Wednesday, July 30, 2008
ഗാലി: കൊളംബോ ദുരന്തം മറക്കാന്‍ ഇന്ത്യക്കാവുമെന്ന ആത്മവിശ്വാസത്തിലാണ് ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ. ശ്രീലങ്കയുടെ പ്രിയപ്പെട്ട മൈതാനത്ത് ഇന്ന് മുതല്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് വ്യക്തമായ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കുംബ്ലെ ആരെയും കുറ്റം പറയാതെ എല്ലാവരില്‍ നിന്നും നൂറ് ശതമാനം കരുത്താണ് നിര്‍ണ്ണായക മല്‍സരത്തില്‍ ആവശ്യപ്പെടുന്നത്. ഒന്നാം ടെസ്റ്റിലെ ദയനീയത മറക്കാന്‍ കുംബ്ലെ സ്വന്തം താരങ്ങളോട് ആവശ്യപ്പെടുമ്പോള്‍ കൊളംബോ ഊര്‍ജ്ജത്തില്‍ പരമ്പര സ്വന്തമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ. കൊളംബോയില്‍ ഇന്ത്യയെ ഇല്ലാതാക്കിയ സ്‌പിന്‍ ജോഡികളായ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡിസുമാണ് മഹേലയുടെ ആയുധങ്ങള്‍. പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ഇല്ലാതാക്കാന്‍ ഇവര്‍ ധാരാളമാണെന്നാണ് മഹേല പറയുന്നത്.
സ്വന്തം ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാം പരാജയം രുചിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കുംബ്ലെ തയ്യാറില്ലെന്നാണ് അദ്ദേഹം തന്നെ നല്‍കുന്ന സൂചനകള്‍. വലിയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ടീമില്‍ വന്‍ അഴിച്ചുപണി നടത്തുന്നതില്‍ കാര്യമില്ലെന്ന് ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ കുംബ്ലെ അഭിപ്രായപ്പെട്ടു. അനുഭവസമ്പന്നരായ താരങ്ങളാണ് ടീമിലുളളത്. അവര്‍ കൊളംബോയില്‍ പരാജയമായിരുന്നു എന്നത് സത്യമാണ്. വലിയ തോല്‍വിക്ക് ഒരാളെ മാത്രം കുറ്റം പറയുന്നതില്‍ കാര്യമില്ല. ഇത് പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. അതിനെ ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കുമറിയാമെന്ന് കുംബ്ലെ പറയുമ്പോള്‍ തന്നെ ഗാലിയുടെ ചരിത്രം സന്ദര്‍ശക ടീമുകള്‍ക്ക് ഒരിക്കലും പ്രതീക്ഷ നല്‍കുന്നതല്ല.
ലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താവുന്ന പരമ്പരാഗത ഗാലി ട്രാക്കില്‍ ഇതിനകം നടന്ന 12 ടെസ്റ്റില്‍ ആറിലും ലങ്ക വമ്പന്‍ വിജയം ആഘോഷിച്ചിട്ടുണ്ട്. രണ്ട് ടെസ്‌റ്റുകളില്‍ മാത്രമാണ് അവര്‍ പരാജയപ്പെട്ടത്. ആറ് വിജയങ്ങളില്‍ മൂന്നും ഇന്നിംഗ്‌സിനായിരുന്നു. രണ്ട് തവണ പത്ത് വിക്കറ്റിന് ജയിച്ചപ്പോള്‍ ഒരു തവണ 315 റണ്‍സിനായിരുന്നു വിജയം.
ഗാലിയെന്നാല്‍ മുത്തയ്യ മുരളിധരന്റെ സ്വ്‌പന വേദിയാണ്. ഇവിടെ നടന്ന പന്ത്രണ്ട് ടെസ്റ്റിലും മുരളി പന്തെറിഞ്ഞിട്ടുണ്ട്. 91 വിക്കറ്റുകളാണ് ഇത്രയും മല്‍സരങ്ങളില്‍ നിന്ന് മാജിക് സ്‌പിന്നറുടെ സമ്പാദ്യം. ഗാലിയില്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യക്കെതിരെ ആദ്യ ടെസ്‌റ്റില്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുരളിക്ക് ഇവിടെ ഒമ്പത് വിക്കറ്റ് നേടിയാല്‍ സെഞ്ച്വറിക്കാരനാവാം. മഹേല ജയവര്‍ദ്ധനെ ഇവിടെ കളിച്ചപ്പോഴെല്ലാം റണ്‍ വേട്ട നടത്തിയിട്ടുണ്ട്. 99.21 ആണ് ഗാലിയില്‍ മഹേലയുടെ ബാറ്റിംഗ് ശരാശരി. നാല് സെഞ്ച്വറികളും രണ്ട് ഡബിള്‍ സെഞ്ച്വറികളും ആറ് അര്‍ദ്ധശതകങ്ങളും ഇവിടെ മഹേല സ്വന്തമാക്കിയിട്ടുണ്ട്. സുനാമിയില്‍ തകര്‍ന്നിരുന്ന ഗാലി പിച്ചില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് നടന്നപ്പോള്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നു. ആ മല്‍സരത്തില്‍ വീണ 20 വിക്കറ്റുകളില്‍ 16 ഉം സീമര്‍മാര്‍ക്കായിരുന്നു.
കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ ഇന്ത്യക്ക് അനുകൂലമല്ല. ഇടിയോട് കൂടിയ മഴക്ക് വ്യക്തമായ സാധ്യതകളുണ്ടെന്നാണ് ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ റിപ്പോര്‍ട്ട്. 2001 ലാണ് ഇന്ത്യ അവസാനമായി ഇവിടെ ടെസ്‌റ്റ് കളിച്ചത്. അന്ന് പക്ഷേ പത്ത് വിക്കറ്റിന് തോറ്റു. പരമ്പരയിലെ ആദ്യ മല്‍സരമായിരുന്നു ഇവിടെ നടന്നത്. ഗാലിയിലെ തോല്‍വിക്ക് ശേഷം കൊളംബോയില്‍ ഏഴ് വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ തിരിച്ചുവന്നിരുന്നു. ഇത്തവണ കൊളംബോയില്‍ തോറ്റിട്ടാണ് ടീം വരുന്നത്. മുരളിക്കും മെന്‍ഡീസിനുമെതിരെ വ്യക്തമായ ഗെയിംപ്ലാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കില്ല. മുരളിയെയും മെന്‍ഡീസിനെയും എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ അനുഭവസമ്പന്നരാണ് എന്ന മറുപടി മാത്രമാണ് കുംബ്ലെക്ക് നല്‍കാനായത്. ബ്രയന്‍ ലാറയുടെ ടെസ്‌റ്റ് റണ്‍സ് റെക്കോര്‍ഡ് മറികടക്കാനെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊളംബോയില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 39 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ലാറയുടെ റെക്കോര്‍ഡ് പിന്നിടാന്‍ 133 റണ്‍സ് കൂടി സച്ചിന് വേണം. കൊളംബോയില്‍ വലിയ സ്‌ക്കോര്‍ നേടാനായില്ലെങ്കിലും ലങ്കന്‍ സ്‌പിന്നര്‍മാരെ ധൈര്യസമേതം അദ്ദേഹം നേരിട്ടത് മാത്രമാണ് പ്രതീക്ഷ. സേവാഗ് ഉള്‍പ്പെടെ മറ്റ് ബാറ്റ്‌സ്‌മാന്മാരാവട്ടെ രണ്ട് ഇന്നിംഗ്‌സിലും തപ്പിതടഞ്ഞിരുന്നു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ പ്രകടപ്പിച്ച ദയനീയതയില്‍ പാര്‍ത്ഥീവ് പട്ടേലിന് ചിലപ്പോള്‍ അവസരം ലഭിച്ചേക്കാം. മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യന്‍ സംഘത്തിലുണ്ടാവില്ല. ലങ്കന്‍ ടീമിലേക്ക് സീമര്‍ ധാമിക പ്രസാദിനെ വിളിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന് ആദ്യ ഇലവനില്‍ സ്ഥാനമുണ്ടാവില്ല. മല്‍സരം രാവിലെ 10-15 മുതല്‍ ടെന്‍ സ്‌പോര്‍ട്‌സില്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment