Thursday, July 10, 2008
റൊണാള്‍ഡോക്ക് ബ്ലാറ്ററുടെ പിന്തുണ
ലണ്ടന്‍: ലോക സോക്കറില്‍ പുതിയ വിവാദത്തിന് കളമൊരുങ്ങുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയാണ് വിവാദ കഥയിലെ നായകന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന റൊണാള്‍ഡോക്ക് ക്ലബില്‍ തുടരാന്‍ താല്‍പ്പര്യമില്ല. സ്‌പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ നിരയില്‍ കളിക്കാനാണ് അദ്ദേഹത്തിന്റെ താല്‍പ്പര്യം. എന്നാല്‍ താരത്തെ റയലിന് വിട്ടുകൊടുക്കാന്‍ മാഞ്ചസ്‌റ്ററിന് താല്‍പ്പര്യമില്ല. അവരത് പരസ്യമായി പറയുകയും ചെയ്‌തു. മാഞ്ചസ്‌റ്റര്‍ വിട്ട് റയലില്‍ കളിക്കാനാണ് തന്റെ മോഹമെന്ന് റൊണാള്‍ഡോയും പറഞ്ഞിട്ടുണ്ട്. പ്രശ്‌നം തുടരവെ ലോക സോക്കറിനെ ഭരിക്കുന്ന ഫിഫയുടെ തലവന്‍ സെപ് ബ്ലാറ്റര്‍ ഇന്നലെ പോര്‍ച്ചുഗല്‍ താരത്തിന് അനുകൂലമായിസംസാരിച്ചത് ശ്രദ്ധേയമായി. താരങ്ങളെ അവര്‍ക്ക് ഇഷ്‌ടമുളളിടത്ത് കളിക്കാന്‍ അനുവദിക്കണമെന്ന് ബ്ലാറ്റര്‍ പറഞ്ഞു. ട്രാന്‍സ്‌ഫര്‍ നീക്കങ്ങള്‍ ഇപ്പോള്‍ ആധുനിക അടിമത്വം പോലെയാണ്. അത് പാടില്ല. കളിക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യം നല്‍കുക. അതായിരിക്കും നല്ലതെന്ന് ബ്ലാറ്റര്‍ പറഞ്ഞു. എന്നാല്‍ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മാഞ്ചസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വതന്ത്രവും തുറന്നതുമായ ചര്‍ച്ചകളിലൂടെയാണ് എല്ലാ താരങ്ങളുമായും ക്ലബ് കരാര്‍ ഒപ്പ് വെച്ചിട്ടുള്ളത്. ഫിഫയുടെ രജിസ്‌ട്രേഡ് ഏജന്റുമാരില്‍ നിന്ന് അംഗീകാരം വാങ്ങിയാണ് പല താരങ്ങളും കരാറില്‍ ഒപ്പിട്ടത്. ഇവരില്‍ പലരും ദീര്‍ഘകാലം ക്ലബിനായി പ്രശ്‌നങ്ങളില്ലാതെ കളിച്ചവരാണ്. അതിനാല്‍ ആരെയും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും മാഞ്ചസ്‌റ്റര്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് ഇംഗ്ലീഷ്‌് പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളായിരുന്നു. ഈ രണ്ട് നേട്ടത്തിനും പിറകില്‍ മറ്റാരുമായിരുന്നില്ല. 2011 വരെ റൊണാള്‍ഡോയുമായി ക്ലബിന് കരാറുമുണ്ട്. 42 ഗോളുകളാണ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി പോര്‍ച്ചുഗീസ് താരം സ്‌ക്കോര്‍ ചെയ്‌തത്.
ഇന്നലെ സ്‌കൈ ന്യൂസുമായി സംസാരിക്കവെ ഫിഫ തലവന്‍ പറഞ്ഞത് ക്ലബുകള്‍ പിടിവാശി പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ലെന്നാണ്. താരങ്ങളെയാണ് സംരക്ഷിക്കേണ്ടത് ഈ ക്ലബില്‍ താന്‍ കളിക്കാനില്ലെന്ന് താരം പറഞ്ഞാല്‍ അദ്ദേഹത്തെ നിര്‍ബന്ധബുദ്ധിയില്‍ തളക്കുന്നത് താരത്തിനും ക്ലബിനും ദോഷകരമാണ്. നിലവിലെ ഫുട്‌ബോള്‍ ട്രാന്‍സ്‌ഫറില്‍ പലതും ആധുനിക അടിമത്വം പോലെയാണ്. താരങ്ങള്‍ക്ക് ഒരു സ്വാതന്ത്ര്യവുമില്ല. ഈ വിഷയങ്ങളില്‍ ഇടപെടാന്‍ ഫിഫക്ക് താല്‍പ്പര്യമുണ്ട്.
പുതിയ സീസണില്‍ ഓള്‍ഡ് ട്രാഫോഡില്‍ കളിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ വിടാന്‍ കോച്ച് അലക്‌സ് ഫെര്‍ഗൂസണ് താല്‍പ്പര്യമില്ല. ടീമിന്റെ നട്ടെല്ലായ താരത്തെ വിട്ടുനല്‍കിയാല്‍ അത് പുതിയ സീസണിലെ പ്രകടനത്തില്‍ ബാധിക്കുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. തന്റെ കാര്യത്തില്‍ അമിതമായി ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ റൊണാള്‍ഡോ ഫെര്‍ഗ്ഗിക്കെതിരെ പരോക്ഷ പരാമര്‍ശം നടത്തിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കരുത്തരായ താരങ്ങളെയാണ് പുതിയ സീസണില്‍ റയല്‍ ലക്ഷ്യമിടുന്നത്. വാന്‍ നിസ്‌റ്റര്‍റൂയി, റോബിഞ്ഞോ തുടങ്ങിയ മികച്ച മുന്‍നിരക്കാര്‍ നിലവില്‍ റയല്‍ നിരയിലുണ്ട്. ഇവര്‍ക്കൊപ്പം റൊണാള്‍ഡോയും വരുമ്പോള്‍ ടീമിന് ഉയരങ്ങളിലെത്താനാവുമെന്നാണ് ക്ലബ് പ്രസിഡണ്ട് രോമോണ്‍ കാള്‍ഡറോണ്‍ കരുതുന്നത്.
ലോകകപ്പ്
ദക്ഷിണാഫ്രിക്കക്ക് ഭീഷണി
സൂറിച്ച്‌്: 2010 ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന കാര്യത്തില്‍ സംശയങ്ങള്‍. നിര്‍ദ്ദേശിക്കപ്പെട്ട വേഗതയില്‍ സ്‌റ്റേഡിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവാത്ത സാഹചര്യത്തില്‍ ഫിഫ പുതിയ വേദികള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. ലോകകപ്പിന് മുമ്പായി അടുത്ത വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് മല്‍സരങ്ങള്‍ നടക്കാനുണ്ട്. എന്നാല്‍ പോര്‍ട്ട്‌് എലിസബത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഫെഡറേഷന്‍ കപ്പിലേക്ക് പൂര്‍ത്തിയാവില്ലെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഫിഫ ബദല്‍ നീക്കങ്ങള്‍ ഗൗരവമായി ആലോചിക്കുന്നത്. മൂന്ന് രാജ്യങ്ങളെ ബദല്‍ വേദിയെന്ന നിലയില്‍ കണ്ടുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ സെപ് ബ്ലാറ്റര്‍ എന്നാല്‍ ആ രാജ്യങ്ങള്‍ ഏതാണെന്ന് വ്യക്തമാക്കിയില്ല. ഒരു വര്‍ഷത്തെ സമയത്തില്‍ ഒരുക്കങ്ങള്‍ നടത്താന്‍ കഴിയുമെന്ന് ഉറപ്പ് ഈ രാജ്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ബ്ലാറ്റര്‍ പറഞ്ഞൂ.
ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ നിന്ന്..
റെഡ്‌സ് പിന്‍വാങ്ങുന്നു
സ്‌പാനിഷ് താരം ഡേവിഡ് വിയക്ക് വേണ്ടി തല്‍ക്കാലം ലിവര്‍പൂള്‍ അധികം കറന്‍സിയിറക്കില്ല. ഇപ്പോള്‍ സ്‌പാനിഷ് ലീഗില്‍ വലന്‍സിയക്കായി കളിക്കുന്ന വിയക്കായി ശ്രമങ്ങള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ കോച്ച് റാഫേല്‍ ബെനിറ്റസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം തന്നെ തിരുത്തി. പീറ്റര്‍ ക്രൗച്ച് റെഡ്‌സ് വിട്ട് പോര്‍ട്‌സ്‌മൗത്തിലേക്ക് ചേക്കേറുന്നതിനാല്‍ മുന്‍നിരയില്‍ ഒരാള്‍ വേണമെന്നും അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ റോബീ കീനായിരിക്കുമെന്നുമാണ് ബെനിറ്റസിന്റെ പുതിയ വീശദീകരണം. സ്‌പാനിഷ് ടീമില്‍ ഫെര്‍ണാണ്ടോ ടോറസിന്റെ മുന്‍നിര പങ്കാളിയായ വിയ ലിവര്‍പൂളിലെത്തിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ പണമാണ് പ്രശ്‌നം. രണ്ട് പുതിയ ഡിഫന്‍ഡര്‍മാരെ ഇന്നലെ ലിവര്‍പൂള്‍ കരാര്‍ ചെയ്‌തിട്ടുണ്ട്.-സ്വിറ്റ്‌സര്‍ലാന്‍ഡ് ദേശീയ താരം ഫിലിപ്പ് ഡാഗനെയും ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ആന്‍ഡ്രിയ ഡോസിനെയും.
ഗാര്‍സിയ ടോട്ടനിലേക്ക്
സ്‌പാനിഷ് ലീഗില്‍ എസ്‌പാനിയോളിനായി കളിക്കുന്ന ലൂയിസ് ഗാര്‍സിയ പുതിയ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാമിന് കളിക്കാന്‍ സാധ്യത. 27 കാരനായ അനുഭവസമ്പന്നന്‍ എസ്‌പാനിയോളിനായി 79 മല്‍സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്.
ദ്രോഗ്‌ബ മാറുന്നില്ല
ഐവറികോസ്‌റ്റിന്റെ നായകന്‍ ദീദിയര്‍ ദ്രോഗ്‌ബെ ചെല്‍സി വിടുന്നില്ല. കോച്ച് ലൂയിസ് ഫിലിപ്പ് സ്‌ക്കോളാരിയുടെ നിര്‍ദ്ദേശ പ്രകാരം ചെല്‍സിയുടെ നീലകുപ്പായത്തില്‍ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്‍ ദ്രോഗ്‌ബക്കായി രംഗത്തുണ്ടായിരുന്നു.
അര്‍ഷവിന്‍ റഷ്യയില്‍ തന്നെ
യൂറോയില്‍ മിന്നിയ ആന്ദ്രെ അര്‍ഷവിന്‍ എന്ന റഷ്യന്‍ മധ്യനിരക്കാരന്‍ പുതിയ സീസണിലും റഷ്യന്‍ ക്ലബായ സെനിത് സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ്ഗില്‍ തന്നെ തുടരാന്‍ സാധ്യത. യൂറോ മികവിന് ശേഷം സ്‌പാനിഷ് ക്ലബായ ബാര്‍സിലോണ അര്‍ഷവിന് വേണ്ടി കരുനീക്കം നടത്തിയിരുന്നു. എന്നാല്‍ സെനിത്ത് 20 ദശലക്ഷം ഡോളര്‍ മുതല്‍ 25 ദശലക്ഷം ഡോളര്‍ വരെയാണ് ആവശ്യപ്പെട്ടത്. ബാര്‍സ 15 ദശലക്ഷം യൂറോ വരെ പറഞ്ഞു. പുതിയ ടീമുകളാരും അര്‍ഷവിന് വേണ്ടി രംഗത്തില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment