Thursday, July 10, 2008

റോയല്‍ ഭീഷണികൊല്‍ക്കത്ത: ബംഗാളിന്റെ സ്വന്തമാണ്‌ സൗരവ്‌ ദാദ ഗാംഗുലി.... കൊല്‍ക്കത്തക്കാര്‍ക്ക്‌ ദാദയെന്നെ കേട്ടാല്‍ മാത്രം മതി.... ആ ദാദ ബംഗാളിന്‌ വേണ്ടി ഇനി കളിക്കാനില്ലെന്ന്‌ പറയുമ്പോള്‍ അത്‌ നാട്ടുകാര്‍ക്ക്‌ സഹിക്കാനാവില്ല. ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷനുമായുളള വടംവലിയില്‍ കുപിതനായി ഇന്നലെ തികച്ചും അപ്രതീക്ഷിതമായി ദാദ പൊട്ടിത്തെറിച്ചത്‌ ഇത്രമാത്രം ഗുരുതര പ്രശ്‌നമാവുമെന്ന്‌ ആരും കരുതിയിരിക്കില്ല. അസോസിയേഷന്റെ ചിലയാളുകള്‍ തന്റെ കുടുംബത്തെ മന:പ്പൂര്‍വം ദ്രോഹിക്കുകയാണെന്നും ഇത്‌ തുടര്‍ന്നാല്‍ ഇനി ബംഗാളിന്‌ വേണ്ടി കളിക്കാന്‍ തന്നെ കിട്ടില്ലെന്നുമാണ്‌ ദാദ പറഞ്ഞിരിക്കുന്നത്‌. എന്താണ്‌ പ്രശ്‌നമെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്‌ നടക്കാന്‍ പോവുകയാണ്‌. മുന്‍ പ്രസിഡണ്ട്‌ ജഗ്‌മോഹന്‍ ഡാല്‍മിയ ഒരു പക്ഷത്തും നിലവിലുള്ള ഭരണാധികാരികള്‍ മറുപക്ഷത്തുമായി തെരഞ്ഞെടുപ്പ്‌ കാഹളം ഉയര്‍ന്നുകഴിഞ്ഞു. ഈ ബഹളത്തില്‍ ദാദയുടെ കുടുംബത്തെ ദ്രോഹിക്കാന്‍ ഡാല്‍മിയ ക്യാമ്പ്‌ ശ്രമിക്കുന്നതായാണ്‌ ആരോപണം. ഡാല്‍മിയയുമായി തനിക്ക്‌ പ്രശ്‌നങ്ങളില്ലെന്നാണ്‌ ദാദ ആവര്‍ത്തിക്കന്നത്‌. എന്റെ കുടുംബത്തിലെ ചിലരെ അസോസിയേഷന്‍ അംഗങ്ങള്‍ വേട്ടയാടുന്നുണ്ട്‌. ഇത്‌ എത്രയും വേഗം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം പല നിര്‍ണ്ണായക തീരുമാനങ്ങളും എടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി വ്യക്തിപരമായ കാരണങ്ങളാല്‍ മല്‍സര രംഗത്ത്‌ നിന്ന്‌ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനെ പരാമര്‍ശിക്കവെ അത്‌ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ ബഹുമാനിക്കണമെന്നുമാണ്‌ ദാദ അഭിപ്രായപ്പെട്ടത്‌. തനിക്ക്‌ എത്ര കളിക്കാനാവും, എങ്ങനെ വിശ്രമം വേണം എന്നെല്ലാം തീരുമാനിക്കേണ്ടത്‌ ധോണിയാണ്‌. അതില്‍ മറ്റുളളവര്‍ക്ക്‌ കാര്യമില്ലെന്നും മുന്‍ നായകന്‍ പറഞ്ഞു.
സൗരവും ധോണിയും നല്ല ബന്ധത്തില്ലല്ല എന്നാണ്‌ ക്രിക്കറ്റ്‌ വൃത്തങ്ങളിലെ റിപ്പോര്‍ട്ട്‌. ഏകദിന ടീമില്‍ നിന്ന്‌ ഗാംഗുലി തഴയപ്പെട്ടതിന്‌ കാരണം ധോണിയുടെ നിലപാടാണെന്നും പറയപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കായി പ്രഖ്യാപിച്ച സാധ്യതാ സംഘത്തിലും ദാദ അംഗമല്ല. എങ്കിലും ഏകദിന ക്രിക്കറ്റിനോട്‌ വിട ചൊല്ലാന്‍ ഇപ്പോഴും അദ്ദേഹം ഒരുക്കമല്ല. ധാരാളം മല്‍സരങ്ങള്‍ തുടര്‍ച്ചയായി കളിക്കുമ്പോള്‍ ക്ഷീണം സ്വാഭാവികമാണ്‌. ധോണിയുടെ നിലപാടിനെ വിമര്‍ശനബുദ്ധിയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെയ്‌ജിംഗ്‌ വിളിക്കുന്നു
ബെയ്‌ജിംഗ്‌: ഇവിടെ ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണമാണ്‌.... മൈതാനങ്ങളെല്ലാം റെഡി, ഒഫീഷ്യല്‍സ്‌ റെഡി, ഒളിംപിക്‌സ്‌ വില്ലേജും റെഡി, മാധ്യമലോകത്തിന്‌ ഗെയിംസ്‌ വാര്‍ത്തകള്‍ തല്‍സമയം ലോകത്തെ അറിയിക്കാനുള്ള പ്രസ്സ്‌ സെന്ററും റെഡി... ഇനി മല്‍സരങ്ങള്‍ ആരംഭിച്ചാല്‍ മാത്രം മതി. അടുത്ത മാസം എട്ടിനാണ്‌ ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ തിരശ്ശീല ഉയരുന്നത്‌. പക്ഷേ ബെയ്‌ജിഗും പക്ഷിക്കൂടുമെല്ലാം ഇപ്പോള്‍ തന്നെ ലോകത്തെ സ്വാഗതം ചെയ്യുകയാണ്‌....
മെയിന്‍ പ്രസ്സ്‌ സെന്റര്‍ (എം.പി.സി) കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്കായി തുറന്നു കൊടുത്തു. ഒളിംപിക്‌സ്‌ വാര്‍ത്തകള്‍ ഇനി മുതല്‍ ഇവിടെ നിന്നും ലോകത്തെ അറിയിക്കാം. 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും എം.പി.സി. ഈ മാസം 25 മുതല്‍ അടുത്ത മാസം 27 വരെ ലോകത്തെമ്പാടുമുളള മാധ്യമ പ്രവര്‍ത്തകരുടെ കളിയാസ്ഥനമായിരിക്കുമിവിടം.
ഒളിംപിക്‌സിന്റെ പ്രധാന മല്‍സരവേദിയായ പക്ഷിക്കൂടിന്‌ തൊട്ടരികിലാണ്‌ എം.പി.സി. ഇതിന്‌ അരികിലായി ഇന്‍ര്‍നാഷണല്‍ ബ്രോഡ്‌കാസ്‌റ്റിംഗ്‌ സെന്ററുമുണ്ട്‌ (ഐ.ബി.സി). ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസ്സ്‌ സെന്ററാണ്‌ തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നാണ്‌ എം.പി.സി ഡയരക്ടര്‍ ഷാ വാന്‍ഖന്‍ പറയുന്നത്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. ഇത്‌ വരെ ഒരു കായിക മാമാങ്കത്തിനും ഇത്രയും വിപുലമായ സൗകര്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 62,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്‌തീര്‍ണ്ണത്തിലാണ്‌ എം.പി.സി. ബേര്‍ഡ്‌സ്‌ നെസ്റ്റ്‌ അഥവാ പക്ഷിക്കൂട്‌ എന്ന്‌ പേരില്‍ അറിയപ്പെടുന്ന ഒളിംപിക്‌സ്‌ സ്‌റ്റേഡിയത്തിന്‌ വളരെ അരികിലാണിത്‌. നാഷണല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഒളിംപിക്‌ ഫെന്‍സിംഗ്‌ ഹാള്‍, ഒളിംപിക്‌ വില്ലേജ്‌, മീഡിയ വില്ലേജ്‌ എന്നിവയെല്ലാം എം.പി.സിക്ക്‌ അരികിലാണ്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ താമസസൗകര്യം ഒരുക്കി രണ്ട്‌ ഹോട്ടലുകളും എം.പി.സിയിലുണ്ട്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരേ സമയം മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും വിശ്രമിക്കാനുമുളള സൗകര്യങ്ങളുണ്ട്‌. 971 വര്‍ക്ക്‌ സ്‌റ്റേഷനുകളാണ്‌ എം.പി.സിയില്‍ ഒരുക്കിയിട്ടുളളത്‌. ഇതില്‍ 680 വര്‍ക്ക്‌ സ്‌റ്റേഷനുകളില്‍ വാര്‍ത്തകള്‍ തല്‍സമയം അതത്‌ രാജ്യങ്ങളിലേക്ക്‌ അയക്കാനുളള സൗകര്യങ്ങളുമുണ്ട്‌. 206 വര്‍ക്ക്‌ സ്‌റ്റേഷനുകള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ്‌. ലാപ്‌ ടോപ്‌ ഉള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ലാപ്‌ ടോപ്‌്‌ ലോക്കര്‍ സൗകര്യവും വര്‍ക്ക്‌ സ്‌റ്റേഷനുകളില്‍ ലഭ്യമാണ്‌. ഇതിനകം 144 മാധ്യമ സ്ഥാപനങ്ങള്‍ എം.പി.സിയില്‍ രജിസ്‌ട്രര്‍ ചെയ്‌തിട്ടുണ്ട്‌.
എം.പി.സിയിലെ വര്‍ക്ക്‌ സ്‌റ്റേഷനുകളില്‍ നിന്ന്‌ ഓരോ വേദിയിലും നടക്കുന്ന മല്‍സരങ്ങളുടെ തല്‍സമയ ഫലങ്ങള്‍ ലഭ്യമാവും. മാധ്യമ പ്രവര്‍ത്തകര്‍ക്കായി എല്ലാ രാജ്യങ്ങളിലെയും മാധ്യമങ്ങളും പുസ്‌തകങ്ങളും ലഭ്യമാവുന്ന ലൈബ്രറി സൗകര്യവുമുണ്ട്‌. ഇന്റര്‍നെറ്റ്‌ സൗകര്യങ്ങള്‍, മൊബൈല്‍ ചാര്‍ജര്‍, ഇന്റര്‍നെറ്റ്‌ ഐ.സി കാര്‍ഡ്‌ ലെന്‍ഡിംഗ്‌ സ്‌റ്റേഷനുകള്‍, ബാങ്ക്‌, പോസ്റ്റ്‌ ഓഫീസ്‌, യു.പി.എസ്‌ സെന്റര്‍, മെഡിക്കല്‍ സ്റ്റേഷന്‍,ഫാര്‍മസി, ഡ്രൈ ക്ലീനിംഗ്‌ സെന്റര്‍, ഹെയര്‍ ഡ്രെസ്സര്‍, ട്രാവല്‍ ഏജന്‍സി എന്നീ സൗകര്യങ്ങളെല്ലാം എം.പി.സിയിലുണ്ട്‌.

മെഡല്‍ ജേതാക്കള്‍ക്ക്‌ ഉയര്‍ന്ന പെന്‍ഷന്‍
ന്യൂഡല്‍ഹി: ഒളിംപിക്‌സ്‌, ഏഷ്യന്‍ ഗെയിംസ്‌ തുടങ്ങി രാജ്യാന്തര മേളകളില്‍ മെഡലുകള്‍ സ്വന്തമാക്കിയ താരങ്ങളുടെയും സ്വന്തമാക്കുന്ന താരങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍വര്‍ദ്ധനവ്‌. നിലവില്‍ നല്‍കി വരുന്ന പെന്‍ഷന്‍ തുകയുടെ ഇരട്ടിയാണ്‌ ഇനി മുതല്‍ താരങ്ങള്‍ക്ക്‌ ലഭിക്കുക. ഇന്നലെ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മമന്ത്രി എം.എസ്‌ ഗില്ലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കായിക മന്ത്രാലയത്തിന്റെ പെന്‍ഷന്‍ ഫണ്ട്‌ യോഗത്തിലാണ്‌ നിര്‍ണ്ണായക തീരുമാനമുണ്ടായിരിക്കുന്നത്‌. അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്ക്‌ പെന്‍ഷന്‍ ഇനത്തില്‍ നൂറ്‌ ശതമാനമായിരിക്കും വര്‍ദ്ധനവെന്ന്‌ മന്ത്രി വ്യക്തമാക്കി. പുതിയ തീരുമാനം നേരത്തെ മെഡലുകള്‍ സ്വന്തമാക്കിയവര്‍ക്കും ഭാവിയില്‍ മെഡല്‍ നേടുന്നവര്‍ക്കും ബാധകമായിരിക്കും. ഈ വര്‍ഷം ജൂലൈ ഒന്ന്‌ മുതല്‍ പുതുക്കിയ പെന്‍ഷന്‍ നിരക്ക്‌ പ്രാബല്യത്തില്‍ വരും. പുതിയ പെന്‍ഷന്‍ നിരക്ക്‌ പ്രകാരം ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക്‌ പ്രതിമാസ പെന്‍ഷന്‍ 10,000 രൂപയായിരിക്കും. നിലവില്‍ ഇത്‌ 5000 രൂപയാണ്‌. ലോകകപ്പ്‌, ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്ക്‌ നിലവില്‍ നല്‍കിവരുന്ന നാലായിരം രൂപയില്‍ നിന്നും 8000 രൂപ ലഭിക്കും. ഒളിംപിക്‌സ്‌, ഏഷ്യന്‍ ഗെയിംസ്‌ മല്‍സരങ്ങളില്‍ വെള്ളി, വെങ്കലം മെഡലുകള്‍ നേടുന്നവര്‍ക്കുളള പെന്‍ഷന്‍ 3500 ത്തില്‍ നിന്നും 7000 രൂപ വരെയാക്കി ഉയര്‍ത്തി.
കായിക ഇന്ത്യയുടെ വളര്‍ച്ചക്കും വികസനത്തിനുമായാണ്‌ പുതിയ പരിഷ്‌ക്കാരമെന്ന്‌ മന്ത്രി പറഞ്ഞു.

No comments: