Tuesday, April 14, 2009

കിടിലന്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ദിവസമാണ്‌ നാളെ.... ഇന്ത്യന്‍ ഫുട്‌ബോളിലെ ചാമ്പ്യന്‍ ടീമിനെ നിശ്ചയിക്കുന്ന ദിവസം. ഐ ലീഗ്‌ ഫുട്‌ബോളില്‍ നാളെ നടക്കുന്ന അഞ്ച്‌ മല്‍സരങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്‌. ചര്‍ച്ചില്‍ ബ്രദേഴ്‌സും മോഹന്‍ ബഗാനും കപ്പിലേക്ക്‌ നോട്ടമിട്ടാണ്‌ സ്വന്തം പ്രതിയോഗികളെ നേരിടുന്നതെങ്കില്‍ എയര്‍ ഇന്ത്യക്കും ചിരാഗ്‌ യുനൈറ്റഡിനും ജെ.സി.ടി മില്‍സ്‌ ഫഗ്വാരക്കും മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനും നിലനില്‍പ്പിന്റെ അങ്കങ്ങളാണ്‌. എല്ലാ മല്‍സരങ്ങളും വൈകീട്ട്‌ 3-45 നാണ്‌ ആരംഭിക്കുന്നത്‌. ഒരു തരത്തിലുമുള്ള ഒത്തുകളികള്‍ നടക്കാതിരിക്കാന്‍, സ്വതന്ത്രവും നിഷ്‌പക്ഷവുമായ മല്‍സരം ഉറപ്പാക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എല്ലാ ഒരുക്കങ്ങളും നടത്തുകയാണ്‌. മോഹന്‍ ബഗാനും ചര്‍ച്ചിലും 43 പോയന്റുമായി ഒപ്പത്തിനെപ്പമാണ്‌. ചര്‍ച്ചിലിന്റെ പ്രതിയോഗികള്‍ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗാണ്‌. ചര്‍ച്ചിലിന്‌ ജയിച്ചാല്‍ കപ്പുറപ്പ്‌. പക്ഷേ തോല്‍വിയോ സമനിലയോ അവര്‍ക്ക്‌ തിരിച്ചടിയാവും. അതേ സമയം തരംതാഴ്‌ത്തല്‍ ഭീഷണി നേരിടുന്ന മുഹമ്മദന്‍സിന്‌ അഭിമാനം കാക്കാന്‍ വിജയിക്കണം. മോഹന്‍ ബഗാന്‌ നാളെ എവേ മല്‍സരമാണ്‌. ശക്തരായ മഹീന്ദ്ര യുനൈറ്റഡാണ്‌ പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ ബഗാന്‌ ജയിക്കണം. ഒപ്പം ചര്‍ച്ചില്‍ സമനില വഴങ്ങുകയോ, തോല്‍ക്കുകയോ ചെയ്‌താല്‍ കപ്പില്‍ ബഗാന്റെ താരങ്ങള്‍ക്ക്‌ മുത്തമിടാം. ഇന്ത്യന്‍ ഫുട്‌ബോളിലെ വിധി നിര്‍ണ്ണയിക്കുന്ന നാളെത്തെ പോരാട്ടങ്ങളിലൂടെ:
ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-മുഹമ്മദന്‍സ്‌ (മഡ്‌ഗാവ്‌)
മഡ്‌ഗാവിലെ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ ഈ നിര്‍ണ്ണായക അങ്കം. മല്‍സരത്തില്‍ വ്യക്തമായ സാധ്യത ചര്‍ച്ചിലിനാണ്‌. 21 മല്‍സരങ്ങളില്‍ നിന്നായി 43 പോയന്റ്‌ സ്വന്തമാക്കിയ അവര്‍ക്ക്‌ ഗോള്‍ ശരാശരിയിലും വ്യക്തമായ മുന്‍ത്തൂക്കമുണ്ട്‌. 21 മല്‍സരങ്ങളില്‍ 12 ലും ജയിച്ചുകയറിയ ഗോവന്‍ സംഘം രണ്ട്‌ കളികളില്‍ മാത്രമാണ്‌ പരാജയപ്പെട്ടത്‌. ഒനാകെ ഒഡാഫെ ഉള്‍പ്പെടെ കരുത്തരായ മുന്‍നിരക്കാരാണ്‌ ചര്‍ച്ചിലിന്റെ കരുത്ത്‌. ചാമ്പ്യന്‍ഷിപ്പിലെ ടോപ്‌ സ്‌ക്കോറര്‍പ്പട്ടം ഇതിനകം ഉറപ്പാക്കിയ ഒഡാഫെയെ പിടിച്ചുകെട്ടാന്‍ ഇത്‌ വരെ ഒരു ഡിഫന്‍സിനും കഴിഞ്ഞിട്ടില്ല. മുഹമ്മദന്‍സാവട്ടെ 12 ടീമുകള്‍ കളിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനൊന്നാം സ്ഥാനത്താണ്‌. 22 പോയന്റാണ്‌ അവര്‍ക്ക്‌ ആകെ സമ്പാദിക്കാനായത്‌. അതായത്‌ ജയിച്ചത്‌ ആകെ അഞ്ച്‌ കളികളില്‍. തോറ്റത്‌ ഒമ്പത്‌ മല്‍സരങ്ങളില്‍. ആധികാരികത പുലര്‍ത്തുന്ന പ്രകടനം ഇത്‌ വരെ ടീമിന്‌ നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചാല്‍ മാത്രമാണ്‌ അവര്‍ക്ക്‌ തരം താഴ്‌ത്തല്‍ നാണക്കേടില്‍ നിന്നും രക്ഷ നേടാനുളള ചെറിയ മാര്‍ഗ്ഗം. ചര്‍ച്ചിലിനെ തോല്‍പ്പിക്കാനായാല്‍ സ്വന്തം നാട്ടുകാരായ മോഹന്‍ ബഗാന്‌ കപ്പ്‌ സമ്മാനിക്കാനും മുഹമ്മദന്‍സിന്‌ കഴിയും. കഴിഞ്ഞ ദിവസം മോഹന്‍ബഗാന്‍ ടീം പ്രഖ്യാപിച്ച പാരിതോഷിക ഓഫറില്‍ മുഹമ്മദന്‍സ്‌ ക്ഷുഭിതരാണ്‌. ചര്‍ച്ചിലിനെ തോല്‍പ്പിച്ചാല്‍ മുഹമ്മദന്‍സിന്റെ താരങ്ങള്‍ക്ക്‌ അഞ്ച്‌ ലക്ഷം രുപയാണ്‌ ബഗാന്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്‌. തങ്ങളെ വിലക്കെടുക്കാനുളള ബഗാന്‍ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച മുഹമ്മദന്‍സ്‌ കോച്ച്‌ ഷബീര്‍ അലി പണത്തിനായല്ല തന്റെ ടീം കളിക്കുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. നാളെ നടക്കുന്ന അഞ്ച്‌ മല്‍സരങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകം ഈ മല്‍സരമാണ്‌. ജയിച്ചാല്‍ ചര്‍ച്ചില്‍ ചാമ്പ്യന്മാര്‍-മുഹമ്മദന്‍സ്‌ പുറത്തും.
എയര്‍ ഇന്ത്യ-സ്‌പോര്‍ട്ടിംഗ്‌ ഗോവ
മുംബൈ
മുന്‍ ചാമ്പ്യന്മാരായ സ്‌പോര്‍ട്ടിംഗ്‌ ഗോവക്ക്‌ എയര്‍ ഇന്ത്യക്കെതിരായ അങ്കത്തില്‍ ജയിച്ചുകയറാനായാല്‍ ചെറിയ സാധ്യതകളുണ്ട്‌. 21 കളികളില്‍ നിന്ന്‌ 40 പോയന്റാണ്‌ അവര്‍ സമ്പാദിച്ചത്‌. ബഗാനും ചര്‍
ച്ചിലും അവസാന മല്‍സരങ്ങളില്‍ പരാജയപ്പെടുകയും സ്‌പോര്‍ട്ടിംഗ്‌ ജയിക്കുകയും ചെയ്‌താല്‍ അവര്‍ക്ക്‌ 43 പോയന്റാവും. ഇങ്ങനെ വന്നാല്‍ ആദ്യ മൂന്ന്‌ ടീമുകള്‍ക്ക്‌ ഓരേ പോയന്റ്‌്‌ വരും. അപ്പോഴും മെച്ചപ്പെട്ട ഗോള്‍ശരാശരി ചര്‍ച്ചിലിനെ തുണക്കും. എയര്‍ ഇന്ത്യ 24 പോയന്റുമായി എട്ടാം സ്ഥാനത്താണ്‌. തോല്‍ക്കുന്നപക്ഷം അവരും ചിലപ്പോള്‍ തരം താഴ്‌ത്തപ്പെട്ടേക്കാം. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ കരുത്ത്‌ കാട്ടിയവരാണ്‌ സ്‌പോര്‍ട്ടിംഗ്‌. ആദ്യ റൗണ്ട്‌ പോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ സ്‌പോര്‍ട്ടിംഗായിരുന്നു മുന്നില്‍. 12 മല്‍സരങ്ങള്‍ ജയിച്ച അവര്‍ക്ക്‌ അഞ്ച്‌ കളികളിലാണ്‌ തോല്‍വി പിണഞ്ഞത്‌. പക്ഷേ ഗോള്‍ ശരാശരിയുടെ കാര്യത്തില്‍ ടീമിന്‌ വലിയ റെക്കോര്‍ഡില്ല.
ഈസ്‌റ്റ്‌ ബംഗാള്‍-ഡെംപോ
കൊല്‍ക്കത്ത
നിലവിലെ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവക്ക്‌ നിരാശയുടെ ചാമ്പ്യന്‍ഷിപ്പാണിത്‌. 21 കളികളില്‍ നിന്ന്‌ 30 പോയന്റ്‌്‌ മാത്രമാണ്‌ റാന്‍ഡി മാര്‍ട്ടിനസിനും സംഘത്തിനും കരസ്ഥമാക്കനായത്‌. ഏ.എഫ്‌.സി ചാമ്പ്യന്‍സ്‌ ലീഗിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ അവര്‍ക്ക്‌ ഐ ലീഗ്‌ മല്‍സരങ്ങളെ ഗൗരവത്തില്‍ കാണാന്‍ കഴിഞ്ഞില്ല. എട്ട്‌ മല്‍സരങ്ങളിലാണ്‌ ഡെംപോക്കാര്‍ ജയിച്ചത്‌. ഏഴ്‌ മല്‍സരങ്ങളില്‍ നാടകീയമായി പരാജയപ്പെടുകയും ചെയ്‌തു. അവസാന മല്‍സരത്തില്‍ ബഗാനെതിരെയും നിരാശാജനകമായ പ്രകടനമാണ്‌ അവര്‍ നടത്തിയത്‌. ഈസ്റ്റ്‌ ബംഗാളിനും വലിയ വിജയങ്ങള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ടേബിളില്‍ ഏഴാമതുളള അവര്‍ക്ക്‌ 27 പോയന്റാണ്‌ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. തരം താഴ്‌ത്തല്‍ കടമ്പയില്‍ നിന്നും ഈസ്റ്റ്‌ ബംഗാള്‍ പൂര്‍ണ്ണമായും രക്ഷപ്പെട്ടു എന്ന പറയാന്‍ ഇപ്പോഴും കഴിയില്ല. അതിനാല്‍ ഇന്നത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ മാത്രമാണ്‌ സ്വന്തം സീറ്റ്‌ നിലനിര്‍ത്താന്‍ അവര്‍ക്ക്‌ കഴിയുക. എട്ട്‌ കളികളിലാണ്‌ ഇത്തവണ അവര്‍ പരാജയപ്പെട്ടത്‌. പ്രതിരോധത്തിന്റെ വീഴ്‌ച്ചകളാണ്‌ ടീമിന്‌ വലിയ തലവേദനയായത്‌. അവസാന മല്‍സര പ്രതിയോഗികള്‍ ശക്തരായ ഡെംപോ ആയതിനാല്‍ ഈസ്‌റ്റ്‌ ബംഗാളിന്‌ കാര്യങ്ങള്‍ എളുപ്പമാവില്ല.
മഹീന്ദ്ര യുനൈറ്റഡ്‌-ബഗാന്‍
മുംബൈ
കപ്പ്‌ സ്വന്തമാക്കുമെന്ന പ്രഖ്യാപനവുമായാണ്‌ ഇത്തവണ മഹീന്ദ്ര യുനൈറ്റഡ്‌ കളിക്കാന്‍ ഇറങ്ങിയത്‌. പക്ഷേ 21 മല്‍സരങ്ങളില്‍ നിന്നായി ഏഴ്‌ മല്‍സരങ്ങളിലാണ്‌ അവര്‍ ജയിച്ചത്‌. ഇത്രയും മല്‍സരത്തില്‍ പരാജയപ്പെടുകയും ചെയ്‌തു. 26 ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിറച്ചപ്പോള്‍ 21 ഗോളുകള്‍ വഴങ്ങുകയും ചെയ്‌തു. മോഹന്‍ ബഗാനാവട്ടെ അക്ഷരാര്‍ത്ഥത്തില്‍ മാറിയ ടീമാണ്‌. കളിച്ച 21 മല്‍സരങ്ങളില്‍ 13 ലും ജയിച്ച കൊല്‍ക്കത്തക്കാര്‍ മൂന്ന്‌ മല്‍സരങ്ങളില്‍ മാത്രമാണ്‌ പരാജയമറിഞ്ഞത്‌. ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ, ഗോള്‍ക്കീപ്പര്‍ സംഖ്രാം മുഖര്‍ജി എന്നിവരാണ്‌ ടീമിന്റെ കരുത്തര്‍. ജോസ്‌ റാമിറസ്‌ ബരാറ്റോയും നിര്‍ണ്ണായക മല്‍സരങ്ങളില്‍ തിളങ്ങുന്നു. മഹീന്ദ്രക്കെതിരെ വലിയ മാര്‍ജിനില്‍ ജയിക്കാനായാണ്‌ ബഗാന്‍ കളിക്കുന്നത്‌. അതിനാല്‍ മല്‍സരത്തില്‍ തീപ്പാറുമെന്നുറപ്പ്‌
ജെ.സി.ടി-മുംബൈ എഫഅ.സി
ലുഥിയാന
ഒത്തുകളി നടക്കാന്‍ സാധ്യതയുള്ളള മല്‍സരമാണ്‌ നാളെ ഗുരുനാനാക്ക്‌ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്നതെന്നാണ്‌ ആരോപണങ്ങള്‍. ഇപ്പോള്‍ പോയന്റ്‌്‌ ടേബിളില്‍ ആറാമതുള്ള മുംബൈ എഫ്‌.സി ക്കാര്‍ നില ഭദ്രമാക്കിയിട്ടുണ്ട്‌. തരം താഴ്‌ത്തല്‍ ഘട്ടത്തിലുളള ജെ.സി.ടിക്ക്‌ വേണ്ടി അവര്‍ തോറ്റു കൊടുത്തേക്കാമെന്നാണ്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌ കുറ്റപ്പെടുത്തിയിരിക്കുന്നത്‌. ഐ ലീഗിന്റെ രണ്ടാം പതിപ്പില്‍ വലിയ നിരാശ സമ്മാനിച്ചവരാണ്‌ ജെ.സി.ടി. മികച്ച താരനിരയുണ്ടായിട്ടും കഴിവിനൊത്ത പ്രകടനം നടത്താന്‍ അവര്‍ക്കായിട്ടില്ല. 22 പോയന്റാണ്‌ അവര്‍ക്ക്‌ സമ്പാദിക്കാന്‍ കഴിഞ്ഞത്‌. അഞ്ച്‌ കളികളില്‍ ജയിച്ചപ്പോള്‍ ഒമ്പതില്‍ പരാജയപ്പെട്ടു. മുംബൈ എഫ്‌.സിയാവട്ടെ പ്രൊമോട്ട്‌ ചെയ്യപ്പെട്ടു വന്ന ടീമായിട്ട്‌ പോലും സ്ഥിരത കാട്ടാനായി. ഏഴ്‌ കളികളില്‍ ജയിച്ച അവര്‍ ഏഴില്‍ തോറ്റിരുന്നു
വാസ്‌ക്കോ-ചിരാഗ്‌
മഡ്‌ഗാവ്‌
ഈ മല്‍സരത്തിന്‌ പ്രസക്തി കുറവാണ്‌. പക്ഷേ ചിരാഗിന്‌ ജയിക്കേണ്ടതുണ്ട്‌. ടേബിളില്‍ ഒമ്പതാം സ്ഥാനത്ത്‌ നില്‍ക്കുന്ന അവര്‍ക്ക്‌ ജയിക്കാനായാല്‍ തരം താഴ്‌്‌ത്തല്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. വാസ്‌ക്കോയാവട്ടെ നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായിട്ടുണ്ട്‌. കളിച്ച 21 മല്‍സരങ്ങളില്‍ 15 ലും പരാജയപ്പെട്ട അവര്‍ക്ക്‌ ആകെയുളളത്‌ 10 പോയന്റാണ്‌. 13 ഗോളുകള്‍ അടിച്ചപ്പോള്‍ 45 ഗോളുകള്‍ വാങ്ങി.
പോയന്റ്‌്‌ ടേബിള്‍
1-ചര്‍ച്ചില്‍-43
2-മോഹന്‍ബഗാന്‍-43
3-സ്‌പോര്‍ട്ടിംഗ്‌ ഗോവ-40
4-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌-30
5-മഹീന്ദ്ര യുനൈറ്റഡ്‌-28
6-മുംബൈ എഫ്‌.സി-28
7-ഈസ്റ്റ്‌ ബംഗാള്‍-27
8-എയര്‍ ഇന്ത്യ മുംബൈ-24
9-ചിരാഗ്‌ യുനൈറ്റഡ്‌-23
10-ജെ.സി.ടി മില്‍സ്‌-22
11-മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌-22
12-വാസ്‌ക്കോ ഗോവ-10

നിരീക്ഷകന്‍ വേണം
ലുഥിയാനയില്‍ നടക്കുന്ന ജെ.സി.ടി മില്‍സ്‌ ഫഗ്വാര-മുംബൈ എഫ്‌.സി മല്‍സരത്തിന്‌ നിരീക്ഷകനേ അയക്കണമെന്ന്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട്‌ ആവശ്യപ്പെട്ടു. മുംബൈ എഫ്‌.സി ഇപ്പോള്‍ രക്ഷപ്പെട്ട അവസ്ഥയിലാണ്‌. അതേ സമയം ജെ.സി.ടി തരം താഴ്‌്‌ത്തലിന്റെ കയത്തിലും. ജെ.സി.ടിയെ രക്ഷപ്പെടുത്താന്‍ മുംബൈ ഒത്തുകളിക്കുമെന്നാണ്‌ മുഹമ്മദന്‍സ്‌ കുറ്റപ്പെടുത്തുന്നത്‌.
ജയിച്ചാല്‍ അരലക്ഷം
നാളെ നടക്കുന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തിയാല്‍ മുഹമ്മദന്‍സ്‌ ടീമിന്‌ അഞ്ച്‌ ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്‌ മോഹന്‍ ബഗാന്റെ വാഗ്‌ദാനം. എന്നാല്‍ ഫുട്‌ബോളിനെ പണത്തിലേക്ക്‌ നയിക്കേണ്ടെന്ന ശക്തമായ മുന്നറിയിപ്പാണ്‌ മുഹമ്മദന്‍സ്‌ നല്‍കിയിരിക്കുന്നത്‌.
നല്ല ഒഫീഷ്യല്‍സ്‌
നാളെ മഹീന്ദ്ര യുനൈറ്റഡിനെതിരായ അവസാന മല്‍സരത്തില്‍ കളി നിയന്ത്രിക്കാന്‍ നല്ല ഒഫീഷ്യലുകളെ നിയമിക്കണമെന്ന്‌ മോഹന്‍ ബഗാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട്‌ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്‌ച്ച ഡെംപോക്കെതിരായ മല്‍സരത്തില്‍ റഫറിയായിരുന്ന റിസ്വാന്‍ ഉല്‍ ഹഖിന്റെ പെരുമാറ്റത്തില്‍ ബഗാന്‍ അസംതൃ്‌തി പ്രകടിപ്പിച്ചിരുന്നു.

മുംബൈ വരുന്നു
സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍, സനത്‌ ജയസൂര്യ, ഷോണ്‍ പൊള്ളോക്ക്‌, ഹര്‍ഭജന്‍സിംഗ്‌.... ഈ വമ്പന്‍ താരനിരയുമായാണ്‌ ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ്‌ കളിക്കാനിറങ്ങിയത്‌. ടീമിനെ പരിശീലിപ്പിക്കുന്നത്‌ ഇന്ത്യക്ക്‌ പ്രഥമ 20:20 ലോകകപ്പ്‌ സമ്മാനിച്ച ലാല്‍ചന്ദ്‌ രാജ്‌പുതും. പക്ഷേ തോറ്റ്‌ തൊപ്പിയിടാനായിരുന്നു ടീമിന്റെ വിധി. സച്ചിന്റെ പരുക്കും മോശം ഫോമും മല്‍സരങ്ങളില്‍ പ്രകടമായി. ജയസൂര്യക്ക്‌ ചില മല്‍സരങ്ങളില്‍ മാത്രമാണ്‌ തന്റെ പ്രഹരശേഷി പ്രകടിപ്പിക്കാനായത്‌. ഹര്‍ഭജന്‍സിംഗാവട്ടെ ശ്രീശാന്തിന്റെ മുഖത്തടിച്ച്‌ വിലക്കുമായി പുറത്തായി. ഷോണ്‍ പൊള്ളോക്കിനായിരുന്നു പിന്നെ ടീമിന്റെ ഭാരം. അദ്ദേഹത്തിനും പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞില്ല.
ഇത്തവണ പോളിയില്ല, പക്ഷേ ദക്ഷിണാഫ്രിക്കയില്‍ നിന്നും ജെ.പി ഡുമിനി എന്ന ഉഗ്രന്‍ യുവ ബാറ്റ്‌സ്‌മാനും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ നിന്നും എത്തിയിരിക്കുന്ന സഹീര്‍ഖാനുമുണ്ട്‌. ഈ രണ്ട്‌ തുരുപ്പുചീട്ടുകളെയാണ്‌ മുംബൈ ഇന്ത്യന്‍സ്‌ ഉയര്‍ത്തിക്കാട്ടുന്നത്‌. ഐ.സി.സി ലോക റാങ്കിംഗില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്ക ഒന്നാമത്‌ നില്‍ക്കുന്നത്‌്‌ ഡുമിനിയുടെ കരുത്തിലാണ്‌. തട്ടുതകര്‍പ്പന്‍ പ്രകടനമാണ്‌ ഈ സീസണില്‍ യുവതാരം നടത്തുന്നത്‌. ദക്ഷിണാഫ്രിക്കന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്‌റ്റ്‌ പരമ്പര ടീമിന്‌ സമ്മാനിച്ച ഡുമിനിയാണ്‌ കഴിഞ്ഞ ദിവസം ലോക ചാമ്പ്യന്മാര്‍ക്കെതിരായ നാലാം ഏകദിനത്തിലും അരങ്ങ്‌ തകര്‍ത്തത്‌. ഇത്തവണ കളി നടക്കുന്നത്‌ ഡുമിനിയുടെ നാട്ടിലാണ്‌. സച്ചിനും ഡുമിനിയും ഒരുമിക്കുമ്പോള്‍ നാട്ടുകാരുടെ ടീമായി മുംബൈ ഇന്ത്യന്‍സ്‌ മാറും.
സഹീര്‍ഖാനാണ്‌ ബൗളിംഗിലെ മാസ്‌റ്റര്‍. പോയ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ നിരയിലായിരുന്ന സഹീര്‍ ഈ സീസണില്‍ ആകെ മാറിയിരിക്കുന്നു. ഇന്ത്യയുടെ നമ്പര്‍ വണ്‍ സീമര്‍ എന്ന സ്ഥാനത്ത്‌ നിന്ന്‌ തന്റെ യോര്‍ക്കറുകളും ഇന്‍സ്വിംഗറുകളുമായി ബാറ്റ്‌സ്‌മാനെ വട്ടം കറക്കാന്‍ സഹീറിനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
സനത്‌ ജയസൂര്യ നല്‍കുന്ന തുടക്കം ടീമിന്‌ പ്രധാനമാണ്‌. പ്രായം നാല്‍പ്പത്‌ കഴിഞ്ഞിട്ടും സനത്‌ തന്റെ പോരാട്ടവീര്യം നിലനിര്‍ത്തുന്നുണ്ട്‌. പന്തിനെ പ്രഹരിക്കാന്‍ ഇത്രയും അനായാസത പ്രകടിപ്പിക്കുന്ന ബാറ്റ്‌സ്‌മാന്‍ അപൂര്‍വ്വമാണ്‌. ബംഗ്ലാദേശിന്റെ നായകന്‍ മുഹമ്മദ്‌ അഷറഫുല്‍, ലങ്കയുടെ ദില്‍ഹാര ഫെര്‍ണാണ്ടോ, വിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ, ന്യൂസിലാന്‍ഡിന്റെ കൈല്‍ മില്‍സ്‌്‌ തുടങ്ങിയവരാണ്‌ ടീമിന്റെ മറ്റ്‌ പതാക വാഹകര്‍.
ശനിയാഴ്‌ച്ച നടക്കുന്ന ഉദ്‌ഘാടന മല്‍സരത്തില്‍ തന്നെ സച്ചിനും സംഘവും കളിക്കുന്നുണ്ട്‌. പ്രതിയോഗികള്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്‌. ആദ്യ മല്‍സരത്തില്‍ തന്നെ കരുത്ത്‌ പ്രകടിപ്പിക്കാനായാല്‍ സച്ചിന്റെ സംഘത്തിന്‌ മുന്നേറാന്‍ എളുപ്പമാണ്‌.

മാപ്പ്‌
മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ഉടമ ഷാറുഖ്‌ ഖാന്‍ ക്രിക്കറ്റ്‌ ഇതിഹാസം സുനില്‍ ഗവാസ്‌ക്കറോട്‌ മാപ്പ്‌ പറഞ്ഞു. നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമിന്‌ ഒന്നിലധികം നായകരെന്ന കോച്ച്‌ ജോണ്‍ ബുക്കാനന്റെ നീക്കത്തിനെതിരെ ഗവാസ്‌ക്കര്‍ പരസ്യമായി പ്രതികരിച്ചപ്പോള്‍ ഷാറുഖ്‌ മുന്‍ ഇന്ത്യന്‍ നായകനെതിരെ സംസാരിച്ചിരുന്നു. ഗവാസ്‌ക്കറിനെതിരെ താന്‍ സംസാരിച്ചിട്ടില്ലെന്നും തന്റെ പരാമര്‍ശങ്ങള്‍ അദ്ദേത്തെ വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പ്‌ പറയുന്നതായും ഇന്നലെ ദക്ഷിണാഫ്രിക്കയിലേക്ക്‌ തിരിക്കും മുമ്പ്‌ ഷാറൂഖ്‌ പറഞ്ഞു. ഒന്നിലധികം നായകര്‍ എന്ന ആശയത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതെയാണ്‌ ചിലരെല്ലാം പ്രതികരിച്ചതെന്നും ഖാന്‍ കൂട്ടിചേര്‍ത്തു.
നമ്പര്‍ വണ്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഐ.സി.സി ലോക റാങ്കിംഗിലെ ആദ്യസ്ഥാനം നിലനിര്‍ത്തി. ടെസ്‌റ്റ്‌ പരമ്പരയില്‍ പിന്നോക്കം പോയ സ്‌മിത്തിന്റെ സംഘം തകര്‍പ്പന്‍ പ്രകടനമാണ്‌ ഏകദിന പരമ്പരയിലെ എല്ലാ മല്‍സരങ്ങളിലും കാഴ്‌ച്ചവെച്ചത്‌. ഇന്നലെ നടന്ന നാലാം മല്‍സരത്തില്‍ ബാറ്റ്‌സ്‌മാന്മാരായ ഹര്‍ഷല്‍ ഗിബ്‌സ്‌, എബി ഡി വില്ലിയേഴ്‌സ്‌, ജെ.പി ഡുമിനി എന്നിവര്‍ക്കൊപ്പം പുതിയ സ്‌പിന്നര്‍ റോള്‍ഫ്‌ വാന്‍ഡര്‍ മെര്‍വും മിന്നി. അടുത്ത ലോകകപ്പിലേക്ക്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ കണ്ടുവെച്ചിരിക്കുന്ന സ്‌പിന്നര്‍ മൂന്ന്‌ ഓസ്‌ട്രേലിയന്‍ വിക്കറ്റുകളാണ്‌ വീഴ്‌ത്തിയത്‌.
നോട്ടപ്പുള്ളി
ലണ്ടന്‍: ഇത്‌ വരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരിടുന്നവര്‍ കരുതലോടെ നോക്കിയിരുന്ന മുന്‍നിരക്കാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയായിരുന്നു. പക്ഷേ സ്ഥിതി പെട്ടെന്ന്‌ മാറിയിരിക്കുന്നു. ഇറ്റലിയില്‍ നിന്നുളള പതിനേഴുകാരന്‍ ഫ്രെഡറികോ മച്ചേഡയാണ്‌ ഇപ്പോള്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെയും കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസന്റെയും തുരുപ്പ്‌ ചീട്ട്‌. ഇന്ന്‌ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ പോര്‍ച്ചുഗല്‍ ക്ലബായ എഫ്‌.സി പോര്‍ട്ടോയെ അവരുടെ മൈതാനത്ത്‌ നേരിടുമ്പോള്‍ മച്ചേഡയില്‍ നിന്നാണ്‌ ഫെര്‍ഗ്ഗി വിജയം പ്രതീക്ഷിക്കുന്നത്‌. ആദ്യപാദ മല്‍സരം 2-2 ല്‍ അവസാനിച്ചതിനാല്‍ മാഞ്ചസ്റ്ററിന്‌ കാര്യങ്ങള്‍ എളുപ്പമല്ല. ജയിച്ചാല്‍ മാത്രമാണ്‌ സെമി ബെര്‍ത്ത്‌. സ്വന്തം മൈതാനത്ത്‌ രണ്ട്‌ ഗോളുകള്‍ വഴങ്ങിയതിനാല്‍ അത്‌ തിരിച്ചടിയാവാനാണ്‌ സാധ്യതകള്‍. പോര്‍ട്ടോയില്‍ മുമ്പ്‌ മൂന്ന്‌ തവണ വന്നപ്പോള്‍ തോറ്റ്‌ മടങ്ങാനായിരുന്നു ടീമിന്റെ വിധി എന്ന സത്യവും ഫെര്‍ഗ്ഗിയെ വേട്ടയാടും.
റൊണാള്‍ഡോയും വെയിന്‍ റൂണിയുമെല്ലാം നിരാശയാണ്‌ സമ്മാനിക്കുന്നത്‌. പ്രീമിയര്‍ ലീഗിലെ അവസാന മല്‍സരത്തില്‍ മച്ചേഡയുടെ മികവിലാണ്‌ ടീം ജയിച്ചതും ലീഡ്‌ നിലനിര്‍ത്തിയതും. ഫെര്‍ഗ്ഗി ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പാണിത്‌. മറ്റൊരു ഇംഗ്ലീഷ്‌ ക്ലബായ ആഴ്‌സനലും സ്‌പെയിനിലെ വില്ലാ റയലും തമ്മിലാണ്‌ ഇന്നത്തെ രണ്ടാം ക്വാര്‍ട്ടര്‍. ആദ്യപാദം 1-1 ല്‍ അവസാനിച്ചതിനാല്‍ ഈ മല്‍സരത്തിലും തീപ്പാറുമെന്നുറപ്പാണ്‌. സ്‌പാനിഷ്‌ ലീഗില്‍ മലാഗക്കെതിരായ മല്‍സരത്തില്‍ രണ്ട്‌ ഗോള്‍ വാങ്ങി പരാജയപ്പെട്ടതിന്റെ സമ്മര്‍ദ്ദം വില്ലാ റയലിനുണ്ട്‌. നായകന്‍ മാര്‍ക്കോസ്‌ സെന്നക്കും പരുക്കുണ്ട്‌. ആഴ്‌സനലിനും പരുക്കിന്റെ പ്രശ്‌നമുണ്ട്‌. പ്രധാന ഡിഫന്‍ഡറായ വില്ല്യം ഗല്ലാസ്‌ പരുക്കുമായി പുറത്താണ്‌. ഇമാനുവല്‍ അബിദേയറിലും സെക്‌ ഫാബ്രിഗസിലുമാണ്‌ ആഴ്‌സന്‍ വെംഗറുടെ പ്രതീക്ഷ.

No comments: