Monday, April 20, 2009

ZIZOO AGAIN

ബ്രേക്ക്‌ വേണ്ട
കേപ്‌ടൗണ്‍: ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി പരസ്യവരുമാനം ലക്ഷ്യമാക്കി നടപ്പാക്കിയ ടൈം ഔട്ട്‌ തീരുമാനം വിമര്‍ശന വിധേയമാവുന്നു. മല്‍സരം പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ ഏഴര മിനുട്ട്‌ ദൈര്‍ഘ്യമുള്ള ടൈം ഔട്ടാണ്‌ ഇത്തവണ മുതല്‍ നടപ്പിലാക്കിയിരിക്കുന്നത്‌. ടെലിവിഷന്‍ പരസ്യക്കാരില്‍ കണ്ണും നട്ടുളള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുളള ഉന്നതര്‍ രംഗത്ത്‌ വന്നിരിക്കുന്നു. കളിയുടെ ഒഴുക്കിനെ ടൈം ഔട്ട്‌ ബാധിക്കുന്നതായാണ്‌ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ സച്ചിന്‍ പരാതിപ്പെടുന്നത്‌. ഇതേ അഭിപ്രായവുമായി മുംബൈ ഇന്ത്യന്‍സിന്റെ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍സിംഗ്‌, ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌ ഓപ്പറേഷന്‍സ്‌ ചീഫ്‌ വി.ബി ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. ഓരോ പത്ത്‌ ഓവറിനിടെയും നല്‍കുന്ന ഏഴര മിനുട്ട്‌ ഇടവേള കാരണം മല്‍സരങ്ങള്‍ മൊത്തം അര മണിക്കൂര്‍ വൈകുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സമ്പാദിക്കാന്‍ കഴിഞ്ഞെങ്കിലും ടൈം ഔട്ട്‌ എന്ന ആശയത്തോട്‌ തനിക്ക്‌ തെല്ലും താല്‍പ്പര്യമില്ലെന്ന്‌ സച്ചിന്‍ പറഞ്ഞു. കളിയുടെ ഗതിയെ അത്‌ ബാധിക്കുന്നുണ്ട്‌. ടൈം ഔട്ട്‌ കാരണമാണ്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ തന്റെ ടീം പരാജയപ്പെട്ടതെന്ന്‌ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്‍ കോച്ച്‌ ടോം മൂഡി കുറ്റപ്പെടുത്തിയിട്ടുണ്ട്‌.
സൂപ്പര്‍
മോണ്ടികാര്‍ലോ: രാജ്യാന്തര ടെന്നിസില്‍ സ്‌പാനിഷ്‌ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ അശ്വമേധം തുടരുന്നു. മോണ്ടികാര്‍ലോ മാസ്‌റ്റേഴ്‌സില്‍ തുടര്‍ച്ചയായി അഞ്ചാം കിരീടം സ്വന്തമാക്കിയ നദാല്‍ ലോക റാങ്കിംഗിലെ തന്റെ ആദ്യസ്ഥാനം നിലനിര്‍ത്തി. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ നദാല്‍ സെര്‍ബിയയില്‍ നിന്നുള്ള നോവാക്‌ ജോകോവിച്ച്‌ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-3, 2-6, 6-1. 22 വയസ്സ്‌ മാത്രം പ്രായമുളള നദാല്‍ മാസ്റ്റേഴ്‌സ്‌ പരമ്പരയില്‍ നേടുന്ന പതിനാലാമത്‌ കിരീടമാണിത്‌. ദീര്‍ഘകാലം ഒന്നാം റാങ്ക്‌ സ്വന്തമാക്കിയിരുന്ന റോജര്‍ ഫെഡ്‌റര്‍ക്ക്‌ ഇതിനകം 14 മാസ്റ്റേഴ്‌സ്‌ കിരീടങ്ങളാണ്‌ സ്വന്തമാക്കിയത്‌. മാസ്റ്റേഴ്‌സ്‌ കിരീടങ്ങള്‍ ഏറ്റവുമധികം തവണ സ്വന്തമാക്കിയത്‌ അമേരിക്കയുടെ മുന്‍ താരം ആന്ദ്രെ അഗാസിയാണ്‌. 17 തവണയാണ്‌ അഗാസി മാസ്റ്റേഴ്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌.

ബലാബലം
ദുബായ്‌: പാക്കിസ്‌താനും ഓസ്‌ട്രേലിയയും തമ്മിലുളള പഞ്ചമല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന്‌ വേദിയാവുന്നതോടെ ദുബായ്‌ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തിന്‌ രാജ്യാന്തര പദവി. നാളെയാണ്‌ മല്‍സരം. പരമ്പരയിലെ രണ്ടാം മല്‍സരവും ഇവിടെയാണ്‌. അവസാന മൂന്ന്‌ മല്‍സരങ്ങള്‍ അബുദാബിയിലെ ഷെയിക്‌ സായിദ്‌ സ്റ്റേഡിയത്തിലാണ്‌. ലാഹോര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്‌ വേദികളില്‍ മല്‍സരങ്ങള്‍ നടക്കില്ലെന്നുറപ്പായതോടെ പാക്കിസ്‌താന്റെ അനൗദ്യോഗിക മല്‍സര വേദി ഇനി മുതല്‍ സ്‌പോര്‍ട്‌സ്‌ സിറ്റി സ്‌റ്റേഡിയമാവാനാണ്‌ സാധ്യതകള്‍. മികച്ച അഭിപ്രായമാണ്‌ സ്റ്റേഡിയത്തെക്കുറിച്ച്‌ പാകകിസ്‌താന്‍ നായന്‍ യൂനസ്‌ഖാന്‍ പറഞ്ഞത്‌.

ഇന്ന്‌ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ അങ്കം
സൂപ്പറുകള്‍ പരുക്കിലാണ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ കരുത്തരുടെ ബലാബലം. റാഫേല്‍ ബെനിറ്റസിന്റെ ലിവര്‍പൂള്‍ ആഴ്‌സന്‍ വെംഗറുടെ ആഴ്‌സനലിനെ എതിരിടുന്നു. ഇന്നത്തെ മല്‍സരം ജയിച്ചാല്‍ പോയന്റ്‌ ടേബിളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ മറികടക്കാന്‍ കഴിയുന്ന ലിവര്‍ സംഘത്തില്‍ നായകന്‍ സ്‌റ്റീവന്‍ ജെറാര്‍ഡ്‌ കളിക്കുന്നില്ല. ഇടുപ്പിലെ വേദന കാരണം പത്ത്‌ ദിവസത്തെ വിശ്രമത്തിലാണ്‌ നായകന്‍. ആഴ്‌സനല്‍ സംഘത്തില്‍ വാന്‍ പര്‍സി, ഇമാനുവല്‍ അബിദേയര്‍ എന്നീ മുന്‍നിരക്കാരുമില്ല.

സിസു തിരക്കിലാണ്‌....
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: സൈനുദ്ദീന്‍ സിദാന്‍ എന്ന ഫുട്‌ബോള്‍ പ്രേമികളുടെ സ്വന്തം സീസു കളിക്കളം വിട്ടിട്ട്‌ വര്‍ഷം രണ്ടാവുന്നു.. 2006 ലെ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസിയുടെ ചതി പ്രയോഗത്തില്‍ ചുവപ്പ്‌ കാര്‍ഡുമായി മടങ്ങിയ സൂപ്പര്‍ താരത്തിന്‌ കളിക്കളം വിട്ടിട്ടും തിരക്കൊഴിയുന്നില്ല. സംസാരത്തില്‍ പുലര്‍ത്തുന്ന മിതത്വം പോലെ പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാറുളള സിസു ഇപ്പോള്‍ സ്‌പെയിനില്‍ സ്ഥിര താമസമാണ്‌. ഇന്നലെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലായിരുന്നു. അടുത്ത വര്‍ഷം ആഫ്രിക്കന്‍ രാജ്യത്തില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ കാണാനെത്തിയ സിസുവിനെ എല്ലായിടത്തും ആരാധകര്‍ പൊതിയുകയാണ്‌. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായാധിക്യമുളളവര്‍ വരെ പ്രിയപ്പെട്ട താരത്തെ ഒരു നോക്ക്‌ കാണാന്‍, ഒന്ന്‌്‌ തൊടാന്‍ മല്‍സരിക്കുമ്പോള്‍ സുരക്ഷാ ഭടന്മാര്‍ക്കാണ്‌ ജോലി കൂടുതല്‍. സണ്‍സിറ്റിയില്‍ സിദാനെത്തിയപ്പോള്‍ അദ്ദേഹത്തെ ഒരുനോക്ക്‌ കാണാനായി തടിച്ചുകൂടിയത്‌ പതിനായിരകണക്കിന്‌ കുട്ടികള്‍. ഒരു ഫൈവ്‌സ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ കാണാനും സമയം കണ്ടെത്തിയ സിസു കുട്ടികളുടെ സ്‌നേഹത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കാനും ഫോട്ടോക്ക്‌ പോസ്‌ ചെയ്യാനും ഓട്ടോഗ്രാഫ്‌ ഒപ്പിടാനുമുളള തിരക്കിലായിരുന്നു. 1998 ല്‍ പാരീസില്‍ വെച്ച്‌ ബ്രസീലിനെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ്‌ ലോകകപ്പ്‌്‌ സ്വന്തമാക്കുമ്പോള്‍ അള്‍ജീരിയന്‍ വംശജനായ സിസുവിന്റെ തലയില്‍ നിന്നും പാഞ്ഞ രണ്ട്‌ ഗോളുകളാണ്‌ ഫ്രാന്‍സിനെ ലോകത്തോളം ഉയര്‍ത്തിയത്‌. ആ ഗോളുകള്‍ക്ക്‌ പിറകെ സോക്കര്‍ ലോകം നെഞ്ചിലേറ്റിയ എത്രയോ ഗോളുകള്‍ക്ക്‌ ജന്മം നല്‍കിയ താരം ദേശീയ ഫുട്‌ബോള്‍ വിട്ടപ്പോള്‍ ഫ്രാന്‍സ്‌ നേരിടുന്ന തിരിച്ചടികള്‍ സോക്കര്‍ ലോകം കാണുന്നുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ പോലും റെയ്‌മോണ്ട്‌്‌ ഡൊമന്‍ച്ചെയുടെ ടീം തപ്പിതടയുകയാണ്‌.
ലോകകപ്പിന്റെ ആവേശത്തിലേക്ക്‌ വരുന്ന ആഫ്രിക്കന്‍ രാജ്യത്തിന്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ സിദാന്‍ ഫിഫ ഡോട്ട്‌ കോമിന്‌ നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌:
ദക്ഷിണാഫ്രിക്ക ഇതാദ്യമായി ലോകകപ്പ്‌ മഹാമാമാങ്കത്തില്‍ ആതിഥ്യമരുളുന്നു. പല മല്‍സരവേദികളും കണ്ട താങ്കള്‍ക്ക്‌ ഇവിടുത്തെ ഒരുക്കങ്ങളെക്കുറിച്ച്‌ എന്താണ്‌ പറയാനുളളത്‌.
ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ്‌ ദക്ഷിണാഫ്രിക്ക. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ഈ രാജ്യത്ത്‌ ലോകകപ്പ്‌ വന്‍ വിജയമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പലര്‍ക്കും ആഫ്രിക്ക അല്‍ഭുത ലോകമാണ്‌. ലോകകപ്പിനെത്തുമ്പോള്‍ മികച്ച ഫുട്‌ബോളിനൊപ്പം ആഫ്രിക്കയെ ആസ്വദിക്കാനും എല്ലാവര്‍ക്കുമാവും.

താങ്കള്‍ ശരിക്കും അള്‍ജീരിയന്‍ വംശജനാണല്ലോ.. ആഫ്രിക്കയുമായി അതിനാല്‍ ബന്ധവുമുണ്ട്‌. ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യത്ത്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ നടക്കാന്‍ പോവുമ്പോള്‍ പ്രതീക്ഷകള്‍ എത്രമാത്രമാണ്‌...
ആഫ്രിക്കയിലേക്ക്‌ ലോകകപ്പ്‌ വരുമ്പോള്‍ ഇതില്‍പ്പരം മറ്റൊരു നേട്ടം ജനങ്ങള്‍ക്കുണ്ടാവില്ല. ആഫ്രിക്കക്ക്‌്‌ ലോകത്തോട്‌ പലതും വിളിച്ചുപറയാനുണ്ട്‌. ലോകകപ്പ്‌ അതിനുള്ള വേദിയാണ്‌. ആഫ്രിക്കയില്‍ മികച്ച സോക്കര്‍ ശക്തികളുണ്ട്‌. അവര്‍ക്ക്‌ ലോകത്തോളം ഉയരാന്‍ ഈ ചാമ്പ്യന്‍ഷിപ്പ്‌ സഹായകരമാവും. ഇതിനകം നടന്ന പല ലോകകപ്പുകളിലും ആഫ്രിക്കന്‍ ടീമുകള്‍ക്ക്‌ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പക്ഷേ വലിയ നേട്ടങ്ങളിലേക്ക്‌ ടീമുകള്‍ വന്നിട്ടില്ല. സ്വന്തം നാട്ടില്‍ ലോകകപ്പ്‌ നടക്കുമ്പോള്‍ അനുകൂലമായ സാഹചര്യങ്ങള്‍ പലതാണ്‌. അതിനെ ഉപയോഗപ്പെടുത്തണം. ലോകകപ്പില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത്‌ ഏത്‌ താരത്തിനും ഏറ്റവും വലിയ അനുഭവമാണ്‌. ആഫ്രിക്കയിലേക്ക്‌ ലോകകപ്പ്‌ വരുമ്പോള്‍ സ്വന്തം വന്‍കരയില്‍, സ്വന്തം രാജ്യത്തിനായി കളിക്കാന്‍ കഴിയുന്ന അപൂര്‍വ്വ അവസരമാണ്‌ വരുന്നത്‌. 1988 ല്‍ ഫ്രാന്‍സില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ ലഭിച്ച പിന്തുണ അപാരമായിരുന്നു. ആ പിന്തുണയിലാണ്‌ കപ്പ്‌ സ്വന്തമാക്കാന്‍ ടീമിന്‌ കഴിഞ്ഞത്‌. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന കരുത്ത്‌ ഒന്ന്‌ വേറെ തന്നെയാണ്‌.

ഫിഫ ലോകകപ്പ്‌്‌ വരുമ്പോള്‍ ദക്ഷിണാഫ്രിക്കക്ക്‌ അത്‌ ഏതെല്ലാം തരത്തിലായിരിക്കും ഗുണം ചെയ്യുക

ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുകയെന്നത്‌്‌ ഏത്‌ രാജ്യത്തിനും ഏറ്റവും വലിയ നേട്ടമാണ്‌. ലോകകപ്പിനെ നെഞ്ചിലേറ്റാന്‍ ദക്ഷിണാഫ്രിക്കന്‍ ജനതക്ക്‌ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകം ദക്ഷിണാഫ്രിക്കയിലേക്ക്‌ ഒഴുകിയെത്തും. ലോകകപ്പിന്റെ ആവേശം അതിന്റെ അത്യുന്നതിയില്‍ ആസ്വദിക്കാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ക്ക്‌ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകകപ്പിനെ നേരില്‍ കാണാന്‍ എപ്പോഴും അവസരങ്ങള്‍ ലഭിക്കില്ല എന്ന സത്യം ദക്ഷിണാഫ്രിക്കക്കാര്‍ തിരിച്ചറിയും.

സ്വന്തം നാട്ടില്‍ ലോകകപ്പ്‌ കളിക്കുകയെന്നത്‌്‌ വലിയ അനുഭവമാണെന്ന്‌ താങ്കള്‍ പറഞ്ഞു. 1998 ല്‍ ഫ്രാന്‍സില്‍ ലോകകപ്പ്‌ നടന്നപ്പോഴുള്ള പ്രത്യേക അനുഭവങ്ങള്‍
98 ല്‍ ഫ്രാന്‍സില്‍ ലോകകപ്പ്‌ നടന്നപ്പോഴുണ്ടായ മധുരതരമായ അനുഭവങ്ങള്‍ ധാരാളമാണ്‌. പക്ഷേ എന്നെ ഏറെ സ്വാധീനിച്ച ഒരു നിമിഷം ഞങ്ങള്‍ ലോകകപ്പ്‌ നേടിയതിന്‌ ശേഷം പാരീസിലെയും മറ്റ്‌ തെരുവുകളിലും കണ്ട കാഴ്‌ച്ചകളാണ്‌. ജനങ്ങള്‍ പരസ്‌പരം കെട്ടിപ്പുണരുന്നു. ആഹ്ലാദം പങ്കിടുന്നു. ചിലര്‍ ആഹ്ലാദത്താല്‍ പൊട്ടിക്കരയുന്നു. അവിടെ കറുത്തവനും വെളുത്തവനും എന്നുളള വിത്യാസമുണ്ടായിരുന്നില്ല. രാജ്യത്തിന്റെ നേട്ടത്തില്‍ സ്വയം മറന്ന ജനതയെ ദക്ഷിണാഫ്രിക്കയിലും ഇത്തരം കാഴ്‌്‌ചകള്‍ തീര്‍ച്ചയായും കാണാനാവും.
ജൂണില്‍ നടക്കാന്‍ പോവുന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ ഏത്‌ ടീമായിരിക്കും വിജയിക്കുക.

അതിപ്പോള്‍ പറയാന്‍ കഴിയില്ല. ധാരാളം മികച്ച ടീമുകള്‍ കളിക്കുന്നുണ്ട്‌. ഇവരില്‍ ആര്‍ക്കായിരിക്കും കപ്പെന്ന്‌ മുന്‍കൂട്ടി പറയുന്നത്‌ അബദ്ധമായിരിക്കും.

താങ്കളോട്‌ പലരും പലവട്ടം ചോദിച്ചിട്ടുണ്ടാവും 2006 ലെ ലോകകപ്പ്‌ ഫൈനലില്‍ ഇറ്റലിക്കെതിരായ മല്‍സരത്തെക്കുറിച്ച്‌. 2006 ലെ ഫൈനലില്‍ പ്രത്യക്ഷപ്പെടാന്‍ ഒരിക്കല്‍കൂടി അവസരം ലഭിച്ചാല്‍ എന്താണ്‌ താങ്കള്‍ ചെയ്യുക
അതിനക്കുറിച്ച്‌ വീണ്ടും സംസാരിക്കാന്‍ ഞാനില്ല. കാരണം ധാരാളം കാര്യങ്ങള്‍ ആ മല്‍സരത്തെക്കുറിച്ച്‌ സംസാരിച്ചുകഴിഞ്ഞു. പലതും എഴുതപ്പെട്ടു. വീണ്ടും മല്‍സരത്തെക്കുറിച്ച്‌ തന്നെ സംസാരിക്കുന്നതില്‍ കാര്യമില്ല. ആ മല്‍സരം ചരിത്രമായിരിക്കുന്നു. മഹത്തായ മല്‍സരമായിരുന്നു അത്‌. ഞങ്ങള്‍ക്ക്‌ കപ്പ്‌ സ്വന്തമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ എല്ലാം നിര്‍ഭാഗ്യമായി.

ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ റയല്‍ മാഡ്രിഡിന്‌ വേണ്ടി അവസാന മല്‍സരം കളിച്ച്‌ മാഡ്രിഡിലെ ബെര്‍
ണബു സ്‌റ്റേഡിയത്തില്‍ നിന്ന്‌ പുറത്തേക്ക്‌ വരുമ്പോഴുളള അനുഭവം എന്തായിരുന്നു
ഞാന്‍ ജീവിതത്തില്‍ അത്ര വികാരഭരിതനാവാറില്ല. വികാരങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാറുമില്ല. എന്നെ അറിയുന്നവര്‍ക്കെല്ലാം അതറിയാം. പക്ഷേ ബെര്‍ണബുവിലെ ആ രാത്രിയില്‍ സത്യം പറയാം- ഞാന്‍ ഞാനല്ലാതായി എന്നതാണ്‌ സത്യം. എന്റെ പ്രിയപ്പെട്ട ക്ലബിനായി ഞാന്‍ കളിക്കുന്ന അവസാന മല്‍സരം. ബെര്‍ണബുവില്‍ ഇനി ബൂട്ട്‌ കെട്ടിയിറങ്ങാന്‍ ഞാനില്ല എന്ന സത്യം വേദനിപ്പിച്ചു. ഗ്യാലറിയില്‍ എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം. അവരെ നോക്കിയപ്പോള്‍ കണ്ണുുകള്‍ നിറഞ്ഞു.

ലോക സോക്കറില്‍ പല അസുലഭ മുഹൂര്‍ത്തങ്ങള്‍ക്കും താങ്കള്‍ സാക്ഷിയായിട്ടുണ്ട്‌. ഇതില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷം
നിസ്സംശയം പറയാം-98 ലെ ലോകകപ്പ്‌ നേട്ടം. സ്വന്തം നാട്ടില്‍, നാട്ടുകാര്‍ക്ക്‌ മുന്നില്‍ ലോകകപ്പില്‍ മുത്തമിടാനാവുക എന്നത്‌ അപൂര്‍വ്വ നേട്ടമാണ്‌.
താങ്കള്‍ വിരമിച്ച ശേഷം ഫ്രഞ്ച്‌ ദേശീയ ടീം വിഷമകരമായ പാതയിലാണ്‌. ടീമിന്റെ മല്‍സരങ്ങള്‍ കാണാറില്ലേ
ചില മല്‍സരങ്ങളിലെ പ്രകടനത്തെ വിലയിരുത്തി ടീമിനെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നത്‌ തെറ്റാണ്‌. ടീം ഇപ്പോള്‍ മോശം കാലത്താണ്‌ എന്നത്‌ സത്യമാണ്‌. ഈ കാലം മാറും. വ്യക്തിഗത കരുത്തില്‍ ടീമിനെ മുന്നോട്ട്‌ നയിക്കാന്‍ പ്രാപ്‌തരായ ധാരാളം താരങ്ങള്‍ ടീമിലുണ്ട്‌.

പരാജിതര്‍ മുഖാമുഖം
ഇന്നത്തെ മല്‍സരങ്ങള്‍
കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌
വൈകീട്ട്‌ 4-00
മുംബൈ ഇന്ത്യന്‍സ്‌-രാജസ്ഥാന്‍ റോയല്‍സ്‌
രാത്രി 8-00
ഡര്‍ബന്‍: കേപ്‌ടൗണിനും പോര്‍ട്ട്‌ എലിസബത്തിനും ശേഷം ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ മൂന്നാം വേദിയിലേക്ക്‌ മാറുന്നു. ഇന്നത്തെ മല്‍സരങ്ങള്‍ ഡര്‍ബനിലെ കിംഗ്‌സ്‌മീഡിലാണ്‌. ബൗളര്‍മാര്‍ക്ക്‌ കരുത്തേകുന്ന പ്രതലത്തില്‍ ഇന്നത്തെ ആദ്യ അങ്കം തുടക്കമല്‍സരത്തില്‍ പരാജയം രുചിച്ചവരായ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ്‌ േൈറഡഴ്‌സും തമ്മിലാണ്‌. രാത്രി എട്ടിന്‌ നടക്കുന്ന രണ്ടാമത്തെ അങ്കത്തില്‍ നിലവിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്‌ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിനെ എതിരിടുന്നു.
യുവരാജ്‌ സിംഗിന്റെ പഞ്ചാബിനും മക്കുലത്തിന്റെ കൊല്‍ക്കത്തക്കും തോല്‍വി ഭാരത്തിന്റെ നാണക്കേടില്‍ നിന്നും രക്ഷപ്പെടാനുണ്ട്‌. ആദ്യ മല്‍സരത്തില്‍ രണ്ട്‌ ടീമുകളും വന്‍ നിരാശയാണ്‌ സമ്മാനിച്ചത്‌. ന്യൂസിലാന്‍ഡുകാരനായ വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കലം നയിച്ച ഷാറൂഖിന്റെ ടീമിനെ ആദം ഗില്‍ക്രൈസ്റ്റിന്റെ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ തരിപ്പണമാക്കുകയായിരുന്നു. ക്രിസ്‌ ഗെയിലും മക്കലവും സൗരവ്‌ ഗാംഗുലിയും ബ്രാഡ്‌ ഹോഡ്‌ജുമെല്ലാം അണിനിരന്ന ടീമിന്‌ 100 റണ്‍സ്‌ പിന്നിടാന്‍ തന്നെ അമിതമായി വിയര്‍ക്കേണ്ടി വന്നിരുന്നു. നായകനായി പ്രൊമോഷന്‍ ലഭിച്ച മക്കലം ഒരു റണ്ണാണ്‌ നേടിയത്‌. ആര്‍.പി സിംഗിന്റെ ലെഗ്‌ സൈഡിലേക്ക്‌ പോയ നിരുപദ്രവകരമെന്ന്‌ കരുതിയ പന്തില്‍ ബാറ്റ്‌ വെച്ച്‌ നായകന്‍ മടങ്ങിയപ്പോള്‍ സിംഗിനെതിരെ രണ്ട്‌ പന്തുകളില്‍ തന്റെ രൗദ്രഭാവം തെളിയിച്ച ഗെയില്‍ അടുത്ത പന്തില്‍ പുറത്തായി. സൗരവാണ്‌ വലിയ നിരാശ സമ്മാനിച്ചത്‌. 20-20 ക്രിക്കറ്റിന്റെ വേഗത മനസ്സിലാക്കാതെ ടെസ്റ്റ്‌ ബാറ്റ്‌സ്‌മാന്റെ ശൈലിയിലായിരുന്നു മുന്‍ നായകന്‍. കൂറെ പന്തുകള്‍ പ്രതിരോധാത്മകമായി കളിച്ച ശേഷം അനാവശ്യ ഷോട്ടില്‍ പുറത്തായി. ബ്രാഡ്‌ ഹോഡ്‌ജിനെയും അഗര്‍ക്കറെയും ശുക്ലയെയുമെല്ലാം ഡക്കാന്‍ ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഇല്ലാതാക്കി. വിന്‍ഡീസിന്റെ ഓപ്പണിംഗ്‌ ബൗളറായ ഫിഡല്‍ എഡ്വാര്‍ഡ്‌സ്‌ നാല്‌ ഓവറില്‍ ആറ്‌ റണ്‍സ്‌ മാത്രമാണ്‌ നല്‍കിയത്‌. മാന്‍ ഓഫ്‌ ദ മാച്ചായി മാറിയ ആര്‍.പി സിംഗ്‌ നാല്‌ വിക്കറ്റ്‌ നേടിപ്പോള്‍ 12 റണ്‍സ്‌ മാത്രം നല്‍കി പ്രഗ്യാന്‍ ഒജ രണ്ട്‌ വിക്കറ്റ്‌ നേടി. ഹര്‍ഷല്‍ ഗിബ്‌സ്‌, രോഹിത്‌ ശര്‍മ്മ എന്നിവരുടെ തകര്‍പ്പന്‍ ക്യാച്ചുകളുമായപ്പോള്‍ കൊല്‍ക്കത്തക്കാര്‍ സത്യത്തില്‍ ഇല്ലാതാവുകയായിരുന്നു.
102 റണ്‍സ്‌ എന്ന വിജയലക്ഷ്യം ചാര്‍ജേഴ്‌സിന്‌ ഒന്നുമായിരുന്നില്ല. ഗിബ്‌സും രോഹിത്‌ ശര്‍്‌മയും ചേര്‍ന്ന്‌ ടീമിനെ ഭദ്രതയിലേക്ക്‌ നയിച്ചു. വന്‍ തോല്‍വി നല്‍കിയ ആഘാതത്തില്‍ ഇന്ന്‌ കൊല്‍ക്കത്താ സംഘത്തില്‍ ചെറിയ അഴിച്ചുപണിയുണ്ടാവും. ആരായിരിക്കും ടീമിന്റെ നായകനെന്ന്‌ വ്യക്തമല്ല. ഒന്നിലധികം നായകര്‍ എന്ന കോച്ച്‌ ജോണ്‍ ബുക്കാനന്റെ തിയറി പ്രകാരമാണ്‌ ആദ്യ മല്‍സരത്തില്‍ മക്കലം നായകനായത്‌. ക്രിസ്‌ ഗെയിലിനെ പോലുളളവര്‍ക്ക്‌ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാനാവില്ല. വിന്‍ഡീസ്‌ നായകന്റെ കരുത്തിനെ പ്രയോജനപ്പെടുത്തുകയാണ്‌ പ്രധാനം. അടുത്തമാസം വിന്‍ഡീസ്‌ ടീമിന്റെ ഇംഗ്ലണ്ട്‌ പര്യടനം ആരംഭിക്കാനാരിക്കയാണ്‌. ഈ മാസത്തെ മല്‍സരങ്ങളില്‍ മാത്രമാണ്‌ ഗെയിലിനെ കൊല്‍ക്കത്തക്കാര്‍ക്ക്‌ ലഭിക്കു. ഗാംഗുലിയെ എന്ത്‌ ചെയ്യും എന്നത്‌ വലിയ ചോദ്യമാണ്‌. മുന്‍നിരക്കര്‍ മികവ്‌ പ്രകടിപ്പിക്കാത്തപക്ഷം വലിയ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ ടീമിന്‌ കഴിയില്ല.
യുവരാജിന്റെ കിംഗ്‌സ്‌ ഇലവനും നാണക്കേടിലാണ്‌. മഴ മൂലം അലങ്കോലമായ മല്‍സരത്തിലും വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‌ മുന്നില്‍ ടീം തകര്‍ന്നിരുന്നു. 20:20 ക്രിക്കറ്റിലെ ആക്രമണകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതിയുളള യുവരാജിന്‌ ടീമിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഇര്‍ഫാന്‍ പത്താനുള്‍പ്പെടെയുളളവരാവട്ടെ നിറം മങ്ങി.
ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന്‍കാര്‍ക്കാണ്‌ വലിയ സമ്മര്‍ദ്ദം. ആദ്യ മല്‍സരത്തില്‍ തന്നെ സ്വയം ഇല്ലാതായ വോണിന്റെ ടീം ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌ക്കോറിനാണ്‌ പുറത്തായത്‌. ഇന്നത്തെ എതിരാളികള്‍ സച്ചിനും സംഘവുമാണെന്നത്‌ ടീമിന്റെ ഉറക്കം കെടുത്തുന്നുണ്ട്‌. കെവിന്‍ പീറ്റേഴ്‌സണ്‍ നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ഒരുക്കിയ കെണിയില്‍ ഒന്നിന്‌ പിറകെ ഒന്നായി റോയല്‍സിന്റെ ബാറ്റ്‌സ്‌മാന്മാര്‍ വീഴുകയായിരുന്നു. അനില്‍ കുംബ്ലെ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ കളിയില്‍ ഗ്രയീം സ്‌മിത്ത്‌, അസനോദ്‌കര്‍, യൂസഫ്‌ പത്താന്‍ എന്നിവരെല്ലാം നിരാശപ്പെടുത്തി. മുംബൈ സംഘത്തില്‍ സച്ചിനും സനത്‌ ജയസൂര്യയും ഫോമിലാണ്‌. ഇന്നും തോറ്റാല്‍ റോയല്‍സിന്‌ അത്‌ വലിയ നാണക്കേടാവും.

No comments: