
ചിത്രം
കമാല്‍ വരദൂരിന് തേഞ്ഞിപ്പലം സെന്റ് പോള്‍സ് സ്ക്കൂള് പ്രിന്‍സിപ്പാളുടെ അഭിനന്ദനം
ലണ്ടന്‍ ഡയറി-20
മണ്ടന്മാര് ലണ്ടനില്‍
മണ്ടന്മാര് ലണ്ടനില്‍ എന്നത് ഒരു മലയാള സിനിമയുടെ പേരാണല്ലോ... ആ സിനിമ നാട്ടില്‍ റിലീസ് ചെയ്തപ്പോള്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും ഭാര്യ ആമിനയും ലണ്ടന്‍ നഗരത്തിലുണ്ടായിരുന്നതായും തങ്ങള്‍ ലണ്ടനിലെത്തിയത് നാട്ടിലെ സിനിമക്കാര്‍ അറിഞ്ഞതായുമുള്ള സി.എച്ചിന്റെ കമന്റും നവാസ് പുനൂര്‍ എഴുതിയ സി.എച്ചിന്റെ ജീവചരിത്രത്തില്‍ വായിച്ചിട്ടുണ്ട്. എന്തായാലും ബ്രിട്ടനിലെ ഗാര്ഡിയന് പത്രത്തിന് നമ്മുടെ മലയാളത്തിലിറങ്ങിയ ആ സിനിമയെക്കുറിച്ച് അറിയില്ല. ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യക്കാരെ അവര്‍ പരോക്ഷമായി മണ്ടന്മാരായാണ്് ചിത്രീകരിച്ചിരിക്കുന്നത്. കുറഞ്ഞ ജനസംഖ്യയുള്ള കൊച്ചു രാജ്യങ്ങളായ ഗ്രാനഡെയെ പോലുള്ളവര്‍ മെഡല്‍പ്പട്ടികയില്‍ സ്വര്‍ണ സമ്പാദ്യവുമായി തല ഉയര്‍ത്തി നില്ക്കുമ്പോള്, എത്യോപ്യയെ പോലുള്ള പട്ടിണിക്കാര്‍ കൂടുതല്‍ മെഡലുകള്‍ നേടുമ്പോള്‍, ആഭ്യന്തര കലാപത്തില്‍ തകരുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ മുന്നേറുമ്പോള്‍ സ്വന്തം തോല്‍വികള്‍ക്ക് കാര്യകാരണങ്ങള്‍ നിരത്തി ഇന്ത്യക്കാര്‍ മണ്ടന്മാരാവുകയാണെന്നാണ് ഗാര്ഡിയന് പരിഹസിക്കുന്നത്. ലോക ജനസംഖ്യയില്‍ ഒന്നാമത് നില്ക്കുന്ന ചൈനക്കാര്‍ മെഡല്‍പ്പട്ടികയില്‍ രണ്ടാമതാണ്. ജനസംഖ്യാ കണക്ക് പ്രകാരം രണ്ടില്‍ നില്ക്കുന്ന ഇന്ത്യ മെഡല്‍പ്പട്ടികയില്‍ എവിടെയാണെന്ന ചോദ്യവും പത്രം ഉയര്‍ത്തുന്നു. 85 പേര് വിവിധ വേദികളില്‍ മല്‍സരിച്ചു. ആറ്് പേര്‍ക്ക് മെഡല്‍ കിട്ടി. ഇന്ത്യക്ക് എട്ട് ഒളിംപിക് സ്വര്‍ണങ്ങള്‍ സമ്മാനിച്ച ഹോക്കിയില്‍ എല്ലാ കളികളും തോറ്റു. ട്രാക്കില്‍ കാര്യമായി ഒന്നും നേടാനായില്ല-അങ്ങനെ കുറ്റപ്പെടുത്തലുകള്‍ മാത്രം. ലേഖനത്തിന്റെ അന്ത്യത്തില്‍ പറയുന്നത് ഇങ്ങനെ-കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തി പാലം തകര്‍ത്ത് നാണക്കേടുണ്ടാക്കി, ലണ്ടന്‍ ഒളിംപിക്സില്‍ ഒളിംപിക് തത്വം ഉയര്‍ത്തിപ്പിടിച്ച് പങ്കെടുത്ത് മടങ്ങി. ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ മഹത്വം...!
അതെ എവിടെയും നമ്മള് മണ്ടന്കഥാപാത്രങ്ങളാണ്. ബാഗ്ലൂരിലെ ചളിക്കുളത്തില്‍ പരിശീലനം നടത്തി ഇവിടെ വന്ന നമ്മുടെ നീന്തല്‍താരം ഗഗന് ഉലാമത്തിനെ പോലുള്ളവര്‍ എന്തിനാണ് മല്‍സരിച്ചത്. ചൈനയും യൂറോപ്പുമെല്ലാം ആധിപത്യം പുലര്‍ത്തുന്ന നീന്തല്‍ക്കുളത്തില്‍ നാണക്കേട് വാങ്ങാനല്ലേ പോയത്. ഗഗന് 1500 മീറ്ററില്‍ അവസാന സ്ഥാനത്തായെന്ന് മാത്രമല്ല എല്ലാവരും ഫിനിഷ് ചെയ്ത് 40 സെക്കന്‍ഡ് കഴിഞ്ഞാണ് മല്‍സരം പൂര്‍ത്തിയാക്കിയതും.
മല്‍സരിക്കാനും വിജയിക്കാനും പ്രയാസപ്പെടുന്നുവെങ്കിലും ഭക്ഷണ പ്രിയതയില്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്നാണ് ദി ടൈംസ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന ഈസ്റ്റ്ഹാമില്‍ പുതിയ ഇന്ത്യന്‍ റസ്റ്റോറന്‍ഡ് ഉദ്ഘാടനം ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു ഈ കുറിപ്പ്. ചെന്നൈ ദോശ എന്ന് പേരുള്ള ഇന്ത്യന്‍ റസ്റ്റോറന്‍ഡില്‍ നിന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പരിശോധനക്കിടെ രണ്ട് എലികളെ കണ്ടതായും റസ്റ്റോറന്്ഡുകാര്ക്ക് 15,000 പൗണ്ട് പിഴ ( നമ്മുടെ പതിമൂന്ന് ലക്ഷം) ചുമത്തിയതായും വാര്‍ത്തയിലുണ്ട്. ഒന്നിലധികം തവണ മുന്നറിയിപ്പ് നല്‍കിയിട്ടും റസ്റ്റോറന്ഡുകാര് എലികളെ തുരത്തുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് പിഴ ചുമത്തിയത്. ഉടമകല്‍ വളര വേഗം പിഴ അടച്ച് റസ്റ്റോറന്‍ഡ് തുറന്നു.
ലക്ഷ്മി മീത്തല്‍ എന്ന ഇന്ത്യക്കാരന് ബ്രിട്ടനിലെ കോടീശ്വരന്മാരില് ഒരാളാണ്. ഒളിംപിക് സ്റ്റേഡിയത്തിന് തൊട്ടരികില്‍ കോടികള്‍ വില മതിക്കുന്ന മീത്തല്‍ ടവറുണ്ട്. തന്റെ നാട്ടുകാര്‍ രാജ്യാന്തര മല്‍സരവേദികളില്‍ നിരന്തരം പരാജയപ്പെടുന്നത് സഹിക്കാനാവാതെ മീത്തല്‍ ഇന്ത്യക്ക് ഒളിംപിക് മെഡല്‍ സമ്മാനിക്കാനായി ഒരു കായിക ട്രസ്റ്റ് തുടങ്ങിയ വാര്‍ത്തയാണ് മറ്റൊരു പത്രത്തില്‍.
ലണ്ടനില്‍ പത്രങ്ങള്‍ പലതും സൗജന്യമാണ്. പണം കൊടുത്ത് വാങ്ങേണ്ടതില്ല. പത്രപ്രവര്‍ത്തന ലോകത്തെ കുലപതിമാരായി വിശേഷിപ്പിക്കപ്പെടുന്ന ബി.ബി.സിക്കാരുടെ തട്ടകത്ത് നമ്മുടെ കേരളത്തിലേത് പോലെ കാക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങളാണ്. ഉച്ചപത്രങ്ങള്‍ തന്നെ പത്ത്. ടാബ്ലോയിഡ് ടൈപ്പില്‍ ധാരാളം പത്രങ്ങള്‍. ദിനപത്രമായി നിരവധി. ഉച്ചപ്പത്രങ്ങള്ക്കൊന്നും പണം വേണ്ട. മെട്രോ ട്രെയിനുകളില്‍ കയറിയാല്‍ എല്ലാ സീറ്റിലും പത്രം. സ്റ്റേഷനുകളില്‍ പത്രം പത്രം എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് സൗജന്യ വില്‍പ്പന. ബി.ബി.സി ഒളിംപിക് കവറേജിനായി നിയോഗിച്ചത് ഞെട്ടരുത്-5000 പേരെ. 50 ചാനലുകളിലായി എല്ലാ വേദികളില്‍ നിന്നും തല്‍സമയം. ആതിഥേയരായ ബ്രിട്ടന് കഴിഞ്ഞാല്‍ 3000 മാധ്യമ പ്രവര്‍ത്തകരെ അയച്ചിരിക്കുന്ന ചൈന രണ്ടാമത്. സി.സി.ടി.വിയില്‍ നിന്ന് മാത്രം ആയിരത്തോളം പേര്.
മണ്ടന്മാരായ നമ്മളും പിറകോട്ട് പോയിട്ടില്ല-നൂറിലധികം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്സ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. പതിവ് പോലെ തമ്മിലടിക്ക് കുറവുണ്ടായിരുന്നില്ല. മേരി കോമിന് മെഡല്‍ കിട്ടിയപ്പോള്‍ ദേശീയ ചാനലുകാര് അഭിമുഖത്തിനായി മല്‍സരിച്ചത് തമ്മിലടിച്ചായിരുന്നു. പക്ഷേ അവര്‍ ഒരു ഉപകാരം ചെയ്തു- തമ്മിലടി ഹിന്ദിയില്‍ തെറി വിളിച്ചായിരുന്നു. ഇംഗ്ലീഷുകാര്‍ക്കും മറ്റ് നാടുകളിലെ പത്രകാര്‍ക്കും നമ്മുടെ ദേശീയഭാഷ വശമില്ലാത്തിനാല്‍ അവര്‍ക്ക് അര്‍ത്ഥം പിടി കിട്ടിയിരുന്നില്ല.
1 comment:
മണ്ടന്മാര് ലണ്ടനില്‍ പോയപോലെ തന്നെ ആയി...
കിട്ടിയ മെഡല്‍ വെച്ച് എന്തൊക്കെ മേനി നടിച്ചാലും ഇന്ത്യാ മഹാരാജ്യത്തിനു തല ഉയര്‍ത്തി നില്ക്കാന് കഴിയുന്നതല്ല ഈ മെഡലുകള്‍ എന്ന് നിസ്സംശയം പറയാം.
ഇന്ത്യന്‍ പത്രക്കാര് തമ്മില്‍ അവിടെ അടി നടന്നു എന്നത് പുതിയ അറിവാണ്... ഹഹ.. നമ്മുടെ ലാലേട്ടന് പറഞ്ഞ പോലെ അത് ഒരു ഗോമ്പിറ്റെഷന് ഐറ്റം ആയിരുന്നെങ്കില്‍ ഒരു മെഡല്‍ ഉറപ്പായിരുന്നു....
ഒരു ഒളിമ്പിക്സ് അവലോകനം - ലണ്ടന്‍ വിടുമ്പോള്‍ - ഇവിടെ ക്ലിക്കി വായിക്കാം..
Post a Comment