Tuesday, September 25, 2012

സംഘബലത്തില്‍ വിശ്വസിക്കുന്നതല്ലേ ബുദ്ധി

ലങ്കന്‍ ഐ

സംഘബലത്തില്‍ വിശ്വസിക്കുന്നതല്ലേ ബുദ്ധി
പാക്കിസ്‌താനും ബംഗ്ലാദേശിനും ഇന്ത്യക്കും ലോക ക്രിക്കറ്റില്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു ബഹുമതിയുണ്ട്‌-ഒട്ടും പ്രവചിക്കാന്‍ കഴിയാത്ത മൂന്ന്‌ ടീമുകള്‍. ആരെയും അവരങ്ങ്‌ തോല്‍പ്പിക്കും. ആരോടും കൂളായി തോല്‍ക്കുകയും ചെയ്യും. ടീമില്‍ കരുത്തന്മാര്‍ ധാരാളം. തനിച്ച്‌ കളി ജയിപ്പിക്കാന്‍ കരുത്തരായവര്‍ നിരവധി. പക്ഷേ ഇവരെയൊന്നും പ്രവചിക്കാന്‍ കഴിയില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകോത്തര താരമാണ്‌. പക്ഷേ അനുഭവ സമ്പന്നനായ സച്ചിനെ പോലും വിശ്വസിക്കാന്‍ കഴിയുന്നില്ല. വലിയ മല്‍സരങ്ങളില്‍ സച്ചിന്‍ സമ്മാനിക്കുന്നത്‌ നിരാശ മാത്രമാണ്‌. ലോകം കണ്ട എല്ലാ ബൗളര്‍മാരെയും സ്വന്തം ദിവസങ്ങളില്‍ സച്ചിന്‍ കശക്കിയിട്ടുണ്ട്‌. നിര്‍ണായക ഘട്ടത്തില്‍ മോശം ബൗളര്‍ക്ക്‌ പോലും പക്ഷേ സച്ചിന്‍ ഇരയാവുന്നു. 2003 ലെ ലോകകപ്പ്‌ ഫൈനലും 2011 ലോകകപ്പ്‌ ഫൈനലുമെല്ലാം നമുക്ക്‌ മുന്നില്‍ സാക്ഷികളായി നില്‍ക്കുന്നു. ഷാഹിദ്‌ അഫ്രീദി എന്ന തകര്‍പ്പന്‍ താരത്തിന്റെ വരവ്‌ ഇപ്പോഴും മറക്കാനാവില്ല. ശ്രീലങ്ക, ഇന്ത്യ എന്നിവര്‍ക്കെതിരെയെല്ലാം ഞെട്ടിക്കുന്ന പ്രകടനം നടത്തിയ വീരശൂര പരാക്രമി. അതിവേഗതയില്‍ സെഞ്ച്വറികളും അര്‍ദ്ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ച പ്രതിഭ. പന്തിനെ ഗ്യാലറിയിലെത്തിക്കുന്നതില്‍ അഫ്രീദിയോളം കരുത്തുള്ളവര്‍ ഇന്നും കുറവാണ്‌. പക്ഷേ ഏത്‌ നിമിഷത്തിലും അദ്ദേഹം പുറത്താവും. അതാണ്‌ അദ്ദേഹത്തിനെതിരെ പന്തെറിയുന്നവരുടെ ആത്മവിശ്വാസം. കണ്ണുമടച്ച്‌ പന്തിനെ പ്രഹരിക്കുന്നവര്‍ ചെറുപ്പക്കാരാണെന്നാണല്ലോ വെപ്പ്‌. പക്ഷേ പ്രായം അധികമായിട്ടും രാജ്യാന്തര ക്രിക്കറ്റില്‍ എത്രയോ മല്‍സരങ്ങള്‍ കളിച്ചിട്ടും അഫ്രീദിക്ക്‌ മാറ്റമില്ല. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും അഫ്രീദി ശക്തനാണ്‌. പാക്കിസ്‌താന്‍ ടി-20 ലോകകപ്പ്‌ ഒരു തവണ മുത്തമിട്ടത്‌ ലെഗ്‌ സ്‌പിന്നറായ അഫ്രീദിയുടെ കരുത്തിലാണ്‌. നല്ല ഫീല്‍ഡറുമാണ്‌ ഈ പത്താനി. പക്ഷേ അഫ്രീദിയുടെ കരുത്തില്‍ പാക്കിസ്‌താന്‍ എത്ര മല്‍സരം ജയിച്ചുവെന്ന കണക്കെടുത്താല്‍ കുഴങ്ങും.
അത്‌ പോലെ തന്നെയാണ്‌ ബംഗ്ലാ സംഘത്തിലെ ഷാക്കിബ്‌ അല്‍ ഹസന്‍. ബാറ്റ്‌ ചെയ്യും സ്‌പിന്‍ വഴങ്ങും. നല്ല ഫീല്‍ഡറും. ഇന്നലെ തച്ചുതകര്‍ത്തു ഷാക്കിബ്‌. പാക്കിസ്‌താന്റെ എല്ലാ ബൗളര്‍മാരെയും കശക്കിയ താരം 54 പന്തില്‍ 84 റണ്‍സ്‌ നേടി. പക്ഷേ ഷാക്കിബിനെ വിശ്വസിക്കാന്‍ കഴിയില്ല. മികവിലും അദ്ദേഹം ആലസ്യം പ്രകടിപ്പിക്കും. ഈ ആലസ്യം നമ്മുടെ ഉപഭൂഖണ്‌ഠത്തിന്റെ മാത്രം പ്രത്യേകതയാണോ...?
ഇന്ത്യ ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനോട്‌ വിയര്‍ത്തു. രണ്ടാം മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ആധികാരികമായി തോല്‍പ്പിച്ചു. സേവാഗും ഗാംഭീറും ധോണിയും റൈനയും യുവരാജുമെല്ലാമുള്ള നമുക്ക്‌ ടീമിന്റെ സ്‌ക്കോറിനെ പറ്റി ഒരു പ്രവചനവും നടത്താന്‍ കഴിയില്ല. ബംഗ്ലാദേശ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത നല്‍കിയ വലിയ ലക്ഷ്യത്തിലേക്ക്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ ആധികാരികതയെ ആശ്രയിക്കുന്നത്‌ അപകടമമാണെന്ന പതിവ്‌ ചിന്താഗതിയിലാണ്‌ ഇംറാന്‍ നസീറും മുഹമ്മദ്‌ ഹാഫിസും അടിച്ചു തകര്‍ത്തത്‌. സത്യത്തില്‍ ടി-20 ക്രിക്കറ്റിന്‌ വേണ്ടത്‌ ഈ ശൈലിയാണോ...
തുടക്കത്തില്‍ കരുതലോടെയുള്ള ഗെയിം തന്നെയാണ്‌ നല്ലത്‌. പന്തിന്റെ മിനുസം പോവുന്നത്‌ വരെ ബൗളറുടെ നല്ല പന്തുകളെ ബഹുമാനിക്കുമ്പോള്‍ അത്‌ വഴി ലഭിക്കുന്നത്‌ ആത്മവിശ്വാസമാണ്‌. ഒരു ബാറ്റ്‌സ്‌മാന്‌ അത്യാവശ്യം വേണ്ട വിശ്വാസം ലഭിച്ചാല്‍ അവന്‌ സ്വതന്ത്രമായി കളിക്കാം. പിച്ചിനെയും ബൗളറെയും മനസ്സിലാക്കാനായാല്‍ പേടിക്കാനാലില്ല. ഒരു ബൗളര്‍ ഓവറിലെ ആറ്‌ പന്തും മനോഹരമായി എറിയില്ല. അയാള്‍ക്കും പിഴക്കാറുണ്ട്‌. ആ പിഴവാണ്‌ ഉപയോഗപ്പെടുത്തേണ്ടത്‌. ഗ്യാലറികള്‍ ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും സിക്‌സറുകളും ബൗണ്ടറികളുമാണെങ്കില്‍ ടീമിന്റെ നിലനില്‍പ്പിന്‌ അത്യാവശ്യം വിജയമാണ്‌. വ്യക്തിഗത ഗെയിമില്‍ കേന്ദ്രീകരിച്ചാണ്‌ ഏഷ്യന്‍ താരങ്ങള്‍ ഇന്നിംഗ്‌സ്‌ പ്ലാന്‍ ചെയ്യുന്നത്‌. ടീം തോറ്റാലും എനിക്ക്‌ സെഞ്ച്വറി നേടണമെന്ന ചിന്തകളെ പോസിറ്റിവായി കാണാനാവില്ല. ഓപ്പണര്‍ ബാറ്റുമായി ക്രീസില്‍ വരുമ്പോള്‍ അയാള്‍ക്ക്‌ അനുകൂലമായി വരുന്ന ഘടകം ഫീല്‍ഡിംഗ്‌ നിയന്ത്രണമാണ്‌. തുടക്കത്തില്‍ രണ്ട്‌ ഫീല്‍ഡര്‍മാരാണ്‌ സര്‍ക്കിളിന്‌ പുറത്തുണ്ടാവുക. ഈ അവസരത്തെ പ്രയോജനപ്പെടുത്തി ഒരു സെഞ്ച്വറിയങ്ങ്‌ നേടി സ്വന്തം ജോലി ഭദ്രമാക്കാം എന്ന്‌ കരുതുന്ന സ്വന്തം താല്‍പ്പര്യക്കാരുടെ സാന്നിദ്ധ്യമാണ്‌ ഏഷ്യക്ക്‌ തലവേദന. പടിഞ്ഞാറന്‍ ടീമുകളെ നോക്കുക-അവര്‍ സംഘബലത്തില്‍ വിശ്വസിക്കുന്നു. മാറ്റം ഇവിടെയാണ്‌. സൂപ്പര്‍ എട്ടിലേക്ക്‌ പോവുമ്പോള്‍ ഏഷ്യക്കാര്‍ ജാഗ്രത പാലിക്കേണ്ടത്‌ ഇവിടെയാണ്‌. 

Monday, September 24, 2012

ലങ്കന്‍ ഐ

സമചിത്തതയിലെ വിജയം
അനുഭവസമ്പത്തില്‍ ഇന്ത്യന്‍ താരങ്ങളെ വെല്ലാന്‍ ലോക ക്രിക്കറ്റില്‍ അധികമാരുമുണ്ടാവില്ല. ലോകകപ്പില്‍ ഞായറാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ഇന്ത്യ വലിയ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്‌ നാല്‌ വിക്കറ്റ്‌ നേടിയ ഹര്‍ഭജന്‍സിംഗായിരുന്നു. അനുഭവസമ്പത്തിന്റെ തിരിച്ചുവരവ്‌ എന്ന തലക്കെട്ടാണ്‌ പലരും നല്‍കിയത്‌. ടി-20 ക്രിക്കറ്റില്‍ അനുഭവസമ്പത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യപ്പേടേണ്ട വിഷയമാണ്‌. ബാറ്റ്‌സ്‌മാന്മാര്‍ ബൗളര്‍മാരെ ആക്രമിക്കുന്നത്‌ അവര്‍ എത്ര മല്‍സരം കളിച്ച സീനിയറാണ്‌ എന്ന്‌ നോക്കിയല്ല. ബൗളര്‍ക്ക്‌ പകരം പന്തുകളെ പ്രഹരിക്കുന്ന മാനസികാവസ്ഥയില്‍ ബാറ്റ്‌സ്‌മാന്മാര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അവനെ നേരിടാനുള്ള ബൗളറുടെ ആയുധം സമചിത്തതയാണ്‌. അതാണ്‌ ഹര്‍ഭജന്‍ പ്രകടിപ്പിച്ചത്‌. അല്ലാതെ അനുഭവസമ്പത്തല്ല.
ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ വ്യവസ്ഥിതികള്‍ വെച്ച്‌ ഒരാള്‍ക്ക്‌ ടീമിലിടം ലഭിച്ചാല്‍ പിന്നെ അയാള്‍ക്ക്‌ തുടരാന്‍ എളുപ്പമാണ്‌. ഒന്നോ രണ്ടോ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ചാല്‍ ആ സീസണ്‍ നിലനിര്‍ത്താം. ഓരോ സീസണിലും ഒരു സെഞ്ച്വറിയോ അഞ്ച്‌ വിക്കറ്റ്‌ നേട്ടമോ കൈവരിച്ചാല്‍ ടീമിലെ സ്ഥാനം സെയ്‌ഫാണ്‌. ഒരു തവണ അവസരം കിട്ടിയാല്‍ താരങ്ങള്‍ സെലക്ടര്‍മാരുടെയും ക്രിക്കറ്റ്‌ ബോര്‍ഡിന്റെയും കോര്‍പ്പറേറ്റുകളുടെയും വക്താവായി മാറുന്നു. അങ്ങനെ നിലനില്‍പ്പിന്റെ നീഗൂഡതകള്‍ മനസിലാക്കിയവരെയാണ്‌ നമ്മള്‍ അനുഭവസമ്പന്നരായി വാഴ്‌ത്തുന്നത്‌. ഹര്‍ഭജന്‍ കുറച്ച്‌ കാലം പുറത്തായിരുന്നു. തിരിച്ചുവരവിന്‌ അവസരം കിട്ടിയപ്പോള്‍ തിളങ്ങി. ഇനി അദ്ദേഹത്തിന്‌ തുടരാം. അശ്വിന്‍ എന്ന ബാറ്റിംഗ്‌ അറിയുന്ന സ്‌പിന്നര്‍ പുറത്താവും. വിജയിച്ച ടീമിനെ നിലനിര്‍ത്തുന്നതില്‍ ധോണിയും ടീം മാനേജ്‌മെന്റും പുലര്‍ത്തുന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി ഹര്‍ഭജന്‍ മാത്രമല്ല എല്ലാവരും തുടരും. എല്ലാവര്‍ക്കും അവസരം നല്‍കുന്ന വിശാലതയിലാണ്‌ കന്നി ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയത്‌. പ്രാഥമിക റൗണ്ടിലോ സെമിയിലോ കളിക്കാതിരുന്ന യൂസഫ്‌ പത്താന്‌ ഫൈനലില്‍ അവസരം കിട്ടി. സേവാഗ്‌ പരുക്ക്‌ കാരണം പുറത്തായതിനാല്‍ ലഭിച്ച അവസരം ശരിക്കുമങ്ങ്‌ പ്രയോജനപ്പെടുത്താന്‍ യൂസഫിനായിരുന്നില്ല. പക്ഷേ ടീം കപ്പ്‌ നേടിയതോടെ യൂസഫ്‌ ടീമിലെ സ്ഥിരക്കാരനായി. വിജയിക്കുന്ന സംഘത്തെ നിലനിര്‍ത്തിയാല്‍ മാത്രമാണ്‌ നേട്ടമെന്ന വിശ്വാസത്തില്‍ കഴമ്പില്ലെന്ന്‌ അന്ന്‌ തെളിഞ്ഞിട്ടും ഒന്ന്‌ ജഴ്‌സി മാറ്റാന്‍ പോലും ഇപ്പോള്‍ പോലും നമ്മള്‍ ധൈര്യം പ്രകടിപ്പിക്കുന്നില്ല.
ഹര്‍ഭജന്‍ എന്ത്‌ കൊണ്ട്‌്‌ അല്‍പ്പകാലം പുറത്തായി എന്ന്‌ തല്‍ക്കാലം ആരും ചിന്തിക്കുന്നില്ല. മോശം ഫോമായിരുന്നു കാരണം. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി.ടീമില്‍ തുടരണമെങ്കില്‍ കഠിനാദ്ധ്വാനം ചെയ്യണമെന്ന്‌ മനസ്സിലായി. കഠിനാദ്ധ്വാനത്തിലായിരുന്നു നാല്‌ വിക്കറ്റുകള്‍. രാജ്യത്തിനായി കളിക്കണമെങ്കില്‍ അല്‍പ്പം വിയര്‍പ്പൊഴുക്കണമെന്ന്‌ എല്ലാവരെയും ബോധ്യപ്പെടുത്തണം. ഹര്‍ഭജന്റെ സമചിത്തതക്ക്‌ കാരണം ടീമിലെ സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ്‌. എന്ന്‌ കരുതി അടുത്ത മല്‍സരത്തിലും അദ്ദേഹത്തെ കളിപ്പിക്കുന്ന വിശ്വാസത്തെ ഇല്ലാതാക്കണം. അതിന്‌ പക്ഷേ ധൈര്യമുള്ളവരായി നമ്മുടെ സംഘത്തില്‍ ആരുമില്ലതാനും.  

Sunday, September 23, 2012

ലങ്കന്‍ ഐ
കളി 10, ആവേശം 0
ലോകകപ്പില്‍ പത്ത്‌ മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുന്നു. ഈ പത്തില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു പോരാട്ടം പോലുമുണ്ടായിട്ടില്ല. അതിവേഗ ക്രിക്കറ്റിന്റെ മുഹൂര്‍ത്തങ്ങളെല്ലാം ആവേശം സമ്മാനിക്കുമ്പോള്‍ ലങ്കന്‍ എപ്പിസോഡില്‍ സവിശേഷതകളുടെ അധ്യായങ്ങളൊന്നുമില്ല. ഇന്ത്യയും അഫ്‌ഗാനിസ്ഥാനും ഓസീസും വിന്‍ഡീസും ഏറ്റുമുട്ടിയപ്പോള്‍ മാത്ര അല്‍പ്പം തീപ്പാറി. കിവി ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ മക്കലവും ഇംഗ്ലണ്ടിന്റെ റൈറ്റും അവസരങ്ങളെ പ്രയോജനപ്പെടുത്തി നടത്തിയ ഇന്നിംഗ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ വ്യക്തിഗത പ്രകടനങ്ങളുടെ കാര്യത്തിലും കൈയ്യടിക്കാന്‍ അവസരമില്ല.
പന്ത്രണ്ട്‌ ടീമുകള്‍ നാല്‌ ഗ്രൂപ്പിലായി മല്‍സരിക്കുമ്പോള്‍ ഓരോ ഗ്രൂപ്പില്‍ നിന്ന്‌ ഒരു മല്‍സരം ജയിക്കുന്നതോടെ ടീമുകള്‍ അടുത്തക ഘട്ടത്തിലെത്തുന്നു. ജയിച്ച ടീമുകളുടെ രണ്ടാം മല്‍സരത്തിന്‌ പ്രസക്തി ഒന്നുമില്ല. ഇന്ത്യ ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ അടുത്ത റൗണ്ടിലെത്തിയിരുന്നു. അതിനാല്‍ തന്നെ ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മല്‍സരഫലത്തിന്‌ പ്രസക്തിയുണ്ടായിരുന്നില്ല. ഒന്നാം റൗണ്ടിലെ വിജയ പോയന്റുകളോ റണ്‍റേറ്റോ അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നുമില്ല. ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്ന കൊളംബോയിലെയും കാന്‍ഡിയിലെയും ഹംബന്‍തോട്ടയിലെയും മൈതാനങ്ങളിലേക്ക്‌ നോക്കിയാലും ആവേശക്കുറവ്‌ പ്രകടം. ഇന്ത്യയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ ലഭിക്കുന്ന പിന്തുണ പോലും ലോകകപ്പിനില്ല. ഇന്നലെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ട സമയത്ത്‌ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ പോലും ലോകകപ്പ്‌ പിറകിലായി. അതേ സമയത്ത്‌ തന്നെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ നടന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയുമെല്ലാം സൂപ്പര്‍ പോരാട്ടങ്ങള്‍ക്കായിരുന്നു കൂടുതല്‍ ആളുകള്‍. 27 മുതലാണ്‌ സൂപ്പര്‍ എട്ട്‌ മല്‍സരങ്ങള്‍ തുടങ്ങുന്നത്‌. ക്രിക്കറ്റിന്റെ ജനപ്രീതിക്കായി രൂപം നല്‍കിയ കുട്ടി ക്രിക്കറ്റിന്റെ ഈ അവസ്ഥക്ക്‌ കാരണക്കാര്‍ മറ്റാരുമല്ല. ഗെയിമിനെ ഭരിക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ തന്നെ. അവര്‍ക്ക്‌ അല്‍പ്പം പണമുണ്ടാക്കണം. അതിനായി ദിവസങ്ങള്‍ ദീര്‍ഗിക്കുന്ന ഷെഡ്യൂളുകള്‍ തയ്യാറാക്കുന്നു. ഈ കളിയെല്ലാം ആര്‍ക്ക്‌ വേണ്ടിയാണെന്ന്‌ ചോദിക്കരുത്‌. ചോദിച്ചാലും എഴുതിയാലും വിലക്കിന്റെ കാലമാണിപ്പോള്‍. 

Wednesday, September 19, 2012

മാര്‍ക്ക്‌ അഫ്‌ഗാന്‌

ലങ്കന്‍ ഐ
മാര്‍ക്ക്‌ അഫ്‌ഗാന്‌
ഉസൈന്‍ ബോള്‍ട്ടിനൊപ്പം ഒരു ഇന്ത്യന്‍ താരം ഓടിയാല്‍ സംഭവിക്കുന്നത്‌ എന്തായിരിക്കുമെന്ന്‌ എല്ലാവര്‍ക്കുമറിയാം. അത്‌ പോലെയാണ്‌ ടി-20 ക്രിക്കറ്റില്‍ ഇന്ത്യ അഫ്‌ഗാനുമായി കളിക്കുന്നത്‌. എന്താണ്‌ സംഭവിക്കുക എന്ന്‌ എല്ലാവര്‍ക്കുമറിയുമ്പോള്‍ എന്താണ്‌ മല്‍സരം നല്‍കുന്ന താല്‍പ്പര്യം...? അഫ്‌ഗാനികള്‍ പോരാട്ടവീര്യക്കാരാണ്‌, പത്താന്‍ രക്തമുള്ളവരാണ്‌, എളുപ്പം കീഴടങ്ങുന്നവരല്ല എന്നെല്ലാം വേണമെങ്കില്‍ പത്രഭാഷയില്‍ വിശാലമായി എഴുതാം. അതിലൊന്നും കാര്യമില്ല. ലോകകപ്പ്‌ എന്ന്‌ വിളിച്ചിട്ട്‌ ഇത്തരത്തില്‍ ഏകപക്ഷീയമായ മല്‍സരം പ്ലാന്‍ ചെയ്‌തവര്‍ ക്രിക്കറ്റിനെയാണ്‌ ഇല്ലാതാക്കുന്നത്‌. പൂച്ചക്ക്‌ മുന്നിലേക്ക്‌ എലിയെ എറിഞ്ഞ്‌ കൊടുക്കുന്ന ലാഘവത്തിലാണ്‌ ഐ.സി.സി മല്‍സര ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്‌. ഇന്റര്‍കോണ്‍ടിനെന്റല്‍ കപ്പിലും ലോക ക്രിക്കറ്റ്‌ ലീഗിലും കളിച്ചവരാണ്‌ അഫ്‌ഗാനികള്‍ എന്ന്‌ പറയുന്നവര്‍ സ്വന്തം ന്യായത്തെ സാധൂകരിക്കാന്‍ പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനില്‍ നടന്ന ടി-20 ചാമ്പ്യന്‍ഷിപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ വിജയിച്ചവരാണെന്നും പറയുന്നുണ്ട്‌. നമുക്ക്‌ നമ്മുടെ ന്യായത്തെ വിസ്‌തരിക്കാന്‍ കാരണങ്ങള്‍ നിരത്താന്‍ എളുപ്പമാണ്‌.
ലോകകപ്പ്‌ എന്ന്‌ ഒരു ചാമ്പ്യന്‍ഷിപ്പിനെ വിളിക്കുമ്പോള്‍ അതിന്‌ ലോകമാനമുണ്ട്‌. ഫിഫ ലോകകപ്പില്‍ കളിക്കുന്നവര്‍ 208 അംഗ രാജ്യങ്ങളിലെ ഏറ്റവും മികച്ച 32 പേരാണ്‌. വിവിധ യോഗ്യതാ ഘട്ടങ്ങളിലുടെ കടന്നുവരുന്നവര്‍. ക്രിക്കറ്റ്‌ എന്ന ഗെയിമിന്‌ വിലാസമുള്ളത്‌ അല്‍പ്പം ചില ദരിദ്ര രാജ്യങ്ങളിലാണ്‌. ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ മല്‍സര ഇനമാക്കിയപ്പോള്‍ മല്‍സരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയി. വലിയ സ്‌റ്റേഡിയത്തില്‍ ആകെ മൂന്ന്‌ പേര്‍. മൂവരും ക്രിക്കറ്റിനെ അറിയാത്തവര്‍. പുതിയ ഗെയിമിനെ അറിയാനുള്ള കൗതുകത്തില്‍ വന്നവര്‍ക്ക്‌ ക്രിക്കറ്റിനെ ഭരിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ എന്ന സംഘടനയെ പോലുമറിയില്ല. അഫ്‌ഗാനിസ്ഥാന്‍ ടീമില്‍ കളിക്കുന്നവരെക്കുറിച്ച്‌ അധികമാര്‍ക്കുമറിയില്ല. മുഹമ്മദ്‌ നബി, മുഹമ്മദ്‌ ഷഹസാദ്‌ തുടങ്ങിയവരെല്ലാം അവരുടെ തലത്തില്‍ മിടുക്കരാണ്‌. ട്രിനിഡാഡില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലെ കേമനായിരുന്നു നബീ, ഓസ്‌ട്രേലിയക്കെതിരെ നടന്ന മല്‍സരത്തില്‍ ഈ ഓഫ്‌ സ്‌പിന്നര്‍ നാല്‌ സിക്‌സറുകളും പായിച്ചിട്ടുണ്ട്‌. മൂന്ന്‌ സെഞ്ച്വറികളും ആറ്‌ അര്‍ദ്ദ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുളള ഷഹസാദിനെയും കേമന്‍പട്ടികയില്‍ വേണമെങ്കില്‍ ഉള്‍പ്പെടുത്താം. പക്ഷേ നമ്മുടെ ധോണി, സേവാഗ്‌, സഹീര്‍, ഇര്‍ഫാന്‍ തുടങ്ങിയവരെയുമായി താരതമ്യം ചെയ്‌താല്‍ അഫ്‌ഗാനികള്‍ ശിശുക്കളല്ല പൈതങ്ങളാണ്‌.... അവര്‍ക്കെതിരെ കളിച്ചതും ഇങ്ങനെ വിജയിച്ചതിലും എന്ത്‌ കാര്യം...? അടിവീരന്മാരായ സേവാഗിനയും യുവരാജിനെയുമെല്ലാം ചെറിയ സ്‌ക്കോറിന്‌ പുറത്താക്കിയ അഫ്‌ഗാനാണ്‌ മാര്‍ക്ക്‌.വിരാത്‌ കോഹ്‌ലി ഒഴികെ ഇന്ത്യയുടെ ആരും ഫിഫ്‌റ്റി പോലും നേടിയില്ല. 

Saturday, September 15, 2012

മണ്ടന്മാരെ..... ലോകം ഇതെല്ലാം കാണുന്നുണ്ട്‌....


തേര്‍ഡ്‌ ഐ
മണ്ടന്മാരെ..... ലോകം ഇതെല്ലാം കാണുന്നുണ്ട്‌....
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും തെറ്റുകള്‍ തിരുത്താനും വേണ്ടത്‌ സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ്‌. പക്ഷേ നമ്മുടെ ജനാധിപത്യത്തില്‍ അതാര്‍ക്കുമില്ല. ഒന്ന്‌ വിമര്‍ശിച്ചാല്‍ അത്‌ പ്രതികാര ബുദ്ധിയോടെ കാണുന്നവരാണ്‌ എല്ലാവരും. സത്യം തുറന്ന്‌ പറയുന്നവര്‍ക്ക്‌ കല്ലേറും സുഖിപ്പിക്കുന്നവര്‍ക്ക്‌ പൂച്ചെണ്ടുമാണ്‌ ഇവിടെ ലഭിക്കുന്നത്‌.ഹര്‍ഷാ ഭോഗ്‌ലെ നല്ല കളി നിരൂപകനാണ്‌. മികച്ച ഭാഷയും ശൈലിയും എല്ലാത്തിനുമുപരി വിജയപരാജയങ്ങളില്‍ കാര്യകാരണങ്ങളെ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിക്കുന്ന വ്യക്തി. സസൂക്ഷ്‌മ നിരീക്ഷണപാടവത്തില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്താന്‍ എങ്ങനെ കഴിയുന്നു എന്ന്‌ 2011 ലെ ലോകകപ്പ്‌ ഫൈനല്‍ വേളയില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ കണ്ടപ്പോള്‍ ചോദിച്ചു. വലിയ തിരക്കിലും പത്ത്‌ മിനുട്ടോളം അദ്ദേഹം കളി പറയുന്നതിലെ കെമിസ്‌ട്രി വിവരിച്ച്‌ തന്നു. ലണ്ടന്‍ ഒളിംപിക്‌സിനിടെ ചാരുശര്‍മ എന്ന കമന്റേറ്ററുമായി പലവട്ടം സംസാരിച്ചപ്പോള്‍ ഭോഗ്‌ലെയുടെ ശൈലിയും സംസാരവിഷയമായിരുന്നു. കളിയെ പഠിക്കുന്നതില്‍ കളിക്കാരനല്ലാത്ത ഒരാള്‍ പ്രകടിപ്പിക്കുന്ന കരുത്തിന്‌ പിറകില്‍ ശക്തമായ ഹോംവര്‍ക്കാണെന്നായിരുന്നു ചാരുവിന്റെ നിഗമനം. നിലവില്‍ നമ്മുടെ കളിപറയല്‍ സംഘത്തിലെ പ്രമുഖരെല്ലാം രാജ്യത്തിന്‌ വേണ്ടി കളിച്ചവരാണ്‌. സുനില്‍ ഗവാസ്‌ക്കറും രവിശാസ്‌ത്രിയും സജ്ഞയ്‌ മഞ്ച്‌രേക്കറും സൗരവ്‌ ഗാംഗുലിയും നാസര്‍ ഹുസൈനും ടോണി ക്രെയിഗും ജെഫ്‌ ബോയ്‌ക്കോട്ടും ഇയാന്‍ ചാപ്പലുമെല്ലാം കളിയെ അറിഞ്ഞ്‌ കളി പറയുന്നവരാണ്‌. പക്ഷേ കളിയിലെ സാങ്കേതികതയെയും അനുഭവസമ്പത്തിനെയും വര്‍ണിച്ചുളള ഗവാസ്‌ക്കറിന്റെ ശൈലിയെക്കാള്‍ കളിക്കാരുടെ മന:ശാസ്‌ത്രത്തെ അപഗ്രഥിച്ചുള്ള ഭോഗ്‌ലെയുടെ ശൈലിക്കാണ്‌ കൈയ്യടി. കളിക്കാരെ വാഴ്‌ത്താം. അവരുടെ മികവിനെ പര്‍വതീകരിക്കാം. തുടക്കത്തില്‍ ഭോഗ്‌ലെ അവലംബിച്ചത്‌ ഈ ശൈലിയായിരുന്നെങ്കില്‍ പിന്നീട്‌ അദ്ദേഹം കര്‍ക്കശമായ വിമര്‍ശനത്തിലൂടെ കളി പറയല്‍ കാര്യകാരണങ്ങളുടെ പോസ്‌റ്റ്‌മോര്‍ട്ടമാണെന്ന്‌ തെളിയിച്ചിരുന്നു. അതിനിതാ അദ്ദേഹം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ഭരിക്കുന്ന ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഭോഗ്‌ലെയെ തടയാനായി പുതിയ നിയമം കൊണ്ടുവരുകയാണ്‌. ടെസ്റ്റ്‌ കളിക്കാത്തവര്‍ കളി പറയേണ്ടെന്നാണ്‌ ശരത്‌ പവാര്‍ സംഘത്തിന്റെ തീരുമാനം. രാജ്യത്തിന്‌ വേണ്ടി കളിച്ചവര്‍ മാത്രം കളി പറഞ്ഞാല്‍ മതിയെന്ന ശുദ്ധവിഡ്ഡിത്തം നടപ്പാക്കാന്‍ പോവുന്ന ക്രിക്കറ്റ്‌ ബോര്‍ഡുകാര്‍ മറ്റ്‌ കായിക സംഘടനകളിലെ മണ്ടന്മാരെ പോലെ പെരുമാറുന്നതില്‍ അല്‍ഭുതമില്ല. ഒളിംപിക്‌സ്‌ വേളയില്‍ കണ്ടില്ലേ-ടീമിന്റെ മാര്‍ച്ച്‌ പാസ്‌റ്റില്‍ ഒരു സുന്ദരി....ഫുട്‌ബോള്‍ അധിപന്മാരുടെ ധാരണ വിദേശ കോച്ച്‌ വന്നാല്‍ നമ്മുടെ ഫുട്‌ബോള്‍ രക്ഷപ്പെടുമെന്നാണ്‌. വിഡ്ഡികളുടെ സ്വര്‍ഗത്തില്‍ കഴിയുന്നവരായി നമ്മുടെ അസോസിയേഷനുകാര്‍ മാറുമ്പോള്‍ ലോക മാധ്യമങ്ങള്‍ അവരെ പരിഹസിച്ച്‌ ഇല്ലാതാക്കുന്നത്‌ അധികമാരുമറിയുന്നില്ല. ലണ്ടനിലെ സുന്ദരി വിവാദത്തില്‍ ബി.ബി.സിക്കാര്‍ ഇന്ത്യയെ പരിഹസിച്ചത്‌ സുന്ദരിമാര്‍ ഇന്ത്യയുടെ ബലഹീനതയാണെന്നാണ്‌. ഒളിംപിക്‌സില്‍ സ്വര്‍ണം കിട്ടാതെ വന്നപ്പോള്‍ ഡെയ്‌ലി മിറര്‍ പരിഹസിച്ചത്‌ ഇന്ത്യക്ക്‌ സുന്ദരിയെ കിട്ടിയെന്നാണ്‌. ഇപ്പോഴിതാ കളി പറയാന്‍ പുതിയ മാനദണ്ഡം കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ശത്രുക്കള്‍ മതിമറന്ന്‌ ചിരിക്കും.
എന്തിനാണിങ്ങനെ എല്ലാവര്‍ക്കും ചിരിക്കാന്‍ അവസരമൊരുക്കുന്നത്‌ ...? നാളെ ശ്രീലങ്കയില്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിയുന്ന ജഴ്‌സി അവസാന നിമിഷം മാറ്റി. കാരണം തേടിയപ്പോള്‍ ദേശീയ പതാകയുടെ ചിത്രമുളള ജഴ്‌സിയില്‍ ഭാഗ്യമില്ലെന്നായിരുന്നു മറുപടി. ഏകദിന ലോകകപ്പ്‌ നേടിയപ്പോള്‍ അണിഞ്ഞിരുന്ന ജഴ്‌സി തന്നെയാണ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. ശുദ്ധമായ അന്ധവിശ്വാസം എന്നല്ലാതെ എന്ത്‌ പറയാന്‍ ഇതിനെയെല്ലാം.... കളി പറയാനും കളിയെ അപഗ്രഥിക്കാനും പുതിയ യോഗ്യത വേണ്ട. യുവരാജിനെ ഇന്ത്യന്‍ ടീമിലേക്ക്‌ എടുത്തതിനെയും ഡി.ആര്‍.എസ്‌ നിയമത്തെയും ഭോഗ്‌ലെ കാര്യമായി വിമര്‍ശിച്ചിരുന്നു. ഗവാസ്‌ക്കര്‍ ഉള്‍പ്പെടെയുളളവര്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ ഉന്നതരെ വാഴ്‌ത്തുമൊഴികളില്‍ മൂടി സ്വന്തം കസേരകളും പണക്കിഴിയും ഉറപ്പിക്കുമ്പോള്‍ അധികാരികളുടെ കൊള്ളരുതായ്‌മകളെ തുറന്ന്‌ കാണിച്ചതിനാണ്‌ ഭോഗ്‌ലെക്ക്‌ ശിക്ഷ.
ഞങ്ങള്‍ വിചാരിച്ചാല്‍ എന്തുമാവുമെന്നത്‌ അസോസിയേഷന്‍കാരുടെ അഹങ്കാരമാണ്‌. ഇതവസാനിപ്പിക്കാന്‍ വേണ്ടത്‌ അജയ്‌ മാക്കനെ പോലെ ശക്തനായ കായിക മന്ത്രിക്ക്‌ പിന്തുണ നല്‍കലാണ്‌. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന വിഭാവനം ചെയ്യുമ്പോള്‍ അതിനെ തടയാന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ അവകാശമില്ല. ഓശാന പാടുന്നവര്‍ക്ക്‌ മാത്രം കസേര ഇടുന്ന നടപടിക്കെതിരെ പ്രതികരിക്കാന്‍ കപില്‍ദേവിനെ പോലെ ചിലര്‍ മാത്രമാണ്‌ തയ്യാറാവുക. അവരെ പക്ഷേ അധികാരികള്‍ വിലക്കെടുക്കുകയുമില്ല. വലിയ വാക്കുകളില്‍ കളിയെ വിലയിരുത്തുന്ന ഗവാസ്‌ക്കറിനെ പോലുള്ളവര്‍ പുതിയ സംഭവവികാസങ്ങളില്‍ ഒരക്ഷരം ഉരിയാടില്ല. അവര്‍ക്കാണ്‌ നിലനില്‍പ്പും. ഭോഗ്‌ലെയുടെ വാക്കുകളില്‍, പിന്തുണയില്‍ വളര്‍ന്നവരാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ളവര്‍. പക്ഷേ അവരും മിണ്ടില്ല...... രാജ്യസഭാഗംമായ സച്ചിന്‌ വേണമെങ്കില്‍ ഇടപെടാം. പല വിഷയങ്ങളിലും ശുദ്ധമായ മൗനം ആയുധമാക്കാറുളള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്‌ ഭോഗ്‌്‌ലെയെക്കാള്‍ പ്രധാനം ശരത്‌ പവാറാണ്‌. അതിനാല്‍ ഒരു ഇടപെടല്‍ പ്രതീക്ഷിക്കേണ്ടതില്ല. നിലനില്‍പ്പിന്റെ തുലാസില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ടത്‌ അധികാരികളെയാണ്‌. അത്‌ കൊണ്ടാണ്‌ എപ്പോഴും അവര്‍ വിജയിക്കുന്നതും.....

Wednesday, September 12, 2012

കായികവികസനത്തിലെ എമര്‍ജിംഗ്‌ വിവാദം


കായികവികസനത്തിലെ എമര്‍ജിംഗ്‌ വിവാദം

വിവാദങ്ങളുടെ വിളനിലമാണ്‌ കേരളം. വികസനത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കുന്നു. കാര്യകാരണങ്ങളുടെ വിളംബരവുമായി മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വാചാലാരാവുന്നവര്‍ക്ക്‌ മുന്നില്‍ ക്യാമറാകണ്ണുകള്‍ മടിയില്ലാതെ തുറക്കപ്പെടുമ്പോള്‍ ചര്‍ച്ചാ മല്‍സരങ്ങളില്‍ വികസനത്തിന്‌ രാഷ്ട്രീയ നിറമാണ്‌. സമരങ്ങളും പ്രതിഷേധങ്ങളും മാത്രം തഴച്ച്‌ വളരുന്ന നമ്മുടെ നാട്ടില്‍ ഇന്ന്‌ എമര്‍ജിംഗ്‌ കേരളയുടെ വാതില്‍ തുറക്കുകയാണ്‌. കായികദിശയില്‍ ചിന്തിക്കുമ്പോള്‍ വികസനമെന്നത്‌ ചര്‍ച്ചകളില്‍ മാത്രമുയരുന്ന പൊടിപടലമാണ്‌. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസുമെല്ലാം വരുമ്പോള്‍ ചര്‍ച്ചകളുടെ മാലപ്പടക്കത്തിന്‌ തീ കൊടുക്കുന്നവര്‍ അതേ വേഗതയില്‍ എല്ലാം മറക്കും. ക്രിയാത്മകമായ ചര്‍്‌ച്ചകളും ഫലപ്രദമായ നടപടികളും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഫുട്‌ബോളിലും ഹോക്കിയിലും പിന്നെ സ്വന്തം ഗെയിമുകളായ ബോക്‌സിഗ്‌, ഗുസ്‌തി മല്‍സരങ്ങളിലൊന്നും പിറകോട്ട്‌ പോവുമായിരുന്നില്ല. പ്രതിയോഗിയെ കാലുവലിച്ച്‌ വീഴ്‌ത്തുന്ന കബഡിയിലെ മികവ്‌ പോലെയാണ്‌ കായികരംഗത്ത്‌ നടക്കുന്ന രാഷ്ട്രീയ കുതികാല്‍വെട്ട്‌.
കേരളം ആതിഥേയത്വം വഹിക്കേണ്ട ദേശീയ ഗെയിംസിന്റെ ഭാവി എന്താണെന്ന്‌ ചോദിച്ചാല്‍ സംസാരപ്രിയനായ, അവകാശ തല്‍പ്പരനായ സ്‌പോര്‍ട്‌സ്‌ മന്ത്രി പലതും പറയും. സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ അവരുടെ വഴിക്കും സംസാരിക്കും. വിവിധ അസോസിയേഷന്‍ മേധാവികള്‍ അവരുടെ വഴിക്കും സഞ്ചരിക്കും. പ്രഖ്യാപന കാര്യങ്ങളില്‍ മന്ത്രിമാരെക്കാള്‍ ഗതിവേഗത്തില്‍ ബഹുദൂരം സഞ്ചരിക്കുന്നവരാണ്‌ അസോസിയേഷന്‍ മേധാവികള്‍. ലണ്ടന്‍ ഒളിംപിക്‌സിന്‌ മുമ്പും ശേഷവും നടന്ന കായിക ചര്‍ച്ചകളില്‍ പലവുരു പങ്കെടുത്തപ്പോള്‍ കായിക കരുത്ത്‌ തെളിയിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യപ്‌തത അകറ്റണമെന്ന വാദമാണ്‌ ഉയര്‍ന്നത്‌. കായിക വിദഗ്‌ദ്ധര്‍ മാത്രമല്ല കായിക രംഗത്ത്‌ സ്ഥിരക്കാരായ രാഷ്‌ട്രീയക്കാരും ഇത്‌ തന്നെ പറഞ്ഞു. പക്ഷേ കായിക വികസനം സാധ്യമാവാന്‍ പുതിയ പദ്ധതികളുടെ രൂപരേഖയുമായി എമര്‍ജിംഗ്‌ കേരള പോലുള്ള വഴികളില്‍ വരുന്നവരെ വിവാദകുരുക്കിലേക്ക്‌ നമ്മള്‍ തന്നെ എത്തിക്കുന്നു. കായിക സര്‍വകലാശാലയെന്ന്‌ അറിയപ്പെട്ടിരുന്ന കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ്‌ സമുച്ചയം തുടങ്ങാനുളള നീക്കത്തെ രാഷ്‌ട്രീയക്കാരുടെ ചര്‍ച്ച പോസ്‌റ്റ്‌മോര്‍ട്ടങ്ങള്‍ക്ക്‌ വലിച്ചെറിഞ്ഞ്‌ കൊടുത്തത്‌ കലാശാലാ ഭരണസമിതിക്കാരില്‍ ഒരാളായിരുന്നു. പിന്നെ നടന്നത്‌ മാധ്യമ-രാഷ്‌ട്രീയ വിചാരണയാണ്‌. അതോടെ എല്ലാം അവസാനിച്ചു. എമര്‍ജിംഗ്‌ കേരളയിലുടെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനും കോഴിക്കോട്ട്‌ പുതിയ സ്‌റ്റേഡിയത്തിനുമെല്ലാം പുതിയ മുഖം വരാനുളള സാധ്യതകളെ പലരും കല്ലെറിഞ്ഞ്‌ ഇല്ലാതാക്കുന്നു. ഇവര്‍ തന്നെ വികസനത്തെക്കുറിച്ച്‌ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു.
ആന്‍ഡി മുറെ എന്ന ബ്രിട്ടിഷുകാരന്‍ ഇന്നലെ യു.എസ്‌ ഓപ്പണ്‍ ടെന്നിസില്‍ കിരീടം സ്വന്തമാക്കി. ഒരു മാസം മുമ്പ്‌ വിംബിള്‍ഡണ്‍ മൈതാനത്ത്‌ ഒളിംപിക്‌സ്‌ ടെന്നിസിലെ ഫൈനലില്‍ മുറെ സ്വിസ്‌ സൂപ്പര്‍താരം റോജര്‍ ഫെഡ്‌ററെ തോല്‍പ്പിച്ച മഹൂര്‍ത്തതിന്‌ സാക്ഷിയായിരുന്നു. മല്‍സരശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസരിക്കവെ മുറെ പറഞ്ഞ ഒരു വാചകം ഇവിടെ കുറിക്കുന്നു-എന്റെ നാടും നാട്ടുകാരും നല്‍കുന്ന വലിയ പിന്തുണയാണ്‌ ഈ നേട്ടത്തിന്റെ ഊര്‍ജ്ജം. ബ്രിട്ടീഷുകാരന്‍ കായികമായി ചിന്തിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയുള്ള തുടക്കത്തിലും രാഷ്‌ട്രീയാതിപ്രസരമില്ലാത്ത വഴിയിലും വിവാദങ്ങളെ വളരാനുള്ള വഴികളടച്ചും സഞ്ചരിക്കുമ്പോള്‍ നമ്മള്‍ കുറ്റങ്ങളും കുറവുകളെയും തപ്പിപിടിച്ച്‌ പുകയിടുന്നു. കുതികാല്‍വെട്ടിലും പാര പണിയുന്നതിലും കബഡിയുടെ നാട്ടുകാരായ നമ്മള്‍ മുന്നേറുന്നത്‌ ലജ്ജാകരമാണ്‌. വികസനം വരട്ടെ-അതിനെ തടയാതിരിക്കുക. കളിക്കളങ്ങളുണ്ടായാലാണ്‌ കളിക്കാരുണ്ടാവുക. കളിക്കാരുണ്ടാവുമ്പോഴാണ്‌ രാജ്യത്തെ നാലാളറിയുക. വലിയ മേളകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോവുമ്പോള്‍ ഇന്ത്യക്കാരെ പരിഹാസത്തോടെ നോക്കുന്ന വിദേശ മാധ്യമ പ്രവര്‍ത്തകരെ ഇവിടുത്തെ രാഷ്‌ട്രീയക്കാരും അസോസിയേഷന്‍കാരും കാണുന്നില്ല. പരിഹാസത്തേക്കാള്‍ വലിയ ശിക്ഷയില്ല എന്ന തിരിച്ചറിവിലാണ്‌ ഈ കുറിപ്പ്‌......

Tuesday, September 11, 2012

അറിയുമോ ഈ മനുഷ്യനെ...


അറിയുമോ ഈ മനുഷ്യനെ...
ധ്യാന്‍ചന്ദ്‌, പി.ടി ഉഷ, മില്‍ഖാ സിംഗ്‌, ലിയാന്‍ഡര്‍ പെയ്‌സ്‌, കര്‍ണം മല്ലേശ്വരി, രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍, അഭിനവ്‌ ബിന്ദ്ര തുടങ്ങിയ നാമങ്ങളൊക്കെ ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ വെളളിത്തെളിച്ചത്തില്‍ കാണാം. ഒളിംപിക്‌സ്‌ പ്രസ്ഥാനത്തിന്റെ അവിഭാജ്യഘടകമായ ഇന്ത്യയുടെ ഏറ്റവും മികച്ച പത്ത്‌ ഒളിംപിക്‌ നേട്ടങ്ങള്‍ പരിശോധിക്കാന്‍ കായിക വിദഗ്‌ദ്ധരോട്‌ പറഞ്ഞാല്‍ അതില്‍ ആദ്യം വരുക അഭിനവ്‌ ബിന്ദ്രയുടെ ബെയ്‌ജിംഗ്‌ സ്വര്‍ണമായിരിക്കും. വലിയ മേളയില്‍ വ്യക്തഗതമായി ഇന്ത്യക്ക്‌ ലഭിക്കുന്ന ആദ്യ സ്വര്‍ണം. അഭിനവ്‌ സ്വര്‍ണം മാറോട്‌ ചേര്‍ത്ത ആ മുഹൂര്‍ത്തം കാണാത്തവരുണ്ടാവില്ല. 1936 ലെ ബെര്‍ലിന്‍ ഒളിംപിക്‌സില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറെ സാക്ഷിയാക്കി തന്റെ മുപ്പത്തിയൊന്നാം വയസ്സില്‍ രാജ്യത്തിന്‌ സ്വര്‍ണം സമ്മാനിച്ച്‌ ഹോക്കിയോട്‌ വിടപറഞ്ഞ ധ്യാന്‍ചന്ദ്‌. വാംഅപ്പ്‌ മല്‍സരത്തില്‍ ജര്‍മനിയോട്‌ പരാജയപ്പെട്ട്‌ തുടങ്ങിയ ഇന്ത്യ അതേ ജര്‍മനിയെ 8-1 ന്‌ തകര്‍ത്തും ഫൈനലില്‍ ധ്യാന്‍ചന്ദിന്റെ പല്ല്‌ ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ തല്ലിക്കൊഴിച്ചതും അതിന്‌ പ്രതികാരമായി കടുത്ത ആക്രമണവുമായി ധ്യാന്‍ ഗോള്‍വേട്ട നടത്തിയതും നമ്മുടെ ഒളിംപിക്‌സ്‌ ചരിത്രത്തിലെ പാടിപതിഞ്ഞ വീരഗാഥയാണ്‌. 2004 ല്‍ ഏതന്‍സില്‍ വീണ്ടും ഒളിംപിക്‌സ്‌ വിരുന്നെത്തിയപ്പോള്‍ അധികമാരുമറിയാത്ത രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍ എന്ന മിലിട്ടറിക്കാരന്‍ ഡബിള്‍ ട്രാപ്പില്‍ വെള്ളി മെഡല്‍ വെടിവെച്ചിട്ടത്‌ വിസ്‌മയമായിരുന്നു. 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ ആന്ദ്രെ അഗാസിയെ പോലെ ഒരു സൂപ്പര്‍ താരത്തെ ലിയാന്‍ഡര്‍ പെയ്‌സ്‌ എന്ന ഇന്ത്യക്കാരന്‍ വിറപ്പിച്ച കാഴ്‌ച്ചയും ആരും മറക്കില്ല. പെയ്‌സിന്റെ ആ വൈങ്കലത്തിന്‌ സ്വര്‍ണത്തോളം കരുത്തുണ്ടായിരുന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ബോക്‌സിംഗ്‌ റിംഗില്‍ വിജേന്ദറും സൂശീലും സ്വന്തമാക്കിയ വെങ്കലവും വലിയ നേട്ടമായിരുന്നു. (സൂശീലിനെ നമുക്കറിയാം, ഇന്ത്യക്ക്‌ ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച ഗുസ്‌തിക്കാരന്‍ കെ.ഡി യാദവിനെ ആര്‍ക്കുമറിയില്ല). സിഡ്‌നിയില്‍ 2000 ത്തില്‍ കര്‍ണം മല്ലേശ്വരി ഭാരമുയര്‍ത്തി നേടിയ വെങ്കലത്തിനും 1960 ലെ റോം ഒളിംപിക്‌സില്‍ മില്‍ഖാസിംഗ്‌ 400 മീറ്ററില്‍ നേടിയ നാലാം സ്ഥാനവും ഉഷയുടെ ലോസാഞ്ചലസ്‌ നഷ്ടവും നാട്ടില്‍പ്പാട്ടാണ്‌.
മേല്‍പ്പറഞ്ഞ അതേ വിസ്‌മയതയില്‍ നമ്മുടെ വീരഗാഥകളില്‍ നായകാനാവേണ്ട ഒരാളായിരുന്നു നെവില്‍ ഡീസൂസ. നെവില്‍ ഡീസൂസയെ അറിയുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രിയര്‍ കുറവായിരിക്കും. ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ ആദ്യമായി ഹാട്രിക്‌ സ്വന്തമാക്കിയ ഏഷ്യക്കാരന്‍. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സ്‌ ക്വാര്‍ട്ടറില്‍ ആതിഥേയരായ ഓസ്‌ട്രേലിയയെ തകര്‍ത്ത്‌ 4-2 ന്റെ മഹത്തായ വിജയം നേടിയ സംഘത്തിലെ ശക്തന്‍. സെമിഫൈനലില്‍ യുഗോസ്ലാവ്യയോട്‌ 1-4 ന്‌ പരാജയപ്പെട്ട ടീം പിന്നീട്‌ ലൂസേഴ്‌സ്‌ ഫൈനലില്‍ യൂഗോസ്ലാവ്യയോടും (0-3) തോറ്റാണ്‌ നാലാമന്മാരായത്‌. പിന്നീടൊരിക്കലും ഇന്ത്യ ഫുട്‌ബോളില്‍ ഈ ഉയരത്തിലെത്തിയിട്ടില്ല.
അന്ന്‌ ഇന്ത്യയോട്‌ തോറ്റതിന്‌ ശേഷം ഓസ്‌ട്രേലിയക്കാര്‍ നടത്തിയ നായാട്ട്‌ അധികമാരുമറിഞ്ഞിരുന്നില്ല. സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ഇന്ത്യയെ പോലെ ഒരു ടീമിനോടേറ്റ തോല്‍വിയില്‍ അവര്‍ കൊലവിളി നടത്തുകയായിരുന്നു. ഓസീസ്‌ പ്രതിരോധത്തെ പിച്ചിചീന്തി നെവിന്‍ ഡീസൂസ മൂന്ന്‌ സുന്ദരമായ ഗോളുകള്‍ നേടിയതും കോഴിക്കോട്ടുകാരന്‍ റഹ്‌മാന്‍ കാത്ത ഇന്ത്യന്‍ ഡിഫന്‍സ്‌ പാറ പോലെ ഉറച്ചുനിന്നതുമൊന്നും ഓസീസ്‌ പത്രങ്ങള്‍ പോലും വാര്‍ത്തയാക്കിയില്ല. ഒളിംപിക്‌സ്‌ കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യയെ വെല്ലുവിളിച്ചു. സിഡ്‌നിയില്‍ ഒരു മല്‍സരം കളിക്കാന്‍ തയ്യാറുണ്ടോയെന്നും പത്ത്‌ ഗോളിനെങ്കിലും തോല്‍പ്പിക്കാമെന്നുമുള്ള ഭീഷണി. പക്ഷേ ടീമിന്റെ മാന്യനായ കോച്ച്‌ എസ്‌.എ റഹീം ചിരിച്ച്‌ കൊണ്ട്‌ വെല്ലുവിളിച്ചവരെ നേരിട്ടു.
നെവില്‍ നേടിയ ഒളിംപിക്‌ ഗോളുകളുടെ മഹത്തരം അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ പറഞ്ഞ്‌ മാത്രമേ അറിവുള്ളു. ഇന്ന്‌ നമ്മള്‍ ആസ്വദിക്കുന്ന ലയണല്‍ മെസിയെ പോലും തോല്‍പ്പിക്കുന്ന മെയ്‌ വഴക്കത്തിലായിരുന്നത്രെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ നാല്‌ ഗോളുകള്‍ മുംബൈക്കാരന്‍ സ്‌ക്കോര്‍ ചെയ്‌തത്‌. മെല്‍ബണിലെ ടോപ്‌ സ്‌ക്കോററും മറ്റാരുമായിരുന്നില്ല. ടെലിവിഷന്‍ കവറേജ്‌ ഒന്നുമില്ലാത്ത മേളയായിരുന്നതിനാല്‍ ഇന്ത്യക്കും ലോകത്തിനും നഷ്‌ടമായത്‌ മനോഹരമായ കാഴ്‌ച്ചകളായിരുന്നു. 56 ല്‍ നിന്നും അരനൂറ്റാണ്ടിലധികം പിന്നിടുമ്പോള്‍ നെവിലിനെ ചിലരെങ്കിലും ഓര്‍ക്കുന്നത്‌ ഫുട്‌ബോള്‍ ക്വിസ്‌ മല്‍സരങ്ങളിലൂടെയാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളിലും നെവില്‍ ചിലപ്പോള്‍ കടന്നുവരുന്നു.
56 ന്‌ ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ എവിടെയെത്തി, ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ എവിടെയെത്തി...? ഓസ്‌ട്രേലിയ ഇന്ന്‌ ഏഷ്യയില്‍ ഒന്നാമന്മാരാണ്‌. (ഓഷ്യാന മേഖലാ ടീമാണെങ്കിലും അവര്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ അംഗമാണിപ്പോള്‍) നിരവധി ഓസീസ്‌ താരങ്ങള്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നു. ഫിഫയുടെ ലോക റാങ്കിംഗില്‍ ആദ്യ 25 ല്‍ വരുന്ന ഓസീസുകാരോട്‌ ഇന്ത്യ കളിച്ചാല്‍ ഡസന്‍ കണക്കിന്‌ ഗോളുകള്‍ വാങ്ങും.( 2011 ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയപ്പോള്‍ കണ്ടിരുന്നു ഇന്ത്യ-ഓസ്‌ട്രേലിയ ഫുട്‌ബോള്‍ അന്തരം)
ലണ്ടനില്‍ ഫുട്‌ബോള്‍ ജനപ്രിയ ഗെയിമാണ്‌. സ്വന്തം താരമായ ഡേവിഡ്‌ ബെക്കാമിന്‌ ദേശീയ ടീമില്‍ ഇടം ലഭിച്ചിട്ടില്ലെങ്കിലും വെംബ്ലിയിലും ഓള്‍ഡ്‌ ട്രാഫോഡിലും നടക്കുന്ന ഒളിംപിക്‌ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം കുറയില്ല. ഫുട്‌ബോള്‍ എന്നും ജനപ്രിയ ഗെയിമാണ്‌. നാമിപ്പോള്‍ ആഘോഷിക്കുന്നത്‌ സുനില്‍ ചേത്രിക്ക്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ എന്ന പോര്‍ച്ചുഗല്‍ ടീമിന്റെ ബി ഡിവിഷന്‍ ഇടം ലഭിച്ചതാണ്‌. ഇന്ത്യയുടെ ഈ അധ: പതനത്തില്‍ ആര്‍ക്കും വേദനയില്ല. വേദനിക്കേണ്ടവര്‍ ചിരിക്കുമ്പോള്‍ ഇത്തരം അനുസ്‌മരണക്കുറിപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇല്ലാതാവുന്നു. ലണ്ടനില്‍ ബ്രസീലുകാരന്‍ നെയ്‌മറും ഇംഗ്ലണ്ടുകാരന്‍ ഗാരി നെവിലുമെല്ലാം ഫുട്‌ബോള്‍ കളിക്കും. അവര്‍ ഗോള്‍ നേടിയാല്‍ നമ്മള്‍ അതിനെ വാനോളം പുകഴ്‌ത്തും. അപ്പോഴും ആ ഗോള്‍വേട്ടക്കാരന്‍ നെവില്‍ ചര്‍ച്ചയിലേക്ക്‌ വരില്ല. ഓള്‍ഡ്‌ ഈസ്‌ ഗോള്‍ഡ്‌ എന്നത്‌ സ്‌പോര്‍ട്‌സില്‍ വിലയില്ലാത്ത നാണയമാണ്‌.

Sunday, September 9, 2012

മഹാനഗരമേ, വേദനയോടെ നിനക്ക്‌ വിട


ചിത്രം

കമാല്‍ വരദൂര്‍ കോഴിക്കോട്‌ ജില്ലാ കലക്ടര്‍ കെ.വി മോഹന്‍ കുമാറിനൊപ്പം സ്വീകരണ ചടങ്ങില്‍

ലണ്ടന്‍ ഡയറി-അവസാന ഭാഗം
മഹാനഗരമേ, വേദനയോടെ നിനക്ക്‌ വിട

തെയിംസ്‌ നദി സ്വഛന്ദം ഒഴുകുകയാണ്‌..... പക്ഷേ ആ കളകളാരവങ്ങളില്‍ ഇത്‌ വരെ ലയിച്ചിരുന്ന ഒളിംപിക്‌ ബഹളം നിലക്കുകയാണ്‌. പാരാലിംപിക്‌സിന്റെ പൊടിപടലങ്ങള്‍ അല്‍പ്പനാള്‍ ഉയരുമെങ്കിലും തെയിംസിനെയും കൈവഴികളെയും ആഗോള മുഖരിതമാക്കിയ മഹാമാമാങ്കം കൊടിയിറങ്ങിയിരിക്കുന്നു. വിട പറയുന്ന തിരക്കിലാണ്‌ എല്ലാവരും. ജാതിയും വര്‍ണവും ഭാഷയും ദേശവും മറന്ന്‌ കായികതയുടെ കുതിപ്പിലും കിതപ്പിലും പങ്കാളികളായ താരങ്ങള്‍, കൂടുതല്‍ വേഗവും ഉയരവും ദൂരവും താണ്ടാനുള്ള യത്‌നത്തില്‍ വിജയിച്ചവരെയും പരാജിതരെയും ഒരു പോലെ കൈയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ച കാണികള്‍, കായിക വിശേഷങ്ങളെ ലോകത്തിന്‌ മുന്നില്‍ തല്‍സമയം പകര്‍ത്താന്‍ അവിശ്രമം യത്‌നിച്ച അസംഖ്യ മാധ്യമ പ്രവര്‍ത്തകര്‍, സൗകര്യങ്ങളൊരുക്കിയും പരാതികളെ അകറ്റിയും പരിഭവക്കാരെ തലോടിയും സദാ പറന്ന്‌ നടന്ന വോളണ്ടിയര്‍പ്പട, കനമുള്ള തോക്കും കവചങ്ങളുമായി സുരക്ഷയുടെ വന്‍മതില്‍ തീര്‍ത്ത സ്‌നേഹസമ്പന്നരായ പോലീസ്‌, രുചിയുടെ വകഭേദങ്ങള്‍ തീര്‍ക്കാന്‍ കലവറയില്‍ ചൂടും പുകയും സന്തോഷത്തോടെ സഹിച്ച അടുകളക്കാര്‍, മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‌ നിയോഗിക്കപ്പെട്ട സുസ്‌മേരവദനരായ കാല്‍ ലക്ഷത്തോളം ചെറുപ്പക്കാര്‍, എല്ലാവരെയും ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാന്‍ രാവും പകലും മറന്ന്‌ വാഹനമോടിച്ചവര്‍- എല്ലാവരോടും വിട ചോദിക്കുമ്പോള്‍ മനസ്‌ നോവുന്നു. ഒരു മാസത്തോളം ഒരേ മനസായി, ഒരേ വിഭാഗമായി, ഒരേ ലക്ഷ്യത്തിലേക്ക്‌ പട നയിച്ചവരായിരുന്നല്ലോ നമ്മള്‍. കായിക കൂട്ടായ്‌മയുടെ ബൃഹത്‌ സമ്മേളനത്തെ അവിസ്‌മരണീയമാക്കി എല്ലാവരും പിരിയുമ്പോള്‍ അത്‌ കാലം തീര്‍ത്ത യാഥാര്‍ത്ഥ്യമാണ്‌.
ആര്‍ക്കും ഒന്നും മറക്കാനാവില്ല. സെബാസ്‌റ്റിയന്‍ കോ എന്ന കായിക സംഘാടകന്റെ പക്വമായ നേതൃത്ത്വത്തെ എങ്ങനെ മറക്കും..?, സൈക്കിളില്‍ സഞ്ചരിച്ച്‌്‌ മല്‍സരവേദികളെ ജനകീയമാക്കിയ ബോറിസ്‌ ജോണ്‍സണ്‍ എന്ന ചുറുചുറുക്കുള്ള ലണ്ടന്‍ മേയര്‍, വേദികളില്ലെല്ലാം കരുത്തോടെ സജീവമായ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍, ബ്രിട്ടീഷ്‌ തറവാടിത്തത്തിന്റെ പ്രതീകമായ എലിസബത്ത്‌ രാജ്ഞി-രാജകീയതയും ജനകീയതും സമജ്ജസമായി സമ്മേളിച്ചപ്പോള്‍ ഒളിംപിക്‌ പാര്‍ക്ക്‌ സമ്മാനിച്ചത്‌ സന്തോഷം മാത്രമായിരുന്നു. ഉസൈന്‍ ബോള്‍ട്ട്‌ എന്ന അതികായന്‍, മുഹമ്മദ്‌ ഫറായെന്ന കറുത്ത യാഗ്വാശ്വം, കാലില്‍ കുതിക്കുന്നവര്‍ക്ക്‌ മുന്നിലൂടെ കാലില്ലാതെ പറന്ന ഓസ്‌കാര്‍ പിസാറസ്‌, നിര്‍ഭാഗ്യത്തിന്റെ ട്രാക്കില്‍ വേദനയോടെ വിട ചോദിച്ച ലിയു സിയാംഗ്‌, സ്വന്തം മൈതാനത്തെ വിജയത്തിന്റെ അഭിമാനതട്ടകമാക്കിയ ആന്ദ്രെ മുറെ, കൊച്ചു കേരളത്തിലെ ഓണംകേറാമൂലയില്‍ നിന്ന ലോക വേദിയിലെത്തി പത്താമനായ കെ.ടി ഇര്‍ഫാന്‍, വലിയ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തളരാതെ ഓടിയ ടിന്റു-അങ്ങനെ മൈതാനത്ത്‌ മരിക്കാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരങ്ങളുടെ മല്‍സരങ്ങള്‍ കാണാനും അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനായതും കരിയറിലെ സവിശേഷ ഭാഗ്യം.
ലോകത്തിലെ പ്രിയപ്പെട്ട കായിക മൈതാനങ്ങള്‍. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ്‌, ലോക ടെന്നിസിന്റെ ആസ്ഥാനമായ വിംബിള്‍ഡണ്‍, ഫുട്‌ബോളിന്റെ മാസ്‌മരിക തട്ടകമായ വെംബ്ലി, ആഴ്‌സനലിന്റെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെയും ചെല്‍സിയുടെയുമെല്ലാം തട്ടകങ്ങള്‍-അവിടെ നിന്ന്‌ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇനി കഴിഞ്ഞെന്ന്‌ വരില്ല. ബോള്‍ട്ടിന്റെ ഏഴ്‌ മല്‍സരങ്ങള്‍ക്ക്‌ സാക്ഷിയായി. ഒരു വികാരമായി കത്തിപ്പടരാന്‍ എങ്ങനെ ജമൈക്കക്കാരന്‌ കഴിയുന്നു എന്നത്‌ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി മനസ്സില്‍ കിടക്കുന്നു. പ്രതിയോഗികള്‍ക്ക്‌ ഒരവസരം പോലും നല്‍കുന്നില്ല ബോള്‍ട്ട്‌. റോജര്‍ ഫെഡ്‌റര്‍ എന്ന ടെന്നിസിലെ അതികായന്റെ പോരാട്ടവീര്യം കണ്ടു. റാക്കറ്റില്‍ കരുത്തിന്റെ ഇരമ്പമുള്ള വില്ല്യംസ്‌ സഹോദരിമാരെയും, മരിയ ഷറപ്പോവയെയും കണ്ടു, ബ്രസീലിന്റെ നാളെയുടെ ഫുട്‌ബോളര്‍ നെയ്‌മറിന്റെ കേളി മികവിനും മഞ്ഞപ്പടയുടെ തോല്‍വിക്കും സാക്ഷിയായി. ഓസ്‌കാര്‍ പിസാറസ്‌- പറഞ്ഞറിയിക്കാനാവില്ല ആ വികാരം. രണ്ട്‌ കാലുമില്ലാത്ത ആ മനുഷ്യന്‍ കുതിക്കുന്നത്‌ കണ്ടപ്പോള്‍ അറിയാതെ കണ്ണ്‌ നനഞ്ഞു. വിധിയോട്‌ തോല്‍ക്കാതെ ഇഛാശക്തിയെ ആയുധമാക്കിയ മഹാനായ പോരാളി. എന്റെ പ്രിയപ്പെട്ട താരമായിരുന്നു ലിയു സിയാംഗ്‌. ഗോഞ്ചു ഏഷ്യന്‍ ഗെയിംസിനിടെ അടുത്തറിഞ്ഞ ഓട്ടക്കാരന്‍. എന്താണ്‌ അവന്‌ പറ്റിയത്‌...? ഹര്‍ഡിലില്‍ തട്ടി വീണ്‌ വേദനയില്‍ പിടഞ്ഞ്‌ ഒറ്റക്കാലില്‍ ഓട്ടം പൂര്‍ത്തിയാക്കി എല്ലാവരോടും വിട ചോദിച്ച ആ നിമിഷം മറക്കാനാവില്ലൊരിക്കലും.
ഭൂഖണ്‌ഠത്തിലെ ഏറ്റവും വലിയ കായികമേള റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരുമ്പോള്‍ ആശങ്കയായിരുന്നു മനസില്‍. വലിയ നഗരത്തില്‍, അസംഖ്യം വേദികളില്‍ ഓടിയെത്താനാവുമോയെന്ന സംശയം പക്ഷേ അസ്ഥാനത്താണെന്ന്‌ ആദ്യനാള്‍ തന്നെ വ്യക്തമായി. നഗരത്തിന്റെ സ്‌പന്ദനം അര നൂറ്റാണ്ടോളമായി അറിയുന്ന അബൂബക്കര്‍ ഉസ്‌മാന്‍ എന്ന ലണ്ടന്‍ ഉസ്‌മാന്‍ക്ക നല്‍കിയ പിതൃതുല്യമായ വാല്‍സല്യം, എപ്പോഴും എന്തിനും കൂടെയെത്തുന്ന അദ്ദേഹത്തിന്റെ മകന്‍ എന്‍.മെഹബൂബ്‌, വെള്ളക്കാരന്റെ നാട്ടില്‍ ഹരിതകാന്തിയുടെ സന്ദേശത്തിനൊപ്പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുന്ന ലണ്ടന്‍ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ സെക്രട്ടറി എന്‍.കെ സഫീറിന്റെയും പ്രസിഡണ്ട്‌ അസൈനാര്‍ കുന്നുമ്മലിന്റെയും നേതൃത്ത്വത്തിലുള്ള സംഘത്തിന്റെ സഹായ സഹകരണങ്ങള്‍, വ്രതനാളുകളുടെ ക്ഷീണം അറിയിക്കാതെ കേരളത്തനിമയുള്ള ഭക്ഷണം ഒരുക്കിയ ഹലാല്‍ റസ്‌റ്റാറന്‍ഡിലെ ബംഗ്ലാദേശി ഷെഫുമാരായ അബ്ദുള്‍ വഹാബ്‌ ഷുജയും മുഹമ്മദ്‌ അബ്ദുള്‍ മായിദ്‌ഖാന്‍ എന്ന ടിപ്പുവും, എന്റെ വഴികളില്‍ എന്നും സഹായത്തിന്റെ തണലായി നിന്ന പ്രിയ സുഹൃത്ത്‌ എന്‍.എം അഫീഖ്‌, എന്നും വിളിച്ച്‌ സുഖവിവരങ്ങള്‍ തേടാറുള്ള മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ്‌, പാറക്കല്‍ അബ്ദുല്ല, പി.എം നാസര്‍, മന്ദസ്‌മിതത്തോടെ എന്നും ശുഭദിനം ആശംസിക്കാറുള്ള ഓള്‍ഗേറ്റ്‌ ഈസ്‌റ്റ്‌ മെട്രോ സറ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഡേവിഡ്‌ ഷാറിന്‍, മീഡിയാ സെന്ററിലെ ഹെല്‍പ്പ്‌ ഡസ്‌ക്കിലുള്ള അയര്‍ലാന്‍ഡുകാരന്‍ ടോം പാട്രിസ്‌, ഇന്ത്യന്‍ മാധ്യമസംഘത്തിന്റെ തലവന്‍ ഹര്‍പാല്‍സിംഗ്‌ ബേദി, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുതിര്‍ന്ന കായിക മാധ്യമ പ്രവര്‍ത്തകരായ അയാസ്‌ മേമന്‍, ചാരു ശര്‍മ, ശ്രീനിവാസന്‍ കണ്ണന്‍- അങ്ങനെ മറക്കാനാവാത്ത എത്രയോ പേര്‍.
2016 ല്‍ സാംബാ താളക്കാരുടെ റിയോയില്‍ കാണാമെന്ന്‌ പറഞ്ഞ്‌ എല്ലാവരും മടങ്ങുമ്പോള്‍ ചരിത്ര പുസ്‌തകത്തില്‍ ലണ്ടന്‍ വിശ്രമിക്കാന്‍ പോവുകയാണ്‌.
ഹിത്രു വിമാനത്താവളത്തില്‍ മടക്കയാത്രക്കെത്തിയപ്പോള്‍ നിലക്കാത്ത സഞ്ചാരപ്രവാഹം. ഒരു ദിവസം രണ്ട്‌ ലക്ഷത്തിലധികം യാത്രക്കാരെ അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക്‌ എത്തിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന വിമാനത്താവള ജീവനക്കാര്‍. ഇരുപത്‌ ദിവസം മുമ്പ്‌ എമിറേറ്റ്‌സ്‌ എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റില്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ ചിരിച്ച്‌ സ്വീകരിച്ചവര്‍ അതേ ചിരിയോടെ ഇനിയും വരണമെന്ന്‌ പറഞ്ഞ്‌ കൈയ്യില്‍ ഒരു റോസാദളം നല്‍കി യാത്രയാക്കുന്നു.
ഇത്‌ വരെ ലണ്ടന്‍ ഉറങ്ങിയിരുന്നില്ല. നിദ്രയുടെ കവാടത്തിലും ലോകത്തിന്‌ മുന്നില്‍ മിഴി തുറന്നിരുന്ന മഹാനഗരമേ ഇനി നി വിശ്രമിക്കുക. വേഗമാവുന്ന ലോകത്തില്‍ അതിവേഗം സഞ്ചരിക്കാന്‍ നിനക്ക്‌ മാത്രമാണ്‌ കഴിയുക. നിന്റെ പരിലാളനത്തിന്‌ ഒരായിരം നന്ദി .... ലണ്ടന്‍ ഡയറിക്കുറിപ്പുകള്‍ വായിച്ച്‌ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലുടെയും എസ്‌.എം.എസുകളിലുടെയും മെയില്‍ വഴിയും ഫോണിലുടെയും അഭിനന്ദനങ്ങള്‍ അറിയിച്ച പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങള്‍ക്കും നന്ദി.........


Saturday, September 8, 2012

മണ്ടന്മാര്‍ ലണ്ടനില്‍


ചിത്രം

കമാല്‍ വരദൂരിന്‌ തേഞ്ഞിപ്പലം സെന്റ്‌ പോള്‍സ്‌ സ്‌ക്കൂള്‍ പ്രിന്‍സിപ്പാളുടെ അഭിനന്ദനം

ലണ്ടന്‍ ഡയറി-20

മണ്ടന്മാര്‍ ലണ്ടനില്‍

മണ്ടന്മാര്‍ ലണ്ടനില്‍ എന്നത്‌ ഒരു മലയാള സിനിമയുടെ പേരാണല്ലോ... ആ സിനിമ നാട്ടില്‍ റിലീസ്‌ ചെയ്‌തപ്പോള്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച്‌ മുഹമ്മദ്‌ കോയയും ഭാര്യ ആമിനയും ലണ്ടന്‍ നഗരത്തിലുണ്ടായിരുന്നതായും തങ്ങള്‍ ലണ്ടനിലെത്തിയത്‌ നാട്ടിലെ സിനിമക്കാര്‍ അറിഞ്ഞതായുമുള്ള സി.എച്ചിന്റെ കമന്റും നവാസ്‌ പുനൂര്‍ എഴുതിയ സി.എച്ചിന്റെ ജീവചരിത്രത്തില്‍ വായിച്ചിട്ടുണ്ട്‌. എന്തായാലും ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പത്രത്തിന്‌ നമ്മുടെ മലയാളത്തിലിറങ്ങിയ ആ സിനിമയെക്കുറിച്ച്‌ അറിയില്ല. ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യക്കാരെ അവര്‍ പരോക്ഷമായി മണ്ടന്മാരായാണ്‌്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കുറഞ്ഞ ജനസംഖ്യയുള്ള കൊച്ചു രാജ്യങ്ങളായ ഗ്രാനഡെയെ പോലുള്ളവര്‍ മെഡല്‍പ്പട്ടികയില്‍ സ്വര്‍ണ സമ്പാദ്യവുമായി തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍, എത്യോപ്യയെ പോലുള്ള പട്ടിണിക്കാര്‍ കൂടുതല്‍ മെഡലുകള്‍ നേടുമ്പോള്‍, ആഭ്യന്തര കലാപത്തില്‍ തകരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്നേറുമ്പോള്‍ സ്വന്തം തോല്‍വികള്‍ക്ക്‌ കാര്യകാരണങ്ങള്‍ നിരത്തി ഇന്ത്യക്കാര്‍ മണ്ടന്മാരാവുകയാണെന്നാണ്‌ ഗാര്‍ഡിയന്‍ പരിഹസിക്കുന്നത്‌. ലോക ജനസംഖ്യയില്‍ ഒന്നാമത്‌ നില്‍ക്കുന്ന ചൈനക്കാര്‍ മെഡല്‍പ്പട്ടികയില്‍ രണ്ടാമതാണ്‌. ജനസംഖ്യാ കണക്ക്‌ പ്രകാരം രണ്ടില്‍ നില്‍ക്കുന്ന ഇന്ത്യ മെഡല്‍പ്പട്ടികയില്‍ എവിടെയാണെന്ന ചോദ്യവും പത്രം ഉയര്‍ത്തുന്നു. 85 പേര്‍ വിവിധ വേദികളില്‍ മല്‍സരിച്ചു. ആറ്‌്‌ പേര്‍ക്ക്‌ മെഡല്‍ കിട്ടി. ഇന്ത്യക്ക്‌ എട്ട്‌ ഒളിംപിക്‌ സ്വര്‍ണങ്ങള്‍ സമ്മാനിച്ച ഹോക്കിയില്‍ എല്ലാ കളികളും തോറ്റു. ട്രാക്കില്‍ കാര്യമായി ഒന്നും നേടാനായില്ല-അങ്ങനെ കുറ്റപ്പെടുത്തലുകള്‍ മാത്രം. ലേഖനത്തിന്റെ അന്ത്യത്തില്‍ പറയുന്നത്‌ ഇങ്ങനെ-കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തി പാലം തകര്‍ത്ത്‌ നാണക്കേടുണ്ടാക്കി, ലണ്ടന്‍ ഒളിംപിക്‌സില്‍ ഒളിംപിക്‌ തത്വം ഉയര്‍ത്തിപ്പിടിച്ച്‌ പങ്കെടുത്ത്‌ മടങ്ങി. ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ മഹത്വം...!
അതെ എവിടെയും നമ്മള്‍ മണ്ടന്‍കഥാപാത്രങ്ങളാണ്‌. ബാഗ്ലൂരിലെ ചളിക്കുളത്തില്‍ പരിശീലനം നടത്തി ഇവിടെ വന്ന നമ്മുടെ നീന്തല്‍താരം ഗഗന്‍ ഉലാമത്തിനെ പോലുള്ളവര്‍ എന്തിനാണ്‌ മല്‍സരിച്ചത്‌. ചൈനയും യൂറോപ്പുമെല്ലാം ആധിപത്യം പുലര്‍ത്തുന്ന നീന്തല്‍ക്കുളത്തില്‍ നാണക്കേട്‌ വാങ്ങാനല്ലേ പോയത്‌. ഗഗന്‍ 1500 മീറ്ററില്‍ അവസാന സ്ഥാനത്തായെന്ന്‌ മാത്രമല്ല എല്ലാവരും ഫിനിഷ്‌ ചെയ്‌ത്‌ 40 സെക്കന്‍ഡ്‌ കഴിഞ്ഞാണ്‌ മല്‍സരം പൂര്‍ത്തിയാക്കിയതും.
മല്‍സരിക്കാനും വിജയിക്കാനും പ്രയാസപ്പെടുന്നുവെങ്കിലും ഭക്ഷണ പ്രിയതയില്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ്‌ ദി ടൈംസ്‌ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന ഈസ്റ്റ്‌ഹാമില്‍ പുതിയ ഇന്ത്യന്‍ റസ്‌റ്റോറന്‍ഡ്‌ ഉദ്‌ഘാടനം ചെയ്‌തതിനെ പരാമര്‍ശിച്ചായിരുന്നു ഈ കുറിപ്പ്‌. ചെന്നൈ ദോശ എന്ന്‌ പേരുള്ള ഇന്ത്യന്‍ റസ്റ്റോറന്‍ഡില്‍ നിന്ന്‌ ബ്രിട്ടീഷ്‌ ആരോഗ്യവകുപ്പ്‌ പരിശോധനക്കിടെ രണ്ട്‌ എലികളെ കണ്ടതായും റസ്‌റ്റോറന്‍്‌ഡുകാര്‍ക്ക്‌ 15,000 പൗണ്ട്‌ പിഴ ( നമ്മുടെ പതിമൂന്ന്‌ ലക്ഷം) ചുമത്തിയതായും വാര്‍ത്തയിലുണ്ട്‌. ഒന്നിലധികം തവണ മുന്നറിയിപ്പ്‌ നല്‍കിയിട്ടും റസ്റ്റോറന്‍ഡുകാര്‍ എലികളെ തുരത്തുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ്‌ പിഴ ചുമത്തിയത്‌. ഉടമകല്‍ വളര വേഗം പിഴ അടച്ച്‌ റസ്റ്റോറന്‍ഡ്‌ തുറന്നു.
ലക്ഷ്‌മി മീത്തല്‍ എന്ന ഇന്ത്യക്കാരന്‍ ബ്രിട്ടനിലെ കോടീശ്വരന്മാരില്‍ ഒരാളാണ്‌. ഒളിംപിക്‌ സ്റ്റേഡിയത്തിന്‌ തൊട്ടരികില്‍ കോടികള്‍ വില മതിക്കുന്ന മീത്തല്‍ ടവറുണ്ട്‌. തന്റെ നാട്ടുകാര്‍ രാജ്യാന്തര മല്‍സരവേദികളില്‍ നിരന്തരം പരാജയപ്പെടുന്നത്‌ സഹിക്കാനാവാതെ മീത്തല്‍ ഇന്ത്യക്ക്‌ ഒളിംപിക്‌ മെഡല്‍ സമ്മാനിക്കാനായി ഒരു കായിക ട്രസ്റ്റ്‌ തുടങ്ങിയ വാര്‍ത്തയാണ്‌ മറ്റൊരു പത്രത്തില്‍.
ലണ്ടനില്‍ പത്രങ്ങള്‍ പലതും സൗജന്യമാണ്‌. പണം കൊടുത്ത്‌ വാങ്ങേണ്ടതില്ല. പത്രപ്രവര്‍ത്തന ലോകത്തെ കുലപതിമാരായി വിശേഷിപ്പിക്കപ്പെടുന്ന ബി.ബി.സിക്കാരുടെ തട്ടകത്ത്‌ നമ്മുടെ കേരളത്തിലേത്‌ പോലെ കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളാണ്‌. ഉച്ചപത്രങ്ങള്‍ തന്നെ പത്ത്‌. ടാബ്ലോയിഡ്‌ ടൈപ്പില്‍ ധാരാളം പത്രങ്ങള്‍. ദിനപത്രമായി നിരവധി. ഉച്ചപ്പത്രങ്ങള്‍ക്കൊന്നും പണം വേണ്ട. മെട്രോ ട്രെയിനുകളില്‍ കയറിയാല്‍ എല്ലാ സീറ്റിലും പത്രം. സ്‌റ്റേഷനുകളില്‍ പത്രം പത്രം എന്ന്‌ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞ്‌ സൗജന്യ വില്‍പ്പന. ബി.ബി.സി ഒളിംപിക്‌ കവറേജിനായി നിയോഗിച്ചത്‌ ഞെട്ടരുത്‌-5000 പേരെ. 50 ചാനലുകളിലായി എല്ലാ വേദികളില്‍ നിന്നും തല്‍സമയം. ആതിഥേയരായ ബ്രിട്ടന്‍ കഴിഞ്ഞാല്‍ 3000 മാധ്യമ പ്രവര്‍ത്തകരെ അയച്ചിരിക്കുന്ന ചൈന രണ്ടാമത്‌. സി.സി.ടി.വിയില്‍ നിന്ന്‌ മാത്രം ആയിരത്തോളം പേര്‍.
മണ്ടന്മാരായ നമ്മളും പിറകോട്ട്‌ പോയിട്ടില്ല-നൂറിലധികം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയിരുന്നു. പതിവ്‌ പോലെ തമ്മിലടിക്ക്‌ കുറവുണ്ടായിരുന്നില്ല. മേരി കോമിന്‌ മെഡല്‍ കിട്ടിയപ്പോള്‍ ദേശീയ ചാനലുകാര്‍ അഭിമുഖത്തിനായി മല്‍സരിച്ചത്‌ തമ്മിലടിച്ചായിരുന്നു. പക്ഷേ അവര്‍ ഒരു ഉപകാരം ചെയ്‌തു- തമ്മിലടി ഹിന്ദിയില്‍ തെറി വിളിച്ചായിരുന്നു. ഇംഗ്ലീഷുകാര്‍ക്കും മറ്റ്‌ നാടുകളിലെ പത്രകാര്‍ക്കും നമ്മുടെ ദേശീയഭാഷ വശമില്ലാത്തിനാല്‍ അവര്‍ക്ക്‌ അര്‍ത്ഥം പിടി കിട്ടിയിരുന്നില്ല.

Friday, September 7, 2012

മല്ലന്മാരും പിന്നെ ആമിനയും ടീനയും


ചിത്രം
ലണ്ടന്‍ ഒളിംപിക്‌സില്‍ മല്‍സരിച്ച ടിന്റു ലുക്ക, കെ.ടി ഇര്‍ഫാന്‍, വി.ഡിജു, ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവരെ വൈസ്‌ ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്ത്വത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല ആദരിച്ചപ്പോള്‍

ലണ്ടന്‍ ഡയറി
മല്ലന്മാരും പിന്നെ ആമിനയും ടീനയും

ആദ്യം സുശില്‍ കുമാറിന്‌ നന്ദി...! വെള്ളിയുമായി മാനം കാത്തല്ലോ..... ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫയല്‍വാന്മാരുടെ പ്രകടനം കണ്ട്‌ ഗുസ്‌തി ഗോദയില്‍ തന്നെയായിരുന്നു. മല്ലന്മാര്‍ മസിലു വിടര്‍ത്തി വരുന്നത്‌ കാണാന്‍, ഗോദയിലെത്തി എതിരാളികളെ തുറിച്ചു നോക്കുന്നത്‌ കാണാന്‍, പിന്നെ സര്‍വശക്തിയുമെടുത്ത്‌ മറിച്ചിടുന്നത്‌ കാണാന്‍, ഒന്ന്‌ ചിരിക്കാന്‍ പോലും മറന്ന്‌ മടങ്ങുന്നത്‌ കാണാന്‍ എന്ത്‌ രസമാണെന്നോ...! മുത്താരം കുന്ന്‌ പി.ഒ എന്ന സിനിമയില്‍ നമ്മുടെ ധാരാസിംഗ്‌ വരുന്നതും വെല്ലുവിളി നടത്തുന്നതുമെല്ലാമാണ്‌ പെട്ടെന്ന്‌ ഓര്‍മയില്‍ വന്നത്‌. നമ്മുടെ സുശീലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ മല്ലന്മാരും തടിമാടന്മാരാണ്‌. എതിരാളികളെ പുഷ്‌പം പോലെ ഉയര്‍ത്തി താഴെയിട്ട്‌ പക്ഷേ ഇവര്‍ ചിരിക്കുന്നില്ല. നല്ല വസ്‌ത്രമാണ്‌ ധരിക്കുന്നത്‌.
ഇവിടെ വനിതാതാരങ്ങളുടെ കാര്യമാണ്‌ കഷ്ടം. അവര്‍ക്ക്‌ വസ്‌ത്രത്തോട്‌ ഒരു താല്‍പ്പര്യവുമില്ല. വനിതകള്‍ ഏറ്റവും കുറഞ്ഞ വസ്‌ത്രത്തില്‍ മല്‍സരിക്കുന്ന ഗെയിമാണ്‌ ബിച്ച്‌ വോളിബോള്‍. ടൂ പീസ്‌ എന്നാണ്‌ അവരുടെ വസ്‌ത്രധാരണത്തെക്കുറിച്ച്‌ പറയാറുള്ളത്‌. എന്നാല്‍ രസമുള്ള ഈ ഗെയിം നിയന്ത്രിക്കുന്നതോ ശരീരം പൂര്‍ണമായും മറച്ച്‌ മുഖവും കൈവിരലുകളും മാത്രം പുറത്ത്‌ കാണിക്കുന്ന ഒരു മുസ്‌ലിം വനിതയും. ഈജിപ്‌തില്‍ നിന്നുള്ള ആമിന അല്‍ സെറാഗ്‌നിയാണ്‌ ബിച്ച്‌ വോളിബോള്‍ കളത്തിലെ വിത്യസ്‌ത താരം. അനുഭവസമ്പന്നയായ ഈ റഫറിക്ക്‌ വസ്‌ത്രങ്ങളോട്‌ അലര്‍ജിയില്ല. സ്‌നേഹമാണ്‌. പുറത്തിറങ്ങുന്നത്‌ ഇസ്ലാമിക രീതിയിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌. മല്‍സരം നിയന്ത്രിക്കുന്നതും അങ്ങനെ തന്നെ. വൃത്തിയുള്ള ഫുള്‍സ്ലീവ്‌ ട്രാക്ക്‌ സ്യൂട്ട്‌. തലയില്‍ ഹിജാബും പിന്നെ ക്യാപ്പും. തുറന്ന വേദിയില്‍ നടക്കുന്ന ബിച്ച്‌ വോളിബോള്‍ മല്‍സരമാസ്വദിക്കാനെത്തുന്നവരെല്ലാം വസ്‌ത്രങ്ങളോട്‌ മമത കാണിക്കാത്തവരാവുമ്പോള്‍ എങ്ങനെ ഇങ്ങനെ നില്‍ക്കാനാവുന്നു എന്ന്‌ ചോദിച്ചപ്പോള്‍ ഒളിംപിക്‌സ്‌ മല്‍സരവേദിയിലെ ഏക മുസ്‌ലിം വനിതാ ഒഫീഷ്യലായ ആമിന പറയുന്നത്‌ കേള്‍ക്കുക: എല്ലാവര്‍ക്കും അവരുടെ വിശ്വാസമുണ്ട്‌. എന്റെ വിശ്വാസമാണ്‌ എന്നെ നയിക്കുന്നത്‌. ശരീര പ്രദര്‍ശനത്തില്‍ താല്‍പ്പര്യമില്ല. കളിക്കാരെ നിയന്ത്രിക്കുകയാണ്‌ എന്റെ ജോലി. എന്നെ എല്ലാവരും അനുസരിക്കുന്നുണ്ട്‌. എന്റെ ജോലിയില്‍ ഞാന്‍ സംതൃപ്‌തയുമാണ്‌.
ആമിന ഈ രംഗത്ത്‌ വന്നത്‌ പ്രശസ്‌തിക്ക്‌ വേണ്ടിയല്ല. വോളിബോള്‍ എന്ന ഗെയിമിനെ ഇഷ്ടമാണ്‌. കളിക്കാന്‍ മോഹമുണ്ടായിരുന്നു. പക്ഷേ പ്രായം സമ്മതിച്ചില്ല. അപ്പോഴാണ്‌ റഫറിയാവാന്‍ തോന്നിയത്‌. ഒളിംപിക്‌സ്‌ പോലെ വലിയ മല്‍സരവേദിയില്‍ കളി നിയന്ത്രിക്കുന്നവരില്‍ ഒരാളായി വരാന്‍ കഴിഞ്ഞത്‌ അഭിമാനമാണ്‌. ബീച്ച്‌ വോളിബോള്‍ കളിക്കുന്നവര്‍ക്ക്‌ പ്രത്യേക ഡ്രസ്സ്‌ കോഡ്‌ ഇല്ല. പക്ഷേ താരങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നു. ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടുമിട്ട്‌ ബീച്ച്‌ വോളി കളിക്കാമെന്ന്‌ ലോക വോളിബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയ കാര്യവും ആമിന ഓര്‍മ്മിപ്പിക്കുന്നു. ഇംഗ്ലീഷ്‌ പത്രങ്ങളെല്ലാം ബീച്ച്‌ വോളിക്കും പെണ്‍പടയുടെ ചിത്രങ്ങള്‍ക്കുമായി മൂന്നും നാലും പേജുകളാണ്‌ നീക്കിവെക്കുന്നത്‌. ആരാധകര്‍ക്കോ-ഒരു പഞ്ഞവുമില്ല. ഒളിംപിക്‌സില്‍ ഏറ്റവും തിരക്കുള്ള മല്‍സര ഇനമാണ്‌ ബീച്ച്‌ വോളി.
ഇവിടെ എല്ലാം സഹിക്കാം-പെണ്‍പടയുടെ സിഗരറ്റ്‌ പ്രേമമാണ്‌ അസഹനീയം. കുഞ്ഞുടുപ്പും ശരീരമാസകലം ടാറ്റു ചിത്രങ്ങളും പതിച്ച്‌ സിഗരറ്റുമായി നടക്കുന്ന വെള്ളക്കാരികള്‍ ഇംഗ്ലീഷ്‌ സംസ്‌ക്കാരത്തിന്റെ ദുരന്തമാണ്‌. ഫുട്‌ബോള്‍ ഫൈനല്‍ കഴിഞ്ഞ്‌ വെംബ്ലിയില്‍ നിന്ന്‌ മടങ്ങുമ്പോള്‍ റോഡരികില്‍ ഒരു വനിത കുടിച്ച്‌ പൂസായി പാമ്പായി കിടക്കുന്നു. രാത്രികാലങ്ങളില്‍ ബാറുകളില്‍ കയറിയിറങ്ങാന്‍ ഇവര്‍ക്ക്‌ മടിയില്ല. എന്തിനാണ്‌ സ്‌ത്രീകളെ ഇങ്ങനെ കയറുരി വിട്ടിരിക്കുന്നത്‌ എന്ന്‌ മീഡിയാ സെന്ററിലെ ഹെല്‍പ്പ്‌ ഡസ്‌ക്കിലുള്ള വിക്ടര്‍ ഉദായവിനോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ അവരെല്ലാം സമത്വവാദികളെന്നാണ്‌. ഈ സമത്വവാദികളുടെ നടുവിലുളള പുരുഷന്മാര്‍ പക്ഷേ മാന്യന്മാരാണ്‌. മനോഹരമായി വസ്‌ത്രധാരണ ചെയ്‌ത്‌ നന്നായി പെരുമാറുന്നവര്‍. വെള്ളക്കാരിലെ പുരുഷന്മാര്‍ പുകവലിക്കുന്നത്‌ അതിനായി നീക്കിവെച്ച സ്ഥലങ്ങളില്‍ മാത്രമാണെങ്കില്‍ വനിതകള്‍ ആ നിയമവും പാലിക്കുന്നില്ല. സ്‌ത്രീകള്‍ക്കെതിരെ ശബ്ദിച്ചാല്‍ നമ്മുടെ നാട്ടിലേത്‌ പോലെ തന്നെ നിയമം കര്‍ക്കശമാണിവിടെ. കുടുംബബന്ധങ്ങളുടെ കാര്യത്തില്‍ ബ്രിട്ടന്‍ പിറകിലാണ്‌. 16-18 വയസ്സ്‌ വരെ മാത്രമാണ്‌ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുത്ത ബന്ധം. പ്രായപൂര്‍ത്തിയായാല്‍ കുട്ടികള്‍ ജോലിയും സ്വന്തം വഴികളുമായി സഞ്ചരിക്കും. ജോലിയായാല്‍ സ്വന്തമായി വീട്‌ വാങ്ങി അവിടെ താമസമാക്കുന്നു. ഇടക്ക്‌ മാത്രം രക്ഷിതാക്കളെ സന്ദര്‍ശിക്കുന്ന തരത്തില്‍ ബന്ധങ്ങളില്‍ വരുന്ന വിള്ളലുകളാണ്‌ പ്രശ്‌നമാവുന്നത്‌.
വെംബ്ലിയിലേക്ക്‌ ഒളിംപിക്‌ പാര്‍ക്കില്‍ നിന്ന്‌ ഒരു മണിക്കൂര്‍ യാത്രയുണ്ട്‌. ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ പോയപ്പോള്‍ ഞങ്ങളുടെ ബസ്‌ ഓടിച്ചിരുന്നത്‌ ഒരു വെള്ളക്കാരി-ടീന വാക്കി. വലിയ ഡബിള്‍ ഡക്കര്‍ ബസ്‌ പുഷ്‌പം പോലെയാണ്‌ ടീന ഓടിക്കുന്നത്‌. നല്ല വേഗതയില്‍ ട്രാഫിക്‌ നിയമങ്ങള്‍ ലംഘിക്കാതെയുള്ള ഡ്രൈവിംഗ്‌. അയ്യായിരത്തോളം ഡ്രൈവര്‍മാരെ ഒളിംപിക്‌ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. അവരില്‍ ഒരാളാണ്‌ ടീം. ഹെവി വെഹക്കിള്‍ ലൈസന്‍സുള്ള എത്രയോ വനിതകള്‍ ഇംഗ്ലണ്ടിലുണ്ട്‌. ഒളിംപിക്‌ ഡ്രൈവിംഗ്‌ സംഘത്തില്‍ തന്നെ പത്ത്‌ പേര്‍. ഒളിംപിക്‌ വാഹനങ്ങള്‍ക്ക്‌ മാത്രമായി പ്രത്യേക ഒളിംപിക്‌ പാതയുണ്ട്‌. ആ പാതയിലേക്ക്‌ മറ്റ്‌ വാഹനങ്ങള്‍ക്ക്‌ പ്രവേശനമില്ല. അതിനാല്‍ 140 കീലോമീറ്റര്‍ വേഗതയിലാണ്‌ ബസ്‌ പറക്കുന്നത്‌. മുകളിലെ ഡക്കിലിരുന്നാല്‍ നഗരം മൊത്തം കാണാം. ടീന പക്ഷേ വസ്‌ത്രങ്ങളോട്‌ താല്‍പ്പര്യമുള്ള വനിതയാണ്‌. ജീന്‍സും ടീ ഷര്‍ട്ടുമാണ്‌ വേഷം.
വെംബ്ലി മൈതാനം കാണേണ്ടത്‌ തന്നെ. പുതുക്കിപ്പണിത സ്‌റ്റേഡിയം ഇന്ന്‌ ലോകത്തിലുള്ളതില്‍ വെച്ച്‌ ഏറ്റവും വലുതും മനോഹരവുമാണ്‌. ചുവന്ന കസേരകള്‍ നിരത്തിയുള്ള ചുവപ്പന്‍ കാഴ്‌ച്ച. ഒരു ലക്ഷത്തോളം പേരാണ്‌ ഫുട്‌ബോള്‍ ഫൈനല്‍ കാണാനെത്തിയത്‌. ബ്രസീലുകാര്‍ പക്ഷേ ഇക്കുറിയും നിര്‍ഭാഗ്യവാന്മാര്‍. നെയ്‌മറിനെ പോലുള്ളവരെല്ലാം കളിച്ചിട്ടും മെക്‌സിക്കോയുടെ മുന്നില്‍ അവര്‍ തോറ്റു. ഇത്‌ വരെ ഒരു ഒളിംപിക്‌സ്‌ സ്വര്‍ണമെന്നത്‌ മഞ്ഞപ്പടക്കാര്‍ക്ക്‌ കിട്ടാക്കനിയാണ്‌. ഞങ്ങള്‍ക്കരികില്‍ ധാരാളം സാംബത്താളക്കാരുണ്ടായിരുന്നു. ബ്രസീല്‍ എവിടെ കളിക്കുന്നുവോ അവിടയെല്ലാം ബഹളവുമായെത്തി ടീമിനെ പിന്തുണക്കുന്നവര്‍ പക്ഷേ മടങ്ങിയത്‌ കരഞ്ഞ്‌ കൊണ്ടായിരുന്നു. ബ്രസീലുകാര്‍ കരഞ്ഞ്‌ മടങ്ങിയെങ്കില്‍ ഇത്‌ വരെ തല മണ്ണില്‍ പൂഴ്‌ത്തിയിരുന്ന ഇന്ത്യക്കാര്‍ക്ക്‌ അവസാന ദിവസത്തില്‍ രണ്ടാം സ്ഥാനവുമായി നെഞ്ച്‌ വിരിക്കാനായി-ശത്രുവിന്റെ കാല്‌ വാരിയിട്ടാണെങ്കിലും. കബഡിയും ഗുസ്‌തിയുമെല്ലാം കാലുവാരലാണ്‌. അവിടെ നമ്മളെ തോല്‍പ്പിക്കാന്‍ ഒരു ചൈനക്കാരനും അമേരിക്കക്കാരനുമാവില്ല. പക്ഷേ ജപ്പാനുണ്ട്‌ കെട്ടോ......!


Thursday, September 6, 2012

മതമുണ്ട്‌, വെറിയില്ല




ചിത്രം
ഒളിംപിക്‌ പാര്‍ക്കിലെ റിവര്‍ ബാങ്കിലുള്ള ഹോക്കി സ്‌റ്റേഡിയത്തില്‍ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി-18
മതമുണ്ട്‌, വെറിയില്ല

ഇന്നലെ വൈകുന്നേരം നാല്‌ മണി സമയം. സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടുമായി ഒരു അഭിമുഖം തരപ്പെടുമോ എന്നറിയാന്‍ ഗെയിംസ്‌ വില്ലേജിലേക്കുള്ള യാത്രക്കായി സ്‌റ്റാഫോര്‍ഡിലെത്തിയപ്പോള്‍ ഒളിംപിക്‌ പാര്‍ക്ക്‌ കവാടത്തില്‍ വന്‍ജനക്കൂട്ടം. നൂറ്‌ കണക്കിന്‌ പോലീസ്‌ റോന്ത്‌ ചുറ്റുന്ന ഇവിടെ എന്താണിത്രെ ആവേശത്തോടെ ജനം തടിച്ച്‌ കൂടിയിരിക്കുന്നത്‌...? താല്‍പ്പര്യത്തോടെ അരികിലേക്ക്‌ പോയപ്പോള്‍ കേട്ടത്‌ ശക്തമായ വാദപ്രതിവാദമാണ്‌. ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍ ടീം ഇസ്ലാമും ക്രൈസ്‌തവ തത്വങ്ങളെ പരിചയപ്പെടുത്താന്‍ പെന്തിക്കോസ്‌ സംഘവും. ഇവര്‍ തമ്മിലാണ്‌ ചൂടേറിയ വാദങ്ങള്‍. ഇസ്ലാം ടീമില്‍ അമ്പതോളം യുവാക്കളാണ്‌. എല്ലാം ബ്രിട്ടിഷുകാര്‍. നീല ഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ്‌ എല്ലാവരും സംസാരിക്കുന്നത്‌. വളരെ മാന്യമായി ഖുര്‍ആനെ പരിചയപ്പെടുത്തുന്നു. മുഹമ്മദ്‌ നബിയുടെ വചനങ്ങളും നിലപാടുകളും ്ര്രപാര്‍ത്ഥനാ രീതികളെയും പരിചയപ്പെടുത്തുന്നു. ആരും പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുന്നില്ല. ക്രൈസ്‌തവ സംഘവും അങ്ങനെ തന്നെ. ബൈബിള്‍ വചനങ്ങള്‍ ഉദ്‌ഘോഷിക്കുകയും പുസ്‌തകങ്ങള്‍ വിതരണം ചെയ്യുകയും പാട്ട്‌ പാടുകയും ചെയ്യുന്നു. രണ്ട്‌ ഗ്രൂപ്പും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. മരുന്നിന്‌ ഉന്തും തള്ളലും പോലുമില്ല... ഒളിംപിക്‌സിനെത്തുന്നവരെ സ്വന്തം വിശ്വാസങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ഒരു മാസമായത്ര ഇവര്‍ പ്രവര്‍ത്തിക്കുന്നു. മതപരിവര്‍ത്തനമല്ല ലക്ഷ്യം. മതത്തെ പരിചയപ്പെടുത്തുക. കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ ബന്ധപ്പടാനുള്ള ഫോണ്‍ നമ്പറുകള്‍ നല്‍കുന്നു. നിങ്ങള്‍ക്ക്‌ വിജയിക്കുന്ന ടീമിനോടാണ്‌ താല്‍പ്പര്യമെങ്കില്‍ എന്നും വിജയിക്കുന്ന ഒരേ ടീം ഇസ്ലാമാണെന്നും ആ ടീമില്‍ അംഗമാവാനുമാണ്‌ ആഹ്വാനം. തോല്‍ക്കാത്ത ടീമുണ്ടെങ്കില്‍ അത്‌ ക്രൈസ്‌തവരാണെന്ന്‌ പെന്തക്കോസ്‌ സംഘവും വിശദീകരിക്കുന്നു.
ഈ വാദപ്രതിവാദം നമ്മുടെ മതേതര ജനാധിപത്യ തട്ടകങ്ങളിലാണെങ്കില്‍ എന്തായിരിക്കും പുകില്‌...? കല്ലേറും കത്തികുത്തും കൊലപാതകവും പോലീസ്‌ ലാത്തിചാര്‍ജ്ജും എന്നും വേണ്ട എല്ലാം സംഭവിക്കും. അല്‍പ്പസമയം കൗതുകത്തോടെ കാത്തിരുന്നു- ഇത്രദിവസം ഇവിടെ ചെലവഴിച്ചിട്ടും ഒരു ഇംഗ്ലീഷ്‌ അടി കണ്ടിട്ടില്ല. ഡയറിക്കുറിപ്പില്‍ ഒരു ഇംഗ്ലീഷ്‌ അടി ചൂടോടെ കൊടുക്കുകയും ചെയ്യാം. അടിക്ക്‌ സാധ്യതയുണ്ടാവുമോ എന്ന്‌ ശങ്കിച്ച്‌ നില്‍ക്കവെ ചിരിച്ചും തമാശ പറഞ്ഞും പൊലീസുകാരും മതപ്രചാരകര്‍ക്കൊപ്പം കൂടിയതോടെ കാര്യം മനസ്സിലായി. ഇവര്‍ പ്രശ്‌നക്കാരല്ല. ജനങ്ങളും തികച്ചും പോസിറ്റീവായാണ്‌ കാര്യങ്ങളെ സമീപിക്കുന്നത്‌. ഇസ്ലാമിക ഗ്രൂപ്പിന്‌ പറയാനുള്ളത്‌ കേല്‍ക്കുന്നവര്‍ അതിന്‌ ശേഷം ക്രൈസ്‌തവ ഗ്രൂപ്പിന്‌ പറയാനുളളതും കേള്‍ക്കുന്നു. എല്ലാ സംസ്‌ക്കാരങ്ങളെയും ഉള്‍ക്കൊള്ളുന്നവരായതിനാല്‍ ഏത്‌ ജാതി മതസ്ഥരാണെങ്കിലും വെള്ളക്കാരന്‌ പ്രശ്‌നങ്ങളില്ല. പൊലീസ്‌ പറയുന്നത്‌ ഒരു കാര്യം മാത്രം-നിയമം ആരും കൈയ്യിലെടുക്കരുത്‌.
വൈറ്റ്‌ചാപ്പലിലെ ഗ്രാന്‍ഡ്‌ മോസ്‌ക്കില്‍ ജുമുഅക്ക്‌ പോയപ്പോള്‍ അഞ്ച്‌നില വരുന്ന വലിയ പള്ളി നിറയെ വിവിധ ദേശക്കാരായ വിശ്വാസികള്‍. വളരെ നേരത്തെ തന്നെ പള്ളിയിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരില്‍ അധികവും വെള്ളക്കാര്‍ തന്നെ. അറബിയിലും ഇംഗ്ലീഷിലുമുള്ള ഖുത്തുബക്കിടെ ആനുകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങഹള്‍ വിശദീകരിക്കപ്പെടുന്നു. ദക്ഷിണ ചൈനയില്‍ ഭരണക്കൂടം മുസ്ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന കാര്‍ക്കശ്യ നിലപാടിനെതിരെ ശക്തമായ താക്കീതാണ്‌ ഇമാം നല്‍കിയത്‌. റമസാന്‍ വ്രതമനുഷ്‌ഠിക്കുന്ന ചൈനീസ്‌ മുസ്ലിങ്ങളെ വ്രതാനുഷ്‌ഠാനത്തില്‍ നിന്ന്‌ ബലം പ്രയോഗിച്ച്‌ പിന്മാറ്റി അവരെ നിര്‍ബന്ധിപ്പിച്ച്‌ ഭക്ഷണം കഴിപ്പിക്കുന്ന കിരാത നടപടിക്കെതിരെ ലോകം ഒരുമിക്കണമെന്നും ഇമാം ആഹ്വാനം ചെയ്‌തു. ചൈന, ബര്‍മ, സിറിയ, അഫ്‌ഗാനിസ്‌താന്‍ തുടങ്ങിയ ഇടങ്ങളിലെ പീഡിതരായ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി വന്‍പിരിവും പള്ളിക്ക്‌ പുറത്തുണ്ടായിരുന്നു. ചൈനയില്‍ പോയപ്പോള്‍ അവിടുത്തെ പള്ളികള്‍ നിരീക്ഷിക്കാന്‍ ചുറ്റുപാടും പൊലീസിനെ കണ്ടിരുന്നെങ്കില്‍ ഇവിടെ അങ്ങനെ പൊലീസ്‌ പട്രോളിംഗ്‌ ആരാധനാ കേന്ദ്രങ്ങളില്‍ ഇല്ല. ഒരു കാര്യം മാത്രമാണ്‌ നിര്‍ബന്ധം-ഖുത്തുബ അറബിക്കൊപ്പം ഇംഗ്ലീഷിലുമുണ്ടായിരിക്കണം. ഭീകര ഗ്രൂപ്പുകള്‍ ബ്രിട്ടനിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്‌ ഇത്തരത്തില്‍ ഒരു നിബന്ധന കൊണ്ടുവന്നത്‌. ഇമാമുമാരുടെ പ്രസംഗം ഇംഗ്ലണ്ടിനെതിരാണോ എന്നറിയാനാണ്‌ ഖുത്തുബ ഇംഗ്ലീഷിലുമാവണമെന്ന്‌ നിഷ്‌കര്‍ഷിച്ചത്‌. ബധിരര്‍ക്ക്‌ വേണ്ടി ഖുത്തബ ആംഗ്യങ്ങളിലുടെ തര്‍ജമ ചെയ്യാന്‍ എല്ലാ പള്ളികളിലും ആളുകളുണ്ട്‌. ഇമാം സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ തര്‍ജമ ചെയ്യപ്പെടുന്നു. വികലാംഗര്‍ക്കും അന്ധര്‍ക്കും ബധിരര്‍ക്കുമെല്ലാം ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്‌. അത്‌ നിര്‍ബന്ധമായും പാലിക്കപ്പെട്ടാത്തപക്ഷം നിയമനടപടിയുമുണ്ടാവും. എല്ലാ ഒളിംപിക്‌സ്‌ വേദികളിലും വികലാംഗര്‍ക്കായി വീല്‍ ചെയറുകളും പ്രത്യേക ടോയ്‌ലറ്റുകളലും ലിഫ്‌ടുകളും ഇരിപ്പിടങ്ങളുമുണ്ട്‌. എല്ലാ പ്രധാന പാതകളിലും വീല്‍ ചെയര്‍ വഴികളുമുണ്ട്‌. വിമാനത്താവളങ്ങളില്‍, റെയില്‍വേ സ്‌റ്റേഷനുകളില്‍, ബസ്‌ കേന്ദ്രങ്ങളില്‍, ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ എല്ലായിടത്തും വീല്‍ ചെയറുകള്‍ വേണമെന്ന്‌ നിര്‍ബന്ധം. മെട്രോ ട്രെയിനുകളിലെ ഓരോ ബെര്‍ത്തിലും ആദ്യ സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്‌തതാണ്‌. യാത്രയും മറ്റ്‌ കാര്യങ്ങളുമെല്ലാം ഇവര്‍ക്ക്‌ സൗജന്യവുമാണ്‌.
മതസംവാദത്തില്‍ അടി പൊട്ടില്ലെന്നുറപ്പായതോടെ വില്ലേജിലേക്കുള്ള യാത്ര തുടര്‍ന്നു. ജമൈക്കന്‍ സംഘം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ അവരുടെ പതാക കൊണ്ട്‌ അവിടെ ആറാട്ട്‌. ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഒളിംപിക്‌സ്‌ ആഘോഷമാക്കുന്നത്‌ ജമൈക്കക്കാരാണ്‌. ഉസൈന്‍ ബോള്‍ട്ട്‌ എന്ന ശക്തനായ താരത്തിന്റെ വിലാസത്തില്‍ അവര്‍ക്ക്‌ നല്ല ഇമേജും. ജമൈക്കന്‍ സംഘത്തലവന്‍ ലൂയീസ്‌ വാക്കറോക്കിയെ കണ്ട്‌ കാര്യം വ്യക്തമാക്കിയപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു- ബോള്‍ട്ട്‌ ബിര്‍മിംഗ്‌ഹാമില്‍ പരിശീലനത്തിലാണ്‌.വൈകീട്ട്‌ 100 മീറ്റര്‍ റിലേ ഹീറ്റ്‌സും നാളെ റിലേ ഫൈനലുമുണ്ട്‌. വിവാദങ്ങളില്‍ അകപ്പെടുത്തി ഉസൈനെ വേട്ടയാടരുതെന്ന അഭ്യര്‍ത്ഥനയും. ട്രാക്കിലെ അതിവേഗക്കാരന്‍ 200 മീറ്ററിലെ വിജയത്തിന്‌ ശേഷം കാള്‍ ലൂയിസിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2008 ല്‍ ബെയ്‌ജിംഗില്‍ താന്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയപ്പോള്‍ അതില്‍ ഉത്തേജക സംശയം ലൂയിസ്‌ പ്രകടിപ്പിച്ചിരുന്നെന്നും കഠിനാദ്ധ്വാനത്തെ അംഗീകരിക്കാത്ത അമേരിക്കന്‍ താരത്തോട്‌ ഒരു ബഹുമാനവും തനിക്കില്ലെന്നുമായിരുന്നു ബോള്‍ട്ട്‌ പറഞ്ഞത്‌. ബോള്‍ട്ട്‌ ഇതിഹാസമായിട്ടില്ലെന്ന്‌ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റി പ്രസിഡണ്ട്‌ ജാക്‌്‌ റോഗും ഇതിഹാസമാണെന്ന്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയുമെല്ലാം പറഞ്ഞതോടെ ഇവിടെ വാര്‍ത്തകളില്‍ നിറയെ ബോള്‍ട്ടാണ്‌.
ഇന്ത്യയില്‍ നിന്നാണ്‌, വിവാദങ്ങളില്‍ താല്‍പ്പര്യമില്ല എന്നറിയിച്ചപ്പോള്‍ ലൂയിസ്‌ തന്റെ ഫോണില്‍ ബോള്‍ട്ടിന്റെ കോച്ചുമായി സംസാരിച്ചു. പരിശീലനമായതിനാല്‍ ഫോണിലും ലഭിക്കാന്‍ പ്രയാസമാണെന്ന്‌ പറഞ്ഞ ലൂയിസ്‌ ഒളിംപിക്‌സ്‌ തിരക്ക്‌ കഴിഞ്ഞ്‌ അവസരമുണ്ടാക്കിത്തരാമെന്ന ഉറപ്പും നല്‍കി മടങ്ങുമ്പോഴതാ മുഖപരിചയമുള്ള ഒരാള്‍ എടുത്താല്‍ പൊന്താത്ത ബഗേജുമായി കഷ്ടപ്പെടുന്നു. നമ്മുടെ മയുഖാ ജോണിയാണ്‌. ജര്‍മനിയില്‍ നിന്ന്‌ നേരിട്ട്‌ ഇങ്ങോട്ട്‌ വന്നതിനാല്‍ കൂറയധികം ലഗേജ്‌ കൈയ്യിലുണ്ട്‌. അതില്‍ കുറച്ച്‌ ഇവിടെയുള്ള ബന്ധുക്കളെ ഏല്‍പ്പിക്കാന്‍ പുറത്തേക്ക്‌ പോവുകയാണ്‌ മയൂഖ.

Wednesday, September 5, 2012

ഇത്‌ കുന്നുമ്മല്‍ അസൈനാര്‍


ചിത്രം-
ഒളിംപിക്‌ സ്റ്റേഡിയത്തിന്‌ പുറത്ത്‌ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി-17

ഇത്‌ കുന്നുമ്മല്‍ അസൈനാര്‍
മഹാനഗരത്തിലെ രുചിക്കൂട്ടുകാരന്‍

ഈ കഥയിലെ നായകന്‍ കുന്നുമ്മല്‍ അസൈനാര്‍. ലണ്ടന്‍ മഹാനഗരത്തിന്റെ ഹൃദയഭാഗമായ സെന്‍ട്രല്‍ ലണ്ടനിലെ രുചിഭേദങ്ങളുടെ കാവല്‍ക്കാരന്‍. നമ്മുടെ സ്വന്തം മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ ചുഴലി എന്ന കുഗ്രാമത്തില്‍ നിന്നും വെള്ളക്കാരന്റെ രുചിയുള്ള നാവിനെ മലബാരി വിഭവങ്ങളുമായി തലോടുന്ന ഈ 37 കാരനില്ലെങ്കില്‍ ഹഷ്‌ എന്ന പഞ്ചനക്ഷത്ര സൗധത്തില്‍ തിരക്കുണ്ടാവില്ല. രാവിലെ എട്ട്‌ മണിക്ക്‌ തുറന്ന്‌ രാത്രി പതിനൊന്ന്‌ വരെ ഇഴമുറിയാതെ ഭക്ഷണപ്രിയര്‍ വരുന്നത്‌ അസൈനാറിന്റെ സ്വന്തം സ്‌പെഷ്യലായ ഫിഷ്‌ മസാല കഴിക്കാനാണ്‌. അഞ്ച്‌ നിലകളിലായി, നാല്‌ കിച്ചണുകളിലായി നഗരത്തിന്റെ നെടുംതൂണായി നില്‍ക്കുന്ന ഹഷ്‌ റസ്‌റ്റോറന്റിന്റെ ഉടമ നമ്മുടെ സ്വന്തം ജെയിംസ്‌ ബോണ്ട്‌-റോജര്‍ മൂറാണ്‌. ഹോളിവുഡിലെ ഈ നിത്യഹരിത നായകന്‌ ലണ്ടന്‍ നഗരത്തില്‍ വലിയ റസ്‌റ്റോറന്‍ഡ്‌ ശൃംഖലയുണ്ട്‌. അതില്‍ വലുതാണ്‌ ഹഷ്‌. 120 ജീവനക്കാരുണ്ടിവിടെ. എല്ലാവരും വിവിധ രാജ്യക്കാര്‍. അവരെ നയിക്കുന്നത്‌ പരേതനായ കുന്നുമ്മല്‍ മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും പറയരിക്കാട്ട്‌ പാത്തുമൈയുടെയും ഒമ്പത്‌ മക്കളിലൊരാളായ അസൈനാറാണെന്ന്‌ പറയുമ്പോള്‍ അതില്‍ അല്‍ഭുതമുണ്ട്‌. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്‌സുമെടുത്ത്‌ ആദ്യം ഫ്രാന്‍സിലേക്കും പിന്നെ ലണ്ടനിലേക്കും വിമാനം കയറിയ അസൈനാര്‍ ഇപ്പോള്‍ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷിന്റെ വക്താവാണ്‌. ഹെഡ്‌ ഷെഫ്‌ എന്ന വലിയ പദവിയില്‍ എല്ലാവരെയും നയിക്കാന്‍ അസൈനാര്‍ പ്രകടിപ്പിക്കുന്ന മികവും അപാരം. 1500 വിഭവങ്ങളുണ്ടിവിടെ. എല്ലാം വിഭവങ്ങളുടെയും റസിപ്പി തയ്യാറാക്കുന്നത്‌ അസൈനാര്‍ തന്നെ. ഏത്‌ രാജ്യക്കാരുടെയും രുചി വളരെ വേഗം മനസ്സിലാക്കി അതിവേഗം ഭക്ഷണമൊരുക്കുന്ന മികവും അനിതരസാധാരണം.
ഇന്നലെ ഹഷ്‌ റസ്റ്റോറന്‍ഡില്‍ അസൈനാര്‍ ഒരുക്കിയ ഇഫ്‌ത്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴാണ്‌ ഏറനാടിന്റെ ഈ പ്രതിനിധിയുടെ മികവും കരുത്തുമറിഞ്ഞത്‌. ലണ്ടനില്‍ എത്തിയത്‌ മുതല്‍ അസൈനാര്‍ ഇഫ്‌ത്താറിന്‌ ക്ഷണിക്കുന്നുണ്ട്‌. പക്ഷേ ഗെയിംസ്‌ തിരക്കില്‍ കഴിഞ്ഞില്ല. ഒളിംപിക്‌ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്ന സ്റ്റാഫോര്‍ഡില്‍ നിന്ന്‌ മെട്രോ ട്രെയിനില്‍ അരമണിക്കൂര്‍ യാത്ര ചെയ്‌താണ്‌ നഗരത്തിന്റെ ഹൃദയഭാഗമായ ഓക്‌സ്‌ഫോര്‍ഡ്‌ സര്‍ക്കസിന്‌ സമീപമുള്ള ബോണ്ട്‌ സ്‌റ്റേഷനിലെ അസൈനാറിന്റെ വലിയ തട്ടകത്ത്‌ എത്തിയത്‌. നല്ല തിരക്കിലും ഒരു ഭാഗത്ത്‌ ഞങ്ങള്‍ക്കായി ആംഗലേയവും മലബാരിയും ചേര്‍ത്തുള്ള നോമ്പ്‌തുറ വിഭവങ്ങള്‍. പരിചരിക്കാനോ ധാരാളം വെള്ളക്കാരായ ഹോട്ടല്‍ സ്‌റ്റാഫും അവര്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ ഹോട്ടല്‍ മാനേജരും. കത്തിയും കമ്പിയും സ്‌പൂണുമെല്ലാം ഉപയോഗിച്ചുള്ള അതിസാഹസ ഇഫ്‌ത്താറിന്‌ ശ്രമിക്കുന്നതിനെട അസൈനാര്‍ പറഞ്ഞു തനി നാടന്‍ ശൈലിയില്‍ കഴിക്കാമെന്ന്‌. (നോമ്പ്‌ തുറക്കാനിരിക്കുമ്പോള്‍ സ്‌പൂണും കത്തിയുമെല്ലാം ഉപയോഗിക്കാന്‍ പ്രത്യേക ക്ഷമ വേണം).
അസൈനാറിന്റെ സ്വന്തം ഫിഷ്‌ മസാല തകര്‍പ്പനാണ്‌. 180 ഗ്രാം ലെമണ്‍ റൈസും അതിനൊപ്പം മൂന്ന്‌ ഭീമന്മാരായ ചെമ്മീനുകളും മൂന്ന്‌ സ്‌കെലെക്‌സും പിന്ന കൂറെ പച്ചക്കറിയും ചേര്‍ത്തുള്ള മലബാരി ടച്ചുള്ള ചെമ്മീന്‍ ബിരിയാണിയെന്ന്‌ വേണമെങ്കില്‍ പറയാം. നമ്മുടെ മലബാരി രുചിക്കുള്ള ഇംഗ്ലീഷ്‌ അംഗീകാരമെന്നോണം ദിവസവും 200 ഫിഷ്‌ മസാലയെങ്കിലും ഇവിടെ ചെലവാകുന്നുണ്ട്‌. രണ്ടായിരത്തിലധികം രൂപയാണ്‌ ഈ വിഭവത്തിനെന്ന്‌ കേള്‍ക്കുമ്പോള്‍ നമുക്ക്‌ ഞെട്ടാം. പക്ഷേ വെള്ളക്കാര്‍ക്കിതൊന്നും പ്രശ്‌നമല്ല. അവര്‍ക്ക്‌ നല്ല രുചികരമായ ഭക്ഷണം വേണം. ഹഷ്‌ റസ്‌റ്റോറന്‍ഡില്‍ അവര്‍ക്കത്‌ ലഭിക്കുന്നു. ഫിഷ്‌ മസാലക്ക്‌ മുമ്പ്‌ സ്റ്റാര്‍ട്ടര്‍ എന്ന നിലയില്‍ ബ്രഡും ഒലീവും. അതിന്‌ ശേഷം ചിക്കന്‍, മട്ടന്‍, വെജിറ്റബിള്‍ സൂപ്പുകള്‍. തുടര്‍ന്നാണ്‌ പ്രധാന വിഭവമായി ഫിഷ്‌ മസാല വരുന്നത്‌. അവിടെയും തീര്‍ന്നില്ല. സാലഡും ഡെസേര്‍ട്ടും കഴിഞ്ഞ്‌ പിരിയുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി. വളരെ ആവേശത്തോടെ ഒരു മണിക്കൂറിലധികമെടുത്ത്‌ ഭക്ഷിച്ച്‌ പിരിയുമ്പോള്‍ മാനേജരോട്‌ എല്ലാവരും ചോദിക്കുന്നത്‌ ആരാണ്‌ ഈ രുചിക്കൂട്ടിന്റെ വക്താവ്‌ എന്നാണ്‌. അവിടെയാണ്‌ അസൈനാര്‍ തിളങ്ങുന്നത്‌.
ഒരു ദിവസം ആയിരത്തിലധികം ആളുകള്‍ ഭക്ഷണത്തിനെത്തുന്ന ഇവിടുത്തെ പ്രതിദിന വ്യാപാരം ഒരു കോടിയോളമാണെന്നാണ്‌ അസൈനാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഒരു മലയാളി ഉയരങ്ങളിലെത്തിയാല്‍ പാര പണിയുന്നതാണല്ലോ മലയാളിയുടെ ശൈലി. ഇവിടെ അസൈനാറിനെതിരെയും മലയാളികള്‍ രംഗത്തിറങ്ങിയിരുന്നു. ബ്രിട്ടിഷ്‌ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ പ്രസിഡണ്ടായതിനാല്‍ ആള്‍ തീവ്രവാദിയാണെന്ന്‌ മുദ്ര കുത്തി ഹോട്ടല്‍ മുതലാളിക്ക്‌ മെയില്‍ ചെയ്‌ത മലയാളികളായ വമ്പന്മാര്‍ ഇവിടെയുണ്ട്‌. പക്ഷേ സത്യസന്ധമായി ജോലി ചെയ്യുന്ന തന്റെ ഷെഫിനെ അവിശ്വസിക്കാന്‍ റോജര്‍ മൂറോ, ഹോട്ടലിന്റെ വര്‍ക്കിംഗ്‌ പാര്‍ട്ട്‌്‌ണറായ ജാമി ബാര്‍ബറോ തയ്യാറായില്ല. തന്റെ കീഴില്‍ േേജാലി ചെയ്യുന്നവരിലധികവും വെള്ളക്കാരായിട്ടും അവര്‍ പ്രകടിപ്പിക്കുന്ന സഹകരണവും കാര്യക്ഷമതയും അപാരമാണെന്നാണ്‌ അസൈനാര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. ഒരു ഇന്ത്യക്കാരനാണ്‌ തങ്ങളെ ഭരിക്കുന്നത്‌ എന്ന വികാരം അവര്‍ക്കില്ല. പറയുന്ന ജോലി ഭംഗിയായി ചെയ്യുന്നു. എല്ലാ തരത്തിലും സഹകരിക്കുന്നു. അസൈനാറിന്റെ മേല്‍നോട്ടമാണ്‌ ഹഷ്‌ റസ്‌റ്റോറന്‍ഡിന്റെ വലിയ ജനപ്രിയതക്ക്‌ കാരണമെന്ന്‌ പറയാന്‍ റസ്‌റ്റോറന്‍ഡിന്റെ മൗറീഷ്യസുകാരനായ മാനേജര്‍ ദേവിന്‌ മടിയില്ല.
സ്വന്തമായി മലബാര്‍ പാലസ്‌ എന്ന ഒരു റസ്‌റ്റോറന്‍ഡും അസൈനാര്‍ നടത്തുന്നുണ്ട്‌. അത്‌ വുഡ്‌ ഗ്രീനിലാണ്‌. ഇന്ത്യന്‍, ശ്രീലങ്കന്‍ വിഭവങ്ങള്‍ മാത്രമാണിവിടെ. 44 7417403205 എന്ന ടെലഫോണ്‍ നമ്പറില്‍ ഏത്‌ സമയത്തും അസൈനാറിനെ ലഭിക്കും. തിരക്കിനിടയിലും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളുമായി ലണ്ടനിലെ പ്രവാസികള്‍ക്ക്‌ സുപരിചിതനായ ഈ മലയാളി അഹങ്കാരമില്ലാതെ പറയുന്നു- ഈ ലണ്ടനിലേക്ക്‌ ആര്‍ക്കും വരാം. എല്ലാ ജനതതിയെയും സ്‌നേഹിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല മനസ്‌ക്കതയുള്ളവരാണ്‌ വെള്ളക്കാര്‍. ഹഷ്‌ റസ്റ്റോറന്‍ഡില്‍ നിന്ന്‌ മടങ്ങുമ്പോള്‍ വളരെ വൈകിയിരുന്നു. പക്ഷേ എപ്പോഴും കൂടെയുള്ള പേരാമ്പ്രക്കാരനായ എന്‍.കെ സഫീറിനെ പോലുള്ളവരുള്ളപ്പോള്‍ ഇവിടെ ഒരു തരത്തിലും പേടിക്കാനില്ല.


Tuesday, September 4, 2012

ഓടിക്കോ, കൈയ്യടി ഗ്യാരണ്ടി...!


കമാല്‍ വരദൂര്‍ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഒളിംപിക്‌ സമാപന ചടങ്ങിന്‌ മുമ്പ്‌

ലണ്ടന്‍ ഡയറി-16

ഓടിക്കോ, കൈയ്യടി ഗ്യാരണ്ടി...!

തോല്‍ക്കുന്നവര്‍ക്ക്‌ നമ്മള്‍ നല്‍കുന്ന സമ്മാനം കൂവലല്ലേ.... മല്‍സരങ്ങളില്‍ അവസാന സ്ഥാനത്ത്‌ വരുന്നവനെ കൂവി ഇല്ലാതാക്കാന്‍ ബഹുമിടുക്കരാണ്‌ നമ്മളെങ്കില്‍ ഈ വെള്ളക്കാര്‍ക്ക്‌ കൂവാന്‍ അറിയില്ല. എന്തിനെയും അവര്‍ കൈയ്യടിച്ചങ്ങ്‌ പ്രോല്‍സാഹിപ്പിക്കും. ടിന്റു ലൂക്കയുടെ മല്‍സരത്തിനായി ഒളിംപിക്‌ സ്റ്റേഡിയത്തിലിരിക്കുമ്പോഴാണ്‌ ഇംഗ്ലീഷുകാരുടെ സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റ്‌ ശരിക്കും മനസ്സിലായത്‌. വനിതകളുടെ 800 മീറ്റര്‍ രണ്ടാം ഹീറ്റ്‌സിലായിരുന്നു ടിന്റു. അത്‌ കഴിഞ്ഞ്‌ നടന്ന മൂന്നാം ഹീറ്റ്‌സില്‍ മല്‍സരിക്കാന്‍ സഊദി അറേബ്യയുടെ സാറാ അത്തര്‍. ട്രാക്കില്‍ സഊദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാതാരം. നല്ല വെളുത്ത ഹിജാബും പച്ച ബനിയനും നീല ട്രാക്ക്‌ സ്യൂട്ടുമിട്ട താരം. ആഫ്രിക്കയില്‍ നിന്നുള്ള ബിക്കിനി താരങ്ങള്‍ക്ക്‌ നടുവില്‍ അന്തസ്സുള്ള വേഷമണിഞ്ഞ പെണ്‍കുട്ടിക്ക്‌്‌ പ്രായം 19. ഒളിംപിക്‌സില്‍ വനിതകളെ മല്‍സരിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ നാട്ടില്‍ ബഹളം നടക്കുമ്പോള്‍ ഇങ്ങിവിടെ ഈ വിദ്യാര്‍ത്ഥിനി എത്രത്തോളം മുന്നിലെത്തുമെന്നറിയാന്‍ സ്‌റ്റേഡിയത്തില്‍ തന്നെ ഇരുന്നു. ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരി കോമിന്റെ സെമിഫൈനല്‍ മല്‍സരം അല്‍പ്പമകലെയുള്ള എക്‌സല്‍ അറീനയില്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ എല്ലാ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും അങ്ങോട്ടേക്ക്‌ തിരക്കിട്ട്‌ പോയി. പക്ഷേ സാറയുടെ പ്രകടനം കാണണമെന്ന്‌ തോന്നി. ആറ്‌ പേരുള്ള ഹീറ്റ്‌സില്‍ കെനിയയുടെ റെക്കോര്‍ഡുകാരി ജെന്നത്‌ ജെപോക്‌സ്‌ജിയെ പോലുള്ളവരുടെ നടുവില്‍ സാറ. സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ സാറയെ പരിചയപ്പെടുത്തിയത്‌ സഊദി അറേബ്യയില്‍ നിന്നും ഒളിംപിക്‌ ട്രാക്കില്‍ മല്‍സരിക്കുന്ന ആദ്യവനിതാ താരമെന്ന വിശേഷണവുമായി. അപ്പോള്‍ തന്നെ നിലക്കാത്ത കൈയ്യടികളായിരുന്നു. മല്‍സരമാരംഭിച്ചപ്പോള്‍ എതിരാളികള്‍ ശരവേഗതയില്‍ കുതിക്കുന്നു. തുടക്കത്തിലേ വളരെ പിറകിലായ സാറ ഇന്ത്യന്‍ താരങ്ങളെ പോലെ ഒളിംപിക്‌സിന്റെ മഹത്തായ മുദ്രാവാക്യം-പങ്കെടുക്കുക, വിജയിപ്പിക്കുക ഉയര്‍ത്തിപ്പിടിച്ച്‌ ഓടി. മല്‍സരിച്ചവരില്‍ ആറില്‍ അഞ്ച്‌ താരങ്ങളും ഫിനിഷ്‌ ചെയ്‌തപ്പോള്‍ സാറ 150 മീറ്റര്‍ പിറകിലായിരുന്നു. സാറ ഇനിയും 150 മീറ്റര്‍ ഓടാനുണ്ടെന്ന്‌ അനൗണ്‍സര്‍ പ്രഖ്യാപിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം കാണികളെല്ലാം എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിക്കാന്‍ തുടങ്ങി. ഉസൈന്‍ ബോള്‍ട്ടിന്‌ ലഭിച്ച അതേ പിന്തുണ പോലെ പ്രകമ്പനം കൊള്ളുന്ന കൈയ്യടി. കിതച്ച്‌ കിതച്ച്‌ സാറ ഫിനിഷിംഗ്‌ ലൈനില്‍ എത്തുന്നത്‌ വരെ ആരവങ്ങള്‍. രണ്ട്‌ മിനുട്ടും 44.95 സെക്കന്‍ഡുമെടുത്താണ്‌ സാറ ഓട്ടം പൂര്‍ത്തിയാക്കിയത്‌. ഈ ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാരി രണ്ട്‌ മിനുട്ടും 1.04 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
എന്താണ്‌ സാറക്ക്‌ പറയാനുള്ളതെന്നറിയാന്‍ ഉടന്‍ തന്നെ മിക്‌സഡ്‌ സോണിലേക്ക്‌ ഓടി. പുഞ്ചിരി തൂകി സംസാരിച്ച ആ പെണ്‍കുട്ടി കാണികള്‍ക്കാണ്‌ നന്ദി പറഞ്ഞത്‌. തന്നെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത, താന്‍ ആരാണെന്ന്‌ പോലുമറിയാത്ത വന്‍ ജനക്കൂട്ടം ഒളിംപിക്‌സ്‌ പോലെ വലിയ വേദിയില്‍ ഉയര്‍ത്തിയ നിലക്കാത്ത കൈയ്യടി തനിക്ക്‌ ലഭിച്ച സ്വര്‍ണമാണെന്നാണ്‌ സാറ പറഞ്ഞത്‌. ഇതാദ്യമായാണ്‌ ഇത്രയും വലിയ സ്റ്റേഡിയത്തില്‍ ഓടുന്നത്‌. ലോകോത്തര എതിരാളികള്‍ക്ക്‌ മുന്നില്‍ ആദ്യമായാണ്‌ മല്‍സരിക്കുന്നത്‌. ഈ അനുഭവം തനിക്ക്‌ മാത്രമല്ല രാജ്യത്തെ ഓരോ അത്‌ലറ്റിനും പ്രചോദനമാവുമെന്നാണ്‌ സാറയുടെ പക്ഷം. പത്തൊമ്പത്‌ ഡിഗ്രി ചൂടില്‍ വലിയ മൈതാനത്തെ രണ്ട്‌ വട്ടം വലം വെച്ച്‌ ചരിത്രത്തിലേക്ക്‌ ഓടി കയറിയ കൊച്ചു താരത്തെ അഭിനന്ദിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എതിരാളികളെക്കാള്‍ വളര പിറകിലായിട്ടും അവള്‍ ഓട്ടം നിര്‍ത്തിയില്ലല്ലോ, എല്ലാവരെയും പോലെ ഫൗളൊന്നും കാട്ടാതെ മല്‍സരം പൂര്‍ത്തിയാക്കിയില്ലേ. ഒളിംപിക്‌സിലും കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം പങ്കെടുത്ത അനുഭവമുണ്ടായിട്ടും നമ്മുടെ ട്രിപ്പിള്‍ ജംമ്പര്‍ രണ്‍ജിത്‌ മഹേശ്വരി ഇവിടെ എല്ലാ ചാട്ടങ്ങളും ഫൗളാക്കി നാണക്കേടുണ്ടാക്കിയതുമായി താരതമ്യം ചെയ്യുമ്പോള്‍ സാറ തകര്‍ക്കുയാണ്‌ ചെയ്‌തത്‌. സഊദിക്കാരനായ പിതാവിന്റെയും അമേരിക്കക്കാരിയായ മാതാവിന്റെയും മകളായ സാറ ലോസാഞ്ചലസിന്‌ സമീപമുള്ള പെപര്‍ഡിനി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്‌. പിതാവ്‌ അമറിന്റെ പിന്തുണയിലാണ്‌ ട്രാക്കിലേക്ക്‌ വന്നത്‌. വനിതാജൂഡോ താരം വോദ്‌ജാന്‍ അലി സിറാജ്‌ അബ്ദുള്‍റഹീം ഷഹര്‍ഖാനി കൂടി ഒളിംപിക്‌സിനുണ്ടെന്നറിഞ്ഞപ്പോഴാണ്‌ മല്‍സരിക്കാന്‍ എല്ലാവരും സമ്മതം നല്‍കിയത്‌.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന്‌ കൂടുതല്‍ വനിതാ താരങ്ങള്‍ ലണ്ടനില്‍ മല്‍സരിക്കുന്നുണ്ട്‌. സാറാ അത്തറിനൊപ്പം 800 മീറ്ററില്‍ ഫലസ്‌തീന്റെ വുറൂദ്‌ സ്വലാഹ, തുര്‍ക്കിയുടെ മെദ്‌ലെ ഐദിന്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ആരും ഫൈനല്‍ ബെര്‍ത്ത്‌ നേടിയില്ലെങ്കിലും ലോക വേദിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നാടിനെ പ്രതിനിധീകരിക്കാനായ അഭിമാനമാണ്‌ എല്ലാവര്‍ക്കും.
സാറയെ അഭിനന്ദിച്ച്‌ ഓടിക്കിതച്ച്‌ മീഡിയാ ബസ്സില്‍ കയറി അരമണിക്കൂര്‍ യാത്ര ചെയ്‌ത്‌ ബോക്‌സിംഗ്‌ മല്‍സരവേദിയിലെത്തുമ്പോള്‍ ഇംഗ്ലീഷുകാരെ കൊണ്ട്‌ അടുക്കാനാവുന്നില്ല. ശരീരമാസകലം പെയിന്റടിച്ച്‌ ദേശീയ പതാകയുമായി ജി.ബി. ജി.ബി എന്ന്‌ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി നടക്കുന്നവര്‍. ജി.ബി എന്ന ഗ്രേറ്റ്‌ ബ്രിട്ടന്‍കാരുടെ സ്വന്തം താരമായ നിക്കോളാ ആഡംസ്‌ നമ്മുടെ മേരി കോമിനെ നേരിടാന്‍ പോവുകയാണ്‌. നാട്ടുകാരാണ്‌ മല്‍സരിക്കുന്നതെങ്കില്‍ ഇംഗ്ലീഷുകാരുടെ പിന്തുണ മറ്റാര്‍ക്കുമില്ല. പക്ഷേ കൂവാന്‍ അറിയാത്തത്‌ കൊണ്ട്‌്‌ പ്രതിയോഗിയെ വേട്ടയാടില്ല. രണ്ട്‌ കുട്ടികളുടെ മാതാവായ മേരിയെ കണ്ടാല്‍ ഒരു ബോക്‌സറാണെന്ന്‌ ആരും പറയില്ല. തീരെ ഉയരമില്ല. മെലിഞ്ഞൊട്ടിയ രൂപം. മസിലുകളുണ്ടോ എന്നറിയാന്‍ ഭൂതകണ്ണാടി വെക്കണം. എന്നിട്ടും ഈ മേരിയെങ്ങനെ അഞ്ച്‌ തവണ ലോകപ്പട്ടം നേടിയെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ അലോക്‌ സാഹയോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌ ചിരി അടക്കാനായില്ല. കാണികളെ തോല്‍പ്പിക്കാനും ആഡംസിനെ ഇടിച്ചുവീഴ്‌ത്താനും മേരിക്കായില്ല. പക്ഷേ വെങ്കല മെഡലുമായി ഞങ്ങളോട്‌ സംസാരിക്കുമ്പോള്‍ മേരി സന്തോഷവതിയായിരുന്നു. ആദ്യമായി ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കിയ വനിതാ ബോക്‌സിംഗില്‍ ഒരു മെഡല്‍ നേടുകയെന്നത്‌ തന്റെ സ്വപ്‌നമായിരുന്നെന്നും അത്‌ സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്നും മണിപ്പൂരിന്റെ താരം പറഞ്ഞു.
സാറാ അത്തറില്‍ നിന്നും മേരി കോമിലേക്ക്‌ വലിയ ദൂരമുണ്ട്‌. പണവും പരിശീലനവും സാഹചര്യങ്ങളും പിന്തുണയും വേണ്ടുവോളമുണ്ട്‌ സാറക്ക്‌. മേരിക്കോ-പണമില്ല, ഉന്നത പരിശീലന സൗകര്യങ്ങളില്ല, പ്രതികൂല സാഹചര്യങ്ങളും. പക്ഷേ പിന്തുണയുണ്ട്‌. ഇന്ത്യന്‍ ബോക്‌സിംഗ്‌ ഫെഡറേഷനും സര്‍ക്കാരും കായിക മന്ത്രാലയവുമെല്ലാം സഹായിച്ചത്‌ കൊണ്ടാണ്‌ മേരി ഇവിടെയെത്തിയത്‌. ചെറുപ്പകാലത്ത്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ പ്രയാസപ്പെട്ടിരുന്നു മേരി. പോഷകാഹാരങ്ങള്‍ എന്തെന്ന്‌ അറിയുമായിരുന്നില്ല. പട്ടിണിയകറ്റാന്‍ ജോലിക്ക്‌ പോവാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടി ബോക്‌സറായത്‌ നിലനില്‍പ്പിനായിരുന്നു. മേരിയുടെ മെഡലും, മെഡലിന്‌ തുല്യമായ സാറയുടെ പങ്കാളിത്തവുമെല്ലാം കായികതയുടെ മഹത്തായ വിജയങ്ങളാണ്‌.

Monday, September 3, 2012

ഓടിക്കോ, കൈയ്യടി ഗ്യാരണ്ടി...!


ചിത്രം
കമാല്‍ വരദൂര്‍ ലണ്ടന്‍ ടവര്‍ ബ്രിഡ്‌ജിന്‌ മുന്നില്‍

ലണ്ടന്‍ ഡയറി-16

ഓടിക്കോ, കൈയ്യടി ഗ്യാരണ്ടി...!

തോല്‍ക്കുന്നവര്‍ക്ക്‌ നമ്മള്‍ നല്‍കുന്ന സമ്മാനം കൂവലല്ലേ.... മല്‍സരങ്ങളില്‍ അവസാന സ്ഥാനത്ത്‌ വരുന്നവനെ കൂവി ഇല്ലാതാക്കാന്‍ ബഹുമിടുക്കരാണ്‌ നമ്മളെങ്കില്‍ ഈ വെള്ളക്കാര്‍ക്ക്‌ കൂവാന്‍ അറിയില്ല. എന്തിനെയും അവര്‍ കൈയ്യടിച്ചങ്ങ്‌ പ്രോല്‍സാഹിപ്പിക്കും. ടിന്റു ലൂക്കയുടെ മല്‍സരത്തിനായി ഒളിംപിക്‌ സ്റ്റേഡിയത്തിലിരിക്കുമ്പോഴാണ്‌ ഇംഗ്ലീഷുകാരുടെ സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റ്‌ ശരിക്കും മനസ്സിലായത്‌. വനിതകളുടെ 800 മീറ്റര്‍ രണ്ടാം ഹീറ്റ്‌സിലായിരുന്നു ടിന്റു. അത്‌ കഴിഞ്ഞ്‌ നടന്ന മൂന്നാം ഹീറ്റ്‌സില്‍ മല്‍സരിക്കാന്‍ സഊദി അറേബ്യയുടെ സാറാ അത്തര്‍. ട്രാക്കില്‍ സഊദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാതാരം. നല്ല വെളുത്ത ഹിജാബും പച്ച ബനിയനും നീല ട്രാക്ക്‌ സ്യൂട്ടുമിട്ട താരം. ആഫ്രിക്കയില്‍ നിന്നുള്ള ബിക്കിനി താരങ്ങള്‍ക്ക്‌ നടുവില്‍ അന്തസ്സുള്ള വേഷമണിഞ്ഞ പെണ്‍കുട്ടിക്ക്‌്‌ പ്രായം 19. ഒളിംപിക്‌സില്‍ വനിതകളെ മല്‍സരിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ നാട്ടില്‍ ബഹളം നടക്കുമ്പോള്‍ ഇങ്ങിവിടെ ഈ വിദ്യാര്‍ത്ഥിനി എത്രത്തോളം മുന്നിലെത്തുമെന്നറിയാന്‍ സ്‌റ്റേഡിയത്തില്‍ തന്നെ ഇരുന്നു. ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരി കോമിന്റെ സെമിഫൈനല്‍ മല്‍സരം അല്‍പ്പമകലെയുള്ള എക്‌സല്‍ അറീനയില്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ എല്ലാ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും അങ്ങോട്ടേക്ക്‌ തിരക്കിട്ട്‌ പോയി. പക്ഷേ സാറയുടെ പ്രകടനം കാണണമെന്ന്‌ തോന്നി. ആറ്‌ പേരുള്ള ഹീറ്റ്‌സില്‍ കെനിയയുടെ റെക്കോര്‍ഡുകാരി ജെന്നത്‌ ജെപോക്‌സ്‌ജിയെ പോലുള്ളവരുടെ നടുവില്‍ സാറ. സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ സാറയെ പരിചയപ്പെടുത്തിയത്‌ സഊദി അറേബ്യയില്‍ നിന്നും ഒളിംപിക്‌ ട്രാക്കില്‍ മല്‍സരിക്കുന്ന ആദ്യവനിതാ താരമെന്ന വിശേഷണവുമായി. അപ്പോള്‍ തന്നെ നിലക്കാത്ത കൈയ്യടികളായിരുന്നു. മല്‍സരമാരംഭിച്ചപ്പോള്‍ എതിരാളികള്‍ ശരവേഗതയില്‍ കുതിക്കുന്നു. തുടക്കത്തിലേ വളരെ പിറകിലായ സാറ ഇന്ത്യന്‍ താരങ്ങളെ പോലെ ഒളിംപിക്‌സിന്റെ മഹത്തായ മുദ്രാവാക്യം-പങ്കെടുക്കുക, വിജയിപ്പിക്കുക ഉയര്‍ത്തിപ്പിടിച്ച്‌ ഓടി. മല്‍സരിച്ചവരില്‍ ആറില്‍ അഞ്ച്‌ താരങ്ങളും ഫിനിഷ്‌ ചെയ്‌തപ്പോള്‍ സാറ 150 മീറ്റര്‍ പിറകിലായിരുന്നു. സാറ ഇനിയും 150 മീറ്റര്‍ ഓടാനുണ്ടെന്ന്‌ അനൗണ്‍സര്‍ പ്രഖ്യാപിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം കാണികളെല്ലാം എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിക്കാന്‍ തുടങ്ങി. ഉസൈന്‍ ബോള്‍ട്ടിന്‌ ലഭിച്ച അതേ പിന്തുണ പോലെ പ്രകമ്പനം കൊള്ളുന്ന കൈയ്യടി. കിതച്ച്‌ കിതച്ച്‌ സാറ ഫിനിഷിംഗ്‌ ലൈനില്‍ എത്തുന്നത്‌ വരെ ആരവങ്ങള്‍. രണ്ട്‌ മിനുട്ടും 44.95 സെക്കന്‍ഡുമെടുത്താണ്‌ സാറ ഓട്ടം പൂര്‍ത്തിയാക്കിയത്‌. ഈ ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാരി രണ്ട്‌ മിനുട്ടും 1.04 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
എന്താണ്‌ സാറക്ക്‌ പറയാനുള്ളതെന്നറിയാന്‍ ഉടന്‍ തന്നെ മിക്‌സഡ്‌ സോണിലേക്ക്‌ ഓടി. പുഞ്ചിരി തൂകി സംസാരിച്ച ആ പെണ്‍കുട്ടി കാണികള്‍ക്കാണ്‌ നന്ദി പറഞ്ഞത്‌. തന്നെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത, താന്‍ ആരാണെന്ന്‌ പോലുമറിയാത്ത വന്‍ ജനക്കൂട്ടം ഒളിംപിക്‌സ്‌ പോലെ വലിയ വേദിയില്‍ ഉയര്‍ത്തിയ നിലക്കാത്ത കൈയ്യടി തനിക്ക്‌ ലഭിച്ച സ്വര്‍ണമാണെന്നാണ്‌ സാറ പറഞ്ഞത്‌. ഇതാദ്യമായാണ്‌ ഇത്രയും വലിയ സ്റ്റേഡിയത്തില്‍ ഓടുന്നത്‌. ലോകോത്തര എതിരാളികള്‍ക്ക്‌ മുന്നില്‍ ആദ്യമായാണ്‌ മല്‍സരിക്കുന്നത്‌. ഈ അനുഭവം തനിക്ക്‌ മാത്രമല്ല രാജ്യത്തെ ഓരോ അത്‌ലറ്റിനും പ്രചോദനമാവുമെന്നാണ്‌ സാറയുടെ പക്ഷം. പത്തൊമ്പത്‌ ഡിഗ്രി ചൂടില്‍ വലിയ മൈതാനത്തെ രണ്ട്‌ വട്ടം വലം വെച്ച്‌ ചരിത്രത്തിലേക്ക്‌ ഓടി കയറിയ കൊച്ചു താരത്തെ അഭിനന്ദിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എതിരാളികളെക്കാള്‍ വളര പിറകിലായിട്ടും അവള്‍ ഓട്ടം നിര്‍ത്തിയില്ലല്ലോ, എല്ലാവരെയും പോലെ ഫൗളൊന്നും കാട്ടാതെ മല്‍സരം പൂര്‍ത്തിയാക്കിയില്ലേ. ഒളിംപിക്‌സിലും കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം പങ്കെടുത്ത അനുഭവമുണ്ടായിട്ടും നമ്മുടെ ട്രിപ്പിള്‍ ജംമ്പര്‍ രണ്‍ജിത്‌ മഹേശ്വരി ഇവിടെ എല്ലാ ചാട്ടങ്ങളും ഫൗളാക്കി നാണക്കേടുണ്ടാക്കിയതുമായി താരതമ്യം ചെയ്യുമ്പോള്‍ സാറ തകര്‍ക്കുയാണ്‌ ചെയ്‌തത്‌. സഊദിക്കാരനായ പിതാവിന്റെയും അമേരിക്കക്കാരിയായ മാതാവിന്റെയും മകളായ സാറ ലോസാഞ്ചലസിന്‌ സമീപമുള്ള പെപര്‍ഡിനി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്‌. പിതാവ്‌ അമറിന്റെ പിന്തുണയിലാണ്‌ ട്രാക്കിലേക്ക്‌ വന്നത്‌. വനിതാജൂഡോ താരം വോദ്‌ജാന്‍ അലി സിറാജ്‌ അബ്ദുള്‍റഹീം ഷഹര്‍ഖാനി കൂടി ഒളിംപിക്‌സിനുണ്ടെന്നറിഞ്ഞപ്പോഴാണ്‌ മല്‍സരിക്കാന്‍ എല്ലാവരും സമ്മതം നല്‍കിയത്‌.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന്‌ കൂടുതല്‍ വനിതാ താരങ്ങള്‍ ലണ്ടനില്‍ മല്‍സരിക്കുന്നുണ്ട്‌. സാറാ അത്തറിനൊപ്പം 800 മീറ്ററില്‍ ഫലസ്‌തീന്റെ വുറൂദ്‌ സ്വലാഹ, തുര്‍ക്കിയുടെ മെദ്‌ലെ ഐദിന്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ആരും ഫൈനല്‍ ബെര്‍ത്ത്‌ നേടിയില്ലെങ്കിലും ലോക വേദിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നാടിനെ പ്രതിനിധീകരിക്കാനായ അഭിമാനമാണ്‌ എല്ലാവര്‍ക്കും.
സാറയെ അഭിനന്ദിച്ച്‌ ഓടിക്കിതച്ച്‌ മീഡിയാ ബസ്സില്‍ കയറി അരമണിക്കൂര്‍ യാത്ര ചെയ്‌ത്‌ ബോക്‌സിംഗ്‌ മല്‍സരവേദിയിലെത്തുമ്പോള്‍ ഇംഗ്ലീഷുകാരെ കൊണ്ട്‌ അടുക്കാനാവുന്നില്ല. ശരീരമാസകലം പെയിന്റടിച്ച്‌ ദേശീയ പതാകയുമായി ജി.ബി. ജി.ബി എന്ന്‌ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി നടക്കുന്നവര്‍. ജി.ബി എന്ന ഗ്രേറ്റ്‌ ബ്രിട്ടന്‍കാരുടെ സ്വന്തം താരമായ നിക്കോളാ ആഡംസ്‌ നമ്മുടെ മേരി കോമിനെ നേരിടാന്‍ പോവുകയാണ്‌. നാട്ടുകാരാണ്‌ മല്‍സരിക്കുന്നതെങ്കില്‍ ഇംഗ്ലീഷുകാരുടെ പിന്തുണ മറ്റാര്‍ക്കുമില്ല. പക്ഷേ കൂവാന്‍ അറിയാത്തത്‌ കൊണ്ട്‌്‌ പ്രതിയോഗിയെ വേട്ടയാടില്ല. രണ്ട്‌ കുട്ടികളുടെ മാതാവായ മേരിയെ കണ്ടാല്‍ ഒരു ബോക്‌സറാണെന്ന്‌ ആരും പറയില്ല. തീരെ ഉയരമില്ല. മെലിഞ്ഞൊട്ടിയ രൂപം. മസിലുകളുണ്ടോ എന്നറിയാന്‍ ഭൂതകണ്ണാടി വെക്കണം. എന്നിട്ടും ഈ മേരിയെങ്ങനെ അഞ്ച്‌ തവണ ലോകപ്പട്ടം നേടിയെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ അലോക്‌ സാഹയോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌ ചിരി അടക്കാനായില്ല. കാണികളെ തോല്‍പ്പിക്കാനും ആഡംസിനെ ഇടിച്ചുവീഴ്‌ത്താനും മേരിക്കായില്ല. പക്ഷേ വെങ്കല മെഡലുമായി ഞങ്ങളോട്‌ സംസാരിക്കുമ്പോള്‍ മേരി സന്തോഷവതിയായിരുന്നു. ആദ്യമായി ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കിയ വനിതാ ബോക്‌സിംഗില്‍ ഒരു മെഡല്‍ നേടുകയെന്നത്‌ തന്റെ സ്വപ്‌നമായിരുന്നെന്നും അത്‌ സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്നും മണിപ്പൂരിന്റെ താരം പറഞ്ഞു.
സാറാ അത്തറില്‍ നിന്നും മേരി കോമിലേക്ക്‌ വലിയ ദൂരമുണ്ട്‌. പണവും പരിശീലനവും സാഹചര്യങ്ങളും പിന്തുണയും വേണ്ടുവോളമുണ്ട്‌ സാറക്ക്‌. മേരിക്കോ-പണമില്ല, ഉന്നത പരിശീലന സൗകര്യങ്ങളില്ല, പ്രതികൂല സാഹചര്യങ്ങളും. പക്ഷേ പിന്തുണയുണ്ട്‌. ഇന്ത്യന്‍ ബോക്‌സിംഗ്‌ ഫെഡറേഷനും സര്‍ക്കാരും കായിക മന്ത്രാലയവുമെല്ലാം സഹായിച്ചത്‌ കൊണ്ടാണ്‌ മേരി ഇവിടെയെത്തിയത്‌. ചെറുപ്പകാലത്ത്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ പ്രയാസപ്പെട്ടിരുന്നു മേരി. പോഷകാഹാരങ്ങള്‍ എന്തെന്ന്‌ അറിയുമായിരുന്നില്ല. പട്ടിണിയകറ്റാന്‍ ജോലിക്ക്‌ പോവാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടി ബോക്‌സറായത്‌ നിലനില്‍പ്പിനായിരുന്നു. മേരിയുടെ മെഡലും, മെഡലിന്‌ തുല്യമായ സാറയുടെ പങ്കാളിത്തവുമെല്ലാം കായികതയുടെ മഹത്തായ വിജയങ്ങളാണ്‌.

Sunday, September 2, 2012

പച്ചമല്‍സ്യം ഒറ്റയടിക്ക്‌ കറുമുറ....


ചിത്രം
കമാല്‍ വരദൂര്‍ ഒളിംപിക്‌ സ്‌റ്റേഡിയത്തില്‍ നിന്ന്‌ ഏഷ്യാനെറ്റിന്‌ വേണ്ടി വാര്‍ത്തകള്‍ തല്‍സമയം റിപ്പോര്‍ട്ട്‌ ചെയ്യുന്നു
ലണ്ടന്‍ ഡയറി-15
മാര്‍ക്കറ്റും സുഗന്ധപൂരിതം
പച്ചമല്‍സ്യം ഒറ്റയടിക്ക്‌ കറുമുറ....

ലണ്ടന്‍ നഗരത്തിലെ സുന്ദരമായൊരു കാഴ്‌ച്ചയാണ്‌ ബില്ലിംഗ്‌സ്‌ഗേറ്റ്‌ മല്‍സ്യമാര്‍ക്കറ്റ്‌. പതിമൂന്ന്‌ ഏക്കര്‍ വിസ്‌താരത്തില്‍ പടര്‍ന്ന്‌ പന്തലിച്ച്‌ കിടക്കുന്ന മാര്‍ക്കറ്റ്‌ സുഗന്ധപൂരിതമാണ്‌. ഒരുതരത്തിലും നമ്മുടെ മല്‍സ്യമാര്‍ക്കറ്റുകളിലെ ദുര്‍ഗന്ധമില്ല. എല്ലാ രാജ്യങ്ങളിലെയും എല്ലാതരം മല്‍സ്യങ്ങളും വലിയ ഐസ്‌ ക്യൂബുകളില്‍ മിന്നിത്തിളങ്ങി വിശ്രമിക്കുകയാണ്‌. പൊടി പോലുമില്ല കണ്ട്‌ പിടിക്കാന്‍ എന്ന്‌ പറഞ്ഞത്‌ പോലെയാണ്‌ മാര്‍ക്കറ്റിനുള്ളില്‍. ഫൈബര്‍ ട്രേകളിലാണ്‌ മല്‍സ്യം സൂക്ഷിച്ചിരിക്കുന്നത്‌. ഗ്ലാസ്‌ കവര്‍ കൊണ്ട്‌ എല്ലാം മൂടിയിരിക്കുന്നു. വട്ടമിട്ട്‌ പറക്കാന്‍ ഈച്ചകളോ, ഉപദ്രവിക്കാന്‍ പൂച്ചകളോ ഇല്ല. ജീന്‍സും ടീ ഷര്‍ട്ടുമിട്ട്‌ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ കച്ചവടം നടത്തുന്നവര്‍ക്കിടയിലൂടെ സഞ്ചരിച്ചക്കവെ ശ്രദ്ധിച്ചത്‌ നമ്മുടെ മത്തിയോ, ചാളയോ, അയലയോ കൂട്ടത്തിലുണ്ടോയെന്നാണ്‌. നോ രക്ഷ. ദരിദ്ര നാരായണന്മാരായ നമുക്ക്‌ പ്രിയപ്പെട്ടവരൊന്നും ഒരു ട്രേയിലുമില്ല. പകരം വലിയ ചെമ്മീനുകള്‍-ഒന്ന്‌ മാത്രം വരും ഒരു കിലോ. പേരറിയാത്ത മറ്റ്‌ പലതരം മല്‍സ്യങ്ങളും. വാങ്ങാന്‍ വരുന്നവരെല്ലാം ഒരു കിലോയില്‍ കൂടുതല്‍ വാങ്ങുന്നവര്‍. വില പേശലില്ല. വിലനിലവാരം ഓരോ കടകളുടെയും പുറത്ത്‌ വൃത്തിയില്‍ എഴുതിവെച്ചിട്ടുണ്ട്‌. മല്‍സ്യം നല്ല കവറില്‍ മനോഹരമായി പാക്‌ ചെയ്‌ത്‌ നല്‍കും.
ഹലാല്‍ റസ്റ്റോറന്‍ഡില്‍ വെച്ച്‌ ഇംഗ്ലീഷുകാര്‍ മല്‍സ്യം കഴിക്കുന്നതും കണ്ടു. അതായിരിന്നു രസകരം. ഏത്‌ തരം മല്‍സ്യമാണെങ്കിലും അതെടുത്ത്‌ ഒരു വിഴുങ്ങലാണ്‌. ഹൈദരാബാദിലെ മല്‍സ്യചികില്‍സ പോലെ. വലിയ ചെമ്മിനെല്ലാം എടുത്ത്‌ ഒറ്റയടി. കണ്ട്‌ നിന്നാല്‍ ഞെട്ടിപ്പോവും. മല്‍സ്യത്തിന്റെ മുള്ളെല്ലാം കടിച്ച്‌ പൊട്ടിച്ചങ്ങ്‌ കഴിക്കുന്നു. മല്‍സ്യം പൊരിക്കുന്നില്ല, മുളക്‌ പുരട്ടുന്നില്ല, വേവിക്കുന്നുമില്ല. പച്ച മല്‍സ്യത്തിനൊപ്പം അല്‍പ്പം ചെറുനാരങ്ങാനീര്‌ മതി. ഇവര്‍ തകര്‍ക്കും. അതിനൊപ്പം കുരുമുളക്‌ പൊടിയുമുണ്ടോ-ഭേഷായി. ഒന്നല്ല പത്ത്‌ വലിയ മല്‍സ്യം വേണമെങ്കിലും ഉള്ളിലെത്തും. മുളക്‌ പൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി തുടങ്ങി നമുക്ക്‌ പ്രിയപ്പെട്ടതെല്ലാം ഇവിടെ തെല്ലുമില്ല. പ്രാതലില്‍ വെള്ളക്കാരന്‌്‌ വിശ്വാസമില്ല. മിക്ക വീടുകളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ജോലിക്ക്‌ പോവുന്നവരായതിനാല്‍ രാവിലെ ഡാന്‍ഡ്‌വിച്ച്‌ അല്ലെങ്കില്‍ ബ്രെഡ്‌. അത്‌ തന്നെ വീട്ടില്‍ നിന്ന്‌ കഴിക്കുന്നില്ല. യാത്രയിലോ, നടപ്പിലോ കഴിക്കും. പത്രപാരായണം ട്രെയിനില്‍. എല്ലാ മെട്രോ ട്രെയിനുകളിലും പത്രം സൗജന്യമായുണ്ടാവും. ഉച്ചഭക്ഷണം മിക്കവാറും റസ്‌റ്റോറന്‍ഡുകളില്‍. വീട്ടില്‍ നിന്ന്‌ തയ്യാറാക്കി ടിഫിന്‍ കരിയറില്‍ ഓഫീസിലേക്ക്‌ കൊണ്ട്‌ പോവുന്നതെല്ലാം പഴഞ്ചന്‍ശൈലി. പുരുഷന്മാരെ പോലെ സ്‌ത്രീകളും റസ്‌റ്റോറന്‍ഡുകളില്‍ ഏതാണ്ട്‌ ഒരു മണിക്കൂറെല്ലാം ദീര്‍ഘിക്കുന്ന ലഞ്ച്‌ താല്‍പ്പര്യക്കാരാണ്‌. ആദ്യം ഒരു സ്റ്റാര്‍ട്ടര്‍. അത്‌ മിക്കവാറും നാലോ അഞ്ചോ പപ്പടമായിരിക്കും. പിന്നെ വെജിറ്റബിള്‍സ്‌. അതിന്‌ ശേഷമാണ്‌ എന്തെങ്കിലും കാര്യമായി കഴിക്കുക. പിന്നെ ഫ്രൂട്ട്‌സ്‌. അവസാനത്തില്‍ സ്വീറ്റ്‌സ്‌. വൈകുന്നേരത്തെ ചായയില്‍ ആര്‍ക്കും വിശ്വാസമില്ല. പകരം ബീര്‍. അത്‌ എത്ര ഗ്ലാസ്‌ വേണമെങ്കിലും ആണും പെണ്ണും അകത്താക്കും. രാത്രിയിലും നന്നായി ഭക്ഷണം കഴിക്കും.
എത്ര കഴിച്ചാലെന്താ...! അസുഖം വന്നാലും ഭയപ്പെടാനില്ല. കാരണം ചികില്‍സ സമ്പൂര്‍ണമായും സൗജന്യമാണ്‌. ഈ നാട്ടില്‍ പൗരത്വമുണ്ടെങ്കില്‍ ചികില്‍സാ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ആസ്‌പത്രിയില്‍ എല്ലാ സൗകര്യങ്ങളും ഫ്രീ. സര്‍ക്കാര്‍ ആതുരാലയം സ്വകാര്യ ആതുരാലയം എന്നിങ്ങനെയുള്ള വിവേചനമില്ല. എല്ലാം സര്‍ക്കാര്‍ ആസ്‌പത്രികള്‍. സര്‍ജറിക്കോ, വലിയ ചികില്‍സക്കോ നാട്ടിലെ സ്വകാര്യ ആസ്‌പത്രിക്കാരുടെ ബ്ലേഡ്‌ പരിപാടികള്‍ ഇവിടെയില്ല. ഏറ്റവും ഗുണമേന്മയുള്ള മരുന്നുകളും ചികില്‍സയും സര്‍ക്കാര്‍ തന്നെ ഉറപ്പ്‌ വരുത്തുന്നു. ചികില്‍സാ സൗജന്യത്തിന്‌ പുറമെ ആരോഗ്യസുരക്ഷ വേറെയുമുണ്ട്‌. ലോണെടുത്താണ്‌ വീട്‌ വെച്ചതെങ്കില്‍, ലോണ്‍ തിരിച്ചടിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബാങ്കുകര്‍ ജപ്‌തി നോട്ടീസുമായി വരില്ല. ഇന്‍ഷൂറന്‍സില്‍ നിന്ന്‌ ലോണിലേക്ക്‌ പണം പോവും. പക്ഷേ ഒന്നുണ്ട്‌, ക്യത്യമായി ചട്ടങ്ങള്‍ പാലിച്ചായിരിക്കണം വീട്‌ നിര്‍മാണം. നാല്‌ കാര്യങ്ങള്‍ നിര്‍ബന്ധമാണ്‌. 1-അംഗീകരിക്കപ്പെട്ട പ്ലാന്‍. 2-അഗ്നിശമന സുരക്ഷ .3-ഇലക്ട്രിക്‌, പ്ലംബിഗ്‌ ജോലികള്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക്‌ നല്‍കി അവരുടെ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങണം.4-മാലിന്യ സംസ്‌ക്കരണം ഭദ്രമാക്കണം.
ബ്രിട്ടനിലെ ഈ ജീവിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടമായെത്തുന്നത്‌ ചെറിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായാണ്‌ ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ പറയുന്നത്‌. ഇംഗ്ലണ്ട്‌ യൂണിയനില്‍ അംഗമാണ്‌. അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആര്‍ക്കും പാസ്‌പോര്‍ട്ട്‌ ഇല്ലാതെ ഇവിടെ വരാം. താമസക്കാരാവാം. റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ്‌ വേണ്ട. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളെ ഉപയോഗപ്പെടുത്താം.
എല്ലാവരും സ്വയം അച്ചടക്കം പാലിക്കുന്നു. റോഡിലുടെ പോവുന്ന ഒരു വാഹനം പോലും ഹോണ്‍ മുഴക്കുന്നില്ല. ഏത്‌ വലിയ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടാലും ക്ഷമയോടെ ക്യൂ പാലിക്കുന്നു. മല്‍സ്യമാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പോലും ശാന്തരായാണ്‌ പെരുമാറുന്നത്‌. അസഭ്യ പ്രയോഗങ്ങളോ, അംഗവിക്ഷേപമോ, അസ്ഥാനത്തേക്കുള്ള നോട്ടമോ ഒന്നുമില്ല. എല്ലായിടങ്ങളിലും ചിരിക്കുന്ന പോലീസും സ്വകാര്യ സുരക്ഷക്കാരും സജീവം. അന്ധര്‍ക്കും അംഗവൈക്യലം സംഭവിച്ചവര്‍ക്കും എവിടെയും ഉയര്‍ന്ന പരിഗണന. അവര്‍ക്കായി പ്രത്യേക പാതകള്‍, പ്രത്യേക ലിഫ്‌ടുകള്‍, പ്രത്യേക ടോയ്‌ലറ്റുകള്‍.
ഇന്നലെ ട്രാക്കില്‍ ടിന്റു ലൂക്കയുടെ മല്‍സരം കാണാന്‍ രാവിലെ തന്നെ ഒളിംപിക്‌ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ മൂന്ന്‌ ആഫ്രിക്കന്‍ വോളണ്ടയിര്‍മാരെ പരിചയപ്പെട്ടു. ഇവരെ ആഫ്രിക്കന്‍സ്‌ എന്ന്‌ പരസ്യമായി വിളിച്ചാല്‍ പ്രശ്‌നമാണ്‌. വംശീയതയുടെ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്‌. ഇന്ത്യന്‍ താരത്തിന്റെ മല്‍സരം കാണാന്‍ വന്നതാണെന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ ഉഷയെ അറിയാം. മല്‍സരിക്കുന്നത്‌ ഉഷയുടെ ശിഷ്യയാണെന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ക്കും താല്‍പ്പര്യം. ഉഷയെന്നാല്‍ എവിടെയും അത്‌ ഉഷ തന്നെയാണ്‌. അവരുടെ സമകാലികരും മറ്റ്‌ കായിക കുലപതിമാരും എന്തെല്ലാം കുശുമ്പ്‌ പറഞ്ഞാലും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം അന്നും ഇന്നും മറ്റാരുമല്ല. ഉഷയെക്കുറിച്ച്‌ കുശുമ്പ്‌ പറയുന്നവരോട്‌ ഒരഭ്യര്‍ത്ഥന: നിങ്ങള്‍ ഈ ഇംഗ്ലീഷുകാരെ പഠിക്ക്‌. കുശുമ്പും കുന്നായ്‌മയുമൊന്നുമില്ല. മികവിനെ അംഗീകരിക്കും. പ്രോല്‍സാഹിപ്പിക്കും. പാര പണിയുകയോ കല്ലെറിയുകയോ ചെയ്യില്ല. കറുത്തവരായ ആഫ്രിക്കക്കാരുടെ മനസ്‌ വെളുത്തിട്ടാണ്‌. നമ്മുടെ കറുപ്പും വെളുപ്പമല്ലാത്ത മനസാണ്‌ വില്ലന്‍. ട്രാക്ക്‌ വിട്ടിട്ടും മറ്റ്‌ താരങ്ങളെ പോലെ കുടുംബ ജീവിതത്തിന്റെ വിശ്രമവഴിയെ സഞ്ചരിക്കാതെ, സ്വന്തമായി സ്‌ക്കൂള്‍ സ്ഥാപിച്ച്‌ നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ വിശ്രമമില്ലാതെ ലോക സഞ്ചാരം നടത്തുന്ന ഉഷക്കൊപ്പം നാട്ടിലെ വാചകമടിവീരന്മാരായ ഒരു കായികതാരവുമെത്തില്ല. തനിക്ക്‌ നേടാന്‍ കഴിയാത്ത നേട്ടം ശിഷ്യയിലുടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ആ വിശാലമനസ്‌ക്കതക്ക്‌ ഇനിയെങ്കിലും നൂറില്‍ നൂറ്‌ മാര്‍ക്ക്‌ നല്‍കുക.

Saturday, September 1, 2012

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രം
സ്‌റ്റാഫോര്‍ഡിലെ ഒളിംപിക്‌ പാര്‍ക്കില്‍ കമാല്‍ വരദൂര്‍


ലണ്ടന്‍ ഡയറി-14

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രത്തിലെ ആഫ്രിക്കന്‍ കുട്ടികളുടെ സന്തോഷം നോക്കുക. വളരെ അപൂര്‍വ്വമായി മാത്രമേ കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ ചിരിക്കുകയുള്ളു. ഉന്തിയ വയറും കുഴിയിലേക്ക്‌ ഇറങ്ങിയ കണ്ണുകളും മെലിഞ്ഞൊട്ടിയ രൂപവുമായി ലോകത്തിന്‌ മുന്നില്‍ അവര്‍ ഒന്നുമില്ലാത്തവരാണ്‌. വിശപ്പകറ്റാന്‍ ലഭിച്ച ഒരു ഭക്ഷണപ്പെട്ടിയുടെ തിളക്കമാണ്‌ ആ മുഖങ്ങളില്‍ നിങ്ങള്‍ കാണുന്നത്‌. ബ്രിട്ടനിലെ ഒരു റമസാന്‍ റിലീഫ്‌ കാഴ്‌ച്ചയാണിത്‌. നമ്മുടെ നാട്ടിലേതിനേക്കാള്‍ ശക്തവും സംഘടിതവുമായ ഇസ്ലാമിക റീലിഫ്‌ പ്രവര്‍ത്തനങ്ങളാണ്‌ വിശുദ്ധമാസത്തില്‍ ഇവിടെ നടക്കുന്നത്‌. ഇന്നലെ വൈറ്റ്‌ ചാപ്പല്‍ എന്ന സ്ഥലത്തെ പള്ളിയില്‍ പോയപ്പോഴാണ്‌ ഇംഗ്ലീഷ്‌ മുസ്‌ലിങ്ങളുടെ റീലിഫ്‌ പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പിറകില്‍ നില്‍കണമെന്ന സത്യം മനസ്സിലായത്‌. സര്‍ക്കാറിന്റെ സഹായത്തോടെ കോടിക്കണക്കിന്‌ രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ്‌ ഒരു ദിവസം നടക്കുന്നത്‌.
റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കുന്നത്‌്‌ അബ്ദുള്‍റഹീം ഗ്രീന്‍ എന്ന പണ്ഡിതനാണ്‌. ഉറച്ച ക്രൈസ്‌തവ വിശ്വാസിയായിരുന്ന ഗ്രീന്‍ ഇസ്ലാമിനെ പുണര്‍ന്ന വ്യക്തിയാണ്‌. ഖുര്‍ആന്‍ ഒരു തവണ വായിച്ച്‌ മനസ്സിലാക്കിയ ശേഷം ഇസ്‌ലാമിന്റെ മഹത്വം ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞ്‌ പലരുടെയും നോട്ടപ്പുള്ളിയായി മാറിയ പണ്ഡിതന്‍. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ അദ്ദേഹത്തിന്‌ ഇപ്പോഴും യാത്രാവിലക്കുണ്ട്‌. ഇസ്ലാമിക്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ അക്കാദമിയുടെ സ്ഥാപകനായ ഗ്രീനിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന സക്കാത്ത്‌ പ്രവര്‍ത്തനങ്ങള്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ ദുരിതമനുഭവിക്കുന്ന സിറിയ, അഫ്‌ഗാനിസ്ഥാന്‍, ഫലസ്‌തീന്‍, ഇറാഖ്‌ തുടങ്ങിയവരെയും ഇന്ത്യ, ശ്രീലങ്ക, പാകിസ്‌താന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ പിന്നാക്ക രാജ്യങ്ങളിലെ ദരിദ്ര വിഭാഗത്തെയും ഉദ്ദേശിച്ചുള്ളതാണ്‌. 20 റക്കാഅത്ത്‌ തറാവിഹ്‌ നമസ്‌ക്കാരത്തിന്‌ ശേഷമാണ്‌ പള്ളികളില്‍ ദാനധര്‍മോദ്‌്‌്‌ബോധന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും സജീവമാവുന്നത്‌. നമസ്‌ക്കാരത്തിന്‌ ശേഷം എല്ലാവരും പ്രസംഗം ശ്രവിക്കാന്‍ ഇരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ ദീര്‍ഘിക്കും ഉദ്‌്‌ബോധനങ്ങള്‍. ലളിതമായ ഇംഗ്ലീഷില്‍ സക്കാത്തിന്റെ പ്രസക്തി വിവരിക്കുന്നത്‌ എളുപ്പത്തില്‍ മനസ്സിലാവും.വൈറ്റ്‌ ചാപ്പല്‍ പള്ളിയിലെ ഒരോ ഇഷ്ടികകളിലും ഓരോ പേരുകളുണ്ട്‌. പള്ളി നിര്‍മാണത്തിന്‌ സംഭാവന നല്‍കിയവരുടെ പേരുകളാണത്രെ ഇത്‌. ചെറിയ തുകയൊന്നും ഇവിടെ ആരും സംഭാവന നല്‍കില്ല. ആയിരം പൗണ്ട്‌ (ഒരു പൗണ്ട്‌ എന്നാല്‍ നമ്മുടെ 88 രൂപയാണെന്ന്‌ ഓര്‍ക്കണം) സംഭാവന നല്‍കിയവര്‍ക്കായി ഓരോ ഇഷ്‌ടികകള്‍ മാറ്റിവെച്ചിരിക്കുകയാണ്‌. അവരുടെ പേരുകളാണ്‌ ആലേഖനം ചെയ്‌തിരിക്കുന്നത്‌.
സക്കാത്ത്‌ ഫണ്ടിലേക്ക്‌ പണം തേടുന്നത്‌ ഹൃദയസ്‌പൃക്കായ സംസാരത്തിലൂടെയാണ്‌. ആഫ്രിക്കയിലെ സഹോദരങ്ങള്‍ അനുഭവിക്കുന്ന യാതനകളാണ്‌ ആദ്യം വിവരിക്കുന്നത്‌. സോമാലിയ, എത്യോപ്യ, സാംബിയ, സുഡാന്‍, കെനിയ തുടങ്ങിയ മുസ്‌ലിം പട്ടിണി രാജ്യങ്ങളിലെ കുരുന്നുകളും അമ്മമാരും. ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാതെ മാറാരോഗികളായി മാറിയ വൃദ്ധര്‍. മലിനജലം പോലും എടുത്ത്‌ കുടിക്കുന്ന കുട്ടികള്‍. മാറാരോഗങ്ങളില്‍ അസ്ഥികൂടം പോലെ കാണുന്നവര്‍-ഇവരുടെയെല്ലാം ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. സോമാലിയയിലെ ഒരു കാഴ്‌ച്ച ആരുടെയും കണ്ണ്‌ നനയിപ്പിക്കും. വിശന്നവശനായ കുട്ടി ഒന്നും കിട്ടാതെ പുഴുവിനെ എടുത്ത്‌ കഴിക്കുന്നു. ഈ കുരുന്നുകള്‍ -അവരെന്ത്‌ തെറ്റ്‌ ചെയ്‌തു എന്നാണ്‌ പ്രഭാഷകന്‍ ചോദിക്കുന്നത്‌. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്ത്‌ വരണമെന്ന്‌ പറയുമ്പോള്‍ തന്നെ പൗണ്ടുകള്‍ ധാരാളമായി ലഭിക്കുന്നു. എല്ലാവരും എഴുന്നേറ്റ്‌ നിന്ന്‌ നൂറും ഇരുന്നൂറും പൗണ്ടുകള്‍ വാഗ്‌ദാനം ചെയ്യുകയല്ല-നേരിട്ട്‌ കൊടുക്കുന്നു. ഇതില്‍ ഏറ്റവും പ്രസ്‌താവ്യമായ കാര്യം മറ്റൊന്നാണ്‌. നിങ്ങള്‍ 100 പൗണ്ടാണ്‌ സഹായമായി നല്‍കുന്നതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണക്കൂടം ഈ നൂറിന്‌ തതുല്യമായി നൂറ്‌ പൗണ്ട്‌ അവരുടെ വക നല്‍കും. അതായത്‌ നിങ്ങള്‍ എത്ര പൗണ്ടിന്റെ സഹായമാണോ നല്‍കുന്നത്‌ അത്രയും തുക സര്‍ക്കാരും നല്‍കും. (നമ്മള്‍ വലത്‌കൈ കൊണ്ട്‌ നല്‍കുന്ന ദാനം ഇടത്‌കൈ അറിയരുതെന്നല്ലേ... അതിനാല്‍ ഞാന്‍ എത്ര പൗണ്ട്‌്‌ നല്‍കി എന്ന്‌ വെളിപ്പെടുത്തില്ല...)
അബ്ദുള്‍റഹീം ഗ്രീനിനെയും അദ്ദേഹത്തിന്റെ സംഘടനയുടെയും പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച്‌ സര്‍ക്കാന്‍ നല്‍കുന്ന ഈ വലിയ സഹായം ഭരണക്കൂടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള മാതൃകാനീക്കമാണ്‌. ഒരാള്‍ നല്‍കുന്ന സംഭാവന ഔദ്യോഗിക വഴിയില്‍ ഇരട്ടിയായി മാറുമ്പോള്‍ ഒരു ദിവസത്തെ കളക്ഷന്‍ മാത്രം വലിയ തുകയായി മാറുന്നു. 50 പൗണ്ടാണ്‌ നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അത്‌ 100 ഡോളറായി സര്‍ക്കാര്‍ മാറ്റും. ആ തുകക്ക്‌ ആഫ്രിക്കയിലെ ഒരു കുടുംബത്തിന്‌ ഭക്ഷണകിറ്റ്‌. 150 പൗണ്ടാണെങ്കില്‍ ശുദ്ദജലം ലഭിക്കാന്‍ കിണര്‍ കുഴിച്ച്‌ നല്‍കും. 600 പൗണ്ടാണെങ്കില്‍ വീട്‌ നിര്‍മിച്ച്‌ നല്‍കും. എല്ലാ സഹായങ്ങളും ഉടനടിയാണ്‌ നല്‍കുന്നത്‌. അതിന്‌ മേല്‍നോട്ടം വഹിക്കുന്നതാവട്ടെ ഗ്രീന്‍ നേരിട്ടും.
രണ്ട്‌ ഇസ്ലാമിക ടെലിവിഷന്‍ ചാനലുകളുണ്ട്‌ ഇവിടെ. ഒന്ന്‌ ഇസ്‌ലാം ചാനലും മറ്റൊന്ന്‌ ഇസ്‌ലാം ഓണ്‍ലൈന്‍ ചാനലും. റമസാന്‍ കാലത്ത്‌ പൂര്‍ണമായും സക്കാത്ത്‌ പ്രവര്‍ത്തനങ്ങളുടെ സന്ദേശമാണ്‌ ചാനലുകള്‍ നല്‍കുന്നത്‌. മുസ്‌ലിം വിടുകള്‍ മഗ്‌രിബ്‌ ബാങ്ക്‌ കേള്‍ക്കുന്നതും ചാനലുകള്‍ വഴി. നാട്ടിലേത്‌ പോലെ വലിയ മൈക്കില്‍ ബാങ്ക്‌ വിളി ഇവിടെയില്ല.
ടെലിവിഷന്‍ വഴിയും സക്കാത്ത്‌ കളക്ഷനുണ്ട്‌. നമ്മുടെ ചാനലുകള്‍ നടത്തുന്ന തല്‍സമയചര്‍ച്ച പോലെ സക്കാത്ത്‌ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ അവതാരകര്‍ വരുന്നു. അവര്‍ സംസാരിക്കുന്നതിനിടെ ടെലഫോണിലുടെ ചാനലുമായി ബന്ധപ്പെട്ട്‌ പലരും പണം നല്‍കുന്നു. അല്ലാഹു അക്‌ബര്‍ എന്ന്‌ സംബോധന ചെയ്‌താണ്‌ പണം സ്വീകരിക്കുന്നത്‌.
ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുമുള്ള ക്രിത്രിമത്വങ്ങളുമില്ലെന്ന്‌ വ്യക്തമാണ്‌. ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ പരസ്യമായി തന്നെ അറിയിക്കുന്നു. ഏത്‌ രാജ്യത്തിനാണ്‌ സംഭാവന നല്‍കുന്നതെന്ന്‌ വ്യക്തമാക്കുന്നു. ഒരു ദിവസം ഒരു കോടിയോളം രൂപയെല്ലാം പിരിക്കുന്ന പള്ളികളുണ്ടെന്നാണ്‌ ഇവിടെയുള്ളവര്‍ പറയുന്നത്‌. ഇരുപത്തിയേഴാം രാവിലാണ്‌ റെക്കോര്‍ഡ്‌ കളക്ഷനുണ്ടാവുക.
തറാവീഹും പ്രസംഗവുമെല്ലാം കേട്ടിറങ്ങുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. പക്ഷേ ഇത്‌ അര്‍ദ്ധരാത്രിയാണ്‌ എന്ന തോന്നുന്നേയില്ല. പകലിന്റെ ആധിക്യത്തില്‍ ഇരുട്ടിനെ അകറ്റാന്‍ ഇവിടെ വഴിവിളക്കുകള്‍ പോലും വേണ്ട. പകലെന്ന പോലെ റോഡില്‍ നല്ല ജനക്കൂട്ടം. പുലരുവോളം മെട്രോ ട്രെിയിനുകളുണ്ട്‌. ഡബിള്‍ഡക്കര്‍ ബസുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്ന്‌ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കൊച്ചു വിമാനങ്ങള്‍ പറക്കുന്നു. സായിപ്പന്മാരും മദാമമാരും ഉച്ചത്തില്‍ സംസാരിച്ച്‌ കൊണ്ട്‌്‌ ഓടിനടക്കുന്നു. അമേരിക്കയുടെ രണ്ട്‌ വലിയ കപ്പലുകള്‍ തെയിംസ്‌ നദീതീരത്ത്‌ വന്‍ പ്രകാശം വിതറി നില്‍ക്കുന്നുമുണ്ട്‌. മഹാനഗരങ്ങള്‍ ഉറങ്ങാറില്ല എന്ന സത്യത്തിനുത്തമോദാഹരണമാണ്‌ ലണ്ടന്‍.


Friday, August 31, 2012

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രം
ലണ്ടന്‍ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത മലയാളി പത്രപ്രവര്‍ത്തകര്‍: മാതൃഭൂമിയുടെ പി.ടി ബേബി, മലയാല മനോരമയുടെ ഫോട്ടോഗ്രാഫര്‍ ടോണി , മനോരമ റിപ്പോര്‍ട്ടര്‍ അനില്‍ രാധാകൃഷ്‌ണന്‍, ചന്ദ്രിക ന്യൂസ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി-14

ഇത്‌ ഇംഗ്ലീഷ്‌ സക്കാത്ത്‌, സര്‍ക്കാര്‍ അത്‌ ഇരട്ടിയാക്കും


ചിത്രത്തിലെ ആഫ്രിക്കന്‍ കുട്ടികളുടെ സന്തോഷം നോക്കുക. വളരെ അപൂര്‍വ്വമായി മാത്രമേ കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികള്‍ ചിരിക്കുകയുള്ളു. ഉന്തിയ വയറും കുഴിയിലേക്ക്‌ ഇറങ്ങിയ കണ്ണുകളും മെലിഞ്ഞൊട്ടിയ രൂപവുമായി ലോകത്തിന്‌ മുന്നില്‍ അവര്‍ ഒന്നുമില്ലാത്തവരാണ്‌. വിശപ്പകറ്റാന്‍ ലഭിച്ച ഒരു ഭക്ഷണപ്പെട്ടിയുടെ തിളക്കമാണ്‌ ആ മുഖങ്ങളില്‍ നിങ്ങള്‍ കാണുന്നത്‌. ബ്രിട്ടനിലെ ഒരു റമസാന്‍ റിലീഫ്‌ കാഴ്‌ച്ചയാണിത്‌. നമ്മുടെ നാട്ടിലേതിനേക്കാള്‍ ശക്തവും സംഘടിതവുമായ ഇസ്ലാമിക റീലിഫ്‌ പ്രവര്‍ത്തനങ്ങളാണ്‌ വിശുദ്ധമാസത്തില്‍ ഇവിടെ നടക്കുന്നത്‌. ഇന്നലെ വൈറ്റ്‌ ചാപ്പല്‍ എന്ന സ്ഥലത്തെ പള്ളിയില്‍ പോയപ്പോഴാണ്‌ ഇംഗ്ലീഷ്‌ മുസ്‌ലിങ്ങളുടെ റീലിഫ്‌ പ്രവര്‍ത്തനങ്ങളില്‍ നമ്മളെല്ലാം പിറകില്‍ നില്‍കണമെന്ന സത്യം മനസ്സിലായത്‌. സര്‍ക്കാറിന്റെ സഹായത്തോടെ കോടിക്കണക്കിന്‌ രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങളാണ്‌ ഒരു ദിവസം നടക്കുന്നത്‌.
റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കുന്നത്‌്‌ അബ്ദുള്‍റഹീം ഗ്രീന്‍ എന്ന പണ്ഡിതനാണ്‌. ഉറച്ച ക്രൈസ്‌തവ വിശ്വാസിയായിരുന്ന ഗ്രീന്‍ ഇസ്ലാമിനെ പുണര്‍ന്ന വ്യക്തിയാണ്‌. ഖുര്‍ആന്‍ ഒരു തവണ വായിച്ച്‌ മനസ്സിലാക്കിയ ശേഷം ഇസ്‌ലാമിന്റെ മഹത്വം ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞ്‌ പലരുടെയും നോട്ടപ്പുള്ളിയായി മാറിയ പണ്ഡിതന്‍. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ അദ്ദേഹത്തിന്‌ ഇപ്പോഴും യാത്രാവിലക്കുണ്ട്‌. ഇസ്ലാമിക്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ അക്കാദമിയുടെ സ്ഥാപകനായ ഗ്രീനിന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന സക്കാത്ത്‌ പ്രവര്‍ത്തനങ്ങള്‍ ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളെയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ ദുരിതമനുഭവിക്കുന്ന സിറിയ, അഫ്‌ഗാനിസ്ഥാന്‍, ഫലസ്‌തീന്‍, ഇറാഖ്‌ തുടങ്ങിയവരെയും ഇന്ത്യ, ശ്രീലങ്ക, പാകിസ്‌താന്‍, ബംഗ്ലാദേശ്‌ തുടങ്ങിയ പിന്നാക്ക രാജ്യങ്ങളിലെ ദരിദ്ര വിഭാഗത്തെയും ഉദ്ദേശിച്ചുള്ളതാണ്‌. 20 റക്കാഅത്ത്‌ തറാവിഹ്‌ നമസ്‌ക്കാരത്തിന്‌ ശേഷമാണ്‌ പള്ളികളില്‍ ദാനധര്‍മോദ്‌്‌്‌ബോധന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും സജീവമാവുന്നത്‌. നമസ്‌ക്കാരത്തിന്‌ ശേഷം എല്ലാവരും പ്രസംഗം ശ്രവിക്കാന്‍ ഇരിക്കും. ഒന്നും രണ്ടും മണിക്കൂര്‍ ദീര്‍ഘിക്കും ഉദ്‌്‌ബോധനങ്ങള്‍. ലളിതമായ ഇംഗ്ലീഷില്‍ സക്കാത്തിന്റെ പ്രസക്തി വിവരിക്കുന്നത്‌ എളുപ്പത്തില്‍ മനസ്സിലാവും.വൈറ്റ്‌ ചാപ്പല്‍ പള്ളിയിലെ ഒരോ ഇഷ്ടികകളിലും ഓരോ പേരുകളുണ്ട്‌. പള്ളി നിര്‍മാണത്തിന്‌ സംഭാവന നല്‍കിയവരുടെ പേരുകളാണത്രെ ഇത്‌. ചെറിയ തുകയൊന്നും ഇവിടെ ആരും സംഭാവന നല്‍കില്ല. ആയിരം പൗണ്ട്‌ (ഒരു പൗണ്ട്‌ എന്നാല്‍ നമ്മുടെ 88 രൂപയാണെന്ന്‌ ഓര്‍ക്കണം) സംഭാവന നല്‍കിയവര്‍ക്കായി ഓരോ ഇഷ്‌ടികകള്‍ മാറ്റിവെച്ചിരിക്കുകയാണ്‌. അവരുടെ പേരുകളാണ്‌ ആലേഖനം ചെയ്‌തിരിക്കുന്നത്‌.
സക്കാത്ത്‌ ഫണ്ടിലേക്ക്‌ പണം തേടുന്നത്‌ ഹൃദയസ്‌പൃക്കായ സംസാരത്തിലൂടെയാണ്‌. ആഫ്രിക്കയിലെ സഹോദരങ്ങള്‍ അനുഭവിക്കുന്ന യാതനകളാണ്‌ ആദ്യം വിവരിക്കുന്നത്‌. സോമാലിയ, എത്യോപ്യ, സാംബിയ, സുഡാന്‍, കെനിയ തുടങ്ങിയ മുസ്‌ലിം പട്ടിണി രാജ്യങ്ങളിലെ കുരുന്നുകളും അമ്മമാരും. ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാതെ മാറാരോഗികളായി മാറിയ വൃദ്ധര്‍. മലിനജലം പോലും എടുത്ത്‌ കുടിക്കുന്ന കുട്ടികള്‍. മാറാരോഗങ്ങളില്‍ അസ്ഥികൂടം പോലെ കാണുന്നവര്‍-ഇവരുടെയെല്ലാം ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. സോമാലിയയിലെ ഒരു കാഴ്‌ച്ച ആരുടെയും കണ്ണ്‌ നനയിപ്പിക്കും. വിശന്നവശനായ കുട്ടി ഒന്നും കിട്ടാതെ പുഴുവിനെ എടുത്ത്‌ കഴിക്കുന്നു. ഈ കുരുന്നുകള്‍ -അവരെന്ത്‌ തെറ്റ്‌ ചെയ്‌തു എന്നാണ്‌ പ്രഭാഷകന്‍ ചോദിക്കുന്നത്‌. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്ത്‌ വരണമെന്ന്‌ പറയുമ്പോള്‍ തന്നെ പൗണ്ടുകള്‍ ധാരാളമായി ലഭിക്കുന്നു. എല്ലാവരും എഴുന്നേറ്റ്‌ നിന്ന്‌ നൂറും ഇരുന്നൂറും പൗണ്ടുകള്‍ വാഗ്‌ദാനം ചെയ്യുകയല്ല-നേരിട്ട്‌ കൊടുക്കുന്നു. ഇതില്‍ ഏറ്റവും പ്രസ്‌താവ്യമായ കാര്യം മറ്റൊന്നാണ്‌. നിങ്ങള്‍ 100 പൗണ്ടാണ്‌ സഹായമായി നല്‍കുന്നതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണക്കൂടം ഈ നൂറിന്‌ തതുല്യമായി നൂറ്‌ പൗണ്ട്‌ അവരുടെ വക നല്‍കും. അതായത്‌ നിങ്ങള്‍ എത്ര പൗണ്ടിന്റെ സഹായമാണോ നല്‍കുന്നത്‌ അത്രയും തുക സര്‍ക്കാരും നല്‍കും. (നമ്മള്‍ വലത്‌കൈ കൊണ്ട്‌ നല്‍കുന്ന ദാനം ഇടത്‌കൈ അറിയരുതെന്നല്ലേ... അതിനാല്‍ ഞാന്‍ എത്ര പൗണ്ട്‌്‌ നല്‍കി എന്ന്‌ വെളിപ്പെടുത്തില്ല...)
അബ്ദുള്‍റഹീം ഗ്രീനിനെയും അദ്ദേഹത്തിന്റെ സംഘടനയുടെയും പ്രവര്‍ത്തനങ്ങളെ അംഗീകരിച്ച്‌ സര്‍ക്കാന്‍ നല്‍കുന്ന ഈ വലിയ സഹായം ഭരണക്കൂടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള മാതൃകാനീക്കമാണ്‌. ഒരാള്‍ നല്‍കുന്ന സംഭാവന ഔദ്യോഗിക വഴിയില്‍ ഇരട്ടിയായി മാറുമ്പോള്‍ ഒരു ദിവസത്തെ കളക്ഷന്‍ മാത്രം വലിയ തുകയായി മാറുന്നു. 50 പൗണ്ടാണ്‌ നിങ്ങള്‍ നല്‍കുന്നതെങ്കില്‍ അത്‌ 100 ഡോളറായി സര്‍ക്കാര്‍ മാറ്റും. ആ തുകക്ക്‌ ആഫ്രിക്കയിലെ ഒരു കുടുംബത്തിന്‌ ഭക്ഷണകിറ്റ്‌. 150 പൗണ്ടാണെങ്കില്‍ ശുദ്ദജലം ലഭിക്കാന്‍ കിണര്‍ കുഴിച്ച്‌ നല്‍കും. 600 പൗണ്ടാണെങ്കില്‍ വീട്‌ നിര്‍മിച്ച്‌ നല്‍കും. എല്ലാ സഹായങ്ങളും ഉടനടിയാണ്‌ നല്‍കുന്നത്‌. അതിന്‌ മേല്‍നോട്ടം വഹിക്കുന്നതാവട്ടെ ഗ്രീന്‍ നേരിട്ടും.
രണ്ട്‌ ഇസ്ലാമിക ടെലിവിഷന്‍ ചാനലുകളുണ്ട്‌ ഇവിടെ. ഒന്ന്‌ ഇസ്‌ലാം ചാനലും മറ്റൊന്ന്‌ ഇസ്‌ലാം ഓണ്‍ലൈന്‍ ചാനലും. റമസാന്‍ കാലത്ത്‌ പൂര്‍ണമായും സക്കാത്ത്‌ പ്രവര്‍ത്തനങ്ങളുടെ സന്ദേശമാണ്‌ ചാനലുകള്‍ നല്‍കുന്നത്‌. മുസ്‌ലിം വിടുകള്‍ മഗ്‌രിബ്‌ ബാങ്ക്‌ കേള്‍ക്കുന്നതും ചാനലുകള്‍ വഴി. നാട്ടിലേത്‌ പോലെ വലിയ മൈക്കില്‍ ബാങ്ക്‌ വിളി ഇവിടെയില്ല.
ടെലിവിഷന്‍ വഴിയും സക്കാത്ത്‌ കളക്ഷനുണ്ട്‌. നമ്മുടെ ചാനലുകള്‍ നടത്തുന്ന തല്‍സമയചര്‍ച്ച പോലെ സക്കാത്ത്‌ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കാന്‍ അവതാരകര്‍ വരുന്നു. അവര്‍ സംസാരിക്കുന്നതിനിടെ ടെലഫോണിലുടെ ചാനലുമായി ബന്ധപ്പെട്ട്‌ പലരും പണം നല്‍കുന്നു. അല്ലാഹു അക്‌ബര്‍ എന്ന്‌ സംബോധന ചെയ്‌താണ്‌ പണം സ്വീകരിക്കുന്നത്‌.
ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുമുള്ള ക്രിത്രിമത്വങ്ങളുമില്ലെന്ന്‌ വ്യക്തമാണ്‌. ലഭിക്കുന്ന പണത്തിന്റെ കണക്കുകള്‍ പരസ്യമായി തന്നെ അറിയിക്കുന്നു. ഏത്‌ രാജ്യത്തിനാണ്‌ സംഭാവന നല്‍കുന്നതെന്ന്‌ വ്യക്തമാക്കുന്നു. ഒരു ദിവസം ഒരു കോടിയോളം രൂപയെല്ലാം പിരിക്കുന്ന പള്ളികളുണ്ടെന്നാണ്‌ ഇവിടെയുള്ളവര്‍ പറയുന്നത്‌. ഇരുപത്തിയേഴാം രാവിലാണ്‌ റെക്കോര്‍ഡ്‌ കളക്ഷനുണ്ടാവുക.
തറാവീഹും പ്രസംഗവുമെല്ലാം കേട്ടിറങ്ങുമ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. പക്ഷേ ഇത്‌ അര്‍ദ്ധരാത്രിയാണ്‌ എന്ന തോന്നുന്നേയില്ല. പകലിന്റെ ആധിക്യത്തില്‍ ഇരുട്ടിനെ അകറ്റാന്‍ ഇവിടെ വഴിവിളക്കുകള്‍ പോലും വേണ്ട. പകലെന്ന പോലെ റോഡില്‍ നല്ല ജനക്കൂട്ടം. പുലരുവോളം മെട്രോ ട്രെിയിനുകളുണ്ട്‌. ഡബിള്‍ഡക്കര്‍ ബസുകള്‍ തലങ്ങും വിലങ്ങും ഓടുന്നു. ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ നിന്ന്‌ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ കൊച്ചു വിമാനങ്ങള്‍ പറക്കുന്നു. സായിപ്പന്മാരും മദാമമാരും ഉച്ചത്തില്‍ സംസാരിച്ച്‌ കൊണ്ട്‌്‌ ഓടിനടക്കുന്നു. അമേരിക്കയുടെ രണ്ട്‌ വലിയ കപ്പലുകള്‍ തെയിംസ്‌ നദീതീരത്ത്‌ വന്‍ പ്രകാശം വിതറി നില്‍ക്കുന്നുമുണ്ട്‌. മഹാനഗരങ്ങള്‍ ഉറങ്ങാറില്ല എന്ന സത്യത്തിനുത്തമോദാഹരണമാണ്‌ ലണ്ടന്‍.


Thursday, August 30, 2012

അമ്പമ്പോ....! മഹാല്‍ഭുതമാണിവന്‍


ചിത്രം
ലോക പ്രശസ്‌തമായ വെംബ്ലിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്‌ മുന്നില്‍ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി

അമ്പമ്പോ....! മഹാല്‍ഭുതമാണിവന്‍

എന്റമ്മോ....! ഇങ്ങനെയൊരനുഭവം ഇതിന്‌ മുമ്പില്ല കെട്ടോ..... ശരിക്കുമറിഞ്ഞു ആരാണ്‌ ഉസൈന്‍ ബോള്‍ട്ടെന്ന്‌. എന്തൊരു കരുത്തന്‍, എന്തൊരു വേഗം. എത്രയോ രാജ്യാന്തര മേളകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ഇത്‌ പോലെ ഒരു ആവേശവും പിന്തുണയും ആഘോഷവും കണ്ടിരുന്നില്ല. നിറഞ്ഞ ഗ്യാലറികളുടെ പ്രകമ്പനത്തില്‍, ഒപ്പത്തിനൊപ്പമുള്ള മല്‍സരാര്‍ത്ഥികളുടെ വീറിലും വാശിയിലും മാനറിസങ്ങളിലും ശരിക്കുമൊരു യുദ്ധമായിരുന്നു അത്‌. ഒളിംപിക്‌ സ്റ്റേഡിയത്തിലെ സൂപ്പര്‍ സണ്‍ഡേ ദൃശ്യങ്ങള്‍ നിങ്ങളെല്ലാം ടെലിവിഷനില്‍ കണ്ടിരിക്കും. ക്യാമറകള്‍ കാണാത്ത അണിയറ കാഴ്‌ച്ചകളിലേക്കാണ്‌ ഇന്ന്‌ നിങ്ങളെ ക്ഷണിക്കുന്നത്‌.
ഇവിടെ രാത്രി 9-50 നായിരുന്നു 100 മീറ്റര്‍ ഫൈനല്‍. ആ ഒരു സമയം തെരഞ്ഞെടുത്തതിന്‌ പിറകില്‍ അമേരിക്കന്‍ ഇടപെടലായിരുന്നു. യു.എസ്‌ ചാനലായ എന്‍.ബി.സി പതിനായിരത്തോളം കോടി മുടക്കിയാണ്‌ സ്വന്തം നാട്ടില്‍ ഒളിംപിക്‌സ്‌ സംപ്രേഷണം ചെയ്യുന്നത്‌. ഉദ്‌ഘാടന, സമാപന പരിപാടികളും 100 മീറ്റര്‍ ഫൈനലും തങ്ങളുടെ കാണികള്‍ക്ക്‌ സൗകര്യപ്രദമായ തരത്തില്‍ വേണമെന്ന ലോക പോലീസ്‌ നിലപാടിനെ സംഘാടകര്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ പാവപ്പെട്ട ഇന്ത്യക്കാരെല്ലാമാണ്‌ പുലര്‍ച്ചെ വരെ കാത്തിരിക്കേണ്ടി വന്നത്‌. 2000 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്‌ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഇരിപ്പിടം. പതിനായിരത്തോളം പത്രലേഖകര്‍ 205 രാജ്യങ്ങളില്‍ നിന്നായി ഇവിടെയുള്ളതിനാല്‍ നേരത്തെ പോയില്ലെങ്കില്‍ സീറ്റുണ്ടാവില്ലെന്ന്‌ മനസ്സിലാക്കി ഞങ്ങള്‍ മൂന്ന്‌ മലയാളികളും (മാതൃഭൂമിയുടെ പി.ടി ബേബി, മലയാള മനോരമയുടെ അനില്‍ രാധാകൃഷ്‌ണന്‍) വൈകീട്ട്‌ നാല്‌ മണിക്ക്‌ തന്നെ സ്‌റ്റേഡിയത്തിലെത്തി. അപ്പോള്‍ തന്നെ ഗ്യാലറികള്‍ നിറയുന്നുണ്ടായിരുന്നു. കേവലം പത്ത്‌ സെക്കന്‍ഡ്‌ മാത്രം നിലനില്‍ക്കുന്ന പോരാട്ടം കാണാനാണ്‌ ആറ്‌ മണിക്കൂര്‍ മുമ്പെ എത്തിയതെന്നോര്‍ക്കണം. ആ പോരാട്ടത്തിന്‌ മുമ്പ്‌ നിരവധി ഹീറ്റ്‌സും ഫൈനലുകളുമുണ്ടായിരുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കാലില്ലാത്ത അല്‍ഭുതതാരം ഒക്ടോ പിസാറസിന്‌ കാണികള്‍ നല്‍കിയ നിര്‍ലോഭ പിന്തുണയും തോല്‍വിയിലും അദ്ദേഹത്തിന്‌ വേണ്ടി എല്ലാവരും കൈയ്യടിച്ച സന്ദര്‍ഭവുമെല്ലാം അപാരമായിരുന്നു. ഇഗ്ലീഷ്‌ താരങ്ങള്‍ക്ക്‌ മാത്രം സ്വന്തം കാണികള്‍ നല്‍കിയിരുന്ന പിന്തുണയാണ്‌ പിസാറസിന്‌ ലഭിച്ചത്‌.
എട്ട്‌ മണിയായതോടെ 100 മീറ്റര്‍ സെമിഫൈനല്‍. അതാ വരുന്നു സൂപ്പര്‍താരങ്ങള്‍. മൂന്ന്‌ ഹീറ്റ്‌സിലായി 23 പേര്‍. ഓരോ ഹീറ്റ്‌സില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനക്കാരാണ്‌ ഫൈനലിലെത്തുക. പിന്നെ ഏറ്റവും മികച്ച രണ്ട്‌ മൂന്നാം സ്ഥാനക്കാര്‍ക്കും സ്ഥാനം. ആദ്യ ഹീറ്റ്‌സില്‍ ഗാട്‌ലിനും ചുരാണ്ടിയും അസഫ പവലും കീസ്റ്റണും യൂസഫും വിക്കാട്ടും ജെയിംസും പിന്നെ സന്നയും. വെടി പൊട്ടുന്നത്‌ മാത്രമാണ്‌ കേട്ടത്‌. ഗാട്‌ലിനും ചുരാണ്ടിയും ആദ്യ സ്ഥാനങ്ങളില്‍. പവല്‍ 9.94 ല്‍ ഫിനിഷ്‌ ചെയ്‌തെങ്കിലും മൂന്നാമനായിരുന്നു. മികച്ച മൂന്നാം സ്ഥാനക്കാരാനാവാന്‍ സാധ്യത. അടുത്ത ഹീറ്റ്‌സിലാണ്‌ ബോള്‍ട്ട്‌. അദ്ദേഹത്തെ കണ്ടതും അലറിവിളിക്കുകയായിരുന്നു സ്‌റ്റേഡിയം. ഇത്ര പിന്തുണയുള്ള ഒരു കായികതാരം ഭൂമുഖത്തില്ല. ക്യാമറ തന്നിലേക്ക്‌ വരുമ്പോള്‍ ബോള്‍ട്ടിന്റെ വക പതിവ്‌ ഗോഷ്‌ഠികള്‍. അത്‌ ആസ്വദിക്കുന്ന കാണികള്‍. ബോള്‍ട്ടിനൊപ്പം റ്യാന്‍ ബെയ്‌ലി, റിച്ചാര്‍ഡ്‌ തോംസണ്‍, ആതിഥേയരുടെ ഡെയിന്‍ ചേംബേഴ്‌സ്‌, ജെറാര്‍ഡ്‌ ഫിറി, ഡാനിയല്‍ ബെയ്‌ലി, ആദംസ്‌ ആന്റണി പിന്നെ ചൈനക്കാരന്‍ സൂ ബിന്‍ഗിയും. ആര്‍ക്കും പിടികൊടുക്കാതെ 50 മീറ്റര്‍ പിന്നിട്ട ബോള്‍ട്ട്‌ പതിവ്‌ ശൈലിയില്‍ ഫിനിഷിംഗ്‌ പോയന്റിനരികില്‍ വേഗത കുറച്ച്‌ 9.87 ല്‍ ഒന്നാമനായി. പിറകെ ബെയ്‌ലിയും. ജയത്തിന്‌ ശേഷം ബോള്‍ട്ട്‌ ജനകീയത ഉറപ്പാക്കി കാണികളലേക്ക്‌. മൂന്നാം ഹീറ്റ്‌സില്‍ യോഹാന്‍ ബ്ലേക്കിനൊപ്പം ടൈസണ്‍ ഗേ, ആദം ജമീലി, ഡെറിക്‌ അറ്റ്‌കിന്‍സണ്‍, ജസ്റ്റിന്‍ വാര്‍ണര്‍, റ്യാട്ടോ യമഗാത, റോന്‍ല്‍ സോറിനോ, ഹൈമന്‍ കേമര്‍ എന്നിവര്‍. പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബ്ലേക്ക്‌ ഒന്നാമന്‍. ടൈസണ്‍ ഗേ രണ്ടാമന്‍. മികച്ച രണ്ട്‌ മൂന്നാം സ്ഥാനക്കാരായി പവലും തോംസണും.
കേമന്‍ പോരാട്ടത്തിന്‌ ശേഷവും ഒന്നര മണിക്കൂര്‍ കാത്തിരിക്കണം ഫൈനലിന്‌. അവധിദിവസം ആഘോഷമാക്കാന്‍ ഭക്ഷണവും ലഹരിപാനീയങ്ങളുമെല്ലാമായി എത്തിയ കാണികള്‍ എത്ര മണിക്കൂര്‍ കാത്തിരിക്കാനും റെഡി. നമ്മള്‍ കടല കണ്ട്‌ കളി കാണുന്നത്‌ പോലെ ഇവിടെ ബീറടിച്ചാണ്‌ എല്ലാവരും മല്‍സരം ആസ്വദിക്കുന്നത്‌. (ഗാന്ധിജിക്ക്‌ നന്ദി. അദ്ദേഹം ഇന്ത്യയില്‍ നിന്ന്‌ ഈ ഇംഗ്ലീഷുകാരെ പായിപ്പിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടില്‍ നിലകടല കൊറിക്കുന്നതിന്‌ പകരം വെള്ളമടിയായിരിക്കില്ലേ....)
ഈ ഇടവേളയില്‍ വനിതകളുടെ 400 മീറ്റര്‍ ഫൈനല്‍. ശേഷം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്‌ ഫൈനല്‍. കൂറെ മെഡല്‍ദാന പരിപാടികളും. മൈതാനത്തിന്റെ ഒരു ഭാഗത്ത്‌ പുരുഷന്മാരുടെ ഹൈജംമ്പും ഹാമര്‍ ത്രോയും പുരോഗമിക്കുന്നു. വേദനയോടെ പറയട്ടെ ഒരു വിഭാഗത്തിലും മരുന്നിന്‌ പോലും ഒരു ഇന്ത്യക്കാരനില്ല. നമ്മുടെ പതാക എവിടെയുമില്ല. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പട്ടിണിരാജ്യമായ കെനിയയില്‍ നിന്നുള്ള എനേക്കില്‍ കോംപോയി തന്റെ ശോഷിച്ച ശരീരം കാണിച്ച്‌ സ്വര്‍ണം ആഘോഷിക്കുമ്പോള്‍ വീരവാദം മുഴക്കുന്ന ഇന്ത്യന്‍ പൂച്ചകളെക്കാള്‍ എത്ര മെച്ചമാണ്‌ ഈ പാവങ്ങള്‍ എന്ന്‌ തോന്നി. കെനിയയുടെയും എത്യോപ്യയുടെയും സാംബിയയുടെയും ഘാനയുടെയും പതാകകള്‍ വാനില്‍ പാറികളിക്കുന്നു. അവരുടെ ദേശീയ ഗാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നു. ജനഗണമന പാടാന്‍ ഇന്ത്യന്‍ കാണികള്‍ ധാരാളം ഇവിടെയുണ്ട്‌. അതിനൊരവസരം വേണ്ടേ.....
അതിനിടെ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നു. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഒരു നോമ്പ്‌ തുറ. കൈയ്യില്‍ കരുതിയ ബോട്ടില്‍ വെള്ളത്തിലും രണ്ട്‌ പഴത്തിലും 19 മണിക്കൂര്‍ വ്രതം പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങളെല്ലാം അടുത്ത നോമ്പിന്റെ അത്താഴം കഴിക്കുകയായിരിക്കും.
അതാ സമയമായിരിക്കുന്നു-ക്ലോക്കില്‍ 9-40. അതിവേഗതക്ക്‌ പുതിയ വിലാസം നല്‍കാന്‍ അതാ ആറ്‌ ഫൈനലിസ്‌റ്റുകള്‍ റെഡി. ഒന്നാം ലൈനില്‍ ആരുമില്ല. രണ്ടില്‍ നമ്മുടെ ബ്രയന്‍ ലാറയുടെ നാട്ടുകാരന്‍ റിച്ചാര്‍ഡ്‌ തോംസണ്‍, മൂന്നില്‍ ആരുമില്ല. നാലില്‍ ചുമല്‍ വിരിച്ച്‌ ടൈസണ്‍ ഗേ. അഞ്ചില്‍ ഉയരം കുറഞ്ഞ യോഹാന്‍ ബ്ലേക്ക്‌. ആറില്‍ ഉറച്ച മസിലുമായി ജസ്‌റ്റിന്‍ ഗാട്‌ലിന്‍. ഏഴില്‍ സാക്ഷാല്‍ വീരപുത്രന്‍-കണ്ണിറുക്കി കാണിക്കുന്ന ബോള്‍ട്ട്‌. എട്ടില്‍ പ്രാര്‍ത്ഥനാ നിരതനായി റ്യാന്‍ ബെയ്‌ലി. ഒമ്പത്തില്‍ കോപ്രായങ്ങളുമായി ചുരണ്ടാ മാര്‍ട്ടിന്‍.
ജഡ്‌ജസിന്റെ പ്രഖ്യാപനം-അത്‌ലറ്റ്‌സ്‌ റെഡി. എല്ലാവരും അതോടെ സ്‌റ്റാര്‍ട്ടിംഗ്‌ ബ്ലോക്കില്‍. കുതിപ്പിനിതാ സെക്കന്‍ഡുകള്‍. സ്റ്റാര്‍ട്ടറു
ടെ വെടി പൊട്ടി..... മുന്നില്‍ ബ്ലേക്ക്‌. തൊട്ട്‌ പിറകെ ഗാട്‌ലിന്‍. അമ്പത്‌ മീറ്റര്‍ പിന്നിട്ടിരിക്കുന്നു. അതാ വരുന്നു നെഞ്ച്‌ മുന്നോട്ടാഞ്ഞ്‌, കാലുകളില്‍ തീപടര്‍ത്തി ബോള്‍ട്ട്‌... എതിരാളികളെ ഒന്ന്‌ നോക്കിയുള്ള മിന്നല്‍. കാലിന്‌ വേദനയുമായി പവല്‍ നിന്നതൊന്നും കാര്യമാക്കാതെ ബോള്‍ട്ട്‌ ലൈന്‍ തൊട്ടു..... പിന്നെ അഞ്ച്‌ മിനുട്ട്‌ നേരത്തേക്ക്‌ ഒന്നും മനസ്സിലായില്ല. ശരിയായ പ്രകമ്പനം. ലോകത്തിന്‌ മുന്നില്‍ ബോള്‍ട്ട്‌ മാത്രം. കൈയ്യും കാലുകളുമെല്ലാം ഇളക്കിയാട്ടി ജമൈക്കന്‍ പതാകയുമേന്തി അതാ സൂപ്പര്‍ താരം ബ്ലേക്കിനെ മാറോടണക്കുന്നു. പിന്നെ സ്റ്റേഡിയപ്രദക്ഷിണം. മൈതാനത്തെ വലിയ സ്‌ക്രീനില്‍ ആ കുതിപ്പിന്റെ വിവിധദ്യശ്യങ്ങള്‍. കാണികള്‍ക്കിടയിലേക്ക്‌ ഓടിക്കയറുന്ന ബോള്‍ട്ട്‌. കൂറെസമയം എല്ലാവരും ആ ലഹരിയിലായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലാവാത്തത്‌ പോലെ.
മല്‍സരം കഴിഞ്ഞതോടെ ഗ്യാലറികള്‍ ശൂന്യമാവാന്‍ തുടങ്ങി. പിന്നെ ഒരു ഒഴുക്കായിരുന്നു. പാരാവാരം പോലെ കാണികള്‍ പുറത്തേക്ക്‌ ഒഴുകുന്നു. ബോള്‍ട്ടിന്റെ പത്രസമ്മേളനം കഴിഞ്ഞിട്ട്‌ പോവാമെന്ന്‌ കരുതി ഞങ്ങള്‍ ഇറങ്ങിയില്ല. പത്രസമ്മേളന ഹാളിലേക്ക്‌ പോവാനിറങ്ങിയപ്പോള്‍ അങ്ങോട്ടും ഒഴുക്ക്‌. ജനത്തിന്‌ വഴി മാറിയതാണോയെന്ന്‌ സംശയിച്ചു. അല്ല എല്ലാം പത്രക്കാരാണ്‌. എല്ലാവരും ബോള്‍ട്ടിന്റെ പത്രസമ്മേളനത്തിനാണ്‌. ഹാളിനുള്ളില്‍ സ്ഥലമുണ്ടാവില്ലെന്നുറപ്പ്‌. ആഘോഷങ്ങള്‍ക്ക്‌ ശേഷം ബോള്‍ട്ട്‌ വരാന്‍ മണിക്കൂറുകളെടുക്കുമെന്ന്‌ മനസ്സിലായതോടെ ബഹളത്തില്‍ നിന്ന്‌ മോചനം തേടി പുറത്തേക്ക്‌. അപ്പോഴും ജനത്തിന്റെ കുത്തൊഴുക്ക്‌ നിലച്ചിരുന്നില്ല. സ്റ്റാഫോര്‍ഡ്‌ സ്‌റ്റേഷനിലെത്തിയത്‌ പക്ഷേ അറിഞ്ഞില്ല. ആ ഒഴുക്കില്‍ ഞങ്ങള്‍പെട്ടു. സ്‌റ്റേഷനിലാകെ ജനം. മിനുട്ടുകളില്‍ പറപറക്കുന്ന ട്രെയിനുകള്‍ പലത്‌ പോയിട്ടും തിരക്കൊഴിയുന്നില്ല.
എല്ലാവര്‍ക്കും എല്ലാ ഭാഷയിലും പറയാനുണ്ടായിരുന്നത്‌ ബോള്‍ട്ട്‌ മാത്രം. വിസാ കാര്‍ഡിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ ബോള്‍ട്ടിന്റെ ചിത്രമാണ്‌ ഇവിടെയെല്ലാം. ഭൂഖണ്‌ഠത്തില്‍ ഇവനെ പോലെ മറ്റൊരാളില്ല കെട്ടോ..... നേരില്‍ കണ്ടത്‌ പറയാം-തല്‍ക്കാലം ഇവനെ തോല്‍പ്പിക്കാനും ആര്‍ക്കുമാവില്ല. ഈ ഒരു മല്‍സരം നേരില്‍ കാണാന്‍ സാധിച്ചല്ലോ..... വിശുദ്ധ മാസത്തിന്റെ പുണ്യരാവുകളില്‍ ദൈവത്തിന്‌ സ്‌തുതി.....


Tuesday, August 28, 2012

ഈ പുലിക്ക്‌ തേനും പാലും നല്‍കണം


ചിത്രം

ഒളിംപിക്‌സില്‍ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി നേടിയ ഇറ്റാലിയന്‍ താരം കാപ്രിയാനിയും (വലത്ത്‌) കമാല്‍ വരദൂരും

ലണ്ടന്‍ ഡയറി-12

ഈ പുലിക്ക്‌ തേനും പാലും നല്‍കണം

7574045050- ഈ ലണ്ടന്‍ നമ്പര്‍ കെ.ടി ഇര്‍ഫാന്റേതാണ്‌. നാട്ടില്‍ നിന്ന്‌ വിളിക്കുമ്പോള്‍ നിങ്ങള്‍ തുടക്കത്തില്‍ 44 ചേര്‍ക്കണം. കുറച്ച്‌ പണം പോയാലും എല്ലാവരും ഒന്ന്‌ വിളിക്കുക. ദിവസവും ഫോണ്‍ സല്ലാപത്തില്‍ കൂറെ പണം കളയുന്നവരാണല്ലോ നമ്മള്‍. ഈ വിളി ഒരു നല്ല കാര്യത്തിനാവട്ടെ...നിങ്ങള്‍ക്ക്‌ ഇര്‍ഫാന്‌ വേണ്ടി ചെയ്യാനാവുന്ന സഹായം ഒരു വിളിയാണ്‌. കാരണം അവന്റെ ഊര്‍ജ്ജം അതാണ്‌. നാട്ടുകാരുടെ പിന്തുണ. ഇന്നലെ ഈ മഹാനഗരത്തില്‍ ഇര്‍ഫാനൊപ്പം 42 പേര്‍ 20 കിലോമീറ്റര്‍ നടന്നു. നല്ല കായബലമുള്ളവര്‍. ഉയരവും തടിമിടുക്കുമായി തോല്‍ക്കാന്‍ മനസ്സില്ലെന്ന്‌ പ്രഖ്യാപിച്ചവര്‍. അവരുടെയെല്ലാം ഊര്‍ജ്ജം നല്ല പ്രോട്ടീനും വൈറ്റമിനും ചേര്‍ന്ന സമീകൃത ഭക്ഷണങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായമുള്ള ഉന്നത പരിശീലനവുമാണെങ്കില്‍ നമ്മുടെ അരീക്കോട്‌ കുനിയില്‍ ഗ്രാമത്തിലെ ചെറുപ്പക്കാരന്റെ ഊര്‍ജ്ജം ജനകീയ പിന്തുണയാണ്‌. ഇന്നലെ അവന്റെ ഫോണിലേക്ക്‌ നിലക്കാത്ത വിളികളായിരുന്നു. ഇര്‍ഫാന്റെ നമ്പര്‍ തേടി ഉത്തരേന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ പലരും എന്റെ ഫോണിലേക്ക്‌ വിളിച്ചു. എല്ലാവര്‍ക്കും ഇര്‍ഫാന്റെ കഥകള്‍ വേണം. എല്ലാവര്‍ക്കും നമ്പര്‍ നല്‍കിയെന്ന്‌ മാത്രമല്ല മലപ്പുറത്തെയും അരിക്കോട്‌ ഗ്രാമത്തെയും ഇര്‍ഫാനെയും കുറിച്ചുള്ള കഥകള്‍ നല്‍കുകയും ചെയ്‌തു. ഡല്‍ഹിയില്‍ നിന്നുള്ള ഡെയ്‌ലി മിറര്‍ പത്രത്തിന്റെ സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കണ്ണന്‍ ശ്രീനിവാസന്‌ ഇര്‍ഫാന്റെ പഠനകാലവും അവന്‍ വന്ന വഴികളുമറിയണം. ദൂരദര്‍ശന്‍കാര്‍ക്ക്‌ അവന്‍ ഹിന്ദി സംസാരിക്കുമോ എന്നറിയണം. എന്‍.ഡി.ടി.വികാര്‍ക്ക്‌ ഇംഗ്ലീഷ്‌ പറയുമോ എന്ന്‌ അറിയണം. ടൈംസ്‌ നൗവിന്‌ വേണ്ടത്‌ മുഖാമുഖം. അറിയാവുന്ന അരിക്കോടന്‍ വീരഗാഥകളെല്ലാം പറഞ്ഞ്‌ കൊടുത്തപ്പോള്‍ വ്രതക്കാലത്തെ വാചകമടിയുടെ നല്ലക്ഷീണം-അതെ ഇര്‍ഫാന്‍ താരമാവുകയാണ്‌.
രാവിലെ തന്നെ ഞങ്ങളെ കാണാന്‍ ഇര്‍ഫാന്‍ ഒളിംപിക്‌ പാര്‍ക്കില്‍ വന്നു. ചന്ദ്രികയും മലയാള മനോരമയും മാതൃഭൂമിയും മാത്രമാണ്‌ കേരളത്തില്‍ അക്രഡിറ്റേഷനോടെ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍. ഞങ്ങളെ (അനില്‍ രാധാകൃഷ്‌ണന്‍, പി.ടി ബേബി, ടോണി ഡൊമിനിക്‌-മനോരമ ഫോട്ടോഗ്രാഫര്‍) കണ്ടപ്പോള്‍ ഇര്‍ഫാനും ഒപ്പമുണ്ടായിരുന്ന മയുഖാ ജോണിക്കും ആഹ്ലാദം.
ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞ്‌ സ്വതസിദ്ധമായ ആ ഏറനാടന്‍ പുഞ്ചിരിയുമായി വന്ന പയ്യനെ കണ്ടപ്പോള്‍ മനസ്സ്‌ പറഞ്ഞു ഇവന്‍ നാളെ അരങ്ങ്‌ തകര്‍ക്കും. പ്രായം 22 മാത്രം. കുറഞ്ഞത്‌ മൂന്ന്‌ ഒളിംപിക്‌സില്‍ പങ്കെടുക്കാം. 2016 ല്‍ ബ്രസീലിയന്‍ ആസ്ഥാനമായ റിയോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ മെഡല്‍ സ്വന്തമാക്കാന്‍ ഈ കാലുകള്‍ക്ക്‌ കരുത്തുണ്ട്‌. കുനിയില്‍ ഗ്രാമത്തിലെ അല്‍അന്‍വര്‍ ഹൈസ്‌ക്കൂളില്‍ പത്ത്‌ വരെ സാധാരണ വിദ്യാഭ്യാസം നേടിയ പയ്യന്‍ മല്‍സരിച്ചത്‌ ലോക മാമാങ്കവേദിയിലാണ്‌. അത്‌ തന്നെ സ്വര്‍ണ തിളക്കമുള്ള നേട്ടം. കീഴുപറമ്പ്‌ ജി.വി.എച്ച്‌.എസ്‌.എസില്‍ നിന്ന്‌ പ്ലസ്‌ ടൂ പൂര്‍ത്തിയാക്കുമ്പോഴും ഇര്‍ഫാനിലെ താരത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല എന്നത്‌ അല്‍ഭുതമാണ്‌. ദേവഗിരി കോളജിലെ ബി.എ ഇക്കണോമിക്‌സ്‌ വിദ്യാര്‍ത്ഥിയാണ്‌ ഇന്ത്യന്‍ സൂപ്പര്‍ താരമാവുന്ന ഇര്‍ഫാനെന്ന്‌ ആ കോളജിലെ അധ്യാപകര്‍ക്കറിയുമോ...? സംശയമാണ്‌. വളരെ പെട്ടെന്നായിരുന്നു എല്ലാമെന്ന്‌ ഇര്‍ഫാന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്‌ക്കൂള്‍ മീറ്റിലോ, ദേശീയ സ്‌ക്കൂള്‍ മീറ്റിലോ പങ്കെടുത്തിട്ടില്ല. 2007 ലെ ദക്ഷിണേന്ത്യന്‍ മീറ്റിലെ റെക്കോര്‍ഡുകാരന്‍ 2010 വരെ ഇവിടെ കേന്ദ്രീകരിച്ചാണ്‌ മല്‍സരിച്ചത്‌. ജീവിതമാര്‍ഗം തേടി 2010 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്നാണ്‌ നടത്തം കാര്യമാക്കിയത്‌. ഒളിംപിക്‌സിന്‌ മുമ്പ്‌ ആകെ മല്‍സരിച്ച രാജ്യാന്തര കായികമാമാങ്കം റഷ്യയിലെ ലോകകപ്പ്‌. ആ മല്‍സരം വഴിയാണ്‌ യോഗ്യത നേടിയത്‌. പിന്നെ സായിയിലെ പരിശീലനം, സാമ്പത്തിക ഞെരുക്കത്തിലും മനോധൈര്യം വിടാതെയുള്ള യാത്ര. ഇപ്പോഴിതാ ലോകത്തിലെ സമുന്നതരായ കായിക താരങ്ങള്‍ മാത്രം മാറ്റുരക്കുന്ന വേദിയില്‍.
ഇനി നിങ്ങള്‍ ഒളിംപിക്‌ പാര്‍ക്കിലെ ഈ ചിത്രമൊന്ന്‌ നോക്കുക-നിഷ്‌കളങ്കനായ ഒരു പയ്യന്‍. ഈ നഗരത്തിലെ ആരും പറയില്ല ഇവന്‍ അത്‌ലറ്റാണെന്ന്‌. കാരണം മെലിഞ്ഞ പ്രകൃതം. കാഴ്‌ച്ചയില്‍ ഒരു ഓട്ടക്കാരന്റെ മസില്‍ പവറില്ല. ഇന്നത്തെ ചെറുപ്പക്കാരുടെ ഫാഷനായ കൈയ്യിലും കാലിലുമെല്ലാം വളകളും മൊബൈല്‍ ഫോണും മ്യൂസിക്ക്‌ സിസ്‌റ്റവുമൊന്നുമില്ല. തനി നാടന്‍. നന്നായി ഹിന്ദി സംസാരിക്കുന്നു. ഇംഗ്ലീഷിലും മോശമില്ല.
ചന്ദ്രികയില്‍ ലണ്ടന്‍ കോളിംഗ്‌ എന്ന പരമ്പരയില്‍ ഇര്‍ഫാന്റെ ഇന്ത്യന്‍ ഫോണ്‍ നമ്പരടക്കം നല്‍കിയ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. ആ കുറിപ്പിന്‌ ശേഷമാണ്‌ ഇര്‍ഫാന്‌ പിന്തുണയുമായി കൂടുതല്‍ വിളികളെത്തിയതെന്ന്‌ അവന്‍ തന്നെ പറയുന്നു. എല്ലാവരും വിളിക്കുമ്പോള്‍ നമുക്കത്‌ വലിയ ഊര്‍ജ്ജമാണ്‌. ഇന്നലെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം വിളികള്‍ വന്നു. എല്ലാവരും അടിച്ചു പൊളിക്കുകയാണ്‌. എനിക്കത്‌ മതി. എന്നെ കൊണ്ട്‌ എല്ലാവര്‍ക്കും നല്‍കാനാവുന്ന സഹായം അതാണല്ലോ. ഇനി ഒരു മെഡല്‍ നേടാന്‍ കഴിയണം. അതിനായി എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇവിടെ തന്നെ രണ്ട്‌ ഫൗളുകള്‍ വന്നു. അതാണ്‌ പ്രശ്‌നമായത്‌. മൂന്നാമത്തെ ഫൗള്‍ വന്നാല്‍ അയോഗ്യനാക്കപ്പെടുമെന്നറിയുന്നതിനാല്‍ ഫൗള്‍ വരുത്താതിരിക്കാനുള്ള ശ്രദ്ദയില്‍ വേഗത കുറഞ്ഞു. അല്ലെങ്കില്‍ ആദ്യ അഞ്ചില്‍ വരുമായിരുന്നെന്ന്‌ ഇര്‍ഫാന്‍ പറഞ്ഞു. കുറെയധികം സംസാരിച്ച്‌ ഇര്‍ഫാന്‍ മടങ്ങിയശേഷം ഇവിടെയുള്ള നമ്മുടെ കായിക മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെ വിളിച്ച്‌ ഈ പയ്യനെ ശ്രദ്ധിക്കണമെന്ന്‌ പറഞ്ഞു. എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌ മാക്കന്‍, ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ വി.കെ മല്‍ഹോത്ര, രാജ്യാന്തര അത്‌ലറ്റിക്‌ അസോസിയേഷന്റെ വൈസ്‌ പ്രസിഡണ്ട്‌ കേണല്‍ രണ്‍ധീര്‍ സിംഗ്‌ തുടങ്ങിയ ഇന്ത്യന്‍ കായിക ഭരണാധികാരികളെയും വിളിച്ച്‌ ഇര്‍ഫാനെ പരിചയപ്പെടുത്തിയിട്ടുണ്ട്‌. മീത്തല്‍ ട്രസ്റ്റ്‌ പോലുള്ള സ്വകാര്യ സംരഭകരുടെ ശ്രദ്ധയിലും ഇര്‍ഫാനെ എത്തിക്കാനുണ്ട്‌. ചെയ്യാവുന്ന സഹായങ്ങളെല്ലാം ചെയ്‌ത്‌ അവനെ വളര്‍ത്തണം. ഇത്‌ വരെ ഒളിംപിക്‌ ട്രാക്കില്‍ നിന്ന്‌ നമുക്കൊരു മെഡല്‍ ലഭിച്ചിട്ടില്ല. ആ കുറവ്‌ നികത്താന്‍ കഴിയും ഈ ഏറനാട്ടുകാരന്‌. മില്‍ഖാസിംഗിന്റെയും പി.ടി ഉഷയുടെയും ശ്രീറാമിന്റെയും ഗുര്‍ബച്ചന്‍ സിംഗ്‌ രണ്‍ധാവയുടെയും അഞ്‌ജു ബോബി ജോര്‍ജ്ജിന്റെയുമെല്ലാം ഫൈനല്‍ ബെര്‍ത്തുകളാണ്‌ ട്രാക്കിലെ നമ്മുടെ ഇത്‌ വരെയുള്ള നേട്ടം. അത്‌ മാറ്റണം.
ആദ്യ ഒളിംപിക്‌സില്‍ തന്നെ പത്താം സ്ഥാനം നേടിയവന്‍. ദേശീയ റെക്കോര്‍ഡ്‌ ഒളിംപിക്‌ വേദിയില്‍ കുറിച്ചവന്‍. 20 കിലോമീറ്റര്‍ നടന്ന ശേഷം എല്ലാവരും തളര്‍ന്നു പോയപ്പോള്‍ അടുത്ത മിനുട്ടില്‍ തന്നെ ചിരിച്ച്‌ കളിച്ച്‌ ഫോണില്‍ എല്ലാവരോടും സംസാരിച്ചവന്‍, കൈവന്നിരിക്കുന്ന താര പരിവേഷത്തില്‍ മതി മറക്കാതെ, വന്ന വഴികളെ ബഹുമാനിക്കുന്നവന്‍- ഈ സൈനികന്‍ പുലിയാണ്‌.... പുപ്പുലി...! ഇവനെ നമ്മള്‍ കൈവിടരുത്‌. തേനും പാലും നല്‍കി പൊന്നു പോലെ വളര്‍ത്തണം.