Thursday, July 31, 2008

KAMALS DRIVE

ഈ സംഭവ കഥ നാല്‌ വര്‍ഷം മുമ്പാണ്‌... ഗ്രീസിന്റെ ആസ്ഥാനമായ ഏതന്‍സില്‍ ഒളിംപിക്‌സ്‌ നടക്കുന്നു. ലോക കായികരംഗത്തെ വിഖ്യാതരെല്ലാം ഒരുമിച്ച വേദിയില്‍ ജമ്മു കാശ്‌്‌മീരില്‍ നിന്ന്‌ ഒരാള്‍. ഇന്ത്യന്‍ ഒളിംപിക്‌ അസോസിേയഷന്റെ കോട്ടും കുപ്പായവുമെല്ലാം അണിഞ്ഞ കാശ്‌മീരി ആരാണെന്ന്‌ തിരിച്ചറിയാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഔദ്യോഗികമായി തന്നെ തിരക്കി. കക്ഷി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രതിനിധിയായി ഒളിംപിക്‌സിന്‌ എത്തിയതാണ്‌. എന്താണ്‌ ഇദ്ദേഹത്തിന്റെ യോഗ്യതയെന്ന്‌ ചോദിച്ചപ്പോള്‍ മറുപടി ഗസ്റ്റ്‌ എന്നായിരുന്നു. ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ കുടുംബാംഗമാണ്‌ ഇയാള്‍. ശ്രീനഗറില്‍ തുകല്‍ കച്ചവടമാണ്‌ ജോലി....
ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ ആസ്ഥാനത്ത്‌ ഇത്തരം പല തോന്നിവാസങ്ങളും നടക്കാറുണ്ട്‌, ഇപ്പോഴും നടക്കുന്നു. ഏഷ്യന്‍ ഗെയിംസും ഒളിംപിക്‌സുമെല്ലാം സ്വന്തം കുടുംബത്തെയും മിത്രങ്ങളെയും നാടു കാണിക്കാനുളള വിനോദമാണ്‌ ഐ.ഒ.സി യിലുള്ളവര്‍ക്ക്‌. ദോഹയില്‍ 2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെ ഐ.ഒ.സി അതിഥികളായി നൂറോളം പേരാണ്‌ ഖത്തറിന്റെ തലസ്ഥാനത്ത്‌ എത്തിയത്‌. എല്ലാവരും ദിവസങ്ങളോളം ദോഹയും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ചെലവില്‍ കറങ്ങികണ്ടുവെന്ന്‌ മാത്രമല്ല നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ സുരേഷ്‌ കല്‍മാഡി വിളിച്ചു ചേര്‍ത്ത്‌ പത്രസമ്മേളനത്തില്‍ മാധ്യമ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാനും ധൈര്യം കാട്ടി. ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും ഇവര്‍ ആഘോഷം ഗംഭീരമാക്കിയ സമയത്ത്‌ നമ്മുടെ പാവം താരങ്ങള്‍ അല്‍പ്പമകലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഒരു മെഡലിനായുളള നെട്ടോട്ടത്തിലായിരുന്നു. (ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഖലീഫ്‌ സ്‌റ്റേഡിയത്തിലെത്തിയവര്‍ പത്ത്‌ പേര്‍ മാത്രം)
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിനും കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയും ലളിത്‌ ഭാനോട്ടിന്റെയും കായിക മന്ത്രി എം.എസ്‌ ഗില്ലിന്റെയുമെല്ലാം സുഹൂത്തുകളും കുടുംബങ്ങളുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ പോവുന്നുണ്ട്‌. എല്ലാവര്‍ക്കും അക്രഡിറ്റേഷനും, സൂട്ടും കോട്ടും താമസവുമെല്ലാം. രാജ്യത്ത്‌ നിന്ന്‌ നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ്‌ അക്രഡിറ്റേഷന്‌ ഒരു വര്‍ഷം മുമ്പ്‌ ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ക്ക്‌ മാത്രമാണ്‌ ഐ.ഒ.സി അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ളവര്‍ക്കൊന്നും അനുമതിയില്ലെന്നാണ്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന ഐ.ഒ.സി ആസ്ഥാനത്ത്‌ നിന്നുള്ള മറുപടി.
അക്രഡിറ്റേഷന്‌ അപേക്ഷിച്ച മാധ്യമ പ്രവര്‍ത്തകരുടെ പേരുകളില്‍ കല്‍മാഡിയും സംഘവും സ്വന്തക്കാരെ കുത്തിനിറക്കും. അവര്‍ രാജ്യത്തിന്റെ പ്രതിനിധികളായി മേളകള്‍ നിരങ്ങും. ഈ പതിവ്‌ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ആരും ചോദിക്കാനും പറയാനുമില്ല. കേരളത്തില്‍ നിന്ന്‌ ബെയ്‌ജിംഗിലേക്ക്‌ മൂന്ന്‌്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ്‌ അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്‌.
അക്രഡിറ്റേഷന്‌ അപേക്ഷിക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നാണ്‌ തുടക്കത്തില്‍ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ സംഘാടക സമിതി (ബി.ഒ.സി.ഒ.ജി) അറിയിച്ചിരുന്നത്‌. വിവിധ രാജ്യങ്ങളിലെ ഒളിംപിക്‌ അസോസിേയഷന്‍ വഴിയായിരുന്നു അക്രഡിറ്റേഷന്‌ അപേക്ഷിക്കേണ്ടത്‌. 2007 ജൂണ്‍ 15 ആയിരുന്നു അക്രഡിറ്റേഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നവംബറില്‍ അക്രഡിറ്റേഷന്‍ പ്രക്രിയ ആരംഭിച്ച സംഘാടക സമിതി 2008 ഫെബ്രുവരിയില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ്‌ വിതരണവും ആരംഭിച്ചിരുന്നു. കാര്‍ഡ്‌ ലഭിക്കാതെ വന്നപ്പോഴാണ്‌ സ്വന്തം അപേക്ഷ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ തള്ളിയ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അറിയുന്നത്‌. പ്രിന്റ്‌ മീഡിയകളില്‍ നിന്നായി 5,600 മാധ്യമ പ്രവര്‍ത്തകരും ഫോട്ടാഗ്രാഫര്‍മാര്‍ക്കുമാണ്‌ സംഘാടക സമിതി അനുമതി നല്‍കിയിരിക്കുന്നത്‌. വിഷ്വല്‍ മീഡിയ അക്രഡിറ്റേഷന്‍ നേടിയവര്‍ 12,000 ത്തോളം പേരാണ്‌.
ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ വഴി ലഭിച്ച അക്രഡിറ്റേഷന്‍ അപേക്ഷകളെല്ലാം അംഗീകരിച്ചതായി ബി.ഒ.സി.ഒ.ജി മീഡിയാ ഓപ്പറേഷന്‍സ്‌ ഡയരക്ടര്‍ സണ്‍ വീജിയ പറഞ്ഞു. ആരെയും സംഘാടക സമതി തഴഞ്ഞിട്ടില്ലെന്ന്‌ ചൈനക്കാര്‍ വിശദീകരിക്കുമ്പോള്‍ ഒന്നാം പ്രതികള്‍ നമ്മുടെ നേതാക്കള്‍ തന്നെയാണ്‌.
അക്രഡിറ്റേഷന്‍ കാര്യത്തില്‍ സുരേഷ്‌ കല്‍മാഡിക്ക്‌ പരാതിപ്പെട്ടപ്പോള്‍ എല്ലാം പരിഹരിക്കാമെന്ന മറുപടി ലഭിക്കുന്നു. ഐ.ഒ.സി ആസ്ഥാനത്ത്‌ മീഡിയ കാര്യങ്ങള്‍ നോക്കുന്നത്‌ ഒരു വനിതാ ഓഫീസറാണ്‌. അവര്‍ക്കാണെങ്കില്‍ ഒരു മറുപടി മാത്രം-വെയിറ്റ്‌... പലരും പല തവണ വെയിറ്റ്‌ ചെയ്‌തു. പക്ഷേ അക്രഡിറ്റേഷന്‍ കിട്ടിയില്ല.
അറുപതോളം പേരാണ്‌ ഇത്തവണ ബെയ്‌ജിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. ഇത്‌ താരങ്ങളുടെയും അവരെ അനുഗമിക്കുന്ന ഒഫീഷ്യലുകളുടെയും കണക്ക്‌. ഒളിംപിക്‌സ്‌ ആരംഭിച്ചുകഴിഞ്ഞാലാണ്‌ ഉന്നത തല സംഘം പുറപ്പെടുക. ഉന്നത സംഘത്തില്‍ ഒന്നോ രണ്ടോ ഉന്നതരുണ്ടാവും. ബാക്കിയെല്ലാം യെസ്‌ മൂളികളായിരിക്കും. ഇതാണ്‌ നമ്മുടെ ഒളിംപിക്‌സ്‌ പാരമ്പര്യം. ഉന്നതതല സംഘത്തിന്‌ രാജ്യത്തിന്റെ താരങ്ങളുടെ പ്രകടനം കാണാന്‍ താല്‍പ്പര്യമില്ല. നാട്‌ കാണണം. നമ്മുടെ വിവിധ സംസ്ഥാനങ്ങള്‍, അവിടങ്ങളിലുളള സ്‌പോര്‍ട്‌സ്‌ ഭരണാധികാരികള്‍, അവരെല്ലാം സര്‍ക്കാര്‍ ചെലവില്‍ നാടുകാണുമ്പോള്‍ അവിടങ്ങളിലെ കായിക സംസ്‌്‌ക്കാരത്തെയും കായിക വികസനത്തെയും കുറിച്ച്‌ എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ അത്‌ രാജ്യത്തിന്‌ ഗുണമാവുമായിരുന്നു. പക്ഷേ പഠിക്കാനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. കാഴ്‌ച്ചകളാണ്‌ എല്ലാവരുടെയും പഠനം. ബെയ്‌ജിംഗ്‌ കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്‌സ്‌ സംഘത്തില്‍ സ്ഥാനം നേടാനുളള പിടിവലി ആരംഭിക്കും. ഈ പ്രക്രിയ തല്‍ക്കാലം തടയാന്‍ ആര്‍ക്കുമാവില്ല.

1 comment:

MUHAMMED NIYAS.M said...

KAMAL SAARE.....NIGHALUDE BLOGIL GOOGLE ADSENCE VECHOOLU.....NIKHALKU CASH KITTUM
NIYAS96@GMAIL.COM