Friday, July 4, 2008

ഏഷ്യന്‍ പോരാട്ടം

കറാച്ചി: ഏഷ്യയിലെ ക്രിക്കറ്റ്‌ കരുത്തരെ നിശ്ചയിക്കാന്‍ ഇന്ന്‌ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും മുഖാമുഖം. ലങ്ക നിലവിലുള്ള ജേതാക്കളാണെങ്കില്‍ ഏറ്റവുമധികം തവണ ഏഷ്യാകപ്പില്‍ മുത്തമിട്ടവരാണ്‌ ഇന്ത്യ. ബാറ്റിംഗാണ്‌ ഇരു ടീമുകളുടെയും കരുത്ത്‌. ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ ശ്രീലങ്ക ഒത്തുകളിച്ചുവെന്ന ആരോപണം നിലനില്‍ക്കെ പാക്കിസ്‌താന്‍ ആരാധകരുടെ പിന്തുണ ഇന്നാര്‍ക്കായിരിക്കുമെന്ന്‌ വ്യക്തമല്ല. രണ്ട്‌ ടീമുകള്‍ക്കും ഒരു തോല്‍വി മാത്രമാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പിണഞ്ഞത്‌. ഇന്ത്യ പാക്കിസ്‌താനോട്‌ പരാജയപ്പെട്ടപ്പോള്‍ ലങ്ക ഇന്ത്യയോടാണ്‌ തോറ്റത്‌. സൂപ്പര്‍ ഫോറില്‍ നടന്ന മല്‍സരത്തില്‍ വ്യക്തമായ മാര്‍ജിനില്‍ ലങ്കയെ തോല്‍പ്പിക്കാനായത്‌ ഇന്ത്യക്ക്‌ കരുത്താണ്‌. പക്ഷേ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ രണ്ട്‌ ടീമുകളും ശാരീരികമായി ക്ഷീണിതരാണ്‌. ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ പാക്കിസ്‌താനോട്‌ പരാജയപ്പെട്ട ഇന്ത്യക്ക്‌ അവസാന കടമ്പയില്‍ പിഴക്കാറുണ്ട്‌. ഇന്ന്‌ അത്‌്‌ സംഭവിക്കില്ലെന്നാണ്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി പറയുന്നത്‌.
സൂപ്പര്‍ ഫോറില്‍ ലങ്കക്കെതിരെ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ്‌ സാധ്യത. ബൗളിംഗില്‍ ആര്‍.പി സിംഗും പ്രഗ്യാന്‍ ഒജയും തുടരുമ്പോള്‍ യൂസഫ്‌ പത്താനും പിയൂഷ്‌ ചാവ്‌ലക്കും ഇടമുണ്ടാവില്ല. ലങ്കന്‍ നിരയില്‍ ചാമിന്ദ വാസ്‌ തിരിച്ചെത്തും.
ബാറ്റിംഗില്‍ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ടീമിന്‌ സ്ഥിരമായി നല്ല തുടക്കം നല്‍കാറുണ്ട്‌. ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മല്‍സരങ്ങളിലും ആധികാരികമായി കളിച്ച ഇവര്‍ക്കൊപ്പം മുന്‍നിരയും ഫോമിലാണ്‌. മൂന്നാം നമ്പറില്‍ വരുന്ന സുരേഷ്‌ റൈന, മഹേന്ദ്രസിംഗ്‌ ധോണി, യുവരാജ്‌സിംഗ്‌, രോഹിത്‌ ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം ഫോമിലാണ്‌. പാക്കിസ്‌താന്‍,ലങ്ക എന്നിവര്‍ക്കെതിരെ നടന്ന സൂപ്പര്‍ ഫോറിലെ രണ്ട്‌ മല്‍സരങ്ങളിലും മൂന്നൂറിലധികം റണ്‍സ്‌ സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷേ ബൗളിംഗ്‌ നിലവാരത്തിനൊത്ത്‌ ഉയരുന്നില്ല. പിച്ച്‌ ബാറ്റിംഗിനെ പൂര്‍ണ്ണമായും അനുകൂലിക്കുന്നതിനാല്‍ ഇശാന്ത്‌ ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍, ആര്‍.പി സിംഗ്‌ എന്നിവര്‍ക്കൊന്നും താളം കണ്ടെത്താന്‍ കഴിയുന്നില്ല. ലങ്കക്കെതിരായ മല്‍സരത്തില്‍ ഇശാന്തിന്‌ ആദ്യ സ്‌പെല്‍ മനോഹരമാക്കാന്‍ കഴിഞ്ഞിരുന്നു. ഇര്‍ഫാന്‌്‌ സ്വിംഗ്‌ കണ്ടെത്താന്‍ കഴിയുന്നില്ല. സ്‌പിന്നര്‍മാരില്‍ ഒജ താളം കണ്ടെത്തുന്നുണ്ട്‌.
ലങ്കന്‍ സംഘത്തില്‍ സനത്‌്‌ ജയസൂര്യ തന്നെ അപകടകാരി. വെറ്ററന്‍ താരത്തിന്റെ ബാറ്റിംഗ്‌ ശൈലിക്ക്‌ അനുയോജ്യമാണ്‌ പിച്ച്‌. രണ്ട്‌ സെഞ്ച്വറികള്‍ ഇവിടെ സനത്‌ സ്വന്തമാക്കിയിട്ടുണ്ട്‌. കുമാര്‍ സങ്കക്കാരയാണ്‌ ഓപ്പണിംഗ്‌ കൂട്ടുകാരന്‍. സങ്കയും നല്ല ഫോമിലാണ്‌. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ, ചാമിഗ കപ്പുഗുഡേര, സില്‍വ, ദില്‍ഷാന്‍ തുടങ്ങിയ ബാറ്റ്‌സ്‌മാന്മാരുടെ കരുത്തും ലങ്കക്ക്‌ തുണയാണ്‌. ബൗളിംഗില്‍ മുത്തയ്യ മുരളിധരന്റെ സാന്നിദ്ധ്യം ടീമിന്‌ നേരിയ മുന്‍ത്തൂക്കം നല്‍കുന്നുണ്ട്‌. ചാമിന്ദ വാസ്‌ ടീമില്‍ തിരിച്ചെത്തുകയും ചെയ്യുമ്പോള്‍ മഹേല പ്രതീക്ഷയിലാണ്‌.

No comments: