Wednesday, July 30, 2008

PARTICIPATION_THE INDIAN POLICY







ഒളിംപിക്‌സ്‌ ചരിത്രത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. അനേകം നഗരരാഷ്‌ട്രങ്ങളാല്‍ (സിറ്റി സ്റ്റേറ്റ്‌സ്‌) വിഭജിക്കപ്പെട്ട പുരാതന ഗ്രീസില്‍ നഗര രാഷ്‌ട്രങ്ങളിലെ ജനങ്ങളുടെ ഏകോപനത്തിനായി ഒളിംപിയ കുന്നിന്‍ മുകളില്‍ നടത്തപ്പെട്ട മേള രാജ്യത്തെ ജനങ്ങളും നഗരരാഷ്‌ട്രങ്ങളും തമ്മിലുളള ഐക്യത്തിന്‌ കളമൊരുക്കിയിരുന്നു. ബി.സി 776 ലാണ്‌ ഒളിംപിക്‌സ്‌ ആരംഭിച്ചതെന്നാണ്‌ ചരിത്രത്തില്‍ പറയുന്നത്‌. സിയൂസ്‌ രാജാവിന്റെ മകനായ ഹെറാക്ലസ്‌ ആണ്‌ ഒളിംപിക്‌സ്‌ കൂട്ടായ്‌മക്ക്‌ തുടക്കമിട്ടത്‌. ഫ്രഞ്ചുകാരനായ പിയറി ഡി ഗോബര്‍ട്ടിന്‍ എന്നയാളാണ്‌ ആധുനീക രീതിയില്‍ ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടത്‌. ഉദ്ദേശം 1,500 വര്‍ഷങ്ങള്‍ക്ക്‌ മുമ്പായിരുന്നു ഇത്‌. 1896 ല്‍ ഏതന്‍സില്‍ ആധുനിക ഒളിംപിക്‌സ്‌ ചരിത്രത്തിലെ ആദ്യ മേള അരങ്ങറിയതില്‍ പിന്നെ വലിയ മുടക്കമില്ലാതെ നടന്ന ഒളിംപിക്‌സിന്റെ പ്രധാന മുദ്രാവാക്യം പങ്കെടുക്കുക വിജയിപ്പിക്കുക എന്നതാണ്‌. മെഡല്‍ നേടുന്നതിനേക്കാള്‍, കായിക ലോകത്തിന്റെ കൂട്ടായ്‌മയില്‍ പങ്കെടുക്കുക എന്ന മുദ്രാവാക്യം ഇത്‌ വരെ വളരെ മനോഹരമായി നടപ്പിലാക്കുന്ന രാജ്യം ഇന്ത്യയാണ്‌.
1900 ത്തില്‍ പാരീസില്‍ നടന്ന ഒളിംപിക്‌സിലാണ്‌ ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്‌. നോര്‍മന്‍ പിച്ചാര്‍ഡ്‌ എന്ന ആംഗ്ലോ ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ യശ്ശസ്‌ പാരീസില്‍ കാത്തു. 1928 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഒളിംപിക്‌സ്‌ മുതലാണ്‌ ഇന്ത്യ കൃത്യമായി കായിക മാമാങ്കത്തിന്റെ ഭാഗമാവാന്‍ തുടങ്ങിയത്‌. ഹോക്കിയിലെ എട്ട്‌ സ്വര്‍ണ്ണ നേട്ടവും നാല്‌ വ്യക്തിഗത മെഡലുകളും മാറ്റിനിര്‍ത്തിയാല്‍ പങ്കെടുക്കുക വിജയിപ്പിക്കുക എന്ന ഒളിംപിക്‌ മുദ്രാവാക്യത്തിന്റെ ശക്തരായ പ്രായോജകരാണ്‌ നമ്മള്‍. ഇത്തവണയും അതിന്‌ മാറ്റമുണ്ടാവില്ല. ജനസംഖ്യയില്‍ ചൈനക്ക്‌ പിറകില്‍ രണ്ടാമത്‌ നില്‍ക്കുന്ന രാജ്യം പത്ത്‌ നൂറോളം പേരെ ഒളിംപിക്‌സിന്‌ അയക്കും. (താരങ്ങളേക്കാള്‍ ഒഫീഷ്യലുകളാണ്‌ പതിവായി ഇന്ത്യന്‍ സംഘത്തിലുണ്ടാവാറുളളത്‌). ബെയ്‌ജിംഗില്‍ തല കാണിക്കുന്നവരുടെ കൂട്ടത്തില്‍ മന്ത്രിമാര്‍ മുതല്‍ എല്ലാവരുമുണ്ടാവും. അവരിലൂടെ പങ്കാളിത്തം ഇന്ത്യ തെളിയിക്കും. വെറും കൈയ്യോടെ മടങ്ങും. അറ്റ്‌ലാന്റയില്‍ മാനം കാക്കാന്‍ ഒരു ലിയാന്‍ഡര്‍ പെയ്‌സും ഏതന്‍സില്‍ കര്‍ണ്ണം മല്ലേശ്വരിയും ഏതന്‍സില്‍ രാജ്യവര്‍ദ്ധന്‍ സിംഗ്‌ രാത്തോറുമുണ്ടായിരുന്നു. ബെയ്‌ജിംഗില്‍ 120 കോടി ജനത്തിന്‌ തല ഉയര്‍ത്താന്‍ ഒരു മെഡല്‍ ആരായിരിക്കും നേടുക എന്ന ചോദ്യത്തിന്‌ ഉത്തരമില്ല.
കറുത്ത വന്‍കരയായ ആഫ്രിക്കയിലെ രണ്ട്‌ ദരിദ്ര രാജ്യങ്ങളാണ്‌ ഏത്യോപ്യയും കെനിയയും. ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും കൂട്ട മരണവുമെല്ലാം നിര്‍ബാധം തുടരുന്ന ഈ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഒളിംപിക്‌ ചരിത്രം പരിശോധിച്ചാല്‍ കനക നേട്ടങ്ങള്‍ നിരവധിയാണ്‌. ഹെയില്‍ ഗെബ്രിസലാസി എന്ന ഏത്യോപ്യന്‍ ഓട്ടക്കാരനെ ലോകത്തിനറിയാം. കെസന്‍സിയ ബെക്കലെ എന്ന ഓട്ടക്കാരനും ലോകത്തോളം ഉയരമുണ്ട്‌. ഈ രണ്ട്‌ ഏത്യോപ്യക്കാരെ തോല്‍പ്പിക്കാന്‍ അവരുടെ കാലത്ത്‌ ആരുമുണ്ടായിരുന്നില്ല. ഇരുപത്‌ ഒളിംപ്‌ക്‌ സ്വര്‍ണ്ണങ്ങള്‍ ഏത്യോപ്യക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്‌. കെനിയയും പിറകില്ലല്ല. 17 സ്വര്‍ണ്ണവും 24 വെള്ളിയും 20 വെങ്കലവും അവര്‍ ഒളിംപിക്‌സില്‍ നേടിയിട്ടുണ്ട്‌.
ഈ രാജ്യങ്ങളില്‍ ആഭ്യന്തര കലാപങ്ങള്‍ കാരണം ഭരണം തന്നെയില്ല. നല്ല ഒരു മൈതാനമോ, കോച്ചിംഗ്‌ സെന്ററോ, കായിക ഭരണമോ ഒന്നുമില്ലാതെ, പട്ടിണിയും പരിവട്ടവുമായി ഇവര്‍ ഒളിംപിക്‌്‌സ്‌ വേദികളിലെത്തുന്നത്‌ പങ്കെടുക്കുക വിജയിപ്പിക്കുക എന്നതിനേക്കാളുപരി സ്വര്‍ണ്ണം നേടുക എന്ന ലക്ഷ്യത്തിലാണ്‌. ബെയ്‌ജിംഗിലേക്ക്‌ ഏത്യോപ്യ വരുന്നത്‌ അഞ്ച്‌ സ്വര്‍ണ്ണങ്ങള്‍ ലക്ഷ്യമിട്ടാണ്‌. കെനിയക്കാരുടെ ലക്ഷ്യത്തില്‍ ഏഴ്‌ സ്വര്‍ണ്ണമുണ്ട്‌. ദീര്‍ഘദൂര ഓട്ട മല്‍സരങ്ങളിലും ബോക്‌സിംഗിലുമാണ്‌ ഈ ആഫ്രിക്കക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇന്ത്യന്‍ ലക്ഷ്യത്തില്‍ സ്വര്‍ണ്ണമില്ല, വെളളിയില്ല, വെങ്കലമില്ല-ആരെങ്കിലുമൊരാള്‍ ഒരു മെഡല്‍ നേടിയാല്‍ അത്‌ തന്നെ ധാരാളം.
പുരാതന ഗ്രീസ്‌ പോലെ ഇന്ത്യയില്‍ ധാരാളം സിറ്റി സ്‌റ്റേറ്റ്‌സ്‌ (നമ്മുടെ സംസ്ഥാനങ്ങള്‍) ഉണ്ട്‌. എല്ലാവരും പരസ്‌പരം മല്‍സരിക്കുന്നു. എല്ലാവര്‍ക്കുമായി നിരവധി മീറ്റുകള്‍ സംഘടിപ്പിക്കുന്നു. ഇതില്‍ മികവു പ്രകടിപ്പിക്കുന്നവരെ വലിയ മേളകളിലേക്ക്‌ തെരഞ്ഞെടുക്കുന്നു. വലിയ മേളകളില്‍ ഇവര്‍ നിസ്സഹായരാവുന്നു. ഓരോ തോല്‍വികളിലും സമഗ്രാന്വേഷണവും റിപ്പോര്‍ട്ടിംഗും ജനാധിപത്യ ക്രമത്തില്‍ തന്നെ നടക്കുന്നു. വീണ്ടും മേളകള്‍ വരുന്നു, പഴയ പല്ലവികള്‍ ആവര്‍ത്തിക്കുന്നു. ജനാധിപത്യം വാനോളം വാഴുന്ന നമ്മുടെ നാട്ടിലേക്ക്‌ എന്ത്‌ കൊണ്ട്‌ മെഡലുകള്‍ വരുന്നില്ല...? ഉത്തരം പറയാന്‍ ബാധ്യസ്ഥരായവര്‍ ജനാധിപത്യ ഭരണ സമ്പ്രദായത്തിന്റെ അടിസ്ഥാന ശിലയായ രാഷ്ട്രീയ പാര്‍ട്ടി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവരാണ്‌. രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇന്ന്‌ പറയുന്നത്‌ നാളെ മറക്കുന്നവരാണ്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌്‌സ്‌ നടക്കുമ്പോള്‍ രാജ്യം ഭരിക്കുന്നവരായിരിക്കില്ല 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ്‌ നടക്കുമ്പോള്‍ രാജ്യം ഭരിക്കുക. ഭരണചക്രം തിരിയുന്നതിനനുസരിച്ച്‌ പരസ്‌പരം പഴിചാരലും കുറ്റപ്പെടുത്തലും അവകാശവാദങ്ങളുമാവുമ്പോള്‍ എല്ലാവര്‍ക്കും ഉയര്‍ത്തിപിടിക്കാന്‍ ആ ഒളിംപിക്‌സ്‌ മുദ്രാവാക്യമുണ്ടല്ലോ-പങ്കെടുക്കുക വിജയിപ്പിക്കുക....!

No comments: