
കായികവികസനത്തിലെ എമര്‍ജിംഗ് വിവാദം
വിവാദങ്ങളുടെ വിളനിലമാണ് കേരളം. വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ വിവാദങ്ങള്‍ തലപൊക്കുന്നു. കാര്യകാരണങ്ങളുടെ വിളംബരവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാചാലാരാവുന്നവര്‍ക്ക് മുന്നില്‍ ക്യാമറാകണ്ണുകള്‍ മടിയില്ലാതെ തുറക്കപ്പെടുമ്പോള്‍ ചര്‍ച്ചാ മല്‍സരങ്ങളില്‍ വികസനത്തിന് രാഷ്ട്രീയ നിറമാണ്. സമരങ്ങളും പ്രതിഷേധങ്ങളും മാത്രം തഴച്ച് വളരുന്ന നമ്മുടെ നാട്ടില്‍ ഇന്ന് എമര്‍ജിംഗ് കേരളയുടെ വാതില്‍ തുറക്കുകയാണ്. കായികദിശയില്‍ ചിന്തിക്കുമ്പോള്‍ വികസനമെന്നത് ചര്‍ച്ചകളില്‍ മാത്രമുയരുന്ന പൊടിപടലമാണ്. ഒളിംപിക്‌സും ഏഷ്യന്‍ ഗെയിംസുമെല്ലാം വരുമ്പോള്‍ ചര്‍ച്ചകളുടെ മാലപ്പടക്കത്തിന് തീ കൊടുക്കുന്നവര്‍ അതേ വേഗതയില്‍ എല്ലാം മറക്കും. ക്രിയാത്മകമായ ചര്‍്‌ച്ചകളും ഫലപ്രദമായ നടപടികളും ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യ ഫുട്‌ബോളിലും ഹോക്കിയിലും പിന്നെ സ്വന്തം ഗെയിമുകളായ ബോക്‌സിഗ്, ഗുസ്‌തി മല്‍സരങ്ങളിലൊന്നും പിറകോട്ട് പോവുമായിരുന്നില്ല. പ്രതിയോഗിയെ കാലുവലിച്ച് വീഴ്‌ത്തുന്ന കബഡിയിലെ മികവ് പോലെയാണ് കായികരംഗത്ത് നടക്കുന്ന രാഷ്ട്രീയ കുതികാല്‍വെട്ട്.
കേരളം ആതിഥേയത്വം വഹിക്കേണ്ട ദേശീയ ഗെയിംസിന്റെ ഭാവി എന്താണെന്ന് ചോദിച്ചാല്‍ സംസാരപ്രിയനായ, അവകാശ തല്‍പ്പരനായ സ്‌പോര്‍ട്‌സ് മന്ത്രി പലതും പറയും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് അവരുടെ വഴിക്കും സംസാരിക്കും. വിവിധ അസോസിയേഷന്‍ മേധാവികള്‍ അവരുടെ വഴിക്കും സഞ്ചരിക്കും. പ്രഖ്യാപന കാര്യങ്ങളില്‍ മന്ത്രിമാരെക്കാള്‍ ഗതിവേഗത്തില്‍ ബഹുദൂരം സഞ്ചരിക്കുന്നവരാണ് അസോസിയേഷന്‍ മേധാവികള്‍. ലണ്ടന്‍ ഒളിംപിക്‌സിന് മുമ്പും ശേഷവും നടന്ന കായിക ചര്‍ച്ചകളില്‍ പലവുരു പങ്കെടുത്തപ്പോള്‍ കായിക കരുത്ത് തെളിയിക്കാന്‍ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യപ്‌തത അകറ്റണമെന്ന വാദമാണ് ഉയര്‍ന്നത്. കായിക വിദഗ്‌ദ്ധര്‍ മാത്രമല്ല കായിക രംഗത്ത് സ്ഥിരക്കാരായ രാഷ്‌ട്രീയക്കാരും ഇത് തന്നെ പറഞ്ഞു. പക്ഷേ കായിക വികസനം സാധ്യമാവാന്‍ പുതിയ പദ്ധതികളുടെ രൂപരേഖയുമായി എമര്‍ജിംഗ് കേരള പോലുള്ള വഴികളില്‍ വരുന്നവരെ വിവാദകുരുക്കിലേക്ക് നമ്മള്‍ തന്നെ എത്തിക്കുന്നു. കായിക സര്‍വകലാശാലയെന്ന് അറിയപ്പെട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് സമുച്ചയം തുടങ്ങാനുളള നീക്കത്തെ രാഷ്‌ട്രീയക്കാരുടെ ചര്‍ച്ച പോസ്‌റ്റ്‌മോര്‍ട്ടങ്ങള്‍ക്ക് വലിച്ചെറിഞ്ഞ് കൊടുത്തത് കലാശാലാ ഭരണസമിതിക്കാരില്‍ ഒരാളായിരുന്നു. പിന്നെ നടന്നത് മാധ്യമ-രാഷ്‌ട്രീയ വിചാരണയാണ്. അതോടെ എല്ലാം അവസാനിച്ചു. എമര്‍ജിംഗ് കേരളയിലുടെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിനും കോഴിക്കോട്ട് പുതിയ സ്‌റ്റേഡിയത്തിനുമെല്ലാം പുതിയ മുഖം വരാനുളള സാധ്യതകളെ പലരും കല്ലെറിഞ്ഞ് ഇല്ലാതാക്കുന്നു. ഇവര്‍ തന്നെ വികസനത്തെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്നു.
ആന്‍ഡി മുറെ എന്ന ബ്രിട്ടിഷുകാരന്‍ ഇന്നലെ യു.എസ് ഓപ്പണ്‍ ടെന്നിസില്‍ കിരീടം സ്വന്തമാക്കി. ഒരു മാസം മുമ്പ് വിംബിള്‍ഡണ്‍ മൈതാനത്ത് ഒളിംപിക്‌സ് ടെന്നിസിലെ ഫൈനലില്‍ മുറെ സ്വിസ് സൂപ്പര്‍താരം റോജര്‍ ഫെഡ്‌ററെ തോല്‍പ്പിച്ച മഹൂര്‍ത്തതിന് സാക്ഷിയായിരുന്നു. മല്‍സരശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസരിക്കവെ മുറെ പറഞ്ഞ ഒരു വാചകം ഇവിടെ കുറിക്കുന്നു-എന്റെ നാടും നാട്ടുകാരും നല്‍കുന്ന വലിയ പിന്തുണയാണ് ഈ നേട്ടത്തിന്റെ ഊര്‍ജ്ജം. ബ്രിട്ടീഷുകാരന്‍ കായികമായി ചിന്തിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയുള്ള തുടക്കത്തിലും രാഷ്‌ട്രീയാതിപ്രസരമില്ലാത്ത വഴിയിലും വിവാദങ്ങളെ വളരാനുള്ള വഴികളടച്ചും സഞ്ചരിക്കുമ്പോള്‍ നമ്മള്‍ കുറ്റങ്ങളും കുറവുകളെയും തപ്പിപിടിച്ച് പുകയിടുന്നു. കുതികാല്‍വെട്ടിലും പാര പണിയുന്നതിലും കബഡിയുടെ നാട്ടുകാരായ നമ്മള്‍ മുന്നേറുന്നത് ലജ്ജാകരമാണ്. വികസനം വരട്ടെ-അതിനെ തടയാതിരിക്കുക. കളിക്കളങ്ങളുണ്ടായാലാണ് കളിക്കാരുണ്ടാവുക. കളിക്കാരുണ്ടാവുമ്പോഴാണ് രാജ്യത്തെ നാലാളറിയുക. വലിയ മേളകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുമ്പോള്‍ ഇന്ത്യക്കാരെ പരിഹാസത്തോടെ നോക്കുന്ന വിദേശ മാധ്യമ പ്രവര്‍ത്തകരെ ഇവിടുത്തെ രാഷ്‌ട്രീയക്കാരും അസോസിയേഷന്‍കാരും കാണുന്നില്ല. പരിഹാസത്തേക്കാള്‍ വലിയ ശിക്ഷയില്ല എന്ന തിരിച്ചറിവിലാണ് ഈ കുറിപ്പ്......
No comments:
Post a Comment