Monday, January 19, 2009

REDS ROARING

റെഡ്‌സ്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിടുമ്പോള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഒന്നാം സ്ഥാനത്ത്‌ തിരിച്ചെത്തിയപ്പോള്‍ ഇറ്റലിയില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‌ പരാജയം പിണഞ്ഞു. പോയന്റ്‌ ടേബിളില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന ഇന്ററിന്‌ മൂന്ന്‌ പോയന്റ്‌ അരികിലെത്തി യുവന്തസ്‌ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്‌. സ്‌പെയിനില്‍ ബാര്‍സിലോണ ഒന്നാം സ്ഥാനത്ത്‌ തുടരുമ്പോള്‍ ഫ്രാന്‍സില്‍ ഒന്നാം സ്ഥാനക്കാരായ ലിയോണ്‍ ലീഡ്‌ നിലനിര്‍ത്തുകയാണ്‌. വിവിധ ലീഗുകളിലൂടെ:
പ്രീമിയര്‍ ലീഗ്‌
സീസണില്‍ ഇതാദ്യമായി ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഇത്‌ വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലിവര്‍പൂള്‍ ഇന്ന്‌ എവര്‍ട്ടണുമായി കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ലിവര്‍പൂള്‍ തന്നെ ആദ്യ സ്ഥാനത്ത്‌ വരും. 47 പോയന്റാണ്‌ നിലവില്‍ മാഞ്ചസ്‌റ്ററിനുള്ളത്‌. ലിവര്‍പൂള്‍ 46 ലും ചെല്‍സി 45 ലും നില്‍ക്കുന്നു. സീസണിന്റെ തുടക്കത്തില്‍ മങ്ങിയ അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ഒന്നാം സ്ഥാനത്ത്‌ വന്നിരിക്കുന്നത്‌. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ബള്‍ഗേറിയന്‍ താരം ഡിമിതര്‍ ബെര്‍ബതോവിന്റെ ഗോളില്‍ മാഞ്ചസ്‌റ്റര്‍ ബോള്‍ട്ടണെ പരാജയപ്പെടുത്തിയിരുന്നു. അവസാന മിനുട്ട്‌ വരെ സമനിലയില്‍ നിന്നിരുന്ന മല്‍സരത്തിന്റെ വിധിയെഴുതിയത്‌ ബെര്‍ബത്തോവിന്റെ ഹെഡ്ഡറാണ്‌. സ്‌റ്റോക്‌ സിറ്റിക്കെതിരായ മല്‍സരത്തില്‍ പിറകോട്ട്‌ പോയ മുന്‍ ചാമ്പ്യന്മാരായ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയുടെ ചെല്‍സി അവസാനത്തിലെ കുതിപ്പില്‍ നാടകീയ വിജയം നേടി. മല്‍സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു ഗോളിന്‌ പിറകിലായിരുന്ന സൂപ്പര്‍ താരങ്ങളുടെ ടീം ജൂലിയാനോ ബെലേറ്റി, ഫ്രാങ്ക്‌ ലംപാര്‍ഡ്‌ എന്നിവരുടെ ഗോളുകളിലാണ്‌ രക്ഷപ്പെട്ടത്‌. സുതര്‍ലാന്‍ഡിനെതിരായ മല്‍സരത്തില്‍ പത്ത്‌ പേരുമായി കളിച്ച ആസ്‌റ്റണ്‍വില്ല 1-2ന്‌ വിജയിച്ചപ്പോള്‍ അവസാന പത്ത്‌ മിനുട്ടില്‍ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ആഴ്‌സനല്‍ ഹള്‍ സിറ്റിയെ 3-1ന്‌്‌ തോല്‍പ്പിച്ചു.
പ്രീമിയര്‍ ലീഗ്‌ പകുതിഘട്ടം പിന്നിടുമ്പോള്‍ മിഡില്‍സ്‌ ബോറോ, സ്‌റ്റോക്‌ സിറ്റി, വെസ്‌റ്റ്‌ ബ്രോംവിച്ച്‌ എന്നിവരാണ്‌ അപകടപാതയില്‍. 14 ഗോളുകളുമായി ചെല്‍സി മുന്‍നിരക്കാരന്‍ നിക്കോളാസ്‌ അനേല്‍ക്ക ടോപ്‌ സ്‌ക്കോറര്‍പ്പട്ടം നിലനിര്‍ത്തുന്നു.
സ്‌പാനിഷ്‌ ലീഗ്‌
ആര്‍ക്കും പിടി നല്‍കാതെ സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണ കുതികുതിക്കുകയാണ്‌. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലവര്‍ കരുത്തരായ ഡിപ്പോര്‍ട്ടീവോ ലാ കോരുണയെ നാല്‌ ഗോളുകള്‍ക്കാണ്‌ മുക്കിയത്‌. തുല്യ ശക്തികളുടെ തകര്‍പ്പന്‍ പോരാട്ടം കാണാനെത്തിയവര്‍ക്ക്‌ മുന്നില്‍ ലയണല്‍ മെസിയും സാമുവല്‍ ഇറ്റോയും തിയറി ഹെന്‍ട്രിയും നിറയുകയായിരുന്നു. മെസിയാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. ഹെന്‍ട്രിയും ഇറ്റോയും രണ്ട്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌തു. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ ലീഗിലെ അവസാന സ്ഥാനക്കാരായ ഒസാസുനക്കെതിരെ ഒരു ഗോളിന്‌ പിറകിലായിരുന്നു. രണ്ടാം പകുതിയില്‍ പരിചയസമ്പന്നരുടെ കരുത്തില്‍ തിരിച്ചെത്തിയ ടീം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത്‌ കരുത്ത്‌ കാട്ടി. വില്ലാ റയല്‍ രണ്ട്‌്‌ ഗോളിന്‌ മയോര്‍ക്കയെ തോല്‍പ്പിച്ചപ്പോള്‍ സെവിയെ ഒരു ഗോളിന്‌ നുമാന്‍സിയയെ പരാജയപ്പെടുത്തി. 18 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ബാര്‍സ മുന്‍നിരക്കാരന്‍ ഇറ്റോയാണ്‌ ലീഗിലെ ടോപ്‌ സ്‌ക്കോറര്‍.
ഇറ്റാലിയന്‍ ലീഗ്‌
ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്റെ അപ്രതീക്ഷിത തോല്‍വിയില്‍ ഇറ്റലിയില്‍ യുവന്തസ്‌ മുന്നോട്ടുളള പാതയിലാണ്‌. അറ്റ്‌ലാന്റക്ക്‌ മുന്നിലാണ്‌ മൂന്ന്‌ ഗോളുകള്‍ക്ക്‌ ഇന്റര്‍ പരാജയപ്പെട്ടത്‌. പരാജയങ്ങള്‍ അധികമറിയാതെ മുന്നേറുകയായിരുന്ന ജോസ്‌ മോറീനോയുടെ സംഘം അറ്റ്‌ലാന്റയുടെ കുതിപ്പില്‍ ഞെട്ടുകയായിരുന്നു. സാന്‍സിറോയില്‍ നടന്ന മല്‍സരത്തില്‍ ഏ.സി മിലാന്‍ അലക്‌സാണ്ടറോ പാറ്റോയുടെ ഗോളില്‍ ഫിയോറന്റീനയെ തോല്‍പ്പിച്ചു. ഏ.എസ്‌ റോമ ഒരു ഗോളിന്‌ ടോറീനോയെ തോല്‍പ്പിച്ചു. യുവന്തസും ലാസിയോയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. 43 പോയന്റാണ്‌ നിലവില്‍ ഇന്ററിന്റെ സമ്പാദ്യം. യുവന്തസ്‌ നാല്‍പ്പതിലും ഏ.സി മിലാന്‍ 37 ലും നില്‍ക്കുന്നു.
ഫ്രാന്‍സ്‌
ഫ്രഞ്ച്‌ ലീഗില്‍ ചാമ്പ്യന്മാരായ ലിയോണ്‍ രണ്ട്‌ ഗോളിന്‌ ഗ്രിനോബിളിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. പ്രമുഖ താരങ്ങളെ കൂടാതെ കളിച്ച ലിയോണിന്‌ വേണ്ടി എടേര്‍സണ്‍,സീസര്‍ ദാല്‍ഗാഡോ എന്നിവരാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌.

ബാറ്റിംഗ്‌ വേവലാതി
കറാച്ചി: ജിന്ന രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ ശ്രീലങ്കന്‍ ടീമിനെ സ്വീകരിക്കാന്‍ ഒരു വിശിഷ്‌്‌്‌ടാതിഥിയുണ്ടായിരുന്നു-പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ട്‌. സാധാരണ ഗതിയില്‍ ഒരു ടീം സന്ദര്‍ശനത്തിന്‌ വരുമ്പോള്‍ സ്വീകരിക്കാന്‍ പി.സി.ബി ഉദ്യോഗസ്ഥരാണുണ്ടാവുക. പി.സി.ബി തലവന്‍ ഒരു ടീമിനെയും സ്വീകരിക്കാറില്ല. പക്ഷേ ഇജാസ്‌ ഭട്ടിനെ കുറ്റം പറയാനാവില്ല. പാക്കിസ്‌താനില്‍ കളിക്കാന്‍ ഒരു ടീമും വരാത്ത സാഹചര്യത്തില്‍ വരാന്‍ തയ്യാറായവരെ പൂവിട്ട്‌ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. ക്രിക്കറ്റിനായി ദാഹിച്ചുനടക്കുന്ന രാജ്യത്തില്‍ ഇന്നലെ മഹേല ജയവര്‍ദ്ധനയും സംഘവുമെത്തിയപ്പോള്‍ രാജകീയ സ്വീകരണമാണ്‌ ലഭിച്ചത്‌. 2007 സെപ്‌തംബറിന്‌ ശേഷം പാക്കിസ്‌താനില്‍ പരമ്പരക്കായി എത്തുന്ന ആദ്യ ടീമാണ്‌ ലങ്ക.
ഇന്ത്യന്‍ ടീം പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയപ്പോള്‍ പകരം വെക്കാന്‍ പി.സി.ബിക്ക്‌ ലഭിച്ച ടീമാണ്‌ ലങ്ക. മഹേല ജയവര്‍ദ്ധനയും സംഘവും ബംഗ്ലാദേശിനെതിരായ ടെസ്റ്റ്‌ പരമ്പരയിലും ത്രിരാഷ്‌ട്ര കപ്പിലും കളിച്ച്‌ നേരിട്ട്‌ ഇവിടെ എത്തുകയായിരുന്നു. ത്രിരാഷ്‌ട്ര കപ്പില്‍ കീരീടം സ്വന്തമാക്കിയെങ്കിലും സ്ഥിരത പ്രകടിപ്പിക്കാന്‍ ടീമിന്‌ കഴിഞ്ഞിരുന്നില്ല. ബംഗ്ലാദേശിന്‌ മുന്നില്‍ ഒരു മല്‍സരത്തില്‍ തോറ്റ ശേഷം ഫൈനല്‍ കളിച്ചപ്പോള്‍ ആറ്‌ റണ്‍സ്‌ നേടുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായി നാണക്കേടിന്‌ മുന്നിലായിരുന്നു. ഒടുവില്‍ വാലറ്റക്കാരന്‍ മുത്തയ്യ മുരളീധരന്റെ ബാറ്റിംഗ്‌ മികവിലാണ്‌ ടീം രക്ഷപ്പെട്ടത്‌. സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്നത്‌ വേവലാതിയാണ്‌. എങ്കിലും ടീം കപ്പുകള്‍ സ്വന്തമാക്കുന്നുണ്ടെന്നാണ്‌ മഹേല പറയുന്നത്‌. ബംഗ്ലാദേശിനെതിരായ ഫൈനല്‍ മല്‍സരത്തില്‍ ആറ്‌ റണ്‍ നേടുന്നതിനിടെ അഞ്ച്‌ വിക്കറ്റുകള്‍ നഷ്ടമായി എന്നത്‌ തിരിച്ചടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാകപ്പിനായി പാക്കിസ്‌താനില്‍ വന്നപ്പോള്‍ ടീം നല്ല ഫോമിലായിരുന്നില്ല. പക്ഷേ അവസാനത്തില്‍ കപ്പ്‌ ടീമിന്‌ ലഭിച്ചു. ഏഷ്യാകപ്പിന്‌ ശേഷം കളിച്ച 13 ഏകദിനങ്ങളില്‍ ഒമ്പതിലും വിജയിച്ചു. പക്ഷേ ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായി. ബംഗ്ലാദേശ്‌ പര്യടനത്തില്‍ നിറം മങ്ങി.
2007 ലെ ലോകകപ്പിന്‌ ശേഷം ടീമില്‍ കൂടുതല്‍ യുവതാരങ്ങളെത്തി. അവര്‍ക്ക്‌ രാജ്യാന്തര ക്രിക്കറ്റില്‍ അനുഭവസമ്പത്ത്‌ ലഭിക്കണമെന്ന്‌ നായകന്‍ പറഞ്ഞു. ബാറ്റിംഗില്‍ ഏറെ പിറകില്‍ നില്‍ക്കുന്നത്‌ നായകന്‍ തന്നെയാണ്‌. 13 മല്‍സരങ്ങളില്‍ നിന്നായി ആകെ രണ്ട്‌ അര്‍ദ്ധശതകങ്ങളാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. നാല്‌ തവണ പൂജ്യത്തിന്‌ പുറത്തായി. നായകനെന്ന നിലയിലും ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും ടീമിന്‌ വേണ്ടി എന്തെങ്കിലും ചെയ്യാനാവാത്തപക്ഷം കളി തുടരുന്നതില്‍ കാര്യമില്ലെന്ന വിശ്വാസക്കാരനാണ്‌ താനെന്ന്‌ മഹേല പറഞ്ഞു.
മൂന്ന്‌ ഏകദിനങ്ങളാണ്‌ ലങ്ക പാക്കിസ്‌താനില്‍ കളിക്കുന്നത്‌. ആദ്യ മല്‍സരം ഇന്ന്‌ പകലും രാത്രിയിലുമായി കറാച്ചിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം മല്‍സരവും കറാച്ചിയില്‍ തന്നെയാണ്‌-നാളെ. അവസാന മല്‍സരം 24ന്‌ ശനിയാഴ്‌ച്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും.

ബാജി ലക്ഷ്യം കിവീസ്‌
ചണ്ഡിഗര്‍: പരുക്ക്‌ മൂലം ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുളള ടീമില്‍ നിന്നും തഴയപ്പെട്ട ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗ്‌ അടുത്ത മാസത്തെ ന്യൂസിലാന്‍ഡ്‌ പര്യടനത്തിനായി തയ്യാറെടുക്കുന്നു. പേശീവലിവ്‌ കാരണം ഇപ്പോള്‍ ബാജി ദക്ഷിണാഫ്രിക്കയില്‍ ചികില്‍സയിലാണ്‌. കഴിഞ്ഞ വര്‍ഷം ആദ്യമായി അനുഭവപ്പെട്ട കാലിലെ പരുക്കില്‍ നിന്നും രക്ഷ തേടി ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. അവിടെ വെച്ച്‌ നടത്തിയ സ്‌കാനിംഗില്‍ വലിയ കുഴപ്പം കണ്ടിരുന്നില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ ചെറിയ ഇടവേള ലഭിച്ചാല്‍ ചികില്‍സിക്കണമെന്നായിരുന്നു അന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്‌. ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം റദ്ദാക്കിയപ്പോള്‍ ലഭിച്ച രണ്ട്‌ മാസത്തെ വിശ്രമമാണ്‌ ഹര്‍ഭജന്‍ ചികില്‍സക്കായി ഉപയോഗപ്പെടുത്തിയത്‌. അതിനിടക്കാണ്‌ ലങ്കന്‍ ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തീരുമാനിക്കുന്നത്‌. പരുക്ക്‌ ഗുരുതരമല്ലെന്നും എത്രയും വേഗം സാധാരണ സ്ഥിതിയിലേക്ക്‌ തിരിച്ചുവരാന്‍ കഴിയുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ദാദക്ക്‌ സ്വര്‍ണ്ണബാറ്റ്‌
കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രിയപ്പെട്ട സൗരവ്‌ ദാദ ഗാംഗുലിക്ക്‌ ഒരു കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ ബാറ്റ്‌ സമ്മാനം. ഇന്നലെ ഇവിടെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ്‌ ജഗ്‌മോഹന്‍ ഡാല്‍മിയ നേതൃത്ത്വം നല്‍കുന്ന ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ 25 ലക്ഷം രൂപ വില വരുന്ന ബാറ്റ്‌ മഹാരാജക്ക്‌ സമ്മാനിച്ചത്‌. രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച ചടങ്ങില്‍ ബംഗാളിലെ രാഷ്‌ട്രിയ-സാമുഹ്യ-കായിക മണ്ഡലങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യാനിരുന്ന ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിക്ക്‌ അനാരോഗ്യം കാരണം വരന്‍ കഴിയാതിരുന്നപ്പോള്‍ ബംഗാള്‍ കായിക മന്ത്രി സുഭാഷ്‌ ചക്രവര്‍ത്തിയാണ്‌ ദാദക്ക്‌ സ്വര്‍ണ്ണ ബാറ്റ്‌ സമ്മാനിച്ചത്‌.
മഹാഭാരതത്തില്‍ എല്ലാ തടസ്സങ്ങളെയും മനക്കരുത്തില്‍ ഇല്ലാതാക്കിയ അര്‍ജുനനോടാണ്‌ സുഭാഷ്‌ ചക്രവര്‍ത്തി സൗരവിനെ ഉപമിച്ചത്‌. ക്രിക്കറ്റ്‌ രംഗത്ത്‌ നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച്‌ സൗരവിന്‌ ഡി ലിറ്റ്‌ സമ്മാനിക്കാന്‍ കൊല്‍ക്കത്ത സര്‍വകലാശാലയോട്‌്‌ ശുപാര്‍ശ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ ഗാംഗുലി എത്തിയത്‌ മുതല്‍ അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ്‌ വരെയുളള കാലയളവിലെ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ദാദി ഗിരി-ഒരു അഗ്നി എന്ന്‌ പേരിട്ട ഡോക്യൂമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 2003 ല്‍ ടീമിനെ ലോകകപ്പ്‌ ഫൈനല്‍ വരെയെത്തിച്ചതും 2002 ലെ നാറ്റ്‌വെസ്റ്റ്‌ ട്രോഫി നേട്ടത്തിലെ സന്തോഷം ഷര്‍ട്ടൂരി പ്രകടിപ്പിച്ചതുമെല്ലാം ആയിരക്കണക്കിന്‌ ആരാധകര്‍ ഹര്‍ഷാരവങ്ങളോടെയാണ്‌ ആഘോഷമാക്കിയത്‌.
ക്രിക്കറ്റിലെ അപൂര്‍വ്വ പ്രതിഭയാണ്‌ സൗരവെന്നായിരുന്നു ഡാല്‍മിയ പറഞ്ഞത്‌. രഞ്‌ജി ട്രോഫി ഫൈനലിലൂടെ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞത്‌ സൗരവിന്‌ മാത്രമാണ്‌. ബംഗാളിലെ ക്രിക്കറ്റര്‍മാര്‍ക്ക്‌ മുന്നോട്ടുളള വഴി കാട്ടിയത്‌ സൗരവാണെന്നും അദ്ദേഹം പറഞ്ഞു. മറുപടി പ്രസംഗത്തില്‍ പലവട്ടം സൗരവ്‌ വികാരഭരിതനായി. പതിമൂന്നാം വയസ്സില്‍ ഈഡന്‍ഗാര്‍ഡന്‍സില്‍ കളിച്ചത്‌ മുതല്‍ റിട്ടയര്‍മെന്റ്‌്‌ ജീവിതം വരെയുളള അനുഭവങ്ങള്‍ അദ്ദേഹം പങ്കിട്ടു. അരുണ്‍ലാലായിരുന്നു പരിപാടിയുടെ മോഡറേറ്റര്‍. ഗാംഗുലിക്കൊപ്പം കളിച്ച സംപാരന്‍ ബാനര്‍ജി, പ്രണബ്‌ റോയ്‌, ഉത്‌പല്‍ ചാറ്റര്‍ജി, സാബാ കരീം, ദീപ്‌ ദാസ്‌ഗുപ്‌ത, ദേവാംഗ്‌ ഗാന്ധി, രോഹന്‍ ഗവാസ്‌ക്കര്‍, ലക്ഷ്‌മി രത്തന്‍ ശുക്ല എന്നിവരെല്ലാം ഡ്രസ്സിംഗ്‌ റൂമില്‍ സൗരവുമായി പങ്കിട്ട അപൂര്‍വ്വ നിമിഷങ്ങള്‍ അയവിറക്കി.

സാനിയ
മെല്‍ബണ്‍: പോളണ്ടിന്റെ ലോക അറുപത്തിയൊന്നാം നമ്പര്‍ താരം മാര്‍ത്ത ഡൊമച്ചോസ്‌ക്കയെ നേരിട്ടുളള സെറ്റുകളില്‍ തകര്‍ത്ത്‌ ഇന്ത്യന്‍ താരം സാനിയ മിര്‍സ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടിലെത്തി. പരുക്ക്‌ കാരണം രാജ്യാന്തര മല്‍സര രംഗത്ത്‌ പോയ സീസണില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഹൈദരാബാദുകാരി പഴയ പ്രതാപത്തെ അനുസ്‌മരിപ്പിക്കുന്ന സെര്‍വ്‌ ആന്‍ഡ്‌ വോളി ഗെയിമിലാണ്‌ വിജയം നേടിയത്‌.
മെല്‍ബണ്‍ പാര്‍ക്കില്‍ ആദ്യദിവസം നടന്ന മല്‍സരങ്ങളില്‍ പ്രമുഖരെല്ലാം വിജയം വരിച്ചു. ലോക രണ്ടാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ ഫെഡ്‌റര്‍ 6-1, 7-6 (7-4), 7-5 എന്ന സ്‌ക്കോറിന്‌ ഇറ്റലിയുടെ ആന്‍ഡ്രിയാസ്‌ സെപ്പിയെ പരാജയപ്പെടുത്തി. ആദ്യ സെറ്റ്‌ 24 മിനുട്ടില്‍ സ്വന്തമാക്കിയ ഫെഡ്‌റര്‍ രണ്ട്‌, മൂന്ന്‌ സെറ്റുകളില്‍ പതറിയെങ്കിലും അനുഭവസമ്പത്ത്‌ ആയുധമാക്കി. നിലവിലെ ചാമ്പ്യനായ നോവാക്‌ ജോകോവിച്ച്‌ 6-2,6-3,7-5 എന്ന സ്‌ക്കോറിന്‌ ഇറ്റലിയുടെ ആന്‍്രിയ സ്‌റ്റോപ്പിനിയെ പരാജയപ്പെടുത്തിയപ്പോള്‍ മൂന്ന്‌ തവണ ഇവിടെ റണ്ണര്‍ അപ്പായിട്ടുള്ള അമേരിക്കയുടെ ആന്‍ഡി റോഡിക്‌ ബ്യോണ്‍ റാന്‍കിസ്‌റ്റിനെ തോല്‍പ്പിച്ചു. സ്‌ക്കോര്‍ 6-0,6-2,6-2.
13 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിയിട്ടുളള ഫെഡ്‌ററുടെ അടുത്ത പ്രതിയോഗി റഷ്യയുടെ യെവ്‌ഗ്നി കോറോലെവാണ്‌. വെറ്ററന്‍ കാര്‍ലോസ്‌ മോയയെയാണ്‌ നേരിട്ടുളള സെറ്റുകളില്‍ യെവ്‌ഗിന്‍ പരാജയപ്പെടുത്തിയത്‌. മുന്‍ ചാമ്പ്യനായ റഷ്യയുടെ മറാത്ത്‌ സാഫീന്‍ 6-3,6-3,6-4 എന്ന സ്‌ക്കോറിന്‌ സ്‌പാനിഷ്‌ താരം ഇവാന്‍ നവാരോയെ തോല്‍പ്പിച്ചു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജെലീന ജാന്‍കോവിച്ച്‌ തകര്‍പ്പന്‍ പ്രകടനത്തില്‍ യോണ്‍ മെസ്‌ബര്‍ഗറെ 6-1, 6-3 എന്ന സ്‌ക്കോറിന്‌ തോല്‍പ്പിച്ചു. ഒരു മണിക്കൂറും പത്ത്‌ മിനുട്ടും ദീര്‍ഘിച്ച പോരാട്ടത്തിലാണ്‌ ജാന്‍കോവിച്ച്‌ പ്രതിയോഗിയെ വെള്ളം കുടിപ്പിച്ചത്‌. അഞ്ചാം സീഡ്‌ അന്ന ഇവാനോവിച്ച്‌ പൊരുതിക്കളിച്ച ജര്‍മന്‍ താരം ജൂലിയ ജോര്‍ജസിനെ പരാജയപ്പെടുത്താന്‍ പ്രയാസപ്പെട്ടു. സ്‌ക്കോര്‍ 7-5,6-3. മൂന്നാം സീഡ്‌ ദിനാര സാഫിന 6-3,6-4 എന്ന സ്‌ക്കോറിന്‌ അല കുദ്‌റാസേവയെ തോല്‍പ്പിച്ചു.
്‌സ്ലോവാക്യന്‍ പ്രതിയോഗി മഗ്‌ദലീന റിബറിക്കോവയെ തോല്‍പ്പിച്ച്‌ ഏഴാം സീഡ്‌ വീര വോണ്‍െവയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്‌. സ്‌ക്കോര്‍ 7-6,(7-2),6-0. 2003ന്‌ ശേഷം ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിലും രണ്ടാം റൗണ്ടിനപ്പുറം കടക്കാത്ത ജെലീന ഡോകിച്ച്‌ 6-2, 3-6, 6-4 എന്ന സ്‌ക്കോറിന്‌ താമിറ പാസക്കിനെ പരാജയപ്പെടുത്തി.

No comments: