Friday, January 9, 2009

CALICUT PREMIER

കോഴിക്കോട്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ (ഇ.പി.എല്‍) പരിശീലകരുടെ കീഴീല്‍ അല്‍പ്പനാള്‍ പരിശീലനത്തിന്‌ കേരളത്തിന്റെ യുവപരിശീലകര്‍ക്ക്‌ അവസരം. ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെയും ഇ.എസ്‌.പി.എന്‍-സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെയും നൈക്കിയുടെയും സഹകരണത്തോടെ കേരള ഫുട്‌ബോള്‍ അസോസിയഷന്‍ നടത്തുന്ന പ്രീമിയര്‍ സ്‌കില്‍സ്‌ കോച്ചിംഗ്‌ ക്യാമ്പിന്‌ ഇന്നലെ ഇവിടെ തുടക്കമായി. ആറ്‌ ദിവസം ദീര്‍ഘിക്കുന്ന ക്യാമ്പ്‌ 15 ന്‌ അവസാനിക്കും. വിഖ്യാത പരിശീലകന്‍ റോബി എര്‍ലിക്കൊപ്പം ജെറാത്‌ ഹ്യൂഗ്‌സ്‌ (മാഞ്ചസ്റ്റര്‍ സിറ്റി), ജോണി ഗാര്‍സൈഡ്‌ (എവര്‍ട്ടണ്‍), ആദം ബ്രൗണ്‍ (പോര്‍ട്‌സ്‌മൗത്ത്‌) എന്നിവരാണ്‌ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പരിശീലകരെ പരിശീലിപ്പിക്കാന്‍ എത്തിയിരിക്കുന്നത്‌. ക്യാമ്പിന്റെ ഔപചാരികമായ ഉദ്‌ഘാടനം മാനാഞ്ചിറ മൈതാനത്ത്‌ മേയര്‍ എം. ഭാസ്‌ക്കരന്‍ നിര്‍വഹിച്ചു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും വിജയകരമായി നടത്തിയ ക്യാമ്പിന്‌ ശേഷമാണ്‌ ഇ.പി.എല്‍ സംഘം കോഴിക്കോട്ടെത്തിയത്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 44 പരിശീലകരാണ്‌ ക്യാമ്പിലുള്ളത്‌.
ഇന്ത്യയിലെ പരിശീലകരുടെ അടിസ്ഥാന പ്രശ്‌നം കായിക ക്ഷമതയിലെ പിന്നോക്കാവസ്ഥയാണെന്നും ഈ കാര്യത്തിലെ പരാധീനതകള്‍ അകറ്റുന്നതിനുളള വഴികളായിരിക്കും ആറ്‌ ദിവസത്തെ ക്യാമ്പില്‍ പ്രധാനമായും നടത്തുകയെന്നും ഹെഡ്‌ കോച്ച്‌ റോബി എര്‍ലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2007 ല്‍ ഈജിപ്‌തിന്റെ ആസ്ഥാനമായ കെയ്‌റോയില്‍ ആരംഭിച്ചതാണ്‌ ബ്രിട്ടീഷ്‌്‌ കൗണ്‍സിലിന്റെ ഉന്നത പരിശീലക പരിപാടി. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ക്യാമ്പ്‌ നടന്നിരുന്നു. ഈ ക്യാമ്പുകള്‍ വിജയപ്രദമായിരുന്നെന്നും ഇതില്‍ നിന്നും ഊര്‍ജ്ജമുള്‍കൊണ്ടാണ്‌ കോഴിക്കോട്ടും ഇനി ഗോവയിലും ക്യാമ്പുകള്‍ തുടങ്ങാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോളില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ്‌ ബ്രിട്ടീഷ്‌ കൗണ്‍സില്‍ കോച്ചിംഗ്‌ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നതെന്ന്‌ കൗണ്‍സില്‍ ഡയരക്ടര്‍ ക്രിസ്‌ ഗിബ്‌സണ്‍ പറഞ്ഞു. ഇന്ത്യ, ചൈന, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ്‌ കൗണ്‍സില്‍ ലക്ഷ്യമിട്ടിരിക്കുന്ന സെന്ററുകള്‍.
പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലകര്‍ക്ക്‌ ഫുട്‌ബോളിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കൊപ്പം അവരുടെ ഇംഗ്ലീഷ്‌ പരിജ്ഞാനം ഉയര്‍ത്താനും ക്യാമ്പ്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നുണ്ട്‌്‌.
കോഴിക്കോടിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിന്‌ കരുത്ത്‌ പകരാന്‍ ക്യാമ്പ്‌ കൊണ്ട്‌ കഴിയുമെന്ന്‌ മേയര്‍ എം.ഭാസ്‌ക്കരന്‍ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബ്രീട്ടീഷ്‌ കൗണ്‍സില്‍ പ്രതിനിധികള്‍ കോഴിക്കോട്ട്‌ ചര്‍ച്ചകള്‍ക്കായി വന്നപ്പോള്‍ അവര്‍ക്ക്‌ എല്ലാവിധ സഹായവും തുടക്കം മുതല്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. നഷ്ടപ്പെട്ടു പോയ കോഴിക്കോടിന്റെ ഫുട്‌ബോള്‍ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ തനിക്ക്‌ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്‌ ഗിബ്‌സണ്‍ അദ്ധ്യക്ഷനായിരുന്നു. കെ.എഫ്‌.എ സെക്രട്ടറി കെ.പി സണ്ണി, റോബി എര്‍ലി, കെ.എഫ്‌.എ വൈസ്‌ പ്രസിഡണ്ട്‌ എം.ഇ.ബി കുറുപ്പ്‌ , കെ.എഫ്‌.എ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ മൈക്കല്‍ ആന്‍ഡ്ര്യൂസ്‌, കെ.ഡി.എഫ്‌. എ സെക്രട്ടറി ഹരിദാസ്‌ എന്നിവര്‍ സംസാരിച്ചു.

സ്‌മിത്ത്‌ തല്‍ക്കാലം സര്‍ജറിക്കില്ല
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ടെന്നിസ്‌ എല്‍ബോ പ്രശ്‌നത്തില്‍ ഓസ്‌ട്രേലിയന്‍ പര്യടനം വെട്ടിചുരുക്കി നാട്ടിലേക്ക്‌ മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌ തല്‍ക്കാലം ശസ്‌ത്രക്രിയാ ടേബിളിലേക്കില്ല. ശസ്‌ത്രക്രിയ നടത്തിയാല്‍ മൂന്ന്‌ മാസത്തിലധികം പുറത്തിരിക്കേണ്ടി വരുമെന്നും തിരക്കേറിയ രാജ്യാന്തര ഷെഡ്യൂളില്‍ ഈ കാലയളവ്‌ തനിക്ക്‌ വലിയ നഷ്ടമാവുമെന്നും വ്യക്തമാക്കിയ സ്‌മിത്ത്‌ തല്‍ക്കാലം ഒരു സര്‍ജനെ കാണാനും ചികില്‍സ നടത്താനുമാണ്‌ ഒരുങ്ങുന്നത്‌. അടുത്ത മാസം ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ വരുമ്പോള്‍ ടീമിനായി കളിക്കാന്‍ സ്‌മിത്തിന്‌ താല്‍പ്പര്യമുണ്ട്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്‌മിത്ത്‌ നയിച്ച ദക്ഷിണാഫ്രിക്ക 1-2ന്‌ ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കിയിരുന്നു. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ പരുക്ക്‌ മറന്നാണ്‌ അദ്ദേഹം കളിച്ചത്‌.

ദില്‍ഷാന്‍ ടീമില്‍
കൊളംബോ: പാക്കിസ്‌താനെതിരായ മൂന്ന്‌ മല്‍സര ഏകദിന പരമ്പരക്കുളള ശ്രീലങ്കന്‍ ടീമില്‍ മധ്യനിര ബാറ്റ്‌സ്‌മാന്‍ തിലകരത്‌നെ ദില്‍ഷാനെ ഉള്‍പ്പെടുത്തി. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്കുളള ടീമില്‍ നിന്ന്‌ നേരത്തെ ദില്‍ഷാനെ തഴഞ്ഞിരുന്നു. എന്നാല്‍ ചിറ്റഗോംഗില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിന്റെ രണ്ട്‌ ഇന്നിംഗ്‌സിലും സെഞ്ച്വറി സ്വന്തമാക്കി ദില്‍ഷാന്‍ കരുത്ത്‌ തെളിയിച്ചിരുന്നു. ജനുവരി 21 നാണ്‌ ലങ്കന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം ആരംഭിക്കുന്നത്‌.

ആന്‍ഡി ഫ്‌ളവര്‍ കോച്ചാവും
ലണ്ടന്‍:പീറ്റര്‍ മൂറിന്‌ പകരം ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ കോച്ചായി സിംബാബ്‌വെയുടെ മുന്‍ നായകന്‍ ആന്‍ഡി ഫ്‌ളവര്‍ സ്ഥാനമേല്‍ക്കാന്‍ സാധ്യത. മൂറിന്റെ അസിസ്‌റ്റന്‍ഡായി സേവനമനുഷ്ടിക്കുകയായിരുന്നു ഇത്‌ വരെ ഫ്‌ളവര്‍. വിന്‍ഡീസിലേക്ക്‌ പുറപ്പെടാന്‍ നില്‍ക്കുന്ന ഇംഗ്ലീഷ്‌ ടീമിന്‌ ഇപ്പോള്‍ പരിശീലകനില്ലാത്ത അവസ്ഥയാണ്‌. ഈ കുറവ്‌ നികത്താന്‍ ഫ്‌ളവറിന്‌ തന്നെ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അവസരം നല്‍കും. ഏകദിന ടീമിന്റെ നായക സ്ഥാനവും ആന്‍ഡ്ര്യൂ സ്‌ട്രേസിന്‌ നല്‍കാനും ധാരണയായതായി ബി.ബി.സി റിപ്പോര്‍ട്ട്‌ ചെയ്‌തു. നിലവില്‍ സ്‌ട്രോസിന്‌ ടെസ്‌റ്റ്‌ ടീമിന്റെ നായകസ്ഥാനം മാത്രമാണ്‌ നല്‍കിയിരിക്കുന്നത്‌. 2007 ലെ ലോകകപ്പിന്‌ ശേഷം സ്‌ട്രോസ്‌ ഇംഗ്ലണ്ടിന്റെ ഏകദിന ടീമില്‍ കളിച്ചിട്ടില്ല. എങ്കിലും ഏകദിന ക്രിക്കറ്റില്‍ ടീമിനെ പ്രതിനിധീകരിക്കാനുളള താല്‍പ്പര്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്‌. ഏകദിന ടീമിനെ നയിക്കാന്‍ അനുയോജ്യനായ മറ്റൊരാള്‍ ഇല്ലാത്തതിനാല്‍ സ്‌ട്രോസിന്‌ തന്നെ അവസരം ലഭിക്കും.

പ്രിമിയര്‍ ലഗില്‍ ഇന്ന്‌ പോരാട്ടങ്ങളഅ#
ലണ്ടന്‍: ക്രിസ്‌തുമസ്സ്‌ അവധിക്ക്‌ ശഏം ഇംഗ്ലീഷ്‌ പ്രമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ പോരാട്ടങ്ങല്‍ പുനരാരംഭിക്കുന്നു. ഇന്ന്‌ എട്ട്‌ മല്‍സരങ്ങളുണ്ട്‌. അവ ഇപ്രകാരം: ആഴ്‌ലസനല്‍-ബോള്‍ട്ടണ്‍, ആസ്‌റ്റണ്‍വില്ല-വെസ്‌റ്റ്‌ ബ്രോം, എവര്‌ട്ടണ്‍-ഹള്‍, ഫുള്‍ഹാം-ബ്ലാക്‌ബര്‍ണ്‍, മിഡില്‍സ്‌ ബോറോ-സുതര്‍ലാന്‍ഡ്‌, ന്യൂകാസില്‍-വെസ്‌റ്റഅ ഹാം,പോര്‍ട്‌സ്‌മൗത്ത്‌-മാഞ്ചസ്‌റ്റര്‍ സിറ്റി, സ്‌റ്റോക്‌-ലിവര്‍പൂള്‍. നാളെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയും തമ്മിലുളള തകര്‍പ്പന്‍ അങ്കമുണ്ട്‌.

No comments: