Thursday, April 30, 2009

DIL DILSHAN

ദില്‍ഹേ ദില്‍ഷാന്‍
സെഞ്ചൂറിയന്‍: അപരാജിതരായി മുന്നേറിയ ആദം ഗില്‍ക്രൈസ്റ്റിന്റെ ഡക്കാന്‍ സംഘത്തിന്‌ ആദ്യ തോല്‍വി സമ്മാനിച്ച്‌ വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍
കരുത്ത്‌ കാട്ടി. മധ്യനിര ബാറ്റ്‌സ്‌മാന്‍ തിലകരത്‌നെ ദില്‍ഷാന്‍ നയിച്ച വഴിയില്‍ നീങ്ങിയാണ്‌ ആറ്‌ വിക്കറ്റിന്റെ വിജയത്തിനൊപ്പം പോയന്റ്‌ ടേബിളില്‍ ഒന്നാം സ്ഥാനവും ഡല്‍ഹി റാഞ്ചിയത്‌. സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്കില്‍ ആദ്യം ബാറ്റ്‌ ചെയ്‌തത്‌ ഡക്കാനായിരുന്നു. വെടിക്കെട്ടുകാരായ ഗില്‍ക്രൈസ്റ്റും ഹര്‍ഷല്‍ ഗിബ്‌സും തുടക്കത്തില്‍ തന്നെ സ്‌പിന്‍ മാന്ത്രികതയില്‍ വീണപ്പോള്‍ ടീമിന്‌ നേടാനായത്‌ ഒമ്പത്‌ വിക്കറ്റിന്‌ 148 റണ്‍സ്‌. സേവാഗും ഗാംഭീറും ദില്‍ഷാനുമെല്ലാം കളിക്കുന്ന ഡല്‍ഹിക്ക്‌ മുന്നില്‍ ഈ സ്‌ക്കോര്‍ പോരായിരുന്നു. പുറത്താവാതെ 52 റണ്‍സ്‌ നേടിയ ലങ്കന്‍ താരത്തിന്റെ മികവില്‍ ഡല്‍ഹി വിജയം നേടി.
ഇത്‌ വരെ ഒരു പരാജയം പോലുമറിയാതെ രാജാക്കന്മാരായി വാണ ഡക്കാന്‍കാര്‍ക്ക്‌ ഇന്നലെ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. ഡിര്‍ക്‌ നാനസ്‌ എന്ന സ്‌പിന്നറെ കണ്ടപ്പോള്‍ പന്തിനെ ഗ്യാലറിയിലെത്തിക്കാന്‍ കൊതിച്ച ഗില്ലിക്കും ഗിബ്‌സിനും പെട്ടെന്ന്‌ മടങ്ങേണ്ടി വന്നു. ഈ മടക്കം സ്‌ക്കോര്‍ ബോര്‍ഡിനെ കാര്യമായി ബാധിച്ചു. വിന്‍ഡീസുകാരനായ കൂറ്റനടിക്കാരന്‍ ഡ്വിന്‍ സ്‌മിത്ത്‌ ക്രീസില്‍ നിന്ന സമയത്ത്‌ മാത്രമായിരുന്നു ചാര്‍ജേഴ്‌സ്‌ ശരിക്കും ചാര്‍ജ്‌ ചെയ്‌തത്‌. നാല്‌ വിക്കറ്റിന്‌ 55 റണ്‍സ്‌ എന്ന നിലയില്‍ തളര്‍ന്ന ചാര്‍ജേഴ്‌സിനായി 28 പന്തില്‍ നിന്ന്‌ വെടിക്കെട്ട്‌ ബാറ്റിംഗിലൂടെ 48 റണ്‍സ്‌ നേടിയ സ്‌മിത്ത്‌ ജീവന്‍ നല്‍കിയിരുന്നു. കിവി സ്‌പിന്നറായ ഡാനിയല്‍ വെട്ടോരിക്കെതിരെ തുടര്‍ച്ചയായ മൂന്ന്‌ ബൗണ്ടറികള്‍ നേടിയ സ്‌മിത്ത്‌ അമിത്‌ മിശ്രയെ ഡീപ്പ്‌ സ്‌ക്വയര്‍ ലെഗ്ഗിലൂടെ അതിര്‍ത്തി കടത്തി ഭീഷണി മുഴക്കി. വെട്ടോരിക്ക്‌ പകരം മറ്റൊരു സ്‌പിന്നറായ തിലകരത്‌നെ ദില്‍ഷാന്‍ വന്നെങ്കിലും കാര്യമുണ്ടായില്ല. ആര്‍ക്കും പിടിച്ചുകെട്ടാന്‍ കഴിയാത്ത രീതിയില്‍ സ്‌മിത്ത്‌ മുന്നേറവെ ഗത്യന്തരമില്ലാതെ സേവാഗ്‌ പന്ത്‌ ആശിഷ്‌ നെഹ്‌്‌റക്ക്‌്‌ നല്‍കി. ഈ നീക്കമാണ്‌ ഡല്‍ഹിയുടെ ഭാഗ്യമായത്‌. മറ്റൊരു തകര്‍പ്പനടിക്കുളള ശ്രമത്തില്‍ സ്‌മിത്തിന്റെ ബാറ്റിലുരസിയ പന്ത്‌ അദ്ദേഹം പ്രതീക്ഷിച്ച രീതിയില്‍ പറന്നില്ല. ഫീല്‍ഡര്‍ക്ക്‌ കാര്യം എളുപ്പമായി. സ്‌മിത്ത്‌ പോയതും ടീം വീണ്ടും തകര്‍ന്നു. രോഹിത്‌ ശര്‍മ്മയുടെ ചെറുത്തുനില്‍പ്പ്‌ ഗുണം ചെയ്‌തില്ല. എങ്കിലും 148 റണ്‍സ്‌ എന്ന സ്‌ക്കോറിനെ ്‌പ്രതിരോധിക്കാന്‍ ആര്‍.പി സിംഗിനെ പോലുള്ള ബൗളര്‍മാരുള്ളതിനാല്‍ ഡക്കാന്‌ പ്രതീക്ഷയുണ്ടായിരുന്നു.
ഡല്‍ഹി നായകനും ഓപ്പണറുമായ വിരേന്ദര്‍ സേവാഗില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളിലെ മോശം പ്രകടനത്തില്‍ നിന്നും പാഠമുള്‍കൊണ്ട്‌ അദ്ദേഹം വെറുതെ ബാറ്റ്‌ വീശിയില്ല. ആര്‍.പിയുടെ വൈഡ്‌ പന്തില്‍ കൈകള്‍ സ്വതന്ത്രമാക്കിയ ഘട്ടത്തില്‍ സേവാഗിനെ ഹര്‍ഷല്‍ ഗിബ്‌സ്‌ പിടികൂടി. ഫോമിലുള്ള എബി ഡി വില്ലിയേഴ്‌സാണ്‌ സ്വന്തം മൈതാനത്ത്‌ മൂന്നാം നമ്പറില്‍ വന്നത്‌. പക്ഷേ അഞ്ച്‌ റണ്‍സാണ്‌ യുവതാരത്തിന്‌ നേടാനായത്‌. ഗൗതം ഗാംഭീറും പതിവ്‌ ഫോമിലായിരുന്നില്ല. ഷുഹൈബ്‌ അഹമ്മദിനെതിരെ രണ്ട്‌ ബൗണ്ടറികള്‍ പായിച്ചെങ്കിലും ഒരിക്കല്‍പ്പോലും ചാമ്പ്യന്‍ ബാറ്റ്‌സ്‌മാന്റെ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പാഡില്‍ സ്വീപ്പിന്‌ ശ്രമിച്ച്‌ ഗാംഭീര്‍ പുറത്തായപ്പോള്‍ ഡക്കാന്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
റണ്‍സിനായി വിഷമിച്ച ദിനേശ്‌ കാര്‍ത്തിക്കിന്‌ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്താനുളള അവസരമായിരുന്നു ഇത്‌. കൂട്ടിന്‌ ദില്‍ഷാനും. ഇരുവരും കാടനടികള്‍ക്ക്‌ മുതിര്‍ന്നില്ല. പ്രഗ്യാന്‍ ഒജയുടെ സ്‌പിന്നിനെ ബഹുമാനിച്ചും രോഹിത്‌ ശര്‍മയുടെ സ്‌പിന്നിനെ ആക്രമിച്ചും ഇവര്‍ സ്‌ക്കോര്‍ ഉയര്‍ത്തി. അവസാനത്തില്‍ ഡക്കാന്‍ സീമര്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌സും ദില്‍ഷാനും കൊമ്പ്‌ കോര്‍ത്തെങ്കിലും പ്രശ്‌നങ്ങളില്ലാതെ ഡല്‍ഹിയുടെ വിജയത്തില്‍ മല്‍സരം പര്യവസാനിച്ചു.

ക്യാപ്‌റ്റന്‍
ലണ്ടന്‍: സ്വന്തം നാട്ടില്‍ നടക്കുന്ന 20-20 ലോകകപ്പിനുള്ള ഇംഗ്ലീഷ്‌ സംഘത്തെ നയിക്കാനുളള ചുമതല മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡിലേക്ക്‌ വരാന്‍ സാധ്യത. ഇന്നാണ്‌ ടീമിനെ പ്രഖ്യാപിക്കുന്നത്‌. ഇംഗ്ലീഷ്‌ ഏകദിന ടീമിന്റെ നായകനായിരുന്ന പോള്‍ ഒമ്പത്‌ മാസം മുമ്പാണ്‌ രാജി നല്‍കിയത്‌. മുപ്പതംഗ സാധ്യതാ ടീമിനെ നേരത്തെ പ്രഖ്യാപിച്ച ഇംഗ്ലണ്ട്‌ ഇന്ന്‌ പതിനഞ്ചംഗ അവസാന ടീമിനെ പ്രഖ്യാപിക്കും. പരുക്കേറ്റ്‌ ശസ്‌ത്രക്രിയ നടത്തിയ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്‌ അവസരമുണ്ടാവുമോ എന്നതാണ്‌ പ്രധാന ചോദ്യം. ജൂണിലാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. ഫ്രെഡ്ഡിക്ക്‌ ഒരു മാസത്തെ വിശ്രമമാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. 24 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുള്ള പോള്‍ പത്ത്‌ 20-20 മല്‍സരങ്ങളിലും ടിമന്റെ അമരക്കാരനായിരുന്നു.
പ്രശ്‌നം
അബുദാബി: ഇന്ന്‌ മെയ്‌ 1-ലോക തൊഴിലാളി ദിനം. ഈ ദിനം പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നിര്‍്‌ണ്ണായകമാണ്‌-പ്രത്യേകിച്ച്‌ നായകന്‍ യൂനസ്‌ ഖാന്‌. ഓസ്‌ട്രേലിയക്കതിരായ പഞ്ച മല്‍സര ഏകദിന പരമ്പരയിലെ നാലാം മല്‍സരം ഇന്നിവിടെ നടക്കുമ്പോള്‍ യൂനസിന്‌ വിജയിക്കണം. അല്ലാത്തപക്ഷം പരമ്പരയുമായി ലോക ചാമ്പ്യന്മാര്‍ മടങ്ങും. പരമ്പരയിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങള്‍ നടന്നത്‌ ദുബായിലെ സ്‌പോര്‍ട്‌സ്‌ സിറ്റിയിലെ സ്‌റ്റേഡിയത്തിലായിരുന്നു. അവസാന രണ്ട്‌ മല്‍സരങ്ങള്‍ അബുദാബിയിലാണ്‌. ആദ്യ മല്‍സത്തില്‍ ഷാഹിദ്‌ അഫ്രീദിയുടെ സ്‌പിന്‍ മികവില്‍ ജയിച്ച പാക്കിസ്‌താന്‌ അടുത്ത രണ്ട്‌ മല്‍സരങ്ങളും നഷ്ടമായിരുന്നു. പാക്‌ സ്‌പിന്നര്‍ സയദ്‌ അജ്‌മലിന്റെ ബൗളിംഗ്‌ ആക്ഷന്‍ സംബന്ധിച്ച വിവാദത്തില്‍ രണ്ട്‌ ടീമുകളിലെയും പ്രമുഖര്‍ കൊമ്പ്‌ കോര്‍ത്തത്‌ സംഭവത്തിന്‌ ശേഷം നടക്കുന്ന കളിയായതിനാല്‍ രണ്ട്‌ പേരും വാശിയിലാണ്‌. ഓസീസ്‌ താരം ഷെയിന്‍ വാട്ട്‌സണെതിരെ സംസാരിച്ചതിന്‌ അജ്‌മലിനെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ താക്കീത്‌ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്‌തിരുന്നു. വാട്ട്‌സണാണ്‌ അജ്‌മലിന്റെ ആക്ഷനെതിരെ പരാതി നല്‍കിയതെന്നാണ്‌ പാക്‌ താരങ്ങള്‍ പറയുന്നത്‌. എന്നാല്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ വ്യക്തമാക്കിയത്‌ അത്തരത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ്‌.
ടീമില്‍
കോപ്‌ടൗണ്‍: കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ സംഘത്തില്‍ ഇനി മുതല്‍ ശ്രീലങ്കന്‍ താരം നുവാന്‍ കുലശേഖരയുണ്ടാവും. പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷിന്‌ പകരമാണ്‌ യുവരാജ്‌ സിംഗ്‌ കുലശേഖരയെ വിളിച്ചിരിക്കുന്നത്‌. എത്രയും പെട്ടെന്ന്‌ ടീമിനൊപ്പം ചേരാനാണ്‌ അദ്ദേഹത്തോട്‌ നിര്‍്‌ദ്ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഐ.പി.എല്ലില്‍ പഞ്ചാബ്‌ സംഘത്തിന്റെ കരുത്തായിരുന്നു ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാനായ മാര്‍ഷ്‌്‌. ഇത്തവണ അദ്ദേഹം ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ അംഗമായതിനാല്‍ തുടക്കത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ പരമ്പരക്ക്‌ ശേഷം ടീമിനൊപ്പം ചേരുമെന്ന്‌ കരുതിയ മാര്‍ഷിന്‌ ദുബായില്‍ നടന്ന ആദ്യ ഏകദിനത്തിനിടെ പരുക്കേറ്റിരുന്നു. ചികില്‍സക്കായി നാട്ടിലേക്ക്‌ മടങ്ങിയ മാര്‍ഷിന്‌ ഡോക്ടര്‍മാര്‍ ഒരു മാസ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്‌ പകരക്കാരെ തേടി പഞ്ചാബ്‌ രംഗത്തിറങ്ങിയത്‌.

റെഡി
മാഞ്ചസ്റ്റര്‍: യെസ്‌-അലക്‌സ്‌ ഫെര്‍ഗൂസണും സംഘവും ഒരുങ്ങുകയാണ്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ കളിക്കാന്‍ മാത്രമല്ല നിലവിലെ കിരീടം സംരക്ഷിക്കാനും... സ്വന്തം നാട്ടില്‍ നിന്നുളള എതിരാളികള്‍-ആഴ്‌സനലിനെതിരെ നടന്ന ആദ്യപാദ സെമി മല്‍സരത്തില്‍ ജോണ്‍ ഒ സിയായുടെ നിര്‍ണ്ണായക ഗോളില്‍ ലീഡ്‌ നേടിയ ചുവപ്പന്‍ സംഘത്തിന്‌ രണ്ടാം പാദത്തില്‍ പ്രതിരോധം മാത്രം ശ്രദ്ധിച്ചാല്‍ മതി. സൂപ്പര്‍ താരങ്ങളുടെ കരുത്തും, സ്വന്തം മൈതാനത്തെ പിന്തുണയുമെല്ലാം ഉപയോഗപ്പെടുത്തി മാഞ്ചസ്റ്റര്‍ കോച്ച്‌ ഫെര്‍ഗിയുടെ തന്ത്രമാണ്‌ പ്രാവര്‍ത്തികമാക്കിയത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടുക-ആ ഗോള്‍ സംരക്ഷിക്കുക, ഇതായിരുന്നു കോച്ചിന്റെ മുദ്രാവാക്യം. കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്തില്‍ നിന്നുമായിരുന്നു മല്‍സരത്തിലെ ഏക ഗോള്‍. ഗോളിന്‌ ശേഷം ആഴ്‌സനല്‍ ഉണരുമെന്നാണ്‌ കരുതിയതെങ്കില്‍ ആഴ്‌സന്‍ വെംഗറുടെ സംഘത്തിന്‌ ഒരു സംയുക്ത മുന്നേറ്റം പോലും നടത്താന്‍ കഴിഞ്ഞില്ല. ഗോള്‍ക്കീപ്പര്‍ മാനുവല്‍ അലുമിനിയയുടെ മികവില്‍ മാത്രമാണ്‌ വലിയ തോല്‍വിയില്‍ നിന്നും അവര്‍ രക്ഷപ്പെട്ടത്‌. കാര്‍ലോസ്‌ ടെവസ്‌, കൃസ്‌റ്റിയാനോ റൊണാള്‍ഡോ, വെയിന്‍ റൂണി എന്നിവരുടെ തകര്‍പ്പന്‍ നീക്കങ്ങള്‍ക്കും ഷോട്ടുകള്‍ക്കും തടയിട്ടത്‌ ഗോള്‍കീപ്പറായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തില്‍ റൊണാള്‍ഡോ പായിച്ച ഹെഡ്ഡര്‍ ഗോള്‍ വലയത്തില്‍ കയറുമെന്നാണ്‌ കരുതിയത്‌. പക്ഷേ അവസാന നിമിഷത്തില്‍ മുഴൂനീളം ഡൈവ്‌ ചെയ്‌ത്‌ പന്തിനെ അകറ്റിയ അലുമിനി കാണികളെ പോലും അമ്പരിപ്പിച്ചു.
രണ്ടാം പകുതിയില്‍ സെക്‌ ഫാബ്രിഗസ്‌, ഇമാനുവല്‍ അബിദേയര്‍ എന്നിവരിലുടെ തിരിച്ചുവരാന്‍ ആഴ്‌സനല്‍ നടത്തിയ ശ്രമം വിജയം കണ്ടില്ല.

സെഞ്ചൂറിയന്‍: ആദ്യ രണ്ട്‌ വിക്കറ്റുകള്‍ കേവലം 17 റണ്‍സില്‍ നഷ്ടമായ ശേഷം സുരേഷ്‌ റൈനയുടെ രാജകീയ പ്രകടനത്തില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ രാജസ്ഥാന്‍ റോല്‍സിനെതിരായ ഐ.പി.എല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 160 റണ്‍സ്‌ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരുടെ നിരയിലെ സൂപ്പര്‍ താരം യൂസഫ്‌ പത്താനാണ്‌ തുടക്കത്തില്‍ തന്നെ മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തെ വെള്ളം കുടിപ്പിച്ചത്‌. പരീക്ഷണങ്ങളുടെ നായകനായ ഷെയിന്‍ വോണ്‍ പുതിയ പന്ത്‌്‌ നല്‍കിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ യൂസഫ്‌ അപകടകാരിയായ മാത്യൂ ഹെയ്‌ഡനെ മടക്കി. രണ്ട്‌ പന്തുകള്‍ മാത്രം നേരിട്ട ഹെയ്‌ഡന്‌ യൂസഫിന്റെ പന്തിനെ വായിക്കാനായില്ല. റണ്‍സിനായി വിമിച്ച പാര്‍ത്ഥീവ്‌ പട്ടേലിനെയും മടക്കിയ യൂസഫ്‌ ചെന്നൈക്കാരെ ഞെട്ടിച്ചപ്പോള്‍ ക്രീസിലെത്തിയ സുരേഷ്‌ റൈന സമചിത്തതയുടെ ഇന്നിംഗ്‌സാണ്‌ കാഴ്‌ച്ചവെച്ചത്‌. എസ്‌.ബദരീനാഥിനൊപ്പം പതുക്കെ ഇന്നിംഗ്‌സ്‌ കെട്ടിപ്പടുത്ത ഉത്തര്‍ പ്രദേശുകാരന്‍ നിലയുറപ്പിച്ചപ്പോള്‍ അക്രമാസക്തനായി. സിക്‌സറുകളും ബൗണ്ടറികളും മാലപ്പടക്കങ്ങളായി മാറിയപ്പോള്‍ കമറാന്‍ ഖാന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മര്‍ദ്ദനമേറ്റു. കമറാന്റെ ഓരോവറില്‍ മൂന്ന്‌ സിക്‌സറുകള്‍ റൈന പായിച്ചപ്പോള്‍ യുവസീമര്‍ പരുക്കുമായി പുറത്താവേണ്ടി വന്നു. മുനാഫ്‌ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലാണ്‌ റൈന പുറത്തായത്‌. 55 പന്തില്‍ 10 ബൗണ്ടറിയും അഞ്ച്‌ സിക്‌സറുകളും പായിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌. ക്യാപ്‌റ്റന്‍ ധോണി പുറത്താവാതെ 22 റണ്‍സ്‌ നേട
ി.

Wednesday, April 29, 2009

ICL IS OVER

മരണമണി
മുംബൈ: കപില്‍ദേവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനു (ഐ.സി.എല്‍) മരണമണി മുഴക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (ബി.സി.സിഐ) വിമതതാരങ്ങള്‍ക്ക്‌ പരോള്‍ പ്രഖ്യാപിച്ചിരിക്കുന്നു...! ഐ.സി.എല്ലുമായി ബന്ധപ്പെട്ട്‌ വിലക്ക്‌ വാങ്ങിയ താരങ്ങള്‍ക്ക്‌ രാജ്യാന്തര ക്രിക്കറ്റിന്റെ ലോകത്തേക്ക്‌ മടങ്ങാനുളള ക്ഷണക്കത്തുമായി ബി.സി.സി.ഐ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു. ഈ വര്‍ഷം മെയ്‌ 31 ന്‌ മുമ്പ്‌ ഐ.സി.എല്ലുമായുളള എല്ലാ ഇടപാടുകളും അവസാനിപ്പിച്ച്‌ മടങ്ങുന്നവര്‍ക്കാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വരവേല്‍പ്പ്‌ നല്‍കുന്നത്‌. എന്ന്‌ കരുതി ഉടന്‍ തന്നെ രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ വരാനാവില്ല. മെയ്‌ 31 നകം ഇടപാടുകള്‍ അവസാനിപ്പിക്കുന്നവര്‍ക്ക്‌ ഒരു വര്‍ഷത്തെ കൂളിംഗ്‌ സമയം നല്‍കും. ഈ കാലയളവില്‍ ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കാം. ഒരു വര്‍ഷത്തിന്‌ ശേഷം രാജ്യാന്തര രംഗത്ത്‌ അവസരമുണ്ടാവും.രോഹന്‍ ഗവാസ്‌ക്കര്‍, ഹേമാംഗ്‌ ബദാനി തുടങ്ങിയ ഐ.സി.എല്‍ താരങ്ങള്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്‌ത പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ശുദ്ധികലശത്തിന്‌ ഈ നീക്കം ഇട നല്‍കുമെന്നാണ്‌ കരുതപ്പെടുന്നത്‌. എന്നാല്‍ ഐ.സി.എല്‍ ഭാരവാഹികള്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പുതിയ നീക്കത്തില്‍ പ്രതികരിച്ചിട്ടില്ല.
വിന്‍ഡീസില്‍ 2007 ല്‍ നടന്ന ക്രിക്കറ്റ്‌ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായതിനെ തുടര്‍ന്നുണ്ടായ വിവാദ സാഹചര്യത്തിലാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ കുരിശുയദ്ധം പ്രഖ്യാപിച്ച്‌ കൊണ്ട്‌ സീ സ്‌പോര്‍ട്‌സ്‌ തലവന്‍ കപില്‍ദേവിനെ ചെയര്‍മാനാക്കി ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ പ്രഖ്യാപിച്ചത്‌. തുടക്കത്തില്‍ കൂടുതല്‍ താരങ്ങളുടെ പിന്തുണ ലഭിച്ച ഐ.സി.എല്ലിനെതിരെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശക്തമായി നീങ്ങിയതിനെ തുടര്‍ന്ന്‌ കളിക്കാനുളള മൈതാനങ്ങള്‍ പോലും ലഭിക്കാതെ കപിലും സംഘവും വിയര്‍ത്തിരുന്നു. രണ്ട്‌ വര്‍ഷം ഐ.സി.എല്‍ 20-20 ചാമ്പ്യന്‍ഷിപ്പ്‌ നടത്താനായെങ്കിലും സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ കാണികളെ ആകര്‍ഷിക്കാന്‍ ചാമ്പ്യന്‍ഷിപ്പിനായില്ല.
ഇന്നലെ ഇവിടെ ചേര്‍ന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രവര്‍ത്തക സമിതി യോഗത്തിന്‌ ശേഷം സംസാരിച്ച പ്രസിഡണ്ട്‌ ശശാങ്ക്‌ മനോഹറാണ്‌ വിമത താരങ്ങള്‍ക്ക്‌ തിരിച്ചുവരാനുളള വാതിലുകള്‍ തുറക്കപ്പെടുന്നതെന്ന്‌ വ്യക്തമാക്കിയത്‌. മെയ്‌ 31 വരെ കാത്തിരിക്കും. ഈ കാലയളവില്‍ തെറ്റ്‌ തിരുത്തി തിരിച്ചുവരാത്തവര്‍ക്കായി ഇനി വാതിലുകള്‍ തുറക്കില്ല. നിരവധി വിമത താരങ്ങളും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫും തങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്‌ ഏറ്റുപ്പറയുകയും രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാനുളള മോഹം വ്യക്തമാക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പരസ്യമായി രംഗത്ത്‌ വന്നരിക്കുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന ഉദ്ദേശം 85 താരങ്ങള്‍ ഐ.സി.എല്ലുമായി കരാര്‍ ചെയ്‌തിരുന്നു. പാക്കിസ്‌താന്‍ നായകനായിരുന്ന ഇന്‍സമാമുല്‍ ഹഖ്‌ ഉള്‍പ്പെടെ 65 വിദേശ താരങ്ങളും ഐ.സി.എല്ലുമായി കരാര്‍ ചെയ്‌തിട്ടുണ്ട്‌.
ഇന്‍സിക്ക്‌ പുറമെ മുഹമ്മദ്‌ യൂസഫ്‌, ഇമ്രാന്‍ നസീര്‍, റാണ നവീദ്‌, അസ്‌ഹര്‍ മഹമൂദ്‌, അബ്ദുള്‍ റസാക്ക്‌ തുടങ്ങിയ പാക്‌ താരങ്ങളെല്ലാം ഐ.സി.എല്ലുമായി കരാര്‍ ചെയ്യപ്പെട്ടിരുന്നു. ഇത്‌ കാരണം പലര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനുളള വസരവും നഷ്ടമായിരുന്നു. യൂസഫിനെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തിരിച്ചെടുക്കാനുളള നീക്കത്തിലാണ്‌. റാണ നവീദ്‌ , റസാക്ക്‌ എന്നിവരുള്‍പ്പെടെ ചിലരെ 20-02 ലോകകപ്പിനുളള സാധ്യത സംഘത്തില്‍ ഉള്‍പ്പെടുത്തിയത്‌ വിവാദമായതിനെ തുടര്‍ന്ന്‌ അവരെ പിന്‍വലിച്ചിരുന്നു. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റര്‍ ഷെയിന്‍ ബോണ്ടും ഐ.സി.എല്‍ ബന്ധത്തില്‍ സ്വന്തം കരിയര്‍ പ്രതിസന്ധിമുഖത്താക്കിയിരുന്നു.
വിമത ലീഗുമായി ബന്ധപ്പെട്ട താരങ്ങള്‍ക്കെതിരെ ഐ.സി.സിയും ശക്തമായി രംഗത്ത്‌ വന്നതോടെ പല താരങ്ങളും ചതിക്കുഴിയില്‍ വീണിരുന്നു. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചുവരാന്‍ ഒരുങ്ങുന്ന തന്നെ പോലുളളവര്‍ക്ക്‌ ഇത്‌ ഗുണം ചെയ്യുമെന്നും ഐസി.എല്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ സ്റ്റാറിന്റെ താരമായ ബദാനി അഭിപ്രായപ്പെട്ടു. സുനില്‍ ഗവാസ്‌ക്കറിന്റെ മകനായ രോഹന്‍ ഗവാസ്‌ക്കര്‍ റോയല്‍ ബംഗാള്‍ ടൈഗേഴ്‌സിനായാണ്‌ കളിച്ചിരുന്നത്‌.

വലില്‍
ലണ്ടന്‍: ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ബഹറൈന്‌ വേണ്ടി സ്വര്‍ണ്ണം സ്വന്തമാക്കിയ റാഷിദ്‌ റാംസി ഉള്‍പ്പെടെ ആറ്‌ താരങ്ങളെ മരുന്നടി വിവാദത്തില്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി പിടികൂടും. ഡ്രഗ്ഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെട്ട ഈ താരങ്ങള്‍ക്കെതിരെ കര്‍ക്കശ നടപടിക്കാണ്‌ ഐ.ഒ.സി ഒരുങ്ങുന്നത്‌. പുരുഷന്മാരുടെ 1500 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ റാംസി ഭാവിയുടെ താരമായാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഇറ്റലിയില്‍ നിന്നുള്ള സൈക്‌ളിംഗ്‌ താരം ഡേവിഡ്‌ റിബലിനാണ്‌ പിടിക്കപ്പെട്ടവരിലെ മറ്റൊരു പ്രമുഖന്‍. ജര്‍മന്‍ സൈക്‌ ളിംഗ്‌ സംഘത്തില്‍ അംഗമായിരുന്ന സ്റ്റെഫാന്‍ ഷുമാകര്‍ക്കെതിരെയും നടപടി വരും. മൊറോക്കോക്കാരനായ റാംസി ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ബഹറൈന്‌ വേണ്ടി ആദ്യ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ സ്വര്‍ണ്ണം നേടുന്ന താരമായി മാറിയിരുന്നു.
പാവം
മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഉടമ ഷാറൂഖ്‌ ഖാന്‍ നിരാശനായി നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ സ്വന്തം ടീം ഇരുട്ടില്‍ തപ്പുമ്പോഴാണ്‌ സൂപ്പര്‍താരം നിരാശനായി മടങ്ങിയത്‌. ബ്രെന്‍ഡന്‍ മക്കലം നയിക്കുന്ന ടീം ഒരു വിജയമെങ്കിലും നേടിയാല്‍ മാത്രമായിരിക്കും ഇനി കിംഗ്‌ ഖാന്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മടങ്ങുക. ഷാറൂഖിന്റെ അഭാവത്തില്‍ ഇന്നലെയും ടീം തകര്‍ന്നടിഞ്ഞ കാഴ്‌ച്ചയില്‍ മുംബൈയിലും ഷാറുഖ്‌ അസ്വസ്ഥനാണ്‌. വന്‍ തുക മുടക്കിയാണ്‌ ഷാറൂഖ്‌ ടീമിനെ ഒരുക്കിയത്‌. എന്നാല്‍ ആദ്യ സീസണിലെന്ന പോലെ രണ്ടാം സീസണിലും വിലയേറിയ താരങ്ങള്‍ വന്‍ നിരാശയാണ്‌ സൂപ്പര്‍ താരത്തിന്‌ സമ്മാനിച്ചത്‌. ആദ്യ എപ്പിസോഡില്‍ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും ഷുഹൈബ്‌ അക്തറുമെല്ലാമുണ്ടായിരുന്നു. എന്നിട്ടും സൗരവ്‌ ഗാംഗുലി നയിച്ച ടീം ഇരുട്ടില്‍ തപ്പി. ഇത്തവണ തുടക്കത്തില്‍ നായക വിവാദമായിരുന്നു. ഒന്നിലധികം നായകര്‍ എന്ന കോച്ച്‌ ജോണ്‍ ബുക്കാനന്റെ നീക്കം വിമര്‍ശിക്കപ്പെട്ടു. ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങിയപ്പോള്‍ മക്കലത്തെ നായകനാക്കി. അദ്ദേഹമാവട്ടെ വന്‍ ദുരന്തമായിരുന്നു. ഇന്നലെനടന്ന മല്‍സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. ടീം തളരവെയാണ്‌ ഷാറൂഖ്‌ ദക്ഷിണാഫ്രിക്ക വിട്ടത്‌. ഇനി തല്‍ക്കാലം അങ്ങോട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ ഭാഷ്യം. ടീം വിജയിച്ചുവരട്ടെ, എങ്കില്‍ പോവാം-സൂപ്പര്‍ താരം പറഞ്ഞു.

കൊല്‍ക്കത്ത വീണ്ടും വീണു
ഡര്‍ബന്‍: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്‌ ക്രിക്കറ്റിനോട്‌ ഗുഡ്‌ ബൈ പറയും മുമ്പ്‌ കെവിന്‍ പീറ്റേഴ്‌സണ്‍ എന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ നായകന്‌ ആശ്വാസവിജയം. ഐ.പി.എല്ലിലെ താഴേ നിരക്കാരായ രണ്ട്‌ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അഞ്ച്‌ വിക്കറ്റിന്റെ വിജയവുമായി പീറ്റേഴ്‌സണ്‍ സ്വന്തം ടീമിന്‌ ഉണരാനുളള ഊര്‍ജ്ജം നല്‍കി. വിന്‍ഡീസിനെതിരായ പരമ്പരക്കുളള ഇംഗ്ലീഷ്‌ ടീമില്‍ അംഗമായ പീറ്റേഴ്‌സണ്‍ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങുകയാണ്‌. ഈ സീസണില്‍ ഇനി അദ്ദേഹം റോയല്‍സ്‌ നിരയിലുണ്ടാവില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ആറ്‌ വിക്കറ്റിന്‌ 139 റണ്‍സാണ്‌ നേടിയത്‌. അവസാന ഓവര്‍ വരെ ആവേശം വിതറിയ മല്‍സരത്തില്‍ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചറുടെ മികവില്‍ റോയല്‍സ്‌ രണ്ട്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ബൗച്ചറാണ്‌ കളിയിലെ കേമന്‍.
പീറ്റേഴ്‌സന്റെ തന്ത്രങ്ങളാണ്‌ കളിയിലുടനീളം വിജയിച്ചത്‌. പിച്ചിനെ പഠിച്ച പീറ്റേഴ്‌സണ്‍ സ്വന്തം ടീമില്‍ മൂന്ന്‌ സ്‌പിന്നര്‍മാരെയാണ്‌ ഉള്‍പ്പെടുത്തിയത്‌. അനില്‍ കുംബ്ലെയും, കെ.പി അപ്പണയും, പിന്നെ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ റോള്‍ഫ്‌ വാന്‍ഡര്‍ മെര്‍വും. മല്‍സരത്തിലെ ആദ്യ ഓവര്‍ പായിച്ചത്‌ പക്ഷേ ഇവരാരുമായിരുന്നില്ല. പീറ്റേഴ്‌സണ്‍ തന്നെയായിരുന്നു. ആദ്യ പന്തില്‍ തന്നെ റൈഡേഴ്‌സ്‌ നായകന്‍ മക്കലത്തിന്റെ വിക്കറ്റും അദ്ദേഹത്തിന്‌ ലഭിച്ചു. പന്തിനെ ഉയര്‍ത്തിയടിച്ച മക്കലത്തെ പോയന്റില്‍ വിരാത്‌ കോഹ്‌ലി പിടിച്ചു. ഓസ്‌ട്രേലിയക്കാരനായ ബ്രാഡ്‌ ഹോഡ്‌ജ്‌ പങ്കജ്‌ സിംഗിന്റെ ഓരോവറില്‍ രണ്ട്‌ ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച്‌ അപകടം മുഴക്കി. പക്ഷേ കുംബ്ലെയടെ ആദ്യ ഓവറില്‍ ബ്രാഡ്‌ ഹോഡ്‌ജ്‌ മടങ്ങിയപ്പോള്‍ പ്രവീണ്‍ കുമാറിനെതിരെ ഒരു റണ്ണുമായി സൗരവ്‌ ഗാംഗുലി പുറത്തായി.
രണ്ട്‌ ടീമുകള്‍ക്കും വിജയം നിര്‍ണ്ണായകമായിരുന്ന മല്‍സരത്തില്‍ ടോസ്‌ ഭാഗ്യം കൊല്‍ക്കത്തക്കായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്യാനുളള അവരുടെ തീരുമാനമാവട്ടെ പീറ്റേഴ്‌സണ്‍ ഉപയോഗപ്പെടുത്തുകയും ചെയ്‌തു. കൊല്‍ക്കത്തക്കാരുടെ പ്രതീക്ഷകളുമായി കളിച്ച ക്രിസ്‌്‌ ഗെയില്‍ പതിവ്‌ ഫോമിലായിരുന്നില്ല. കാലിലെ പരുക്ക്‌ അദ്ദേഹത്തെ അലട്ടിയിരുന്നു. പതിവ്‌ പോലെ പന്തിനെ പ്രഹരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഗെയില്‍ പതറി നില്‍ക്കവെ അദ്ദേഹത്തിന്റെ ബൗണ്ടറി ഷോട്ട്‌ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടു. ഇതോടെ കൊല്‍ക്കത്തക്കാരുടെ ബാറ്റിംഗ്‌ വിലാസക്കാരെല്ലാം പവിലിയനില്‍ തിരിച്ചെത്തി. ഐ.പി.എല്ലില്‍ കന്നി മല്‍സരം കളിക്കുന്ന, ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര 20-20 ക്രിക്കറ്റ്‌ ലീഗില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കിയ മോര്‍ണെ വാന്‍ വിക്‌ ക്രിസിലെത്തി. വൃദ്ധിമാന്‍ സാഹക്കൊപ്പം കളിച്ച വാന്‍ വിക്കിന്റെ കരുത്തിലാണ്‌ കൊല്‍ക്കത്തക്കാര്‍ 100 റണ്‍സ്‌ പിന്നിട്ടത്‌. മല്‍സരം പന്ത്രണ്ടാം ഓവറില്‍ നില്‍ക്കുമ്പോള്‍ കൊല്‍ക്കത്തയുടെ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 70 റണ്‍സ്‌ എന്ന നിലയിലായിരുന്നു. ഇവിടെ നിന്നും ടീമിനെ മുന്നോട്ട്‌ നയിച്ച യുവതാരങ്ങള്‍ കാടനടികള്‍ക്ക്‌ മുതിരാതെ ഉത്തരവാദിത്ത്വത്തോടെ കളിച്ചു.
മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ സംഘം കരുതലോടെയാണ്‌ കളിച്ചത്‌. ഇന്നിംഗ്‌സിന്‌ തുടക്കമിട്ട ജാക്‌ കാലിസും ഗോസ്വാമിയും അപകടകരമായി നീങ്ങിയില്ല. 25 പന്തില്‍ നിന്നും രണ്ട്‌ ബൗണ്ടറികളോടെ 23 റണ്‍സ്‌ നേടിയ കാലിസിന്‌ ഗോസ്വാമി ഉറച്ച പിന്തുണ നല്‍കി. 46 പന്തില്‍ നിന്ന്‌ 43 റണ്‍സ്‌ നേടിയ ഗോസ്വാമിയാണ്‌ ആദ്യം പുറത്തായത്‌. പിറകെ കാലിസും പീറ്റേഴ്‌സണും പുറത്തായപ്പോള്‍ പ്രതിസന്ധിയായി. എന്നാല്‍ മാര്‍ക്‌ ബൗച്ചര്‍ ഒരറ്റം കാത്ത്‌ ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. വിജയത്തോടെ റോയല്‍സിന്‌ ആറ്‌ മല്‍സരങ്ങളില്‍ നിന്ന്‌ നാല്‌ പോയന്റായി. കൊല്‍ക്കത്തക്കാര്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്ന്‌ മൂന്ന്‌ പോയന്റുമായി ഏറ്റവും അവസാന സ്ഥാനത്താണ്‌.

പോയന്റ്‌്‌ ടേബിള്‍
1-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-8
2-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-6
3-മുംബൈ ഇന്ത്യന്‍സ്‌-5
4-രാജസ്ഥാന്‍ റോയല്‍സ്‌-5
5- കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-4
6-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-4
7-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-3
8-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-3.



നഷ്ടം ബാര്‍സക്ക്‌
നുവോ കാംപ്‌: 95,000 ത്തിലധികം കാണികള്‍ സാക്ഷി...., പരിചിതമായ മൈതാനവും അനുകൂലമായ കാലാവസ്ഥയും സ്വന്തം-എന്നിട്ടും ബാര്‍സിലോണക്ക്‌ ചെല്‍സിയുടെ വലയില്‍ ഒരു ഗോള്‍ പോലും നിക്ഷേപിക്കാന്‍ കഴിഞ്ഞില്ല. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ആദ്യ സെമിയിലെ ഗോളില്ലാ കളിയില്‍ നഷ്ടം ബാര്‍സക്കാണ്‌. രണ്ടാം പാദ മല്‍സരം ചെല്‍സിക്കാരുടെ തട്ടകമായ സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലാണ്‌. ഏറ്റവും മികച്ച ടീമിനെയാണ്‌ ബാര്‍സ ഇറക്കിയത്‌. മുന്‍നിരയില്‍ ലയണല്‍ മെസിയും സാമുവല്‍ ഇറ്റോയും തിയറി ഹെന്‍ട്രിയുമെല്ലാം. വാല്‍ഡസ്‌ കാത്ത വലക്ക്‌ മുന്നില്‍ മാര്‍ക്കസും സാവിയും അബിദാലും. മധ്യനിരയില്‍ ടൂറെ യാബയും ഇനിയസ്‌റ്റയും. പക്ഷേ ഇവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനായില്ല. ചെല്‍സി പ്രതിരോധക്കാര്‍ കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി നടപ്പിലാക്കി. നുവോ കാംപില്‍ നീലപ്പട എത്തിയത്‌ ജയിക്കാനായിരുന്നില്ല. ബാര്‍സയെ ഗോളടിപ്പിക്കാതിരിക്കുക-അതായിരുന്നു ഗെയിം പ്ലാന്‍.
ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കും പിന്‍നിരയിലെ നായകന്‍ ജോണ്‍ ടെറിയും അലക്‌സും ഇവാനോവിച്ചും ഒരു നിമിഷം പോലും ആലസ്യം പ്രകടിപ്പിച്ചില്ല. പന്തിന്റെ നിയന്ത്രണം ബാര്‍സക്കാര്‍ക്കായിരുന്നു. ചില അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ വിജയിച്ചു. പക്ഷേ ഒരിക്കല്‍പ്പോലും ഒരു ഭീഷണിയായി മാറാന്‍ മുന്‍നിരക്കാര്‍ക്കായില്ല. മെസിയെ ഇവാനോവിച്ച്‌ നിഴല്‍ പോലെ പിന്തുടര്‍ന്നു. അര്‍ജന്റീനക്കാരന്‌ സ്വാതന്ത്ര്യം നല്‍കിയാല്‍ അത്‌ അപകടമാണെന്ന സത്യം മനസ്സിലാക്കിയ ഹിഡിങ്ക്‌ തന്റെ പ്രതിരോധനിരക്കാരന്‌ കൂടുതല്‍ ജോലിഭാരം നല്‍കിയിരുന്നില്ല-മെസിയെ നോക്കുക. രണ്ടാം പകുതിയുടെ അവസാനത്തില്‍ കളിച്ച തിയറി ഹെന്‍ട്രിക്ക്‌ നല്ല ഒരവസരം ലഭിച്ചപ്പോഴാവട്ടെ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്‌ രക്ഷകനായി. ചെല്‍സി കിട്ടിയ അവസരങ്ങളില്‍ പന്തിനെ ബാര്‍സ വലയത്തിലേക്ക്‌ ആനയിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ദീദിയര്‍ ദ്രോഗ്‌്‌ബെക്കും മൈക്കല്‍ ബലാക്കിനും മുതലെടുപ്പ്‌ നടത്താന്‍ കഴിഞ്ഞില്ല.
അടുത്ത ബുധനാഴ്‌ച്ചയാണ്‌ രണ്ടാം പാദ സെമി. ഈ കളിയില്‍ സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കളിച്ച്‌ ജയിച്ചാല്‍ നീലപ്പടക്ക്‌ ഫൈനല്‍ കളിക്കാം. തന്റെ ഗെയിം പ്ലാന്‍ വിജയകരമായി നടപ്പിലാക്കിയ താരങ്ങള്‍ക്ക്‌ കോച്ച്‌്‌ ഹിഡിങ്ക്‌ ഫുള്‍ മാര്‍ക്കാണ്‌ നല്‍കിയത്‌. പീറ്റര്‍ ചെക്‌ അപാര ഫോമിലായിരുന്നു. ഒരു തരത്തിലും അദ്ദേഹം ബാര്‍സ മുന്‍നിരക്കാരുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക്‌ ചെവി കൊടുത്തില്ല.

Tuesday, April 28, 2009

INDIA HOST THE FINAL

ഫൈനല്‍ ഇന്ത്യയില്‍
മുംബൈ: 2011 ല്‍ ഏഷ്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഇന്ത്യയില്‍.... ഇന്നലെ ഇവിടെ ചേര്‍ന്ന ലോകകപ്പ്‌ സംഘാടകസമിതിയാണ്‌ ഫൈനലും ഒരു സെമിയും ഉള്‍പ്പെടെ 29 മല്‍സരങ്ങള്‍ ഇന്ത്യക്ക്‌ അനുവദിച്ചത്‌. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്‌താനില്‍ മല്‍സരവേദികള്‍ വേണ്ടെന്ന തീരുമാനത്തിലാണ്‌ ഇന്ത്യക്ക്‌ കൂടുതല്‍ മല്‍സരങ്ങള്‍ അനുവദിച്ചിരിക്കുന്നത്‌. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന ചടങ്ങുകളും എട്ട്‌ മല്‍സരങ്ങളും ബംഗ്ലാദേശില്‍ നടക്കുമ്പോള്‍ ഒരു സെമി ഫൈനല്‍ ഉള്‍പ്പെടെ പന്ത്രണ്ട്‌ മല്‍സരങ്ങല്‍ ശ്രീലങ്കയില്‍ നടക്കും. ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ്‌ ആകെയുളള 49 മല്‍സരങ്ങള്‍ മൂന്ന്‌ രാജ്യങ്ങള്‍ക്കായി വീതിച്ചുനല്‍കിയത്‌. എട്ട്‌ വേദികളിലായാണ്‌ ഇന്ത്യന്‍ മല്‍സരങ്ങള്‍. ലങ്ക 12 മല്‍സരങ്ങള്‍ നടത്തുക മൂന്ന്‌ വേദികളിലായിട്ടായിരിക്കും. ബംഗ്ലാദേശിലെ എല്ലാ മല്‍സരങ്ങളും രണ്ട്‌ വേദികളിലായിട്ടായിരിക്കും നടക്കുക.
ഇന്ത്യ,പാക്കിസ്‌താന്‍, ബംഗ്ലാദേശ്‌, ശ്രീലങ്ക എന്നീ നാല്‌ രാജ്യങ്ങള്‍ക്കായാണ്‌ ലോകകപ്പ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍ ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമിനു നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന്‌ സംജാതമായ ഗുരുതരമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി പാക്കിസ്‌താനെ ഐ.സി.സി ഒഴിവാക്കുകയായിരുന്നു. 14 മല്‍സരങ്ങളാണ്‌ പാക്കിസ്‌താന്‌ അനുവദിച്ചിരുന്നത്‌. ഈ മല്‍സരങ്ങളാണ്‌ ഇപ്പോള്‍ ഇന്ത്യയിലും(8) ബംഗ്ലാദേശിലും(2) ശ്രീലങ്കയിലുമായി(4) നടക്കാന്‍ പോവുന്നത്‌. നാല്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങളില്‍ രണ്ടെണ്ണം ബംഗ്ലാദേശിനാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇന്ത്യയിലും ലങ്കയിലും ഓരോ ക്വാര്‍ട്ടറുകള്‍ അരങ്ങേറും.
ടൂര്‍ണ്ണമെന്റ്‌ സെക്രട്ടറിയേറ്റ്‌ ലാഹോറില്‍ നിന്നും മുംബൈയിലേക്ക്‌ മാറ്റാനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ചീഫ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായ രത്‌നാങ്കര്‍ ഷെട്ടിയായിരിക്കും ചാമ്പ്യന്‍ഷിപ്പിന്റെ മാനേജിംഗ്‌ ഡയരക്ടര്‍. പാക്കിസ്‌താന്‍കാരനായിരുന്ന സല്‍മാന്‍ ഭട്ടിന്‌ പകരമാണ്‌ പുതിയ നിയമനം. ഐ.സി.സി വൈസ്‌ പ്രസിഡണ്ട്‌ ശരത്‌ പവാര്‍ തലവനായ സംഘാടക സമിതിയില്‍ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ മഹബൂബുല്‍ ആനമും ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ദുലീപ്‌ മെന്‍ഡിസും അംഗങ്ങളായിരിക്കും. ഐ.സി.സിയുടെ പ്രത്യേക ഉപദേഷ്ടാവായ ഐ.എസ്‌ ബിന്ദ്രയും സംഘാടക സമിതിയില്‍ അംഗമായിരിക്കും.
പാക്കിസ്‌താനില്‍ നിന്നും മല്‍സരങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പാക്കിസ്‌താന്‍ ലോകകപ്പ്‌ ബഹിഷ്‌ക്കരിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ലാഗോണ്‍ ഒഴിഞ്ഞുമാറി. ഈ വിഷയം ഐ.സി.സി മുമ്പാകെ വന്നാല്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌. പാക്കിസ്‌താനില്‍ നിന്നും മല്‍സരവേദികള്‍ മാറ്റിയത്‌ സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ്‌. ആ സ്ഥിതിവിശേഷത്തില്‍ മാറ്റമില്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ശശാങ്ക്‌ മനോഹര്‍ തലവനായി സുരക്ഷാ സമിതിക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. വിവിധ അംഗരാജ്യങ്ങള്‍ സുരക്ഷാ കാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ സംഘാടകസമിതി ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമെന്ന്‌ അദ്ദേഹം ഉറപ്പ്‌ നല്‍കി. ഇന്ത്യയില്‍ വെച്ച്‌ ലോകകപ്പ്‌ വിജയകരമായി തന്നെ നടത്താന്‍ കഴിയുമെന്നാണ്‌ ഐ.സി.സി കരുതുന്നതെന്നും ലോര്‍ഗാറ്റ്‌ പറഞ്ഞു.
1996 ലാണ്‌ അവസാനമായി ഇന്ത്യ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ചത്‌. ഇന്ത്യക്ക്‌ പുറമെ ശ്രീലങ്ക, പാക്കിസ്‌താന്‍ എന്നീ രാജ്യങ്ങളിലുമായിട്ടായിരുന്നു ലോകകപ്പ്‌. ലാഹോറിലെ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയയെ അട്ടിമറിച്ച്‌ അര്‍ജുന രണതുംഗെയുടെ ലങ്ക കപ്പില്‍ മുത്തമിട്ടിരുന്നു.

ഇംഗ്ലീഷ്‌ കാര്യം
ലണ്ടന്‍: ഓള്‍ഡ്‌ ട്രാഫോഡിലെ തെരുവുകളില്‍ സംസാരമെല്ലാം ഇന്നത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലിനെക്കുറിച്ചാണ്‌. സ്വതവേ ഫുട്‌ബോള്‍ ഭ്രാന്തരായ ഓള്‍ഡ്‌ട്രാഫോഡുകാര്‍ക്ക്‌ സ്വന്തം ടീം കളിക്കുന്ന ഏത്‌ മല്‍സരവും നല്‍കുന്നത്‌ വലിയ ആവേശമാണ്‌. ഇന്നത്തെ മല്‍സരത്തിന്റെ പ്രാധാന്യം എതിരാളികള്‍ സ്വന്തം നാട്ടുകാര്‍ തന്നെയാണെന്നതാണ്‌. ആഴ്‌സനലാണ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ കലാശ്ശപ്പോരാട്ടത്തിനൊരുങ്ങുന്ന റെഡ്‌സിന്‌ ഭീഷണി. നിലവില്‍ യൂറോപ്പിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിന്റെ സീസണിലെ പ്രധാന ലക്ഷ്യം കഴിഞ്ഞ സീസണിലെ രണ്ട്‌ മേജര്‍ കിരീടങ്ങളും നിലനിര്‍ത്തുക എന്നതാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം ഇതിനകം മാഞ്ചസ്റ്റര്‍ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്‌. വ്യക്തമായ മൂന്ന്‌ പോയന്റിന്റെ ലീഡില്‍ പ്രിമിയര്‍ ലീഗില്‍ മുന്നേറുന്ന മാഞ്ചസ്റ്ററിന്‌ രണ്ട്‌ കളികള്‍ കൂടി ജയിച്ചാല്‍ വന്‍കരാ കിരീടവും നേടാം.
ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ എല്ലാ സൂപ്പര്‍ താരങ്ങളും കളിക്കുന്നു എന്നതാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‌ ആത്മവിശ്വാസം നല്‍കുന്നത്‌. ഗോള്‍വേട്ടക്കാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, അര്‍ജന്റീനയില്‍ നിന്നുളള മധ്യനിര പോരാളി കാര്‍ലോസ്‌ ടെവസ്‌, വെയിന്‍ റൂണി എന്നിവരെല്ലാം കളിക്കുന്നുണ്ട്‌. പക്ഷേ പിന്‍നിരയിലെ അനുഭവ സമ്പന്നനായ ഗാരി നെവിലിന്റെ സേവനം ടീമിനുണ്ടാവില്ല. കാലിന്‌ പരുക്കേറ്റ നെവിലിന്‌ പകരം ജോണ്‍ ഒസിയക്കായിരിക്കും കോച്ച്‌ സ്ഥാനം നല്‍കുക. പിന്‍നിരയിലെ മറ്റ്‌ സ്ഥാനങ്ങള്‍ റ്യാന്‍ ഗിഗ്‌സും വെസ്‌ ബ്രൗണും പങ്കിടും.
ആഴ്‌സനല്‍ നിരയില്‍ മൈക്കല്‍ സില്‍വസ്റ്റര്‍ കളിക്കുമെന്നാണ്‌ സൂചനകള്‍. പുറം വേദന കാരണം പുറത്തിരിക്കുന്ന സില്‍വസ്റ്റര്‍ പ്ലെയിംഗ്‌ ഇലവനിലേക്ക്‌ വന്നാല്‍ ജോഹാന്‍ ഡിജോറു പുറത്താവും. മുന്‍നിരയില്‍ കളിക്കുന്ന റോബിന്‍ വാന്‍ പര്‍സിക്ക്‌ ആദ്യ ലഗ്ഗ്‌ മല്‍സരം തീര്‍ച്ചയായും നഷ്ടപ്പെടും. മാഞ്ചസ്റ്റര്‍ മുന്‍നിരക്കാര്‍ അപകടകാരികളായതിനാല്‍ തന്റെ പിന്‍നിരക്ക്‌ പിടിപ്പത്‌ ജോലിയുണ്ടാവുമെന്ന്‌ മനസ്സിലാക്കുന്ന ആഴ്‌സനല്‍ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ ഡിഫന്‍സിന്‌ പ്രാധാന്യം നല്‍കിയായിരിക്കും ടീമിനെ ഇറക്കുക. ഈ കാര്യം അദ്ദേഹം വ്യക്തമാക്കികഴിഞ്ഞു. മാഞ്ചസ്റ്ററിന്റെ മൈതാനത്ത്‌ നടക്കുന്ന ആദ്യപാദ മല്‍സരത്തില്‍ ഗോള്‍ വഴങ്ങാതിരുന്നാല്‍ അത്‌ ഗുണം ചെയ്യുമെന്നാണ്‌ വെംഗറിന്റെ കണക്ക്‌ക്കൂട്ടല്‍. പക്ഷേ മാഞ്ചസ്റ്റര്‍ മുന്‍നിരക്കാര്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്നതിനാല്‍ തന്റെ ഡിഫന്‍സിന്‌ പിടിപ്പത്‌ ജോലിയുണ്ടാവുമെന്ന്‌ വെംഗര്‍ക്കറിയാം.സില്‍വസ്‌റ്റര്‍ കളിക്കുന്നപക്ഷം പിന്‍നിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌. ലെഫ്‌റ്റ്‌ ബാക്‌ ക്ലിച്ചി ഇന്ന്‌ കളിക്കുന്നില്ല.
ഇതാദ്യമായാണ്‌ യൂവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലില്‍ മാഞ്ചസ്റ്ററും ആഴ്‌സനലും നേര്‍ക്കുനേര്‍ വരുന്നത്‌. ഇതിനകം ചാമ്പ്യന്‍സ്‌ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പുറത്താക്കാന്‍ ഒരു ഇംഗ്ലീഷ്‌ ടീമിനും കഴിഞ്ഞിട്ടില്ല. മൊത്തം 205 തവണ ഇംഗ്ലീഷ്‌ പ്രബലര്‍ പരസ്‌പരം കളിച്ചിട്ടുണ്ട്‌. ഇതില്‍ 82 തവണ മാഞ്ചസ്റ്റര്‍ വിജയിച്ചപ്പോള്‍ 78 ല്‍ ആഴ്‌സനല്‍ വിജയിച്ചു. 45 മല്‍സരങ്ങള്‍ സമനിലയിലായി.
ഇന്നത്തെ മല്‍സരം കഴിഞ്ഞാല്‍ മെയ്‌ 16ന്‌ ഇതേ മൈതാനത്ത്‌ വെച്ച്‌ ഇരുവരും പ്രീമിയര്‍ ലീഗില്‍ മുഖാമുഖം വരുന്നുണ്ട്‌. നവംബറില്‍ നടന്ന ആദ്യപാദ മല്‍സരം എമിറേറ്റ്‌സ്‌ മൈതാനത്ത്‌ നടന്നപ്പോള്‍ വിജയം വരിച്ചത്‌ ഗണ്ണേഴ്‌സായിരുന്നു. സാമിര്‍ നാസിരി നേടിയ രണ്ട്‌ ഗോളുകളാണ്‌ അന്ന്‌ മാഞ്ചസ്‌റ്ററിന്‌ കരുത്തായത്‌.

38-ാം തവണ
ഓള്‍ഡ്‌ ട്രാഫോഡ്‌: ഇംഗ്ലീഷ പ്രീമിയര്‍ ലീഗ്‌ ചരിത്രത്തില്‍ ഒരു ടീമിന്റെ പരിശീലകരായി ദീര്‍ഘകാലം സേവിക്കുന്നവരെന്ന റെക്കോര്‍ഡ്‌ നേട്ടക്കാരാണ്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ്‌ ഫെര്‍ഗൂസണും ആഴ്‌സനലിന്റെ ആഴ്‌സന്‍ വെംഗറും. ഇന്ന്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ഇരുവരും മുഖാമുഖം വരുമ്പോള്‍ മുപ്പത്തിയെട്ടാമത്‌ തവണയാണ്‌ പരിശീലകരുടെ ബലാബലം. ഇതില്‍ വെംഗര്‍ക്കാണ്‌ കൂടുതല്‍ വിജയം. അദ്ദേഹം പരിശീലിപ്പിച്ച ടീം 14 തവണ വിജയിച്ചപ്പോള്‍ ഫെര്‍ഗ്ഗിക്ക്‌ 13 വിജയങ്ങളാണ്‌ നേടാനായത്‌. പത്ത്‌ മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. രണ്ട്‌ മല്‍സരങ്ങള്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ്‌ വിധി നിശ്ചയിച്ചത്‌.
സമീപകാലത്ത്‌ മികച്ച ഫോമില്‍ കളിക്കുന്നത്‌ മാഞ്ചസ്‌റ്ററാണ്‌. തുടര്‍ച്ചയായി ആറാം തവണയാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്റെ സെമിഫൈനല്‍ കളിക്കുന്നത്‌. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനും സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണക്കും മാത്രമാണ്‌ ഈ റെക്കോര്‍ഡുളളത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ ഏ.സി മിലാനെതിരെ മൂന്ന്‌ ഗോളിന്‌ പരാജയപ്പെട്ട ശേഷം മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ തോല്‍വി രുചിച്ചിട്ടില്ല. സ്വന്തം മൈതാനത്ത്‌ നടന്ന കഴിഞ്ഞ 20 ചാമ്പ്യന്‍സ്‌ ലീഗ്‌ മല്‍സരങ്ങളിലും അവര്‍ തോറ്റിട്ടില്ല. അതേ സമയം ആഴ്‌സനല്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ തപ്പിതടയുകയായിരുന്നു. ഒരു വിധമാണ്‌ ഇപ്പോള്‍ നാലാം സ്ഥാനത്ത്‌ എത്തിനില്‍ക്കുന്നത്‌. പക്ഷേ പ്രബലരായ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്താന്‍ ഗണ്ണേഴ്‌സിന്‌ കഴിഞ്ഞിട്ടുണ്ട്‌ എന്ന സത്യത്തിലാണ്‌ വെംഗര്‍ക്ക്‌ വിശ്വാസം.
നായകന്‍
പോര്‍ട്ട്‌എലിസബത്ത്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ നയിച്ച്‌ ഇന്നിറങ്ങുന്നത്‌ കെവിന്‍ പീറ്റേഴ്‌സണായിരിക്കും. പക്ഷേ അടുത്ത മല്‍സരം മുതല്‍ അദ്ദേഹം ടീമിനൊപ്പമില്ല. വിന്‍ഡീസിനെതിരായ പരമ്പരക്കുളള ഇംഗ്ലീഷ്‌ ടീമില്‍ അംഗമായ പീറ്റേഴ്‌സണ്‍ നാട്ടിലേക്ക്‌ മടങ്ങുകയാണ്‌. വിജയ്‌ മല്ലിയയുടെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂര്‍ സംഘത്തിന്റെ പുതിയ നായകന്‍ ആരായിരിക്കും എന്ന ചോദ്യത്തിന്‌ ആര്‍ക്കുമാവാം എന്നാണ്‌ കോച്ച്‌ റേ ജെന്നിംഗ്‌സിന്റെ മറുപടി. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ ജാക്‌ കാലിസിനാണ്‌ നറുക്ക്‌ എന്നതാണ്‌ വ്യക്തമായ സൂചനകള്‍. കെവിന്‍ പീറ്റേഴ്‌സണെ ലേലത്തില്‍ ലഭിക്കുന്നതിന്‌ മുമ്പ്‌ ബാംഗ്ലൂര്‍ ടീം നായകനായി കണ്ടിരുന്നത്‌ കാലിസിനെയായിരുന്നു. പീറ്റേഴ്‌സണെ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്‌ നായകത്തൊപ്പി നല്‍കി. മാറിയ സാഹചര്യത്തില്‍ കാലിസ്‌ മതിയെന്നാണ്‌ മല്ലിയ പറയുന്നത്‌. ടീമിന്റെ കഴിഞ്ഞ സീസണിലെ നായകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. നായകനാവാന്‍ താനില്ല എന്ന്‌ ദ്രാവിഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. നായകസ്ഥാനം പോയ ശേഷം ദ്രാവിഡിന്‌ നന്നായി കളിക്കാനും കഴിയുന്നുണ്ട്‌. കാലിസ്‌ കളിക്കുന്ന പക്ഷം അദ്ദേഹം തന്നെയായിരിക്കും നായകന്‍. മാര്‍ക്ക്‌ ബൗച്ചര്‍, അനില്‍ കുംബ്ലെ എന്നിവരും നായകരാവാന്‍ യോഗ്യരാണ്‌. തുടര്‍ച്ചയായി നാല്‌ കളികളില്‍ പരാജയപ്പെട്ട ബാംഗ്ലൂര്‍ ചാമ്പ്യന്‍ഷിപ്പില്‍ തപ്പിതടയുകയാണ്‌. 2008 ല്‍ ഏഴാം സ്ഥാനത്തായ ടീം നിലവിലുള്ള ഫോമില്‍ ഏറെ പിറകിലാവാനാണ്‌ സാധ്യതകള്‍.
വിവാദം
ദുബായ്‌: പുതിയ വിവാദത്തിന്റെ കയത്തിലാണ്‌ പാക്കിസ്‌താന്റെ യുവ സ്‌പിന്നര്‍ സയ്യദ്‌ അജ്‌മല്‍. ഓസ്‌ട്രേലിയക്കെതിരെ നടന്നുവരുന്ന ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന അജ്‌മലിന്റെ ബൗളിംഗ്‌ ആക്‌ഷനില്‍ ഓസ്‌ട്രേലിയകാര്‍ക്ക്‌്‌ സംശയം ഉയര്‍ന്നതാണ്‌ വിവാദമായിരിക്കുന്നത്‌. ഓസീസ്‌ ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണാണ്‌ പരാതിക്കാരന്‍. രണ്ടാം ഏകദിനത്തിനിടെ അജ്‌മലിന്റെ ബൗളിംഗ്‌ ആക്‌ഷന്‍ സംബന്ധിച്ച്‌ വാട്ട്‌സണ്‍ അമ്പയര്‍മാരോട്‌ പരാതിപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ അജ്‌മലിന്റെ ആക്‌ഷനില്‍ ഒരു കുഴപ്പവുമില്ലെന്നാണ്‌ പാക്‌ നായകന്‍ യൂനസ്‌ഖാന്‍ പറയുന്നത്‌. ചിലര്‍ വെറുതെ വിവാദത്തിന്‌ ശ്രമിക്കുകയാണ്‌. ദൂസ്‌്‌രകള്‍ ഇന്ത്യ, പാക്‌ സ്‌പിന്നര്‍മാരുടെ പ്രധാന ആയുധമാണ്‌. യുവതാരത്തിന്റെആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലാണ്‌ ചിലര്‍ പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏകദിന പരമ്പരയില്‍ മൂന്നാം മല്‍സരം വിജയിച്ച ഓസ്‌ട്രേലിയ 2-1ന്‌ മുന്നിലാണിപ്പോള്‍.
തോല്‍വികള്‍
കേപ്‌ടൗണ്‍: മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‌ എന്ത്‌ പറ്റി.. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ തപ്പിതടയുകയാണ്‌. അഞ്ച്‌ കളികളില്‍ നിന്ന്‌ കേവലം 3 പോയന്റാണ്‌ ടീമിന്‌ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. മൂന്ന്‌ മല്‍സരങ്ങളില്‍ ദയനീയമായി തോറ്റു. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ടീമിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ ധോണിക്ക്‌ കഴിയുന്നുമില്ല. കളിച്ച മല്‍സരങ്ങളില്ലെല്ലാം വിജയം വരിച്ച ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ എട്ട്‌ പോയന്റുമായി ഒന്നാമത്‌ നില്‍ക്കുമ്പോഴാണ്‌ ധോണി തപ്പിതടയുന്നത്‌.

Monday, April 27, 2009

POOR KLINSY

പുറത്ത്‌
മ്യൂണിച്ച്‌: ജൂര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ ഇനി ബയേണിന്‌ പുറത്ത്‌......ജര്‍മന്‍ ലീഗില്‍ തോറ്റ്‌ തൊപ്പിയിടുന്ന ബയേണ്‍ മ്യൂണിച്ചിന്റെ രക്ഷകനായി ഇനി ജൂപ്പ്‌ ഹെനാക്‌സ്‌ എന്ന മുന്‍ കോച്ച്‌. കഴിഞ്ഞ ദിസം ജര്‍മന്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ ഷാല്‍ക്കെക്ക്‌ മുന്നില്‍ ബയേണ്‍ പരാജയപ്പെട്ടതോടെയാണ്‌ ക്ലിന്‍സ്‌മാനെ അധികാരികള്‍ പുറത്താക്കിയത്‌. അലിയന്‍സ്‌ അറീനയില്‍ ജര്‍മനിയിലെ ഏറ്റവും മികച്ച സോക്കര്‍ ക്ലബിന്റെ പരിശീലകനായി ക്ലിന്‍സ്‌മാന്‍ ചുമതലയേറ്റിട്ട്‌ കേവലം എട്ട്‌ മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ജര്‍മന്‍ ദേശീയ ടീമിന്റെ പരിശീലകകുപ്പായം അഴിച്ചുവെച്ചതിന്‌ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബയേണിലേക്കുളള വരവ്‌. ക്ലബിന്റെ ആരാധകര്‍ പഴയ സൂപ്പര്‍ താരത്തില്‍ നിന്നും പലതും പ്രതീക്ഷിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പാനിഷ്‌ പ്രതിയോഗികളായ ബാഴ്‌സിലോണയോട്‌ 1-5 നാണ്‌ ബയേണ്‍ പരാജയപ്പെട്ടത്‌. ജര്‍മന്‍ ലീഗിലാവട്ടെ അസ്ഥിര പ്രകടനമാണ്‌ ബയേണ്‍ നടത്തുന്നത്‌. ഷാല്‍ക്കയോട്‌്‌ തോറ്റതോാടെ ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തളളപ്പെട്ട ടീമിന്‌ ചിലപ്പോള്‍ അടുത്ത വര്‍ഷത്തെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ബെര്‍ത്ത്‌ പോലും ലംഭിക്കാത്ത സാഹചര്യമാണ്‌ സംജാതമാവുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ക്ലിന്‍സ്‌മാനെ വേണ്ടെന്ന്‌ ക്ലബ്‌ തീരുമാനിച്ചിരിക്കുന്നത്‌.
അനുജന്‍
കേപ്‌ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഹോദരന്മാരുടെ ദിനങ്ങളാണ്‌.... കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മല്‍സരത്തിലെ തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ചേട്ടന്‍ യൂസഫ്‌ മിന്നിയതിന്‌്‌ പിറകെ അനുജന്‍ ഇര്‍ഫാനും അരങ്ങ്‌ വാഴുന്നു. റോയല്‍സിനെതിരായ മല്‍സരത്തില്‍ 27 റണ്‍സിന്റെ വിജയം കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ സമ്മാനിച്ചത്‌ അനുജന്‍ പത്താനാണ്‌. ചെറിയ സ്‌ക്കോര്‍ പിറന്ന മല്‍സരത്തില്‍ 26 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തുകയും 39 റണ്‍സ്‌ നേടുകയും ചെയ്‌ത ഇര്‍ഫാന്‍ യുവരാജ്‌ സിംഗിന്റെ സംഘത്തിന്‌ പുത്തനുണര്‍വാണ്‌ സമ്മാനിച്ചിരിക്കുന്നത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ ആറ്‌ വിക്കറ്റിന്‌ 139 റണ്‍സാണ്‌ നേടിയത്‌. 60 റണ്‍സ്‌ നേടിയ കുമാര്‍ സങ്കക്കാരയാണ്‌ ടോപ്‌ സ്‌ക്കോറര്‍. വിജയിക്കാന്‍ 140 റണ്‍സ്‌ മാത്രം ആവശ്യമായിരുന്ന റോയല്‍സിന്‌ എളുപ്പം വിജയിക്കാന്‍ കഴിയുമെന്നാണ്‌ കരുതിയത്‌. പക്ഷേ ആദ്യ നാല്‌ ഓവറില്‍ നാല്‌ വിക്കറ്റ്‌ വീണതോടെ കളി മാറി. ആദ്യ ഓവറില്‍ രണ്ട്‌ വിക്കറ്റാണ്‌ ഇര്‍ഫാന്‍ നേടിയത്‌. സ്വപ്‌നില്‍ അസനോദകറും ഗ്രയീം സ്‌മിത്തുമാണ്‌ തുടക്കത്തില്‍ വീണത്‌. ഇതോടെ പ്രതീക്ഷകളത്രയും യൂസഫ്‌ പത്താനിലായിരുന്നു. അനുജന്‍ ഇര്‍ഫാനെതിരെ രണ്ട്‌ ബൗണ്ടറികള്‍ പായിച്ച യൂസഫ്‌ പിയൂഷ്‌ ചാവ്‌ലയുടെ പന്തില്‍ പുറത്തായതാണ്‌ മല്‍സരത്തില്‍ കിംഗ്‌സിന്‌ നിയന്ത്രണമേകിയത്‌.
മൂന്ന്‌ മിടുക്കര്‍ ദേശീയ ക്യാമ്പില്‍
കോഴിക്കോട്‌: മുന്‍ ഇന്ത്യന്‍ താരം കാള്‍ട്ടണ്‍ ചാപ്പ്‌മാന്റെ നേതൃത്ത്വത്തില്‍ ജാംഷഡ്‌പ്പൂരിലെ ടാറ്റ മൈതാനത്ത്‌ നടക്കുന്ന അണ്ടര്‍-13 ദേശീയ ഫുട്‌ബോള്‍ കോച്ചിംഗ്‌ ക്യാമ്പിലേക്ക്‌ മൂന്ന്‌ പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. അരിക്കോട്ട്‌ തെരട്ടമ്മല്‍ സ്വദേശിയും സെപ്‌റ്റ്‌ ടീമിന്റെ നായകനുമായ ഹന്നാന്‍ ജാവേദ്‌ എന്‍.കെ, തെരട്ടമ്മലില്‍ നിന്ന്‌ തന്നെയുള്ള അനീസ്‌ കെ, എറണാകുളം മൂലമ്പള്ളി സ്വദേശി റുഥിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ക്കാണ്‌ സെലക്ഷന്‍ ലഭിച്ചത്‌. നാല്‍പ്പത്‌ ദിവസം ദീര്‍ഘിക്കുന്ന ക്യാമ്പില്‍ മികവ്‌ പ്രകടിപ്പിക്കുന്നവര്‍ക്ക്‌ ഇറാനില്‍ നടക്കുന്ന ഏ.എഫ്‌.സി അണ്ടര്‍ 13 ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരമുണ്ടാവും.
കാള്‍ട്ടന്‍ ചാപ്പ്‌മാന്‌ പുറമെ മലയാളിയായ ജോപോള്‍ അഞ്ചേരി, രണ്‍ജിത്‌, ഫിറോസ്‌ ഷെറീഫ്‌ എന്നിവരാണ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌. മൂര്‍ക്കനാട്‌ എസ്‌.എസ്‌.എച്ച്‌. എസ്‌.എസില്‍ പഠിക്കുന്ന ഹന്നാന്‍ സെപ്‌റ്റ്‌ ടീമിന്റെ ഹംഗേറിയന്‍ പര്യടനത്തോടയാണ്‌ പ്രശസ്‌തനായത്‌. ടീമിന്റെ വിജയത്തില്‍ മുഖ്യപങ്ക്‌ വഹിച്ച നായകന്‌ പക്ഷേ പരുക്ക്‌ കാരണം മലേഷ്യന്‍ പര്യടനത്തിന്‌ പോവാനായില്ല. ഇന്ത്യന്‍ ക്യാമ്പില്‍ അംഗമായതിനാല്‍ സെപ്‌റ്റ്‌്‌ ടീമിന്റെ ഫ്രാന്‍സ്‌ പര്യടനവും ഹന്നാനും അനീസിനും നഷ്ടമാവും. എന്‍.കെ. യൂസഫ്‌ മാസ്റ്ററുടെയും സി.എച്ച്‌ സീനത്തിന്റെയും മകനായ ഹന്നാനാണ്‌ ഹംഗേറിയന്‍ പര്യടനത്തില്‍ ടീമിനായി കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. അഹിമാന്‍ മാസ്‌റ്ററുടെയും താഹിറയുടെയും മകനായ അനീസും അതേ സ്‌ക്കൂളിലാണ്‌ പഠിക്കുന്നത്‌. സെപ്‌റ്റിന്റെ തെരട്ടമ്മല്‍ സെന്ററില്‍ നിന്നുമാണ്‌ ഇവര്‍ രാജ്യത്തോളം വളര്‍ന്നിരിക്കുന്നത്‌. വടുതല ഡോണ്‍ബോസ്‌ക്കോ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയാണ്‌ ആല്‍്‌ഡ്രിന്‍.
ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍, സ്‌പെയിനില്‍ റയല്‍ മുന്നോട്ട്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഏകദേശം കിരീടമുറപ്പിച്ചപ്പോള്‍ സ്‌പെയിനില്‍ ബാര്‍സിലോണക്ക്‌ തിരിച്ചടിയേറ്റു. ബാര്‍സ സമനില വഴങ്ങുകയും തൊട്ടരികിലുള്ള റയല്‍ മാഡ്രിഡ്‌ വിജയം വരിക്കുകയും ചെയ്‌തതോടെ പോരാട്ടങ്ങള്‍ക്ക്‌ വീണ്ടും ചൂടുപിടിക്കുമെന്നുറപ്പായി. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിച്ച്‌ വീണ്ടും തോറ്റപ്പോള്‍ അവരുടെ വിഖ്യാതനായ പരിശീലകന്‍ ജുര്‍ഗന്‍ ക്ലിന്‍സ്‌മാന്‍ പടിക്ക്‌ പുറത്തായി. ഇറ്റലിയില്‍ ഇന്റര്‍ മിലാനും യുവന്തസും തോറ്റപ്പോള്‍ ഏസി മിലാന്‌ നേരിയ പ്രതീക്ഷ കൈവന്നിരിക്കുന്നു. യൂറോപ്പിലെ വിവിധ ലീഗുകളിലൂടെ:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: രണ്ട്‌ ഗോളിന്‌ പിന്നിട്ട നിന്ന ശേഷം കേവലം 22 മിനുട്ടിനിടെ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനല്ലാതെ മറ്റാര്‍ക്കാണ്‌ കഴിയുക...! തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗ്‌ കിരീടത്തില്‍ ഈ സീസണിലും പുതിയ അവകാശിയുണ്ടാവില്ലെന്നാണ്‌ തെളിയിച്ചിരിക്കുന്നത്‌. പ്രീമിയര്‍ ലീഗ്‌ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ എവര്‍ട്ടണ്‍, ആസ്‌റ്റണ്‍വില്ല തുടങ്ങിയ കരുത്തര്‍ ലീഗിലെ വിഖ്യാതരെ വീഴ്‌ത്തി മുന്നേറുമെന്നാണ്‌ കരുതിയത്‌. എന്നാല്‍ ലീഗ്‌ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മാഞ്ചസ്‌റ്ററും ലിവര്‍പൂളും ചെല്‍സിയും ആഴ്‌സനലും തന്നെയാണ്‌ ആദ്യ നാല്‌ സ്ഥാനങ്ങളില്‍. മാഞ്ചസ്റ്ററിന്റെ കാര്യം തുടക്കത്തില്‍ കടുപ്പമായിരുന്നു. തോല്‍വികളുമായാണ്‌ അവര്‍ തുടങ്ങിയത്‌. പക്ഷേ പിന്നീട്‌ സൂപ്പര്‍താരങ്ങളുടെ പിന്‍ബലത്തില്‍ തിരിച്ചെത്തി. ക്രിസ്‌തുമാസ്‌ ആഘോഷത്തിന്‌ ശേഷം വീണ്ടും മങ്ങിയെങ്കിലും ഇപ്പോള്‍ തോല്‍വികളൊന്നും അവരുടെ അയലത്തില്ല. ഒന്നിന്‌ പിറകെ ഒന്നായി വിജയങ്ങളുമായി അവര്‍ കുതിക്കുകയാണ്‌. നാല്‌ റൗണ്ട്‌ മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ റെഡ്‌സിന്‌ 77 പോയന്റായി. മൂന്ന്‌ മല്‍സരങ്ങള്‍ മാത്രം കളിക്കാനുളള ലിവര്‍പൂള്‍ 74 ലും ചെല്‍സി 71 ലും നില്‍ക്കുന്നു. ടോട്ടന്‍ഹാമിനെതിരായ മല്‍സരത്തിന്റെ ആദ്യ 45 മിനുട്ട്‌ പിന്നിടുമ്പോള്‍ റെഡ്‌സ്‌ രണ്ട്‌ ഗോളിന്‌ പിറകിലായിരുന്നു. പക്ഷേ പോരാട്ടവീര്യവുമായി ഫെര്‍ഗൂസണും കുട്ടികളും അവസാന 45 മിനുട്ടില്‍ ഗോള്‍ വേട്ട നടത്തി. ഡിമിത്രി ബെര്‍ബത്തോവിന്റെ ബൂട്ടില്‍ നിന്നായിരുന്നു രണ്ട്‌ ഗോളുകള്‍. കൃസ്‌റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയും ചേര്‍ന്ന്‌ പട്ടിക പൂര്‍ത്തിയാക്കി. ലിവര്‍പൂള്‍ 3-1ന്‌ ഹള്‍സിറ്റിയെ വീഴ്‌ത്തിയപ്പോള്‍ ചെല്‍സി ഒരു ഗോളിന്‌ വെസ്‌റ്റ്‌ ഹാമിനെ തോല്‍പ്പിച്ചു. ആഴ്‌സനലിനെ തോല്‍പ്പിക്കാന്‍ മാത്രമുളള കരുത്ത്‌ മിഡില്‍സ്‌ബോറോക്കുണ്ടായിരുന്നില്ല. തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്ന ബോറോ രണ്ട്‌ ഗോളാണ്‌ വാങ്ങിയത്‌. അവസാന സ്ഥാനത്ത്‌ നില്‍ക്കുന്ന വെസ്‌റ്റ്‌ ബ്രോം മൂന്ന്‌ ഗോളിന്‌ സുതര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി അല്‍ഭുതം കാട്ടി.
സ്‌പാനിഷ്‌ ലീഗ്‌: തുടര്‍ച്ചയായ വിജയങ്ങളുമായി ചാമ്പ്യന്‍പ്പട്ടം ഉറപ്പിക്കുകയായിരുന്ന ബാര്‍സിലോണക്ക്‌ ഇന്നലെ തിരിച്ചടിയേറ്റപ്പോള്‍ അത്‌ റയല്‍ മാഡ്രിഡിന്‌ ഗുണകരമായി. നാലാം സ്ഥാനക്കാരായ വലന്‍സിയയുമായുളള മല്‍സരത്തില്‍ ബാര്‍സ 2-2 സമനില വഴങ്ങിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ 4-2 ന്‌ മൂന്നാം സ്ഥാനക്കാരായ സെവിയയെ വീഴ്‌ത്തി. ബാര്‍സ-വലന്‍സിയ മല്‍സരം ആവേശകരമായിരുന്നു. മല്‍സരത്തിന്റെ തുടക്കത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി ബാര്‍സയെ മുന്നിലെത്തിച്ചു. എന്നാല്‍ ഹെഡ്‌വിഗ്‌സ്‌ മധൂറോയും പാബ്ലോ ഹെര്‍ണാണ്ടസും ഇരട്ട ഗോളുകളുമായി വലന്‍സിയക്ക്‌ ലീഡേകി. മല്‍സരമവസാനിക്കാന്‍ നാല്‌ മിനുട്ട്‌ മാത്രം ബാക്കിനില്‍ക്കെ സബ്‌സ്‌റ്റിറ്റിയൂട്ട്‌ തിയറി ഹെന്‍ട്രിയാണ്‌ ബാര്‍സയുടെ മാനം കാത്തത്‌. ക്യാപ്‌റ്റന്‍ റൗള്‍ ഗോണ്‍സാലസിന്റെ ഹാട്രിക്കാണ്‌ സെവിയക്കെതിരായ മല്‍സരത്തില്‍ റയലിനെ തുണച്ചത്‌. ബാര്‍സക്കിപ്പോള്‍ 82 പോയന്റുണ്ട്‌. റയലിന്‌ 78 ഉം.
ജര്‍മന്‍ ലീഗ്‌: ജര്‍മനിയില്‍ ആവേശം വാനോളമാണ്‌. ചാമ്പ്യന്‍പ്പട്ടം ആര്‍ക്കാണെന്ന്‌ ഇപ്പോഴും അവ്യക്തം. ഒന്നാമന്മാരായ വോള്‍ഫ്‌ബര്‍ഗ്ഗും, രണ്ടാം സ്ഥാനത്തുള്ള ഹാംബര്‍ഗ്ഗും ഇന്നലെ തോറ്റു. ദുര്‍ബലരെന്ന്‌ കരുതിയ കോട്ട്‌ബസിന്‌ മുന്നിലാണ്‌ രണ്ട്‌ ഗോളിന്‌ വോള്‍വ്‌സ്‌ തോറ്റത്‌. ബൊറൂഷ്യ ഡോര്‍ണ്ട്‌മണ്ടിനോടാണ്‌ ഇതേ മാര്‍ജിനില്‍ ഹാംബര്‍ഗ്ഗ്‌ തോറ്റത്‌. ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച്‌ സ്വന്തം മൈതാനത്ത്‌ ഷാല്‍ക്കെയോട്‌ ഒരു ഗോളിന പരാജയപ്പെട്ടു. ടേബിളില്‍ ഇപ്പോഴും ഒന്നാമത്‌ നില്‍ക്കുന്നത്‌ 57 പോയന്റ്‌്‌ നേടിയ വോള്‍ഫ്‌സ്‌ ബര്‍ഗ്ഗാണ്‌. ഹെര്‍ത്താ ബെര്‍ലിന്‍ (55), ബയേണ്‍ മ്യൂണിച്ച്‌ (54) എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍
ഇറ്റാലിയന്‍ ലീഗ്‌: 74 പോയന്റുമായി ഇന്റര്‍ മിലാന്‍ തന്നെയാണ്‌ ഇപ്പോഴും ഇറ്റലിയിലെ ഒന്നാമന്മാര്‍. എന്നാല്‍ ഇന്നലെയവര്‍ക്ക്‌ ആഘാതമേറ്റു. പന്ത്രണ്ടാം സ്ഥാനത്തുളള നാപ്പോളിക്ക്‌ മുന്നിലാണ്‌ ഒരു ഗോളിന്‌ ജോസ്‌ മോറീനോയും സംഘവും വീണത്‌. കഴിഞ്ഞ രണ്ട്‌്‌ മല്‍സരങ്ങളിലും സമനിലയില്‍ കുരുങ്ങിയ ഇന്ററിന്‌ കനത്ത ആഘാതമാണ്‌ ഈ തോല്‍വി. അതേ സമയം ഏ.സി മിലാന്‍ മൂന്ന്‌ ഗോളിന്‌ പലെര്‍മോയെ പരാജയപ്പെടുത്തി 67 പോയന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്ത്‌ വന്നു. യുവന്തസിന്‌ റെജീനക്കെതിരെ ജയിക്കാനായില്ല. മല്‍സരം 2-2 ല്‍ അവസാനിച്ചു.
ഫ്രഞ്ച്‌ ലീഗ്‌: ലിലിയെ 1-2 ന്‌ പരാജയപ്പെടുത്തി ഒളിംപിക്‌ മാര്‍സലി ഫ്രഞ്ച്‌ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ തിരിച്ചെത്തി. ചാമ്പ്യന്മാരായ ഒളിംപിക്‌ ലിയോണിനെ പാരീസ്‌ സെന്റ്‌ ജര്‍മന്‍ സമനിലയില്‍ കുരുക്കി.

ക്രക്കറ്റ്‌
ആദ്യം ബാറ്റ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും കനത്ത ചൂടിനെ വകഞ്ഞുമാറ്റി കൂറ്റനടികളുമായി സ്‌ക്കോര്‍ബോര്‍ഡിനെ അതിവേഗം മുന്നോട്ട്‌ നയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായില്ല. സ്‌ക്കോര്‍ബോര്‍ഡില്‍ അക്ഷരം തെളിയും മുമ്പ്‌ ഓപ്പണറായ പാര്‍ത്ഥീവ്‌ പട്ടേല്‍ തിരിഞ്ഞുനടന്നിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ വിക്കറ്റ്‌കീപ്പര്‍ വിന്‍ഡീസുകാരനായ അതിവേഗക്കാരന്‍ ഫിഡല്‍ എഡ്വര്‍ഡ്‌സിന്റെ പന്തില്‍ കോട്ട്‌ ബിഹൈന്‍ഡായി. അക്കൗണ്ട്‌ തുറക്കാനാവാതെ പട്ടേല്‍ മടങ്ങിയപ്പോള്‍ സഹ ഓപ്പണറായ മാത്യൂ ഹെയ്‌ഡന്റെ ഏകാഗ്രതയെ അത്‌ ബാധിച്ചു.ആദ്യ ഓവറില്‍ തന്നെ, പന്തിന്റെ തിളക്കം മായും മുമ്പ്‌ പാഡണിഞ്ഞെത്തിയ സുരേഷ്‌ റൈനക്ക്‌ പിടിച്ചുനില്‍ക്കലായിരുന്നു ദൗത്യം. എഡ്വാര്‍ഡ്‌സ്‌, ആര്‍.പി സിംഗ്‌, പ്രഗ്യാന്‍ ഒജ എന്നിവരൊന്നും റണ്‍സ്‌ അധികം നല്‍കിയില്ല.
ഹെയ്‌ഡനും റൈനയും തമ്മിലുളള രണ്ടാം വിക്കറ്റ്‌ സഖ്യം നിലയുറപ്പിച്ച്‌ കളിച്ചപ്പോഴാണ്‌ റണ്‍സ്‌ പിറക്കാന്‍ തുടങ്ങിയത്‌. 35 പന്തില്‍ നിന്ന്‌ എട്ട്‌ കനമുള്ള ബൗണ്ടറികളുമായി ഹെയ്‌ഡന്‍ 49 റണ്‍സാണ്‌ നേടിയത്‌. ചെന്നൈ സ്‌ക്കോര്‍ബോര്‍ഡിന്‌ ജീവന്‍ നല്‍കിയത്‌ ഓസ്‌ട്രേലിയക്കാരനായിരുന്നു. റൈനക്ക്‌ പക്ഷേ പതിവ്‌ താളത്തില്‍ പന്തിനെ അകറ്റാന്‍ കഴിഞ്ഞില്ല. 19 പന്തില്‍ നിന്ന്‌ 25 റണ്‍സാണ്‌ ഉത്തര്‍പ്രദേശുകാരന്‍ സ്വന്തമാക്കിയത്‌.
പകരം വന്ന നായകന്‍ മഹേന്ദ്രസിംഗ്‌ ധോണിക്ക്‌ ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കേണ്ടതുണ്ടായിരുന്നു. ഇതിനായി അദ്ദേഹം സമയമെടുത്തു. 22 പന്തില്‍ 22 റണ്‍സായിരുന്നു നായകന്റെ സംഭാവന. 29 പന്തില്‍ നിന്നും പുറത്താവാതെ 41 റണ്‍സ്‌ നേടിയ ജേക്കബ്‌ ഓരമാണ്‌ സ്‌ക്കോര്‍ 165 ല്‍ എത്തിച്ചത്‌. 11 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ നേടിയ പ്രഗ്യാന്‍ ഒജയാണ്‌ ചാര്‍ജേഴ്‌സ്‌ ബൗളര്‍മാരില്‍ മിന്നിയത്‌.
മറുപടി ബാറ്റിംഗില്‍ ആദം ഗില്‍ക്രൈസ്റ്റിന്റെയും ഹര്‍ഷല്‍ ഗിബ്‌സിന്റെയും വെടിക്കെട്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ഇല്ലാതാവുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ ഒരു മല്‍സരവും തോറ്റിട്ടില്ലാത്ത ചാര്‍ജേഴ്‌സ്‌ നടത്തിയ ആത്മവിശ്വാസത്തിന്റെ ആക്രമണത്തില്‍ പലര്‍ക്കും കാലിടറി.

ബാര്‍സിലോണ: യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ ആദ്യ സെമി. സ്‌പാനിഷ്‌ കരുത്തായ ബാര്‍സയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായ ചെല്‍
സിയും തമ്മിലാണ്‌ അങ്കം. സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിനാല്‍ ആ ആനുകൂല്യം ഉപയോഗപ്പെടുത്തുകയാണ്‌ ബാര്‍സയുടെ ലക്ഷ്യം. ലയണല്‍ മെസി. സാമുവല്‍ ഇറ്റോ, തിയറി ഹെന്‍ട്രി തുടങ്ങിയ വിഖ്യാതരെല്ലാം ഇന്ന്‌ ആദ്യ ഇലവനില്‍ വരും. ചെല്‍സി സംഘത്തില്‍ പരുക്കിന്റെ പ്രശ്‌നങ്ങളില്ല. മികച്ച നിരയെ തന്നെയിറക്കുമെന്നാണ്‌ കോച്ച്‌ ഗസ്‌ ഹിഡിങ്ക്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഐവറി കോസ്‌റ്റുകാരന്‍ ദീദിയര്‍ ദ്രോഗ്‌ബെയാണ്‌ ടീമിന്റെ തുരുപ്പുചീട്ട്‌. സെമി തല്‍സമയം ടെന്‍ സ്‌പോര്‍ട്‌സില്‍-രാത്രി 11-30 മുതല്‍.

Saturday, April 25, 2009

DECCAN KINGS


ആന്‍ഡ്ര്യൂ
ദുബായ്‌: ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ എഴുത്തിത്തള്ളാന്‍ വരട്ടെ.... തോന്നിവാസിയെന്നും തന്റേടിയെന്നുമെല്ലാം വിളിച്ച്‌ സൈമണ്‌്‌സിനെ ലോക ക്രിക്കറ്റില്‍ നിന്നും തന്നെ അകറ്റാനുള്ള ഗെയിം പ്ലാന്‍ വിജയിക്കില്ലെന്ന്‌ തെളിയിച്ച്‌ കരുത്തനായ ഓള്‍റൗണ്ടര്‍ സ്വന്തം ടീമിനെ വിജയത്തിലേക്ക്‌ നയിച്ചു. പാക്കിസ്‌താനെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആറ്‌ വിക്കറ്റിന്റെ വിജയം രുചിച്ചത്‌ സൈമണ്ട്‌സിന്റെ ഓള്‍റൗണ്ട്‌്‌ മികവിലാണ്‌. പാക്‌ വാലറ്റക്കാരനായ ഷുഹൈബ്‌ അക്തര്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം വാണപ്പോള്‍ അദ്ദേഹത്തിന്റേതുള്‍പ്പെടെ രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ സൈമണ്ട്‌സ്‌ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ നിര്‍ണ്ണായക ഘട്ടത്തിലെത്തി 58 റണ്‍സും നേടിയപ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ലോക ചാമ്പ്യന്മാര്‍ക്കായി. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ 207 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ തളരവെ ക്രീസിലെത്തിയ സൈമണ്ട്‌്‌സ്‌ സ്‌പിന്നര്‍മാരായ ഷാഹിദ്‌ അഫ്രീദിയെയും സയ്യദ്‌ അജ്‌മലിനെയും ഭംഗിയായി നേരിട്ടാണ്‌ ടീമിനെ വിജയിപ്പിച്ചത്‌. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അഫ്രീദിയുടെ ആറ്‌ വിക്കറ്റ്‌ നേട്ടത്തില്‍ ലോക ചാമ്പ്യന്മാര്‍ വെള്ളം കുടിച്ചിരുന്നു. അതേ പ്രകടനം അഫ്രീദിയും സഹസ്‌പിന്നറായ അജ്‌മലും ആവര്‍ത്തിക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ്‌ സൈമണ്ട്‌സ്‌ ക്രീസിലെത്തിയത്‌. പാക്‌ ഫാസ്‌റ്റ്‌ ബൗളര്‍മാരായ ഷുഹൈബ്‌ അക്തറിനെയും ഉമര്‍ ഗുലിനെയും ഫലപ്രദമായി നേരിട്ട ഓസീസ്‌ ഓപ്പണര്‍മാര്‍ സ്‌പിന്നര്‍മാരുടെ വരവില്‍ പതറിയിരുന്നു. പരുക്കേറ്റ ഷോണ്‍ മാര്‍ഷിന്‌ പകരം ഓപ്പണറുടെ വേഷം കെട്ടിയ ജെയിംസ്‌ ഹോപ്‌സായിരുന്നു ഓസീസ്‌ മറുപടിയുടെ മുന്നണി പോരാളി. ആറ്‌ ഓവറില്‍ ഒരു വിക്കറ്റിന്‌ 19 റണ്‍സ്‌ എന്ന നിലയില്‍ നിന്നും മല്‍സരം പതിനാലാം ഓവറിലെത്തുമ്പോള്‍ ഓസ്‌ട്രേലിയ 70 ലും ഇരുപതാം ഓവറില്‍ 90 ലുമെത്തിയത്‌ ഹോപ്‌സിന്റെ വെടിക്കെട്ടിലായിരുന്നു. സ്‌പിന്നര്‍മാര്‍്‌ വന്നപ്പോള്‍ ഓസീ ബാറ്റിംഗ്‌ നിരയില്‍ വിള്ളല്‍ വീണു. അപകടകാരിയായ ഷെയിന്‍ വാട്ട്‌സണെ അജ്‌മല്‍ വീഴ്‌ത്തിയപ്പോള്‍ ഹോപ്‌സിനെ അഫ്രീദിയും തിരിച്ചയച്ചു. സ്‌പിന്നര്‍മാര്‍ ഒരിക്കല്‍ക്കൂടി തങ്ങളെ തകര്‍ക്കുമെന്ന്‌ മനസ്സിലാക്കിയ ഓസീ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ തന്ത്രപരമായി ബാറ്റിംഗ്‌ പവര്‍ പ്ലേ ചോദിച്ചുവാങ്ങി. ഈ ഘട്ടത്തില്‍ ഫാസ്‌റ്റ്‌ ബൗളര്‍മാര്‍ രംഗത്ത്‌ വന്നു- സൈമണ്ട്‌സും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവുകയും ചെയ്‌തു.
വലയില്‍
ജയ്‌പ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈസ്‌ പ്രസിഡണ്ടും ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാനുമായ ലളിത്‌ മോഡി കോടതി വലയില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ കോടതി അനുമതിയില്ലാതെ വിദേശ പര്യടനം നടത്തിയതിന്‌ മോഡിയോട്‌ രാജസ്ഥാന്‍ ഹൈകോടതി വിശദീകരണം ചോദിച്ചു. വഞ്ചനാകുറ്റത്തിന്‌ മോഡിക്കെതിരെ എന്‍.ജി.ഒ പ്രവര്‍ത്തകനായ ഒരാള്‍ നല്‍കിയ പരാതിയില്‍ മോഡിക്ക്‌ ഹൈകോടി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കോടതിയെ അറിയിക്കാതെ രാജ്യം വിടരുതെന്ന ഉപാധി പക്ഷേ മോഡി ലംഘിച്ചുവെന്നാണ്‌ പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയിലാണിപ്പോള്‍ മോഡി. കഴിഞ്ഞ വര്‍ഷം ജയ്‌്‌പ്പൂരില്‍ നടന്ന ബോംബ്‌ സ്‌ഫോടനത്തിന്‌ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ മോഡി ആറ്‌ കോടി രൂപ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും എന്നാല്‍ ആ തുക ഇത്‌ വരെ അദ്ദേഹം നല്‍കിയിട്ടില്ലെന്നുമാണ്‌ പരാതിക്കാരന്‍ കോടതിയില്‍ കുറ്റപ്പെടുത്തിയത്‌. ഈ കേസിലാണ്‌ മോഡി മുന്‍കൂര്‍ ജാമ്യം നേടിയതും. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത്‌ സര്‍ക്കാരിന്റെ വക്താവായിരുന്ന മോഡിക്ക്‌ സംസ്ഥാനത്തെ ഭരണമാറ്റം കനത്ത ആഘാതമായിരിക്കയാണ്‌. ബി.ജെ.പിയില്‍ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ അധികാരം പിടിച്ചെടുത്തിരുന്നു. അതിന്‌ ശേഷം രാജസ്ഥാന്‍ ക്രിക്കറ്റ്‌ അസോസിയേഷനിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ മോഡി തോറ്റിരുന്നു.

സ്‌പിന്‍ വിന്‍
കോപ്‌ടൗണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പ്‌ ഒരാഴ്‌ച്ച പിന്നിടുമ്പോള്‍ കളം വാഴുന്നത്‌ സ്‌പിന്നര്‍മാര്‍..! അതിവേഗ ക്രിക്കറ്റില്‍ അതിവേഗക്കാരായ ബൗളര്‍മാരായിരിക്കും അരങ്ങ്‌ വാഴുകയെന്ന നിഗമനങ്ങളെ കാറ്റില്‍പ്പറത്തിയാണ്‌ സ്‌പിന്‍ രാജാക്കന്മാര്‍ വിലസുന്നത്‌. 20-20 മല്‍സരങ്ങളില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ പന്ത്‌ നല്‍കുന്നത്‌ ആപത്താണെന്ന നിരീക്ഷണങ്ങളെല്ലാം പാറിപ്പറന്നിരിക്കുന്നു. ഇവിടെ താരങ്ങള്‍ സ്‌പിന്നര്‍മാരാണെന്ന്‌ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തം. ഒരാഴ്‌ച്ചക്കിടെ മൊത്തം മല്‍സരങ്ങളില്‍ നിന്നായി നൂറീലധികം വിക്കറ്റുകള്‍ വീണു. ഇതില്‍ പകുതിയിലധികവും സ്‌പിന്നര്‍മാരുടെ പേരിലാണ്‌. അവസാന പത്ത്‌ മല്‍സരങ്ങളില്‍ നിന്ന്‌ മാത്രം 30 വിക്കറ്റുകളാണ്‌ സ്‌പിന്നര്‍മാര്‍ നേടിയത്‌. ഇന്ത്യയുടെ വെറ്ററന്‍ ലെഗ്‌ സ്‌പിന്നര്‍ അനില്‍ കുംബ്ലെ, ഓസ്‌ട്രേലിയയുടെ എക്കാലത്തെയും ഏറ്റവും മികച്ച ലെഗ്ഗീ ഷെയിന്‍ വോണ്‍, ശ്രീലങ്കയുടെ മാജിക്‌ ഓഫ്‌ സ്‌പിന്നര്‍ മുത്തയ്യ മുരളീധരന്‍, ന്യൂസിലാന്‍ഡിന്റെ സ്‌പിന്നര്‍ ഡാനിയല്‍ വെട്ടോരി എന്നിവരെല്ലാമാണ്‌ അരങ്ങ്‌ തകര്‍ക്കുന്നതെന്ന്‌ കരുതിയെങ്കില്‍ തെറ്റി. പാര്‍ട്ട്‌ ടൈം സ്‌പിന്നറായ കെവിന്‍ പീറ്റേഴ്‌സന്റെ പേരില്‍ മൂന്ന്‌ വിക്കറ്റുണ്ട്‌,. ഹര്‍ഭജന്‍സിംഗും പ്രഗ്യാന്‍ ഒജയുമെല്ലാം പന്തിനെ വട്ടം കറക്കുന്ന കാഴ്‌ച്ചയില്‍ പ്രഥമ ഐ.പി.എല്ലില്‍ നിന്നും തീര്‍ത്തും വിത്യസ്‌തമായി ഇവിടെ സ്ലോ ബൗളര്‍മാര്‍ അരങ്ങ്‌ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ഉദ്‌ഘാടന മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ സ്‌പിന്നറായ അനില്‍ കുംബ്ലെ കേവലം അഞ്ച്‌ റണ്‍സ്‌ മാത്രംം നല്‍കി അഞ്ച്‌ വിക്കറ്റാണ്‌ സ്വന്തമാക്കിയത്‌. 3.1 ഓവര്‍ എറിഞ്ഞ കുംബ്ലെയുടെ ആദ്യാ ഓവര്‍ മെയ്‌ഡനായിരുന്നു. റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മില്‍ നടന്ന ടൈ അങ്കത്തിലും സ്‌പിന്നര്‍മാര്‍ക്കായിരുന്നു കരുത്ത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ്‌ 150 ലെത്തിയപ്പോള്‍ അവരുടെ നായകന്‍ ഷെയിന്‍ വോണ്‍ കൊല്‍ക്കത്തക്കാരെ വിറപ്പിക്കാന്‍ പുതിയ പന്ത്‌ നല്‍കിയത്‌ യൂസഫ്‌ പത്താന്‍ എന്ന ഓഫ്‌ സ്‌പിന്നര്‍ക്ക്‌. ക്രിസ്‌ ഗെയിലും ബ്രെന്‍ഡന്‍ മക്കലവും കൂറ്റനടികള്‍ക്കായി കാത്തുനിന്ന സമയത്താണ്‌ തിളക്കമുളള പുതിയ പന്ത്‌ വോണ്‍ യൂസഫിനെ ഏല്‍പ്പിച്ചത.്‌ ആദ്യ മൂന്ന്‌ ഓവറുകളില്‍ ബാറ്റ്‌സ്‌മാന്മാരെ യൂസഫ്‌ വെള്ളം കുടിപ്പിച്ചു. ഇതേ മല്‍സരം സൂപ്പര്‍ ഓവറിലേക്ക്‌ പോയപ്പോള്‍ കൊല്‍ക്കത്ത നായകന്‍ മക്കലം പന്ത്‌ നല്‍കിയത്‌ അജാന്ത മെന്‍ഡിസ്‌ എന്ന തന്റെ സ്‌പിന്നര്‍ക്കായിരുന്നു. ഐ.പി.എല്ലില്‍ മാത്രമല്ല 20-20 ക്രിക്കറ്റില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ ശക്തമായ സ്വാധീനം ഉണ്ടാവുമെന്ന്‌ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ കോച്ച്‌ മിക്കി ആര്‍തറും മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ പാറ്റ്‌ സിംകോക്‌സ്‌ അഭിപ്രായപ്പെട്ടു. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ തന്റെ ടീമില്‍ സ്‌പിന്നര്‍മാര്‍ക്ക്‌ വ്യക്തമായ സാന്നിദ്ധ്യമുണ്ടാവുമെന്നാണ്‌ മിക്കി ആര്‍തര്‍ പറഞ്ഞത്‌. 20-20 ക്രിക്കറ്റ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്കുളളതാണെന്ന വാദത്തില്‍ കഴമ്പില്ല. ബാറ്റിംഗിനൊപ്പം ബൗളിംഗും ജാഗ്രത വേണം. ടീമിനെ നിശ്ചയിക്കുമ്പോള്‍ ഫാസറ്റ്‌ ബൗളര്‍മാര്‍ക്കൊപ്പം സ്‌പിന്നര്‍മാര്‍ക്കും തുല്യപ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ കാലാവസ്ഥയും പിച്ചും സ്‌പിന്നര്‍മാര്‍ക്ക്‌ അരങ്ങ്‌ തകര്‍ക്കാന്‍ അവസരമൊരുക്കുന്നു
ണ്ടെന്ന്‌്‌ സിംകോക്‌സ്‌ പറഞ്ഞു. പിച്ചുകള്‍ വളരെ പെട്ടെന്ന്‌ പൊട്ടി പൊളിയുന്നുണ്ട്‌. ഇത്‌ സ്‌പിന്നര്‍മാര്‍ക്ക്‌ തുണയാവും. പിച്ചില്‍ നിന്നും ചിലപ്പോള്‍ ലഭിക്കുന്ന ടേണും സ്‌പിന്നര്‍മാര്‍ക്ക്‌ ഉപയോഗപ്പെടുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ സ്‌പിന്നര്‍മാര്‍ക്ക്‌ അനുകൂലമാണെന്ന്‌ ബാംഗ്ലൂര്‍ റോയല്‍സ്‌ താരം അനില്‍ കുംബ്ലെ സമ്മതിക്കന്നു. ആറ്‌ വിക്കറ്റുകളാണ്‌ ഇതിനകം കുംബ്ലെ സ്വന്തമാക്കിയിരിക്കുന്നത്‌. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്മാരില്‍ ചിലരായ കെവിന്‍ പീറ്റേഴ്‌സണ്‍, മാത്യൂ ഹെയ്‌ഡന്‍, മഹേന്ദ്രസിംഗ്‌ ധോണി, ക്രിസ്‌ ഗെയില്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌ തുടങ്ങിയവരെല്ലാം സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ പല മല്‍സരങ്ങളിലും മുട്ട്‌്‌ കുത്തിയിട്ടുണ്ട്‌. ഈയിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ടീം പേസര്‍മാരേക്കാള്‍ മുന്‍ത്തൂക്കം സ്‌പിന്നര്‍മാര്‍ക്കായിരുന്നു നല്‍കിയിരുന്നതെന്ന്‌ അവരുടെ നായകന്‍ ഗ്രയീം സ്‌മിത്ത്‌ പറഞ്ഞു. പോള്‍ ഹാരിസ്‌, ജഹാന്‍ ബോത്ത എന്നിവരാണ്‌ ശരിക്കും ബാറ്റ്‌സ്‌മാന്മാരെ വെള്ളം കുടിപ്പിച്ചത്‌.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഹര്‍ഭജന്‍സിംഗ്‌ പന്തെറിയുന്നത്‌ കണ്ടപ്പോള്‍ തന്നെ സ്‌പിന്നര്‍മാര്‍ക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിയുമെന്നുറപ്പായിരുന്നുവെന്ന്‌ മുത്തയ്യ മുരളീധരന്‍ പറഞ്ഞു. പിച്ചുകളെ ഉപയോഗപ്പെടുത്താന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ കഴിയുന്നുണ്ട്‌. ബാറ്റ്‌സ്‌മാന്മാരുടെ സ്‌ക്കോറിംഗ്‌ വേഗതയെ തളര്‍ത്താനും സ്‌പിന്നര്‍മാര്‍ക്കാവുമെന്നാണ്‌ മുരളി അഭിപ്രായപ്പെടുന്നത്‌.

ഇന്ത്യയിലേക്കില്ലെന്ന്‌ ഓസീസ്‌
മെല്‍ബണ്‍: ഇന്ത്യക്കെതിരെ അടുത്ത മാസം 8,9,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന ഡേവിസ്‌ കപ്പ്‌ മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കേണ്ടെന്നാണ്‌ ടെന്നിസ്‌ ഓസ്‌ട്രേലിയയുടെ തീരുമാനം. മല്‍സരവേദി ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യം രാജ്യാന്തര ടെന്നിസ്‌ ഫെഡറേഷന്‍ തള്ളിയതിന്‌ പിറകെയാണ്‌ ടെന്നിസ്‌ ഓസ്‌ട്രേലിയയുടെ തീരുമാനം വന്നിരിക്കുന്നത്‌. മല്‍സരങ്ങളില്‍ പങ്കെടുക്കാത്തപക്ഷം ഓസ്‌ട്രേലിയക്ക്‌ ഡേവിസ്‌ കപ്പ്‌ മല്‍സരങ്ങളില്‍ നിന്ന്‌ ഒരു വര്‍ഷത്തെ വിലക്ക്‌ ലഭിക്കും.
ഇന്ത്യ പോലെ സുരക്ഷ ഉറപ്പില്ലാത്ത രാജ്യത്തേക്ക്‌ തന്റെ താരങ്ങളെ അയക്കാന്‍ തയ്യാറല്ലെന്നാണ്‌ ടെന്നിസ്‌ ഓസ്‌ട്രേലിയ പ്രസിഡണ്ട്‌ ജെഫ്‌ പൊലാര്‍ഡ്‌ പറയുന്നത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ഉള്‍പ്പെടെയുളള പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ദക്ഷിണാഫ്രിക്ക പോലുളള വേദിയിലേക്ക്‌ മാറ്റിയത്‌ ചൂണ്ടിക്കാട്ടിയാണ്‌ ഓസ്‌ട്രേലിയ രാജ്യാന്തര ടെന്നിസ്‌ ഫെഡറേഷന്‌്‌ കത്ത്‌ നല്‍കിയത്‌. ഇന്ത്യയില്‍ നടക്കേണ്ട പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ മറ്റൊരു രാജ്യത്ത്‌ നടക്കുന്നത്‌ മാത്രം ഉദാഹരിച്ചാല്‍ ഫെഡറേഷന്‌ കാര്യങ്ങള്‍ ബോധ്യമാവുമെന്നാണ്‌ കരുതിയതെന്നും അവരുടെ തീരുമാനം കാര്യഗൗരവമില്ലാത്തതാണെന്നുമാണ്‌ പൊലാര്‍ഡ്‌ കുറ്റപ്പെടുത്തുന്നത്‌. ജനുവരിയില്‍ ചെന്നൈയില്‍ വിജയകരമായി നടന്ന ഏ.ടി.പി ചാമ്പ്യന്‍ഷിപ്പാണ്‌ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നത്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയത്‌ രാജ്യത്ത്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാലുമാണ്‌. പക്ഷേ ഫെഡറേഷന്റെ ഈ വാദഗതികളെ അംഗീകരിക്കാന്‍ ഓസ്‌ട്രേലിയക്കാവില്ല. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ധാരാളം പേര്‍ മരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തീവണ്ടികള്‍ റാഞ്ചുന്നു. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ്‌ താരങ്ങളെ സുരക്ഷിതരായി കളിപ്പിക്കാനാവുക-പൊലാര്‍ഡിന്റെ ചോദ്യം.
ഓസ്‌ട്രേലിയന്‍ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നാണ്‌ ഇന്ത്യന്‍ ടെന്നിസ്‌ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്‌. ചെന്നൈ സുരക്ഷിത വേദിയാണ്‌. ഇന്റര്‍നാഷണല്‍ ടെന്നിസ്‌ ഫെഡറേഷന്‍ വേദി പരിശോധിച്ചതാണ്‌. മല്‍സരത്തിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും അവര്‍ വിശദീകരിക്കുന്നു.

ഡക്കാന്‌ മികച്ച സ്‌ക്കോര്‍
ഡര്‍ബന്‍: കഴിഞ്ഞ സീസണില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ ഇത്തവണ പോരാടാന്‍ തന്നെയുറച്ചാണ്‌ കളിക്കുന്നത്‌. ആദ്യ രണ്ട്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ആദം ഗില്‍ക്രൈസ്റ്റിന്റെ സംഘം ഇന്നലെ തകര്‍പ്പന്‍ ബാറ്റിംഗ്‌ പ്രകടനമാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ നടത്തിയത്‌. 58 റണ്‍സ്‌ സ്വന്തമാക്കിയ ഓപ്പണര്‍ ഹര്‍ഷല്‍ ഗിബ്‌സിന്റെ കരുത്തിലാണ്‌ ടീം 168 റണ്‍സ്‌ സ്വന്തമാക്കിയത്‌. ഗിബ്‌സും ഗില്‍ക്രൈസ്റ്റും നല്‍കിയ ഞെട്ടിക്കുന്ന തുടക്കത്തില്‍ 200 നപ്പുറം റണ്‍സ്‌ നേട
ാന്‍ ടീമിന്‌ കഴിയുമായിരുന്നു. പക്ഷേ വിന്‍ഡീസുകാരനായ ഡ്വിന്‍ ബ്രാവോയുടെ മികവില്‍ അവസാനത്തില്‍ മുംബൈ ബൗളര്‍മാര്‍ തിരിച്ചെത്തുകയായിരുന്നു.
ഗില്‍ക്രൈസ്‌റ്റ്‌ പതിവ്‌ പോലെ പന്തിനെ പ്രഹരിക്കാനുളള തിരക്കിലായിരുന്നു. ലങ്കന്‍ സീമറായ ലാസിത്‌ മാലിങ്കയെ രണ്ട്‌ വട്ടം സിക്‌സറിന്‌ പറത്തിയ ഗില്ലി ആര്‍ക്കും വഴങ്ങാത്ത ഫോമിലായിരുന്നു. മാലിങ്കയും സഹീര്‍ഖാനും ശിക്ഷിക്കപ്പെട്ടപ്പോള്‍ സച്ചിന്‍ പന്ത്‌ ബ്രാവോക്ക്‌ കൈമാറിയപ്പോഴാണ്‌ ആദ്യവിക്കറ്റ്‌ നിലംപതിച്ചത്‌. മൂന്ന്‌ ബൗണ്ടറികളും അത്രയും സിക്‌സറും പായിച്ച്‌ 20 പന്തില്‍ 35 റണ്‍സ്‌ നേടിയ ഗില്ലിയെ ഷാ പിടികൂടി. പക്ഷേ പകരമെത്തിയ വിന്‍ഡീസുകാരന്‍ ഡ്വിന്‍ സ്‌മിത്ത്‌ അതിലും മികച്ച ഫോമിലായിരുന്നു. ഗിബ്‌സിനെ മറുഭാഗത്ത്‌ സാക്ഷിയാക്കി രണ്ട്‌ കൂറ്റന്‍ സിക്‌സറുകളും രണ്ട്‌ ബൗണ്ടറികളും സ്‌മിത്ത്‌ നേടി. 22 പന്തില്‍ 35 റണ്‍സുമായി സ്‌ക്കോര്‌ ബോര്‍ഡിന്‌ തിളക്കം നല്‍കിയ സ്‌്‌മിത്തിനെ സനത്‌ ജയസൂര്യ ക്ലീന്‍ബൗള്‍ഡാക്കിയിട്ടും മുംബൈക്കാര്‍ക്ക്‌ ശ്വാസം നേരെ വിടാന്‍ കഴിഞ്ഞില്ല. പതിമൂന്നാമത്‌ ഓവറില്‍ സ്‌ക്കോര്‍ 124 ല്‍ എത്തിയിരുന്നു. പക്ഷേ ഈ ഘട്ടത്തെ ഉപയോഗപ്പെടുത്താന്‍ ചാര്‍ജേഴ്‌സിന്റെ മറ്റ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കഴിഞ്ഞില്ല. രോഹിത്‌ ശര്‍മ്മ (3), വി.വി.എസ്‌ ലക്ഷ്‌മണ്‍ (0), വേണുഗോപാല റാവു (9), രവി തേജ (9) എന്നിവരെല്ലാം വേഗം പുറത്തായി. സ്‌ക്കോര്‍ 141 ല്‍ നില്‍ക്കുമ്പോള്‍ ഗിബ്‌സ്‌ റണ്ണൗട്ടായതും സ്‌്‌ക്കോറിനെ തളര്‍ത്തി.
മറുപടി ബാറ്റിംഗില്‍ മുംബൈക്ക്‌ തുടക്കം പാളി. സനത്‌ ജയസൂര്യക്ക്‌ എട്ട്‌ പന്തുകള്‍ മാത്രമാണ്‌ കളിക്കാനായത്‌. ഒരു റണ്ണുമായി ആര്‍.പി സിംഗിന്റെ പന്തില്‍ ലങ്കന്‍ താരം പുറത്തായി. സച്ചിന്‍ ടെണ്ടുല്‍ക്കറും ജെ.പി ഡുമിനിയുമാണ്‌ സ്‌ക്കോര്‍ ഉയര്‍ത്തിയത്‌. രണ്ട്‌ പേരും നല്ല ഫോമിലായിരുന്നു. 27 പന്തില്‍ 36 റണ്‍സാണ്‌ സച്ചിന്‍ സമ്പാദിച്ചത്‌. സ്‌പിന്നര്‍ പ്രഗ്യാന്‍ ഒജയെ കണ്ടപ്പോള്‍ മിഡ്‌ വിക്കറ്റിലൂടെ പന്തിനെ അതിര്‍ത്തി കടത്താന്‍ സച്ചിന്‍ നടത്തിയ ശ്രമം സ്‌പിന്നര്‍ ഗിബ്‌സിന്റെ കരങ്ങളിലാണെത്തിയത്‌. രണ്ട്‌ സിക്‌സറും മൂന്ന്‌ ബൗണ്ടറിയും നേടിയ സച്ചിന്‌ പകരം വന്ന ശിഖര്‍ ധവാനെയും ഒജ പുറത്താക്കി. മൂന്ന്‌ റണ്‍ മാത്രമായിരുന്നു യുവതാരം നേടിയത്‌. സ്വന്തം ഭാഗം മനോഹരമാക്കി കൂറ്റനടികളുമായി കളിച്ചിരുന്ന ഡുമിനിയെയും ഒജ പുറത്താക്കിയപ്പോള്‍ മല്‍സരഗതി ചാര്‍ജേഴ്‌സിന്‌ അനുകൂലമായി.

Friday, April 24, 2009

THE GREAT YUSUF

കപ്പും കപ്പും
ലണ്ടന്‍: യൂറോപ്പില്‍ ടീമുകള്‍ കപ്പിനും ചുണ്ടിനുമിടയിലാണ്‌.....പോരാട്ടത്തിന്റെ രണ്ട്‌ ദിവസങ്ങള്‍ സമാഗതമാവുമ്പോള്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ഇറ്റലിയില്‍ ഇന്റര്‍ മിലാനും ഏറെക്കുറെ ചാമ്പ്യന്‍പ്പട്ടം ഉറപ്പിച്ചിട്ടുണ്ട്‌. ഫ്രാന്‍സിലും ജര്‍മനിയിലും ചിത്രം മാറുമ്പോള്‍ സ്‌പെയിനില്‍ മുന്‍നിരക്കാരായ ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്‌. വിവിധ ലീഗുകളിലൂടെ:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പതിനെട്ടാം തവണയും രാജ്യത്തെ ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ക്ലബാവാനുള്ള ഒരുക്കത്തിലാണ്‌. തല്‍ക്കാലം അവരെ തടയാന്‍ ആര്‍ക്കും കഴിയില്ല. തൊട്ടരികിലുളള എതിരാളി ലിവര്‍പൂളിനേക്കാല്‍ വ്യക്തമായ മൂന്ന്‌ പോയന്റ്‌ ലീഡ്‌ മാഞ്ചസ്‌റ്ററിനുണ്ട്‌. ഇത്‌ കൂടാതെ ഒരു മല്‍സരം കുറച്ച്‌ കളിച്ചതിന്റെ ആനുകൂല്യവുമുണ്ട്‌. ഇന്നാണ്‌ മാഞ്ചസ്‌റ്റര്‍ മുപ്പത്തിമൂന്നാമത്‌ മല്‍സരം കളിക്കുന്നത്‌. പ്രതിയോഗികള്‍ ഒമ്പതാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം. കഴിഞ്ഞ പതിനാറ്‌ മല്‍സരങ്ങളില്‍ പതാനിലാലും വിജയം വരിച്ച അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം ഇന്നും ജയിച്ചാല്‍ ചാമ്പ്യന്‍പ്പട്ടം ഉറപ്പിക്കാനാവും. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ഹള്‍ സിറ്റിയെയും മൂന്നാം സ്ഥാനക്കാരായ ചെല്‍സി വെസ്റ്റ്‌ഹാം യുനൈറ്റഡിനെയും നേരിടും. ലിവര്‍പൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആന്ദ്രെ അര്‍ഷവിന്‍ എന്ന റഷ്യന്‍ സ്‌ട്രൈക്കറുടെ മികവില്‍ 4-4 സമനില സ്വന്തമാക്കിയ ആഴ്‌സനല്‍ മിഡില്‍സ്‌ബോറോയെയാണ്‌ നേരിടുന്നത്‌.
സ്‌പാനിഷ്‌ ലീഗ്‌: ബാര്‍സിലോണ വ്യക്തമായ ആറ്‌ പോയന്റിന്റെ അകലവുമായി സ്‌പെയിനില്‍ ഒന്നാം സ്ഥാനത്ത്‌ കുതിക്കുകയാണ്‌. രണ്ടാമതുളള റയല്‍ മാഡ്രിഡിനാവട്ടെ ഈയാഴ്‌ച്ചത്തെ എതിരാളികള്‍ ശക്തരായ സെവിയെയാണ്‌. ഈ മല്‍സരഫലം സ്‌പാനിഷ്‌ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കും. ബാര്‍സിലോണയുടെ എതിരാളികള്‍ വലന്‍സിയയാണ്‌. യുവേഫ കപ്പിലേക്ക്‌ നോട്ടമിട്ടിരിക്കുന്നവരായ മലാഗയും ഡിപ്പോര്‍ട്ടീവോയും ഇന്ന്‌ കൊമ്പ്‌ കോര്‍ക്കുന്നുണ്ട്‌.
ഇറ്റാലിയന്‍ ലീഗ്‌: ചാമ്പ്യന്‍ഷിപ്പില്‍ ആറ്‌ റൗണ്ട്‌ പോരാട്ടങ്ങള്‍ കൂടി അവശേഷിക്കവെ പത്ത്‌ പോയന്റിന്റെ ലീഡുളള ഇന്റര്‍ മിലാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ തൊട്ടരികിലുളള എതിരാളികള്‍ക്കും പോലും സംശയമില്ല. രണ്ടും മൂന്നൂം സ്ഥാനങ്ങളിലുള്ള ഏ.സി മിലാനും യുവന്തസും അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ബെര്‍ത്തില്‍ മാത്രമാണ്‌ നോട്ടം. ഇന്റര്‍ നേപ്പിള്‍സിനെയും ഏ.സി മിലാന്‍ പലെര്‍മോയെയും യുവന്തസ്‌ റെജീനയെയുമാണ്‌ ഈയാഴ്‌ച്ച നേരിടുന്നത്‌.
ഫ്രഞ്ച്‌ ലീഗ്‌: ലിയോണിന്‌ ഇത്തവണ ഫ്രഞ്ച്‌ കിരീടം ഉയര്‍ത്താനാവുന്ന കാര്യം സംശയത്തിലാണ്‌. മാര്‍സലിയാണ്‌ നിലവില്‍ മുന്നില്‍.
ജര്‍മന്‍ ലീഗ്‌: ഇന്ന്‌ നടക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ -ഷാല്‍ക്കെ മല്‍സരത്തിലേക്കാണ്‌ ആരാധകരുടെ നോട്ടം. പക്ഷേ കപ്പിലേക്ക്‌ നോട്ടമിട്ട്‌ കുതിക്കുന്നത്‌ വോള്‍ഫ്‌ബര്‍ഗ്ഗാണ്‌. പതിനൊന്ന്‌ മല്‍സരങ്ങള്‍
കൂടി അവശേഷിക്കുന്ന ലീഗിലിപ്പോള്‍ മൂന്ന്‌ പോയന്റിന്റെ ലീഡാണ്‌ വോള്‍ഫ്‌ബര്‍ഗ്ഗിനുളളത്‌.

യൂസഫും കമറാനും
കേപ്‌ടൗണ്‍: സൂപ്പര്‍ ഓവറിലേക്ക്‌ ദീര്‍ഘിച്ച ഐ.പി.എല്‍ രണ്ടാം സീസണിലെ ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ വിജയം കരസ്ഥമാക്കിയപ്പോള്‍ ലോകത്തോളം ഉയര്‍ന്നുനിന്നത്‌ രണ്ട്‌ യുവതാരങ്ങള്‍... 23 കാരനായ യൂസഫ്‌ പത്താനും 18 കാരനായ കമറാന്‍ ഖാനും. ന്യൂലാന്‍ഡ്‌്‌സില്‍ ആവേശം വാരിവിതറിയ അങ്കത്തില്‍ യൂസഫിന്റെ വെടിക്കെട്ട്‌ ബാറ്റിംഗും കമറാന്റെ അടിപൊളി ബൗളിംഗും റോയല്‍സിനെ രാജാക്കന്മാരാക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ സംഘത്തിന്റെ ഉടമ ഷാറൂഖ്‌ ഖാനും ടീമിന്റെ നട്ടെല്ലുകളായ സൗരവ്‌ ഗാംഗുലിക്കും ബ്രെന്‍ഡന്‍ മക്കലത്തിനും ജോണ്‍ ബുക്കാനുമെല്ലാം തലയില്‍ കൈവെക്കാന്‍ മാത്രമായിരുന്നു യോഗം. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ്‌ യൂസഫിന്റെ (42) വെടിക്കെട്ടില്‍ ആറ്‌ വിക്കറ്റിന്‌ 150 റണ്‍സാണ്‌ നേടിയത്‌. മറുപടിയില്‍ ക്രിസ്‌ ഗെയിലിന്റെ മിന്നല്‍ പ്രകടനത്തിലും (41), സൗരവ്‌ ഗാംഗുലിയുടെ പക്വതയിലും (46) കൊല്‍ക്കത്തക്കാര്‍ വിജയത്തിന്‌ അരികിലെത്തിയിരുന്നു. കമറാന്‍ഖാന്‍ എന്ന യു.പിക്കാരനായ പൊടിപയ്യന്‍സ്‌ എറിഞ്ഞ അവസാന ഓവറില്‍ ഏഴ്‌ റണ്‍സ്‌ മാത്രമായിരുന്നു കൊല്‍ക്കത്തക്കാരുടെ വിജയലക്ഷ്യം. പക്ഷേ സൗരവിന്റെതുള്‍പ്പെടെ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ കമറാന്‍ മല്‍സരം ടൈയിലാക്കി. തുടര്‍ന്നായിരുന്നു സൂപ്പര്‍ ഓവര്‍ പ്രകടനം.
ആദ്യം ബാറ്റ്‌ ചെയ്യാന്‍ വന്ന കൊല്‍ക്കത്തക്കാര്‍ക്കായി ക്രിസ്‌ ഗെയിലും ബ്രെന്‍ഡന്‍ മക്കലവും ചേര്‍ന്ന്‌ ആറ്‌ പന്തില്‍ 15 റണ്‍സ്‌ നേടി. കമറാനായിരുന്നു ബൗളര്‍. ഗെയില്‍ തുടര്‍ച്ചയായി മൂന്ന്‌ പന്തുകള്‍ അതിര്‍ത്തി കടത്തി അവസാന പന്തില്‍ പുറത്തായി. വിജയലക്ഷ്യമായ പതിനാറിലേക്ക്‌ ബാറ്റേന്താന്‍ റോയല്‍സ്‌ നിയോഗിച്ചത്‌ യൂസഫിനെയും രവീന്ദു ജഡേജയെയും. കൊല്‍ക്കത്തക്കാര്‍ പന്ത്‌ നല്‍കിയ ലങ്കന്‍ സപിന്നര്‍ അജാന്ത മെന്‍ഡിസിനെ തുടക്കത്തില്‍ തന്നെ യൂസഫ്‌ ഗ്യാലറിയിലെത്തിച്ചു. രണ്ടാം പന്തില്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട യൂസഫ്‌്‌ രണ്ട്‌ റണ്‍ നേടി. മൂന്നാം പന്തും ഗ്യാലറിയില്‍. നാലാം പന്തിനെ യൂസഫ്‌ അതിര്‍ത്തി കടത്തിയപ്പോള്‍ മാസ്‌മരിക വിജയവുമായി റോയല്‍സ്‌ ടീം മതിമറക്കുകയായിരുന്നു.
30 പന്തില്‍ നിന്നും 46 റണ്‍സ്‌ നേടിയ സൗരവ്‌ സ്വന്തം ടീമിനെ വിജയത്തിന്‌ അരികില്‍ എത്തിച്ചിരുന്നതാണ്‌. എല്ലാവരും കുറ്റം പറഞ്ഞിട്ടും അത്‌ കാര്യമാക്കാതെ വെടിക്കെട്ട്‌്‌ ബാറ്റിംഗിന്‌ തനിക്ക്‌ ഇപ്പോഴും കഴിയുമെന്ന്‌ തെളിയിച്ച ദാദക്ക്‌ പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. മോശം തുടക്കമായിരുന്നു റോയല്‍സിന്‌. 14 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ടീമിനായി യൂസഫാണ്‌ മിന്നിയത്‌. ഇഷാന്ത്‌ ശര്‍മയെ സിക്‌സറിന്‌ പറത്തിയാണ്‌ ബറോഡക്കാരന്‍ തുടങ്ങിയത്‌. അടുത്ത പന്തില്‍ ബൗണ്ടറിയും. അനുരിദ്ധ്‌ സിംഗ്‌ എന്ന പുതിയ സീമറെയും ഗ്യാലറിയിലെത്തിച്ച യൂസഫ്‌ അഗര്‍ക്കറെയും വെറുതെ വിട്ടില്ല. അജാന്തമെന്‍ഡിസ്‌ വന്നപ്പോഴാണ്‌ യൂസഫ്‌ പുറത്തായത്‌. അത്‌ സ്‌ക്കോറിംഗിനെയും ബാധിച്ചു.
ഷെയിന്‍ വോണ്‍ എന്ന നായകന്‍ കൊല്‍ക്കത്തയുടെ അപകടകാരികളായ ഓപ്പണര്‍മാരെ തടയാന്‍ പുതിയ പന്ത്‌ നല്‍കിയത്‌്‌ യൂസഫിന്‌. ക്രിസ്‌ ഗെയിലും മക്കലവും ഇരുവശത്തും നിന്നിട്ടും 12 റണ്‍സ്‌ മാത്രമാണ്‌ ആദ്യ മൂന്ന്‌ ഓവറില്‍ യൂസഫ്‌ നല്‍കിയത്‌.
മാസ്‌മരിക വിജയത്തിന്‌ ക്യാപ്‌റ്റന്‍ ഷെയിന്‍ വോണ്‍ യൂസഫിനും കമറാനുമാണ്‌ മാര്‍ക്ക്‌ നല്‍കിയത്‌. ചാമ്പ്യന്‍ഷിപ്പ്‌്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ തന്റെ തുരുപ്പുചീട്ടായി കമറാനെ വോണ്‍ വിശേഷിപ്പിച്ചിരുന്നു. ഒരു ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരം ഒരു സമ്മര്‍ദ്ദും പ്രകടിപ്പിക്കാതെയാണ്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പന്തെറിഞ്ഞത്‌. മല്‍സരത്തിന്റെ അവസാന ഓവറും സൂപ്പര്‍ ഓവറും കമറാന്‌ നല്‍കി വോണ്‍ പ്രകടിപ്പിച്ച ധൈര്യമാണ്‌ മല്‍സരത്തിന്റെ വഴിത്തിരിവായത്‌. 18 റണ്‍സ്‌ മാത്രം നല്‍കി മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ കമറാന്‍ ഭാവിയുടെ ഇന്ത്യന്‍ താരമാവുമെന്ന സത്യമാണ്‌ ഐ.പി.എല്‍ തെളിയിക്കുന്നത്‌.

പോയന്റ്‌ ടേബിള്‍
1-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-4
2-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-4
3-മുംബൈ ഇന്ത്യന്‍സ്‌-3
4-രാജസ്ഥാന്‍ റോയല്‍സ്‌-3
5-ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-2
6-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-2
7-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-2
8- കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-0

ഒന്നാം സ്ഥാനമുറപ്പിക്കാന്‍
ഡര്‍ബന്‍: കളിച്ച രണ്ട്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ ക്ലീന്‍ സ്വീപ്പിനായി ഇന്ന്‌ മുബൈ ഇന്ത്യന്‍സുമായി കളിക്കുമ്പോള്‍ കേപ്‌ടൗണില്‍ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും മുഖാമുഖം. ആദം ഗില്‍ക്രൈസ്റ്റിന്റെ ചാര്‍ജേഴ്‌സ്‌ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെയും രണ്ടാം മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയുമാണ്‌ പരാജയപ്പെടുത്തിയത്‌. ഗില്‍ക്രൈസ്റ്റ്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, രോഹിത്‌ ശര്‍മ്മ, സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌ തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ്‌ നിരയാണ്‌ ചാര്‍ജേഴ്‌സിന്റെ കരുത്ത്‌. പന്തിനെ അനായാസം പ്രഹരിക്കുന്ന ഗില്ലി കഴിഞ്ഞ മല്‍സരത്തില്‍ ശരവേഗതയില്‍ 71 റണ്‍സ്‌ നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നിരയിലും ചാമ്പ്യന്‍ ബാറ്റ്‌സ്‌മാന്മാരുള്ളതിനാല്‍ ഇന്നത്തെ മല്‍സരത്തില്‍ കൂറ്റന്‍ സ്‌ക്കോര്‍ പിറക്കാന്‍ സാധ്യതയുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സംഘത്തില്‍ സനത്‌ ജയസൂര്യ, ജെ.പി ഡുമിനി, അഭിഷേക്‌ നായര്‍, മുഹമ്മദ്‌ അഷറഫുല്‍ തുടങ്ങിയ മികച്ച ബാറ്റ്‌സ്‌മാന്മാരുണ്ട്‌.
ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ദ്ധശതകം സ്വന്തമാക്കിയ സച്ചിന്‍ നല്ല ഫോമിലാണ്‌. സനത്‌ ജയസൂര്യക്ക്‌ ഇത്‌ വരെ പതിവ്‌ സ്‌ഫോടാനാത്മകതയില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ജെ.പി ഡുമിനിക്കും തന്റെ ക്ലാസ്‌ തെളിയിക്കാനുണ്ട്‌.
തപ്പിതടയുന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ വരുമ്പോള്‍ ആ അങ്കത്തിലും തീപ്പാറും. കഴിഞ്ഞ ദിവസം ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്‌ മുന്നില്‍ പതറിയ കൊല്‍ക്കത്തക്കാരുടെ പ്രതീക്ഷയത്രയും ക്രിസ്‌ ഗെയില്‍ എന്ന ഓപ്പണറിലാണ്‌. ക്രീസില്‍ പര്‍വതം കണക്കെ നില്‍ക്കുന്ന ഗെയിലിന്റെ കൂറ്റന്‍ ഷോട്ടുകളും കഴിഞ്ഞ മല്‍സരത്തില്‍ കണ്ടതാണ്‌. നായകന്‍ ബ്രെന്‍ഡന്‍ മക്കലത്തിന്‌ ഇത്‌ വരെ വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗരവ്‌ ഗാംഗുലി കഴിഞ്ഞ മല്‍സരത്തിലെ പ്രകടനത്തിലൂടെ തന്റെ ക്ലാസ്‌ തെളിയിച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ പേര്‍ മാത്രമാണ്‌ ബാറ്റിംഗിലെ വിലാസക്കാര്‍. അതേ സമയം ചെന്നൈ സംഘത്തില്‍ കൂറ്റനടിക്കാരായ മാത്യൂ ഹെയ്‌ഡനും പാര്‍ത്ഥീവ്‌ പട്ടേലും ധോണിയും സുരേഷ്‌ റൈനയുമെല്ലാമുണ്ട്‌.

സര്‍ജറി
കേപ്‌ടൗണ്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഇംഗ്ലീഷ്‌ ദേശീയ ടീമിനും കനത്ത തിരിച്ചടി....വലത്‌ കാല്‍മുട്ടിന്‌ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച ഓള്‍റൗണ്ടര്‍ക്ക്‌ ഐ.പി.എല്‍ മല്‍സരങ്ങളില്‍ മാത്രമല്ല വിന്‍ഡീസിനെതിരായ പരമ്പരയിലും ഇനി കളിക്കാനാവില്ല. അടുത്തയാഴ്‌ച്ച കാല്‍മുട്ടില്‍ കീഹോള്‍ സര്‍ജറിക്ക്‌ വിധേയനാവുന്ന ഫ്രെഡ്ഡി ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ജൂണില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന 20-20 ലോകകപ്പ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്‌ പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പ്‌ രണ്ട്‌ കാല്‍മുട്ടിലും ശസ്‌ത്രക്രിയ നടത്തിയ ഫ്രെഡ്ഡിക്ക്‌ സമീപകാലത്ത്‌ നിരവധി രാജ്യാന്തര മല്‍സരങ്ങള്‍ പരുക്ക്‌ കാരണം നഷ്ടമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കഴിഞ്ഞ മല്‍സരത്തിനിടെ കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനെ തുര്‍ന്ന്‌ ടീമിന്റെ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ്‌ കുഴപ്പം കണ്ടെത്തിയത്‌. പരുക്ക്‌ എപ്പോഴും വേട്ടയാടിയിട്ടുള്ള ഓള്‍റൗണ്ടര്‍ക്ക്‌ 20-20 ലോകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഹൃൂഗ്‌ മോറീസ്‌ പ്രതീക്ഷ പ്രകടിപ്പിച്ചത്‌.

പാവം അജാന്ത
കേപ്‌ടൗണ്‍: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മിലുള്ള മല്‍സരം ടൈയില്‍ അവസാനിച്ചപ്പോള്‍ വിജയിയെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ പ്രഖ്യാപിച്ചു. റോയല്‍സ്‌ നായകന്‍ ഷെയിന്‍ വോണിന്‌ തെല്ലും സംശയമുണ്ടായിരുന്നില്ല-നിര്‍ണ്ണായക ഓവര്‍ എറിയുന്നത്‌ മറ്റാരുമല്ല, കമറാന്‍ ഖാന്‍ തന്നെ. കൊല്‍ക്കത്താ നായകകന്‍ ബ്രെഡന്‍ മക്കലം ഒന്നാലോചിച്ചു-ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസായിരുന്നു അദ്ദേഹത്തിന്റെ ചോയിസ്‌.
ആദ്യം പന്തെറിഞ്ഞത്‌ കമറാന്‍. അദ്ദേഹത്തെ കൊലവിളിച്ച്‌ ക്രിസ്‌ ഗെയില്‍ 15 റണ്‍സ്‌ നേടി. റോയല്‍സിന്‌ വിജയിക്കാന്‍ 16 റണ്‍സ്‌. കൊല്‍ക്കത്തക്കാരുടെ പ്രതീക്ഷയത്രയും അജാന്തയില്‍. ക്രീസില്‍ യൂസഫ്‌ പത്താന്‍. അജാന്ത എറിഞ്ഞ ആദ്യ നാല്‌ പന്തില്‍ നിന്ന്‌ മാത്രം യൂസഫ്‌ 16 റണ്‍സ്‌ നേടി മല്‍സരം സ്വന്തം ടീമിന്‌ സമ്മാനിച്ചു. യൂസഫിനെ പോലെ ആക്രമണകാരിയായ ഒരു ബാറ്റ്‌സ്‌മാന്‌ മുന്നിലേക്ക്‌ ഒരു സ്‌പിന്നറെ ഇറക്കാന്‍ മക്കലത്തെ പ്രേരിപ്പിച്ചത്‌ മറ്റൊന്നുമായിരുന്നില്ല- നേരത്തെ യൂസഫിനെ അജാന്ത പുറത്താക്കിയിരുന്നു. ആ പ്രതീക്ഷയിലാണ്‌ സ്‌പിന്നര്‍ക്ക്‌ തന്നെ പന്ത്‌ നല്‍കിയത്‌. മല്‍സരത്തിന്‌ ശേഷം നിരാശനായി കാണപ്പെട്ട അജാന്ത പക്ഷേ പ്രതിയോഗിയെ അംഗീകരിച്ചു-യൂസഫ്‌ അപാര താരമാണ്‌....!
സ്‌പിന്‍ മികവ്‌
ദുബായ്‌: ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തിലും കരുത്ത്‌ തെളിയിച്ചത്‌ സ്‌പിന്നര്‍മാര്‍. ആദ്യ മല്‍സരത്തില്‍ നാല്‌ വിക്കറ്റിന്‌ പരാജയപ്പെട്ട ഓസ്‌ട്രേലിയ സ്വന്തം സ്‌പിന്നര്‍മാരെ ഉപയോഗിച്ച്‌ ഇന്നലെ രണ്ടാം മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താനെ 207 റണ്‍സില്‍ തളച്ചു. സ്‌പിന്നര്‍മാരായ നതാന്‍ ഹൗറിറ്റ്‌സ്‌ മൂന്നും ഹോപ്‌സ്‌ രണ്ടും സൈമണ്ട്‌സ്‌ രണ്ടും വിക്കറ്റ്‌ സ്വന്തമാക്കിയപ്പോള്‍ പാക്‌ ബാറ്റിംഗ്‌ നിരയില്‍ പൊരുതിയിത്‌ അര്‍ദ്ധശതകം നേടിയ ഓപ്പണര്‍ സല്‍മാന്‍ ഭട്ടും 41 റണ്‍സ്‌ സ്വന്തമാക്കിയ ഷാഹിദ്‌ അഫ്രീദിയും വാലറ്റത്ത്‌ മിന്നല്‍ പ്രകടനം നടത്തിയ ഷുഹൈബ്‌ അക്തറും. 112 പന്തില്‍ നിന്നായിരുന്നു ഭട്ടിന്റെ 57. ആദ്യ മല്‍സരത്തില്‍ ആറ്‌ വിക്കറ്റുമായി ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച അഫ്രീദി 40 പന്തില്‍ 41 റണ്‍സ്‌ നേടി. 14 പന്തില്‍ നാല്‌ ബൗണ്ടറിയും ഒരു സിക്‌സറും പായിച്ച അക്തറാണ്‌ സ്‌ക്കോര്‍ 200 കടത്തിയത്‌.

Thursday, April 23, 2009

RED JOURNEY

അതിവേഗം ബഹുദൂരം
ലണ്ടന്‍: ഒന്നാം സ്ഥാനത്തിരിക്കാന്‍ ലിവര്‍പൂളിന്‌ മണിക്കൂറുകളുടെ ആയുസ്‌ മാത്രമാണുണ്ടായിരുന്നത്‌. പോര്‍ട്‌സ്‌മൗത്തിനെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ വീണ്ടും തലപ്പത്തെത്തി. അതേ സമയം മൂന്നാം സ്ഥാനത്തുളള ചെല്‍സി എവര്‍ട്ടണുമായുളള മല്‍സരത്തില്‍ ഗോളില്ലാ സമനില വഴങ്ങി ആഴ്‌സനലിന്‌ പ്രതീക്ഷയേകി.
74 പോയന്റുമായി തൊട്ടരികിലെ എതിരാളിയായ ലിവര്‍പൂളിനേക്കാള്‍ വ്യക്തമായ മൂന്ന്‌ പോയന്റ്‌ ലീഡിലാണിപ്പോള്‍ മാഞ്ചസ്‌റ്റര്‍. ഇത്‌ കൂടാതെ ഒരു മല്‍സരം കുറവാണ്‌ കളിച്ചതും. എവര്‍ട്ടണെതിരായ എഫ്‌.എ കപ്പ്‌ സെമി ഫൈനലില്‍ പുറത്തിരുന്ന വെയിന്‍ റൂണിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും കളത്തിലിറങ്ങിയപ്പോള്‍ ആകെ മാറിയ റെഡ്‌സ്‌ എതിരാളികള്‍ക്ക്‌ അവസരങ്ങള്‍ നല്‍കാതെയാണ്‌ പോയന്റുകള്‍ സ്വന്തമാക്കിയത്‌. ക്ലബിന്‌ വേണ്ടി അറൂന്നൂറാമത്‌ മല്‍സരം കളിച്ച പോള്‍ ഷോള്‍സ്‌ മുതല്‍ എല്ലാവരും ഒന്നിനൊന്ന്‌ മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ അട്ടിമറി മോഹങ്ങളുമായി വന്ന പോര്‍ട്‌സ്‌മൗത്തിന്‌ തലതാഴ്‌ത്തേണ്ടി വന്നു. റൂണി, മൈക്കല്‍ കാരിക്‌ എന്നിവരാണ്‌ റെഡ്‌സിന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്‌ ഇനി ആറും ലിവര്‍പൂളിന്‌ അഞ്ച്‌ മല്‍സരങ്ങളും കളിക്കാനുണ്ട്‌. നിലവിലുളള ഫോമില്‍ മാഞ്ചസ്‌റ്റര്‍ കുതിക്കുമ്പോള്‍ അവരുടെ തോല്‍വികള്‍ മാത്രമാണ്‌ ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍. കഴിഞ്ഞ ദിവസം ആഴ്‌സനലിനെതിരെ നടന്ന മല്‍സരത്തില്‍ 4-4 സമനില വഴങ്ങിയ റാഫേല്‍ ബെനിറ്റസിന്റെ സംഘം ഇന്നലെ മാഞ്ചസ്റ്ററിന്റെ തോല്‍വിക്കായാണ്‌ കാത്തിരുന്നത്‌. ആഴ്‌സനലുമായി സമനില പിരിഞ്ഞതിനെ തുടര്‍ന്ന്‌ ടേബിളില്‍ മാഞ്ചസ്റ്ററിനെ മറികടക്കാന്‍ അവര്‍ക്കായിരുന്നു.
എഫ്‌. എ കപ്പ്‌ സെമിയില്‍ എവര്‍ട്ടണെ അനായാസം തോല്‍പ്പിക്കാമെന്ന്‌ കരുതിയാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ റൂണിക്കും റൊണാള്‍ഡോക്കും വിശ്രമം നല്‍കിയത്‌. എന്നാല്‍ ആ നീക്കം ബാക്‌ഫയര്‍ ചെയ്‌തതിന്‌ പിറകെയാണ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം എന്ന ലക്ഷ്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഫെര്‍ഗ്ഗി സൂപ്പര്‍ താരങ്ങളെയെല്ലാം രംഗത്തിറക്കിയത്‌. മല്‍സരത്തിന്റെ ഒമ്പതാം മിനുട്ടിലായിരുന്നു റൂണി ഗോള്‍. റ്യാന്‍ ഗിഗ്‌സാണ്‌ ഗോള്‍ നീക്കത്തിന്‌ തുടക്കമിട്ടത്‌. ആന്‍ഡേഴ്‌്‌സണില്‍ നിന്നും പന്ത്‌ ലഭിച്ച ഗിഗ്‌സ്‌ അല്‍പ്പദൂരം പന്തുമായി മുന്നേറി പെനാല്‍ട്ടി ബോക്‌സിനരികിലെത്തിയപ്പോള്‍ സമാന്തരമായി നീങ്ങിയ റൂണിക്ക്‌ പന്ത്‌ കൈമാറി. ഇംഗ്ലീഷ്‌ മുന്‍നിരക്കാരന്‌ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. ഇടവേളക്ക്‌ മുമ്പ്‌ ലിഡ്‌ ഉയര്‍ത്താന്‍ ജോണ്‍ സിയക്കും ഗിഗ്‌സിനും അവസരം ലഭിച്ചിരുന്നു പക്ഷേ വലയിലേക്ക്‌ പന്തിനെ ആനയിക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ഒരു ഗോളിന്റെ ലീഡ്‌ സേഫ്‌ അല്ലെന്ന്‌ മനസ്സിലാക്കിയാണ്‌ ഫെര്‍ഗൂസണ്‍ രണ്ടാം പകുതിയില്‍ ടീമിനെ ഇറക്കിയത്‌. അതിന്റെ ഫലവും കണ്ടു. മധ്യനിരയിലെ കുന്തമുനയായ പോള്‍ ഷൂള്‍സിന്റെ പാസില്‍ നിന്നും കാരിക്‌ ലക്ഷ്യം കണ്ടു.
എവര്‍ട്ടണെതിരായ മല്‍സരത്തില്‍ ചെല്‍സി സമനിലയില്‍ തളക്കപ്പെട്ടതും ഒരര്‍ത്ഥത്തില്‍ മാഞ്ചസ്റ്ററിന്‌ തുണയായി. ലിവര്‍പൂളില്‍ നിന്നും ചെല്‍സിയില്‍ നിന്നുമാണ്‌ മാഞ്ചസ്റ്റര്‍ വെല്ലുവിളി പ്രതീക്ഷിക്കുന്നത്‌. രണ്ട്‌ ടീമുകളും ഏതാണ്ട്‌ ഒപ്പത്തിനൊപ്പം നീങ്ങുമ്പോള്‍ യുനൈറ്റഡിന്‌ സംഭവിക്കുന്ന ഏത്‌ പിഴവും അവര്‍ ഉപയോഗപ്പെടുത്തും. ലിവര്‍പൂളും അവസാന മല്‍സരത്തില്‍ സമനില വഴങ്ങിയ സാഹചര്യത്തില്‍ തങ്ങള്‍ക്ക്‌ മുന്നോട്ടുളള പാത എളുപ്പമാവുകയാണെന്നാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ പറയുന്നത്‌.
സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന മല്‍സരത്തില്‍ ഭാഗ്യത്തിനാണ്‌ ചെല്‍സി മുഖം രക്ഷിച്ചത്‌. ലീഗില്‍ ആറാം സ്ഥാനത്തുളള എവര്‍ട്ടണ്‍ രണ്ട്‌ തവണ ഗോളിന്‌ അരികിലെത്തിയിരുന്നു. രണ്ട്‌ തവണയും ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ജോക്ക്‌ പിഴക്കുകയായിരുന്നു. അടുത്ത മാസം എഫ്‌. എ കപ്പ്‌്‌ ഫൈനലില്‍ ഏറ്റുമുട്ടേണ്ട ടീമുകള്‍ തമ്മിലുള്ള ബലാബലത്തില്‍ നേരിയ മുന്‍ത്തൂക്കം എവര്‍ട്ടണായിരുന്നു.
റെഡ്‌സിന്‌ ആഘാതം
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ഇന്നലെ പോര്‍ട്‌സ്‌മൗത്തിനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ അടുത്ത ദിവസങ്ങളിലേക്ക്‌ രണ്ട്‌ പ്രബല താരങ്ങളുടെ സേവനമുണ്ടാവില്ല. ഗാരി നെവില്‍, ജോണ്‍ ഒ സിയ എന്നിവരാണ്‌ പരുക്ക്‌ മൂലം പുറത്തായത്‌. ഇവര്‍ക്ക്‌ ആഴ്‌ച്ചകളോളം കളിക്കാന്‍ കഴിയില്ല എന്നാണ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ പിറകിലാക്കുന്നതില്‍ റെഡ്‌സ്‌ വിജയിച്ചിട്ടുണ്ട്‌. പക്ഷേ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക മല്‍സരങ്ങള്‍ കളിക്കാനുളളതിനാല്‍ പരിചയസമ്പന്നരായ താരങ്ങളുടെ അഭാവം ടീമിന്‌ ക്ഷീണമാവും.

ദില്‍ഷആനും പിന്നെ ഡി വില്ലിയേഴ്‌സും
ഡര്‍ബന്‍: ആവേശം വാനോളമുയര്‍ന്ന തട്ടുതകര്‍പ്പന്‍ പോരാട്ടത്തില്‍ വിരേന്ദര്‍ സേവാഗ്‌ മഹേന്ദ്രസിംഗ്‌ ധോണിയെ വീഴ്‌ത്തി. ഒമ്പത്‌ റണ്‍സിന്റെ ഉജ്വല വിജയവുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ പോയന്റ്‌ ടേബിളില്‍ ഒന്നാമത്‌ വന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ഡല്‍ഹി എബി ഡിവില്ലിയേഴ്‌സിന്റെ സെഞ്ച്വറിയിലും തിലകരത്‌നെ ദില്‍ഷാന്റെ വെടിക്കെട്ടിലും 189 റണ്‍സ്‌ നേടിയപ്പോള്‍ ചുട്ട മറുപടി നല്‍കിയ ചെന്നൈക്ക്‌ അവസാനത്തില്‍ പിഴച്ചു. മാത്യൂ ഹെയ്‌ഡനും സുരേഷ്‌ റൈനയും നല്‍കിയ കരുത്തില്‍ ചെന്നൈ വിജയിക്കുമെന്നാണ്‌ തോന്നിയത്‌. അവസാനത്തില്‍ മൂന്ന്‌ റണ്ണൗട്ടുകള്‍ ടീമിന്റെ വിധിയെഴുതി. 180 റണ്‍സിന്‌ എല്ലാവരും പുറത്തായപ്പോള്‍ പ്രദീപ്‌ സാംഗ്‌വാന്‍ ഡല്‍ഹി ബൗളര്‍മാരില്‍ മൂന്ന്‌ വിക്കറ്റുമായി കരുത്ത്‌ കാട്ടി.
ചെന്നൈ ബൗളര്‍മാര്‍ ഭയപ്പെട്ടത്‌ വിരേന്ദര്‍ സേവാഗിനെയും ഗൗതം ഗാംഭീറിനെയുമായിരുന്നു. നായകന്‍ എം.എസ്‌ ധോണി മല്‍സരത്തിന്‌ മുമ്പ്‌ തന്റെ ബൗളര്‍മാരായ എല്‍.ബാലാജിയോടും ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിനോടുമെല്ലാം പറഞ്ഞത്‌ സേവാഗിന്റെ കൈകള്‍ സ്വതന്ത്രമാക്കാന്‍ അനുവദിക്കരുതെന്നായിരുന്നു. ഗാംഭീറിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചാല്‍ അത്‌ അപകടമാവുമെന്നും ധോണി ഉപദേശിച്ചപ്പോള്‍ ബൗളര്‍മാര്‍ നായകന്റെ വാക്കുകളെ പ്രാവര്‍ത്തികമാക്കി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഗാംഭീര്‍ പുറത്ത്‌. ക്രിസ്‌ വിട്ട്‌ ബാലാജിയെ പ്രഹരിക്കാന്‍ ഇറങ്ങിയ ഓപ്പണറുടെ ഗ്ലൗസില്‍ തട്ടിയ പന്ത്‌ ധോണിയുടെ കരങ്ങളില്‍. അടുത്ത ഓവറില്‍ സേവാഗും പുറത്ത്‌...! മല്‍സരം രണ്ട്‌ ഓവര്‍ പിന്നിടും മുമ്പ്‌ തന്നെ രണ്ട്‌ കൊല കൊമ്പന്മാരെയും പുറത്താക്കാന്‍ കഴിഞ്ഞതിലെ സന്തോഷത്തില്‍ ആഘോഷം നടത്താന്‍ പക്ഷേ ചെന്നൈക്കാരെ ഡല്‍ഹിയുടെ എബി ഡിവില്ലിയേഴ്‌സും തിലകരത്‌നെ ദില്‍ഷാനും അനുവദിച്ചില്ല.
ആദ്യ മല്‍സരത്തില്‍ ബാറ്റിംഗിന്‌ അവസരം ലഭിക്കാതിരുന്ന ദില്‍ഷാനും ഡി വില്ലിയേഴ്‌സും ഒത്തുചേര്‍ന്നപ്പോള്‍ ധോണിക്ക്‌ തലയില്‍ കൈ വെക്കാന്‍ മാത്രമായിരുന്നു സമയം. സേവാഗും ഗാംഭീറും തീര്‍ന്നല്ലോ എന്ന ആശ്വാസത്തില്‍ അല്‍പ്പം അലസമായി പന്തെറിഞ്ഞ ബാലാജിക്കും ഗോണിക്കും പണി നല്‍കിയാണ്‌ ദില്‍ഷാന്‍ തുടങ്ങിയത്‌. നേരിട്ട ആദ്യ 15 പന്തുകളില്‍ നിന്നായി ദില്‍ഷാന്‍ നേടിയത്‌ 11 ബൗണ്ടറിയും ഒരു സിക്‌സറുമാണ്‌. ആരെയും കൂസാതെയാണ്‌ ദില്‍ഷാന്‍ കളിച്ചത്‌. ബാലാജിക്കും ഗോണിക്കും ഫ്‌ളിന്റോഫിനുമെല്ലാം പിടിപ്പത്‌ പണി നല്‍കി, മൈതാനത്തിന്റെ നാല്‌ ഭാഗത്തേക്കും പന്ത്‌ ഓടുകയായിരുന്നു. ധോണി തന്റെ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിനെ രംഗത്തിറക്കിയപ്പോള്‍ ദില്‍ഷാനും ഡി വില്ലിയേഴ്‌സും ബൗണ്ടറി മറുപടിയാണ്‌ നല്‍കിയത്‌. തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികല്‍ കണ്ട ഓവറില്‍ പിറന്നത്‌ 17 റണ്‍സ്‌. ഫ്‌ളിന്റോഫിന്റെ പന്തില്‍ ദില്‍ഷാന്‍ ഒരു ബൗണ്ടറിയും അതേ കരുത്തില്‍ ഒരു സിക്‌സറും പായിച്ചു.
ചെന്നൈ നായകന്‍ അന്ധാളിച്ച്‌ നില്‍ക്കവെ മൈതാനത്ത്‌ വിശ്വസ്‌തമായ ഒരു സ്ഥലവുമില്ലെന്നാണ്‌ വ്യക്തമായത്‌. 24 പന്തില്‍ നിന്ന്‌്‌ ദില്‍ഷാന്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തികരിച്ചു. ജോഗീന്ദര്‍ ശര്‍മ്മയും മുത്തയ്യ മുരളീധരനും ആക്രമണത്തിന്‌ വന്നപ്പോള്‍ റണ്‍നിരക്ക്‌ അല്‍പ്പം താണു. മോര്‍ക്കലിന്റെ ഫുള്‍ ടോസില്‍ ദില്‍ഷാന്‍ പുറത്തായപ്പോള്‍ മാത്രമാണ്‌ ധോണി ശ്വാസം നേരെ വിട്ടത്‌. 6.3 ഓവറില്‍ 68 റണ്‍സ്‌ നേടിയ കൂട്ടുകെട്ട്‌ തകര്‍ന്നതിന്‌ ശേഷമാണ്‌ ഡി വില്ലിയേഴ്‌സ്‌ തന്റെ വിശ്വരൂപം കാട്ടിയത്‌. കൂറ്റനടികള്‍ക്ക്‌ പകരം പന്തിനെ ഗ്യാപ്പിലേക്ക്‌ തട്ടി കൗശലപൂര്‍വം റണ്‍സ്‌ നേടിയ ഡിവില്ലിയേഴ്‌സ്‌ ഒരു ഘട്ടത്തിലും പിടി കൊടുത്തില്ല. 51 പന്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ച്വറി. അഞ്ച്‌്‌ ബൗണ്ടറികളും ആറ്‌ സിക്‌സറുകളും നിറം പകര്‍ന്ന ഇന്നിംഗ്‌സ്‌. മോര്‍ക്കലും ഫ്‌ളിന്റോഫുമാണ്‌ സിക്‌സറുകള്‍ അധികം വാങ്ങിയത്‌. പുറത്താവാതെ 105 റണ്‍സ്‌ നേടിയ ഡി വില്ലിയേഴ്‌സിന്റെ പേരിലാണ്‌ ഐ.പി.എല്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറി.
ചെന്നൈക്ക്‌ വേണ്ടി ബാലാജി 19 റണ്‍സ്‌്‌ മാത്രം വഴങ്ങി നാല്‌ വിക്കറ്റ്‌ നേടി. മറ്റ്‌ ബൗളര്‍മാരെല്ലാം അടി വാങ്ങി. മന്‍പ്രീത്‌ ഗോണി നാല്‌ ഓവറില്‍ 45 റണ്‍സാണ്‌ വഴങ്ങിയത്‌. മോര്‍ക്കല്‍ 41 റണ്‍സും ഫ്‌ളിന്റോഫ്‌ 50 റണ്‍സും വഴങ്ങിയപ്പോള്‍ മുത്തയ്യ മുരളീധരന്‍ മൂന്ന്‌ ഓവറില്‍ 26 റണ്‍സാണ്‌ നല്‍കിയത്‌.
ഈ സ്‌ക്കോറിന്‌ തകര്‍പ്പന്‍ മറുപടിയാണ്‌്‌ ചെന്നൈക്കാര്‍ നല്‍കിയത്‌. പാര്‍ത്ഥീവ്‌ പട്ടേലും മാത്യൂ ഹെയ്‌ഡനും തുടക്കമിട്ട ഇന്നിംഗ്‌സ്‌ ശരവേഗതയില്‍ 57 റണ്‍സ്‌ നേടി. ഡി.പി നാനസും ആശിഷ്‌ നെഹ്‌റയും ശിക്ഷിക്കപ്പെട്ടപ്പോള്‍ പ്രദീപ്‌ സാംഗ്‌വാന്‍ രംഗത്ത്‌ വന്നപ്പോഴാണ്‌ ഡല്‍ഹിക്ക്‌ പ്രതീക്ഷ വന്നത്‌. 15 പന്തില്‍ നിന്ന്‌ 16 റണ്‍സ്‌ നേടിയ പാര്‍ത്ഥീവിനെ സാംഗ്‌വാന്‍ ഡി വില്ലിയേഴ്‌സിന്റെ കരങ്ങളിലെത്തിച്ചു. 27 പന്തില്‍ അഞ്ച്‌ ബൗണ്ടറികളും മൂന്ന്‌ സിക്‌സറുകളുമായി 57 റണ്‍സ്‌ വാരിക്കൂട്ടിയ ഹെയ്‌ഡന്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ 90 ല്‍ എത്തിയിരുന്നു.
സ്‌പിന്നര്‍ ഡാനിയല്‍ വെട്ടോരി രംഗത്ത്‌ വന്നപ്പോള്‍ ധോണിക്ക്‌ പിഴച്ചു. കറങ്ങിതിരിഞ്ഞ പന്തില്‍ ധോണി വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തികിന്‌ പിടി നല്‍കി.

ഇന്ന്‌ പീറ്റും യുവരാജും
ഡര്‍ബന്‍: യുവരാജ്‌ സിംഗിന്‌ ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും പ്രിയപ്പെട്ട മൈതാനമാണ്‌ കിംഗ്‌സ്‌ മീഡ്‌....ഇന്ന്‌ ചാമ്പ്യന്‍ഷിപ്പിലെ ടീമിന്റെ മൂന്നാം മല്‍സരത്തില്‍ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനുമായി ഇവിടെ കളിക്കാനിറങ്ങുമ്പോള്‍ യുവരാജ്‌ പ്രതീക്ഷിക്കുന്നത്‌ വലിയ വിജയം മാത്രം. എതിരാളികള്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സാണ്‌.
കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും നിറം മങ്ങിയ പ്രീതി സിന്റയുടെ സംഘത്തിന്‌ ഭാഗ്യത്തിന്റെ അകമ്പടിയുമുണ്ടായിരുന്നില്ല.രണ്ട്‌ കളികളിലും മഴയാണ്‌ കളിച്ചത്‌. ആദ്യ മല്‍സരത്തില്‍ മഴക്കൊപ്പം വിരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ടുമായപ്പോള്‍ പഞ്ചാബിന്‌ തലകുനിക്കേണ്ടി വന്നു. രണ്ടാം മല്‍സരത്തിലെ എതിരാളികള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സായിരുന്നു. മഴ കളിച്ച ഈ അങ്കത്തില്‍ ക്രിസ്‌ ഗെയിലായിരുന്നു വില്ലന്‍.
ബാറ്റിംഗില്‍ യുവരാജിന്റെ സംഘത്തില്‍ വിശ്വസ്‌തരുണ്ട്‌. ശ്രീലങ്കന്‍ ജോഡികളായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനയും രവി ബോപ്പാരയും ഇര്‍ഫാന്‍ പത്താനുമെല്ലാം നല്ല ഷോട്ടുകള്‍ പായിക്കും. ബൗളിംഗാണ്‌ ടീമിന്‌ പ്രശ്‌നം. ബ്രെട്ട്‌ ലീയും ശ്രീശാന്തുമൊന്നുമില്ലാത്തതിനാല്‍ ഇര്‍ഫാന്‍ മാത്രമാണ്‌ അനുഭവ സമ്പന്നനായി കളിക്കുന്നത്‌.
മൂന്ന്‌ മല്‍സരങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയ ബാംഗ്ലൂര്‍ സംഘത്തിന്‌ നിലവാരത്തിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ഉദ്‌ഘാടന മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കിയ ശേഷം ചെന്നൈ, ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ എന്നിവരോട്‌ പീറ്റേഴ്‌സന്റെ ടീം പരാജയപ്പെട്ടിരുന്നു. ജാക്‌ കാലിസ്‌, പീറ്റേഴ്‌സണ്‍, വിരാത്‌ കോഹ്‌ലി എന്നിവര്‍ക്കൊന്നും പ്രതീക്ഷ കാക്കാന്‍ കഴിയുന്നില്ല. രാഹുല്‍ ദ്രാവിഡ്‌ മാത്രമാണ്‌ പൊരുതി നില്‍ക്കുന്നത്‌.
മടക്കം
ദുബായ്‌: ഷോണ്‍ മാര്‍ഷിന്‌ ഇരട്ട ആഘാതം. പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയിലും ദക്ഷിണാഫ്രി്‌ക്കയില്‍ നടക്കുന്ന ഐ.പി.എല്‍ ക്രിക്കറ്റിലും ഓപ്പണര്‍ക്ക്‌ കളിക്കാനാവില്ല. ഇടത്‌ കാലിലെ പേശീവലിവ്‌ മൂലം ദുബായില്‍ നിന്നും നാട്ടിലേക്ക്‌ തിരിച്ചയക്കപ്പെട്ട മാര്‍ഷിനോട്‌ സമ്പൂര്‍ണ്ണ വിശ്രമത്തിനാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്നപ്പോഴാണ്‌ മാര്‍ഷിന്‌ പരുക്കേറ്റത്‌. വ്യക്തിഗത സ്‌ക്കോര്‍ 4 ല്‍ നില്‍ക്കുമ്പോള്‍ സാഹസികമായി റണ്ണിന്‌ ശ്രമിച്ച ജെഫ്‌ മാര്‍ഷിന്റെ മകന്‍ നിലത്ത്‌ വീണിരുന്നു. തുടര്‍ന്ന്‌ റണ്ണറുമായാണ്‌ അദ്ദേഹം ബാറ്റിംഗ്‌ തുടര്‍ന്നത്‌. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 20-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ മാര്‍ഷിന്‌ സ്ഥാനമുണ്ടെന്നിരിക്കെ അദ്ദേഹത്തോട്‌ നാട്ടിലെത്തി വിശ്രമിക്കാനാണ്‌ ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്‌.
പാക്കിസ്‌താനതിരെ അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ ഓസ്‌ട്രേലിയ കളിക്കുന്നത്‌. മാര്‍ക്കസ്‌ നോര്‍ത്തായിരിക്കും മാര്‍ഷിന്‌ പകരം കളിക്കുക. പാക്കിസ്‌താനെതിരായ പരമ്പരക്ക്‌ ശേഷം ഐ.പി.എല്ലില്‍ തന്റെ ടീമായ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനു വേണ്ടി കളിക്കാന്‍ മാര്‍ഷിന്‌ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ പരുക്കില്‍ ഇനി അദ്ദേഹത്തിന്‌ ഐ.പി.എല്ലില്‍ കളിക്കാന്‍ കഴിയില്ല.
തോന്നിവാസം
ലാഹോര്‍: 2011 ലെ ലോകകപ്പ്‌ ക്രിക്കറ്റ്‌ മല്‍സര കലണ്ടറില്‍ നിന്നും പാക്കിസ്‌താനെ തഴഞ്ഞ ഐ.സി.സി നടപടി തോന്നിവാസമാണെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഡയരക്ടര്‍ ജനറല്‍ ജാവേദ്‌ മിയാന്‍ദാദ്‌. തിരക്കിട്ട ഐ.സി.സി തീരുമാനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച മുന്‍ നായകനും കോച്ചുമായ മിയാന്‍ദാദ്‌ സുരക്ഷയാണ്‌ കാതലായ പ്രശ്‌നമെങ്കില്‍ 2011 ലെ ലോകകപ്പ്‌ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനുമായി നല്‍കുന്നതായിരിക്കും ഉചിതമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌ ഏഷ്യക്ക്‌ 2015 ലെ ലോകകപ്പ്‌ നല്‍കിയാല്‍ മതി. ഐ.സി.സിയുടെ ഇരട്ടത്താപ്പാണ്‌ പ്രശ്‌നം. കറാച്ചിയില്‍ ശ്രീലങ്കയുമായി പ്രശ്‌നങ്ങളില്ലാത്ത ഒരു ടെസ്റ്റ്‌ മല്‍സരം നടത്താനായി. എന്നാല്‍ ലാഹോറില്‍ കാര്യങ്ങള്‍ മാറി. ഇതേ പ്രശ്‌നം ഇന്ത്യയിലുമുണ്ടായിരുന്നു. മുംബൈയില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ്‌ ഇംഗ്ലണ്ട്‌ ടീം മടങ്ങിയത്‌. ക്രിക്കറ്റ്‌ ലോകം ശരിക്കും പാക്കിസ്‌താനെ ഒറ്റപ്പെടുത്തുകയായിരുന്നു. ഇതൊരിക്കലും നല്ലതിനല്ല. പാക്കിസ്‌താനില്‍ നിന്നും രാജ്യാന്തര ക്രിക്കറ്റിനെ അകറ്റാന്‍ രാജ്യാന്തരതലത്തില്‍ ഗുഡാലോചന നടക്കുന്നുണ്ട്‌. ഈ ഘട്ടത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പോലും പാക്കിസ്‌താനെ സഹായിക്കാത്തത്‌ നിര്‍ഭാഗ്യകരമാണ്‌. ഒരു നാള്‍ ഇതേ പ്രശ്‌നം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടാവുമെന്ന ഓര്‍മ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
നല്ല തുടക്കം
ദുബായ്‌: ആഹ്ലാദവാനാണ്‌ യൂനസ്‌ഖാന്‍....ലാഹോര്‍ സംഭവങ്ങള്‍ക്ക്‌ ശേഷം ലോക ക്രിക്കറ്റില്‍ ഒറ്റപ്പെട്ട പാക്കിസ്‌താന്‍ ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി കൊണ്ട്‌ തിരിച്ചുവന്നിരിക്കുന്നു. ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നാല്‌ വിക്കറ്റിനാണ്‌ പാക്കിസ്‌താന്‍ വിജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ലോക ചാമ്പ്യന്മാരുടെ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഷാഹീദ്‌ അഫ്രീദിയുടെ ലെഗ്‌ സ്‌പിന്‍ മികവില്‍ 168 റണ്‍സില്‍ നിയന്ത്രിച്ച പാക്കിസ്‌താന്‍ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 171 റണ്‍സ്‌ നേടിയാണ്‌ വിജയിച്ചത്‌. 38 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ അഫ്രീദിയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌്‌.

Tuesday, April 21, 2009

ARSHAWIN THE GREAT



വാട്ട്‌ എ മാച്ച്‌....
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഈ സീസണില്‍ ദര്‍ശിച്ച ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നില്‍ ശക്തരായ ലിവര്‍പൂളും ആഴ്‌സനലും 4-4 സമനിലയില്‍ പിരിഞ്ഞു. പങ്ക്‌ വെക്കപ്പെട്ട പോയന്റോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ്‌ ടേബിളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമെത്തി. മെച്ചപ്പെട്ട ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ ലിവര്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. എന്നാല്‍ മാഞ്ചസ്‌റ്ററിന്‌ രണ്ട്‌ മല്‍സരങ്ങള്‍ കൂടി കളിക്കാനുണ്ടെന്നിരിക്കെ ഫലത്തില്‍ ആഴ്‌സനലുമായുളള സമനില ലിവര്‍പൂളിന്‌ തിരിച്ചടിയാവാനാണ്‌ സാധ്യതകള്‍.
ലിവര്‍പൂളിനെ വെള്ളം കുടിപ്പിച്ചത്‌ ആഴ്‌സനലിന്റെ റഷ്യന്‍ മുന്‍നിരക്കാരന്‍ ആന്ദ്രെ അര്‍ഷവിനാണ്‌. ലിവറിന്റെ വലയില്‍ ആഴ്‌സനല്‍ നിക്ഷേപിച്ച നാല്‌ ഗോളുകളും ഈ യുവതാരത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി ആക്രമണ പ്രത്യാക്രമണങ്ങളുമായി ആവേശകരമായ മല്‍സരം ആന്‍ഫീല്‍ഡിലെ മൈതാനത്ത്‌ അമ്പതിനായിരത്തോളം വരുന്ന കാണികള്‍ക്ക്‌ ഉന്നത സോക്കര്‍ വിരുന്നാണ്‌ സമ്മാനിച്ചത്‌. വിജയം വഴി പൂര്‍ണ്ണ പോയന്റ്‌ സ്വന്തമാക്കി മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ സമ്മര്‍ദ്ദം സൃഷ്‌ടിക്കുക എന്നതായിരുന്നു ലിവര്‍പൂളിന്റെ ഗെയിം പ്ലാന്‍. എന്നാല്‍ എഫ്‌.എ കപ്പ്‌ സെമി ഫൈനലിലെ തോല്‍വി മറന്ന്‌ ആക്രമണ സോക്കറിന്റെ സുന്ദരമുഖം പ്രകടിപ്പിച്ച ആഴ്‌സനല്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളെ ആര്‍ക്കും എഴുതിത്തള്ളാനാവില്ലെന്നാണ്‌ തെളിയിച്ചത്‌. മുപ്പത്തിയാറാം മിനുട്ടില്‍ അര്‍ഷവിനാണ്‌ ആഴ്‌സനലിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്‌. ഈ ഗോളിന്‌ ആദ്യ പകുതിയില്‍ മുന്നിട്ട്‌ നിന്ന്‌ ഗണ്ണേഴ്‌സിനെ പക്ഷേ നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ സമനില വഴങ്ങേണ്ടി വന്നു. ഫെര്‍ണാണ്ടോ ടോറസ്‌ എന്ന സൂപ്പര്‍ താരത്തിന്റെ ബൂട്ടില്‍ നിന്നായിരുന്നു സമനില ഗോള്‍. തൊട്ട്‌ പിറകെ ലിവര്‍പൂള്‍ ലീഡും കരസ്ഥമാക്കി. ബെനിയോണിന്റെ കരുത്താണ്‌ ടീമിന്‌ കരുത്തായത്‌.
ലിവര്‍പൂള്‍ നേടിയ രണ്ടാം ഗോള്‍ ആഴ്‌സനലിനും അര്‍ഷവിനുമാണ്‌ ഉണര്‍വായത്‌. മൂന്ന്‌ മിനുട്ടിനകം അര്‍ഷവിന്‍ രണ്ട്‌ ഗോള്‍ നേടിയപ്പോള്‍ ലിവറിന്റെ ആരാധകര്‍ ഞെട്ടി. പക്ഷേ ടോറസ്‌ ഒരിക്കല്‍ക്കൂടി ലിവര്‍പൂളിന്റെ പ്രതീക്ഷ കാത്ത്‌ സമനില നേടി. 3-3 ല്‍ മല്‍സരം അവസാനിക്കുമെന്ന ഘട്ടത്തില്‍ ഇരുവലയിലും ഓരോ ഗോള്‍ 90, 91 മിനുട്ടുകളില്‍ വീണു. ബെനിയോണാണ്‌ ലിവറിന്റെ ഗോള്‍ നേടിയതെങ്കില്‍ ഒരിക്കലും മറക്കാനാവാത്ത പ്രകടനം നടത്തിയ അര്‍ഷവിന്‍ ആഴ്‌സനലിനെ ഒപ്പമെത്തിച്ചു.
കഴിഞ്ഞയാഴ്‌ച്ച സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സെമി ഫൈനലില്‍ ചെല്‍സിക്കെതിരൊയ രണ്ടാം പാദ മല്‍സരത്തില്‍ പ്രകടിപ്പിച്ച പോരാട്ടവീര്യമാണ്‌ ഇന്നലെ ലിവര്‍പൂള്‍ ആവര്‍ത്തിച്ചതെന്നാണ്‌ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ അവകാശപ്പെട്ടത്‌. തുടക്കത്തില്‍ തന്നെ ഗണ്ണേഴ്‌സിന്റെ പ്രഹരശേഷിക്ക്‌ മുന്നില്‍ തളര്‍ന്നിട്ടും രണ്ടാം പകുതിയില്‍ കരുത്തോടെ തിരിച്ചുവന്ന്‌ മല്‍സരത്തില്‍ സമനില കൈവരിക്കാനായത്‌ നേട്ടമാണെന്നാണ്‌ അദ്ദേഹത്തിന്റെ വാദം.
ആഴ്‌സനല്‍ ഗോള്‍ക്കീപ്പര്‍ സുകാസ്‌ ഫായാന്‍സ്‌കിയാണ്‌ ഇന്നലെ ലിവര്‍പൂള്‍ മുന്‍നിരക്കാരെ വെള്ളം കുടിപ്പിച്ചത്‌. എഫ്‌.എ കപ്പ്‌ സെമിയിലെ തോല്‍വിയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട ഗോള്‍ക്കീപ്പര്‍ ഇന്നലെ ആദ്യ പകുതിയില്‍ പുറത്തെടുത്ത പ്രകടനമാണ്‌ മല്‍സരത്തില്‍ ഗണ്ണേഴ്‌സിന്‌ കരുത്തായി മാറിയത്‌. രണ്ടാം പകുതിയില്‍ അല്‍പ്പം തളര്‍ന്ന ലുക്കാസ്‌ പക്ഷേ നാല്‌ ഗോളുകള്‍ വഴങ്ങി. സെസ്‌ക്‌ ഫാബ്രിഗസിന്റെ ക്രോസില്‍ നിന്നും അര്‍ഷവിന്‍ ആദ്യ ഗോള്‍ സ്‌്‌ക്കോര്‍ ചെയ്യുമ്പോള്‍ ലിവര്‍പൂള്‍ ആരാധകരാല്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയം നിശബ്ദമായിരുന്നു. രണ്ടാം പകുതി തുടങ്ങിയതും ടോറസും ബെനയോണും അവസരത്തിനൊത്തുയര്‍ന്ന്‌്‌ ഗോളുകള്‍ നേടിയതോടെയാണ്‌ മല്‍സരം അതിന്റെ ആവേശ പാരമ്യതയിലെത്തിയത്‌.

ഇനി അഞ്ച്‌ മല്‍സരങ്ങള്‍
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ഇത്തവണ കപ്പിനായി തകര്‍പ്പന്‍ പോരാട്ടങ്ങള്‍ അവസാനഘട്ടം വരെയുണ്ടാവുമെന്നുറപ്പ്‌. ഇനി അഞ്ച്‌ റൗണ്ട്‌ മല്‍സരങ്ങള്‍ മാത്രമാണ്‌ ബാക്കിയുളളത്‌. 33 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂള്‍ 71പോയന്റുമായി ഒന്നാം സ്ഥാനത്താണിപ്പോള്‍. പക്ഷേ 71 പോയന്റില്‍ നില്‍ക്കുന്ന ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇത്‌ വരെ 31 മല്‍സരങ്ങള്‍ മാത്രമാണ്‌ കളിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ ചാമ്പ്യന്മാര്‍ പോര്‍ട്‌സ്‌മൗത്തിനെതിരെ കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ജയിക്കുന്നപക്ഷം അവര്‍ വ്യക്തമായ ലീഡ്‌ കരസ്ഥമാക്കും. അടുത്ത ശനിയാഴ്‌ച്ച ടോട്ടന്‍ഹാമിനെതിരെ കളിക്കുന്നതോടെയാണ്‌ 33 മല്‍സരങ്ങള്‍ മാഞ്ചസ്‌റ്റര്‍ പൂര്‍ത്തിയാക്കുക. 32 മല്‍സരങ്ങളില്‍ നിന്ന്‌ 67 പോയന്റ്‌ നേടിയ ചെല്‍സിയാണിപ്പോള്‍ മൂന്നാമത്‌. അവര്‍ ഇന്ന്‌ പുലര്‍ച്ചെ എവര്‍ട്ടണുമായി കളിക്കുന്നുണ്ട്‌. 33 മല്‍സരങ്ങളില്‍ നിന്നായി 62 പോയന്റാണ്‌ ആഴ്‌സനല്‍ നേടിയത്‌. ഈ നാല്‌ ടീമുകള്‍ തന്നെയായിരിക്കും അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുക.
ആസ്റ്റണ്‍ വില്ല (54), എവര്‍ട്ടണ്‍ (52), വെസ്റ്റ്‌ ഹാം (45) എന്നിവരാണ്‌ അഞ്ച്‌ മുതല്‍ എട്ട്‌ വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്‌. യുവേഫ കപ്പില്‍ അവര്‍ക്കാണ്‌ സാധ്യത. മിഡില്‍സ്‌ ബോറോ (31),ന്യൂ കാസില്‍ യുനൈറ്റഡ്‌ (30), വെസ്‌റ്റ്‌ ബ്രോം (25) എന്നിവരാണ്‌ തരം താഴ്‌ത്തല്‍ ഭീഷണി നേരിടുന്നത്‌.
നിലവിലെ സാഹചര്യങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ തന്നെയാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ സാധ്യത. ലിവര്‍പൂളിനേക്കാള്‍ രണ്ട്‌ മല്‍സരം കുറവാണ്‌ അവര്‍ കളിച്ചിട്ടുള്ളത്‌. പോര്‍ട്‌സ്‌മൗത്ത്‌, ടോട്ടന്‍ഹാം, മിഡില്‍സ്‌ ബോറോ, മാഞ്ചസ്‌റ്റര്‍ സിറ്റി, വിഗാന്‍, ആഴ്‌സനല്‍, ഹള്‍ സിറ്റി എന്നിവരാണ്‌ ഇനിയുള്ള മല്‍സരങ്ങളില്‍ ചാമ്പ്യന്മാരുടെ പ്രതിയോഗികള്‍. ഇവരില്‍ ആഴ്‌സനല്‍ മാത്രമാണ്‌ റെഡ്‌സിന്‌ അല്‍പ്പം വെല്ലുവിളി ഉയര്‍ത്തുക. ബാക്കി മല്‍സരങ്ങളില്ലെല്ലാം മാഞ്ചസ്റ്ററിന്‌ ജയിക്കാനാവും. മെയ്‌ 24 നാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ അവസാനിക്കുന്നത്‌. അതേ സമയം ലിവര്‍പൂളിന്‌ ചെല്‍സിയും ആഴ്‌സനലും ഉള്‍പ്പെടെയുള്ള കരുത്തരെയാണ്‌ ഇനി നേരിടാനുളളത്‌. മാഞ്ചസ്റ്ററും ലിവര്‍പൂളും അപ്രതീക്ഷിതമായി തളര്‍ന്നാല്‍ ചെല്‍സിക്ക്‌ കപ്പില്‍ പിടിക്കാനും സാധ്യതയുണ്ട്‌.
പോയന്റ്‌ ടേബിള്‍
1-ലിവര്‍പൂള്‍-71
2- മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-71
3-ചെല്‍സി-67
4- ആഴ്‌സനല്‍-62
5-ആസ്റ്റണ്‍ വില്ല-54
6-എവര്‍ട്ടണ്‍-52
7-വെസ്റ്റ്‌ ഹാം-45
8-ഫുള്‍ഹാം-44
9-ടോട്ടന്‍ഹാം-44
10 മാഞ്ചസ്‌റ്റര്‍ സിറ്റി-41
11-വിഗാന്‍ അത്‌ലറ്റിക്‌സ്‌ 41
12-സ്‌റ്റോക്‌ സിറ്റി-39
13-ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സ്‌-37
14-പോര്‍ട്‌്‌സ്‌മൗത്ത്‌-37
15-സുതര്‍ലാന്‍ഡ്‌-35
16-ഹള്‍ സിറ്റി-34
17-ബ്ലാക്‌ബര്‍ണ്‍-34
18-മിഡില്‍സ്‌ ബോറോ-31
19-ന്യൂകാസില്‍ യുനൈറ്റഡ്‌-30
20-വെസ്‌റ്റ്‌ ബ്രോം-25

ഇന്ന്‌
ഡര്‍ബന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഇന്ന്‌ രണ്ട്‌ മല്‍സരങ്ങള്‍. കിംഗ്‌സ്‌ മീഡില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ വീരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി കളിക്കുമ്പോള്‍ കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ നടക്കുന്ന രണ്ടാമത്തെ കളിയില്‍ ബ്രെന്‍ഡന്‍ മക്കലത്തിന്റെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഷെയിന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സുമായി കളിക്കും. ഒരു മല്‍സരം തോല്‍ക്കുകയും ഒന്നില്‍ തകര്‍പ്പന്‍ വിജയം നേടുകയും ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ ആകെ രണ്ട്‌ പോയന്റാണ്‌ ഇത്‌ വരെ സമ്പാദിക്കാനായത്‌. ഡല്‍ഹി കളിച്ച ഒരു മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.
ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ മുന്നില്‍ നിറം മങ്ങിയ ചെന്നൈ രണ്ടാം മല്‍സരത്തില്‍ കെവിന്‍ പീറ്റേഴ്‌സന്റെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ തരിപ്പണമാക്കി കരുത്ത്‌ തെളിയിച്ചിരുന്നു. ബാറ്റിംഗാണ്‌ ധോണിപ്പടയുടെ അസ്‌ത്രം. മാത്യൂ ഹെയ്‌ഡനില്‍ തുടങ്ങി പാര്‍ത്ഥീവ്‌ പട്ടേല്‍, സുരേഷ്‌ റൈന, ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ധോണി എന്നിവരിലൂടെ സ്‌ക്കോര്‍ ഉയരുമ്പോള്‍ ഡല്‍ഹി ബൗളിംഗ്‌ സംഘത്തിന്‌ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടി വരും. ഹെയ്‌ഡന്‍ തട്ടുതകര്‍പ്പന്‍ ഫോമിലാണ്‌ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ കളിച്ചത്‌. ആര്‍ക്കും പിടി നല്‍കാതെയുളള അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ തടയാന്‍ എളുപ്പമാവില്ല. ഹെയ്‌ഡന്‌ നല്ല ഓപ്പണിംഗ്‌ പങ്കാളിയായി മാറിയിട്ടുണ്ട്‌ വിക്കറ്റ്‌ കീപ്പര്‍ പാര്‍ത്ഥീവ്‌ പട്ടേല്‍. മൂന്നാം നമ്പറില്‍ വരുന്ന സുരേഷ്‌ റൈനയാവട്ടെ മനോഹരമായ ഷോട്ടുകളുടെ വക്താവാണ്‌. മുന്‍നിര തകര്‍ന്നാല്‍ തന്നെ മധ്യനിരക്ക്‌ കരുത്തേകാന്‍ ധോണിയും ഫ്‌ളിന്റോഫും ആല്‍ബി മോര്‍ക്കലുമുണ്ട്‌. ബൗളിംഗില്‍ മക്കായ എന്‍ടിനിയില്‍ തുടങ്ങി മന്‍പ്രീത്‌ ഗോണി, ലക്ഷ്‌മിപതി ബാലാജിയിലുടെ മുത്തയ്യ മുരളീധരനിലാണ്‌ ടീമിന്റെ കരുത്ത്‌.
സേവാഗിന്റെ ബൗളിംഗ്‌ സംഘത്തിലേക്ക്‌ ഇന്ന്‌ ഗ്ലെന്‍ മക്‌ഗ്രാത്ത്‌ തിരിച്ചുവരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരന്‍ കളിച്ചിരുന്നില്ല. മക്‌ഗ്രാത്ത്‌ പഴയ കൂട്ടുകാരന്‍ ഹെയ്‌ഡന്‌ നേരെ പുതിയ പന്തെറിയുന്നത്‌ ആവേശകരമായ കാഴ്‌ച്ചയായിരിക്കും. പര്‍വേസ്‌ മഹറൂഫ്‌, ഡാനിയല്‍ വെട്ടോരി തുടങ്ങിയവരും ഇന്ന്‌ ഡല്‍ഹി ബൗളിംഗ്‌ നിരയിലുണ്ടാവും. ബാറ്റിംഗില്‍ ഡല്‍ഹിക്കാരായ സേവാഗും ഗാംഭീറും നല്‍കുന്ന തുടക്കമായിരിക്കും പ്രധാനം. പഞ്ചാബ്‌ കിംഗ്‌സിനെതിരായ മല്‍സരത്തില്‍ സേവാഗും ഗാംഭീറും നടത്തിയ പ്രകടനത്തില്‍ ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പോള്‍ കോളിംഗ്‌വുഡ്‌, എബി ഡി വില്ലിയേഴ്‌സ്‌, തിലകരത്‌നെ ദില്‍ഷാന്‍ എന്നിവര്‍ക്കൊന്നും ഇത്‌ വരെ ബാറ്റിംഗ്‌ അവസരം ലഭിച്ചിട്ടില്ല. ഇന്ന്‌ അവര്‍ക്ക്‌ കരുത്ത്‌ തെളിയിക്കാനാവുമെന്നാണ്‌ സേവാഗ്‌ പറയുന്നത്‌.
രണ്ട്‌ കളികളില്‍ നിന്നായി ഒരു പോയന്റ്‌്‌ മാത്രം സമ്പാദിച്ച നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ ആദ്യ ജയം തേടിയാണ്‌ ഇറങ്ങുന്നത്‌. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരം മഴയില്‍ മുടങ്ങിയത്‌ കാരണം ലഭിച്ച ഒരു പോയന്റ്‌ മാത്രമാണ്‌ വോണും സംഘവും ഇത്‌ വരെ നേടിയത്‌.
ബൗളിംഗാണ്‌ റോയല്‍സിന്റെ പ്രശ്‌നം. ഷെയിന്‍ വാട്ട്‌സണും സുഹൈല്‍ തന്‍വീറുമെല്ലാം കഴിഞ്ഞ സീസണില്‍ നല്‍കിയിരുന്ന തുടക്കമായിരുന്നു ടീമിന്റെ കരുത്ത്‌. എന്നാല്‍ കമറാന്‍ഖാന്‍ എന്ന യുവ സീമറെ മുന്‍നിര്‍ത്തിയാണ്‌ ആദ്യ മല്‍സരത്തില്‍ വോണ്‍ കളിച്ചത്‌. ഇതാവട്ടെ ഫലം ചെയ്‌തില്ല. ബാറ്റിംഗില്‍ ഗ്രയീം സ്‌മിത്തിനും യൂസഫ്‌ പത്താനുമൊന്നും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിയുന്നില്ല. സ്വപ്‌നില്‍ അസനോദ്‌കറായിരുന്നു കഴിഞ്ഞ സീസണില്‍ സ്‌മിത്തിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിട്ടിരുന്നത്‌. എന്നാല്‍ ഗോവന്‍ താരത്തിന്‌ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ നല്ല തുടക്കം സ്‌മിത്തിന്‌ ലഭിച്ചാല്‍ അത്‌ ഉപയോഗപ്പെടുത്താന്‍ യൂസഫ്‌ പത്താനെ പോലുള്ളവര്‍ക്ക്‌ കഴിയും.
കൊല്‍ക്കത്തന്‍ സംഘത്തില്‍ ഭയപ്പെടേണ്ടത്‌ ക്രിസ്‌ ഗെയിലിനെയും ബ്രെന്‍ഡന്‍ മക്കലത്തെയും തന്നെയാണ്‌. ബാറ്റിംഗില്‍ ഇവരാണ്‌ കരുത്ത്‌. ഗെയില്‍ കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ നടത്തിയ ബാറ്റിംഗ്‌ മാത്രം മതി കരിബീയന്‍ ഓപ്പണറുടെ കരുത്തറിയാന്‍. മക്കലത്തിന്‌ ഇത്‌ വരെ കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പതിവ്‌ ഫോമില്‍ പന്തിനെ ആക്രമിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്‌ റോയല്‍സിന്റെ ദുര്‍ബലമായ ബൗളിംഗ്‌ നിരക്ക്‌ നേരെ ആക്രമിക്കാന്‍ കാത്തിരിക്കുകയാണ്‌ അദ്ദേഹം. സൗരവ്‌ ഗാംഗുലിയാണ്‌ ബാറ്റിംഗില്‍ വിലാസമുളള മറ്റൊരു താരം.
പോയന്റ്‌ ടേബിള്‍
1-മുംബൈ ഇന്ത്യന്‍സ്‌-3
2-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-2
3-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-2
4-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-2
5-ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌-2
6-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-2
7-രാജസ്ഥാന്‍ റോയല്‍സ്‌-1
8-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ -0
ഗോള്‍കീപ്പിംഗ്‌ ക്യാമ്പ്‌
കോഴിക്കോട്‌: കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി എക്‌സ്‌ ഫുട്‌ബോളേഴ്‌സ്‌ അസോസിയേഷന്‍ മികച്ച ഗോള്‍ക്കീപ്പര്‍മാരെ കണ്ടെത്താന്‍ നടത്തുന്ന ഗോള്‍ക്കീപ്പേഴ്‌സ്‌ ടാലന്റ്‌്‌ സെര്‍ച്ച്‌ ക്യാമ്പിന്റെ ഭാഗമായുള്ള പ്രാഥമിക സെലക്ഷന്‍ ട്രയല്‍സ്‌ ഈ മാസം 26 ന്‌ കോഴിക്കോട്ടും തൃശൂരിലുമായി നടക്കും. രാവിലെ എട്ട്‌ മണിക്ക്‌ നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ ബെര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റുമായി രാവിലെ മൈതാനത്ത്‌ ഹാജരാവണം. കോഴിക്കോട്ട്‌ മലബാര്‍ കൃസ്‌റ്റിയന്‍ കോളജിലും തൃശൂരില്‍ കേരളവര്‍മ കോളജിലുമാണ്‌ ട്രയല്‍സ്‌. 1.1.93ന്‌ ശേഷം ജനിച്ച കുട്ടികള്‍ക്കാണ്‌ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447833052, 9446164438 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
അഫ്രീദി
ദുബായ്‌: 38 റണ്‍സ്‌ മാത്രം നല്‍കി ആറ്‌ ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാഹിദ്‌ അഫ്രീദിയായിരുന്നു ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ്‌ മല്‍സരത്തിലെ ഹീറോ. പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ നയിച്ച ഓസ്‌ട്രേലിയന്‍ ടീം 38.5 ഓവറില്‍ 168 റണ്‍സിന്‌ തകര്‍ന്നപ്പോള്‍ അഫ്രീദി മാജിക്‌ പൂര്‍ണതയിലെത്തുകയായിരുന്നു.നല്ല തുടക്കത്തിന്‌ ശേഷമാണ്‌ കേവലം 15 റണ്‍സിനിടെ ലോക ചാമ്പ്യന്മാര്‍ക്ക്‌ ആറ്‌ വിക്കറ്റുകള്‍ നഷ്‌്‌ടമായത്‌. ഒരു വിക്കറ്റിന്‌ 95 എന്നതായിരുന്നു ഒരു ഘട്ടത്തില്‍ ഓസീ സ്‌ക്കോര്‍. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഇത്‌ ഏഴ്‌ വിക്കറ്റിന്‌ 110 റണ്‍സായി. പുറത്താവാതെ 48 റണ്‍സ്‌ നേടിയ ജെയിംസ്‌ ഹോപ്‌സാണ്‌ ടോപ്‌ സ്‌ക്കോറര്‍. വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീനും ഷെയിന്‍ വാട്ട്‌സണും 40 റണ്‍സ്‌ വീതം നേടി.
റിക്കി പോണ്ടിംഗിന്‌ പകരം ടീമിനെ നയിച്ച മൈക്കല്‍ ക്ലാര്‍ക്കിന്‌ സ്‌പിന്നര്‍മാരെ കാണുമ്പോള്‍ വരുന്ന പനി ഇന്നലെയും തുടര്‍ന്നു. അജ്‌മലിന്റെ ദൂസ്‌രക്ക്‌ മുന്നില്‍ നായകന്‍ തളര്‍ന്നതിന്‌ ശേഷമായിരുന്നു അഫ്രീദി മാജിക്‌. വിവാദ കാലത്തിന്‌ ശേഷം ദേശീയ ടീമിലേക്ക്‌ മടങ്ങിയെത്തിയ ആന്‍ഡ്ര്യൂ സൈമണ്ട്‌സായിരുന്നു അഫ്രിദിയുടെ ആറിലെ നമ്പര്‍ വണ്‍. പന്തിനെ ഫ്‌ളിക്‌ ചെയ്യാന്‍ ശ്രമിച്ച സൈമണ്ട്‌സിനെ വിക്കറ്റിന്‌ പിറകില്‍ കമറാന്‍ അക്‌മല്‍ പിടികൂടി. ഓസീസ്‌ നിരയിലെ പുതിയ സൂപ്പര്‍താരം കേലം ഫെര്‍ഗൂസണെ സ്ലിപ്പില്‍ മിസ്‌ബാഹിന്റെ കരങ്ങളിലെത്തിച്ചപ്പോള്‍ അഫ്രീദിക്ക്‌ വിക്കറ്റ്‌ നമ്പര്‍ രണ്ട്‌. സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്കിനും നതാന്‍ ബ്രാക്കനുമൊന്നും അഫ്രീദിയുടെ ലെഗ്‌ ബ്രേക്കുകള്‍ക്ക്‌ മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല.
ലാഹോര്‍ സംഭവങ്ങള്‍ക്ക്‌ ശേഷം പാക്കിസ്‌താന്‍ ടീം കളിക്കുന്ന ആദ്യ മല്‍സരമായിരുന്നു ഇത്‌. ഉറച്ച ബാറ്റിംഗ്‌ ട്രാക്കില്‍ ടോസ്‌ നേടുന്ന ടീമിന്‌ മെച്ചപ്പെട്ട സ്‌ക്കോര്‍ സമ്പാദിക്കാന്‍ കഴിയുമെന്നാണ്‌ പ്രവചിക്കപ്പെട്ടത്‌. പക്ഷേ ഓസീ ബാറ്റ്‌സ്‌മാന്മാര്‍ ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ അസ്ഥിരത ആവര്‍ത്തിച്ചു. മൂന്നാം പവര്‍ പ്ലേ ഉപയോഗപ്പെടുത്തി ജെയിംസ്‌ ഹോപ്‌സ്‌ കൈകള്‍ സ്വതന്ത്രമാക്കിയതാണ്‌ ഓസീസിന്‌ അവസാനത്തില്‍ ആശ്വാസമായത്‌. ഒമ്പത്‌ വിക്കറ്റിന്‌ 122 റണ്‍സ്‌ എന്ന നിലയില്‍ നിന്നാണ്‌ ഹോപ്‌സ്‌ സ്‌ക്കോര്‍ 168 ല്‍ എത്തിച്ചത്‌.

ക്രിക്കറ്റ്‌
കേപ്‌ടൗണ്‍: രാജ്യാന്തര ക്രിക്കറ്റ്‌ വിട്ടിട്ടും, പ്രായം അതിക്രമിച്ചിട്ടും ആദം ഗില്‍ക്രൈസ്റ്റ്‌ എന്ന ഗില്ലിയുടെ പ്രഹര ശേഷിക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ല...ഓസ്‌ട്രേലിയക്കാരന്റെ ഇടം കൈയ്യന്‍ ചൂടനടികള്‍ക്ക്‌ മുന്നില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ബൗളര്‍മാര്‍ വിയര്‍ത്ത കാഴ്‌ച്ചയില്‍ ഐ.പി.എല്‍ ക്രിക്കറ്റിലെ എട്ടാം മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഡക്കാന്‍ ചാര്‍ജേഴ്‌സിന്‌ തകര്‍പ്പന്‍ സ്‌ക്കോര്‍. ഗില്‍ക്രൈസ്‌റ്റും ഹര്‍ഷല്‍ ഗിബ്‌സും തുടക്കമിട്ട ഇന്നിംഗ്‌സില്‍ ബൗണ്ടറികളുടെ മാലപ്പടക്കങ്ങള്‍ ആദ്യ ഓവറില്‍ തന്നെയുണ്ടായിരുന്നു. പ്രവീണ്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികള്‍. രണ്ടാം ഓവറിന്‌ വന്ന ദക്ഷിണാഫ്രിക്കന്‍ അതിവേഗക്കാരന്‍ ഡാലെ സ്റ്റെനും ഓള്‍റൗണ്ടര്‍ ജാക്‌ കാലിസിനും അടി നന്നായി കിട്ടി. പ്രവീണിന്റെ രണ്ടാം ഓവറില്‍ ഗിബ്‌സ്‌ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോള്‍ മാത്രമാണ്‌ റണ്‍നിരക്ക്‌ കുറഞ്ഞത്‌.

GAYLE SHOT

പീറ്റ്‌ പ്രഷര്‍
കേപ്‌ടൗണ്‍: ഐ.പി.എല്‍ ക്രിക്കറ്റില്‍ ഇന്ന്‌ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ വെടെക്കെട്ടുകാരായ ഡക്കാന്‍ ചാര്‍ജേഴ്‌സിനെ നേരിടുമ്പോള്‍ സമ്മര്‍ദ്ദത്തിന്റെ മരകൊമ്പിലാണ്‌ ബാംഗ്ലൂര്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടന മല്‍സരത്തില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ മലര്‍ത്തിയടിച്ച പീറ്റേഴ്‌സണും സംഘവും രണ്ടാം മല്‍സരത്തില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌ മുന്നില്‍ തലകുനിച്ചതാണ്‌ പീറ്റേഴ്‌സണെ സമ്മര്‍ദ്ദത്തിലാക്കുന്നത്‌. ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച വെറ്ററന്മാരായ രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും രണ്ടാം മല്‍സരത്തില്‍ വലിയ നിരാശ സമ്മാനിച്ചപ്പോള്‍ 92 റണ്‍സിനായിരുന്നു ചെന്നൈയില്‍ നിന്നും ബാംഗ്ലൂര്‍ തോല്‍വി ചോദിച്ചുവാങ്ങിയത്‌. ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ സംഘത്തില്‍ വെടിക്കെട്ടുകാര്‍ ധാരാളമുണ്ട്‌. എല്ലാവരും ഒന്നിനൊന്ന്‌ മികച്ചവരാണ്‌. തുടക്കത്തില്‍ ഗില്‍ക്രൈസ്‌റ്റ്‌. പിന്നെ ഹര്‍ഷല്‍ ഗിബ്‌സ്‌, രോഹിത്‌ ശര്‍മ്മ തുടങ്ങിയവര്‍. ഇവരുടെ പ്രഹരത്തില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ബാംഗ്ലൂര്‍ സംഘത്തിന്റെ ബൗളിംഗ്‌ നിലവാരം ഉയരണം. ജാക്‌ കാലിസിനും സംഘത്തിനും ചെന്നൈക്കാര്‍ നല്‍കിയ ശിക്ഷ പരിഗണിക്കുമ്പോള്‍ ഇന്നും റണ്‍സ്‌ വേട്ടക്കാണ്‌ വ്യക്തമായ സാധ്യത.
ആദ്യ മല്‍സരത്തില്‍ 48 പന്തില്‍ നിന്നും 66 റണ്‍സ്‌ സ്വന്തമാക്കിയ ദ്രാവിഡില്‍ നിന്നാണ്‌ പീറ്റേഴ്‌സണ്‍ ഇന്ന്‌്‌ കാര്യമായ സംഭാവന പ്രതീക്ഷിക്കുന്നത്‌. രണ്ടാം മല്‍സരത്തില്‍ ദ്രാവിഡിനെ ബാറ്റിംഗ്‌ ഓര്‍ഡറില്‍ പിന്നോട്ടാക്കിയതിന്റെ വേദനയും പീറ്റേഴ്‌സണുണ്ട്‌. ബാറ്റിംഗില്‍ കാലിസും വിരാത്‌ കോഹ്‌ലിയുമെല്ലാമുണ്ടെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ രണ്ടാം മല്‍സരത്തില്‍ ആര്‍ക്കുമായിരുന്നില്ല.
കാലിസ്‌ സ്വന്തം മൈതാനത്താണ്‌ കളിക്കുന്നത്‌. പക്ഷേ അദ്ദേഹത്തെ മാത്യൂ ഹെയ്‌ഡന്‍ കൈകാര്യം ചെയ്‌ത രീതി പരിശോധിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറുടെ കരുത്തിനെ സംശയിക്കേണ്ടി വരും. മധ്യനിരക്ക്‌ കരുത്ത്‌ പകരേണ്ടവരില്‍ ഒന്നാമന്‍ പീറ്റേഴ്‌സണാണ്‌. പക്ഷേ കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളിലും നിലവാരത്തിനൊത്ത പ്രകടനം നടത്താന്‍ ഇംഗ്ലീഷ്‌ താരത്തിനായിട്ടില്ല.
വിജയം ഫ്രെഡ്ഡിക്ക്‌
പോര്‍ട്ട്‌ എലിസബത്ത്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുഖാമുഖം വന്നപ്പോള്‍ മല്‍സരത്തിന്റെ ആവേശത്തിലേക്ക്‌ കാതോര്‍ത്തവരില്‍ ഇംഗ്ലീഷുകാരായിരുന്നു കൂടുതല്‍. ഇംഗ്ലീഷ്‌ ക്രിക്കറ്റിലെ രണ്ട്‌ സൂപ്പര്‍താരങ്ങള്‍ പരസ്‌പരം മല്‍സരിക്കുമ്പോള്‍ അവരില്‍ ആര്‌ ജയിക്കുമെന്നതായിരുന്നു ഇംഗ്ലീഷുകാര്‍ ആകാംക്ഷയോടെ നോക്കിയത്‌. സെന്റ്‌്‌ ജോര്‍ജ്ജ്‌ പാര്‍ക്കില്‍ നടന്ന മല്‍സരത്തില്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ കൂട്ടുകാരനായ കെവിന്‍ പീറ്റേഴ്‌സണെ പരാജയപ്പെടുത്തിയപ്പോള്‍ അത്‌ കഥയിലെ ക്ലൈമാക്‌സായി.
92 റണ്‍സിനാണ്‌ മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ പീറ്റേഴ്‌സന്റെ റോയല്‍ ചാലഞ്ചേഴ്‌സിനെ കീഴടക്കിയത്‌. ചെന്നൈക്ക്‌ വേണ്ടി ബാറ്റ്‌ ചെയ്‌ത ഫ്‌ളിന്റോഫ്‌ 13 പന്തില്‍ നിന്ന്‌ 22 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ബൗളറെന്ന നിലയില്‍ ബാംഗ്ലൂരിന്റെ പ്രതീക്ഷയായ രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ പീറ്റേഴ്‌സണ്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. പക്ഷേ തന്റെ സ്‌പിന്നിലൂടെ ചെന്നൈ ഓപ്പണര്‍ പാര്‍ത്ഥീവ്‌ പട്ടേലിനെ പുറത്താക്കുന്നതിലും മാത്യൂ ഹെയ്‌ഡനെ റണ്ണൗട്ടാക്കുന്നതിലും നായകന്‍ വിജയിച്ചു.
പതിവ്‌ പോലെ ദയാദാക്ഷിണ്യമില്ലാതെയാണ്‌ ഫ്‌ളിന്റോഫ്‌ ബാറ്റേന്തിയത്‌. ബാറ്റിംഗ്‌ അനായാസതയില്‍ അദ്ദേഹം മൂന്ന്‌ ബൗണ്ടറികള്‍ പായിച്ചു. സ്വന്തം ഊഴമായപ്പോള്‍ പീറ്റേഴ്‌സണ്‍ സമ്മര്‍ദ്ദത്തിലായിരുന്നു. ശ്രീലങ്കന്‍ മാജിക്‌ ഓഫ്‌ സ്‌പിന്നര്‍ മുത്തയ്യ മുരളിധരന്റെ ആദ്യ പന്തില്‍ തന്നെ പീറ്റ്‌ പുറത്തായപ്പോള്‍ ചെന്നൈക്കാര്‍ക്ക്‌ അതില്‍പ്പരം സന്തോഷമുണ്ടായിരുന്നില്ല.
ചിരിച്ചും കരഞ്ഞും....
ഡര്‍ബന്‍: ഈ ഷാറൂഖ്‌ ഖാനും പ്രീതി സിന്റക്കുമൊന്നും ബോളിവുഡില്‍ ജോലിയില്ലേ...? ഇന്ത്യന്‍ സിനിമയിലെ വലിയ നക്ഷത്രങ്ങള്‍ ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്‌. ഐ.പി.എല്‍ സീസണ്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ സ്വന്തം ടീമുകളുമായി ആഫ്രിക്കയിലെത്തിയ സൂപ്പറുകള്‍ ഇന്നലെ കിംഗ്‌സ്‌ മീഡില്‍ അതിസമ്മര്‍ദ്ദത്തില്‍ കളി കാണാനുണ്ടായിരുന്നു. സ്വ്‌ന്തം ടീമായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്റെ കുപ്പായമണിയാതെ പതിവ്‌ ശൈലിയിലുളള സ്ലീവ്‌ ലെസ്‌ ടീ ഷര്‍ട്ടുമായി ടീമിനൊപ്പമായിരുന്നു ഷാറൂഖ്‌. പ്രിതീയാവട്ടെ പഞ്ചാബ്‌ കിംഗ്‌സിന്റെ കുപ്പായം തന്നെയാണിട്ടത്‌.
പഞ്ചാബ്‌ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ പ്രീതിക്ക്‌ ആഹ്ലാദനിമിഷങ്ങളായിരുന്നു. ഇര്‍ഫാന്‍ പത്താന്‍ കത്തിക്കയറിയപ്പോള്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും ആര്‍ത്തുവിളിക്കുകയായിരുന്നു പ്രീതി... ഇര്‍ഫാന്റെ സിക്‌സര്‍ പ്രകടനത്തില്‍ പക്ഷേ ഷാറൂഖ്‌ തലതാഴ്‌ത്തി ഇരിപ്പായിരുന്നു. ഞെട്ടിക്കുന്ന ഷോട്ടുകള്‍ പായിച്ച ഇര്‍ഫാന്‍ സൗരവ്‌ ഗാംഗുലിയുടെ പന്തില്‍ ബൗണ്ടറി ലൈനില്‍ മുരളി കാര്‍ത്തിക്‌ പിടിച്ചപ്പോഴായിരുന്നു സൂപ്പര്‍ താര ആക്ഷന്‍ പാരമ്യതയിലെത്തിയത്‌. പ്രീതി നഖം കടിച്ച്‌ ഷിറ്റ്‌ പറഞ്ഞപ്പോള്‍ ഷാറൂഖ്‌ ആര്‍ത്തുവിളിക്കുകയായിരുന്നു.
ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ സൗരവിനാവട്ടെ ആ വിക്കറ്റ്‌ വലിയ ആശ്വാസമായിരുന്നു. അതേ ഓവറില്‍ രവി ബോപ്പാരയെയും സൗരവ്‌ പുറത്താക്കിയപ്പോള്‍ പ്രീതി മുഖം താഴ്‌ത്തി. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ പ്രീതി ടീമിനൊപ്പം തന്നെയുണ്ടായിരുന്നു. എല്ലാ താരങ്ങള്‍ക്കും മുത്തം നല്‍കുന്നതിലായിരുന്നു ഗ്ലാമര്‍ താരത്തിന്റെ മല്‍സരം. സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനാണ്‌ ഷാറുഖ്‌ ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരുന്നത്‌.
കൊല്‍ക്കത്തക്കാര്‍ ബാറ്റ്‌ ചെയ്യാനെത്തിയപ്പോള്‍ ഷാറൂഖിനായിരുന്നു ആഘോഷ വേള. ക്രിസ്‌ ഗെയില്‍ കൂറ്റനടികളുമായി കളം നിറഞ്ഞപ്പോള്‍ പ്രീതിയെ കാണാനുണ്ടായിരുന്നില്ല. പഞ്ചാബ്‌ സീമറായ യൂസഫ്‌ അബ്ദുള്ളയുടെ പന്തില്‍ ക്രിസ്‌ ഗെയില്‍ നല്‍കിയ അവസരം ഫീല്‍ഡര്‍ പാഴാക്കിയതും പ്രീതിയുടെ സംഘത്തിന്‌ ആഘാതമായി. ബ്രെന്‍ഡന്‍ മക്കലം പുറത്തായ വേളയില്‍ ചിരിച്ചുകണ്ട പ്രീതി വീണ്ടും മുങ്ങാന്‍ നിര്‍ബന്ധിതയായിരുന്നു. അത്ര മാത്രമായിരുന്നു ഗെയില്‍ ഷോക്ക്‌. കാര്‍മേഘങ്ങള്‍ ഏത്‌ സമയവും വിരിയുമെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ ഗെയില്‍ കളിച്ചത്‌. ഗെയില്‍ ഷോക്കില്‍ കൊല്‍ക്കത്തക്കാര്‍ മെച്ചപ്പെട്ട റണ്‍സ്‌ ശരാശരി നേടിയപ്പോള്‍ ഷാറൂഖ്‌ ചിരിക്കുകയായിരുന്നു. മല്‍സരത്തില്‍ കൊല്‍ക്കത്തയെ വിജയികളായി പ്രഖ്യാപിച്ചതിന്‌ ശേഷം മന്ദിര ബേദിയുമായി സംസാരിച്ച കിംഗ്‌ ഖാന്‍ തന്റെ ടീം ഇനിയും ബഹുദൂരം മുന്നേറുമെന്നാണ്‌ പറഞ്ഞത്‌.

മന്ദിരം
കേപ്‌ടൗണ്‍: നടിയും അവതാരികയുമായ മന്ദിരാ ബേദി പുതിയ രൂപത്തില്‍...! ഡി.എല്‍.എഫ്‌ ഐ.പി.എല്‍ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിന്റെ വേറിട്ട മുഖമാണ്‌ മന്ദിര. ഏറ്റവും ചെറിയ വസ്‌ത്രത്തില്‍ എങ്ങനെ കളി പറയാമെനന്‌ തെളിയിച്ച മന്ദിര 2003 ല്‍ ദക്ഷിമാഫഅരിക്കയില്‍ നടന്ന ലോകകപ്പോട്‌ കൂടിയാണ്‌ കലി പറയിലിന്‌ ഗ്‌ാലമര്‍ മുഖവുമായി വന്നത്‌. ഐ.പി.എല്‌ിന്‍രെ ആദ്യപതിപ്പില്‍ എക്‌സ്‌ട്രാ ഇന്നിംഗ്‌സുമായി വാണ സുന്ദരി ഇത്തവണ വന്നിരിക്കുന്നത്‌ പുത്തന്‍ ഹെയര്‍ സ്റ്റൈലുമായാണ്‌. വസ്‌ത്രത്തിലും വലി.യ മാറ്റമുണ്ട്‌. ശാന്തി എന്ന ടെലിവിഷന്‍ രമ്പരയിലൂടെ വന്ന ന്ദിര വളരെ പെട്ടെന്നാണ്‌ ഗ്ലാമര്‍ ലോകത്തെ താരമായത്‌. എന്തിനും മടിക്കാത്ത നയത്തില്‍ ഉയരങ്ങളിലെത്താന്‍ പ്രയാസവുമുണ്ടായില്ല. ഐ.പി.എല്‍ ക്രിക്കറ്റില്‍ മന്ദിരയെ്‌കാള്‍ വസ്‌ത്ര വിരോധികളാ.യി ചീയര്‍ ഗേള്‍സ്‌ വന്ന്‌പോള്‌ അതിന്‍രെ ക്ഷീണം തീര്‍ക്കാനാണത്രെ പുതിയ ഹെയര്‍ സ്റ്റൈലില്‍ മന്ദിര പ്രത്യക്ഷപ്പെട്ടത്‌.

ബഡാ ഗ്ലാമര്‍ ഹേ.....!
ഡര്‍ബന്‍: ഐ.പി.എല്‍ മല്‍സരങ്ങളുടെ ടിക്കറ്റ്‌ ശരവേഗതയിലാണ്‌ ദക്ഷിണാഫ്രിക്കന്‍ വേദികളില്‍ വിറ്റഴിയുന്നത്‌. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പും സുരക്ഷാ പ്രശ്‌നങ്ങളും കാരണം വിദേശത്തേക്ക്‌ ചുവടുവെച്ച ക്രിക്കറ്റ്‌ കാര്‍ണിവലിനെ ദക്ഷിണാഫ്രിക്കന്‍ ജനത ഏത്‌ വിധത്തില്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന ചെയര്‍മാന്‍ ലളിത്‌ മോഡി ഇപ്പോള്‍ ആവേശത്തിലാണ്‌. ഇന്ത്യന്‍ വംശജരും ദക്ഷിണാഫ്രിക്കക്കാരും വിദേശികളുമെല്ലാം കളി കാണാന്‍ കുടുംബസമേതം ഒഴുകിയെത്തുന്നു. ഒറ്റയടിക്ക്‌ പല കാര്യങ്ങളാണ്‌ കാണികള്‍ ലക്ഷ്യമാക്കുന്നത്‌. അതിവേഗ ക്രിക്കറ്റിന്റെ ആവേശം നുകരാം.അതിനൊപ്പം പ്രിയപ്പെട്ട താരങ്ങളെ കാണാം. തീര്‍ന്നില്ല ടീമുകളെ അനുഗമിക്കുന്ന സിനിമാ സുന്ദരീ സുന്ദരന്മാരെയും കാണാം.
ബോളിവുഡ്‌ ഒന്നടങ്കം ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലാണ്‌. കിംഗ്‌ ഖാന്‍ എന്ന ഷാറൂഖ്‌ ഒരാഴ്‌ച്ചയിലധികമായി ഇവിടെയുണ്ട്‌. സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനൊപ്പമാണ്‌ അദ്ദേഹം. കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ ഉടമ പ്രീതി സിന്റയും ഇവിടെ തന്നെ തമ്പടിക്കുന്നു. ഏപ്രില്‍ 27 വരെ ഷാറുഖ്‌ ടീമിനൊപ്പമുണ്ടാവും. മറ്റൊരു ഗ്ലാമര്‍ താരമായ ശില്‍പ്പാ ഷെട്ടി തന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്‌. നിലവിലെ ജേതാക്കളായ റോയല്‍സ്‌ ആദ്യ മല്‍സരത്തില്‍ തകര്‍ന്നു തരിപ്പണമായതിന്റെ നിരാശയുണ്ട്‌ ശില്‍പ്പക്ക്‌. ഇന്നലെ മുംബൈക്കെതിരായ മല്‍സരത്തില്‍ സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ അക്ഷയ്‌കുമാറും നഗരം ചുറ്റുന്നുണ്ട്‌. മുംബൈ ഇന്ത്യന്‍സിനെ പിന്തുണക്കാന്‍ റിതിക്‌ റോഷനും വരുന്നുണ്ട്‌. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ അംബാസിഡറായി കത്രീന കൈഫുമുണ്ട്‌.
ഇന്ത്യന്‍ ഗ്ലാമര്‍ താരങ്ങള്‍ മാത്രമല്ല വിദേശികളും മല്‍സരങ്ങള്‍ക്ക്‌്‌ എരിവും പുളിയും നല്‍കാന്‍ രംഗത്തുണ്ട്‌. ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌്‌സ്‌ ടീമിന്റെ നായകന്‍ കെവിന്‍ പീറ്റേഴ്‌സന്റെ ഭാര്യ പ്രശസ്‌ത മോഡല്‍ ജെസികാ ടെയ്‌ലറും മല്‍സര വേദികളിലുണ്ട്‌. ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായ ആന്‍ഡ്ര്യൂ സൈമണ്ട്‌്‌സിന്റെ കാമുകി കാതി ജോണ്‍സണും ഇവിടെയുണ്ട്‌.
ജോഹന്നാസ്‌ബര്‍ഗ്ഗിലും ഡര്‍ബനിലും പോര്‍ട്ട്‌ എലിസബത്തിലും കിംബര്‍ലിയിലുമാണ്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടക്കുന്നത്‌. ഇവിടങ്ങളിലെ ഹോട്ടല്‍ മുറികളെല്ലാം നേരത്തെ ബുക്‌ ചെയ്യപ്പെട്ടിരിക്കയാണ്‌.


ഗെയില്‍ ഷോ
ഡര്‍ബന്‍: മഴ വീണ്ടും പഞ്ചാബിനെ ചതിച്ചു..... ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ മഴയില്‍ അപൂര്‍ണ്ണമായ മല്‍സരത്തിലെ തോല്‍വിക്ക്‌ പിറകെ ഇന്നലെയും യുവരാജ്‌ സിംഗിന്റെ ടീമിന്‌ മഴക്ക്‌ മുന്നില്‍ തലകുനിക്കേണ്ടി വന്നു. ആറ്‌ വിക്കറ്റിന്‌ 158 റണ്‍സുമായി ശക്തമായ മല്‍സരം ഉറപ്പാക്കിയ പഞ്ചാബിന്‌ കനത്ത മറുപടി നല്‍കുന്നതില്‍ ക്രിസ്‌ ഗെയിലും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും വിജയിച്ചപ്പോള്‍ എത്തിയ മഴയാണ്‌ രസംകൊല്ലിയായത്‌. ഡെക്‌വര്‍ത്ത്‌ ലൂയിസ്‌ നിയമം നടപ്പിലാക്കിയപ്പോള്‍ ഗെയിലിന്റെ വെടിക്കെട്ട്‌ നല്‍കിയ മികച്ച റണ്‍റേറ്റ്‌ കാര്യങ്ങള്‍ കൊല്‍ക്കത്തക്ക്‌ അനുകൂലമാക്കി.
11 റണ്‍സിനാണ്‌ കൊല്‍ക്കത്തക്കാരെ വിജയികളായി പ്രഖ്യാപിച്ചത്‌. 44 റണ്‍സ്‌ വാരിക്കൂട്ടിയ ക്രിസ്‌ ഗെയിലാണ്‌ കളിയിലെ കേമന്‍. ഡല്‍ഹിക്കെതിരായ ആദ്യ മല്‍സരത്തിലും മഴയിലും ഒറ്റയാള്‍ പ്രകടനത്തിലും പഞ്ചാബ്‌ തളര്‍ന്നിരുന്നു. അന്ന്‌ വിരേന്ദര്‍ സേവാഗാണ്‌ അടിച്ചുതകര്‍ത്തതെങ്കില്‍ ഇന്നലെ ഗെയിലിന്റെ ഊഴമായിരുന്നുവെന്ന്‌ മാത്രം.
ആദ്യം ബാറ്റ്‌ ചെയ്‌ത കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌, നായകന്‍ യുവരാജ്‌ സിംഗ്‌, ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍, മഹേല ജയവര്‍ദ്ധനെ എന്നിവരുടെ മികവിലാണ്‌ ഭേദപ്പെട്ട സ്‌ക്കോര്‍ സമ്പാദിച്ചത്‌. മൂന്നാം നമ്പറില്‍ ബാറ്റ്‌ ചെയ്‌ത ഇര്‍ഫാന്‍ 17 പന്തില്‍ 32 റണ്‍സ്‌ നേടി. പിഞ്ച്‌്‌ഹിറ്ററുടെ റോളിലെത്തിയ ഇര്‍ഫാന്‍ ഇന്ത്യന്‍ ടീമിലെ സഹതാരം ഇഷാന്ത്‌ ശര്‍മ്മയെയാണ്‌ കാര്യമായി കശക്കിയത്‌. ഓപ്പണര്‍ കരണ്‍ ഗോയലിന്റെ (0) വിക്കറ്റ്‌ തുടക്കത്തില്‍ തന്നെ പഞ്ചാബ്‌ ടീമിന്‌ നഷ്ടമായിരുന്നു. ടോസ്‌ നേടിയത്‌ കൊല്‍ക്കത്ത നായകന്‍ ബ്രെന്‍ഡന്‍ മക്കലമായിരുന്നു. മൂടി കെട്ടിയ സാഹചര്യങ്ങള്‍ മനസ്സിലാക്കി അദ്ദേഹം പഞ്ചാബിനെ ബാറ്റിംഗിന്‌ അയക്കുകയായിരുന്നു.
പുതിയ പന്തുമായി ആദ്യ ഓവര്‍ എറിഞ്ഞ ഇഷാന്ത്‌ ശര്‍മ്മ ഒരു റണ്‍ മാത്രമാണ്‌ നല്‍കിയത്‌. രണ്ടാം ഓവറില്‍ അദ്ദേഹം കരണിനെ പുറത്താക്കുകയും ചെയ്‌തു. പകരം വന്ന ഇര്‍ഫാന്‍ അതേ ഓവറില്‍ ഇഷാന്തിന്റെ പന്ത്‌ സിക്‌സറിന്‌ പറത്തിയാണ്‌ ആഘോമാരംഭിച്ചത്‌. നേരിട്ട ആദ്യ പന്ത്‌ തന്നെ അതിര്‍ത്തി കടത്തിയതിന്‌ ശേഷമായിരുന്നു ഈ സിക്‌സര്‍ പ്രകടനം. ഇഷാന്തിന്റെ നാലാം ഓവറില്‍ രണ്ട്‌ ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച ഇര്‍ഫാന്‍ പക്ഷേ സൗരവ്‌ ഗാംഗുലി പന്തെടുത്തപ്പോള്‍ പുറത്തായി. ആദ്യ മല്‍സരത്തില്‍ നിരാശപ്പെടുത്തിയ സൗരവിന്റെ സ്ലോ ബോള്‍ ഉയര്‍ത്തിയടിച്ച ഇര്‍ഫാനെ ബൗണ്ടറി ലൈനില്‍ വെച്ച്‌ മുരളി കാര്‍ത്തിക്കാണ്‌ പിടികൂടിയത്‌. അതേ ഓവറില്‍ സൗരവ്‌ ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്‍ രവി ബോപ്പാരയെയും വീഴ്‌ത്തി. രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലംപതിച്ചത്‌ പഞ്ചാബിന്റെ സ്‌ക്കോറിംഗിനെ ബാധിച്ചു. പുതിയ ബാറ്റ്‌സ്‌മാന്മാരായ കുമാര്‍ സങ്കക്കാരയും യുവരാജ്‌ സിംഗും നിലയുറപ്പിച്ചപ്പോള്‍ മാത്രമാണ്‌ സ്‌ക്കോര്‍നിരക്ക്‌ വീണ്ടും ഉയര്‍ന്നത്‌.
ലങ്കയുടെ മുന്‍ നായകനായ മഹേല ജയവര്‍ദ്ധനെ 19 പന്തില്‍ നിന്ന്‌ പുറത്താവാതെ നേടിയ 31 റണ്‍സാണ്‌ പഞ്ചാബിന്റെ സ്‌ക്കോര്‍ 150 കടത്തിയത്‌.
മറുപടിയില്‍ നായകന്‍ ബ്രെന്‍ഡന്‍ മക്കലവും വിന്‍ഡീസ്‌ നായകനായ ക്രിസ്‌ ഗെയിലും തകര്‍പ്പന്‍ തുടക്കമാണ്‌ കൊല്‍ക്കത്തക്കാര്‍ക്ക്‌ നല്‍കിയത്‌. പഞ്ചാബ്‌ ബൗളര്‍മാരെ കശക്കിയ ഗെയിലായിരുന്നു പ്രഹര ശേഷിയില്‍ ഒന്നാമന്‍. തലങ്ങും വിലങ്ങും പന്തിനെ പായിച്ച ഗെയിലിന്‌ മക്കലം ഉറച്ച പിന്തുണ നല്‍കി. 21 റണ്‍സില്‍ നായകന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ബ്രാഡ്‌ ഹോഡ്‌ജ്‌ പത്ത്‌ റണ്‍സ്‌ നേടി. അതിനിടെയാണ്‌ മഴയെത്തിയതും കളി മുടങ്ങിയതും.

മഴ വീണ്ടും
കേപ്‌ടൗണ്‍: ഐ.പി.എല്‍ ക്രിക്കറ്റില്‍ ഇന്നലെ നടക്കേണ്ട രണ്ടാം മല്‍സരം മഴ കാരണം തടസപ്പെട്ടു. നിലവിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലായിരുന്നു മല്‍സരം. ന്യൂലാന്‍ഡ്‌സില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തിനിടെയും മഴ പെയ്‌തിരുന്നു. അവസാനം ഡെക്‌വര്‍ത്ത്‌്‌ ലൂയിസ്‌ നിയമയ പ്രകാരമാണ്‌ ഈ മല്‍സരത്തില്‍ ജേതാക്കളെ നിശ്ചയിച്ചത്‌.
മാഞ്ചസ്റ്ററിന്‌ വെല്ലുവിളി
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ മുന്നില്‍ ഇന്ന്‌ പോര്‍ട്‌സ്‌മൗത്തിന്റെ വെല്ലുവിളി. ലിവര്‍പൂളും ചെല്‍സിയും കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ്‌ റെഡ്‌സിന്റെ നിര്‍ണ്ണായക അങ്കം. ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ചെല്‍സി എവര്‍ട്ടിനെയും നേരിടുന്നുണ്ട്‌.