Saturday, January 10, 2009

ഇന്നാണ്‌ അങ്കം
ലണ്ടന്‍:ഇന്ന്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളിലെ ക്ലാസിക്‌ അങ്കം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ കരുത്തരായ ചെല്‍സിയുമായി കളിക്കുന്നു. പുതിയ വര്‍ഷത്തില്‍ സോക്കര്‍ ലോകം കാത്തിരിക്കുന്ന പോരാട്ടത്തിന്‌ തിരശ്ശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇരു ക്യ.ാമ്പുകളും മല്‍സര സമ്മര്‍ദ്ദത്തിന്റെ തീവ്രതക്കൊപ്പം അഭിമാനം കാക്കാനുളള തത്രപ്പാടിലുമാണ്‌. പുതിയ വര്‍ഷത്തില്‍
രണ്ട്‌ ടീമുകളും കളിക്കുന്ന ആദ്യ പ്രീമിയര്‍ ലീഗ്‌ മല്‍സരമാണിത്‌. തോല്‍വി രണ്ട്‌ കൂട്ടരും ആഗ്രഹിക്കുന്നില്ല.
ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിന്‌ ഇന്ന വിജയിക്കാനായാല്‍ കപ്പ്‌ നിലനിര്‍ത്താമെന്ന പ്രതീക്ഷയുമായി മുന്നേറാം. തുടക്കത്തില്‍ അല്‍പ്പം പിറകിലായ അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം 18 മല്‍സരങ്ങളില്‍ നിന്ന്‌ 38 പോയന്റുമായി മൂന്നാം സ്ഥാനത്താണ്‌. അതേ സമയം ചെല്‍സി ഉള്‍പ്പെടെ ലീഗിലെ മറ്റ്‌ എല്ലാ ടീമുകളും ഇരുപത്‌ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോളില്‍ കളിക്കാന്‍ പോയതിനാലാണ്‌ പ്രീമിയര്‍ ലീഗിലെ മല്‍സര ടേബിളില്‍ മാഞ്ചസ്റ്റര്‍ പിറകിലായത്‌. 20 മല്‍സരങ്ങളില്‍ നിന്ന്‌ 45 പോയന്റ്‌്‌ സ്വന്തമാക്കിയ ലിവര്‍പൂളാണ്‌ ഒന്നാം സ്ഥാനത്ത്‌. ചെല്‍സിക്ക്‌ 42 പോയന്റുണ്ട്‌. ഇന്ന്‌ ജയിക്കാനായാല്‍ ചെല്‍സിക്ക്‌ ലിവര്‍പൂളിനൊപ്പമെത്താം.
ചെല്‍സി നിരയില്‍ സൂപ്പര്‍ താരങ്ങളായ നിക്കോളാസ്‌ അനേല്‍ക്കയും ദീദിയര്‍ ദ്രോഗ്‌ബെയും ഒന്നിച്ച്‌ കളിക്കുമോ എന്നാണ്‌ എല്ലാവരും താല്‍പ്പര്യത്തോടെ നോക്കുന്നത്‌. കോച്ച്‌ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരി രണ്ട്‌ പേര്‍ക്കും ഇത്‌ വരെ ഒരുമിച്ച്‌ അവസരം നല്‍കിയിട്ടില്ല. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി ഇതിനകം കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌ ഫ്രഞ്ചുകാരനായ അനേല്‍ക്കയാണ.്‌ കളിച്ച മല്‍സരങ്ങളില്ലെല്ലാം കരുത്ത്‌ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അനേല്‍ക്കക്കൊപ്പം മുന്‍നിരയില്‍ കളിക്കാന്‍ ദ്രോഗ്‌്‌ബെക്ക്‌ താല്‍പ്പര്യമുണ്ട്‌്‌. എന്നാല്‍ കോച്ചാണ്‌ പ്രശ്‌ന്‌മെന്ന്‌ ഐവറി കോസ്‌റ്റുകാരന്‍ പറയുന്നു. മാഞ്ചസ്റ്ററിനെതിരെ അഭിമാന പോരാട്ടം നടക്കുന്നതിനാല്‍ ഇന്ന്‌ ദ്രോഗ്‌ബെയെയും അനേല്‍ക്കയെയും ഒരുമിച്ച്‌ കാണാനാവുമെന്നാണ്‌ പ്രതീക്ഷകള്‍. താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നാണ്‌ ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്‌. മുന്‍നിരയില്‍ കളിക്കുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയിലാണ്‌ ഫെര്‍ഗ്ഗിയുടെ പ്രധാന പ്രതീക്ഷ. കഴിഞ്ഞ ദിവസം വലിയ വാഹനാപകടത്തില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ട പോര്‍ച്ചുഗീസ്‌ താരത്തിന്റെ ബൂട്ടുകള്‍ ചലിച്ചാല്‍ ചെല്‍സി ഗോള്‍ക്കീപ്പര്‍ പീറ്റര്‍ ചെക്കിന്‌ കാര്യങ്ങള്‍ എളുപ്പമാവില്ല. വെയിന്‍
റൂണിയാണ്‌ മറ്റൊരു പ്രമുഖന്‍. സ്ഥിരമായി ഫോം പ്രകടിപ്പിക്കാന്‍ കഴിയാത്ത റൂണി പക്ഷേ നിര്‍ണ്ണായക മല്‍സരങ്ങളില്‍ ടീമിന്റെ പ്രതീക്ഷക്കൊപ്പം പന്ത്‌ തട്ടിയിട്ടുണ്ട്‌. ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍സറും ഫോമിലാണ്‌.
ചെല്‍സി നിരയിലെ അപകടകരി ദ്രോഗ്‌ബെയാണ്‌. അവസരവാദിയായ ഈ മുന്‍നിരക്കാരെ തളക്കുന്നതില്‍ മാഞ്ചസ്‌റ്ററിന്‌ വിജയിക്കാനാവണം.
പരിശീലകരുടെ കാര്യത്തില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പമാണ്‌. ലോക ഫുട്‌ബോളിലെ ഏറ്റവും അനുഭവസമ്പന്നരായ പരിശീലകരാണ്‌ രണ്ട്‌ ടീമുകള്‍ക്കുമുളളത്‌. മാഞ്ചസ്റ്ററിന്റെ നാഡിമിഡിപ്പാണ്‌ ദീര്‍ഘകാലമായി ഫെര്‍ഗ്ഗി. അദ്ദേഹത്തോളം അനുഭവ സമ്പത്തുളളവര്‍ പ്രീമിയര്‍ ലീഗിലോ, ക്ലബ്‌ സോക്കറിലോ ഇല്ല. അതേ സമയം ബ്രസീലിനെ ലോകകപ്പ്‌ നേട്ടത്തിലേക്ക്‌ നയിച്ചിട്ടുണ്ട്‌ സ്‌ക്കോളാരി.
ലോക സോക്കറിലെ രണ്ട്‌ മികച്ച പരിശീലകരും ധാരാളം സൂുപ്പര്‍ താരങ്ങളും പരസ്‌പരം വരുമ്പോള്‍ ഈ മല്‍സരം കാണാതിരുന്നാല്‍ അത്‌ വലിയ നഷ്ടമാവും. മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ന്‌ രാത്രി 9-25 മുതല്‍ ഇ.എസ്‌.പി.എന്നില്‍.

ആവേശ മല്‍സരത്തില്‍ മഴ വില്ലന്‍
ഓക്‌ലാന്‍ഡ്‌: വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മല്‍സരവും മഴയില്‍ അലങ്കോലമായി. ആദ്യം ബാറ്റ്‌ ചെയ്‌ത ആതിഥേയര്‍ കന്നിക്കാരന്‍ മാര്‍ട്ടിന്‍ ഗുട്ട്‌പില്‍ നേടിയ തര്‍പ്പന്‍ സെഞ്ച്വറിയില്‍ നാല്‌ വിക്കറ്റിന്‌ 275 റണ്‍സ്‌ നേടിയിരുന്നു. നായകന്‍ ക്രിസ്‌ ഗെയിലിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ 10.3 ഓവറില്‍ വിന്‍ഡീസ്‌ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 64 റണ്‍സ്‌ നേടിയ ഘട്ടത്തിലെത്തിയ മഴയില്‍ മല്‍സരം ഇല്ലാതായി. അഞ്ച്‌ മല്‍സര ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരവും മഴയില്‍ ഉപേക്ഷിച്ചിരുന്നു. 1-1 എന്ന നിലയില്‍ നില്‍ക്കുന്ന പരമ്പരയിലെ അവസാന മല്‍സരം ഇതോടെ നിര്‍ണ്ണായകമായി.
ഗുട്‌്‌പിലായിരുന്നു ഇന്നലത്തെ ഹീറോ. ഇതാദ്യമായാണ്‌ ഒരു കിവി ബാറ്റ്‌സ്‌മാന്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി സ്വന്തമാക്കുന്നത്‌. പുറത്താവാതെ 122 റണ്‍സ്‌ നേടിയ യുവതാരം അസാമാന്യ ഫോമിലായിരുന്നു. വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലത്തിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിട്ട ഗുട്ട്‌പില്‍ 30 എത്തുന്നതിന്‌ മുമ്പ്‌്‌ മൂന്ന്‌ തവണയാണ്‌ വിന്‍ഡീസ്‌ ഫീല്‍ഡര്‍മാരില്‍ നിന്നും രക്ഷപ്പെട്ടത്‌.

ചികുബുറ ജയം
മിര്‍പ്പൂര്‍: ബംഗ്ലാദേശിനായ ത്രിരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ സിംബാബ്‌വെക്ക്‌ മികച്ച വിജയം. എല്‍്‌ടണ്‍ ചികുബുറ പൊരുതി നേടിയ 64 റണ്‍സിന്റെ മികവിലവര്‍ 38 റണ്‍സിനാണ്‌ വിജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത സിംബാബ്‌വെ 205 റണ്‍സാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. സ്വന്തം മൈതാനത്ത്‌ , കാണികളുടെ പിന്‍ബലത്തില്‍ ഈ സ്‌ക്കോര്‍ അനായാസം മറികടക്കാന്‍ കടുവകള്‍ക്ക്‌ കഴിയുമെന്നാണ്‌ കരുതിയത്‌. പക്ഷേ ഷാകിബ്‌ അല്‍ ഹസന്‍ (52) ഒഴികെ ആരും പൊരുതിയില്ല. 167 റണ്‍സിന്‌ എല്ലാവരും പുറത്തായി. 2007 നവംബറിന്‌ ശേഷം ഒരു ടെസ്‌റ്റ്‌ രാജ്യത്തിനെതിരെ ഏകദിന ക്രിക്കറ്റില്‍ സിംബാബ്‌വെ നേടുന്ന ആദ്യ വിജയമാണിത്‌.
സിംബാബ്‌വെ ബാറ്റിംഗില്‍ ഏറെ പിറകോട്ട്‌ പോയിരുന്നു. പക്ഷേ ചികുബുറ സ്വന്തം ഭാഗം സംരക്ഷിച്ചു പിടിച്ചുനിന്നു. 23 റണ്‍സിന്‌ 3 വിക്കറ്റുമായി ഷാക്കിബ്‌ മികവ്‌ പ്രകടിപ്പിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ്‌ കാണാനായത്‌ കൂട്ടത്തകര്‍ച്ച. റെയിന്‍സ്‌ ഫോര്‍ഡ്‌ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട്‌ ബൗണ്ടറികള്‍ പായിച്ച്‌ തമീം ഇഖ്‌ബാല്‍ നല്‍കിയ തുടക്കം ഉപയോഗപ്പെടുത്താന്‍ പിന്നിട്‌ വന്ന ആര്‍ക്കുമായില്ല. പുതിയ പന്ത്‌ പങ്കിട്ട പ്രോസ്‌പര്‍ ഉറ്റ്‌സേയ തന്റെ ആദ്യ ഓവറില്‍ തന്നെ ജുനൈദ്‌ സിദ്ദിഖിയെ പറഞ്ഞയച്ചു. അടുത്ത ഓവറില്‍ മുഷ്‌ഫിഖര്‍ പുറത്തായി. പിറകെ പ്രധാന പ്രതീക്ഷയായ നായകന്‍ അഷറഫുലും. അതോടെ മല്‍സരം ആഫ്രിക്കന്‍ ടീമിന്റെ നിയന്ത്രണത്തിലായി.

ഇന്ന്‌ സൂപ്പര്‍ 20-20
മെല്‍ബണ്‍: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക 20-20 പരമ്പരക്ക്‌ ഇന്ന്‌ സൂപ്പര്‍ തുടക്കം. രണ്ട്‌ മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തിന്‌ തന്നെ രണ്ട്‌ കന്നിക്കാര്‍ക്ക്‌ ദക്ഷിണാഫ്രിക്ക അവസരം നല്‍കുന്നു. ലോണ്‍വാബോ സോട്‌സോബ്‌, വോന്‍ വാന്‍ ജാര്‍സ്‌വെല്‍ഡ്‌ എന്നിവരാണ്‌ സന്ദര്‍ശക സംഘത്തിലെ കന്നിക്കാര്‍. അനുഭവസമ്പന്നനായ ഹര്‍ഷല്‍ ഗിബ്‌സും ടീമിലുണ്ട്‌. എന്നാല്‍ ടെസ്റ്റ്‌ പരമ്പരയില്‍ കരുത്ത്‌ തെളിയിച്ച ഹാഷിം അംല, നീല്‍ മക്കന്‍സി എന്നിവര്‍ക്ക്‌ ടീമില്‍ ഇടമില്ല. റിക്കി പോണ്ടിംഗ്‌ നയിക്കുന്ന ഓസീസ്‌ സംഘത്തില്‍ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‌ പകരം ലൂക്‌ റോഞ്ചിക്ക്‌ അവസരം നല്‍കിയിട്ടുണ്ട്‌. 22 കാരനായ ഡേവിഡ്‌ വാര്‍നറും ഓസീ നിരയില്‍ കളിക്കുന്നു.

No comments: