
കമാല്‍ വരദൂര്‍ ഒളിംപിക് സ്റ്റേഡിയത്തില്‍ ഒളിംപിക് സമാപന ചടങ്ങിന് മുമ്പ്
ലണ്ടന്‍ ഡയറി-16
ഓടിക്കോ, കൈയ്യടി ഗ്യാരണ്ടി...!
തോല്‍ക്കുന്നവര്‍ക്ക് നമ്മള്‍ നല്‍കുന്ന സമ്മാനം കൂവലല്ലേ.... മല്‍സരങ്ങളില്‍ അവസാന സ്ഥാനത്ത് വരുന്നവനെ കൂവി ഇല്ലാതാക്കാന്‍ ബഹുമിടുക്കരാണ് നമ്മളെങ്കില്‍ ഈ വെള്ളക്കാര്‍ക്ക് കൂവാന്‍ അറിയില്ല. എന്തിനെയും അവര്‍ കൈയ്യടിച്ചങ്ങ് പ്രോല്‍സാഹിപ്പിക്കും. ടിന്റു ലൂക്കയുടെ മല്‍സരത്തിനായി ഒളിംപിക് സ്റ്റേഡിയത്തിലിരിക്കുമ്പോഴാണ് ഇംഗ്ലീഷുകാരുടെ സ്‌പോര്‍ട്ടിംഗ് സ്‌പിരിറ്റ് ശരിക്കും മനസ്സിലായത്. വനിതകളുടെ 800 മീറ്റര്‍ രണ്ടാം ഹീറ്റ്‌സിലായിരുന്നു ടിന്റു. അത് കഴിഞ്ഞ് നടന്ന മൂന്നാം ഹീറ്റ്‌സില്‍ മല്‍സരിക്കാന്‍ സഊദി അറേബ്യയുടെ സാറാ അത്തര്‍. ട്രാക്കില്‍ സഊദി അറേബ്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതാതാരം. നല്ല വെളുത്ത ഹിജാബും പച്ച ബനിയനും നീല ട്രാക്ക് സ്യൂട്ടുമിട്ട താരം. ആഫ്രിക്കയില്‍ നിന്നുള്ള ബിക്കിനി താരങ്ങള്‍ക്ക് നടുവില്‍ അന്തസ്സുള്ള വേഷമണിഞ്ഞ പെണ്‍കുട്ടിക്ക്‌് പ്രായം 19. ഒളിംപിക്‌സില്‍ വനിതകളെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച് നാട്ടില്‍ ബഹളം നടക്കുമ്പോള്‍ ഇങ്ങിവിടെ ഈ വിദ്യാര്‍ത്ഥിനി എത്രത്തോളം മുന്നിലെത്തുമെന്നറിയാന്‍ സ്‌റ്റേഡിയത്തില്‍ തന്നെ ഇരുന്നു. ഇന്ത്യന്‍ വനിതാ ബോക്‌സര്‍ മേരി കോമിന്റെ സെമിഫൈനല്‍ മല്‍സരം അല്‍പ്പമകലെയുള്ള എക്‌സല്‍ അറീനയില്‍ ആരംഭിക്കാനിരിക്കുന്നതിനാല്‍ എല്ലാ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരും അങ്ങോട്ടേക്ക് തിരക്കിട്ട് പോയി. പക്ഷേ സാറയുടെ പ്രകടനം കാണണമെന്ന് തോന്നി. ആറ് പേരുള്ള ഹീറ്റ്‌സില്‍ കെനിയയുടെ റെക്കോര്‍ഡുകാരി ജെന്നത് ജെപോക്‌സ്‌ജിയെ പോലുള്ളവരുടെ നടുവില്‍ സാറ. സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ സാറയെ പരിചയപ്പെടുത്തിയത് സഊദി അറേബ്യയില്‍ നിന്നും ഒളിംപിക് ട്രാക്കില്‍ മല്‍സരിക്കുന്ന ആദ്യവനിതാ താരമെന്ന വിശേഷണവുമായി. അപ്പോള്‍ തന്നെ നിലക്കാത്ത കൈയ്യടികളായിരുന്നു. മല്‍സരമാരംഭിച്ചപ്പോള്‍ എതിരാളികള്‍ ശരവേഗതയില്‍ കുതിക്കുന്നു. തുടക്കത്തിലേ വളരെ പിറകിലായ സാറ ഇന്ത്യന്‍ താരങ്ങളെ പോലെ ഒളിംപിക്‌സിന്റെ മഹത്തായ മുദ്രാവാക്യം-പങ്കെടുക്കുക, വിജയിപ്പിക്കുക ഉയര്‍ത്തിപ്പിടിച്ച് ഓടി. മല്‍സരിച്ചവരില്‍ ആറില്‍ അഞ്ച് താരങ്ങളും ഫിനിഷ് ചെയ്‌തപ്പോള്‍ സാറ 150 മീറ്റര്‍ പിറകിലായിരുന്നു. സാറ ഇനിയും 150 മീറ്റര്‍ ഓടാനുണ്ടെന്ന് അനൗണ്‍സര്‍ പ്രഖ്യാപിച്ചപ്പോള്‍ എണ്‍പതിനായിരത്തോളം കാണികളെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാന്‍ തുടങ്ങി. ഉസൈന്‍ ബോള്‍ട്ടിന് ലഭിച്ച അതേ പിന്തുണ പോലെ പ്രകമ്പനം കൊള്ളുന്ന കൈയ്യടി. കിതച്ച് കിതച്ച് സാറ ഫിനിഷിംഗ് ലൈനില്‍ എത്തുന്നത് വരെ ആരവങ്ങള്‍. രണ്ട് മിനുട്ടും 44.95 സെക്കന്‍ഡുമെടുത്താണ് സാറ ഓട്ടം പൂര്‍ത്തിയാക്കിയത്. ഈ ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാരി രണ്ട് മിനുട്ടും 1.04 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്‌തത്.
എന്താണ് സാറക്ക് പറയാനുള്ളതെന്നറിയാന്‍ ഉടന്‍ തന്നെ മിക്‌സഡ് സോണിലേക്ക് ഓടി. പുഞ്ചിരി തൂകി സംസാരിച്ച ആ പെണ്‍കുട്ടി കാണികള്‍ക്കാണ് നന്ദി പറഞ്ഞത്. തന്നെ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത, താന്‍ ആരാണെന്ന് പോലുമറിയാത്ത വന്‍ ജനക്കൂട്ടം ഒളിംപിക്‌സ് പോലെ വലിയ വേദിയില്‍ ഉയര്‍ത്തിയ നിലക്കാത്ത കൈയ്യടി തനിക്ക് ലഭിച്ച സ്വര്‍ണമാണെന്നാണ് സാറ പറഞ്ഞത്. ഇതാദ്യമായാണ് ഇത്രയും വലിയ സ്റ്റേഡിയത്തില്‍ ഓടുന്നത്. ലോകോത്തര എതിരാളികള്‍ക്ക് മുന്നില്‍ ആദ്യമായാണ് മല്‍സരിക്കുന്നത്. ഈ അനുഭവം തനിക്ക് മാത്രമല്ല രാജ്യത്തെ ഓരോ അത്‌ലറ്റിനും പ്രചോദനമാവുമെന്നാണ് സാറയുടെ പക്ഷം. പത്തൊമ്പത് ഡിഗ്രി ചൂടില്‍ വലിയ മൈതാനത്തെ രണ്ട് വട്ടം വലം വെച്ച് ചരിത്രത്തിലേക്ക് ഓടി കയറിയ കൊച്ചു താരത്തെ അഭിനന്ദിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എതിരാളികളെക്കാള്‍ വളര പിറകിലായിട്ടും അവള്‍ ഓട്ടം നിര്‍ത്തിയില്ലല്ലോ, എല്ലാവരെയും പോലെ ഫൗളൊന്നും കാട്ടാതെ മല്‍സരം പൂര്‍ത്തിയാക്കിയില്ലേ. ഒളിംപിക്‌സിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം പങ്കെടുത്ത അനുഭവമുണ്ടായിട്ടും നമ്മുടെ ട്രിപ്പിള്‍ ജംമ്പര്‍ രണ്‍ജിത് മഹേശ്വരി ഇവിടെ എല്ലാ ചാട്ടങ്ങളും ഫൗളാക്കി നാണക്കേടുണ്ടാക്കിയതുമായി താരതമ്യം ചെയ്യുമ്പോള്‍ സാറ തകര്‍ക്കുയാണ് ചെയ്‌തത്. സഊദിക്കാരനായ പിതാവിന്റെയും അമേരിക്കക്കാരിയായ മാതാവിന്റെയും മകളായ സാറ ലോസാഞ്ചലസിന് സമീപമുള്ള പെപര്‍ഡിനി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്. പിതാവ് അമറിന്റെ പിന്തുണയിലാണ് ട്രാക്കിലേക്ക് വന്നത്. വനിതാജൂഡോ താരം വോദ്‌ജാന്‍ അലി സിറാജ് അബ്ദുള്‍റഹീം ഷഹര്‍ഖാനി കൂടി ഒളിംപിക്‌സിനുണ്ടെന്നറിഞ്ഞപ്പോഴാണ് മല്‍സരിക്കാന്‍ എല്ലാവരും സമ്മതം നല്‍കിയത്.
മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വനിതാ താരങ്ങള്‍ ലണ്ടനില്‍ മല്‍സരിക്കുന്നുണ്ട്. സാറാ അത്തറിനൊപ്പം 800 മീറ്ററില്‍ ഫലസ്‌തീന്റെ വുറൂദ് സ്വലാഹ, തുര്‍ക്കിയുടെ മെദ്‌ലെ ഐദിന്‍ തുടങ്ങിയവരുമുണ്ടായിരുന്നു. ആരും ഫൈനല്‍ ബെര്‍ത്ത് നേടിയില്ലെങ്കിലും ലോക വേദിയിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി നാടിനെ പ്രതിനിധീകരിക്കാനായ അഭിമാനമാണ് എല്ലാവര്‍ക്കും.
സാറയെ അഭിനന്ദിച്ച് ഓടിക്കിതച്ച് മീഡിയാ ബസ്സില്‍ കയറി അരമണിക്കൂര്‍ യാത്ര ചെയ്‌ത് ബോക്‌സിംഗ് മല്‍സരവേദിയിലെത്തുമ്പോള്‍ ഇംഗ്ലീഷുകാരെ കൊണ്ട് അടുക്കാനാവുന്നില്ല. ശരീരമാസകലം പെയിന്റടിച്ച് ദേശീയ പതാകയുമായി ജി.ബി. ജി.ബി എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി നടക്കുന്നവര്‍. ജി.ബി എന്ന ഗ്രേറ്റ് ബ്രിട്ടന്‍കാരുടെ സ്വന്തം താരമായ നിക്കോളാ ആഡംസ് നമ്മുടെ മേരി കോമിനെ നേരിടാന്‍ പോവുകയാണ്. നാട്ടുകാരാണ് മല്‍സരിക്കുന്നതെങ്കില്‍ ഇംഗ്ലീഷുകാരുടെ പിന്തുണ മറ്റാര്‍ക്കുമില്ല. പക്ഷേ കൂവാന്‍ അറിയാത്തത് കൊണ്ട്‌് പ്രതിയോഗിയെ വേട്ടയാടില്ല. രണ്ട് കുട്ടികളുടെ മാതാവായ മേരിയെ കണ്ടാല്‍ ഒരു ബോക്‌സറാണെന്ന് ആരും പറയില്ല. തീരെ ഉയരമില്ല. മെലിഞ്ഞൊട്ടിയ രൂപം. മസിലുകളുണ്ടോ എന്നറിയാന്‍ ഭൂതകണ്ണാടി വെക്കണം. എന്നിട്ടും ഈ മേരിയെങ്ങനെ അഞ്ച് തവണ ലോകപ്പട്ടം നേടിയെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ അലോക് സാഹയോടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ചിരി അടക്കാനായില്ല. കാണികളെ തോല്‍പ്പിക്കാനും ആഡംസിനെ ഇടിച്ചുവീഴ്‌ത്താനും മേരിക്കായില്ല. പക്ഷേ വെങ്കല മെഡലുമായി ഞങ്ങളോട് സംസാരിക്കുമ്പോള്‍ മേരി സന്തോഷവതിയായിരുന്നു. ആദ്യമായി ഒളിംപിക്‌സില്‍ മല്‍സര ഇനമാക്കിയ വനിതാ ബോക്‌സിംഗില്‍ ഒരു മെഡല്‍ നേടുകയെന്നത് തന്റെ സ്വപ്‌നമായിരുന്നെന്നും അത് സാധ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്നും മണിപ്പൂരിന്റെ താരം പറഞ്ഞു.
സാറാ അത്തറില്‍ നിന്നും മേരി കോമിലേക്ക് വലിയ ദൂരമുണ്ട്. പണവും പരിശീലനവും സാഹചര്യങ്ങളും പിന്തുണയും വേണ്ടുവോളമുണ്ട് സാറക്ക്. മേരിക്കോ-പണമില്ല, ഉന്നത പരിശീലന സൗകര്യങ്ങളില്ല, പ്രതികൂല സാഹചര്യങ്ങളും. പക്ഷേ പിന്തുണയുണ്ട്. ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനും സര്‍ക്കാരും കായിക മന്ത്രാലയവുമെല്ലാം സഹായിച്ചത് കൊണ്ടാണ് മേരി ഇവിടെയെത്തിയത്. ചെറുപ്പകാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പ്രയാസപ്പെട്ടിരുന്നു മേരി. പോഷകാഹാരങ്ങള്‍ എന്തെന്ന് അറിയുമായിരുന്നില്ല. പട്ടിണിയകറ്റാന്‍ ജോലിക്ക് പോവാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടി ബോക്‌സറായത് നിലനില്‍പ്പിനായിരുന്നു. മേരിയുടെ മെഡലും, മെഡലിന് തുല്യമായ സാറയുടെ പങ്കാളിത്തവുമെല്ലാം കായികതയുടെ മഹത്തായ വിജയങ്ങളാണ്.
No comments:
Post a Comment