സംസ്ഥാനതലത്തില്‍ മികവ് പ്രകടിപ്പിച്ച യുവതാരങ്ങളുമായി പിഴവുകള്‍ തിരുത്തി വീണ്ടും വിവ
പാഠങ്ങള്‍ പഠിച്ച്
കോഴിക്കോട്: പ്രൊഫഷണല്‍ ലീഗിലെ ആദ്യ സീസണ്‍ വിവ കേരളക്ക് സമ്മാനിച്ചത് ദുരനുഭവങ്ങളുടെ ഫുട്‌ബോള്‍ പാഠങ്ങളായിരുന്നു. ജയങ്ങള്‍ക്കും പരാജയങ്ങള്‍ക്കുമപ്പുറം വലിയ ലീഗില്‍ പിടിച്ചുനില്‍ക്കാന്‍ കുറുക്കുവഴികളിലൂടെയുളള സഞ്ചാരം കൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കി, കൊച്ചിക്കാരായ മൂന്ന് പേര്‍ തുടങ്ങിയ വിവ കേരള പുതിയ സീസണിന് തയ്യാറെടുക്കുന്നത് കരുതലോടെ.. കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്കില്‍ വെച്ച് മോഹന്‍ ബഗാനെ തോല്‍പ്പിക്കുകയും മുംബൈ കൂപ്പറേജില്‍ വെച്ച് മഹീന്ദ്ര യുനൈറ്റഡിനെയും എയര്‍ ഇന്ത്യയെയും സമനിലയില്‍ തളച്ച് പ്രൊഫഷണല്‍ ലീഗില്‍ തകര്‍പ്പന്‍ തുടക്കമിട്ട് പിന്നീട് തളര്‍ന്ന അതേ വിവ ഇനി തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായാണ് വരുന്നത്.
വിസ്‌ഡം ആബേ, ബാബ തുന്‍ഡെ, ടുട്ടു ജോര്‍ജ്ജ് തുടങ്ങിയ അല്‍പ്പം വിദേശതാരങ്ങളുടെ മേല്‍വിലാസത്തിലായിരുന്നു കഴിഞ്ഞ സീസണില്‍ ടീം അറിയപ്പെട്ടത്. മലയാളികളായ താരങ്ങള്‍ ടീമില്‍ കുറവായിരുന്നു. വിസ്‌ഡവും തുന്‍ഡെയും ശോഭിച്ചാല്‍ മാത്രം ജയിക്കുമെന്ന അവസ്ഥയില്‍ ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ നിന്നും സത്യം തിരിച്ചറിഞ്ഞാണ് ക്ലബ്‌് പ്രസിഡണ്ട് ഭാസ്‌ക്കരനും സെക്രട്ടറി ലിയാഖത്ത്‌് അലിയും നീങ്ങുന്നത്. പരിശീലകന്‍ കൂത്തുപറമ്പുകാരനായ ശ്‌ീധരന്‍ തന്നെ.
ഫെഡറേഷന്‍ കപ്പാണ് ടീമിന്റെ പുതിയ സീസണിലെ ആദ്യ മേജര്‍ ചാമ്പ്യന്‍ഷിപ്പ്. രാജ്യത്തെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പ് മുന്‍നിര്‍ത്തി അണ്ടര്‍ 19 തലത്തില്‍ ശോഭിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയുളള കണ്ടീഷനിംഗ് ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ മികച്ച സോക്കര്‍ താരങ്ങളുണ്ട്. രാജ്യത്തിന് വേണ്ടി ജൂനിയര്‍ തലത്തില്‍ കളിക്കുന്നവരെ സെലക്ട് ചെയ്‌ത് അവരിലൂടെ ഉയരങ്ങളിലെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ലിയാഖത്ത്. ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഒരേ ടീമിനെ നിലനിര്‍ത്തി, ടീമിലെ ഐക്യവും സ്‌നേഹവും നിലനിര്‍ത്തി കളിച്ചാല്‍ നേട്ടങ്ങള്‍ വഴിയെ വരുമെന്ന് കോച്ച് ശ്രീധരനും വിശ്വസിക്കുന്നു.
കേരളത്തില്‍ ഫുട്‌ബോള്‍ മരിക്കുകയാണെന്ന വിലാപത്തില്‍ കഴമ്പില്ലെന്നാണ് ഭാസ്‌ക്കരനും ലിയാഖത്തും വിശ്വസിക്കുന്നത്. കേരളത്തിലെ സോക്കര്‍ ഖനികളില്‍ കരുത്തരായ താരങ്ങളുണ്ട്. അവരെ കണ്ടെത്താനും പ്രയാസമില്ല. നല്ല തുടക്കമാണ് പ്രൊഫഷണല്‍ ലീഗില്‍ വിവക്ക് ലഭിച്ചത്. എന്നാല്‍ പകുതി വഴിയില്‍ ടീമിന് ഗതി നഷ്‌ടമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിക്രൂട്ട് ചെയ്‌ത താരങ്ങളുടെ അര്‍പ്പണമില്ലായ്‌മ ടീമിന്റെ ഗമനത്തിന് തടസ്സമായി. ഈ തെറ്റില്‍ നിന്നാണ് സംസ്ഥാനത്തെ മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കാനുളള തീരുമാനത്തിലെത്തിയത്. ഇത്തവണ ആഫ്രിക്കയില്‍ നിന്ന് അല്‍പ്പം മികച്ച താരങ്ങളുണ്ടാവും. വിദേശ താരങ്ങള്‍ക്കൊപ്പം തദ്ദേശിയരായ താരങ്ങളും കളിക്കുമ്പോള്‍ ടീമിന് മൂന്നോട്ട പോവാനാവും. സാമ്പത്തിക പ്രശ്‌്‌നങ്ങള്‍ ടീമിനെ ബാധിക്കില്ല. പുതിയ സീസണിനെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് ശ്രീധരന്‍ വ്യക്തമാക്കി.
പോര്‍ച്ചുഗല്‍ പര്യടനം
ഇന്ത്യക്ക് രണ്ടാം വിജയം
എസ്റ്റാഡിയോ ഡ ഗഫാനെ (പോര്‍ച്ചുഗല്‍): ബൈജൂംഗ് ബൂട്ടിയ നയിക്കുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പോര്‍ച്ചുഗല്‍ പര്യടനത്തില്‍ രണ്ടാം വിജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യ 3-2 ന് ജി.ഡി ഗഫാന ടീമിനെ പരാജയപ്പെടുത്തി. അവേരിയോ ലീഗില്‍ ഫസ്‌റ്റ് ഡിവിഷനില്‍ കളിക്കുന്ന ടീമാണ് ഗഫാന. ബുംഗോ സിംഗ്, സുനില്‍ ചേത്രി, താരിഫ് അഹമ്മദ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ഗുവിയ സെലക്ട് ടീമിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇതേ ടീമിനെ തന്നെ ഇന്ത്യ നാളെ നേരിടും.താരങ്ങള്‍ക്ക് കൂടുതല്‍ വിദേശ മല്‍സരപരിചയസമ്പത്ത് ലഭിക്കാനാണ് ഇന്ത്യന്‍ ടീം പോര്‍ച്ചുഗലില്‍ എത്തിയത്.
അജാന്തയെ പേടിയില്ലെന്ന് കുംബ്ലെ
ബാംഗ്ലൂര്‍: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മുകളില്‍ ഓടിക്കയറിയ ശ്രീലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡീസ് ഒരൊറ്റ മല്‍സരത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ഉയരങ്ങളിലെത്തിയ സ്‌പിന്നറാണ്. ഫൈനല്‍ പ്രകടനത്തിലൂടെ അദ്ദേഹം മുത്തയ്യ മുരളീധരന്റെ പിന്‍ഗാമിയായി വാഴ്‌ത്തപ്പെട്ടു. ഇന്ത്യന്‍ നിരയിലെ പ്രമുഖരുടെ വിക്കറ്റുകളാണ് അജാന്ത അനായാസം നേടിയത്. ഈ അജാന്ത ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലും വില്ലനായി അവതരിക്കുമോ എന്ന ചോദ്യത്തിന് മുന്നില്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെക്ക് കുലുക്കമില്ല. അജാന്ത ഇന്ത്യക്ക്‌് വലിയ തടസ്സമാവുമെന്ന് കുംബ്ലെ എന്ന ലോകോത്തര ലെഗ് സ്‌പിന്നര്‍ കരുതുന്നില്ല. ഏഷ്യാകപ്പില്‍ അജാന്ത അരങ്ങ് തകര്‍ത്തു എന്നത് സത്യമാണ്. മനോഹരമായി അദ്ദേഹം ബൗള്‍ ചെയ്‌തു. ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംഗ് ദൗര്‍ബല്യങ്ങള്‍ പുറത്ത് കൊണ്ടുവരുകയും ചെയ്‌തു. എന്ന് കരുതി എപ്പോഴും ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിക്കാന്‍ അജാന്തക്ക് കഴിയില്ലെന്നാണ് കുംബ്ലെ കരുതുന്നത്. രാഹുല്‍ ദ്രാവിഡിനെ പോലെ കരുത്തനായ, പ്രതിരോധ മികവുളള ഒരു ബാറ്റ്‌സ്‌മാനെ കബളിപ്പിക്കാന്‍ അജാന്ത കഴിയുമെന്ന് കുംബ്ലെ വിശ്വസിക്കുന്നില്ല. പ്രതിരോധ മികവ് മാത്രമല്ല പന്തിനെ മനസ്സിലാക്കാന്‍ ദ്രാവിഡിനും സച്ചിനും സൗരവിനുമെല്ലാം കഴിയും. ആ സാഹചര്യത്തില്‍ വിക്കറ്റുകള്‍ നേടുക എളുപ്പമായിരിക്കില്ല.
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഏകദിന ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് തികച്ചും ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ പ്രതികരിക്കുന്നതില്‍ കാര്യമില്ലെന്നും കുംബ്ലെ പറഞ്ഞു. ധോണിയുടെ ശരീരത്തെയും മനസ്സിനെയും കുറിച്ച് ധോണിക്കാണ് നന്നായി അറിയുക. ധോണി ലങ്കന്‍ പര്യടനത്തിനില്ല എന്ന് വ്യക്തമായതോടെ ടീമില്‍ രണ്ട് സ്‌പെഷ്യലിസ്‌റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ വേണമെന്ന് സെലക്ഷന്‍ സമിതി യോഗത്തില്‍ താന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നെന്ന് ക്യാപ്‌റ്റന്‍ വെളിപ്പെടുത്തി. ഒരൊറ്റ കീപ്പര്‍ മാത്രമാവുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. മല്‍സര ദിവസം രാവിലെ കീപ്പര്‍ക്ക് മസില്‍ വേദനയോ അല്ലെങ്കില്‍ വയറുവേദനയോ അനുഭവപ്പെട്ടാല്‍ ടീം കുഴങ്ങും. ഒരു വിക്കറ്റ് കീപ്പര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ തന്നെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ മറ്റൊരാള്‍ വേണം. ദ്രാവിഡിനെ അത്തരം ഘട്ടത്തില്‍ കീപ്പറായി ഉപയോഗിക്കാം എന്നൊരു നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കം ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ലെന്ന്‌് താന്‍ തന്നെയാണ് സെലക്‌ടര്‍മാരോട് പറഞ്ഞതെന്നും ക്യാപ്‌റ്റന്‍ വ്യക്തമാക്കി. രണ്ടാമതൊരു സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെ ടീമിലെടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. എനിക്ക് രാഹുലിനെ അറിയാം. വിക്കറ്റ് കീപ്പറുടെ ഭാരം കൂടി ചുമക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ല.
ക്യാപ്‌റ്റന്‍സി വളരെ വൈകിയാണോ ലഭിച്ചത് എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ അത് സത്യമായിരിക്കാമെന്നായിരുന്നു മറുപടി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പലവിധ വിവാദങ്ങളുമുണ്ടായി. ആ വിവാദങ്ങളെല്ലാം മനോഹരമായി കൈകാര്യം ചെയ്യാന്‍ എനിക്കായി എന്നാണ് വിശ്വാസം. നേരത്തെ തന്നെ ക്യാപ്‌റ്റന്‍സി ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ കാലം ടീമിനെ സേവിക്കാന്‍ അവസരം ലഭിക്കുമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ ടീമിലെ സീനിയര്‍ താരം ഞാനാണ്. പക്ഷേ എല്ലാത്തിനും ഒരു സമയമുണ്ട്. അതിലാണ് എനിക്ക് വിശ്വാസം-കുംബ്ലെ പറഞ്ഞു.
ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ നിന്ന്‌്
ബ്ലാറ്ററാണ് ശരി
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീണ്ടും കൃസ്റ്റിയാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡില്‍ കളിക്കുക എന്ന എന്റെ സ്വപ്‌നത്തെ ഞാന്‍ ഇപ്പോഴും താലോലിക്കുകയാണ്. പക്ഷേ പുതിയ സീസണിന്റെ തുടക്കത്തില്‍ ഞാന്‍ ആര്‍ക്കായിരിക്കും കളിക്കുകയെന്ന് ഇപ്പോഴും പറയാന്‍-പോര്‍ച്ചുഗല്‍ ടെലിവിഷനുമായി സംസാരിക്കവെ സൂപ്പര്‍താരം പറഞ്ഞു. യൂറോ മല്‍സരങ്ങള്‍ക്കിടെ കാലിന് പരുക്കേറ്റ് ഇപ്പോള്‍ ശസ്‌ത്രക്രിയ കഴിഞ്ഞ നാട്ടില്‍ വിശ്രമിക്കുകയാണ് റൊണാള്‍ഡോ. താരങ്ങളുടെ ആഗ്രഹങ്ങള്‍ മാനിച്ച് അവര്‍ക്ക് കളിക്കാന്‍ താല്‍പ്പര്യമുളള ക്ലബുകളില്‍ അവസരം നല്‍കണമെന്ന ഫിഫ തലവന്‍ സെപ് ബ്ലാറ്ററുടെ അഭിപ്രായമാണ് ശരിയെന്ന് റൊണാള്‍ഡോ പറഞ്ഞു. ഞാന്‍ ഫിഫ പ്രസിഡണ്ടിന്റെ അഭിപ്രായത്തില്‍ വിശ്വസിക്കുന്നു. ഒരു താരത്തിന് സ്വന്തം തട്ടകം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അനുവദിക്കണം. താരത്തിന്റെ സംതൃപ്‌തിയും വിശ്വാസവുമാണല്ലോ പ്രധാനം. എന്റെ കാര്യം ഞാന്‍ വളരെ നേരത്തെ പറഞ്ഞതാണ്. ഞാന്‍ എന്താണ് വളരെ വ്യക്തമായി പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയാം-അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ താരങ്ങള്‍ക്ക് വേണ്ടിയുളള കച്ചവടത്തില്‍ ക്ലബുകള്‍ മുന്നേറവെ റൊണാള്‍ഡോയുടെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്. സ്വന്തം താരത്തെ ഒരു തരത്തിലും വിട്ടുകൊടുക്കില്ല എന്ന ശക്തമായ നിലപാടിലാണ് മാഞ്ചസ്റ്റര്‍. ടീമിനായി കളിക്കുന്ന എല്ലാ താരങ്ങളുമായി വ്യക്തവും ശക്തവുമായ കരാറാണ് ഒപ്പിട്ടിരിക്കുന്നതെന്നും അതില്‍ മാറ്റമില്ലെന്നുമാണ് ക്ലബിന്റെ നിലപാട്.
പോയ സീസണില്‍ മാഞ്ചസ്‌റ്ററിന് യുവേഫ ചാമ്പ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട
വും സമ്മാനിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് റൊണാള്‍ഡോ ആയിരുന്നു. കോച്ച് അലക്‌സ് ഫെര്‍ഗൂസന്റെ പ്രിയപ്പെട്ട താരവും പോര്‍ച്ചുഗീസുകാരന്‍ തന്നെ. എന്നാല്‍ സീസണ്‍ അവസാനിച്ചയുടന്‍ മാഞ്ചസ്‌റ്ററില്‍ തുടരാന്‍ താനില്ല എന്ന വ്യക്തമായ സൂചന 23 കാരന്‍ നല്‍കിയിരുന്നു. സ്‌പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനായി കളിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റയല്‍ മാഡ്രിഡ് അന്ന് മുതല്‍ പോര്‍ച്ചുഗല്‍ താരത്തിനായി രംഗത്തുണ്ട്. ഇതിനെതിരെ ഫിഫയെ സമീപിക്കുമെന്ന് മാഞ്ചസ്റ്റര്‍ പറയുകയും ചെയ്‌തിരുന്നു.
കവാലിരി ലിവര്‍പൂളില്‍
ഇറ്റാലിയന്‍ സീരിയ എ യില്‍ പാല്‍മിറസിന്റെ ഗോള്‍വലയം കാക്കുന്ന ഡിയാഗോ കവാലിരി ലിവര്‍പൂള്‍ സ്വന്തമാക്കി. ബ്രസീല്‍ വംശജനായ 25 കാരന്‍ ഇപ്പോള്‍ ഇറ്റാലിയന്‍ പൗരനാണ്. ലിവര്‍പൂളിന്റെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ പെപ്പെ റൈനയാണ്. കവാലിരിക്ക് രണ്ടാമന്റെ ഡ്യൂട്ടിയായിരിക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ലിവര്‍പൂള്‍ കരാര്‍ ചെയ്യുന്ന മൂന്നാമത്തെ താരമാണ് കവാലിരി. ഫുള്‍ ബാക്കുകളായ ആന്‍ഡ്രി ദോസനെ, ഫിലിപ്പ് ഡിഗാന്‍ എന്നിവരെ കഴിഞ്ഞ ദിവസം കരാര്‍ ചെയ്‌തിരുന്നു.
റൊ മൂന്ന് മാസം പുറത്ത്
മാഞ്ചസ്റ്റര്‍ യുനൈറ്റഡിലാണെങ്കിലും റയല്‍ മാഡ്രിഡിലാണെങ്കിലും പുതിയ സീസണിന്റെ ആദ്യ മൂന്ന് മാസം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് പന്ത് തട്ടാനാവില്ല. കാല്‍ക്കുഴയില്‍ കഴിഞ്ഞ ദിവസം നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന സൂപ്പര്‍ താരത്തോട് പന്ത്രണ്ട് ആഴ്‌ച്ചയെങ്കിലും ബൂട്ട് കെട്ടരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സിദാന്‍ രണ്ടാമനായി വിലയിരുത്തപ്പെടുന്ന ഫ്രഞ്ചുകാരന്‍ മിഡ്‌ഫീല്‍ഡര്‍ സാമിര്‍ നസീരിയെ ആഴ്‌സനല്‍ സ്വന്തമാക്കി. വന്‍വിലക്കാണ് ഗണ്ണേഴ്‌സ് യുവതാരത്തെ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ തുക വെളിപ്പെടുത്താന്‍ കോച്ച് ആഴ്‌സന്‍ വെംഗര്‍ തയ്യാറായില്ല. സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രിയയിലുമായി നടന്ന യൂറോ 2008 മല്‍സരങ്ങളില്‍ ഫ്രാന്‍സിനായി രണ്ട് മല്‍സരങ്ങളില്‍ റിസര്‍വ് താരമായി നസീരി കളിച്ചിരുന്നു. ഫ്രഞ്ച് ലീഗില്‍ മാര്‍സലിക്കായി കളിക്കുന്ന താരം വേഗതയിലും പന്തടക്കത്തിലും മിടുക്കനാണ്. ചെറുപ്പത്തിന്റെ വേഗതയും കരുത്തും തന്ത്രങ്ങളും നസീരിയിലുണ്ടെന്ന് വെംഗര്‍ പറഞ്ഞു.
സൈനുദ്ദീന്‍ സിദാന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായാണ് പലരും നസീരിയെ വിശേഷിപ്പിക്കുന്നത്. സിദാന്‍ രണ്ടാമന്‍ എന്ന വിശേഷണം ഫ്രഞ്ച് പത്രങ്ങള്‍ തന്നെ നസീരിക്ക് നല്‍കുന്നുണ്ട്. ഒമ്പതാം വയസ്സിലാണ് അദ്ദേഹം മാര്‍സലിയില്‍ ചേരുന്നത്. 2004-05 സീസണിലായിരുന്നു പ്രൊഫഷണല്‍ ലീഗിലെ അരങ്ങേറ്റം. വിംഗുകളിലും സെന്ററിലുമെല്ലാം സിദാനെ പോലെ കളിക്കാന്‍ മിടുക്കനായ താരം 2006-07 സീസണിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാര്‍സലിയുടെ കാണികള്‍ പ്ലെയര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടതും നസീരിയെയായിരുന്നു.
വെംഗര്‍ക്ക് കീഴില്‍ കളിക്കാനാവുന്നത് വലിയ നേട്ടമായിരിക്കുമെന്ന് നസ്സീരി പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് അദ്ദേഹം. വെംഗര്‍ക്കൊപ്പം കളിക്കാനാവുന്നത് എന്റെ കരിയറീനെ തീര്‍ച്ചയായും സഹായിക്കും. ഏത് പൊസിഷനില്‍ കളിക്കാനും നസ്സീരി തയ്യാറാണ്. മാര്‍സലിക്കായി കഴിഞ്ഞ സീസണില്‍ മുപ്പത് മല്‍സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. ദേശീയ സീനിയര്‍ ടീമിന് വേണ്ടി ഇതിനകം ഏഴ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
No comments:
Post a Comment