Wednesday, January 28, 2009

SANATH- THE FAILED HERO.....


ജയസൂര്യയുടെ നേട്ടങ്ങള്‍
1-ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായം ചെന്ന താരം
2- ഏകദിന ക്രിക്കറ്റില്‍ 13,000 റണ്‍സ്‌ പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്‌മാന്‍.
3-ഏകദിന ക്രിക്കറ്റില്‍ 95-ാമത്‌ അര്‍ദ്ധശതകമാണ്‌ സനത്‌ പൂര്‍ത്തിയാക്കിയത്‌. 132 അര്‍ദ്ധ ശതകങ്ങള്‍ പിന്നിട്ട സച്ചിനാണ്‌ ഒന്നാമത്‌
4-ധാംബൂലയില്‍ ഒരു ബാറ്റ്‌സ്‌മാന്‍ ഇത്‌ രണ്ടാം തവണയാണ്‌ ഏകദിന സെഞ്ച്വറി സ്വന്തമാക്കുന്നത്‌. ഈ മൈതാനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറും ഇത്‌ തന്നെ.

കലക്ടീവ്‌ ഇന്ത്യ
ധാംബൂല: സനത്‌ ജയസൂര്യയുടെ സെഞ്ച്വറിയില്‍ ശ്രീലങ്ക സമാഹരിച്ച 246 റണ്‍സിന്റെ മൂലധനത്തെ ഗൗതം ഗാംഭീര്‍, സുരേഷ്‌ റൈന, ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളില്‍ പിറകിലാക്കി ഇന്ത്യ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ആറ്‌ വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. ധാംബൂലയില്‍ നടക്കുന്ന ഒരു പകല്‍ മല്‍സരത്തില്‍ ഏറ്റവുമുയര്‍ന്ന റണ്‍ ചേസ്‌ ചെയ്‌ത്‌ വിജയിക്കുന്ന ടീമെന്ന ബഹുമതി സ്വന്തമാക്കാനും ധോണിക്കും സംഘത്തിനുമായി. ടോസ്‌ നഷ്ടമായിട്ടും ആദ്യം ബാറ്റിംഗിന്‌ നിര്‍ബന്ധിതരായ ലങ്കന്‍ ഇന്നിംഗ്‌സില്‍ വെറ്ററന്‍ ജയസൂര്യയുടെ സെഞ്ച്വറി (107) മാത്രമായിരുന്നു ആശ്വാസം. ഇന്ത്യന്‍ മറുപടിയാവട്ടെ ഭാഗ്യത്തിന്റേതും ഒത്തൊരുമയുടേതുമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടക്കത്തില്‍ തന്നെ അമ്പയറുടെ വിഡ്ഡിത്തത്തില്‍ പുറത്തായിട്ടും ഗാംഭീറും റൈനയും ധോണിയും സമചിത്തത കൈവിട്ടില്ല. ലങ്കന്‍ ഫീല്‍ഡിംഗാവട്ടെ പലപ്പോഴും തരം താഴുകയും ചെയ്‌തു. ഗാംഭീര്‍, റൈന എന്നിവര്‍ തുടക്കത്തില്‍ നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ ഉപയോഗപ്പെടുത്തിയില്ല. നുവാന്‍ കുലശേഖര സ്വന്തം ബൗളിംഗില്‍ നടത്തിയ തകര്‍പ്പന്‍ ക്യാച്ചാവട്ടെ അമ്പയര്‍ അംഗീകരിച്ചുമില്ല. തിലാന്‍ തുഷാരയുടെ പന്തില്‍ റൈന നല്‍കിയ അവസരം പോയന്റില്‍ ലങ്കയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ തിലകരത്‌നെ ദില്‍ഷാന്‍ നിലത്തിട്ടപ്പോള്‍ ഗാംഭീര്‍ നല്‍കിയ എളുപ്പ ക്യാച്ച്‌ മഹേലക്കും കൈക്കുള്ളില്‍ നിയന്ത്രിക്കാനായില്ല.
സച്ചിന്‍ പെട്ടെന്ന്‌ മടങ്ങിയ സമ്മര്‍ദ്ദത്തില്‍ റൈനയും ഗാംഭീറും നല്‍കിയ അവസരങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ മല്‍സരത്തില്‍ പിടിമുറുക്കാന്‍ ലങ്കക്ക്‌ കഴിയുമായിരുന്നു. രണ്ട്‌ തവണ ഭാഗ്യത്തില്‍ രക്ഷപ്പെട്ട ഗാംഭീറും റൈനയും പിന്നെ തിരിഞ്ഞുനോക്കിയില്ല. ആദ്യ പത്ത്‌ ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 54 ല്‍ എത്തി. ഗാംഭീര്‍ ആക്രമണകാരിയായപ്പോള്‍ റണ്‍സും എളുപ്പം പിറന്നു. റൈനയും ഗാംഭീറും നല്‍കിയ അടിത്തറയില്‍ ധോണിയുടെ പക്വത കര്യങ്ങള്‍ എളുപ്പമാക്കി. മുത്തയ്യ മുരളീധരന്‍, അജാന്ത മെന്‍ഡിസ്‌ എന്നീ സ്‌പിന്നര്‍മാരുടെ പന്തുകള്‍ വളരെ വൈകി മാത്രം കൈകാര്യം ചെയ്‌ത നായകന്‍ ഒരു തരത്തിലുമുളള അവസരം നല്‍കിയില്ല. ഒരിക്കലും പതിവ്‌ ശൈലിയിലുളള കടന്നാക്രമണത്തിന്‌ ധോണി മുതിര്‍ന്നില്ല. ഗ്യാപ്പുകള്‍ കണ്ടെത്തിയാണ്‌ അദ്ദേഹം റണ്‍സ്‌ നേടിയത്‌. 27 സിംഗിളുകളും ഏഴ്‌ ഡബിളുകളും അദ്ദേഹം നേടി.
രാവിലെ ജയസൂര്യയുടെ മികച്ച ഇന്നിംഗ്‌സ്‌ കണ്ടു. 114 പന്തില്‍ 107 റണ്‍സാണ്‌ വെറ്ററന്‍ കരസ്ഥമാക്കിയത്‌. ഏകദിന ക്രിക്കറ്റില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ ബാറ്റ്‌സ്‌മാന്‍ എന്ന ബഹുമതി നാല്‍പ്പതാം വയസ്സില്‍ ജയസൂര്യയുടെ പേരിലായി. നാല്‍പ്പതാം വയസ്സില്‍ 212 ദിവസങ്ങള്‍ പിന്നിട്ട വേളയിലാണ്‌ തട്ടുതകര്‍പ്പന്‍ സെഞ്ച്വറി പിറന്നത്‌. പക്ഷേ ലങ്കന്‍ സംഘത്തിലെ ഫോമിലുളള താരം തിലകരത്‌നെ ദില്‍ഷാന്‍ റണ്ണൗട്ടായതില്‍ ജയസൂര്യക്ക്‌ പങ്കുണ്ടായിരുന്നു. ദില്‍ഷാന്റെ വിളി കേട്ട്‌ റണ്ണിന്‌ തുടക്കമിട്ട ജയസൂര്യ പകുതി വഴിയില്‍ തിരികെ ഓടിയപ്പോള്‍ ദില്‍ഷാന്റെ അന്തകനാവാന്‍ യൂസഫ്‌ പത്താനായി.
ഉണങ്ങി വരണ്ട പിച്ചല്‍ സ്‌പിന്നര്‍മാര്‍ വന്നപ്പോള്‍ ജയസൂര്യക്കും കുമാര്‍ സങ്കക്കാരക്കും റണ്‍ എളുപ്പമായിരുന്നില്ല. ജയസൂര്യയാണ്‌ കളിയിലെ കേമന്‍. പരമ്പരയിലെ അടുത്ത മല്‍സരം ശനിയാഴ്‌ച്ച കൊളംബോയില്‍ നടക്കും. ഇന്ത്യന്‍ വിജയം അച്ചടക്കത്തിന്റേതായിരുന്നുവെന്ന്‌ മഹേല അഭിപ്രായപ്പെട്ടപ്പോള്‍ ധോണി സ്വന്തം ബൗളര്‍മാര്‍ക്കാണ്‌ മാര്‍ക്ക്‌ നല്‍കിയത്‌.
സ്‌ക്കോര്‍കാര്‍ഡ്‌
ലങ്ക: ദില്‍ഷാന്‍-റണ്ണൗട്ട്‌-0, ജയസൂര്യ-സി-മുനാഫ്‌-ബി-സഹീര്‍-107, സങ്കക്കാര-സി-റൈന-ബി-ഒജ-44, കാഡംബി-സി-സഹീര്‍-ബി-ഇഷാന്ത്‌-17, മഹറൂഫ്‌-ബി-ഇഷാന്ത്‌-35, മഹേല-സി-രോഹിത്‌-ബി-ഇഷാന്ത്‌-11, കപ്പുഗുഡേര-റണ്ണൗട്ട്‌-15, തുഷാര-നോട്ടൗട്ട്‌-12, കുലശേഖര-നോട്ടൗട്ട്‌-0. എക്‌സ്‌ട്രാസ്‌ 5, ആകെ 50 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 246.
വിക്കറ്റ്‌ പതനം: 1-0 (ദില്‍ഷാന്‍), 2-118 (സങ്ക), 3-169 (കാഡംബി), 4-171 (സനത്‌), 5-205 (മഹേല), 6-222 (മഹറൂഫ്‌), 7-245 (കപ്പുഗുഡേര). ബൗളിംഗ്‌: സഹീര്‍ 10-2-40-1, മുനാഫ്‌ 5-0-32-0, ഇഷാന്ത്‌ 10-1-52-3, ഒജ 10-0-52-1, യൂസഫ്‌ 7-0-32-0, റൈന 4-0-16-0, രോഹിത്‌ 4-1-22-0.
ഇന്ത്യ: ഗാംഭീര്‍-സി-കാഡംബി-ബി-മുരളി-62, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-തുഷാര-5, റൈന-റണ്ണൗട്ട്‌-54, യുവരാജ്‌-സി-മുരളി-ബി-മഹറൂഫ്‌-23, ധോണി-നോട്ടൗട്ട്‌-61, രോഹിത്‌-നോട്ടൗട്ട്‌-25, എക്‌സ്‌ട്രാസ്‌ 17, ആകെ 48.1 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 247.
വിക്കറ്റ്‌ പതനം: 1-13 (സച്ചിന്‍), 2-126 (ഗാംഭീര്‍), 3-137 (റൈന), 4-181 (യുവി). ബൗളിംഗ്‌ കുലശേഖര 7-0-32-0, തുഷാര 8-0-44-1, മഹറൂഫ്‌ 8-0-35-0, മെന്‍ഡീസ്‌ 10-0-47-0, മുരളി 10-0-52-1, ദില്‍ഷാന്‍ 5.1-0-29-0.

ലാഹോര്‍: രാജിയെന്നാല്‍ അത്‌ ജാവേദ്‌ മിയാന്‍ദാദാണ്‌... ! ഇതാ അദ്ദേഹം വീണ്ടും രാജി നല്‍കിയിരിക്കുന്നു... പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആദരപൂര്‍വ്വം രണ്ട്‌്‌ മാസം മുമ്പ്‌ സമ്മാനിച്ച ഡയരക്ടര്‍ ജനറല്‍ സ്ഥാനമാണ്‌ മിയാന്‍ദാദ്‌ എന്ന പൊട്ടിത്തെറിക്കാരന്‍ വലിച്ചെറിഞ്ഞിരിക്കുന്നത്‌. പി.സി.ബി മൂന്ന്‌ തവണ ദേശീയ ടീമിന്റെ പരിശീലക കുപ്പായം നല്‍കിയപ്പോള്‍ പല കാരണങ്ങളാല്‍ രാജി നല്‍കിയ മിയാന്‍ദാദിന്റെ നാലാമത്‌ രാജിക്ക്‌ പക്ഷേ ഒരു പ്രത്യേകതയുണ്ട്‌-അദ്ദേഹം പൊട്ടിത്തെറിച്ചല്ല രാജി നല്‍കിയിരിക്കുന്നത്‌. ശാന്തനായാണ്‌ പി.സി.ബി തലവന്‌ രാജി നല്‍കിയതും അതിന്‌ ശേഷം ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടതും.
പാക്കിസ്‌താന്‍ ക്രിക്കറ്റിലെ ഇതിഹാസ താരത്തെ പെട്ടെന്ന്‌ പ്രകോപിതനാക്കിയത്‌ പി.സി.ബിയുടെ അടിയന്തിര തീരുമാനമാണ്‌. ഡയരക്ടര്‍ ജനറല്‍ എന്ന പദവിയില്‍ തനിക്ക്‌ എന്തെല്ലാം ചെയ്യാനാവും, എന്താണ്‌ തന്റെ അധികാരങ്ങള്‍ എന്നെല്ലാം മിയാന്‍ദാദ്‌ പരസ്യമായി ചോദിക്കാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങളായി. ഇത്‌ വരെ ഡയരക്‌ടര്‍ ജനറലിന്റെ അധികാരങ്ങള്‍ വിഭജിച്ചു നല്‍കാതിരുന്ന പി.സി.ബി ഇന്നലെ മിയാന്‍ദാദിന്‌ ഔദ്യോഗിക ഉത്തരവ്‌ നല്‍കി. അത്‌ പ്രകാരം ആഭ്യന്തര ക്രിക്കറ്റിന്റെ വികസനവും പുരോഗതിയുമാണ്‌ ഡയരക്ടര്‍ ജനറലിന്റെ അധികാര പരിധിയില്‍ വരുന്നത്‌. ഇതിന്‌ തന്നെ കിട്ടില്ല എന്ന്‌ വ്യക്തമാക്കിയാണ്‌ അദ്ദേഹം രാജി നല്‍കിയത്‌.
തന്നെ പോലെ ഒരു ക്രിക്കറ്ററെ ആഭ്യന്തര ക്രിക്കറ്റിന്റെ ചുറ്റുവട്ടത്തില്‍ തളക്കുന്നതില്‍ നിരാശ പ്രകടിപ്പിക്കാനും മിയാന്‍ദാദ്‌ മറന്നില്ല. ദേശീയ ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും താല്‍പ്പര്യമുണ്ടെന്നും എന്നാല്‍
ഈ രാജിയില്‍ എല്ലാം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. എനിക്ക്‌ പി.സി.ബിയുമായി പിണക്കമില്ല. അവരെനിക്ക്‌ ഒരു ജോലി നല്‍കി. എനിക്ക്‌ അതില്‍ താല്‍പ്പര്യമില്ല. അതിനാല്‍ വിടുന്നു. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ ഇനി ലഭിക്കുന്ന അവസരങ്ങളും ഉപയോഗപ്പെടുത്തും. രാജ്യത്ത്‌ ക്രിക്കറ്റ്‌ വളര്‍ന്നു പന്തലിക്കുന്നത്‌ കാണാന്‍ എല്ലാവരെയും പോലെ എനിക്കും താല്‍പ്പര്യമുണ്ട്‌-മിയാന്‍ദാദിന്റെ വാക്കുകള്‍.
ഇജാസ്‌ ഭട്ട്‌ ചെയര്‍മാനായി പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പുന: സംഘടപ്പിക്കപ്പെട്ടപ്പോഴാണ്‌ ഡയരക്ടര്‍ ജനറലിന്റെ ജോലി മിയാന്‍ദാദിന്‌ നല്‍കിയത്‌. എന്നാല്‍ ഡയരക്ടര്‍ ജനറലിന്‌ എവിടെ വരാം പോവാം എന്ന കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വമായിരുന്നു. ഒരു ട്രാക്ക്‌ സ്യൂട്ട്‌ ലഭിച്ചാല്‍ ഗ്രൗണ്ടിലിറങ്ങി കളിക്കാരെ പരിശീലിപ്പിക്കാന്‍ താന്‍ റെഡിയാണെന്ന്‌ കഴിഞ്ഞ ദിവസം മിയാന്‍ദാദ്‌ പറഞ്ഞിരുന്നു. പാക്കിസ്‌താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തരായ താരങ്ങളുണ്ട്‌. അവര്‍ക്ക്‌ പ്രോല്‍സാഹനം നല്‍കണം. അവരെ വളര്‍ത്തിയെടുക്കണം. രാജ്യാന്തര തലത്തില്‍ കളിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കണം തുടങ്ങിയ ആശയഗതികളുമായി നടന്നിരുന്ന മുന്‍ നായകന്‌ പി.സി.ബി യുടെ പുതിയ നിയന്ത്രണങ്ങള്‍ ദഹിച്ചില്ല.
മിയാന്‍ദാദിന്റെ രാജിയുടെ കാരണങ്ങള്‍ വിശദീകരിക്കന്‍ പി.സി.ബി ഡയരക്ടര്‍ വസീം ബാരി തയ്യാറായില്ല. എന്നാല്‍ പി.സി.ബിയുമായി ബന്ധപ്പെട്ട ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥാന്‍ പറഞ്ഞത്‌ പുതിയ പദവിയിലെ പ്രതിഫല കാര്യത്തില്‍ മിയാന്‍ദാദിന്‌ താല്‍പ്പര്യമില്ലെന്നും രാജി അതിനാലാണെന്നും. പക്ഷേ ഈ വാദം മിയാന്‍ദാദ്‌ അംഗീകരിക്കുന്നില്ല. പണത്തെ സ്‌നേഹിച്ചല്ല ക്രിക്കറ്റിലേക്ക്‌ വന്നതെന്നും പ്രതിഫലം കുറവായത്‌ കൊണ്ടല്ല രാജിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ എന്നും തലവേദന സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ്‌ മിയാന്‍ദാദ്‌. താരമായപ്പോള്‍ ക്യാപ്‌റ്റനും സഹതാരങ്ങള്‍ക്കുമെല്ലാം അദ്ദേഹം തീരാ തലവേദനയായിരുന്നു. കളിക്കളം വിട്ട്‌ കോച്ചായപ്പോള്‍ പലവട്ടം അധികാരികളുമായി പിണങ്ങി. ഇപ്പോഴിതാ ഭരണരംഗത്തു നിന്നും രാജി... രാജിയെന്നാല്‍ മിയാന്‍ദാദ്‌ തന്നെ..

മാലിക്കിനെ മാറ്റിയതില്‍ മിയാന്‍ദാദിന്‌ വിയോജിപ്പ്‌
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡയരക്ടര്‍ ജനറല്‍ പദവിയില്‍ നിന്നും ജാവേദ്‌ മിയാന്‍ദാദ്‌ രാജി വെക്കാന്‍ കാരണം പാക്കിസ്‌താന്‍ ടീമിന്റെ നായകസ്ഥാനത്ത്‌ നിന്നും ഷുഹൈബ്‌ മാലിക്കിനെ മാറ്റിയത്‌ കൊണ്ടാണെന്ന്‌ റിപ്പോര്‍ട്ടുകള്‍. മിയാന്‍ദാദിന്റെ വിശ്വസ്‌തനായിരുന്നു മാലിക്‌. പാക്കിസ്‌താന്‍ ക്രിക്കറ്റിനെ സീനിയര്‍ താരങ്ങളുടെ പിടിയില്‍ നിന്നും മുക്തമാക്കാന്‍ യുദ്ധത്തിനിറങ്ങിയ മിയാന്‍ദാദിന്റെ കവചമായിരുന്നു മാലിക്‌. മാലിക്കിന്‌ പകരം സീനിയര്‍ താരമായ യൂനസ്‌ഖാനെ കഴിഞ്ഞ ദിവസമാണ്‌ പി.സി.ബി ദേശീയ ടീമിന്റെ നായകനാക്കിയത്‌.
മിയാന്‍ദാദിന്‌ താല്‍പ്പര്യമില്ലാത്ത താരമാണ്‌ യൂനസ്‌ഖാന്‍. പലവട്ടം ക്യാപ്‌റ്റന്‍സി നീട്ടിയപ്പോഴും പല കാരണങ്ങളാല്‍ പിന്മാറിയ യൂനസിന്‌ ഇപ്പോള്‍ വീണ്ടും ഉന്നതപദവി നല്‍കിയതിനോട്‌ അദ്ദേഹത്തിന്‌ ശക്തമായ വിയോജിപ്പുണ്ട്‌. ദേശീയ ക്രിക്കറ്റിലെ പ്രശ്‌നങ്ങളില്‍ മിയാന്‍ദാദ്‌ അഭിപ്രായം പറയാതിരിക്കാന്‍ വേണ്ടിയാണ്‌ വളരെ വൈകി അദ്ദേഹത്തിന്റെ ജോലി ഇന്നലെ പി.സി.ബി വ്യക്തമാക്കിയത്‌. ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ പാക്കിസ്‌താന്‍ നാടകീയമായി തകര്‍ന്നതിനെ തുടര്‍ന്നാണ്‌ പി.സി.ബി മാലിക്കിനെ പുറത്താക്കിയത്‌. ഒരു മാസം മുമ്പാണ്‌ മാലിക്കിനെ ടീമിന്റെ നായകനായി അനിശ്ചിത കാലത്തേക്ക്‌ പ്രഖ്യാപിച്ചത്‌. ഒരു പരാജയത്തിന്റെ വെളിച്ചത്തില്‍ ടീമില്‍ വരുത്തിയ അഴിച്ചുപണി മിയാന്‍ദാദിനോട്‌ അഭിപ്രായം ചോദിക്കാതെയായിരുന്നു.

വീണ്ടും ഭൂകമ്പം
കറാച്ചി: ഒരു ദിവസം ഷുഹൈബ്‌ മാലിക്കിനെ നായകസ്ഥാനത്ത്‌ നിന്ന്‌ നീക്കി യൂനസ്‌ഖാനെ പുതിയ നായകനാക്കുന്നു. അടുത്ത ദിവസം പി.സി.ബി ഡയരക്ടര്‍ ജനറല്‍ സ്ഥാനത്ത്‌ നിന്ന്‌ ജാവേദ്‌ മിയാന്‍ദാദ്‌ രാജി നല്‍കുന്നു......
പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ വീണ്ടും ഭൂകമ്പത്തിന്റെ സൂചനകള്‍ കണ്ട്‌ തുടങ്ങിയിരിക്കുകയാണ്‌. അല്‍പ്പകാലം പാക്‌ ക്രിക്കറ്റ്‌ സംഭവരഹിതമായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ രാജ്യത്തേക്ക്‌ കളിക്കാന്‍ ഒരു ടീമു വരാത്ത സാഹചര്യത്തില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ പര്യടനത്തോടെ കാറും കോളുമെല്ലാം മറനീക്കി പുറത്ത്‌ വന്നിരിക്കുന്നു. ക്യാപ്‌റ്റനായിരുന്ന ഷുഹൈബ്‌ മാലിക്‌ ടീമിലെ സീനിയര്‍താരമായ ഷുഹൈബ്‌ അക്തറിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയതിനെ പലരും ചോദ്യം ചെയ്‌തു. ട
ീമിലെ ഒരംഗത്തിനെതിരെ നായകന്‍ തന്നെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നത്‌ അച്ചടക്ക ലംഘനമായിരുന്നു. തെറ്റ്‌ മനസ്സിലാക്കി അടുത്ത ദിവസം തന്നെ മാലിക്‌ തിരുത്തി. എന്നാല്‍ ലാഹോറിലെ മൂന്നാം മല്‍സരത്തില്‍ ടീം ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളൊന്ന്‌ രുചിച്ചപ്പോള്‍ മാലിക്കിനെതിരെ കരുനീക്കം ആരംഭിച്ചു. ലാഹോര്‍ മല്‍സരത്തിന്റെ അടുത്ത ദിവസം പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ യൂനസ്‌ഖാനുമായി അര മണിക്കൂര്‍ രഹസ്യചര്‍ച്ച നടത്തി. രണ്ട്‌ വട്ടം ക്യാപ്‌റ്റന്‍സി നല്‍കിയപ്പോഴും അത്‌ നിരസിച്ച യൂനസിന്‌ നായകസ്ഥാനത്തോട്‌ താല്‍പ്പര്യമുണ്ടോ എന്നറിയാനായിരുന്നു കൂടിക്കാഴ്‌ച്ച. നായകനാവാന്‍ താല്‍പ്പര്യക്കുറവില്ലെന്ന്‌ യൂനസ്‌ അറിയിച്ചപ്പോള്‍ തന്നെ ചിത്രം വ്യക്തമായി. ഉടന്‍ തന്നെ ഭട്ട്‌ പി.സി.ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ യോഗത്തിന്റെ വികാരവും മാലിക്കിന്‌ എതിരായിരുന്നു. ഉന്നതതല യോഗത്തിലേക്ക്‌ പക്ഷേ മിയാന്‍ദാദിനെ വിളിച്ചില്ല. ഉന്നതതല യോഗത്തിന്‌ ശേഷം ഭട്ട്‌ മാലിക്കിനെ വിളിച്ച്‌ നായകസ്ഥാനത്ത്‌ നിന്ന്‌ രാജി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാതെ മാലിക്‌ അനുസരിച്ചു. ഇതേ ഭട്ടാണ്‌ രണ്ടാഴ്‌ച്ച മുമ്പ്‌ മാലിക്കിനെ അനിശ്ചിത കാലത്തേക്ക്‌ ടീമിന്റെ നായകനായി പ്രഖ്യാപിച്ചത്‌.
ഷുഹൈബ്‌ അക്തര്‍, ഷാഹിദ്‌ അഫ്രീദി എന്നീ രണ്ട്‌ സീനിയര്‍ താരങ്ങള്‍ മാലിക്കിനെതിരെ രംഗത്ത്‌ വന്നിരുന്നു. ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട്‌ കൊണ്ടുപോവാന്‍ മാലിക്കിന്‌ കഴിയുന്നില്ല എന്ന പരാതി മറ്റ്‌ ചിലരും ഉന്നയിച്ചു. ലാഹോര്‍ മല്‍സരത്തിന്റെ തലേദിവസം ടീമിലെ എല്ലാവരും ടീം ഹോട്ടലില്‍ തങ്ങിയപ്പോള്‍ മാലിക്‌ ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിലാണ്‌ താമസിച്ചത്‌. നേരത്തെ സീനിയര്‍ താരം മുഹമ്മദ്‌ യൂസഫ്‌ മാലിക്കിനെതിരെ രംഗത്ത്‌ വന്നതും പി.സി.ബി ഉന്നതര്‍ കണക്കിലെടുത്തു.
പുതിയ നായകന്‍ യൂനസ്‌ഖാന്‍ എല്ലാവര്‍ക്കും സ്വീകാര്യനല്ല. സ്വന്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്‌ അദ്ദേഹം. അടുത്ത മാസം ലങ്കക്കെതിരെ നടക്കുന്ന രണ്ട്‌ മല്‍സര ടെസ്റ്റ്‌ പരമ്പരയാണ്‌ യൂനസിന്റെ ആദ്യ വേദി.


ഗോള്‍ക്കീപ്പിംഗ്‌ ക്യാമ്പ്‌
കോഴിക്കോട്‌: നാളെയുടെ ഗോള്‍ക്കീപ്പര്‍മാരെ കണ്ടെത്താന്‍ മുഖദാറിലെ മൗലാനാ മൈതാനത്ത്‌ യുവഭാവനാ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കോച്ചിംഗ്‌ ക്യാമ്പ്‌ ആരംഭിച്ചു. മുന്‍ ഗോള്‍ക്കീ്‌പറും പ്രശസ്‌ത പരിശീലകനുമായ എസ്‌.എം അബൂബക്കര്‍ സിദ്ദിഖാണ്‌ ക്യാമ്പിന്‌ നേതൃത്ത്വം നല്‍കുന്നത്‌. താല്‍പ്പര്യമുളളവര്‍ 9895173067 എന്ന നമ്പറില്‍ ബന്ധപ്പെടണം. 1974 മുതല്‍ ഫുട്‌ബോളിലുള്ള സിദ്ദിഖിന്‌ കീഴില്‍ പരിശീലിച്ച പല രുമിന്ന്‌ ഉയര്‍ന്ന ക്ലബുകളില്‍ കളിക്കുന്നവരാണ്‌. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന സിദ്ദിഖ്‌ മലപ്പുറം സ്‌പോര്‍ട്‌സ്‌ സ്‌ക്കൂളിലൂടെയാണ്‌ വളര്‍ന്നത്‌. നാളെയുടെ താരങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സിദ്ദിഖ്‌ തന്റെ ക്യാമ്പിലെ കുട്ടികള്‍ക്ക്‌ ഫുട്‌ബോള്‍ കിറ്റുകള്‍ നല്‍കാന്‍ സ്‌പോണ്‍സര്‍മാരെ തേടുകയാണ്‌.

നദാല്‍ മുന്നോട്ട്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ പുരുഷ വിഭാഗം ഒന്നാം സീഡ്‌ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നദാല്‍ 6-2, 7-5, 7-5 എന്ന സ്‌ക്കോറിന്‌ ഫ്രാന്‍സിന്റെ ജൈല്‍സ്‌ സൈമയെ പരാജയപ്പെടുത്തി. നാളെ നടക്കുന്ന സെമിയില്‍ നദാല്‍ സ്വന്തം നാട്ടുകാരനായ ഫെര്‍ണാണ്ടോ വെര്‍ദോസ്‌കോയെ നേരിടും. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ്‌ സോംഗയെയാണ്‌ വെര്‍ദോസ്‌്‌ക്ക്‌ തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 7-6, (7-2),3-6, 6-3, 6-2. വനിതാ സിംഗിള്‍സില്‍ തകര്‍പ്പന്‍ പോരാട്ടത്തില്‍ രണ്ടാം സീഡ്‌ സറീന വില്ല്യംസ്‌ സെത്‌ലാന കുസന്‍സോവയെ തോല്‍പ്പിച്ച്‌ സെമിയിലെത്തി. സ്‌ക്കോര്‍ 5-7, 7-5, 6-1. സെമിയില്‍ എലേന ഡെമിത്തേവയാണ്‌ സറീനയുടെ പ്രതിയോഗി. നാലാം സീഡായ ഡെമിത്തേവ കാര്‍ല സോറസ്‌ നവാരോയെ പരാജയപ്പെടുത്തി.സ്‌ക്കോര്‍ 6-2, 6-2.
സാനിയ സെമി
മെല്‍ബണ്‍: ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-സാനിയ മിര്‍സ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ മിക്‌സഡ്‌ ഡബിള്‍സ്‌ സെമി ഫൈനല്‍ ബെര്‍ത്ത്‌ സ്വന്തമാക്കി. സീഡ്‌ ചെയ്യപ്പെടാത്ത ഇന്ത്യന്‍ ജോഡി കാനഡയുടെ അലക്‌സാണ്ടര്‍ വോസ്‌നിക്‌-ഡാനിയല്‍ നെസ്‌റ്റര്‍ സഖ്യത്തെ പരാജയപ്പെടുത്തി. പുരുഷ ഡബിള്‍സില്‍ മഹേഷ്‌, ബഹമാസിന്റെ മാര്‍ക്‌ നോളസ്‌ ടീം സെമിയിലെത്തിയിട്ടുണ്ട്‌. അതേ സമയം ലിയാന്‍ഡര്‍ പെയ്‌സ്‌ പുറത്തായി. മിക്‌സഡ്‌ ഡബിള്‍സിലും പെയ്‌സിന്‌ പരാജയമേറ്റു. ഒന്നാം സീഡായ പെയ്‌സ്‌-കാര്‍ ബ്ലാക്‌ സഖ്യം സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പാറ്റി ഷിന്‍ഡര്‍ -ദക്ഷിണാഫ്രിക്കയുടെ വെസ്ലി മോഡി സഖ്യത്തോട്‌ തോറ്റു.

No comments: