുറത്തെടുത്തപ്പോള്‍ ഡാനിയേല ഹനുച്ചോവക്കും ആമി സുഗിയാമക്കും മറുപടിയുണ്ടായിരുന്നില്ല. 6-3,6-3 എന്ന സ്‌ക്കോറിന്റെ വിജയവുമായി വില്ല്യംസ്‌ സഹോദരിമാര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ഡബിള്‍സ്‌ കിരീടത്തില്‍ മുത്തമിട്ടു. റോഡ്‌ ലീവര്‍ അറീനയില്‍ ഇത്‌ മൂന്നാം തവണയാണ്‌ വില്ല്യംസ്‌ സഹോദരിമാര്‍ മികവ്‌ പ്രകടിപ്പിക്കുന്നത്‌. വിജയത്തിന്റെ ക്രെഡിറ്റ്‌ ചേച്ചിയായ വിനസ്‌ അനുജത്തിക്കാണ്‌ നല്‍കുന്നത്‌. സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായ വീനസ്‌ അനുജത്തിയുടെ പവര്‍ ഗെയിമിന്‌ നൂറില്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കുന്നു. അവള്‍ അതി മനോഹരമായാണ്‌ കളിച്ചത്‌. എനിക്ക്‌ സപ്പോര്‍ട്ടീവ്‌ റോള്‍ മാത്രമായിരുന്നു-28 കാരിയായ ചേച്ചി പറഞ്ഞു. വനിതാ ഡബിള്‍സില്‍ അനുജത്തിക്കൊപ്പം കളിക്കാനാണ്‌ വീനസിന്‌ താല്‍പ്പര്യം. മറ്റാരുമായി കൂട്ടിന്‌ താനില്ലെന്ന്‌ പലവട്ടം വീനസ്‌ പറഞ്ഞിട്ടുമുണ്ട്‌. വനിതാ ഡബിള്‍സില്‍ ഇവിടെ പത്താം സീഡായിരുന്നു സഹോദരിമാര്‍. പക്ഷേ ഓരോ മല്‍സരം കഴിയും തോറും അവര്‍ മികവ്‌ പ്രകടിപ്പിച്ചപ്പോള്‍ സീഡിംഗ്‌ ടീമുകള്‍ അതിവേഗത്തില്‍ പുറത്താവുകയായിരുന്നു.

ഇന്ന്‌ ഫൈനല്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ന്‌ അമേരിക്ക-റഷ്യ പോരാട്ടം. വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയില്‍ നിന്നുളള രണ്ടാം സീഡ്‌ സറീന വില്ല്യംസ്‌ റഷ്യയില്‍ നിന്നുളള നാലാം സീഡ്‌ ദിനാര സാഫിനയുമായി കളിക്കുന്നു. ഇന്നത്തെ മല്‍സരത്തില്‍ ജയിക്കുന്നവരെ കാത്തിരിക്കുന്നത്‌ കിരീടത്തിനൊപ്പം ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനമാണ്‌. നിലവില്‍ രണ്ടാം സീഡാണ്‌ സറീന. റോഡ്‌ ലിവര്‍ അറീനയില്‍ തകര്‍പ്പന്‍ പ്രകടനങ്ങളുമായി അവര്‍ മുന്നേറുകയാണ്‌. ഇന്നലെ വനിതാ ഡബിള്‍സില്‍ ചേച്ചി വീനസിനൊപ്പം കിരീടം നേടിയ സറീനക്കാണ്‌ ഇന്നത്തെ ഫൈനലില്‍ മുന്‍ത്തൂക്കം. റഷ്യയില്‍ നിന്നുളള പ്രതിയോഗി വേര സോനാര്‍വയെ പരാജയപ്പെടുത്തിയാണ്‌ സാഫിന ഫൈനല്‍ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌.

ഡബിള്‍ ഭൂപതി
മെല്‍ബണ്‍: ഇന്ത്യന്‍ താരം മഹേഷ്‌ ഭൂപതിക്ക്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ന്‌ രണ്ട്‌ ഫൈനല്‍. പുരുഷ വിഭാഗം ഡബിള്‍സില്‍ മാര്‍ക്ക്‌ നോളസിനൊപ്പം ഫൈനല്‍ കളിക്കുന്ന ഭൂപതി മിക്‌സഡ്‌ ഡബിള്‍സില്‍ നാട്ടുകാരിയായ സാനിയ മിര്‍സക്കൊപ്പവും കിരീടത്തിനിറങ്ങും. ഇന്നലെ നടന്ന മിക്‌സഡ്‌ ഡബിള്‍സ്‌ സെമിഫൈനലില്‍ ഭൂപതി-സാനിയ സഖ്യം ചെക്‌്‌ റിപ്പബ്ലിക്കില്‍ നിന്നുള്ള ഇവേത ബെനസോവ-ലുകാസ്‌ഡോള്‍ഫി സഖ്യത്തെ പരാജയപ്പെടുത്തി. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ആദ്യ സെറ്റില്‍ അല്‍പ്പം പിറകിലായ ഇന്ത്യന്‍ ജോഡി മികച്ച പ്രകടനം നടത്തി 54 മിനുട്ട്‌ കൊണ്ട്‌ ഫൈനല്‍ ടിക്കറ്റ്‌ ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ രണ്ടാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്ന ഇന്ത്യന്‍ ജോഡിയുടെ ഇന്നത്തെ അവസാന എതിരാളികള്‍ ഫ്രഞ്ച്‌-ഇസ്രാഈല്‍ ജോഡികളായ നതാലി ഡെച്ചി-ആന്‍ഡി റാം സഖ്യമാണ്‌. സ്‌പെയിനില്‍ നിന്നുള്ള അനബല്‍ മെദിന ഗാരിഗസ്‌-ടോമി അറബോര്‍ഡി സഖ്യത്തെയാണ്‌ ഇവര്‍ തോല്‍പ്പിച്ചത്‌. ഇന്നലെ മല്‍സരത്തിന്റെ തുടക്കം കണ്ടപ്പോള്‍ സാനിയയും ഭൂപതിയും നിരാശപ്പെടുത്തുമെന്നാണ്‌ തോന്നിയത്‌. സെമി വരെ ആകെ ഒരു സെറ്റ്‌ മാത്രം നഷ്‌ടമായിരുന്ന ടീം 1-3 പിറകില്‍ നില്‍ക്കുകകയായിരുന്നു. പക്ഷേ അപകടം മനസ്സിലാക്കി സാനിയ തന്ത്രം മാറ്റിയപ്പോള്‍ ഭൂപതിയും അവസരത്തിനൊത്തുയര്‍ന്നു. രണ്ടാം സെറ്റില്‍ മൂന്ന്‌ തവണ പ്രതിയോഗികളുടെ സര്‍വീസ്‌ ബ്രേക്ക്‌ ചെയ്യാന്‍ ഇവര്‍ക്കായി.
ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ഇതിനകം ആറ്‌ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുളള ഭൂപതിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്‌. രണ്ട്‌ ഫൈനലുകള്‍. രണ്ടിലും ജയിക്കാനായാല്‍ അദ്ദേഹത്തിന്‌ ചരിത്രം തിരുത്താം. 2006 ല്‍ ഇതേ വേദിയില്‍ മാര്‍ട്ടീന ഹിന്‍ജിസിനൊപ്പം മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം സ്വന്തമാക്കിയതിന്‌ ശേഷം മഹേഷിന്‌ ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങള്‍ കിട്ടാകനിയാണ്‌.

നമ്പര്‍ വണ്‍
പെര്‍ത്ത്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ (ഐ.സി.സി) ഏകദിന റാങ്കിംഗില്‍ കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്ന ഓസ്‌ട്രേലിയക്ക്‌ ഇനി താഴോട്ടിറങ്ങാം.... കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ 39 റണ്‍സിന്‌ മറിച്ചിട്ട ദക്ഷിണാഫ്രിക്കയാണ്‌ ഇനി ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാര്‍. 3-1 എന്ന നിലയില്‍ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ സന്ദര്‍ശകര്‍ അവസാന മല്‍സരത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ്‌ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്‌. ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്ത്‌, അനുഭവസമ്പന്നനായ ജാക്‌ കാലിസ്‌, ടെസ്റ്റ്‌ ടീം വൈസ്‌ ക്യാപ്‌റ്റനായ ആഷ്‌വെല്‍ പ്രിന്‍സ്‌, വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍, സീമര്‍ ഡാലെ സ്റ്റിന്‍ എന്നിവരൊന്നും ഇന്നലെ വാക്കയില്‍ ആഫ്രിക്കന്‍ സംഘത്തില്‍ കളിച്ചിരുന്നില്ല. രണ്ട്‌ ഇടം കൈയ്യന്‍ സീമര്‍മാര്‍ക്ക്‌ അരങ്ങേറ്റത്തിന്‌ അവസരം നല്‍കിയാണ്‌ ജഹാന്‍ ബോത്തയും ദക്ഷിണാഫ്രിക്കന്‍ സംഘവും ഇറങ്ങിയത്‌. കന്നിക്കാരായ സോട്ട്‌സോബും പത്തൊമ്പതുകാരനായ വെയിനെ പാര്‍നലും കങ്കാരുകള്‍ക്ക്‌ മുന്നില്‍ വിറച്ചു കളിച്ചില്ല.
ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ 117 പന്തില്‍ നിന്ന്‌ വളരെ ശാന്തനായി ബാറ്റ്‌ ചെയ്‌ത്‌ 97 റണ്‍സ്‌ കരസ്ഥമാക്കിയ ഹാഷിം അംലയുടെയും 71 പന്തില്‍ 60 റണ്‍സ്‌ കരസ്ഥമാക്കിയ എബി ഡിവില്ലിയേഴ്‌സിന്റെയും 42 പന്തില്‍ മൂന്ന്‌ സിക്‌സറുകളുടെ അകമ്പടിയില്‍ പുറത്താവാതെ 60 റണ്‍സ്‌ നേടിയ ജെ.പി ഡുമിനിയുടെയും മികവില്‍ അമ്പത്‌ ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 288 റണ്‍സാണ്‌ ദക്ഷിണാഫ്രിക്ക നേടിയത്‌. ഓസ്‌ട്രേലിയന്‍ മറുപടിയില്‍ 78 റണ്‍സ്‌ നേടിയ മൈക്‌ ഹസിയും 63 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനും മാത്രമാണ്‌ പൊരുതിയത്‌. സോട്ട്‌സോബോ 50 റണ്‍സ്‌ മാത്രം നല്‍കി കങ്കാരുപ്പടയിലെ നാല്‌ വിക്കറ്റുകളാണ്‌ ചോര്‍ത്തിയത്‌.
ടെസ്‌റ്റ്‌ പരമ്പരയിലെന്ന പോലെ ആധികാരികമായ പ്രകടനത്തിലൂടെയാണ്‌ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും സ്വന്തമാക്കിയിരിക്കുന്നത്‌. വാക്കയിലെ പകല്‍ രാത്രി മല്‍സരത്തില്‍ പതറാതെയാണ്‌ അവര്‍ തുടക്കത്തില്‍ ബാറ്റ്‌ ചെയ്‌തത്‌. നതാന്‍ ബ്രാക്കന്റെ പന്തില്‍ ക്രിസ്‌ വിട്ടുളള പ്രഹരത്തിന്‌ ശ്രമിച്ച ഹര്‍ഷല്‍ ഗിബ്‌സി്‌സിനെ പുറത്താക്കാന്‍ ലഭിച്ച കനകാവസരം സബ്‌സ്റ്റിറ്റിയൂട്ട്‌ ഫീല്‍ഡര്‍ കാമറൂണ്‍ വൈറ്റ്‌ പാഴാക്കിയപ്പോള്‍ തന്നെ ഓസ്‌ട്രേലിയക്കാര്‍ തലയില്‍ കൈവെച്ചിരുന്നു. അടുത്ത ഓവറിലും കൂറ്റന്‍ ഷോട്ടിന്‌ ശ്രമിച്ച്‌ ഗിബ്‌സ്‌ പുറത്തായി. ബെന്‍ ഹില്‍ഫാന്‍ഹസായിരുന്നു ബ്രാക്കനൊപ്പം പുതിയ പന്ത്‌ പങ്കിട്ടത്‌. ഓസീസ്‌ നിരയിലെ പുതിയ വാഗ്‌ദാനത്തെ സിക്‌സറിന്‌ പറത്തിയ അംലക്ക്‌ പക്ഷേ അടുത്ത ഓവറില്‍ നീല്‍ മക്കന്‍സിയുടെ പതനത്തിന്‌ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ആദ്യ രണ്ട്‌ വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ്‌ ഇന്നിംഗ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്‌ പിറന്നത്‌. അംലയും ഡി വില്ലിയേഴ്‌സും ആക്രമണതിന്‌ മുതിര്‍ന്നല്ല. അച്ചടക്കമുളള ഇന്നിംഗ്‌സില്‍ സിംഗിളുകളും ഡബിളുകളുമായിരുന്നു സ്‌ക്കോര്‍ബോര്‍ഡിനെ നയിച്ചത്‌. മുപ്പത്തിയേഴാം ഓവര്‍ വരെ ഈ സഖ്യം പൊരുതി നിന്നു. സ്‌ക്കോറിംഗിന്‌ വേഗത കൂട്ടാനുളള ശ്രമത്തില്‍ ഡി വില്ലിയേഴ്‌സ്‌ ഡീപ്പ്‌ മിഡ്‌ വിക്കറ്റില്‍ പിടി നല്‍കിയപ്പോള്‍ ഏകദിന ക്രിക്കറ്റിലെ കന്നി സെഞ്ച്വറിക്ക്‌ മൂന്ന്‌ റണ്‍ അരികെ അംലയും പുറത്തായി.
പരമ്പരയിലെ കേമന്‍ താരമായ ജെ.പി ഡുമിനിയുടെ ഊഴമായിരുന്നു പിന്നെ. ടെസ്‌റ്റ്‌ പരമ്പരയില്‍ ഓസീസ്‌ ബൗളര്‍മാരെ വട്ടം കറക്കിയ യുവ ബാറ്റ്‌്‌സ്‌മാന്‍ ആ ഫോം ആവര്‍ത്തിച്ചു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ നാല്‍പ്പത്തിയഞ്ചാമത്‌ ഓവറില്‍ മിഡോണിലൂടെ നേടിയ സിക്‌സറടക്കം 20 റണ്‍സാണ്‌ ഡുമിനി വാരിയത്‌. അടുത്ത രണ്ട്‌ ഓവറുകളിലും ഡുമിനി സിക്‌സര്‍ പ്രകടനം ആവര്‍ത്തിച്ചു.അവസാന പത്ത്‌ ഓവറില്‍ 92 റണ്‍സാണ്‌ ദക്ഷിണാഫ്രിക്ക നേടിയത്‌.
മറുപടിയില്‍ ഓസ്‌ട്രേലിയക്ക്‌ വേഗതയിലുളള തുടക്കം ലഭിച്ചു. പതിവ്‌ ശൈലിയില്‍ പോണ്ടിംഗ്‌ സുന്ദരമായ രണ്ട്‌ ബൗണ്ടറികള്‍ പായിച്ചു. പക്ഷേ ആ ഫോം നിലനിര്‍ത്താന്‍ നായകനായില്ല. സോട്ട്‌സോബിന്‌ പ്രൈസ്‌ വിക്കറ്റ്‌ നല്‍കി ക്യാപ്‌റ്റന്‍ മടങ്ങിയപ്പോള്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രതിരോധം എളുപ്പം ഭേദിക്കാന്‍ മോര്‍ണെ മോര്‍ക്കലിനായി. തട്ടുതകര്‍പ്പന്‍ ഓപ്പണറായ ഡേവിഡ്‌ വാര്‍ണര്‍ മോര്‍ക്കലിനെതിരെ ബൗണ്ടറിയും സിക്‌സറും പായിച്ച്‌ കാണികളുടെ പ്രതീക്ഷ സജീവമാക്കി. വ്യക്തിഗത സ്‌ക്കോര്‍ 22 ല്‍ നില്‍ക്കവെ വാര്‍ണര്‍ തികച്ചും നിര്‍ഭാഗ്യകരമായി പുറത്തായി. മൈക്‌ ഹസ്സി പായിച്ച ഷോട്ട്‌ ബൗളറായ പാര്‍നലിന്റെ കൈകളില്‍ തട്ടി നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലെ സ്‌റ്റംമ്പില്‍ പതിക്കുമ്പോള്‍ വാര്‍ണര്‍ ക്രീസിലുണ്ടായിരുന്നില്ല.
പിന്നെ ഹസ്സി സഹോദരന്മാരുടെ ചെറുത്തുനില്‍പ്പായിരുന്നു. പക്ഷേ ഉയരുന്ന റണ്‍റേറ്റിനൊപ്പം സ്‌ക്കോറിംഗിനെ കൊണ്ടു പോവാന്‍ ഇവര്‍ക്കായില്ല. സഹോദരന്മാരുടെ സഖ്യം 69 ല്‍ എത്തിയപ്പോള്‍ പാര്‍ട്ട്‌ ടൈം സ്‌പിന്നറായ ഡുമിനിയുടെ നിരുപദ്രവകരമായ പന്തില്‍ ഡേവിഡ്‌ പുറത്തായി. ബ്രാഡ്‌ ഹാദ്ദീന്‍ ക്രീസിലേക്ക്‌ വരുമ്പോള്‍ 167 റണ്‍സായിരുന്നു ടീമിന്‌ ആവശ്യം. ഡുമിനിയുടെ ഓവറുകളെ ഉപയോഗപ്പെടുത്തിയ ഹസിയും ഹാദ്ദിനും പ്രതീക്ഷ നിലനിര്‍ത്തുന്നതില്‍ വിജയിച്ചു. അവസാന പതിനാറ്‌ ഓവറുകള്‍ ശേഷിക്കുമ്പോള്‍ 144 റണ്‍സായിരുന്നു ടീമിന്‌ ആവശ്യം.
മുപ്പത്തിയേഴാം ഓവറില്‍ ഹസി ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തു. സര്‍ക്കിളിന്‌ പുറത്ത്‌ മൂന്ന്‌ ഫീല്‍ഡര്‍മാര്‍ക്ക്‌ മാത്രം അനുവാദമുളള ഈ ഘട്ടത്തില്‍ പന്തിനെ പറത്തുന്നതില്‍ ഹസി വിജയിച്ചു. സോട്‌സോബെയെ സിക്‌സറിനും ബൗണ്ടറിക്കും പറത്തി ഹസി ആവശ്യമായ റണ്‍റേറ്റിന്‌ അരികിലേക്ക്‌ പതുക്കെ നീങ്ങി. തന്ത്രപൂര്‍വ്വം അടവുമാറ്റിയ സോട്‌സോബ്‌ വേഗത കുറഞ്ഞ പന്തില്‍ ഹസിയെ കബളിപ്പിച്ചു. വാലറ്റകാര്‍ക്ക്‌ കാര്യമായൊന്നും ചെയ്യാനുമായില്ല.
സ്‌ക്കോര്‍ബോര്‍ഡ്‌
ദക്ഷിണാഫ്രിക്ക: അംല-സി-ഹാദ്ദിന്‍-ബി-ഹോപ്‌സ്‌-97, ഗിബ്‌സ്‌-സി-ഹോപ്‌സ്‌-ബി-ഹില്‍ഫാന്‍ഹസ്‌-7, മക്കന്‍സി-സി-ഹാദ്ദീന്‍-ബി-ഹോപ്‌സ്‌-10, ഡി വില്ലിയേഴ്‌സ്‌-സി-വാര്‍ണര്‍-ബി-ഹോപ്‌സ്‌-60, ഡുമിനി-നോട്ടൗട്ട്‌-60, ആബെ മോര്‍ക്കല്‍-ബി-ജോണ്‍സണ്‍-14, വാന്‍ ജാര്‍സ്‌വെല്‍ഡ്‌-സി-ഹസി-ബി-ഹില്‍ഫാന്‍ഹസ്‌-5, ബോത്ത-നോട്ടൗട്ട്‌-14, എക്‌സ്‌ട്രാസ്‌ 21, ആകെ 50 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 288. വിക്കറ്റ്‌ വീഴ്‌ച്ച: 1-28 (ഗിബ്‌സ്‌), 2-58 (മക്കന്‍സി), 3-176 (ഡി വില്ലിയേഴ്‌സ്‌), 4-196 (അംല), 5-212 (മോര്‍ക്കല്‍),6-256 (വാന്‍ ജാര്‍സ്വാല്‍ഡ്‌). ബൗളിംഗ്‌: ബ്രാക്കന്‍ 10-0-70-0, ഹില്‍ഫാന്‍ഹസ്‌ 10-0-43-2, ജോണ്‍സണ്‍ 10-0-68-1, ഹോപ്‌സ്‌ 9-1-44-3, ക്ലാര്‍ക്ക്‌ 7-0-30-0, ഡേവിഡ്‌ ഹസി 4-0-24-0.
ഓസ്‌ട്രേലിയ: മാര്‍ഷ്‌-സി-അംല-ബി-സോട്‌സോബ്‌-5, വാര്‍ണര്‍-റണ്ണൗട്ട്‌-22, പോണ്ടിംഗ്‌-സി-ഡി വില്ലിയേഴ്‌സ്‌-ബി-സോട്‌സോബ്‌-12, ക്ലാര്‍ക്ക്‌-ബി-മോര്‍ക്കല്‍-0, മൈക്‌ ഹസി-ബി-സോട്‌സോബ്‌-78,ഡേവിഡ്‌ ഹസി-സി-ബോത്ത-ബി-ഡുമിനി-32, ഹാദ്ദീന്‍-സി-സോട്ട്‌സോബ്‌-ബി-പാര്‍നല്‍-63, ഹോപ്‌സ്‌-ബി-ബോത്ത-11, ജോണ്‍സണ്‍ -സി ആന്‍ഡ്‌ ബി-സോട്‌സോബ്‌-5, ബ്രാക്കന്‍-സി-സബ്‌-ബി-മോര്‍ക്കല്‍-5, ഹിള്‍ഫാന്‍ഹസ്‌-നോട്ടൗട്ട്‌്‌-1,എക്‌സ്‌ട്രാസ്‌-15, ആകെ 49 ഓവറില്‍ 249. വിക്കറ്റ്‌ വീഴ്‌ച്ച: 1-10 (മാര്‍ഷ്‌), 2-35 (പോണ്ടിംഗ്‌), 3-35 (ക്ലാര്‍ക്ക്‌), 4-53 (വാര്‍ണര്‍), 5-122 (ഡേവിഡ്‌ ഹസി), 6-174 (മൈക്‌ ഹസി),7-218 (ഹോപ്‌സ്‌), 8-237 (മിച്ചല്‍), 9-244 (ഹാദ്ദീന്‍), 10-249 (ബ്രാക്കന്‍).

ഇന്ന്‌ രണ്ടാം ഏകദിനം
കൊളംബോ: ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ ഭാഗ്യത്തിന്‌ മുന്നില്‍ നിഷ്‌കസിതരായ ശ്രീലങ്ക ഇന്ന്‌ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ സ്വന്തം നാട്ടുകാര്‍ക്ക്‌ മുന്നില്‍ അഭിമാന പോരാട്ടം കാഴ്‌ച്ചവെക്കും. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെയാണ്‌ മല്‍സരത്തലേന്ന്‌ ടീമംഗങ്ങളോട്‌ അഭിമാനപോരാട്ടത്തിന്‌ തയ്യാറാാവന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പ്രേമദാസ സ്‌റ്റേഡിയത്തിലെ പകല്‍ രാത്രി മല്‍സരം ഉച്ചതിരിഞ്ഞ്‌ രണ്ട്‌ മണിക്ക്‌ ആരംഭിക്കും. ആദ്യ മല്‍സരത്തില്‍ ബാറ്റിംഗ്‌ കരുത്തിലാണ്‌ ഇന്ത്യ ആറ്‌ വിക്കറ്റ്‌ വിജയം വരിച്ചത്‌. ടീമില്‍ ഇന്ന്‌ മാറ്റമുണ്ടാവില്ല. ലങ്കന്‍ നിരയില്‍ സെഞ്ച്വറി സ്വന്തമാക്കിയ സനത്‌ ജയസൂര്യ മാത്രമായിരുന്നു പൊരുതിയത്‌. ബാറ്റിംഗില്‍ വിശ്വാസ്യത കാക്കാനായാല്‍ ഇന്ന്‌ ജയിക്കാന്‍ കഴിയുമെന്നാണ്‌ മഹേല പറയുന്നത്‌. നല്ല സ്‌ക്കോര്‍ നേടാനായാല്‍ ഇന്ത്യന്‍ ബാറ്റിംഗിനെ നിയന്ത്രിക്കാന്‍ സ്‌പിന്‍ ജോഡികളായ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡിസുമുണ്ട്‌.

വിലക്ക്‌ തന്നെ
കറാച്ചി: ഡോപ്പിംഗ്‌ വിവാദത്തില്‍ പിടിക്കപ്പെട്ട പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആസിഫിന്‌ ഒരു വര്‍ഷത്തെ വിലക്ക്‌ ലഭിക്കാന്‍ സാധ്യത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ആദ്യ പതിപ്പിനിടെ പിടിക്കപ്പെട്ട താരം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി ഐ.പി.എല്‍ ട്രിബ്യൂണലിന്‌ മുന്നില്‍ ഹാജരായിരുന്നു. സ്റ്റിറോയിഡ്‌ കലര്‍ന്ന ഐ ഡ്രോപ്പ്‌ ഉപയോഗിച്ചതിനാലാണ്‌ ഡോപ്പ്‌ ടെസ്‌റ്റില്‍ താന്‍ പിടിക്കപ്പെട്ടതെന്നായിരുന്നു താരത്തിന്റെ വാദം. എന്നാല്‍ സുനില്‍ ഗവാസ്‌ക്കര്‍ ഉള്‍പ്പെട്ട മൂന്നംഗ ട്രിബ്യൂണല്‍ ഇത്‌ അംഗീകരിച്ചിട്ടില്ല. ഉത്തേജകം ഉപയോഗിച്ച കുറ്റത്തിന്‌ ഒരു വര്‍ഷത്തെ വിലക്കാണ്‌ ട്രിബ്യൂണല്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രശ്‌നത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിലകക്‌ തന്നെ സംബന്ധിച്ച്‌ വലിയ നിരാശയായിരിക്കുമെന്ന്‌ ആസിഫ്‌ പറഞ്ഞു. എന്താണ്‌ സംഭവിച്ചത്‌ എന്ന്‌ ഞാന്‍ ട്രിബ്യൂണലിനോട്‌ പറഞ്ഞതാണ്‌. അവര്‍ അത്‌ വിശ്വസിച്ചിട്ടില്ലെങ്കില്‍ തെറ്റ്‌ എന്റേതല്ല-ആസിഫ്‌ പറഞ്ഞു.

ദി ബെസ്റ്റ്‌
കൊളംബോ: ഇന്ത്യക്കെതിരെ താന്‍ നേടിയ ഏറ്റവും മികച്ച സെഞ്ച്വറികളില്‍ ഒന്നാണ്‌ കഴിഞ്ഞ ദിവസം ധാംബൂലയില്‍ പിറന്നതെന്ന്‌ ലങ്കന്‍ ഓപ്പണര്‍ സനത്‌ ജയസൂര്യ. ഇന്ത്യക്കെതിരെ ധാരാളം സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. പക്ഷേ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന സെഞ്ച്വറികളിലൊന്ന്‌്‌ ധാംബൂലയിലേതായിരിക്കുമെന്ന്‌ സനത്‌ പറഞ്ഞു. നാല്‍പ്പതാം വയസ്സിലാണ്‌ സെഞ്ച്വറി പിറന്നത്‌. ഏകദിന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ കുറിക്കപ്പെടുന്ന സെഞ്ച്വറിയാണിത്‌. 107 റണ്‍സാണ്‌ ജയസൂര്യ നേടിയത്‌. ടീമിന്‌ വളരെ അത്യാവശ്യമായ ഘട്ടത്തിലായിരുന്നു ആ സെഞ്ച്വറി. നല്ല തുടക്കം ടീമിന്‌ ലഭിച്ചിരുന്നില്ല. ദില്‍ഷാന്‍ പുറത്തായപ്പോള്‍ ടീമിനെ മുന്നോട്ട്‌ നയിക്കേണ്ട ജോലി എനിക്കായിരുന്നു-സനത്‌ പറഞ്ഞു. ഇന്ത്യക്കെതിരെ നേടിയ സെഞ്ച്വറികളില്‍ ഏറ്റവും മികച്ചത്‌ എന്തെന്ന ചോദ്യത്തിനും സനത്‌ പെട്ടെന്ന്‌ ഉത്തരം നല്‍കി. 1997 മെയില്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ പുറത്താവാതെ നേടിയ 151 റണ്‍സിന്റെ പ്രകടനം.

ക്ലാസിക്‌
മെല്‍ബണ്‍: ടെന്നിസ്‌ ലോകം കാത്തിരിക്കുന്ന ക്ലാസിക്‌ പോരാട്ടം റോഡ്‌ ലീവര്‍ അറീനയില്‍ നാളെ കാണാം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ വിഭാഗം സിംഗിള്‍സ്‌ ഫൈനലില്‍ സ്വിസുകാരന്‍ റോജര്‍ ഫെഡ്‌ററിനെതിര റാക്കറ്റെടുക്കുന്നത്‌ സ്‌പെയിനുകാരനായ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍. ഇന്നലെ നടന്ന മാരത്തോണ്‍ സെമിയില്‍ നദാല്‍ നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ദാസ്‌ക്കോയെ അഞ്ച്‌ സെറ്റ്‌ ദീര്‍ഘിച്ച പോരാട്ടത്തില്‍ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 6-7, (4-7),6-4, 7-6, (7-2),6-7, (1-7), 6-4. ടെന്നിസ്‌ പ്രേമികള്‍ ശരിക്കും ആസ്വദിച്ച ആവേശപ്പോരാട്ടത്തില്‍ അനുഭവസമ്പത്താണ്‌ നദാലിനെ തുണച്ചത്‌. 95 വിന്നറുകളുമായി വെര്‍ദാസ്‌കോ കളം നിറഞ്ഞ നിമിഷത്തില്‍ പതറാതെ നിന്നാണ്‌ നദാല്‍ തന്റെ ഊഴം ഉപയോഗപ്പെടുത്തിയത്‌. ഇതാദ്യമായാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാല്‍ കലാശക്കളിക്ക്‌ യോഗ്യത നേടുന്നത്‌.

Thursday, January 29, 2009


റോജര്‍ ഫൈനല്‍
മെല്‍ബണ്‍: അമേരിക്കന്‍ പ്രതിയോഗി ആന്‍ഡി റോഡിക്കിനെ നേരിട്ടുളള സെറ്റുകളില്‍ പരാജയപ്പെടുത്തി ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഫൈനല്‍ ടിക്കറ്റിന്‌ യോഗ്യത നേടി. ഇന്ന്‌ നടക്കുന്ന റാഫേല്‍ നദാല്‍-ഫെര്‍ണാണ്ടോ വെര്‍ദാസ്‌ക്കോ സെമിയിലെ വിജയികളെ ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ ഫെഡ്‌റര്‍ എതിരിടും. കഴിഞ്ഞ സീസണില്‍ വലിയ തിരിച്ചടികള്‍ നേരിട്ട ഫെഡ്‌റര്‍ സീസണിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുറ്റ പ്രകടനം നടത്തിയാണ്‌ അമേരിക്കന്‍ താരത്തെ വീഴ്‌ത്തിയത്‌. സ്‌ക്കോര്‍ 6-2, 7-5, 7-5.
ഫെഡ്‌ററിന്റെ പതിനെട്ടാമത്‌ ഗ്രാന്‍ഡ്‌സ്ലം ഫൈനലാണിത്‌. പത്തൊമ്പത്‌ തവണ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിച്ച ഇവാന്‍ ലെന്‍ഡലിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മികച്ച ഫോമില്‍ ഈ സീസണില്‍ തന്നെ ഫെഡ്‌റര്‍ക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഞായറാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ പീറ്റ്‌്‌ സംപ്രാസിന്റെ പേരിലുളള ഗ്രാന്‍ഡ്‌സ്ലാം ലോക റെക്കോര്‍ഡിനൊപ്പമെത്താനും സ്വിസ്‌ താരത്തിനാവും. സംപ്രാസ്‌ പതിനാല്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്‌. ഫെഡ്‌റര്‍ ഇതിനകം പതിമൂന്ന്‌ തവണ ഗ്രാന്‍ഡ്‌സ്ലാമുകളില്‍ മുത്തമിട്ടിട്ടുണ്ട്‌.
റോഡിക്കിനെതിരായ മല്‍സരം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന്‌ മല്‍സര ശേഷം ഫെഡ്‌റര്‍ പറഞ്ഞു. ദീര്‍ഘകാലമായി ഞാന്‍ റോഡിക്കുമായി കളിക്കുന്നു. ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ എപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്‌-അദ്ദേഹം പറഞ്ഞു. മല്‍സരത്തില്‍ മാത്രമാണ്‌ ശ്രദ്ധിച്ചതെന്നും ഇത്‌ പതിനെട്ടാമത്‌ തവണയാണ്‌ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കുന്നത്‌ എന്നത്‌ തനിക്ക്‌ അറിയില്ലായിരുന്നുവെന്നും സൂപ്പര്‍ താരം പറഞ്ഞു.
വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കയുടെ സറീന വില്ല്യംസും റഷ്യയുടെ ദിനാര സാഫിനയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി സറീന നാലാം സീഡ്‌ റഷ്യക്കാരി എലീന ഡെമിത്തേവയെ തരിപ്പണമാക്കി. സ്‌ക്കോര്‍ 6-3, 6-4. മൂന്നാം സീഡായ സാഫീന നാട്ടുകാരിയായ വെറ സവറേവയെ 6-3, 7-6, (7-4) എന്ന സ്‌ക്കോറിനാണ്‌ പരാജയപ്പെടുത്തിയത്‌. ചാമ്പ്യന്‍ഷിപ്പിലുടനീളം തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ സറീന ഫൈനല്‍ ടിക്കറ്റ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. സമീപകാലത്തുണ്ടായ തിരിച്ചടികള്‍ മറന്ന്‌ പവര്‍ ഗെയിമിന്റെ ശക്തയായ വക്താവായി മാറിയ അമേരിക്കക്കാരി ഡെമിത്തേവക്ക്‌ ഒരവസരവും നല്‍കിയില്ല. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുകയല്ല മറിച്ച്‌ കൂടുതല്‍ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ അവര്‍ പറഞ്ഞു.
കനത്ത ചൂടിലാണ്‌ ഇന്നലെ റോഡ്‌ ലീവര്‍ അറീനയില്‍ മല്‍സരങ്ങള്‍ നടന്നത്‌. 4 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ ചൂട്‌. 1939 ന്‌ ശേഷം ഇതാദ്യമായാണ്‌ ഇത്രയും കനത്ത ചൂടില്‍ മല്‍സരങ്ങള്‍ നടക്കുന്നതെന്ന്‌ സംഘാടകര്‍ പറഞ്ഞു. സറീനയും ഡെമിത്തേവയും കളിക്കുമ്പോള്‍ റോഡ്‌ ലീവര്‍ അറീനയുടെ മേല്‍ക്കൂര സംഘാടകര്‍ താഴ്‌ത്താന്‍ നിര്‍ബന്ധിതരായിരുന്നു.

ലിവര്‍ വിറ
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പിടിമുറുക്കുമ്പോള്‍ ലിവര്‍പൂളിന്‌ കാലിടറുന്നു. ഇന്നലെ നടന്ന ലീഗ്‌ മല്‍സരത്തില്‍ ലിവര്‍പൂള്‍ ദുര്‍ബലരെന്ന്‌ കരുതപ്പെട്ട വിഗാനുമായി സമനില വഴങ്ങിയപ്പോള്‍ ചെല്‍സി രണ്ട്‌ ഗോളിന്‌ മിഡില്‍സ്‌ബോറോയെ തരിപ്പണമാക്കി മാഞ്ചസ്‌റ്ററിന്‌ പിറകില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വെസ്റ്റ്‌ ബ്രോംവിച്ചിനെ അഞ്ച്‌ ഗോളിന്‌ വീഴ്‌ത്തിയ മാഞ്ചസ്റ്റര്‍ ടേബിളില്‍ രണ്ട്‌ പോയന്റിന്റെ വ്യക്തമായ ലീഡ്‌ നേടിയിട്ടുണ്ട്‌. ലിവര്‍പൂള്‍, ചെല്‍സി എന്നിവരേക്കാള്‍ ഒരു മല്‍സരം കുറവാണ്‌ മാഞ്ചസ്‌റ്റര്‍ കളിച്ചിട്ടുളളതും.
പ്രീമിയര്‍ ലീഗ്‌ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ എല്ലാവര്‍ക്കും മുന്നില്‍ നിന്ന ലിവര്‍പൂള്‍ 1990 ന്‌ ശേഷം ആദ്യമായി കിരീടത്തില്‍ മുത്തമിടാന്‍ തയ്യാറെടുക്കുകയും ചെയ്‌ത ഘട്ടത്തിലാണ്‌ മാഞ്ചസ്‌റ്റര്‍ കരുത്തോടെ തിരിച്ചെത്തിയത്‌. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതിന്‌ ശേഷം അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കളിച്ച മല്‍സരങ്ങളില്ലെല്ലാംവിജയം കൊയ്‌താണ്‌ അവര്‍ മുന്നേറുന്നത്‌.
വിഗാനെതിരെ ലിവര്‍പൂള്‍ വ്യക്തമായ വിജയം നേടുമെന്നാണ്‌ കരുതപ്പെട്ടത്‌. വിജയിക്കുന്ന അവര്‍ക്ക്‌ ടേബിളില്‍ ഒന്നാമത്‌ വരാനും കഴിയുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ നേടിയ ലീഡ്‌ അവര്‍ കളഞ്ഞ്‌്‌ കുളിച്ചു. യോസി ബനിയോനായിരുന്നു സ്‌ക്കോറര്‍.ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പ്‌ ഈജിപ്‌തുകാരനായ മുന്‍നിരക്കാരന്‍ മിഡോ നേടിയ പെനാല്‍ട്ടി ഗോളിലാണ്‌്‌ വിഗാന്‍ ഒപ്പമെത്തിയത്‌.
മല്‍സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും മൂന്ന്‌ പോയന്റ്‌ സമ്പാദിക്കാന്‍ കഴിയാത്തതിലെ നിരാശ മറച്ചുവെക്കാന്‍ ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ തയ്യാറായില്ല. ചാമ്പ്യന്‍ഷിപ്പിന്റെ ഉയരത്തില്‍ നില്‍ക്കുന്ന ഏത്‌ ടീമിനും എല്ലാ മല്‍സരങ്ങളും വളരെ നിര്‍ണ്ണായകമാണ്‌. മൂന്ന്‌ പോയന്റ്‌ ലഭിക്കാവുന്ന മല്‍സരത്തില്‍ അത്‌ ലഭിക്കാതെ വരുമ്പോഴുളള നിരാശ ചെറുതല്ല. ഞായറാഴ്‌ച്ച ചെല്‍സിക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച്‌ ശക്തരായി തിരിച്ചുവരുമെന്ന്‌ ബെനിറ്റസ്‌ പറഞ്ഞു.
മിഡില്‍സ്‌ബോറോക്കെതിരായ മല്‍സരത്തില്‍ സലോമാന്‍ കാലു നേടിയ ഇരട്ട ഗോളുകളാണ്‌ ചെല്‍സിയെ തുണച്ചത്‌. ടേബിളിലിപ്പോള്‍ മാഞ്ചസ്‌റ്ററിന്‌ പിറകെ ചെല്‍സിയും ലിവര്‍പൂളും ഒപ്പത്തിനൊപ്പമാണ്‌. ഗോള്‍ ശരാശരിയുടെ ആനുകൂല്യം പക്ഷേ ചെല്‍സിക്കുണ്ട്‌. ഈ രണ്ട്‌ ടീമുകള്‍ തമ്മില്‍ ഞായറാഴ്‌ച്ച നടക്കുന്ന മല്‍സരം ഇതോടെ ലീഗിലെ ഏറ്റവും മികച്ച മല്‍സരമായി മാറും. ബ്ലാക്‌ബര്‍ണും ബോള്‍ട്ടണും തമ്മില്‍ നട
ന്ന ആവേശകരമായ മല്‍സരം 2-2 ല്‍ അവസാനിച്ചു. മല്‍സരത്തിന്റെ തുടക്കത്തില്‍ ബ്ലാക്‌ബര്‍ണ്‍ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്നു. എന്നാല്‍ ബെന്നി മക്‌ഗ്രാത്തിയുടെ മികവില്‍ രണ്ടാം പകുതിയില്‍ ബ്ലാക്‌ബര്‍ണ്‍ തിരിച്ചെത്തി. മറ്റൊരു മല്‍സരത്തില്‍ റോബിഞ്ഞോയുടെ കരുത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി 2-1ന്‌ ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു. ആദ്യ ഇലവനില്‍ തന്നെ സ്ഥാനം നേടിയ റോബിഞ്ഞോ ടീമിന്റെ ആദ്യ ഗോള്‍ നേടുക മാത്രമല്ല രണ്ടാം ഗോളിന്‌ ഷോണ്‍ റൈറ്റ്‌ ഫിലിപ്പ്‌സിന്‌ പന്ത്‌ കൈമാറുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച്ച ആരോടും പറയാതെ ടീം ക്യാമ്പ്‌ വിട്ട്‌ ബ്രസീലില്‍ പോയതിന്‌ റോബിഞ്ഞോക്കെതിരെ അച്ചടക്ക നടപടിക്ക്‌ സിറ്റി ആലോചിക്കുന്നതിനിടെയാണ്‌ അദ്ദേഹത്തെ ആദ്യ ഇലവനില്‍ തന്നെ കളിപ്പിച്ചത്‌. മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സൂപ്പര്‍ താരം മൈക്കല്‍ ഓവന്‍ പരുക്കുമായി പിന്മാറിയത്‌ ന്യൂകാസിലിന്‌ ക്ഷീണമായി. ഹള്‍ സിറ്റിയെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ച്‌ വെസ്റ്റ്‌ ഹാം കരുത്ത്‌ കാട്ടി.

പിഴ
മെല്‍ബണ്‍: ന്യൂസിലാന്‍ഡ്‌ വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലത്തെക്കുറിച്ച്‌ റേഡിയോ അഭിമുഖത്തില്‍ മോശം പരാമര്‍ശം നടത്തിയതിന്‌ ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വലിയ പിഴ വിധിച്ചു. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സൈമണ്ട്‌സ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ അച്ചടക്കസമിതി മുമ്പാകെ ഹാജരായി കുറ്റസമ്മതം നടത്തിയിരുന്നു. മക്കുലത്തോട്‌ മാപ്പ്‌ പറയാനും സൈമണ്ട്‌സ്‌ താല്‍പ്പര്യമെടുത്തിരുന്നു. തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്ന ഓള്‍റൗണ്ടര്‍ക്കെതിരെ കര്‍ക്കശ നടപടിക്ക്‌ താമസിയാതെ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ മുതിരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിംഗുമായി സൈമണ്ട്‌സ്‌ ഉടക്കിയത്‌ ലോക ക്രിക്കറ്റിലെ വന്‍വിവാദങ്ങളില്‍ ഒന്നായി മാറിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരക്കിടെ ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മീന്‍ പിടിക്കാന്‍ പോയ കുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ട സൈമണ്ട്‌സ്‌ ഈയിടെയാണ്‌ ടീമില്‍ തിരിച്ചെത്തിയത്‌. എന്നാല്‍ പരുക്ക്‌ കാരണം ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാന്‍ സൈമണ്ട്‌സ്‌ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. അടുത്ത മാസം ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ പോവുകയാണ്‌. മൂന്ന്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ പരമ്പരയിലുളളത്‌. ഈ പരമ്പരയില്‍ കളിക്കാന്‍ സൈമണ്ട്‌സിന്‌ താല്‍പ്പര്യമുണ്ട്‌. എന്നാല്‍ അച്ചടക്ക ലംഘനം തുടര്‍ച്ചയായി നടത്തുന്ന താരത്തിനോട്‌ മമത കാട്ടാന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമോ എന്ന്‌ കണ്ടറിയണം.

ഔട്ട്‌
സിഡ്‌നി: അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടന സംഘത്തില്‍ ഫാസ്റ്റ്‌ ബൗളര്‍ സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ ഉണ്ടാവില്ല. വലത്‌ കൈക്കുഴയില്‍ ശസ്‌ത്രക്രിയ നടത്തിയ ക്ലാര്‍ക്ക്‌ ഇപ്പോള്‍ വിശ്രമത്തിലാണ്‌. 33 കാരനായ ക്ലാര്‍ക്കിന്‌ ഈയിടെ നടന്ന ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്ന്‌ ടെസ്‌റ്റും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവും ഉള്‍പ്പെടുന്ന പരമ്പര നഷ്ടമാവുമ്പോള്‍ ക്ലാര്‍ക്കിന്‌ ഇനി ദേശീയ ടീമിനായി കളിക്കാന്‍ ആഷസ്‌ പരമ്പര വരെ കാത്തിരിക്കണം. ഫെബ്രുവരി അവസാനത്തോടെ ക്ലാര്‍ക്കിന്‌ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

അപ്പീല്‍ രണ്ട്‌
ദുബായ്‌: അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌ത്‌ അപ്പീല്‍ നല്‍കാന്‍ ടീമുകള്‍ക്ക്‌ നല്‍കിയ സ്വാതന്ത്ര്യം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) വെട്ടിചുരുക്കുന്നു. മൂന്ന്‌ അപ്പീലുകളാണ്‌ ഒരു ഇന്നിംഗ്‌സില്‍ ഒരു ടീമിന്‌ നല്‍കിയിരുന്നത്‌. എന്നാല്‍ അപ്പീല്‍ ബഹളത്തില്‍ ഇത്‌ രണ്ടായി കുറക്കാനാണ്‌ പുതിയ തിരുമാനം. ഉടന്‍ നടക്കാന്‍ പോവുന്ന വിന്‍ഡീസ്‌-ഇംഗ്ലണ്ട്‌ പരമ്പരയില്‍ ടീമുകള്‍ക്ക്‌ അപ്പീലിന്‌ രണ്ട്‌ അവസരങ്ങളാണ്‌ നല്‍കിയിരിക്കുന്നത്‌. പരീക്ഷണാര്‍ത്ഥമാണ്‌ ഐ.സി.സി അപ്പീല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്‌. അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ ഫീല്‍ഡിംഗ്‌ ക്യാപ്‌റ്റന്‌ അതിനെ ചോദ്യം ചെയ്യാനും അന്തിമ തീരുമാനത്തിന്‌ തേര്‍ഡ്‌ അമ്പയറെ സമീപിക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ അപ്പീലുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ്‌ മാറ്റത്തിന്‌ ഐ.സി.സി തയ്യാറായത്‌.

ഭൂപതി ഫൈനലില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ സഖ്യം ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരമായ ലിയാന്‍ഡര്‍ പെയ്‌സ്‌ പുറത്തായി. ലൂക്കാസ്‌ ഡോള്‍ഫിക്കൊപ്പം കളിച്ച പെയ്‌സ്‌ സെമി പോരാട്ടത്തില്‍ അമേരിക്കയില്‍ നിന്നുളള രണ്ടാം സീഡ്‌ ബ്രയന്‍ സഹോദരന്മാരോടാണ്‌ പരാജയപ്പെട്ടത്‌.
2002 ല്‍ യു.എസ്‌ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ കിരീടം സ്വന്തമാക്കിയതിന്‌ ശേഷം ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ കപ്പില്‍ മുത്തമിടാന്‍ അവസരം ലഭിക്കാത്ത മഹേഷിന്‌ ഇത്‌ കനകാവസരമാണ്‌. 2008 ലാണ്‌ മഹേഷും നോളസും ഒരുമിച്ചത്‌. ഇത്‌ ഇവരുടെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനലാണ്‌. മുമ്പ്‌ പെയ്‌സിനൊപ്പം കളിച്ചപ്പോള്‍ പോലും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒന്നാമനാവാന്‍ മഹേഷിന്‌ കഴിഞ്ഞിരുന്നില്ല. പെയ്‌സ്‌-മഹേഷ്‌ സഖ്യം ഫ്രഞ്ച്‌ ഓപ്പണിലും വിംബിള്‍ഡണിലും കിരീടം നേടിയിരുന്നു. യു.എസ്‌ ഓപ്പണില്‍ വിത്യസ്‌ത പാര്‍ട്ടണര്‍മാര്‍ക്കൊപ്പവും ഇവര്‍ക്ക്‌ കിരീടമുണ്ടായിരുന്നു. ഇന്നലെ പെയ്‌സ്‌-ഡോള്‍ഫി സഖ്യം ജയിച്ചിരുന്നെങ്കില്‍ ഫൈനല്‍ മല്‍സരം രണ്ട്‌ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലാവുമായിരുന്നു. പക്ഷേ പെയ്‌സിന്‌ ബ്രയന്‍ സഹോദരന്മാരുടെ കൂട്ടായ്‌മക്‌്‌ മുന്നില്‍ പൊരുതി നില്‍ക്കാനായില്ല.

സച്ചിന്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ ഇന്ത്യക്ക്‌ ഒന്നാം സ്ഥാനം കൈവരിക്കണമെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിനൊപ്പമുണ്ടായിരിക്കണമെന്ന്‌ ഓസ്‌ട്രേലിയന്‍ ക്രിക്കറ്ററായ ഷെയിന്‍ വോണ്‍. നിലവില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ടീം രാജ്യാന്തര മല്‍സരങ്ങളില്‍ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്‌. പക്ഷേ അനുഭവസമ്പന്നനായ സച്ചിനെ പോലുളളവര്‍ ടീമിലുണ്ടാവുമ്പോഴാണ്‌ മാറ്റം വ്യക്തമാവുന്നത്‌. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌ എന്നിവര്‍ക്കെതിരെ ശക്തമായ വിജയം നേടിയ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമാണ്‌ ഏറ്റവും മികച്ച ഇന്ത്യന്‍ ടീം എന്ന്‌ താന്‍ കരുതുന്നില്ലെന്ന്‌ വോണ്‍ പറഞ്ഞു. 1991 ലെ ഇന്ത്യന്‍ ടീമാണ്‌ ഏറ്റവും മികച്ചതായി എനിക്ക്‌ തോന്നിയത്‌. ഇപ്പോഴത്തെ ടീം മികച്ചവരുടേതാണ്‌. സച്ചിന്‍ കളിക്കുന്ന കാലത്ത്‌ ഈ ടീമിന്‌ ലോക റാങ്കിംഗില്‍ ഒന്നാമതെത്താന്‍ മല്‍സരിക്കാം. മറ്റ്‌ ബാറ്റ്‌സ്‌മാന്മാരില്‍ നിന്ന്‌ സച്ചിന്‍ വിത്യസ്‌തനാവുന്നത്‌ അദ്ദേഹം ബൗളര്‍മാരെ പഠിക്കുന്നതിലാണ്‌. ഒരു ബൗളറുടെ ലൈനും ലെംഗ്‌തും വളരെ എളുപ്പം മനസ്സിലാക്കാന്‍ സച്ചിന്‌ കഴിയുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ സമീപകാല തോല്‍വികള്‍ ടീമിന്റെ അധ:പതന സൂചനയല്ല. മറ്റ്‌ ടീമുകള്‍ ഓസ്‌ട്രേലിയക്കൊപ്പമെത്തുന്നതാണ്‌ മാറ്റം. ഇന്ത്യയില്‍ വെച്ച്‌ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും വോണ്‍ പറഞ്ഞു.

Wednesday, January 28, 2009

SANATH- THE FAILED HERO.....


ജയസൂര്യയുടെ നേട്ടങ്ങള്‍
1-ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം ചെന്ന താരം
2- ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സ്‌ പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌മാന്‍.
3-ഏകദിന ക്രിക്കറ്റില്‍ 95-ാമത്‌ അര്‍ദ്ധശതകമാണ്‌ സനത്‌ പൂര്‍ത്തിയാക്കിയത്‌. 132 അര്‍ദ്ധ ശതകങ്ങള്‍ പിന്നിട്ട സച്ചിനാണ്‌ ഒന്നാമത്‌
4-ധാംബൂലയില്‍ ഒരു ബാറ്റ്‌സ്‌മാന്‍ ഇത്‌ രണ്ടാം തവണയാണ്‌ ഏകദിന സെഞ്ച്വറി സ്വന്തമാക്കുന്നത്‌. ഈ മൈതാനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറും ഇത്‌ തന്നെ.

കലക്ടീവ്‌ ഇന്ത്യ
ധാംബൂല: സനത്‌ ജയസൂര്യയുടെ സെഞ്ച്വറിയില്‍ ശ്രീലങ്ക സമാഹരിച്ച 246 റണ്‍സിന്റെ മൂലധനത്തെ ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന, ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളില്‍ പിറകിലാക്കി ഇന്ത്യ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആറ്‌ വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. ധാംബൂലയില്‍ നടക്കുന്ന ഒരു പകല്‍ മല്‍സരത്തില്‍ ഏറ്റവുമുയര്‍ന്ന റണ്‍ ചേസ്‌ ചെയ്‌ത്‌ വിജയിക്കുന്ന ടീമെന്ന ബഹുമതി സ്വന്തമാക്കാനും ധോണിക്കും സംഘത്തിനുമായി. ടോസ്‌ നഷ്ടമായിട്ടും ആദ്യം ബാറ്റിംഗിന്‌ നിര്‍ബന്ധിതരായ ലങ്കന്‍ ഇന്നിംഗ്‌സില്‍ വെറ്ററന്‍ ജയസൂര്യയുടെ സെഞ്ച്വറി (107) മാത്രമായിരുന്നു ആശ്വാസം. ഇന്ത്യന്‍ മറുപടിയാവട്ടെ ഭാഗ്യത്തിന്റേതും ഒത്തൊരുമയുടേതുമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടക്കത്തില്‍ തന്നെ അമ്പയറുടെ വിഡ്ഡിത്തത്തില്‍ പുറത്തായിട്ടും ഗാംഭീറും റൈനയും ധോണിയും സമചിത്തത കൈവിട്ടില്ല. ലങ്കന്‍ ഫീല്‍ഡിംഗാവട്ടെ പലപ്പോഴും തരം താഴുകയും ചെയ്‌തു. ഗാംഭീര്‍, റൈന എന്നിവര്‍ തുടക്കത്തില്‍ നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ ഉപയോഗപ്പെടുത്തിയില്ല. നുവാന്‍ കുലശേഖര സ്വന്തം ബൗളിംഗില്‍ നടത്തിയ തകര്‍പ്പന്‍ ക്യാച്ചാവട്ടെ അമ്പയര്‍ അംഗീകരിച്ചുമില്ല. തിലാന്‍ തുഷാരയുടെ പന്തില്‍ റൈന നല്‍കിയ അവസരം പോയന്റില്‍ ലങ്കയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ തിലകരത്‌നെ ദില്‍ഷാന്‍ നിലത്തിട്ടപ്പോള്‍ ഗാംഭീര്‍ നല്‍കിയ എളുപ്പ ക്യാച്ച്‌ മഹേലക്കും കൈക്കുള്ളില്‍ നിയന്ത്രിക്കാനായില്ല.
സച്ചിന്‍ പെട്ടെന്ന്‌ മടങ്ങിയ സമ്മര്‍ദ്ദത്തില്‍ റൈനയും ഗാംഭീറും നല്‍കിയ അവസരങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ മല്‍സരത്തില്‍ പിടിമുറുക്കാന്‍ ലങ്കക്ക്‌ കഴിയുമായിരുന്നു. രണ്ട്‌ തവണ ഭാഗ്യത്തില്‍ രക്ഷപ്പെട്ട ഗാംഭീറും റൈനയും പിന്നെ തിരിഞ്ഞുനോക്കിയില്ല. ആദ്യ പത്ത്‌ ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 54 ല്‍ എത്തി. ഗാംഭീര്‍ ആക്രമണകാരിയായപ്പോള്‍ റണ്‍സും എളുപ്പം പിറന്നു. റൈനയും ഗാംഭീറും നല്‍കിയ അടിത്തറയില്‍ ധോണിയുടെ പക്വത കര്യങ്ങള്‍ എളുപ്പമാക്കി. മുത്തയ്യ മുരളീധരന്‍, അജാന്ത മെന്‍ഡിസ്‌ എന്നീ സ്‌പിന്നര്‍മാരുടെ പന്തുകള്‍ വളരെ വൈകി മാത്രം കൈകാര്യം ചെയ്‌ത നായകന്‍ ഒരു തരത്തിലുമുളള അവസരം നല്‍കിയില്ല. ഒരിക്കലും പതിവ്‌ ശൈലിയിലുളള കടന്നാക്രമണത്തിന്‌ ധോണി മുതിര്‍ന്നില്ല. ഗ്യാപ്പുകള്‍ കണ്ടെത്തിയാണ്‌ അദ്ദേഹം റണ്‍സ്‌ നേടിയത്‌. 27 സിംഗിളുകളും ഏഴ്‌ ഡബിളുകളും അദ്ദേഹം നേടി.
രാവിലെ ജയസൂര്യയുടെ മികച്ച ഇന്നിംഗ്‌സ്‌ കണ്ടു. 114 പന്തില്‍ 107 റണ്‍സാണ്‌ വെറ്ററന്‍ കരസ്ഥമാക്കിയത്‌. ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ബാറ്റ്‌സ്‌മാന്‍ എന്ന ബഹുമതി നാല്‍പ്പതാം വയസ്സില്‍ ജയസൂര്യയുടെ പേരിലായി. നാല്‍പ്പതാം വയസ്സില്‍ 212 ദിവസങ്ങള്‍ പിന്നിട്ട വേളയിലാണ്‌ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി പിറന്നത്‌. പക്ഷേ ലങ്കന്‍ സംഘത്തിലെ ഫോമിലുളള താരം തിലകരത്‌നെ ദില്‍ഷാന്‍ റണ്ണൗട്ടായതില്‍ ജയസൂര്യക്ക്‌ പങ്കുണ്ടായിരുന്നു. ദില്‍ഷാന്റെ വിളി കേട്ട്‌ റണ്ണിന്‌ തുടക്കമിട്ട ജയസൂര്യ പകുതി വഴിയില്‍ തിരികെ ഓടിയപ്പോള്‍ ദില്‍ഷാന്റെ അന്തകനാവാന്‍ യൂസഫ്‌ പത്താനായി.
ഉണങ്ങി വരണ്ട പിച്ചല്‍ സ്‌പിന്നര്‍മാര്‍ വന്നപ്പോള്‍ ജയസൂര്യക്കും കുമാര്‍ സങ്കക്കാരക്കും റണ്‍ എളുപ്പമായിരുന്നില്ല. ജയസൂര്യയാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ അടുത്ത മല്‍സരം ശനിയാഴ്‌ച്ച കൊളംബോയില്‍ നടക്കും. ഇന്ത്യന്‍ വിജയം അച്ചടക്കത്തിന്റേതായിരുന്നുവെന്ന്‌ മഹേല അഭിപ്രായപ്പെട്ടപ്പോള്‍ ധോണി സ്വന്തം ബൗളര്‍മാര്‍ക്കാണ്‌ മാര്‍ക്ക്‌ നല്‍കിയത്‌.
സ്‌ക്കോര്‍കാര്‍ഡ്‌
ലങ്ക: ദില്‍ഷാന്‍-റണ്ണൗട്ട്‌-0, ജയസൂര്യ-സി-മുനാഫ്‌-ബി-സഹീര്‍-107, സങ്കക്കാര-സി-റൈന-ബി-ഒജ-44, കാഡംബി-സി-സഹീര്‍-ബി-ഇഷാന്ത്‌-17, മഹറൂഫ്‌-ബി-ഇഷാന്ത്‌-35, മഹേല-സി-രോഹിത്‌-ബി-ഇഷാന്ത്‌-11, കപ്പുഗുഡേര-റണ്ണൗട്ട്‌-15, തുഷാര-നോട്ടൗട്ട്‌-12, കുലശേഖര-നോട്ടൗട്ട്‌-0. എക്‌സ്‌ട്രാസ്‌ 5, ആകെ 50 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 246.
വിക്കറ്റ്‌ പതനം: 1-0 (ദില്‍ഷാന്‍), 2-118 (സങ്ക), 3-169 (കാഡംബി), 4-171 (സനത്‌), 5-205 (മഹേല), 6-222 (മഹറൂഫ്‌), 7-245 (കപ്പുഗുഡേര). ബൗളിംഗ്‌: സഹീര്‍ 10-2-40-1, മുനാഫ്‌ 5-0-32-0, ഇഷാന്ത്‌ 10-1-52-3, ഒജ 10-0-52-1, യൂസഫ്‌ 7-0-32-0, റൈന 4-0-16-0, രോഹിത്‌ 4-1-22-0.
ഇന്ത്യ: ഗാംഭീര്‍-സി-കാഡംബി-ബി-മുരളി-62, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-തുഷാര-5, റൈന-റണ്ണൗട്ട്‌-54, യുവരാജ്‌-സി-മുരളി-ബി-മഹറൂഫ്‌-23, ധോണി-നോട്ടൗട്ട്‌-61, രോഹിത്‌-നോട്ടൗട്ട്‌-25, എക്‌സ്‌ട്രാസ്‌ 17, ആകെ 48.1 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 247.
വിക്കറ്റ്‌ പതനം: 1-13 (സച്ചിന്‍), 2-126 (ഗാംഭീര്‍), 3-137 (റൈന), 4-181 (യുവി). ബൗളിംഗ്‌ കുലശേഖര 7-0-32-0, തുഷാര 8-0-44-1, മഹറൂഫ്‌ 8-0-35-0, മെന്‍ഡീസ്‌ 10-0-47-0, മുരളി 10-0-52-1, ദില്‍ഷാന്‍ 5.1-0-29-0.

ലാഹോര്‍: രാജിയെന്നാല്‍ അത്‌ ജാവേദ്‌ മിയാന്‍ദാദാണ്‌... ! ഇതാ അദ്ദേഹം വീണ്ടും രാജി നല്‍കിയിരിക്കുന്നു... പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആദരപൂര്‍വ്വം രണ്ട്‌്‌ മാസം മുമ്പ്‌ സമ്മാനിച്ച ഡയരക്ടര്‍ ജനറല്‍ സ്ഥാനമാണ്‌ മിയാന്‍ദാദ്‌ എന്ന പൊട്ടിത്തെറിക്കാരന്‍ വലിച്ചെറിഞ്ഞിരിക്കുന്നത്‌. പി.സി.ബി മൂന്ന്‌ തവണ ദേശീയ ടീമിന്റെ പരിശീലക കുപ്പായം നല്‍കിയപ്പോള്‍ പല കാരണങ്ങളാല്‍ രാജി നല്‍കിയ മിയാന്‍ദാദിന്റെ നാലാമത്‌ രാജിക്ക്‌ പക്ഷേ ഒരു പ്രത്യേകതയുണ്ട്‌-അദ്ദേഹം പൊട്ടിത്തെറിച്ചല്ല രാജി നല്‍കിയിരിക്കുന്നത്‌. ശാന്തനായാണ്‌ പി.സി.ബി തലവന്‌ രാജി നല്‍കിയതും അതിന്‌ ശേഷം ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടതും.
പാക്കിസ്‌താന്‍ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ പെട്ടെന്ന്‌ പ്രകോപിതനാക്കിയത്‌ പി.സി.ബിയുടെ അടിയന്തിര തീരുമാനമാണ്‌. ഡയരക്ടര്‍ ജനറല്‍ എന്ന പദവിയില്‍ തനിക്ക്‌ എന്തെല്ലാം ചെയ്യാനാവും, എന്താണ്‌ തന്റെ അധികാരങ്ങള്‍ എന്നെല്ലാം മിയാന്‍ദാദ്‌ പരസ്യമായി ചോദിക്കാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. ഇത്‌ വരെ ഡയരക്‌ടര്‍ ജനറലിന്റെ അധികാരങ്ങള്‍ വിഭജിച്ചു നല്‍കാതിരുന്ന പി.സി.ബി ഇന്നലെ മിയാന്‍ദാദിന്‌ ഔദ്യോഗിക ഉത്തരവ്‌ നല്‍കി. അത്‌ പ്രകാരം ആഭ്യന്തര ക്രിക്കറ്റിന്റെ വികസനവും പുരോഗതിയുമാണ്‌ ഡയരക്ടര്‍ ജനറലിന്റെ അധികാര പരിധിയില്‍ വരുന്നത്‌. ഇതിന്‌ തന്നെ കിട്ടില്ല എന്ന്‌ വ്യക്തമാക്കിയാണ്‌ അദ്ദേഹം രാജി നല്‍കിയത്‌.
തന്നെ പോലെ ഒരു ക്രിക്കറ്ററെ ആഭ്യന്തര ക്രിക്കറ്റിന്റെ ചുറ്റുവട്ടത്തില്‍ തളക്കുന്നതില്‍ നിരാശ പ്രകടിപ്പിക്കാനും മിയാന്‍ദാദ്‌ മറന്നില്ല. ദേശീയ ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും താല്‍പ്പര്യമുണ്ടെന്നും എന്നാല്‍
ഈ രാജിയില്‍ എല്ലാം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. എനിക്ക്‌ പി.സി.ബിയുമായി പിണക്കമില്ല. അവരെനിക്ക്‌ ഒരു ജോലി നല്‍കി. എനിക്ക്‌ അതില്‍ താല്‍പ്പര്യമില്ല. അതിനാല്‍ വിടുന്നു. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ ഇനി ലഭിക്കുന്ന അവസരങ്ങളും ഉപയോഗപ്പെടുത്തും. രാജ്യത്ത്‌ ക്രിക്കറ്റ്‌ വളര്‍ന്നു പന്തലിക്കുന്നത്‌ കാണാന്‍ എല്ലാവരെയും പോലെ എനിക്കും താല്‍പ്പര്യമുണ്ട്‌-മിയാന്‍ദാദിന്റെ വാക്കുകള്‍.
ഇജാസ്‌ ഭട്ട്‌ ചെയര്‍മാനായി പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പുന: സംഘടപ്പിക്കപ്പെട്ടപ്പോഴാണ്‌ ഡയരക്ടര്‍ ജനറലിന്റെ ജോലി മിയാന്‍ദാദിന്‌ നല്‍കിയത്‌. എന്നാല്‍ ഡയരക്ടര്‍ ജനറലിന്‌ എവിടെ വരാം പോവാം എന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വമായിരുന്നു. ഒരു ട്രാക്ക്‌ സ്യൂട്ട്‌ ലഭിച്ചാല്‍ ഗ്രൗണ്ടിലിറങ്ങി കളിക്കാരെ പരിശീലിപ്പിക്കാന്‍ താന്‍ റെഡിയാണെന്ന്‌ കഴിഞ്ഞ ദിവസം മിയാന്‍ദാദ്‌ പറഞ്ഞിരുന്നു. പാക്കിസ്‌താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തരായ താരങ്ങളുണ്ട്‌. അവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കണം. അവരെ വളര്‍ത്തിയെടുക്കണം. രാജ്യാന്തര തലത്തില്‍ കളിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കണം തുടങ്ങിയ ആശയഗതികളുമായി നടന്നിരുന്ന മുന്‍ നായകന്‌ പി.സി.ബി യുടെ പുതിയ നിയന്ത്രണങ്ങള്‍ ദഹിച്ചില്ല.
മിയാന്‍ദാദിന്റെ രാജിയുടെ കാരണങ്ങള്‍ വിശദീകരിക്കന്‍ പി.സി.ബി ഡയരക്ടര്‍ വസീം ബാരി തയ്യാറായില്ല. എന്നാല്‍ പി.സി.ബിയുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥാന്‍ പറഞ്ഞത്‌ പുതിയ പദവിയിലെ പ്രതിഫല കാര്യത്തില്‍ മിയാന്‍ദാദിന്‌ താല്‍പ്പര്യമില്ലെന്നും രാജി അതിനാലാണെന്നും. പക്ഷേ ഈ വാദം മിയാന്‍ദാദ്‌ അംഗീകരിക്കുന്നില്ല. പണത്തെ സ്‌നേഹിച്ചല്ല ക്രിക്കറ്റിലേക്ക്‌ വന്നതെന്നും പ്രതിഫലം കുറവായത്‌ കൊണ്ടല്ല രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ എന്നും തലവേദന സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ്‌ മിയാന്‍ദാദ്‌. താരമായപ്പോള്‍ ക്യാപ്‌റ്റനും സഹതാരങ്ങള്‍ക്കുമെല്ലാം അദ്ദേഹം തീരാ തലവേദനയായിരുന്നു. കളിക്കളം വിട്ട്‌ കോച്ചായപ്പോള്‍ പലവട്ടം അധികാരികളുമായി പിണങ്ങി. ഇപ്പോഴിതാ ഭരണരംഗത്തു നിന്നും രാജി... രാജിയെന്നാല്‍ മിയാന്‍ദാദ്‌ തന്നെ..

മാലിക്കിനെ മാറ്റിയതില്‍ മിയാന്‍ദാദിന്‌ വിയോജിപ്പ്‌
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡയരക്ടര്‍ ജനറല്‍ പദവിയില്‍ നിന്നും ജാവേദ്‌ മിയാന്‍ദാദ്‌ രാജി വെക്കാന്‍ കാരണം പാക്കിസ്‌താന്‍ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്നും ഷുഹൈബ്‌ മാലിക്കിനെ മാറ്റിയത്‌ കൊണ്ടാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. മിയാന്‍ദാദിന്റെ വിശ്വസ്‌തനായിരുന്നു മാലിക്‌. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ സീനിയര്‍ താരങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കാന്‍ യുദ്ധത്തിനിറങ്ങിയ മിയാന്‍ദാദിന്റെ കവചമായിരുന്നു മാലിക്‌. മാലിക്കിന്‌ പകരം സീനിയര്‍ താരമായ യൂനസ്‌ഖാനെ കഴിഞ്ഞ ദിവസമാണ്‌ പി.സി.ബി ദേശീയ ടീമിന്റെ നായകനാക്കിയത്‌.
മിയാന്‍ദാദിന്‌ താല്‍പ്പര്യമില്ലാത്ത താരമാണ്‌ യൂനസ്‌ഖാന്‍. പലവട്ടം ക്യാപ്‌റ്റന്‍സി നീട്ടിയപ്പോഴും പല കാരണങ്ങളാല്‍ പിന്മാറിയ യൂനസിന്‌ ഇപ്പോള്‍ വീണ്ടും ഉന്നതപദവി നല്‍കിയതിനോട്‌ അദ്ദേഹത്തിന്‌ ശക്തമായ വിയോജിപ്പുണ്ട്‌. ദേശീയ ക്രിക്കറ്റിലെ പ്രശ്‌നങ്ങളില്‍ മിയാന്‍ദാദ്‌ അഭിപ്രായം പറയാതിരിക്കാന്‍ വേണ്ടിയാണ്‌ വളരെ വൈകി അദ്ദേഹത്തിന്റെ ജോലി ഇന്നലെ പി.സി.ബി വ്യക്തമാക്കിയത്‌. ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ പാക്കിസ്‌താന്‍ നാടകീയമായി തകര്‍ന്നതിനെ തുടര്‍ന്നാണ്‌ പി.സി.ബി മാലിക്കിനെ പുറത്താക്കിയത്‌. ഒരു മാസം മുമ്പാണ്‌ മാലിക്കിനെ ടീമിന്റെ നായകനായി അനിശ്ചിത കാലത്തേക്ക്‌ പ്രഖ്യാപിച്ചത്‌. ഒരു പരാജയത്തിന്റെ വെളിച്ചത്തില്‍ ടീമില്‍ വരുത്തിയ അഴിച്ചുപണി മിയാന്‍ദാദിനോട്‌ അഭിപ്രായം ചോദിക്കാതെയായിരുന്നു.

വീണ്ടും ഭൂകമ്പം
കറാച്ചി: ഒരു ദിവസം ഷുഹൈബ്‌ മാലിക്കിനെ നായകസ്ഥാനത്ത്‌ നിന്ന്‌ നീക്കി യൂനസ്‌ഖാനെ പുതിയ നായകനാക്കുന്നു. അടുത്ത ദിവസം പി.സി.ബി ഡയരക്ടര്‍ ജനറല്‍ സ്ഥാനത്ത്‌ നിന്ന്‌ ജാവേദ്‌ മിയാന്‍ദാദ്‌ രാജി നല്‍കുന്നു......
പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വീണ്ടും ഭൂകമ്പത്തിന്റെ സൂചനകള്‍ കണ്ട്‌ തുടങ്ങിയിരിക്കുകയാണ്‌. അല്‍പ്പകാലം പാക്‌ ക്രിക്കറ്റ്‌ സംഭവരഹിതമായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ രാജ്യത്തേക്ക്‌ കളിക്കാന്‍ ഒരു ടീമു വരാത്ത സാഹചര്യത്തില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ പര്യടനത്തോടെ കാറും കോളുമെല്ലാം മറനീക്കി പുറത്ത്‌ വന്നിരിക്കുന്നു. ക്യാപ്‌റ്റനായിരുന്ന ഷുഹൈബ്‌ മാലിക്‌ ടീമിലെ സീനിയര്‍താരമായ ഷുഹൈബ്‌ അക്തറിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനെ പലരും ചോദ്യം ചെയ്‌തു. ട
ീമിലെ ഒരംഗത്തിനെതിരെ നായകന്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നത്‌ അച്ചടക്ക ലംഘനമായിരുന്നു. തെറ്റ്‌ മനസ്സിലാക്കി അടുത്ത ദിവസം തന്നെ മാലിക്‌ തിരുത്തി. എന്നാല്‍ ലാഹോറിലെ മൂന്നാം മല്‍സരത്തില്‍ ടീം ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളൊന്ന്‌ രുചിച്ചപ്പോള്‍ മാലിക്കിനെതിരെ കരുനീക്കം ആരംഭിച്ചു. ലാഹോര്‍ മല്‍സരത്തിന്റെ അടുത്ത ദിവസം പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ യൂനസ്‌ഖാനുമായി അര മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തി. രണ്ട്‌ വട്ടം ക്യാപ്‌റ്റന്‍സി നല്‍കിയപ്പോഴും അത്‌ നിരസിച്ച യൂനസിന്‌ നായകസ്ഥാനത്തോട്‌ താല്‍പ്പര്യമുണ്ടോ എന്നറിയാനായിരുന്നു കൂടിക്കാഴ്‌ച്ച. നായകനാവാന്‍ താല്‍പ്പര്യക്കുറവില്ലെന്ന്‌ യൂനസ്‌ അറിയിച്ചപ്പോള്‍ തന്നെ ചിത്രം വ്യക്തമായി. ഉടന്‍ തന്നെ ഭട്ട്‌ പി.സി.ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ യോഗത്തിന്റെ വികാരവും മാലിക്കിന്‌ എതിരായിരുന്നു. ഉന്നതതല യോഗത്തിലേക്ക്‌ പക്ഷേ മിയാന്‍ദാദിനെ വിളിച്ചില്ല. ഉന്നതതല യോഗത്തിന്‌ ശേഷം ഭട്ട്‌ മാലിക്കിനെ വിളിച്ച്‌ നായകസ്ഥാനത്ത്‌ നിന്ന്‌ രാജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാതെ മാലിക്‌ അനുസരിച്ചു. ഇതേ ഭട്ടാണ്‌ രണ്ടാഴ്‌ച്ച മുമ്പ്‌ മാലിക്കിനെ അനിശ്ചിത കാലത്തേക്ക്‌ ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്‌.
ഷുഹൈബ്‌ അക്തര്‍, ഷാഹിദ്‌ അഫ്രീദി എന്നീ രണ്ട്‌ സീനിയര്‍ താരങ്ങള്‍ മാലിക്കിനെതിരെ രംഗത്ത്‌ വന്നിരുന്നു. ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട്‌ കൊണ്ടുപോവാന്‍ മാലിക്കിന്‌ കഴിയുന്നില്ല എന്ന പരാതി മറ്റ്‌ ചിലരും ഉന്നയിച്ചു. ലാഹോര്‍ മല്‍സരത്തിന്റെ തലേദിവസം ടീമിലെ എല്ലാവരും ടീം ഹോട്ടലില്‍ തങ്ങിയപ്പോള്‍ മാലിക്‌ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിലാണ്‌ താമസിച്ചത്‌. നേരത്തെ സീനിയര്‍ താരം മുഹമ്മദ്‌ യൂസഫ്‌ മാലിക്കിനെതിരെ രംഗത്ത്‌ വന്നതും പി.സി.ബി ഉന്നതര്‍ കണക്കിലെടുത്തു.
പുതിയ നായകന്‍ യൂനസ്‌ഖാന്‍ എല്ലാവര്‍ക്കും സ്വീകാര്യനല്ല. സ്വന്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്‌ അദ്ദേഹം. അടുത്ത മാസം ലങ്കക്കെതിരെ നടക്കുന്ന രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയാണ്‌ യൂനസിന്റെ ആദ്യ വേദി.


ഗോള്‍ക്കീപ്പിംഗ്‌ ക്യാമ്പ്‌
കോഴിക്കോട്‌: നാളെയുടെ ഗോള്‍ക്കീപ്പര്‍മാരെ കണ്ടെത്താന്‍ മുഖദാറിലെ മൗലാനാ മൈതാനത്ത്‌ യുവഭാവനാ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കോച്ചിംഗ്‌ ക്യാമ്പ്‌ ആരംഭിച്ചു. മുന്‍ ഗോള്‍ക്കീ്‌പറും പ്രശസ്‌ത പരിശീലകനുമായ എസ്‌.എം അബൂബക്കര്‍ സിദ്ദിഖാണ്‌ ക്യാമ്പിന്‌ നേതൃത്ത്വം നല്‍കുന്നത്‌. താല്‍പ്പര്യമുളളവര്‍ 9895173067 എന്ന നമ്പറില്‍ ബന്ധപ്പെടണം. 1974 മുതല്‍ ഫുട്‌ബോളിലുള്ള സിദ്ദിഖിന്‌ കീഴില്‍ പരിശീലിച്ച പല രുമിന്ന്‌ ഉയര്‍ന്ന ക്ലബുകളില്‍ കളിക്കുന്നവരാണ്‌. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന സിദ്ദിഖ്‌ മലപ്പുറം സ്‌പോര്‍ട്‌സ്‌ സ്‌ക്കൂളിലൂടെയാണ്‌ വളര്‍ന്നത്‌. നാളെയുടെ താരങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സിദ്ദിഖ്‌ തന്റെ ക്യാമ്പിലെ കുട്ടികള്‍ക്ക്‌ ഫുട്‌ബോള്‍ കിറ്റുകള്‍ നല്‍കാന്‍ സ്‌പോണ്‍സര്‍മാരെ തേടുകയാണ്‌.

നദാല്‍ മുന്നോട്ട്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം ഒന്നാം സീഡ്‌ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നദാല്‍ 6-2, 7-5, 7-5 എന്ന സ്‌ക്കോറിന്‌ ഫ്രാന്‍സിന്റെ ജൈല്‍സ്‌ സൈമയെ പരാജയപ്പെടുത്തി. നാളെ നടക്കുന്ന സെമിയില്‍ നദാല്‍ സ്വന്തം നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ദോസ്‌കോയെ നേരിടും. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ്‌ സോംഗയെയാണ്‌ വെര്‍ദോസ്‌്‌ക്ക്‌ തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 7-6, (7-2),3-6, 6-3, 6-2. വനിതാ സിംഗിള്‍സില്‍ തകര്‍പ്പന്‍ പോരാട്ടത്തില്‍ രണ്ടാം സീഡ്‌ സറീന വില്ല്യംസ്‌ സെത്‌ലാന കുസന്‍സോവയെ തോല്‍പ്പിച്ച്‌ സെമിയിലെത്തി. സ്‌ക്കോര്‍ 5-7, 7-5, 6-1. സെമിയില്‍ എലേന ഡെമിത്തേവയാണ്‌ സറീനയുടെ പ്രതിയോഗി. നാലാം സീഡായ ഡെമിത്തേവ കാര്‍ല സോറസ്‌ നവാരോയെ പരാജയപ്പെടുത്തി.സ്‌ക്കോര്‍ 6-2, 6-2.
സാനിയ സെമി
മെല്‍ബണ്‍: ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-സാനിയ മിര്‍സ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ മിക്‌സഡ്‌ ഡബിള്‍സ്‌ സെമി ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. സീഡ്‌ ചെയ്യപ്പെടാത്ത ഇന്ത്യന്‍ ജോഡി കാനഡയുടെ അലക്‌സാണ്ടര്‍ വോസ്‌നിക്‌-ഡാനിയല്‍ നെസ്‌റ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തി. പുരുഷ ഡബിള്‍സില്‍ മഹേഷ്‌, ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ ടീം സെമിയിലെത്തിയിട്ടുണ്ട്‌. അതേ സമയം ലിയാന്‍ഡര്‍ പെയ്‌സ്‌ പുറത്തായി. മിക്‌സഡ്‌ ഡബിള്‍സിലും പെയ്‌സിന്‌ പരാജയമേറ്റു. ഒന്നാം സീഡായ പെയ്‌സ്‌-കാര്‍ ബ്ലാക്‌ സഖ്യം സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പാറ്റി ഷിന്‍ഡര്‍ -ദക്ഷിണാഫ്രിക്കയുടെ വെസ്ലി മോഡി സഖ്യത്തോട്‌ തോറ്റു.

Saturday, January 24, 2009

LANKA-THE KILLERS


പാവം പാവം പാക്കിസ്‌താന്‍
ലാഹോര്‍: ഗദ്ദാഫി സ്റ്റേഡിയത്തിലെത്തിയ അരലക്ഷത്തോളം പേര്‍ സ്വന്തം ടീമിന്റെ വിജയം കാണാനാണ്‌ എത്തിയത്‌. പക്ഷേ ഏകദിന ക്രിക്കറ്റിലെ കൊലപാതകത്തില്‍ ശ്രീലങ്ക പാക്കിസ്‌താനെ 234 റണ്‍സിന്‌ നാണം കെടുത്തിയ കാഴ്‌ച്ച കാണാനായിരുന്നു പാവം പാവം നാട്ടുകാരുടെ വിധി. ഏകദിന ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 500 വിക്കറ്റ്‌ സ്വന്തമാക്കിയ ദിനത്തില്‍ പാക്കിസ്‌താന്‍ ഒന്നുമല്ലാതായി. തിലകരത്‌നെ ദില്‍ഷാന്റെ മാരത്തോണ്‍ നോട്ടൗട്ട്‌്‌ ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക അഞ്ച്‌ വിക്കറ്റിന്‌ 309 റണ്‍സാണ്‌ നേടിയത്‌. പാക്കിസ്‌താന്റെ പതിനൊന്ന്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ലങ്കന്‍ സ്‌ക്കോറിന്റെ നാലയലത്ത്‌ എത്താനായില്ല. 75 റണ്‍സിനാണ്‌ അവര്‍ പുറത്തായത്‌.
പാക്കിസ്‌താന്‍ ഏകദിന ക്രിക്കറ്റില്‍ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്‌. വലിയ സ്‌ക്കോര്‍ ഫ്‌ളഡ്‌ലൈറ്റ്‌ വെളിച്ചത്തില്‍ പിന്തുടരുന്നതില്‍ മുന്‍നിരയൊന്നാകെ പരാജയപ്പെട്ടു. ആദ്യ പത്ത്‌ ഓവറിനിടെ തന്നെ ആറ്‌ മുന്‍നിര വിക്കറ്റുകള്‍ പാക്കിസ്‌താന്‌ നഷ്ടമായി. തിലാന്‍ തുഷാരയും നുവാന്‍ കുലശേഖരയും ചേര്‍ന്ന്‌ പന്തിനെ സ്വിംഗ്‌ ചെയ്യിച്ചപ്പോള്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
മല്‍സരം ഫാസ്‌റ്റ്‌ ബൗളര്‍മാര്‍ക്ക്‌ അനുകൂലമാവുമെന്നാണ്‌ ആദ്യം കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ ഉച്ചവെളിച്ചത്തില്‍ ദില്‍ഷാനും സംഘവും ആഞ്ഞടിച്ചു. എല്ലാ പാക്കിസ്‌താന്‍ ബൗളര്‍മാരും കണക്കിന്‌ അടി വാങ്ങി. രാത്രി വെളിച്ചത്തില്‍ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍ പ്രതീക്ഷയോടെ കളിക്കാന്‍ വന്നപ്പോഴാണ്‌ കാര്യങ്ങള്‍ മാറിയത്‌.
നുവാന്‍ കുലശേഖര ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ സല്‍മാന്‍ ഭട്ടിനെ പൂജ്യത്തിന്‌ പുറത്താക്കി. പരമ്പരയില്‍ പാക്കിസ്‌താന്‌ ആദ്യ മല്‍സരത്തില്‍ സെഞ്ച്വറിയോടെ നല്ല തുടക്കം നല്‍കിയിരുന്ന സല്‍മാന്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌ ക്യാച്ച്‌ നല്‍കുകയായിരുന്നു. സല്‍മാന്‍ ഭട്ടിനൊപ്പം ഇന്നിംഗ്‌സ്‌ തുടങ്ങാനെത്തിയ മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനെ തുഷാര വിക്കറ്റിന്‌ മുന്നില്‍ കുടുക്കി.
മൂന്നാം നമ്പറില്‍ കമറാന്‍ അക്‌മലിനെയാണ്‌ പാക്കിസ്‌താന്‍ അയച്ചത്‌. അതും വെറുതെയായി. കൂറ്റനടിക്കാരനായ അക്‌മലിന്‌ തുഷാരയുടെ വളഞ്ഞ്‌ തിരിഞ്ഞ്‌ വന്ന പന്തിന്റെ ഗതി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ബൗളര്‍മാര്‍ അപാരമായ ഫോമിലേക്ക്‌ വന്നപ്പോള്‍ അവരെ പിന്തുണക്കാന്‍ ഫീല്‍ഡര്‍മാരും അസാമാന്യ പ്രകടനം പുറത്തെടുത്തു. ഖുറം മന്‍സുറിനെ പുറത്താക്കാന്‍ ഷോര്‍ട്ട്‌ വിക്കറ്റില്‍ പര്‍വേസ്‌ മഹറൂഫ്‌ എടുത്ത ക്യാച്ച്‌ അപാരമായിരുന്നു. ഖുറം കരുത്തോടെ പായിച്ച ഷോട്ട്‌ അതേ കരുത്തിലാണ്‌ മഹറൂഫ്‌ കൈകളിലാക്കിയത്‌. പിന്നെ വന്നത്‌ മിസ്‌ബാഹുല്‍ ഹഖായിരുന്നു. പാക്കിസ്‌താന്റെ പുതിയ ഇന്‍സമാം എന്ന്‌ വിഷേശിപ്പിക്കപ്പെടുന്ന മിസ്‌ബാഹിനെയും തുഷാര അതിവേഗം പവിലിയനിലേക്ക്‌ തിരിച്ചയച്ചു. ഷാഹിദ്‌ അഫ്രീദി വന്നത്‌ കാണികളുടെ വമ്പന്‍ ആരവത്തിലായിരുന്നു. കാണികളുടെ അവശേഷിച്ചിരുന്ന പ്രതീക്ഷ പന്തിനെ പ്രഹരിക്കാന്‍ മിടുക്കനായ പത്താനിയിലായിരുന്നു. നാല്‌ പന്തുകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ ക്രീസില്‍ നില്‍ക്കാനായത്‌. ഓഫ്‌ സൈഡില്‍ നിന്നും കുത്തതിരിഞ്ഞ പന്ത്‌ അഫ്രീദി കാണുന്നത്‌ തന്റെ സ്റ്റംമ്പുമായി പറന്നപ്പോഴാണ്‌. അഫ്രീദിയും പോയതോടെ കാണികളില്‍ പകുതിയും സ്‌റ്റേഡിയം വിട്ടു. പിന്നെയെല്ലാം ചടങ്ങ്‌ മാത്രമായിരുന്നു. ഉമര്‍ ഗുലും നായകന്‍ ഷുഹൈബ്‌ മാലിക്കും പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. മൂന്ന്‌ ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച്‌ ഗുല്‍ തനിക്ക്‌ ബാറ്റ്‌ പിടിക്കാന്‍ അറിയാമെന്ന്‌ തെളിയിച്ചു. പക്ഷേ അപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. മാലിക്‌ 63 പന്തില്‍ 19 റണ്‍സുമായി പുറത്തായി. വാലറ്റക്കാരെ പറഞ്ഞയക്കാന്‍ മുരളി ധാരാളമായിരുന്നു. മാലിക്കും ഗുലും മാത്രമാണ്‌ ഇന്നിംഗ്‌സില്‍ രണ്ടക്കം കണ്ടവര്‍. നാല്‌ പേര്‍ പൂജ്യരായി.
ലങ്കന്‍ ബൗളിംഗ്‌ കണക്കുകള്‍ അപാരമായിരുന്നു. കുലശേഖര ഏഴ്‌ ഓവറില്‍ 17 റണ്‍സിനാണ്‌ മൂന്ന്‌ വിക്കറ്റ്‌്‌ നേടിയത്‌. തുഷാര ഏഴ്‌ ഓവറില്‍ 33 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ സ്‌പിന്നര്‍മാരായ മുരളിക്കും മെന്‍ഡിസിനും കൂടുതല്‍ അവസരം ലഭിച്ചില്ല. മെന്‍ഡീസ്‌ മൂന്ന്‌ ഓവറില്‍ പത്ത്‌ റണ്ണിന്‌ ഒരു വിക്കറ്റ്‌ നേടിയപ്പോള്‍ കേവലം 11 പന്തുകളാണ്‌ മുരളി എറിഞ്ഞത്‌. രണ്ട്‌ വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി.
സമീപകാലത്തായി ദുര്‍ബലരായ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ പതറിയിരുന്ന ലങ്ക നിര്‍ണ്ണായകമായ അവസാന മല്‍രത്തില്‍ അവസരത്തിനൊത്തുയരുന്നതാണ്‌ ആദ്യ സെഷനില്‍ കണ്ടത്‌. തുടക്കത്തില്‍ ഫാസ്‌റ്റ്‌്‌ ബൗളര്‍മാരെ ജയസൂര്യയും ദില്‍ഷാനും ബഹുമാനിച്ചു. എന്നാല്‍ സ്‌പിന്നര്‍മാര്‍ രംഗത്ത്‌ വന്നപ്പോള്‍ കളി മാറി.
ബൗളര്‍മാരെ പ്രഹരിക്കുന്നതില്‍ വിജയം കണ്ടെത്തുന്ന ദില്‍ഷാന്‌ കാര്യങ്ങള്‍ വളരെ അനുകൂലമായിരുന്നു. അനായാസം അദ്ദേഹം സ്‌പിന്നര്‍മാരെ കൈകാര്യം ചെയ്‌തു. 50 പന്തില്‍ നിന്ന്‌ 45 റണ്‍സ്‌ നേടിയ ജയസൂര്യയാണ്‌ ആദ്യം പുറത്തായത്‌. പക്ഷേ അപ്പോഴേക്കും ലങ്കന്‍ സ്‌ക്കോര്‍ 76 ല്‍ എത്തിയിരുന്നു. സങ്കക്കാരയാണ്‌ പകരം വന്നത്‌. അര്‍ജുന രണതുംഗെയെ അനുസ്‌മരിപ്പിക്കുന്ന വിധം പന്തിനെ വളരെ വൈകി കട്ട്‌ ചെയ്യുന്നതിലും പുള്‍ ചെയ്യുന്നതിലും സങ്കക്കാര അപാരമായ മികവു കാട്ടി. 50 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ അഫ്രീദിയുടെ മികവില്‍ റണ്ണൗട്ടാവുകയായിരുന്നു. ആദ്യ രണ്ട്‌ വിക്കറ്റ്‌ വീഴുമ്പോഴും ദില്‍ഷാന്‌ കുലുക്കമുണ്ടായിരുന്നില്ല. കാഡംബി 34 പന്തില്‍ 32 റണ്ണുമായി ദില്‍ഷാന്‌ പിന്തുണ നല്‍കി. ക്യാപ്‌റ്റന്‍ മഹേലക്ക്‌ പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹം 18 ല്‍ പുറത്തായി. ഇന്നിംഗസ്‌ അവസാനിക്കുമ്പോഴും ദില്‍ഷാന്‍ ക്രിസിലുണ്ടായിരുന്നു. 45 റണ്‍സ്‌ നല്‍കി മൂന്ന്‌ വിക്കറ്റ്‌ നേടിയ ഗുല്‍ മാത്രമാണ്‌ മികവു കാട്ടിയ പാക്‌ ബൗളര്‍.
മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടവും മാന്‍ ഓഫ്‌ ദ സീരിസ്‌ പട്ടവും ദില്‍ഷാന്‍ സ്വന്തമാക്കി.

500
ലാഹോര്‍: മുത്തയ്യ മാജിക്‌ മുരളി ഏകദിന ക്രിക്കറ്റില്‍ 500 വിക്കറ്റ്‌ പൂര്‍ത്തിയാക്കി. ഇന്നലെ പാക്കിസ്‌താനെതിരായ പരമ്പരയിലെ അവസാന മല്‍സരത്തിലാണ്‌ മുരളി മാജിക്‌ നമ്പറിലെത്തിയത്‌. മൂന്ന്‌ വിക്കറ്റുകള്‍ കൂടി വീഴ്‌ത്താനായാല്‍ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വിക്കറ്റ്‌ വേട്ട്‌ക്കാരന്‍ എന്ന ബഹുമതി ലങ്കക്കാരന്‌ സ്വന്തമാക്കാം. 502 വിക്കറ്റുകള്‍ നേടിയ പാക്കിസ്‌താന്‍ സീമര്‍ വസീം അക്രമാണ്‌ നിലവില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം ഇരകളെ കണ്ടെത്തിയ ബൗളര്‍. 500 വിക്കറ്റുമായി മുരളി രണ്ടാമത്‌ നില്‍ക്കുന്നു. അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യടനത്തിലായിരിക്കും ഒരു പക്ഷേ മുരളിയുടെ ലോക റെക്കോര്‍ഡ്‌. 357 മല്‍സരങ്ങളില്‍ നിന്നാണ്‌ അക്രം 502 വിക്കറ്റ്‌ നേടിയതെങ്കില്‍ മുരളിക്‌ 500 ലെത്താന്‍ മുന്നൂറോളം മല്‍സരങ്ങളാണ്‌ വേണ്ടി വന്നത്‌. 15 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയതാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. വസീം അക്രം വിരമിച്ച സാഹചര്യത്തില്‍ മുരളിക്ക്‌ ഏകദിനങ്ങളിലും ലോക റെക്കോര്‍ഡ്‌ ഭദ്രമായി നിലനിര്‍ത്താം. മൂന്നാം സ്ഥാനത്തുളള വഖാര്‍ യൂനസും വിരമിച്ചു കഴിഞ്ഞു. 416 വിക്കറ്റാണ്‌ വഖാര്‍ നേടിയത്‌. നാലാമതുളളത്‌ ലങ്കയുടെ തന്നെ ചാമിന്ദ വാസാണ്‌. 400 വിക്കറ്റ്‌ നേടിയ വാസ്‌ രംഗത്ത്‌ സജീവമാണെങ്കിലും ദീര്‍ഘകാലം കളിക്കാനാവില്ല. 337 വിക്കറ്റ്‌ നേടിയ അനില്‍ കുംബ്ലെയാണ്‌ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ്‌ നേടിയ ഇന്ത്യന്‍ ബൗളര്‍.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിലവില്‍ ലോക ഒന്നാമന്‍ മുരളിയാണ്‌. കുംബ്ലെ, വോണ്‍, മക്‌ഗ്രാത്ത്‌, കോട്‌നി വാല്‍ഷ്‌ എന്നിവരെയെല്ലാം പിറകിലാക്കിയാണ്‌ നേട്ടം മുരളി കൈവരിച്ചിരിക്കുന്നത്‌. ഏകദിനത്തിലും അദ്ദേഹത്തിന്റെ പ്രഭാവം തുടരുമ്പോള്‍ മുരളിക്ക്‌ തുല്യം മുരളി മാത്രമാവുകയാണ്‌.

കോടതിയില്‍
കൊളംബോ: ലാഹോറില്‍ പാക്കിസ്‌താനെ നാണം കെടുത്തി ശ്രീലങ്ക ഏകദിന പരമ്പര സ്വന്തമാക്കിയ ദിനം തന്നെ കൊളംബോയില്‍ ലങ്കന്‍ ക്രിക്കറ്റ്‌ കോടതി കയറുന്നു. തന്നെ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ നിന്ന്‌ നീക്കിയ സ്‌പോര്‍ട്‌സ്‌ മന്ത്രി ഗാമിനി ലോകുഗെതിരെ അര്‍ജുന രണതുംഗെയാണ്‌ പരമോന്നത നീതിപീഠത്തെ സമീപിക്കാന്‍ തീരുമാനിച്ചത്‌. കഴിഞ്ഞ മാസം 23 നാണ്‌ രണതുംഗയെ ലങ്കന്‍ ബോര്‍ഡിന്റെ ഇടക്കാല പ്രസിഡണ്ട്‌ സ്ഥാനത്ത്‌ നിന്ന്‌ സര്‍ക്കാര്‍ നീക്കിയത്‌. ഒരു വീശദീകരണവും തേടാതെയുളള പുറത്താക്കലില്‍ തന്റെ സല്‍പ്പേരാണ്‌ തകര്‍ന്നതെന്നും ഇതിന്‌ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നുമാണ്‌ രണതുംഗെ ആവശ്യപ്പെടുന്നത്‌. 15 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്‌ ലങ്കക്ക്‌ ലോകകപ്പ്‌ സമ്മാനിച്ച നായകന്‍ സര്‍ക്കാരിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്‌. 11 മാസത്തോളം രണതുംഗെയായിരുന്നു ക്രിക്കറ്റ്‌ ബോര്‍ഡിനെ നയിച്ചത്‌. രാജ്യത്തിനായി 93 ടെസ്‌റ്റുകളും 269 ഏകദിനങ്ങളും കളിച്ച താരത്തിന്‌ ക്രിക്കറ്റ്‌ ഭരണത്തില്‍ അതിയായ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പ്രശ്‌നമായപ്പോഴാണ്‌ സര്‍ക്കാര്‍ പുറത്താക്കിയത്‌. ബോര്‍ഡുമായും താരങ്ങളുമായും രണതുംഗെ സഹകരിക്കുന്നില്ലെന്ന്‌ പറഞ്ഞാണ്‌ അദ്ദേഹത്തെ പുറത്താക്കിയത്‌. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിക്ക്‌്‌ മാത്രമേ കഴിയുവെന്ന്‌ രണതുംഗെ പറഞ്ഞു.

സറീന നാലാം റൗണ്ടില്‍
മെല്‍ബണ്‍: തകര്‍പ്പന്‍ പ്രകടനവുമായി അമേരിക്കയുടെ ലോക രണ്ടാം നമ്പര്‍ താരം സറീന വില്ല്യംസ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ വനിതാ വിഭാഗം നാലാം റൗണ്ടിലെത്തി. ചൈനയില്‍ നിന്നുളള എതിരാളി പെംഗ്‌ ഷൂയെ 6-1, 6-4 എന്ന സ്‌ക്കോറിന്‌ തോല്‍പ്പിച്ചാണ്‌ സറീന മുന്നേറിയത്‌. ആദ്യ സെറ്റ്‌ അനായാസം നേടിയ അമേരിക്കന്‍ താരം രണ്ടാം സെറ്റില്‍ അല്‍പ്പം പതറിയിരുന്നു. ആതിഥേയരുടെ പ്രതീക്ഷയായ സാമന്ത സ്റ്റോസറെ പരാജയപ്പെടുത്തി നാലാം സീഡ്‌്‌ എലീന ഡെമത്തേവ പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയപ്പോള്‍ റഷ്യയില്‍ നിന്നുള്ള എട്ടാം സീഡ്‌ സെത്‌ലാന കുസന്‍സോവ അല്‍പ്പം വിയര്‍ത്തു. അലോന ബോണ്‍ഡികര്‍ക്കെതിരായ മല്‍സരത്തില്‍ 7-6, (9-7), 6-4 എന്ന സ്‌ക്കോറിനാണ്‌ കുസന്‍സോവ കടന്നുകയറിയത്‌. ചൈനയില്‍ നിന്നുള്ള മറ്റൊരു താരം ജി സെംഗ്‌ 6-2, 6-2 എന്ന സ്‌ക്കോറിന്‌ ഉക്രൈനില്‍ നിന്നുള്ള കാതറിനയെ പരാജയപ്പെടുത്തി.

ചതിച്ചത്‌ ഐ ഡ്രോപ്പെന്ന്‌ ആസിഫ്‌
മുംബൈ: വിചിത്രവാദവുമായി പാക്കിസ്‌താന്‍ ക്രിക്കറ്റര്‍ മുഹമ്മദ്‌ ആസിഫും അദ്ദേഹത്തിന്റെ വിദഗദ്ധ്‌ സംഘവും ഐ.പി.എല്‍ ഡ്രഗ്‌സ്‌ ട്രിബ്യൂണലിന്‌ മുന്നില്‍ ഹാജരായി. ഐ.പി.എല്‍ പ്രഥമ സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിച്ച്‌ ഉത്തേജക വിവാദത്തില്‍ പിടിക്കപ്പെട്ട താരം ഇന്നലെ ട്രിബി്യൂണലിന്‌ മുമ്പാകെ ഹാജരായി കുറ്റം ചാര്‍ത്തിയത്‌ ഐ ഡ്രോപ്പിനെ... കണ്ണിന്‌ വേദനയുണ്ടായതിനെ തുടര്‍ന്ന്‌ കേരാടില്‍ (Keratyl) എന്ന ഐ ഡ്രോപ്പ്‌ മെഡിസിന്‍ താന്‍ ഉപയോഗിച്ചുവെന്നും ഡോപ്പിംഗ്‌ ടെസ്‌്‌റ്റില്‍ പിടിക്കപ്പെടാന്‍ കാരണം ഇതാണെന്നുമാണ്‌ അദ്ദേഹത്തിന്റെ വാദം. സുനില്‍ ഗവാസ്‌ക്കര്‍, ഡോ.രവി ബോപാട്ട്‌, അഭിഭാഷകനായ ശിരീഷ്‌ ഗുപ്‌ത എന്നിവരാണ്‌ ട്രിബ്യൂണല്‍ അംഗങ്ങള്‍. കേരാ ടല്‍ എന്ന മരുന്നില്‍ നിരോധിക്കപ്പെട്ട ഉത്തേജകങ്ങളുണ്ട്‌. ഇതറിയാതെയാണ്‌ ആ മരുന്ന്‌ ഉപയോഗിച്ചത്‌. കണ്ണിലെ വേദന കാരണം തുടര്‍ച്ചയായി ഈ മരുന്ന്‌ ഉപയോഗിച്ചിരുന്നു.
ഡല്‍ഹിയുടെ താരമായിരുന്ന ആസിഫ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ശേഷം പാക്കിസ്‌താനിലേക്ക്‌ മടങ്ങവെ ദുബായ്‌ വിമാനത്താവളത്തില്‍ നിന്നാണ്‌ പിടിക്കപ്പെട്ടത്‌. അതോടെ അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിനും താല്‍കാലിക കര്‍ട്ടണ്‍ വീണിരുന്നു.
ഇന്നലെ രാവിലെ 10-45 നാണ്‌ ആസിഫും അദ്ദേഹത്തിന്റെ സംഘവും വിചാരണക്കായി മുംബൈയിലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആസ്ഥാനത്ത്‌ വന്നത്‌. കനത്ത സുരക്ഷയില്‍ നടന്ന വിചാരണ രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ചു. കഴിഞ്ഞ നവംബറില്‍ മുംബൈയിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ പാക്കിസ്‌താനികള്‍ക്കെതിരെ തദ്ദേശികള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിനാലായിരുന്നു സുരക്ഷ കര്‍ക്കശമാക്കിയത്‌. മാധ്യമ പ്രവര്‍ത്തകരോട്‌ എന്തെങ്കിലും പറയാന്‍ ആസിഫ്‌ തയ്യാറായില്ല. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സ്‌പോര്‍ട്‌സ്‌ മെഡിസിന്‍ വിദഗ്‌ധന്‍ ഡോ.മൈക്കല്‍ ഗ്രഹാമാണ്‌ കാര്യങ്ങള്‍ വീശദീകരിച്ചത്‌. ഐ ഡ്രോപ്പ്‌ മരുന്നില്‍ അപകടകാരികളുണ്ടെന്ന കാര്യം ആസിഫിന്‌ അറിയില്ലായിരുന്നുവെന്നും അറിയാതെ ചെയ്‌ത തെറ്റിന്‌ വലിയ ശിക്ഷ ലഭിക്കുന്നതിലുളള വേദന താരത്തിനുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ഇത്‌ രണ്ടാം തവണയാണ്‌ വിചാരണ നടക്കുന്നത്‌. ഒക്ടോബര്‍ 11 നായിരുന്നു ആദ്യ വിചാരണ. അതിന്‌ ശേഷം നവംബര്‍ 29 ലേക്ക്‌ രണ്ടാം വിചാരണ തീരുമാനിച്ചു. എന്നാല്‍ മുംബൈ സ്‌ഫോടനങ്ങള്‍ കാരണം അത്‌ നടന്നില്ല. മുംബൈ സ്‌ഫോടനം കാരണം വിചാരണ ദീര്‍ഘിച്ചത്‌ ആസിഫിനെയാണ്‌ കാര്യമായി ബാധിച്ചതെന്ന്‌ ഡോക്ടര്‍ പറഞ്ഞു. മാധ്യമങ്ങള്‍ അദ്ദേഹത്തെ വെറുതെ വേട്ടയാടി.
ഇന്നലെ ട്രിബ്യൂണല്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ആസിഫിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ്‌ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത്‌ മോഡി വ്യക്തമാക്കിയത്‌.

നേട്ടം ദക്ഷിണ മേഖലക്ക്‌
ബാംഗ്ലര്‍: മധ്യമേഖലക്കെതിരായ ദുലിപ്‌ ട്രോഫി മല്‍സരത്തിന്റെ മൂന്നാം ദിനം വി.വി.എസ്‌ ലക്ഷ്‌മണിന്റെ ദക്ഷിണ മേഖല സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ നേടുന്നതില്‍ നിന്ന്‌ മധ്യമേഖലയെ തടയാന്‍ കഴിഞ്ഞ ദക്ഷിണ മേഖല ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രാഹുല്‍ ദ്രാവിഡ്‌ (118), ദിനേശ്‌ കാര്‍ത്തിക്‌ (103 നോട്ടൗട്ട്‌) എന്നിവരുടെ കരുത്തില്‍ ആറ്‌ വിക്കറ്റിന്‌ 345 റണ്‍സ്‌ നേടി. ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ കരസ്ഥമാക്കാന്‍ കേവലം നാല്‌ റണ്‍ മാത്രം ആവശ്യമായിരുന്ന മുഹമ്മദ്‌ കൈഫിന്റെ മധ്യ മേഖലക്ക്‌ മൂന്നാം ദിവസത്തെ രണ്ടാം പന്തില്‍ തന്നെ അവസാന ബാറ്റ്‌സ്‌മാനെ നഷ്‌ടമായി. തുടര്‍ന്ന്‌ പങ്കജ്‌ സിംഗിന്റെ കരുത്തില്‍ ദക്ഷിണ മേഖലയുടെ ആദ്യ മൂന്ന്‌ വിക്കറ്റുകള്‍ 24 റണ്‍സിനിടെ വീഴ്‌ത്താനുമായി. പക്ഷേ ദ്രാവിഡും കാര്‍ത്തികും ഒരുമിച്ചപ്പോള്‍ ബൗളര്‍മാര്‍ തകര്‍ന്നു. ഒന്നാം ഇന്നിംഗ്‌സിലും കാര്‍ത്തികായിരുന്നു ദക്ഷിണ മേഖലയുടെ രക്ഷകന്‍.

Friday, January 23, 2009

MORKEL AGAIN


മോര്‍ക്കല്‍ എഗൈന്‍.....
സിഡ്‌നി: വീണ്ടും ആല്‍ബെ മോര്‍ക്കല്‍ ഓസ്‌ട്രേലിയക്ക്‌ മുന്നില്‍ വില്ലനായി....കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തിലും അവസാനം വരെ ആവേശം കത്തി നിന്നു... മോര്‍ക്കലിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക വിജയം വരിക്കുകയും ചെയ്‌തു. ഇതോടെ അഞ്ച്‌ മല്‍സര പരമ്പരയില്‍ സന്ദര്‍ശകര്‍ 2-1ന്‌ മുന്നിലെത്തി.
സ്വന്തം മൈതാനത്ത്‌ ആദ്യ മല്‍സരം കളിച്ച ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണറുടെ വെടിക്കെട്ടില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ലോക ചാമ്പ്യന്മാര്‍ 269 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. മറുപടിയില്‍ ഹര്‍ഷല്‍ ഗിബ്‌സും ജാക്‌ കാലിസും ദക്ഷിണാഫ്രിക്കക്ക്‌ നല്ല തുടക്കം നല്‍കി. പക്ഷേ മധ്യനിര തകര്‍ന്നപ്പോള്‍ ടീം പരാജയമുഖത്തായി. ഇവിടെ നിന്നും രക്ഷകന്റെ റോളില്‍ മോര്‍ക്കലെത്തി. 21 പന്തുകള്‍ ബാക്കിനില്‍ക്കെ ടീമിനെ മൂന്ന്‌ വിക്കറ്റ്‌്‌ വിജയത്തിലേക്ക്‌ നയിച്ചു. മെല്‍ബണില്‍ നടന്ന ആദ്യ മല്‍സരത്തിലും മോര്‍ക്കലിന്റെ വെടിക്കെട്ടിലാണ്‌ ദക്ഷിണാഫ്രിക്ക വിജയിച്ചത്‌.
സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നിറഞ്ഞുകവിഞ്ഞ സ്‌റ്റേഡിയത്തെ സാക്ഷിയാക്കിയാണ്‌ മോര്‍ക്കല്‍ ഇടം കൈയ്യന്‍ വെടിക്കെട്ട്‌ നടത്തിയത്‌. അഞ്ച്‌ വിക്കറ്റിന്‌ 163 റണ്‍സ്‌ എന്ന നിലയില്‍ ടീം തകരുമ്പോള്‍ ക്രീസിലെത്തിയാണ്‌ മോര്‍ക്കല്‍ വിശ്വരൂപം കാട്ടിയത്‌. വിക്കറ്റ്‌ കീപ്പര്‍ ബാറ്റസ്‌മാന്‍ മാര്‍ക്ക്‌ ബൗച്ചറെ സാക്ഷി നിര്‍ത്തി മിച്ചല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ ഓസീസ്‌ നിരയിലെ എല്ലാ കേമന്മാരെയും അദ്ദേഹം നിലംപരിശാക്കി. 29 റണ്‍സ്‌ മാത്രം നല്‍കി ഒരു വിക്കറ്റ്‌ നേടിയ നതാന്‍ ബ്രാക്കന്‍ മാത്രമാണ്‌ റിക്കി പോണ്ടിംഗിന്റെ പ്രതീക്ഷ കാത്ത ബൗളര്‍.
എസ്‌.സി.ജിയില്‍ ഇത്ര വലിയ ചേസ്‌ വിജയകരമായി ഇത്‌ വരെ ഒരു ടീമും നടത്തിയിട്ടില്ല. സ്‌പിന്നിനെ തുണക്കുന്ന ട്രാക്കില്‍ 250 ലധികം റണ്‍സ്‌ പിന്തുടര്‍ന്ന്‌ നേടുക പ്രയാസമായാണ്‌ കരുതപ്പെട്ടിരുന്നത്‌. പക്ഷേ ആഫ്രിക്കന്‍ വാലറ്റക്കാര്‍ കാര്യങ്ങള്‍ എളുപ്പമാക്കി. ദക്ഷിണാഫ്രിക്ക വിജയത്തിന്‌ നാല്‌ റണ്‍സ്‌ അരികിലെത്തിയപ്പോഴാണ്‌ മോര്‍ക്കല്‍ പുറത്തായത്‌. 22 പന്തില്‍ നിന്ന്‌ 40 റണ്‍സ്‌ നേടിയ ഓള്‍റൗണ്ടര്‍ നതാന്‍ ഹൗറിറ്റ്‌സിനെ പ്രഹരിക്കുന്നതിനിടെ ലോംഗ്‌ ഓണില്‍ ക്യാച്ച്‌ നല്‍കുകയായിരുന്നു. ഹൗറിറ്റ്‌സിന്റെ ഇതേ ഓവറില്‍ ഒരു സിക്‌സറും രണ്ട്‌ ബൗണ്ടറികളും മോര്‍ക്കല്‍ പായിച്ചിരുന്നു. ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തതാണ്‌ കാര്യങ്ങള്‍ പൂര്‍ണ്ണമായും ദക്ഷിണാഫ്രിക്കക്ക്‌ അനുകൂലമായത്‌. മെല്‍ബണ്‍ മല്‍സരത്തിലും പവര്‍ പ്ലേ ആനുകൂല്യമാണ്‌ ദക്ഷിണാഫ്രിക്ക ഉപയോഗപ്പെടുത്തിയത്‌. നാല്‍പ്പത്തിയൊന്നാം ഓവറിലാണ്‌ പവര്‍ പ്ലേ ദക്ഷിണാഫ്രിക്ക തെരഞ്ഞെടുത്തത്‌. അഞ്ച്‌ ഓവറുകളില്‍ ഒരു വിക്കറ്റ്‌ മാത്രം നഷ്‌ടത്തില്‍ 41 റണ്‍സ്‌ ദക്ഷിണാഫ്രിക്ക നേടുകയും ചെയ്‌തു.
ബ്രാക്കന്‍ അച്ചടക്കത്തോടെ ബൗള്‍ ചെയ്‌തപ്പോള്‍ ടീമില്‍ തിരിച്ചെത്തിയ മിച്ചല്‍ ജോണ്‍സണാണ്‌ വന്‍ നിരാശ സമ്മാനിച്ചത്‌. ഒമ്പത്‌ ഓവറുകള്‍ പന്തെറിഞ്ഞ ജോണ്‍സണ്‍ 71 റണ്‍സാണ്‌ വഴങ്ങിയത്‌. ആദ്യ സെഷനില്‍ സിഡ്‌നിക്കാര്‍ കാത്തിരുന്ന ഇന്നിംഗ്‌സിന്‌ വാര്‍ണര്‍ തിരി തെളിയിച്ചു. മെല്‍ബണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ 20-20 മല്‍സരത്തില്‍ അരങ്ങുതകര്‍ത്ത വാര്‍ണറുടെ പ്രകടനം നേരില്‍ കാണാന്‍ സിഡ്‌നിക്കാര്‍ കാത്തുനില്‍ക്കുകയായിരുന്നു. 20-20 പരമ്പരിയലെ രണ്ടാം മല്‍സരത്തിലും ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തിലും വാര്‍ണര്‍ നിരാശപ്പെടുത്തിയപ്പോള്‍ സിഡ്‌നിക്കാരും വേദനിച്ചിരുന്നു. എന്നാല്‍ തനിക്ക്‌ പരിചിതമായ മൈതാനത്ത്‌ വാര്‍ണര്‍ കത്തിക്കയറി. 60 പന്തില്‍ നിന്ന്‌ 69 റണ്‍സാണ്‌ വാര്‍ണര്‍ നേടിയത്‌. ദക്ഷിണാഫ്രിക്കന്‍ നിരയിലെ അതിവേഗ ബൗളറായ ഡാലെ സ്റ്റെനിന്റെ പന്ത്‌ ഗ്യാലറിയിലെത്തിച്ചാണ്‌ വാര്‍ണര്‍ ആഘോഷം നടത്തിയത്‌. ഷോണ്‍ മാര്‍ഷും വാര്‍ണറും തമ്മിലുളള ഓപ്പണിംഗ്‌ സഖ്യം 43 പന്തില്‍ നിന്ന്‌്‌ അര്‍ദ്ധശതകം നേടിയിരുന്നു. ഇതില്‍ മാര്‍ഷിന്റെ സംഭാവന കേവലം ആറ്‌ റണ്‍സ്‌ മാത്രമായിരുന്നു. 41 പന്തില്‍ 50 കടന്ന വാര്‍ണര്‍ ജാക്‌ കാലിസിന്റെ ഓവറില്‍ സിക്‌സറും ബൗണ്ടറിയുമായി കാണികളെ വിരൂന്നൂട്ടി. വാര്‍ണറുടെ അതേ വേഗതയില്‍ കളിക്കാന്‍ മാര്‍ഷിനോ ഹസിക്കോ പോണ്ടിംഗിനോ കഴിഞ്ഞില്ല. ഇത്‌ കാരണം റണ്‍ നിരക്ക്‌ ഉയര്‍ന്നില്ല. ആഫ്രിക്കന്‍ ബൗളര്‍മാരില്‍ 32 ന്‌ മൂന്ന്‌ വിക്കറ്റുമായി ക്യാപ്‌റ്റന്‍ ജഹാന്‍ ബോത്ത ടീമിനെ മുന്നില്‍ നിന്ന്‌ നയിച്ചു. 29 റണ്‍സ്‌ നേടിയ പോണ്ടിംഗിന്റെ വിക്കറ്റ്‌ ബോത്തക്കായിരുന്നു.
പരമ്പരയില്‍ ഇതാദ്യമായി ഫോമിലേക്കുയര്‍ന്ന ഹര്‍ഷല്‍ ഗിബ്‌സിന്റെ മികവില്‍ ദക്ഷിണാഫ്രിക്കക്ക്‌ നല്ല തുടക്കമാണ്‌ ലഭിച്ചത്‌. ഹാഷിം അംല പുറത്തായതിന്‌ ശേഷമെത്തിയ ജാക്‌ കാലിസിനെ സാക്ഷിയാക്കി അതിവേഗ ബാറ്റിംഗാണ്‌ ഗിബ്‌സ്‌ നടത്തിയത്‌. 19 ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 125 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ഷോണ്‍ ടെയിറ്റിനെ തെരഞ്ഞെടുപിടിച്ചാണ്‌ ഗിബ്‌സ്‌ ആക്രമിച്ചത്‌.

അറബ്‌ ചെല്‍സി
ലണ്ടന്‍:ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയെ കോടികള്‍ വീശി റാഞ്ചിയ അറബ്‌ കോടീശ്വരന്‍ ഡോ.സുലൈമാന്‍ അല്‍ ഫാഹിം ചെല്‍സി ക്ലബിലേക്കും നോട്ടമിട്ടിരിക്കുന്നു..... ചില ജര്‍മന്‍ നിക്ഷേപകരുടെ പിന്തുണയില്‍ ചെല്‍സിയെ വിലക്ക്‌ ചോദിക്കാനാണ്‌ ഫാഹിമിന്റെ നീക്കം. ഇപ്പോള്‍ റഷ്യന്‍ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചിന്റെ കൈവശമാണ്‌ ചെല്‍സി. ക്ലബ്‌ വില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്‌അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു. പക്ഷേ ഫാഹിം പ്രതീക്ഷയോടെ കരുക്കള്‍ നീക്കുകയാണ്‌. 2003 ജൂലൈയിലാണ്‌ അബ്രമോവിച്ച്‌ ചെല്‍സി സ്വന്തമാക്കിയത്‌.
ചെല്‍സി പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ക്ലബാണ്‌. സൂപ്പര്‍ താരങ്ങളാണ്‌ ടീമില്‍ കളിക്കുന്നത്‌. ഈ ക്ലബിനെ സ്വന്തമാക്കുക എളുപ്പമല്ല. പക്ഷേ തനിക്ക്‌ ആത്മവിശ്വാസമുണ്ടെന്ന്‌ ഫാഹിം പറയുന്നു. അബുദാബിയിലെ യുനൈറ്റഡ്‌ ഗ്രൂപ്പിലെ അംഗമാണ്‌ ഫാഹിം. മാഞ്ചസ്റ്റര്‍ സിറ്റി ഈ ഗ്രൂപ്പാണ്‌ സ്വന്തമാക്കിയത്‌. ഏ.സി മിലാന്‍ സൂപ്പര്‍താരം കക്കയെ റാഞ്ചാന്‍ കോടികള്‍ വാഗ്‌ദാനം ചെയ്‌തതും യുനൈറ്റഡ്‌ ഗ്രൂപ്പാണ്‌. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ അബ്രമോവിച്ചിന്‌ തിരിച്ചടികള്‍ നേരിട്ട സാഹചര്യത്തില്‍ ക്ലബിനെ വിലക്കെടുക്കാന്‍ അനുയോജ്യമായ സമയമാണിതെന്നാണ്‌ യുനൈറ്റഡ്‌ ഗ്രൂപ്പ്‌ കരുതുന്നത്‌.

അന്ന ഔട്ട്‌്‌
മെല്‍ബണ്‍: വീനസ്‌ വില്ല്യംസിന്‌ പിറകെ അന്ന ഇവാനോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ നിന്ന്‌ പുറത്തായി. മൂന്നാം റൗണ്ടില്‍ അലീസ ക്ലബനോവയാണ്‌ സൂപ്പര്‍ താരത്തെ വീഴ്‌ത്തിയത്‌. സക്കോര്‍ 5-7, 7-6, (7-5), 2-6. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള സെര്‍ബുകാരി കഴിഞ്ഞ വര്‍ഷം ഇവിടെ ഫൈനല്‍ കളിച്ചിരുന്നു. 50 അണ്‍ഫോഴ്‌സ്‌ഡ്‌ എററുകള്‍ വരുത്തിയ അന്ന തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ജാന്‍കോവിച്ച്‌ അനായാസം ജപ്പാന്‍ പ്രതിയോഗി ആമി സുഗിയാമയെ പരാജയപ്പെടുത്തി.സ്‌ക്കോര്‍ 6-4, 6-4. നാലാം റൗണ്ടില്‍ മരിയോണ്‍ ബര്‍ത്തോളിയാണ്‌ ഡാന്‍കോവിച്ചിന്റെ എതിരാളി. റഷ്യന്‍ താരം ദിനാര സാഫിന 6-2, 6-2 എന്ന സ്‌ക്കോറിന്‌ കേയ കാന്‍പിയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ താരം സാനിയ മിര്‍സയെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ച റഷ്യക്കാരി നാദിയ പെട്രോവ കസാക്കിസ്ഥാന്റെ ഗലീന വോസ്‌കോബോവയെ പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി.
ഇന്ത്യക്ക്‌ ഓസീസ്‌ ഓപ്പണില്‍ ഇന്നലെ നല്ല ദിവസമായിരുന്നു. സാനിയ മിര്‍സ-മഹേഷ്‌ ഭൂപതി മിക്‌സഡ്‌ സഖ്യം ആദ്യ റൗണ്ട്‌ വിജയകരമായി പിന്നിട്ടു. പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സും രോഹന്‍ ബോപ്പണയും മുന്നേറി. ആറാം സീഡ്‌ വേത പാഷ്‌കെ-പാവല്‍ വിസ്‌നര്‍ സഖ്യത്തെയാണ്‌ സാനിയ-മഹേഷ്‌ സഖ്യം പരാജയപ്പെടുത്തിയത്‌.

ഷാക്കിബ്‌ ഷോ
മിര്‍പ്പൂര്‍: സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറ്‌ വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ്‌ ഏകദിന പരമ്പര 1-2 ന്‌ സ്വന്തമാക്കി. ഐ.സി.സിയുടെ ഏകദിന ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമനായ ഷാക്കിബ്‌ അല്‍ ഹസന്റെ മികവിലാണ്‌ ആതിഥേയര്‍ വിജയം വരിച്ചത്‌. കനത്ത മൂടല്‍മഞ്ഞ്‌ കാരണം 37 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സന്ദര്‍ശകര്‍ 119 റണ്‍സാണ്‌ നേടിയത്‌. ബംഗ്ലാ വൈസ്‌ ക്യാപ്‌റ്റന്‍ മഷ്‌റഫെ മൊര്‍ത്തസ 26 റണ്‍സിന്‌ മൂന്ന്‌ പേരെ പുറത്താക്കിയപ്പോള്‍ ഷാക്കിബ്‌ 15 റണ്‍സ്‌ മാത്രം നല്‍കി മൂന്ന്‌ പേരെ തിരിച്ചയച്ചു. മറുപടിയില്‍ ഷാക്കിബിന്റെ 33 റണ്‍സ്‌ ബംഗ്ലാദേശിന്‌ കാര്യങ്ങള്‍ എളുപ്പമാക്കി.

നിരപരാധി
ലണ്ടന്‍: നിശാ ക്ലബില്‍ ബഹളമുണ്ടാക്കിയ കേസില്‍ താന്‍ നിരപരാധിയാണെന്ന്‌ ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ കോടതിയെ അറിയിച്ചു. ഡിസംബര്‍ 29 ന്‌ സൗത്ത്‌പോര്‍ട്ടിലെ ഒരു നിശാക്ലബില്‍ ജെറാര്‍ഡും കൂട്ടുകാരും ബഹളം വെച്ച സംഭവത്തില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റിരുന്നു. സംഭവത്തില്‍ ഫുട്‌ബോളറെ അറസ്‌റ്റ്‌ ചെയ്യുകയും പിന്നീട്‌ വിട്ടയക്കുകയും ചെയ്‌തിരുന്നു. പ്രിമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ 5-1 ന്റെ തകര്‍പ്പന്‍ വിജയം ലിവര്‍പൂള്‍ സ്വന്തമാക്കിയത്‌ ആഘോഷമാക്കാനാണ്‌ ജെറാര്‍ഡും സംഘവും നിശാക്ലബില്‍ എത്തിയത്‌. ബഹളത്തിനിടെ മുപ്പത്തിനാലുകാരനായ ഒരാള്‍ക്ക്‌ പരുക്കേറ്റിരുന്നു. സംഭവത്തില്‍ താന്‍ തെറ്റുകാരനല്ലെന്നാണ്‌ ജെറാര്‍ഡ്‌ പറഞ്ഞത്‌. കേസ്‌ മാര്‍ച്ച്‌ 20 ലേക്ക്‌ മാറ്റി.

കൈഫ്‌ പൊരുതി, ശ്രീശാന്തിന്‌ മൂന്ന്‌ വിക്കറ്റ്‌
ബാംഗ്ലൂര്‍: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണമേഖലാ-മധ്യമേഖലാ ദൂലിപ്‌ ട്രോഫി മല്‍സരം ആവേശകരമാവുന്നു. മല്‍സരത്തിന്റെ രണ്ടാം ദിവസം ദക്ഷിണമേഖലയുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 329 റണ്‍സിന്‌ മറുപടിയായി മധ്യമേഖല ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 326 റണ്‍സ്‌ നേടി. ഒന്നാം ഇന്നിംഗ്‌സിലെ നിര്‍ണ്ണായക ലീഡിനായി ഒരു വിക്കറ്റ്‌ മാത്രം ശേഷിക്കെ മുഹമ്മദ്‌ കൈഫിന്റെ മധ്യമേഖലക്ക്‌ നാല്‌ റണ്‍സ്‌ മാത്രം മതി.
കൈഫ്‌ പൊരുതി നേടിയ 73 റണ്‍സിന്റെയും നമാന്‍ ഒജയുടെ 85 റണ്‍സിന്റെയും മികവിലാണ്‌ മധ്യമേഖല പൊരുതി കയറിയത്‌. ആദ്യ ദിവസത്തിലെന്ന പോലെ സീമര്‍മാരാണ്‌ രണ്ടാം ദിവസത്തിലും പിടിമുറുക്കിയത്‌. വിക്കറ്റ്‌്‌ പോവാതെ 30 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌്‌സ്‌്‌ ആരംഭിച്ച മധ്യമേഖലക്ക്‌ പത്തം ഓവറില്‍ ഓപ്പണര്‍ തന്മയി ശ്രീവാസ്‌തവയെ നഷ്ടമായി. റോബിന്‍ ഉത്തപ്പയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌ ക്യാച്ചെടുക്കുകയായിരുന്നു.
ശ്രീശാന്തിന്റെ സീമില്‍ അപകടകാരിയായ ശിവകാന്ത്‌ ശുക്ല പുറത്തായത്‌ വി.വി.എസ്‌ ലക്ഷ്‌മണ്‍ നയിച്ച ദക്ഷിണ മേഖലക്ക്‌ പൊരുതാനുളള ഊര്‍ജ്ജമേകി. മാരത്തോണ്‍ ഇന്നിംഗ്‌സിന്റെ വക്താവായ ശുക്ലക്ക്‌ പൊരുതി നില്‍ക്കാനായില്ല. യെരെ ഗൗഡിനും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പര്‍വീന്ദര്‍ സിംഗ്‌ ശ്രീശാന്തിന്റെ മുപ്പത്തിമൂന്നാം ഓവറില്‍ പുറത്താവുമ്പോള്‍ മധ്യമേഖലയുടെ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 78 റണ്‍സ്‌ എന്ന നിലയിലായിരുന്നു.
ഇവിടെ നിന്നുമാണ്‌ കൈഫും ഭുവനേശ്വര്‍ കുമാറും ഒരുമിച്ചത്‌. 127 റണ്‍സാണ്‌ സഖ്യം നേടിയത്‌. തുടക്കത്തില്‍ ആക്രമണകാരിയായിരുന്നു കൈഫ്‌. 50 പന്തില്‍ നിന്ന്‌ 47 റണ്‍സ്‌ നേടിയ അദ്ദേഹം ലഞ്ചിന്‌ ശേഷം പ്രതിരോധക്കാരന്റെ രൂപത്തിലായി. ഭുവനേശ്വര്‍ പുറത്തായശേഷം നമാന്‍ ഒജയാണ്‌ കൈഫിന്‌ കൂട്ടായി വന്നത്‌. എന്നാല്‍ ടീമിന്‌ ഒന്നാം ഇന്നിംഗ്‌സ്‌ ലീഡ്‌ ഉറപ്പിക്കാന്‍ കൈഫിനായില്ല.
ദക്ഷിണമേഖലക്കായി ശ്രീശാന്താണ്‌ മികവു കാട്ടിയത്‌. 25 ഓവര്‍ പന്തെറിഞ്ഞ ശ്രിശാന്ത്‌ 92 റണ്‍സ്‌ വഴങ്ങി മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ലക്ഷ്‌മിപതി ബാലാജി 72 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ നേടി. റോബിന്‍ ഉത്തപ്പയുടെ സ്‌പിന്നിനും രണ്ട്‌ ഇരകളെ ലഭിച്ചു. മധ്യമേഖലാ ഓപ്പണര്‍ ശുക്ലയെ ക്ലീന്‍ ബൗള്‍ഡാക്കിയ ശ്രീശാന്ത്‌ പര്‍വിന്ദര്‍ സിംഗിന്റെയും നുമാന്‍ ഒജയുടെയും വിക്കറ്റുകള്‍ നേടി.

അക്തര്‍ ടെസ്‌റ്റ്‌ മതിയാക്കണം
ലാഹോര്‍: ഷുഹൈബ്‌ അക്തര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ മതിയാക്കി ഏകദിനങ്ങളിലും 20-20 മല്‍സരങ്ങളിലും ശ്രദ്ധിക്കണമെന്ന്‌ പാക്കിസ്‌താന്‍ മുന്‍ നായകന്‍ വഖാര്‍ യൂനസ്‌. രാജ്യാന്തര കരിയര്‍ തുടരാന്‍ അക്തര്‍ ആഗ്രഹിക്കുന്നെങ്കില്‍ ടെസ്‌റ്റിലെ പങ്കാളിത്തം അവസാനിപ്പിക്കണം. നിലവിലെ ആരോഗ്യത്തില്‍ കൂടുതല്‍ കാലം കരുത്തനായി പന്തെറിയാന്‍ അക്തറിന്‌ കഴിയില്ലെന്ന്‌ വഖാര്‍ പറഞ്ഞു. ഇപ്പോള്‍ ശ്രീലങ്കക്കെതിരെ നടന്നുവരുന്ന മൂന്ന്‌ മല്‍സര ഏകദിന പരമ്പരയിലെ അക്തറിന്റെ പ്രകടനം വിമര്‍ശന വിധേയമായതിന്‌ പിറകെയാണ്‌ വഖാറിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമാണ്‌ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ അക്തറിനെതിരെ പരസ്യമായി സംസാരിച്ചത്‌. അക്തറിന്റെ ആത്മാര്‍ത്ഥയില്‍ തനിക്ക്‌ സംശയമുണ്ടെന്നും ആരോഗ്യകാര്യത്തില്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തുന്നില്ലെന്നും മാലിക്‌ അഭിപ്രായപ്പെട്ടിരുന്നു. ലങ്കക്കെതിരായ രണ്ട്‌ മല്‍സരങ്ങളിലും സ്വന്തം ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അക്തറിന്‌ കഴിഞ്ഞിരുന്നില്ല.
അടുത്ത മൂന്ന്‌ നാല്‌ വര്‍ഷം കൂടി പാക്കിസ്‌താന്‌ വേണ്ടി കളിക്കാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ടെന്ന്‌ കഴിഞ്ഞ ദിവസം അക്തര്‍ പറഞ്ഞതായി കേട്ടു. നാല്‌ വര്‍ഷം കളിക്കണമെങ്കില്‍ ആരോഗ്യം വേണം. ആരോഗ്യം നിലനിര്‍ത്താന്‍ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ നിന്ന്‌ അക്തര്‍ മാറി നില്‍ക്കണം. അഞ്ച്‌ ദിവസം ദീര്‍ഘിക്കുന്ന മല്‍സരത്തിന്റെ സമര്‍ദ്ദം താങ്ങാനുളള ആരോഗ്യം ഇപ്പോള്‍ അക്തറിനില്ലെന്നാണ്‌ തന്റെ വിശ്വാസമെന്ന്‌ വഖാര്‍ പറഞ്ഞു. ആരോഗ്യമുളള അക്തര്‍ ഇപ്പോഴും അപകടകാരിയാണ്‌. അദ്ദേഹം മല്‍സരങ്ങളുടെ എണ്ണം കുറക്കണം. ഏകദിനങ്ങളിലും 20-20 മല്‍സരങ്ങളിലും ശ്രദ്ധിക്കണം. 145-150 കീലോമീറ്റര്‍ സ്‌പീഡില്‍ എപ്പോഴും പന്തെറിയാന്‍ ആര്‍ക്കുമാവില്ല. അക്തര്‍ പ്രായത്തെയും പരിഗണിക്കണം. നിര്‍ണ്ണായക തീരുമാനങ്ങള്‍ അനുയോജ്യമായ സമയത്ത്‌ എടുത്താല്‍ അക്തറിന്‌ കരിയര്‍ തുടരാനാവും. പാക്കിസ്‌താനില്‍ ആഭ്യന്തര ക്രിക്കറ്റ്‌ വളരെ ശക്തമാണ്‌. ധാരാളം മികച്ച സീമര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റിലുണ്ട്‌. ഇവരുടെ കരുത്തിനെ പ്രയോജനപ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക്‌ കഴിയണമെന്നും വഖാര്‍ പറഞ്ഞു.

ലുധിയാന: ഐ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലൂബ്‌ ഗോവ തപ്പിതടയുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ജെ.സി.ടി മില്‍സ്‌ ഫഗ്വാര 2-1ന്‌ ഡെംപോയെ പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ മുംബൈ എഫ്‌.സിയെ വീഴ്‌ത്തി. ബഗാന്‌ വേണ്ടി ബൂട്ടിയ, ജോസ്‌ റാമിറസ്‌ ബരാറ്റോ, ലാലം പുയ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. ഡെംപോക്കെതിരെ ജെ.സി.ടിക്കായി ഗോളുകള്‍ നേടിയത്‌ ബാല്‍ജിത്‌ സിംഗ്‌ സാഹ്നിയാണ്‌. പോയന്റ്‌്‌ ടേബിളില്‍ ഇപ്പോള്‍ ഡെംപോ അഞ്ചാം സ്ഥാനത്താണ്‌. 11 മല്‍സരങ്ങള്‍ എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ 25 പോയന്റുമായി സ്‌പോര്‍ട്ടിംഗ്‌ ഗോവയാണ്‌ ഒന്നാം സ്ഥാനത്ത്‌. 21 പോയന്റുമായി ബഗാന്‍ രണ്ടാം സ്ഥാനത്തും 20 പോയന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മൂന്നാമതും നില്‍ക്കുന്നു.

Thursday, January 22, 2009

SYDNEY SHOW

ഇന്ന്‌ സിഡ്‌നി ബലാബലം
സിഡ്‌നി: 20-20 ക്രിക്കറ്റിന്റെ വരവ്‌ ഏകദിന ക്രിക്കറ്റിന്‌ മരണമണിയാവുമെന്ന്‌ കരുതാനാവില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങള്‍. മെല്‍ബണിലും ഹൊബാര്‍ട്ടിലും മല്‍സരാവേശം അവസാന ഓവര്‍ വരെ ദീര്‍ഘിച്ചിരുന്നു. ഇന്ന്‌ അഞ്ച്‌ മല്‍സര പരമ്പരയിലെ മൂന്നാം മല്‍സരം നടക്കുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നത്‌ മറ്റൊരു ആക്ഷന്‍ പാക്‌ഡ്‌ ത്രില്ലറാണ്‌. മെല്‍ബണില്‍ അവസാന ഓവറില്‍ ആബെ മോര്‍ക്കലിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ വിജയം ആഘോഷിച്ചപ്പോള്‍ ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരായിരുന്നു താരങ്ങള്‍. അവസാന ഓവര്‍ എറിഞ്ഞ ബെന്‍ ഹില്‍ഫാന്‍ഹസ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരം നല്‍കിയില്ല. ഇന്ന്‌ പക്ഷേ നിര്‍ണ്ണായക മല്‍സരത്തില്‍ ഹില്‍ഫാന്‍ഹസ്‌ നിര്‍ഭാഗ്യവാനാണ്‌. അദ്ദേഹം ഓസീസ്‌ ആദ്യ ഇലവനില്‍ വരില്ല. പരുക്കില്‍ നിന്ന്‌ മുക്തനായി മിച്ചല്‍ ജോണ്‍സണ്‍ തിരിച്ചെത്തിയതോടെ ഹില്‍ഫാന്‍ഹസ്‌ പുറത്തിരിക്കണം.
ഹൊബാര്‍ട്ടില്‍ ഹില്‍ഫാന്‍ഹസിനൊപ്പം മികവ്‌ പ്രകടിപ്പിച്ച കന്നിക്കാരന്‍ റ്യാന്‍ ഹാരിസിനും ഇന്ന്‌ അവസരമുണ്ടാവില്ല എന്നാണ്‌ അന്തിമ റിപ്പോര്‍ട്ടുകള്‍.
എസ്‌.സി.ജി യിലെ പിച്ച്‌ സ്‌പിന്നര്‍മാരെ തുണക്കുന്നതിനാല്‍ നതാന്‍ ഹൗറിറ്റ്‌സിന്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യതകള്‍. 20-20 പരമ്പരയിലെ രണ്ട്‌ മല്‍സരത്തിലും അവസരം ലഭിച്ച ഹൗറിറ്റ്‌സിന്‌ മെല്‍ബണിലും ഹൊബാര്‍ട്ടിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പിന്നര്‍മാരുടെ കുപ്പായത്തില്‍ ഡേവിഡ്‌ ഹസിയും മൈക്കല്‍ ക്ലാര്‍ക്കുമാണ്‌ കളിച്ചത്‌. കാമറൂണ്‍ വൈറ്റിന്റെ സ്‌പിന്നും പോണ്ടിംഗ്‌ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന്‌ ഹൗറിറ്റ്‌സിന്‌ അവസരം നല്‍കാന്‍ പോണ്ടിംഗ്‌ തീരുമാനിച്ചാല്‍ ജെയിംസ്‌ ഹോപ്‌സാവും പുറത്താവുക.
സാധ്യതാ ടീം ഇതാണ്‌: ഷോണ്‍ മാര്‍ഷ്‌, ഡേവിഡ്‌ വാര്‍ണര്‍, റിക്കി പോണ്ടിംഗ്‌, മൈക്‌ ഹസി, ഡേവിഡ്‌ ഹസി, കാമറൂണ്‍ വൈറ്റ്‌, ബ്രാഡ്‌ ഹാദ്ദീന്‍, നതാന്‍ ഹൗറിറ്റ്‌സ്‌, മിച്ചല്‍ ജോണ്‍സണ്‍, നതാന്‍ ബ്രാക്കന്‍,ഷോണ്‍ ടെയിറ്റ്‌.
ബാറ്റിംഗ്‌ നിരയില്‍ മാറ്റത്തിന്‌ പോണ്ടിംഗ്‌ തുനിയില്ല. ഓപ്പണര്‍ ഷോണ്‍ മാര്‍ഷ്‌ കളിച്ച രണ്ട്‌ മല്‍സരങ്ങളിലും മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ സീമര്‍മാരെ ഭദ്രമായി നേരിടാന്‍ മാര്‍ഷിന്‌ കഴിയുന്നുണ്ട്‌. സഹ ഓപ്പണര്‍ വാര്‍ണറാണ്‌. മെല്‍ബണില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മൈക്‌ ഹസിയായിരുന്നു മാര്‍ഷിനൊപ്പം ഓപ്പണ്‍ ചെയ്‌തത്‌. മൈക്കല്‍ ക്ലാര്‍ക്കിന്‌ പരുക്കേറ്റത്‌ മൂലം ഹൊബാര്‍ട്ടില്‍ അവസരം ലഭിച്ച വാര്‍ണര്‍ക്ക്‌ പക്ഷേ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എം.സി.ജി യിലെ 20-20 മല്‍സരത്തിലൂടെ അരങ്ങ്‌ തകര്‍ത്ത വാര്‍ണര്‍ക്ക്‌ ഇന്ന്‌ എസ്‌.സി.ജി യില്‍ കത്തിപടരാന്‍ കഴിഞ്ഞാല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താം. മധ്യനിരക്ക്‌ കരുത്തേകാന്‍ പോണ്ടിംഗിനൊപ്പം ഹസി സഹോദരന്മാരും കാമറൂണ്‍ വൈറ്റുമുണ്ട്‌.
ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ കാര്യമായ മാറ്റത്തിന്‌ സാധ്യതയില്ല. പേസര്‍ ഡാലെ സ്റ്റെനിന്‌ വിശ്രമം നല്‍കാന്‍ ആലോചനയുണ്ട്‌. അദ്ദേഹം കളിക്കാത്തപക്ഷം മോര്‍ണെ മോര്‍കല്‍, ലോണ്‍വാബോ സോട്ടോസോബ്‌ എന്നിവരില്‍ ഒരാള്‍ക്ക്‌ അവസരമുണ്ടാവും.
സാധ്യതാ ടീം ഇതാണ്‌: ഹര്‍ഷല്‍ ഗിബ്‌സ്‌, ഹാഷിം അംല, ജാക്‌ കാലിസ്‌, എബി ഡി വില്ലിയേഴ്‌സ്‌, ജെ.പി ഡുമിനി, നീല്‍ മക്കന്‍സി, മാര്‍ക്‌ ബൗച്ചര്‍, ആല്‍ബെ മോര്‍ക്കല്‍, ജോഹാന്‍ ബോത്ത, മോര്‍ണെ മോര്‍ക്കല്‍, മക്കായ എന്‍ടിനി.
ഇന്നിംഗ്‌സിന്‌ തുടക്കമിടുന്ന ഗിബ്‌സിന്‌ ഇത്‌ വരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 20-20 പരമ്പരയിലും അദ്ദേഹം പരാജയമായിരുന്നു. ഗിബ്‌സ്‌ നല്ല തുടക്കം നല്‍കുന്നപക്ഷം അത്‌ ഉപയോഗപ്പെടുത്താന്‍ അംലക്കും കാലിസിനുമാവും. ബാറ്റിംഗ്‌ നിരയിലെ വിശ്വസ്‌തന്‍ ജെ.പി ഡുമിനിയാണ്‌. കഴിഞ്ഞ രണ്ട്‌ മല്‍സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ്‌ അദ്ദേഹം നടത്തിയത്‌.

വീനസ്‌ പുറത്ത്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‌ ആദ്യ സൂപ്പര്‍ കാഷ്വാലിറ്റി...! വനിതാ വിഭാഗം ആറാം സീഡും നിലവിലെ വിംബിള്‍ഡണ്‍ ജേത്രിയുമായ വീനസ്‌ വില്ല്യംസ്‌ രണ്ടാം റൗണ്ടില്‍ നാടകീയമായി തോറ്റ്‌ പുറത്തായി. സ്‌പെയിനില്‍ നിന്നുളള സീഡ്‌ ചെയ്യപ്പെടാത്ത കാര്‍ലോ സൗറസ്‌ നോവാരോയാണ്‌ അട്ടിമറി വിജയത്തിലൂടെ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്‌. തന്റെ നാലാം ഗ്രാന്‍ഡ്‌സ്ലാം കളിക്കുന്ന സ്‌പാനിഷ്‌ താരം ഒരു മാച്ച്‌ പോയന്റില്‍ നിന്നും രക്ഷപ്പെട്ടാണ്‌ വിജയം വരിച്ചത്‌. സ്‌ക്കോര്‍ 2-6, 6-3, 7-5. രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച മല്‍സരം ആദ്യാവസാനം ആവേശകരമായിരുന്നു. സീഡിംഗില്‍ മുന്‍പന്തിയിലുളള പ്രതിയോഗിയെ വകവെക്കാതെ സ്വന്തം ഗെയിം കളിച്ച സ്‌പാനിഷ്‌ താരം ഒരു ഘട്ടത്തിലും പതര്‍ച്ച പ്രകടിപ്പിച്ചില്ല. ആദ്യ സെറ്റ്‌ നഷ്ടമായതിന്റെ നിരാശ പ്രകടിപ്പിക്കാതെ രണ്ടാം സെറ്റില്‍ ആക്രമിച്ചു കളിച്ചു. കഴിഞ്ഞ തവണ ഫ്രഞ്ച്‌ ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ നോവാര മൂന്നാം സെറ്റിലാണ്‌ യുവത്വത്തിന്റെ യഥാര്‍ത്ഥ കരുത്ത്‌ പുറത്തെടുത്തത്‌.
അതേ സമയം വീനസിന്റെ അനുജത്തിയായ സറീന നേരിട്ടുളള സെറ്റുകള്‍ക്ക്‌ അര്‍ജന്റീനയില്‍ നിന്നുള്ള ഗിസേ ഡുല്‍ക്കോയെ പരാജയപ്പെടുത്തി. ഉസ്‌ബെക്കിസ്ഥാന്റെ അഗുല്‍ അമാനമുര്‍ദ്ദോവയെ പരാജയപ്പെടുത്തി സ്‌പെയിനിന്റെ മരിയ ജോസ്‌ മാര്‍ട്ടിനസും നാലാം റൗണ്ടിലെത്തി. ബള്‍ഗേറിയയുടെ സെസില്‍ കരന്‍ചേവയെ തോല്‍പ്പിച്ച്‌ ചൈനയുടെ പെംഗ്‌ ഷുവായി അടുത്ത റൗണ്ട്‌ ഉറപ്പാക്കി. സറീനയാണ്‌ അടുത്ത മല്‍സരത്തില്‍ ചൈനീസ്‌ താരത്തിന്റെ എതിരാളി. റഷ്യയില്‍ നിന്നുളള നാലാം സീഡ്‌ ഡെമത്തിയേവ 6-4, 6-1 ന്‌ ചെക്‌ റിപ്പബ്ലിക്‌ താരം ഇവെത്ത ബെനസോവയെ വീഴ്‌ത്തി.
ഇന്ത്യന്‍ താരം സീനിയ മിര്‍സ വനിതാ വിഭാഗം ഡബിള്‍സില്‍ നിന്നം പുറത്തായി. കഴിഞ്ഞ ദിവസം സിംഗിള്‍സില്‍ നിന്ന്‌ പുറത്തായ സാനിയ ഇന്നലെ അമേരിക്കന്‍ താരം വാനിയ കിംഗിനൊപ്പമാണ്‌ മല്‍സരിച്ചത്‌. പക്ഷേ റഷ്യയുടെ വെര ദുഷിന-ഉക്രൈന്റെ ഒല്‍ഗ സാവ്‌ചൂക്‌ സഖ്യത്തിന്‌ മുന്നില്‍ സാനിയയും കൂട്ടുകാരിയും തളര്‍ന്നു. സ്‌ക്കോര്‍ 6-4, 1-6, 1-6. ആദ്യ സെറ്റില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാനിയക്ക്‌്‌ കഴിഞ്ഞെങ്കിലും അടുത്ത സെറ്റുകളില്‍ ടീം നിശ്ശേഷം തകര്‍ന്നു. മിക്‌സഡ്‌ ഡബിള്‍സിലാണ്‌ ഇനി സാനിയയുടെ പ്രതീക്ഷ. ഇന്ത്യന്‍ താരം മഹേഷ്‌ ഭൂപതിയാണ്‌ പങ്കാളി. ചെക്‌ റിപ്പബ്ലിക്കില്‍ നിന്നുള്ള കാത പാഷക്‌-പാവല്‍ വിസ്‌നര്‍ സഖ്യമാണ്‌ ആദ്യ റൗണ്ടിലെ പ്രതിയോഗികള്‍.
പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മഹേഷ്‌ ഭൂപതിയും ലിയാന്‍ഡര്‍ പെയ്‌സും ആദ്യ റൗണ്ട്‌ വിജയകരമായി പിന്നിട്ടു. മാര്‍ഡക്‌ നോളസിനൊപ്പം കളിച്ച മഹേഷ്‌ റഷ്യയില്‍ നിന്നുള്ള മിഖായേല്‍ യോസന്നി-മിസ്‌ച സവരേവ സഖ്യത്തെയാണ്‌ തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 6-3,6-2. പെയ്‌സ്‌-ലുകാസ്‌ ഡോള്‍ഫി ടീം 4-6, 6-1,6-2 എന്ന സ്‌ക്കോറിന്‌ ഫാബ്രൈസ്‌ സാന്‍ഡോറോ-അല്‍ഗോറോ ജോഡിയെയാണ്‌ തോല്‍പ്പിച്ചത്‌.

സഹീര്‍ മുംബൈക്ക്‌
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എപ്പിസോഡില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്‌ വേണ്ടി കളിച്ച സഹീര്‍ഖാന്‍ കളം മാറുന്നു. ഐ.പി.എല്‍ രണ്ടാം സീസണില്‍ സഹീറിന്റെ ഇടം കൈയ്യന്‍ സീം മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടിയായിരിക്കും. മുംബൈ ഇന്ത്യന്‍സിന്റെ ആവശ്യം അംഗീകരിച്ച ബാംഗ്ലൂര്‍ റോയല്‍സ്‌ പകരം റോബിന്‍ ഉത്തപ്പയെ മുംബൈയില്‍ നിന്ന്‌ സ്വന്തമാക്കും. വ്യക്തമായ ലക്ഷ്യത്തിലാണ്‌ മുംബൈ ഇന്ത്യന്‍സ്‌ സഹീറിനായി വല വീശിയത്‌. രഞ്‌ജി ക്രിക്കറ്റില്‍ സഹീര്‍ മുംബൈക്കായാണ്‌ കളിക്കുന്നത്‌. ഇത്തവണ ടീം ആഭ്യന്തര ക്രിക്കറ്റ്‌ കീരിടം നേടിയപ്പോള്‍ അതില്‍ വലിയ പങ്ക്‌ സഹീറിനായിരുന്നു. കൂടാതെ സീസണില്‍ ഇന്ത്യയുടെ മികച്ച ബൗളറും സഹീര്‍ തന്നെ. കഴിഞ്ഞ തവണ ബാംഗ്ലൂരിനായി മികവ്‌ പ്രകടിപ്പിക്കാന്‍ സഹീറിന്‌ കഴിഞ്ഞിരുന്നില്ല. ഉത്തപ്പയാവട്ടെ കഴിഞ്ഞ സീസണിലും ഈ സീസണിലും നിരാശയാണ്‌ സമ്മാനിച്ചത്‌. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥിര സ്ഥാനവും നഷ്‌ടമായ സാഹചര്യത്തില്‍ ആ താരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നാണ്‌ മുംബൈ വിശ്വസിച്ചത്‌. ഉത്തപ്പയെ പകരം തേടാന്‍ ബാംഗ്ലൂര്‍ റോയല്‍സ്‌ തീരുമാനിച്ചതിന്‌ പിറകിലും ആഭ്യന്തര ക്രിക്കറ്റ്‌ തന്നെ. ബാംഗ്ലൂര്‍കാരനാണ്‌ ഉത്തപ്പ. സ്വന്തം ടീമിനായി ഉത്തപ്പക്ക്‌ നന്നായി കളിക്കാനാവുമെന്നാണ്‌ ബാംഗ്ലൂര്‍ റോയല്‍സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ബ്രിജേഷ്‌ പട്ടേല്‍ കരുതുന്നത്‌. മുംബൈ സംഘത്തില്‍ നിന്നും ഷോണ്‍ പൊള്ളോക്ക്‌ പിന്മാറിയതിനാല്‍ ആ സ്ഥാനമായിരിക്കും സഹീറിന്‌.

അസ്‌ഹര്‍ സ്ഥാനാര്‍ത്ഥി
ഹൈദരാബാദ്‌: കൈക്കുഴയിലെ ബാറ്റിംഗ്‌ വിസ്‌മയം... ബാറ്റിംഗിലെ നര്‍ത്തകന്‍..... ക്രിക്കറ്റ്‌ മൈതാനങ്ങളില്‍ ബാറ്റിംഗ്‌ സൗന്ദര്യത്തിന്റെ നക്ഷത്രശോഭ പരത്തിയ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ ഇനി രാഷട്രീയത്തിന്റെ ക്രീസില്‍....
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസ്‌ഹര്‍ കോണ്‍ഗ്രസ്സ്‌ ടിക്കറ്റില്‍ മല്‍സരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സില്‍ ചേരാന്‍ അസ്‌ഹര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ്‌ നേതാവ്‌ വീരപ്പ മൊയ്‌ലി ഇന്നലെ എന്‍.ഡി.ടി.വിയോട്‌ പറഞ്ഞു. അസ്‌ഹറിന്‌ ഏത്‌ സീറ്റ്‌ നല്‍കണമെന്ന കാര്യം പിന്നീട്‌ തീരുമാനിക്കും. കഴിഞ്ഞ ദിവസം അസ്‌ഹര്‍ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡി, വീരപ്പ മൊയ്‌ലി, ഡി.ശ്രീനിവാസ്‌ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അസ്‌ഹറിന്‌ കോണ്‍ഗ്രസ്സിനോട്‌ താല്‍പ്പര്യമുണ്ടെന്നും ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയതായും മൊയ്‌ലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അസ്‌ഹര്‍ തെലുങ്കാന രാഷ്‌ട്രസമിതി നേതാവ്‌ കെ ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അസ്‌ഹര്‍ ടി.ആര്‍.എസ്സില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ആ സമയത്ത്‌ വന്നിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ദര്‍ശിച്ച മികച്ച അഞ്ച്‌ ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ അസ്‌ഹര്‍ സൗരവ്‌ ഗാംഗുലി കഴിഞ്ഞാല്‍ രാജ്യത്തിന്‌ ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച നായകനുമാണ്‌. അരങ്ങേറ്റത്തില്‍ തന്നെ മൂന്ന്‌ ടെസ്റ്റ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയ താരം മൂന്ന്‌ ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ചു. മുന്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ഡേവിഡ്‌ ഗവറിനെ പോലെ കൈക്കുഴയിലെ മാജിക്കില്‍ ആരാധകരെ വിസ്‌മയിപ്പിച്ച അസ്‌ഹര്‍ പന്തയ വിവാദത്തില്‍ ആരോപണവിധേയനായി ആജീവനാന്ത വിലക്കിന്‌ ശിക്ഷിക്കപ്പെടുകയായിരുന്നു.

കലാപം വരുന്നു
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ പുതിയ കലാപം വരുന്നു.... വെറ്ററന്‍ സീമര്‍ ഷുഹൈബ്‌ അക്തറിനെതിരെ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ പരസ്യമായി രംഗത്ത്‌ വന്നത്‌ അല്‍പ്പകാലമായി ശാന്തമായി ഒഴുകുകയായിരുന്ന പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ കാറ്റും കോളുമുണ്ടാക്കും. നാഷണല്‍ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാക്കിസ്‌താന്‍ ദയനീയ തോല്‍വി രുചിച്ചതിന്‌ തൊട്ടുപിറകെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മാലിക്‌ ഇതാദ്യമായി തന്റെ സീനിയര്‍ താരത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്‌.
അക്തറിന്റെ ആത്മാര്‍ത്ഥയെ താന്‍ സംശയിക്കുന്നതായാണ്‌ മാലിക്‌ പറഞ്ഞിരിക്കുന്നത്‌. നാഷണല്‍ സ്‌റ്റേഡിയത്തില്‍ ലങ്കക്കെതിരെ നടന്ന രണ്ട്‌ മല്‍സരങ്ങളിലും ദയനീയ പ്രകടനമാണ്‌ റാവല്‍പിണ്ടി എക്‌സ്‌പ്രസ്സ്‌ നടത്തിയത്‌. രണ്ട്‌ മല്‍സരത്തിലും തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അക്തറിനായില്ല. ഏഴ്‌ ഓവറുകളാണ്‌ ആദ്യ മല്‍സരത്തില്‍ അദ്ദേഹം ചെയ്‌തത്‌. ഈ ഓവറുകളിലാവട്ടെ ധാരാളം റണ്‍സും നല്‍കി. രണ്ടാം മല്‍സരത്തില്‍ ആറ്‌ ഓവറുകള്‍ എറിഞ്ഞു. ഇതിലും അനായാസം റണ്‍സ്‌ പ്രവഹിച്ചു. അക്തറിന്റെ രണ്ടാം ഓവറില്‍ തിലകരത്‌നെ ദില്‍ഷാന്‍ നാല്‌ തവണയാണ്‌ പന്തിനെ അതിര്‍ത്തി കടത്തിയത്‌.
ഫീല്‍ഡിംഗിലും അക്തര്‍ വട്ടപൂജ്യമായിരുന്നു. പന്തിനെ പിറകെ ഓടാന്‍ തന്നെ കിട്ടില്ലെന്ന ഭാവത്തിലായിരുന്നു പലപ്പോഴും അദ്ദേഹം. ഫിറ്റ്‌നസില്‍ താന്‍ ഇപ്പോഴും വളരെ പിറകിലാണെന്ന്‌ അദ്ദേഹം സ്വയം തെളിയിക്കുകയും ചെയ്‌തു.
2011 ലെ ലോകകപ്പ്‌ മുന്‍നിര്‍ത്തി ശക്തരായ ഫാസ്‌റ്റ്‌ ബൗളര്‍മാരെ വളര്‍ത്തണമെന്ന്‌ മാലിക്‌ പറഞ്ഞത്‌ അക്തറിനെ ഉദ്ദേശിച്ചാണ്‌. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫാസ്‌റ്റ്‌ ബൗളര്‍മാരുണ്ട്‌. ഇവര്‍ക്ക്‌ അവസരം നല്‍കണം. ഈ കാര്യം സെലക്ടര്‍മാരോടും ക്രിക്കറ്റ്‌ അധികാരികളോടും പറയും. അവരാണ്‌ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌-മാലിക്‌ പറഞ്ഞു.
സാധാരണ ഗതിയില്‍ അധികം സംസാരിക്കാത്ത മാലിക്‌ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി സംസാരിച്ചു. അക്തറിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കി.
അക്തര്‍ ഫിറ്റ്‌നസ്‌ കാര്യത്തില്‍ വളരെ പിറകിലാണെന്നും യാത്രക്കാരെ ഒരു ടീമിനും ഉള്‍കൊള്ളിക്കാന്‍ കിയില്ലെന്നും പലവട്ടം അദ്ദേഹം പറഞ്ഞു. ഷുഹൈബ്‌ ധാരാളം മല്‍സരങ്ങള്‍ പാക്കിസ്‌താന്‌ സ്വന്തമാക്കി തന്നിട്ടുണ്ട്‌്‌. അതില്‍ സംശയമില്ല പക്ഷേ അദ്ദേഹത്തിന്റെ നിലവിലുളള ഫിറ്റ്‌നസാണ്‌ പ്രശ്‌നം.നിങ്ങള്‍ 100 ശതമാനം കായികക്ഷമത തെളിയിക്കുന്നില്‍ പരാജയപ്പെട്ടാല്‍ മൈതാനത്ത്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.
മാലിക്കിന്റെ പരാമര്‍ശങ്ങള്‍ അക്തറിന്റെ കരിയറിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ തന്നെ പാക്‌ ക്രിക്കറ്റിലെ പുകഞ്ഞ കൊള്ളിയാണ്‌ അക്തര്‍. പെരുമാറ്റ ദൂഷ്യത്തിനും ഉത്തേജകത്തിനുമെല്ലാം പിടിക്കപ്പെട്ട ഫാസ്റ്റ്‌ ബൗളര്‍ പതിനാല്‌ മാസത്തെ വിലക്കിന്‌ ശേഷമാണ്‌ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നത്‌. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ ഒരു മല്‍സരത്തില്‍ പത്ത്‌ ഓവറുകള്‍ എറിയാന്‍ കഴിയില്ല എന്നത്‌ വലിയ പ്രശ്‌നമാണ്‌. 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന താരത്തിന്‌ ആ വേഗതയും കരുത്തും ആവര്‍ത്തിക്കാനാവുന്നില്ല. ഫീല്‍ഡിംഗിലാവട്ടെ ഇഴയുകയും ചെയ്യുന്നു. അമ്പത്‌ ഓവര്‍ മല്‍സരത്തില്‍ ഒരേ വേഗതയിലും മികവിലും പന്തെറിയാന്‍ കഴിയണം. നിലവിലുളള ഫോമില്‍ അക്തറിന്‌ അത്‌ കഴിയില്ല എന്നാണ്‌ മാലിക്‌ പറയുന്നത്‌.
അക്തര്‍ വിഷയത്തില്‍ മാലിക്‌ നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ അദ്ദേഹത്തെയും ചിലപ്പോള്‍ ബാധിച്ചേക്കാം. സീനിയര്‍ താരങ്ങള്‍ക്ക്‌ മാലിക്കിനോട്‌ താല്‍പ്പര്യക്കുറവുണ്ട്‌. മാലിക്കിനെതിരെ സംസാരിച്ചാണ്‌ മുഹമ്മദ്‌ യൂസഫ്‌ ടീം വിട്ടത്‌.

രക്ഷകന്‍
ബാംഗ്ലൂര്‍: മുന്‍ ഇന്ത്യന്‍ താരം ദിനേശ്‌ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ മധ്യമേഖലക്കെതിരായ ദുലിപ്‌ ട്രോഫി മല്‍സരത്തില്‍ ദക്ഷിണ മേഖല മാനം കാത്തു. ആറ്‌ വിക്കറ്റിന്‌ 86 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 153 വിലപ്പെട്ട റണ്‍സുമായാണ്‌ കാര്‍ത്തിക്‌ രക്ഷിച്ചത്‌. 76 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയ വിദര്‍ഭയുടെ ഉമേഷ്‌ യാദവിന്‌ മുന്നില്‍ തകര്‍ന്നവരില്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ്‌ ലക്ഷ്‌മണുമെല്ലാമുണ്ട്‌. പക്ഷേ ഏകദിന ഇന്നിംഗ്‌സുമായി കാര്‍ത്തിക്‌ തകര്‍ത്തത്‌ ലക്ഷ്‌മണ്‍ നയിച്ച ദക്ഷിണ മേഖലക്കക്‌ ആശ്വാസമായി. ദ്രാവിഡ്‌ ഏഴിനും ലക്ഷ്‌മണ്‍ 13 നും പുറത്തായി. മലയാളി താരം ശ്രീശാന്ത്‌ ദക്ഷിണ മേഖലാ സംഘത്തിലുണ്ട്‌. ഇന്നലെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ്‌ കൈഫ്‌ നയിക്കുന്ന മധ്യമേഖല വിക്കറ്റ്‌ പോവാതെ 30 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

ഇന്ത്യന്‍ ഗ്രാന്‍ഡ്‌ പ്രീ
ലണ്ടന്‍: കാറോട്ട മല്‍സരക്കാര്‍ തീര്‍ച്ചയായും 2011 ല്‍ ഇന്ത്യയിലെത്തും. 2011 ല്‍ ഇന്ത്യയില്‍ ഗ്രാന്‍ഡ്‌ പ്രി നടക്കുമെന്ന്‌ വ്യക്തമാക്കിയിരിക്കുന്നു ഫോര്‍മുല വണ്‍ തലവന്‍ ബെര്‍ണി എക്‌സ്‌റ്റണ്‍. ബി.ബി.സിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കമ്പനിയായ ജയ്‌പ്രകാശ്‌ അസോസിയേറ്റ്‌സ്‌ ലിമിറ്റഡ്‌ ഈ കാര്യത്തില്‍ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഡല്‍ഹിയായിരിക്കും മിക്കവാറും മല്‍സരവേദി.

Wednesday, January 21, 2009

LANKAN HEAT IN KARACHI....



കറാച്ചി: 129 റണ്‍സിന്‌ പാക്കിസ്‌താനെ തകര്‍ത്ത്‌ ശ്രീലങ്ക ഏകദിന പരമ്പരയില്‍ ഒപ്പമെത്തി. നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ സ്‌പിന്നര്‍മാരായ മുത്തയ്യ മുരളിധരന്‍ (19ന്‌ മൂന്ന്‌ ), അജാന്ത മെന്‍ഡിസ്‌ (29 ന്‌ മൂന്ന്‌) എന്നിവരുടെ കരുത്തിലാണ്‌ ലങ്ക വന്‍ വിജയം നേടിയത്‌. ലങ്കയുടെ 290 റണ്‍സിന്‌ മറുപടിയായി പാക്കിസ്‌താന്‍ 161 റണ്‍സാണ്‌ നേടിയത്‌. മൂന്ന്‌ വിക്കറ്റിന്‌ 17 റണ്‍സ്‌ എന്ന നിലയില്‍ നിന്നും ഓപ്പണര്‍ സല്‍മാന്‍ ഭട്ട്‌, ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ എന്നിവരുടെ മികവില്‍ കരുത്ത്‌ പ്രകടിപ്പിച്ച പാക്കിസ്‌താന്‌ അവസാന ഏഴ്‌ വിക്കറ്റുകള്‍ കേവലം 36 റണ്‍സിനാണ്‌ നഷ്‌ടമായത്‌.
ബാറ്റിംഗ്‌ പാളിച്ചകളിലും ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക എട്ട്‌ വിക്കറ്റിന്‌ 290 റണ്‍സ്‌ നേടിയിരുന്നു. 76 റണ്‍സ്‌ നേടിയ തിലകരത്‌നെ ദില്‍ഷാന്റെയും 59 റണ്‍സ്‌ സ്വന്തമാക്കിയ തിലിന കാന്‍ഡാംബിയുടെ ഇന്നിംഗ്‌സുകള്‍ ഇല്ലായിരുന്നെങ്കില്‍ ബാറ്റിംഗിലെ സമീപകാല ദയനീയത ലങ്ക ആവര്‍ത്തിക്കുമായിരുന്നു. ഓപ്പണറുടെ കുപ്പായത്തില്‍ തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും കളിച്ച ദില്‍ഷാന്‍ പാക്കിസ്‌താനെതിരെ ആദ്യ അര്‍
ദ്ധ സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ കന്നി മല്‍സരത്തില്‍ തന്നെ അര്‍ദ്ധശതകം സ്വന്തമാക്കാന്‍ യുവതാരം കാന്‍ഡാംബിക്കായി. ആദ്യ മല്‍സരത്തിലെ തകര്‍ച്ച മനസ്സിലാക്കി ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ കരുതലോടെയാണ്‌ കളിച്ചത്‌. പക്ഷേ അനുഭവസമ്പന്നനായ സനത്‌ ജയസൂര്യ ഹിറ്റ്‌ വിക്കറ്റിന്റെ രൂപത്തിലും കുമാര്‍ സങ്കക്കാര ആത്മഹത്യാപരമായ റണ്ണൗട്ടിലും പുറത്തായപ്പോള്‍ പതിവ്‌ തകര്‍ച്ചയാണ്‌ മുന്നില്‍ കണ്ടത്‌.
വീരേന്ദര്‍ സേവാഗിനെ പോലെ പന്തിനെ കണ്ണുമടച്ച്‌ പ്രഹരിക്കുന്നതിലായിരുന്നു ദില്‍ഷാന്റെ ശ്രദ്ധ. പന്തുകളെ ഒരു തരത്തിലും ബഹുമാനിക്കാതെയുളള ഇന്നിംഗ്‌സില്‍ അദ്ദേഹത്തിനൊപ്പം ഭാഗ്യമുണ്ടായിരുന്നു. ഷുഹൈബ്‌ അക്തര്‍ പായിച്ച ആദ്യ ഓവറിലെ മൂന്നാം പന്ത്‌ ദില്‍ഷാനെ കബളിപ്പിച്ച്‌ പാഞ്ഞെങ്കിലും അപകടമുണ്ടാക്കിയില്ല. ഇത്‌ പോലെ പല തവണ അദ്ദേഹം ഭാഗ്യാകമ്പടിയില്‍ രക്ഷപ്പെട്ടു. അക്തറിന്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും പേരിനൊത്ത പ്രകടനം നടത്താനായില്ല. ദില്‍ഷാന്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ നാല്‌ ബൗണ്ടറികളാണ്‌ അക്തറിന്റെ രണ്ടാം ഓവറില്‍ പിറന്നത്‌. ഉടന്‍ തന്നെ നായകന്‍ ഷുഹൈബ്‌ മാലിക്‌ അക്തറിനെ ആക്രമണത്തില്‍ നിന്ന്‌ പിന്‍വലിക്കുകയും ചെയ്‌തു.
426-ാമത്‌ രാജ്യാന്തര ഏകദിനം കളിക്കുന്ന സനത്‌ ജയസൂര്യ കരിയറില്‍ ആദ്യമായി ഹിറ്റ്‌ വിക്കറ്റായി പുറത്താവുന്ന കാഴ്‌ച്ചയില്‍ പാക്കിസ്‌താന്‍ തുടക്കം ഗംഭീരമാക്കിയിരുന്നു. 34 പന്തില്‍ 19 റണ്‍സ്‌ നേടിയ ഘട്ടത്തിലാണ്‌ സനത്‌ പുറത്തായത്‌. സങ്കക്കാര സാഹസികമായ റണ്ണിന്‌ ശ്രമിച്ച്‌ വിക്കറ്റ്‌ വലിച്ചെറിഞ്ഞു. പകരം വന്ന കാന്‍ഡാംബിയെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ കമറാന്‍ അക്‌മലിന്‌ അവസരമുണ്ടായിരുന്നു. പക്ഷേ അഫ്രീദിയുടെ പന്തില്‍ ഉയര്‍ന്ന ക്യാച്ച്‌ അദ്ദേഹം പാഴാക്കി.
റണ്‍സിനായി വിഷമിക്കുന്ന നായകന്‍ മഹേല അഞ്ചാം നമ്പറിലാണ്‌ വന്നത്‌. കാന്‍ഡാംബിക്കൊപ്പം ഇന്നിംഗ്‌സ്‌ കെട്ടിപടുക്കുന്നതില്‍ വിജയിച്ചെങ്കിലും 59 പന്തില്‍ 24 റണ്‍സിന്‌ നായകന്‍ പുറത്തായി. വാലറ്റത്തില്‍ പര്‍വേസ്‌ മഹറൂഫിനും തിലാന്‍ തുഷാരക്കും പിടിച്ചുനില്‍ക്കാനായില്ല. പാക്കിസ്‌താന്‌ വേണ്ടി ഗുല്‍ 58 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ നേടി. അക്തര്‍ ആറ്‌ ഓവറില്‍ 45 റണ്‍സ്‌ വഴങ്ങി.
മൂന്ന്‌ മല്‍സര പരമ്പര സ്വന്തമാക്കാനുളള ശ്രമത്തില്‍ തുടക്കത്തില്‍ പാക്കിസ്‌താനും പിഴച്ചു. സ്‌ക്കോര്‍ബോര്‍ഡില്‍ ആറ്‌ റണ്‍സുളളപ്പോള്‍ ഓപ്പണര്‍ ഖുറം മന്‍സൂര്‍ പുറത്തായി. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക്‌ നയിച്ച സല്‍മാന്‍ ഭട്ടിന്‌ പിന്തുണ നല്‍കുന്നതില്‍ മുന്‍ ക്യാപ്‌റ്റന്‍ യൂനസ്‌ഖാനും (4) പിഴച്ചു. മിസ്‌ബാഹുല്‍ ഹഖ്‌ ഒരു റണ്ണുമായി പുറത്താവുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 17 റണ്‍സ്‌ മാത്രമാണുണ്ടായിരുന്നത്‌. നാലാം വിക്കറ്റില്‍ ഭട്ടും ഷുഹൈബ്‌ മാലിക്കും ഒത്തുചേര്‍ന്നപ്പോള്‍ സ്‌ക്കോര്‍ബോര്‍ഡ്‌ പതുക്കെ ചലിച്ചു. മാലിക്‌ തകര്‍പ്പന്‍ ഫോമിലായിരുന്നു. സീമര്‍മാരെയും സ്‌പിന്നര്‍മാരെയും പ്രഹരിക്കുന്നതില്‍ വിജയിച്ച അദ്ദേഹത്തിന്‌ പക്ഷേ ടീമിനെ കരകയറ്റാനായില്ല. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഉടന്‍ (54) മുത്തയ്യ മുരളീധരന്റെ പന്തില്‍ പുറത്തായി. പിറകെ ജയസൂര്യയുടെ സ്‌പിന്നില്‍ 62 റണ്‍സുമായി ഭട്ടും പുറത്തായപ്പോള്‍ ലങ്ക വിജയം മണത്തു.

വിജയം കടുവകള്‍ക്ക്‌
മിര്‍പ്പൂര്‍: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിന മല്‍സരത്തില്‍ ബംഗ്ലാദേശിന്‌ ആറ്‌ വിക്കറ്റ്‌ വിജയം. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ ഇന്നലെ അച്ചടക്കത്തോടെ കളിച്ചു.ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വെയെ 160 റണ്‍സില്‍ നിയന്ത്രിക്കുന്നതില്‍ ബൗളര്‍മാരായ നസ്‌മുല്‍ ഹുസൈനും റൂബല്‍ ഹുസൈനും വിജയിച്ചു. ആറ്‌ വിക്കറ്റിന്‌ 47 റണ്‍സ്‌ എന്ന നിലയില്‍ ഒരു ഘട്ടത്തില്‍ തകര്‍ന്ന ആഫ്രിക്കന്‍ ടീമിനെ സിയാല്‍ വില്ല്യംസാണ്‌ അല്‍പ്പമെങ്കിലും തുണച്ചത്‌. വില്ല്യംസ്‌ 59 റണ്‍സ്‌ നേടി. 38 റണ്‍സ്‌ നേടിയ ഉറ്റ്‌സേയയും പൊരുതിനിന്നു. മറുപടി ബാറ്റിംഗില്‍ 43 റണ്‍സ്‌ നേടിയ മെഹറാബും പുറത്താവാതെ 52 റണ്‍സ്‌ നേടിയ റഖിബുലും ആതിഥേയരെ തുണച്ചു. മൂന്ന്‌ മല്‍സര പരമ്പരയിലെ അവസാന മല്‍സരം നാളെ നടക്കും.

റെഡ്‌സ്‌ ഫൈനലില്‍
ലണ്ടന്‍: രണ്ടാം ലഗ്ഗില്‍ പൊരുതി നേടിയ വിജയവുമായി പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. ഇന്നലെ നടന്ന രണ്ടാം ലഗ്‌ മല്‍സരത്തിലവര്‍ 4-2ന്‌ ഡെര്‍ബി കൗണ്ടിയെ പരാജയപ്പെടുത്തി. ആദ്യ പാദ മല്‍സരത്തില്‍ ഡെര്‍ബി ഒരു ഗോളിന്റെ അട്ടിമറി വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം മൈതാനത്ത്‌ നടന്ന രണ്ടാം ലഗ്ഗില്‍ നാല്‌ ഗോളുകളുമായി റെഡ്‌സ്‌ കളം നിറഞ്ഞെങ്കിലും അവസാനത്തില്‍ ഡെര്‍ബി കരുത്തുമായി തിരിച്ചുവന്നപ്പോള്‍ മല്‍സരം ആവേശകരമായി. ഒടുവില്‍ ആകെ 4-3 ന്റെ വിജയവുമായി ചാമ്പ്യന്‍ ക്ലബ്‌ കരകയറുകയായിരുന്നു. നാനിയാണ്‌ മാഞ്ചസ്റ്ററിന്റെ ആദ്യ ഗോള്‍ നേടിയത്‌. പിറകെ ജോണ്‍ സിയയും കാര്‍ലോസ്‌ ടെവസും മാഞ്ചസ്‌റ്ററിന്റെ ഫൈനല്‍ ബെര്‍ത്ത്‌ എളുപ്പമാക്കി ഗോളുകള്‍ നേടി. എന്നാല്‍ ഇടവേളക്ക്‌ ശേഷം ഗൈല്‍സ്‌ ബര്‍നസ്‌ ഡെര്‍ബിക്കായി ഒരു ഗോള്‍ മടക്കി. മാഞ്ചസ്‌റ്ററിന്‌ ലഭിച്ച സ്‌പോട്ട്‌ കിക്ക്‌ കൃസ്‌റ്റിയാനോ റൊണാള്‍ഡോ ഗോളാക്കി മാറ്റിയപ്പോള്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം ആശ്വാസം കൊണ്ടു. പക്ഷേ വീണ്ടും തകര്‍പ്പന്‍ ഫ്രികിക്ക്‌ ഗോളുമായി ബര്‍നസ്‌ ഡെര്‍ബിക്ക്‌ പ്രതീക്ഷയേകി.

പ്രശ്‌നങ്ങളില്ല
ലണ്ടന്‍: ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌്‌ട്രോസ്‌. മുന്‍ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണില്‍ നിന്ന്‌ പൂര്‍ണ്ണ സഹകരണമാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്ന്‌ വിന്‍ഡീസ്‌ പര്യടനത്തിന്‌ പുറപ്പെട്ട ഇംഗ്ലീഷ്‌ സംഘത്തിന്റെ പുതിയ നായകന്‍ പറഞ്ഞു. നാടകീയ സാഹചര്യത്തിലാണ്‌ പീറ്റേഴ്‌സണെ മാറ്റി സ്‌ട്രോസിനെ ഇംഗ്ലീഷ്‌ സെലക്ടര്‍മാര്‍ നായകനാക്കിയത്‌. ഇന്ത്യന്‍ പര്യടനത്തിന്‌ ശേഷം പീറ്റേഴ്‌സണും കോച്ച്‌ മൂറും തമ്മിലുളള ശത്രുത വര്‍ദ്ധിച്ചപ്പോള്‍ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇതില്‍ ഇടപെടുകയായിരുന്നു. പീറ്റേഴ്‌സണ്‍ നെഗറ്റീവായി ചിന്തിക്കുന്ന താരമല്ലെന്നും വിന്‍ഡീസ്‌ ബൗളര്‍മാരെ പ്രഹരിക്കാനുളള കരുത്ത്‌ അദ്ദേഹത്തിനുണ്ടെന്നും സ്‌ട്രോസ്‌ പറഞ്ഞു. അതേ സമയം വിന്‍ഡീസ്‌ പര്യടന സംഘത്തിലെ മാനേജ്‌മെന്റ്‌ ഗ്രൂപ്പില്‍ നിന്നും പീറ്റേഴ്‌സണെ തഴഞ്ഞിട്ടുണ്ട്‌. ഫ്‌ളിന്റോഫ്‌, കോളിംഗ്‌വുഡ്‌, അലിസ്‌റ്റര്‍ കുക്ക്‌,സ്‌റ്റിയൂവര്‍ട്ട്‌ ബ്രോഡ്‌ എന്നിവരാണ്‌ ഗ്രൂപ്പിലുളളത്‌. ഇവരെ കൂടാതെ ക്യാപ്‌റ്റനും താല്‍കാലിക കോച്ച്‌ ആന്‍ഡി ഫ്‌ളവറുമായിരിക്കും ടീമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുക.

സാനിയക്ക്‌ മടക്കടിക്കറ്റ്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ സിംഗിള്‍സ്‌ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ രണ്ടാം റൗണ്ടില്‍ തന്നെ അസ്‌തമനം. ഇന്ത്യന്‍ താരം സാനിയ മിര്‍സ വനിതാ വിഭാഗം സിംഗിള്‍സ്‌ രണ്ടാം റൗണ്ടില്‍ പുറത്തായി. പത്താം സീഡ്‌ റഷ്യക്കാരി നാദിയ പെട്രോവക്കെതിരെ കളിക്കാന്‍ മറന്ന സാനിയ എളുപ്പം തോറ്റു. സ്‌ക്കോര്‍ 3-6, 2-6. കൈക്കുഴയിലെ പരുക്കില്‍ നിന്ന്‌ മുക്തയായ ശേഷം ആദ്യമായി കളിക്കുന്ന ഹൈദരാബാദുകാരിക്ക്‌ തോല്‍വിയില്‍ സ്വയം പഴിക്കാം. നിര്‍ണ്ണായക ഘട്ടത്തില്ലെല്ലാം എതിരാളിക്ക്‌്‌ ബ്രേക്ക്‌ പോയന്റ്‌ നല്‍കിയാണ്‌ സാനിയ മികവ്‌ പ്രകടിപ്പിച്ചത്‌. മികച്ച സര്‍വീസുകള്‍ പായിച്ച പെട്രോവ ഏഴ്‌ എയ്‌സുകളാണ്‌ ശരവേഗതയില്‍ തൊടുത്തുവിട്ടത്‌. സാനിയ ഡബിള്‍സില്‍ അമേരിക്കന്‍ താരം വാനിയ കിംഗിനൊപ്പവും മിക്‌സഡ്‌ ഡബിള്‍സില്‍ മഹേഷ്‌ ഭൂപതിക്കൊപ്പവും കളിക്കുന്നുണ്ട്‌.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ അനായാസ വിജയവുമായി അടുത്തഘട്ടം ഉറപ്പാക്കി. 6-2, 6-3, 6-1 എന്ന സ്‌ക്കോറിന്‌ യവ്‌ഗ്നി കോറോലോവിനെയാണ്‌ ഫെഡ്‌റര്‍ പരാജയപ്പെടുത്തിയത്‌. സ്‌പാനിഷ്‌ താരം ഗുലെര്‍മോ ഗാര്‍സിയ ലോപസിനെ പരാജയപ്പെടുത്തിയ മുന്‍ ചാമ്പ്യന്‍ മറാത്ത്‌ സാഫിനെയാണ്‌ അടുത്ത മല്‍സരത്തില്‍ ഫെഡ്‌റര്‍ എതിരിടേണ്ടത്‌. സ്‌ക്കോര്‍ 7-5, 6-2, 6-2. ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡയെ പരാജയപ്പെടുത്തി (7-5, 6-1, 6-3) നോവാക്‌ ജോകോവിച്ചും അടുത്ത റൗണ്ടിലെത്തി. അതേ സമയം പത്താം സീഡ്‌ അര്‍ജന്റീനയുടെ ഡേവിഡ്‌ നാല്‍ബാണ്ടിയാന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ചൈനീസ്‌ തായ്‌പെയുടെ ലൂ യെന്‍ സണാണ്‌ സീഡഡ്‌ താരത്തെ മറിച്ചിട്ടത്‌. സ്‌ക്കോര്‍ 6-4, 5-7, 4-6, 6-4, 6-2. ഒരു ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുളള പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതില്‍ യുവ ചൈനീസ്‌ താരം ആഹ്ലാദം പ്രകടിപ്പിച്ചു.
സ്‌പെയിനില്‍ നിന്നുളള പതിനൊന്നാം സീഡ്‌ ഡേവിഡ്‌ ഫെറര്‍ മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ സ്ലോവാക്യയുടെ ഡൊമിനിക്‌ ഹെര്‍ബാത്തിയെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 6-2, 6-2, 6-1. വനിതാ വിഭാഗത്തില്‍ ഒന്നാം സീഡ്‌ ജെലീന ജാന്‍കോവിച്ച്‌ ബെല്‍ജിയത്തിന്റെ കര്‍സ്‌റ്റണ്‍ ഫെലിപ്‌കെന്‍ഡസിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. സ്‌ക്കോര്‍ 6-4, 7-5. ജപ്പാന്റെ ആമി സുഗിയാമയാണ്‌ അടുത്ത റൗണ്ടില്‍ ജാന്‍കോവിച്ചിന്റെ എതിരാളി. മറ്റൊരു മല്‍സരത്തില്‍ ആദ്യ സെറ്റില്‍ തന്നെ തിരിച്ചടി നേരിട്ട ദിനാര സാഫിന മികച്ച അങ്കത്തില്‍ റഷ്യയുടെ എകാതറീന മകറോവയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-7 (3-7),6-3, 6-0. സെര്‍ബിയയില്‍ നിന്നുളള അഞ്ചാം സീഡ്‌ അന്ന ഇവാനോവിച്ച്‌ ഇറ്റലിയുടെ ആല്‍ബെര്‍ട്ട ബ്രിട്ടാനിയെ 6-3, 6-2 ന്‌ തോല്‍പ്പിച്ചു.

എ.ഐ.ജി മുങ്ങുന്നു
ലണ്ടന്‍: മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഉള്‍പ്പെടെ കായിക ലോകത്തെ പ്രമുഖ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്‌ത്‌ പ്രശസ്‌തി നേടിയ അമേരിക്കന്‍ ഇന്‍ഷൂറന്‍സ്‌ കമ്പനിയായ എ.ഐ.ജി സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുന്നു.... ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡുമായുള്ള എ.ഐ.ജി കരാര്‍ 2010 ലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ പുതുക്കേണ്ടതില്ലെന്നാണ്‌ കമ്പനി തീരുമാനം. അമേരിക്കന്‍ ഡേവിസ്‌ കപ്പ്‌ ടീമിനെ സ്‌പോണ്‍സര്‍ ചെയ്‌തിരുന്നത്‌ എ.ഐ.ജിയാണ്‌. ഇതും വേണ്ടെന്ന്‌ വെച്ചു.
400 കോടിയുടെ കരാറാണ്‌ എ.ഐ.ജി മാഞ്ചസ്‌റ്ററുമായി ഒപ്പിട്ടിരുന്നത്‌. മാഞ്ചസ്റ്ററിന്റെ താരങ്ങള്‍ അണിയുന്ന ജഴ്‌സിയില്‍ എ.ഐ.ജിയുടെ ലോഗോയും പേരുമുണ്ടാവും. കൃസ്റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും വാന്‍ഡര്‍സറുമെല്ലാം എ.ഐ.ജി ലോഗോ ധരിച്ചാണ്‌ കളിക്കാന്‍ ഇറങ്ങാറുള്ളത്‌. ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ സഹാറ പരിവാറുമായി പുതിയ കരാറിന്‌ മാഞ്ചസ്റ്റര്‍ ശ്രമിക്കുന്നുണ്ട്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌,ഹോക്കി ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ സഹാറയാണ്‌.

ഐ.സി.എല്ലിന്‌ വേണ്ടി പാക്കിസ്‌താന്‍
കറാച്ചി: വിമതരെന്ന്‌ മുദ്ര കുത്തി ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും, ഇന്ത്യന്‍ ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലും (ഐ.സി.സി) അകറ്റി നിര്‍ത്തിയിരിക്കുന്ന കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനു (ഐ.സി.എല്‍) വേണ്ടി പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശക്തമായി രംഗത്ത്‌. ഐ.സി.എല്ലില്‍ കളിക്കുന്ന താരങ്ങളെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ പോലും വിലക്കണമെന്ന നിലപാട്‌ ഐ.സി.സി മാറ്റണമെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ പരസ്യമായി ആവശ്യപ്പെട്ടു. ഐ.സി.എല്ലില്‍ കളിച്ചു എന്ന കാരണത്താല്‍ പാക്‌ ക്രിക്കറ്റര്‍മാരെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ വിലക്കാന്‍ പി.സി.ബിക്ക്‌ മനസ്സില്ല. പക്ഷേ ഐ.സി.സി ഈ വിഷയത്തില്‍ കര്‍ക്കശ നിലപാട്‌ സ്വീകരിക്കുന്നതിനാല്‍ പാക്കിസ്‌താന്‌ താരങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന്‌ പി.ടി.ഐ യുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മുഹമ്മദ്‌ യൂസഫ്‌, മുന്‍ ക്യാപ്‌റ്റന്‍ ഇന്‍സമാമുല്‍ ഹഖ്‌, ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ റസാക്‌, അസ്‌ഹര്‍ മഹമൂദ്‌, സീമര്‍ മുഹമ്മദ്‌ സമി തുടങ്ങി 13 പാക്‌ ക്രിക്കറ്റര്‍മാര്‍ ഐ.സി.എല്ലുമായി കരാര്‍ ചെയ്‌തിട്ടുണ്ട്‌. ഇവരെയെല്ലാം പാക്‌ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന്‌ വിലക്കിയിരിക്കയാണ്‌. എന്നാല്‍ നിരോധനം പരിശീലകരുടെ കാര്യത്തില്‍ ബാധകമല്ലതാനും. ഐ.സി.എല്ലില്‍ ലഹോര്‍ ബാദ്‌ഷാസ്‌ ടീമിനെ പരിശീലിപ്പിച്ച മോയിന്‍ഖാന്‍ പാക്കിസ്‌താന്‍ ആഭ്യന്തര ലീഗില്‍ പാക്കിസ്‌താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പരിശീലകനാണ്‌.
ഐ.സി.എല്ലില്‍ കളിച്ചതിന്റെ പേരില്‍ ഒരു താരത്തെയും ഇത്‌ വരെ പാക്കിസ്‌താന്‍ നേരിട്ട്‌ നിരോധിച്ചിട്ടില്ലെന്ന്‌ ഭട്ട്‌ പറഞ്ഞു. ഐ.സി.സി സമ്മര്‍ദ്ദം ചെലുത്തുന്നത്‌ മൂലമാണ്‌ ആഭ്യന്തര ക്രിക്കറ്റില്‍ പോലും താരങ്ങളെ കളിപ്പിക്കാന്‍ കഴിയാത്തത്‌.
ഈ മാസം 31 ന്‌ പെര്‍ത്തില്‍ നടക്കുന്ന ഐ.സി.സി പ്രവര്‍ത്തക സമിതിയില്‍ ഈ വിഷയം വരുമ്പോള്‍ ഐ.സി.എല്‍ കാര്യത്തിലെ പിടിവാശി അവസാനിപ്പിക്കാന്‍ പാക്കിസ്‌താന്‍ ആവശ്യപ്പെടും. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തില്‍ പ്രശ്‌ന പരിഹാരത്തിന്‌ ഐ.സി.സി ശ്രമിച്ചതിനെക്കുറിച്ച്‌ തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.എല്ലില്‍ കളിച്ചതിന്റെ പേരില്‍ പാക്കിസ്‌താന്‍ സ്വന്തം താരങ്ങളെ നിരോധിക്കുന്നതില്‍ കാര്യമില്ലെന്ന്‌ പി.സി.ബി ഡയക്ടര്‍ ജനറല്‍ ജാവേദ്‌ മിയാന്‍ദാദ്‌ ഈയിടെ പറഞ്ഞിരുന്നു. ഇതിന്‌ പിറകെയാണ്‌ പി.സി.ബി തലവനും രംഗത്ത്‌ വന്നിരിക്കുന്നത്‌. 2007 ലെ ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ സീ ടെലിവിഷന്‍ ചെയര്‍മാന്‍ സുഭാഷ്‌ ചന്ദ്രയുടെ പ്രേരണയില്‍ കപില്‍ദേവിന്റെ നേതൃത്ത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ തകര്‍ക്കാനായാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ആരംഭിച്ചത്‌. ഇന്ത്യന്‍ ക്രിക്കറ്റിലെ ശീതസമരത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഔദ്യോഗിക പക്ഷമാണ്‌ വിജയിച്ചത്‌. ഐ.സി.എല്ലിനെതിരെ ഐ.സി.സിയെ സ്വാധീനിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആദ്യ ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പ്‌ വന്‍ വിജയമാവുകയും ചെയ്‌തു.
ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയ പ്രശ്‌നത്തില്‍ പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡിന്‌ അനുകൂലമല്ല. ശ്രീലങ്കന്‍ ബോര്‍ഡും ഈ വിഷയത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കില്ല. 2011 ലെ ലോകകപ്പിന്‌ സംയുക്തമായി ആതിഥേയത്വം വഹിക്കേണ്ട രാജ്യങ്ങള്‍ പരസ്‌പരം കലഹിക്കുമ്പോള്‍ തലവേദന ഇന്ത്യക്ക്‌ തന്നെയാണ്‌.

Tuesday, January 20, 2009

OBAMA- THE SPORTSMAN



ഒബാമക്ക്‌ കായികലോകത്തിന്റെ സ്വാഗതം
വാഷിംഗ്‌ടണ്‍: അമേരിക്കയുടെ നാല്‍പ്പത്തിനാലാമത്‌ പ്രസിഡണ്ടായി ഇന്നലെ ചുമതലയേറ്റ ബാരക്‌ ഒബാമക്ക്‌ കായിക ലോകത്തിന്റെ മംഗളങ്ങള്‍. അമേരിക്കയെയും ലോകത്തെയും സമാധാനത്തിന്റെ പാതയില്‍ കരുത്തോടെ നയിക്കാന്‍ ഒബാമക്ക്‌ കഴിയുമെന്നാണ്‌ മുന്‍ ലോക ഹെവിവെയ്‌റ്റ്‌ ബോക്‌സിംഗ്‌ ചാമ്പ്യന്‍ മുഹമ്മദലി ഉള്‍പ്പടെയുളള പ്രമുഖര്‍ കരുതുന്നത്‌. കായിക മേഖലയലെ വിദഗ്‌ദ്ധരുടെ അഭിപ്രായപ്രകടനങ്ങളിലൂടെ-
മുഹമ്മദലി: അമേരിക്കയെയും ലോകത്തെയും പുതുയുഗത്തിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തനാണ്‌ ഒബാമ. പ്രായം 47 മാത്രം. ലോകത്തിന്റെ ഗതിവിഗതികളെ പഠിക്കാനും സമാധാനത്തെ പുണരാനും അദ്ദേഹത്തിന്‌ കഴിയും. ലോകത്താകമാനം അരാജകത്വം നിലനില്‍ക്കുന്നുണ്ട്‌. പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന, സാമ്രാജ്യത്വത്തിന്റെ കരാള ഹസ്‌തങ്ങളെ പരാജയപ്പെടുത്താന്‍ ഒബാമ ശ്രമിക്കണം.
ജോണ്‍ തോംസണ്‍: ഒരു പുതിയ പ്രസിഡണ്ട്‌ അധികാരമേല്‍ക്കുമ്പോള്‍ എപ്പോഴും അത്‌ പ്രതീക്ഷകള്‍ സമ്മാനിക്കും. ഒബാമ ആഫ്രിക്കന്‍ അമേരിക്കനാണ്‌. ഇതാദ്യമായാണ്‌ ഒരു കറുത്ത വംശജന്‍ അമേരിക്കയെ ഭരിക്കാന്‍ പോവുന്നത്‌. അമേരിക്കയുടെ പ്രസിഡണ്ടാവാന്‍ തങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ ഇത്‌ വരെ ഒരു ആഫ്രിക്കന്‍ അമേരിക്കനും ചിന്തിച്ചിട്ടില്ല. ഇപ്പോള്‍ അവര്‍ക്ക്‌ അതിന്‌ കഴിയുന്നു. ലോകത്തെ നയിക്കാന്‍ ഒബാമക്ക്‌ കഴിയും (അമേരിക്കന്‍ ഒളിംപിക്‌ ടീമിന്റെ ആദ്യ കറുത്ത വംശജനായ കോച്ചാണ്‌ ജോണ്‍ തോംസണ്‍)
ടോം വില്ല്യംസ്‌: എല്ലാ അര്‍ത്ഥത്തിലും ഇത്‌ പുതുയുഗ പിറവിയാണ്‌. ചരിത്രപരവും സാമുഹ്യപരവും സാംസ്‌കാരിക പരവുമായി പ്രാധാന്യം ഇതിനുണ്ട്‌. അമേരിക്കന്‍ ജനതയെ സമാധാനത്തിലേക്ക്‌ നയിക്കാന്‍ എന്ത്‌ കൊണ്ടും യോഗ്യന്‍ ഒബാമയാണ്‌. (യെലെ സര്‍വകലാശാല ഫുട്‌ബോള്‍ കോച്ചാണ്‌ ടോം).

ക്രിക്കറ്റ്‌...
കറാച്ചി: ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക നല്ല തുടക്കത്തിന്‌ ശേഷം 45.2 ഓവറില്‍ 219 റണ്‍സിന്‌ എല്ലാവരും പുറത്തായി. മൂന്ന്‌ വിക്കറ്റ്‌ വീതം നേടിയ റാവു ഇഫ്‌ത്തിക്കാര്‍, ഉമര്‍ ഗുല്‍ എന്നിവരാണ്‌ ലങ്കന്‍ ബാറ്റിംഗ്‌ നിരയുടെ നട്ടെല്ല്‌ ഒടിച്ചത്‌. തിലകരത്‌നെ ദില്‍ഷാനും സനത്‌ ജയസൂര്യയുമാണ്‌ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. ആദ്യ ഒമ്പത്‌ ഓവറില്‍ തന്നെ 71 റണ്‍സുമായി ഇവര്‍ പാക്കിസ്‌താന്‍ ബൗളര്‍മാരെ ഞെട്ടിച്ചു. ഇവര്‍ പുറത്തായതിന്‌ ശേഷമാണ്‌ ടീം തകര്‍ന്നത്‌.
പേസ്‌ ബൗളര്‍മാരെ തുടക്കത്തില്‍ തുണക്കുമെന്ന്‌ കരുതപ്പെട്ട പിച്ചില്‍ ടോസ്‌ നേടിയ ലങ്ക ബാറ്റിംഗിന്‌ തിരുമാനിക്കുകയായിരുന്നു. മല്‍സരം 25 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 143 റണ്‍സ്‌ എന്ന നിലയില്‍ സാമാന്യം ഭദ്രമായ സ്‌ക്കോറിലേക്കാണ്‌ അവര്‍ നീങ്ങിയത്‌. പക്ഷേ പഴക്കം ചെന്ന പന്തില്‍ പാക്‌ സ്‌പിന്നര്‍മാരും ഒപ്പം സീമര്‍മാരും അരങ്ങ്‌ തകര്‍ത്തു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിയാതിരുന്ന ദില്‍ഷാനും തട്ടുതകര്‍പ്പന്‍ ഓപ്പണറായ ജയസൂര്യയും ഒരുമിച്ചപ്പോള്‍ ഷുഹൈബ്‌ അക്തറിനെ പോലെയുളള അതിവേഗക്കാര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. 2007 ന്‌ ശേഷം ആദ്യമായി രാജ്യത്തിന്‌ കളിക്കുന്ന അക്തറിന്‌ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ കഴിഞ്ഞില്ല.
ദില്‍ഷാന്‍ 17 ല്‍ നില്‍ക്കുമ്പോള്‍ അക്തറിന്റെ പന്തില്‍ ഉയര്‍ന്ന അവസരം ഒന്നാം സ്ലിപ്പില്‍ യൂനസ്‌ഖാന്‍ പാഴാക്കിയിരുന്നു. താളം കണ്ടെത്താന്‍ അക്തര്‍ വിഷമിച്ചപ്പോള്‍ സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ മാത്രമാണ്‌ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ നിയോഗിച്ചത്‌. ഭാഗ്യത്തെ ഉപയോഗപ്പെടുത്തിയ ദില്‍ഷാന്‍ പിന്നെ തിരിഞ്ഞു നോക്കിയില്ല. ആദ്യ ഏഴ്‌ ഓവറില്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 59 റണ്‍സായപ്പോള്‍ മാലിക്‌ രണ്ട്‌ ബൗളര്‍മാരെയും മാറ്റി. സുഹൈല്‍ തന്‍വീറും ഉമര്‍ ഗുലും വന്നപ്പോള്‍ മാറ്റമുണ്ടായി. തന്റെ ആദ്യ ഓവറില്‍ തന്നെ ഗുല്‍ ദില്‍ഷാനെ പുറത്താക്കി. ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ നിയോഗിക്കപ്പെട്ട ദില്‍ഷാന്‍ സ്വന്തം ജോലി നിര്‍വഹിച്ചാണ്‌ മടങ്ങിയത്‌. 2008 ജൂണിന്‌ ശേഷം ശ്രീലങ്ക ആദ്യമായാണ്‌ ഓപ്പണിംഗ്‌ വിക്കറ്റില്‍ അമ്പത്‌ റണ്‍സ്‌ പിന്നിടുന്നത്‌.
സുഹൈല്‍ തന്‍വീറിന്റെ ലക്ഷ്യമില്ലാത്ത ബൗളിംഗ്‌ ജയസൂര്യക്ക്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ അവസരം നല്‍കി. വ്യക്തിഗത സ്‌ക്കോര്‍ 35 ല്‍ റാവു ഇഫ്‌ത്തിക്കാറിന്റെ പന്തില്‍ ജയസൂര്യ നല്‍കിയ അനായാസ അവസരം പോയന്റില്‍ ഷാഹിദ്‌ അഫ്രീദി പാഴാക്കിയിരുന്നു. പക്ഷേ ഗുലിന്റെ വരവില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി അപകടകാരിയായ താരം പുറത്തായി. തീര്‍ത്തും മങ്ങിയ ഫോമിലുളള നായകന്‍ മഹേല ജയവര്‍ദ്ധന ക്രീസില്‍ വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ പുറത്താക്കാന്‍ പാക്‌ ബൗളര്‍മാര്‍ പ്രയോഗിച്ച തന്ത്രം പാഴായില്ല. കഴിഞ്ഞ ആറ്‌ ഇന്നിംഗ്‌സില്‍ തന്റെ നാലാമത്തെ വട്ടപൂജ്യവുമായി മഹേല മടങ്ങി.

റോബിഞ്ഞോ മുങ്ങി
ലണ്ടന്‍:അനുവാദമില്ലാതെ കോച്ചിംഗ്‌ ക്യാമ്പില്‍ നിന്ന്‌ മുങ്ങിയതിന്‌ ബ്രസീലിയന്‍ മുന്‍നിരക്കാരന്‍ റോബിഞ്ഞോക്കെതിരെ പ്രീമിയര്‍ ലീഗ്‌ ക്ലബായ മാഞ്ചസ്‌റ്റര്‍ സിറ്റി അച്ചടക്കനടപടിക്കൊരുങ്ങുന്നു. ആരോടും പറയാതെയാണ്‌ റോബിഞ്ഞോ മുങ്ങിയിരിക്കുന്നത്‌. അദ്ദേഹം സ്വന്തം നാട്ടില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്‌. റെക്കോര്‍ഡ്‌ തുകക്ക്‌ സ്‌പാനിഷ്‌ ക്ലബായ റയല്‍ മാഡ്രിഡില്‍ നിന്നും സിറ്റിയിലെത്തിയ റോബിഞ്ഞോ ഇതിനകം 14 ഗോളുകള്‍ ക്ലബിനായി സ്വന്തമാക്കിയിട്ടുണ്ട്‌. സിറ്റിയുടെ ആരാധകരുടെ പ്രിയപ്പെട്ട താരവും ഇപ്പോള്‍ മറ്റാരുമല്ല. ആരോടും പറയാതെ റോബിഞ്ഞോ എന്തിനാണ്‌ മുങ്ങിയത്‌ എന്നതിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ ക്ലബിന്‌ കഴിയുന്നില്ല.

ആസിഫ്‌ ഇല്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കാന്‍ ഇനി പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആസിഫില്ല. മൂന്ന്‌ വര്‍ഷത്തെ കരാറില്‍ നേരത്തെ ആസിഫ്‌ ഒപ്പിട്ടിരുന്നുവെങ്കിലും ഉത്തേജക വിവാദത്തില്‍ പ്രതിയായ പാക്‌ സീമറുമായി കളിക്കാനുളള താല്‍പ്പര്യക്കുറവ്‌ ഡല്‍ഹി ഡെയര്‍
ഡെവിള്‍സ്‌ താരത്തെ അറിയിക്കുകയായിരുന്നു. ടീമുമായുളള സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ട്‌ ദിവസം മുമ്പ്‌ ആസിഫ്‌ ഇവിടെയെത്തിയിരുന്നു. രണ്ട്‌ ദിവസത്തോളം വിശദമായി ചര്‍ച്ച ചെയ്‌ത ശേഷമാണ്‌ ഡെയര്‍ഡെവിള്‍സുമായുളള ബന്ധം വിഛേദിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്‌. ഇപ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും പ്രശ്‌നങ്ങളെയെല്ലാം അതിജയിച്ച ശേഷം രാജ്യത്തിനായി കളിക്കുകയാണ്‌ പ്രധാനമെന്നും ആസിഫ്‌ പറഞ്ഞു. ഐ.പി.എല്ലിലെ ആദ്യ സീസണില്‍ ഡല്‍ഹിക്കായി തിളങ്ങിയ ആസിഫ്‌ മടക്കയാത്രയില്‍ ദുബായ്‌ വിമാനത്താവളത്തില്‍ വെച്ച്‌ പിടിക്കപ്പെടുകയായിരുന്നു. പിടിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം നിരോധിക്കപ്പെട്ട ഉത്തേജക മരുന്നുകളുണ്ടായിരുന്നു. ഈ സംഭവത്തിന്‌ ശേഷം രാജ്യാന്തര രംഗത്ത്‌ നിന്ന്‌ വിലക്കപ്പെട്ട താരത്തിന്‌ ഇനി ഒരു പുനര്‍ജന്മം എളുപ്പമല്ല.

കക്ക കളം മാറുന്നില്ല
മിലാന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വന്‍ വാഗ്‌ദാനത്തിന്‌ ഏ.സി മിലാന്‍ അനുകൂലമായി പ്രതികരിച്ചിട്ടും ബ്രസീലുകാരന്‍ കക്ക സാന്‍സിറോ വിടുന്നില്ല. മിലാനില്‍ തന്നെ തുടരാനാണ്‌ തന്റെ തീരുമാനമെന്ന്‌ കക്ക വ്യക്തമാക്കി. 650 കോടിയുടെ റെക്കോര്‍ഡ്‌ തുകക്ക്‌ കക്കയെ മാഞ്ചസ്‌റ്റര്‍ സിറ്റി റാഞ്ചിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം മിലാനില്‍ തന്നെ തുടരാനാണ്‌ തന്റെ തീരുമാനമെന്ന്‌ ക്ലബ്‌ വെബ്‌ സൈറ്റിലൂടെ കക്ക വ്യക്തമാക്കി. 2001 ല്‍ യുവന്തസില്‍ നിന്നും ഫ്രഞ്ച്‌ സൂപ്പര്‍ താരം സൈനുദ്ദീന്‍ സിദാനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ്‌ ചെലവിട്ട റെക്കോര്‍ഡ്‌ തുകയെക്കാള്‍ വലിയ തുക വാഗ്‌ദാനം ചെയ്‌തിട്ടും കക്ക സ്വന്തം ക്ലബിലേക്ക്‌ വരാത്തതില്‍ സിറ്റി നിരാശ പ്രകടിപ്പിച്ചു.

കൈഫ്‌, ലക്ഷ്‌മണ്‍ നായകര്‍
ബാംഗ്ലൂര്‍: ദൂലിപ്‌ ട്രോഫി ക്രിക്കറ്റിനുളള ഉത്തര മേഖലാ ടീമിനെ മഹമ്മദ്‌ കൈഫും ദക്ഷിണ മേഖലാ ടീമിനെ വി.വി.എസ്‌ ലക്ഷ്‌മണും നയിക്കും. ഇരു ടീമുകളും തമ്മിലുളള മല്‍സരം നാളെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്‌, റോബിന്‍ ഉത്തപ്പ, എസ്‌.ശ്രീശാന്ത്‌, എസ്‌.ബദരീനാഥ്‌, ഈ സീസണില്‍ ഹൈദരാബാദിന്‌ വേണ്ടി രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്‌ സ്വന്തമാക്കിയ അനൂപ്‌ പൈ തുടങ്ങിയവരാണ്‌ ദക്ഷിണ മേഖലാ സംഘത്തിലുളളത്‌. അഞ്ച്‌ തമിഴ്‌നാട്‌ താരങ്ങള്‍ ദക്ഷിണമേഖലാ സംഘത്തിലുണ്ട്‌. ഇവരില്‍ ഒന്നാമന്‍ രഞ്‌ജി സീസണില്‍ നാല്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ അഭിനവ്‌ മുകുന്ദാണ്‌. വിക്കറ്റ്‌ കീപ്പിംഗ്‌ ഗ്ലൗസുകള്‍ ഒരിക്കല്‍കൂടി ദിനേശ്‌ കാര്‍ത്തിക്കിനായിരിക്കും. മുന്‍ ഇന്ത്യന്‍ താരം എല്‍.ബാലാജിക്കും അവസരമുണ്ട്‌. ബദരീനാഥ്‌, ഓഫ്‌ സ്‌പിന്നര്‍ ആര്‍.അശ്വിന്‍ എന്നിവരും കളിക്കുന്നു. ശ്രീശാന്തിന്‌ ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള അവസരാമാണിത്‌. പക്ഷേ ഫിറ്റ്‌നസ്‌ തെളിയിക്കാത്തപക്ഷം വീണ്ടും പുറത്തിരിക്കാനായിരിക്കും കൊച്ചിക്കാരന്റെ വിധി. രഞ്‌ജി സീസണില്‍ കേരളത്തിനായി ഒരു മല്‍സരം മാത്രമാണ്‌ ശ്രീശാന്തിന്‌ കളിക്കാനായത്‌. താര്‍ഖണ്ഡിനെതിരായ മല്‍സരത്തില്‍ ശ്രീശാന്ത്‌ ഏഴ്‌ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ പരിശീലനത്തിലാണ്‌ അദ്ദേഹം. ദുലിപ്‌ ട്രോഫിയില്‍ മൂന്ന്‌ മല്‍സരങ്ങളാണ്‌ ദക്ഷിണ മേഖല കളിക്കുക. ഈ മല്‍സര
ങ്ങളില്ലെല്ലാം കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിയണം. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടിയ പ്രഗ്യാന്‍ ഒജയും ദക്ഷിണ മേഖലാ സംഘത്തിലുണ്ട്‌.
ഇന്ത്യന്‍ ടീമിലേക്ക്‌ തിരിച്ചുവരാന്‍ കൊതിക്കുന്ന മുഹമ്മദ്‌ കൈഫിന്‌ മറ്റൊരു അവസരമാണ്‌ കൈവന്നിരിക്കുന്നത്‌. രഞ്‌ജി സീസണില്‍ ഉത്തര്‍ പ്രദേശിനായി 529 റണ്‍സാണ്‌ കൈഫ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. കഴിഞ്ഞ മൂന്ന്‌ സീസണിലായി ഉത്തര്‍ പ്രദേശിന്‌ തുടര്‍ച്ചയായി രഞ്‌ജി ഫൈനലിലേക്ക്‌്‌ നയിച്ചതും അലഹാബാദുകാരനായിരുന്നു. ഹൈദരാബാദില്‍ നടന്ന രഞ്‌ജി ട്രോഫി ഫൈനലിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ കരുത്ത്‌ പ്രകടിപ്പിച്ച കൈഫ്‌ ന്യൂസിലാന്‍ഡ്‌ പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്‌. യു.പി ക്കായി സീസണില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കിയ തന്‍മയ്‌ ശ്രീവാസ്‌തവ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും മധ്യമേഖലാ ടീമിലുണ്ട്‌. പിയൂഷ്‌ ചാവ്‌ല, മുരളി കാര്‍ത്തിക്‌, ആര്‍.പി സിംഗ്‌ തുടങ്ങിയവരും കൈഫിന്റെ ടീമിലുണ്ട്‌.
ടീമുകള്‍ ഇതാണ്‌: ദക്ഷിണമേഖല: വി.വി.എസ്‌ ലക്ഷ്‌മണ്‍ (ക്യാപ്‌റ്റന്‍), എസ്‌.ബദരീനാഥ്‌, അഭിനവ്‌ മുകുന്ദ്‌, റോബിന്‍ ഉത്തപ്പ, രാഹുല്‍ ദ്രാവിഡ്‌, അര്‍ജുന്‍ യാദവ്‌, ദിനേശ്‌ കാര്‍ത്തിക്‌, ആര്‍.അശ്വിന്‍, പ്രഗ്യാന്‍ ഒജ, എല്‍.ബാലാജി, ശ്രീശാന്ത്‌, ആര്‍.വിനയ്‌ കുമാര്‍,സൗരബ്‌ ഭണ്ഡാര്‍കര്‍, സുരേഷ്‌ എം, അനൂപ്‌ പൈ.
മധ്യമേഖല: മുഹമ്മദ്‌ കൈഫ്‌ (ക്യാപ്‌റ്റന്‍), ഉമേഷ്‌ യാദവ്‌, ഭുവനേശ്വര്‍ കുമാര്‍,അരിത്‌ സിംഗ്‌, റോബിന്‍ ബിസ്‌ത്‌, പിയൂഷ്‌ ചാവ്‌ല, ഫായിസ്‌ ഫസല്‍, യെരെ ഗൗഡ്‌, മുരളി കാര്‍ത്തിക്‌, നമാന്‍ ഒജ, പങ്കജ്‌ സിംഗ്‌, പര്‍വീണ്‍സിംഗ്‌, ജലാജ്‌ സക്‌സേന, ശിവകാന്ത്‌ ശുക്ല, ആര്‍.പി സിംഗ്‌, തന്മയ്‌ ശ്രീവാസ്‌തവ്‌.

സറീന, വീനസ്‌ മുന്നോട്ട്‌
മെല്‍ബണ്‍: രണ്ടാം സീഡും മൂന്ന്‌ തവണ ഇവിടെ കിരീടവും സ്വന്തമാക്കിയ അമേരിക്കന്‍ താരം സറീന വില്ല്യംസ്‌ തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ വനിതാ വിഭാഗം സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലെത്തി. ചൈനയില്‍ നിന്നുള്ള നമെന്‍ യുവാനെ നേരിട്ടുളള സെറ്റുകള്‍ക്കാണ്‌ സറീന തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 6-3,6-1. സറീനയുടെ ചേച്ചി വീനസ്‌ വില്ല്യംസ്‌ ജര്‍മനിയുടെ ആന്‍ഞ്ചല്‍ കെര്‍ബറിയെ വീഴ്‌ത്തി രണ്ടാം റൗണ്ട്‌ ഉറപ്പാക്കി. സ്‌ക്കോര്‍ 6-3, 6-3. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നാലാം സീഡ്‌ എലീന ഡെമന്‍ത്തേവ പൊരുതിക്കളിച്ച ജര്‍മനിയുടെ ക്രിസ്റ്റീനിയ ബാറോസിനെ പരാജയപ്പെടുത്തി. സക്കോര്‍ 7-6, (7-4), 2-6, 6-1. 2006 ല്‍ ഇവിടെ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സിന്റെ അമലി മൗറിസ്‌മോ ഒല്‍ഗാ ഗോവോര്‍ത്സോവയെ കീഴടക്കി. സ്‌ക്കോര്‍ 6-4, 6-4. ജര്‍മനിയുടെ അന്ന ലെനയെ 6-1, 6-4 ന്‌ പരാജയപ്പെടുത്തിയ ബ്രിട്ടന്റെ എലീന ബാല്‍ടാച്ചയാണ്‌ രണ്ടാം റൗണ്ടില്‍ മൗറിസ്‌മോയുടെ പ്രതിയോഗി.
ഒമ്പതാം സീഡ്‌ അഗനിസ്‌ക റഡ്വാന്‍സ്‌ക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ഉക്രൈന്റെ കാതറീന ബോണ്‍ഡാരന്‍ഡകോയയാണ്‌ സീഡഡ്‌ താരത്തെ പുറത്താക്കിയത്‌. സ്‌ക്കോര്‍ 6-7 (7-9),6-4, 1-6. എട്ടാം സീഡ്‌ സ്വത്‌ലാന കൂസന്‍സോവ റഷ്യയുടെ യുവതാരം അനസ്‌താസിയ റോദിനോവയെ പരാജയപ്പെടുത്താന്‍ പ്രയാസപ്പെട്ടു. സ്‌ക്കോര്‍ 6-2, 3-6, 6-3. ആതിഥേയരുടെ പ്രിയപ്പെട്ട താരം സാമന്ത സ്റ്റോസര്‍ രണ്ട്‌ മണിക്കൂര്‍ ദിര്‍ഘിച്ച മല്‍സരത്തില്‍ ക്ലാര സാകോപലോവയെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 7-6 (7-5),7-6, (7-0).