Thursday, April 30, 2009

DIL DILSHAN

ദില്‍ഹേ ദില്‍ഷാന്‍
സെഞ്ചൂറിയന്‍: അപരാജിതരായി മുന്നേറിയ ആദം ഗില്‍ക്രൈസ്റ്റിന്റെ ഡക്കാന്‍ സംഘത്തിന്‌ ആദ്യ തോല്‍വി സമ്മാനിച്ച്‌ വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍
കരുത്ത്‌ കാട്ടി. മധ്യനിര ബാറ്റ്‌സ്‌മാന്‍ തിലകരത്‌നെ ദില്‍ഷാന്‍ നയിച്ച വഴിയില്‍ നീങ്ങിയാണ്‌ ആറ്‌ വിക്കറ്റിന്റെ വിജയത്തിനൊപ്പം പോയന്റ്‌ ടേബിളില്‍ ഒന്നാം സ്ഥാനവും ഡല്‍ഹി റാഞ്ചിയത്‌. സൂപ്പര്‍ സ്‌പോര്‍ട്ട്‌ പാര്‍ക്കില്‍ ആദ്യം ബാറ്റ്‌ ചെയ്‌തത്‌ ഡക്കാനായിരുന്നു. വെടിക്കെട്ടുകാരായ ഗില്‍ക്രൈസ്റ്റും ഹര്‍ഷല്‍ ഗിബ്‌സും തുടക്കത്തില്‍ തന്നെ സ്‌പിന്‍ മാന്ത്രികതയില്‍ വീണപ്പോള്‍ ടീമിന്‌ നേടാനായത്‌ ഒമ്പത്‌ വിക്കറ്റിന്‌ 148 റണ്‍സ്‌. സേവാഗും ഗാംഭീറും ദില്‍ഷാനുമെല്ലാം കളിക്കുന്ന ഡല്‍ഹിക്ക്‌ മുന്നില്‍ ഈ സ്‌ക്കോര്‍ പോരായിരുന്നു. പുറത്താവാതെ 52 റണ്‍സ്‌ നേടിയ ലങ്കന്‍ താരത്തിന്റെ മികവില്‍ ഡല്‍ഹി വിജയം നേടി.
ഇത്‌ വരെ ഒരു പരാജയം പോലുമറിയാതെ രാജാക്കന്മാരായി വാണ ഡക്കാന്‍കാര്‍ക്ക്‌ ഇന്നലെ തുടക്കത്തില്‍ തന്നെ പിഴച്ചിരുന്നു. ഡിര്‍ക്‌ നാനസ്‌ എന്ന സ്‌പിന്നറെ കണ്ടപ്പോള്‍ പന്തിനെ ഗ്യാലറിയിലെത്തിക്കാന്‍ കൊതിച്ച ഗില്ലിക്കും ഗിബ്‌സിനും പെട്ടെന്ന്‌ മടങ്ങേണ്ടി വന്നു. ഈ മടക്കം സ്‌ക്കോര്‍ ബോര്‍ഡിനെ കാര്യമായി ബാധിച്ചു. വിന്‍ഡീസുകാരനായ കൂറ്റനടിക്കാരന്‍ ഡ്വിന്‍ സ്‌മിത്ത്‌ ക്രീസില്‍ നിന്ന സമയത്ത്‌ മാത്രമായിരുന്നു ചാര്‍ജേഴ്‌സ്‌ ശരിക്കും ചാര്‍ജ്‌ ചെയ്‌തത്‌. നാല്‌ വിക്കറ്റിന്‌ 55 റണ്‍സ്‌ എന്ന നിലയില്‍ തളര്‍ന്ന ചാര്‍ജേഴ്‌സിനായി 28 പന്തില്‍ നിന്ന്‌ വെടിക്കെട്ട്‌ ബാറ്റിംഗിലൂടെ 48 റണ്‍സ്‌ നേടിയ സ്‌മിത്ത്‌ ജീവന്‍ നല്‍കിയിരുന്നു. കിവി സ്‌പിന്നറായ ഡാനിയല്‍ വെട്ടോരിക്കെതിരെ തുടര്‍ച്ചയായ മൂന്ന്‌ ബൗണ്ടറികള്‍ നേടിയ സ്‌മിത്ത്‌ അമിത്‌ മിശ്രയെ ഡീപ്പ്‌ സ്‌ക്വയര്‍ ലെഗ്ഗിലൂടെ അതിര്‍ത്തി കടത്തി ഭീഷണി മുഴക്കി. വെട്ടോരിക്ക്‌ പകരം മറ്റൊരു സ്‌പിന്നറായ തിലകരത്‌നെ ദില്‍ഷാന്‍ വന്നെങ്കിലും കാര്യമുണ്ടായില്ല. ആര്‍ക്കും പിടിച്ചുകെട്ടാന്‍ കഴിയാത്ത രീതിയില്‍ സ്‌മിത്ത്‌ മുന്നേറവെ ഗത്യന്തരമില്ലാതെ സേവാഗ്‌ പന്ത്‌ ആശിഷ്‌ നെഹ്‌്‌റക്ക്‌്‌ നല്‍കി. ഈ നീക്കമാണ്‌ ഡല്‍ഹിയുടെ ഭാഗ്യമായത്‌. മറ്റൊരു തകര്‍പ്പനടിക്കുളള ശ്രമത്തില്‍ സ്‌മിത്തിന്റെ ബാറ്റിലുരസിയ പന്ത്‌ അദ്ദേഹം പ്രതീക്ഷിച്ച രീതിയില്‍ പറന്നില്ല. ഫീല്‍ഡര്‍ക്ക്‌ കാര്യം എളുപ്പമായി. സ്‌മിത്ത്‌ പോയതും ടീം വീണ്ടും തകര്‍ന്നു. രോഹിത്‌ ശര്‍മ്മയുടെ ചെറുത്തുനില്‍പ്പ്‌ ഗുണം ചെയ്‌തില്ല. എങ്കിലും 148 റണ്‍സ്‌ എന്ന സ്‌ക്കോറിനെ ്‌പ്രതിരോധിക്കാന്‍ ആര്‍.പി സിംഗിനെ പോലുള്ള ബൗളര്‍മാരുള്ളതിനാല്‍ ഡക്കാന്‌ പ്രതീക്ഷയുണ്ടായിരുന്നു.
ഡല്‍ഹി നായകനും ഓപ്പണറുമായ വിരേന്ദര്‍ സേവാഗില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. കഴിഞ്ഞ മല്‍സരങ്ങളിലെ മോശം പ്രകടനത്തില്‍ നിന്നും പാഠമുള്‍കൊണ്ട്‌ അദ്ദേഹം വെറുതെ ബാറ്റ്‌ വീശിയില്ല. ആര്‍.പിയുടെ വൈഡ്‌ പന്തില്‍ കൈകള്‍ സ്വതന്ത്രമാക്കിയ ഘട്ടത്തില്‍ സേവാഗിനെ ഹര്‍ഷല്‍ ഗിബ്‌സ്‌ പിടികൂടി. ഫോമിലുള്ള എബി ഡി വില്ലിയേഴ്‌സാണ്‌ സ്വന്തം മൈതാനത്ത്‌ മൂന്നാം നമ്പറില്‍ വന്നത്‌. പക്ഷേ അഞ്ച്‌ റണ്‍സാണ്‌ യുവതാരത്തിന്‌ നേടാനായത്‌. ഗൗതം ഗാംഭീറും പതിവ്‌ ഫോമിലായിരുന്നില്ല. ഷുഹൈബ്‌ അഹമ്മദിനെതിരെ രണ്ട്‌ ബൗണ്ടറികള്‍ പായിച്ചെങ്കിലും ഒരിക്കല്‍പ്പോലും ചാമ്പ്യന്‍ ബാറ്റ്‌സ്‌മാന്റെ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പാഡില്‍ സ്വീപ്പിന്‌ ശ്രമിച്ച്‌ ഗാംഭീര്‍ പുറത്തായപ്പോള്‍ ഡക്കാന്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
റണ്‍സിനായി വിഷമിച്ച ദിനേശ്‌ കാര്‍ത്തിക്കിന്‌ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്താനുളള അവസരമായിരുന്നു ഇത്‌. കൂട്ടിന്‌ ദില്‍ഷാനും. ഇരുവരും കാടനടികള്‍ക്ക്‌ മുതിര്‍ന്നില്ല. പ്രഗ്യാന്‍ ഒജയുടെ സ്‌പിന്നിനെ ബഹുമാനിച്ചും രോഹിത്‌ ശര്‍മയുടെ സ്‌പിന്നിനെ ആക്രമിച്ചും ഇവര്‍ സ്‌ക്കോര്‍ ഉയര്‍ത്തി. അവസാനത്തില്‍ ഡക്കാന്‍ സീമര്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌സും ദില്‍ഷാനും കൊമ്പ്‌ കോര്‍ത്തെങ്കിലും പ്രശ്‌നങ്ങളില്ലാതെ ഡല്‍ഹിയുടെ വിജയത്തില്‍ മല്‍സരം പര്യവസാനിച്ചു.

ക്യാപ്‌റ്റന്‍
ലണ്ടന്‍: സ്വന്തം നാട്ടില്‍ നടക്കുന്ന 20-20 ലോകകപ്പിനുള്ള ഇംഗ്ലീഷ്‌ സംഘത്തെ നയിക്കാനുളള ചുമതല മുന്‍ നായകന്‍ പോള്‍ കോളിംഗ്‌വുഡിലേക്ക്‌ വരാന്‍ സാധ്യത. ഇന്നാണ്‌ ടീമിനെ പ്രഖ്യാപിക്കുന്നത്‌. ഇംഗ്ലീഷ്‌ ഏകദിന ടീമിന്റെ നായകനായിരുന്ന പോള്‍ ഒമ്പത്‌ മാസം മുമ്പാണ്‌ രാജി നല്‍കിയത്‌. മുപ്പതംഗ സാധ്യതാ ടീമിനെ നേരത്തെ പ്രഖ്യാപിച്ച ഇംഗ്ലണ്ട്‌ ഇന്ന്‌ പതിനഞ്ചംഗ അവസാന ടീമിനെ പ്രഖ്യാപിക്കും. പരുക്കേറ്റ്‌ ശസ്‌ത്രക്രിയ നടത്തിയ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്‌ അവസരമുണ്ടാവുമോ എന്നതാണ്‌ പ്രധാന ചോദ്യം. ജൂണിലാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. ഫ്രെഡ്ഡിക്ക്‌ ഒരു മാസത്തെ വിശ്രമമാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. 24 ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ചിട്ടുള്ള പോള്‍ പത്ത്‌ 20-20 മല്‍സരങ്ങളിലും ടിമന്റെ അമരക്കാരനായിരുന്നു.
പ്രശ്‌നം
അബുദാബി: ഇന്ന്‌ മെയ്‌ 1-ലോക തൊഴിലാളി ദിനം. ഈ ദിനം പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നിര്‍്‌ണ്ണായകമാണ്‌-പ്രത്യേകിച്ച്‌ നായകന്‍ യൂനസ്‌ ഖാന്‌. ഓസ്‌ട്രേലിയക്കതിരായ പഞ്ച മല്‍സര ഏകദിന പരമ്പരയിലെ നാലാം മല്‍സരം ഇന്നിവിടെ നടക്കുമ്പോള്‍ യൂനസിന്‌ വിജയിക്കണം. അല്ലാത്തപക്ഷം പരമ്പരയുമായി ലോക ചാമ്പ്യന്മാര്‍ മടങ്ങും. പരമ്പരയിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങള്‍ നടന്നത്‌ ദുബായിലെ സ്‌പോര്‍ട്‌സ്‌ സിറ്റിയിലെ സ്‌റ്റേഡിയത്തിലായിരുന്നു. അവസാന രണ്ട്‌ മല്‍സരങ്ങള്‍ അബുദാബിയിലാണ്‌. ആദ്യ മല്‍സത്തില്‍ ഷാഹിദ്‌ അഫ്രീദിയുടെ സ്‌പിന്‍ മികവില്‍ ജയിച്ച പാക്കിസ്‌താന്‌ അടുത്ത രണ്ട്‌ മല്‍സരങ്ങളും നഷ്ടമായിരുന്നു. പാക്‌ സ്‌പിന്നര്‍ സയദ്‌ അജ്‌മലിന്റെ ബൗളിംഗ്‌ ആക്ഷന്‍ സംബന്ധിച്ച വിവാദത്തില്‍ രണ്ട്‌ ടീമുകളിലെയും പ്രമുഖര്‍ കൊമ്പ്‌ കോര്‍ത്തത്‌ സംഭവത്തിന്‌ ശേഷം നടക്കുന്ന കളിയായതിനാല്‍ രണ്ട്‌ പേരും വാശിയിലാണ്‌. ഓസീസ്‌ താരം ഷെയിന്‍ വാട്ട്‌സണെതിരെ സംസാരിച്ചതിന്‌ അജ്‌മലിനെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ താക്കീത്‌ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്‌തിരുന്നു. വാട്ട്‌സണാണ്‌ അജ്‌മലിന്റെ ആക്ഷനെതിരെ പരാതി നല്‍കിയതെന്നാണ്‌ പാക്‌ താരങ്ങള്‍ പറയുന്നത്‌. എന്നാല്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ വ്യക്തമാക്കിയത്‌ അത്തരത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ്‌.
ടീമില്‍
കോപ്‌ടൗണ്‍: കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ സംഘത്തില്‍ ഇനി മുതല്‍ ശ്രീലങ്കന്‍ താരം നുവാന്‍ കുലശേഖരയുണ്ടാവും. പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷിന്‌ പകരമാണ്‌ യുവരാജ്‌ സിംഗ്‌ കുലശേഖരയെ വിളിച്ചിരിക്കുന്നത്‌. എത്രയും പെട്ടെന്ന്‌ ടീമിനൊപ്പം ചേരാനാണ്‌ അദ്ദേഹത്തോട്‌ നിര്‍്‌ദ്ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഐ.പി.എല്ലില്‍ പഞ്ചാബ്‌ സംഘത്തിന്റെ കരുത്തായിരുന്നു ഓപ്പണിംഗ്‌ ബാറ്റ്‌സ്‌മാനായ മാര്‍ഷ്‌്‌. ഇത്തവണ അദ്ദേഹം ഓസ്‌ട്രേലിയന്‍ ദേശീയ ടീമില്‍ അംഗമായതിനാല്‍ തുടക്കത്തില്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ പരമ്പരക്ക്‌ ശേഷം ടീമിനൊപ്പം ചേരുമെന്ന്‌ കരുതിയ മാര്‍ഷിന്‌ ദുബായില്‍ നടന്ന ആദ്യ ഏകദിനത്തിനിടെ പരുക്കേറ്റിരുന്നു. ചികില്‍സക്കായി നാട്ടിലേക്ക്‌ മടങ്ങിയ മാര്‍ഷിന്‌ ഡോക്ടര്‍മാര്‍ ഒരു മാസ വിശ്രമം നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ്‌ അദ്ദേഹത്തിന്‌ പകരക്കാരെ തേടി പഞ്ചാബ്‌ രംഗത്തിറങ്ങിയത്‌.

റെഡി
മാഞ്ചസ്റ്റര്‍: യെസ്‌-അലക്‌സ്‌ ഫെര്‍ഗൂസണും സംഘവും ഒരുങ്ങുകയാണ്‌. യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനല്‍ കളിക്കാന്‍ മാത്രമല്ല നിലവിലെ കിരീടം സംരക്ഷിക്കാനും... സ്വന്തം നാട്ടില്‍ നിന്നുളള എതിരാളികള്‍-ആഴ്‌സനലിനെതിരെ നടന്ന ആദ്യപാദ സെമി മല്‍സരത്തില്‍ ജോണ്‍ ഒ സിയായുടെ നിര്‍ണ്ണായക ഗോളില്‍ ലീഡ്‌ നേടിയ ചുവപ്പന്‍ സംഘത്തിന്‌ രണ്ടാം പാദത്തില്‍ പ്രതിരോധം മാത്രം ശ്രദ്ധിച്ചാല്‍ മതി. സൂപ്പര്‍ താരങ്ങളുടെ കരുത്തും, സ്വന്തം മൈതാനത്തെ പിന്തുണയുമെല്ലാം ഉപയോഗപ്പെടുത്തി മാഞ്ചസ്റ്റര്‍ കോച്ച്‌ ഫെര്‍ഗിയുടെ തന്ത്രമാണ്‌ പ്രാവര്‍ത്തികമാക്കിയത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടുക-ആ ഗോള്‍ സംരക്ഷിക്കുക, ഇതായിരുന്നു കോച്ചിന്റെ മുദ്രാവാക്യം. കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്തില്‍ നിന്നുമായിരുന്നു മല്‍സരത്തിലെ ഏക ഗോള്‍. ഗോളിന്‌ ശേഷം ആഴ്‌സനല്‍ ഉണരുമെന്നാണ്‌ കരുതിയതെങ്കില്‍ ആഴ്‌സന്‍ വെംഗറുടെ സംഘത്തിന്‌ ഒരു സംയുക്ത മുന്നേറ്റം പോലും നടത്താന്‍ കഴിഞ്ഞില്ല. ഗോള്‍ക്കീപ്പര്‍ മാനുവല്‍ അലുമിനിയയുടെ മികവില്‍ മാത്രമാണ്‌ വലിയ തോല്‍വിയില്‍ നിന്നും അവര്‍ രക്ഷപ്പെട്ടത്‌. കാര്‍ലോസ്‌ ടെവസ്‌, കൃസ്‌റ്റിയാനോ റൊണാള്‍ഡോ, വെയിന്‍ റൂണി എന്നിവരുടെ തകര്‍പ്പന്‍ നീക്കങ്ങള്‍ക്കും ഷോട്ടുകള്‍ക്കും തടയിട്ടത്‌ ഗോള്‍കീപ്പറായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തില്‍ റൊണാള്‍ഡോ പായിച്ച ഹെഡ്ഡര്‍ ഗോള്‍ വലയത്തില്‍ കയറുമെന്നാണ്‌ കരുതിയത്‌. പക്ഷേ അവസാന നിമിഷത്തില്‍ മുഴൂനീളം ഡൈവ്‌ ചെയ്‌ത്‌ പന്തിനെ അകറ്റിയ അലുമിനി കാണികളെ പോലും അമ്പരിപ്പിച്ചു.
രണ്ടാം പകുതിയില്‍ സെക്‌ ഫാബ്രിഗസ്‌, ഇമാനുവല്‍ അബിദേയര്‍ എന്നിവരിലുടെ തിരിച്ചുവരാന്‍ ആഴ്‌സനല്‍ നടത്തിയ ശ്രമം വിജയം കണ്ടില്ല.

സെഞ്ചൂറിയന്‍: ആദ്യ രണ്ട്‌ വിക്കറ്റുകള്‍ കേവലം 17 റണ്‍സില്‍ നഷ്ടമായ ശേഷം സുരേഷ്‌ റൈനയുടെ രാജകീയ പ്രകടനത്തില്‍ തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ രാജസ്ഥാന്‍ റോല്‍സിനെതിരായ ഐ.പി.എല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 160 റണ്‍സ്‌ സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരുടെ നിരയിലെ സൂപ്പര്‍ താരം യൂസഫ്‌ പത്താനാണ്‌ തുടക്കത്തില്‍ തന്നെ മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തെ വെള്ളം കുടിപ്പിച്ചത്‌. പരീക്ഷണങ്ങളുടെ നായകനായ ഷെയിന്‍ വോണ്‍ പുതിയ പന്ത്‌്‌ നല്‍കിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ യൂസഫ്‌ അപകടകാരിയായ മാത്യൂ ഹെയ്‌ഡനെ മടക്കി. രണ്ട്‌ പന്തുകള്‍ മാത്രം നേരിട്ട ഹെയ്‌ഡന്‌ യൂസഫിന്റെ പന്തിനെ വായിക്കാനായില്ല. റണ്‍സിനായി വിമിച്ച പാര്‍ത്ഥീവ്‌ പട്ടേലിനെയും മടക്കിയ യൂസഫ്‌ ചെന്നൈക്കാരെ ഞെട്ടിച്ചപ്പോള്‍ ക്രീസിലെത്തിയ സുരേഷ്‌ റൈന സമചിത്തതയുടെ ഇന്നിംഗ്‌സാണ്‌ കാഴ്‌ച്ചവെച്ചത്‌. എസ്‌.ബദരീനാഥിനൊപ്പം പതുക്കെ ഇന്നിംഗ്‌സ്‌ കെട്ടിപ്പടുത്ത ഉത്തര്‍ പ്രദേശുകാരന്‍ നിലയുറപ്പിച്ചപ്പോള്‍ അക്രമാസക്തനായി. സിക്‌സറുകളും ബൗണ്ടറികളും മാലപ്പടക്കങ്ങളായി മാറിയപ്പോള്‍ കമറാന്‍ ഖാന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മര്‍ദ്ദനമേറ്റു. കമറാന്റെ ഓരോവറില്‍ മൂന്ന്‌ സിക്‌സറുകള്‍ റൈന പായിച്ചപ്പോള്‍ യുവസീമര്‍ പരുക്കുമായി പുറത്താവേണ്ടി വന്നു. മുനാഫ്‌ പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലാണ്‌ റൈന പുറത്തായത്‌. 55 പന്തില്‍ 10 ബൗണ്ടറിയും അഞ്ച്‌ സിക്‌സറുകളും പായിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌. ക്യാപ്‌റ്റന്‍ ധോണി പുറത്താവാതെ 22 റണ്‍സ്‌ നേട
ി.

1 comment:

maramaakri said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം