Friday, July 4, 2008

സഹോദരിമാരുടെ ഫൈനല്‍



വിംബിള്‍ഡണ്‍ ടെന്നിസ്‌ വനിതാ വിഭാഗം സിംഗിള്‍സ്‌ ഫൈനലില്‍ ഇന്ന്‌ സഹോദരിമാരായ വീനസും സറീനയും നേര്‍ക്കുനേര്‍. 2003 ലെ വിംബിള്‍ഡണ്‍ ഫൈനലിന്‌ ശേഷം സഹോദരിമാര്‍ ഗ്രാന്‍ഡ്‌സ്ലാം കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്‌ ഇതാദ്യം. മല്‍സരഫലം മൈതാനത്തല്ല വീട്ടില്‍ വെച്ച്‌ തീരുമാനിക്കപ്പെട്ടതായി ചില ടെന്നിസ്‌ താരങ്ങള്‍. സഹോദരിമാര്‍ ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ മുഖാമുഖം വരുന്നത്‌ ഇത്‌ ഏഴാം തവണ. ഇതിനകം കളിച്ച ആറ്‌്‌ ഫൈനലുകളില്‍ വീനസിന്‌ ഒരു വിജയം മാത്രം. സറീന അഞ്ച്‌ തവണയും കരുത്ത്‌ കാട്ടി. ഇന്ന്‌്‌ ആര്‌ ജയിക്കും...?
ലണ്ടന്‍: വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ഇന്ന്‌ ഫാമിലി ഫൈനല്‍. സഹോദരിമാരായ വീനസും സറീനയും നേര്‍ക്കുനേര്‍. 2003 ലെ ഫൈനലിന്റെ തനിയാവര്‍ത്തനം. അന്ന്‌ മൂന്ന്‌ സെറ്റ്‌ പോരാട്ടത്തില്‍ വിജയം വരിച്ചത്‌ സറീനയായിരുന്നു. ആ തോല്‍വിക്ക്‌ പകരം വീട്ടാന്‍ ചേച്ചിക്ക്‌ ലഭിച്ചിരിക്കുന്ന അവസരമാണിത്‌.
ലോക ടെന്നിസില്‍ കരുത്തിന്റെ പര്യായങ്ങളായി ഉയര്‍ന്നു വന്ന സഹോദരിമാര്‍ ഇടക്കാലയളവിലെ വീഴ്‌ച്ചകള്‍ മറന്നാണ്‌ രാജ്യാന്തര സര്‍ക്ക്യൂട്ടില്‍ ഒരിക്കല്‍ക്കൂടി ഉയരത്തിലെത്തിനില്‍ക്കുന്നത്‌. പതിനാലാം വയസ്സില്‍ രംഗത്ത്‌്‌ വന്ന ഇരുവരും ലോക ഒന്നാം നമ്പര്‍ പട്ടം വരെ സ്വന്തമാക്കി പരുക്കില്‍ തളരുകയായിരുന്നു. വീനസിന്റെ പേരില്‍ പതിനാല്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുണ്ട്‌. സിംഗിള്‍സില്‍ ആറും ഡബിള്‍സില്‍ ആറും മിക്‌സഡില്‍ രണ്ടും. ഒളിംപിക്‌സ്‌ സ്വര്‍ണ്ണവും 28 കാരിയുടെ പേരിലുണ്ട്‌.
വിംബിള്‍ഡണില്‍ നാല്‌ തവണ വീനസ്‌ കിരീടം സ്വന്തമാക്കിയിട്ടുണ്ട്‌. 2000 ത്തിലായിരുന്നു ആദ്യ നേട്ടം. ഫൈനല്‍ എതിരാളി ലിന്‍ഡ്‌സേ ഡാവണ്‍പോര്‍ട്ടിനെ അനായാസം പരാജയപ്പെടുത്തിയ ശേഷം 2001 ലും ഈ നേട്ടം ആവര്‍ത്തിച്ചു. ജസ്റ്റിന്‍ ഹെന്നിനായിരുന്നു എതിരാളി. 2005 ലെ വിംബിള്‍ഡണ്‍ കലാശപ്പോരാട്ടത്തില്‍ ഡാവണ്‍പോര്‍ട്ടിനെ വീഴ്‌ത്തിയ വീനസ്‌ കഴിഞ്ഞ വര്‍ഷം മരിയോണ്‍ ബര്‍ത്തോളിയെയാണ്‌ പരാജയപ്പെടുത്തിയത്‌്‌.
ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ സഹോദരി സറീനയുമായി ആറ്‌ തവണ ഫൈനല്‍ കളിച്ചിട്ടുണ്ട്‌. 2001 ലെ യു.എസ്‌ ഓപ്പണ്‍ ഫൈനലിലായിരുന്നു ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ അങ്കം. അന്ന്‌ വിജയം വീനസിനൊപ്പം നിന്നു. അതേ വര്‍ഷം ഫ്രഞ്ച്‌ ഓപ്പണില്‍ സഹോദരിമാര്‍ മുഖാമുഖം വന്നപ്പോള്‍ വിജയം അനുജത്തിക്കായിരുന്നു. 2002 ലെ വിംബിള്‍ഡണില്‍ വീനസിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി സറീന കരുത്ത്‌ കാണിച്ചപ്പോള്‍ അതേ വര്‍ഷം യു.എസ്‌ ഓപ്പണ്‍ ഫൈനലിലും സറീന തന്നെ ഉയര്‍ന്നുനിന്നു. 2003 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും സഹോദരിമാരായിരുന്നു ബലാബലം. രണ്ട്‌ തവണയും സറീനയാണ്‌ ചിരിച്ചത്‌.
ഗ്രാന്‍ഡ്‌സ്ലാം നേട്ടങ്ങളില്‍ സറീനയാണ്‌ എന്നും മുന്നില്‍ വന്നിട്ടുള്ളത്‌. എട്ട്‌ തവണയാണ്‌ അവര്‍ കിരീടം സ്വന്തമാക്കിയത്‌. 1999 ല്‍ മാര്‍ട്ടിന ഹിന്‍ജിസിനെ പരാജയപ്പെടുത്തി യു.എസ്‌ ഓപ്പണ്‍ സ്വന്തമാക്കിയാണ്‌ സറീന ഗ്രാന്‍ഡ്‌സ്ലാം കുതിപ്പ്‌ ആരംഭിച്ചത്‌. 2002 ല്‍ സഹോദരിയായ വീനസിനെ ഫ്രഞ്ച്‌, വിംബിള്‍ഡണ്‍, യു.എസ്‌ ഓപ്പണ്‍ ഫൈനലുകളില്‍ പരാജയപ്പെടുത്തി. 2003 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും വീനസിനെ വീഴ്‌ത്തി ജേതാവായപ്പോള്‍ 2005 ല്‍ ഡാവണ്‍പോര്‍ട്ടിനെയും കഴിഞ്ഞവര്‍ഷം മരിയ ഷറപ്പോവയെയും തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കി.
പവര്‍ ടെന്നിസിന്റെ ശക്തരായ വക്താക്കളാണ്‌ സഹോദരിമാര്‍. വീനസ്‌ ബേസ്‌ ലൈന്‍ കേന്ദ്രീകരിച്ച്‌ കളിക്കുമ്പോള്‍ ആക്രമണമാണ്‌ സറീനയുടെ മുഖമുദ്ര. പരാജയങ്ങളറിയാതെയാണ്‌ സീസണില്‍ സഹോദരിമാര്‍ മുന്നേറിയത്‌. അതിനാല്‍ തന്നെ ഇന്നത്തെ വിജയം ആര്‍ക്കെന്ന്‌ ഉറപ്പിക്കാനാവില്ല. ഫൈനലില്‍ ആര്‌ വിജയിക്കണമെന്ന കാര്യം കുടുംബ തീരുമാനമായിരിക്കുമെന്നാണ്‌ ചില ടെന്നിസ്‌ താരങ്ങള്‍ പറയുന്നത്‌. എന്നാല്‍ സഹോദരിമാര്‍ ഇത്‌ നിഷേധിക്കുന്നു. കലാശപ്പോരാട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുമെന്ന്‌ ഇരുവരും പറഞ്ഞു.

മല്‍സരം കാണാന്‍ പിതാവില്ല
ലണ്ടന്‍: റിച്ചാര്‍ഡ്‌ വില്ല്യംസിന്‌ മക്കളുടെ പോരാട്ടം കാണാനുള്ള ത്രാണിയില്ല..... അദ്ദേഹം ഇന്നലെ തന്നെ ലണ്ടന്‍ വിട്ടിരിക്കുന്നു. ഇന്ന്‌ സ്വന്തം നാടായ ലോസാഞ്ചലസ്സിലെത്തും. വീട്ടില്‍ ടെലിവിഷന്‌ മുന്നിലിരുന്ന്‌ കളി കാണാനും റിച്ചാര്‍ഡിന്‌ ധൈര്യമില്ല. വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ പുത്രിമാര്‍ കിരീടത്തിനായി പട വെട്ടുമ്പോള്‍ റിച്ചാര്‍ഡ്‌ സ്വന്തം ബോട്ടില്‍ ഉല്ലാസത്തിലായിരിക്കും. മക്കളുടെ പോരാട്ടം പലവട്ടം കണ്ടിട്ടുണ്ട്‌ റിച്ചാര്‍ഡ്‌. അപ്പോഴെല്ലാം അദ്ദേഹത്തിന്‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്‌. ഇനി ഒരിക്കല്‍ കൂടി അതിന്‌ വയ്യെന്നാണ്‌ റിചാര്‍ഡിന്റെ നിലപാട്‌.
എന്നാല്‍ മാതാവ്‌ ഓറസിന്‍ പ്രൈസും സഹോദരിമാരായ ഇഷയും ലിന്‍ഡ്രിയയും സെന്റര്‍ കോര്‍ട്ടില്‍ മല്‍സരം കാണാനുണ്ടാവും. ഫൈനലിന്‌ ശേഷം സഹോദരിമാര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാറില്ലെന്ന്‌ ഇഷ പറഞ്ഞു. ആറ്‌ ഗ്രാന്‍ഡ്‌സ്ലാം ഫൈനലുകളില്‍ വീനസും സറീനയും കളിച്ചിട്ടുണ്ട്‌. മല്‍സരങ്ങള്‍ക്ക്‌ ശേഷം ഒരുമിച്ചാണ്‌ എല്ലാവരും ഡിന്നര്‍ കഴിക്കാറുളളത്‌. 2003 ലെ വിംബിള്‍ഡണ്‍ ഫൈനലിന്‌ ശേഷം എല്ലാവരും ഒരുമിച്ചു. മൂത്ത സഹോദരി യെറ്റ്‌ഗുന്‍ഡെ അന്നുണ്ടായിരുന്നു. മരണത്തിന്‌ മുമ്പ്‌ യെറ്റ്‌ഗുന്‍ഡെക്കൊപ്പം എല്ലാവരും ഒരുമിച്ചത്‌ അന്നായിരുന്നെന്നും ഇഷ പറഞ്ഞു.

No comments: