Thursday, January 1, 2009

NEW YEAR SHOCK

ന്യൂ ഇയര്‍ ആഘാതം
സിഡ്‌നി: പുതിയ വര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്‌ കനത്ത ആഘാതം. ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്‌ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന 20-20 മല്‍സരത്തിലും ഏകദിന പരമ്പരയിലും പരുക്ക്‌ കാരണം കളിക്കാനാവില്ല. പക്ഷേ നാളെ ഇവിടെ ആരംഭിക്കുന്ന മൂന്നാം ടെസ്‌റ്റില്‍ അദ്ദേഹം പങ്കെടുക്കും. ടെസ്‌റ്റ്‌ മല്‍സരത്തിന്‌ ശേഷം സ്‌മിത്ത്‌ നാട്ടിലേക്ക്‌ മടങ്ങുമെന്ന്‌ കോച്ച്‌ മിക്കി ആര്‍തര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ സ്വന്തം ടീമിന്‌ രാജകീയ വിജയം ഒരുക്കിയത്‌ സ്‌മിത്താണ്‌. ക്യാപ്‌റ്റനായും ബാറ്റ്‌സ്‌മാനായും അദ്ദേഹത്തിന്റെ സേവനങ്ങളാണ്‌ പെര്‍ത്തിലും മെല്‍ബണിലും ഓസ്‌ട്രേലിയയെ പിറകിലാക്കാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്‌.
കൈക്കുഴയിലെ പരുക്കുമായി ദീര്‍ഘകാലമായി സ്‌മിത്ത്‌ നടക്കുന്നു. ഇടത്‌ കൈയിലെ വേദനയില്‍ കഴിഞ്ഞ സീസണില്‍ മാത്രം രണ്ട്‌ പരമ്പരകളില്‍ നിന്ന്‌ അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്‌തിരുന്നു. അടുത്ത മാസം ഓസ്‌ട്രേലിയന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി വരുന്നുണ്ട്‌. ഈ പരമ്പര മുന്‍നിര്‍ത്തിയാണ്‌ ഇപ്പോള്‍ തന്നെ സ്‌മിത്തിനെ നാട്ടിലേക്ക്‌ അയക്കുന്നത്‌.
പെര്‍ത്തിലും മെല്‍ബണിലും നടന്ന മല്‍സരങ്ങളില്‍ ദിവസവും ആറ്‌ ഇഞ്ചക്ഷനുകളോളം എടുത്താണ്‌ സ്‌മിത്ത്‌ കളിക്കാനിറങ്ങിയതെന്ന്‌ കോച്ച്‌ പറഞ്ഞു. പലപ്പോഴും കഠിനമായ വേദന സഹിച്ചാണ്‌ അദ്ദേഹം ബാറ്റ്‌ ചെയ്‌തതും ഫീല്‍ഡ്‌ ചെയ്‌തതും. ഇഞ്ചക്ഷനുകള്‍ കൂടുതല്‍ ഉപയോഗിച്ചാലുളള ഭവിഷ്യത്ത്‌ മനസ്സിലായിട്ടും അദ്ദേഹം ടീമിന്‌ വേണ്ടി വേദന സഹിക്കുകയായിരുന്നു. പെര്‍ത്തിലെയും മെല്‍ബണിലെയും മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതോടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്‌. പതിനാറ്‌ വര്‍ഷത്തിന്‌ ശേഷം ഇതാദ്യമായാണ്‌ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വെച്ച്‌ ഒരു ടീം പരമ്പരയില്‍ തോല്‍പ്പിക്കുന്നത്‌. പെര്‍ത്ത്‌ ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക്‌ നയിച്ച സ്‌മിത്ത്‌ മെല്‍ബണിലും അതേ പ്രകടനം ആവര്‍ത്തിച്ചിരുന്നു. എം.സി.ജി യിലെ രണ്ടാം ഇന്നിംഗ്‌സില്‍ ത്വരിതഗതിയില്‍ സ്‌മിത്ത്‌ നേടിയ 70 റണ്‍സാണ്‌ ടീമിന്‌ കരുത്തേകിയത്‌.
കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കിയ ടെസ്റ്റ്‌ ബാറ്റ്‌സ്‌മാനാണ്‌ സ്‌മിത്ത്‌. അല്‍പ്പസമയം ബാറ്റ്‌ ചെയ്യുമ്പോള്‍ തന്നെ കൈക്കുഴയിലെ വേദന അലട്ടാറുണ്ട്‌. അര്‍ദ്ധശതകം നേടുമ്പോള്‍ പലപ്പോഴും വേദനയില്‍ സ്‌മിത്ത്‌ ഉഴലുന്നത്‌ കാണാറുണ്ടെന്ന്‌ കോച്ച്‌ പറഞ്ഞു. സിഡ്‌നിയില്‍ കളിക്കാന്‍ അദ്ദേഹത്തിന്‌ അതിയായ താല്‍പ്പര്യമുളളതിനാലാണ്‌ ഈ മല്‍സരത്തില്‍ പങ്കെടുക്കുന്നതെന്നും കോച്ച്‌ അറിയിച്ചു. സ്‌മിത്തിന്‌ പകരം ടെസ്റ്റ്‌ സ്‌പെഷ്യലസ്റ്റായ നീല്‍ മക്കന്‍സി ഏകദിന ടീമില്‍ കളിക്കും.
ദക്ഷിണാഫ്രിക്കന്‍ ഏകദിന ടീം ഇപ്പോഴും പൂര്‍ണ്ണ കരുത്തിലേക്ക്‌ വളര്‍ന്നിട്ടില്ലെന്നാണ്‌ കോച്ചിന്റെ പക്ഷം. ടീമിലെ ഭൂരിപക്ഷം പേരും യുവതാരങ്ങളാണ്‌. ഇവര്‍ക്ക്‌ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചുളള പരിചയമില്ല. അടുത്ത രണ്ട്‌ വര്‍ഷം ടീമിന്റെ വളര്‍ച്ചാ കാലമാണ്‌. ഈ വളര്‍ച്ച 2011 ലെ ലോകകപ്പോടെയായിരിക്കും പൂര്‍ണ്ണതയിലെത്തുക. ജോഹാന്‍ ബോത്ത എന്ന യുവതാരത്തിനാണ്‌ ഏകദിന ടീമിന്റെ നായകത്വം നല്‍കുന്നത്‌.

മാനം കാക്കാന്‍ ഓസീസ്‌
സിഡ്‌നി: 2008 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്‌ സമ്മാനിച്ചത്‌ നഷ്ടങ്ങള്‍ മാത്രമായിരുന്നു. ലോക ക്രിക്കറ്റിലെ ഓസീസ്‌ ആധിപത്യത്തിന്‌ അടിത്തറയിട്ടവരായ പലരും ടീം വിട്ടതിനെ പിറകെ വമ്പന്‍ തോല്‍വികള്‍ റിക്കി പോണ്ടിംഗിന്റെ സംഘത്തെ നാണം കെടുത്തി. സി.ബീ സീരിസ്‌ ഏകദിന പരമ്പരയില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ഇന്ത്യന്‍ ടീം ബെസ്‌റ്റ്‌ ഓഫ്‌ ത്രി ഫൈനലിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളും അനായാസം നേടി കപ്പില്‍ മുത്തമിട്ടതായിരുന്നു ആദ്യ ആഘാതം. 2007 ലെ പ്രഥമ ഐ.സി.സി 20-20 ചാമ്പ്യന്‍ഷിപ്പില്‍ കാര്യമായൊന്നും നേടാന്‍ കഴിയാതിരുന്ന ഓസീ സംഘത്തിന്‌ സ്വന്തം നാട്ടിലെ തോല്‍വി മാനക്കേടായിരുന്നു. അതിന്‌ ശേഷം ടീം ഇന്ത്യയിലെത്തി. ടെസ്‌റ്റ്‌ പരമ്പരില്‍ അനില്‍ കുംബ്ലെയും ധോണിയും നയിച്ച ഇന്ത്യ 2-0 ത്തിന്‌ വിജയിച്ചു. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ടീമിന്റെ ഒന്നാം സ്ഥാനം തെറിക്കുമെന്ന ഘട്ടത്തിലാണ്‌ ദക്ഷിണാഫ്രിക്ക ഓസീസ്‌ പര്യടനത്തിന്‌ വരുന്നത്‌. ഗ്രയീം സ്‌മിത്ത്‌ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സംഘത്തെ വെള്ളം കുടിപ്പിക്കുമെന്ന്‌ പരമ്പരക്ക്‌ മുമ്പ്‌ പോണ്ടിംഗ്‌ വീരവാദം മുഴക്കിയിരുന്നു. പക്ഷേ പെര്‍ത്തിലെ വാക്കയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ റെക്കോര്‍ഡ്‌ വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മെല്‍ബണിലെ രണ്ടാം ടെസ്റ്റിലും രാജകീയ ജയവുമായി പരമ്പരയില്‍ മുത്തമിട്ടു.
2008 ല്‍ നിന്നും കാര്യങ്ങള്‍ 2009 ല്‍ നില്‍ക്കുന്നു. പുതിയ വര്‍ഷത്തിലെ ആദ്യ മല്‍സരത്തില്‍ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നാളെ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. മാനാഭിമാന പോരാട്ടമാണിത്‌ പോണ്ടിംഗിന്‌. സിഡ്‌നി അങ്കത്തില്‍ തോറ്റാല്‍ ഐ.സി.സി ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇല്ലാതാവും. ഐ.സി.സി റാങ്കിംഗ്‌ സമ്പ്രദായം ആവിഷ്‌ക്കരിച്ചത്‌ മുതല്‍ തലപ്പത്ത്‌ ഓസ്‌ട്രേലിയ തന്നെയായിരുന്നു. ഒന്നാം സ്ഥാനത്തിന്‌ പലരും ശ്രമിച്ചിട്ടും അത്‌ നിലനിര്‍ത്തുന്നതില്‍ ഓസ്‌ട്രേലിയന്‍ സംഘം വിജയിച്ചിട്ടുണ്ട്‌.
ഇതാദ്യമായാണ്‌ ഇത്രയും വലിയ വെല്ലുവിളി സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയ നേരിടുന്നത്‌. അതിന്റെ സമ്മര്‍ദ്ദം എല്ലാവരിലുമുണ്ട്‌. പോണ്ടിംഗിന്റെ നായക സ്ഥാനത്തിന്‌ പോലും കാര്യങ്ങള്‍ ഭീഷണിയായി നില്‍ക്കുന്നു. ഒരു സി.ബി സീരിസ്‌ പരമ്പരയിലെ തോല്‍വിക്കാണ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ സ്‌റ്റീവ്‌ വോയെ ഏകദിന ടീമിന്റെ കപ്പിത്താന്‍ സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കിയത്‌. വോക്ക്‌ പറ്റിയ അതേ വീഴ്‌ച്ച പോണ്ടിംഗിന്‌ സംഭവിച്ചിട്ടും ആന്‍ഡ്ര്യൂ ഹിഡിച്ച്‌ നേതൃത്ത്വം നല്‍കുന്ന സെലക്ഷന്‍ കമ്മിറ്റി ക്ഷമിക്കുകയായിരുന്നു. സി.ബി സീരിസ്‌ തോല്‍വിക്ക്‌ ശേഷം ടെസ്‌റ്റ്‌ പരമ്പരയിലും തോല്‍വി പിണഞ്ഞപ്പോഴും സെലക്ടര്‍മാര്‍ സഹിച്ചു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെയും പരമ്പര നഷ്ടമായിരിക്കുന്നു. ഇനിയും സഹിച്ചിരിക്കാന്‍ സെലക്ടര്‍മാര്‍ക്ക്‌ കഴിയില്ല.
ബാറ്റിംഗിലും ബൗളിംഗിലും ടീം തപ്പിതടയുകാണ്‌. പെര്‍ത്തിലും മെല്‍ബണിലും പോണ്ടിംഗ്‌ മാത്രമാണ്‌ ബാറ്റിംഗ്‌ നിരയില്‍ വിശ്വാസ്യത പ്രകടിപ്പിച്ചത്‌. നമ്പര്‍ വണ്‍ സ്ഥാനത്ത്‌ കളിക്കുന്ന മാത്യൂ ഹെയ്‌ഡനാണ്‌ വലിയ പ്രശ്‌നം. 2008 ല്‍ കാര്യമായ സമ്പാദ്യമില്ലാതെ ഇരുട്ടിലായ ഹെയ്‌ഡന്‌ ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ വലിയ ഇന്നിംഗ്‌സ്‌ തന്നെ വേണ്ടിയിരിക്കുന്നു. ഇന്ത്യക്കെതിരായ പരമ്പരയിലും ഇപ്പോഴും മോശം ഷോട്ടുകള്‍ക്കാണ്‌ അദ്ദേഹം പുറത്താവുന്നത്‌. ഹെയ്‌ഡനൊപ്പം ഓപ്പണറുടെ റോളില്‍ കളിക്കുന്ന സൈമണ്‍ കാറ്റിച്ചിന്‌ സ്ഥിരത പ്രകടിപ്പിക്കാനാവുന്നില്ല.
ഹെയ്‌ഡനും ലാംഗറും തമ്മിലുള്ള ഓപ്പണിംഗ്‌ സഖ്യം നല്‍കുന്ന തുടക്കമായിരുന്നു പലപ്പോഴും ഓസ്‌ട്രേലിയക്ക്‌ തുണ. ഈ കൂട്ടുകെട്ട്‌ എതിരാളികളെ ഇല്ലാതാക്കുമ്പോള്‍ മധ്യനിരക്കാര്‍ക്ക്‌ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും. ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. മൂന്നാം നമ്പറില്‍ വരുന്ന പോണ്ടിംഗ്‌ ചിലപ്പോള്‍ ആദ്യ ഓവറുകളില്‍ തന്നെ കളിക്കേണ്ടി വരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോര്‍ഡിന്‌ ഭീഷണിയായി നില്‍ക്കുന്ന പോണ്ടിംഗിന്‌ പിന്തുണ നല്‍കുന്നതില്‍ മൈക്കല്‍ ക്ലാര്‍ക്ക്‌, മൈക്‌ ഹസ്സി എന്നിവരും പരാജിതരാവുന്നു. ഓസീസ്‌ ടീമിലെ വിശ്വസ്‌തനാണ്‌ ഹസ്സി. പക്ഷേ കഴിഞ്ഞ അഞ്ച്‌ ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം പത്ത്‌ കടന്നിട്ടില്ല. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാനായ ബ്രാഡ്‌ ഹാദ്ദിനും ബ്രെട്ട്‌ ലീയും പരാജിതരാവുന്നു.
ബൗളിംഗില്‍ ഗ്ലെന്‍ മക്‌ഗ്രാത്തും ഷെയിന്‍ വോണും വിരമിച്ച ശേഷം ആ സ്ഥാനത്തേക്ക്‌ അവരോധിക്കപ്പെട്ട ബ്രെട്ട്‌ ലീക്കും മിച്ചല്‍ ജോണ്‍സണും നതാന്‍ ഹൗറിറ്റ്‌സിനും എതിര്‍ ബാറ്റ്‌സ്‌മാന്മാരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനാവുന്നില്ല. ഓസീസ്‌ ബൗളിംഗ്‌ തീര്‍ത്തും ദുര്‍ബലമാണെന്ന്‌ തെളിയിക്കുന്നതായിരുന്നു പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ്‌ പ്രകടനം. നാലാം ഇന്നിംഗ്‌സില്‍ 414 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്കാണ്‌ ദക്ഷിണാഫ്രിക്ക വിജയകരമായി ബാറ്റേന്തിയത്‌. മെല്‍ബണിലും ബൗളര്‍മാര്‍ തളര്‍ന്നു. രണ്ട്‌ ടെസ്റ്റില്‍ നിന്നുമായി ഓസ്‌ട്രേലിയയുടെ പ്രധാന ബൗളര്‍ ബ്രെട്ട്‌ ലീക്ക്‌ ലഭിച്ചത്‌ ഒരു വിക്കറ്റാണ്‌. മിച്ചല്‍ ജോണ്‍സണും പീറ്റര്‍ സിഡിലും ചില അവസരങ്ങളില്‍ മികവ്‌ പ്രകടിപ്പിച്ചു. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ പരാജയമായി. ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ജാസോണ്‍ ക്രെസ്‌ജ എന്ന സ്‌പിന്നറെ രണ്ടാം ടെസ്റ്റിലേക്ക്‌ ഓസ്‌ട്രേലിയ പരിഗണിച്ചു പോലുമില്ല.
സിഡ്‌നിയില്‍ കളിക്കാന്‍ ബ്രെട്ട്‌ ലീയും ആന്‍ഡ്ര്യൂ സൈമണ്ട്‌സുമില്ല. പകരം പുതിയ താരങ്ങളാണ്‌ കളിക്കുന്നത്‌. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരങ്ങളുടെ പ്രിയപ്പെട്ട വേദിയാണ്‌ സിഡ്‌നി. ഇവിടെ അവസാനമായി നടന്ന ടെസ്റ്റില്‍ ഇന്ത്യയെ വിവാദ സാഹചര്യത്തില്‍ തോല്‍പ്പിക്കാന്‍ ഓസ്‌ട്രേലിയക്ക്‌ കഴിഞ്ഞിരുന്നു. സിഡ്‌നി മല്‍സരം ക്യാന്‍സര്‍ രോഗത്തിനെതിരായ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം കൂടിയാണ്‌. സ്‌തനാര്‍ബുദത്തെ തുടര്‍ന്ന്‌ മരിച്ച തന്റെ ഭാര്യയുടെ ഓര്‍മ്മക്കായി സിഡ്‌നിയുടെ പ്രിയപ്പെട്ട താരം ഗ്ലെന്‍ മക്‌ഗ്രാത്ത്‌ പ്രചാരണ രംഗത്തുണ്ട്‌.

അങ്ങനെ ചിന്തിച്ചിട്ടില്ല
സിഡ്‌നി: വിമരിക്കുന്നതിനെക്കുറിച്ച്‌ ഇത്‌ വരെ ചിന്തിച്ചിട്ടില്ലെന്ന്‌ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍. സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുകയാണ്‌ ലക്ഷ്യം. സമീപകാലത്തായി മികച്ച പ്രകടനം നടത്താന്‍ കഴിയുന്നില്ല എന്നത്‌ സത്യമാണ്‌. പക്ഷേ ഇത്‌ വരെ ആ കാരണത്താല്‍ വിരമിക്കുന്നതിനെക്കുറിച്ച്‌ ആലോചിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര അവസാനിച്ചിട്ടില്ല. അവസാന മല്‍സരത്തില്‍ കരുത്ത്‌ പ്രകടിപ്പിച്ച്‌ ഓസ്‌ട്രേലിയ തിരിച്ചുവരുമെന്നും ഹെയ്‌ഡന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിറം മങ്ങിയ ഹെയ്‌ഡന്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട്‌ ടെസ്‌റ്റിലെ നാല്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി നേടിയത്‌ കേവലം 47 റണ്‍സാണ്‌. അദ്ദേഹത്തിനെതിരെ ശക്തമായ നീക്കം നടക്കുന്നുമുണ്ട്‌. പക്ഷേ തല്‍ക്കാലം ഹെയ്‌ഡനില്‍ വിശ്വാസമര്‍പ്പിച്ചിരിക്കയാണ്‌ സെലക്ടര്‍മാര്‍.

ശ്രീകാന്തിന്‌ ഇരട്ടലക്ഷ്യം
ചെന്നൈ: ദേശീയ സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്റെ പുതിയ വര്‍ഷത്തെ അജണ്ടയില്‍ രണ്ട്‌ ലക്ഷ്യങ്ങളാണുള്ളത്‌. ഈ വര്‍ഷം തന്നെ ഏകദിന റാങ്കിംഗില്‍ ഒന്നാമത്‌ വരുക. 2010 ല്‍ ടെസ്റ്റ്‌ റാങ്കിംഗില്‍ ആദ്യമെത്തുക. ലോക ക്രിക്കറ്റില്‍ ആദ്യ മൂന്ന്‌ സ്ഥാനത്തുളള ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇന്ത്യ എന്നിവരെ വിലയിരുത്തിയാല്‍ യഥാര്‍ത്ഥ സന്തുലിത ടീം ഇന്ത്യയാണെന്ന്‌ ക്രിസ്‌ പറയുന്നു. ബാറ്റിംഗിലും ബൗളിംഗിലും ടീം മുന്നിലാണ്‌. ഒരു ടീമിന്റെ പൂര്‍ണ്ണ വികാസം ഒരു നാള്‍ കൊണ്ട്‌ സാധ്യമല്ല. 2009 അവസാനമാവുമ്പോഴേക്കും ലോക ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക്‌ ഒന്നാം സ്ഥാനത്ത്‌ വരാന്‍ കഴിയും. അടുത്ത വര്‍ഷം ടെസ്‌റ്റ്‌ റാങ്കിംഗിലും ആദ്യം വരും. ഇതാണ്‌ സെലക്ഷന്‍ കമ്മിറ്റിയുടെയും ക്രിക്കറ്റ്‌ ബോര്‍ഡിന്റെയും സ്വപ്‌നം. മാര്‍ച്ച്‌-ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ന്യൂസിലാന്‍ഡ്‌ പര്യടനം വിജയകരമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.


വരുന്നു ജൂനിയര്‍ അസ്‌ഹര്‍
ഹൈദരാബാദ്‌: മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്റെ രണ്ടാമത്തെ മകന്‍ മുഹമ്മദ്‌ അസ്‌ഹദുദ്ദീന്‍ എന്ന അബ്ബാസ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) ക്രിക്കറ്റിനുളള കൊല്‍ക്കത്ത നൈറ്റ്‌ റെയിഡേഴ്‌സ്‌ സാധ്യതാ സംഘത്തില്‍. ഇടം കൈയ്യനായ അബ്ബാസിന്‌ പ്രായം പതിനേഴ്‌ വയസ്സാണ്‌. ക്രിക്കറ്റ്‌ പ്രേമികളുടെ പ്രിയപ്പെട്ട ബാറ്റ്‌സ്‌മാനായിരുന്ന പിതാവിനെ പോലെ കൈക്കുഴയില്‍ വിസ്‌മയം തീര്‍ക്കുന്ന കൊച്ചു പ്രതിഭയെ കൊല്‍ക്കത്താ നൈറ്റ്‌ റെയിഡിയേഴ്‌സിന്റെ കോച്ചിംഗ്‌ സംഘത്തില്‍ ഉള്‍പ്പെടുത്തിയതായി ടീമിന്റെ ഡയരക്ടര്‍ ജോയ്‌ ഭട്ടാചാര്യ വ്യക്തമാക്കി.
മുപ്പത്‌ മുതല്‍ നാല്‍പ്പത്‌ വരെ താരങ്ങളാണ്‌ സാധ്യതാ സംഘത്തിലുളളത്‌. ടീമിന്റെ ഭാവി താരങ്ങളായിരിക്കും ഇവരെന്ന്‌ ഭട്ടാചാര്യ പറഞ്ഞു. അബ്ബാസ്‌ ഇത്‌ വരെ മല്‍സരരംഗത്ത്‌ കളിച്ചിട്ടില്ല. അസ്‌ഹറിന്റെ മൂത്ത മകന്‍ അയ്യാസുദ്ദിനായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞ താരം. അസ്‌ഹറിനെ പോലെ കളിക്കുന്ന അയ്യാസുദ്ദിന്‍ മല്‍സര രംഗത്ത്‌ കരുത്ത്‌ പ്രകടിപ്പിച്ചപ്പോള്‍ അസ്‌ഹദ്ദുദ്ദീന്‍ പലപ്പോഴും സ്‌ക്കൂള്‍ രംഗത്തായിരുന്നു. അസ്‌ഹദ്ദൂദ്ദീന്‍ ഇത്‌ വരെ മല്‍സര രംഗത്ത്‌ ഇറങ്ങാത്തത്‌ തന്റെ ടീമിന്‌ പ്രശ്‌നമല്ലെന്നും അദ്ദേഹത്തെ നാളെയുടെ താരമായി വളര്‍ത്തുകയാണ്‌ പ്രധാനമെന്നും ഭട്ടാചാര്യ സൂചിപ്പിച്ചു. ഹൈദരാബാദ്‌ എ ഡിവിഷന്‍ ലീഗില്‍ അസ്‌ഹദ്ദുദ്ദീന്‍ രജിസ്‌ട്രര്‍ ചെയ്‌തിട്ടുണ്ട്‌. ആറ്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി നാല്‌ അര്‍ദ്ധശതകങ്ങള്‍ നേടാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. സെന്റ്‌ ജോണ്‍സ്‌ അക്കാദമിയിലാണ്‌ ഇപ്പോള്‍ അസ്‌ഹദ്ദുദ്ദീന്‍ പരിശീലനം നേടുന്നത്‌. ആര്‍. ശ്രീധറാണ്‌ കോച്ച്‌. വി.വി.എസ്‌ ലക്ഷ്‌മണെ പോലുള്ള പ്രഗത്ഭമതികളെ രാജ്യത്തിന്‌ സംഭാവന ചെയ്‌ത അക്കാമദിയാണിത്‌.
കഴിഞ്ഞ ഒരു വര്‍ഷമായി അസ്‌ഹറിന്‌ കീഴില്‍ കരുത്തനായ ബാറ്റ്‌സ്‌മാനായി അസ്‌ഹദ്ദൂദ്ദീന്‍ മാറിയതായി ശ്രീധര്‍ പറഞ്ഞു. ദിവസവും മകനെയുമായാണ്‌ അസ്‌ഹര്‍ വരുന്നത്‌. മകന്റെ ഓരോ ചലനത്തിലും അദ്ദേഹം ശ്രദ്ധിക്കുന്നു. അവന്റെ ബാറ്റിംഗ്‌ ഗ്രിപ്പ്‌ മാറ്റിയത്‌ വലിയ ഗുണം ചെയ്‌തിട്ടുണ്ടെന്നും കോച്ച്‌ പറഞ്ഞു.
അസ്‌ഹറിന്റെ മൂത്ത മകനായ അയ്യാസുദ്ദീന്‍ ഹൈദരാബാദിന്റെ രഞ്‌ജി ടീമില്‍ അംഗമാവാന്‍ പോവുകയാണ്‌.
ടെക്‌നിക്കല്‍ മീറ്റ്‌
ഇന്ന്‌ ട്രാക്കുണരും
കുറ്റിപ്പുറം: 26-ാമത്‌ സംസ്ഥാന ടെക്‌നിക്കല്‍ സ്‌ക്കൂള്‍ മീറ്റിന്‌ ഇന്ന്‌ തുടക്കം. രാവിലെ 9-30ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ ഉദ്‌്‌ഘാടനം ചെയ്യും. 39 ടെക്‌നിക്കല്‍ സ്‌ക്കൂളുകളില്‍ നിന്നും ഒമ്പത്‌ ഐ.എച്ച്‌.ആര്‍.ഡി യില്‍ നിന്നുമായി അഞ്ഞൂറിലധികം താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്‌. നാളെ സമാപിക്കും.
മമ്പാടിന്‌ വന്‍ ജയം
പെരിന്തല്‍മണ്ണ: സംസ്ഥാന ക്ലബ്‌ ഫുട്‌ബോളില്‍ മമ്പാട്‌ എം.ഇ.എസ്‌ കോളജിന്‌ തകര്‍പ്പന്‍ ജയം. നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നലെ വൈകീട്ട്‌ നടന്ന മല്‍സരത്തില്‍ ഉമൈര്‍ (2), നസ്‌റൂദ്ദീന്‍, മുഹമ്മദ്‌ ജുനൈദ്‌ എന്നിവരുടെ ഗോളുകളില്‍ മമ്പാട്‌ ആലപ്പുഴ ലക്കി സ്‌റ്റാറിനെ തരിപ്പണമാക്കി. ഇന്ന്‌ നടക്കുന്ന മല്‍സരത്തില്‍ മമ്പാട്‌ കെ.എസ്‌.ഇ.ബി തിരുവനന്തപുരത്തെ എതിരിടും. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കാസര്‍ക്കോട്ടില്‍ നിന്നുള്ള ഷൂട്ടേഴ്‌സ്‌ യുനൈറ്റഡിനെ 1-6 ന്‌ പരാജയപ്പെടുത്തി മുന്‍ ചാമ്പ്യന്മാരായ ടൈറ്റാനിയം ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഉറപ്പിച്ചിരുന്നു.

No comments: