Saturday, January 31, 2009

yuki-the indian

നമ്പര്‍ വണ്‍ കപ്പ്‌
മെല്‍ബണ്‍: അപ്രതീക്ഷിതമായത്‌ റോഡ്‌ ലീവര്‍ അറീനയില്‍ സംഭവിച്ചില്ല. സറീന വില്ല്യംസ്‌ അനായാസ വിജയവുമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ വനിതാ സിംഗിള്‍സ്‌ കിരീടത്തില്‍ മുത്തമിട്ടു. കേവലം ഒരു മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച കലാശപ്പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയില്‍ നിന്നുളള ദിനാര സാഫിനയെ വീഴ്‌ത്തി. സ്‌ക്കോര്‍ 6-0, 6-4. കിരീടത്തിനൊപ്പം ലോക റാങ്കിംഗിലെ ആദ്യ സ്ഥാനവും സ്വന്തമാക്കിയ അമേരിക്കന്‍ താരം ഗ്രാന്‍ഡ്‌സ്ലാം നേട്ടം ഇതോടെ പത്താക്കി ഉയര്‍ത്തി. ആദ്യ സെറ്റില്‍ പ്രതിയോഗിക്ക്‌ ഒരു ഗെയിം പോലും നല്‍കാതെ 22 മിനുട്ടില്‍ വിജയം വരിച്ച 27 കാരിക്ക്‌ മുന്നില്‍ രണ്ടാം സെറ്റില്‍ മാത്രമാണ്‌ നേരിയ ചെറുത്തുനില്‍പ്പിന്‌ റഷ്യക്കാരിക്ക്‌ കഴിഞ്ഞത്‌. തന്റെ രണ്ടാമത്‌ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കുന്ന സാഫിന സമ്മര്‍ദ്ദത്തില്‍ അടിമുടി പതറി. ഒന്നും ചെയ്യാന്‍ കഴിയാത്ത കൊച്ചുകുട്ടിയെ പോലെയായിരുന്നു ആദ്യ സെറ്റില്‍ റഷ്യന്‍ താരം. ഫൈനലില്‍ ഞാന്‍ കേവലം ഒരു ബോള്‍ ബോയ്‌ മാത്രമായി-മല്‍സര ശേഷം സറീനയെ അഭിനന്ദിച്ച്‌ കൊണ്ട്‌ ദിനാര സ്വയം വിശേഷിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു. രണ്ട്‌ ദിവസത്തിനകം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സറീന നേടുന്ന രണ്ടാമത്തെ കിരീടമാണിത്‌. വെള്ളിയാഴ്‌ച്ച നടന്ന വനിതാ ഡബിള്‍സ്‌ ഫൈനലില്‍ ചേച്ചി വീനസ്‌ വില്ല്യംസിനൊപ്പം സറീന കിരീടം സ്വന്തമാക്കിയിരുന്നു.
ലോക വനിതാ ടെന്നിസില്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ കൂടുതല്‍ സ്വന്തമാക്കിയവരുടെ പട്ടികയിലേക്കാണ്‌ സറീന നടന്നുകയറുന്നത്‌. ഓസ്‌ട്രേലിയന്‍ താരമായ മാര്‍ഗരറ്റ്‌ കോര്‍ട്ടാണ്‌ ഏറ്റവുമധികം ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ വനിതാ താരം. 24 തവണയാണ്‌ ഓസീസ്‌ താരം ഉന്നത വിജയങ്ങള്‍ സ്വന്തമാക്കിയതെങ്കില്‍ ജര്‍മനിയുടെ സ്‌റ്റെഫി ഗ്രാഫ്‌ 22 തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്‌. 19 തവണ കിരീടം ഉയര്‍ത്തിയിട്ടുള്ള ഹെലന്‍ മോഡിയെയും 18 വീതം തവണ ഗ്രാന്‍ഡ്‌സ്ലാം കോര്‍ട്ടുകളഇല്‍ കൊടിപാറിച്ചിട്ടുള്ള മാര്‍ട്ടീന നവരത്‌ലോവ, ക്രിസ്‌ എവര്‍ട്ട്‌ എന്നിവര്‍ക്കൊപ്പമെത്താന്‍ നിലവിലുള്ള ഫോമില്‍ സറീനക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇപ്പോള്‍ കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുളള സറീനക്ക്‌ പ്രായം 27 മാത്രമേ ആയിട്ടുളളു.
ലോക വനിതാ ടെന്നിസിനെ ഉയരങ്ങളിലെത്തിച്ച താരങ്ങള്‍ക്കൊപ്പം തന്റെ പേര്‌ വരുന്നതിലെ സന്തോഷം സറീന മറച്ചുവെച്ചില്ല. സ്‌റ്റെഫി ഗ്രാഫായിരുന്നു ചെറുപ്പകാലത്ത്‌ എന്റെ ആരാധനാ പാത്രം. അവര്‍ക്കെതിരെ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഓ ഇതാണല്ലോ സ്‌റ്റെഫിയെന്ന വിസ്‌മയത്തിലായിരുന്നു ഞാന്‍. മാര്‍ട്ടീന നവരത്ത്‌ലോവയെയായിരുന്നു എന്നും ഞാന്‍ ആരാധിച്ചിട്ടുള്ളത്‌. ഇവര്‍ക്കൊപ്പമെല്ലാം എന്റെ പേര്‌ വരുമെന്ന്‌ കരുതിയതല്ല.-സറീന പറഞ്ഞു.

യൂകി നേടി, മഹേഷ്‌ വീണു
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഭാഗ്യ-നിര്‍ഭാഗ്യ ദിനം. ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ രണ്ട്‌ ഫൈനലുകള്‍ കളിച്ചപ്പോള്‍ ടീനേജ്‌ താരമായ യുകി ബാംബ്രി ജൂനിയര്‍ സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കി. പക്ഷേ പുരുഷ ഡബിള്‍സില്‍ ബഹമാസുകാരനായ പാര്‍ട്ട്‌ണര്‍ മാര്‍ക്‌ നോളസിനൊപ്പം കളിച്ച മഹേഷ്‌ ഭൂപതി അമേരിക്കയുടെ ബ്രയന്‍ സഹോദരങ്ങള്‍ക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞു. ഇന്ന്‌ മിക്‌സഡ്‌ ഡബിള്‍സില്‍ മഹേഷ്‌ ഭൂപതി സാനിയ മിര്‍സക്കൊപ്പം കളിക്കുന്നുണ്ട്‌.
മെല്‍ബണ്‍ പാര്‍ക്കിലെ ഇന്ത്യന്‍ ഹീറോ യുകിയായിരുന്നു. അധികമാര്‍ക്കും പരിചയമില്ലാത്ത കൊച്ചുതാരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിയാണ്‌ നേടിയത്‌. ഏകപക്ഷീയമായി നടന്ന കലാശപ്പോരാട്ടത്തില്‍ യുകി ജര്‍മനിയില്‍ നിന്നുള്ള അലക്‌സാണ്ടറസ്‌ ഫെര്‍ഡിനാന്‍ഡസ്‌ ഗ്രിഗോഡസിനെയാണ്‌ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 6-3, 6-1. കേവലം 57 മിനുട്ടിലാണ്‌ യുകി ഗ്രാന്‍ഡ്‌സ്ലാം കിരീടം പോക്കറ്റിലാക്കിയത്‌. ഗ്രാന്‍ഡ്‌ സ്ലാം ജൂനിയര്‍ കിരീടം സ്വന്തമാക്കുന്ന നാലാമത്‌ ഇന്ത്യക്കാരന്‍ കൂടിയാണ്‌ യുകി. 1954 ല്‍ രാമനാഥന്‍ കൃഷ്‌ണന്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടവും അദ്ദേഹത്തിന്റെ മകന്‍ രമേശ്‌ കൃഷ്‌ണന്‍ 1979 ല്‍ വിംബിള്‍ഡണ്‍, ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടവും 1990 ല്‍ ലിയാന്‍ഡര്‍ പെയ്‌സ്‌ ജൂനിയര്‍ വിംബിള്‍ഡണും ജൂനിയര്‍ യു.എസ്‌ ഓപ്പണും നേടിയിരുന്നു. സമ്മര്‍ദ്ദമില്ലാത്ത പ്രകടനം നടത്തിയാണ്‌ ഡല്‍ഹിക്കാരന്‍ വിജയിച്ചത്‌. കഴിഞ്ഞ വര്‍ഷം സെമിഫൈനല്‍ വരെയെത്തി നിരാശപ്പെടുത്തിയ യുകി ഇത്തവണ കപ്പുമായി മാത്രമേ നാട്ടിലേക്ക്‌ മടങ്ങു എന്ന ദൃഡപ്രതിജ്ഞയിലായിരുന്നു.
അതേ സമയം മഹേഷ്‌ ഭൂപതിക്ക്‌ ഗ്രാന്‍ഡ്‌സ്ലാം മൈതാനങ്ങളിലെ തന്റെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ബ്രയന്‍ സഹോദരന്മാരുടെ അനുഭവ സമ്പത്തിന്‌ മുന്നില്‍ പതറാതെ ആദ്യ സെറ്റ്‌ സ്വന്തമാക്കിയ ഭൂപതി രണ്ടാം സെറ്റിലാണ്‌ തരിപ്പണമായത്‌.

ഇന്ന്‌ ക്ലാസ്‌
മെല്‍ബണ്‍: കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ നടന്ന അഞ്ച്‌ സെറ്റ്‌ മാരത്തോണ്‍ ഫൈനലിന്‌ ശേഷം ലോക ടെന്നിസിലെ രണ്ട്‌ അതികായര്‍ ഇന്ന്‌ വീണ്ടും ഒരു ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പിന്റെ കലാശവേദിയില്‍ മുഖാമുഖം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ സിംഗിള്‍സ്‌ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും രണ്ടാമന്‍ റോജര്‍ ഫെഡ്‌ററും മുഖാമുഖം വരുമ്പോള്‍ ടെന്നിസ്‌ പ്രേമികള്‍ക്ക്‌ ഇതിലും വലിയ വിരുന്നില്ല. ഇന്ന്‌ റോഡ്‌ ലീവര്‍ അറീനയില്‍ കിരീടം സ്വന്തമാക്കാനായാല്‍ സ്വിസുകാരനായ റോജര്‍ ഫെഡ്‌റര്‍ക്ക്‌്‌ പീറ്റ്‌ സംപ്രാസിന്റെ ഗ്രാന്‍ഡ്‌സ്ലാം റെക്കോര്‍ഡിനൊപ്പമെത്താനാവും. പതിനാല്‌ തവണ ഗ്രാന്‍ഡ്‌സ്ലാം കിരീടത്തില്‍ മുത്തമിട്ടിട്ടുള്ള സംപ്രാസിന്‌ പിറകില്‍ ഇപ്പോള്‍ ഫെഡ്‌റര്‍ പതിമൂന്ന്‌ ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങളുമായി തൊട്ട്‌പിറകിലുണ്ട്‌. ലോക ടെന്നിസിലെ രണ്ട്‌ അതികായര്‍ തമ്മില്‍ ഓസ്‌ട്രേലിയന്‍ ഹാര്‍ഡ്‌കോര്‍ട്ടില്‍ ഇതാദ്യമായാണ്‌ മുഖാമുഖം.
തന്റെ ആധികാരികത തെളിയിച്ചുളള പ്രകടനങ്ങള്‍ നടത്തിയാണ്‌ ഫെഡ്‌റര്‍ ഇവിടെ കലാശ മല്‍സരം വരെയെത്തിയത്‌. പക്ഷേ നദാലിന്‌ പലവട്ടം പിഴച്ചിരുന്നു. സ്വന്തം നാട്ടുകാരനായ വെര്‍ദാസ്‌ക്കോക്കെതിരായ സെമി അഞ്ച്‌ സെറ്റ്‌ ദീര്‍ഘിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മല്‍സരവും ഇതായിരുന്നു.
കഴിഞ്ഞ വിംബിള്‍ഡണിലെ പരാജയം മറന്ന്‌ ലോക റാങ്കിംഗിലെ ആദ്യ സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തില്‍ ഫെഡ്‌റര്‍ക്ക്‌ അനുകൂലമാവുന്ന മറ്റൊരു ഘടകമുണ്ട്‌. വ്യാഴാഴ്‌ച്ചയായിരുന്നു അദ്ദേഹത്തിന്റെ സെമി. ഫൈനലിനുളള ഒരുക്കത്തില്‍ രണ്ട്‌ ദിവസമാണ്‌ ഫെഡ്‌റര്‍ക്ക്‌ ലഭിച്ചിരിക്കുന്നത്‌.

ക്രിക്കറ്റ്‌
കൊളംബോ: 88 പന്തില്‍ 66 റണ്‍സ്‌ നേടിയ മധ്യനിര ബാറ്റ്‌സ്‌മാന്‍ യുവരാജ്‌ സിംഗിന്റെ മികവില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഒമ്പത്‌ വിക്കറ്റിന്‌ 256 റണ്‍സാണ്‌ നേടിയത്‌. അമ്പയര്‍മാരുടെ പിഴവുകളും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരില്‍ ചിലരുടെ അലസതയുമാണ്‌ വന്‍സ്‌ക്കോറില്‍ നിന്ന്‌ ടീമിനെ അകറ്റിയത്‌. ആദ്യ 13 ഓവറിനിടെ തന്നെ ഇന്ത്യയുടെ മൂന്ന്‌ മുന്‍നിര വിക്കറ്റുകള്‍ നിലംപതിച്ചിരുന്നു. ഇവിടെ നിന്നും യുവരാജ്‌-സുരേഷ്‌ റൈന സഖ്യം നേടിയ 85 റണ്‍സ്‌ ടീമിനെ കരകയറ്റി. ഇന്നിംഗ്‌സിന്റെ മധ്യത്തില്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും യൂസഫ്‌ പത്താനും പൊരുതിയെങ്കിലും തുടക്കത്തിലെ റണ്‍റേറ്റ്‌ നിലനിര്‍ത്താന്‍ ടീമിനായില്ല.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ ചെറിയ സ്‌ക്കോറിന്‌ പുറത്തായി. ധാംബൂലയില്‍ സച്ചിനെ പുറത്താക്കിയ രീതിയില്‍ തന്നെയായിരുന്നു ഇവിടെയും അമ്പയറുടെ വിരലുയര്‍ത്തല്‍. ഫോമിലായിരുന്ന യുവരാജ്‌ തകര്‍പ്പന്‍ ഷോട്ടുകളുമായി കളിക്കവെയാണ്‌ അമ്പയറുടെ ഏറ്റവും വലിയ വിഡ്ഡിത്തത്തില്‍ ഇന്ത്യന്‍ താരം പുറത്തായത്‌. നുവാന്‍ കുലശേഖരയുടെ പന്ത്‌ സ്‌ക്വയര്‍ ലെഗിലേക്ക്‌ തിരിച്ചുവിട്ട്‌ റണ്ണിനായി ഓടവെ അമ്പയര്‍ വിരലുയര്‍ത്തുകയായിരുന്നു. പന്ത്‌ ആദ്യം ബാറ്റില്‍ തട്ടിയാണ്‌ പാഡില്‍ തട്ടിയത്‌. പക്ഷേ അമ്പയര്‍ ഇത്‌ കണ്ടില്ല.
സേവാഗ്‌ മികച്ച ഫോമില്‍ കളിക്കവെ ഇല്ലാത്ത മൂന്നാം റണ്ണിനായി ഓടി വിക്കറ്റ്‌ വലിച്ചെറിഞ്ഞു. 26 പന്തില്‍ ഏഴ്‌ തകര്‍പ്പന്‍ ബൗണ്ടറികളുമായി 42 റണ്‍സ്‌ നേടിയ സേവാഗ്‌ ലങ്കന്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമായി മാറിയ ഘട്ടത്തിലായിരുന്നു പുറത്താവല്‍.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: സേവാഗ്‌-റണ്ണൗട്ട്‌-42, സച്ചിന്‍-എല്‍
.ബി.ഡബ്ല്യൂ-ബി-കുലശേഖര-6, ഗാംഭീര്‍-സി-സങ്കക്കാര-ബി-മഹറൂഫ്‌-27, യുവരാജ്‌-എല്‍.ബി.ഡബ്ല്യൂ-ബി-കുലശേഖര-66, റൈന-സി-കപ്പുഗുഡേര-ബി-ദില്‍ഷാന്‍-29, ധോണി-സി-സങ്കക്കാര-ബി-മഹറൂഫ്‌-23, യൂസഫ്‌-റണ്ണൗട്ട്‌-21, സഹീര്‍-സി-ദില്‍ഷാന്‍-ബി-മെന്‍ഡിസ്‌-17, പ്രവീണ്‍-സി-മഹേല-ബി-മെന്‍ഡിസ്‌-15, ഒജ-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-10, ആകെ ഒമ്പത്‌ വിക്കറ്റിന്‌ 256. വിക്കറ്റ്‌ പതനം: 1-13 (സച്ചിന്‍), 2-62 (ഗാംഭീര്‍), 3-83 (സേവാഗ്‌), 4-168 (റൈന), 5-180 (യുവി), 6-219 (യൂസഫ്‌), 7-223 (ധോണി), 8-256 (പ്രവീണ്‍), 9-256 (സഹീര്‍). ബൗളിംഗ്‌: കുലശേഖര 9-0-61-2, തുഷാര 8-0-59-0, മഹറൂഫ്‌ 10-0-40-2, മെന്‍ഡിസ്‌ 10-0-44-2, മുരളി 10-1-32-0, ദില്‍ഷാന്‍ 3-0-19-1.
ശ്രീലങ്ക: ദില്‍ഷാന്‍-സി-ഇഷാന്ത്‌-ബി-സഹീര്‍-8, ജയസൂര്യ-സി-ഒജ-ബി-ഇഷാന്ത്‌-17, സങ്കക്കാര-സി-സച്ചിന്‍-ബി-പ്രവീണ്‍-4, മഹേല

ധോണി നമ്പര്‍ വണ്‍
ദുബായ്‌: ഐ.സി.സി ഏകദിന ബാറ്റിംഗ്‌ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി ഒന്നാം സ്ഥാനത്ത്‌. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ പുറത്താവാതെ 61 റണ്‍സ്‌ നേടാനായതാണ്‌ വിന്‍ഡീസുകാരന്‍ ക്രിസ്‌ ഗെയിലിനെ പിറകിലാക്കാന്‍ ധോണിയെ സഹായിച്ചത്‌. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌ വന്ന ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്‌മാന്‍ എബി ഡി വില്ലിയേഴ്‌സ്‌ ആദ്യ പത്തിലേക്ക്‌ കയറി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്ഥിരതയോടെ കളിച്ച ഡി വില്ലിയേഴ്‌സിന്റെ ബാറ്റിംഗ്‌ ശരാശരി 63.66 ആയിരുന്നു. ഓസ്‌ട്രേലിയയുടെ മൈക്‌ ഹസി അഞ്ചാം സ്ഥാനത്തുണ്ട്‌. ധോണി കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയിലെ ഉയര്‍ന്ന നേട്ടക്കാരന്‍ ഇരുപതാം സ്ഥാനത്തുള്ള ഗൗതം ഗാംഭീറാണ്‌. ദക്ഷിണാഫ്രിക്കന്‍ നിരയിലെ യുവതാരങ്ങളായ ജെ.പി ഡുമിനിയും ഹാഷിം അംലയും റാങ്കിംഗില്‍ മുന്നോട്ട്‌ കയറിയിട്ടുണ്ട്‌. ടെസ്‌റ്റിലും ഏകദിനങ്ങളിലും ഡുമിനി 29 ലാണ്‌. അംല 37 ല്‍ നിന്നും 34 ല്‍ എത്തി. ബൗളര്‍മാരില്‍ ഒന്നാമന്‍ കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി തന്നെയാണ്‌. ഇന്ത്യയുടെ സഹീര്‍ഖാന്‍ ഒമ്പതില്‍ നില്‍ക്കുന്നു.

ഇന്ന്‌ കിടിലന്‍
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ കിടിലന്‍ അങ്കം. പോയന്റ്‌്‌ ടേബിളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ പിറകില്‍ രണ്ടാം സ്ഥാനത്തുളള ചെല്‍സി മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ എതിരിടുന്നു. ഇന്ത്യന്‍ സമയം രാത്രി 8-25 നാണ്‌ മല്‍സരം. രണ്ട്‌ പേര്‍ക്കും നിര്‍ണ്ണായകമാണ്‌ മല്‍സരം. 2008 അവസാനം വരെ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു ലിവര്‍പൂള്‍. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പുതിയ വര്‍ഷത്തില്‍ അസാമാന്യ ഫോമില്‍ കളിക്കാന്‍ തുടങ്ങിയപ്പോള്‍ റാഫേല്‍ ബെനിറ്റസിന്റെ സംഘത്തിന്‌ കാലിടറി. ചെല്‍സി, ലിവര്‍പൂള്‍ എന്നിവരേക്കാള്‍ രണ്ട്‌ പോയന്റിന്റെ ലീഡാണ്‌ നിലവില്‍ മാഞ്ചസ്‌റ്ററിന്‌. മറ്റ്‌ ടീമുകളെ അപേക്ഷിച്ച്‌ ഒരു മല്‍സരം കുറവാണ്‌ അവര്‍ കളിച്ചതും.

മുരളി വെയിറ്റ്‌
കൊളംബോ: വസീം അക്രമിന്റെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ മുത്തയ്യ മുരളീധരന്‍ കാത്തിരിക്കണം.അക്രമിനെ പിറകിലാക്കാന്‍ കേവലം രണ്ട്‌ ഇരകളെ കണ്ടെത്തിയാല്‍ മതി മുരളിക്ക്‌. പക്ഷേ ഇന്നലെ ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ മുരളിക്ക്‌ ഇരകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
സംശയം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങളുണ്ടാവുന്ന കാര്യം സംശയത്തില്‍. മുംബൈ സംഭവത്തിന്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡും തമ്മിലുളള ബന്ധം മോശമായിട്ടുണ്ട്‌. കൂടാതെ പാക്‌ താരങ്ങളെ സ്വന്തം ടീമുകളിലെടുത്താല്‍ അത്‌ പ്രശ്‌നമാവുമോ എന്ന ഭയം ടീമുകള്‍ക്കുമുണ്ട്‌. ഈ മാസം ആറിന്‌ ഗോവയിലാണ്‌ ആദ്യ താരലേലം നടക്കുന്നത്‌. കഴിഞ്ഞ ലീഗില്‍ ഷുഹൈബ്‌ അക്തര്‍, ഷാഹിദ്‌ അഫ്രീദി, കമറാന്‍ അക്‌മല്‍, സുഹൈല്‍ തന്‍വീര്‍, യൂനസ്‌ഖാന്‍ തുടങ്ങി ധാരാളം പാക്‌ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിച്ചിരുന്നു.

No comments: