Friday, July 4, 2008

ഫ്രീ അക്തര്‍



കറാച്ചി: ലോക ക്രിക്കറ്റിലെ അതിവേഗക്കാരനായ സീമര്‍ ഷുബൈബ്‌ അക്തറിന്റെ വേഗതയില്‍ നിയമവും. അച്ചടക്കലംഘനത്തിന്റെ പേരില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ റാവല്‍പിണ്ടി എക്‌സ്‌പ്രസ്സിന്‌ ഏര്‍പ്പെടുത്തിയ അഞ്ച്‌ വര്‍ഷ വിലക്ക്‌ ഇന്നലെ ലാഹോര്‍ ഹൈകോടതി സസ്‌പെന്‍ഡ്‌ ചെയ്‌തു. അക്തറിന്‌ രാജ്യത്തിനായി കളിക്കുന്നതിന്‌ തടസ്സമില്ലെന്നും അദ്ദേഹത്തെ സെലക്ഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്‌. എന്നാല്‍ അഞ്ച്‌ വര്‍ഷത്തെ വിലക്കിനൊപ്പം പി.സി.ബി അച്ചടക്കസമിതി ചുമത്തിയ വലിയ പിഴ തുക (ഏഴ്‌ ദശലക്ഷം രൂപ) അക്തര്‍ ഉടന്‍ അടക്കണം.
ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഏഴ്‌ മാസം മുമ്പാണ്‌ അക്തറിനെ പി.സി.ബി വിലക്കിയത്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന 20-20 ലോകകപ്പിനിടെ സഹതാരം മുഹമ്മദ്‌ ആസിഫിനെ ആക്രമിച്ച കുറ്റത്തില്‍ രണ്ട്‌ വര്‍ഷത്തെ നല്ല നടപ്പ്‌ ശിക്ഷ അനുഭവിക്കുന്നതിനിടെ ക്രിക്കറ്റ്‌ ബോര്‍ഡിനെതിരെ സംസാരിച്ചതിനായിരുന്നു വിലക്ക്‌. വിലക്കു കാരണം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ അക്തര്‍ ഒറ്റപ്പെട്ടുനില്‍ക്കവെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഈ കാലയളവില്‍ വിലക്കിനെതിരെ ലാഹോര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഇപ്പോള്‍ അനുകൂലവിധി വന്നിരിക്കുന്നത്‌. കോടതി വിധി അനുകൂലമാണെങ്കിലും പിഴ തുക അടക്കാതെ അക്തറിനെ ടീമിലേക്ക്‌ സെലക്ട്‌ ചെയ്യില്ല എന്ന നിലപാടിലാണ്‌ പി.സി.ബി. സെപ്‌തംബറിലാണ്‌ കേസില്‍ അടുത്തവാദം. വിലക്ക്‌ നീക്കുന്നതും പിഴ ഒഴിവാക്കുന്നതും സംബന്ധിച്ച്‌ അപ്പോള്‍ അന്തിമ തീരുമാനമുണ്ടാവാനാണ്‌ സാധ്യത.

No comments: