Thursday, April 16, 2009

CHURCHIL THE WINNERS


മല്‍സരഫലങ്ങള്‍
ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ 6- മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌- 6
സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ 3- എയര്‍ ഇന്ത്യ- 1
ഈസ്‌റ്റ്‌ ബംഗാള്‍ 2- ഡെംപോ ഗോവ-2
മഹീന്ദ്ര യുനൈറ്റഡ്‌ 2- മോഹന്‍ ബഗാന്‍- 1
ജെ.സി.ടി മില്‍സ്‌ 1- മുംബൈ എഫ്‌.സി- 0
ചിരാഗ്‌ യുനൈറ്റഡ്‌ 4-വാസ്‌്‌കോ ഗോവ- 1
ചര്‍ച്ചില്‍-ദി ചാമ്പ്യന്‍സ്‌
മഡ്‌ഗാവ്‌: ചര്‍ച്ചില്‍ അലിമാവോയുടെ സ്വന്തം ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ ഇന്ത്യയിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍പ്പട്ടം... ഐ ലീഗ്‌ ഫുട്‌ബോളിന്റെ രണ്ടാം പതിപ്പിന്‌ വിരാമമായപ്പോള്‍ 46 പോയന്റുമായി വളരെ വ്യക്തമായ മാര്‍ജിനിലാണ്‌ ചര്‍ച്ചില്‍ ചാമ്പ്യന്മാരായിരിക്കുന്നത്‌. ഇന്നലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന അവസാന മല്‍സരത്തില്‍ ചര്‍ച്ചില്‍ 6-2ന്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെ തരിപ്പണമാക്കിയപ്പോള്‍ കിരീട പ്രതീക്ഷയുണ്ടായിരുന്ന മോഹന്‍ ബഗാന്‍ 43 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. മഹീന്ദ്ര യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ ബഗാന്‍ 1-2ന്‌ പരാജയപ്പെടുകയായിരുന്നു. എയര്‍ ഇന്ത്യയെ 3-1ന്‌ തകര്‍ത്ത സ്‌പോര്‍ട്ടിംഗ്‌ ഗോവക്കാണ്‌ മൂന്നാം സ്ഥാനം. മുന്‍ ചാമ്പ്യന്മാരായ ജെ.സി.ടി മില്‍സ്‌ ഫഗ്വാര, എയര്‍ ഇന്ത്യ മുംബൈ, മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌, വാസ്‌ക്കോ ഗോവ എന്നിവര്‍ രണ്ടാം ഡിവിഷനിലേക്ക്‌ തരം താഴ്‌ത്തപ്പെട്ടു.
ചാമ്പ്യന്മാര്‍ക്കൊത്ത പ്രകടനം നടത്തിയാണ്‌ ചര്‍ച്ചില്‍ ഒന്നാം സ്ഥാനവും 50 ലക്ഷവും കൈവശമാക്കിയിരിക്കുന്നത്‌. ഇന്നലെ അല്‍ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമായിരുന്നു ചര്‍ച്ചിലിന്‌ കിരീടം അകലുക. പോയന്റ്‌്‌ നിലയില്‍ ഒപ്പമുണ്ടായിരുന്ന മോഹന്‍ ബഗാന്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും മെച്ചപ്പെട്ട ഗോള്‍ ശരാശരി നല്‍കിയ ആനുകൂല്യത്തില്‍ ആത്മവിശ്വാസത്തോടെയാണ്‌ ഒഡാഫെ ഒനാകെ എന്ന നൈജീരിയക്കാരന്റെ നേതൃത്ത്വത്തില്‍ ടീം ഇറങ്ങിയത്‌. ആക്രമണ സോക്കര്‍ തന്നെ പുറത്തിറക്കിയ ചര്‍ച്ചില്‍ ആദ്യ 15 മിനുട്ടില്‍ തന്നെ രണ്ട്‌ ഗോള്‍ ലീഡ്‌ സ്വന്തമാക്കി. തുടക്കത്തില്‍ തന്നെ സെല്‍ഫ്‌ ഗോള്‍ വഴങ്ങിയ മുഹമ്മദന്‍സ്‌ വട്ടപൂജ്യമായി മാറിയിട്ടും അവരുടെ വലയില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നത്‌ വലയം കാത്ത മാനസ്‌ ബറൂവ പ്രകടിപ്പിച്ച കരുത്തിലാണ്‌. ഏത്‌ നിമിഷവും ഗോളടിക്കുമെന്ന പ്രതീതിയില്‍ ആക്രമണ തിരമാലകളുയര്‍ത്തിയ ചര്‍ച്ചിലിന്റെ മുന്‍നിരക്കാരില്‍ നിന്ന്‌്‌ പത്ത്‌ തവണയെങ്കിലും ആദ്യ 45 മിനുട്ടില്‍ ബറൂവ ടീമിനെ തുണച്ചു. രണ്ടാം പകുതിയില്‍ മൈക്‌്‌ ഒകരോയിലുടെ ഒരു ഗോള്‍ മുഹമ്മദന്‍സ്‌ തിരിച്ചടിച്ചപ്പോള്‍ നാല്‌ ഗോളുകളുമായാണ്‌ ചര്‍ച്ചിലുകാര്‍ പ്രതികരിച്ചത്‌.
ചര്‍ച്ചിലിനെ മുഹമ്മദന്‍സ്‌ തോല്‍പ്പിച്ചാല്‍ മാത്രമായിരുന്നു ബഗാന്റെ സാധ്യതകള്‍. ന്യൂഡല്‍ഹിയിലെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ പക്ഷേ ബൈജൂംഗ്‌ ബൂട്ടിയയുടെ സംഘത്തിന്‌ പ്രതീക്ഷ കാക്കാനായില്ല. മഹീന്ദ്ര യുനൈറ്റഡ്‌ 2-1 ന്റെ വിജയമാണ്‌ കരസ്ഥമാക്കിയത്‌. മഡ്‌ഗാവിലെ മല്‍സരത്തില്‍ കണ്ണുംനട്ടാണ്‌ ഡല്‍ഹിയില്‍ ബഗാന്‍ കളിച്ചത്‌. പക്ഷേ മുഹമ്മദന്‍സിന്റെ വലയില്‍ തുടക്കത്തില്‍ തന്നെ രണ്ട്‌ ഗോളുകള്‍ ചര്‍ച്ചില്‍ നിക്ഷേപിച്ച വാര്‍ത്തയറിഞ്ഞതോടെ ബഗാന്‍ താരങ്ങള്‍ തളര്‍ന്നു. ഈ തളര്‍ച്ചയാണ്‌ മഹീന്ദ്ര ഉപയോഗപ്പെടുത്തിയത്‌. പ്രതിരോധ നിരയിലെ കരുത്തരായ നാല്‌ താരങ്ങളുടെ അഭാവം ബഗാന്റെ പ്രകടനത്തില്‍ പ്രകടമായിരുന്നു. മഹീന്ദ്ര സംഘത്തിലെ മുന്‍നിരക്കാരായ ചിദി എദ്ദെയും മുഹമ്മദ്‌ റാഫിയും പന്തുമായി അനായാസം കടന്നുകയറുകയായിരുന്നു. എദ്ദെയെ പ്രതിരോധിക്കാന്‍ പലപ്പോഴും ആരുമില്ലാത്ത അവസ്ഥയായിരുന്നു.
സ്‌പോര്‍ട്ടിംഗ്‌ ഗോവ രണ്ടാം സ്ഥാനത്തിനായാണ്‌ കളിച്ചത്‌. എയര്‍ ഇന്ത്യയെ 3-1ന്‌ തോല്‍പ്പിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ക്ക്‌ ബഗാനെ പിന്നിലാക്കാന്‍ കഴിഞ്ഞില്ല. 43 പോയന്റാണ്‌ സ്‌പോര്‍ട്ടിംഗ്‌ നേടിയത്‌. തോല്‍വി പക്ഷേ എയര്‍ ഇന്ത്യക്ക്‌ കനത്ത ആഘാതമായി. തരം താഴ്‌ത്തല്‍ കടമ്പ പിന്നിടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ അവര്‍ക്ക്‌ സ്വന്തം തോല്‍വിയും ചിരാഗിന്റെ വിജയവുമാണ്‌ ആഘാതമായത്‌. വാസ്‌ക്കോ ഗോവയെ തകര്‍ത്ത ചിരാഗ്‌ 26 പോയന്റുമായി നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ജെ.സി.ടിക്കാര്‍ക്ക്‌ ചരിത്രത്തിലെ വലിയ നാണക്കേടാണ്‌ സംഭവിച്ചിരിക്കുന്നത്‌. മുംബൈ എഫ്‌.സിയെ ഒരു ഗോളിന്‌ തോല്‍പ്പിച്ചിട്ടും ജെ.സി.ടിക്കാര്‍ക്ക്‌ മുഖം രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഗോള്‍ വേട്ട, ഒന്നാമന്‍ ഒഡാഫെ
കൊല്‍ക്കത്ത: ഐ ലീഗിന്റെ രണ്ടാം പതിപ്പില്‍ കണ്ടത്‌ ഗോള്‍ വേട്ട... ! മൂന്നൂറിലധികം ഗോളുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പിറന്നത്‌. ഇന്നലെ നടന്ന അഞ്ച്‌ അവസാന റൗണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ മാത്രമായി പിറന്നത്‌ 25 ഗോളുകള്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ മുന്‍നിരക്കാരന്‍ ഒഡാഫെ ഒനാകെ ഒകോലിയുടെ ബൂട്ടില്‍ നിന്ന്‌ മാത്രം 26 ഗോളുകളാണ്‌ പിറന്നത്‌. നൈജീരിയിക്കാരനാണ്‌ ചാമ്പ്യന്‍ഷിപ്പിലെ ടോപ്‌ സ്‌ക്കോറര്‍. രണ്ട്‌ തവണയാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഒഡാഫെ ഹാട്രിക്‌ സ്വന്തമാക്കിയത്‌. വാസ്‌ക്കോക്കെതിരായ മല്‍സരത്തിലായിരുന്നു ആദ്യ ഹാട്രിക്‌. വാസ്‌ക്കോക്കെതിരായ റിട്ടേണ്‍ മല്‍സരത്തിലും അദ്ദേഹം ഹാട്രിക്‌ കരസ്ഥമാക്കി. ചര്‍ച്ചിലിന്റെ യഥാര്‍ത്ഥ കരുത്ത്‌ ഈ താരമായിരുന്നു. പന്ത്‌ കിട്ടുമ്പോഴെല്ലാം എതിര്‍ പ്രതിരോധനിരക്ക്‌ പിടിപ്പത്‌ പണി നല്‍കുന്ന ഒഡാഫെ ഇന്നലെ അവസാന മല്‍സരത്തിലും ഈ പതിവ്‌ ആവര്‍ത്തിച്ചു. മുഹമ്മദന്‍സിന്റെ പ്രതിരോധ നിരക്കാരെ പലവട്ടം വെള്ളം കുടിപ്പിച്ച നായകന്റെ കൗശലത്തിലാണ്‌ രണ്ടാം പകുതിയില്‍ ചര്‍ച്ചില്‍ നാല്‌ ഗോളുകള്‍ സ്വന്തമാക്കിയത്‌.
ഇത്തവണ നിരാശപ്പെടുത്തിയ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ റാന്‍ഡി മാര്‍ട്ടിനസ്‌ 12 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത്‌ ഒഡാഫെക്ക്‌ പിറകിലെത്തി. ചര്‍ച്ചിലിന്റെ തന്നെ ഫെലിക്‌സ്‌ ചിമാക്കോയും 12 തവണ പ്രതിയോഗികളുടെ വല ചലിപ്പിച്ചു.
ടോപ്‌ സ്‌ക്കോറര്‍ പട്ടികയിലെ നാലാമനും വിദേശ താരമാണ്‌-മോഹന്‍ ബഗാന്‍ എഫ്‌.സിയുടെ ബ്രസീലുകാരനായ ജോസ്‌ റാമിറസ്‌ ബരാറ്റോ. പത്ത്‌ ഗോളുകളാണ്‌ ബരാറ്റോ നേടിയതെങ്കില്‍ അഞ്ചാമത്‌ വന്നിരിക്കുന്നത്‌ ഈസ്‌റ്റ്‌ ബംഗാളിന്റെ നൈജിരിയന്‍ താരം യൂസഫ്‌ യാക്കൂബാണ്‌. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌്‌ ബഗാന്റെ നായകന്‍ ബൂട്ടിയയും ഈസ്‌റ്റ്‌ ബംഗാളിന്റെ സുനില്‍ ചേത്രിയുമാണ്‌. ഇരുവരും ഒമ്പത്‌ ഗോളുകള്‍ വീതം സ്‌ക്കോര്‍ ചെയ്‌തു. പക്ഷേ അവസാന മല്‍സരത്തില്‍ ടീമിന്റെ പ്രതീക്ഷ കാക്കാന്‍ ബൂട്ടിയക്ക്‌ കഴിഞ്ഞില്ല.

വിദേശ ചിറകില്‍ ചര്‍ച്ചില്‍
മഡ്‌ഗാവ്‌: ഇന്നലെ ചര്‍ച്ചില്‍ അലിമാവോ എന്ന ചര്‍ച്ചിലിന്റെ ഉടമ സ്വന്തം താരങ്ങളോട്‌ പറഞ്ഞത്‌ ഗോളുകള്‍ മാത്രമടിക്കാനായിരുന്നു. ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐ ലീഗിലെ അവസാന മല്‍സരം സ്വന്തം ടീം കളിക്കുമ്പോള്‍ പഴയ ഗോവന്‍ ഭരണാധികാരി പൂര്‍ണ്ണസമയം സ്‌റ്റേഡിയത്തില്‍ ആഹ്ലാദചിത്തനായി ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ഈ കപ്പിന്‌ വേണ്ടി കാത്തിരിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സത്തില്‍ മോഹന്‍ ബഗാന്‍ മഹീന്ദ്രയെ പരാജയപ്പെടുത്തിയാലും ഇവിടെ തന്റെ ടീമിന്‌ ഒന്നും സംഭവിക്കില്ല എന്ന ശുഭാപ്‌തി വിശ്വാസം മല്‍സരത്തിന്‌ മുമ്പ്‌ തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഞങ്ങള്‍ക്കാണ്‌ ഇത്തവണ കിരീടം-ക്ലബ്‌ ഉടമയുടെ വാക്കുകള്‍ ഒഡാഫെ ഒനാകെയും സംഘവും സത്യമാണെന്ന്‌ തെളിയിച്ചു.
1988 ല്‍ രൂപീകരിക്കപ്പെട്ട ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ ഇത്‌ വരെ കാര്യമായ സ്‌പോണ്‍സര്‍മാരില്ല. ടീമിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ അലിമാവോ തന്നെയായിരുന്നു. 22 മല്‍സരങ്ങള്‍ കളിച്ച ടീമിന്‌ 13 വിജയങ്ങളും ഏഴ്‌ സമനിലകളും സമ്പാദിക്കാനായപ്പോള്‍ രണ്ടോ രണ്ട്‌ മല്‍സരങ്ങളില്‍ മാത്രമാണ്‌ പരാജയം പിണഞ്ഞത്‌. അവുടെ പ്രഹര ശേഷിക്ക്‌ കരുത്തായി പിറന്നത്‌ 53 ഗോളുകളാണ്‌. ഇതില്‍ 24 ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌്‌ ഒഡാഫെ എന്ന മുന്‍നിരക്കാന്‍. 23 ഗോളുകളാണ്‌ ചര്‍ച്ചില്‍ വാങ്ങിയത്‌.
സോറാന്‍ ഡോര്‍ജെവിക്‌ എന്ന വിദേശ പരിശീലകന്‌ കീഴിലായിരുന്നു തുടക്കം മുതല്‍ ടീം. ടീമിന്റെ കുന്തമുനകളായി നൈജീരിയക്കാരായ ഒഡാഫെയും ഫെലിക്‌സ്‌ ചിമോക്കോയും ഒഗ്‌കാലവും. മുന്‍നിരയില്‍ ഒഡാഫെക്കൊപ്പം ഡി രാജു എന്ന ഇന്ത്യന്‍ താരവും.
ടീമിനെ ഒരു യൂണിറ്റാക്കി മാറ്റുന്നതില്‍ വിജയിച്ച സെര്‍ബിയന്‍ കോച്ച്‌്‌ സോറാന്‍ ഡോര്‍ഡെവിച്ചിനാണ്‌ അലിമാവോ മാര്‍ക്ക്‌ നല്‍കുന്നത്‌. ഇന്ത്യന്‍ ലീഗില്‍ ധാരാളം വര്‍ഷങ്ങളായി കളിക്കുന്ന ഒഡാഫെയും ഫെലിക്‌സും കാലുവും മൈതാനങ്ങളെയും പ്രതിയോഗികളെയും പഠിക്കുന്നതല്‍ വിദഗ്‌ദ്ധരായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലം ഗോവ തന്നെയാണെന്ന സത്യം കൊല്‍ക്കത്തക്കാര്‍ക്ക്‌ മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞതിലും അലീമാവോ സന്തോഷവാനാണ്‌. മോഹന്‍ ബഗാനായിരുന്നു ജേതാക്കളെങ്കില്‍ അത്‌ ഗോവന്‍ ഫുട്‌ബോളിനും ആഘാതമാവുമായിരുന്നു. കാരണം കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ദേശീയ ലീഗില്‍ ഗോവന്‍ ആധിപത്യമാണ്‌. ദേശീയ ലീഗ്‌ ഐ ലീഗായപ്പോഴും ആദ്യ ചാമ്പ്യന്‍പ്പട്ടം ഗോവയിലേക്ക്‌ ഡെംപോ കൊണ്ടു പോയിരുന്നു.
ഇത്തവണ ചാമ്പ്യന്‍ഷിപ്പിലെ റെക്കോര്‍ഡുകളില്ലെല്ലാം ചര്‍ച്ചിലാണ്‌. രണ്ട്‌ ഹാട്രിക്‌ സ്വന്തമാക്കിയ ഒഡാഫെ പുതിയ ചരിതമായപ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ വിജയവും ചര്‍ച്ചിലിനൊപ്പമായിരുന്നു. ഫെബ്രുവരി 20ന്‌ മഡ്‌ഗാവില്‍ നടന്ന മല്‍സരത്തില്‍ ചര്‍ച്ചില്‍ വാസ്‌ക്കോയെ തോല്‍പ്പിച്ചത്‌ 9-1 എന്ന മാര്‍ജിനിലായിരുന്നു.
അവസാന പോയന്റ്‌ നില
1-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവ-46
2-മോഹന്‍ ബഗാന്‍ എഫ്‌.സി കൊല്‍ക്കത്ത-43
3-സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ-43
4-ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ-31
5-മഹീന്ദ്ര യുനൈറ്റഡ്‌ മുംബൈ-31
6-ഈസ്‌റ്റ്‌ ബംഗാള്‍ ക്ലബ്‌ കൊല്‍ക്കത്ത-28
7-മുംബൈ ഫുട്‌ബോള്‍ ക്ലബ്‌-28
8-ചിരാഗ്‌ യുനൈറ്റഡ്‌ കൊല്‍ക്കത്ത-26
9-ജെ.സി.ടി മില്‍സ്‌ ഫഗ്‌വാര-25
10-എയര്‍ ഇന്ത്യ മുംബൈ-24
11-മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗ്‌ കൊല്‍ക്കത്ത-22
12-വാസ്‌ക്കോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ-10

ഇംഗ്ലീഷ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഘട്ടം പൂര്‍ത്തിയായപ്പോഴും തെളിഞ്ഞ്‌ നില്‍ക്കുന്നത്‌ ഇംഗ്ലീഷ്‌ ആധിപത്യം. സെമി ബെര്‍ത്ത്‌ നേടിയ നാല്‌ ടീമുകളില്‍ മൂന്നൂം പ്രീമിയര്‍ ലീഗ്‌ ക്ലബുകള്‍. അന്യരായി സ്‌പാനിഷ്‌ കരുത്തായ ബാര്‍സിലോണ മാത്രം. പോയ വര്‍ഷവും ഇതായിരുന്നു അവസ്ഥ. നിലവിലെ ജേതാക്കളായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ചെല്‍സി, ആഴ്‌സനല്‍ എന്നിവരാണ്‌ സെമി ബെര്‍ത്ത്‌ നേടിയവര്‍. കഴിഞ്ഞ വര്‍ഷം സെമി കളിച്ച നാലില്‍ മൂന്ന്‌ ടീമും ഇംഗ്ലണ്ടില്‍ നിന്നായിരുന്നു. അന്ന്‌ ലിവര്‍പൂളിനുണ്ടായിരുന്ന സ്ഥാനം ഇത്തവണ ആഴ്‌സനല്‍ നേടിയെന്ന്‌ മാത്രം.
സെമി അങ്കങ്ങള്‍ 28ന്‌ ആരംഭിക്കും. ഒന്നാം സെമിയുടെ ഒന്നാം പാദം ഓള്‍ഡ്‌ ട്രാഫോഡില്‍ 28ന്‌ നടക്കുമ്പോള്‍ ആതിഥേയരായ മാഞ്ചസ്‌റ്ററിന്‌ മുന്നില്‍ വരുന്നത്‌ ആഴ്‌സനല്‍. മെയ്‌ 5 ന്‌ രണ്ടാം പാദ മല്‍സരം എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ നടക്കും. ഏപ്രില്‍ 29 നാണ്‌ ബാര്‍സ-ചെല്‍സി സെമിയുടെ ആദ്യപാദം. നുവോ കാമ്പിലാണ്‌ ആദ്യ മല്‍സരം. മെയ്‌ 6 ന്‌ സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ രണ്ടാം പാദം നടക്കും.
ഇന്നലെ നടന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോളിന്‌ എഫ്‌.സി പോര്‍ട്ടോയെയും ആഴ്‌സനല്‍ മൂന്ന്‌ ഗോളിന്‌ വില്ലാ റയലിനെയും പരാജയപ്പെടുത്തി. ഓള്‍ഡ്‌ ട്രാഫോഡില്‍ ആദ്യ പാദത്തില്‍ 2-2 സമനില കൈവരിച്ച പോര്‍ട്ടാക്കിയിരുന്നു സ്വന്തം മൈതാനത്ത്‌ നടന്ന രണ്ടാം പാദത്തില്‍ സാധ്യത. പക്ഷേ മല്‍സരത്തിന്റെ ആറാം മിനുട്ടില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോംഗ്‌ റേഞ്ചര്‍ ഗോള്‍ മല്‍സരത്തിന്റെ വിധി നിര്‍ണ്ണയിച്ചു. കഴിഞ്ഞ ചില മല്‍സരങ്ങളില്‍ ചിത്രത്തില്‍ തന്നെ ഇല്ലാതിരുന്ന റൊണാള്‍ഡോ ഇന്നലെ ടീമിനെ നയിച്ചപ്പോള്‍ പുതിയ പയ്യന്‍സ്‌ മച്ചേഡയും അരങ്ങ്‌ തകര്‍ത്തു. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം മുതലാക്കിയ റൊണാള്‍ഡോയുടെ ഗോള്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു. പോര്‍ട്ടോ പെനാല്‍ട്ടി ബോക്‌സിന്‌ അരികില്‍ നിന്ന്‌ പന്ത്‌ ലഭിച്ചപ്പോള്‍ റൊണാള്‍ഡോക്ക്‌ മുന്നില്‍ പ്രതിരോധ നിരക്കാരുണ്ടായിരുന്നില്ല. അവസരം ഉപയോഗപ്പെടുത്തി അദ്ദേഹം പായിച്ച ലോംഗ്‌ റേഞ്ചര്‍ പോര്‍ട്ടോയുടെ വല തുളച്ചു കയറി. തിരിച്ചടിക്കാന്‍ പോര്‍ട്ടോ നടത്തിയ ശ്രമങ്ങളെല്ലാം റിയോ ഫെര്‍ഡിനാന്‍ഡ്‌ നയിച്ച മാഞ്ചസ്റ്റര്‍ പ്രതിരോധവും ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍ സറും ഇല്ലാതാക്കി.
തിയോ വാല്‍ക്കോട്ട്‌, ഇമാനുവല്‍ അബിദേയര്‍, റോബിന്‍ വാന്‍ പര്‍സി എന്നിവരുടെ ഗോളുകളിലാണ്‌ ആഴ്‌സനല്‍ സ്‌പാനിഷ്‌ എതിരാളികളായ വില്ലാ റയലിനെ തരിപ്പണമാക്കിയത്‌. ആദ്യപാദത്തില്‍ 1-1 ലായിരുന്ന മല്‍സരം. പത്താം മിനുട്ടിലായിരുന്നു വാല്‍ക്കോട്ടിന്റെ ഗോള്‍. രണ്ടാം പകുതി പത്ത്‌ മിനുട്ട്‌ പിന്നിട്ടപ്പോള്‍ അബിദേയര്‍ ലീഡുയര്‍ത്തി. പെനാല്‍ട്ടി കിക്കില്‍ നിന്നും അറുപത്തിയൊമ്പതാം മിനുട്ടിലായിരുന്നു വാന്‍ പര്‍സിയുടെ ഗോള്‍.

ഗില്ലിയുടെ ചിറകില്‍ ചാര്‍ജേഴ്‌സ്‌
വി.വി.എസ്‌ ലക്ഷ്‌മണ്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ഹര്‍ഷല്‍ ഗിബ്‌സ്‌, ഷാഹിദ്‌ അഫ്രീദി-ഇവരെല്ലാം കളിച്ച ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ ഐ.പി.എല്ലിന്റെ പ്രഥമ സീസണില്‍ പിന്തള്ളപ്പെട്ടപ്പോള്‍ 20:20 ക്രിക്കറ്റിന്റെ സുന്ദരമായ അനിശ്ചിതത്വം തെളിഞ്ഞതാണ്‌. ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നത്‌ ഡക്കാനായിരുന്നു. അത്ര മാത്രം പ്രഹര ശേഷിയുണ്ടായിരുന്നു അവരുടെ ബാറ്റിംഗ്‌ ലൈനപ്പിന്‌. പന്തിനെ പുഷ്‌പം പോലെ പരത്തുന്ന ഗില്ലിയും സൈമണ്ട്‌സും അഫ്രീദിയും പക്ഷേ റണ്‍സിന്‌ പ്രയാസപ്പെട്ടു. നായകനായ ലക്ഷ്‌മണാവട്ടെ ടീമിനെ ഒരുമിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു. അങ്ങനെ അവസാന സ്ഥാനങ്ങളിലേക്ക്‌ പിന്തള്ളപ്പെട്ട ടീം ഇത്തവണ നായകസ്ഥാനത്ത്‌ നിന്ന്‌ ഐക്കണ്‍ താരമായ ലക്ഷ്‌മണെ മാറ്റിയിരിക്കുന്നു. ഗില്ലിയാണ്‌ ടീമിനെ നയിക്കുന്നത്‌.
ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കാന്‍ ലഭിച്ച അവസരങ്ങളില്ലെല്ലാം കരുത്ത്‌ പ്രകടിപ്പിച്ച ലോക ക്രിക്കറ്റിലെ അജയ്യനായ ബാറ്റ്‌സ്‌മാനാണ്‌ ഗില്ലി. രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട ശേഷം അദ്ദേഹത്തിന്‌ തിരക്ക്‌ ഒഴിഞ്ഞിട്ടുണ്ട്‌. ഐ.പി.എല്ലില്‍ സ്വന്തം ടീമിനെ ഭദ്രമായി നയിക്കാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം ഉറപ്പ്‌ നല്‍കുന്നത്‌. മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നതിനാല്‍ ഹര്‍ഷല്‍ ഗിബ്‌സ്‌ എന്ന താരത്തിന്റെ പ്രയോജനമാണ്‌ ഗില്ലി എടുത്തു പറയുന്നത്‌. ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ സേവനം ടീമിന്‌ തുടക്കത്തിലുണ്ടാവില്ല. ദുബായില്‍ പാക്കിസ്‌താനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാനുളള ഓസീസ്‌ സംഘത്തില്‍ അംഗമാണ്‌ ആന്‍ഡ്ര്യൂ. പക്ഷേ ഐ.പി.എല്ലിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനുണ്ടാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. പാക്കിസ്‌താന്‍ താരങ്ങള്‍ ഇത്തവണ കളിക്കാത്തതിനാല്‍ അഫ്രീദി പുറത്താണ്‌. ബാറ്റിംഗില്‍ മറ്റ്‌ കാര്യമായ പ്രതീക്ഷകള്‍ ഇന്ത്യന്‍ താരം രോഹിത്‌ ശര്‍മ്മയും കിവി ഓള്‍റൗണ്ടര്‍ സ്‌ക്കോട്ട്‌ സ്‌റ്റൈറിസും ലങ്കയുടെ ചമര സില്‍വയും വിന്‍ഡീസിന്റെ ഡ്വിന്‍ സ്‌മിത്തുമാണ്‌. ബാറ്റിംഗില്‍ ഇത്ര പ്രതിഭാശാലികളുണ്ടെങ്കിലും ബൗളിംഗില്‍ ടീമിന്‌ ദൗര്‍ബല്യമുണ്ട്‌. ചാമിന്ദ വാസ്‌, നുവാന്‍ സോയ്‌സ, ആര്‍.പി സിംഗ്‌ എന്നിവര്‍ മാത്രമാണ്‌ വിലാസമുള്ള ബൗളര്‍മാര്‍. കേപ്‌ടൗണില്‍ സൗരവ്‌ ഗാംഗുലിയുടെ നൈറ്റ്‌ റൈഡേഴ്‌സാണ്‌ ചാര്‍ജേഴ്‌സിന്റെ ആദ്യ എതിരാളികള്‍.
ഡെവിള്‍സ്‌
വീരേന്ദര്‍ സേവാഗ്‌ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നിരയില്‍ ഇത്തവണ വിലപിടിപ്പുള്ള താരനിരയുണ്ട്‌. ഇന്ത്യയുടെ പുതിയ കണ്ടുപിടത്തമായ ഗൗതം ഗാംഭീര്‍, ലങ്കയുടെ തിലക രത്‌നെ ദില്‍ഷാന്‍, ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്‌്‌സ്‌, ഇംഗ്ലണ്ടിന്റെ ഒവൈസ്‌ഷാ തുടങ്ങിയ ബാറ്റ്‌സ്‌മാന്മാര്‍. ബൗളിംഗില്‍ ഗ്ലെന്‍ മക്‌ഗ്രാത്തിനൊപ്പം പര്‍വേസ്‌ മഹറൂഫും യോ മഹേഷും ആശിഷ്‌ നെഹ്‌റയും ഉമേഷ്‌ യാദവും. ഓള്‍റൗണ്ടര്‍മാരായി ഡാനിയല്‍ വെട്ടോരിയും പോള്‍ കോളിംഗ്‌വുഡും. കടലാസിലെ ഈ കരുത്ത്‌ മല്‍സരക്കളത്തില്‍ പ്രകടിപ്പിക്കാനായാല്‍ തീര്‍ച്ചയായും ഇത്തവണ കപ്പിന്‌ സാധ്യതയുളളവരുടെ സംഘത്തില്‍ വിരുവിന്റെ ടീമുണ്ടാവും.
ടീമിന്റെ നെടുംതൂണ്‍ നായകന്‍ തന്നെയാണ്‌. ലോക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതിയുളള വിരു ഇപ്പോള്‍ നല്ല ഫോമിലുമാണ്‌. ഗാംഭീര്‍-വീരു സഖ്യത്തിന്റെ കരുത്ത്‌ എതിരാളികള്‍ക്ക്‌ നന്നായി അറിയാം. മുന്‍നിര ബാറ്റിംഗിന്‌ കരുത്ത്‌ പകരാന്‍ ഡി വില്ലിയേഴ്‌സും ദില്‍ഷാനും ഒവെസുമെല്ലാമുണ്ട്‌. ബൗളിംഗിലും സ്ഥിരത. തന്റെ ടീം ഇത്തവണ കപ്പ്‌ സ്വന്തമാക്കുമെന്ന്‌ വീരു പറയുന്നത്‌ വെറുതെയല്ല.

ഏഴര മിനുട്ട്‌ ബ്രേക്ക്‌
ഇത്തവണ ഐ.പി.എല്‍ മല്‍സരങ്ങളില്‍ ഓരോ പത്ത്‌ ഓവറിനിടെയും ടീമുകള്‍ക്ക്‌ ഏഴര മിനുട്ടിന്റെ ബ്രേക്കുണ്ടാവും. കച്ചവട തന്ത്രത്തിന്റെ ഭാഗമായാണ്‌ പുതിയ നീക്കം. മൂന്ന്‌ മണിക്കര്‍ ശേഷിച്ചിരുന്ന മല്‍സരങ്ങള്‍ ഇതോടെ മൂന്നര മണിക്കൂറായി മാറും.

1 comment:

പാവപ്പെട്ടവന്‍ said...

ഏഴര മിനുട്ട്‌ ബ്രേക്ക്‌
ഇത്തവണ ഐ.പി.എല്‍ മല്‍സരങ്ങളില്‍ ഓരോ പത്ത്‌ ഓവറിനിടെയും ടീമുകള്‍ക്ക്‌ ഏഴര മിനുട്ടിന്റെ ബ്രേക്കുണ്ടാവും
അസുഖകരമായ ഒരു തീരുമാനം