Thursday, July 31, 2008

BIG LEEK




ബെയ്‌ജിംഗ്‌: സെക്യൂരിറ്റിയുടെ കാര്യത്തില്‍ എല്ലാവരെയും കടത്തി വെട്ടുകയാണ്‌ ചൈന. എന്നിട്ടും ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകളുടെ റിഹേഴ്‌സല്‍ ചോര്‍ന്നതും പരിപാടികളെല്ലാം ലോകം കണ്ടതും ചൈനീസ്‌ സംഘാടകര്‍ക്ക്‌ കനത്ത ആഘാതമായി. കഴിഞ്ഞ ദിവസം ബേര്‍ഡ്‌സ്‌ നെസ്‌റ്റില്‍ നടന്ന റിഹേഴ്‌സല്‍ ഒരു കൊറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറാണ്‌ ഒളി ക്യാമറയില്‍ ഷൂട്ട്‌ ചെയ്‌തത്‌. കൊറിയന്‍ ടെലിവിഷന്‍ (എസ്‌.ബി.എസ്‌) ഇത്‌ സംപ്രേഷണം ചെയ്യാനും മടിച്ചില്ല. കൊറിയന്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കോപ്പിയടിക്കാന്‍ ലോകത്തെമ്പാടുമുളള ടെലിവിഷന്‍ ചാനലുകളും മടിക്കാതെ രംഗത്ത്‌ വന്നപ്പോള്‍ ചൈന സസ്‌പെന്‍സായി നിലനിര്‍ത്തിയ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഇല്ലാതായി. കഴിഞ്ഞ ദിവസമാണ്‌ ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയത്തില്‍ റിഹേഴ്‌സല്‍ നടന്നത്‌. റിഹേഴ്‌സല്‍ കാണാന്‍ അധികമാരെയും അനുവദിച്ചിരുന്നില്ല. സ്റ്റേഡിയത്തിലേക്ക്‌ കയറ്റിയവരില്‍ കുറച്ചു പേര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവരെ കര്‍ശന പരിശോധനക്ക്‌ വിധയമാക്കിയിരുന്നു. ക്യാമറകള്‍ അനുവദിച്ചിരുന്നില്ല. കര്‍ക്കശ സുരക്ഷയിലും കൊറിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഏങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുള്ളില്‍ കയറിയെന്നത്‌ ഉത്തരം കിട്ടാത്ത ചോദ്യമായും സംഘാടകര്‍ക്ക്‌ നാണക്കേടായും അവശേഷിക്കുന്നു.
2001 ലാണ്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി (ഐ.ഒ.സി) ചൈനക്ക്‌ ഒളിംപിക്‌സ്‌ അനുവദിച്ചത്‌. അന്ന്‌ മുതല്‍ ചൈന ഉദ്‌ഘാടന ചടങ്ങുകള്‍ പ്ലാന്‍ ചെയ്യുന്നു. വളരെ രഹസ്യമായാണ്‌ ഉദ്‌ഘാടന പരിപാടികള്‍ ആസുത്രണം ചെയ്‌തത്‌. മൂന്നര മണിക്കൂര്‍ ദീര്‍ഘിക്കുന്ന പരിപാടികള്‍ ലോകത്തിന്‌ ചൈന സമ്മാനിക്കുന്ന വിരൂന്നായിരിക്കുമെന്നാണ്‌ സംഘാടകര്‍ അവകാശപ്പെട്ടത്‌. ചൈനീസ്‌ പരമ്പരാഗത കലകള്‍ക്കൊപ്പം ഹൈടെക്‌ വിപ്ലവവും സമന്വയിപ്പിച്ച്‌ അതിനൂതനമായി ആവിഷ്‌ക്കരിച്ച പരിപാടി ഓഗസ്‌റ്റ്‌ എട്ടിനാണ്‌ ലോകം ആസ്വദിക്കാനിരുന്നത്‌. പക്ഷേ അയല്‍ക്കാരായ കൊറിയക്കാര്‍ ഇങ്ങനെ ചതിക്കുമെന്ന്‌ സംഘാടകര്‍ കരുതിയില്ല.
ദക്ഷിണ കൊറിയന്‍ ചാനലായ എസ്‌.ബി.എസ്‌ ടി.വി സ്റ്റേഷനാണ്‌ ഉദ്‌ഘാടന പരിപാടികള്‍ ചോര്‍ത്തിയത്‌. ഇന്നലെ രാവിലെയിലെ വാര്‍ത്താ ബുളറ്റിനില്‍ വിശദമായി തന്നെ കൊറിയന്‍ ചാനല്‍ ഉദ്‌ഘാടന പരിപാടികളുടെ റിഹേഴ്‌സല്‍ കാണിച്ചു. സംഭവത്തില്‍ ദു: ഖം പ്രകടിപ്പിച്ച ഒളിംപിക്‌സ്‌ സംഘാടകര്‍ കൊറിയന്‍ ചാനലിനെതിരെയും റിഹേഴ്‌സല്‍ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫര്‍മാരെയും നിരോധിക്കാന്‍ ആലോചിക്കുന്നുണ്ട്‌. ഒളിംപിക്‌സ്‌ നിയമ പ്രകാരം റിഹേഴ്‌സല്‍ ക്യാമറയില്‍ പകര്‍ത്തരുത്‌. തെറ്റ്‌ ചെയ്‌തവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ സംഘാടകര്‍ക്ക്‌ അധികാരവുമുണ്ട്‌. തീര്‍ത്തും നിരുത്തരവാദിത്ത്വ റിപ്പോര്‍ട്ടിംഗാണ്‌ കൊറിയന്‍ ചാനല്‍ നടത്തിയതെന്ന്‌ സംഘാടക സമിതി ഉദ്യോസ്ഥന്‍ സണ്‍ വിയാഡെ കുറ്റപ്പെടുത്തി. ഓഗസ്‌റ്റ്‌ എട്ടിന്‌ ലോകത്തെ വിസ്‌മയിപ്പിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. അത്‌ സംഘാടകര്‍ നിറവേറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊറിയന്‍ ചാനലിന്‌ ഉദ്‌ഘാടന പരപാടികള്‍ സമ്പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചൈനയിലെ ഏറ്റവും പ്രശസ്‌തനായ സംവിധായകന്‍ ഷാംഗ്‌ യിമോ ഒരുക്കുന്ന മൂന്നര മണിക്കൂര്‍ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഒരിക്കലും നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കനത്ത സെക്യൂരിറ്റിയില്‍ ഒുരു മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുളളില്‍ കയറി എന്ന ചോദ്യത്തിന്‌ പക്ഷേ അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. എല്ലാം അന്വേഷിക്കുന്നുണ്ട്‌ എന്ന്‌ മാത്രമായിരുന്നു മറുപടി.

No comments: