Thursday, July 31, 2008

BIG LEEK




ബെയ്‌ജിംഗ്‌: സെക്യൂരിറ്റിയുടെ കാര്യത്തില്‍ എല്ലാവരെയും കടത്തി വെട്ടുകയാണ്‌ ചൈന. എന്നിട്ടും ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകളുടെ റിഹേഴ്‌സല്‍ ചോര്‍ന്നതും പരിപാടികളെല്ലാം ലോകം കണ്ടതും ചൈനീസ്‌ സംഘാടകര്‍ക്ക്‌ കനത്ത ആഘാതമായി. കഴിഞ്ഞ ദിവസം ബേര്‍ഡ്‌സ്‌ നെസ്‌റ്റില്‍ നടന്ന റിഹേഴ്‌സല്‍ ഒരു കൊറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറാണ്‌ ഒളി ക്യാമറയില്‍ ഷൂട്ട്‌ ചെയ്‌തത്‌. കൊറിയന്‍ ടെലിവിഷന്‍ (എസ്‌.ബി.എസ്‌) ഇത്‌ സംപ്രേഷണം ചെയ്യാനും മടിച്ചില്ല. കൊറിയന്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കോപ്പിയടിക്കാന്‍ ലോകത്തെമ്പാടുമുളള ടെലിവിഷന്‍ ചാനലുകളും മടിക്കാതെ രംഗത്ത്‌ വന്നപ്പോള്‍ ചൈന സസ്‌പെന്‍സായി നിലനിര്‍ത്തിയ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഇല്ലാതായി. കഴിഞ്ഞ ദിവസമാണ്‌ ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയത്തില്‍ റിഹേഴ്‌സല്‍ നടന്നത്‌. റിഹേഴ്‌സല്‍ കാണാന്‍ അധികമാരെയും അനുവദിച്ചിരുന്നില്ല. സ്റ്റേഡിയത്തിലേക്ക്‌ കയറ്റിയവരില്‍ കുറച്ചു പേര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവരെ കര്‍ശന പരിശോധനക്ക്‌ വിധയമാക്കിയിരുന്നു. ക്യാമറകള്‍ അനുവദിച്ചിരുന്നില്ല. കര്‍ക്കശ സുരക്ഷയിലും കൊറിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഏങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുള്ളില്‍ കയറിയെന്നത്‌ ഉത്തരം കിട്ടാത്ത ചോദ്യമായും സംഘാടകര്‍ക്ക്‌ നാണക്കേടായും അവശേഷിക്കുന്നു.
2001 ലാണ്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി (ഐ.ഒ.സി) ചൈനക്ക്‌ ഒളിംപിക്‌സ്‌ അനുവദിച്ചത്‌. അന്ന്‌ മുതല്‍ ചൈന ഉദ്‌ഘാടന ചടങ്ങുകള്‍ പ്ലാന്‍ ചെയ്യുന്നു. വളരെ രഹസ്യമായാണ്‌ ഉദ്‌ഘാടന പരിപാടികള്‍ ആസുത്രണം ചെയ്‌തത്‌. മൂന്നര മണിക്കൂര്‍ ദീര്‍ഘിക്കുന്ന പരിപാടികള്‍ ലോകത്തിന്‌ ചൈന സമ്മാനിക്കുന്ന വിരൂന്നായിരിക്കുമെന്നാണ്‌ സംഘാടകര്‍ അവകാശപ്പെട്ടത്‌. ചൈനീസ്‌ പരമ്പരാഗത കലകള്‍ക്കൊപ്പം ഹൈടെക്‌ വിപ്ലവവും സമന്വയിപ്പിച്ച്‌ അതിനൂതനമായി ആവിഷ്‌ക്കരിച്ച പരിപാടി ഓഗസ്‌റ്റ്‌ എട്ടിനാണ്‌ ലോകം ആസ്വദിക്കാനിരുന്നത്‌. പക്ഷേ അയല്‍ക്കാരായ കൊറിയക്കാര്‍ ഇങ്ങനെ ചതിക്കുമെന്ന്‌ സംഘാടകര്‍ കരുതിയില്ല.
ദക്ഷിണ കൊറിയന്‍ ചാനലായ എസ്‌.ബി.എസ്‌ ടി.വി സ്റ്റേഷനാണ്‌ ഉദ്‌ഘാടന പരിപാടികള്‍ ചോര്‍ത്തിയത്‌. ഇന്നലെ രാവിലെയിലെ വാര്‍ത്താ ബുളറ്റിനില്‍ വിശദമായി തന്നെ കൊറിയന്‍ ചാനല്‍ ഉദ്‌ഘാടന പരിപാടികളുടെ റിഹേഴ്‌സല്‍ കാണിച്ചു. സംഭവത്തില്‍ ദു: ഖം പ്രകടിപ്പിച്ച ഒളിംപിക്‌സ്‌ സംഘാടകര്‍ കൊറിയന്‍ ചാനലിനെതിരെയും റിഹേഴ്‌സല്‍ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫര്‍മാരെയും നിരോധിക്കാന്‍ ആലോചിക്കുന്നുണ്ട്‌. ഒളിംപിക്‌സ്‌ നിയമ പ്രകാരം റിഹേഴ്‌സല്‍ ക്യാമറയില്‍ പകര്‍ത്തരുത്‌. തെറ്റ്‌ ചെയ്‌തവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ സംഘാടകര്‍ക്ക്‌ അധികാരവുമുണ്ട്‌. തീര്‍ത്തും നിരുത്തരവാദിത്ത്വ റിപ്പോര്‍ട്ടിംഗാണ്‌ കൊറിയന്‍ ചാനല്‍ നടത്തിയതെന്ന്‌ സംഘാടക സമിതി ഉദ്യോസ്ഥന്‍ സണ്‍ വിയാഡെ കുറ്റപ്പെടുത്തി. ഓഗസ്‌റ്റ്‌ എട്ടിന്‌ ലോകത്തെ വിസ്‌മയിപ്പിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. അത്‌ സംഘാടകര്‍ നിറവേറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊറിയന്‍ ചാനലിന്‌ ഉദ്‌ഘാടന പരപാടികള്‍ സമ്പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചൈനയിലെ ഏറ്റവും പ്രശസ്‌തനായ സംവിധായകന്‍ ഷാംഗ്‌ യിമോ ഒരുക്കുന്ന മൂന്നര മണിക്കൂര്‍ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഒരിക്കലും നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കനത്ത സെക്യൂരിറ്റിയില്‍ ഒുരു മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുളളില്‍ കയറി എന്ന ചോദ്യത്തിന്‌ പക്ഷേ അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. എല്ലാം അന്വേഷിക്കുന്നുണ്ട്‌ എന്ന്‌ മാത്രമായിരുന്നു മറുപടി.

VEERU ONLY


സീനിയേഴ്‌സ്‌ തുലച്ചു
ഗാലി: മേഘാവൃതമായ ആകാശത്തെയും, അജാന്ത മെന്‍ഡീസ്‌- മുത്തയ്യ മുരളീധരന്‍ സ്‌പിന്‍ ദ്വയത്തെയും ചെറുത്തു തോല്‍പ്പിക്കുന്നതില്‍ വീരേന്ദര്‍ സേവാഗ്‌-ഗൗതം ഗാംഭീര്‍ ഓപ്പണിംഗ്‌ സഖ്യം വിജയിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ വിക്കറ്റ്‌ പോവാതെ 167 ല്‍ എത്തിയിരുന്നു. ഇടക്ക്‌ മഴ പെയ്‌തപ്പോള്‍ മൂന്ന്‌ മണിക്കൂറോളം കളി നഷ്‌ടമായി. പിന്നെ കാണാനായത്‌ നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ തിരിഞ്ഞു നടക്കുന്നതാണ്‌. ഇന്ത്യ-ലങ്ക ഗാലി ടെസ്‌റ്റ്‌ ആദ്യദിവസം അവസാനിക്കുമ്പോള്‍ നല്ല തുടക്കം പാഴാക്കിയ ഇന്ത്യ ലങ്കക്ക്‌ ഡ്രൈവിംഗ്‌ സീറ്റ്‌ കൈമാറി. നാല്‌ വിക്കറ്റിന്‌ 214 റണ്‍സാണ്‌ ഇന്ത്യന്‍ സ്‌ക്കോര്‍. 128 റണ്‍സുമായി സേവാഗും 13 റണ്‍സുമായി ലക്ഷ്‌മണും ക്രീസിലുണ്ട്‌. ഈ സഖ്യം തകര്‍ന്നാല്‍ ടീമും തകരും. ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ തരിപ്പണമാക്കിയ മുരളിക്ക്‌ ആദ്യം ദിനം ആരും വിക്കറ്റ്‌ സമ്മാനിച്ചില്ല എന്നത്‌ മാത്രമാണ്‌ ഇന്ത്യന്‍ നേട്ടം.-പിന്നെ സേവാഗിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയും.
ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ കൊളംബോ ദയനീയത മറന്ന്‌ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ നടത്തിയത്‌. സേവാഗ്‌ സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഗാംഭീര്‍ പ്രതിരോധത്തിലൂടെ കൂട്ടുകാരന്‌ ഉറച്ച പിന്തുണ നല്‍കി. മഴയില്‍ കളി മുടങ്ങുന്നത്‌ വരെ ഇവര്‍ പിടികൊടുത്തില്ല. ആകെ ഒരവസരം നല്‍കിയത്‌ ഗാംഭീറായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 13 ല്‍ അദ്ദേഹം നല്‍കിയ അവസരം ഒന്നാം സ്ലിപ്പില്‍ കുമാര്‍ സങ്കക്കാര പാഴാക്കി. മഴക്ക്‌ ശേഷം കളി പുനരാരംഭിച്ചപ്പോള്‍ അജാന്ത (74 ന്‌ 2), ചാമിന്ദ വാസ്‌ (57 ന്‌ 2) എന്നിവര്‍ ഇന്ത്യക്ക്‌ മുന്നില്‍ വില്ലന്മാരായി. ആദ്യ സെഷനിലെ 29 ഓവറുകളില്‍ വിക്കറ്റ്‌ പോവാതെ 151 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌ക്കോര്‍. വാസിന്റെ പന്ത്‌ സിക്‌സറിന്‌ പറത്തി തന്റെ പതിനഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറി സേവാഗ്‌ പൂര്‍ത്തിയാക്കിയ ഉടന്‍ മറുഭാഗത്ത്‌ ഗാംഭീര്‍ മെന്‍ഡിസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി. 92 പന്തില്‍ നിന്ന്‌ അര്‍ദ്ധശതകം തികച്ച ഗാംഭീര്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും തേര്‍ഡ്‌ അമ്പയറുടെ വിധിയും ഓപ്പണര്‍ക്ക്‌ എതിരായിരുന്നു. ദ്രാവിഡ്‌ രണ്ട്‌ റണ്ണാണ്‌്‌ നേടിയത്‌. മെന്‍ഡീസിന്റെ പന്തില്‍ വര്‍ണപുരക്ക്‌ ക്യാച്ച്‌. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാനെത്തിയ സച്ചിന്‍ വാസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോള്‍ സൗരവ്‌ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ടായിരുന്നില്ല.
സക്കോര്‍ബോര്‍ഡ്‌: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌. ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-56, സേവാഗ്‌-നോട്ടൗട്ട്‌-128, ദ്രാവിഡ്‌-സി-വര്‍ണപുര-ബി-മെന്‍ഡീസ്‌-2, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-വാസ്‌-5, സൗരവ്‌-സി-പ്രസന്ന-ബി-വാസ്‌-0, ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-13, എക്‌സ്‌ട്രാസ്‌-10. ആകെ 44.3 ഓവറിവല്‍ നാല്‌ വിക്കറ്റിന്‌ 214. വിക്കറ്റ്‌ പതനം: 1-167,2-173, 3-178, 4-178. ബൗളിംഗ്‌: വാസ്‌ 14-1-57-2, കുലശേഖര 8-1-40-0, മെന്‍ഡിസ്‌ 14-1-74-2, മുരളി 8.3-0-39-0

KAMALS DRIVE

ഈ സംഭവ കഥ നാല്‌ വര്‍ഷം മുമ്പാണ്‌... ഗ്രീസിന്റെ ആസ്ഥാനമായ ഏതന്‍സില്‍ ഒളിംപിക്‌സ്‌ നടക്കുന്നു. ലോക കായികരംഗത്തെ വിഖ്യാതരെല്ലാം ഒരുമിച്ച വേദിയില്‍ ജമ്മു കാശ്‌്‌മീരില്‍ നിന്ന്‌ ഒരാള്‍. ഇന്ത്യന്‍ ഒളിംപിക്‌ അസോസിേയഷന്റെ കോട്ടും കുപ്പായവുമെല്ലാം അണിഞ്ഞ കാശ്‌മീരി ആരാണെന്ന്‌ തിരിച്ചറിയാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഔദ്യോഗികമായി തന്നെ തിരക്കി. കക്ഷി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രതിനിധിയായി ഒളിംപിക്‌സിന്‌ എത്തിയതാണ്‌. എന്താണ്‌ ഇദ്ദേഹത്തിന്റെ യോഗ്യതയെന്ന്‌ ചോദിച്ചപ്പോള്‍ മറുപടി ഗസ്റ്റ്‌ എന്നായിരുന്നു. ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ കുടുംബാംഗമാണ്‌ ഇയാള്‍. ശ്രീനഗറില്‍ തുകല്‍ കച്ചവടമാണ്‌ ജോലി....
ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ ആസ്ഥാനത്ത്‌ ഇത്തരം പല തോന്നിവാസങ്ങളും നടക്കാറുണ്ട്‌, ഇപ്പോഴും നടക്കുന്നു. ഏഷ്യന്‍ ഗെയിംസും ഒളിംപിക്‌സുമെല്ലാം സ്വന്തം കുടുംബത്തെയും മിത്രങ്ങളെയും നാടു കാണിക്കാനുളള വിനോദമാണ്‌ ഐ.ഒ.സി യിലുള്ളവര്‍ക്ക്‌. ദോഹയില്‍ 2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെ ഐ.ഒ.സി അതിഥികളായി നൂറോളം പേരാണ്‌ ഖത്തറിന്റെ തലസ്ഥാനത്ത്‌ എത്തിയത്‌. എല്ലാവരും ദിവസങ്ങളോളം ദോഹയും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ചെലവില്‍ കറങ്ങികണ്ടുവെന്ന്‌ മാത്രമല്ല നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ സുരേഷ്‌ കല്‍മാഡി വിളിച്ചു ചേര്‍ത്ത്‌ പത്രസമ്മേളനത്തില്‍ മാധ്യമ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാനും ധൈര്യം കാട്ടി. ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും ഇവര്‍ ആഘോഷം ഗംഭീരമാക്കിയ സമയത്ത്‌ നമ്മുടെ പാവം താരങ്ങള്‍ അല്‍പ്പമകലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഒരു മെഡലിനായുളള നെട്ടോട്ടത്തിലായിരുന്നു. (ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഖലീഫ്‌ സ്‌റ്റേഡിയത്തിലെത്തിയവര്‍ പത്ത്‌ പേര്‍ മാത്രം)
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിനും കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയും ലളിത്‌ ഭാനോട്ടിന്റെയും കായിക മന്ത്രി എം.എസ്‌ ഗില്ലിന്റെയുമെല്ലാം സുഹൂത്തുകളും കുടുംബങ്ങളുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ പോവുന്നുണ്ട്‌. എല്ലാവര്‍ക്കും അക്രഡിറ്റേഷനും, സൂട്ടും കോട്ടും താമസവുമെല്ലാം. രാജ്യത്ത്‌ നിന്ന്‌ നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ്‌ അക്രഡിറ്റേഷന്‌ ഒരു വര്‍ഷം മുമ്പ്‌ ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ക്ക്‌ മാത്രമാണ്‌ ഐ.ഒ.സി അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ളവര്‍ക്കൊന്നും അനുമതിയില്ലെന്നാണ്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന ഐ.ഒ.സി ആസ്ഥാനത്ത്‌ നിന്നുള്ള മറുപടി.
അക്രഡിറ്റേഷന്‌ അപേക്ഷിച്ച മാധ്യമ പ്രവര്‍ത്തകരുടെ പേരുകളില്‍ കല്‍മാഡിയും സംഘവും സ്വന്തക്കാരെ കുത്തിനിറക്കും. അവര്‍ രാജ്യത്തിന്റെ പ്രതിനിധികളായി മേളകള്‍ നിരങ്ങും. ഈ പതിവ്‌ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ആരും ചോദിക്കാനും പറയാനുമില്ല. കേരളത്തില്‍ നിന്ന്‌ ബെയ്‌ജിംഗിലേക്ക്‌ മൂന്ന്‌്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ്‌ അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്‌.
അക്രഡിറ്റേഷന്‌ അപേക്ഷിക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നാണ്‌ തുടക്കത്തില്‍ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ സംഘാടക സമിതി (ബി.ഒ.സി.ഒ.ജി) അറിയിച്ചിരുന്നത്‌. വിവിധ രാജ്യങ്ങളിലെ ഒളിംപിക്‌ അസോസിേയഷന്‍ വഴിയായിരുന്നു അക്രഡിറ്റേഷന്‌ അപേക്ഷിക്കേണ്ടത്‌. 2007 ജൂണ്‍ 15 ആയിരുന്നു അക്രഡിറ്റേഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നവംബറില്‍ അക്രഡിറ്റേഷന്‍ പ്രക്രിയ ആരംഭിച്ച സംഘാടക സമിതി 2008 ഫെബ്രുവരിയില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ്‌ വിതരണവും ആരംഭിച്ചിരുന്നു. കാര്‍ഡ്‌ ലഭിക്കാതെ വന്നപ്പോഴാണ്‌ സ്വന്തം അപേക്ഷ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ തള്ളിയ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അറിയുന്നത്‌. പ്രിന്റ്‌ മീഡിയകളില്‍ നിന്നായി 5,600 മാധ്യമ പ്രവര്‍ത്തകരും ഫോട്ടാഗ്രാഫര്‍മാര്‍ക്കുമാണ്‌ സംഘാടക സമിതി അനുമതി നല്‍കിയിരിക്കുന്നത്‌. വിഷ്വല്‍ മീഡിയ അക്രഡിറ്റേഷന്‍ നേടിയവര്‍ 12,000 ത്തോളം പേരാണ്‌.
ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ വഴി ലഭിച്ച അക്രഡിറ്റേഷന്‍ അപേക്ഷകളെല്ലാം അംഗീകരിച്ചതായി ബി.ഒ.സി.ഒ.ജി മീഡിയാ ഓപ്പറേഷന്‍സ്‌ ഡയരക്ടര്‍ സണ്‍ വീജിയ പറഞ്ഞു. ആരെയും സംഘാടക സമതി തഴഞ്ഞിട്ടില്ലെന്ന്‌ ചൈനക്കാര്‍ വിശദീകരിക്കുമ്പോള്‍ ഒന്നാം പ്രതികള്‍ നമ്മുടെ നേതാക്കള്‍ തന്നെയാണ്‌.
അക്രഡിറ്റേഷന്‍ കാര്യത്തില്‍ സുരേഷ്‌ കല്‍മാഡിക്ക്‌ പരാതിപ്പെട്ടപ്പോള്‍ എല്ലാം പരിഹരിക്കാമെന്ന മറുപടി ലഭിക്കുന്നു. ഐ.ഒ.സി ആസ്ഥാനത്ത്‌ മീഡിയ കാര്യങ്ങള്‍ നോക്കുന്നത്‌ ഒരു വനിതാ ഓഫീസറാണ്‌. അവര്‍ക്കാണെങ്കില്‍ ഒരു മറുപടി മാത്രം-വെയിറ്റ്‌... പലരും പല തവണ വെയിറ്റ്‌ ചെയ്‌തു. പക്ഷേ അക്രഡിറ്റേഷന്‍ കിട്ടിയില്ല.
അറുപതോളം പേരാണ്‌ ഇത്തവണ ബെയ്‌ജിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. ഇത്‌ താരങ്ങളുടെയും അവരെ അനുഗമിക്കുന്ന ഒഫീഷ്യലുകളുടെയും കണക്ക്‌. ഒളിംപിക്‌സ്‌ ആരംഭിച്ചുകഴിഞ്ഞാലാണ്‌ ഉന്നത തല സംഘം പുറപ്പെടുക. ഉന്നത സംഘത്തില്‍ ഒന്നോ രണ്ടോ ഉന്നതരുണ്ടാവും. ബാക്കിയെല്ലാം യെസ്‌ മൂളികളായിരിക്കും. ഇതാണ്‌ നമ്മുടെ ഒളിംപിക്‌സ്‌ പാരമ്പര്യം. ഉന്നതതല സംഘത്തിന്‌ രാജ്യത്തിന്റെ താരങ്ങളുടെ പ്രകടനം കാണാന്‍ താല്‍പ്പര്യമില്ല. നാട്‌ കാണണം. നമ്മുടെ വിവിധ സംസ്ഥാനങ്ങള്‍, അവിടങ്ങളിലുളള സ്‌പോര്‍ട്‌സ്‌ ഭരണാധികാരികള്‍, അവരെല്ലാം സര്‍ക്കാര്‍ ചെലവില്‍ നാടുകാണുമ്പോള്‍ അവിടങ്ങളിലെ കായിക സംസ്‌്‌ക്കാരത്തെയും കായിക വികസനത്തെയും കുറിച്ച്‌ എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ അത്‌ രാജ്യത്തിന്‌ ഗുണമാവുമായിരുന്നു. പക്ഷേ പഠിക്കാനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. കാഴ്‌ച്ചകളാണ്‌ എല്ലാവരുടെയും പഠനം. ബെയ്‌ജിംഗ്‌ കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്‌സ്‌ സംഘത്തില്‍ സ്ഥാനം നേടാനുളള പിടിവലി ആരംഭിക്കും. ഈ പ്രക്രിയ തല്‍ക്കാലം തടയാന്‍ ആര്‍ക്കുമാവില്ല.

Wednesday, July 30, 2008

PARTICIPATION_THE INDIAN POLICY







ഒളിംപിക്‌സ്‌ ചരിത്രത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. അനേകം നഗരരാഷ്‌ട്രങ്ങളാല്‍ (സിറ്റി സ്റ്റേറ്റ്‌സ്‌) വിഭജിക്കപ്പെട്ട പുരാതന ഗ്രീസില്‍ നഗര രാഷ്‌ട്രങ്ങളിലെ ജനങ്ങളുടെ ഏകോപനത്തിനായി ഒളിംപിയ കുന്നിന്‍ മുകളില്‍ നടത്തപ്പെട്ട മേള രാജ്യത്തെ ജനങ്ങളും നഗരരാഷ്‌ട്രങ്ങളും തമ്മിലുളള ഐക്യത്തിന്‌ കളമൊരുക്കിയിരുന്നു. ബി.സി 776 ലാണ്‌ ഒളിംപിക്‌സ്‌ ആരംഭിച്ചതെന്നാണ്‌ ചരിത്രത്തില്‍ പറയുന്നത്‌. സിയൂസ്‌ രാജാവിന്റെ മകനായ ഹെറാക്ലസ്‌ ആണ്‌ ഒളിംപിക്‌സ്‌ കൂട്ടായ്‌മക്ക്‌ തുടക്കമിട്ടത്‌. ഫ്രഞ്ചുകാരനായ പിയറി ഡി ഗോബര്‍ട്ടിന്‍ എന്നയാളാണ്‌ ആധുനീക രീതിയില്‍ ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടത്‌. ഉദ്ദേശം 1,500 വര്‍ഷങ്ങള്‍ക്ക്‌ മുമ്പായിരുന്നു ഇത്‌. 1896 ല്‍ ഏതന്‍സില്‍ ആധുനിക ഒളിംപിക്‌സ്‌ ചരിത്രത്തിലെ ആദ്യ മേള അരങ്ങറിയതില്‍ പിന്നെ വലിയ മുടക്കമില്ലാതെ നടന്ന ഒളിംപിക്‌സിന്റെ പ്രധാന മുദ്രാവാക്യം പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്‌. മെഡല്‍ നേടുന്നതിനേക്കാള്‍, കായിക ലോകത്തിന്റെ കൂട്ടായ്‌മയില്‍ പങ്കെടുക്കുക എന്ന മുദ്രാവാക്യം ഇത്‌ വരെ വളരെ മനോഹരമായി നടപ്പിലാക്കുന്ന രാജ്യം ഇന്ത്യയാണ്‌.
1900 ത്തില്‍ പാരീസില്‍ നടന്ന ഒളിംപിക്‌സിലാണ്‌ ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്‌. നോര്‍മന്‍ പിച്ചാര്‍ഡ്‌ എന്ന ആംഗ്ലോ ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ യശ്ശസ്‌ പാരീസില്‍ കാത്തു. 1928 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഒളിംപിക്‌സ്‌ മുതലാണ്‌ ഇന്ത്യ കൃത്യമായി കായിക മാമാങ്കത്തിന്റെ ഭാഗമാവാന്‍ തുടങ്ങിയത്‌. ഹോക്കിയിലെ എട്ട്‌ സ്വര്‍ണ്ണ നേട്ടവും നാല്‌ വ്യക്തിഗത മെഡലുകളും മാറ്റിനിര്‍ത്തിയാല്‍ പങ്കെടുക്കുക വിജയിപ്പിക്കുക എന്ന ഒളിംപിക്‌ മുദ്രാവാക്യത്തിന്റെ ശക്തരായ പ്രായോജകരാണ്‌ നമ്മള്‍. ഇത്തവണയും അതിന്‌ മാറ്റമുണ്ടാവില്ല. ജനസംഖ്യയില്‍ ചൈനക്ക്‌ പിറകില്‍ രണ്ടാമത്‌ നില്‍ക്കുന്ന രാജ്യം പത്ത്‌ നൂറോളം പേരെ ഒളിംപിക്‌സിന്‌ അയക്കും. (താരങ്ങളേക്കാള്‍ ഒഫീഷ്യലുകളാണ്‌ പതിവായി ഇന്ത്യന്‍ സംഘത്തിലുണ്ടാവാറുളളത്‌). ബെയ്‌ജിംഗില്‍ തല കാണിക്കുന്നവരുടെ കൂട്ടത്തില്‍ മന്ത്രിമാര്‍ മുതല്‍ എല്ലാവരുമുണ്ടാവും. അവരിലൂടെ പങ്കാളിത്തം ഇന്ത്യ തെളിയിക്കും. വെറും കൈയ്യോടെ മടങ്ങും. അറ്റ്‌ലാന്റയില്‍ മാനം കാക്കാന്‍ ഒരു ലിയാന്‍ഡര്‍ പെയ്‌സും ഏതന്‍സില്‍ കര്‍ണ്ണം മല്ലേശ്വരിയും ഏതന്‍സില്‍ രാജ്യവര്‍ദ്ധന്‍ സിംഗ്‌ രാത്തോറുമുണ്ടായിരുന്നു. ബെയ്‌ജിംഗില്‍ 120 കോടി ജനത്തിന്‌ തല ഉയര്‍ത്താന്‍ ഒരു മെഡല്‍ ആരായിരിക്കും നേടുക എന്ന ചോദ്യത്തിന്‌ ഉത്തരമില്ല.
കറുത്ത വന്‍കരയായ ആഫ്രിക്കയിലെ രണ്ട്‌ ദരിദ്ര രാജ്യങ്ങളാണ്‌ ഏത്യോപ്യയും കെനിയയും. ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും കൂട്ട മരണവുമെല്ലാം നിര്‍ബാധം തുടരുന്ന ഈ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒളിംപിക്‌ ചരിത്രം പരിശോധിച്ചാല്‍ കനക നേട്ടങ്ങള്‍ നിരവധിയാണ്‌. ഹെയില്‍ ഗെബ്രിസലാസി എന്ന ഏത്യോപ്യന്‍ ഓട്ടക്കാരനെ ലോകത്തിനറിയാം. കെസന്‍സിയ ബെക്കലെ എന്ന ഓട്ടക്കാരനും ലോകത്തോളം ഉയരമുണ്ട്‌. ഈ രണ്ട്‌ ഏത്യോപ്യക്കാരെ തോല്‍പ്പിക്കാന്‍ അവരുടെ കാലത്ത്‌ ആരുമുണ്ടായിരുന്നില്ല. ഇരുപത്‌ ഒളിംപ്‌ക്‌ സ്വര്‍ണ്ണങ്ങള്‍ ഏത്യോപ്യക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്‌. കെനിയയും പിറകില്ലല്ല. 17 സ്വര്‍ണ്ണവും 24 വെള്ളിയും 20 വെങ്കലവും അവര്‍ ഒളിംപിക്‌സില്‍ നേടിയിട്ടുണ്ട്‌.
ഈ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ കാരണം ഭരണം തന്നെയില്ല. നല്ല ഒരു മൈതാനമോ, കോച്ചിംഗ്‌ സെന്ററോ, കായിക ഭരണമോ ഒന്നുമില്ലാതെ, പട്ടിണിയും പരിവട്ടവുമായി ഇവര്‍ ഒളിംപിക്‌്‌സ്‌ വേദികളിലെത്തുന്നത്‌ പങ്കെടുക്കുക വിജയിപ്പിക്കുക എന്നതിനേക്കാളുപരി സ്വര്‍ണ്ണം നേടുക എന്ന ലക്ഷ്യത്തിലാണ്‌. ബെയ്‌ജിംഗിലേക്ക്‌ ഏത്യോപ്യ വരുന്നത്‌ അഞ്ച്‌ സ്വര്‍ണ്ണങ്ങള്‍ ലക്ഷ്യമിട്ടാണ്‌. കെനിയക്കാരുടെ ലക്ഷ്യത്തില്‍ ഏഴ്‌ സ്വര്‍ണ്ണമുണ്ട്‌. ദീര്‍ഘദൂര ഓട്ട മല്‍സരങ്ങളിലും ബോക്‌സിംഗിലുമാണ്‌ ഈ ആഫ്രിക്കക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇന്ത്യന്‍ ലക്ഷ്യത്തില്‍ സ്വര്‍ണ്ണമില്ല, വെളളിയില്ല, വെങ്കലമില്ല-ആരെങ്കിലുമൊരാള്‍ ഒരു മെഡല്‍ നേടിയാല്‍ അത്‌ തന്നെ ധാരാളം.
പുരാതന ഗ്രീസ്‌ പോലെ ഇന്ത്യയില്‍ ധാരാളം സിറ്റി സ്‌റ്റേറ്റ്‌സ്‌ (നമ്മുടെ സംസ്ഥാനങ്ങള്‍) ഉണ്ട്‌. എല്ലാവരും പരസ്‌പരം മല്‍സരിക്കുന്നു. എല്ലാവര്‍ക്കുമായി നിരവധി മീറ്റുകള്‍ സംഘടിപ്പിക്കുന്നു. ഇതില്‍ മികവു പ്രകടിപ്പിക്കുന്നവരെ വലിയ മേളകളിലേക്ക്‌ തെരഞ്ഞെടുക്കുന്നു. വലിയ മേളകളില്‍ ഇവര്‍ നിസ്സഹായരാവുന്നു. ഓരോ തോല്‍വികളിലും സമഗ്രാന്വേഷണവും റിപ്പോര്‍ട്ടിംഗും ജനാധിപത്യ ക്രമത്തില്‍ തന്നെ നടക്കുന്നു. വീണ്ടും മേളകള്‍ വരുന്നു, പഴയ പല്ലവികള്‍ ആവര്‍ത്തിക്കുന്നു. ജനാധിപത്യം വാനോളം വാഴുന്ന നമ്മുടെ നാട്ടിലേക്ക്‌ എന്ത്‌ കൊണ്ട്‌ മെഡലുകള്‍ വരുന്നില്ല...? ഉത്തരം പറയാന്‍ ബാധ്യസ്ഥരായവര്‍ ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ അടിസ്ഥാന ശിലയായ രാഷ്ട്രീയ പാര്‍ട്ടി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവരാണ്‌. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇന്ന്‌ പറയുന്നത്‌ നാളെ മറക്കുന്നവരാണ്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌്‌സ്‌ നടക്കുമ്പോള്‍ രാജ്യം ഭരിക്കുന്നവരായിരിക്കില്ല 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ്‌ നടക്കുമ്പോള്‍ രാജ്യം ഭരിക്കുക. ഭരണചക്രം തിരിയുന്നതിനനുസരിച്ച്‌ പരസ്‌പരം പഴിചാരലും കുറ്റപ്പെടുത്തലും അവകാശവാദങ്ങളുമാവുമ്പോള്‍ എല്ലാവര്‍ക്കും ഉയര്‍ത്തിപിടിക്കാന്‍ ആ ഒളിംപിക്‌സ്‌ മുദ്രാവാക്യമുണ്ടല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക....!


ഗാലി: കൊളംബോ ദുരന്തം മറക്കാന്‍ ഇന്ത്യക്കാവുമെന്ന ആത്മവിശ്വാസത്തിലാണ്‌ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ. ശ്രീലങ്കയുടെ പ്രിയപ്പെട്ട മൈതാനത്ത്‌ ഇന്ന്‌ മുതല്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക്‌ വ്യക്തമായ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കുംബ്ലെ ആരെയും കുറ്റം പറയാതെ എല്ലാവരില്‍ നിന്നും നൂറ്‌ ശതമാനം കരുത്താണ്‌ നിര്‍ണ്ണായക മല്‍സരത്തില്‍ ആവശ്യപ്പെടുന്നത്‌. ഒന്നാം ടെസ്റ്റിലെ ദയനീയത മറക്കാന്‍ കുംബ്ലെ സ്വന്തം താരങ്ങളോട്‌ ആവശ്യപ്പെടുമ്പോള്‍ കൊളംബോ ഊര്‍ജ്ജത്തില്‍ പരമ്പര സ്വന്തമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ്‌ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ. കൊളംബോയില്‍ ഇന്ത്യയെ ഇല്ലാതാക്കിയ സ്‌പിന്‍ ജോഡികളായ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡിസുമാണ്‌ മഹേലയുടെ ആയുധങ്ങള്‍. പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ ഇല്ലാതാക്കാന്‍ ഇവര്‍ ധാരാളമാണെന്നാണ്‌ മഹേല പറയുന്നത്‌.
സ്വന്തം ടെസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാം പരാജയം രുചിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക്‌ കുംബ്ലെ തയ്യാറില്ലെന്നാണ്‌ അദ്ദേഹം തന്നെ നല്‍കുന്ന സൂചനകള്‍. വലിയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ വന്‍ അഴിച്ചുപണി നടത്തുന്നതില്‍ കാര്യമില്ലെന്ന്‌ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ കുംബ്ലെ അഭിപ്രായപ്പെട്ടു. അനുഭവസമ്പന്നരായ താരങ്ങളാണ്‌ ടീമിലുളളത്‌. അവര്‍ കൊളംബോയില്‍ പരാജയമായിരുന്നു എന്നത്‌ സത്യമാണ്‌. വലിയ തോല്‍വിക്ക്‌ ഒരാളെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. ഇത്‌ പരമ്പരയിലേക്ക്‌ തിരിച്ചുവരാനുള്ള അവസരമാണ്‌. അതിനെ ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കുമറിയാമെന്ന്‌ കുംബ്ലെ പറയുമ്പോള്‍ തന്നെ ഗാലിയുടെ ചരിത്രം സന്ദര്‍ശക ടീമുകള്‍ക്ക്‌ ഒരിക്കലും പ്രതീക്ഷ നല്‍കുന്നതല്ല.
ലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താവുന്ന പരമ്പരാഗത ഗാലി ട്രാക്കില്‍ ഇതിനകം നടന്ന 12 ടെസ്റ്റില്‍ ആറിലും ലങ്ക വമ്പന്‍ വിജയം ആഘോഷിച്ചിട്ടുണ്ട്‌. രണ്ട്‌ ടെസ്‌റ്റുകളില്‍ മാത്രമാണ്‌ അവര്‍ പരാജയപ്പെട്ടത്‌. ആറ്‌ വിജയങ്ങളില്‍ മൂന്നും ഇന്നിംഗ്‌സിനായിരുന്നു. രണ്ട്‌ തവണ പത്ത്‌ വിക്കറ്റിന്‌ ജയിച്ചപ്പോള്‍ ഒരു തവണ 315 റണ്‍സിനായിരുന്നു വിജയം.
ഗാലിയെന്നാല്‍ മുത്തയ്യ മുരളിധരന്റെ സ്വ്‌പന വേദിയാണ്‌. ഇവിടെ നടന്ന പന്ത്രണ്ട്‌ ടെസ്റ്റിലും മുരളി പന്തെറിഞ്ഞിട്ടുണ്ട്‌. 91 വിക്കറ്റുകളാണ്‌ ഇത്രയും മല്‍സരങ്ങളില്‍ നിന്ന്‌ മാജിക്‌ സ്‌പിന്നറുടെ സമ്പാദ്യം. ഗാലിയില്‍ വിക്കറ്റ്‌ വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുക എന്നതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യക്കെതിരെ ആദ്യ ടെസ്‌റ്റില്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുരളിക്ക്‌ ഇവിടെ ഒമ്പത്‌ വിക്കറ്റ്‌ നേടിയാല്‍ സെഞ്ച്വറിക്കാരനാവാം. മഹേല ജയവര്‍ദ്ധനെ ഇവിടെ കളിച്ചപ്പോഴെല്ലാം റണ്‍ വേട്ട നടത്തിയിട്ടുണ്ട്‌. 99.21 ആണ്‌ ഗാലിയില്‍ മഹേലയുടെ ബാറ്റിംഗ്‌ ശരാശരി. നാല്‌ സെഞ്ച്വറികളും രണ്ട്‌ ഡബിള്‍ സെഞ്ച്വറികളും ആറ്‌ അര്‍ദ്ധശതകങ്ങളും ഇവിടെ മഹേല സ്വന്തമാക്കിയിട്ടുണ്ട്‌. സുനാമിയില്‍ തകര്‍ന്നിരുന്ന ഗാലി പിച്ചില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ്‌ നടന്നപ്പോള്‍ പേസര്‍മാര്‍ക്ക്‌ ആനുകൂല്യം ലഭിച്ചിരുന്നു. ആ മല്‍സരത്തില്‍ വീണ 20 വിക്കറ്റുകളില്‍ 16 ഉം സീമര്‍മാര്‍ക്കായിരുന്നു.
കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക്‌ അനുകൂലമല്ല. ഇടിയോട്‌ കൂടിയ മഴക്ക്‌ വ്യക്തമായ സാധ്യതകളുണ്ടെന്നാണ്‌ ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട്‌. 2001 ലാണ്‌ ഇന്ത്യ അവസാനമായി ഇവിടെ ടെസ്‌റ്റ്‌ കളിച്ചത്‌. അന്ന്‌ പക്ഷേ പത്ത്‌ വിക്കറ്റിന്‌ തോറ്റു. പരമ്പരയിലെ ആദ്യ മല്‍സരമായിരുന്നു ഇവിടെ നടന്നത്‌. ഗാലിയിലെ തോല്‍വിക്ക്‌ ശേഷം കൊളംബോയില്‍ ഏഴ്‌ വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ തിരിച്ചുവന്നിരുന്നു. ഇത്തവണ കൊളംബോയില്‍ തോറ്റിട്ടാണ്‌ ടീം വരുന്നത്‌. മുരളിക്കും മെന്‍ഡീസിനുമെതിരെ വ്യക്തമായ ഗെയിംപ്ലാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കില്ല. മുരളിയെയും മെന്‍ഡീസിനെയും എങ്ങനെ നേരിടുമെന്ന ചോദ്യത്തിന്‌ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ അനുഭവസമ്പന്നരാണ്‌ എന്ന മറുപടി മാത്രമാണ്‌ കുംബ്ലെക്ക്‌ നല്‍കാനായത്‌. ബ്രയന്‍ ലാറയുടെ ടെസ്‌റ്റ്‌ റണ്‍സ്‌ റെക്കോര്‍ഡ്‌ മറികടക്കാനെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കൊളംബോയില്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി 39 റണ്‍സ്‌ നേടാനാണ്‌ കഴിഞ്ഞത്‌. ലാറയുടെ റെക്കോര്‍ഡ്‌ പിന്നിടാന്‍ 133 റണ്‍സ്‌ കൂടി സച്ചിന്‌ വേണം. കൊളംബോയില്‍ വലിയ സ്‌ക്കോര്‍ നേടാനായില്ലെങ്കിലും ലങ്കന്‍ സ്‌പിന്നര്‍മാരെ ധൈര്യസമേതം അദ്ദേഹം നേരിട്ടത്‌ മാത്രമാണ്‌ പ്രതീക്ഷ. സേവാഗ്‌ ഉള്‍പ്പെടെ മറ്റ്‌ ബാറ്റ്‌സ്‌മാന്മാരാവട്ടെ രണ്ട്‌ ഇന്നിംഗ്‌സിലും തപ്പിതടഞ്ഞിരുന്നു. വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌ ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ പ്രകടപ്പിച്ച ദയനീയതയില്‍ പാര്‍ത്ഥീവ്‌ പട്ടേലിന്‌ ചിലപ്പോള്‍ അവസരം ലഭിച്ചേക്കാം. മറ്റ്‌ മാറ്റങ്ങളൊന്നും ഇന്ത്യന്‍ സംഘത്തിലുണ്ടാവില്ല. ലങ്കന്‍ ടീമിലേക്ക്‌ സീമര്‍ ധാമിക പ്രസാദിനെ വിളിച്ചിട്ടുണ്ട്‌. പക്ഷേ അദ്ദേഹത്തിന്‌ ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാവില്ല. മല്‍സരം രാവിലെ 10-15 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍.

Saturday, July 26, 2008

AYYAYYEEEEEEE>...........



നാണക്കേട്‌
ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനും തകര്‍ന്നു. ശ്രീലങ്കക്ക്‌ സ്വന്തം നാട്ടില്‍ ടെസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സിന്‌ പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത്‌ കേവലം 138 റണ്‍സ്‌
മുത്തയ്യ മുരളിധരനും അജാന്ത മെന്‍ഡിസും അരങ്ങ്‌ തകര്‍ത്തു
രണ്ടാം ടെസ്റ്റ്‌ ജൂലൈ 31 മുതല്‍ ഗാലിയില്‍
ടൊന്റിയല്ല ടെസ്റ്റായിരുന്നു
കൊളംബോ: പാവം ഇന്ത്യന്‍ താരങ്ങള്‍-അവര്‍ തെറ്റിദ്ധരിച്ചതായിരുന്നു. കൂറെ കാലമായി ടെസ്‌റ്റ്‌ കളിക്കാതെയും 20-20 മാത്രം കളിച്ചും കസറിയവര്‍ 20-20 വേഗതയില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാമെന്ന്‌ കരുതി. ബാറ്റ്‌സ്‌മാന്മാര്‍ അടിയോടടി..., പിന്നെ മല്‍സരിച്ചുള്ള തിരിഞ്ഞുനടത്തവും. അഞ്ച്‌ ദിവസത്തെ ടെസ്‌റ്റില്‍ മഴ കാരണം ഒന്നാം ദിനം മുടങ്ങിയിട്ടും മൂന്ന്‌ ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു-ഇനി അല്‍പ്പദിവസം അവര്‍ക്ക്‌ ബോളിവുഡ്‌ പാട്ടും കേട്ട്‌ ഹോട്ടലില്‍ കഴിയാം.
ഇന്ത്യന്‍ ക്രിക്കറ്റിന്‌ നാണക്കേടിന്റെ ദിനമായിരുന്നു ഇന്നലെ. സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ മൈതാനത്ത്‌ നടന്ന ഒന്നാം ടെസ്‌റ്റില്‍ അനില്‍ കുംബ്ലെ നയിച്ച സംഘം ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ്‌ പരാജയപ്പെട്ടത്‌. പുകള്‍പെറ്റ ബാറ്റ്‌സ്‌മാന്മാര്‍ സ്വന്തം കുഴി തോണ്ടാന്‍ കാട്ടിയ അമിത താല്‍പ്പര്യത്തിലേക്ക്‌ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡിസും പന്തെറിഞ്ഞപ്പോള്‍ എല്ലാം വളരെ പെട്ടെന്ന്‌ അവസാനിച്ചു. മഴ കാരണം 22 ഓവര്‍ മാത്രം കളി സാധ്യമായ ആദ്യദിനത്തിന്‌ ശേഷം കേവലം മൂന്ന്‌ ദിനത്തിനുളളില്‍ ലങ്ക ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ രണ്ട്‌ വട്ടം പുറത്താക്കി. ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സ്‌ മാത്രം നേടാനായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ്‌ 45 ഓവറിനുളളില്‍ 138 റണ്‍സിന്‌ അവസാനിച്ചു. 43 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ മാത്രമാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്‌. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്‌പിന്‍ മജീഷ്യന്‍ മുത്തയ്യ മുരളീധരന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 26 റണ്‍സ്‌ മാത്രം നല്‍കി ആറ്‌ പേരെ പുറത്താക്കി. രണ്ട്‌ ഇന്നിംഗ്‌സിലുമായി മൊത്തം 11 വിക്കറ്റ്‌ സ്വന്തമാക്കിയ മുരളിയാണ്‌ കളിയിലെ കേമന്‍. കന്നി ടെസ്‌റ്റ്‌ കളിക്കുന്ന അജാന്ത മെന്‍ഡീസ്‌ രണ്ട്‌ ഇന്നിംഗ്‌സിലുമായി എട്ട്‌ വിക്കറ്റ്‌ നേടി അരങ്ങേറ്റം ഗംഭീരമാക്കി. 60 റണ്‍സ്‌ മാത്രം നല്‍കിയാണ്‌ മെന്‍ഡീസ്‌ രണ്ടാം ഇന്നിംഗ്‌സില്‍ നാലു പേരെ പുറത്താക്കിയത്‌.
ബാറ്റിംഗ്‌ പരാജയമാണ്‌ വന്‍ ആഘാതം ടീമിന്‌ ഏല്‍പ്പിച്ചത്‌. നാല്‌ ബാറ്റ്‌സ്‌മാന്മാരുടെ സെഞ്ച്വറിയില്‍ ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 600 റണ്‍സ്‌ നേടിയപ്പോള്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി ഒരു ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‌ മാത്രമാണ്‌ അര്‍ദ്ധ സെഞ്ച്വറി നേടാനായത്‌-ഒന്നാം ഇന്നിംഗ്‌സില്‍ വി.വി.എസ്‌ ലക്ഷ്‌മണിന്‌. ആദ്യ ഇന്നിംഗ്‌സില്‍ പറ്റിയ പിഴവുകളില്‍ നിന്ന്‌ പാഠം പഠിക്കാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെ മുന്‍നിരക്കാര്‍ മുരളിക്കും മെന്‍ഡീസിനും മുന്നില്‍ വിറങ്ങലിച്ച്‌ ഇല്ലാതാവുകയായിരുന്നു. നാലാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്‌സിലെ ശേഷിക്കുന്ന നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നഷ്‌ടമായ ഇന്ത്യ ഫോളോ ഓണിന്‌ നിര്‍ബന്ധിതരായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ തന്നെ വിരേന്ദര്‍ സേവാഗ്‌ പുറത്തായി. പിന്നെ കാണാനായത്‌ ബാറ്റ്‌സ്‌മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി എല്ലാവരും മടങ്ങി. മൂന്നാം നമ്പറില്‍ വന്ന്‌ 21 റണ്‍സുമായി ചെറുത്തുനില്‍പ്പിന്റെ സൂചന നല്‍കിയ ലക്ഷ്‌മണ്‍ മെന്‍ഡിസിന്‌ കിഴടങ്ങിയപ്പോള്‍ സച്ചിന്‍ ബാക്‌വാര്‍ഡ്‌ പോയന്റില്‍ ക്യാച്ച്‌ സമ്മാനിച്ചു. തുടക്കത്തില്‍ അമ്പയര്‍ സച്ചിനെതിരെ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ പുതിയ നിയമപ്രകാരം വിധി തേര്‍ഡ്‌ അമ്പയര്‍ക്ക്‌ വിട്ടപ്പോള്‍ വിധി ബാറ്റ്‌സ്‌മാന്‌ എതിരായി. അടുത്ത നാല്‌ വിക്കറ്റുകള്‍ മുരളിക്കായിരുന്നു. ഗാംഭീര്‍, സൗരവ്‌ ഗാംഗുലി, ദിനേശ്‌ കാര്‍ത്തിക്‌, അനില്‍ കുംബ്ലെ എന്നിവര്‍ പിടിച്ചുനില്‍ക്കാനാവാതെ കീഴടങ്ങി. മെന്‍ഡീസ്‌ രാഹുല്‍ ദ്രാവിഡിനെയും ഹര്‍ഭജനെയും സഹീറിനെയും പുറത്താക്കി.
തന്ത്രപൂര്‍വ്വം ടീമിനെ നയിച്ച ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ എല്ലാ മാര്‍ക്കും തന്റെ സ്‌പിന്‍ ജോഡികള്‍ക്ക്‌ നല്‍കിയപ്പോള്‍ അനില്‍ കുംബ്ലെക്ക്‌ ന്യായീകരണങ്ങളുണ്ടായിരുന്നില്ല.

സ്‌ക്കോര്‍ബോര്‍ഡ്‌
ലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌: വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3, വര്‍ണപുര-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-115, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-136, സമരവീര-സി-ലക്ഷ്‌മണ്‍-ബി-സഹീര്‍-127, ദില്‍ഷാന്‍-നോട്ടൗട്ട്‌-125, പ്രസന്ന-സി-ഇശാന്ത്‌-ബി-ഹര്‍ഭജന്‍-30, വാസ്‌-നോട്ടൗട്ട്‌-22, എക്‌സ്‌ട്രാസ്‌-30, ആകെ 162 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 600. വിക്കറ്റ്‌ പതനം: 1-7,2-57, 3-212, 4-360, 5-454, 6-545. ബൗളിംഗ്‌: സഹീര്‍ 37-2-156-2, ഇശാന്ത്‌ 33-4-124-2, സൗരവ്‌ 8-1-24-0, ഹര്‍ഭജന്‍ 43-2-149-2, കുംബ്ലെ 37-4-121-0, സേവാഗ്‌ 4-0-17-0. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-സമരവീര-ബി-മുരളി-38, സേവാഗ്‌-സി-വര്‍ണപുര-ബി-കുലശേഖര-25, ദ്രാവിഡ്‌-ബി-മെന്‍ഡിസ്‌-14, സച്ചിന്‍-ബി-മുരളി-27, സൗരവ്‌-സി-കുലശേഖര-ബി-മുരളി-23, ലക്ഷ്‌മണ്‍-ബി-മെന്‍ഡിസ്‌-56, കാര്‍ത്തിക്‌-സി ആന്‍ഡ്‌ ബി-മുരളി-9, കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡീസ്‌-1, ഹര്‍ഭജന്‍-സി-വര്‍ണപുര-ബി-മുരളി-9, സഹീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡീസ്‌-5, ഇശാന്ത്‌്‌-നോട്ടൗട്ട്‌-13,, എക്‌സ്‌ട്രാസ്‌-2, ആകെ 72.5 ഓവറില്‍ 223. വിക്കറ്റ്‌ പതനം 1-36, 2-78, 3-78, 4-122, 5-137, 6-146, 7-169, 8-180, 9-187, 10-223 ബൗളിംഗ്‌: വാസ്‌ 5-0-23-0, കുലശേഖര 11-2-42-1 , മെന്‍ഡീസ്‌ 27.5-5-72-4 മുരളി 29-5-84-5
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സ്‌റ്റംമ്പ്‌ഡ്‌ ജയവര്‍ദ്ധനെ-ബി-മുരളി-43, സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-മുരളി-13, ലക്ഷമണ്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-21, സച്ചിന്‍-സി-ദില്‍ഷാന്‍-ബി-മുരളി-12, ദ്രാവിഡ്‌ -സി-വര്‍ണപുര-ബി-മെന്‍ഡിസ്‌-10, സൗരവ്‌-സി-ദില്‍ഷാന്‍-ബി-മുരളി-4,കാര്‍ത്തിക്‌-സി-മഹേല-ബി-മുരളി-0, കുംബ്ലെ-ബി-മുരളി-12, ഹര്‍ഭജന്‍-ബി-മെന്‍ഡീസ്‌-15,സഹീര്‍-ബി-മെന്‍ഡിസ്‌-3,ഇശാന്ത്‌ -നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌-0, ആകെ 45 ഓവറില്‍ 138 ന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ പതനം: 1-25, 2-53, 3-82, 4-95, 5-103, 6-103, 7-103, 8-120, 9-133, 10-138. ബൗളിംഗ്‌: വാസ്‌ 5-0-27-0, കുലശേഖര 9-3-25-0, മെന്‍ഡിസ്‌ 18-3-60-4, മുരളി 13-3-26-6

അന്തകര്‍
കൊളംബോ: ഇത്‌ വരെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുരളിയുടെ കറങ്ങിതിരിഞ്ഞുവരുന്ന പന്തുകളെ ഭയപ്പെട്ടാല്‍ മതിയായിരുന്നു. ഇനി അജാന്ത മെന്‍ഡിസിന്റെ നേര്‍ക്കുനേര്‍ പന്തുകളെയും ഭയപ്പെടണം. ഈ സ്‌പിന്‍ അന്തകരുടെ കരുത്ത്‌ ആദ്യമായി അറിഞ്ഞത്‌ ഇന്ത്യയാണ്‌. ഇനി മറ്റ്‌ ടീമുകള്‍ അറിയാന്‍ പോവുന്നു.
1974-75 ലെ ആഷസ്‌ പരമ്പരക്കായി ഇംഗ്ലണ്ട്‌ ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ അന്ന്‌ ഇംഗ്ലീഷുകാര്‍ക്ക്‌ മുന്നില്‍ രണ്ട്‌ പേസ്‌ അന്തകരുണ്ടായിരുന്നു. ഡെന്നിസ്‌ ലില്ലിയും ജെഫ്‌്‌ തോംസണും. ഈ രണ്ട്‌ പേരുടെ തീപ്പാറുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മറുപടി ഉണ്ടാവാറില്ലായിരുന്നു. അത്‌ പോലെയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ തല താഴ്‌ത്തിയത്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ അനുഭവ സമ്പന്നരായ ബാറ്റ്‌സ്‌മാന്മാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ്‌ ഗാംഗുലിയും വി.വി.എസ്‌ ലക്ഷ്‌മണുമെല്ലാം ഏത്‌ ബൗളിംഗിനെയും സധൈര്യം നേരിടുന്നവരായിരുന്നു. ഇവര്‍ക്കെല്ലാം അല്‍പ്പം ഭയം പേസര്‍മാരായിരുന്നു. സ്‌പിന്നര്‍മാരെ അലക്കി വിട്ടിരുന്ന ഇവര്‍ രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ തളര്‍ന്ന കാഴ്‌ച്ച സ്‌പന്നിനെ നേരിടാനറിയാത്തവരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്‌.
ഇന്ത്യയുടേത്‌ പരാജയമായിരുന്നില്ല-തകര്‍ച്ചയായിരുന്നു. മൊത്തം 106 ടെസ്റ്റ്‌ സെഞ്ച്വറികള്‍ സമ്പാദിച്ചവരുമായാണ്‌ ഇന്ത്യ കളിക്കാനിറങ്ങിയത്‌. മൂന്നര ദിവസം കളി നടന്നപ്പോള്‍ ഇവരില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌ അര്‍ദ്ധശതകം പിന്നിടാനായത്‌. ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ബാറ്റിംഗ്‌ ആഘോഷിച്ച പിച്ചില്‍ ഇന്ത്യക്കാര്‍ നാമാവശേഷരായി. ലങ്കന്‍ സംഘത്തിലെ സീമര്‍മാര്‍ക്ക്‌ വലിയ ജോലി ഉണ്ടായിരുന്നില്ല. അനുഭവസമ്പന്നനായ ചാമിന്ദ വാസിനൊപ്പം കുലേശേഖരയാണ്‌ പുതിയ പന്ത്‌ എടുത്തത്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി മുപ്പത്‌ ഓവറുകള്‍ മാത്രമാണ്‌ ഇരുവരുമെറിഞ്ഞത്‌. പന്തിന്റെ മിനുസം കളയുകയായിരുന്നു പേസര്‍മാരുടെ ജോലി. ബാക്കിയെല്ലാം മുരളിയും അജാന്തയും ചേര്‍ന്നായി. ഇതാദ്യമായാണ്‌ ഇങ്ങനെയൊരു വിനാശ കൂട്ടുകെട്ടുമായി ലങ്ക കളിക്കുന്നത്‌. മുരളിയെ മാത്രമായിരുന്നു എല്ലാവര്‍ക്കും ഭയം. പന്തിനെ വട്ടം കറക്കുന്ന മുരളിക്കൊപ്പം അജാന്തയുമായപ്പോള്‍ സ്‌പിന്‍ ബൗളിംഗിന്റെ സമ്മേഹന മുഹൂര്‍ത്തങ്ങളാണ്‌ എസ്‌.എസ്‌.സിയില്‍ പിറന്നത്‌. ഇത്‌ വരെ മുരളിയെ ബഹുമാനിക്കുകയും മറ്റുളളവരെ ശിക്ഷിക്കുകയുമായിരുന്നു ബാറ്റ്‌സ്‌മാന്മാരുടെ ശൈലി. ഇനി മുരളിക്കൊപ്പം അജാന്തയുമാവുമ്പോള്‍ ലങ്ക ലോകത്തിന്‌ മുന്നില്‍ വലിയ വെല്ലുവിളിയാണ്‌.

അയ്യോ പാവം
നമ്മുടെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിരയുടെ ദയനീയത കൊളംബോയില്‍ പ്രകടമായി. അജാന്ത മെന്‍ഡിസും പിന്നെ മുത്തയ്യ മുരളീധരനുമായപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നിര പഞ്ചറായ ടയറായി. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാനിറങ്ങിയ സച്ചിനും പ്രതിരോധത്തിന്റെ കോട്ടക്കാരനായ രാഹുല്‍ ദ്രാവിഡ്‌, ഓഫ്‌ സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെയുളള സൗരവ്‌ ഗാംഗുലിയും വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണും, ട്രിപ്പിള്‍ സെഞ്ച്വറി ദൗര്‍ബല്യമുളള വീരേന്ദര്‍ സേവാഗുമെല്ലാം രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ പൂച്ചകളായി. നമ്മുടെ കടലാസ്‌ പുലികളുടെ ദയനീയത നോക്കുക:

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
കളിച്ചത്‌ 148 ടെസ്‌റ്റ്‌ മല്‍സരങ്ങള്‍. 240 ഇന്നിംഗ്‌സുകള്‍. 11,821 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ പുറത്താവാതെ 248. സെഞ്ച്വറികള്‍ 39. അര്‍ദ്ധ ശതകങ്ങള്‍ 49. കൊളംബോ ടെസ്‌റ്റില്‍ സച്ചിന്റെ പ്രകടനം നോക്കുക:
ഒന്നാം ഇന്നിംഗ്‌സ്‌. നേരിട്ടത്‌ 46 പന്തുകള്‍, നേടിയത്‌ 27 റണ്‍സ്‌. മൂന്ന്‌ ബൗണ്ടറികള്‍. മുരളിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 30 പന്തുകള്‍, നേടിയത്‌ 12 റണ്‍സ്‌. മുരളിയുടെ പന്തില്‍ ദില്‍ഷാന്‍ പിടിച്ചുപുറത്തായി. രണ്ട്‌ ഇന്നിംഗ്‌സിലുമായി ആകെ സമ്പാദ്യം 39 റണ്‍സ്‌ (മല്‍സരം തുടങ്ങും മുമ്പ്‌ സച്ചിന്റെ കളിക്കൂട്ടുകാരനായ വിനോദ്‌ കാംബ്ലി പറഞ്ഞത്‌ ലാറയുടെ ടെസ്റ്റ്‌്‌ റെക്കോര്‍ഡ്‌ സച്ചിന്‍ തകര്‍ക്കുമെന്നാണ്‌. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ പറഞ്ഞത്‌ സച്ചിന്‍ സെഞ്ച്വറി നേടുമെന്ന്‌)

രാഹുല്‍ ദ്രാവിഡ്‌: 123 ടെസ്‌റ്റുകള്‍. 212 ഇന്നിംഗ്‌സുകള്‍. 10,122 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ 270. സെഞ്ച്വറികള്‍ 25. അര്‍ദ്ധ സെഞ്ച്വറികള്‍ 51.
കൊളംബോ ടെസ്‌റ്റില്‍: ഒന്നാം ഇന്നിംഗ്‌സ്‌. നേരിട്ടത്‌ 35 പന്തുകള്‍, നേടിയത്‌ 14 റണ്‍സ്‌. അജാന്ത മെന്‍ഡീസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്‌. രണ്ടാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 30 പന്തുകള്‍. നേടിയത്‌ 10 റണ്‍സ്‌. മെന്‍ഡിസിന്റെ പന്തില്‍ വര്‍ണപുരക്ക്‌ ക്യാച്ച്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി ആകെ 24 റണ്‍സ്‌. ( മല്‍സരം തുടങ്ങും മുമ്പ്‌ ദ്രാവിഡ്‌ പറഞ്ഞത്‌ അജാന്ത മെന്‍ഡീസിനെ പേടിക്കാനില്ലെന്നായിരുന്നു. ഏഷ്യാകപ്പിലെ അജാന്തയുടെ പ്രകടനത്തില്‍ പ്രത്യേകതകളില്ലെന്നും. ഇവിടെ രണ്ട്‌ ഇന്നിംഗ്‌സിലും പ്രതിരോധമികവുകാരന്‍ പുറത്തായത്‌ കന്നിക്കാനായ സ്‌പിന്നര്‍ക്ക്‌ മുന്നില്‍ )

സൗരവ്‌ ഗാംഗുലി: 107 ടെസ്റ്റുകള്‍. 176 ഇന്നിംഗ്‌സുകള്‍. 6819 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ 239. സെഞ്ച്വറികള്‍ 15. അര്‍ദ്ധ സെഞ്ച്വറികള്‍ 34. കൊളംബോ ടെസ്‌റ്റില്‍: ഒന്നാം ഇന്നിംഗ്‌സ്‌- നേരിട്ടത്‌ 57 പന്തുകള്‍, നേടിയത്‌ 23 റണ്‍സ്‌. മുരളിയുടെ പന്തില്‍ കുലശേഖര പിടിച്ച്‌ പുറത്ത്‌. രണ്ടാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 12 പന്തുകള്‍. നേടിയത്‌ നാല്‌ റണ്‍. മുരളിയുടെ പന്തില്‍ ദില്‍ഷന്‌ ക്യാച്ച്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി ആകെ 27 റണ്‍സ്‌ ( ടെസ്റ്റിന്‌ മുമ്പ്‌ ദാദ പറഞ്ഞത്‌ ലക്ഷ്യം സെഞ്ച്വറിയും ടീമിന്റെ വിജയവുമെന്ന്‌.)

വി.വി.എസ്‌ ലക്ഷ്‌മണ്‍: ആകെ 94 ടെസ്‌റ്റുകള്‍. 154 ഇന്നിംഗ്‌സ്‌. 5862 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ 281. 12 സെഞ്ച്വറികള്‍. 34 അര്‍ദ്ധ സെഞ്ച്വറികള്‍. കൊളംബോ ടെസ്‌റ്റില്‍-ഒന്നാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 113 പന്തുകള്‍. നേടിയത്‌ 56 റണ്‍സ്‌. മെന്‍ഡിസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്‌. രണ്ടാം ഇന്നിംഗ്‌സ,്‌: നേരിട്ടത്‌ 26 പന്തുകള്‍. നേടിയത്‌ 21 റണ്‍സ്‌. മെന്‍ഡിസിന്റെ പന്തില്‍ ലെഗ്‌ ബിഫോര്‍. രണ്ട്‌ ഇന്നിംഗ്‌സിലുമായി 82 റണ്‍സ്‌. ( മല്‍സരത്തിന്‌ മുമ്പ്‌ ലക്ഷ്‌മണ്‍ പറഞ്ഞത്‌ മുരളിയെയും മെന്‍ഡിസിനെയും ഭയമില്ലെന്ന്‌്‌്‌)

BADA KALMADI




പുച്ചക്കാര്‌ മണിക്കെട്ടും
സുരേഷ്‌ കല്‍മാഡിയെന്ന ഇന്ത്യന്‍ ഒളിംപ്‌ക്‌ അസോസിയേഷന്‍ പ്രസിഡണ്ടിന്റെ ബയോഡാറ്റയിലൂടെ ഒന്ന്‌ സഞ്ചരിക്കാം: ജനനം 1944 മെയ്‌ 1ന്‌ (അതായത്‌ സാര്‍വദേശീയ തൊളിലാളി ദിനത്തില്‍). ഉഡുപ്പിക്ക്‌ സമീപമുളള കല്‍മാഡി ഗ്രാമത്തിലായിരുന്നു ജനനം. പഠിച്ചത്‌ പൂനെയിലെ സെന്റ്‌ വിന്‍സന്റ്‌ ഹൈസ്‌ക്കൂളിലും ഫെര്‍ഗൂസണ്‍ കോളജിലും. 1960 ല്‍ ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയില്‍ ചേര്‍ന്നു. 64 ല്‍ ജോദ്ദ്‌പൂരിലെ എയര്‍ഫോഴ്‌സ്‌ ഫ്‌ളൈയിംഗ്‌ കോളജില്‍ ചേര്‍ന്നു. 65 മുതല്‍ 74 വരെ എയര്‍ഫോഴ്‌സില്‍. 1965 ലും 71 ലും പാക്കിസ്‌താനെതിരെ നടന്ന യുദ്ധത്തില്‍ പൈലറ്റ്‌ എന്ന നിലയില്‍ രാജ്യത്തെ സേവിച്ചു. 1977 ല്‍ യൂത്ത്‌്‌ കോണ്‍ഗ്രസ്സിന്റെ പൂനെ പ്രസിഡണ്ട്‌. അടുത്ത വര്‍ഷം മഹാരാഷ്ട യൂത്ത്‌ കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡണ്ട്‌. 1982 മുതല്‍ രാജ്യസഭാംഗം. മാരുതി ഉദ്യോഗ്‌ ലിമിറ്റഡിന്റെ ഏറ്റവും മികച്ച ഡീലറായ സായ്‌ സര്‍വീസ്‌ സെന്ററിന്റെ ഉടമ. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍, ഏഷ്യന്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്‍, സൗത്ത്‌്‌ ഏഷ്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍, അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എന്നീ സംഘടനകളുടെ പ്രസിഡണ്ട്‌.....
വളരെ മനോഹരമായ ഈ ബയോഡാറ്റയില്‍ കല്‍മാഡി ഒരു സ്‌പോര്‍ട്‌സ്‌ താരമായിരുന്നു എന്ന്‌ പറയുന്നില്ല. 1996 ല്‍ ശിവന്തി ആദിത്യന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ സ്ഥാനം വിട്ട ശേഷം കല്‍മാഡി ആ കസേരയില്‍ ഇരിക്കുന്നു. ഇന്ത്യന്‍ കായികരംഗത്ത്‌ അവസാന വാക്ക്‌ അന്ന്‌ മുതല്‍ കല്‍മാഡിയാണ്‌. എന്തെല്ലാം വീരവാദങ്ങള്‍ അദ്ദേഹം നടത്തന്നു. ഏഷ്യന്‍ ഗെയിംസുകള്‍ വരുമ്പോള്‍ ഇന്ത്യ സ്വര്‍ണ്ണം വാരുമെന്ന പതിവ്‌ ഗര്‍ജ്ജനം, ഒളിംപിക്‌സുകള്‍ വരുമ്പോള്‍ ഇന്ത്യ അഭിമാനം കാക്കുമെന്ന ഗീര്‍വാണം, കായിക മാമാങ്കങ്ങള്‍ കഴിയുമ്പോള്‍ പതിവ്‌ പോലെ നിരാശ പ്രകടിപ്പിക്കുന്ന പ്രസ്‌താവനകള്‍. അതിനിടെ ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനുമെല്ലാം ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന അവകാശ വാദങ്ങള്‍. ഫോര്‍മുല വണ്‍ വേദിയായി ഡല്‍ഹിയെ മാറ്റുമെന്നും ക്രിക്കറ്റിനെ ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കുമെന്നുമെല്ലാം പറഞ്ഞ്‌ വാര്‍ത്തകളില്‍ ഇടം നേടുന്ന കല്‍മാഡിയുടെ ഏക നേട്ടം 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കാന്‍ പോവുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മാത്രമാണ്‌. അതേ വര്‍ഷം തന്നെ ഇന്ത്യ ലോകകപ്പ്‌്‌ ഹോക്കിക്കും ആതിഥേയത്വം വഹിക്കുന്നുണ്ട്‌.
നമ്മുടെ കായിക അജണ്ട തീരുമാനിക്കുന്നത്‌ കല്‍മാഡിയാണ്‌. സഹായത്തിന്‌ രണ്‍ധീര്‍സിംഗും ലളിത്‌ ഭാനോട്ടുമെല്ലാം. ഇവരാണ്‌ ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസുകളിലും ആരെല്ലാം പങ്കെടുക്കണമെന്നെല്ലാം തീരുമാനിക്കുന്നത്‌. ഒളിംപിക്‌സ്‌ യോഗ്യതാ മാര്‍ക്ക്‌ പോലും ഇവര്‍ നിര്‍ണ്ണയിക്കുമ്പോള്‍ കായിക മന്ത്രാലയവും മറ്റ്‌ ഒഫീഷ്യലുകളും കായിക വിദഗ്‌ദ്ധരുമെല്ലാം ഇവരുടെ ചട്ടുകങ്ങള്‍ മാത്രം. ഡല്‍ഹി നെഹ്‌റു സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കന്ന ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ ആസ്ഥാനത്ത്‌ നിന്നും ഇവര്‍ അജണ്ടകള്‍ നിശ്ചയിക്കുമ്പോള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്‌ മേല്‍നോട്ട ചുമതല മാത്രം. ബൂസാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുനിതാ റാണിയെ പോലെ സീനിയറായ അത്‌ലറ്റ്‌ മരുന്നടിക്ക്‌ പിടിക്കപ്പെടും. ഏതന്‍സ്‌ ഒളിംപിക്‌സില്‍ വെയ്‌റ്റ്‌ ലിഫ്‌ടിംഗ്‌ ടീം നാണക്കേട്‌ സമ്മാനിച്ചപ്പോഴും കല്‍മാഡിക്ക്‌ സ്വന്തം ന്യായങ്ങളുണ്ടായിരുന്നു. ആ ന്യായങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ചു. താരങ്ങള്‍ ബലിയാടുകളായി. ദോഹ ഏഷ്യന്‍ ഗെയിംസ്‌ സമയത്ത്‌ ഗെയിംസ്‌ വില്ലേജില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ കല്‍മാഡി ഒരു സൂപ്പര്‍ സ്റ്റാറിന്റെ പരിവേഷത്തില്‍ എത്തിയിരുന്നു. കറുത്ത കോട്ടും കറുത്ത ഗ്ലാസും പെയിന്റ്‌ ചെയ്‌ത തലയുമായി ചെറുപ്പക്കാരനായി കല്‍മാഡി പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്കൊപ്പമുണ്ടായിരുന്ന ചൈനീസ്‌ റേഡിയോയയുടെ പ്രതിനിധി ഹുവാ സാന്‍ ചോദിച്ച ചോദ്യം ഇപ്പോഴും ഓര്‍മ്മയിലുണ്ട്‌-ഇയാളാരാ ഇന്ത്യന്‍ സിനിമയിലെ വില്ലനോ..?
സിനിമയിലെ വില്ലനല്ല-ഇന്ത്യന്‍ കായികരംഗത്തിന്റെ വില്ലനാണ്‌ പൂനെകാരന്‍ എന്ന സത്യം എല്ലാവരും അംഗീകരിക്കുമ്പോള്‍ തന്നെ അത്‌ തുറന്ന്‌ പറയാന്‍ ആര്‍ക്കുമാവുന്നില്ല. കഴിഞ്ഞ ദിവസം ബെയ്‌ജിംഗിലേക്കുളള ഇന്ത്യയുടെ ആദ്യ സംഘത്തിന്‌ നല്‍കിയ യാത്രയയപ്പ്‌ വേളയില്‍ കല്‍മാഡി പറഞ്ഞ വാക്കുകള്‍ കേള്‍ക്കുക-ഇവര്‍ ബെയ്‌ജിംഗില്‍ അല്‍ഭുതം കാട്ടും, മെഡലുകള്‍ നേടി തിരിച്ചുവരും...
ഇങ്ങനെ അദ്ദേഹം പറയാന്‍ തുടങ്ങിയിട്ട്‌ കാലം കൂറെയായി-നമ്മളെല്ലാം ഇത്‌ കേട്ടുപരിചയിച്ചിട്ടും.

Friday, July 25, 2008

HOPE AND REALITY






സ്വന്തം നാട്ടില്‍ ചൈന ലക്ഷ്യമിടുന്നത്‌ അമ്പത്‌ സ്വര്‍ണ്ണ മെഡലുകളാണ്‌.. രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌ 1099 പേര്‍. മെഡല്‍ ലക്ഷ്യം അവര്‍ പരസ്യമാക്കിയത്‌ കഴിഞ്ഞ ദിവസം മാത്രമാണ്‌-അതായത്‌ ഒളിംപിക്‌സ്‌്‌ തൊട്ടരികില്‍ എത്തിനില്‍ക്കുമ്പോള്‍. കഴിഞ്ഞ എട്ട്‌ വര്‍ഷമായി ചൈനീസ്‌ താരങ്ങള്‍ സ്വന്തം നാട്ടിലെ ഒളിംപിക്‌സ്‌ ലക്ഷ്യമാക്കി കഠിന പരിശീലനത്തിലാണ്‌. മറ്റൊരു കായികമേളയിലും പങ്കെടുക്കാതെ ഒരേ ഒരു ലക്ഷ്യത്തിലേക്കുള്ള ഒരുക്കത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നതിനുളള തെളിവാണ്‌ ലക്ഷ്യമിടുന്ന സ്വര്‍ണ്ണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. നമ്മുടെ സുരേഷ്‌ കല്‍മാഡിയും രണ്‍ധീര്‍സിംഗും ലളിത്‌ ഭാനോട്ടുമെല്ലാം നടത്തുന്ന വെറുതെയുളള സംസാരമല്ല ചൈനീസ്‌ ഒളിംപിക്‌ അസോസിസേയഷന്‍ നടത്തിയിരിക്കുന്നത്‌. വ്യക്തമായ കണക്ക്‌ക്കൂട്ടലുകളില്‍ നിന്നുള്ള വെളിപ്പെടുത്തലാണ്‌. സ്വന്തം താരങ്ങള്‍ക്ക്‌ തിളങ്ങാന്‍ കഴിയുന്ന മേഖലകള്‍ തെരഞ്ഞെടുത്ത്‌, താരങ്ങള്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും നല്‍കി, അവരുടെ കരുത്തിനെ ചൂഷണം ചെയ്യുന്ന പരിശീലന മുറകളുമായി ചൈന മുന്നേറുമ്പോള്‍ നമ്മള്‍ വെറും കാഴ്‌ച്ചക്കാരാവുകയാണ്‌. ജിംനാസ്‌റ്റിക്‌സ്‌, സ്വിമ്മിംഗ്‌, ബാഡ്‌മിന്റണ്‍, ഷൂട്ടിംഗ്‌, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിലാണ്‌ ചൈനീസ്‌ ആധിപത്യം. ഈ മേഖലയില്‍ എതിരാളികള്‍ക്ക്‌ അവര്‍ അവസരം നല്‍കാറില്ല. ഇത്തവണ ഒളിംപിക്‌്‌സിലെ ആദ്യ സ്വര്‍ണ്ണം തങ്ങള്‍ക്ക്‌ തന്നെ ലഭിക്കണമെന്ന വാശിയും അവര്‍ക്കുണ്ട്‌.
ഇന്ത്യ എന്ന നാമം ഒളിംപിക്‌്‌സില്‍ സാധാരണ ഉയരാറുള്ളത്‌ പുരുഷ ഹോക്കിയില്‍ മാത്രമാണ്‌. ഇത്‌ വരെ നടന്ന, ഇന്ത്യ പങ്കെടുത്ത എല്ലാ ഒളിംപിക്‌സുകളിലും നമ്മുടെ ഹോക്കി ടീം കളിച്ചിരുന്നു. ഇത്തവണ ഇതാദ്യമായി ഹോക്കിയില്‍ നമുക്ക്‌ പ്രാതിനിധ്യമില്ല. ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ നമ്മുടെ ടീമിന്‌ കഴിഞ്ഞില്ല. ഹോക്കി കഴിഞ്ഞാല്‍ ചെറിയ നേട്ടം ട്രാക്കിലായിരുന്നു. ട്രാക്കിലും ഇത്തവണ പ്രതീക്ഷകള്‍ മാത്രമാണ്‌. വെയ്‌റ്റ്‌ലിഫ്‌ടിംഗില്‍ പ്രത്യേകിച്ച്‌ വനിതാ വിഭാഗത്തില്‍ നേടാനായ കരുത്ത്‌ മരുന്നടിയിലൂടെ നഷ്ടമാക്കിയ ഇന്ത്യ ടെന്നിസിലെ ഖ്യാതി തമ്മിലടിയിലൂടെയും ഇല്ലാതാക്കിയിരിക്കയാണ്‌. കാക്കത്തൊളളായിരം കായിക സംഘടനകള്‍ ഉളള രാജ്യത്ത്‌ കായിക ഏകോപനമില്ല. സംഘടനകളെ ഏകോപിപ്പിക്കാന്‍ ബാധ്യസ്ഥരായ കായിക മന്ത്രാലയം എല്ലാം കണ്ടില്ലെന്ന്‌ നടിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ മന്ത്രാലയത്തിന്റെ ചുമതലയും മാറുന്നു. ഒരു മന്ത്രിക്ക്‌ തോന്നുന്നത്‌ അദ്ദേഹത്തിന്റെ നയം, അടുത്ത മന്ത്രിക്ക്‌ അദ്ദേഹത്തിന്റെ നയം, കായിക സംഘടനകള്‍ക്ക്‌ അവരുടെ നയം. ഈ നയ ബഹളത്തില്‍ പാവം താരങ്ങള്‍ ഇല്ലാതാവുന്നു.
ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിംപിക്‌സ്‌ 1900 ത്തില്‍ പാരീസില്‍ നടന്ന ഒളിംപിക്‌സായിരുന്നു. ആ ലോക മേളയില്‍ നോര്‍മന്‍ പിച്ചാര്‍ഡ്‌ എന്ന ആംഗ്ലോ ഇന്ത്യക്കാരനാണ്‌ രാജ്യത്തിന്റെ അഭിമാനമായത്‌. പുരുഷന്മാരുടെ 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും പിച്ചാര്‍ഡ്‌ വെളളി മെഡല്‍ നേടി. രസകരമായ സത്യം പിച്ചാര്‍ഡിന്റെ ഒളിംപിക്‌്‌സ്‌ സാന്നിദ്ധ്യം തന്നെയായിരുന്നു. പാരീസില്‍ ഒളിംപിക്‌സ്‌ നടക്കുമ്പോള്‍ അദ്ദേഹം അവിടെ അവധി ദിവസങ്ങള്‍ ആഘോഷിക്കാനെത്തിയതായിരുന്നു. അങ്ങനെ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിംപിക്‌സില്‍ പങ്കെടുത്തു. മെഡലുകളും നേടി. ഇന്നും നമ്മുടെ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടിയ വ്യക്തി എന്ന സ്ഥാനം പിച്ചാര്‍ഡിനാണ്‌. വീണ്ടും ഇന്ത്യ ഒളിംപിക്‌്‌സില്‍ പങ്കെടുക്കുന്നത്‌ 20 വര്‍ഷം കഴിഞ്ഞ്‌ 1920 ല്‍ ആന്‍ഡ്‌വെര്‍പ്പില്‍ നടന്ന ഒളിംപിക്‌സിലായിരുന്നു. രണ്ട്‌ പേര്‍ മാത്രമായിരുന്നു അന്നത്തെ ഇന്ത്യന്‍ സംഘത്തില്‍. 1924 ല്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനീധികരിച്ച്‌ എട്ട്‌ പേര്‍ പങ്കെടുത്തു. പക്ഷേ മെഡലുകള്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. ഈ ഒളിംപിക്‌്‌സുകളില്‍ ഇന്ത്യന്‍ പ്രാതിനിധ്യം നാമ മാത്രമായിരുന്നു. ആരും അവകാശവാദങ്ങള്‍ക്കൊന്നും മുതിര്‍ന്നിരുന്നില്ല. സ്വപ്‌നം കാണാനും ആരുമുണ്ടായിരുന്നില്ല. പിച്ചാര്‍ഡ്‌ എന്ന താരം ഒളിംപ്‌കിസില്‍ പങ്കെടുത്തത്‌ തന്നെ നാടകീമായിട്ടായിരുന്നു.
1928 ല്‍ ആംസ്‌റ്റര്‍ഡാമില്‍ നടന്ന ഒളിംപിക്‌സിലാണ്‌ ഇന്ത്യയുടെ സംഘടിത പ്രാതിനിധ്യമുണ്ടായത്‌. 1927 ല്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ രൂപികരിച്ചിരുന്നു. അസോസിയേഷന്‌ കീഴിലാണ്‌ ആംസ്‌റ്റര്‍ഡാമില്‍ ഇന്ത്യ പങ്കെടുത്തത്‌. ദോറാബ്‌ജി ടാറ്റയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡണ്ട്‌. യംഗ്‌മെന്‍സ്‌ കൃസ്‌റ്റിയന്‍ അസോസിയേഷനിലെ ഡോ.ഏ.സി നോര്‍ത്തേണ്‍ സെക്രട്ടറിയും. ഇന്ത്യന്‍ ഹോക്കി ടീം ആദ്യമായി ഒളിംപിക്‌സ്‌ കളിച്ചപ്പോള്‍ ജയ്‌പാല്‍ സിംഗ്‌ നയിച്ച ടീം സ്വര്‍ണ്ണവും നേടി. അന്നൊന്നും യൂറോപ്പിന്‌ ഹോക്കി എന്താണെന്ന്‌ അറിയുമായിരുന്നില്ല. 1928 മുതല്‍ 1956 വരെയുള്ള അടുത്ത ആറ്‌ ഒളിംപിക്‌സുകളില്‍ ഹോക്കിയില്‍ ഇന്ത്യ മാത്രമായിരുന്നു. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിലൂടെ ഇന്ത്യ ലോകം കീഴടക്കി. ഈ കാലയളവിലെ ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി പരാജയം എന്തെന്ന്‌ അറിഞ്ഞിരുന്നില്ല. എല്ലാ മല്‍സരങ്ങളിലും വിജയം മാത്രം. കളിച്ചത്‌ 24 മല്‍സരങ്ങളില്‍, ജയിച്ചത്‌ 24 മല്‍സരങ്ങളില്‍. മൊത്തം 178 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. വഴങ്ങിയത്‌ കേവലം ഏഴ്‌ ഗോളുകള്‍. 64 ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സിലും 80 ല്‍ മോസ്‌ക്കോയില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണ്ണമണിഞ്ഞു. പിന്നെ കഷ്ടകാലമായിരുന്നു. കഷ്ടകാലത്തിന്റെ പാരമ്യതയിലാണ്‌ ഇപ്പോള്‍ ഒളിംപിക്‌സ്‌ യോഗ്യത തന്നെ ടീമിന്‌ നേടാന്‍ കഴിയാഞ്ഞത്‌. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനിലെ വിഴുപ്പലക്കലിലും തമ്മിലടിയിലും ഹോക്കി എന്ന ദേശീയ ഗെയിം സത്യത്തില്‍ ഇല്ലാതാവുകയായിരുന്നു.
ഒളിംപിക്‌സ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളില്ല. ആറ്‌ ഇന്ത്യക്കാരും, 4-400 മീറ്റര്‍ വനിതാ റിലേ ടീമും മാത്രമാണ്‌ ഇത്‌ വരെ ഒളിംപിക്‌സ്‌ ഫൈനലില്‍ എത്തയിട്ടുളളവര്‍. നോര്‍മന്‍ പിച്ചാര്‍ഡ്‌ (1900 പാരിസ്‌ ഒളിംപ്‌കിസ്‌, രണ്ട്‌ വെളളി മെഡലുകള്‍), ഹെന്‍ട്രി റിബലോ (1948 ലെ ലണ്ടന്‍ ഒളിംപിക്‌സ്‌, ട്രിപ്പിള്‍ ജംമ്പ്‌), മില്‍ഖാസിംഗ്‌ (1960 ലെ റോം ഒളിംപിക്‌്‌സ്‌, 400 മീറ്ററില്‍ നാലാം സ്ഥാനം), ഗുര്‍ബച്ചന്‍സിംഗ്‌ രണ്‍ധാവ (1964 ടോക്കിയോ ഒളിംപിക്‌സ്‌, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ചാം സ്ഥാനം), ശ്രീരാം സിംഗ്‌ (1976 ലെ മോണ്‍ട്രിയല്‍ ഒളിംപിക്‌സ്‌, 800 മീറ്ററില്‍ ഏഴാം സ്ഥാനം), പി.ടി ഉഷ (1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌്‌സ്‌. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനം, സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലാണ്‌ ഉഷക്ക്‌ മെഡല്‍ നഷ്ടമായത്‌), വനിതകളുടെ 400 മീറ്റര്‍ റിലേ ടീം (1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌സ്‌. പി.ടി ഉഷ, എം.ഡി വല്‍സമ്മ, വന്ദനറാവു, ഷൈനി അബ്രഹാം എന്നിവരുടെ ടീം, ഏഴാം സ്ഥാനം) എന്നിവരായിരുന്നു ട്രാക്കിലെ അഭിമാനങ്ങള്‍.
ഹോക്കിയും ട്രാക്കും മാറ്റിനിര്‍ത്തിയാല്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ കാര്യമായി ഒന്നുമില്ല. ജനസംഖ്യയില്‍ ചൈനക്ക്‌ പിറകില്‍ രണ്ടാമത്‌ നില്‍ക്കുന്ന രാജ്യത്തിന്റെ ആകെ നേട്ടം പരിശോധിച്ചാലാണ്‌ ദയനീയത കൂടുതല്‍ വ്യക്തമാവുക. ഇത്‌ വരെ നേടിയത്‌ എട്ട്‌ സ്വര്‍ണ്ണങ്ങള്‍-എട്ടും ഹോക്കിയില്‍. അത്‌ലറ്റിക്‌്‌സില്‍ രണ്ട്‌ വെളളി-നോര്‍മന്‍ പിച്ചാര്‍ഡിന്റെ വക. റസ്‌ലിംഗില്‍ രണ്ട്‌ വെങ്കലമുണ്ട്‌ (1952 ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപ്‌ക്‌സില്‍ കഷബ ദാദസാഹബ്‌ യാദവ്‌ നേടിയത്‌). ഷൂട്ടിംഗില്‍ ഒരു വെളളിയും ഒരു വെങ്കലവും (വെളളി രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍ 2004 ഏതന്‍സ്‌, വെങ്കലം ഡോ. കമല്‍സിംഗ്‌ 1964 ടോക്കിയോ), ടെന്നിസില്‍ ഒരു വെങ്കലം (ലിയാന്‍ഡര്‍ പെയ്‌സ്‌ 1996 അറ്റ്‌ലാന്റ ഒളിംപിക്‌്‌സ്‌), ഭാരോദ്വഹനത്തില്‍ ഒരു വെങ്കലം (കര്‍ണ്ണം മല്ലേശ്വരി 2000 സിഡ്‌നി). ഇതോടെ മെഡല്‍ ചരിത്രം അവസാനിക്കുന്നു.
ഇത്തവണ ബെയ്‌ജിംഗില്‍ ആരെങ്കിലുമൊരാള്‍ ഒരു മെഡല്‍ നേടിയാലായി.... അമ്പതോളം പേരുണ്ട്‌ രാജ്യത്തെ പ്രതിനിധീകരിക്കാന്‍. ഇതില്‍ ആരെങ്കിലുമൊരാള്‍ നേടുന്ന മെഡലായിരിക്കും അടുത്ത നാല്‌ വര്‍ഷത്തെ നമ്മുടെ നേട്ടം. ബെയ്‌ജിംഗ്‌ കഴിഞ്ഞാല്‍ 2012 ല്‍ ലണ്ടന്‍-അവിടെയും പ്രതീക്ഷകള്‍ക്കും സ്വപ്‌നത്തിനും കുറവുണ്ടാവില്ല....എല്ലാവരും മെഡല്‍ വാരുമ്പോള്‍ നമ്മള്‍ നല്ല കാഴ്‌ച്ചക്കാരാവും.

BAD INDIA

ഇന്ത്യ തകര്‍ന്നു
കൊളംബോ: അനുഭവസമ്പന്നരായ ബാറ്റ്‌സ്‌മാന്മാര്‍ അരങ്ങ്‌ തകര്‍ക്കുമെന്ന്‌ പറഞ്ഞ അനില്‍ കുംബ്ലെ സ്വന്തം വാക്കുകള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിതനാണ്‌.... ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ശ്രീലങ്ക സ്വന്തമാക്കിയ കൂറ്റന്‍ സ്‌്‌ക്കോറിന്‌ മുന്നില്‍ ( ആറ്‌ വിക്കറ്റിന്‌ 600 ഡിക്ലയേര്‍ഡ്‌) വിയര്‍ക്കുന്ന ഇന്ത്യ വെളിച്ചക്കുറവ്‌ കാരണം മൂന്നാം ദിവസത്തെ മല്‍സരം നേരത്തെ നിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 158 റണ്‍സ്‌ എന്ന പരിതാപമായ അവസ്ഥയിലാണ്‌. ഫോളോ ഓണ്‍ നാണക്കേട്‌ ഒഴിവാക്കാന്‍ 242 റണ്‍സ്‌ ഇനിയും ഇന്ത്യക്ക്‌ വേണം. എസ്‌.എസ്‌.സിയിലെ പിച്ച്‌ പൊട്ടിപൊളിയാന്‍ തുടങ്ങിയിരിക്കെ വന്‍ പരാജയമാണ്‌ ഇന്ത്യയെ തുറിച്ചുനോക്കുന്നത്‌. ഇപ്പോഴും 441 റണ്‍സിന്‌ പിറകിലാണ്‌്‌ ടീം.
ഗൗതം ഗാംഭീര്‍ (38), വിരേന്ദര്‍ സേവാഗ്‌ (25), രാഹുല്‍ ദ്രാവിഡ്‌ (14), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (27), സൗരവ്‌ ഗാംഗുലി (23), ദിനേശ്‌ കാര്‍ത്തിക്‌ (9) എന്നിവര്‍ പുറത്തായി. വി.വി.എസ്‌ ലക്ഷ്‌മണ്‍ പുറത്താവാതെ 19 റണ്‍സുമായി ക്രീസിലുണ്ട്‌. 37 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയ മുത്തയ്യ മുരളീധരനാണ്‌ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയിലൂടെ കയറിയിറങ്ങിയത്‌. കന്നിക്കാരന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡീസിന്‌ വലിയ ഭീഷണി ഉയര്‍ത്താനായില്ലെങ്കിലും ദ്രാവിഡിന്റെ വിലപ്പെട്ട വിക്കറ്റ്‌ നേടി.
അനുഭവസമ്പത്തിന്റെ ഒരു ലാഞ്ചനയും പ്രകടിപ്പിക്കാതെ ആലസ്യത്തിന്റെ ബാറ്റിംഗാണ്‌ എല്ലാവരും നടത്തിയത്‌. സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊന്നും മാപ്പര്‍ഹിക്കുന്നില്ല. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കാന്‍ സച്ചിന്‌ ആദ്യ ടെസ്‌റ്റില്‍ തന്നെയാവുമെന്ന്‌ പറഞ്ഞ അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ വിനോദ്‌ കാംബ്ലിക്ക്‌ സ്വന്തം വാക്കുകള്‍ വേഗത്തില്‍ വിഴുങ്ങാം-അത്രക്ക്‌ ദയനീയമായിരുന്നു സച്ചിന്റെ ബാറ്റിംഗ്‌. തട്ടിമുട്ടി 46 പന്തില്‍ നിന്ന്‌ 27 റണ്‍സ്‌ നേടി മുരളിക്ക്‌ മുന്നില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡായി. ലക്ഷ്‌മണിന്‌ കൂട്ടായി ഇപ്പോള്‍ ക്രീസിലുളളത്‌ ക്യാപ്‌റ്റന്‍ കുംബ്ലെയാണ്‌. ബാറ്റിംഗിന്‌ വരാനുള്ളത്‌്‌ സഹീര്‍ഖാനും ഹര്‍ഭജനും ഇശാന്തും മാത്രം.
നേരത്തെ ലങ്ക സ്വന്തം ഒന്നാം ഇന്നിംഗ്‌സ്‌ 600 റണ്‍സില്‍ അവസനിപ്പിച്ചിരുന്നു. ക്യാപ്‌റ്റന്‍ മഹേല, ഓപ്പണര്‍ വര്‍ണപുര, സമരവീര എന്നിവരെ കൂടാതെ തിലകരത്‌നെ ദില്‍ഷാനും സെഞ്ച്വറി (പുറത്താവാതെ 125 ) സ്‌ന്തമാക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌: ലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌: വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3, വര്‍ണപുര-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-115, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-136, സമരവീര-സി-ലക്ഷ്‌മണ്‍-ബി-സഹീര്‍-127, ദില്‍ഷാന്‍-നോട്ടൗട്ട്‌-125, പ്രസന്ന-സി-ഇശാന്ത്‌-ബി-ഹര്‍ഭജന്‍-30, വാസ്‌-നോട്ടൗട്ട്‌-22, എക്‌സ്‌ട്രാസ്‌-30, ആകെ 162 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 600. വിക്കറ്റ്‌ പതനം: 1-7,2-57, 3-212, 4-360, 5-454, 6-545. ബൗളിംഗ്‌: സഹീര്‍ 37-2-156-2, ഇശാന്ത്‌ 33-4-124-2, സൗരവ്‌ 8-1-24-0, ഹര്‍ഭജന്‍ 43-2-149-2, കുംബ്ലെ 37-4-121-0, സേവാഗ്‌ 4-0-17-0. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-സമരവീര-ബി-മുരളി-38, സേവാഗ്‌-സി-വര്‍ണപുര-ബി-കുലശേഖര-25, ദ്രാവിഡ്‌-ബി-മെന്‍ഡിസ്‌-14, സച്ചിന്‍-ബി-മുരളി-27, സൗരവ്‌-സി-കുലശേഖര-ബി-മുരളി-23, ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-19, കാര്‍ത്തിക്‌-സി ആന്‍ഡ്‌ ബി-മുരളി-9, കുംബ്ലെ-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌-2, ആകെ ആറ്‌ വിക്കറ്റിന്‌ 158. വിക്കറ്റ്‌ പതനം 1-36, 2-78, 3-78, 4-122, 5-137, 6-146. ബൗളിംഗ്‌: വാസ്‌ 5-0-23-0, കുലശേഖര 7-0-38-1, മെന്‍ഡീസ്‌ 18-3-58-1, മുരളി 15-4-37-4

Thursday, July 24, 2008

MEGA LANKA


സെഞ്ച്വറി വേട്ട
കൊളംബോ: ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ (136), ഓപ്പണര്‍ വര്‍ണപുര (115), തിലാന്‍ സമരവീര (111 നോട്ടൗട്ട്‌) എന്നിവരുടെ സെഞ്ച്വറികളില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ആതിഥേയരായ ശ്രീലങ്ക വന്‍ സ്‌ക്കോറിലേക്ക്‌. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലങ്ക നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 422 റണ്‍സ്‌ സ്വന്തമാക്കി. രണ്ട്‌ വിക്കറ്റിന്‌ 85 റണ്‍സ്‌ എന്ന നിലയില്‍ കളിയാരംഭിച്ച ആതിഥേയര്‍ ഇന്ത്യന്‍ ബൗളര്‍മാരോട്‌ ദയ കാണിക്കാതെ ആക്രമിച്ചപ്പോള്‍ റണ്‍സ്‌ യഥേഷ്ടം പിറന്നു. വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്കും (രണ്ട്‌ തവണ), ഗൗതം ഗാംഭീറുമെല്ലാം ചോരുന്ന കൈകളുമായി നിന്നപ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായി. വ്യക്തിഗത സ്‌ക്കോര്‍ 55 ലും 93 ലും മഹേലയെ കുംബ്ലെയുടെ പന്തില്‍ കാര്‍ത്തിക്‌ വിട്ടപ്പോള്‍ സമരവീര ഹര്‍ഭജന്റെ പന്തില്‍ നല്‍കിയ അവസരം ഗാംഭീര്‍ പാഴാക്കി. ഭാഗ്യത്തിന്റെ അകമ്പടിയില്‍ സെഞ്ച്വറി തികച്ച മഹേല ഓസ്‌ട്രേലിയന്‍ ബാറ്റിംഗ്‌ ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്റെ പേരിലുളള റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്‌തു. ഒരേ വേദിയില്‍ ഒമ്പത്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ബ്രാഡ്‌മാനൊപ്പം കൊളംബോയിലെ എസ്‌.എസ്‌.സിയില്‍ മഹേലയുടെ ഒമ്പതാം സെഞ്ച്വറിയാണ്‌ ഇന്നലെ പിറന്നത്‌. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലായിരുന്നു ബ്രാഡ്‌മാന്റെ നേട്ടം. വര്‍ണപുര-മഹേല സഖ്യം 155 റണ്‍സ്‌ നേടിയപ്പോള്‍ മഹേല-സമരവീര സഖ്യം 138 റണ്‍സ്‌ സ്വന്തമാക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌: ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്‌. വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3, വര്‍ണപുര-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-115, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-136, സമരവീര-നോട്ടൗട്ട്‌-111, ദില്‍ഷാന്‍-നോട്ടൗട്ട്‌-20, എക്‌സ്‌ട്രാസ്‌-25, ആകെ 120 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 422. വിക്കറ്റ്‌ പതനം: 1-7, 2-57, 3-212, 4-360. ബൗളിംഗ്‌: സഹീര്‍ 27-2-112-1, ഇശാന്ത്‌ 25-3-97-2, സൗരവ്‌ 8-1-24-0, ഹര്‍ഭദജന്‍ 29-2-88-1, കുംബ്ലെ 27-3-75-0, സേവാഗ്‌ 4-0-17-0

പുതിയ അപ്പീല്‍
ദില്‍ഷന്‍ ചരിത്രത്തില്‍
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ്‌ പരമ്പരയില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്ന പുതിയ അപ്പീല്‍ സമ്പ്രദായത്തിന്റെ നേട്ടവും ചരിത്രവും ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ തിലകരത്‌നെ ദില്‍ഷാന്‌. ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ സഹീര്‍ഖാന്റെ പന്തില്‍ കോട്ട്‌ ബിഹൈന്‍ഡിനായുളള ബൗളറുടെ അപ്പീല്‍ അംഗീകരിച്ച്‌ അമ്പയര്‍ മാര്‍ക്‌ ബെന്‍സണ്‍ ദില്‍ഷാനെ പുറത്താക്കിയിരുന്നു. എന്നാല്‍ ബാറ്റ്‌സ്‌മാനും അപ്പീല്‍ നല്‍കാവുന്ന പുതിയ പരിഷ്‌ക്കാരത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി ദില്‍ഷാന്‍ ടി സിഗ്‌നല്‍ നല്‍കി അപ്പീല്‍ മുഴക്കി. അങ്ങനെ തീരുമാനം മൂന്നാം അമ്പയര്‍ റൂഡി കുയര്‍ട്‌സണ്‌്‌ വിട്ടു. അദ്ദേഹം ബാറ്റസ്‌മാന്‌ അനുകൂലമായ വിധിയാണ്‌ നല്‍കിയത്‌. ദില്‍ഷാന്‌ തുടരാനുമായി. നേരത്തെ പുതിയ അപ്പീല്‍ സമ്പ്രദായം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ വര്‍ണ്ണപുരക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ഭജന്‍സിംഗിന്റെ പന്തില്‍ വര്‍ണ്ണപുരക്കെതിരെ ഉയര്‍ന്ന അപ്പീല്‍ അമ്പയര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ കുംബ്ലെ തേര്‍ഡ്‌ അമ്പയര്‍ക്ക്‌ തീരുമാനം വിടാന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തേര്‍ഡ്‌ അമ്പയറുടെ വിധി ഇന്ത്യക്ക്‌ അനുകൂലമായിരുന്നില്ല.
പുതിയ സമ്പ്രദായത്തില്‍ ഒരു ഇന്നിംഗ്‌സില്‍ ടീമുകള്‍ക്ക്‌ മൂന്ന്‌ അപ്പീലുകള്‍ മുഴക്കാം. ബാറ്റിംഗ്‌ ടീമാണെങ്കില്‍ ഗ്രൗണ്ട്‌ അമ്പയറുടെ തീരുമാനത്തില്‍ സംശയമുണ്ടെങ്കില്‍ ബാറ്റ്‌സ്‌മാന്‌ ടി സിഗ്‌നല്‍ മുഴക്കാം. കൈകള്‍ ചുമലോളം ഉയരത്തില്‍ ടി രൂപത്തില്‍ ഉയര്‍ത്തിയാല്‍ മതി. ഉടന്‍ തന്നെ തേര്‍ഡ്‌ അമ്പയര്‍ ഇടപെടും. ഫീല്‍ഡിംഗ്‌ ടീമിന്‌ സ്വന്തം അപ്പീല്‍ ഗ്രൗണ്ട്‌ അമ്പയര്‍ നിരാകരിച്ചാല്‍ ടി സിഗ്‌നല്‍ നല്‍കി തീരുമാനം തേര്‍ഡ്‌ അമ്പയര്‍ക്ക്‌ നല്‍കാന്‍ അധികാരമുണ്ട്‌. ഇത്തരം അപ്പീലുകള്‍ അംഗീകരിക്കപ്പെട്ടാല്‍ വീണ്ടും ഇന്നിംഗ്‌സില്‍ മൂന്ന്‌ അപ്പീലിനുളള അവസരമുണ്ട്‌. അതേ സമയം നിരാകരിക്കപ്പെട്ടാല്‍ മൂനന്‌ അവസരമെന്നത്‌ രണ്ടായി കുറയും.
ഇപ്പോള്‍ നടന്ന്‌ വരുന്ന ഇംഗ്ലണ്ട്‌-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ പുതിയ രീതി പരീക്ഷിക്കാനായിരുന്നു ഐ.സി.സി തീരുമാനിച്ചത്‌. എന്നാല്‍ ഇംഗ്ലണ്ട്‌ ടീം ഇതില്‍ താല്‍പ്പര്യമെടുത്തില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇന്ത്യ-ലങ്ക പരമ്പര പരീക്ഷണത്തിന്‌്‌ വേദിയായത്‌.

RATHOR DRAMA




കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിന്റെ നേട്ടങ്ങള്‍ നോക്കുക:
1-ഏതന്‍സ്‌ ഒളിംപിക്‌സ്‌ ഷൂട്ടിംഗില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ്‌ ഇനത്തില്‍ വെള്ളി
2-2005 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ക്ലേ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ്‌ ഇനത്തില്‍ വ്യക്തിഗത, ടീം ഇനങ്ങളില്‍ സ്വര്‍ണ്ണം
3-2005 ലെ കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ ട്രാപ്പ്‌ ടീം ഇനത്തില്‍ സ്വര്‍ണ്ണം
4-2004 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ രാജീവ്‌ ഗാന്ധി ഖേല്‍രത്‌നാ അവാര്‍ഡ്‌. അതിവിശിഷ്ട സേവാമെഡല്‍
ഈ നേട്ടങ്ങളെ വിലക്കുറച്ച്‌ കാണേണ്ടതില്ല. പക്ഷേ 2005 ന്‌ ശേഷം രാത്തോറിന്‌ കാര്യമായ നേട്ടങ്ങളൊന്നുമില്ല. ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പോലും സ്വന്തം ഇഷ്ട ഇനത്തില്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഒളിംപിക്‌സ്‌ ഒരുക്കത്തില്‍ ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഷൂട്ടര്‍മാര്‍ പ്രകടിപ്പിക്കുന്ന മികവിന്റെ നാലയലത്ത്‌ വരുന്നില്ല ഡബിള്‍ ട്രാപ്പില്‍ രാത്തോര്‍. എന്നിട്ടും ഇന്ത്യന്‍ ഷൂട്ടിംഗ്‌ കോച്ച്‌ മലയാളിയായ പ്രൊഫസര്‍ സണ്ണി തോമസ്‌ രാത്തോറില്‍ നിന്ന്‌ സ്വര്‍ണ്ണം തന്നെ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ്‌ സംഘത്തില്‍ അഭിനവ്‌ ബിന്ദ്ര (10 മീറ്റര്‍ എയര്‍ റൈഫിള്‍), സമരേഷ്‌ ജംഗ്‌ (10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍), ഗഗന്‍ നരാംഗ്‌ (10 മീറ്റര്‍ എയര്‍ റൈഫിള്‍), അഞ്‌ജലി ഭാഗവത്‌ ( 50 മീറ്റര്‍ റൈഫിള്‍-3 പൊസിഷന്‍), മന്നവ്‌ ജിത്‌ സന്ധു (മെന്‍സ്‌ ട്രാപ്പ്‌ ), അവ്‌നീത്‌ സിധു (10 മീറ്റര്‍ എയര്‍ റൈഫിള്‍), സന്‍ജീവ്‌ രാജ്‌പുത്‌ ( 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍) എന്നിവരാണ്‌ ഇന്ത്യന്‍ ഷൂട്ടിംഗ്‌ സംഘത്തിലെ മറ്റ്‌ പ്രബലര്‍. ഇവരില്‍ ഗഗന്‍ നരാംഗ്‌ മാത്രമാണ്‌ സമീപകാലത്തായി മികവ്‌ ആവര്‍ത്തിക്കുന്നത്‌. ശേഷിക്കുന്നവരെല്ലാം ഒളിംപിക്‌്‌സ്‌ മുന്‍നിര്‍ത്തി കഠിന പരീശിലനത്തിലാണെങ്കിലും സ്വന്തം ഇനങ്ങളില്‍ ലോക നിലവാരത്തില്‍ നിന്നും വളരെ പിറകിലാണ്‌.
ഏതന്‍സില്‍ വെള്ളി നേടിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ നാല്‌ വര്‍ഷം ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ പോസ്‌റ്റര്‍ ബോയിയായിരുന്നു രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍. അദ്ദേഹത്തിന്‌ എല്ലാ ബഹുമതികളും രാജ്യം നല്‍കി. ദോഹ ഏഷ്യന്‍ ഗെയിംസില്‍ എല്ലാ പ്രതീക്ഷകളും അദ്ദേഹത്തിലായിരുന്നു. ദോഹക്ക്‌ മുമ്പ്‌ ബൂസാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ്‌ ടീം 11 സ്വര്‍ണ്ണവും 12 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തെ മറികടക്കാന്‍ ദോഹയില്‍ ടീമിന്‌ കഴിഞ്ഞിട്ടും പ്രകടനം ലോക നിലവാരത്തിലേക്ക്‌ വന്നിരുന്നില്ല. ഇതിന്‌ കാരണമായി രാത്തോര്‍ തന്നെ പറഞ്ഞത്‌ ശക്തരായ എതിരാളികളുടെ കുറവാണ്‌. പക്ഷേ ലോക തലത്തിലും കോമണ്‍വെല്‍ത്ത്‌ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം ശക്തരായ പ്രതിയോഗികള്‍ വന്നപ്പോള്‍ നമ്മുടെ ഷൂട്ടര്‍മാരുടെ നിലവാരം കുറയുകയാണ്‌ ചെയ്‌തത്‌. ആത്മവിശ്വാസത്തോടെയല്ല രാത്തോര്‍ ബെയ്‌ജിംഗിലേക്ക്‌ പോവുന്നത്‌. സാഹചര്യങ്ങളും എതിരാളികളും തുണച്ചാല്‍ മാത്രം ഒരു മെഡല്‍ നേടാമെന്ന മോഹം മാത്രമാണ്‌ ഈ സൈനീകനുളളത.്‌ പക്ഷേ നമ്മുടെ പ്രതീക്ഷാപ്പട്ടികയില്‍ ഒന്നാമന്‍ രാത്തോറാണ്‌. യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരാതെ നമ്മള്‍ സ്വപ്‌നങ്ങളുടെ പിറകെ ഗമിക്കുന്നത്‌ കൊണ്ടാണിത്‌.
ലോക ചാമ്പ്യന്‍ ദോല ബാനര്‍ജി നയിക്കുന്ന അമ്പെയ്‌ത്ത്‌ സംഘത്തിലും പ്രതീക്ഷകള്‍ മാത്രം. ദോല ബാനര്‍ജിക്ക്‌ ലോക തലത്തിലെ മല്‍സരങ്ങള്‍ സുപരിചിതമാണ്‌. പക്ഷേ വലിയ മല്‍സരങ്ങള്‍ വരുമ്പോള്‍ ദോലക്ക്‌ കസറാന്‍ കഴിയാറില്ല. മംഗള്‍സിംഗ്‌ ചാപ്പിയ എന്ന കൊച്ചുതാരത്തിലും പ്രതീക്ഷകളുടെ ഭാരമുണ്ട്‌. സമീപകാലത്തായി തകര്‍പ്പന്‍ ഫോമിലാണ്‌ മംഗള്‍. ഒളിംപിക്‌സ്‌ യോഗ്യതാ മാര്‍ക്ക്‌ കടക്കുന്നതില്‍ വിജയം നേടിയ ഏക ഇന്ത്യന്‍ ആര്‍ച്ചറി താരം മംഗളാണ്‌.
2000 ത്തില്‍ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സില്‍ ഹോക്കിക്കാരും ബോക്‌സര്‍മാരുമെല്ലാം പ്രതീക്ഷയുമായി തിരിച്ചപ്പോള്‍ ഒരു മെഡല്‍ നേടി രാജ്യത്തിന്റെ മാനം കാത്തത്‌ കര്‍ണ്ണം മല്ലേശ്വരി എന്ന്‌ വെയ്‌റ്റ്‌ലിഫ്‌ടറായിരുന്നു. ഏതന്‍സിലേക്ക്‌ പോവുമ്പോള്‍ മല്ലേശ്വരിയും സംഘവും മെഡല്‍ വാരുമെന്ന്‌ എല്ലാവരും കണക്ക്‌കൂട്ടി. പക്ഷേ വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ ടീം ഏതന്‍സില്‍ ഉത്തേജകത്തിന്റെ അപമാനമാണ്‌ രാജ്യത്തിന്‌ സമ്മാനിച്ചത്‌. അവിടെയാണ്‌ രാത്തോര്‍ എന്ന ഷൂട്ടര്‍ അഭിമാനമായത്‌. രാത്തോര്‍ ഏതന്‍സില്‍ മിന്നയതിനാല്‍ സ്വാഭാവികമായും നമ്മുടെ പാരമ്പര്യം അനുസരിച്ച്‌ ഷൂട്ടിംഗ്‌ ടീമില്‍ നിന്ന്‌ മെഡലുകള്‍ പ്രതീക്ഷിക്കണം. പക്ഷേ.....

Wednesday, July 23, 2008

kamals drive






സ്വര്‍ണ്ണ സ്വപ്‌നം
സ്വപ്‌നം കാണാന്‍ ആരുടെയും ലൈസന്‍
സ്‌ ആവശ്യമില്ലല്ലോ.... എങ്കിലും സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മില്‍ ചെറിയ ബന്ധമെങ്കിലും വേണ്ടേ-എങ്കിലേ അതില്‍ ഒരു സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റ്‌ ഉണ്ടാവു..
ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌ ടെന്നിസിലും ആര്‍ച്ചറിയിലും ഷൂട്ടിംഗിലും ബോക്‌സിംഗിലും ഗുസ്‌തിയിലുമാണ്‌. ഈ സാധ്യതയാണ്‌ സ്വപ്‌നമായി വളരുന്നത്‌. പക്ഷേ സത്യം തിരിച്ചറിയാന്‍ ചെറിയ ഒരു യാത്ര നടത്താം.
ടെന്നിസില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പായി കൊണ്ടുവരുമെന്ന്‌ പറയുന്നവര്‍ ഉയര്‍ത്തികാണിക്കുന്നത്‌ മൂന്ന്‌ താരങ്ങളെയാണ്‌. ലിയാന്‍ഡര്‍ പെയ്‌സ്‌, മഹേഷ്‌ ഭൂപതി പിന്നെ സാനിയ മിര്‍സ. രാജ്യാന്തര ടെന്നിസില്‍ അനുഭവസമ്പത്തുളളവരാണ്‌ മൂന്ന്‌ പേരും. പെയ്‌സും ഭൂപതിയും ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയവരാണെങ്കില്‍ വനിതാ ടെന്നിസില്‍ ഇന്ത്യക്ക്‌ ലോക വിലാസമുണ്ടാക്കിയ താരമാണ്‌ സാനിയ.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷ ടെന്നിസ്‌ സിംഗിള്‍സ്‌ ഇനത്തില്‍ പെയ്‌സ്‌ വെങ്കലം സ്വന്തമാക്കിയിരുന്നു. അന്നത്തെ സൂപ്പര്‍താരമായിരുന്ന ആന്ദ്രെ അഗാസി ഉള്‍പ്പെടെയുളളവര്‍ മല്‍സര രംഗത്തുണ്ടായിട്ടും ഒരു മെഡല്‍ സ്വന്തമാക്കാനായത്‌ വലിയ നേട്ടം തന്നെയായിരുന്നു. ഒളിംപിക്‌സ്‌ നേട്ടത്തിന്‌ ശേഷമാണ്‌ പെയ്‌സും ഭൂപതിയും ചേര്‍ന്ന്‌ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ലോകത്തോളം ഉയര്‍ത്തിയത്‌. വിംബിള്‍ഡണിലും ഫ്രഞ്ച്‌ ഓപ്പണിലുമെല്ലാം ഇവര്‍ വെന്നികൊടി നാട്ടിയപ്പോള്‍ ആ പ്രചോദനത്തിലൂടെയാണ്‌ സാനിയ വളര്‍ന്നത്‌.
ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരാം: ഒളിംപിക്‌ ടെന്നിസില്‍ മല്‍സരിക്കാന്‍ ലോകോത്തര താരങ്ങളെല്ലാം വരുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. റോജര്‍ ഫെഡ്‌റര്‍, റാഫേല്‍ നദാല്‍, ആന്‍ഡ്ര്യൂ റോഡിക്‌, സറീന വില്ല്യംസ്‌, വീനസ്‌ വില്ല്യംസ്‌, മരിയ ഷറപ്പോവ, അന്ന ഇവാനോവിച്ച്‌ തുടങ്ങിയ കരുത്തരെല്ലാം ഒളിംപിക്‌ മോഹവുമായി വരുമ്പോള്‍ ഡബിള്‍സിലും പ്രഗത്ഭരുണ്ട്‌. ഇവര്‍ക്കിടയില്‍ നിന്ന്‌ പെയ്‌സും ഭൂപതിയും മെഡല്‍ നേടുമെന്ന്‌ വേണമെങ്കില്‍ കരുതാമെന്ന്‌ മാത്രം. പെയ്‌സും ഭൂപതിയും ഇപ്പോള്‍ നമ്പര്‍ വണ്‍ ശത്രുക്കളാണ്‌. ഇവര്‍ക്കിടയിലെ അകലം അകറ്റാന്‍ ഇന്ത്യന്‍ ടെന്നിസ്‌ ഫെഡറേഷനും എന്തിന്‌ കായിക മന്ത്രാലയവും സുരേഷ്‌ കല്‍മാഡിയുമെല്ലാം ഇടപ്പെട്ടതാണ്‌. ഇവരെല്ലാം പരാജയപ്പെട്ടു. പെയ്‌സുമായി ഇനി കളിക്കാന്‍ തന്നെ കിട്ടില്ലെന്ന്‌ ഭൂപതി പരസ്യമായി പറഞ്ഞു. സാനിയ മിര്‍സയെ മിക്‌സഡ്‌ ഡബിള്‍സ്‌ പങ്കാളിയായി ലഭിക്കാന്‍ രണ്ട്‌ സീനിയര്‍ താരങ്ങള്‍ തമ്മിലുളള മല്‍സരത്തില്‍ മാധ്യസ്ഥത്തിന്‌ എത്തിയവരെല്ലാം നിരാശ പ്രകടിപ്പിച്ചു മടങ്ങി. പെയ്‌സും ഭൂപതിയും അന്യനാട്ടുകാരെ പാര്‍ട്ട്‌ണര്‍മാരാക്കി ലോകത്തിലുടനീളം കളിക്കുന്നു.
അകന്നുനില്‍ക്കുന്ന ഈ രണ്ട്‌ പേര്‍ രാജ്യത്തിനായി ഒരുമിക്കുന്നത്‌ ബാഹ്യസമ്മര്‍ദ്ദത്തിലാണ്‌. മാനസികമായി ഐക്യമില്ലാതെ ആര്‍ക്കോ വേണ്ടി ഒരുമിക്കുമ്പോള്‍ ഇവരുടെ പ്രകടനം നിലവാരത്തിലേക്കുയരില്ല. കൂടാതെ രണ്ട്‌ പേരും സ്വന്തം കരുത്തിന്റെ അസ്‌തമന കാലത്തുമാണ്‌. ഇനി ഒരു ഒളിംപിക്‌്‌സില്‍ റാക്കറ്റേന്താന്‍ ഇരുവര്‍ക്കുമാവില്ല. ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിനായി ഒന്നാമതെത്തിയവര്‍ക്ക്‌ ബെയ്‌ജിംഗില്‍ ആദ്യറൗണ്ട്‌ കടമ്പ കടക്കാന്‍ തന്നെ പ്രയാസപ്പെടേണ്ടിവരും. ഒളിംപിക്‌സ്‌ മാത്രം മുന്‍നിര്‍ത്തി താല്‍കാലികമായി ഒരുമിച്ചവര്‍ ഇതിനകം രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകള്‍ കളിച്ചു. അപ്രശസ്‌തരായ എതിരാളികള്‍ക്കെതിരെ രണ്ട്‌ ചാമ്പ്യന്‍ഷിപ്പിലും തുടക്കത്തില്‍ തന്നെ പരാജയപ്പെടുകയും ചെയ്‌തു. ഈ ടീം ഒളിംപിക്‌്‌്‌സില്‍ മെഡല്‍ നേടുമെന്ന്‌ കരുതുന്നതില്‍ ഇനി കാര്യമുണ്ടോ...?
സാനിയ മിര്‍സ രാജ്യാന്തര ടെന്നിസില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച താരമാണ്‌. വിംബിള്‍ഡണില്‍ നാലാം റൗണ്ട്‌ വരെയെത്തി. സറീന ഉള്‍പ്പെടെയുളളവരെ വിറപ്പിക്കാനുമായി. പക്ഷേ പുറം വേദനയില്‍ മൂന്ന്‌ മാസം പുറത്തിരുന്ന ശേഷം സാനിയക്ക്‌ പഴയ പവര്‍ ഗെയിം പുറത്തെടുക്കാനാവുന്നില്ല. സറീനയും, വീനസും, ഷറപ്പോവയുമെല്ലാം കളിക്കുമ്പോള്‍ സാനിയക്ക്‌ ഒന്നും ചെയ്യാനാവില്ല എന്ന സത്യം നമ്മെ നോക്കി ചിരിക്കുന്നുണ്ട്‌. ഡബിള്‍സില്‍ സുനിതാ റാവുവാണ്‌ സാനിയയുടെ പങ്കാളി. ഈ കോമ്പിനേഷന്‍ ഇത്‌ വരെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടില്ല.
സത്യം ഇതായിരിക്കെ നമുക്ക്‌ ചെയ്യാനാവുന്നത്‌ സ്വപ്‌നം കാണുക മാത്രമാണ്‌. അത്‌ നിര്‍ബാധം നടക്കട്ടെ. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ പ്രത്യക്ഷപ്പെട്ട തേജസ്സായിരുന്നു രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍. ഏതന്‍സിന്‌ ശേഷം ദോഹ ഏഷ്യന്‍ ഗെയിംസില്‍ രാത്തോറിന്റെ പേര്‌ ഉയര്‍ന്നിരുന്നു. വലിയ മേളകള്‍ വരുമ്പോള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുന്ന രാത്തോറിലും നമുക്ക്‌ പ്രതീക്ഷകളുണ്ട്‌. അതേ പറ്റി നാളെ... ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയെ ഇന്നലെ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കിയപ്പോള്‍ നമ്മുടെ പാര്‍ലമെന്റംഗമായ ടി.കെ ഹംസ, ചാറ്റര്‍ജിയെ ചീറ്റര്‍ജിയെന്നാണ്‌ വിശേഷിപ്പിച്ചത്‌. ഒറ്റയടിക്ക്‌ ഇങ്ങനെ മറുകണ്ടം ചാടി മലക്കം മറിയാന്‍ ചങ്കൂറ്റമുളള ഹംസമാര്‍ നമ്മുടെ കായികരംഗത്തുമുളളതിനാല്‍ ഇന്ന്‌്‌ പെയ്‌സിനെയും സാനിയയെയും സ്വപ്‌നത്തില്‍ മെഡല്‍വേട്ടക്കാരായി താലോലിക്കുന്നവര്‍ നാളെ തെറി വിളിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. അതാണിവിടെ പരമ്പരാഗതമായി നടക്കുന്നത്‌.

നീലിമ
ബെയ്‌ജിംഗ്‌: ചൈനീസ്‌ ആസ്ഥാന നഗരത്തിന്റെ ആകാശത്തിനിപ്പോള്‍ നീലീമയാണ്‌.... നല്ല നീലിമ... ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി ചെയര്‍മാന്‍ ജാക്വസ്‌ റോജിക്കും കായികതാരങ്ങള്‍ക്കുമെല്ലാം പ്രതീക്ഷ നല്‍കുന്നു ഈ നീലിമ. ബെയ്‌ജിംഗില്‍ വില്ലന്‍ വായുമലീനികരണമായിരിക്കുമെന്നാണ്‌ ഇത്‌ വരെ പറയപ്പെട്ടത്‌. ഈ കാര്യത്തില്‍ ഐ.ഒ.സിക്കുളള ആശങ്ക അവര്‍ ചൈനയെ അറിയിക്കുകയും ചെയ്‌തിരുന്നു. ലോകത്തിന്റെ ആശങ്ക മനസ്സിലാക്കി സംഘാടകര്‍ സത്വര നടപടികള്‍ സജീവമാക്കിയതിനെ തുടര്‍ന്നാണ്‌ ആകാശത്തിന്‌ നീലിമ പടര്‍ന്നത്‌.
നഗരത്തില്‍ വാഹനങ്ങള്‍ക്ക്‌-പ്രത്യേകിച്ച്‌ കാറുകള്‍ക്ക്‌ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ്‌ മലിനീകരണ തോത്‌ ഭരണക്കൂടം കുറച്ചത്‌. ബെയ്‌ജിംഗ്‌ നഗരത്തില്‍ മാത്രം മൊത്തം 3.3 ദശലക്ഷം കാറുകളുണ്ട്‌. ടാക്‌സികളും ബസ്സുകളും മറ്റ്‌ വാഹനങ്ങളും പുറമെ. ഈ കാറുകള്‍ക്ക്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സര്‍വീസ്‌ നടത്താനാണ്‌ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്‌. ജൂലൈ 20 മുതല്‍ നടപ്പിലാക്കിയ ഈ നിയന്ത്രണം സെപ്‌തംബര്‍ 20 വരെ തുടരാനാണ്‌ തീരുമാനം. പഴയ കാറുകളെ പാടെ ഒഴിവാക്കാനും നടപടികള്‍ വരുന്നുണ്ട്‌. കാറുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സര്‍വീസ്‌ നടത്തുക എന്ന നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക്‌ വലിയ തുകയുടെ പിഴയാണ്‌ പോലീസ്‌ ചുമത്തുന്നത്‌. മുന്‍സിപ്പല്‍ ഭരണക്കൂടം വാഹന പുക പരിശോധനയും കര്‍ക്കശമാക്കിയിട്ടുണ്ട്‌. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്ത വാഹനങ്ങളെ പോലീസ്‌ കണ്ടുകെട്ടുകയും ചെയ്യുന്നു. ഈ നിയന്ത്രണം വിജയകരമായി നടപ്പിലാക്കാനായാല്‍ മലീനികരണ തോത്‌ 63 ശതമാനത്തോളം കുറക്കാന്‍ കഴിയുമെന്നാണ്‌ നഗര ഭരണകൂടം പറയുന്നത്‌.
വാഹന നിയന്ത്രണങ്ങള്‍ക്ക്‌ പുറമെ നഗരത്തിലും പ്രാന്തത്തിലുമുളള വലിയ ഫാക്ടറികള്‍ താല്‍കാലികമായി പൂട്ടുകയും ചെയ്‌തിട്ടുണ്ട്‌. കെമിക്കല്‍ ഫാക്ടറികള്‍ ഉള്‍പ്പെടെയുളള വലിയ വ്യവസായ ശാലകള്‍ക്ക്‌്‌ രണ്ട്‌ മാസത്തേക്കാണ്‌ വിലക്ക്‌ നല്‍കിയിരിക്കുന്നത്‌. മലീനികരണ തോത്‌ ഉയര്‍ത്തുന്ന പത്തൊമ്പത്‌്‌ വന്‍കിട ഫാക്ടറികളും സിമന്റ്‌്‌ മില്ലുകളും കോക്‌ പ്ലാന്റുകളും റിഫൈനറികള്‍ക്കും മലിനീകരണ തോത്‌ കുറക്കാന്‍ കര്‍ക്കശ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്‌ മാസം നടക്കില്ല.
ബെയ്‌ജിംഗിന്‌ സമീപമുള്ള വ്യവസായ മേഖലായ ടിയാന്‍ജിനിലും കര്‍ക്കശ നിയന്ത്രണങ്ങളാണ്‌. ഇവിടെ നാല്‍പ്പത്‌ ഫാക്ടറികള്‍ക്കാണ്‌ രണ്ട്‌ മാസത്തേക്ക്‌ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഇവിടെയാണ്‌ ഒളിംപിക്‌ ഫുട്‌ബോളിന്റെ ആദ്യ റൗണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. മല്‍സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയത്തിന്‌ അരികിലുള്ള 26 കണ്‍സ്‌ട്രക്ഷന്‍ സൈറ്റുകള്‍ പൂട്ടിയിരിക്കയാണ്‌. ബെയ്‌ജിംഗില്‍ നിന്നും 90 മൈല്‍ അകലെയുള്ള ചൈനയിലെ പ്രധാന സ്റ്റീല്‍ ബിസിനസ്‌ മേഖലയായ താന്‍ഗ്‌ഷാനില്‍ എല്ലാ ഫാക്ടറികളുടെയും പ്രവര്‍ത്തനം ജൂലൈ എട്ട്‌ മുതല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്‌.
വാഹനങ്ങളില്‍ നിന്നും ഉയരുന്ന നൈഡ്രജന്‍ ഡയോക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡുമാണ്‌ മലീനികരണ തോത്‌ ഗണ്യമായി ഉയര്‍ത്തുന്നത്‌. വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇതിന്‌ മാറ്റമുണ്ട്‌.



ഒളിംപിക്‌ കാഴ്‌ച്ചകള്‍
സ്വര്‍ണ്ണ ബാഡ്‌മിന്റണ്‍
സ്വന്തം നാട്ടില്‍ ഇതാദ്യമായി നടക്കുന്ന ഒളിംപിക്‌്‌സ്‌ സ്വര്‍ണ്ണ വേട്ടയോടെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്‌ ചൈനയുടെ ബാഡ്‌മിന്റണ്‍ താരങ്ങള്‍. ലോക ബാഡ്‌മിന്റണില്‍ ഇപ്പോള്‍ ചൈനീസ്‌ ആധിപത്യമാണ്‌. ഈ ആധിപത്യം നിലനിര്‍ത്തി ഒളിംപിക്‌ ബാഡ്‌മിന്റണിലെ അഞ്ച്‌ സ്വര്‍ണ്ണവും പോക്കറ്റിലാക്കുകയാണ്‌ ടീമിന്റെ ലക്ഷ്യം. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ബാഡ്‌മിന്റണിലെ അഞ്ചില്‍ മൂന്ന്‌ സ്വര്‍ണ്ണവും ചൈനക്കായിരുന്നു. ഏതന്‍സിന്‌ ശേഷം സുധീര്‍മാന്‍ കപ്പിലും തോമസ്‌ കപ്പിലും യൂബര്‍ കപ്പിലുമെല്ലാം ചൈനയുടെ സര്‍വാധിപത്യമായിരുന്നു. ബാഡ്‌മിന്റണിലെ അഞ്ചിനങ്ങളില്‍ മിക്‌സഡ്‌ ഡബിള്‍സിലാണ്‌ ചൈനക്ക്‌ ചെറിയ ആശങ്ക. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ലിന്‍ ദാനെ തോല്‍പ്പിക്കുക എളുപ്പമല്ല. ഏതന്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ നാടകീയമായി പുറത്തായ ശേഷം സ്വന്തം ഗെയിം ഉയര്‍ത്തിയ ലിന്‍ പിന്നെ തോറ്റിട്ടില്ല. മലേഷ്യക്കാരനായ ലോക രണ്ടാം നമ്പര്‍ താരം ലീ ചോംഗ്‌ വീയാണ്‌ ലിനിന്‌ ചെറിയ വെല്ലുവിളി. ഏതന്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്തോനേഷ്യന്‍ താരം തൗഫിക്‌ ഹിദായത്തും രംഗത്തുണ്ട്‌. വനിതാ വിഭാഗത്തില്‍ ചൈനീസ്‌ താരങ്ങളെല്ലാം ശക്തരാണ്‌. ലോക റാങ്കിംഗിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാരും ചൈനക്കാരാണ്‌. സി സിന്‍ഫാംഗ്‌, ലു ലാന്‍, ഷൂ ലിന്‍ എന്നിവര്‍.

ചിത്രം ലോക വനിതാ ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയായ ചൈനയുടെ സി സിന്‍ഫാംഗ്‌.

പവല്‍ ബോള്‍ട്ടിനെ വീഴ്‌ത്തി
ബെയ്‌ജിംഗില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ട്രാക്കിന്‌ തീ കൊളുത്താനെത്തുന്നവരായ മൈക്‌ പവലും ഉസൈന്‍ ബോള്‍ട്ടും ടൈസണ്‍ ഗേയും സ്‌റ്റോക്ക്‌ ഹോം ഗ്രാന്‍പ്രിയില്‍ മാറ്റുരച്ചപ്പോള്‍ ഒന്നാം സ്ഥാനം പവലിന്‌. 9.88 സെക്കന്‍ഡിലാണ്‌ പവല്‍ ഒന്നാമനായത്‌. ഈ വര്‍ഷമാദ്യം പവലിന്റെ പേരിലുളള ലോക റെക്കോര്‍ഡ്‌ സ്വന്തം പേരില്‍ കുറിച്ച ബോള്‍ട്ട്‌ രണ്ടാമനായപ്പോള്‍ അമേരിക്കന്‍ താരം ടൈസണ്‍ ഗേ മൂന്നാമനായി.
ഈ മൂന്ന്‌ പേര്‍ തമ്മിലായിരിക്കും ബെയ്‌ജിംഗില്‍ തീപ്പാറുന്ന പോരാട്ടം. പരുക്ക്‌ കാരണം ചില ഗ്രാന്‍ഡ്‌പ്രികള്‍ നഷ്ടമായ പവല്‍ ഇന്നലെ കരുത്തനായാണ്‌ ഓടിയത്‌. മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ ബെയ്‌ജിംഗില്‍ തന്റെ യഥാര്‍ത്ഥ കരുത്ത്‌ കാണാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കാന്‍ മറന്നില്ല.


ലിയുവിന്‌ പരുക്ക്‌,ആതിഥേയര്‍ക്ക്‌ തിരിച്ചടി
ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ്‌ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മീറ്റില്‍ ചൈനയുടെ അഭിമാന താരമാണ്‌ 110 മീറ്ററിലെ ഒളിംപിക്‌ സ്വര്‍ണ്ണക്കാരന്‍ ലിയു സിയാംഗ്‌. പക്ഷേ പരുക്കില്‍ ഉഴലുന്ന സൂപ്പര്‍താരത്തിന്‌ സ്വന്തം നാട്ടില്‍ സ്വര്‍ണ്ണം നിലനിര്‍ത്താന്‍ പ്രയാസപ്പെടേണ്ടി വരും. പരുക്ക്‌ കാരണം തുടര്‍ച്ചയായി പല മല്‍സരങ്ങളിലും പങ്കെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. പറക്കും താരം എന്നാണ്‌ ചൈനക്കാര്‍ ലിയുവിനെ വിശേഷിപ്പിക്കുന്നത്‌. ഏതന്‍സില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ പ്രകടന്നതിലൂടെ സ്വര്‍ണ്ണം സ്വന്തമാക്കിയ താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സമയം 13.18 സെക്കന്‍ഡാണ്‌. ലോക തലത്തില്‍ ഇത്‌ പതിമൂന്നാമത്തെ മികച്ച സമയം മാത്രമാണ്‌. ക്യൂബന്‍ താരം ഡേറോണ്‍ റോബല്‍സാണ്‌ ഈ ഇനത്തില്‍ ലിയുവിന്‌ കാര്യമായ വെല്ലുവിളി. ഒളിംപിക്‌ ട്രയല്‍സില്‍ 12.89 സെക്കന്‍ഡാണ്‌ റോബല്‍സിന്റെ സമയം.

ഏറ്റവും മികച്ചതെന്ന്‌ ബുബ്‌്‌ക
ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിംപിക്‌സിനായിരിക്കും ചൈന വേദിയാവുകയെന്ന്‌ ലോകോത്തര പോള്‍വോള്‍ട്ടര്‍ സെര്‍ജി ബുബ്‌ക്ക. ചൈനീസ്‌ വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബേര്‍ഡ്‌ഡ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയം ലോകത്തിന്‌ മുന്നില്‍ ചൈനയുടെ അഭിമാനമായിരിക്കുമെന്ന്‌ ഉക്രൈന്‍ ദേശീയ ഒളിംപിക്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ബുബ്‌ക്ക പറഞ്ഞു.

മറ്റ്‌ ഒളിംപിക്‌സ്‌ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഒളിംപിക്‌സ്‌ ടിക്കറ്റുകള്‍ ലഭിക്കാന്‍ അവസാന അവസരം. നാളെ ടിക്കറ്റ്‌ കൗണ്ടറുകളില്‍ അവസാന ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന്‌ സംഘാടകര്‍.

ഒളിംപിക്‌സ്‌ വേദികളില്‍ ബാനറുകള്‍ അനുവദിക്കില്ല.

ലങ്ക രണ്ട്‌ വിക്കറ്റിന്‌ 85
കൊളംബോ: കനത്ത മഴയില്‍ 22 ഓവര്‍ മാത്രം കളി സാധ്യമായ ഒന്നാം ടെസ്‌റ്റില്‍ ആദ്യം ബാറ്റ്‌ ചെയ്യുന്ന ശ്രീലങ്ക രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 85 റണ്‍സ്‌ സ്വന്തമാക്കി. ഓപ്പണര്‍ മൈക്കല്‍ വാന്‍ഡോര്‍ട്ട്‌ (3), കുമാര്‍ സങ്കക്കാര (12) എന്നിവരാണ്‌ പുറത്തായത്‌. വാന്‍ഡോര്‍ട്ടിനെ ഇശാന്ത്‌ ശര്‍മ്മയും സങ്കക്കാരയെ സഹീര്‍ഖാനും പുറത്താക്കി. 50 റണ്‍സുമായി വര്‍ണപുരയും 16 റണ്‍സുമായി ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനയുമാണ്‌ ക്രീസില്‍. മഴ കാരണം ആദ്യ സെഷനില്‍ കളി നടന്നിരുന്നില്ല. ഉച്ചക്ക്‌ മൂന്ന്‌ മണിയോടെയാണ്‌ ആകാശം തെളിഞ്ഞത്‌. ഇന്നും മഴക്ക്‌ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ ടീമില്‍ ഗാംഭീറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ലങ്ക ചമരസില്‍വക്ക്‌ പകരം തിലകരത്‌നെ ദില്‍ഷാന്‌ അവസരം നല്‍കി.
സ്‌ക്കോര്‍ബോര്‍ഡ്‌: ശ്രീലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌. വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3,വര്‍ണ്ണപുര-നോട്ടൗട്ട്‌-50, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-നോട്ടൗട്ട്‌-16, എക്‌സ്‌ട്രാസ്‌-4, ആകെ 22 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 85. വിക്കറ്റ്‌ പതനം: 1-7,2-57. ബൗളിംഗ്‌: സഹീര്‍ 9-0-42-1, ഇശാന്ത്‌ 7-2-21-1, സൗരവ്‌ 5-1-14-0, ഹര്‍ഭജന്‍ 1-0-7-0

Monday, July 21, 2008

BEWARE CHINA





ബെയ്‌ജിംഗ്‌:കനത്ത സുരക്ഷക്കിടയിലും ഒളിംപിക്‌സ്‌ സംഘാടകര്‍ക്കും ചൈനീസ്‌ പോലീസിനും തലവേദനയായി തുര്‍ക്കിയില്‍ നിന്നുള്ള ഭീകരസംഘം. ദി ഈസ്‌റ്റേണ്‍ തുര്‍ക്കിസ്‌താന്‍ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ (ഇ.ടി.ഐ.എം) എന്ന സംഘടന ഒളിംപിക്‌സ്‌ വേദികളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധയിട്ടതായി കഴിഞ്ഞ ദിവസം വിവരം കിട്ടിയതോടെ പോലീസ്‌ സുരക്ഷാ നടപടികള്‍ വീണ്ടും ഊര്‍ജ്ജിതമാക്കി. ടിബറ്റന്‍ കലാപകാരികള്‍ ഗെയിംസ്‌ അലങ്കോലപ്പെടുത്തുമോ എന്ന ഭയത്തില്‍ ഒരു വര്‍ഷം മുമ്പ്‌ തന്നെ സുരക്ഷാ പാലനത്തില്‍ ജാഗ്രത പാലിക്കുന്ന ചൈനീസ്‌ പോലീസ്‌ പ്രശ്‌നക്കാരായി ഇരുപതോളം ചെറുതും വലുതുമായ തീവ്രവാദ ഗ്രൂപ്പുകളെ നോട്ടമിട്ടിട്ടുണ്ട്‌. ഇവരെയെല്ലാം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഓപ്പറേഷനുകള്‍ക്കിടെയാണ്‌ പുതിയ തുര്‍ക്കി ഗ്രൂപ്പ്‌ ഒളിംപിക്‌സ്‌ വേദികള്‍ ലക്ഷ്യമിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തലുണ്ടായത്‌. തുര്‍ക്കിയിലെ ഇസ്ലാമിക ഗ്രൂപ്പ്‌ എന്ത്‌ കൊണ്ടാണ്‌ ചൈനയെ ലക്ഷ്യമിടുന്നത്‌ എന്ന്‌ വ്യക്തമല്ല. അമേരിക്ക ഉള്‍പ്പെടെ കരുത്തരായ പാശ്ചാത്യ ഗ്രൂപ്പുകളെല്ലാം വരുന്ന സാഹചര്യത്തില്‍ ലോകത്തെ വിറപ്പിക്കുക എന്നതാവാം ഇവരുടെ ലക്ഷ്യമെന്നാണ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ ഇ.ടി.ഐ.എമ്മിനെക്കുറിച്ച്‌ വിശദാംശങ്ങള്‍ ലഭിച്ചതെന്ന്‌ ഒളിംപിക്‌സ്‌ സുരക്ഷാ പാലന ചുമതലയുള്ള സെക്യൂരിറ്റി ഡയരക്ടര്‍ മാ ഷുന്‍ചാന്‍ പറഞ്ഞു. ഇവരെ മാത്രമല്ല വിവിധ ഗ്രൂപ്പുകളില്‍ നിന്നും ഭീഷണിയുണ്ടെന്നും എല്ലാ വശങ്ങളും സുരക്ഷാപാലകര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വീശദീകരിച്ചു. ഗെയിംസ്‌ നടക്കുമ്പോള്‍ ഭീകരാക്രമണം നടത്താനാണ്‌ ഇവരുടെ പരിപാടിയെന്നും ലക്ഷ്യം മാത്രം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി.ഐ.എം, ഹിസ്‌ബ്‌-ഇ-താഹീര്‍ എന്നീ ഗ്രൂപ്പുകളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. സ്വയം ഭരണപ്രവിശ്യയായ സിന്‍ജിയാംഗിലെ പോലീസ്‌ സംഘത്തിന്റെ കണക്കുപ്രകാരം ഈ രണ്ട്‌ ഗ്രൂപ്പ്‌ ഉള്‍പ്പെടെ മൊത്തം പന്ത്രണ്ട്‌ ഭീകരഗ്രൂപ്പുകള്‍ ഇപ്പോഴും ഗെയിംസ്‌ അലങ്കോലപ്പെടുത്താന്‍ രംഗത്തുണ്ട്‌. സിന്‍ജിയാംഗ്‌ പോലീസ്‌ രണ്ട്‌ മാസം മുമ്പ്‌ ഒളിംപിക്‌സ്‌്‌ അട്ടിമറിക്കാനെത്തിയെന്ന്‌ കരുതുന്ന 82 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തെ പിടികൂടിയിരുന്നു. ഇസ്ലാമിക ഗ്രൂപ്പുകള്‍ പരിശീലനം നടത്തുന്നുവെന്ന്‌ പറയപ്പെടുന്ന പല കേന്ദ്രങ്ങളും പോലീസ്‌ റെയ്‌ഡ്‌ നടത്തുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ ഭീഷണി കുറഞ്ഞിരിക്കുന്നു എന്ന ആശ്വാസത്തില്‍ സംഘാടകരും പോലീസും ഇരിക്കവെയാണ്‌ തുര്‍ക്കി ഗ്രൂപ്പില്‍ നിന്നും ഭീഷണി ഉയര്‍ന്നിരിക്കുന്നത്‌.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും സുരക്ഷാ പാലന ഏജന്‍സികളുമായും ചൈനീസ്‌ പോലീസ്‌ ബന്ധപ്പെടുന്നുണ്ട്‌. എല്ലാവരുടെയും സഹകരണവും തേടിയിട്ടുണ്ട്‌. വിവിധ രാജ്യങ്ങളിലെ പ്രശ്‌നക്കാരായ സംഘടനകളുടെ ലിസ്‌റ്റ്‌ പോലീസിന്റെ കൈവശമുണ്ട്‌. ഇവരുടെ ഓരോ നീക്കങ്ങളും സസൂക്ഷ്‌മം നിരീക്ഷക്കപ്പെടുന്നുമുണ്ട്‌. അമേരിക്കയെ എതിര്‍ക്കുന്ന ഗ്രൂപ്പുകളെയാണ്‌ പോലീസിന്‌ കാര്യമായ ഭയം. ഉസാമ ബിന്‍ലാദന്റെ അല്‍ഖായിദ ഉള്‍പ്പെടെ എല്ലാ വിഭാഗം ഗ്രൂപ്പുകളെയും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ നീരീക്ഷിക്കുന്ന പോലീസ്‌ ഏത്‌ സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്‌. പോലീസിന്റെ ഡമ്മി പരിശീലനം ഇപ്പോഴും നടക്കുന്നുണ്ട്‌്‌.
ഭീകരരെ നീരിക്ഷിക്കാനായി നാല്‍പ്പത്‌ പ്രത്യേക പോലീസ്‌ യൂണിറ്റുകള്‍ ബെയ്‌ജംഗില്‍ മാത്രമുണ്ട്‌. 188 പേരടങ്ങുന്ന ഒരു സംഘം സദാസമയവും പ്രധാന ഒളിംപിക്‌ വേദിയിലുമുണ്ട്‌. രാസായുധക്രമണത്തിന്‌ ചില സംഘടനകള്‍ മുതിരുമെന്ന്‌ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അത്‌ നേരിടാന്‍ മാത്രം പ്രത്യേക സംഘമുണ്ട്‌. ജൂലൈ ഒന്ന്‌ മുതല്‍ സംഘം 24 മണിക്കൂര്‍ ഡ്യൂട്ടിയിലാണ്‌. മൊത്തം ഒരു ലക്ഷത്തി പതിനായിരം സുരക്ഷാ പാലകരാണ്‌ ഒളിംപിക്‌സ്‌ വിജയപ്രദമാക്കാന്‍ രംഗത്തുള്ളത്‌. ഇവര്‍ക്കൊപ്പം തദ്ദേശിയരായ ഒരു ദശലക്ഷത്തോളം വോളണ്ടിയര്‍മാരും, മൂന്ന്‌ ലക്ഷം ക്യാമറകളുമുണ്ട്‌. ക്യാമറകള്‍ നഗരത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്‌. നഗരത്തിന്റെ ഓരോ പ്രാന്തങ്ങളിലും പ്രത്യേക സുരക്ഷാ പാലനസംഘമുണ്ട്‌. വിമാനത്താവളങ്ങളില്‍ ഇരട്ട ചെക്കപ്പ്‌ പ്രബല്യത്തില്‍ വന്നുകഴിഞ്ഞു.

ചിത്രം....
വിടില്ല..... ഭീകരര്‍ ഗെയിംസ്‌ അലങ്കോലപ്പെടുത്തിയാല്‍ സ്വീകരിക്കേണ്ട പോലീസ്‌ നടപടിക്രമങ്ങളുടെ ഡ്രില്‍ ബെയ്‌ജിംഗില്‍ ഇന്നലെ നടന്നപ്പോള്‍.... ഭീകരരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നു. ഒളിംപിക്‌സ്‌ അടുക്കും തോറും ചൈന സുരക്ഷാ പാലനത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുകയാണ്‌.

ബെയ്‌ജിംഗ്‌ കാഴ്‌ച്ചകള്‍
ട്രാഫിക്‌ പോലീസ്‌ റെഡി
വലിയ നഗരങ്ങളിലെ പ്രധാന തലവേദന ട്രാഫിക്‌ സമ്പ്രദായമാണ്‌. ബെയ്‌ജിംഗിലും ഈ പ്രശ്‌നമുണ്ട്‌. ഒളിംപിക്‌സ്‌ നടക്കുന്ന സമയത്ത്‌ ട്രാഫിക്‌ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പതിനായിരത്തോളം വരുന്ന പ്രത്യേക പോലീസിനെയാണ്‌ നിയോഗിച്ചരിക്കുന്നത്‌. ബൈക്കുകളില്‍ സഞ്ചരിക്കുന്ന ഈ സംഘം ഏത്‌ പോയന്റിലും ജാഗ്രത പാലിക്കും. ഇന്നലെ ട്രാഫിക്‌ പോലീസിന്റെ ഡ്രില്‍ ഒളിംപിക്‌ സ്റ്റേഡിയത്തിന്റെ അരികിലുണ്ടായിരുന്നു.

കാറുകള്‍ക്ക്‌ നിയന്ത്രണം
ഒളിംപിക്‌സ്‌ നടക്കുമ്പോള്‍ ബെയ്‌ജിംഗില്‍ കാറുകള്‍ക്ക്‌ നിയന്ത്രണമുണ്ടാവും. സിറ്റിയില്‍ മാത്രം പ്രദിദിനം 2.2 ദശലക്ഷം കാറുകള്‍ ഓടുന്നത്‌. വായു മലീനികരണത്തിന്‌ പ്രധാനപ്പെട്ട കാരണവും ഇത്‌ തന്നെ. ഇന്റര്‍ നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയും വിവിധ പരിസ്ഥിതി ഏജന്‍സികളും മലീനീകരണത്തില്‍ ബെയ്‌ജിംഗിനെ കുറ്റപ്പെടുത്തിയ സാഹചര്യത്തില്‍ പഴയ കാറുകളെ തല്‍ക്കാലം നിരോധിക്കാനാണ്‌ നീക്കം. 2.2 ദശലക്ഷം കാറുകള്‍ ഈ വിധം ഒന്നിടവിട്ട ദിവസങ്ങളില്‍ തടയാനായാല്‍ മലീനികരണ തോത്‌ 63 ശതമാനത്തോളം കുറക്കാന്‍ കഴിയുമെന്നാണ്‌ സംഘാടകര്‍ കരുതുന്നത്‌.

ഗ്രീന്‍ ഒളിംപിക്‌സ്‌, ഹൈടെക്‌ ഒളിംപിക്‌സ്‌, പിപ്പിള്‍സ്‌ ഒളിംപിക്‌സ്‌
ബെയ്‌ജിഗ്‌: ചൈനീസ്‌ കമ്മ്യണിസ്റ്റ്‌ പാര്‍ട്ടി തലവനും ഒളിംപിക്‌ സംഘാടക സമിതി പ്രസിഡണ്ടുമായ ലിയു സീ ആഹ്ലാദത്തിലാണ്‌. ഏഴ്‌ വര്‍ഷം മുമ്പ്‌ ബെയ്‌ജിംഗിന്‌ ഒളിംപിക്‌സ്‌ അനുവദിക്കുന്നതിനായി അദ്ദേഹം ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം പാലിക്കപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ഒളിംപ്‌ക്‌സ്‌, ഹൈടെക്‌ ഒളിംപിക്‌സ്‌, പിപ്പിള്‍സ്‌ ഒളിംപിക്‌സ്‌ -ഈ മുദ്രാവാക്യമാണ്‌ ചൈന ലോകത്തിന്‌ മുന്നില്‍ അന്ന്‌ ഉയര്‍ത്തിയിരുന്നത്‌. ഇന്ന്‌ ഒളിംപിക്‌സ്‌ ദിവസങ്ങള്‍ അരികില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാം സത്യമായി ഭവിച്ചിരിക്കയാണെന്ന്‌ പാര്‍ട്ടി മുഖപത്രമായ പിപ്പിള്‍സ്‌ ഡെയ്‌ലിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ലിയു സീ പറഞ്ഞു. സംഘാടനത്തില്‍ ഇത്ര വിസ്‌്‌മയകരമായ നേട്ടത്തിന്‌ കാരണം ചൈനയിലെ ജനങ്ങളാണെന്ന്‌ അദ്ദേഹം പറയുന്നു. 2001 ലാണ്‌ ചൈന ഒളിംപിക്‌സിനായുളള ശ്രമങ്ങള്‍ ആരംഭിച്ചത്‌. അന്ന്‌ മുതല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്‌. അവരുടെ പിന്തുണയും സഹകരണവുമാണ്‌ നേട്ടമായത്‌. പാര്‍ട്ടിയില്‍ നിന്ന്‌ ലഭിച്ച പിന്തുണയും മറക്കാനാവില്ല. പാര്‍ട്ടി സ്റ്റേറ്റ്‌ കൗണ്‍സില്‍ തുടക്കം മുതല്‍ ഗെയിംസിന്റെ വിജയത്തിനായി രംഗത്തുണ്ട്‌. രാജ്യാന്തചര ഒളിംപിക്‌ കമ്മിറ്റിയില്‍ നിന്ന്‌ ലഭിച്ച പിന്തുണയും മറക്കാനാവുന്നില്ല. ചൈനയിലെ യുവജനതക്കിടയില്‍ ഒളിംപിക്‌ മുദ്രവാക്യമെത്തിക്കുകയെന്നതായിരുന്നു സംഘാടനത്തില്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്‌. അത്‌ യാഥാര്‍ത്ഥ്യമായി. ബെയ്‌ജിംഗ്‌ നഗരത്തെക്കുറിച്ചുണ്ടായിരുന്ന പരാതി മലിനീകരണമായിരുന്നു. പക്ഷേ ഇപ്പോള്‍ ബെയ്‌ജിംഗ്‌ ഹരിത ബെയ്‌ജിംഗാണ്‌. ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ കമ്പനികള്‍ സഹകരണം വാഗ്‌ദാനം ചെയ്‌തു. രാജ്യത്തെ വലിയ സ്‌റ്റീല്‍ ഗ്രൂപ്പായ ഷോഗാംഗ്‌ അവരുടെ പ്രവര്‍ത്തന കേന്ദ്രം നഗരത്തില്‍ നിന്നും മാറ്റി. ബെയ്‌ജിംഗ്‌ കുക്കിംഗ്‌ ഫാക്ടറി പൂട്ടി. നഗരത്തില്‍ യാന്‍ഷാന്‍ പെട്രോകെമിക്കല്‍ ഗ്രൂപ്പ്‌ സ്ഥാപിച്ച കെമിക്കല്‍ പ്ലാന്റും പൂട്ടി. മലീനികരണ തോത്‌ ഇത്‌ മൂലമെല്ലാം ഗണ്യമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഹൈടെക്‌ ഒളിംപിക്‌സ്‌ എന്ന്‌ ബെയ്‌ജിംഗ്‌ ഒളിംപിക്‌സിനെ വിശേഷിപ്പിക്കുന്നത്‌ മല്‍സരവേദികളുടെ നിര്‍മ്മാണത്തിലാണ്‌. ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ എന്നറിയപ്പെടുന്ന പ്രധാന വേദി സാങ്കേതികതയുടെ കൊട്ടാരമാണ്‌. അക്വാറ്റിക്‌ സെന്ററിലും മറ്റ്‌ എല്ലാ വേദികളിലും അതിനൂതന സാങ്കേതിക വിദ്യകളാണ്‌ ഉപയോഗിച്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിത്‌പം മനോഹരം... ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്റെ പ്രധാന വേദിയായ ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ (പക്ഷിക്കൂട്‌) രാത്രിയിലെ കാഴ്‌ച്ച
ഒളിംപിക്‌ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഉദ്‌്‌ഘാടന ചടങ്ങുകളുടെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റഴിഞ്ഞു. കരിഞ്ചന്തയില്‍ ടിക്കറ്റ്‌്‌ വില്‍പ്പന തടയാന്‍ കര്‍ക്കശ നീക്കങ്ങള്‍
ഒളിംപിക്‌സ്‌ വില്ലേജ്‌ തുറന്നപ്പോള്‍ കൗതുക കാഴ്‌്‌ചകള്‍ കാണാന്‍ നാട്ടുകാരുടെ പ്രവാഹം
ഹോംഗ്‌കോംഗ്‌ സ്‌പെഷ്യല്‍ ഒളിംപിക്‌സ്‌ സ്റ്റാമ്പുകള്‍ പുറത്തിറക്കും.

ഫുട്‌ബോളില്‍ ചൈനക്ക്‌ വിജയം
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ ബ്രസീല്‍ ഉള്‍പ്പെടെയുളള പ്രബലരുടെ ഗ്രൂപ്പില്‍ കളിക്കുന്ന ചൈനീസ്‌ പുരുഷ ടീമിന്‌ സന്നാഹ മല്‍സരത്തില്‍ വിജയം. കരുത്തരായ ഓസ്‌ട്രേലിയയെ ഏക ഗോളിനാണ്‌ ആതിഥേയര്‍ പരാജയപ്പെടുത്തിയത്‌. കോച്ച്‌ ഡുജോക്കോവിനെ സാന്നിദ്ധ്യമില്ലാതെ കളിച്ച ചൈനക്ക്‌ മുന്നില്‍ തടസ്സമാവാന്‍ ഓസീസ്‌ യുവടീമിന്‌ കഴിഞ്ഞില്ല. ഗ്രൂപ്പ്‌ സിയില്‍ ചൈനക്കൊപ്പം ബ്രസീല്‍, ന്യൂസിലാന്‍ഡ്‌, ബെല്‍ജിയം എന്നിവരാണ്‌ കളിക്കുന്നത്‌. ഓസ്‌ട്രേലിയയുടെ ഗ്രൂപ്പില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന, സെര്‍ബിയ, ഐവറി കോസ്‌റ്റ്‌ എന്നിവരാണുളളത്‌.

ഭാസി മലാപ്പറമ്പിന്‌ സ്വീകരണം
കോഴിക്കോട്‌: സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രിയയിലുമായി നടന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ മലയാള മനോരമക്കായി റിപ്പോര്‍ട്ട്‌ ചെയ്‌ത്‌ തിരിച്ചെത്തിയ ഭാസി മലാപ്പറമ്പിന്‌ സൗഹൃദ സംഘം സ്വീകരണം നല്‍കി. ലോക കായിക ഭൂപഠത്തില്‍ ഫുട്‌ബോളിന്‌ മാത്രം ലഭിക്കുന്ന വന്‍ വരവേല്‍പ്പിന്റെ പുതിയ കാഴ്‌ച്ചകളാണ്‌ യൂറോയില്‍ കാണാനായതെന്ന്‌ അദ്ദേഹം പറഞ്ഞു. ഒളിംപിക്‌സ്‌്‌ തുടങ്ങിയ വലിയ വേദികളില്‍ പോലും കാണാനാവത്ത സജ്ജീകരണങ്ങളും സഹായങ്ങളുമാണ്‌ മല്‍സരവേദികളില്‍ ലഭിച്ചത്‌. ബേസല്‍, സൂറിച്ച്‌, വിയന്ന തുടങ്ങിയ വേദികളില്‍ മല്‍സരങ്ങളാസ്വദിക്കാനെത്തിയ ആരാധകരുടെ നീണ്ട നിരയില്‍ കാല്‍പ്പന്തിനോടുളള സ്‌നേഹമാണ്‌ പ്രകടമായത്‌. മല്‍സര റിപ്പോര്‍ട്ടിംഗിനായി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.പി കുഞ്ഞിമുസ്സ അദ്ധ്യക്ഷനായിരുന്നു. മനോരമ റസിഡന്‍ഡ്‌ എഡിറ്റര്‍ കെ. അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.രാജന്‍, ഡോ. മൊയ്‌തു, കമാല്‍ വരദൂര്‍, ബാലകൃഷ്‌ണ മാരാര്‍, അമ്പലപ്പളളി മാമുക്കോയ, സി.ജയരാജ്‌, അഡ്വ.എ ശങ്കരന്‍, നവാസ്‌ പൂന്നൂര്‍, കട്ടയാട്ട്‌ വേണുഗോപാല്‍, വിജയന്‍, ധര്‍മ്മരാജ്‌ കാളൂര്‍, ഇമ്പിച്ചിഹമ്മദ്‌, എസ്‌.എം മുഹമ്മദ്‌ കോയ, പി.വി നവീന്ദ്രന്‍, ജമാല്‍ എന്നിവര്‍ സംസാരിച്ചു.

ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റ്‌
മക്കലേലി പി.എസ്‌.ജിയില്‍
ലണ്ടന്‍: 2003 മുതല്‍ നാല്‌ വര്‍ഷം ചെല്‍സിയുടെ നീലകുപ്പായത്തില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മിന്നിയ ഫ്രഞ്ച്‌ മധ്യനിരക്കാരന്‍ ക്ലൗഡി മക്കലേലി ഇനി സ്വന്തം നാട്ടിലെ ക്ലബായ പാരീസ്‌ സെന്റ്‌ ജര്‍മനില്‍. 35 കാരനായ മക്കലേലിയെ സ്വന്തം ഇഷ്ടപ്രകാരം ചെല്‍സി വിടുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനായി കളിച്ച്‌ രാജ്യാന്തര രംഗം വിട്ട മക്കലേലി റയല്‍ മാഡ്രിഡില്‍ നിന്നുമാണ്‌ വന്‍ തുകക്ക്‌ ചെല്‍സിയിലെത്തിയത്‌. മക്കലേലിയുടെ കുടുംബം പാരിസിലാണ്‌ താമസിക്കുന്നത്‌. കുടുംബത്തിനൊപ്പം കഴിയാനും ഫുട്‌ബോളില്‍ ശ്രദ്ധിക്കാനും ഇനി കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ജെറാര്‍ഡിനെ തിരിച്ചയച്ചു
പുതിയ സീസണിന്റെ തുടക്കത്തില്‍ ലിവര്‍പൂളിന്‌ വേണ്ടി കളിക്കാന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ ഉണ്ടാവില്ല.സ്വിറ്റ്‌സര്‍ലാന്‍ഡിലെ പരിശീലന ക്യാമ്പില്‍ നിന്നും പരുക്ക്‌ കാരണം ജെറാര്‍ഡിനെ തിരിച്ചയച്ചു. പരുക്ക്‌ ഗുരുതരമല്ലെന്നാണ്‌ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ വ്യക്തമാക്കിയത്‌. എങ്കിലും 28 കാരനായ നായകന്‌ ഒരു മാസത്തിലധികം വിശ്രമം വേണ്ടി വരുമെന്നാണ്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

ചെക്‌ 2013 വരെ
ചെല്‍സി ഗോള്‍വലയത്തില്‍ 2013 വരെ മാറ്റമില്ല. ചെക്കുകാരന്‍ പീറ്റര്‍ ചെക്ക്‌ തന്നെയായിരിക്കും ഈ വലയത്തില്‍. അദ്ദേഹവുമായുളള കരാര്‍ ഇന്നലെ ചെല്‍സി പുതുക്കി. 2013 വരെ പീറ്റര്‍ ചെക്ക്‌ ചെല്‍സിയില്‍ തുടരും. 26 കാരനായ ലോകത്തെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ചെല്‍സി വിടുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കപില്‍ മാലാഖയല്ല
യുവരാജിന്റെ മാതാവ്‌
ന്യൂഡല്‍ഹി: കപില്‍ദേവ്‌ മാലാഖ ചമയേണ്ടെന്ന്‌ ഇന്ത്യന്‍ ഏകദിന ടീം വൈസ്‌ ക്യാപ്‌റ്റന്‍ യുവരാജ്‌ സിംഗിന്റെ മാതാവ്‌ ഷബ്‌നം. ഏഷ്യാകപ്പിനിടെ യുവരാജ്‌ രാത്രിയിലെ ബീച്ച്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത വിഷയത്തില്‍ കപില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത്‌ വന്ന ഷബ്‌നം കപിലിനോട്‌ സ്വന്തം ചെയ്‌തികള്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. യുവരാജ്‌ സ്വന്തം കരുത്ത്‌ മനസ്സിലാക്കി രാത്രിയിലെ പാര്‍ട്ടി സ്‌നേഹം മതിയാക്കി ക്രിക്കറ്റില്‍ താല്‍പ്പര്യമെടുക്കണമെന്ന്‌ കഴിഞ്ഞ ദിവസം കപില്‍ അഭിപ്രായപ്പെട്ടിരുന്നു. യുവിക്കെതിരെ ഇത്രമാത്രം പ്രകോപനപരമായി കപില്‍ സംസാരിച്ചതില്‍ ഒരമ്മയെന്ന നിലയില്‍ അതിയായ വേദനയുണ്ടെന്ന്‌ ഷബ്‌നം പറഞ്ഞു. യുവരാജിനെ ജനിച്ചത്‌ മുതല്‍ കപിലിന്‌ അറിയാം. അങ്ങനെയൊരാള്‍ ഇത്രമാത്രം മോശമായി സംസാരിക്കരുതായിരുന്നു. യുവി രാത്രി പാര്‍ട്ടിയില്‍ സംബന്ധിച്ചിരുന്നില്ല. എന്നിട്ടും കപില്‍ എന്റെ മകനെ വേട്ടയാടി. സ്വന്തം ഭൂതകാലം കപില്‍ മറക്കരുത്‌. കളിക്കാരനെന്ന നിലയില്‍ കപിലിന്റെ വഴിവിട്ട നീക്കങ്ങള്‍ ക്രിക്കറ്റ്‌ ആരാധകര്‍ക്കറിയാം. ചില്ലുകൊട്ടാരങ്ങളില്‍ ജീവിക്കുന്നവര്‍ മറ്റുളളവര്‍ക്ക്‌ നേരെ കല്ലെറിയരുതെന്ന്‌ മാത്രമാണ്‌ എനിക്ക്‌ പറയാനുളളത്‌. കപില്‍ സ്വയം മാലാഖ ചമയുന്നതിലും കാര്യമില്ല. പാക്കിസ്‌താനില്‍ ഹനീഫ്‌ മുഹമ്മദിനെ പോലുളള മഹാന്മാരായ ക്രിക്കറ്റര്‍മാര്‍ യുവരാജിനെ വാഴ്‌ത്തുമ്പോള്‍ സ്വന്തം നാട്ടില്‍ ഇത്തരം അധിക്ഷേപങ്ങള്‍ വേദനാജനകമാണെന്നും ഷബ്‌നം പറഞ്ഞു. നാളെയുടെ ഗാരി സോബേഴ്‌സ്‌ എന്നാണ്‌ ഹനീഫ്‌ യുവരാജിനെ വിശേഷിപ്പിച്ചത്‌.

സാനിയ പിറകോട്ട്‌
ന്യൂഡല്‍ഹി: ലോക വനിതാ ടെന്നിസ്‌ റാങ്കിംഗില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ പിറകോട്ട്‌. പുതിയ സിംഗിള്‍സ്‌ റാങ്കിംഗില്‍ സാനിയ 35 ാം സ്ഥാനത്താണ്‌. വിംബിള്‍ഡണിലും ഈയിടെ നടന്ന വെസ്‌റ്റ്‌ ബാങ്ക്‌ ക്ലാസിക്‌ ടെന്നിസിലും സാനിയ നിരാശപ്പെടുത്തിയിരുന്നു. ഡബിള്‍സിലും സാനിയ പിറകിലാണ്‌. പുരുഷ ഡബിള്‍സില്‍ മഹേഷ്‌ ഭൂപതിയുടെ റാങ്കിംഗ്‌ 12 ലും ലിയാന്‍ഡര്‍ പെയ്‌സിന്റേത്‌ 15 ലും നില്‍ക്കുന്നു. പുരുഷ സിംഗിള്‍സില്‍ പ്രകാശ്‌ അമൃതരാജ്‌ 221 ലാണ്‌.

ഒന്നാം ടെസ്റ്റ്‌ നാളെ മെന്‍ഡിസ്‌ ടീമില്‍
കൊളംബോ: സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ മൈതാനത്ത്‌ നാളെ ഇന്ത്യക്കെതിരെ ആരംംഭിക്കുന്ന ഒന്നാം ടെസ്‌റ്റിനുളള ശ്രീലങ്കന്‍ ടീമില്‍ പുതിയ സ്‌പിന്‍ മജീഷ്യന്‍ അജാന്ത മെന്‍ഡീസിന്‌ സ്ഥാനം നല്‍കിയപ്പോള്‍ ത്രിദിന മല്‍സരത്തിനിടെ പരുക്കേറ്റ സീമര്‍ ദില്‍ഹാര ഫെര്‍ണാണ്ടോ പുറത്തായി. പാക്കിസ്‌താനിലെ കറാച്ചിയില്‍ നടന്ന ഏഷ്യാ കപ്പ്‌ ഫൈനലില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വെളളം കുടിപ്പിച്ച അജാന്ത മെന്‍ഡീസിന്‌ ലങ്കന്‍ ടീമില്‍ സ്ഥാനം ഉറപ്പായിരുന്നു. സ്‌പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളിധരനൊപ്പം അജാന്ത ആദ്യ ഇലവനില്‍ വരുമെന്നുറപ്പാണ്‌. പതിനാലംഗ സംഘത്തില്‍ ബാറ്റ്‌സ്‌മാന്മാരായ മൈക്കല്‍ വാന്‍ഡോര്‍ട്ട്‌, മാലിങ്ക വര്‍ണ്ണപുര, തിലാന്‍ സമരവീര, വിക്കറ്റ്‌ കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനെ എന്നിവരെല്ലാമുണ്ട്‌. മധ്യനിരയിലെ ബാറ്റിംഗ്‌ സ്ഥാനത്തിനായി ചമര സില്‍വയും തിലകരത്‌നെ ദില്‍ഷാനും തമ്മിലാണ്‌ മല്‍സരം.
ആറ്‌ ബാറ്റ്‌സ്‌മാന്മാര്‍, നാല്‌ ബൗളര്‍മാര്‍ എന്ന കോമ്പിനേഷനെയായിരിക്കും ലങ്ക പരീക്ഷിക്കുക. മൈക്കല്‍ വാന്‍ഡോര്‍ട്ടും മാലിങ്ക വര്‍ണ്ണപുരയും ഇന്നിംഗ്‌സിന്‌ തുടക്കമിടും. കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ, തിലാന്‍ സമരവീര, ചമര സില്‍വ തുടങ്ങിയവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും. പേസ്‌ ബൗളിംഗില്‍ ദില്‍ഹാരയുടെ പരുക്ക്‌ ആതിഥേയര്‍ക്ക്‌ ക്ഷീണമാണ്‌. അനുഭവസമ്പന്നനായ ചാമിന്ദവാസിനൊപ്പം പുതിയ പന്ത്‌ പങ്കിടാന്‍ തിലാന്‍ തുഷാര, നുവാന്‍ കുലശേഖര എന്നിവരില്‍ ഒരാള്‍ക്കായിരിക്കും അവസരം. പരുക്ക്‌ കാരണം ലാസിത്‌ മാലിങ്ക, പര്‍വേസ്‌ മഹറൂഫ്‌ എന്നിവര്‍ പുറത്താണ്‌.

Friday, July 18, 2008

കമാല്‍സ്‌ ഡ്രൈവ്‌






ഒളിംപിക്‌സ്‌
ഇന്ത്യന്‍ ഒരുക്കം ഇപ്പോഴും ഇരുട്ടില്‍


കായിക ലോകം ഒളിംപിക്‌സ്‌ ബഹളത്തിലാണ്‌. താരങ്ങളെല്ലാം പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്‌. ചൈനീസ്‌ ആസ്ഥാനത്ത്‌ ഇതാദ്യമായി നടക്കുന്ന മഹാമേളയില്‍ ലോകത്തോളം ഉയരത്തിലെത്താനുളള ഒരുക്കത്തില്‍ സാങ്കേതികതയെ പൂര്‍ണ്ണമായി ഉപയോഗിച്ചാണ്‌ ലോകോത്തര താരങ്ങള്‍ പരിശീലിക്കുന്നതെങ്കില്‍ നമ്മുടെ താരങ്ങളെയും അവരുടെ പരിശീലന മുറകളെയും ഒന്ന്‌ നോക്കുക:
നമുക്ക്‌ ആകെയുള്ള ഒരു പരിശീലനക്കളരി പഞ്ചാബിലെ പട്യാലയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌ (എന്‍.ഐ.എസ്‌) ആണ്‌.. പ്രാഥമിക ചില പരിശീലന സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്‌. പക്ഷേ ഒരു സ്റ്റാറ്റിറ്റീഷ്യനില്ല, വീഡിയോ അനലിസ്‌റ്റ്‌ ഇല്ല, ന്യൂട്രീഷ്യനില്ല, ഹെ പെര്‍ഫോമിംഗ്‌ ചെക്‌ ലാബ്‌ ഇല്ല, എന്തിന്‌ സ്വന്തം നിലവാരത്തെ പരിശോധിക്കാന്‍ താരങ്ങള്‍ക്ക്‌ അവസരം പോലുമില്ല....
ഇങ്ങനെയൊരു പരിശീലനം ഇവിടെ മാത്രമാണ്‌. ഇന്നത്തെ താരങ്ങള്‍ക്കൊപ്പം അനലിസ്റ്റും സ്റ്റാറ്റിറ്റീഷ്യനുമെല്ലാമുണ്ട്‌. അവരാണ്‌ താരങ്ങളുടെ കരുത്തിനെ അളക്കുന്നത്‌. മ്മുടെ താരങ്ങള്‍ക്ക്‌്‌ ഭാരം കുറക്കാനറിയില്ല. ൂട്ടാനറിയാം. ഒരു ന്യൂട്രീഷ്യന്‍ കൂടെയുണ്ടെങ്കില്‍ അദ്ദേഹം പറയുന്ന വഴിക്ക്‌ ഭക്ഷണത്തെ ക്രമീകരിക്കാന്‍ താരങ്ങള്‍ക്കാവും. പട്യാലയില്‍ ന്യൂട്രീഷനെ കിട്ടാനില്ല. താരത്തിന്റെ ന്യൂട്രീഷ്യനും അനലിസ്റ്റും സ്റ്റാറ്റിറ്റീഷ്യനുമെല്ലാം കോച്ചുമാരാണ്‌.
പണ്ട്‌ പി.ടി ഉഷയെല്ലാം വളര്‍ന്നതും ഓടിയതുമെല്ലാം കഞ്ഞിയും കപ്പയും കഴിച്ചാണ്‌്‌. ഇന്നത്തെ താരങ്ങള്‍ക്ക്‌ നല്ല ഭക്ഷണം ലഭിക്കുന്നുണ്ട്‌. പക്ഷേ ഭക്ഷണത്തെ പാകപ്പെടുത്തി താരത്തിന്റെ കരുത്തുമായി സമന്വയിപ്പിക്കാന്‍ ആളില്ല. പട്യാലയിലേക്ക്‌ വരാന്‍ ന്യൂട്രീഷ്യന്‍സിനൊന്നും താല്‍പ്പര്യമില്ല ചെറിയ ശബളത്തിന്‌ കാതികതാരങ്ങളെ വളര്‍ത്താന്‍ അവര്‍ക്ക്‌ താല്‍പ്പര്യമില്ല.
ഒളിംപിക്‌സില്‍ മറ്റ്‌ രാജ്യക്കാര്‍ മെഡല്‍ കൊയ്‌ത്ത്‌ നടത്തും. നമ്മള്‍ മേല്‍്‌പ്പോട്ട്‌ നോക്കും..... പങ്കെടുക്കുക വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുണ്ടല്ലോ നമ്മുടെ രക്ഷക്ക്‌....

ബൗളിംഗ്‌ മികവ്‌

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മല്‍സരത്തിന്റെ ആദ്യദിനം തിളങ്ങിയത്‌ ഇന്ത്യന്‍ ബൗളര്‍മാര്‍. ലങ്കന്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനെതിരായ ത്രിദിന മല്‍സരത്തിന്റെ ആദ്യ ദിനത്തില്‍ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 224 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ സ്‌റ്റംമ്പിന്‌ പിരിയുമ്പോള്‍ ഒരു വിക്കറ്റിന്‌ നാല്‌ റണ്‍സ്‌ നേടിയിട്ടുണ്ട്‌. കൊളംബോ നോണ്‍ഡി സ്‌്‌ക്രിപ്‌റ്റ്‌സ്‌ ക്രിക്കറ്റ്‌ ക്ലബ്‌ മൈതാനത്ത്‌ നടക്കുന്ന മല്‍സരത്തില്‍ ലെഫ്‌റ്റ്‌ ആം സീമര്‍ സഹീര്‍ഖാന്‍, ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ എന്നിവരാണ്‌ ലങ്കന്‍ ബാറ്റിംഗ്‌ നിരയുടെ ന്യൂനതകളിലേക്ക്‌ പന്തെറിഞ്ഞത്‌. 84 റണ്‍സ്‌ സ്വന്തമാക്കിയ കാന്‍ഡൂബി, 68 റണ്‍സ്‌ സ്‌ക്കോര്‍ ചെയ്‌ത എല്‍.പി.സി സില്‍വ എന്നിവര്‍ മാത്രമാണ്‌ ലങ്കന്‍ നിരയില്‍ പൊരുതിയത്‌. ദേശീയ താരങ്ങളായ ഉപുല്‍ തരംഗ (6), ജെഹാന്‍ മുബാറക്‌ (25) എന്നിവര്‍ നിരാശപ്പെടുത്തി.
പുതിയ പന്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഹീര്‍ഖാന്‍ 35 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കിയപ്പോള്‍ കുംബ്ലെ 30 റണ്‍സിന്‌ മൂന്ന്‌ പേരെ തിരിച്ചയച്ചു. സസ്‌പെന്‍ഷന്‌ ശേഷം ആദ്യമായി ദേശീയ സംഘത്തില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ 52 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കി. തുടര്‍ന്ന്‌ ബാറ്റേന്തിയ ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ ഗാംഭീറിനെ നഷ്ടമായി. ഫെര്‍ണാണ്ടോയുടെ പന്തില്‍ മുബാറക്‌ പിടിച്ചാണ്‌ ഗാംഭീര്‍ നാല്‌ റണ്‍സുമായി പുറത്തായത്‌. വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്‌ ക്രീസില്‍.
സ്‌ക്കോര്‍ബോര്‍ഡ്‌
ശ്രീലങ്ക ബോര്‍ഡ്‌ ഇലവന്‍ ഒന്നാം ഇന്നിംഗ്‌സ്‌: ഉപുല്‍ തരംഗ-എല്‍.ബി.ഡബ്ല്യൂ-ഹി-സഹീര്‍-6, ഉദാവത്തെ-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-7, ജഹാന്‍ മുബാറക്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍സിംഗ്‌-25, ചാമിഗ കപ്പുഗുഡേര-സി-കാര്‍ത്തിക്‌-ബി-സഹീര്‍-1, കാന്‍ഡബി-സി-കാര്‍ത്തിക്‌-ബി-മുനാഫ്‌-84, എല്‍.പി.സി സില്‍വ-സി-കുംബ്ലെ-ബി-ഹര്‍ഭജന്‍സിംഗ്‌-68, ജെ.കെ സില്‍വ-എല്‍.ബി.ഡബ്ല്യൂ-ബി-കുംബ്ലെ-12, പ്രസാദ്‌-എല്‍.ബി.ഡബ്ല്യൂ-ബി-0, ഹെറാത്ത്‌-റണ്ണൗട്ട്‌-1, എസ്‌.പ്രസന്ന-ബി-കുംബ്ലെ-5, ഡിസില്‍വ-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-15, ആകെ 71.5 ഓവറില്‍ 244. വിക്കറ്റ്‌ വീഴ്‌ച്ച: 1-10, 2-20, 3-22, 4-82, 5-182, 6-212, 7-212, 8-214, 9-223, 10-224. ബൗളിംഗ്‌: സഹീര്‍ 12-2-35-2, ഇശാന്ത്‌ 11-2-36-1, മുനാഫ്‌ 12-3-49-1, സൗരവ്‌ 6-1-10-0, ഹര്‍ഭജന്‍സിംഗ്‌ 17.5-3-52-2, അനില്‍ കുംബ്ലെ 13-4-30-3.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍ -സി-മുബാറക്‌-ബി-ഫെര്‍ണാണ്ടോ 4,സേവാഗ്‌-ബാറ്റിംഗ്‌-0, ആകെ 0.4 ഓവറില്‍ ഒരു വിക്കറ്റിന്‌ 4 റണ്‍സ്‌. വിക്കറ്റ്‌ വീഴ്‌ച്ച 1-4, ബൗളിംഗ്‌: ഫെര്‍ണാണ്ടോ 0.4-0-4-1

ലോകകപ്പ്‌ ഇന്ത്യയില്‍ തന്നെ
ഹൈദരാബാദ്‌: ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ യോഗ്യത നേടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതും, ഹോക്കി സെക്രട്ടറിയെ കൈക്കൂലി വാങ്ങുമ്പോള്‍ കൈയ്യോടെ പിടിച്ചതും, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പിരിച്ചുവിടപ്പെട്ടതും 2010 ലെ ലോകകപ്പ്‌ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‌ വേദിയൊരുക്കുന്നതില്‍ നിന്ന്‌ ഇന്ത്യയെ അകറ്റിനിര്‍ത്തുമെന്ന ആശങ്കകള്‍ക്ക്‌ വിരാമം. 2010 ലെ ലോകകപ്പിന്‌ ഡല്‍ഹി വേദിയാവുമെന്ന്‌ ഇന്നലെ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട്‌ എല്‍സ്‌ വാന്‍ ബ്രെഡ വ്രൈസ്‌മാന്‍ വ്യക്തമാക്കി. ഇവിടെ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ഹോക്കി ഫൈനല്‍ കാണാനെത്തിയ എല്‍സ ഇന്നലെ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ടും, ഇന്ത്യന്‍ ഹോക്കി ഭരണം നടത്തുന്ന അഡ്‌ഹോക്ക്‌ കമ്മിറ്റി ചെയര്‍മാനുമായ സുരേഷ്‌ കല്‍മാഡിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ ലോകകപ്പ്‌ വേദി സംബന്ധിച്ച്‌ വിശദീകരണം വന്നത്‌. 2010 ല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നതിനാല്‍ ലോകകപ്പ്‌ മല്‍സരതിയ്യതികള്‍ തീരുമാനിച്ചിട്ടില്ല. ഗെയിംസിന്‌ ശേഷമായിരിക്കും ലോകകപ്പ്‌. ഡല്‍ഹി നാഷണല്‍ സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സംയുക്തമായാണ്‌ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുക.
ഒരു വര്‍ഷം മുമ്പ്‌ തന്നെ ലോകകപ്പ്‌ വേദി ന്യൂഡല്‍ഹിക്ക്‌ അനുവദിക്കുമെന്ന്‌ ലോക ഹോക്കി ഭരണാധികാരികള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഹോക്കിയിലെ ദയനീയതയില്‍ തീരുമാനം അട്ടിമറിക്കപ്പെടാമെന്ന വാര്‍ത്തകള്‍ പരന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ ഇന്ത്യക്കായിരുന്നില്ല. ഇത്‌ വരെ നടന്ന എല്ലാ ഒളിംപിക്‌സുകളിലും ഹോകി മല്‍സരങ്ങളില്‍ പങ്കെടുത്ത ഇന്ത്യ ഇതാദ്യമായാണ്‌ യോഗ്യതാ നേടാതെ പുറത്താവുന്നത്‌. ഈ നാണക്കേടിന്‌ പുറമെ ഇന്ത്യന്‍ ഹോക്കിയെ ഭരിക്കുന്ന ഇന്ത്യന്‍ ഹോക്കി ഫെറേഷന്റെ തലപ്പത്തുളളവരുടെ നടപടിക്രമങ്ങളും വിവാദമായിരുന്നു. ദേശീയ ടീമിലേക്ക്‌ ഇടം നല്‍കാന്‍ ഒരു താരത്തില്‍ നിന്നും ഹോക്കി ഫെഡറേഷന്‍ സെക്രട്ടറി ജ്യോതികുമാരന്‍ പണം വാങ്ങുന്നത്‌ കൈയ്യോടെ പിടിക്കപ്പെട്ടതിന്‌ ശേഷം ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചുവിടാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ ധൈര്യം കാട്ടി. ഇന്ത്യന്‍ ഹോക്കി ലോകവേദിയിലേക്ക്‌ കരുത്തോടെ തിരിച്ചവരുന്നതിന്‌ ലോകകപ്പ്‌ വേദിയാവുമെന്നാണ്‌ കല്‍മാഡി പറയുന്നത്‌.

ഗില്ലിന്‌ എതിര്‍പ്പ്‌്‌
ഹൈദരാബാദ്‌: 2010 ലെ ലോകകപ്പിന്‌ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സംയുക്തമായി ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന്‌ പിരിച്ചുവിടപ്പെട്ട ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായിരുന്ന കെ.പി.എസ്‌ ഗില്‍. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും തമ്മില്‍ 2010 ലെ ലോകകപ്പ്‌ സംബന്ധിച്ച്‌ ധാരണയായതാണ്‌. ഈ ധാരണ നിലനില്‍ക്കെ ഇപ്പോള്‍ ഒളിംപിക്‌ അസോസിയേഷനുമായി സഹകരിച്ച്‌ ലോകകപ്പ്‌ നടത്താനുളള നീക്കത്തെ ചോദ്യം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ചാള്‍സ്‌വര്‍ത്തിന്റെ രാജി സ്വീകരിച്ചു
ഹൈദരാബാദ്‌: അനിശ്ചിതത്വം അവസാനിച്ചു. ഇന്ത്യന്‍ ഹോക്കി ഉപദേഷ്ടാവിന്റെ കസേരയില്‍ നിന്നും റിക്‌ ചാള്‍സ്‌വര്‍ത്തിന്റെ രാജി സ്വീകരിച്ചു. രാജ്യാന്തര ഹോക്കി പ്രസിഡണ്ട്‌ എല്‍സ വാന്‍ ബ്രെഡ വ്രൈസ്‌മാനാണ്‌ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ രാജി സ്വീകരിച്ച കാര്യം പരസ്യമാക്കിയത്‌. രണ്ടാഴ്‌ച്ച മുമ്പ്‌ തന്നെ ചാള്‍സ്‌വര്‍ത്ത്‌ രാജി നല്‍കി മടങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെട്ടിരുന്നില്ല. ഇന്നലെ ഇവിടെ ചേര്‍ന്ന സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെയും ഹോക്കി ഭരണത്തിനായി നിയോഗിക്കപ്പെട്ട അഡ്‌ഹോക്കി കമ്മിറ്റിയുടെയും യോഗം രാജി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ഹോക്കിയെ സേവിക്കാന്‍ ഏല്‍പ്പിച്ച ദൗത്യം ചാള്‍സ്‌വര്‍ത്ത്‌ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്ന്‌ എല്‍സ പറഞ്ഞു.

ഒളിംപിക്‌സ്‌ വാര്‍ത്തകള്‍-ഒറ്റനോട്ടത്തില്‍
ഒളിംപിക്‌ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്ത്‌ നൈജീരിയയിലൂടെ കാണാമെന്ന്‌ കോച്ച്‌
ഒളിംപിക്‌സില്‍ ബ്രസീലിന്‌ വേണ്ടി റൊണാള്‍ഡിഞ്ഞോ കളിക്കുന്നതിനെ എതിര്‍ക്കില്ലെന്ന്‌ ഏ.സി മിലാന്‍
ബെയ്‌ജിംഗില്‍ ലയണല്‍ മെസ്സിക്ക്‌ കളിക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിേയഷന്‍
ഒളിംപിക്‌സ്‌ മെഡലുകള്‍ സമ്മാനിക്കാന്‍ വി.വി.ഐ.പികള്‍ക്കൊപ്പം സാധാരണക്കാരും. ഇരട്ട സഹോദരങ്ങളായ ലി സിയോയും ലി സീയായും മെഡലുകള്‍ സമ്മാനിക്കും. മൊത്തം 337 പേരെയാണ്‌ മെഡല്‍ ദാനത്തിനായി സംഘാടകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌.

വിജില്‍
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ മേളക്ക്‌ തിരശ്ശീല ഉയരാന്‍ ഇനി ഇരുപത്‌ ദിവസം മാത്രം... എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ചൈന കര്‍ക്കശ സുരക്ഷയിലേക്ക്‌ നീങ്ങുകയാണ്‌. ഒളിംപിക്‌സ്‌ വേളയില്‍ രാജ്യത്തിന്റെയും താരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ക്കശ നടപടിയാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഭീകരവാദികളുടെ ഇടപെടലുകള്‍ മേളയെ ബാധിക്കുമോ എന്ന ആശങ്ക സംഘാടകര്‍ക്കും സര്‍ക്കാരിനുമുണ്ട്‌. ടിബറ്റന്‍ പ്രതിഷേധക്കാര്‍ പരസ്യമായി രംഗത്തുളള സാഹചര്യത്തില്‍ ഏത്‌ വിധത്തിലുളള ഭീഷണിയെയും നേരിടാന്‍ പോലീസും സൈന്യവും സന്നദ്ധ സംഘടനകളും സജീവമാണ്‌.
ഇന്നലെ പൊതു സുരക്ഷാ മന്ത്രാലയം സുരക്ഷാപാലനത്തിലും, പ്രശ്‌നവേളകളിലും ജനങ്ങളുടെ പിന്തു തേടി പ്രത്യേക പുസ്‌തകം തന്നെ രംഗത്തിറക്കി. ഭീകരാക്രമണമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിശദപ്രതിപാദനം പുസ്‌തകത്തിലുണ്ട്‌. ഏത്‌ സാഹചര്യങ്ങളെയും നേരിടാന്‍ സര്‍ക്കാര്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. പലവിധത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ പുസ്‌തകത്തില്‍ പറയുന്നു. സ്‌ഫോടനം ഉള്‍പ്പെടെയുളള ഭീകരാക്രമണം, കലാപം, കിഡ്‌നാപ്പിംഗ്‌, വെടിവെപ്പ്‌, രാസായുധാക്രമണം, ആണവാക്രമണം തുടങ്ങിയുളളനീക്കങ്ങളെ നേരിടാനുളള രീതികള്‍ പുസ്‌തകത്തില്‍ വ്യക്തമാക്കുന്നു.
സംശയം തോന്നുന്ന യാതൊന്നും സ്‌പര്‍ശിക്കരുതെന്നാണ്‌ ജനങ്ങള്‍ക്ക്‌ പുസ്‌തകം നല്‍കുന്ന ശക്തമായ മുന്നറിയിപ്പ്‌. റോഡിലോ, പൊതു സ്ഥലങ്ങളിലോ, എവിടെയെങ്കിലും സംശയകരമായ എന്തെങ്കകിലും കാണുന്നപക്ഷം ഉടന്‍ തന്നെ പോലീസിലോ, സന്നദ്ധ സംഘടനകളിലോ വിവരമറിയിക്കണം. കിഡ്‌നാപ്പ്‌ ചെയ്യപ്പെട്ടാല്‍ ബഹളം വെക്കരുത്‌. പരമാവധി ക്ഷമ പാലിക്കുക. തിരിച്ചടിക്കാന്‍ ശ്രമിക്കരുത്‌. റാഞ്ചികളെ നോക്കുകയുമരുത്‌. സംസാരവും വേണ്ട. പതുക്കെ നടന്ന്‌ രഹസ്യമായി സ്വന്തം വാര്‍ത്താവിനിമയ ഉപകരണം ഒളിപ്പിക്കുക. ഭീകരവാദികളെ പോലീസ്‌ നേരിടുമ്പോള്‍ നിലത്ത്‌ മുഖമര്‍ത്തി കിടക്കുക. രാജ്യത്തിന്റെ ഏത്‌ കോണിലും സഹായം ഉടനടിയെത്തിക്കാന്‍ പ്രാപ്‌തരായ പോലീസുണ്ട്‌. ഇവരുടെ സഹായം തേടാം. കലാപകാരികളെക്കുറിച്ചും മോഷ്‌ടാക്കളെക്കുറിച്ചുമെല്ലാം വിവരമറിയിക്കുന്നവര്‍ക്ക്‌ പോലീസ്‌ പാരിതോഷികം നല്‍കും.
നാളെ മുതല്‍ ബെയ്‌ജിംഗിലേക്കുളള പ്രവേശനം കര്‍ക്കശമായി പരിശോധിക്കാനാണ്‌ പോലീസ്‌ തീരുമാനം. ഒളിംപിക്‌സ്‌ മല്‍സരവേദികളിലേക്ക്‌ പ്രവേശിക്കുന്നവരെയെല്ലാം കര്‍ശനമായി പരിശോധിക്കും. ഒളിംപിക്‌സ്‌ വേദികളോടനുബന്ധിച്ചുള്ള വിമാനത്താവളങ്ങളില്ലെല്ലാം യാത്രക്കാരെ രണ്ട്‌ വട്ടം പരിശോധിക്കും. ബസ്സിലും ട്രെയിനിലും കപ്പലിലും യാത്ര ചെയ്യുന്നവര്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ്‌ പോലീസിന്‌ കാണിക്കണം. ഹൈവേകളില്ലൊം പോലീസ്‌ പ്രത്യേക ചെക്‌ പോയന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പോലീസും പട്ടാളും കഠിന പരിശീലനത്തിലാണ്‌. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുളള ഒരുക്കങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ മേളയായി ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ മാറണമെന്നതാണ്‌ സംഘാടകരുടെയും ലക്ഷ്യം. ഇത്‌ വരെ ആര്‍ക്കും ഒരു പരാതികളുമില്ല. പരാതികളില്ലാതെ ഗെയിംസ്‌ അവസാനിക്കണം. അതിനായി എല്ലാവരും സഹകരിക്കണമെന്ന്‌ സര്‍ക്കര്‍ അഭ്യര്‍ത്ഥിക്കുന്നു.
വിദേശ മാധ്യമ പ്രതിനിധികള്‍ക്ക്‌ ഗെയിംസ്‌ വാര്‍ത്തകള്‍ തടസ്സം കൂടാതെ റിപ്പോര്‍ട്ട്‌ ചെയ്യാനുളള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന്‌ സംഘാടകസമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചൈനയില്‍ വിദേശ മാധ്യമ പ്രതിനിധികള്‍ക്ക്‌ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെടുമെന്ന വാര്‍ത്തകളില്‍ കഴമ്പില്ല. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും അഭിമുഖം നടത്തുന്നതിലും തടസ്സമില്ല. നാളെ മുല്‍ ഗെയിംസ്‌ ഒരുക്കങ്ങളെക്കുറിച്ച്‌ ദിവസവും രണ്ട്‌ വാര്‍ത്താ സമ്മേളനങ്ങളുണ്ടാവും.

ദീപിക അവളുടെ വഴിക്ക്‌ പോയി, എനിക്കെന്ത്‌ ചെയ്യാനാവും
മുംബൈ: ഇന്ത്യന്‍ ഏകദിന ടീം വൈസ്‌ ക്യാപ്‌റ്റന്‍ യുവരാജ്‌ സിംഗിനൊപ്പം തല്‍ക്കാലം കാമുകിമാരില്ല... കുറച്ചുകാലം ബോളിവുഡ്‌ സുന്ദരി ദീപിക പദുകോണ്‍ ഉണ്ടായിരുന്നു. അതിന്‌ മുമ്പ്‌ കീം ശര്‍മ്മയായിരുന്നു താരത്തിന്‌ കൂട്ട്‌. തല്‍ക്കാലം ആരുമില്ല. അതില്‍ യുവരാജിന്‌ പരാതിയുമില്ല
ഒരു മാസികക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ തന്റെ ബന്ധങ്ങളെക്കുറിച്ച്‌ യുവി വാചാലനായത്‌. ഓം ശാന്തി ഓമിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദീപിക അല്‍പ്പകാലം യുവരാജിനൊപ്പമായിരുന്നു. ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ഹീറോ പ്രകാശ്‌ പദുകോണിന്റെ മകളെയും യുവരാജിനെയും പാര്‍ട്ടികളില്‍ പലവുരു കണ്ടിരുന്നു. പ്രണയമുണ്ടായിരുന്നു എന്ന്‌ യുവി സമ്മതിക്കുന്നു. അല്‍പ്പകാലം ദീപിക എനിക്കൊപ്പമായിരുന്നു. ഇപ്പോള്‍ അവള്‍ക്ക്‌ മറ്റൊരാളെ ലഭിച്ചു. ഇതെല്ലാം അവളുടെ വ്യക്തിപരമായ കാര്യമാണ്‌. ഞാന്‍ ഇടപെടാറില്ല,. നാല്‌ വര്‍ഷം കിം ശര്‍മ്മയുമായിട്ടായിരുന്നു പ്രണയം. വളരെ സീരിയസായ പ്രണയമായിരുന്നു അത്‌. എല്ലാം അതിന്റെ വഴിക്ക്‌ നീങ്ങുന്നു. പ്രണയമില്ലാതെ ജീവിക്കാനാവുമോ....യുവിയുടെ ചോദ്യം.
യുവരാജിന്റെ വലിയ മോഹങ്ങളിലൊന്ന്‌ ഇന്ത്യന്‍ ക്യാപ്‌റ്റനാവുകയാണ്‌. പക്ഷേ തന്റെ വ്യക്തിജീവിതം ചൂണ്ടിക്കാട്ടി നായകനാവാന്‍ താന്‍ യോഗ്യനല്ലെന്ന്‌ ചിലര്‍ പറയുന്നത്‌ താരത്തെ വേദനിപ്പിക്കുന്നുണ്ട്‌.

അക്തറിനെ തഴഞ്ഞു
ലാഹോര്‍: കാനഡയില്‍ നടക്കുന്ന 20-20 ചാമ്പ്യന്‍ഷിപ്പിനുള്ള പാക്കിസ്‌താന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ ഷുഹൈബ്‌ അക്തറിന്‌ സ്ഥാനമില്ല. അച്ചടക്കനടപടിയെ തുടര്‍ന്ന്‌ അക്തറിന്‌ വിധിക്കപ്പെട്ട പിഴ തുക അദ്ദേഹം അടക്കാത്തത്‌്‌ കാരണമാണ്‌ തഴയലെന്ന്‌ കരുതുന്നു. എന്നാല്‍ ചാമ്പ്യന്‍സ്‌ ട്രോഫി സാധ്യതാ സംഘത്തില്‍ അക്തറുണ്ട്‌.

ഇംഗ്ലണ്ടിന്‌ തകര്‍ച്ച
ഹെഡിംഗ്‌ലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യദിനം ആതിഥേയരായ ഇംഗ്ലണ്ടിന്‌ ബാറ്റിംഗ്‌ തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്‌ 203 റണ്‍സിന്‌ എല്ലാവരും പുറത്തായി. 54 റണ്‍സ്‌ നേടിയ കെവിന്‍ പീറ്റേഴ്‌സണും 31 റണ്‍സ്‌ നേടിയ ഇയാന്‍ ബെല്ലും മാത്രമാണ്‌ പൊരുതിയത്‌. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി മോണ്ടി മോര്‍ക്കല്‍ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ സ്‌റ്റെന്‍ മൂന്ന്‌ പേരെ പുറത്താക്കി. 18 മാസത്തിന്‌ ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ 17 റണ്‍സാണ്‌ നേടിയത്‌.

ഏഷ്യാകപ്പ്‌ ഇന്ത്യക്ക്‌
ഹൈദരാബാദ്‌: ഏഷ്യാ കപ്പ്‌ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അപരാജിത ജൈത്രയാത്ര പൂര്‍ത്തിയാക്കി. ഇന്നലെ നടന്ന ഫൈനലില്‍ ശക്തരായ ദക്ഷിണ കൊറിയയെ ഇന്ത്യ 3-2ന്‌ പരാജയപ്പെടുത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരവും തോല്‍ക്കാതെയാണ്‌ ആതിഥേയര്‍ ഏഷ്യന്‍പ്പട്ടം നിലനിര്‍ത്തിയത്‌.