Friday, July 4, 2008

ഇന്ത്യന്‍ ഗെയിം

ദുബായ്‌: 2010 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന 20-20 ലോകകപ്പില്‍ സിംബാബ്‌വെ കളിക്കില്ല. ലോകകപ്പ്‌ ബെര്‍ത്ത്‌ വേണ്ടെന്ന്‌ വെച്ച്‌, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിലെ സ്ഥിരാംഗത്വം സിംബാബ്‌വെ സംരക്ഷിച്ചതോടെ ഇവിടെ നടക്കുന്ന ഐ.സി.സി പ്രവര്‍ത്തക സമിതിയിലെ പ്രധാന പ്രശ്‌നത്തിന്‌ പരിഹാരമായി. ഇന്ത്യയുടെ മാധ്യസ്ഥതയിലാണ്‌ പുതിയ പ്രശ്‌നപരിഹാര സൂത്രവാക്യം ഉയര്‍ന്നതും അത്‌ അംഗീകരിക്കപ്പെട്ടതും. ഐ.സി.സിയില്‍ നിന്ന്‌ സിംബാബ്‌വെയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഇംഗ്ലണ്ട്‌ ഉറച്ചുനില്‍ക്കുകയും ആഫ്രിക്കന്‍ രാജ്യത്തിനൊപ്പം ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ ബ്ലോക്‌ നിലകൊള്ളുകയും ചെയ്‌തപ്പോള്‍ കഴിഞ്ഞ രണ്ട്‌ ദിവസമായി പ്രവര്‍ത്തകസമിതി യോഗത്തില്‍ വിവാദ വിഷയം പരിഹാരമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഇംഗ്ലണ്ട്‌ സ്വന്തം നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കിയപ്പോള്‍ ഇന്ത്യ മാധ്യസ്ഥത്തിന്‌ മുന്‍കൈയെടുത്തു. സിംബാബ്‌വെ 2010 ലെ ലോകകപ്പില്‍ കളിക്കുന്ന പക്ഷം ലോകകപ്പ്‌ ബഹിഷ്‌കരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ നിലപാട്‌.
ലോകകപ്പ്‌ ബെര്‍ത്തല്ല, ഐ.സി.സിയിലെ സ്ഥിരാംഗത്വമാണ്‌ വലുതെന്ന്‌ ഇന്ത്യ സിംബാബ്‌വെയെ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ അവര്‍ ലോകകപ്പിനില്ലെന്ന്‌ വ്യക്തമാക്കി. ഇതോടെ വലിയ കുരുക്കില്‍ നിന്ന്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡും രക്ഷപ്പെട്ടു. ലോകകപ്പിനുളള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ച ഇംഗ്ലീഷ്‌്‌ ബോര്‍ഡിന്‌ സിംബാബ്‌വെ പ്രതിസന്ധി വലിയ തടസ്സമായി നിന്നിരുന്നു.
സിംബാബ്‌വെയിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ഐ.സി.സി സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തു. റോബര്‍ട്ട്‌ മുകാബെയുടെ പാര്‍ട്ടിയില്‍ അംഗങ്ങളായവര്‍ക്ക്‌ മാത്രമാണ്‌ രാജ്യത്ത്‌ ക്രിക്കറ്റ്‌്‌ കളിക്കാന്‍ അനുമതിയെന്ന ആരോപണത്തിലും അന്വേഷണം നടക്കും. ഈ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക ക്രിക്കറ്റിലെ സിംബാബ്‌വെയുടെ ഭാവി തീരുമാനിക്കപ്പെടുക.

ലങ്ക ഒത്തുകളിച്ചെന്ന്‌ റമീസ്‌ രാജയും വഖാറും
കറാച്ചി: ഏഷ്യാ കപ്പ്‌ ഫൈനലില്‍ നിന്ന്‌ പാക്കിസ്‌താനെ അകറ്റിനിര്‍ത്താന്‍ ശ്രീലങ്ക ഇന്ത്യക്കെതിരായ മല്‍സരത്തില്‍ ഉഴപ്പിയതായി ടെലിവിഷന്‍ കമന്റേറ്റര്‍മാരായ റമീസ്‌ രാജയും വഖാര്‍ യൂനസും കുറ്റപ്പെടുത്തി. ഇന്ത്യ-ലങ്ക മല്‍സരത്തിനിടെയാണ്‌ റമീസും വഖാറും വിവാദ പരാമര്‍ശം നടത്തിയത്‌. ചാമിന്ദ വാസിനെ പോലുളള അനുഭവസമ്പന്നരായ താരങ്ങളെ മാറ്റിനിര്‍ത്തിയ ലങ്ക ഇന്ത്യക്കെതിരായ മല്‍സരം ഗൗരവതരമായി കണ്ടില്ലെന്നും നല്ല തുടക്കം കിട്ടിയിട്ടും സനത്‌ ജയസൂര്യയെ പോലുള്ള ബാറ്റ്‌സ്‌മാന്മാര്‍ അത്‌ ഉപയോഗപ്പെടുത്തിയില്ലെന്നുമാണ്‌ മുന്‍ പാക്കിസ്‌താന്‍ ക്യാപ്‌റ്റന്‍ കൂടിയായ റമീസ്‌ അഭിപ്രായപ്പെട്ടത്‌. നിര്‍ണ്ണായക മല്‍സരത്തെ അതിന്റെ ഗൗരവത്തില്‍ ലങ്ക കണ്ടില്ലെന്നാണ്‌ വഖാര്‍ അഭിപ്രായപ്പെട്ടത്‌. ലങ്കന്‍ ബാറ്റിംഗ്‌ കാര്‍ഡ്‌ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും. ജയസൂര്യക്കും മഹേലക്കും കപ്പുഗുഡേരക്കും സില്‍വക്കുമെല്ലാം നല്ല തുടക്കം കിട്ടി. പക്ഷേ ആരും പ്രയോജനപ്പെടുത്തിയില്ല. ഇത്‌ കാരണമാണ്‌ പാക്കിസ്‌താന്‍ പുറത്തായതെന്ന്‌ വഖാര്‍ പരിഭവിച്ചു. എന്നാല്‍ പാക്‌ വാദം ലങ്ക തള്ളി. മല്‍സരത്തിന്‌ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ തന്റെ ടീമിന്‌ നിര്‍ണ്ണായകമല്ലാത്ത മല്‍സരമായതിനാലാണ്‌ വാസിനെ മാറ്റിനിര്‍ത്തി പുതിയ താരങ്ങള്‍ക്ക്‌ അവസരം നല്‍കിയതെന്ന്‌ മഹേല പറഞ്ഞു.

വീണ്ടും ഫെഡ്‌റര്‍
ലണ്ടന്‍: സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ തുടര്‍ച്ചയായ ഏഴാം തവണയും വിംബിള്‍ഡണ്‍ ഫൈനലില്‍. ലോക ഒന്നാം നമ്പര്‍ താരം ഒരു മണിക്കൂറും 41 മിനുട്ടും മാത്രം ദീര്‍ഘിച്ച സെമിയില്‍ റഷ്യയില്‍ നിന്നുളള മുന്‍ ലോക ഒന്നാം നമ്പര്‍ താരം മറാത്ത്‌ സാഫിനെ നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 6-3,7-6,(7-3),6-4. അഞ്ച്‌ തവണ ഇവിടെ കിരീടം ഉയര്‍ത്തിയ ഫെഡ്‌റര്‍ തന്നെ വെല്ലാന്‍ ഗ്രാസ്‌ കോര്‍ട്ടില്‍ ആരുമില്ലെന്ന്‌ തെളിയിക്കുന്ന പ്രകടനമാണ്‌ സെമിയിലും നടത്തിയത്‌. ഇരുപത്തിയെട്ടുകാരനായ സാഫിന്‍ പരുക്കുകള്‍ കാരണം മല്‍സര രംഗം വിട്ടതിനാല്‍ ഇവിടെ സീഡ്‌ ചെയ്യപ്പെട്ടിരുന്നില്ല.

ഡൊമന്‍ച്ചെ തുടരും
പാരീസ്‌: ദേശീയ ടീമിന്റെ പരിശീലകന്‍ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെക്ക്‌ ഫ്രഞ്ച്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആയുസ്സ്‌ നീട്ടികൊടുത്തു. ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമിനെ ഡൊമന്‍ച്ചെ തന്നെ പരിശീലിപ്പിക്കുമെന്ന്‌ ഫെഡറേഷന്‍ ഇന്നലെ വ്യക്തമാക്കി. യൂറോയില്‍ ഫ്രാന്‍സിന്റെ പ്രകടനം വളരെ മോശമായതിനാല്‍ ഡൊമന്‍ച്ചെയെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ നീക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ്‌ യോഗ്യതാ മല്‍സരം ഓസ്‌ട്രിയക്കെതിരെ സെപ്‌തംബര്‍ ആറിന്‌ വിയന്നയില്‍ വെച്ചാണ്‌.

പാക്കിസ്‌താന്‌ അനായാസ ജയം
കറാച്ചി: ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ആതിഥേയരായ പാക്കിസ്‌താന്‍ ബംഗ്ലാദേശിനെ തരിപ്പണമാക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത കടുവകള്‍ 115 റണ്‍സ്‌ മാത്രമാണ്‌ നേടിയത്‌. ഈ ലക്ഷ്യം എളുപ്പത്തില്‍ പാക്കിസ്‌താന്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ നേരത്തെ ഉറപ്പായതിനാല്‍ മല്‍സരത്തിന്‌ പ്രസക്തിയുണ്ടായിരുന്നില്ല. ബാറ്റിംഗിനെ തുണക്കുന്ന പിച്ചില്‍ 26 റണ്‍സ്‌ നേടിയ തമീമാണ്‌ ബംഗ്ലാ ഇന്നിംഗ്‌സിലെ ടോപ്‌ സ്‌ക്കോറര്‍. പാക്കിസ്‌താന്‌ വേണ്ടി അബ്ദുറൗഫ്‌ മൂന്ന്‌ വിക്കറ്റ്‌ നേടി.

No comments: