ഫിഫ തലവന്‍ സെപ് ബ്ലാറ്റര്‍ക്കെതിരെ ഫുട്‌ബോള്‍ രാജാവ് പെലെ. ലോക ഫുട്‌ബോളില്‍ ഇപ്പോള്‍ നടക്കുന്നത് ആധുനിക അടിമത്വമാണെന്ന ബ്ലാറ്ററുടെ അഭിപ്രായ പ്രകടനത്തില്‍ പെലെ വിയോജിപ്പ് പ്രകടിപ്പിച്ചു. പോര്‍ച്ചുഗല്‍ താരമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡുമായുളള കരാര്‍ ബഹുമാനിക്കണമെന്നും റയല്‍ മാഡ്രിഡിനെ മറക്കണമെന്നും പെലെ ആവശ്യപ്പെട്ടു-ഗോര്‍ഡന്‍ ബാങ്ക്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചാരിറ്റി മല്‍സരത്തില്‍ കളിക്കാനെത്തിയ വേളയിലാണ് യൂറോപ്യന്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലെ പുതിയ വിവാദത്തില്‍ പെലെ പ്രതികരിച്ചത്. ഫുട്‌ബോളില്‍ അടിമത്വം നിലനില്‍ക്കുന്നില്ല. ഒരു താരം കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ കരാറിനെ ബഹുമാനിക്കാന്‍ താരം നിര്‍ബന്ധിതനാണ്. കരാര്‍ ഇല്ലാത്തപ്പോഴാണ് പ്രശ്‌നങ്ങള്‍. കൃസ്റ്റിയാനോ ഇപ്പോള്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ താരമാണ്. അവരുമായുളള കരാറിനെ ബഹുമാനിക്കണം. കരാറില്‍ ഒപ്പിട്ടുണ്ടെങ്കില്‍ അത് പാലിക്കേണ്ട ബാധ്യത താരത്തിനുണ്ട്. കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പുതിയ താവളം തേടി പോവാന്‍ താരത്തിന് സ്വാതന്ത്ര്യമുണ്ടെന്നും പെലെ പറഞ്ഞു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് സ്‌പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കാറാനുളള തന്റെ മോഹം റൊണാള്‍ഡോ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ ഫിഫ പ്രസിഡണ്ട് താരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ഫുട്‌ബോള്‍ അടിമത്വം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തിരുന്നു. പുതിയ സീസണില്‍ റൊണാള്‍ഡോ ഏത് ക്ലബില്‍ കളിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മാഞ്ചസ്‌റ്ററുമായി 2011 വരെ താരത്തിന് കരാറുണ്ട്. ഈ കരാര്‍ കാലാവധി പൂര്‍ത്തിയാക്കും വരെ മാഞ്ചസ്റ്ററില്‍ തന്നെ റൊണാള്‍ഡോ തുടരണമെന്നാണ് ക്ലബിന്റെ നിലപാട്. എന്നാല്‍ സ്‌പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനായി കളിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റ കണങ്കാലില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി ഇപ്പോള്‍ വിശ്രമത്തിലാണ് റൊണാള്‍ഡോ. അടുത്ത മൂന്ന് മാസം അദ്ദേഹത്തിന് കളിക്കാനാവില്ല.
ക്വിറസ് ഇനി സ്വന്തം നാട്ടില്‍
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ അടുത്ത സുഹൃത്തായിരുന്നു സ്വന്തം നാട്ടുകാരനായ അസിസ്‌റ്റന്‍ഡ് കോച്ച് കാര്‍ലോസ് ക്വിറസ്. ലോകത്തിലെ ഏറ്റവും മികച്ച സോക്കര്‍ ക്ലബുകളിലൊന്നില്‍ ദീര്‍ഘകാലം അസിസ്‌റ്റന്‍ഡ് കോച്ചിന്റെ ജോലി ഭംഗിയായി നിര്‍വഹിച്ച ക്വിറസ് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കുമ്പോള്‍ റൊണാള്‍ഡോക്ക് അത് വ്യക്തിപരമായ നഷ്‌്‌ടമാണ്. ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരി എന്ന കോച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയിലേക്ക് ചേക്കറിയതിനെ തുടര്‍ന്ന് ഒഴിവുവന്ന പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലക കസേരയിലേക്ക് ക്വിറസ് വരുന്നത് ഒരു തരത്തില്‍ റൊണാള്‍ഡോക്ക് പക്ഷേ ആശ്വാസവുമാണ്. ദേശീയ താരമായ റൊണാള്‍ഡോക്ക് അനുഭവസമ്പന്നനായ കോച്ചിനൊപ്പം ഒരുമിച്ച് നില്‍ക്കാം.
നാല് വര്‍ഷത്തെ കരാറിലാണ് ക്വിറസ് പോര്‍ച്ചുഗലിലേക്ക് വരുന്നത്. നേരത്തെ ചെറിയ കാലയളവില്‍ അദ്ദേഹം പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുണ്ടായിരുന്നു. 55 കാരനായ ക്വിറസ് അല്‍പ്പകാലം റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്നു. ടീമിന് വിജയങ്ങള്‍ സമ്മാനിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടപ്പോള്‍ ബെര്‍ണവുവില്‍ തുടരാനായില്ല. വീണ്ടും മാഞ്ചസ്‌റ്ററിലേക്ക് തിരിച്ചെത്തി സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സഹായിയായി. ഈ തസ്‌തികയില്‍ നിന്നാണ് ഇപ്പോള്‍ ദേശീയ കോച്ചായി മാറുന്നത്. സ്വന്തം രാജ്യത്ത്, ദേശീയ ടീമിന്റെ ഹെഡ് കോച്ചായി തിരിച്ചുവരുന്നത് അഭിമാനകരമായ മൂഹൂര്‍ത്തമാണെന്ന് ക്വിറസ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സോക്കര്‍ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ പടികളിറങ്ങുന്നതില്‍ വേദനയുണ്ട്. എന്നാല്‍ സ്വന്തം രാജ്യത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നത് വലിയ അംഗീകാരമാണ്. സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ എന്നില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചിരുന്നു. അദ്ദേഹത്തൊടൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞ ദിവസങ്ങള്‍ മറക്കാനാവില്ല. അദ്ദേഹത്തിനൊപ്പം ലഭിച്ച അനുഭവങ്ങളായിരിക്കും പരിശീലക ജീവിതത്തില്‍ തനിക്ക് മൂതല്‍ക്കൂട്ടെന്നും ക്വിറസ് പറഞ്ഞു.
ക്വിറസ് വിടവാങ്ങുന്നത് വ്യക്തിപരമായി തനിക്ക് വലിയ നഷ്‌ടമാണെന്ന് ഫെര്‍ഗൂസണ്‍ പറഞ്ഞു. ഇന്ന് ലോകത്തിലുളള പരിശീലകരില്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ് ക്വിറസ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമീപകാലത്ത് സ്വായത്തമാക്കിയ നേട്ടങ്ങളില്‍ ക്വിറസിന് വ്യക്തമായ പങ്കുണ്ടെന്നും ഫെര്‍ഗ്ഗി പറഞ്ഞു.
അബിദേയര്‍ ഇറ്റലിയിലേക്ക് തന്നെ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സനലില്‍ നിന്ന് ഇമാനുവല്‍ അബിദേയര്‍ ഇറ്റലിയിലെ ഏ.സി മിലാനിലേക്ക് ചേക്കേറുന്നത് സംബന്ധിച്ച് വീണ്ടും കരുനീക്കങ്ങള്‍. ഇറ്റലിയിലേക്ക് പറക്കാനുളള അബിദേയറുടെ മോഹത്തിന് ഒരാഴ്‌ച്ച മുമ്പ് ആഴ്‌സനല്‍ തന്നെ തടസ്സം നിന്നിരുന്നു. ആഫ്രിക്കന്‍ താരത്തിന് വേണ്ടി ഗണ്ണേഴ്‌സ് വലിയ തുക ആവശ്യപ്പെട്ടപ്പോള്‍ ഏ.സി മിലാന്‍ പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ ഇരുപത്തിനാലുകാരനായ മുന്‍നിരക്കാരന്റെ കാര്യത്തില്‍ ഗണ്ണേഴ്‌സ് ഡിമാന്‍ഡ് തുക കുറച്ചിട്ടുണ്ട്.
സൗരവ്‌്
പിന്മാറില്ല
കൊല്‍ക്കത്ത: ഇന്ത്യ സമീപകാലത്ത് കളിച്ച ഏകദിനങ്ങളിലൊന്നും സൗരവ് ഗാംഗുലിക്ക് അവസരമുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര കപ്പില്‍ കളിക്കാനായില്ല. തന്റെ തൊട്ടരികിലുളള ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പ് കളിക്കാനായില്ല. പാക്കിസ്‌താനില്‍ തന്നെ സെപ്‌തംബറില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സാധ്യതാ സംഘത്തിലും ഗാംഗുലിയില്ല. എന്ന് കരുതി സൗരവ് ഏകദിന ക്രിക്കറ്റ് വിടുന്നില്ല. പ്രതീക്ഷയടെ കാത്തിരിക്കാന്‍ തന്നെയാണ് വെറ്റര്‍ താരത്തിന്റെ തീരുമാനം. ഇന്നും ഞാന്‍ ഏകദിനങ്ങള്‍ ഇഷ്ടപ്പെടുന്നു. ഏകദിനങ്ങളില്‍ കളിക്കാനുള്ള കരുത്തുമുണ്ട്. അതിനാല്‍ കാത്തിരിക്കുന്നതില്‍ തെറ്റില്ല. തല്‍ക്കാലം ശ്രദ്ധ ടെസ്റ്റിലേക്കാണ്. ലങ്കയില്‍ നടക്കുന്ന പരമ്പരയില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇവിടെ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ ദാദ പറഞ്ഞു.
ശ്രീലങ്കയില്‍ കാര്യമായ വെല്ലുവിളി അവരുടെ പുതിയ സ്‌പിന്നര്‍ അജാന്ത മെന്‍ഡീസായിരിക്കുമെന്ന് ഗാംഗുലി സമ്മതിച്ചു. കറാച്ചിയില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത അജാന്ത മിടുക്കനാണ്. എനിക്ക് അവനെ നേരത്തെ അറിയാം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റെയിഡേഴ്‌്‌സിന് വേണ്ടി ഞങ്ങള്‍ ഒരുമിച്ചു കളിച്ചിരുന്നു. നെറ്റ്‌സില്‍ അജാന്ത എനിക്ക് പന്തെറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പന്തുകളില്‍ വിത്യസ്‌തതയുണ്ട്. അതാണ് അപകടം. എങ്കിലും സ്‌പിന്നിനെ നന്നായി നേരിടാന്‍ കഴിയുന്നവരാണ് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍. സച്ചിനും രാഹുലും ലക്ഷ്‌മണും അനുഭവസമ്പന്നരാണ്. ഇവര്‍ക്കെല്ലാം സ്‌പിന്‍ ബൗളിംഗിന്റെ മര്‍മ്മമറിയാം. അജാന്തയുടെ ബൗളിംഗ്‌് അറിയാവുന്നത് കൊണ്ട് അദ്ദേഹത്തെ നേരിടാനുള്ള പ്രത്യേക തന്ത്രങ്ങള്‍ താന്‍ പ്ലാന്‍ ചെയ്‌തിട്ടുണ്ടെന്നും ദാദ പറഞ്ഞു. അജാന്തയെ എന്തായാലും എഴുതിത്തളളാനാവില്ല. നിസാരമെന്ന് കരുതിയാല്‍ അത് അപകടമാവും. പേസ് മാറ്റുന്നതിലാണ് അദ്ദേഹത്തിന്റെ മികവ് അജാന്തയുടെ ലെഗ് സ്‌പിന്നുകള്‍ കാര്യമായി ടേണ്‍ ചെയ്യുന്നില്ല. അജാന്തയെക്കാള്‍ സൂക്ഷിക്കേണ്ടത് മുത്തയ്യ മുരളിധരനെയാണ്. അദ്ദേഹത്തിന്റെ വെരിയേഷനും പേസും അപാരമാണ്. ഒരിക്കലും പന്തിനെ റീഡ് ചെയ്യാന്‍ കഴിയില്ല-സൗരവ് പറഞ്ഞു.
ഇന്ത്യന്‍ ഏകദിന ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി ടെസ്‌റ്റ് ടീമില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതിനെ തികച്ചും വ്യക്തിപരമെന്ന് വിശേഷിപ്പിച്ച സൗരവ് കൂടുതല്‍ ക്രിക്കറ്റ് ശരീരത്തെ ബാധിക്കുമെന്ന് പറഞ്ഞു. സമീപകാലകത്തായി ധോണി ധാരാളം കളിക്കുന്നു. അത് അദ്ദേഹത്തെ ബാധിക്കും. ഞാന്‍ ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഒരു പരമ്പരയില്‍ നിന്നും ക്ഷീണം കാരണം വിട്ടുനിന്നിട്ടില്ല. വിട്ടുനില്‍ക്കാനുളള തീരുമാനം ടീമില്‍ നിങ്ങളുടെ സ്ഥാനത്തെയും ആശ്രയിച്ചിരിക്കും. ടീമിലെ സ്ഥാനം ഉറപ്പില്ലാത്ത താരങ്ങള്‍ ഒരിക്കലും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കില്ല. പക്ഷേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വിട്ടുനില്‍ക്കാന്‍ കഴിയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ദേശീയ ക്രിക്കറ്റിനെ ബാധിക്കുമെന്ന് സൗരവ് കരുതുന്നില്ല. 20-20 ക്രിക്കറ്റിന്റെ പ്രചുര പ്രചാരത്തില്‍ ഏകദിന ക്രിക്കറ്റിന്റെ ഗ്ലാമര്‍ നഷ്‌ടമായെന്നും അദ്ദേഹം വിശ്വസിക്കുന്നില്ല. ഈയിടെ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന മല്‍സരത്തിന് ദൃക്‌സാക്ഷിയായെന്നും സ്‌റ്റേഡിയം അന്ന് നിറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്‌്‌കൂള്‍ ചെസ് നടത്തി
കോഴിക്കോട്: ചെസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന സ്‌്‌കൂള്‍ ചെസ്സില്‍ കൊച്ചുതാരങ്ങളുടെ മികച്ച പ്രകടനം. അണ്ടര്‍ 8,10,12,14 കാറ്റഗറികളില്‍ നടന്ന മല്‍സരങ്ങളില്‍ ദേശീയ തലത്തില്‍ മികവ് പ്രകടിപ്പിച്ച ധാരാളം താരങ്ങള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ചന്ദ്രിക സ്‌പോര്‍ട്‌സ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ട്രോഫികള്‍ സമ്മാനിച്ചു. ചെസ് അസോസിയേഷന്‍ പ്രസിഡണ്ട് പി.എം.വി പണിക്കര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പ്രേംചന്ദ്, കെ.ആര്‍ മധുസൂദനന്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
ഇസന്‍ബയേവക്ക് ലോക റെക്കോര്‍ഡ്
പവലിന് പരുക്ക്
റോം: ബെയ്‌ജിംഗ് ഒളിംപിക്‌സിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകത്തിലെ അതിവേഗക്കാരില്‍ ഒരാളായ ജമൈക്കക്കാരന്‍ ആസാഫ പവലിന് പരുക്ക്. ഇന്നലെ ഇവിടെ നടന്ന റോം ഗോള്‍ഡന്‍ ഗാലയില്‍ 100 മീറ്ററില്‍ പങ്കെടുക്കവെ ഗ്രോയിന്‍ വേദന കാരണം പവല്‍ മല്‍സര രംഗത്ത് നിന്ന് പിന്മാറി. ഹീറ്റ്‌സില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടത്. പക്ഷേ ഓട്ടം 10.19 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി ഫൈനല്‍ യോഗ്യത നേടി. ഫൈനലില്‍ പവല്‍ മല്‍സരിച്ചില്ല. ഒളിംപിക്‌സ് അടുത്തെത്തിനില്‍ക്കവെ കൂടുതല്‍ സാഹസത്തിന് പവാല്‍ മുതിര്‍ന്നില്ല. പരുക്ക് ഗുരുതരമല്ലെന്നാണ് അദ്ദേഹത്തിന്റെ മാനേജര്‍ പോള്‍ ഡോലെ വ്യക്തമാക്കിയത്.
ബെയ്‌ജിംഗില്‍ ലോകത്തിലെ അതിവേഗക്കാരനായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ഒരാളാണ് പവല്‍. അദ്ദേഹത്തിന് കാര്യമായ വെല്ലുവിളി സ്വന്തം നാട്ടുകാരനായ ഉസൈന്‍ ബോള്‍ട്ടാണ്. ജമൈക്കന്‍ ഒളിംപിക് ട്രയല്‍സില്‍ ഇരുവരും തമ്മിലായിരുന്നു പ്രധാന മല്‍സരം. ബോള്‍ട്ട് വിജയം വരിച്ചു. ബോള്‍ട്ടണിന്റെ പേരിലാണിപ്പോള്‍ ലോക റെക്കോര്‍ഡ്. മെയില്‍ നടന്ന ലോക മീറ്റില്‍ 9.72 സെക്കന്‍ഡിന്റെ റെക്കോര്‍ഡില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്‌തിരുന്നു.
പരുക്ക് കാരണം ബെയ്‌ജിംഗിലേക്ക് അമേരിക്കയുടെ ലോകോത്തര സ്‌പിന്നര്‍ ടൈസണ്‍ ഗൈ വരുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പായതിന് പിറകെയാണ് പവലിന്റെ പരുക്ക് വാര്‍ത്ത വരുന്നത്. അമേരിക്കന്‍ ഒളിംപിക് ട്രയല്‍സില്‍ പങ്കെടുക്കവെ മസില്‍ വേദന കാരണം ഗൈ പിന്മാറുകയായിരുന്നു.
റോമില്‍ പവലിന് കാര്യമായ വെല്ലുവിളി നിലവിലുളള ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ഫ്രാന്‍സിസ് ഒപിക് വെലുവായിരുന്നു. പവല്‍ ഫൈനലില്‍ മല്‍സരിക്കാതിരുന്നപ്പോള്‍ ഫ്രാന്‍സിസിന് കാര്യങ്ങള്‍ എളുപ്പമായി. ആവേശകരമായ 400 മീറ്റര്‍ ഫൈനലില്‍ ലോക, ഒളിംപിക് ചാമ്പ്യന്‍ ജെറമി വാരിനര്‍ തകര്‍പ്പന്‍ പ്രകടനവുമായി ഒന്നാം സ്ഥാനം നേടി. അമേരിക്കന്‍ ട്രയല്‍സില്‍ ഒന്നാമനായ ലാഷാന്‍ മെറിറ്റിന് രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്.
വനിതാ പോള്‍വോള്‍ട്ടിലെ ലോക റെക്കോര്‍ഡുകാരി റഷ്യയുടെ യെലീന ഇസന്‍ബയോവ 5.03 മീറ്റര്‍ ചാടി പുതിയ ലോക റെക്കോര്‍ഡും കുറിച്ചു. 2005 ഓഗസ്‌റ്റില്‍ ഹെല്‍സിങ്കിയില്‍ നടന്ന മീറ്റില്‍ കുറിച്ച 5.01 മീറ്ററിന്റെ സ്വന്തം റെക്കോര്‍ഡാണ് ഇസന്‍ബയേവ തിരുത്തിയത്. ഒളിംപിക്‌സ് അടുത്തെത്തി നില്‍ക്കവെ മികച്ച പ്രകടനമാണ് ഇവിടെ ലക്ഷ്യമിട്ടതെന്നും അത് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും 26 കാരി പറഞ്ഞു. ആദ്യ ജംമ്പില്‍ തന്നെ 4.95 മീറ്റര്‍ ചാടാനായത് ആത്മവിശ്വാസം നല്‍കി. രണ്ടാം ജംമ്പിലാണ് 5.03 മീറ്റര്‍ ചാടാനായത്. അവസാന ജംമ്പില്‍ 5.02 മീറ്ററിലെത്തി. ഒളിംപിക്‌സില്‍ ഇതിലും മികച്ച പ്രകടനം നടത്താനാവുമെന്നാണ് റഷ്യക്കാരി കരുതുന്നത്.
കുംബ്ലെക്ക് താക്കീത്
മുംബൈ: സെലക്‌ഷന്‍ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചതിന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ താക്കീത്. കഴിഞ്ഞ ദിവസം മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ടെസ്‌റ്റ് ടീമിലേക്ക് രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ വേണമെന്ന ആവശ്യം താനാണ് ഉന്നയിച്ചതെന്നും സെലക്ടര്‍മാര്‍ രാഹുല്‍ ദ്രാവിഡിനെ റിസര്‍വ് കീപ്പറാക്കാനാണ് നിര്‍ദ്ദേശിച്ചതെന്നും കുംബ്ലെ പറഞ്ഞിരുന്നു. വലിയ പ്രാധാന്യത്തോടെയാണ് കുംബ്ലെയുടെ അഭിപ്രായ പ്രകടനങ്ങള്‍ പ്രസീദ്ധീകരിച്ചത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്‌സാര്‍ക്കറില്‍ നിന്നും കുംബ്ലെയുടെ അഭിപ്രായ പ്രകടനങ്ങള്‍ മനസ്സിലാക്കിയ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി നിരഞ്‌ജന്‍ ഷായാണ് കുംബ്ലെക്ക് മുന്നറിയിപ്പ് നല്‍കിയത്. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ പരസ്യമാക്കരുതെന്നും സെലക്ഷന്‍ പ്രക്രിയ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാനും സീനിയര്‍ താരമെന്ന നിലയില്‍ താങ്കള്‍ ബാധ്യസ്ഥനാണെന്നും ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ക്യാപ്‌റ്റന് ഷാ നല്‍കിയ മുന്നറിയിപ്പ്‌്.
ഇതാദ്യമായല്ല ക്യാപ്‌റ്റന്മാര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നത്. ക്രിക്കറ്റ് ബോര്‍ഡിന്റെ ചട്ടപ്രകാരം ക്യാപ്‌റ്റന് മാത്രമാണ് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അധികാരം. ഈ ആനുകൂല്യത്തിലാണ് കുംബ്ലെ സംസാരിച്ചതും. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചകളെ പ്രതിപാദിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. ഈയിടെയാണ് ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്‌റ്റണെ ക്രിക്കറ്റ് ബോര്‍ഡ് കോളമെഴുതുന്നതിന് ശാസിച്ചത്. പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പിനിടെ സ്വന്തം വെബ് സൈറ്റില്‍ കിര്‍സ്റ്റണ്‍ ടീമിനെക്കുറിച്ചുളള കാഴ്‌്‌ചപ്പാടുകള്‍ എഴുതിയിരുന്നു. ഗ്രെഗ് ചാപ്പല്‍, സൗരവ് ഗാംഗുലി എന്നിവരെല്ലാം ഇതേ വിഷയത്തില്‍ ബോര്‍ഡിന്റെ മുന്നറിയിപ്പ് ലഭിച്ചവരാണ്. കോളമെഴുത്തുകാരനായ സെലക്‌ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്‌സാര്‍ക്കര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ മൂലമാണ് ആ ജോലി നിര്‍ത്തിയത്. ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം പത്രക്കാരെ കാണാന്‍ പോലുമുള്ള സ്വാതന്ത്ര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനില്ല.
No comments:
Post a Comment