Wednesday, July 2, 2008

ഇന്ത്യക്ക്‌ മികച്ച സ്‌ക്കോര്‍


കറാച്ചി: ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ പൊരുതുന്ന പാക്കിസ്‌താന്‌ 309 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ 308 റണ്‍സ്‌ നേടി. ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി (76), രോഹിത്‌ ശര്‍മ (58), ഇര്‍ഫാന്‍ പത്താന്‍ (38 നോട്ടൗട്ട്‌), സേവാഗ്‌ (49), ഗാംഭീര്‍ (35) എന്നിവരാണ്‌ ഇന്ത്യക്കായി തിളങ്ങിയത്‌. മറുപടി ബാറ്റിംഗില്‍ അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ പാക്കിസ്‌താന്‍ ഏഴ്‌ ഓവറില്‍ വിക്കറ്റ്‌ പോവാതെ 60 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
തകര്‍പ്പന്‍ തുടക്കമാണ്‌ വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ഇന്ത്യക്ക്‌ നല്‍കിയത്‌. സസ്‌പെന്‍ഷന്‍ കാരണം മുഹമ്മദ്‌ ആസിഫും ഷുഹൈബ്‌ അക്തറും പുറത്തായതും ഉമര്‍ ഗുലിന്റെ പരുക്കും പാക്കിസ്‌താന്‍ ബൗളിംഗിന്റെ കരുത്ത്‌ ഇല്ലാതാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച ലെഫ്‌റ്റ്‌ ആം സീമര്‍ സുഹൈല്‍ തന്‍വീറിന്‌ കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്ത്യന്‍ സംഘത്തില്‍ ഇര്‍ഫാന്‍ പത്താന്‍ തിരിച്ചെത്തിയപ്പോള്‍ ഡിഹ്രൈഡേഷന്‍ കാരണം തളര്‍ന്ന പാക്കിസ്‌താന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ പുറത്തിരുന്നു.
ഏഷ്യാ കപ്പിന്റെ ഫൈനല്‍ പ്രവേശനത്തിന്‌ മല്‍സരത്തില്‍ പാക്കിസ്‌താന്‌ വിജയം നിര്‍ബന്ധമാണ്‌. സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തിലവര്‍ ശ്രീലങ്കയോട്‌ പരാജയപ്പെട്ടിരുന്നു. ചാമ്പ്യന്‍ഷിപ്പിലുടനീളം അസാമാന്യ ഫോമില്‍ കളിക്കുന്ന ഗൗതം ഗാംഭീറാണ്‌ മികച്ച ഷോട്ടുകളുമായി പാക്‌ ക്യാമ്പില്‍ പരിഭ്രാന്തി പടര്‍ത്തിയത്‌. പത്താം ഓവറില്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 85 ലെത്തി. പക്ഷേ അടുത്ത ഓവറില്‍ ഗാംഭീര്‍ പുറത്തായത്‌ ടീമിന്റെ സ്‌ക്കോറിംഗിനെ ബാധിച്ചു. ഇഫ്‌ത്തിക്കാര്‍ അഞ്‌ജൂമിന്റെ പന്തില്‍ ഷാഹിദ്‌ അഫ്രീദി പിടിച്ചാണ്‌ ഗാംഭീര്‍ പുറത്തായത്‌. പന്ത്രണ്ടാം ഓവറില്‍ സേവാഗും മടങ്ങിയത്‌ പാക്കിസ്‌താന്‌ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാനുളള അവസരമൊരുക്കി. 33 പന്തില്‍ നിന്ന്‌ 49 റണ്‍സുമായി വീരു അബ്ദുറൗഫിന്‌ വിക്കറ്റ്‌ നല്‍കുകയായിരുന്നു. ഇതേ ഓവറില്‍ റൗഫ്‌ ഫോമിലുള്ള സുരേഷ്‌ റൈനയെ മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതിരോധ വാതില്‍ ഉയര്‍ന്നു. നാല്‌ റണ്‍സിനിടെയാണ്‌ മൂന്ന്‌ വിക്കറ്റ്‌ വീണത്‌. ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ സെഞ്ച്വറികളുമായി തന്റെ സാന്നിദ്ധ്യം തെളിയിച്ച റൈന ആറ്‌ പന്തുകള്‍ നേരിട്ട്‌ ഒരു റണ്ണാണ്‌ നേടിയത്‌.
രക്ഷാദൗത്യം പിന്നെ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും വൈസ്‌ ക്യാപ്‌റ്റന്‍ യുവരാജ്‌ സിംഗും ഏറ്റെടുത്തു. നല്ല ഫോമിലായിരുന്ന യുവരാജിന്‌ പക്ഷേ വലിയ സ്‌ക്കര്‍ നേടാനായില്ല. 32 പന്തില്‍ 37 റണ്‍സ്‌ നേടിയ യുവിയെ ഇഫ്‌ത്തിക്കാറാണ്‌ പുറത്താക്കിയത്‌.
സക്കോര്‍ ബോര്‍ഡ്‌
ഇന്ത്യ: ഗൗതം ഗാംഭീര്‍-സി-അഫ്രീദി-ബി-ഇഫ്‌ത്തിക്കാര്‍-35, സേവാഗ്‌-സി-സര്‍ഫറാസ്‌ അഹമ്മദ്‌-ബി-അബ്ദുറൗഫ്‌-49, സുരേഷ്‌ റൈന-സി-സല്‍മാന്‍ ഭട്ട്‌-ബി-അബ്ദുര്‍ റൗഫ്‌-1, യുവരാജ്‌ സിംഗ്‌-സി- സര്‍ഫറാസ്‌ അഹമ്മദ്‌-ബി-ഇഫ്‌ത്തിക്കാര്‍-37, ധോണി-സി-സര്‍ഫറാസ്‌-ബി-തന്‍വീര്‍-76, രോഹിത്‌-സി-റൗഫ്‌-ബി-ഇഫ്‌ത്തികാര്‍-58, യൂസഫ്‌ പത്താന്‍-സി-നസീര്‍-ബി-അജ്‌മല്‍-0, ഇര്‍ഫാന്‍ പത്താന്‍-നോട്ടൗട്ട്‌-38, പ്രവീണ്‍-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌ 13, ആകെ ഏഴ്‌ വിക്കറ്റിന്‌ 308. വിക്കറ്റ്‌ പതനം: 1-88,2-90,3-91, 4-129, 5-241, 6-249, 7-290. ബൗളിംഗ്‌: തന്‍വീര്‍ 10-0-87-1, റൗഫ്‌ 10-0-66-2, ഇഫ്‌ത്തികാര്‍ 10-1-51-3, അഫ്രീദി 10-0-52-0, അജ്‌മല്‍ 10-0-47-1 (അപൂര്‍ണ്ണം)

ഫിറ്റ്‌നസ്‌ ടെസ്റ്റിനിടെ മാലിക്‌ കുഴഞ്ഞുവീണു
കറാച്ചി: ഇന്ത്യക്കെതിരായ നിര്‍ണ്ണായക മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ഫിറ്റ്‌നസ്‌ ടെസ്റ്റിനിടെ പാക്കിസ്‌താന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്‌ മൈതാനത്ത്‌ കുഴഞ്ഞ്‌ വീണു. നാഷണല്‍ സറ്റേഡിയത്തില്‍ രാവിലെയായിരുന്നു ഫിറ്റ്‌നസ്‌ ടെസ്‌റ്റ്‌. കേവലം ആറ്‌ മിനുട്ട്‌ മാത്രമാണ്‌ മാലിക്‌ ഇവിടെയുണ്ടായിരുന്നത്‌. കോച്ച്‌ ജെഫ്‌ ലോസണും ഒപ്പമുണ്ടായിരുന്നു. ഇന്ത്യക്കെതിരെ ഗ്രൂപ്പ്‌ തലത്തില്‍ നടന്ന മല്‍സരത്തില്‍ സെഞ്ച്വറി സ്വന്തമാക്കിയ ശേഷം തളര്‍ന്നവശനായ മാലിക്‌ ഇപ്പോഴും ചികില്‍സയിലാണ്‌. ഇന്ത്യക്കെതിരെ പ്രധാന മല്‍സരമായതിനാല്‍ അദ്ദേഹത്തിന്‌ കളിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ആരോഗ്യം അനുവദിച്ചില്ല. മാലിക്കിന്‌ പകരം ഓപ്പണര്‍ നസീര്‍ ജംഷാദാണ്‌ കളിക്കുന്നത്‌.

No comments: