Thursday, July 17, 2008

INDIA _ LANKA CLASS




8,8,8,2008
ബെയ്‌ജിംഗ്‌: എന്താണ്‌ ചൈനക്കാര്‍ക്ക്‌ ഏറെ പ്രിയങ്കരം...? സംശയിച്ചു നില്‍ക്കേണ്ട- എട്ട്‌ (8) എന്ന അക്കം...! എട്ടിനെ നെഞ്ചോട്ട്‌ ചേര്‍ക്കാത്ത ചൈനക്കാരില്ല. എട്ടിനെ മറക്കാത്ത ചൈനക്കാരുമില്ല. നമ്മുടെ എട്ടിനെ ചൈനക്കാര്‍ ബ എന്നാണ്‌ വിളിക്കാറ്‌. ബ എന്നാല്‍ സമ്പത്താണ്‌. അതായത്‌ ചൈനക്കാര്‍ക്ക്‌ എട്ട്‌ സമ്പത്താണ്‌. രാജ്യത്ത്‌ കമ്മ്യൂണിസമാണ്‌ നിലവിലുള്ളതെങ്കിലും എട്ടാം തിയ്യതി ജനിക്കുന്ന കുട്ടികളെ സമ്പത്തിന്റെ പ്രതീകങ്ങളായാണ്‌ ചൈനക്കാര്‍ വിശേഷിപ്പിക്കാറുള്ളത്‌. ചൈനക്കാരുടെ എട്ടിനോടുള്ള സ്‌നേഹം ഇതാ വരാന്‍ പോവുന്ന ഒളിംപിക്‌സിലും പ്രകടമാണ്‌.
ഓഗസ്‌റ്റ്‌ എട്ടിനാണ്‌ ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ തിരി തെളിയുന്നത്‌. ഓഗസ്‌റ്റ്‌ എന്നാല്‍ കലണ്ടറിലെ എട്ടാം മാസം. തീര്‍ന്നില്ല-ഉദ്‌ഘാടന സമയം വൈകീട്ട്‌ എട്ട്‌ മണി. വര്‍ഷമോ 2008...! ചൈനീസ്‌ സംഘാടകര്‍ എല്ലാം വളരെ പ്ലാന്‍ ചെയ്‌താണ്‌ നീങ്ങുന്നത്‌. എട്ടാം തിയ്യതി തന്നെ ഗെയിംസ്‌ തുടങ്ങണമെന്ന കാര്യത്തില്‍
നിര്‍ബന്ധം സര്‍ക്കാരിനായിരുന്നു. നമ്മുടെ പിണറായിയും വി.എസും ചൈനയിലേക്ക്‌ നോക്കാന്‍ നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം പറയുമ്പോള്‍ തന്നെ ചൈനക്കാരുടെ അന്ധവിശ്വാസം എല്ലാ കാര്യത്തിലും പ്രകടമാണ്‌. ഓഗസ്‌റ്റ്‌ മാസത്തില്‍ തന്നെ ഒളിംപിക്‌സ്‌ നടത്തണമെന്ന നിര്‍ബന്ധവും സര്‍ക്കാരിനായിരുന്നു. എട്ടില്‍ ആരംഭിച്ചാല്‍ എല്ലാം കേമമാവുമെന്ന ചൈനീസ്‌ വിശ്വാസത്തില്‍ ഇത്തവണ മഹാമേള ഗംഭീരമാവുമെന്നാണ്‌ പ്രതീക്ഷ.
വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ഇവിടെയുളള തിരക്ക്‌ പോലെ തന്നെ ചൈനയിലും തിരക്കാണ്‌. എല്ലാവര്‍ക്കും വേണ്ടത്‌ എട്ട്‌. എട്ടിനെ ലഭിക്കാന്‍ എന്ത്‌ സാഹസത്തിനും ചൈനക്കാര്‍ റെഡി. ചൈനയിലെ ഒരു കോടിശ്വരന്‍ സ്വന്തം കാറിന്‌ എട്ടില്‍ ആരംഭിക്കുന്ന നമ്പര്‍ ലഭിക്കാന്‍ വിതറിയത്‌ നാല്‌ കോടി രൂപയാണ്‌..! ചൈനയിലെ ഒരു എയര്‍ലൈന്‍സ്‌ കമ്പനി സ്വന്തം ഓഫിസിലെ ഫോണ്‍ നമ്പര്‍ എട്ടില്‍ തുടങ്ങി എട്ടില്‍ അവസാനിക്കാന്‍ ചെലവാക്കിയതും കോടികള്‍. ബ്രിട്ടീഷുകാരനായ ഒരു പത്രപ്രവര്‍ത്തകന്‍ കൗതുകത്തിന്‌ എയര്‍ലൈന്‍സ്‌ നമ്പറിലേക്ക്‌ വെറുതെ ഒന്ന്‌ കറക്കി. പക്ഷേ മറുപടിയില്ല. ഈ നമ്പറില്‍ വിളിച്ച്‌ കമ്പനിയുടെ ഭാഗ്യം അന്വേഷിക്കുന്നവരെ കൊണ്ട്‌ കമ്പനിക്കാര്‍ പൊറുതിമുട്ടിയിട്ടുണ്ടത്രെ.. അത്‌ കൊണ്ടാണ്‌ ഫോണിന്‌ മറുപടിയില്ലാതിരുന്നത്‌. എട്ടിനോടുള്ള സ്‌നേഹത്തില്‍ എട്ടാം വയസ്സും പതിനെട്ടാം വയസ്സും ഇരുപത്തിയെട്ടാം വയസ്സും മുപ്പത്തിയെട്ട്‌, നാല്‍പ്പത്തിയെട്ട്‌ അങ്ങനെ എട്ടില്‍ വരുന്ന ജന്മദിനങ്ങളെല്ലാം എല്ലാവരും ആഘോഷമാക്കുന്നു.
എട്ടിനെ അതിയായി സ്‌നേഹിക്കുന്ന ചൈനക്കാര്‍ക്ക്‌ നാലിനെ (4) വെറുപ്പാണ്‌. ചൈനീസ്‌ ഭാഷയില്‍ സീ എന്നാണ്‌ നാലിനെ വിളിക്കുന്നത്‌. സീ എന്നാല്‍ മരണമാണ്‌. ആര്‍ക്കും നാലിനോട്‌ താല്‍പ്പര്യമില്ല. നാല്‌ എന്ന്‌ കേട്ടാല്‍ എല്ലാവര്‍ക്കും വെറുപ്പാണ്‌. വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ നോക്കിയാല്‍ നാലിനെ കാണാന്‍ കിട്ടില്ല. മരണത്തെ വരവേല്‍ക്കാന്‍ ആരും ഒരുക്കമല്ല
ചൈനയിലെ വലിയ ഫ്‌ളാറ്റുകളില്‍ 4, 13 ,1 4 തുടങ്ങിയ നമ്പരുകളുള്ള റൂമുകള്‍ ഒഴിഞ്ഞ്‌ കിടപ്പായിരിക്കും. നാല്‌ എന്ന നമ്പറിലേക്ക്‌ വരാന്‍ ആരും ഒരുക്കമല്ല. ഫ്‌ളാറ്റ്‌ ഉടമകളെല്ലാം നാലിനെ അവഗണിക്കുകയാണ്‌. ഇവര്‍ മാത്രമല്ല നാലില്‍ തുടങ്ങുന്ന വയസ്സിനെ (4, 14, 24, 34....) പെട്ടെന്ന്‌ മറികടക്കാനാണ്‌ എല്ലാവരും മോഹിക്കുന്നത്‌.

നാല്‌ എവിടെ
ഇതൊരു വലിയ ഫ്‌ളാറ്റിന്റെ നെയിം ബോര്‍ഡാണ്‌. 1, 2, 3, കഴിഞ്ഞാല്‍ പിന്നെ അഞ്ചാണ്‌. 6, 7, 8, 9, 10, 11, 12 കഴിഞ്ഞാല്‍ 13, 14 ഇല്ല. പിന്നെ തുടങ്ങുന്നത്‌ 15, 16 എന്നിങ്ങനെയാണ്‌.....

സമരാഞ്ച്‌ മഹാഭാഗ്യവാന്‍
ബെയ്‌ജിംഗ്‌: ലോകത്തിലെ മഹാഭാഗ്യവാന്‍ ആരാണ്‌...? ചോദ്യം ചൈനക്കാരോടാണെങ്കില്‍ അവര്‍ പെട്ടെന്ന്‌ ഉത്തരം നല്‍കും-ജുവാന്‍ അന്റോണിയോ സമരാഞ്ച്‌ എന്ന ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയുടെ മുന്‍തലവന്‍. കാരണം മറ്റൊന്നുമല്ല. ഇന്നലെ സമരാഞ്ചിന്‌ 88 വയസ്സ്‌ പൂര്‍ത്തിയായി. എട്ടിനെ സ്‌നേഹിക്കുന്ന ചൈനക്കാര്‍ രണ്ട്‌ എട്ട്‌ വരുമ്പോള്‍ (88) അത്‌ മഹത്തായ നേട്ടമായി കാണുന്നു. സമരാഞ്ചുമായി അഭിമുഖത്തിന്‌ ഒരു ചൈനീസ്‌ പത്രപ്രവര്‍ത്തകനെത്തിയപ്പോള്‍ അദ്ദേഹം എട്ടിന്റെ മഹത്വം സൂചിപ്പിച്ചപ്പോള്‍ ചിരിക്കാന്‍ മാത്രമാണത്രെ സമരാഞ്ചിന്‌ കഴിഞ്ഞത്‌. കായിക ലോകത്തിന്‌ ഒരിക്കലും മറക്കാനാവാത്ത നാമമാണ്‌ സമരാഞ്ചിന്റേത്‌. 1920 ജൂലൈ 17ന്‌ സ്‌പെയിനില്‍ ജനിച്ച സമരാഞ്ചിന്റെ സംഘാടകമികവിലാണ്‌ ഒളിംപിക്‌സ്‌ ആഘോഷമായി നടത്തപ്പെട്ടത്‌. 1966 മുതല്‍ 2001 വര അദ്ദേഹം ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റിയുടെ തലവനാണ്‌. 68 മുതല്‍ 75 വരെ പ്രോട്ടോക്കാള്‍ തലവനായിരുന്നു. 70 മുതല്‍ 2001 വരെ ഐ.ഒ.സി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ തുടര്‍ന്നു. 74 മുതല്‍ 78 വരെ ഐ.ഒ.സി വൈസ്‌ പ്രസിഡണ്ടായിരുന്നു. 1980 ലാണ്‌ ആദ്യമായി പ്രസിഡണ്ടാവുന്നത്‌. ഈ സ്ഥാനത്ത്‌ 2001 വരെ തുടര്‍ന്നു. 2001 മുതല്‍ ആജീവനാന്തം ഹോണററി പ്രസിഡണ്ടാണ്‌.

18 മാസത്തിന്‌ ശേഷം ഫ്രെഡ്ഡി
ഹെഡിംഗ്‌ലി: പതിനെട്ട്‌ മാസത്തെ വലിയ ഇടവേളക്ക്‌ ശേഷം ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ ഇംഗ്ലണ്ടിന്‌ വേണ്ടി ഇന്നിറങ്ങുന്നു. ഇന്ന്‌ ഇവിടെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫ്‌ളിന്റോഫ്‌ കളിക്കുന്നുണ്ട്‌. 2007 ജനുവരിയിലാണ്‌ അവസാനമായി അദ്ദേഹം രാജ്യത്തിനായി ടെസ്റ്റ്‌ കളിച്ചത്‌. പരുക്കേറ്റ കണങ്കാലില്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായി ഒന്നര വര്‍ഷത്തോളം പുറത്തിരക്കാന്‍ നിര്‍ബന്ധിതനായ മുപ്പതുകാരന്‍ പഴയ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌.
ലോര്‍ഡ്‌സില്‍ നടന്ന ഇംഗ്ലണ്ട്‌-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ്‌ സമനിലയിലാണ്‌ കലാശിച്ചത്‌. മല്‍സരത്തിന്റെ ആദ്യ മൂന്ന്‌ ദിവസവും കരുത്ത്‌ പ്രകടിപ്പിച്ച ഇംഗ്ലണ്ടിന്‌ അവസാന രണ്ട്‌ ദിനങ്ങളില്‍ തിളങ്ങാനായില്ല. ഫോളോ ഓണിന്‌ നിര്‍ബന്ധിതരായ ദക്ഷിണാഫ്രിക്ക, ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്ത്‌, ഓപ്പണര്‍ നീല്‍ മക്കന്‍സി, വണ്‍ഡൗണ്‍ ബാറ്റ്‌സ്‌മാന്‍ ഹാഷിം അംല എന്നിവരുടെ സെഞ്ച്വറിയില്‍ സമനില പിടിച്ചുപറ്റുകയായിരുന്നു.
ഫ്‌ളിന്റോഫ്‌ ഇന്ന്‌ കളിക്കുമ്പോള്‍ ഒന്നാം ടെസ്‌റ്റില്‍ കളിച്ച ഏകദിന ടീമിന്റെ നായകന്‍ പോള്‍ കോളിംഗ്‌വുഡിന്റെ സ്ഥാനമാണ്‌ തെറിക്കുക. സീമര്‍ റ്യാന്‍ സൈഡ്‌ബോട്ടത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ വോനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. സൈഡ്‌ബോട്ടം കളിക്കുമെന്നാണ്‌ പറയപ്പെടുന്നതെങ്കിലും അദ്ദേഹത്തിന്‌ കളിക്കാന്‍ കഴിയാത്തപക്ഷം കോളിംഗ്‌വുഡിനെ നിലനിര്‍ത്തും.
ഫ്‌ളിന്റോഫിന്റെ ബാറ്റിംഗ്‌ ഓര്‍ഡറില്‍ മാറ്റമുണ്ടാവും. സാധാരണ ഗതിയില്‍ അഞ്ചാം നമ്പറില്‍ ബാറ്റ്‌ ചെയ്യുന്ന ഓള്‍റൗണ്ടര്‍ ഇനി ഏഴാം നമ്പറിലാണ്‌ വരുക. വിക്കറ്റ്‌ കീപ്പര്‍ ടീം അംബ്രോസായിരിക്കും ആറാം നമ്പറില്‍ ബാറ്റ്‌ ചെയ്യുക.
അവസാന ഇലവനെ ഇന്ന്‌ രാവിലെ മാത്രമേ പ്രഖ്യാപിക്കുകയുള്ളുവെന്ന്‌ പറഞ്ഞ ക്യാപ്‌റ്റന്‍ മൈക്കല്‍ വോന്‍ സൈഡ്‌ബോട്ടത്തിന്‌ കളിക്കാനാവുമെന്നാണ്‌ പറഞ്ഞത്‌.
ദക്ഷിണാഫ്രിക്കന്‍ സംഘത്തില്‍ ഓപ്പണര്‍ നീല്‍ മക്കന്‍സിയുടെ കാര്യത്തില്‍ സംശയമുണ്ട്‌. സമനിലയില്‍ അവസാനിച്ച ലോര്‍ഡ്‌സ്‌ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയുമായി ബാറ്റ്‌ ചെയ്‌ത മക്കന്‍സിക്ക്‌ കാല്‍ക്കുഴയിലാണ്‌ പരുക്ക്‌. ഇന്ന്‌ രാവിലെ മാത്രമേ മക്കന്‍സിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമറിയൂ. മക്കന്‍സിക്ക്‌ കളിക്കാന്‍ കഴിയാത്തപക്ഷം ഇടം കൈയ്യന്‍ ബാറ്റ്‌സ്‌മാനായ ജീന്‍ പോള്‍ ഡുമിനിക്ക്‌ ടെസ്‌റ്റ്‌ അരങ്ങേറ്റത്തിന്‌ അവസരം ലഭിക്കും.

ജൂനിയര്‍ ഏഷ്യാകപ്പ്‌ നിലനിര്‍ത്താന്‍ ഇന്ത്യ കൊറിയക്കെതിരെ
ഹൈദരാബാദ്‌: ആറാമത്‌ ജൂനിയര്‍ ഏഷ്യാ കപ്പ്‌ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ന്‌ നിലവിലുളള ജേതാക്കളായ ഇന്ത്യ കരുത്തരായ ദക്ഷിണ കൊറിയയെ എതിരിടും. ഇത്‌ വരെ ഒരു മല്‍സരവും തോല്‍ക്കാതെ മുന്നേറിയ ഇന്ത്യക്കാണ്‌ ഇന്നത്തെ അവസാന അങ്കത്തില്‍ വ്യക്തമായ സാധ്യത. എങ്കിലും ആലസ്യം പ്രകടിപ്പിച്ചാല്‍ അത്‌ കൊറിയ ഉപയോഗപ്പെടുത്തുമെന്ന സത്യം ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചറിയിന്നുണ്ട്‌. എട്ട്‌ രാജ്യങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ നാല്‌ മല്‍സരങ്ങളിലും വ്യക്തമായ മാര്‍ജിനിലാണ്‌ ഇന്ത്യ ജയിച്ചത്‌. ആദ്യ മല്‍സരത്തില്‍ ജപ്പാനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തിയ ആതിഥേയര്‍ മലേഷ്യയെ 3-1നും സിംഗപ്പൂരിനെ 6-0 ത്തിനും സെമിഫൈനലില്‍ ശക്തരായ പാക്കിസ്‌താനെ 3-1 നും പരാജയപ്പെടുത്തിയാണ്‌ ഫൈനല്‍ ടിക്കറ്റ്‌ സ്വന്തമാക്കിയത്‌.
പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്‌ദ്ധനായ ദിവാകര്‍ റാമാണ്‌ ഇന്ത്യന്‍ ടീമിന്റെ കരുത്ത്‌. പാക്കിസ്‌താനെതിരെ സെമിയില്‍ മിന്നുന്ന ഫോം പ്രകടിപ്പിച്ച യു.പിക്കാരന്‍ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. ഇതിനകം ചാമ്പ്യന്‍ഷിപ്പില്‍ പെനാല്‍ട്ടി കോര്‍ണറുകളില്‍ നിന്ന്‌ ദിവാകര്‍ എട്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌.

ഗി്‌ല്ലിന്റെ കോപം
ന്യൂഡല്‍ഹി: ദൂരദര്‍ശനെതിരെ കേന്ദ്ര കായികമന്ത്രി എം.എസ്‌ ഗില്ലിന്റെ രോഷപ്രകടനം. ഹൈദരാബാദില്‍ നടന്നുവരുന്ന ഏഷ്യാ കപ്പ്‌ ജൂനിയര്‍ ഹോക്കി മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാനുളള പ്രസാര്‍ഭാരതിയുടെ വിസ്സമത പ്രകടനത്തില്‍ ക്ഷുഭിതനായാണ്‌ മന്ത്രി സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തുറന്നടിച്ചത്‌. പണം മാത്രം ലക്ഷ്യമിട്ട്‌ നടത്തുന്ന ബ്ലേഡ്‌ സ്ഥാപനമായി ദൂരദര്‍ശന്‍ അധ: പതിച്ചിരിക്കയാണ്‌. അവര്‍ക്ക്‌ പണം മാത്രം മതി. പണം കിട്ടുന്ന ജോലിക്ക്‌ മാത്രമേ അവര്‍ക്ക്‌ താല്‍പ്പര്യമുളളു. ദേശീയ ഗെയിമായ ഹോക്കിയുടെ ദുരവസ്ഥയില്‍ സ്വന്തം സഹതാപം പ്രകടിപ്പിച്ചു കൊണ്ട്‌ മന്ത്രി പറഞ്ഞു. ഏഷ്യയിലെ എട്ട്‌ ഹോക്കി രാജ്യങ്ങള്‍ പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ്‌ ദൂരദര്‍ശന്‍ മറക്കുന്നത്‌. മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാനായി ഞാന്‍ അവരോട്‌ അഭ്യര്‍ത്ഥിച്ചു. പക്ഷേ അവര്‍ക്ക്‌ താല്‍പ്പര്യമില്ല. പണമാണ്‌ അവര്‍ ചോദിക്കുന്നത്‌. ഒരു പൊതുസ്ഥാപനമെന്ന നിലയില്‍ ലാഭം മാത്രമായിരിക്കരുത്‌ ദൂരദര്‍ശന്റെ ലക്ഷ്യം. ദേശീയ താല്‍പ്പര്യമുളള മല്‍സരങ്ങള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യണം. ഇന്ത്യന്‍ കായികരംഗത്തിന്റെ വളര്‍ച്ച്‌ക്ക്‌ ദൂരദര്‍ശന്‌ അവരുടേതായ പങ്ക്‌ വഹിക്കാന്‍ കഴിയും. എല്ലാത്തിനും പണം പണം എന്ന മുദ്രാവാക്യം മുഴക്കരുത്‌. അത്‌ ആപത്താണ്‌. ദൂരദര്‍ശന്‍ മാത്രല്ല സ്വകാര്യ സ്‌പോര്‍ട്‌സ്‌ ചാനലുകളും ഏഷ്യാകപ്പിനെ തഴഞ്ഞതില്‍ മന്ത്രി നിരാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ഞാന്‍ പ്രധാന വാര്‍ത്താ ചാനലുകളുടെ സ്‌പോര്‍ട്‌സ്‌്‌ തലക്കെട്ടുകള്‍ ശ്രദ്ധിച്ചു. പക്ഷേ ഒന്നിലും ഹോക്കി വന്നില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്‌താനും തമ്മിലുളള വാശിയേറിയ സെമിഫൈനല്‍ മല്‍സരമുണ്ടായിരുന്നു. ബദ്ധവൈരികളായ പാക്കിസ്‌താനെ ഇന്ത്യ 3-1ന്‌ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ വാര്‍ത്ത ചാനലുകള്‍ക്ക്‌ വാര്‍ത്തയായിരുന്നില്ല. അതിന്‌ പകരം അവര്‍ പ്രധാന വാര്‍ത്തയായി നല്‍കിയത്‌ സ്‌റ്റാന്‍ഫോര്‍ഡ്‌ ടെന്നിസിലെ സാനിയ മിര്‍സയുടെ പരാജയമാണ്‌. ആരുമറിയാത്ത ഒരു അമേരിക്കന്‍ താരത്തോട്‌ ഒരു ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സാനിയ തോറ്റതാണോ പ്രധാന വാര്‍ത്ത...? രണ്ടാമത്തെ വാര്‍ത്ത ബ്രസീല്‍ ഫുട്‌ബോളര്‍ റൊണാള്‍ഡിഞ്ഞോ ബാര്‍സിലോണ വിട്ട്‌ ഏ.സി മിലാനില്‍ ചേക്കേറുന്നതായിരുന്നു. സന്തോഷ്‌ ട്രോഫി പോലുളള ദേശീയ ഫുട്‌ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക്‌ ടി.എ പോലും നല്‍കാത്ത ഒരു രാജ്യത്തില്‍ റൊണാള്‍ഡിഞ്ഞോയുടെ ക്ലബ്‌ മാറ്റ വാര്‍ത്ത എന്ത്‌ പ്രതികരണമാണ്‌ ഉളവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഏഷ്യാകപ്പിനെ അവഗണിച്ച ദൂരദര്‍ശന്‍ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്‌. അന്യദേശങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ്‌ മല്‍സരങ്ങളെ ദേശീയ പ്രാധാന്യം എന്ന തലക്കെട്ടില്‍ തല്‍സമയം കാണിക്കുന്ന പ്രസാര്‍ഭാരതിക്കാര്‍ ദേശീയ ഗെയിമിനോട്‌ ചെയ്യുന്ന അനീതിക്കെതിരെ പ്രധാനമന്ത്രിയുള്‍പ്പെടെയുളളവര്‍ക്ക്‌ നിവേദനം നല്‍കാനാണ്‌ ഹോക്കി ആരാധകരുടെ തീരുമാനം.

എന്റെ കാര്യം എന്താണാവോ....
ബാര്‍സിലോണയുടെ ഫ്രഞ്ച്‌ മുന്‍നിരക്കാരന്‍ തിയറി ഹെന്‍ട്രി സമ്മര്‍ദ്ദത്തിലാണ്‌..... സ്‌പാനിഷ്‌ ക്ലബിന്‌ വേണ്ടി ആദ്യ സീസണില്‍ കാര്യമായി ഒന്നും ചെയ്യാനാവാത്ത ഗോള്‍വേട്ടക്കാരനോട്‌ പുതിയ കോച്ച്‌ ഗര്‍ഡിയോളക്ക്‌ വലിയ താല്‍പ്പര്യമില്ല. റൊണാള്‍ഡിഞ്ഞോയെ പോലെ കരുത്തനായ മധ്യനിരക്കാരനെ തനിക്ക്‌ വേണ്ട എന്ന്‌ പരസ്യമായി പറഞ്ഞ കോച്ച്‌ തന്നെയും തഴയുമോ എന്ന ആശങ്കയിലാണ്‌ ഹെന്‍ട്രി. ഇംഗ്ലീഷ്‌്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ആഴ്‌സനലിന്‌ വേണ്ടി കളിക്കുമ്പോള്‍ ഗോളുകള്‍ യഥേഷ്ടം നേടിയ ഹെന്‍ട്രിക്ക്‌ സ്‌പെയിനില്‍ എത്തിയ ശേഷം കഷ്ടകാലമാണ്‌. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്ന്‌ മാത്രമല്ല ബാര്‍സയുടെ ആദ്യ ഇലവനിലും സ്ഥാനം ലഭിക്കുന്നില്ല. സാമുവല്‍ ഇറ്റോയും ലയണല്‍ മെസ്സിയുമാണ്‌്‌ ബാര്‍സ മുന്‍നിരയിലെ പ്രധാനികള്‍. ആഴ്‌സനലില്‍ ഹെന്‍ട്രിക്കൊപ്പം കളിച്ച ബെലാറൂസുകാരനായ മധ്യനിരതാരം അലക്‌സാണ്ടര്‍ ഹെല്‍ബ്‌ ഇന്നലെ ബാര്‍സയുമാി കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌. ഈ യുവതാരത്തിന്റെ വരവും ഹെന്‍ട്രിക്ക്‌ ഭീഷണിയാണ്‌. റൊണാള്‍ഡിഞ്ഞോയുടെ വഴയില്‍ ഇനി ഹെന്‍ട്രിയാണോ...?

പ്രകാശിന്‌ അട്ടിമറി വിജയം
അപ്‌ടോസ്‌ (അമേരിക്ക): ഇന്ത്യന്‍ താരം പ്രകാശ്‌ അമൃതരാജ്‌ രാജ്യാന്തര സര്‍ക്ക്യൂട്ടില്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. 75,000 യു.എസ്‌ ഡോളര്‍ സമ്മാനത്തുകയുള്ള അപ്‌ടോസ്‌ ഏ.ടി.പി ചാലഞ്ചര്‍ ടെന്നിസില്‍ ഇന്നലെ പ്രകാശ്‌ ഒന്നാം സീഡ്‌ അമീര്‍ ഡെലിക്കിനെ അട്ടിമറിച്ച അടുത്ത റൗണ്ടിലെത്തി. സ്‌ക്കോര്‍ 6-4, 4-6, 6-3. കഴിഞ്ഞയാഴ്‌ച്ച ന്യൂപോര്‍ട്ടില്‍ നടന്ന ഹാള്‍ ഓഫ്‌ ഫെയിം ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ വരെയെത്തി അല്‍ഭുതം സൃഷ്‌ടിച്ച ഇന്ത്യന്‍ യുവതാരം തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചാണ്‌ വിജയം വരിച്ചത്‌. ലോക റാങ്കിംഗില്‍ 204 ലുളള പ്രകാശിന്റെ അടുത്ത എതിരാളി അമേരിക്കന്‍ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രിയായ ഫിലിപ്‌ സോമണ്ട്‌സാണ്‌. അമേരിക്കന്‍ താരം ലെസ്‌റ്റര്‍ കുക്കിനൊപ്പം ഡബിള്‍സിലും പ്രകാശ്‌ ആദ്യറൗണ്ടില്‍ വിജയം കണ്ടു.
സാനിയ ഡബിള്‍സിലും പുറത്ത്‌
സ്‌റ്റാന്‍ഫോര്‍ഡ്‌: 600.000 യു.എസ്‌ ഡോളര്‍ സമ്മാനത്തുകയുള്ള വെസ്‌റ്റ്‌ ബാങ്ക്‌ ക്ലാസിക്‌ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഡബിള്‍സില്‍ നിന്നും സാനിയ മിര്‍സ പുറത്തായി. സിംഗിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ സാനിയ റഷ്യന്‍ താരം അന്ന ചെക്‌സദേവക്കൊപ്പമാണ്‌ ഡബിള്‍സ്‌ കളിച്ചത്‌. ഈ സഖ്യം ചെക്‌ ജോഡിയായ വ്‌ളാഡിമിറ ഉഹില്‍റോവ-ഇവ ഹര്‍ദിനോവ എന്നിവരോടാണ്‌ പരാജയപ്പെട്ടത്‌. സ്‌ക്കോര്‍ 6-3,6-4.

കൗണ്ടിയില്‍ കളിക്കരുതെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌
മുംബൈ: കപില്‍ദേവ്‌ നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ (ഐ.സി.എല്‍) നാമാവശേഷമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ ഇന്ത്യന്‍ താരങ്ങളെ ഇംഗ്ലീഷ്‌ കൗണ്ടീ ക്രിക്കറ്റില്‍ നിന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിലക്കുന്നു. ഐ.സി.എല്ലുമായി സഹകരിക്കുന്ന ക്രിക്കറ്റര്‍മാരുടെ സാന്നിദ്ധ്യമുള്ള കൗണ്ടികളില്‍ കളിക്കരുതെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ താരങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്‌. ഇതേ തുടര്‍ന്ന്‌ വി.വി.എസ്‌ ലക്ഷ്‌മണ്‍, പിയൂഷ്‌ ചാവ്‌ല, അജിത്‌ അഗര്‍ക്കര്‍ എന്നിവര്‍ക്ക്‌ കൗണ്ടി അവസരം നഷ്‌ടമായിരിക്കയാണ്‌. ചാവ്‌ല ഹാംഷയറിലും ലക്ഷ്‌മണ്‍ നോട്ടിംഗ്‌ ഹാംഷെയറിലും അഗര്‍ക്കര്‍ വോര്‍സ്‌റ്റര്‍ഷെയറിലും കളിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇടപ്പെട്ടതിനെ തുടര്‍ന്ന്‌ ഇവര്‍ കൗണ്ടി മോഹം ഉപേക്ഷിച്ചിരിക്കയാണ്‌.

No comments: