Thursday, January 22, 2009

SYDNEY SHOW

ഇന്ന്‌ സിഡ്‌നി ബലാബലം
സിഡ്‌നി: 20-20 ക്രിക്കറ്റിന്റെ വരവ്‌ ഏകദിന ക്രിക്കറ്റിന്‌ മരണമണിയാവുമെന്ന്‌ കരുതാനാവില്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങള്‍. മെല്‍ബണിലും ഹൊബാര്‍ട്ടിലും മല്‍സരാവേശം അവസാന ഓവര്‍ വരെ ദീര്‍ഘിച്ചിരുന്നു. ഇന്ന്‌ അഞ്ച്‌ മല്‍സര പരമ്പരയിലെ മൂന്നാം മല്‍സരം നടക്കുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നത്‌ മറ്റൊരു ആക്ഷന്‍ പാക്‌ഡ്‌ ത്രില്ലറാണ്‌. മെല്‍ബണില്‍ അവസാന ഓവറില്‍ ആബെ മോര്‍ക്കലിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ വിജയം ആഘോഷിച്ചപ്പോള്‍ ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരായിരുന്നു താരങ്ങള്‍. അവസാന ഓവര്‍ എറിഞ്ഞ ബെന്‍ ഹില്‍ഫാന്‍ഹസ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരം നല്‍കിയില്ല. ഇന്ന്‌ പക്ഷേ നിര്‍ണ്ണായക മല്‍സരത്തില്‍ ഹില്‍ഫാന്‍ഹസ്‌ നിര്‍ഭാഗ്യവാനാണ്‌. അദ്ദേഹം ഓസീസ്‌ ആദ്യ ഇലവനില്‍ വരില്ല. പരുക്കില്‍ നിന്ന്‌ മുക്തനായി മിച്ചല്‍ ജോണ്‍സണ്‍ തിരിച്ചെത്തിയതോടെ ഹില്‍ഫാന്‍ഹസ്‌ പുറത്തിരിക്കണം.
ഹൊബാര്‍ട്ടില്‍ ഹില്‍ഫാന്‍ഹസിനൊപ്പം മികവ്‌ പ്രകടിപ്പിച്ച കന്നിക്കാരന്‍ റ്യാന്‍ ഹാരിസിനും ഇന്ന്‌ അവസരമുണ്ടാവില്ല എന്നാണ്‌ അന്തിമ റിപ്പോര്‍ട്ടുകള്‍.
എസ്‌.സി.ജി യിലെ പിച്ച്‌ സ്‌പിന്നര്‍മാരെ തുണക്കുന്നതിനാല്‍ നതാന്‍ ഹൗറിറ്റ്‌സിന്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യതകള്‍. 20-20 പരമ്പരയിലെ രണ്ട്‌ മല്‍സരത്തിലും അവസരം ലഭിച്ച ഹൗറിറ്റ്‌സിന്‌ മെല്‍ബണിലും ഹൊബാര്‍ട്ടിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പിന്നര്‍മാരുടെ കുപ്പായത്തില്‍ ഡേവിഡ്‌ ഹസിയും മൈക്കല്‍ ക്ലാര്‍ക്കുമാണ്‌ കളിച്ചത്‌. കാമറൂണ്‍ വൈറ്റിന്റെ സ്‌പിന്നും പോണ്ടിംഗ്‌ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന്‌ ഹൗറിറ്റ്‌സിന്‌ അവസരം നല്‍കാന്‍ പോണ്ടിംഗ്‌ തീരുമാനിച്ചാല്‍ ജെയിംസ്‌ ഹോപ്‌സാവും പുറത്താവുക.
സാധ്യതാ ടീം ഇതാണ്‌: ഷോണ്‍ മാര്‍ഷ്‌, ഡേവിഡ്‌ വാര്‍ണര്‍, റിക്കി പോണ്ടിംഗ്‌, മൈക്‌ ഹസി, ഡേവിഡ്‌ ഹസി, കാമറൂണ്‍ വൈറ്റ്‌, ബ്രാഡ്‌ ഹാദ്ദീന്‍, നതാന്‍ ഹൗറിറ്റ്‌സ്‌, മിച്ചല്‍ ജോണ്‍സണ്‍, നതാന്‍ ബ്രാക്കന്‍,ഷോണ്‍ ടെയിറ്റ്‌.
ബാറ്റിംഗ്‌ നിരയില്‍ മാറ്റത്തിന്‌ പോണ്ടിംഗ്‌ തുനിയില്ല. ഓപ്പണര്‍ ഷോണ്‍ മാര്‍ഷ്‌ കളിച്ച രണ്ട്‌ മല്‍സരങ്ങളിലും മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ സീമര്‍മാരെ ഭദ്രമായി നേരിടാന്‍ മാര്‍ഷിന്‌ കഴിയുന്നുണ്ട്‌. സഹ ഓപ്പണര്‍ വാര്‍ണറാണ്‌. മെല്‍ബണില്‍ നടന്ന ആദ്യ മല്‍സരത്തില്‍ മൈക്‌ ഹസിയായിരുന്നു മാര്‍ഷിനൊപ്പം ഓപ്പണ്‍ ചെയ്‌തത്‌. മൈക്കല്‍ ക്ലാര്‍ക്കിന്‌ പരുക്കേറ്റത്‌ മൂലം ഹൊബാര്‍ട്ടില്‍ അവസരം ലഭിച്ച വാര്‍ണര്‍ക്ക്‌ പക്ഷേ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എം.സി.ജി യിലെ 20-20 മല്‍സരത്തിലൂടെ അരങ്ങ്‌ തകര്‍ത്ത വാര്‍ണര്‍ക്ക്‌ ഇന്ന്‌ എസ്‌.സി.ജി യില്‍ കത്തിപടരാന്‍ കഴിഞ്ഞാല്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താം. മധ്യനിരക്ക്‌ കരുത്തേകാന്‍ പോണ്ടിംഗിനൊപ്പം ഹസി സഹോദരന്മാരും കാമറൂണ്‍ വൈറ്റുമുണ്ട്‌.
ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ കാര്യമായ മാറ്റത്തിന്‌ സാധ്യതയില്ല. പേസര്‍ ഡാലെ സ്റ്റെനിന്‌ വിശ്രമം നല്‍കാന്‍ ആലോചനയുണ്ട്‌. അദ്ദേഹം കളിക്കാത്തപക്ഷം മോര്‍ണെ മോര്‍കല്‍, ലോണ്‍വാബോ സോട്ടോസോബ്‌ എന്നിവരില്‍ ഒരാള്‍ക്ക്‌ അവസരമുണ്ടാവും.
സാധ്യതാ ടീം ഇതാണ്‌: ഹര്‍ഷല്‍ ഗിബ്‌സ്‌, ഹാഷിം അംല, ജാക്‌ കാലിസ്‌, എബി ഡി വില്ലിയേഴ്‌സ്‌, ജെ.പി ഡുമിനി, നീല്‍ മക്കന്‍സി, മാര്‍ക്‌ ബൗച്ചര്‍, ആല്‍ബെ മോര്‍ക്കല്‍, ജോഹാന്‍ ബോത്ത, മോര്‍ണെ മോര്‍ക്കല്‍, മക്കായ എന്‍ടിനി.
ഇന്നിംഗ്‌സിന്‌ തുടക്കമിടുന്ന ഗിബ്‌സിന്‌ ഇത്‌ വരെ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 20-20 പരമ്പരയിലും അദ്ദേഹം പരാജയമായിരുന്നു. ഗിബ്‌സ്‌ നല്ല തുടക്കം നല്‍കുന്നപക്ഷം അത്‌ ഉപയോഗപ്പെടുത്താന്‍ അംലക്കും കാലിസിനുമാവും. ബാറ്റിംഗ്‌ നിരയിലെ വിശ്വസ്‌തന്‍ ജെ.പി ഡുമിനിയാണ്‌. കഴിഞ്ഞ രണ്ട്‌ മല്‍സരത്തിലും തകര്‍പ്പന്‍ പ്രകടനമാണ്‌ അദ്ദേഹം നടത്തിയത്‌.

വീനസ്‌ പുറത്ത്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‌ ആദ്യ സൂപ്പര്‍ കാഷ്വാലിറ്റി...! വനിതാ വിഭാഗം ആറാം സീഡും നിലവിലെ വിംബിള്‍ഡണ്‍ ജേത്രിയുമായ വീനസ്‌ വില്ല്യംസ്‌ രണ്ടാം റൗണ്ടില്‍ നാടകീയമായി തോറ്റ്‌ പുറത്തായി. സ്‌പെയിനില്‍ നിന്നുളള സീഡ്‌ ചെയ്യപ്പെടാത്ത കാര്‍ലോ സൗറസ്‌ നോവാരോയാണ്‌ അട്ടിമറി വിജയത്തിലൂടെ വാര്‍ത്തകളില്‍ സ്ഥാനം നേടിയത്‌. തന്റെ നാലാം ഗ്രാന്‍ഡ്‌സ്ലാം കളിക്കുന്ന സ്‌പാനിഷ്‌ താരം ഒരു മാച്ച്‌ പോയന്റില്‍ നിന്നും രക്ഷപ്പെട്ടാണ്‌ വിജയം വരിച്ചത്‌. സ്‌ക്കോര്‍ 2-6, 6-3, 7-5. രണ്ടര മണിക്കൂര്‍ ദീര്‍ഘിച്ച മല്‍സരം ആദ്യാവസാനം ആവേശകരമായിരുന്നു. സീഡിംഗില്‍ മുന്‍പന്തിയിലുളള പ്രതിയോഗിയെ വകവെക്കാതെ സ്വന്തം ഗെയിം കളിച്ച സ്‌പാനിഷ്‌ താരം ഒരു ഘട്ടത്തിലും പതര്‍ച്ച പ്രകടിപ്പിച്ചില്ല. ആദ്യ സെറ്റ്‌ നഷ്ടമായതിന്റെ നിരാശ പ്രകടിപ്പിക്കാതെ രണ്ടാം സെറ്റില്‍ ആക്രമിച്ചു കളിച്ചു. കഴിഞ്ഞ തവണ ഫ്രഞ്ച്‌ ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ നോവാര മൂന്നാം സെറ്റിലാണ്‌ യുവത്വത്തിന്റെ യഥാര്‍ത്ഥ കരുത്ത്‌ പുറത്തെടുത്തത്‌.
അതേ സമയം വീനസിന്റെ അനുജത്തിയായ സറീന നേരിട്ടുളള സെറ്റുകള്‍ക്ക്‌ അര്‍ജന്റീനയില്‍ നിന്നുള്ള ഗിസേ ഡുല്‍ക്കോയെ പരാജയപ്പെടുത്തി. ഉസ്‌ബെക്കിസ്ഥാന്റെ അഗുല്‍ അമാനമുര്‍ദ്ദോവയെ പരാജയപ്പെടുത്തി സ്‌പെയിനിന്റെ മരിയ ജോസ്‌ മാര്‍ട്ടിനസും നാലാം റൗണ്ടിലെത്തി. ബള്‍ഗേറിയയുടെ സെസില്‍ കരന്‍ചേവയെ തോല്‍പ്പിച്ച്‌ ചൈനയുടെ പെംഗ്‌ ഷുവായി അടുത്ത റൗണ്ട്‌ ഉറപ്പാക്കി. സറീനയാണ്‌ അടുത്ത മല്‍സരത്തില്‍ ചൈനീസ്‌ താരത്തിന്റെ എതിരാളി. റഷ്യയില്‍ നിന്നുളള നാലാം സീഡ്‌ ഡെമത്തിയേവ 6-4, 6-1 ന്‌ ചെക്‌ റിപ്പബ്ലിക്‌ താരം ഇവെത്ത ബെനസോവയെ വീഴ്‌ത്തി.
ഇന്ത്യന്‍ താരം സീനിയ മിര്‍സ വനിതാ വിഭാഗം ഡബിള്‍സില്‍ നിന്നം പുറത്തായി. കഴിഞ്ഞ ദിവസം സിംഗിള്‍സില്‍ നിന്ന്‌ പുറത്തായ സാനിയ ഇന്നലെ അമേരിക്കന്‍ താരം വാനിയ കിംഗിനൊപ്പമാണ്‌ മല്‍സരിച്ചത്‌. പക്ഷേ റഷ്യയുടെ വെര ദുഷിന-ഉക്രൈന്റെ ഒല്‍ഗ സാവ്‌ചൂക്‌ സഖ്യത്തിന്‌ മുന്നില്‍ സാനിയയും കൂട്ടുകാരിയും തളര്‍ന്നു. സ്‌ക്കോര്‍ 6-4, 1-6, 1-6. ആദ്യ സെറ്റില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാനിയക്ക്‌്‌ കഴിഞ്ഞെങ്കിലും അടുത്ത സെറ്റുകളില്‍ ടീം നിശ്ശേഷം തകര്‍ന്നു. മിക്‌സഡ്‌ ഡബിള്‍സിലാണ്‌ ഇനി സാനിയയുടെ പ്രതീക്ഷ. ഇന്ത്യന്‍ താരം മഹേഷ്‌ ഭൂപതിയാണ്‌ പങ്കാളി. ചെക്‌ റിപ്പബ്ലിക്കില്‍ നിന്നുള്ള കാത പാഷക്‌-പാവല്‍ വിസ്‌നര്‍ സഖ്യമാണ്‌ ആദ്യ റൗണ്ടിലെ പ്രതിയോഗികള്‍.
പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ മഹേഷ്‌ ഭൂപതിയും ലിയാന്‍ഡര്‍ പെയ്‌സും ആദ്യ റൗണ്ട്‌ വിജയകരമായി പിന്നിട്ടു. മാര്‍ഡക്‌ നോളസിനൊപ്പം കളിച്ച മഹേഷ്‌ റഷ്യയില്‍ നിന്നുള്ള മിഖായേല്‍ യോസന്നി-മിസ്‌ച സവരേവ സഖ്യത്തെയാണ്‌ തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 6-3,6-2. പെയ്‌സ്‌-ലുകാസ്‌ ഡോള്‍ഫി ടീം 4-6, 6-1,6-2 എന്ന സ്‌ക്കോറിന്‌ ഫാബ്രൈസ്‌ സാന്‍ഡോറോ-അല്‍ഗോറോ ജോഡിയെയാണ്‌ തോല്‍പ്പിച്ചത്‌.

സഹീര്‍ മുംബൈക്ക്‌
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എപ്പിസോഡില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്‌ വേണ്ടി കളിച്ച സഹീര്‍ഖാന്‍ കളം മാറുന്നു. ഐ.പി.എല്‍ രണ്ടാം സീസണില്‍ സഹീറിന്റെ ഇടം കൈയ്യന്‍ സീം മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടിയായിരിക്കും. മുംബൈ ഇന്ത്യന്‍സിന്റെ ആവശ്യം അംഗീകരിച്ച ബാംഗ്ലൂര്‍ റോയല്‍സ്‌ പകരം റോബിന്‍ ഉത്തപ്പയെ മുംബൈയില്‍ നിന്ന്‌ സ്വന്തമാക്കും. വ്യക്തമായ ലക്ഷ്യത്തിലാണ്‌ മുംബൈ ഇന്ത്യന്‍സ്‌ സഹീറിനായി വല വീശിയത്‌. രഞ്‌ജി ക്രിക്കറ്റില്‍ സഹീര്‍ മുംബൈക്കായാണ്‌ കളിക്കുന്നത്‌. ഇത്തവണ ടീം ആഭ്യന്തര ക്രിക്കറ്റ്‌ കീരിടം നേടിയപ്പോള്‍ അതില്‍ വലിയ പങ്ക്‌ സഹീറിനായിരുന്നു. കൂടാതെ സീസണില്‍ ഇന്ത്യയുടെ മികച്ച ബൗളറും സഹീര്‍ തന്നെ. കഴിഞ്ഞ തവണ ബാംഗ്ലൂരിനായി മികവ്‌ പ്രകടിപ്പിക്കാന്‍ സഹീറിന്‌ കഴിഞ്ഞിരുന്നില്ല. ഉത്തപ്പയാവട്ടെ കഴിഞ്ഞ സീസണിലും ഈ സീസണിലും നിരാശയാണ്‌ സമ്മാനിച്ചത്‌. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥിര സ്ഥാനവും നഷ്‌ടമായ സാഹചര്യത്തില്‍ ആ താരത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നാണ്‌ മുംബൈ വിശ്വസിച്ചത്‌. ഉത്തപ്പയെ പകരം തേടാന്‍ ബാംഗ്ലൂര്‍ റോയല്‍സ്‌ തീരുമാനിച്ചതിന്‌ പിറകിലും ആഭ്യന്തര ക്രിക്കറ്റ്‌ തന്നെ. ബാംഗ്ലൂര്‍കാരനാണ്‌ ഉത്തപ്പ. സ്വന്തം ടീമിനായി ഉത്തപ്പക്ക്‌ നന്നായി കളിക്കാനാവുമെന്നാണ്‌ ബാംഗ്ലൂര്‍ റോയല്‍സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ബ്രിജേഷ്‌ പട്ടേല്‍ കരുതുന്നത്‌. മുംബൈ സംഘത്തില്‍ നിന്നും ഷോണ്‍ പൊള്ളോക്ക്‌ പിന്മാറിയതിനാല്‍ ആ സ്ഥാനമായിരിക്കും സഹീറിന്‌.

അസ്‌ഹര്‍ സ്ഥാനാര്‍ത്ഥി
ഹൈദരാബാദ്‌: കൈക്കുഴയിലെ ബാറ്റിംഗ്‌ വിസ്‌മയം... ബാറ്റിംഗിലെ നര്‍ത്തകന്‍..... ക്രിക്കറ്റ്‌ മൈതാനങ്ങളില്‍ ബാറ്റിംഗ്‌ സൗന്ദര്യത്തിന്റെ നക്ഷത്രശോഭ പരത്തിയ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ ഇനി രാഷട്രീയത്തിന്റെ ക്രീസില്‍....
ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അസ്‌ഹര്‍ കോണ്‍ഗ്രസ്സ്‌ ടിക്കറ്റില്‍ മല്‍സരിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്സില്‍ ചേരാന്‍ അസ്‌ഹര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ്‌ നേതാവ്‌ വീരപ്പ മൊയ്‌ലി ഇന്നലെ എന്‍.ഡി.ടി.വിയോട്‌ പറഞ്ഞു. അസ്‌ഹറിന്‌ ഏത്‌ സീറ്റ്‌ നല്‍കണമെന്ന കാര്യം പിന്നീട്‌ തീരുമാനിക്കും. കഴിഞ്ഞ ദിവസം അസ്‌ഹര്‍ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡി, വീരപ്പ മൊയ്‌ലി, ഡി.ശ്രീനിവാസ്‌ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അസ്‌ഹറിന്‌ കോണ്‍ഗ്രസ്സിനോട്‌ താല്‍പ്പര്യമുണ്ടെന്നും ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയതായും മൊയ്‌ലി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അസ്‌ഹര്‍ തെലുങ്കാന രാഷ്‌ട്രസമിതി നേതാവ്‌ കെ ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അസ്‌ഹര്‍ ടി.ആര്‍.എസ്സില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളും ആ സമയത്ത്‌ വന്നിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ദര്‍ശിച്ച മികച്ച അഞ്ച്‌ ബാറ്റ്‌സ്‌മാന്മാരില്‍ ഒരാളായ അസ്‌ഹര്‍ സൗരവ്‌ ഗാംഗുലി കഴിഞ്ഞാല്‍ രാജ്യത്തിന്‌ ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച നായകനുമാണ്‌. അരങ്ങേറ്റത്തില്‍ തന്നെ മൂന്ന്‌ ടെസ്റ്റ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയ താരം മൂന്ന്‌ ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ചു. മുന്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ഡേവിഡ്‌ ഗവറിനെ പോലെ കൈക്കുഴയിലെ മാജിക്കില്‍ ആരാധകരെ വിസ്‌മയിപ്പിച്ച അസ്‌ഹര്‍ പന്തയ വിവാദത്തില്‍ ആരോപണവിധേയനായി ആജീവനാന്ത വിലക്കിന്‌ ശിക്ഷിക്കപ്പെടുകയായിരുന്നു.

കലാപം വരുന്നു
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ പുതിയ കലാപം വരുന്നു.... വെറ്ററന്‍ സീമര്‍ ഷുഹൈബ്‌ അക്തറിനെതിരെ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ പരസ്യമായി രംഗത്ത്‌ വന്നത്‌ അല്‍പ്പകാലമായി ശാന്തമായി ഒഴുകുകയായിരുന്ന പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ കാറ്റും കോളുമുണ്ടാക്കും. നാഷണല്‍ സ്‌റ്റേഡിയത്തില്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാക്കിസ്‌താന്‍ ദയനീയ തോല്‍വി രുചിച്ചതിന്‌ തൊട്ടുപിറകെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ മാലിക്‌ ഇതാദ്യമായി തന്റെ സീനിയര്‍ താരത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്‌.
അക്തറിന്റെ ആത്മാര്‍ത്ഥയെ താന്‍ സംശയിക്കുന്നതായാണ്‌ മാലിക്‌ പറഞ്ഞിരിക്കുന്നത്‌. നാഷണല്‍ സ്‌റ്റേഡിയത്തില്‍ ലങ്കക്കെതിരെ നടന്ന രണ്ട്‌ മല്‍സരങ്ങളിലും ദയനീയ പ്രകടനമാണ്‌ റാവല്‍പിണ്ടി എക്‌സ്‌പ്രസ്സ്‌ നടത്തിയത്‌. രണ്ട്‌ മല്‍സരത്തിലും തന്റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ അക്തറിനായില്ല. ഏഴ്‌ ഓവറുകളാണ്‌ ആദ്യ മല്‍സരത്തില്‍ അദ്ദേഹം ചെയ്‌തത്‌. ഈ ഓവറുകളിലാവട്ടെ ധാരാളം റണ്‍സും നല്‍കി. രണ്ടാം മല്‍സരത്തില്‍ ആറ്‌ ഓവറുകള്‍ എറിഞ്ഞു. ഇതിലും അനായാസം റണ്‍സ്‌ പ്രവഹിച്ചു. അക്തറിന്റെ രണ്ടാം ഓവറില്‍ തിലകരത്‌നെ ദില്‍ഷാന്‍ നാല്‌ തവണയാണ്‌ പന്തിനെ അതിര്‍ത്തി കടത്തിയത്‌.
ഫീല്‍ഡിംഗിലും അക്തര്‍ വട്ടപൂജ്യമായിരുന്നു. പന്തിനെ പിറകെ ഓടാന്‍ തന്നെ കിട്ടില്ലെന്ന ഭാവത്തിലായിരുന്നു പലപ്പോഴും അദ്ദേഹം. ഫിറ്റ്‌നസില്‍ താന്‍ ഇപ്പോഴും വളരെ പിറകിലാണെന്ന്‌ അദ്ദേഹം സ്വയം തെളിയിക്കുകയും ചെയ്‌തു.
2011 ലെ ലോകകപ്പ്‌ മുന്‍നിര്‍ത്തി ശക്തരായ ഫാസ്‌റ്റ്‌ ബൗളര്‍മാരെ വളര്‍ത്തണമെന്ന്‌ മാലിക്‌ പറഞ്ഞത്‌ അക്തറിനെ ഉദ്ദേശിച്ചാണ്‌. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫാസ്‌റ്റ്‌ ബൗളര്‍മാരുണ്ട്‌. ഇവര്‍ക്ക്‌ അവസരം നല്‍കണം. ഈ കാര്യം സെലക്ടര്‍മാരോടും ക്രിക്കറ്റ്‌ അധികാരികളോടും പറയും. അവരാണ്‌ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌-മാലിക്‌ പറഞ്ഞു.
സാധാരണ ഗതിയില്‍ അധികം സംസാരിക്കാത്ത മാലിക്‌ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദമായി സംസാരിച്ചു. അക്തറിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കി.
അക്തര്‍ ഫിറ്റ്‌നസ്‌ കാര്യത്തില്‍ വളരെ പിറകിലാണെന്നും യാത്രക്കാരെ ഒരു ടീമിനും ഉള്‍കൊള്ളിക്കാന്‍ കിയില്ലെന്നും പലവട്ടം അദ്ദേഹം പറഞ്ഞു. ഷുഹൈബ്‌ ധാരാളം മല്‍സരങ്ങള്‍ പാക്കിസ്‌താന്‌ സ്വന്തമാക്കി തന്നിട്ടുണ്ട്‌്‌. അതില്‍ സംശയമില്ല പക്ഷേ അദ്ദേഹത്തിന്റെ നിലവിലുളള ഫിറ്റ്‌നസാണ്‌ പ്രശ്‌നം.നിങ്ങള്‍ 100 ശതമാനം കായികക്ഷമത തെളിയിക്കുന്നില്‍ പരാജയപ്പെട്ടാല്‍ മൈതാനത്ത്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.
മാലിക്കിന്റെ പരാമര്‍ശങ്ങള്‍ അക്തറിന്റെ കരിയറിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേരത്തെ തന്നെ പാക്‌ ക്രിക്കറ്റിലെ പുകഞ്ഞ കൊള്ളിയാണ്‌ അക്തര്‍. പെരുമാറ്റ ദൂഷ്യത്തിനും ഉത്തേജകത്തിനുമെല്ലാം പിടിക്കപ്പെട്ട ഫാസ്റ്റ്‌ ബൗളര്‍ പതിനാല്‌ മാസത്തെ വിലക്കിന്‌ ശേഷമാണ്‌ ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നത്‌. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയെങ്കിലും രാജ്യാന്തര ക്രിക്കറ്റിലെ ഒരു മല്‍സരത്തില്‍ പത്ത്‌ ഓവറുകള്‍ എറിയാന്‍ കഴിയില്ല എന്നത്‌ വലിയ പ്രശ്‌നമാണ്‌. 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന താരത്തിന്‌ ആ വേഗതയും കരുത്തും ആവര്‍ത്തിക്കാനാവുന്നില്ല. ഫീല്‍ഡിംഗിലാവട്ടെ ഇഴയുകയും ചെയ്യുന്നു. അമ്പത്‌ ഓവര്‍ മല്‍സരത്തില്‍ ഒരേ വേഗതയിലും മികവിലും പന്തെറിയാന്‍ കഴിയണം. നിലവിലുളള ഫോമില്‍ അക്തറിന്‌ അത്‌ കഴിയില്ല എന്നാണ്‌ മാലിക്‌ പറയുന്നത്‌.
അക്തര്‍ വിഷയത്തില്‍ മാലിക്‌ നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ അദ്ദേഹത്തെയും ചിലപ്പോള്‍ ബാധിച്ചേക്കാം. സീനിയര്‍ താരങ്ങള്‍ക്ക്‌ മാലിക്കിനോട്‌ താല്‍പ്പര്യക്കുറവുണ്ട്‌. മാലിക്കിനെതിരെ സംസാരിച്ചാണ്‌ മുഹമ്മദ്‌ യൂസഫ്‌ ടീം വിട്ടത്‌.

രക്ഷകന്‍
ബാംഗ്ലൂര്‍: മുന്‍ ഇന്ത്യന്‍ താരം ദിനേശ്‌ കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ മധ്യമേഖലക്കെതിരായ ദുലിപ്‌ ട്രോഫി മല്‍സരത്തില്‍ ദക്ഷിണ മേഖല മാനം കാത്തു. ആറ്‌ വിക്കറ്റിന്‌ 86 റണ്‍സ്‌ എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 153 വിലപ്പെട്ട റണ്‍സുമായാണ്‌ കാര്‍ത്തിക്‌ രക്ഷിച്ചത്‌. 76 റണ്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ നേടിയ വിദര്‍ഭയുടെ ഉമേഷ്‌ യാദവിന്‌ മുന്നില്‍ തകര്‍ന്നവരില്‍ രാഹുല്‍ ദ്രാവിഡും വി.വി.എസ്‌ ലക്ഷ്‌മണുമെല്ലാമുണ്ട്‌. പക്ഷേ ഏകദിന ഇന്നിംഗ്‌സുമായി കാര്‍ത്തിക്‌ തകര്‍ത്തത്‌ ലക്ഷ്‌മണ്‍ നയിച്ച ദക്ഷിണ മേഖലക്കക്‌ ആശ്വാസമായി. ദ്രാവിഡ്‌ ഏഴിനും ലക്ഷ്‌മണ്‍ 13 നും പുറത്തായി. മലയാളി താരം ശ്രീശാന്ത്‌ ദക്ഷിണ മേഖലാ സംഘത്തിലുണ്ട്‌. ഇന്നലെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ്‌ കൈഫ്‌ നയിക്കുന്ന മധ്യമേഖല വിക്കറ്റ്‌ പോവാതെ 30 റണ്‍സ്‌ നേടിയിട്ടുണ്ട്‌.

ഇന്ത്യന്‍ ഗ്രാന്‍ഡ്‌ പ്രീ
ലണ്ടന്‍: കാറോട്ട മല്‍സരക്കാര്‍ തീര്‍ച്ചയായും 2011 ല്‍ ഇന്ത്യയിലെത്തും. 2011 ല്‍ ഇന്ത്യയില്‍ ഗ്രാന്‍ഡ്‌ പ്രി നടക്കുമെന്ന്‌ വ്യക്തമാക്കിയിരിക്കുന്നു ഫോര്‍മുല വണ്‍ തലവന്‍ ബെര്‍ണി എക്‌സ്‌റ്റണ്‍. ബി.ബി.സിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കമ്പനിയായ ജയ്‌പ്രകാശ്‌ അസോസിയേറ്റ്‌സ്‌ ലിമിറ്റഡ്‌ ഈ കാര്യത്തില്‍ മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഡല്‍ഹിയായിരിക്കും മിക്കവാറും മല്‍സരവേദി.

No comments: