Friday, April 24, 2009

THE GREAT YUSUF

കപ്പും കപ്പും
ലണ്ടന്‍: യൂറോപ്പില്‍ ടീമുകള്‍ കപ്പിനും ചുണ്ടിനുമിടയിലാണ്‌.....പോരാട്ടത്തിന്റെ രണ്ട്‌ ദിവസങ്ങള്‍ സമാഗതമാവുമ്പോള്‍ ഇംഗ്ലണ്ടില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ഇറ്റലിയില്‍ ഇന്റര്‍ മിലാനും ഏറെക്കുറെ ചാമ്പ്യന്‍പ്പട്ടം ഉറപ്പിച്ചിട്ടുണ്ട്‌. ഫ്രാന്‍സിലും ജര്‍മനിയിലും ചിത്രം മാറുമ്പോള്‍ സ്‌പെയിനില്‍ മുന്‍നിരക്കാരായ ബാര്‍സിലോണയും റയല്‍ മാഡ്രിഡും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്‌. വിവിധ ലീഗുകളിലൂടെ:
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പതിനെട്ടാം തവണയും രാജ്യത്തെ ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ക്ലബാവാനുള്ള ഒരുക്കത്തിലാണ്‌. തല്‍ക്കാലം അവരെ തടയാന്‍ ആര്‍ക്കും കഴിയില്ല. തൊട്ടരികിലുളള എതിരാളി ലിവര്‍പൂളിനേക്കാല്‍ വ്യക്തമായ മൂന്ന്‌ പോയന്റ്‌ ലീഡ്‌ മാഞ്ചസ്‌റ്ററിനുണ്ട്‌. ഇത്‌ കൂടാതെ ഒരു മല്‍സരം കുറച്ച്‌ കളിച്ചതിന്റെ ആനുകൂല്യവുമുണ്ട്‌. ഇന്നാണ്‌ മാഞ്ചസ്‌റ്റര്‍ മുപ്പത്തിമൂന്നാമത്‌ മല്‍സരം കളിക്കുന്നത്‌. പ്രതിയോഗികള്‍ ഒമ്പതാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം. കഴിഞ്ഞ പതിനാറ്‌ മല്‍സരങ്ങളില്‍ പതാനിലാലും വിജയം വരിച്ച അലക്‌സ്‌ ഫെര്‍ഗൂസന്റെ സംഘം ഇന്നും ജയിച്ചാല്‍ ചാമ്പ്യന്‍പ്പട്ടം ഉറപ്പിക്കാനാവും. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ഹള്‍ സിറ്റിയെയും മൂന്നാം സ്ഥാനക്കാരായ ചെല്‍സി വെസ്റ്റ്‌ഹാം യുനൈറ്റഡിനെയും നേരിടും. ലിവര്‍പൂളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആന്ദ്രെ അര്‍ഷവിന്‍ എന്ന റഷ്യന്‍ സ്‌ട്രൈക്കറുടെ മികവില്‍ 4-4 സമനില സ്വന്തമാക്കിയ ആഴ്‌സനല്‍ മിഡില്‍സ്‌ബോറോയെയാണ്‌ നേരിടുന്നത്‌.
സ്‌പാനിഷ്‌ ലീഗ്‌: ബാര്‍സിലോണ വ്യക്തമായ ആറ്‌ പോയന്റിന്റെ അകലവുമായി സ്‌പെയിനില്‍ ഒന്നാം സ്ഥാനത്ത്‌ കുതിക്കുകയാണ്‌. രണ്ടാമതുളള റയല്‍ മാഡ്രിഡിനാവട്ടെ ഈയാഴ്‌ച്ചത്തെ എതിരാളികള്‍ ശക്തരായ സെവിയെയാണ്‌. ഈ മല്‍സരഫലം സ്‌പാനിഷ്‌ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കും. ബാര്‍സിലോണയുടെ എതിരാളികള്‍ വലന്‍സിയയാണ്‌. യുവേഫ കപ്പിലേക്ക്‌ നോട്ടമിട്ടിരിക്കുന്നവരായ മലാഗയും ഡിപ്പോര്‍ട്ടീവോയും ഇന്ന്‌ കൊമ്പ്‌ കോര്‍ക്കുന്നുണ്ട്‌.
ഇറ്റാലിയന്‍ ലീഗ്‌: ചാമ്പ്യന്‍ഷിപ്പില്‍ ആറ്‌ റൗണ്ട്‌ പോരാട്ടങ്ങള്‍ കൂടി അവശേഷിക്കവെ പത്ത്‌ പോയന്റിന്റെ ലീഡുളള ഇന്റര്‍ മിലാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ തൊട്ടരികിലുളള എതിരാളികള്‍ക്കും പോലും സംശയമില്ല. രണ്ടും മൂന്നൂം സ്ഥാനങ്ങളിലുള്ള ഏ.സി മിലാനും യുവന്തസും അടുത്ത സീസണിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ബെര്‍ത്തില്‍ മാത്രമാണ്‌ നോട്ടം. ഇന്റര്‍ നേപ്പിള്‍സിനെയും ഏ.സി മിലാന്‍ പലെര്‍മോയെയും യുവന്തസ്‌ റെജീനയെയുമാണ്‌ ഈയാഴ്‌ച്ച നേരിടുന്നത്‌.
ഫ്രഞ്ച്‌ ലീഗ്‌: ലിയോണിന്‌ ഇത്തവണ ഫ്രഞ്ച്‌ കിരീടം ഉയര്‍ത്താനാവുന്ന കാര്യം സംശയത്തിലാണ്‌. മാര്‍സലിയാണ്‌ നിലവില്‍ മുന്നില്‍.
ജര്‍മന്‍ ലീഗ്‌: ഇന്ന്‌ നടക്കുന്ന ബയേണ്‍ മ്യൂണിച്ച്‌ -ഷാല്‍ക്കെ മല്‍സരത്തിലേക്കാണ്‌ ആരാധകരുടെ നോട്ടം. പക്ഷേ കപ്പിലേക്ക്‌ നോട്ടമിട്ട്‌ കുതിക്കുന്നത്‌ വോള്‍ഫ്‌ബര്‍ഗ്ഗാണ്‌. പതിനൊന്ന്‌ മല്‍സരങ്ങള്‍
കൂടി അവശേഷിക്കുന്ന ലീഗിലിപ്പോള്‍ മൂന്ന്‌ പോയന്റിന്റെ ലീഡാണ്‌ വോള്‍ഫ്‌ബര്‍ഗ്ഗിനുളളത്‌.

യൂസഫും കമറാനും
കേപ്‌ടൗണ്‍: സൂപ്പര്‍ ഓവറിലേക്ക്‌ ദീര്‍ഘിച്ച ഐ.പി.എല്‍ രണ്ടാം സീസണിലെ ഏറ്റവും ആവേശകരമായ മല്‍സരത്തില്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ വിജയം കരസ്ഥമാക്കിയപ്പോള്‍ ലോകത്തോളം ഉയര്‍ന്നുനിന്നത്‌ രണ്ട്‌ യുവതാരങ്ങള്‍... 23 കാരനായ യൂസഫ്‌ പത്താനും 18 കാരനായ കമറാന്‍ ഖാനും. ന്യൂലാന്‍ഡ്‌്‌സില്‍ ആവേശം വാരിവിതറിയ അങ്കത്തില്‍ യൂസഫിന്റെ വെടിക്കെട്ട്‌ ബാറ്റിംഗും കമറാന്റെ അടിപൊളി ബൗളിംഗും റോയല്‍സിനെ രാജാക്കന്മാരാക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ സംഘത്തിന്റെ ഉടമ ഷാറൂഖ്‌ ഖാനും ടീമിന്റെ നട്ടെല്ലുകളായ സൗരവ്‌ ഗാംഗുലിക്കും ബ്രെന്‍ഡന്‍ മക്കലത്തിനും ജോണ്‍ ബുക്കാനുമെല്ലാം തലയില്‍ കൈവെക്കാന്‍ മാത്രമായിരുന്നു യോഗം. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്ഥാന്‍ റോയല്‍സ്‌ യൂസഫിന്റെ (42) വെടിക്കെട്ടില്‍ ആറ്‌ വിക്കറ്റിന്‌ 150 റണ്‍സാണ്‌ നേടിയത്‌. മറുപടിയില്‍ ക്രിസ്‌ ഗെയിലിന്റെ മിന്നല്‍ പ്രകടനത്തിലും (41), സൗരവ്‌ ഗാംഗുലിയുടെ പക്വതയിലും (46) കൊല്‍ക്കത്തക്കാര്‍ വിജയത്തിന്‌ അരികിലെത്തിയിരുന്നു. കമറാന്‍ഖാന്‍ എന്ന യു.പിക്കാരനായ പൊടിപയ്യന്‍സ്‌ എറിഞ്ഞ അവസാന ഓവറില്‍ ഏഴ്‌ റണ്‍സ്‌ മാത്രമായിരുന്നു കൊല്‍ക്കത്തക്കാരുടെ വിജയലക്ഷ്യം. പക്ഷേ സൗരവിന്റെതുള്‍പ്പെടെ രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ കമറാന്‍ മല്‍സരം ടൈയിലാക്കി. തുടര്‍ന്നായിരുന്നു സൂപ്പര്‍ ഓവര്‍ പ്രകടനം.
ആദ്യം ബാറ്റ്‌ ചെയ്യാന്‍ വന്ന കൊല്‍ക്കത്തക്കാര്‍ക്കായി ക്രിസ്‌ ഗെയിലും ബ്രെന്‍ഡന്‍ മക്കലവും ചേര്‍ന്ന്‌ ആറ്‌ പന്തില്‍ 15 റണ്‍സ്‌ നേടി. കമറാനായിരുന്നു ബൗളര്‍. ഗെയില്‍ തുടര്‍ച്ചയായി മൂന്ന്‌ പന്തുകള്‍ അതിര്‍ത്തി കടത്തി അവസാന പന്തില്‍ പുറത്തായി. വിജയലക്ഷ്യമായ പതിനാറിലേക്ക്‌ ബാറ്റേന്താന്‍ റോയല്‍സ്‌ നിയോഗിച്ചത്‌ യൂസഫിനെയും രവീന്ദു ജഡേജയെയും. കൊല്‍ക്കത്തക്കാര്‍ പന്ത്‌ നല്‍കിയ ലങ്കന്‍ സപിന്നര്‍ അജാന്ത മെന്‍ഡിസിനെ തുടക്കത്തില്‍ തന്നെ യൂസഫ്‌ ഗ്യാലറിയിലെത്തിച്ചു. രണ്ടാം പന്തില്‍ ക്യാച്ചില്‍ നിന്നും രക്ഷപ്പെട്ട യൂസഫ്‌്‌ രണ്ട്‌ റണ്‍ നേടി. മൂന്നാം പന്തും ഗ്യാലറിയില്‍. നാലാം പന്തിനെ യൂസഫ്‌ അതിര്‍ത്തി കടത്തിയപ്പോള്‍ മാസ്‌മരിക വിജയവുമായി റോയല്‍സ്‌ ടീം മതിമറക്കുകയായിരുന്നു.
30 പന്തില്‍ നിന്നും 46 റണ്‍സ്‌ നേടിയ സൗരവ്‌ സ്വന്തം ടീമിനെ വിജയത്തിന്‌ അരികില്‍ എത്തിച്ചിരുന്നതാണ്‌. എല്ലാവരും കുറ്റം പറഞ്ഞിട്ടും അത്‌ കാര്യമാക്കാതെ വെടിക്കെട്ട്‌്‌ ബാറ്റിംഗിന്‌ തനിക്ക്‌ ഇപ്പോഴും കഴിയുമെന്ന്‌ തെളിയിച്ച ദാദക്ക്‌ പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ല. മോശം തുടക്കമായിരുന്നു റോയല്‍സിന്‌. 14 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ടീമിനായി യൂസഫാണ്‌ മിന്നിയത്‌. ഇഷാന്ത്‌ ശര്‍മയെ സിക്‌സറിന്‌ പറത്തിയാണ്‌ ബറോഡക്കാരന്‍ തുടങ്ങിയത്‌. അടുത്ത പന്തില്‍ ബൗണ്ടറിയും. അനുരിദ്ധ്‌ സിംഗ്‌ എന്ന പുതിയ സീമറെയും ഗ്യാലറിയിലെത്തിച്ച യൂസഫ്‌ അഗര്‍ക്കറെയും വെറുതെ വിട്ടില്ല. അജാന്തമെന്‍ഡിസ്‌ വന്നപ്പോഴാണ്‌ യൂസഫ്‌ പുറത്തായത്‌. അത്‌ സ്‌ക്കോറിംഗിനെയും ബാധിച്ചു.
ഷെയിന്‍ വോണ്‍ എന്ന നായകന്‍ കൊല്‍ക്കത്തയുടെ അപകടകാരികളായ ഓപ്പണര്‍മാരെ തടയാന്‍ പുതിയ പന്ത്‌ നല്‍കിയത്‌്‌ യൂസഫിന്‌. ക്രിസ്‌ ഗെയിലും മക്കലവും ഇരുവശത്തും നിന്നിട്ടും 12 റണ്‍സ്‌ മാത്രമാണ്‌ ആദ്യ മൂന്ന്‌ ഓവറില്‍ യൂസഫ്‌ നല്‍കിയത്‌.
മാസ്‌മരിക വിജയത്തിന്‌ ക്യാപ്‌റ്റന്‍ ഷെയിന്‍ വോണ്‍ യൂസഫിനും കമറാനുമാണ്‌ മാര്‍ക്ക്‌ നല്‍കിയത്‌. ചാമ്പ്യന്‍ഷിപ്പ്‌്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ തന്നെ തന്റെ തുരുപ്പുചീട്ടായി കമറാനെ വോണ്‍ വിശേഷിപ്പിച്ചിരുന്നു. ഒരു ഫസ്റ്റ്‌ ക്ലാസ്‌ മല്‍സരം പോലും കളിച്ചിട്ടില്ലാത്ത യുവതാരം ഒരു സമ്മര്‍ദ്ദും പ്രകടിപ്പിക്കാതെയാണ്‌ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പന്തെറിഞ്ഞത്‌. മല്‍സരത്തിന്റെ അവസാന ഓവറും സൂപ്പര്‍ ഓവറും കമറാന്‌ നല്‍കി വോണ്‍ പ്രകടിപ്പിച്ച ധൈര്യമാണ്‌ മല്‍സരത്തിന്റെ വഴിത്തിരിവായത്‌. 18 റണ്‍സ്‌ മാത്രം നല്‍കി മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയ കമറാന്‍ ഭാവിയുടെ ഇന്ത്യന്‍ താരമാവുമെന്ന സത്യമാണ്‌ ഐ.പി.എല്‍ തെളിയിക്കുന്നത്‌.

പോയന്റ്‌ ടേബിള്‍
1-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-4
2-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-4
3-മുംബൈ ഇന്ത്യന്‍സ്‌-3
4-രാജസ്ഥാന്‍ റോയല്‍സ്‌-3
5-ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌-2
6-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-2
7-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-2
8- കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-0

ഒന്നാം സ്ഥാനമുറപ്പിക്കാന്‍
ഡര്‍ബന്‍: കളിച്ച രണ്ട്‌ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ ക്ലീന്‍ സ്വീപ്പിനായി ഇന്ന്‌ മുബൈ ഇന്ത്യന്‍സുമായി കളിക്കുമ്പോള്‍ കേപ്‌ടൗണില്‍ നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും മുഖാമുഖം. ആദം ഗില്‍ക്രൈസ്റ്റിന്റെ ചാര്‍ജേഴ്‌സ്‌ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെയും രണ്ടാം മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയുമാണ്‌ പരാജയപ്പെടുത്തിയത്‌. ഗില്‍ക്രൈസ്റ്റ്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, രോഹിത്‌ ശര്‍മ്മ, സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌ തുടങ്ങിയവരടങ്ങുന്ന ബാറ്റിംഗ്‌ നിരയാണ്‌ ചാര്‍ജേഴ്‌സിന്റെ കരുത്ത്‌. പന്തിനെ അനായാസം പ്രഹരിക്കുന്ന ഗില്ലി കഴിഞ്ഞ മല്‍സരത്തില്‍ ശരവേഗതയില്‍ 71 റണ്‍സ്‌ നേടിയിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ നിരയിലും ചാമ്പ്യന്‍ ബാറ്റ്‌സ്‌മാന്മാരുള്ളതിനാല്‍ ഇന്നത്തെ മല്‍സരത്തില്‍ കൂറ്റന്‍ സ്‌ക്കോര്‍ പിറക്കാന്‍ സാധ്യതയുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സംഘത്തില്‍ സനത്‌ ജയസൂര്യ, ജെ.പി ഡുമിനി, അഭിഷേക്‌ നായര്‍, മുഹമ്മദ്‌ അഷറഫുല്‍ തുടങ്ങിയ മികച്ച ബാറ്റ്‌സ്‌മാന്മാരുണ്ട്‌.
ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ദ്ധശതകം സ്വന്തമാക്കിയ സച്ചിന്‍ നല്ല ഫോമിലാണ്‌. സനത്‌ ജയസൂര്യക്ക്‌ ഇത്‌ വരെ പതിവ്‌ സ്‌ഫോടാനാത്മകതയില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ജെ.പി ഡുമിനിക്കും തന്റെ ക്ലാസ്‌ തെളിയിക്കാനുണ്ട്‌.
തപ്പിതടയുന്ന കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ മുന്നില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ വരുമ്പോള്‍ ആ അങ്കത്തിലും തീപ്പാറും. കഴിഞ്ഞ ദിവസം ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്‌ മുന്നില്‍ പതറിയ കൊല്‍ക്കത്തക്കാരുടെ പ്രതീക്ഷയത്രയും ക്രിസ്‌ ഗെയില്‍ എന്ന ഓപ്പണറിലാണ്‌. ക്രീസില്‍ പര്‍വതം കണക്കെ നില്‍ക്കുന്ന ഗെയിലിന്റെ കൂറ്റന്‍ ഷോട്ടുകളും കഴിഞ്ഞ മല്‍സരത്തില്‍ കണ്ടതാണ്‌. നായകന്‍ ബ്രെന്‍ഡന്‍ മക്കലത്തിന്‌ ഇത്‌ വരെ വലിയ ഇന്നിംഗ്‌സ്‌ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. സൗരവ്‌ ഗാംഗുലി കഴിഞ്ഞ മല്‍സരത്തിലെ പ്രകടനത്തിലൂടെ തന്റെ ക്ലാസ്‌ തെളിയിച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ പേര്‍ മാത്രമാണ്‌ ബാറ്റിംഗിലെ വിലാസക്കാര്‍. അതേ സമയം ചെന്നൈ സംഘത്തില്‍ കൂറ്റനടിക്കാരായ മാത്യൂ ഹെയ്‌ഡനും പാര്‍ത്ഥീവ്‌ പട്ടേലും ധോണിയും സുരേഷ്‌ റൈനയുമെല്ലാമുണ്ട്‌.

സര്‍ജറി
കേപ്‌ടൗണ്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഇംഗ്ലീഷ്‌ ദേശീയ ടീമിനും കനത്ത തിരിച്ചടി....വലത്‌ കാല്‍മുട്ടിന്‌ പരുക്കേറ്റ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച ഓള്‍റൗണ്ടര്‍ക്ക്‌ ഐ.പി.എല്‍ മല്‍സരങ്ങളില്‍ മാത്രമല്ല വിന്‍ഡീസിനെതിരായ പരമ്പരയിലും ഇനി കളിക്കാനാവില്ല. അടുത്തയാഴ്‌ച്ച കാല്‍മുട്ടില്‍ കീഹോള്‍ സര്‍ജറിക്ക്‌ വിധേയനാവുന്ന ഫ്രെഡ്ഡി ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ജൂണില്‍ സ്വന്തം നാട്ടില്‍ നടക്കുന്ന 20-20 ലോകകപ്പ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്‌ പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഒരു വര്‍ഷം മുമ്പ്‌ രണ്ട്‌ കാല്‍മുട്ടിലും ശസ്‌ത്രക്രിയ നടത്തിയ ഫ്രെഡ്ഡിക്ക്‌ സമീപകാലത്ത്‌ നിരവധി രാജ്യാന്തര മല്‍സരങ്ങള്‍ പരുക്ക്‌ കാരണം നഷ്ടമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കഴിഞ്ഞ മല്‍സരത്തിനിടെ കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ടതിനെ തുര്‍ന്ന്‌ ടീമിന്റെ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ്‌ കുഴപ്പം കണ്ടെത്തിയത്‌. പരുക്ക്‌ എപ്പോഴും വേട്ടയാടിയിട്ടുള്ള ഓള്‍റൗണ്ടര്‍ക്ക്‌ 20-20 ലോകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഹൃൂഗ്‌ മോറീസ്‌ പ്രതീക്ഷ പ്രകടിപ്പിച്ചത്‌.

പാവം അജാന്ത
കേപ്‌ടൗണ്‍: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മിലുള്ള മല്‍സരം ടൈയില്‍ അവസാനിച്ചപ്പോള്‍ വിജയിയെ നിശ്ചയിക്കാന്‍ സൂപ്പര്‍ ഓവര്‍ പ്രഖ്യാപിച്ചു. റോയല്‍സ്‌ നായകന്‍ ഷെയിന്‍ വോണിന്‌ തെല്ലും സംശയമുണ്ടായിരുന്നില്ല-നിര്‍ണ്ണായക ഓവര്‍ എറിയുന്നത്‌ മറ്റാരുമല്ല, കമറാന്‍ ഖാന്‍ തന്നെ. കൊല്‍ക്കത്താ നായകകന്‍ ബ്രെഡന്‍ മക്കലം ഒന്നാലോചിച്ചു-ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസായിരുന്നു അദ്ദേഹത്തിന്റെ ചോയിസ്‌.
ആദ്യം പന്തെറിഞ്ഞത്‌ കമറാന്‍. അദ്ദേഹത്തെ കൊലവിളിച്ച്‌ ക്രിസ്‌ ഗെയില്‍ 15 റണ്‍സ്‌ നേടി. റോയല്‍സിന്‌ വിജയിക്കാന്‍ 16 റണ്‍സ്‌. കൊല്‍ക്കത്തക്കാരുടെ പ്രതീക്ഷയത്രയും അജാന്തയില്‍. ക്രീസില്‍ യൂസഫ്‌ പത്താന്‍. അജാന്ത എറിഞ്ഞ ആദ്യ നാല്‌ പന്തില്‍ നിന്ന്‌ മാത്രം യൂസഫ്‌ 16 റണ്‍സ്‌ നേടി മല്‍സരം സ്വന്തം ടീമിന്‌ സമ്മാനിച്ചു. യൂസഫിനെ പോലെ ആക്രമണകാരിയായ ഒരു ബാറ്റ്‌സ്‌മാന്‌ മുന്നിലേക്ക്‌ ഒരു സ്‌പിന്നറെ ഇറക്കാന്‍ മക്കലത്തെ പ്രേരിപ്പിച്ചത്‌ മറ്റൊന്നുമായിരുന്നില്ല- നേരത്തെ യൂസഫിനെ അജാന്ത പുറത്താക്കിയിരുന്നു. ആ പ്രതീക്ഷയിലാണ്‌ സ്‌പിന്നര്‍ക്ക്‌ തന്നെ പന്ത്‌ നല്‍കിയത്‌. മല്‍സരത്തിന്‌ ശേഷം നിരാശനായി കാണപ്പെട്ട അജാന്ത പക്ഷേ പ്രതിയോഗിയെ അംഗീകരിച്ചു-യൂസഫ്‌ അപാര താരമാണ്‌....!
സ്‌പിന്‍ മികവ്‌
ദുബായ്‌: ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തിലും കരുത്ത്‌ തെളിയിച്ചത്‌ സ്‌പിന്നര്‍മാര്‍. ആദ്യ മല്‍സരത്തില്‍ നാല്‌ വിക്കറ്റിന്‌ പരാജയപ്പെട്ട ഓസ്‌ട്രേലിയ സ്വന്തം സ്‌പിന്നര്‍മാരെ ഉപയോഗിച്ച്‌ ഇന്നലെ രണ്ടാം മല്‍സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താനെ 207 റണ്‍സില്‍ തളച്ചു. സ്‌പിന്നര്‍മാരായ നതാന്‍ ഹൗറിറ്റ്‌സ്‌ മൂന്നും ഹോപ്‌സ്‌ രണ്ടും സൈമണ്ട്‌സ്‌ രണ്ടും വിക്കറ്റ്‌ സ്വന്തമാക്കിയപ്പോള്‍ പാക്‌ ബാറ്റിംഗ്‌ നിരയില്‍ പൊരുതിയിത്‌ അര്‍ദ്ധശതകം നേടിയ ഓപ്പണര്‍ സല്‍മാന്‍ ഭട്ടും 41 റണ്‍സ്‌ സ്വന്തമാക്കിയ ഷാഹിദ്‌ അഫ്രീദിയും വാലറ്റത്ത്‌ മിന്നല്‍ പ്രകടനം നടത്തിയ ഷുഹൈബ്‌ അക്തറും. 112 പന്തില്‍ നിന്നായിരുന്നു ഭട്ടിന്റെ 57. ആദ്യ മല്‍സരത്തില്‍ ആറ്‌ വിക്കറ്റുമായി ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച അഫ്രീദി 40 പന്തില്‍ 41 റണ്‍സ്‌ നേടി. 14 പന്തില്‍ നാല്‌ ബൗണ്ടറിയും ഒരു സിക്‌സറും പായിച്ച അക്തറാണ്‌ സ്‌ക്കോര്‍ 200 കടത്തിയത്‌.

No comments: