Tuesday, April 7, 2009

BALE INDIA


ചരിത്രം
വെല്ലിംഗ്‌ടണ്‍: കാലാവസ്ഥ താരമായപ്പോള്‍ ഇന്ത്യ-ന്യൂസിലാന്‍ഡ്‌ മൂന്നാം ടെസ്‌റ്റില്‍ സമനില. പക്ഷേ മൂന്ന്‌ മല്‍സര പരമ്പര ഹാമില്‍ട്ടണ്‍ വിജയത്തിലൂടെ ഇന്ത്യ സ്വന്തമാക്കി. 41 വര്‍ഷത്തിന്‌ ശേഷം കിവി മണ്ണില്‍ ടെസ്റ്റ്‌ പരമ്പര നേട്ടം ആഘോഷിച്ച്‌ രണ്ട്‌ മാസത്തെ പര്യടനം പൂര്‍ത്തിയാക്കി മഹേന്ദ്രസിംഗ്‌ ധോണിയും സംഘവും മടങ്ങുകയാണ്‌. പരാജയത്തെ മുഖാമുഖം കണ്ട ന്യൂസിലാന്‍ഡ്‌ ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. വിജയിക്കാന്‍ 615 റണ്‍സ്‌ ആവശ്യമായ ആതിഥേയര്‍ എട്ട്‌ വിക്കറ്റിന്‌ 281 റണ്‍സ്‌ എന്ന നിലയില്‍ തളരവെയാണ്‌ കനത്ത മഴ എത്തിയത്‌. പിന്നീട്‌ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞതുമില്ല. 107 റണ്‍സ്‌ നേടിയ റോസ്‌ ടെയ്‌ലറാണ്‌ ഇന്ത്യക്കും വിജയത്തിനും നടുവില്‍ കാര്യമായ തടസ്സമായത്‌. നാലാം ദിവസം തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയ ടെയ്‌ലര്‍ക്ക്‌ ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍ മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഈ കൂട്ടുകെട്ട്‌ തകര്‍ക്കാന്‍ ഇന്ത്യ സമയമെടുത്തു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാര്‍ട്ട്‌ ടൈം സ്‌പിന്നില്‍ രണ്ട്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യക്കായി. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ മൂന്ന്‌ ക്യാച്ചുകള്‍ ഇന്ത്യ നിലത്തിട്ടപ്പോള്‍ അമ്പയര്‍മാരുടെ ചില തീരുമാനങ്ങളും ടീമിന്റെ വിജയമോഹത്തിന്‌ തടസ്സമായി. 59 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ഹര്‍ഭജന്‍ സിംഗാണ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നിയത്‌. മൂടികെട്ടിയ അന്തരീക്ഷം അപകടം വിതക്കുമെന്ന്‌ മനസ്സിലാക്കി ധോണി പുതിയ പന്തെടുത്ത്‌, അത്‌ സഹീറിന്‌ നല്‍കിയ ഉടനാണ്‌ മഴ പെയ്‌തത്‌. ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി സ്വന്തമാക്കിയ ഗൗതം ഗാംഭീറാണ്‌ കളിയിലെയും പരമ്പരയിലെയും കേമന്‍.
വെല്ലിംഗ്‌ടണിലെ കാലാവസ്ഥ എന്നും മല്‍സരങ്ങള്‍ക്ക്‌ തടസ്സമായ ചരിത്രമുണ്ട്‌. ഇത്തവണയും അത്‌ തന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഇന്നലെ ലഞ്ചിന്‌ ശേഷം പെയ്‌ത കനത്ത മഴക്ക്‌ വൈകുന്നേരം വരെ ശമനമുണ്ടായിരുന്നില്ല. നാടകീയമായിരുന്നു അവസാന ദിവസം. കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ട്‌ ഗൗരവത്തിലെടുത്ത്‌ തുടക്കത്തില്‍ തന്നെ ആക്രമണാത്മക ബൗളിംഗാണ്‌ ഇന്ത്യ നടത്തിയത്‌. ന്യൂസിലാന്‍ഡാവട്ടെ സമനിലയിലൂടെ മുഖം രക്ഷിക്കാനുളള ദൗത്യത്തിലായിരുന്നു.
മല്‍സരത്തിലുടനീളം പുലര്‍ത്തിയ ജാഗ്രതയില്‍ സഹീര്‍ രാവിലെ തന്നെ ഫ്രാങ്ക്‌ളിനെതിരെ ശക്തമായ ലെഗ്‌ ബിഫോര്‍ അപ്പീല്‍ മുഴക്കി. പക്ഷേ അമ്പയര്‍ അനുവദിച്ചില്ല. ആദ്യ ഒരു മണിക്കൂറില്‍ ബൗളര്‍മാര്‍ക്ക്‌ ലഭിക്കുന്ന പിന്തുണ മനസ്സിലാക്കി ടെയ്‌ലറും ഫ്രാങ്ക്‌ളിനും ഒരു തരത്തിലുമുളള ആലസ്യം പ്രകടിപ്പിച്ചില്ല. ഇഷാന്തിനെതിരെ തനിക്കുളള മാനസികാധിപത്യം നിലനിര്‍ത്താന്‍ പക്ഷേ ടെയ്‌ലര്‍ മറന്നില്ല. ഹര്‍ഭജന്റെ പന്തില്‍ ഫ്രാങ്ക്‌ളിന്‍ നല്‍കിയ അവസരം ഷോട്ട്‌ ലെഗ്ഗില്‍ ഗൗതം ഗാംഭീര്‍ നഷ്ടമാക്കിയപ്പോള്‍ ഇന്ത്യയുടെ ദിനമല്ല ബേസിന്‍ റിസര്‍വില്‍ എനന്‌ വ്യക്തമായിരുന്നു. അതിനിടെ ടെയ്‌ലര്‍ സെഞ്ച്വറിയുമായി ടീം തന്നില്‍ ഏല്‍പ്പിച്ച ദൗത്യം ഭംഗിയാക്കി. പക്ഷേ അധികസമയം അദ്ദേഹത്തിന്‌ തുടരാന്‍ കഴിഞ്ഞില്ല. ഹര്‍ഭജന്റെ കുത്തിതിരിഞ്ഞ പന്തില്‍ ടെയ്‌ലറുടെ പ്രതിരോധം തകര്‍ന്നു. ഇന്ത്യക്ക്‌ മല്‍സരത്തിലേക്‌ തിരിച്ചുവരാന്‍ ലഭിച്ച കനകാവസരമായിരുന്നു അത്‌. വിലപ്പെട്ട 142 റണ്‍സ്‌ അഞ്ചാം വിക്കറ്റില്‍ ഫ്രാങ്ക്‌ളിനൊപ്പം കൂട്ടിച്ചേര്‍ത്താണ്‌ ടെയ്‌ലര്‍ മടങ്ങിയത്‌. കിവിസീനെ മല്‍സരത്തില്‍ രക്ഷിച്ച കൂട്ടുകെട്ടായിരുന്നു ഇത്‌. നാലാം ദിവസം ജെസി റൈഡര്‍ പുറത്തായതിന്‌ ശേഷമാണ്‌ ടെയ്‌ലറും ഫ്രാങ്ക്‌ളിനും ഒന്നിച്ചത്‌.
തുടര്‍ന്നാണ്‌ ധോണി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മാജിക്‌ വിരലുകളിലേക്‌്‌ പന്ത്‌ നല്‍കുന്നത്‌. ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കുന്നതില്‍ വിജയിച്ച സച്ചിനെ കൂറ്റന്‍ ഷോട്ടിന്‌ ശിക്ഷികാന്‍ മുതിര്‍ന്ന ബ്രെന്‍ഡന്‍ മക്കുലത്തെ പുറത്താക്കാന്‍ മുനാഫ്‌ പട്ടേലിന്‌ അവസരമുണ്ടായി. പക്ഷേ മുനാഫ്‌ പന്ത്‌ നിലത്തിട്ടു. താമസിയാതെ അമ്പയറുടെ പിഴവില്‍ മക്കുലത്തിന്റെ വിക്കറ്റ്‌ ഇന്ത്യക്ക്‌ ലഭിച്ചു. ഗ്രൗണ്ടില്‍ തട്ടിയ ബാറ്റിന്റെ ശബ്ദത്തില്‍ അമ്പയര്‍ കബളിപ്പിക്കപ്പെട്ടു. മക്കുലം കോട്ട്‌ ബിഹൈന്‍ഡ്‌. പിറകെ സച്ചിന്‍ 49 റണ്‍സുമായി പൊരുതുകയായിരുന്ന ഫ്രാങ്ക്‌ളിനെ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയപ്പോള്‍ ഇന്ത്യ വിജയം മണത്തു. സൗത്തിക്കും പിടിച്ചുനില്‍ക്കാനായില്ല.
ക്രിസിലെത്തിയ ഡാനിയല്‍ വെട്ടോരിയെ ഹര്‍ഭജന്‍ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയപ്പോള്‍ അപ്പീല്‍ അമ്പയര്‍ അനുവദിച്ചില്ല. ഇന്ത്യക്ക്‌ വലിയ നിരാശ സമ്മാനിച്ച ഈ തീരുമാനത്തിന്‌ ശേഷമാണ്‌ ധോണി പുതിയ പന്തെടുത്ത്‌ സഹീറിന്‌ നല്‍കിയത്‌. ഒരു പന്ത്‌ മാത്രമാണ്‌ സഹീര്‍ എറിഞ്ഞത്‌. തുടര്‍ന്നാണ്‌ മഴയെത്തിയത്‌.

41 വര്‍ഷത്തിന്‌ ശേഷം
വെല്ലിംഗ്‌ടണ്‍: പ്രാദേശിക സമയം വൈകീട്ട്‌ 4-31. ബേസിന്‍ റിസര്‍വിലെ മൈക്കിലൂടെ ഔദ്യോഗിക പ്രഖ്യാപനം-മഴ കാരണം ഇന്ത്യ-ന്യൂസിലാന്‍ഡ്‌ മൂന്നാം ടെസ്റ്റ്‌ സമനിലയില്‍ അവസാനിച്ചിരിക്കുന്നു. ഇന്ത്യന്‍ താരങ്ങളെല്ലാം ഈ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതിനാല്‍ വലിയ ആവേശമൊന്നും ആരും പ്രകടിപ്പിച്ചില്ല. മൈതാനത്തേക്ക്‌ ഓടിയിറങ്ങി സ്‌റ്റംമ്പുകള്‍ വലിച്ചെടുക്കാന്‍ ആരും മുതിര്‍ന്നില്ല. വലിയ ആശ്ശേഷങ്ങളും എവിടെയും കണ്ടില്ല. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ്‌ ചരിത്രത്തിലെ കനകാധ്യായമാണ്‌ അവിടെ പിറന്നത്‌. 41 വര്‍ഷത്തിന്‌ ശേഷം കിവി മണ്ണില്‍ ഇന്ത്യക്ക്‌ ടെസ്റ്റ്‌ പരമ്പര. ഹാമില്‍ട്ടണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ നേടാനായ പത്ത്‌ വിക്കറ്റ്‌ വിജയത്തിലൂടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നു. നേപ്പിയറിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ചുവാങ്ങിയപ്പോള്‍ ഇവിടെ കാലാവസ്ഥ ഇന്ത്യയെ പിന്നോട്ട്‌ വലിക്കുകയായിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്‌ എന്നിവരുടെ സ്‌പിന്നില്‍ ഇന്ത്യ വിജയത്തിന്റെ അരികിലെത്തിയിട്ടും ജയിക്കാനാവാത്തതിന്റെ നിരാശ ധോണി മറച്ചുവെച്ചില്ല. വിജയം ഉറപ്പായിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത്‌ നിരാശാജനകമാണെന്ന്‌ നായകന്‍ പറഞ്ഞു. ഈ മല്‍സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ അത്‌ ടീമിന്റെ നൂറാമത്‌ ടെസ്റ്റ്‌ വിജയമാവുമായിരുന്നു. പരമ്പരയിലുടനീളം 16 വിക്കറ്റുകള്‍ സ്വന്തമാക്കി മികവ്‌ പ്രകടിപ്പിച്ച ഹര്‍ഭജനും നിരാശയിലായിരുന്നു.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതാണ്‌ നഷ്ടമായതെന്ന വിലയിരുത്തല്‍ പക്ഷേ ധോണി അംഗീകരിക്കുന്നില്ല. ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യാന്‍ വൈകിയിട്ടില്ല. കാലാവസ്ഥയെ പ്രതീക്ഷിച്ച്‌ ഡിക്ലറേഷന്‍ നടത്താന്‍ കഴിയില്ല. നല്ല ടോട്ടല്‍ നേടിയാല്‍ നല്ല ആത്മവിശ്വാസത്തോടെ കളിക്കാനാവും. അതാണ്‌ താന്‍ ചെയ്‌തതെന്ന്‌ അദ്ദേഹം പറഞ്ഞു. പരമ്പരയിലുടനീളം ആധികാരികതയാണ്‌ ഇന്ത്യ പ്രകടിപ്പിച്ചത്‌. തുടക്കത്തില്‍ 20-20 പരമ്പര നഷ്ടമായെങ്കിലും ഏകദിനങ്ങളില്‍ ടീം ശക്തമായ തിരിച്ചുവരവാണ്‌ നടത്തിയത്‌. ഹാമില്‍ട്ടണ്‍ ടെസ്റ്റിലൂടെ ആധികാരികത ആവര്‍ത്തിച്ചു. ഇനി ന്യൂസിലാന്‍ഡില്‍ പര്യടനത്തിന്‌ വരുമ്പോള്‍ തോല്‍ക്കുന്നവര്‍ എന്ന അപഖ്യാതി ഇന്ത്യക്കുണ്ടാവില്ല. വലിയ നേട്ടമാണ്‌ ഇവിടെ നമ്മള്‍ നേടിയത്‌. കനത്ത സമ്മര്‍ദ്ദത്തിലാണ്‌ കളിച്ചത്‌. സമ്മര്‍ദ്ദത്തെ അതിജയിച്ചു. ഇവിടെ ജയിക്കാന്‍ കഴിയില്ല എന്നതായിരുന്നു സമ്മര്‍ദ്ദം. ഇപ്പോള്‍ ജയിച്ചിരിക്കുന്നു. ഇനി അടുത്ത പരമ്പരയാവുമ്പോള്‍ ജയം നിലനിര്‍ത്തേണ്ട സമ്മര്‍ദ്ദമുണ്ടാവും. പരമ്പരയില്‍ തന്നെ സന്തോഷിപ്പിച്ച പ്രധാന ഘടകം ടീം സ്‌പിരിറ്റാണെന്ന്‌ നായകന്‍ പറഞ്ഞു. എല്ലാവരില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിച്ചു. എല്ലാവരും സ്വന്തം പങ്ക്‌ ഭംഗിയാക്കി. ബൗളര്‍മാര്‍ക്ക്‌ അനുകൂലമായിരുന്നില്ല ചിലപ്പോഴെല്ലാം കാര്യങ്ങള്‍. പക്ഷേ എന്നിട്ടും അവര്‍ കഠിനാദ്ധ്വാനം ചെയ്‌തു. ബൗളര്‍മാരുടെ സംഭാവനയിലാണ്‌ വലിയ സന്തോഷം. വാലറ്റത്തിന്റെ ബാറ്റിംഗ്‌ സംഭാവനകളും ധോണി മറക്കുന്നില്ല. പരമ്പരയുടെ ഓരോ ഘട്ടത്തിലും എല്ലാവരും ബാറ്റ്‌്‌ കൊണ്ട്‌ ടീമിനെ സഹായിച്ചിട്ടുണ്ടെന്ന്‌ നായകന്‍ വ്യക്തമാക്കി.
തേര്‍ഡ്‌ ഐ
50 ദിവസം,അപാരനേട്ടം
കഴിഞ്ഞ 50 ദിവസങ്ങളായി ഇന്ത്യ ന്യൂസിലാന്‍ഡിലായിരുന്നു.... പരമ്പരക്ക്‌ സമാപനമാവുമ്പോള്‍ തീര്‍ച്ചയായും ഇന്ത്യക്ക്‌ ഇത്‌ ചരിത്ര നേട്ടമാണ്‌. 41 വര്‍ഷത്തിന്‌ മുമ്പ്‌ മന്‍സൂര്‍ അലീഖാന്‍ പട്ടോഡി നയിച്ച ഇന്ത്യ കിവി മണ്ണില്‍ പരമ്പര നേടിയതിന്‌ ശേഷം ഇവിടം ഇന്ത്യന്‍ ടീമിന്‌ തലവേദനകള്‍ മാത്രം സമ്മാനിച്ച വേദിയായിരുന്നു. അവിടെയാണ്‌ ആധികാരികതയില്‍ ഇന്ത്യ ഏകദിന പരമ്പരക്ക്‌ പിറകെ ടെസ്റ്റ്‌ പരമ്പരയും സ്വന്തമാക്കിയിരിക്കുന്നത്‌. 20-20 പരമ്പര ആദ്യം നടന്നതാണ്‌ സത്യത്തില്‍ ടീമിന്‌ കാര്യങ്ങള്‍ അനുകൂലമാക്കിയത്‌. പിച്ചിനെ മനസ്സിലാക്കാന്‍ വിരേന്ദര്‍ സേവാഗിനെ പോലുളളവര്‍ക്ക്‌ അത്‌ മൂലം കഴിഞ്ഞു. ഏകദിന പരമ്പരയില്‍ ഇന്ത്യ കരുത്ത്‌ തെളിയിച്ചത്‌ 20-20 മല്‍സരങ്ങള്‍ നല്‍കിയ പാഠം ഉള്‍കൊണ്ട്‌ കളിച്ചതിനാലാണ്‌. ടെസ്റ്റ്‌ പരമ്പരയില്‍ ഹാമില്‍ട്ടണില്‍ ജയിച്ചും, നേപ്പിയറില്‍ തോല്‍വി മുഖത്ത്‌ നിന്ന്‌ സമനില പിടിച്ചുവാങ്ങിയും വെല്ലിംഗ്‌ടണില്‍ നിര്‍ഭാഗ്യത്തിന്‌ ജയം കൈവിട്ടപ്പോഴും ഇന്ത്യ തെളിയിച്ചത്‌ ആധികാരികതയായിരുന്നു.
വെല്ലിംഗ്‌ടണിലെ സമനിലക്ക്‌ വേണമെങ്കില്‍ ക്യാപ്‌റ്റന്‍ ധോണിയെ കുറ്റം പറയാം-പക്ഷേ അത്‌ നീതിയുക്തമാവില്ല. മല്‍സരത്തിന്റെ മൂന്നാം ദിവസം തന്നെ ഇന്ത്യക്ക്‌ 531 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത്‌ കിവീസിനെ ബാറ്റിംഗിന്‌ ക്ഷണിക്കാമായിരുന്നു. അങ്ങനെ ക്ഷമിച്ചിരുന്നെങ്കില്‍ മല്‍സരത്തില്‍ ജയിക്കാമായിരുന്നു. പക്ഷേ കിവി നിരയില്‍ കൂറ്റനടിക്കാരായ നല്ല ബാറ്റ്‌സ്‌മാന്മാരുണ്ട്‌. പിച്ചാണെങ്കില്‍ ബാറ്റിംഗിനെ തുണക്കുന്നതും. ഈ ഘട്ടത്തില്‍ സുരക്ഷിതത്വ സമീപനം ധോണി എടുത്തിട്ടില്ലെങ്കില്‍ ടീം തോറ്റാല്‍ എല്ലാവരും അദ്ദേഹത്തെ കുറ്റം പറയും. അഞ്ചാം ദിവസത്തില്‍ മഴക്ക്‌ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട്‌ നേരത്തെയുണ്ടായിരുന്നു. പക്ഷേ കാലാവസ്ഥയെ പ്രതീക്ഷിച്ച്‌ എങ്ങനെ ഇന്നിംഗ്‌സ്‌ നേരത്തെ ഡിക്ലയര്‍ ചെയ്യും..?
ധോണിയിലെ നായകന്‍ പക്വമതിയാണ്‌. അദ്ദേഹത്തിന്റെ ടീമിന്‌ ഇന്നലെ ജയിക്കാമായിരുന്നു. ചില നിര്‍ണ്ണായക ക്യാച്ചുകള്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു. അമ്പയര്‍മാരുടെ ചില തീരുമാനങ്ങളും പാളി. ഈ കാര്യത്തില്‍ ന്യൂസിലാന്‍ഡിനും പരാതിയുണ്ടാവും. അവര്‍ക്കെതിരെയും അമ്പയര്‍മാരുടെ ചില തെറ്റായ തീരുമാനങ്ങളുണ്ടായിരുന്നു. എങ്കിലും പരമ്പര മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക്‌ തന്നെയാണ്‌ മാര്‍ക്ക്‌.
ടീമിലെ എല്ലാവരും ഒത്തിണക്കത്തോടെ കളിച്ചു. എല്ലാവരില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിച്ചു. ഏകദിന പരമ്പരയില്‍ സേവാഗാണെങ്കില്‍ ടെസ്റ്റ്‌ പരമ്പരയില്‍ ഗാംഭീറും സച്ചിനും ഹര്‍ഭജനും സഹീറുമെല്ലാം അവസരത്തിനൊത്തുയര്‍ന്നു. ഹാമില്‍ട്ടണ്‍ ടെസ്‌റ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ആധിപത്യം പ്രകട
പ്പിച്ചു. നേപ്പിയറില്‍ ബാറ്റിംഗില്‍-പ്രത്യേകിച്ച്‌ രണ്ടാം ഇന്നിംഗ്‌സില്‍ ദ്രാവിഡും ഗാംഭീറും ലക്ഷ്‌മണും സച്ചിനും പ്രകടിപ്പിച്ച കരുത്ത്‌ അപാരമായിരുന്നു. വെല്ലിംഗ്‌ടണില്‍ വാലറ്റം പോലും ബാറ്റിംഗില്‍ നിറഞ്ഞു. ഇപ്പോള്‍ ഇന്ത്യ എവിടെയും ജയിക്കുന്നവരായിരിക്കുന്നു. ഇനി 20-20 ക്രിക്കറ്റിന്റെ തിരക്കാണ്‌. ദിവസങ്ങള്‍കക്കം ഐ.പി.എല്‍, അതിന്‌ ശേഷം ഇംഗ്ലണ്ടില്‍ ലോകകപ്പ്‌....

ഓരം
വെല്ലിംഗ്‌ടണ്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ്‌ 20:20 മല്‍സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ്‌ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്കെതിരായ ടെസ്റ്റ്‌ പരമ്പരക്ക്‌ ശേഷമാണ്‌ സെലക്ടര്‍മാര്‍ 15 അംഗ സംഘത്തെ തെരഞ്ഞെടുത്തത്‌. പരുക്ക്‌ കാരണം ടെസ്റ്റ്‌ പരമ്പരയില്‍ കളിക്കാതിരുന്ന ജേക്കബ്‌ ഓരം ടീമിലുണ്ട്‌. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ഓരത്തിന്‌ പുറം വേദന കാരണം ടെസ്റ്റ്‌ പരമ്പരയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജൂണിലാണ്‌ ലോകകപ്പ്‌. ആ സമയമാവുമ്പോഴേക്കും അദ്ദേഹം പൂര്‍ണ്ണസുഖം പ്രാപിക്കുമെന്ന വിശ്വാസത്തിലാണ്‌ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന പീറ്റര്‍ മക്‌ ലാഷന്‍, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, കൈല്‍ മില്‍സ്‌, സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌ എന്നിവരും ടീമിലുണ്ട്‌. കന്നിക്കാരനായി ബ്രെന്‍ഡന്‍ ഡിയാമന്തക്കാണ്‌ അവസരം നല്‍കിയിരിക്കുന്നത്‌. ഏകദിന ടീമിലെ സ്ഥിരക്കാരായ ഗ്രാന്‍ഡ്‌ എലിയട്ട്‌, ടീം സൗത്തി എന്നിവര്‍ പുറത്തായവരില്‍പ്പെടുന്നു. ടീം ഇതാണ്‌: ഡാനിയല്‍ വെട്ടോരി (ക്യാപ്‌റ്റന്‍), നീല്‍ ബ്രൂം, ഇയാന്‍ ബട്ട്‌ലര്‍, ബ്രെന്‍ഡന്‍ ഡിയാമന്തി, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, മാര്‍ട്ടിന്‍ ഗുപ്‌ടില്‍, ബ്രെന്‍ഡന്‍ മക്കുലം, നതാന്‍ മക്കുലം, പീറ്റര്‍ മക്‌ലാഷിന്‍, കൈല്‍ മില്‍സ്‌, ഇയാന്‍ ഒബ്രിയാന്‍, ജേക്കബ്‌ ഓരം, ജെസി റൈഡര്‍, സ്‌ക്കോട്ട്‌ സ്‌റ്റൈറിസ്‌, റോസ്‌ ടെയ്‌ലര്‍.
ബഹിഷ്‌കരണം
മുംബൈ: ഇത്തവണയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌്‌ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ ബഹിഷ്‌ക്കരിക്കും. ഐ.പി.എല്‍്‌ സംഘാടകര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന റിപ്പോര്‍ട്ടിംഗ്‌ മാനദണ്‌ഠങ്ങളില്‍ പ്രതിഷേധം അറിയിച്ചാണ്‌ ബഹിഷ്‌ക്കരണം. പ്രമുഖ വാര്‍ത്താ ഏജന്‍സികളായ റൂയിറ്റേഴ്‌സ്‌, ഏ.പി, ഏ.എഫ്‌.പി, ജെറ്റി ഇമേജസ്‌ എന്നിവരാണ്‌ കളി റിപ്പോര്‍ട്ട്‌ ചെയ്യാനില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുന്നത്‌. മാധ്യമ മാനദണ്‌ഠങ്ങള്‍ മാറ്റണമെന്ന്‌ ഐ.പി.എല്‍ ഗവേണിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ലളിത്‌ മോഡിയോട്‌ ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങാത്തത്‌ കാരണമാണ്‌ ബഹിഷ്‌ക്കരണവുമായി മുന്നോട്ട്‌ പോവാന്‍ തീരുമാനിച്ചിരിക്കുന്നത്‌.
ഇംഗ്ലീഷ്‌ യുദ്ധം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ ഇംഗ്ലീഷ്‌ യുദ്ധം. ലിവര്‍പൂളും ചെല്‍സിയുമാണ്‌ ഇന്ന്‌ അങ്കത്തട്ടില്‍. രണ്ടാമത്തെ മല്‍സരത്തില്‍ സ്‌പാനിഷ്‌ കരുത്തരായ ബാര്‍സിലോണ ജര്‍മനിയിലെ ബയേണ്‍ മ്യൂണിച്ചുമായി കളിക്കും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നവരാണ്‌ ചെല്‍സിയും ലിവര്‍പൂളും. ചാമ്പ്യന്‍സ്‌ ലീഗ്‌ ചരിത്രത്തില്‍ ലിവര്‍പൂളിനാണ്‌ മുന്‍ത്തൂക്കം. സ്റ്റീവന്‍ ജെറാര്‍ഡ്‌ നയിക്കുന്ന സംഘത്തില്‍ പ്രമുഖരായ താരങ്ങളാണ്‌ കളിക്കുന്നത്‌. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ച മികവില്‍ ഇന്നത്തെ മല്‍സരത്തില്‍ വ്യക്തമായ മാര്‍ജിനില്‍ ജയിക്കുമെന്നാണ്‌ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ വ്യക്തമാക്കുന്നത്‌. അതേ സമയം ചെല്‍സി ക്യാമ്പില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ നായകന്‍ ജോണ്‍ ടെറി വ്യക്തമാക്കുന്നു.
സ്‌പാനിഷ്‌ ലീഗില്‍ കരുത്തോടെ കുതിക്കുന്ന ബാര്‍സിലോണക്ക്‌ ബയേണിനെതിരായ മല്‍സരത്തില്‍ മുന്‍ത്തൂക്കമുണ്ട്‌. കഴിഞ്ഞ ദിവസം നടന്ന ജര്‍മന്‍ ലീഗില്‍ തകര്‍ന്ന ബയേണിന്‌ ഇന്ന്‌ ജയിക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടി വരും.

No comments: