Wednesday, December 31, 2008

HAPPY 2009

കടുവകള്‍ പുലികളായി.
മിര്‍പ്പൂര്‍: ഒരു മാസം മുമ്പ്‌ ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ നടന്ന ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ അല്‍പ്പം നേരത്തെ ഡിക്ലയര്‍ ചെയ്‌തത്‌ വഴി ഇന്ത്യക്ക്‌ വിജയം സമ്മാനിച്ചതിന്റെ വേദന ഇപ്പോഴും കെവിന്‍ പീറ്റേഴ്‌സന്റെ മനസ്സിലുണ്ടാവും. അന്ന്‌ പീറ്റേഴ്‌സണ്‍ അനുഭവിച്ച അതേ വേദനയുടെ അരികിലെത്തിയിരുന്നു ഇന്നലെ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധനെ. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ ആറ്‌ വിക്കറ്റിന്‌ 405 റണ്‍സ്‌ എന്ന നിലയില്‍ മഹേല ഡിക്ലയര്‍ ചെയ്‌തത്‌ അനായാസ വിജയം പ്രതീക്ഷിച്ചായിരുന്നു. പക്ഷേ മല്‍സരത്തിന്റെ അവസാന ദിവസത്തില്‍ വീരോചിതം പൊരുതിയ കടുവകള്‍ 107 റണ്‍സ്‌ അരികെ പിടഞ്ഞു വീണു.
നാലാം ഇന്നിംഗ്‌സുകള്‍ വിജയകരമായി ചേസ്‌ ചെയ്യുന്ന കാലമാണിതെന്ന്‌ തോന്നുന്ന തരത്തിലായിരുന്നു ബംഗ്ലാദേശിന്റെ ബാറ്റിംഗ്‌. ചെന്നൈയില്‍ ഇന്ത്യയും പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയും പ്രകടിപ്പിച്ച കരുത്ത്‌ പോലെ മുഹമ്മദ്‌ അഷറഫുലും സംഘവും പൊരുതി നിന്നു. അവസാനത്തില്‍ സെഞ്ച്വറിയുമായി അഷറഫുലും 96 റണ്‍സില്‍ ഷാക്കിബ്‌ ഹസ്സനും പുറത്തായപ്പോഴാണ്‌ മഹേല ശ്വാസം നേരെ വിട്ടത്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി 200 റണ്‍സിന്‌ പത്ത്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മുത്തയ്യ മുരളീധരന്‌ മഹേല നന്ദി പറയണം.
ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇതാദ്യമായാണ്‌ ബംഗ്ലാദേശ്‌ ഈ വിധം പൊരുതി നിന്നത്‌. കളിക്കുന്ന ടെസ്‌റ്റുകളെല്ലാം തോല്‍ക്കുന്നവരായാണ്‌ ഇത്‌ വരെ കടുവകളെ വിശേഷിപ്പിച്ചിട്ടുളളത്‌. പലരുടെയും കാരുണ്യത്തില്‍ ടെസ്‌റ്റ്‌ പദവി ലഭിച്ച ബംഗ്ലാദേശിന്‌ ഇത്‌ വരെ ആധികാരികമായ ഒരു ടെസ്റ്റ്‌ വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കുറവ്‌ മിര്‍പ്പൂരില്‍ നികത്തി രാജ്യത്തിന്‌ പുതുവര്‍ഷ സമ്മാനം അഷറഫുലും സംഘവും നല്‍കുമെന്ന ഘട്ടത്തിലാണ്‌ നിര്‍ണ്ണായകമായ രണ്ട്‌ വിക്കറ്റുകള്‍ നിലം പൊത്തിയത്‌.
നാലാം ദിവസത്തില്‍ ചെറുത്തുനില്‍പ്പ്‌ നടത്തിയ അഷറഫുല്‍ ഇന്നലെയും പക്വമായ ഇന്നിംഗ്‌സില്‍ പൊരുതി നിന്നു. 101 റണ്‍സാണ്‌ നായകന്‍ സ്വന്തമാക്കിയത്‌. ഷക്കീബുമായി ചേര്‍ന്നുളള അദ്ദേഹത്തിന്റെ കൂട്ടുകെട്ടില്‍ 111 റണ്‍സാണ്‌ പിറന്നത്‌.
അഷറഫുല്‍ പുറത്താവുമ്പോള്‍ ബംഗ്ലാദേശിന്‌ വിജയിക്കാന്‍ 118 റണ്‍സായിരുന്നു ആവശ്യം. ഷക്കീബ്‌ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്നതിനാല്‍ ടീമിന്‌ പ്രതീക്ഷയുമുണ്ടായിരുന്നു. അപകടം മനസ്സിലാക്കി മഹേല പന്ത്‌ ധാമിക പ്രസാദിന്‌ നല്‍കിയതാണ്‌ ശരിക്കും ബംഗ്ലാദേിന്‌ വിനയായത്‌. മുരളിയെ ബഹുമാനിച്ച്‌ കളിച്ച ബാറ്റ്‌സ്‌മാന്മാര്‍ ധാമികയെ കണ്ടപ്പോള്‍ അല്‍പ്പം ആലസ്യം പ്രകടിപ്പിച്ചു. ഇത്‌ കനത്ത ആഘാതമാവുകയും ചെയ്‌തു.
ആദ്യ ഇന്നിംഗ്‌സില്‍ മുരളിക്ക്‌ മുന്നില്‍ തകര്‍ന്ന കടുവകള്‍ 178 റണ്‍സാണ്‌ നേടിയിരുന്നത്‌. ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 293 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സ്‌ മഹേലയുടെ സെഞ്ച്വറിയില്‍ സന്ദര്‍ശകര്‍ 405 റണ്‍സിന്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇന്നലെ കളി ആരംഭിക്കുമ്പോള്‍ അഷറഫുല്‍ ഉള്‍പ്പെടെ മൂന്ന്‌ സ്‌പെഷ്യല്‍ ബാറ്റ്‌സ്‌മാന്മാര്‍ മാത്രമാണ്‌ കളിക്കാനുണ്ടായിരുന്നത്‌. മുന്‍നിരയിലെ അഞ്ച്‌ വിക്കറ്റുകള്‍ നാലാം ദിവസം തന്നെ നിലംപൊത്തിയിരുന്നു. ടീമിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റിയ അഷറഫുല്‍ പന്തിനെ ബഹുമാനിച്ച്‌, കാണികളുടെ പിന്തുണയില്‍ ഉറച്ചുനിന്നു. മഹേല പുതിയ പന്ത്‌ ചാമിന്ദ വാസിനും ധാമികക്കുമാണ്‌ നല്‍കിയത്‌. ഇവര്‍ക്ക്‌ പക്ഷേ കാര്യമായൊന്നും ചെയ്യാനായില്ല. വാസിന്റെ ഓവര്‍പിച്ച്‌ഡ്‌ ഡെലിവിറി അതിര്‍ത്തിയിലേക്ക്‌ പായിച്ചാണ്‌ അഷറഫുല്‍ സെഞ്ച്വറി തികച്ചത്‌. ദീര്‍ഘകാലമായി റണ്‍സ്‌ നേടാന്‍ വിഷമിക്കുകയായിരുന്ന നായകന്‍ സെഞ്ച്വറി ശരിക്കും ആഘോഷിച്ചു. പക്ഷേ അധികസമയം തുടരാന്‍ അദ്ദേഹത്തിനായില്ല. വാസിന്റെ പന്തില്‍ അഷറഫുല്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി.
തുടര്‍ന്ന്‌ ഷക്കീബിനൊപ്പം മുഷ്‌ഫിഖാണ്‌ എത്തിയത്‌. ഈ സഖ്യവും അപകടകരമായി കളിച്ചില്ല. മുരളീധരന്റെ പന്തുകള്‍ക്ക്‌ റിഥം ലഭിക്കാതെ വന്നപ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ ധൈര്യമായി. ബംഗ്ലാ സംഘം മനോഹരമായി ബാറ്റ്‌ ചെയ്യാന്‍ തുടങ്ങിയതോടെ മഹേലക്ക്‌ ഫീല്‍ഡിംഗ്‌ മാറ്റേണ്ടി വന്നു. പല പന്തുകളും അതിര്‍ത്തിയിലേക്ക്‌ പാഞ്ഞു. പന്തിന്റെ തിളക്കം പോയപ്പോള്‍ മഹേല വീണ്ടും ധാമിക്കയെ വിളിച്ചു. ആ നീക്കം ഫലം ചെയ്‌തു.

ഷറപ്പോവ തിരിച്ചുവരുന്നു
ലണ്ടന്‍: ടെന്നിസ്‌ സുന്ദരി മരിയ ഷറപ്പോവ സജീവമായി മല്‍സരക്കളത്തിലേക്ക്‌.... വലത്‌ ചുമലില്‍ നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ മാസങ്ങളോളമായി പുറത്ത്‌ നില്‍ക്കുന്ന പഴയ സൂപ്പര്‍ താരം പുതിയ സീസണിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ജനുവരി 19 ന്‌ മെല്‍ബണിലാണ്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്‌. സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുത്ത്‌ തന്റെ തിരിച്ചുവരവ്‌ ലോകത്തെ അറിയിക്കാനാണ്‌ 21 കാരിക്ക്‌ താല്‍പ്പര്യം.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലും യു.എസ്‌ ഓപ്പണിലും പരുക്ക്‌ കാരണം ഷറപ്പോവക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒളിംപിക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കുക എന്നതായിരുന്നു യുവതാരത്തിന്റെ സ്വപ്‌നം. പക്ഷേ ഇതിനിടെ പരുക്കേറ്റു. ശസ്‌ത്രക്രിയക്കും വിധേയയായി. സീസണിലെ അവസാന ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പായ യു.എസ്‌ ഓപ്പണിലും കളിക്കാനായില്ല.
അടുത്തയാഴ്‌ച്ച ഹോംഗ്‌കോംഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഷറപ്പോവ പിന്മാറിയിട്ടുണ്ട്‌. പക്ഷേ ഇതും ഓസ്‌ട്രേലിയന്‍ ഓപ്പണും തമ്മില്‍ ബന്ധമില്ലെന്നാണ്‌ നിലവിലെ ലോക സീഡിംഗില്‍ ഒമ്പതാം സ്ഥാന്തുളള താരം പറഞ്ഞത്‌.
പുതിയ സീസണിന്‌ തുടക്കമായി കരുതപ്പെടുന്ന ചാമ്പ്യന്‍ഷിപ്പാണ്‌ ഹോംഗ്‌കോംഗിലേത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിലും ഈ ചാമ്പ്യന്‍ഷിപ്പില്‍ ഷറപ്പോവ പങ്കെടുത്തിരുന്നു. ഇത്തവണ ഹോംഗ്‌കോംഗില്‍ കളിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെങ്കിലും കൈകളിലെ വേദന പൂര്‍ണ്ണമായും അകലാത്തത്‌ മൂലമാണ്‌ വിട്ടുനില്‍ക്കുന്നതെന്ന്‌ ഷറപ്പോവ പറഞ്ഞു.

വെല്‍ക്കം 2009
ലണ്ടന്‍: കായിക ലോകം പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുകയാണ്‌.... ഒളിംപിക്‌സ്‌, ലോകകപ്പ്‌ പോലുളള വലിയ മാമാങ്കങ്ങള്‍ 2009 ല്‍ ഇല്ല. 2008 ല്‍ ബെയ്‌ജിംഗ്‌ ഒളിംപിക്‌സും സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രിയയിലുമായി നടന്ന യൂറോ കപ്പും ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളുമാണ്‌ വാര്‍ത്തകളില്‍ നിറഞ്ഞത്‌. ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും നടത്തിയ കുതിപ്പും ഫുട്‌ബോളില്‍ സ്‌പെയിനിന്റെ വിസ്‌മയ പ്രകടനവും ടെന്നിസില്‍ റാഫേല്‍ നദാലിന്റെ ജൈത്രയാത്രയുമെല്ലാം നിറഞ്ഞ്‌ നിന്ന വര്‍ഷത്തിന്‌ ശേഷം പുതിയ വര്‍ഷത്തിലേക്ക്‌ കായിക ലോകം കാലെടുത്ത്‌ വെക്കുന്നത്‌ പുതിയ പ്രതീക്ഷകളുമായാണ്‌.
2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ മുന്നൊരുക്കങ്ങളായ യോഗ്യതാ മല്‍സരങ്ങളാണ്‌ പുതിയ വര്‍ഷത്തില്‍ നടക്കാന്‍ പോവുന്ന പ്രധാന മല്‍സരങ്ങള്‍. എല്ലാ വന്‍കരകളിലും യോഗ്യതാ റൗണ്ട്‌ മല്‍സരങ്ങള്‍ പുരോഗമിക്കുകയാണ്‌. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മാറ്റിനിര്‍ത്തിയാല്‍ ഇത്‌ വരെ ഒരു ടീമിനും ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില്‍ കളിക്കാനുളള ടിക്കറ്റായിട്ടില്ല.
യൂറോപ്പില്‍ യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടം പുരോഗമിക്കുകയാണ്‌. നിലവിലെ ലോക ജേതാക്കളായ ഇറ്റലി, റണ്ണേഴ്‌സ്‌ അപ്പ്‌ ഫ്രാന്‍സ്‌ എന്നിവരെല്ലാം തകര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പോര്‍ച്ചുഗലും ജര്‍മനിയും ഹോളണ്ടും മാത്രമാണ്‌ പ്രതീക്ഷ നിലനിര്‍ത്തുന്നത്‌. ഏഷ്യയില്‍ യോഗ്യതാ മല്‍സരങ്ങള്‍ അന്തിമ ഘട്ടത്തിലാണ്‌. എട്ട്‌ ടീമുകള്‍ രണ്ട്‌ ഗ്രൂപ്പിലായി മല്‍സരിക്കുന്നു. മാര്‍ച്ചോടെ ഏഷ്യന്‍ പ്രതിനിധികള്‍ ആരാണെന്ന്‌ വ്യക്തമാവും. ലാറ്റിനമേരിക്കയിലാണ്‌ വിചിത്ര മുന്നേറ്റം. പരാഗ്വേയാണ്‌ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുളളത്‌. ബ്രസീലും അര്‍ജന്റീനയും പിറകില്‍ നില്‍ക്കുന്നു. ആധികാരിക പ്രകടനം നടത്താന്‍ ആര്‍ക്കുമാവുന്നില്ല. അര്‍ജന്റീനയുടെ തോല്‍വികളില്‍ അവരുടെ കോച്ചിന്റെ കൂപ്പായം തെറിച്ചു. പുതിയ കോച്ച്‌ മറഡോണയാണ്‌. അദ്ദേഹം സ്‌ക്കോട്ട്‌ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ടീമിനെ രംഗത്തിറക്കി. കോണ്‍കാകാഫില്‍ അമേരിക്കയും മെക്‌സിക്കോയും മുന്നേറുന്നു. ഓഷ്യാനയില്‍ നിന്ന്‌ ഓസ്‌ട്രേലിയ പിന്മാറിയതിനാല്‍ ന്യൂസിലാന്‍ഡാണ്‌ മുന്നില്‍. ആഫ്രിക്കയില്‍ നിന്ന്‌ ഈജിപ്‌താണ്‌ മുന്നേറുന്നത്‌. ഐവറി കോസ്‌റ്റ്‌, നൈജീരിയ, കാമറൂണ്‍ എന്നിവര്‍ ഒപ്പമുണ്ട്‌.
ജൂണില്‍ ഫിഫ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്നുണ്ട്‌. സോക്കറില്‍ 2009 ല്‍ നടക്കുന്ന പ്രധാന ചാമ്പ്യന്‍ഷിപ്പും ഇതാണ്‌. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ കൂടാതെ വന്‍കരാ ചാമ്പ്യന്മാരാണ്‌ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്‌. ജൂണ്‍ 14ന്‌ ജോഹന്നാസ്‌ബര്‍ഗ്ഗില്‍ ദക്ഷിണാഫ്രിക്കയും ഇറാഖും തമ്മിലുളള മല്‍സരത്തോടെയാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഒഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡ്‌, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖ്‌, ആഫ്രിക്കന്‍ ജേതാക്കളായ ഈജിപ്‌ത്‌, ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീല്‍, കോണ്‍കാകാഫ്‌ ജേതാക്കളായ അമേരിക്ക,നിലവിലെ ലോക ജേതാക്കളായ ഇറ്റലി എന്നിവരാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മറ്റ്‌ ടീമുകള്‍.
ഫുട്‌ബോളില്‍ ക്ലബ്‌ ചാമ്പ്യന്‍ഷിപ്പുകളും ആവേശ ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ പ്രമുഖരായ ലിവര്‍പൂളും ചെല്‍സിയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും തമ്മില്‍ ശക്തമായ മല്‍സരങ്ങളാണ്‌ നടക്കുന്നത്‌. ലിവര്‍പൂളാണ്‌ നേരിയ വിത്യാസത്തില്‍ മുന്നിലെങ്കിലും ചെല്‍സി പിറകിലുണ്ട്‌. തുടക്കത്തിലെ നിരാശ അകറ്റി മാഞ്ചസ്‌റ്ററും ഒപ്പമെത്തുന്നുണ്ട്‌. ആഴ്‌സനല്‍ മാത്രമാണ്‌ ഏറെ പിറകില്‍. സ്‌പാനിഷ്‌ ലീഗില്‍ ബാഴസിലോണക്കാണ്‌ ലീഡ്‌. സ്ഥിരതയാര്‍ന്ന പ്രകനങ്ങളാണ്‌ അവര്‍ നടത്തുന്നത്‌. ലയണല്‍ മെസ്സിയും സാമുവല്‍ ഇറ്റോയുമെല്ലാം അവസരത്തിനൊത്തുയരുന്നു. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിന്‌ ഫോം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ടേബിളില്‍ വലന്‍സിയക്കും പിറകിലാണവര്‍. ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനാണ്‌ മുന്നില്‍. യുവന്തസ്‌, ഏ.എസ്‌ റോമ, ഏ.സി മിലാന്‍ എന്നിവര്‍ പിറകെയുണ്ട്‌. ഫ്രഞ്ച്‌ ലീഗില്‍ ലിയോണും ജര്‍മന്‍ ലീഗില്‍ ഹോഫന്‍ഹൈമും ആധിപത്യം തുടരുന്നു.
യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തിലെത്തിയിട്ടുണ്ട്‌. ഫെബ്രുവരി മുതലാണ്‌ നോക്കൗട്ട്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നിന്നും സപാനിഷ്‌ ലീഗില്‍ നിന്നും നാല്‌ ടീമുകള്‍ വീതം നോക്കൗട്ട്‌ ഘട്ടത്തിലുണ്ട്‌.
ക്രിക്കറ്റില്‍ 2009 ന്റെ തുടക്കത്തില്‍ തന്നെ ക്ലാസിക്‌ മല്‍സരമാണ്‌ നടക്കുന്നത്‌. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്‌നിയില്‍ ജനുവരി മൂന്നിന്‌ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ്‌ ഐ.സി.സി ലോക റാങ്കിംഗിലെ പുതിയ ഒന്നാമന്മാരെ നിശ്ചയിക്കും. മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയാണ്‌ ജേതാക്കളെങ്കില്‍ അവരായിരിക്കും ഒന്നാമന്മാര്‍. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ഗ്രയീം സ്‌മിത്തിന്റെ സംഘം തകര്‍പ്പന്‍ ഫോമിലാണ്‌. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ മറിച്ചിട്ട ഇന്ത്യക്ക്‌ ഇനി ന്യൂസിലാന്‍ഡ്‌ പര്യടനമാണുളളത്‌. പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം സുരക്ഷാ കാരണങ്ങളാല്‍ മാറിയിരിക്കയാണ്‌. ജനുവരിയിലെ ക്രിക്കറ്റ്‌ കലണ്ടറില്‍ ബംഗ്ലാദേശ്‌-ശ്രീലങ്ക ടെസ്‌റ്റ്‌്‌ പരമ്പരയും വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുളള ഏകദിന പരമ്പരയുമുണ്ട്‌. ഏകദിന പരമ്പരയില്‍ സിംബാബ്‌വെയും മാറ്റുരക്കുന്നുണ്ട്‌.
ടെന്നിസില്‍ ഈ മസം 19ന്‌ സീസണിലെ ആദ്യ ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷിപ്പായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മെല്‍ബണില്‍ ആരംഭിക്കുന്നു. റാഫേല്‍ നദാലും റോജര്‍ ഫെഡ്‌ററും സറീന വില്ല്യംസുമെല്ലാം കളിക്കുന്നുണ്ട്‌. ഖത്തര്‍ ഓപ്പണ്‍, ചെന്നൈ ഓപ്പണ്‍ മല്‍സരങ്ങളും ജനുവരിയില്‍ തന്നെയാണ്‌.
ബാഡ്‌മിന്റണില്‍ മലേഷ്യന്‍ ഓപ്പണും കൊറിയന്‍ ഓപ്പണും ജനുവരിയിലുണ്ട്‌. ഇന്ത്യന്‍ കലണ്ടറില്‍ ഐ ലീഗ്‌ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ജനുവരിയില്‍ പുനരാരംഭിക്കുന്നുണ്ട്‌. ഫെഡറേഷന്‍ കപ്പ്‌ മല്‍സരങ്ങള്‍ കാരണം ഐ ലീഗ്‌ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയായിരുന്നു. ക്രിക്കറ്റ്‌ ടീമിന്‌ ജനുവരിയിലും ഫെബ്രുവരിയിലും മല്‍സരങ്ങളില്ല. ലിയാന്‍ഡര്‍ പെയ്‌സും സാനിയ മിര്‍സയുമെല്ലാം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടക്കുന്നുണ്ട്‌.

മലപ്പുറം ജേതാക്കള്‍
കൊച്ചി: സംസ്ഥാന അണ്ടര്‍ 13 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന്‌ കിരീടം. മഹാരാജാസ്‌ കോളജ്‌ മൈതാനത്ത്‌ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മലപ്പുറം ആതിഥേയരായ എറണാകുളത്തെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി. അനു സര്‍വാന്‍, മുഹമ്മദ്‌ ആസിഫ്‌ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ കെ.എം.ഐ മേത്തര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ.ബാബു എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. സ്‌പോര്‍ട്‌സ്‌ എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ്‌ (സെപ്‌റ്റ്‌) തെരട്ടമല്‍്‌ ശാഖയിലെ അഞ്ച്‌ താരങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു മലപ്പൂറം. സെപ്‌റ്റിന്റെ ആദ്യ വിദേശ പര്യടനത്തില്‍ ടീമിനെ നയിച്ച ഹന്നാന്‍ ജാവേദ്‌, ആനിസ്‌, ആസില്‍ എന്നിവരെ കൂടാതെ റിസ്‌വാന്‍, ഷിഹാഫ്‌ എന്നിവരും ടീമിലുണ്ടായിരുന്നു. നിഷാദാണ്‌ ടീമിന്റെ കോച്ച്‌. മാനേജര്‍ അബ്ബാസ്‌.

ആദ്യ ഏകദിനത്തില്‍ മഴ വില്ലന്‍
ക്യൂന്‍സ്‌ടൗണ്‍: വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുളള ആദ്യ ഏകദിന മല്‍സരം മഴ കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ അഞ്ച്‌ വിക്കറ്റിന്‌ 129 റണ്‍സ്‌ എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ്‌ മഴ എത്തിയത്‌. മല്‍സരം 35.4 ഓവര്‍ പിന്നിട്ടപ്പോള്‍ തുടങ്ങിയ മഴ ഒരു മണിക്കൂറോളം ദീര്‍ഘിച്ചു. സേവ്യര്‍ മാര്‍ഷല്‍ 29 റണ്‍സുമായും ധനേഷ്‌ രാംദിന്‍ രണ്ട്‌ റണ്ണുമായി കളിക്കുകയായിരുന്നു അപ്പോള്‍. രണ്ട്‌ വിക്കറ്റിന്‌ 102 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ വിന്‍ഡീസിന്‌ പെട്ടെന്ന്‌ മൂന്ന്‌ വിക്കറ്റ്‌ ലഭിച്ചത്‌. ഫോമില്‍ കളിക്കുകയായിരുന്ന രാം നരേഷ്‌ സര്‍വന്റെ വിക്കറ്റ്‌ നേടി കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയാണ്‌ തകര്‍ച്ചക്ക്‌ തുടക്കമിട്ടത്‌. കിവീസിന്‌ വേണ്ടി സൗത്തി രണ്ട്‌ വിക്കറ്റ്‌ നേടി.

Tuesday, December 30, 2008

BADA SA

ഹുവാ ദക്ഷിണാഫ്രിക്ക
മെല്‍ബണ്‍: 1992-93 സീസണില്‍ ബ്രയന്‍ ലാറയും കോട്‌നി വാല്‍ഷും കര്‍ട്‌ലി അംബ്രോസും റിച്ചി റിച്ചാര്‍ഡ്‌സണുമെല്ലാമടങ്ങുന്ന കരീബിയന്‍ സംഘത്തിന്‌ മുന്നില്‍ ഓസ്‌ട്രേലിയക്കാര്‍ വിറച്ചു നിന്ന കാഴ്‌ച്ച ലോകം മറന്നിട്ടില്ല. പതിനാറ്‌ വര്‍ഷം മുമ്പായിരുന്നു അത്‌. പെര്‍ത്തിലും മെല്‍ബണിലും സിഡ്‌നിയിലുമെല്ലാം കരീബിയന്‍ കാറ്റ്‌ ആഞ്ഞടിച്ചു. അവസാനമായി ഓസ്‌ട്രേലിയക്കാര്‍ സ്വന്തം മണ്ണില്‍ തോറ്റ പരമ്പരയായിരുന്നു അത്‌.
ആ തോല്‍വിക്ക്‌ ശേഷം മാര്‍ക്‌ ടെയ്‌ലറുടെയും സ്‌റ്റീവ്‌ വോയുടെയും റിക്കി പോണ്ടിംഗിന്റെയും ചുമലിലായിരുന്നു കങ്കാരുകള്‍. ഒന്നിന്‌ പിറകെ ഒന്നായി ജയങ്ങള്‍. ആരെയും തോല്‍പ്പിക്കാനുളള ചങ്കുറപ്പ്‌. ആരെയും വെറുടെ വീടാത്ത ക്രൗര്യം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ വളര്‍ന്നു വളര്‍ന്ന്‌ ലോകത്തോളമെത്തി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ റാങ്കിംഗ്‌ പ്രഖ്യാപിച്ചത്‌ മുതല്‍ സമസ്‌ത മേഖലയിലും ഓസ്‌ട്രേലിയക്കാര്‍. നീണ്ട ഒന്നര പതിറ്റാണ്ടായി ഓസീസുകാര്‍ മാത്രമായിരുന്നു ക്രിക്കറ്റ്‌ നഭസ്സില്‍...
ആ ഏകാധിപത്യത്തിന്‌ അവസാനമാവുകയാണ്‌..... പെര്‍ത്തിന്‌ പിറകെ മെല്‍ബണിലും ദക്ഷിണാഫ്രിക്ക വെന്നികൊടി പാറിച്ചതോടെ ലോക റാങ്കിംഗിലെ സമവാക്യങ്ങളില്‍ മാറ്റം വരുകയാണ്‌. ഒമ്പത്‌ വിക്കറ്റിന്റെ അവീസ്‌മരണീയ വിജയം എം.സി.ജിയില്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരിക്കുന്നു. അടുത്ത ടെസ്റ്റിലും വിജയം വരിച്ചാല്‍ ഐ.സി.സി ലോക റാങ്കിംഗില്‍ ഗ്രയീം സ്‌മിത്തിന്റെ സംഘമായിരിക്കും ഒന്നാം സ്ഥാനക്കാര്‍.
സ്വന്തം ടീമിന്റെ ദയനീയ പതനം നേരില്‍ കാണാന്‍ കഴിയാത്ത ഓസ്‌ട്രേലിയക്കാര്‍ ഇന്നലെ എം.സി.ജി യിലേക്ക്‌ വന്നതേയില്ല. അവസാന ദിവസം പോരാട്ടം കാണാന്‍ കേവലം 500 പേര്‍ മാത്രമാണ്‌ ഒരു ലക്ഷത്തോളം പേര്‍ക്ക്‌ ഇരിപ്പിടമുളള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനത്തുണ്ടായിരുന്നത.്‌ ഇവരില്‍ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്കക്കാരായിരുന്നു. ഇവര്‍ ശരിക്കുമാഘോഷിച്ചു ചരിത്ര വിജയം. പതിനാറ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ ഒരു പരമ്പര തോല്‍ക്കുന്നതെങ്കില്‍ ആദ്യമായാണ്‌ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഒരു പരമ്പര നേടുന്നത്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി പത്ത്‌ വിക്കറ്റ്‌ നേട്ടം കൊയ്‌ത സീമര്‍ ഡാലെ സ്‌റ്റിനാണ്‌ കളിയിലെ കേമന്‍. പക്ഷേ സ്‌മിത്ത്‌ മാര്‍ക്കിട്ടത്‌ ഒന്നാം ഇന്നിംഗ്‌സില്‍ ടീം തകരുമ്പോള്‍ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കിയ കന്നിക്കാരന്‍ ജെ.പി ഡുമിനിക്കാണ്‌.
ഇന്നലെ വിജയവും ദക്ഷിണാഫ്രിക്കയും തമ്മിലുളള അകലം വളരെ കുറവായിരുന്നു. സമ്മര്‍ദ്ദം ചെലുത്തി വിജയിക്കുമെന്ന്‌ റിക്കി പോണ്ടിംഗ്‌ തലേ ദിവസം വീമ്പടിച്ചെങ്കിലും അതിനുളള അവസരം പോലും സ്‌മിത്ത്‌്‌ നല്‍കിയില്ല. പത്ത്‌ തവണ പന്തിനെ അതിര്‍ത്തി കടത്തി രാജകീയമായി സ്‌മിത്ത്‌ 75 റണ്‍സ്‌ നേടി പുറത്തായപ്പോള്‍ പോലും ഓസ്‌ട്രേലിയക്കാര്‍ക്ക്‌ സന്തോഷിക്കാനായില്ല. നീല്‍ മക്കന്‍സിയും (59), ഹാഷിം അംലയും (30)നടപടി ക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി.
183 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ കളിക്കാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങിയത്‌ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 30 റണ്‍സ്‌ എന്ന നിലയിലായിരുന്നു. 42 ഓവറുകള്‍ മാത്രമാണ്‌ അവര്‍ക്ക്‌ ലക്ഷ്യത്തിലേക്ക്‌ വേണ്ടി വന്നത്‌. ലഞ്ചിന്‌ ശേഷം ചെറിയ മഴ പെയ്‌തെങ്കിലും ലോക ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കന്‍ ആരോഹണം കാണാന്‍ കാലാവസ്ഥയും ആഗ്രഹിച്ചത്‌ പോലെ തോന്നി. ജനുവരി മൂന്നിനാണ്‌ സിഡ്‌നിയില്‍ അവസാന ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. ഇതിലും ജയിച്ചാല്‍ ലോക ക്രിക്കറ്റിലെ വലിയ ചരിത്രം പുതിയ വര്‍ഷത്തില്‍ പിറക്കും.
2003 ല്‍ കേവലം 22 വയസ്സുളളപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കപ്പിത്താനായി, ലോക ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന സ്ഥാനം സ്വന്തമാക്കിയ സ്‌മിത്തിലെ പോരാളിയുടെ തന്ത്രങ്ങള്‍ക്ക്‌ മുന്നില്‍ പോണ്ടിംഗിന്‌ ആയുധങ്ങളില്ലായിരുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ തന്റെ പതിനാലാമത്‌ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി ഓസീ സ്‌പിന്നര്‍ ഹൗറിറ്റ്‌സിന്റെ വേഗതയുളള ഒരു പന്തിന്‌ മുന്നില്‍ തലകുനിച്ച സ്‌മിത്ത്‌ മക്കന്‍സിക്കും അംലക്കും കൂടുതല്‍ ജോലി ഭാരം നല്‍കിയിരുന്നില്ല. പരമ്പരയുടെ തുടക്കത്തില്‍ റണ്‍സിനായി വിഷമിച്ച മക്കന്‍സി ഇന്നലെയും ഭാഗ്യവാനായിരുന്നു. നാലാം ദിവസം അക്കൗണ്ട്‌്‌ തുറക്കും മുമ്പ്‌ ബ്രെട്ട്‌ ലീയുടെ നോബോളില്‍ സ്‌റ്റംമ്പ്‌ തെറിച്ച ഓപ്പണര്‍ അവസാന ദിവസത്തില്‍ മൂന്ന്‌ തവണ ശക്തമായ എല്‍.ബി അപ്പീലില്‍ നിന്നും രക്ഷപ്പെട്ടു.
അംല സ്വതസിദ്ധമായ ഗെയിമാണ്‌ കളിച്ചത്‌. ആക്രമണത്തിന്‌ മുതിരാതെ ഗ്യാപ്പുകളിലേക്ക്‌ പന്ത്‌ തട്ടിയിട്ടുളള കളിയില്‍ തന്നെയായിരുന്നു വിജയ റണ്‍സും പിറന്നത്‌. ഹൗറിറ്റ്‌സിന്റെ പന്തില്‍ നേടിയ ഡബിളില്‍ മല്‍സരം പൂര്‍ത്തിയാവുമ്പോള്‍ മൈതാനത്തും ഗ്യാലറിയിലും ആഘോഷമായിരുന്നു. സ്‌മിത്തും സംഘവും മൈതാനത്തിറങ്ങി ആഘോമാരംഭിച്ചപ്പോള്‍ തലകുനിച്ച്‌ മടങ്ങാനായിരുന്നു ഓസീസ്‌ വിധി. മെല്‍ബണില്‍ ഇങ്ങനെയൊരു കാഴ്‌ച്ച അധികമാര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടല്ല. ഓസ്‌ട്രേലിയയുടെ ഒരു താരം പോലും മൈതാനത്തുണ്ടായിരുന്നില്ല. സമ്പൂര്‍ണ്ണ ആഫ്രിക്കന്‍ മയത്തില്‍ ലോക ക്രിക്കറ്റിലെ ഓസീസ്‌ പ്രതാപത്തിന്‌ അസ്‌തനമാവുകയാണ്‌.

ക്യാപ്‌റ്റന്‍ നമ്പര്‍ വണ്‍
മെല്‍ബണ്‍: 2003 ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ആതിഥേയ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ കാഴ്‌ച്ച വേദനാജനകമായിരുന്നു. ലോക ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്മാരെന്ന്‌ പലവട്ടം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ടീം പ്രതികൂല കാലാവസ്ഥയില്‍ വെട്ടിച്ചുരുക്കപ്പെട്ട മല്‍സരത്തിന്‌ ഇരയാവുകയായിരുന്നു. ക്യാപ്‌റ്റനായിരുന്ന ഷോണ്‍ പൊള്ളോക്ക്‌ ഡ്രസ്സിംഗ്‌ റൂമിലിരുന്ന്‌ കണ്ണീര്‍ വാര്‍ത്ത ദൃശ്യം ലോകത്തിന്‌ മറക്കാന്‍ കഴിയില്ല.
ആ ദുരന്തത്തിന്‌ ശേഷം ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശക്തമായ തീരുമാനമെടുത്തു. നായക സ്ഥാനത്തേക്ക്‌ പോളിക്ക്‌ പകരം കേവലം 22 വയസ്സ്‌ മാത്രം പ്രായമുളള ഗ്രയീം സ്‌മിത്തിനെ അവരോധിച്ചു. പലരും ഞെട്ടി. പലരും നെറ്റി ചുളിച്ചു. ലോക ക്രിക്കറ്റിനെ അറിയാത്ത പയ്യന്‍സിന്‌ ദേശീയ ടീമിന്റെ കപ്പിത്താന്‍ കുപ്പായമോ..?
പക്ഷേ സ്‌മിത്തിലെ നായകന്‍ ഒരിക്കലും വിമര്‍ശകര്‍ക്ക്‌ മുന്നില്‍ തളര്‍ന്നില്ല. അനുഭവസമ്പത്തിന്റെ ചൂളയിലേക്ക്‌ പതുക്കെ എത്തിയ സ്‌മിത്താണ്‌ ഇന്ന്‌ ലോക ക്രിക്കറ്റിലെ യഥാര്‍ത്ഥ തന്ത്രശാലി. സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനും, താരങ്ങളുടെ കരുത്തിനെ ചൂഷണം ചെയ്യാനും മഹേന്ദ്രസിംഗ്‌ ധോണിയെ പോലെ പക്വത കാട്ടുന്ന സ്‌മിത്തിന്റെ മികവിലാണ്‌ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്‌.
മെല്‍ബണിലെ വിജയത്തിന്‌്‌ ശേഷം അദ്ദേഹം മാര്‍ക്ക്‌ മുഴുവന്‍ ടീമിന്‌ നല്‍കി. എല്ലാം കൂട്ടായ പ്രയത്‌നമായിരുന്നു. എല്ലാവരും സ്വന്തം റോളുകള്‍ ഭംഗിയാക്കി. അവിടെയാണ്‌ ടീം കുതിച്ചത്‌. ജെ.പി ഡുമിനി എന്ന പുതിയ താരത്തിന്റെ മികവ്‌ അപാരമായിരുന്നു. ടീം തളര്‍ന്നു നില്‍ക്കുമ്പോഴാണ്‌ ഒന്നാം ഇന്നിംഗ്‌സില്‍ മനോഹരമായ ഇന്നിംഗ്‌സ്‌ ഡുമിനി കാഴ്‌ച്ചവെച്ചത്‌. എട്ട്‌, ഒമ്പത്‌, പത്ത്‌ നമ്പരുകളില്‍ ദക്ഷിണാഫ്രിക്കക്ക്‌ ശക്‌തമായ പ്രകടനം കാഴ്‌ച്ചവെക്കാന്‍ കഴിയുമെന്ന്‌ ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരന്നു. അതാണ്‌ വാസ്‌തവമായത്‌. ഓസ്‌ട്രേലിയയെ പോലെ ശക്തരായ ടീമിനെ അവരുടെ തട്ടകത്ത്‌ തോല്‍പ്പിക്കുക എളുപ്പമുളള ജോലിയല്ല. പുതിയ വര്‍ഷത്തില്‍ തീര്‍ച്ചയായും ടീമിന്‌ ആഹ്ലാദിക്കാം. ഓസ്‌ട്രേലിയക്കെതിരായ മൂന്ന്‌ മല്‍സര പരമ്പരയില്‍ 2-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കാനാവുമെന്ന്‌ കരുതിയിരുന്നില്ലെന്നും സ്‌മിത്ത്‌ പറഞ്ഞു.
ലോക ക്രിക്കറ്റില്‍ ഇനി ദക്ഷിണാഫ്രിക്കന്‍ കാലമാണ്‌ സംജാതമാവാന്‍ പോവുന്നതെന്ന്‌ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ താരങ്ങളായ ഞങ്ങളില്‍ പലര്‍ക്കും ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തോല്‍പ്പിക്കുക എന്നത്‌ വലിയ ആഗ്രഹമായിരുന്നു. അതാണ്‌ സത്യമായതെന്ന്‌ ജാക്‌ കാലിസ്‌ പറഞ്ഞു.
സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 394. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ 459. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-ഡുമിനി-ബി-സ്‌റ്റെന്‍-23, കാറ്റിച്ച്‌-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-15, പോണ്ടിംഗ്‌-സി-സ്‌മിത്ത്‌-ബി-മോര്‍ക്കല്‍-99, ഹസ്സി-സി-അംല-ബി-മോര്‍ക്കല്‍-2, ക്ലാര്‍ക്ക്‌-സി-മക്കന്‍സി-ബി-സ്‌റ്റെന്‍-29, സൈമണ്ട്‌സ്‌-സി-കാലിസ്‌-ബി-സ്‌റ്റെന്‍-0, ഹാദ്ദിന്‍-സി-കാലിസ്‌-ബി-എന്‍ടിനി-10, ലീ-ബി-കാലിസ്‌-8, മിച്ചല്‍-നോട്ടൗട്ട്‌-43, ഹൗറിറ്റ്‌സ്‌-ബി-കാലിസ്‌-3, സിഡില്‍-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-6, എക്‌സ്‌ട്രാസ്‌-, ആകെ 84.2 ഓവറില്‍ 247. വിക്കറ്റ്‌ പതനം: 1-37 (ഹെയ്‌ഡന്‍), 2-40 (കാറ്റിച്ച്‌), 3-49 (ഹസി), 4-145 (ക്ലാര്‍ക്ക്‌), 5-145 (സൈമണ്ട്‌സ്‌), 6-165 (ഹാദ്ദിന്‍), 7-180 (ലീ), 8-212 (പോണ്ടിംഗ്‌), 9-231 (ഹൗറിറ്റ്‌സ്‌), 10-247 (സിഡില്‍). ബൗളിംഗ്‌: സ്‌റ്റെന്‍ 20.2-3-67-5, എന്‍ടിനി 14-1-26-1, മോര്‍ക്കല്‍ 15-2-46-2, ഹാരീസ്‌ 21-1-47-0, കാലിസ്‌ 14-1-57-2.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌: സ്‌മിത്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഹൗറിറ്റ്‌്‌സ്‌-75,, മക്കന്‍സി-നോട്ടൗട്ട്‌-59. അംല-നോട്ടൗട്ട്‌-30, എക്‌സ്‌ട്രാസ്‌-19. ആകെ 48 ഓവറില്‍ ഒരു വിക്കറ്റിന്‌ 183 റണ്‍സ്‌. വിക്കറ്റ്‌ പതനം: 1-121 (സ്‌മിത്ത്‌). ബൗളിംഗ്‌: ലീ 10-0-49-0, സിഡില്‍ 14-5-34-0, മിച്ചല്‍ 11-1-36-0, ഹൗറിറ്റ്‌സ്‌ 10-0-41-1, ക്ലാര്‍ക്ക്‌ 3-0-14-0.

കാലം സാക്ഷി
മെല്‍ബണ്‍: ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഷെയിന്‍ വോണ്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌, ജസ്‌റ്റിന്‍ ലാംഗര്‍, ഡാമിയന്‍ മാര്‍ട്ടിന്‍, ജെയ്‌സണ്‍ ഗില്ലസ്‌പി......... ഈ നാമങ്ങള്‍ കാലത്തിന്റെ സാക്ഷികളാണ്‌. ലോക ക്രിക്കറ്റിലെ ഓസീസ്‌ അശ്വമേഥത്തിന്‌ ചൂക്കാന്‍ പിടിച്ചിരുന്ന ഇവരെല്ലാം ഒറ്റയടിക്ക്‌ വിരമിച്ചപ്പോള്‍ വല്ലാത്ത പ്രതിസന്ധിക്ക്‌ മുന്നിലായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌. ആ പ്രതിസന്ധി മുഖത്ത്‌ തളര്‍ന്നിരിക്കയാണ്‌ ഇപ്പോഴും അവര്‍. മക്‌ഗ്രാത്തിന്‌ പകരക്കാരനില്ല. വോണിന്റെ മാജിക്കിന്‌ അരികിലെത്താന്‍ ആരുമില്ല. ഗില്‍ക്രൈസ്‌റ്റിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സ്‌ ഓസീസ്‌ വീരഗാഥകളിലെ പതിവ്‌ അദ്ധ്യായമായിരുന്നു. ജസ്റ്റിന്‍ ലാംഗറും ഡാമിയന്‍ മാര്‍ട്ടിനുമെല്ലാം പക്വമതികളായിരുന്നു. ഇവര്‍ക്കും പകരകാരില്ല.
മക്‌ഗ്രാത്തിന്‌ പകരം വന്ന മിച്ചല്‍ ജോണ്‍സണ്‍ സ്ഥിരതയുടെ നാലയലത്ത്‌ വരുന്നില്ല. വോണിന്റെ തൊപ്പി നേടാന്‍ രംഗത്തുളള ക്രെസ്‌ജയും ഹൗറിറ്റ്‌സ്‌ുമെല്ലാം ബാറ്റ്‌സ്‌മാന്മാരുടെ പ്രഹരത്തില്‍ ഇല്ലാതാവുന്നു.
ജസ്റ്റിന്‍ ലാംഗര്‍ക്കൊപ്പം തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുളള മാത്യൂ ഹെയ്‌ഡന്‍ പഴയ കരുത്തിന്റെ നിഴലാണ്‌. ലാംഗറുടെ പകരക്കാരനായി വന്ന സൈമണ്‍ കാറ്റിച്ചിനും ഗില്ലിക്ക്‌ പകരം വന്ന ബ്രാഡ്‌ ഹാദ്ദിനും മാര്‍ട്ടിന്റെ പകരക്കാരനായ മൈക്കല്‍ ഹസ്സിക്കും ടീമിനെ രക്ഷിക്കാന്‍ കഴിയുന്നില്ല.
പഴയ ആധിപത്യം തിരിച്ചുപിടിക്കാന്‍ തന്റെ യുവതാരങ്ങള്‍ക്ക്‌ സമയം നല്‍കണമെന്നാണ്‌ മെല്‍ബണ്‍ പരാജയത്തിന്‌ ശേഷം പോണ്ടിംഗ്‌ പറഞ്ഞത്‌. മഹാന്മാരായ താരങ്ങളുടെ വിരമിക്കലിന്‌ ശേഷമെത്തിയ യുവതാരങ്ങള്‍ക്ക്‌ പെട്ടെന്ന്‌ നിലയുറപ്പിക്കാന്‍ കഴിയില്ല. അവര്‍ക്ക്‌ സമയം നല്‍കണം. ദീര്‍ഘകാലം ലോക ക്രിക്കറ്റിനെ ഭരിച്ചവരാണ്‌ ഓസ്‌ട്രേലിയ. ആ പ്രഭാവം നിലനിര്‍ത്താന്‍ ഈ ടീമിന്‌ കഴിയും. പീറ്റര്‍ സിഡിലും ഹൗറിറ്റ്‌സും മെല്‍ബണില്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക്‌ അനുഭവസമ്പത്ത്‌ ഉപയോഗപ്പെടുത്താനായാല്‍ തീര്‍ച്ചയായും ടീമിന്‌ ഒന്നാം സ്ഥാനം നിലനിര്‍ത്താനാവുമെന്നും പോണ്ടിംഗ്‌ പറഞ്ഞു.
പരമ്പര നഷ്ടം തീര്‍ച്ചയായും നിരാശാജനകമാണ്‌. രണ്ട്‌ ടെസ്റ്റിലും ശക്തമായ നിലയില്‍ നിന്നാണ്‌ ടീം തകര്‍ന്നത്‌. അതിലാണ്‌ വേദന. മുമ്പ്‌ പല ടീമുകള്‍ക്കും സംഭവിച്ചതാണ്‌ ഇപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹെയ്‌ഡന്‌ ആയുസ്സ്‌
മെല്‍ബണ്‍: റണ്‍സിനായി തപ്പിതടയുന്ന ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‌ ദക്ഷിണാഫ്രക്കക്കെതിരെ സിഡ്‌നിയില്‍ ജനുവരി മൂന്നിന്‌ ആരംഭിക്കുന്ന അവസാന ടെസ്റ്റിലും അവസരം. പരുക്ക്‌ കാരണം ബ്രെട്ട്‌ ലീ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ എന്നിവരെ മാറ്റിനിര്‍ത്തിയപ്പോള്‍ വിക്ടോറിയയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്‌, ഫാസ്റ്റ്‌ ബൗളര്‍മാരായ ബെന്‍ ഹില്‍ഫന്‍ഹസ്‌, ഡഗ്‌ ബൊളിഗ്നര്‍ എന്നിവര്‍ക്ക്‌ അവസരം നല്‍കിയിട്ടുണ്ട്‌. 37 കാരനായ ഹെയ്‌ഡനെ തഴയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ സമിതി വെറ്ററന്‍ ഓപ്പണറില്‍ വിശ്വാസം രേഖപ്പെടുത്തിയത്‌. 2009 ലും ഹെയ്‌ഡന്‍ ഓസീസ്‌ ടീമിന്റെ പദ്ധതികളിലുണ്ടെന്ന്‌ സെലക്ഷന്‍ സമിതി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ച്‌ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

മാഞ്ചസ്റ്റര്‍ മുന്നോട്ട്‌്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മുമ്പന്മാരായ ലിവര്‍പൂളിനും ചെല്‍സിക്കും തലവേദന സൃഷ്ടിച്ച്‌ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ മുന്നേറുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ പൊരുതിക്കളിച്ച മിഡില്‍സ്‌ബോറെയെ ബള്‍ഗേറിയന്‍ മുന്‍നിരക്കാരന്‍ ഡിമിതര്‍ ബെര്‍ബറ്റോവിന്റെ ഗോളില്‍ റെഡ്‌സ്‌ പരാജയപ്പെടുത്തി. അറുപത്തിയാറാം മിനുട്ടില്‍ പോള്‍ ഷോള്‍സിന്റെ പാസില്‍ നിന്നായിരുന്നു ബെര്‍ബത്തോവിന്റെ തകര്‍പ്പന്‍ ഗോള്‍. ഈ വിജയത്തോടെ മാഞ്ചസ്‌റ്റര്‍ ഒന്നാം സ്ഥാനത്തുളള ലവിര്‍പൂളുമായുള്ള അകലം ഏഴ്‌ പോയന്റായി കുറച്ചു. ലിവര്‍പൂള്‍, ചെല്‍സി എന്നിവരെക്കാള്‍ രണ്ട്‌ മല്‍സരം കുറവാണ്‌ മാഞ്ചസ്റ്റര്‍ കളിച്ചതും. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിനാല്‍ കഴിഞ്ഞ രണ്ടാഴ്‌ച്ച പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ മാഞ്ചസ്റ്ററിന്‌ കഴിഞ്ഞിരുന്നില്ല.

ആയുസ്‌ നീട്ടി അഷറഫുല്‍
മിര്‍പ്പൂര്‍: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിനും ബംഗ്ലാദേശിനും നടുവില്‍ ഇനി അഞ്ച്‌ വിക്കറ്റും 267 റണ്‍സും. ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുലിന്റെ പക്വമായ ഇന്നിംഗ്‌സില്‍ ഇന്നലെ അവസാന സെഷനില്‍ കരുത്ത്‌ കാട്ടാന്‍ ബംഗ്ലാദേശിനായി. 70 റണ്‍സുമായി നായകന്‍ പുറത്തായതിനാല്‍ മല്‍സരത്തിന്റെ അവസാന ദിനത്തില്‍ കടുവകള്‍ക്ക്‌ കാര്യമായ പ്രതീക്ഷയില്ല. മുത്തയ്യ മുരളീധരന്റെ സ്‌പിന്നിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക വാലറ്റത്തിന്‌ എളുപ്പമല്ല. ആദ്യ ഇന്നിംഗ്‌സില്‍ 293 റണ്‍സ്‌ നേടിയ ലങ്ക രണ്ടാം ഇന്നിംഗ്‌സ്‌ 6 വിക്കറ്റിന്‌ 405 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. 166 റണ്‍സ്‌ നേടി മഹേല ജയവര്‍ദ്ധനയാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കക്ക്‌ കരുത്തേകിയത്‌. വിജയിക്കാന്‍ 521 റണ്‍സ്‌ ആവശ്യമായ ബംഗ്ലാദേശിന്‌ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും പതിവ്‌ ആലസ്യം പ്രകടിപ്പിക്കാതെ അച്ചടക്കമുളള ഇന്നിംഗ്‌സാണ്‌ അഷറഫുല്‍ കാഴ്‌ച്ചവെച്ചത്‌.

ഡയറി
2008 എന്ന വര്‍ഷം ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒളിപിക്‌സ്‌ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ വ്യക്തിഗത സ്വര്‍ണ്ണം സമ്പാദിച്ച വര്‍ഷത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ പല ഇന്ത്യന്‍ താരങ്ങളും കരുത്ത്‌ പ്രകടിപ്പിച്ചു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഷൂട്ടര്‍ അഭിനവ്‌ ബിന്ദ്രയാണ്‌ 2008 ലെ ഇന്ത്യന്‍ താരം. ലോക ചെസ്‌ കിരീടം സ്വന്തമാക്കിയ വിശ്വനാഥന്‍ ആനന്ദ്‌, ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ കിരീടം റാഞ്ചിയ സൈന നെഹ്‌വാള്‍, വനിതാ ബോക്‌സിംഗില്‍ ലോക ചാമ്പ്യന്‍പ്പട്ടം നേടിയ മേരി കോം എന്നിവരെല്ലാം രാജ്യത്തിന്റെ യശ്ശസ്‌ വാനോളമുയര്‍ത്തിയവരാണ്‌.
1920 ല്‍ പാരീസ്‌ മുതല്‍ ഇന്ത്യ ഒളിംപിക്‌സ്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. ഹോക്കിയില്‍ നേടാനായ സ്വര്‍ണ്ണങ്ങള്‍ മാത്രമായിരുന്നു ഒളിംപിക്‌സില്‍ ഇന്ത്യയുടെ നേട്ടം. വ്യക്തിഗതമായി ലിയാന്‍ഡര്‍ പെയ്‌സും കര്‍ണ്ണം മല്ലേശ്വരിയും രാജ്യവര്‍ദ്ധന്‍ സിംഗ്‌ രാത്തോറും നേടിയ വെങ്കലങ്ങളില്‍ ഒതുങ്ങിയ ഇന്ത്യയുടെ യശസ്സിന്‌ സ്വര്‍ണ്ണ നിറം നല്‍കിയ ബിന്ദ്രയെ കൂടാതെ ഗുസ്‌തിയില്‍ സൂശീല്‍ കുമാറും ബോക്‌സിംഗില്‍ വിജേന്ദര്‍ സിംഗും നേടിയ വെങ്കലവും ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ കരുത്തായി.
ഒളിംപിക്‌സില്‍ വനിതാ വിഭാഗം ബാഡ്‌മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ച ഹൈദരാബാദുകാരി സൈ നെഹ്‌വാള്‍ ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി മികവ്‌ തെളിയിച്ചപ്പോള്‍ വിശ്വനാഥന്‍ ആനന്ദ്‌ തന്നെ തോല്‍പ്പിക്കാന്‍ ലോക ചെസ്സില്‍ ആരുമില്ലെന്ന്‌ ആവര്‍ത്തിച്ചു തെളിയിച്ചു.

Monday, December 29, 2008

ഓസീസ്‌ കിതപ്പ്‌

ഓസീസ്‌ കിതപ്പ്‌
മെല്‍ബണ്‍: ലോകത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ റൂയിട്ടേഴ്‌സും, ഏജന്‍സ്‌ ഫ്രാന്‍സി പ്രസ്സീയും (ഏ.എഫ്‌.പി), അസോസിയേറ്റഡ്‌ പ്രസ്സും (ഏ.പി) ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുമായി സമരം പ്രഖ്യാപിച്ച്‌ ടെസ്റ്റ്‌ പരമ്പര റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ റിക്കി പോണ്ടിംഗിന്റെയും സംഘത്തിന്റെയും ഭാഗ്യം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വി മുഖത്താണ്‌ കങ്കാരുക്കള്‍. മല്‍സര റിപ്പോര്‍ട്ടിംഗിന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വലിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ്‌ പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ പരമ്പര ബഹിഷ്‌കരിക്കുന്നത്‌. 2008-09 ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന മുഴുവന്‍ മല്‍സരങ്ങളും ബഹിഷ്‌കരിക്കാനാണ്‌ ഇവരുടെ തീരുമാനം. ബഹിഷ്‌ക്കരണ തീരുമാനം മൂലം മല്‍സരത്തിന്റെ ചിത്രങ്ങള്‍ ലഭ്യമല്ല. ഓസീസ്‌ ക്രിക്കറ്റിന്റെ ദയനീയ ചിത്രങ്ങള്‍ അല്ലെങ്കില്‍ ലോകത്തിന്‌ കാണാമായിരുന്നു.
ബഹിഷ്‌ക്കരണ തീരുമാനത്തോടെ വിവാദമായ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഓസ്‌ട്രേലിയയെ രക്ഷിക്കാന്‍ തല്‍ക്കാലം ആര്‍ക്കും കഴിയാത്ത സാഹചര്യമാണ്‌. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ നല്‍കിയ 414 റണ്‍സിന്റെ വിജലക്ഷ്യം പിന്നിടുന്നതില്‍ വിജയിച്ച ദക്ഷിണാഫ്രിക്കക്ക്‌്‌ ഇന്ന്‌ എം.സി.ജിയില്‍ മറ്റൊരു അവിസ്‌മരണീയ ജയത്തിന്‌ ആവശ്യമുളളത്‌ കേവലം 183 റണ്‍സാണ്‌. ഒരു ദിവസവും പത്ത്‌ വിക്കറ്റും കൈവശമുണ്ട്‌. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 247 ല്‍ അവസാനിപ്പിച്ച സന്ദര്‍ശകര്‍ വിക്കറ്റ്‌്‌ നഷ്ടമില്ലാതെ 30 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
ഒന്നാം ഇന്നിംഗ്‌സില്‍ നായകന്‍ പോണ്ടിംഗിന്റെ വ്യക്തിഗത മികവില്‍ ശരാശരി സ്‌ക്കോര്‍ സമ്പാദിച്ച ഓസ്‌ട്രേലിയക്ക്‌ മറുപടിയായി മധ്യനിരക്കാരന്‍ ഡുമിനിയുടെ വീരോചിത ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ലീഡ്‌ നേടിയിരുന്നു. വിക്കറ്റ്‌ നഷ്ടമാവാതെ നാല്‌ റണ്‍സ്‌ എന്ന നിലയില്‍ ഇന്നലെ രാവിലെ രണ്ടാം ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച ഓസ്‌ട്രേലിയ നാടകീയമായി തകര്‍ന്നടിയുകയായിരുന്നു. സെഞ്ച്വറിക്ക്‌ ഒരു റണ്‍ അരികെ പുറത്തായ പോണ്ടിംഗിന്റെ ഇന്നിംഗ്‌സ്‌ മാറ്റി നിര്‍ത്തിയാല്‍ ലോക ചാമ്പ്യന്മാര്‍ക്ക്‌ ഓര്‍മ്മിക്കാന്‍ രണ്ടാം ഇന്നിംഗ്‌സിലും ഒന്നുമുണ്ടായിരുന്നില്ല. 67 റണ്‍സ്‌ മാത്രം നല്‍കി അഞ്ച്‌ ഓസീ വിക്കറ്റുകള്‍ കൊയ്‌ത ഫാസ്‌റ്റ്‌ ബൗളര്‍ ഡാലെ സ്‌റ്റെനിന്‌ മുന്നില്‍ പോണ്ടിംഗ്‌ ഒഴികെ ആര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. മനോഹരമായ ഇന്നിംഗ്‌സായിരുന്നു പോണ്ടിംഗിന്റേത്‌. ഒരു ടെസ്‌റ്റിലെ രണ്ട്‌ ഇന്നിംഗ്‌സിലും നാല്‌ തവണ സെഞ്ച്വറി നേടുന്ന ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതിക്ക്‌ തൊട്ടരികില്‍ പോണ്ടിംഗ്‌ പുറത്തായതോടെ ചിത്രം പൂര്‍ണ്ണമാവുകയായിരുന്നു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ തകര്‍ന്ന ഓസ്‌ട്രേലിയ ഈ പരമ്പരയിലും ലക്ഷ്യമില്ലാത്തവരെ പോലെയാണ്‌ കളിക്കുന്നത്‌. പെര്‍ത്തില്‍ വലിയ ടോട്ടല്‍ വിജയകരമായി ചേസ്‌ ചെയ്യാന്‍ ദക്ഷിണാഫ്രിക്കക്ക്‌ കഴിഞ്ഞത്‌ ഓസ്‌ട്രേലിയക്ക്‌ വ്യക്തമായ ഗെയിം പ്ലാന്‍ ഇല്ലാത്തത്‌ മൂലമായിരുന്നു. മെല്‍ബണിലെ ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ നേടിയ ശേഷം ദക്ഷിണാഫ്രിക്കയുടെ ഏഴ്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നേടാനായിട്ടും അവരെ പിടിച്ചുകെട്ടാന്‍ പോണ്ടിംഗിന്‌ കഴിഞ്ഞില്ല. ഡുമിനി എന്ന പുതിയ താരം വലിയ ഇന്നിംഗ്‌സ്‌ കളിച്ചപ്പോള്‍ അദ്ദേഹത്തിന്‌ കൂട്ടായി ഒമ്പതാം വിക്കറ്റില്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌ ബാറ്റിംഗ്‌ വശമില്ലാത്ത സ്‌റ്റെനായിരുന്നു.
മാത്യൂ ഹെയ്‌ഡന്റെ ശനിദശ അകലുന്നില്ല. ഇന്നലെ തുടക്കത്തില്‍ തന്നെ അദ്ദേഹം സ്‌റ്റെനിന്റെ പന്തില്‍ രണ്ട്‌ ബൗണ്ടറികള്‍ പായിച്ചു. അതേ ഓവറില്‍ മറ്റൊരു ഡ്രൈവിന്‌ ശ്രമിച്ച്‌ ഷോര്‍ട്ട്‌ എക്‌സ്‌ട്രാ കവറില്‍ ക്യാച്ച്‌ നല്‍കി മടങ്ങി. അടുത്ത ഓവറില്‍ സ്‌റ്റെന്‍ വീണ്ടും കരുത്ത്‌ കാട്ടി. വൈഡ്‌ പന്തില്‍ ബാറ്റ്‌ വെച്ച കാറ്റിച്ച്‌ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ക്ക്‌ പിടി നല്‍കി. തപ്പിതടയുന്ന മൈക്‌ ഹസ്സിയെ അമ്പയര്‍ അലീം ദര്‍ നിഷ്‌കരുണം പുറത്താക്കി. മോര്‍നെ മോര്‍ക്കലിന്റെ ലിഫ്‌ടിംഗ്‌ ഡെലിവറിയില്‍ നിന്നും രക്ഷപ്പെടാനുളള ശ്രമത്തില്‍ ഹസ്സിയുടെ ഹെല്‍മറ്റില്‍ പന്ത്‌ തട്ടി. വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ പന്ത്‌ പിടികൂടിയ ഉടന്‍ അലീം ദര്‍ വിരലുയര്‍ത്തി. ഈ പരമ്പരയില്‍ ഇത്‌ വരെ കളിച്ച നാല്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി കേവലം പത്ത്‌ റണ്‍സാണ്‌ ഹസിക്ക്‌ നേടാനായത്‌.
പോണ്ടിംഗിനൊപ്പം മൈക്കല്‍ ക്ലാര്‍ക്ക്‌ വന്നപ്പോഴാണ്‌ സ്‌ക്കോര്‍ബോര്‍ഡില്‍ ചലനമുണ്ടായത്‌. പോണ്ടിംഗ്‌ സമ്മര്‍ദ്ദമില്ലാതെയാണ്‌ കളിച്ചത്‌. പതിവ്‌ ശൈലിയിലുളള കട്ടുകള്‍, ഫ്‌ളിക്കുകള്‍, ഡ്രൈവുകള്‍. ക്ലാര്‍ക്കാവട്ടെ സാഹസത്തിന്‌ മുതിരാതെ നായകന്‌ പിന്തുണ നല്‍കി. 96 റണ്‍സിന്റെ ഈ സഖ്യത്തിന്‌ സ്‌റ്റെന്‍ അന്ത്യമിട്ടു. അതിവേഗതയുളള ഡെലിവറിക്ക്‌ മുന്നില്‍ ബാറ്റ്‌ വെച്ച വൈസ്‌ ക്യാപ്‌റ്റന്‍ കവറില്‍ പിടി നല്‍കി. അതേ ഓവറില്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെയും സ്‌റ്റെന്‍ മടക്കി.
അഞ്ച്‌ വിക്കറ്റ്‌ മാത്രം ശേഷിക്കെ അപ്പോള്‍ കേവലം 80 റണ്‍സിന്റെ ലീഡ്‌ മാത്രമായിരുന്നു ഓസീസിന്‌ അപ്പോള്‍. സ്‌പിന്നര്‍ പോള്‍ ഹാരിസിനെ ക്രീസ്‌്‌ വിട്ട്‌ ശിക്ഷിച്ച്‌ സിക്‌സര്‍ പായിച്ച ബ്രാഡ്‌ ഹാദ്ദിന്‌ പക്ഷേ ആയുസ്സ്‌ കുറവായിരുന്നു. മക്കായ എന്‍ടിനിയുടെ പന്തില്‍ പുറത്താവുമ്പോള്‍ ഹാദ്ദിന്‍ നേടിയത്‌ പത്ത്‌ റണ്‍. ചായക്ക്‌ തൊട്ട്‌ മുമ്പുളള ഓവറില്‍ ജാക്‌ കാലിസ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ തന്റെ 250-ാമത്‌ ഇരയായി ബ്രെട്ട്‌ ലീയെ പുറത്താക്കി.
സെഞ്ച്വറിയിലേക്കുളള യാത്രയില്‍ മിച്ചല്‍ ജോണ്‍സണെ കൂട്ടുപിടിച്ച്‌ പോണ്ടിംഗ്‌ പൊരുതിയ 90 കളില്‍ അദ്ദേഹം നാല്‍പ്പത്‌ പന്തുകള്‍ നേരിട്ടു. 99 നില്‍ക്കെ സ്ലിപ്പില്‍ ഒരാളെ മാത്രം നിര്‍ത്തി ഗ്രയീം സ്‌മിത്ത്‌ ഷോട്ട്‌ കവറിലേക്ക്‌ മാറി. അടുത്ത പന്ത്‌ പോണ്ടിംഗ്‌ സ്‌മിത്തിന്റെ കരങ്ങളിലേക്ക്‌ നല്‍കി. പോണ്ടിംഗ്‌ പുറത്താവുമ്പോള്‍ ടീമിന്റെ ലീഡ്‌ 147 റണ്‍സായിരുന്നു. മിച്ചല്‍ ജോണ്‍സണ്‍ ചില മിന്നല്‍ ഷോട്ടുകളിലൂടെ ലീഡ്‌ ഉയര്‍ത്തി. സ്‌റ്റെന്‍ തിരിച്ചുവന്നതോടെ ഓസ്‌ട്രേലിയയുടെ അവസാന ബാറ്റ്‌സ്‌മാന്‍ പീറ്റര്‍ സിഡില്‍ കൂടാരം കയറി. 29-ാമത്‌ ടെസ്റ്റ്‌ കളിക്കുന്ന സ്റ്റെന്റെ നൂറ്റിയമ്പതാമത്‌ ഇരയായിരുന്നു സിഡില്‍.
വലിയ സമ്മര്‍ദ്ദത്തില്‍ ഫീല്‍ഡിംഗിനിറങ്ങിയ ഓസീസ്‌ നായകന്‍ കാലിന്‌ പുരുക്കുണ്ടായിട്ടും പുതിയ പന്ത്‌ നല്‍കിയത്‌ ബ്രെട്ട്‌ ലീക്കായിരുന്നു. പക്ഷേ അതിവേഗക്കാരന്റെ ആദ്യ പന്ത്‌ തന്നെ ഗ്രയീം സ്‌മിത്ത്‌ അതിര്‍ത്തി കടത്തി. സിഡിലിന്റെ ആദ്യ ഓവറില്‍ രണ്ട്‌ തവണ സ്‌മിത്ത്‌ പന്തിനെ അതിര്‍ത്തി കടത്തി. ലീയുടെ അടുത്ത ഓവറില്‍ നീല്‍ മക്കന്‍സിയുടെ മിഡില്‍ സ്‌റ്റംമ്പ്‌ തെറിച്ചു. പക്ഷേ അമ്പയര്‍ ബില്ലി ഡോക്ടറോവിന്റെ തീരുമാനം ഓസ്‌ട്രേലിയക്ക്‌ ആഘാതമായി. ലീ എറിഞ്ഞത്‌ നോ ബോളായിരുന്നു.

ജയിക്കുമെന്ന്‌ റിക്കി
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയും വിജയവും പരമ്പര നേട്ടവും തമ്മില്‍ ഇനി 183 റണ്‍സിന്റെ അകലം മാത്രമാണുള്ളത്‌. പക്ഷേ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ ആത്മവിശ്വാസത്തിലാണ്‌. എം.സി.ജിയില്‍ ഇന്നത്തെ അവസാന ദിനത്തില്‍ തന്റെ ടീം വിജയിക്കുമെന്നാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌. ദക്ഷിണാഫ്രിക്കയുടെ പത്ത്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ പ്രയാസമില്ലെന്നാണ്‌ പോണ്ടിംഗ്‌ പറഞ്ഞിരിക്കുന്നത്‌. അവര്‍ക്കെതിരെ വിക്കറ്റുകള്‍ നേടാന്‍ കഴിയുമ്പോള്‍ അത്‌ പെട്ടെന്ന്‌ തന്നെയാവാറുണ്ട്‌. അതിനാല്‍ ഭയമില്ല. ഇന്ന്‌്‌ അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതുന്നു. ആദ്യ മൂന്നോ നാലോ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നേടാനാവണം. പിന്നെ അല്‍പ്പം ഭാഗ്യവും വേണം. കാലിലെ വേദനയുണ്ടെങ്കിലും ബ്രെട്ട്‌ ലീ ഇന്നും പന്തെറിയുമെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു.

സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 394. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ 459. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-ഡുമിനി-ബി-സ്‌റ്റെന്‍-23, കാറ്റിച്ച്‌-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-15, പോണ്ടിംഗ്‌-സി-സ്‌മിത്ത്‌-ബി-മോര്‍ക്കല്‍-99, ഹസ്സി-സി-അംല-ബി-മോര്‍ക്കല്‍-2, ക്ലാര്‍ക്ക്‌-സി-മക്കന്‍സി-ബി-സ്‌റ്റെന്‍-29, സൈമണ്ട്‌സ്‌-സി-കാലിസ്‌-ബി-സ്‌റ്റെന്‍-0, ഹാദ്ദിന്‍-സി-കാലിസ്‌-ബി-എന്‍ടിനി-10, ലീ-ബി-കാലിസ്‌-8, മിച്ചല്‍-നോട്ടൗട്ട്‌-43, ഹൗറിറ്റ്‌സ്‌-ബി-കാലിസ്‌-3, സിഡില്‍-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-6, എക്‌സ്‌ട്രാസ്‌-, ആകെ 84.2 ഓവറില്‍ 247. വിക്കറ്റ്‌ പതനം: 1-37 (ഹെയ്‌ഡന്‍), 2-40 (കാറ്റിച്ച്‌), 3-49 (ഹസി), 4-145 (ക്ലാര്‍ക്ക്‌), 5-145 (സൈമണ്ട്‌സ്‌), 6-165 (ഹാദ്ദിന്‍), 7-180 (ലീ), 8-212 (പോണ്ടിംഗ്‌), 9-231 (ഹൗറിറ്റ്‌സ്‌), 10-247 (സിഡില്‍). ബൗളിംഗ്‌: സ്‌റ്റെന്‍ 20.2-3-67-5, എന്‍ടിനി 14-1-26-1, മോര്‍ക്കല്‍ 15-2-46-2, ഹാരീസ്‌ 21-1-47-0, കാലിസ്‌ 14-1-57-2.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌: സ്‌മിത്ത്‌-നോട്ടൗട്ട്‌-25, മക്കന്‍സി-നോട്ടൗട്ട്‌-3. ആകെ ആറ്‌ ഓവറില്‍ 30 റണ്‍സ്‌. ബൗളിംഗ്‌: ലീ 3-0-17-0, സിഡില്‍ 3-1-13-0.

ഡയറി
ലോക ഫുട്‌ബോള്‍ പതിവ്‌ പോലെ കുതിപ്പിന്റെ പാതയിലാണ്‌. യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനല്‍ റൗണ്ടിലും ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളും ആവേശം വിതറിയ വര്‍ഷത്തില്‍ ലോക ഫിഫ സീഡിംഗിലും കാര്യമായ മാറ്റങ്ങള്‍ വന്നു. യൂറോപ്പില്‍ എല്ലാവരെയും മറിച്ചിട്ട്‌ കിരീടം സ്വന്തമാക്കിയ സ്‌പെയിനാണ്‌ ഇപ്പോള്‍ ഒന്നാമന്മാര്‍. ബ്രസീലും അര്‍ജന്റീനയും ലോക ചാമ്പ്യന്മാരായ ഇറ്റലിയും ഫ്രാന്‍സുമെല്ലാം സ്‌പെയിനിന്‌ പിറകില്‍ നില്‍ക്കുന്നു. 2008 ലെ സോക്കര്‍ ടീം ആരെന്ന ചോദ്യത്തിന്‌ കാളപ്പോരിന്റെ നാട്ടുകാരല്ലാതെ മറ്റൊരു ഉത്തരമില്ല. യുവതാരങ്ങളുടെ കരുത്തില്‍ എല്ലാ കണക്ക്‌ക്കൂട്ടലുകളും തെറ്റിച്ചാണ്‌ സ്‌പെയിന്‍ മുന്നേറിയത്‌. ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗല്‍, ജര്‍മനി തുടങ്ങിയ പ്രബലര്‍ക്കായിരുന്നു സാധ്യതകള്‍ കല്‍പ്പിച്ചിരുന്നത്‌. സ്‌പെയിന്‍ ആദ്യ മല്‍സരം മുതല്‍ അസാമാന്യ ടീം സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചപ്പോള്‍ ഡേവിഡ്‌ വില്ലയും ഫാബ്രിഗസുമെല്ലാം കളം നിറഞ്ഞു. ലോക സോക്കറിന്റെ വിലാസമായ ബ്രസീലിന്‌ സ്വന്തം ഖ്യാതി നിലനിര്‍ത്താന്‍ പലപ്പോഴുമായില്ല. ഡുംഗെ എന്ന മുന്‍താരത്തിന്‌ കീഴില്‍ തോല്‍വികള്‍ മാത്രമായിരുന്നു ടീമിന്‌ കൂട്ട്‌. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ പോലും ടീമിന്‌ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. അര്‍ജന്റീനയും തപ്പിതടയുകയാണ്‌. യോഗ്യതാ റൗണ്ടില്‍ അവര്‍ ബ്രസീലിനും പിറകില്‍ നില്‍ക്കുന്നു. പുതിയ കോച്ചായി ഡീഗോ മറഡോണയെ നിയമിച്ചത്‌ ഗുണം ചെയ്യുമോ എന്ന്‌ കണ്ടറിയണം. ഇറ്റലിക്ക്‌ ലോക ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം നടത്താനായില്ല. ഫ്രാന്‍സാവട്ടെ തോല്‍വികള്‍ മാത്രമാണ്‌ സമ്പാദിച്ചത്‌.
യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സോക്കറില്‍ മുത്തമിട്ട മാഞ്ചസ്‌റ്റര്‍ യുനൈറ്റഡായിരുന്നു 2008 ലെ ക്ലബ്‌. പ്രീമിയര്‍ ലീഗിലും അവര്‍ ഒന്നാമന്മാരായി. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു നേട്ടങ്ങളെല്ലാം. വന്‍കരയിലെ മികച്ച താരമായി റൊണാള്‍ഡോ തെരഞ്ഞെടക്കപ്പെടുകയും ചെയ്‌തു. സ്‌പാനിഷ്‌ ലീഗില്‍ റയലും ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനും ഒന്നാമന്മാരായി. പക്ഷേ പുതിയ സീസണില്‍ മാഞ്ചസ്‌റ്ററും റയലും ഇന്ററുമെല്ലാം തപ്പിതടയുകയാണ്‌.
ഏഷ്യയില്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കുന്നു. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരാണ്‌ 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ സാധ്യതയുളളത്‌. ഓഷ്യാന വിട്ട്‌ ഏഷ്യയിലേക്ക്‌ ചേക്കേറാന്‍ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്‌ ലോകകപ്പ്‌ സാധ്യത തന്നെയാണ്‌.
ഇന്ത്യന്‍ ഫുട്‌ബോളിന്‌ 2008 നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. നെഹ്‌റു കപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയതിനൊപ്പം ഏ.എഫ്‌.സി ഫുട്‌ബോളില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ ടീം സെമി ഫൈനല്‍ വരെ കളിച്ചു. ഡെംപോ ഗോവയാണ്‌ ഏഷ്യയിലെ പ്രധാന ക്ലബുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമി കളിച്ചത്‌. ഐ ലീഗും ഫെഡറേഷന്‍ കപ്പും സന്തോഷ്‌ ട്രോഫിയുമെല്ലാം മുറക്ക്‌ നടന്നെങ്കിലും ഇന്ത്യയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന്‌ വ്യക്തമായത്‌ മറഡോണയുടെ കൊല്‍ക്കത്താ സന്ദര്‍ശനത്തിലായിരുന്നു. ആയിരങ്ങളാണ്‌ അര്‍ജന്റീനിയന്‍ ഇതിഹാസത്തെ കാണാന്‍ എത്തിയത്‌. കേരളാ ഫുട്‌ബോള്‍ പതിവ്‌ ശയനത്തില്‍ തന്നെ. സംസ്ഥാനത്ത്‌ അല്‍പ്പം ഉണര്‍വുണ്ടാവാറുള്ളത്‌ കോഴിക്കോട്‌ ജില്ലാ ഫുട്‌ബോളിനായിരുന്നു. ഇപ്പോള്‍ ഒളിംപ്യന്‍ റഹ്‌മാന്റെ നാട്ടിലും പന്തിന്‌ വിശ്രമമാണ്‌. റഹ്‌മാന്‍ക്കയുടെ സ്വന്തം ടീമായ യൂനിവേഴ്‌സല്‍ കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ ഫൂട്‌സാലില്‍ കിരീടം നേടിയത്‌ മാത്രമാണ്‌ ആശ്വാസ വാര്‍ത്ത.

സംസ്ഥാന ടെക്‌നിക്കല്‍ മീറ്റ്‌
കുറ്റിപ്പുറത്ത്‌
മലപ്പുറം: 26-ാമത്‌ സംസ്ഥാന ടെക്‌നിക്കല്‍ അത്‌ലറ്റിക്‌ മീറ്റ്‌ ജനുവരി 1,2,3 തിയ്യതികളില്‍ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കും. 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളും ഒമ്പത്‌ ഐ.എച്ച്‌. ആര്‍.ഡി സ്‌ക്കൂളുകളില്‍ നിന്നുമായി അഞ്ഞൂറിലധികം താരങ്ങള്‍ പങ്കെടുക്കും.

ജെറാര്‍ഡിനെ അറസ്റ്റ്‌ ചെയ്‌തു
ലണ്ടന്‍:ഇംഗ്ലീഷ്‌ മീഡ്‌ഫീല്‍ഡറും പ്രീമിയര്‍ ലീഗില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ലിവര്‍പൂള്‍ ടീമിന്റെ നായകനുമായ സ്‌റ്റീവന്‍ ജെറാര്‍ഡിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹോട്ടലില്‍ ബഹളം വെച്ചതിനാണ്‌ അറസ്‌റ്റ്‌. ജെറാര്‍ഡിനൊപ്പം മറ്റ്‌ ആറ്‌ പേരെയും പിടികൂടിയിട്ടുണ്ട്‌. ജെറാര്‍ഡിനെ വിട്ടയച്ചെങ്കിലും ആറ്‌ പേര്‍ ഇപ്പോഴും പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ജെറാര്‍ഡ്‌ അടക്കമുളളവര്‍ ഹോട്ടലില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഹോട്ടലുട
മകള്‍ പോലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ മുപ്പത്തിനാലുകാരനായ ഒരാളെ മുഖത്ത്‌ പരുക്കേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ജെറാര്‍ഡിന്റെ പേരിലുളള കുറ്റം വ്യക്തമല്ല. ഇത്‌ സംബന്ധിച്ച്‌ എന്തെങ്കിലും വിശദീകരണം ലിവര്‍പൂള്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 5-1ന്‌ ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കിയിരുന്നു. ഈ മല്‍സരത്തില്‍ രണ്ട്‌ ഗോളുകള്‍ ക്യാപ്‌റ്റന്റെ പേരിലായിരുന്നു.
തിരിച്ചുവരവ്‌
ലണ്ടന്‍: മൈക്കല്‍ വോന്‍ ഇംഗ്ലീഷ്‌ ടെസ്‌റ്റ്‌ ടീമിലേക്ക്‌ തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ക്ക്‌ വിരാമം. അടുത്ത മാസം നടക്കുന്ന ഇംഗ്ലീഷ്‌ ടീമിന്റെ വിന്‍ഡീസ്‌ പര്യടന സംഘത്തില്‍ മുന്‍ നായകനുമുണ്ടാവുമെന്ന്‌ കരുതിയെങ്കിലും ഇന്നലെ പ്രഖ്യാപിച്ച 16 അംഗ സംഘത്തില്‍ അദ്ദേഹമില്ല. കഴിഞ്ഞ ഓഗസ്‌റ്റില്‍ ക്യാപ്‌റ്റന്‍സി വിട്ട ശേഷം മല്‍സര രംഗത്ത്‌ സജീവമല്ലാതിരുന്ന വോന്‌ ബാറ്റിംഗ്‌ ഓര്‍ഡറിലെ മൂന്നാം നമ്പര്‍ സ്ഥാനം നല്‍കാനായിരുന്നു ധാരണ. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട്‌ തോല്‍വി രുചിച്ചത്‌ ബാറ്റിംഗില്‍ പറ്റിയ പാളിച്ചകളാലിയരുന്നു. നിര്‍ണ്ണായകമായ മൂന്നാം നമ്പര്‍ പൊസിഷനില്‍ വിശ്വസ്‌തരില്ലാത്തതാണ്‌ ടീമിനെ ബാധിച്ചത്‌. വിന്‍ഡീസിനെതിരെ വലിയ പരമ്പരയായതിനാല്‍ മൂന്നാം നമ്പറില്‍ വിശ്വസ്‌തനായ വോനെ കളിപ്പിക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. പരുക്ക്‌ കാരണം ഇന്ത്യന്‍ പര്യടനത്തില്‍ കളിക്കാന്‍ കഴിയാതിരുന്ന സീമര്‍ റ്യാന്‍
സൈഡ്‌ ബോട്ടം ടീമിലുണ്ട്‌.

Friday, December 26, 2008

PONTING GAME

മാനം പ്രശ്‌നം
മെല്‍ബണ്‍: മാനത്തിനായുളള പോരാട്ടത്തില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ സെഞ്ച്വറി സ്വന്തമാക്കി. പക്ഷേ ടീം ഇരുട്ടില്‍ തപ്പുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിവസം സ്‌റ്റംമ്പിന്‌ പിരിയുമ്പോള്‍ നായകന്റെ സെഞ്ച്വറിയിലും ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 280 റണ്‍സാണ്‌ എം.സി.ജിയില്‍ ആതിഥേയരുടെ സമ്പാദ്യം. പെര്‍ത്തിലെ വാക്കയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ വന്‍ തോല്‍വി രുചിച്ച ഓസ്‌ട്രേലിയ ലോക റാങ്കിംഗിലെ പ്രഥമ സ്ഥാനം നിലനിര്‍ത്താനുളള പോരാട്ടത്തില്‍ ഭാഗ്യത്തിന്റെ നൂലിഴക്കാണ്‌ മറ്റൊരു തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടത്‌. വ്യക്തിഗത സ്‌ക്കോര്‍ 24 ല്‍ പോണ്ടിംഗ്‌ നല്‍കിയ അവസരം ദക്ഷിണാഫ്രിക്ക ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ഇതിലും കഷ്ടമാവുമായിരുന്നു ഓസീസ്‌ അവസ്ഥ.
ടോസ്‌ നേടി ആദ്യം ബാറ്റിംഗ്‌ ആരംഭിച്ച ഓസ്‌ട്രേലിയക്ക്‌ പതിവ്‌ പോലെ മാത്യൂ ഹെയ്‌ഡനെ അതിവേഗം നഷ്‌ടമായി. പിടിച്ചുനിന്ന്‌ പൊരുതാറുളള മൈക്‌ ഹസ്സിയും വേഗതയില്‍ കൂടാരം കയറി. സൈമണ്‍ കാറ്റിച്ചിന്റെ സൗന്ദര്യമില്ലാത്ത ബോറന്‍ ഇന്നിംഗ്‌സാണ്‌ ടീമിനെ ആദ്യ സെഷനില്‍ നിലനിര്‍ത്തിയത്‌. രണ്ടാം സെഷനില്‍ പോണ്ടിംഗ്‌ സെഞ്ച്വറി നേടി. മൂന്നാം സെഷനില്‍ പോണ്ടിംഗ്‌ ഉള്‍പ്പെടെ മധ്യനിരക്കാര്‍ പോരാട്ടം മറന്നു. ഇന്ത്യയില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക്‌ പഴയ ബാറ്റിംഗ്‌ സൗന്ദര്യം പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ മക്കായ എന്‍ടിനിയും ഡാലെ സ്‌റ്റിനും അതിവേഗ പന്തുകളില്‍ അവരെ വെളളം കുടിപ്പിച്ചു. പത്ത്‌ ബൗണ്ടറികളും ഒരു സിക്‌സറുമാണ്‌ പോണ്ടിംഗിന്റെ സെഞ്ച്വറി ഇന്നിംഗ്‌സില്‍ തിളങ്ങി നിന്നത്‌. കാറ്റിച്ചിനൊപ്പം രണ്ടാം വിക്കറ്റില്‍ 121 റണ്‍സും അദ്ദേഹം നേടി. ടീമിനെ പക്ഷേ രക്ഷാവാതില്‍ക്കലില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 101 ല്‍ പോണ്ടിംഗ്‌ മടങ്ങി. 36 റണ്‍സുമായി ക്രീസിലുളള മൈക്കല്‍ ക്ലാര്‍ക്കിലാണ്‌ പ്രതീക്ഷ. ഇന്നലെ അവസാന ഓവറിന്‌ തൊട്ട്‌ മുമ്പ്‌ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രാഡ്‌ ഹാദ്ദിനെ നഷ്ടമായതോടെ ഇനി വാലറ്റക്കാര്‍ മാത്രമാണ്‌ ക്ലാര്‍ക്കിന്‌ തുണ.
എം.സി.ജിയില്‍ എന്നും തിളക്കമുളള പ്രകടനം നടത്തിയിട്ടുളള പോണ്ടിംഗ്‌ നായകന്‍ എന്ന നിലയില്‍ കരസ്‌ഥമാക്കുന്ന പതിനേഴാമത്‌ സെഞ്ച്വറിയും ആകെ മുപ്പത്തിയേഴാമത്‌ സെഞ്ച്വറിയുമാണിത്‌. ബോക്‌സിംഗ്‌ ഡേയില്‍ എം.സി.ജിയില്‍ സ്വന്തം ടീമിന്റെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ തടിച്ചുകൂടിയ ആരാധകരെ വലിയ നിരാശയിലാഴ്‌ത്തിയത്‌ ഈ മൈതാനത്ത്‌ വലിയ റെക്കോര്‍ഡുകളുളള ഹെയ്‌ഡനാണ്‌. കഴിഞ്ഞ ഏഴ്‌ ടെസ്‌റ്റുകളില്‍ ഈ മൈതാനത്ത്‌ കളിച്ചപ്പോള്‍ ആറ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഹെയ്‌ഡന്‍ ഇന്നലെ സ്വന്തം പേര്‌ നിലനിര്‍ത്താന്‍ ഒരു ബൗണ്ടറി പായിച്ചു. പിന്നെ തിരിഞ്ഞുനടന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ തപ്പിതടഞ്ഞ ഹെയ്‌ഡന്‍ പെര്‍ത്തില്‍ പരാജയമായിരുന്നു. ഏഴ്‌ ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി ഇത്‌ വരെ അദ്ദേഹം കരാഗതമാക്കിയത്‌ കേവലം 56 റണ്‍സാണ്‌. ഡാലെ സ്‌റ്റെനിന്റെ പന്തില്‍ ബൗണ്ടറി നേടിയ ശേഷം മക്കായ എന്‍ടിനിയെ കണ്ടപ്പോള്‍ ലാഘവ ബുദ്ധിയോടെ കളിച്ചതാണ്‌ ഹെയ്‌ഡന്‌ വിനയായത്‌.
പകരം വന്ന പോണ്ടിംഗ്‌ ആദ്യ റണ്‍ നേടാന്‍ 24 പന്തുകളെടുത്തു. ലഞ്ചിന്‌ തൊട്ട്‌ മുമ്പ്‌ അദ്ദേഹം ഉയര്‍ത്തി നല്‍കിയ പന്തിനെ സ്ലിപ്പില്‍ പിടിക്കാന്‍ ജാക്‌ കാലിസ്‌ ആ സ്ഥാനത്തുണ്ടായിരുന്നില്ല. കാലിസിന്‌ പകരം സ്ലിപ്പ്‌ ഫീല്‍ഡറായുണ്ടായിരുന്ന നീല്‍ മക്കന്‍സിയാവട്ടെ പന്ത്‌ നിലത്തിട്ടു. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലെ വിശ്വസ്‌തനായ സ്ലിപ്‌ ഫീല്‍ഡറാണ്‌ കാലിസ്‌.
ഉച്ചഭക്ഷണത്തിന്‌ ശേഷം മക്കായ എന്‍ടിനിയെ തുടര്‍ച്ചയായി മൂന്ന്‌ തവണ അതിര്‍ത്തി കടത്തി അര്‍ദ്ധശതകം പിന്നിട്ട പോണ്ടിംഗിനൊപ്പം കാറ്റിച്ചും പിടിച്ചു നിന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ തന്റെ പന്ത്രണ്ടാമത്‌ അര്‍ദ്ധ ശതകം തികച്ചയുടന്‍ കാറ്റിച്ച്‌ പുറത്തായപ്പോള്‍ പകരമെത്തിയ ഹസ്സിക്ക്‌ ഒമ്പത്‌ പന്തുകള്‍ മാത്രമാണ്‌ പിടിച്ചുനില്‍ക്കാനായത്‌. കഴിഞ്ഞ അഞ്ച്‌ ടെസ്റ്റുകളില്‍ ഹസ്സിയുടെ മൂന്നാമത്‌ പൂജ്യമായിരുന്നു എം.സി.ജിയില്‍ കണ്ടത്‌. ചായക്ക്‌ തൊട്ട്‌ മുമ്പാണ്‌ പോണ്ടിംഗ്‌ സെഞ്ച്വറി തികച്ചത്‌. ഉടന്‍ പുറത്താവുകയും ചെയ്‌തു. വൈഡ്‌ ഡെലിവറിക്ക്‌ സൈമണ്ട്‌സ്‌ ബാറ്റ്‌ വെച്ചപ്പോള്‍ അത്‌ കാലിസിന്‌ തുണയായി.
സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-ഡുമിനി-ബി-എന്‍ടിനി-8, കാറ്റിച്ച്‌-ബി-സ്‌റ്റെന്‍-54, പോണ്ടിംഗ്‌-സി-അംല-ബി-ഹാരിസ്‌-101, ഹസ്സി-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-0, ക്ലാര്‍ക്ക്‌-നോട്ടൗട്ട്‌-36, സൈമണ്ട്‌സ്‌-സി-കാലിസ്‌-ബി-മോര്‍ക്കല്‍-27, ഹാദ്ദിന്‍-സി-സ്‌മിത്ത്‌-ബി-എന്‍ടിനി-40, ലീ-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌ 14, ആകെ 90 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 280. വിക്കറ്റ്‌ പതനം: 1-21 (ഹെയ്‌ഡന്‍), 2-128 (കാറ്റിച്ച്‌), 3-143 (ഹസ്സി), 4-184 (പോണ്ടിംഗ്‌), 5-223 (സൈമണ്ട്‌സ്‌), 6-277 (ഹാദ്ദിന്‍). ബൗളിംഗ്‌: സ്‌റ്റെന്‍ 21-5-61-2, എന്‍ടിനി 21-7-71-2, കാലിസ്‌ 15-4-41-0, മോര്‍ക്കല്‍ 17-3-67-1, ഹാരിസ്‌ 16-3-33-1.

സൂപ്പര്‍ ഓവര്‍
വിന്‍ഡീസ്‌ ഖ്യാതി
ഓക്‌ലാന്‍ഡ്‌: 20-20 ക്രിക്കറ്റ്‌ ചരിതത്തില്‍ ഇനി വിന്‍ഡീസിന്റെ നാമവും. 20-20 ക്രിക്കറ്റ്‌ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലൂടെ (മല്‍സരം ടൈ ആയാല്‍ വിജയിയെ നിശ്ചയിക്കാന്‍ അനുവദിക്കുന്ന ഓവര്‍) വിജയം വരിക്കുന്ന ടീമെന്ന ഖ്യാതിയാണ്‌ ക്രിസ്‌ ഗെയിലും സംഘവും സ്വന്തമാക്കിയത്‌. ഇന്നലെ ഇവിടെ ന്യൂസിലാന്‍ഡിനെതിരായി നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും 155 റണ്‍സ്‌ വീതം നേടിയപ്പോഴാണ്‌ സൂപ്പര്‍ ഓവര്‍ വിജയിയെ നിശ്ചയിച്ചത്‌. സൂപ്പര്‍ ഓവറില്‍ ക്രിസ്‌ ഗെയിലിന്റെ വെടിക്കെട്ടില്‍ 25 റണ്‍സാണ്‌ വിന്‍ഡീസ്‌ നേടിയത്‌. കിവീസിനാവട്ടെ 15 റണ്‍സാണ്‌ കരസ്ഥമാക്കാന്‍ കഴിഞ്ഞത്‌.
കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയാണ്‌ സൂപ്പര്‍ ഓവര്‍ എറിയാന്‍ എത്തിയത്‌. മൂന്ന്‌്‌ സിക്‌സറുകളാണ്‌ ഗെയില്‍ ഈ ഓവറില്‍ പായിച്ചത്‌. ഒരു ദയാദാക്ഷിണ്യവുമില്ലാത്ത പ്രഹരമായിരുന്നു അത്‌. ഗെയിലാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.
നിശ്ചയിത്‌ സമയത്ത്‌ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ ഏഴ്‌ വിക്കറ്റിന്‌ 155 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിംഗില്‍ ഗെയില്‍ തകര്‍പ്പന്‍ തുടക്കം നല്‍കി വിന്‍ഡീസിന്‌. കിവി സംഘത്തിലെ പുതിയ ബൗളര്‍ ടീം സൗത്തിയുടെ ആദ്യ രണ്ട്‌ ഓവറുകളില്‍ മാത്രം 30 റണ്‍സാണ്‌ ഗെയില്‍ വാരിക്കൂട്ടിയത്‌. നാല്‌ ബൗണ്ടറികളും രണ്ട്‌ കൂറ്റന്‍ സിക്‌സറുകളും ഇന്നിംഗ്‌സിലുണ്ടായിരുന്നു. 34 പന്തില്‍ നിന്നാണ്‌ ഗെയില്‍ അര്‍ദ്ധശതകം തികച്ചത്‌. ഗെയില്‍ പുറത്തായതിന്‌ ശേഷം വിന്‍ഡീസ്‌ വിക്കറ്റുകള്‍ മുറക്ക്‌ വീണു. 67 റണ്‍സില്‍ ഗെയില്‍ പുറത്താവുമ്പോള്‍ വിന്‍ഡീസ്‌ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 114 റണ്‍സായിരുന്നു. ആ ഘട്ടത്തില്‍ ടീമിന്‌ ജയിക്കാന്‍ 35 പന്തില്‍ നിന്ന്‌ 42 റണ്‍സായിരുന്നു ആവശ്യം. കിരണ്‍ പോലാര്‍ഡും കാള്‍ട്ടണ്‍ ബഫും തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായപ്പോള്‍ സമ്മര്‍ദ്ദം ഇരട്ടിയായി. സൗത്തിയുടെ അവസാന ഓവറില്‍ ഏഴ്‌ റണ്‍സ്‌ നേടിയെങ്കിലും രണ്ട്‌ വിക്കറ്റുകള്‍ വീണത്‌ വിന്‍ഡീസിന്‌ വീണ്ടും തിരിച്ചടിയായി. എന്നാല്‍ മല്‍സരത്തിലെ അവസാന ഓവറില്‍ അഞ്ച്‌ റണ്‍സുമായി ബെന്‍ വിന്‍ഡീസിന്‌ തുണയായി. അതോടെ മല്‍സരം തുല്യതയിലായി.
വിജയിയെ നിശ്ചയിക്കാന്‍ രണ്ട്‌ ടീമുകളും ഒരോ ഓവര്‍ വീതമെറിഞ്ഞു. ഇതിലായിരുന്നു ഗെയില്‍ വീണ്ടും മിന്നിയത്‌.

പുതിയ വാഗ്‌ദാനമായി ഹിഷാം
കോഴിക്കോട്‌: അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ പുതിയ പ്രതീക്ഷയായി ഹിഷാം അബ്ദുള്‍ റഹ്‌മാന്‍ എന്ന പതിനേഴുകാരന്‍. ഗുജറാത്തിലെ മെഹ്‌സാനയില്‍ നടന്ന സി.ബി.എസ്‌.ഇ ദേശീയ അത്‌ലറ്റിക്‌ മീറ്റില്‍ പുരുഷ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയാണ്‌ മലപ്പുറം ഏ.ആര്‍ നഗര്‍ കുന്നുംപുറം സ്വദേശിയായ ഹിഷാം കരുത്ത്‌ പ്രകടിപ്പിച്ചത്‌. നിലമ്പൂര്‍ പിവീസ്‌ പബ്ലിക്‌ സ്‌ക്കൂളില്‍ പതിനൊന്നാം തരം വിദ്യാര്‍ത്ഥിയായ ഹിഷാം 50.08 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മീറ്റില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ ഹിഷാം സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
സൗദി അറേബ്യയിലെ യുണിലിവറില്‍ ഉദ്യോഗസ്ഥനായ കെ.സി അബ്ദുറഹ്‌മാന്റെയും റുഖിയയുടെയും മകനായ ഹിഷാമിന്റെ പരിശീലകന്‍ സി.കെ പ്രവീണാണ്‌.
ജിദ്ദയിലെ ബ്രിട്ടിഷ്‌ സ്‌ക്കൂളിലും അല്‍ വുറൂദ്‌ സ്‌ക്കൂളിലും പ്രാഥമിക പഠനം നടത്തിയ ഹിഷാം സി.ബി.എസ്‌.ഇ കേരള ക്ലസ്‌റ്റര്‍ മല്‍സരങ്ങളില്‍ നിരവധി മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ശരിയായ ദിശയില്‍ ഹിഷാമിന്‌ വളരാനായാല്‍ തീര്‍ച്ചയായും രാജ്യത്തിന്‌ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഹിഷാമിന്‌ കഴിയുമെന്ന്‌ പിവീസ്‌ പബ്ലിക്‌ സ്‌ക്കൂള്‍ കായികവിഭാഗം മേധാവി സി.പി.എം ഉസ്‌മാന്‍ കോയ പറഞ്ഞു.

ലങ്ക പതറുന്നു
മിര്‍പ്പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ഒന്നാം ദിനം നല്ല തുടക്കത്തിന്‌ ശേഷം ശ്രീലങ്കക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ്‌ വിക്കറ്റിന്‌ 172 റണ്‍സ്‌ എന്ന നിലയിലാണ്‌ സന്ദര്‍ശകര്‍. ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ, കുമാര്‍ സങ്കക്കാര എന്നിവരുടേതുള്‍പ്പെടെ മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ കരസ്ഥമാക്കിയ ഷക്കീബ്‌ അല്‍ ഹസനാണ്‌ ബംഗ്ലാ ബൗളിംഗ്‌ നിരയില്‍ മികച്ചുനിന്നത്‌. മൂടല്‍മഞ്ഞ്‌ കാരണം രണ്ട്‌ മണിക്കൂര്‍ വൈകിയാണ്‌ മല്‍സരം ആരംഭിച്ചത്‌. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്കക്കായി വാന്‍ഡോര്‍ട്ടും സങ്കക്കാരയും നല്ല തുടക്കം നല്‍കി. ഒരു വിക്കറ്റിന്‌ 119 റണ്‍സ്‌ എന്ന ശക്തമായ നിലയിലായിരുന്നു ഒരു ഘട്ടത്തിലവര്‍. പക്ഷേ അവസാന സെഷനില്‍ 52 റണ്‍സ്‌ നേടുന്നതിനിടെ അവര്‍ക്ക്‌ അഞ്ച്‌ വിക്കറ്റുകള്‍ നഷ്ടമായി.

നായകന്‍ നാല്‌ മാസം പുറത്ത്‌
ലണ്ടന്‍: ആഴ്‌സനലിന്റെ നായകന്‍ സെസ്‌ക്‌ ഫാബ്രിഗസിന്‌ അടുത്ത നാല്‌്‌ മാസം ടീമിനൊപ്പം കളിക്കാനാവില്ല. ലിവര്‍പൂളിനെതിരായ പ്രിമിയര്‍ ലീഗ്‌ മല്‍സരത്തിനിടെ കാല്‍മുട്ടിനേറ്റ പരുക്ക്‌ ഭേദമാവാന്‍ നാല്‌ മാസമെങ്കിലും വേണ്ടിവരുമെന്നാണ്‌ ഡോക്ടറുടെ റിപ്പോര്‍ട്ട്‌. എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിനിടെ സാബി അലോണ്‍സോയുമായി കൂട്ടിയിടിച്ച ഫാബ്രിഗസ്‌ മുടന്തിയാണ്‌ മൈതാനം വിട്ടത്‌. ഈയിടെയാണ്‌ ഫാബ്രിഗസ്‌ ടീമിന്റെ നായകനായത്‌. ഫ്രഞ്ചുകാരനായ വില്ല്യം ഗല്ലാസായിരുന്നു ഗണ്ണേഴ്‌സിനെ നയിച്ചിരുന്നത്‌. ഗല്ലാസിന്‌ കീഴില്‍ ടീമില്‍ ഐക്യമില്ലെന്ന്‌ മനസ്സിലാക്കിയാണ്‌ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍ ഫാബ്രിഗസിന്‌ തൊപ്പി നല്‍കിയത്‌.

2008 അവസാനിക്കുമ്പോള്‍ കായിക കലണ്ടറിലൂടെ ഒരോട്ട പ്രദക്ഷിണം
ഡയറി 2008
തൂഫാന്‍ ഓസീ, ധോണി ധമാക്ക..
2008 ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ വര്‍ഷമാണ്‌്‌. ലോക ക്രിക്കറ്റില്‍ ഓസീസ്‌ പ്രതാപത്തിന്റെ അസ്‌തമനവര്‍ഷവും. നായകനായും താരമായും അംബാസിഡറായുമെല്ലാം ലോക ക്രിക്കറ്റില്‍ താര്‍ഖണ്ഡുകാരന്‍ നിറഞ്ഞ വര്‍ഷമാണ്‌ അവസാനിക്കുന്നത്‌. ഐ.സി.സി ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്ത്‌ എത്തിക്കുന്നതില്‍ വിജയിച്ച ധോണി തന്നെയാണ്‌ ഏകദിന റാങ്കിംഗിലും ടീമിനെ മുന്നിലെത്തിച്ചത്‌.
ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിട്ടാണ്‌ 2008 ആരംഭിച്ചത്‌ തന്നെ..! 2008 ന്റെ ആരംഭനാളുകളിലാണ്‌ സിഡ്‌നിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള അതിവിവാദ ടെസ്‌റ്റ്‌ നടന്നത്‌. ഓസീസ്‌ താരം ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിംഗ്‌ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണത്തില്‍ തുടങ്ങിയ കശപിശ വലിയ പ്രശ്‌നമായി വളര്‍ന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നയതന്ത്രബന്ധത്തെ പോലും അത്‌ ബാധിക്കുമെന്ന ഘട്ടത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വന്നു.
സത്യ്‌തില്‍ സിഡ്‌നി ടെസ്റ്റില്‍ അമ്പയര്‍മാര്‍ ചേര്‍ന്ന്‌ ഇന്ത്യയെ തോല്‍പ്പിക്കുകയായിരുന്നു. മല്‍സരത്തിന്‌ ശേഷം സൈമണ്ട്‌സിനെ വംശീയമയായി അധിക്ഷേപിച്ചു എന്ന കുറ്റം ചുമത്തി ഹര്‍ഭജന്‌ മാച്ച്‌ റഫറി വിലക്ക്‌ കല്‍പ്പിച്ചു. ഇതില്‍ ശക്തമായി പ്രതിഷേധിച്ച്‌ ഇന്ത്യന്‍ ബോര്‍ഡ്‌ രംഗത്തിറങ്ങി. ഇതിന്‌ ഫലവും കണ്ടു. ബഹളത്തില്‍ കലാശിച്ച പരമ്പര 1-2ന്‌ ഓസ്‌ട്രേലിയ നേടിയെങ്കിലും അവര്‍ ഒക്ടോബറില്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഇന്ത്യ കണക്കിന്‌ പകരവും വീട്ടി.
ടെസ്‌റ്റ്‌ രംഗത്ത്‌ ഇന്ത്യ ഉയര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ അധീശത്വം ഇല്ലാതാവുന്ന കാഴ്‌ച്ചയാണ്‌ കാണുന്നത്‌. ഇന്ത്യയോട്‌ 2-0 ത്തിന്‌ പരമ്പര നഷ്ടമായ ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്കയും വിരട്ടി നിര്‍ത്തുകയാണ്‌. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ്‌ മാര്‍ജിന്‌ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഷെയിന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഡാമിയന്‍ മാര്‍ട്ടിന്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌, ജസ്‌റ്റിന്‍ ലാംഗര്‍ തുടങ്ങിയവരുടെ വിടവാങ്ങല്‍ ശരിക്കും ഓസീസിനെ ബാധിച്ചിട്ടുണ്ട്‌.
ടെസ്‌റ്റ്‌ ക്രിക്കറ്റിനേക്കാള്‍ പ്രചുരപ്രചാരം 2008 ല്‍ ലഭിച്ചത്‌ 20-20 ക്രിക്കറ്റിനാണ്‌. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ഐ.സി.സി 20-20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയതിന്‌ പിറകെ ഇവിടെ നടന്ന പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ ചാമ്പ്യന്‍ഷിപ്പ്‌ വന്‍വിജയമായി. ലോക ക്രിക്കറ്റിലെ എല്ലാ സൂപ്പര്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി കളിച്ചു. കപില്‍ദേവിന്റെ നേതൃത്ത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗിനെ ഇല്ലാതാക്കാന്‍ ആരംഭിച്ച ഐ.പി.എല്‍ ആദ്യ സീസണില്‍ തന്നെ വന്‍ വിജയമായി മാറി.
ഭീകരവാദം ക്രിക്കറ്റിന്‌ ദോഷകരമായി ബാധിച്ചതും 2008 ലാണ്‌. പാക്കിസ്‌താനാണ്‌ ഭീകരവാദത്തിന്‌ കൂടുതല്‍ ഇരയായ ക്രിക്കറ്റ്‌ രാജ്യം. സുരക്ഷിതത്വ പ്രശ്‌നങ്ങളാല്‍ ഒരു രാജ്യം പോലും പാക്‌ പര്യടനത്തിന്‌ മുതിര്‍ന്നില്ല. പാക്കിസ്‌താന്‍ ആതിഥേയത്വം വഹിക്കേണ്ട ചാമ്പ്യന്‍സ്‌ ട്രോഫി അനിശ്ചിതമായി മാറ്റി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, ഇന്ത്യ എന്നിവര്‍ പാക്‌ പര്യടനത്തില്‍ നിന്ന്‌ പിന്മാറി. ഭീകരവാദവും അനുബന്ധ സംഭവങ്ങളും ഇന്ത്യയെയും ബാധിച്ചു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടെയാണ്‌ ജയ്‌പ്പൂരില്‍ സ്‌ഫോടനമുണ്ടായത്‌. ഇംഗ്ലണ്ട്‌ ഇന്ത്യയിലെത്തിയപ്പോഴും പ്രശ്‌നമുണ്ടായി. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഇംഗ്ലീഷ്‌ ടീം ഏകദിന പരമ്പര വെട്ടിചൂരുക്കി നാട്ടിലേക്ക്‌ മടങ്ങി. ഇന്ത്യയുടെ പാക്‌ പര്യടനം റദ്ദാക്കിയതും മറ്റ്‌ കാരണത്താല്ലല്ല. സുരക്ഷിതത്വ പ്രശ്‌നത്തില്‍ 2011 ലെ ലോകകപ്പ്‌ പോലും ഏഷ്യക്ക്‌ നഷ്‌ടമാവുന്ന ഘട്ടത്തിലാണ്‌.
വ്യക്തിഗത മികവില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന റണ്‍ വേട്ടക്കാരനായി ഒന്നാം സ്ഥാനത്ത്‌ വരുന്നു. ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ടീമിന്‌ വിജയത്തിലേക്ക്‌ നയിച്ച്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ നാല്‍പ്പത്തിയൊന്നാമത്‌ സെഞ്ച്വറിയും അദ്ദേഹം നേടി. മാര്‍ച്ചില്‍ ചെന്നൈയില്‍ ദക്ഷിണാഫ്രികക്കെതിരെ നടന്ന ടെസ്റ്റില്‍ വീരേന്ദര്‍ സേവാഗ്‌ നേടിയ 319 റണ്‍സ്‌ മറക്കാനാവില്ല. അനില്‍ കുംബ്ലെയും സൗരവ്‌ ഗാംഗുലിയും വിരമിച്ച വര്‍ഷത്തില്‍ ഹര്‍ഭജനോട്‌ മുഖത്തടിയേറ്റ ശ്രീശാന്ത്‌ ദു:ഖ നായകനായി.
ന്യൂസിലാന്‍ഡ്‌, വിന്‍ഡീസ്‌ ടീമുകളാണ്‌ വന്‍ നിരാശ സമ്മാനിച്ചത്‌. ഇവര്‍ക്ക്‌ ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്ക കരുത്ത്‌ നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്‌താന്‌ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.

Tuesday, December 23, 2008

DHONI-THE COWARD

സമനില
മൊഹാലി: സമനില തന്നെ....തുടര്‍ച്ചയായി അഞ്ചാം ദിവസവും മൂടല്‍മഞ്ഞ്‌ കാരണം മണിക്കൂറുകള്‍ വൈകി ആരംഭിച്ച ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ്‌ പ്രതീക്ഷിക്കപ്പെട്ട പോലെ ഫലമില്ലാതെ അവസാനിച്ചു. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റിലെ വിജയത്തിലൂടെ പരമ്പര ഇന്ത്യക്ക്‌ സ്വന്തമായി. അവസാന ദിവസമായ ഇന്നലെ ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ 251 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 402 റണ്‍സായിരുന്നു. ഒരു സെഷനില്‍ ഇത്രയും റണ്‍സ്‌ നേടുക അസാധ്യമായതിനാല്‍ ഇംഗ്ലീഷ്‌ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 64 റണ്‍സ്‌ എന്ന നിലയില്‍ രണ്ട്‌ ക്യാപ്‌റ്റന്മാരും മല്‍സരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവരാജ്‌സിംഗ്‌ സ്വന്തമാക്കിയ 86 റണ്‍സും ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ഗൗതം ഗാംഭീര്‍ ക്ഷമയോടെ നേടിയ 97 റണ്‍സുമായിരുന്നു രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യന്‍ കരുത്ത്‌. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ വിലപ്പെട്ട 153 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. വലിയ സ്‌ക്കോര്‍ പിന്തുടരാന്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന്‌ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അലിസ്‌റ്റര്‍ കുക്കിനെ നഷ്ടമായി. ഇയാന്‍ ബെല്ലും ആന്‍ഡ്ര്യൂ സ്‌ട്രോസും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി സമനിലക്കായി കളിക്കുകയായിരുന്നു.
രണ്ടര മണിക്കൂര്‍ വൈകിയാണ്‌ പി.സി.എ സ്‌റ്റേഡിയത്തില്‍ ഇന്നലെ കളിയാരംഭിച്ചത്‌. അമ്പയര്‍മാര്‍ മൈതാനത്തിറങ്ങുമ്പോള്‍ തന്നെ ലഞ്ചിന്റെ സമയമായിരുന്നു. യുവരാജ്‌ സിംഗും ഗാംഭീറും സാഹചര്യങ്ങളെ മനസ്സിലാക്കി വളരെ പതുക്കെയാണ്‌ കളിച്ചത്‌. ഒരു വിജയത്തിനായി പൊരുതാനുളള ലക്ഷ്യം ഇന്ത്യക്കുണ്ടായിരുന്നില്ലെന്ന്‌ രണ്ട്‌ പേരുടെയും ബാറ്റിംഗില്‍ നിന്ന്‌ വ്യക്തമായി. സ്‌പിന്നര്‍ ഗ്രയീം സ്വാനിനെയും സീമര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണെയുമാണ്‌ കൂടുതല്‍ സമയം പീറ്റേഴ്‌സണ്‍ ആക്രമണത്തിന്‌ നിയോഗിച്ചത്‌. ഓഫ്‌ സൈഡില്‍ നിറയെ ഫീല്‍ഡര്‍മാരെ അണിനിരത്തിയുളള പീറ്റേഴ്‌സന്റെ തന്ത്രത്തില്‍ ഇന്ത്യക്കാര്‍ വീണില്ല. ഓഫ്‌ സൈഡിലെ കെണിയില്‍ നിന്ന്‌ രക്ഷപ്പടാന്‍ പലപ്പോഴും സ്വീപ്പ്‌ ഷോട്ടുകള്‍ക്കാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ മുതിര്‍ന്നത്‌.
അര്‍ദ്ധശതകം സ്വന്തമാക്കിയ ശേഷം രണ്ട്‌ പേരും ആക്രമിക്കാന്‍ തീരുമാനിച്ചു. ലഞ്ചിന്‌ പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 216 റണ്‍സായിരുന്നു. അപ്പോള്‍ 367 റണ്‍സായിരുന്നു ടീമിന്റെ ലീഡ്‌. ആ സ്‌ക്കോറില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ ധോണി ഡിക്ലയര്‍ ചെയ്യുമെന്നാണ്‌ കരുതിയത്‌. പക്ഷേ യുവരാജിനും ഗാംഭീറിനും സെഞ്ച്വറിക്കുളള അവസരമാണ്‌ ധോണി നല്‍കിയത്‌. സെഞ്ച്വറിയിലെത്തും മുമ്പ്‌ യുവരാജ്‌ റണ്ണൗട്ടായി. പകരമെത്തിയ ധോണി പൂജ്യനായി. നേരിട്ട രണ്ടാം പന്ത്‌ തന്നെ ഇന്ത്യന്‍ നായകന്‍ മോണ്ടി പനേസറിന്റെ കരങ്ങളിലേക്ക്‌ നല്‍കി. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിയുടെ തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും മൂന്നക്കത്തിലേക്ക്‌ കുതിച്ച ഗാംഭീറിനെ സ്വാന്‍ പുറത്താക്കിയപ്പോള്‍ ധോണി ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തു.
വലിയ ലക്ഷ്യത്തിലേക്കായി കളിക്കാന്‍ ഇംഗ്ലണ്ടിന്‌ സമയമുണ്ടായിരുന്നില്ല. ഇഷാന്തിന്റെ പന്തില്‍ കുക്ക്‌ പുറത്തായതോടെ എല്ലാം ചടങ്ങായി മാറി. ഗാംഭീറാണ്‌ കളിയിലെ കേമന്‍. സഹീര്‍ പരമ്പരയിലെ കേമനും.

ധോണിയുടെ സേഫ്‌റ്റി
മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‍ ഇന്നലെ സാഹസീകനായിരുന്നില്ല. പരമ്പരാഗത തന്ത്രത്തിന്റെ വക്താവായി അദ്ദേഹം മാറിയതിനാല്‍ മല്‍സരം വിരസമായി. രണ്ട്‌ ടെസ്‌റ്റുകള്‍ മാത്രമുളള ഹ്രസ്വ പരമ്പരയില്‍ ഒരു ടെസ്‌റ്റിന്‌ മുന്നിലെത്തിയാല്‍ ഏത്‌ നായകനും പ്രയോഗിക്കാറുളള പിന്തിരിപ്പിന്‍ പ്രതിരോധ ബുദ്ധിയാണ്‌ ധോണിയും നടപ്പാക്കിയത്‌. ഒരു ടെസ്റ്റ്‌ ജയിച്ചല്ലോ-ഇനി സാഹസം വേണ്ട. രണ്ടാം ടെസ്‌റ്റില്‍ സമനില നേടി പരമ്പര സ്വന്തമാക്കുക എന്ന സേഫ്‌ വഴിയില്‍ സഞ്ചരിച്ചതില്‍ ധോണിയെ കുറ്റം പറയുകയല്ല-പക്ഷേ ഒരു സാഹസീകനായ, ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ നായകനാണ്‌ ധോണി. സ്വന്തം ബൗളര്‍മാരെ അദ്ദേഹത്തിന്‌ വിശ്വസിക്കാമായിരുന്നു.
മല്‍സരം ഇന്നലെ അഞ്ചാം ദിവസം ലഞ്ചിന്‌ പിരിയുമ്പോള്‍ ഇന്ത്യക്ക്‌ 367 റണ്‍സിന്റെ വ്യക്തമായ ലീഡുണ്ടായിരുന്നു. ഈ ലീഡില്‍ ധോണി ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യുമെന്നാണ്‌ കരുതപ്പെട്ടത്‌. സുനില്‍ ഗവസ്‌ക്കറെ പോലുളള പരമ്പരാഗത വാദികളായ നായകരെ കണ്ട്‌ മടുത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ ധോണിയിലെ സാഹസീകനെയാണ്‌ ഇഷ്‌്‌ടപ്പെടുന്നത്‌.
ലഞ്ചിന്‌ ഇന്നിംഗ്‌സ്‌ ഡിക്ലര്‍ ചെയ്‌തിരുന്നെങ്കില്‍ ബൗളര്‍മാര്‍ക്ക്‌ രണ്ട്‌ സെഷനുകള്‍ പന്തെറിയാന്‍ അവസരമുണ്ടാവുമായിരുന്നു. പിച്ചില്‍ നിന്ന്‌ കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാര്‍ രണ്ട്‌ മനസ്സില്‍ അകപ്പെട്ടാല്‍ ചിലപ്പോള്‍ ഒരു ഇന്ത്യന്‍ വിജയത്തിന്‌ സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു.
ധോണി ലഞ്ചിന്‌ ശേഷവും തന്റെ ബാറ്റ്‌സ്‌മാന്മാരെ ക്രീസിലേക്ക്‌ അയച്ചത്‌ യുവരാജും ഗാംഭീറും സെഞ്ച്വറി നേടുക എന്ന ലക്ഷ്യത്തോടെയല്ല-ഇംഗ്ലീഷ്‌ സാധ്യതകള്‍ക്ക്‌ അവസരം നല്‍കാതിരിക്കുക എന്ന ബുദ്ധിയിലാണ്‌. രണ്ട്‌്‌ സെഷന്‍ കൊണ്ട്‌ ഇന്ത്യ നല്‍കുന്ന വലിയ ലക്ഷ്യത്തിലേക്ക്‌ തീര്‍ച്ചയായും ഇംഗ്ലണ്ട്‌ ബാറ്റേന്തില്ല എന്ന സത്യം തിരിച്ചറിയാന്‍ ധോണി വൈകി. ലഞ്ചിന്‌ പിറകെ ഇംഗ്ലണ്ടിനെ ബാറ്റിംഗിന്‌ അയച്ചിരുന്നെങ്കില്‍ ലഭിക്കാമായിരുന്ന സാധ്യതകള്‍ക്ക്‌ വെറുതെ അന്ത്യമിട്ട്‌ ധോണിയിലെ നായകന്‍ ഇതാദ്യമായാണ്‌ പരമ്പരാഗതവാദിയാവുന്നത്‌.
ഇവിടെ ചിന്തിക്കേണ്ടത്‌ പീറ്റേഴ്‌സന്റെ സമീപനമാണ്‌. അദ്ദേഹത്തിന്‌ വേണമെങ്കില്‍ ഇങ്ങോട്ട്‌ വരാതിരിക്കാമായിരുന്നു. ഏകദിന പരമ്പരയിലെ പരാജയത്തിനിടെ മുംബൈയില്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ നാട്ടിലേക്ക്‌ മടങ്ങിയ ഇംഗ്ലീഷ്‌ സംഘം ഇവിടെ തിരിച്ചെത്തിയതിന്‌ പിറകില്‍ പീറ്റേഴ്‌സന്റെ സാഹസീക നിലാപാടിന്‌ പങ്കുണ്ട്‌. ഞാന്‍ ഇന്ത്യയിലേക്കില്ല എന്ന്‌ പീറ്റേഴ്‌സണ്‍ വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഈ പരമ്പര റദ്ദാക്കുമായിരുന്നു. കളിയോടുളള സമര്‍പ്പണത്തിനും ഇന്ത്യക്ക്‌ പിന്തുണ നല്‍കാനുമാണ്‌ എല്ലാ താരങ്ങളെയുമായി പീറ്റേഴ്‌സണ്‍ വന്നത്‌. അദ്ദേഹം പ്രകടിപ്പിച്ച സാഹസീകതക്ക്‌ മുന്നില്‍ ധോണിയും ഇന്ത്യയും നമ്രശിരസ്‌ക്കാരവണം. ശരിക്കും പരമ്പരയിലെ കേമന്‍പ്പട്ടം പീറ്റേഴ്‌സണാണ്‌ നല്‍കേണ്ടത്‌. അദ്ദേഹത്തിന്‌ ബാറ്റിംഗിനല്ല-സമീപനത്തിന്‌. സഹീര്‍ഖആനെയാണ്‌ ഇവിടെ പരമ്പരിലെ കേമനായി തെരഞ്ഞെടുത്തത്‌. ചെന്നൈയിലും മൊഹാലിയിലും സഹീറിന്റെ സംഭാവന എന്താണെന്ന്‌ ആരും പറഞ്ഞ്‌ കേട്ടില്ല.
ചെന്നൈ ടെസ്‌റ്റില്‍ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി. നിര്‍ഭാഗ്യത്തിലാണ്‌ അവര്‍ പരാജയപ്പെട്ടത്‌. മൊഹാലിയിലും ഇംഗ്ലണ്ട്‌ കരുത്തു കാട്ടി. മൊത്തത്തില്‍ പരമ്പര വിലയിരുത്തിയാല്‍ നേട്ടം ഇംഗ്ലണ്ടിനാണ്‌. ഏകദിന പരമ്പരയില്‍ തകര്‍ന്നു തരിപ്പമണമായ ഒരു ടീമാണ്‌ ടെസ്റ്റ്‌ മല്‍സരത്തില്‍ ഒപ്പത്തിനൊപ്പം നിന്നത്‌. ഇന്ത്യക്ക്‌ ഈ പരമ്പരയില്‍ ഓര്‍മ്മിക്കാന്‍ സച്ചിന്റെ നാല്‍പ്പത്തിയൊന്നാമത്‌ ടെസ്റ്റ്‌ സെഞ്ച്വറിയുണ്ട്‌. ദ്രാവിഡിന്റെ തിരിച്ചുവരവുണ്ട്‌. ഗാംഭീറിന്റെ കരുത്തുണ്ട്‌. ബൗളിംഗ്‌ വശത്ത്‌ കാര്യമായൊന്നുമില്ല.
പാക്കിസ്‌താന്‍ പര്യടനം ഉപേക്ഷിച്ച സാഹചര്യത്തില്‍ അല്‍പ്പനാളുകള്‍ ഇന്ത്യന്‍ ടീമിന്‌ ഇനി വിശ്രമമാണ്‌. 2008 തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്‌ നേട്ടങ്ങള്‍ ധാരാളം സമ്മാനിച്ചു. അനില്‍ കുംബ്ലെയും സൗരവ്‌ ഗാംഗുലിയും വിരമിച്ചുവെങ്കിലും ലോക ടെസ്‌റ്റ്‌ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തും ടീമെത്തി. ധോണിയെന്ന നായകനാണ്‌ 2008 ലെ ഇന്ത്യന്‍ ക്രിക്കറ്ററെന്ന്‌ നിസ്സംശയം പറയാം.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 453. ഇംഗ്ലണ്ട്‌-ഒന്നാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-0, കുക്ക്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-50, ബെല്‍-ബി-ഇഷാന്ത്‌-1, പീറ്റേഴ്‌സണ്‍ -എല്‍.ബി,.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-144, കോളിംഗ്‌വുഡ്‌-സി-ധോണി-ബി-മിശ്ര-11, ഫ്‌ളിന്റോഫ്‌-സി-ഗാംഭീര്‍-ബി-മിശ്ര-62, ആന്‍ഡേഴ്‌സണ്‍ -നോട്ടൗട്ട്‌-8, പ്രയര്‍-സി-ധോണി-ബി-ഹര്‍ഭജന്‍-2, ബ്രോഡ്‌-ബി-ഹര്‍ഭജന്‍-1,സ്വാന്‍-ബി-സഹീര്‍-3, പനേസര്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-5, എക്‌സ്‌ട്രാസ്‌ 15, ആകെ 83.5 ഓവറില്‍ 302.
വിക്കറ്റ്‌ പതനം: 1-0 (സ്‌ട്രോസ്‌), 2-1 (ബെല്‍), 3-104 (കുക്ക്‌), 4-131 (കോളിംഗ്‌വുഡ്‌), 5-280 (പീറ്റേഴ്‌സണ്‍), 6-282 (ഫ്‌ളിന്റോഫ്‌), 7-285 (പ്രയര്‍), 8-290 (ബ്രോഡ്‌), 9-293 (സ്വാന്‍), 10-302 (പനേസര്‍).
ബൗളിംഗ്‌: സഹീര്‍ 21-3-76-3, ഇഷാന്ത്‌ 12-0-55-1, യുവരാജ്‌ 6-1-20-0, ഹര്‍ഭജന്‍ 205-2-68-4, മിശ്ര 24-0-75-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-ബെല്‍-ബി-സ്വാന്‍
-97 സേവാഗ്‌-റണ്ണൗട്ട്‌-17, ദ്രാവിഡ്‌ -ബി-ബ്രോഡ്‌-0, സച്ചിന്‍-സി-സ്വാന്‍-ബി-ആന്‍ഡേഴ്‌സണ്‍-5, ലക്ഷ്‌മണ്‍ -റണ്ണൗട്ട്‌-15, യുവരാജ്‌--റണ്ണൗട്ട്‌-86, ധോണി-സി- ആന്‍ഡ്‌ ബി-പനേസര്‍-0, ഹര്‍ഭജന്‍-നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌-26, ആകെ 73 ഓവറില്‍ ഏഴ്‌്‌ വിക്കറ്റിന്‌ 251.
വിക്കറ്റ്‌ പതനം: 1-30 (സേവാഗ്‌), 2-36 (ദ്രാവിഡ്‌), 3-44 (സച്ചിന്‍), 4-80 (ലക്ഷ്‌മണ്‍),5-233 (യുവി), 6-241 (ധോണി), 7-251 (ഗാംഭീര്‍) ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 19-8-51-1 ബ്രോഡ്‌ 14-2-50-1 ഫ്‌ളിന്റോഫ്‌ 13-1-39-0, സ്വാന്‍ 17-3-49-1,, പനേസര്‍ 10-0-44-1.
ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-നോട്ടൗട്ട്‌-21, കുക്ക്‌-ലി-ലക്ഷ്‌മണ്‍-ബി-ഇഷാന്ത്‌-10, ബെല്‍-നോട്ടൗട്ട്‌-24. എക്‌സ്‌ട്രാസ്‌-9, ആകെ 28 ഓവറില്‍ ഒരു വിക്കറ്റിന്‌ 64. വിക്കറ്റ്‌ പതനം: 1-18 (കുക്ക്‌). ബൗളിംഗ്‌: സഹീര്‍ 3-0-11-0, ഇഷാന്ത്‌ 5-1-7-1, ഹര്‍ഭജന്‍ 11-3-25-0, മിശ്ര 8-1-16-0, ധോണി 1-0-1-0


ഗെയില്‍ മാജിക്‌
നേപ്പിയര്‍: ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ സമനില സ്വന്തമാക്കി വിന്‍ഡീസ്‌ ഐ.സി.സി ലോക ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലാന്‍ഡ്‌ ബംഗ്ലാദേശിന്‌ തൊട്ട്‌ മുമ്പ്‌ എട്ടാമത്‌ തന്നെ നില്‍ക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ പിറകിലായ വിന്‍ഡീസിന്‌ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുനില്‍ക്കാന്‍ ഭേദപ്പെട്ട സ്‌ക്കോര്‍ അത്യാവശ്യമായിരുന്നു. ഗെയില്‍ 197 റണ്‍സ്‌ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചുനേടിയപ്പോള്‍ നാഷ്‌ 65 റണ്‍സ്‌ നേടി. കിവി ബൗളിംഗ്‌ നിരയില്‍ 110 റണ്‍സ്‌ വഴങ്ങി ജിതന്‍ പട്ടേല്‍ അഞ്ച്‌ വിക്കറ്റ്‌ നേടി. 375 റണ്‍സിന്‌ കരീബിയന്‍സംഘം പുറത്തായപ്പോള്‍ ആതിഥേയര്‍ക്ക്‌ വിജയലക്ഷ്യം 312 റണ്‍സായിരുന്നു. ജെസി ടെയ്‌ലറും റോസ്‌ ടെയ്‌ലറും തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കിവീസ്‌ അല്‍ഭുത വിജയം നേടുമോ എന്ന്‌ തോന്നി. പക്ഷേ കിവിസ്‌ 5 വിക്കറ്റിന്‌ 220 റണ്‍സിലെത്തിയപ്പോഴേക്കും സമയം അതിക്രമിച്ചു.
വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ മക്കുലത്തിലായിരുന്നു കിവി പ്രതീക്ഷകള്‍. റൈഡര്‍ക്കൊപ്പം പൊരുതിയ മക്കുലത്തെ സംശയകരമായ സാഹചര്യത്തില്‍ അമ്പയര്‍ റൂഡി കുയര്‍ട്ടസണ്‍ പുറത്താക്കിയത്‌ വിവാദമായി. തേര്‍ഡ്‌ അമ്പയറുടെ സഹായം തേടണമെന്ന്‌ മക്കുലം പറഞ്ഞെങ്കിലും ടെലിവിഷന്‍ റിപ്ലേകള്‍ വ്യക്തമായ ചിത്രം നല്‍കാത്തതിനാല്‍ തീരുമാനം തേര്‍ഡ്‌ അമ്പയര്‍ കുയര്‍ട്‌സണ്‌ തന്നെ വിട്ടു. കുയര്‍ട്‌സണ്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. മക്കുലം പുറത്താവുമ്പോള്‍ കളി അവസാനിക്കാന്‍ 6.5 ഓവര്‍ മാത്രമായിരുന്നു ശേഷിച്ചത്‌.

ഓവന്‍ തീരുമാനിച്ചിട്ടില്ല
ലണ്ടന്‍: പുതിയ വര്‍ഷത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിന്റെ കുപ്പായത്തില്‍ മൈക്കല്‍ ഓവനെ കാണാന്‍ സംശയം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ടീമിനെ കൈവിടാന്‍ ഒരുങ്ങുകയാണ്‌ സൂപ്പര്‍ താരം. പക്ഷേ അന്തിമ തീരുമാനം ഓവന്‍ പ്രഖ്യാപിച്ചിട്ടില്ല. 29 കാരനായ ഓവനുമായുളള ന്യൂകാസിലിന്റെ കരാര്‍ ജനുവരിയില്‍ അവസാനിക്കും. ചെല്‍സി, ടോട്ടന്‍ഹാം എന്നിവരാണ്‌ ഓവന്‌ വേണ്ടി രംഗത്തുള്ളത്‌. തല്‍ക്കാലം ന്യൂകാസിലില്‍ തുടരുമെന്നും ഒന്നും വളരെ വ്യക്തമായി പറയാന്‍ സമയമായിട്ടില്ലെന്നുമാണ്‌ ഓവന്റെ വാക്കുകള്‍.

ടെറിക്ക്‌ ചുവപ്പ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ കരുത്തരായ ചെല്‍സിയെ എവര്‍ട്ടണ്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി. മല്‍സരത്തിനിടെ എവര്‍ട്ടണ്‍ താരം ലിയോണ്‍ ഉസ്‌മാനെ മാരകമായി ടാക്കിള്‍ ചെയ്‌തതിന്‌ ചെല്‍സി നായകന്‍ ജോണ്‍ ടെറി ചുവപ്പ്‌്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തു. മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിനെ മറികടന്ന്‌ ടേബിളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ചെല്‍സിക്ക്‌ കഴിയുമായിരുന്നു. സമനിലക്കൊപ്പം ക്യാപ്‌റ്റനെ നഷ്ടമായത്‌ ടീമിന്‌ ആഘാതമായിട്ടുണ്ട്‌.


റഹ്‌മാന്റെ സ്വപ്‌നം സത്യമായി
യുനിവേഴ്‌സല്‍ സോക്കര്‍ ദേശീയ ചാമ്പ്യന്മാര്‍
കൊല്‍ക്കത്ത: ഒളിംപ്യന്‍ റഹ്‌മാന്‍ എന്ന ഇതിഹാസ താരത്തിന്റെ സ്വപ്‌നമായിരുന്നു സ്വന്തം ടീം കൊല്‍ക്കത്തയില്‍ കളിക്കണമെന്നത്‌..... ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞ്‌ നിന്ന റഹ്‌മാന്‍ക്ക രൂപം നല്‍കിയ യൂണിവേഴ്‌സല്‍ സോക്കര്‍ ക്ലബ്‌ ഇപ്പോഴിതാ കൊല്‍ക്കത്തയുടെ മണ്ണില്‍ കളിക്കുക മാത്രമല്ല കിരീടം സ്വന്തമാക്കുകയും ചെയ്‌തിരിക്കുന്നു. ദേശീയ ഫൂട്‌സാല്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട്‌ യൂനിവേഴ്‌സല്‍ സോക്കറാണ്‌്‌ ജേതാക്കള്‍. മോഹന്‍ ബഗാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന അവസാന റൗണ്ട്‌ മല്‍സരങ്ങളില്‍ യുനിവേഴ്‌സല്‍ 6-1ന്‌ ജയ്‌പ്പൂരിലെ ഒന്നാം സ്ഥാനക്കാരെയും ഒരു ഗോളിന്‌ കൊല്‍ക്കത്താ ചാമ്പ്യന്മാരെയും പരാജയപ്പെടുത്തി. യൂനിവേഴ്‌സലിന്റെ ക്യാപ്‌റ്റന്‍ ശരത്‌ ബാബുവാണ്‌ മികച്ച താരം. ടീമിന്‌ പ്രൈസ്‌ മണിയായി 1,10,000 രൂപ ലഭിച്ചു. സമ്മാനദാന ചടങ്ങില്‍ മുന്‍ ഫുട്‌ബോളര്‍ ചുനിഗോ സ്വാമി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ സമ്മാനദാനം നിര്‍
വഹിച്ചു. മൊത്തം 65 ലധികം ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. നാല്‌ മേഖലകളില്‍ നിന്നുള്ള ചാമ്പ്യന്മാരാണ്‌ അവസാന റൗണ്ടിന്‌ യോഗ്യത നേടിയത്‌.

Monday, December 22, 2008

DRAW LOOMS

സമനിലയിലേക്ക്‌
മൊഹാലി: രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ നാല്‌ മുന്‍നിര വിക്കറ്റുകള്‍ എളുപ്പം കരസ്ഥമാക്കിയിട്ടും മൊഹാലി ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ പ്രതീക്ഷയില്ല. വലിയ അല്‍ഭുതങ്ങള്‍ സംഭവിക്കാത്തപക്ഷം രണ്ടാം ടെസ്‌റ്റ്‌ സമനിലയില്‍ അവസാനിക്കും. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ്‌ സ്വന്തമാക്കിയ ഇന്ത്യ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റിന്‌ 134 റണ്‍സ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. മൊത്തം 285 റണ്‍സിന്റെ ലീഡാണ്‌ ഇപ്പോള്‍ ടീമിനുള്ളത്‌. ഓപ്പണര്‍ ഗൗതം ഗാംഭീര്‍ (44), യുവരാജ്‌ സിംഗ്‌ (39) എന്നിവരാണ്‌ ക്രീസില്‍.
രാവിലെ ഇംഗ്ലീഷ്‌്‌ ഒന്നാം ഇന്നിംഗ്‌സ്‌ ഹര്‍ഭജന്‍സിംഗ്‌ 302 ല്‍ അവസാനിച്ചപ്പോള്‍ തന്നെ മല്‍സരത്തിന്റെ ഗതി വ്യക്തമായിരുന്നു. പക്ഷേ ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ അച്ചടക്കത്തോടെയുളള ബൗളിംഗില്‍ നാല്‌ വിക്കറ്റുകള്‍ കരസ്ഥമാക്കി അട്ടിമറി വിജയത്തിലേക്ക്‌ നോട്ടമിട്ട സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ യുവരാജിന്റെ മിന്നല്‍ ഇന്നിംഗ്‌സ്‌ വിലങ്ങുതടിയായി. നാല്‌ വിക്കറ്റിന്‌ 80 റണ്‍സ്‌ എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഗാംഭീറും യുവരാജും ടീമിനെ 134 ല്‍ എത്തിച്ചിട്ടുണ്ട്‌.
തുടര്‍ച്ചയായ നാലാം ദിവസവും മൂടല്‍മഞ്ഞ്‌ കാരണം മല്‍സരം വളരെ വൈകിയാണ്‌ ആരംഭിച്ചത്‌. രണ്ട്‌ മണിക്കര്‍ കഴിഞ്ഞാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ ക്രീസിലെത്തിയത്‌. മൂന്നാം ദിവസം അവസാന സെഷനില്‍ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെയും ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്റെയും വിക്കറ്റ്‌ നഷ്ടമായതിനാല്‍ പ്രതിരോധാത്മകമായാണ്‌ ഇംഗ്ലണ്ട്‌ തുടങ്ങിയത്‌. പക്ഷേ നൈറ്റ്‌ വാച്ച്‌മാന്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണും വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയറിനും അതിജീവനം സാഹസികമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഹര്‍ഭജന്റെ പന്തില്‍ പ്രയര്‍ പുറത്തായി. ക്രിസ്‌ ബ്രോഡിനെ അക്കൗണ്ട്‌ തുറക്കുന്നതിന്‌ മുമ്പ്‌ ബാജി തിരിച്ചയച്ചു. ഗ്രയീം സ്വാനിനെ തകര്‍പ്പന്‍ ഇന്‍സ്വിംഗറില്‍ സഹീര്‍ഖാന്‍ പുറത്താക്കിയപ്പോള്‍ മോണ്ടി പനേസറിനെ തിരിച്ചയച്ച്‌ ഹര്‍ഭജന്‍ ചടങ്ങി പൂര്‍ത്തിയാക്കി.
ലഞ്ചിന്‌ തൊട്ട്‌ മുമ്പായിരുന്നു ഇന്നിംഗ്‌സിന്‌ അന്ത്യമായത്‌. ഉച്ചഭക്ഷണത്തിന്‌ പിരിയും മുമ്പ്‌ വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും രണ്ട്‌ ഓവറുകള്‍ നേരിട്ടു. സേവാഗിന്റെ ഇന്നിംഗ്‌സിലായിരുന്നു എല്ലാ കണ്ണുകളും. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച സേവാഗിന്‌ പക്ഷേ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. പെട്ടെന്ന്‌ റണ്‍സ്‌ നേടാനുളള ശ്രമത്തില്‍ സേവാഗിന്‌ പിഴക്കുകയായിരുന്നു. ബ്രോഡിന്റെ പന്തില്‍ സിംഗിളിനായി ശ്രമിക്കവെ ബൗളറുടെ കൈകളില്‍ തട്ടിയെത്തിയ പന്ത്‌ ഷോര്‍ട്ട്‌ എക്‌സ്‌ട്രാ കവറില്‍ നിന്നും ഇയാന്‍ ബെല്‍ സ്റ്റംമ്പിലേക്ക്‌ എറിയുകയായിരുന്നു. സേവാഗിന്‌ പകരമെത്തിയ രാഹുല്‍ ദ്രാവിഡിന്‌ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടും വേഗതയില്‍ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞില്ല. 18 പന്തുകള്‍ തട്ടിമുട്ടി നേരിട്ട ദ്രാവിഡിന്‌ പത്തൊമ്പതാം പന്തില്‍ പവിലിയനിലേക്ക്‌ തിരിച്ചുനടക്കാനുളള പാസ്‌ കിട്ടി. ക്രിസ്‌ ബ്രോഡിന്റെ താഴ്‌ന്ന വന്ന പന്തില്‍ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസിലെത്തിയപ്പോള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കാനായിരുന്നു പീറ്റേഴ്‌സന്റെ തീരുമാനം. ബ്രോഡിന്റെ മനോഹരമയ ഒരു പന്തിനെ അതേ മനോഹാരിതയില്‍ അതിര്‍ത്തി കടത്തിയ സച്ചിന്‌ പക്ഷേ ദീര്‍ഘസമയം പിടിച്ചുനില്‍ക്കാനായില്ല. 22 പന്തില്‍ 5 റണ്‍ നേടിയ സച്ചിനെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ഗള്ളിയില്‍ സ്വാന്‍ പിടികൂടി. ഇംഗ്ലണ്ട്‌ കത്തി നിന്ന സമയമായിരുന്നു ഇത്‌. മൂന്ന്‌ മുന്‍നിരക്കാരെ പുറത്താക്കിയ ആഹ്ലാദത്തില്‍ പീറ്റേഴ്‌സണ്‍ ആവേശത്തോടെ ഫീല്‍ഡര്‍മാരെയെല്ലാം ചുറ്റും നിരത്തി. 23 ഓവറില്‍ കേവലം 47 റണ്‍സിനായിരുന്നു ഈ മൂന്ന്‌ വിക്കറ്റുകള്‍. ചായക്ക്‌ പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ 56 ലായിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന്‌ പുറത്തായ ലക്ഷ്‌മണ്‍ വന്ന വേഗതയില്‍ തന്നെ റണ്ണൗട്ടായി.
ലക്ഷമണിന്‌്‌ പകരം വന്നത്‌ ഇംഗ്ലണ്ടുകാരുടെ ദു:ശകുനമായ യുവരാജായിരുന്നു. കാത്തുനില്‍ക്കാന്‍ പഞ്ചാബുകാരന്‌ സമയമില്ലായിരുന്നു. പനേസറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട്‌ വട്ടം പന്തിനെ അതിര്‍ത്തി കടത്തിയ യുവി ദിവസത്തെ അവസാന ഓവറില്‍ ഒരു സിക്‌സറും സ്വന്തമാക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 453. ഇംഗ്ലണ്ട്‌-ഒന്നാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-0, കുക്ക്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-50, ബെല്‍-ബി-ഇഷാന്ത്‌-1, പീറ്റേഴ്‌സണ്‍ -എല്‍.ബി,.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-144, കോളിംഗ്‌വുഡ്‌-സി-ധോണി-ബി-മിശ്ര-11, ഫ്‌ളിന്റോഫ്‌-സി-ഗാംഭീര്‍-ബി-മിശ്ര-62, ആന്‍ഡേഴ്‌സണ്‍ -നോട്ടൗട്ട്‌-8, പ്രയര്‍-സി-ധോണി-ബി-ഹര്‍ഭജന്‍-2, ബ്രോഡ്‌-ബി-ഹര്‍ഭജന്‍-1,സ്വാന്‍-ബി-സഹീര്‍-3, പനേസര്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-5, എക്‌സ്‌ട്രാസ്‌ 15, ആകെ 83.5 ഓവറില്‍ 302.
വിക്കറ്റ്‌ പതനം: 1-0 (സ്‌ട്രോസ്‌), 2-1 (ബെല്‍), 3-104 (കുക്ക്‌), 4-131 (കോളിംഗ്‌വുഡ്‌), 5-280 (പീറ്റേഴ്‌സണ്‍), 6-282 (ഫ്‌ളിന്റോഫ്‌), 7-285 (പ്രയര്‍), 8-290 (ബ്രോഡ്‌), 9-293 (സ്വാന്‍), 10-302 (പനേസര്‍).
ബൗളിംഗ്‌: സഹീര്‍ 21-3-76-3, ഇഷാന്ത്‌ 12-0-55-1, യുവരാജ്‌ 6-1-20-0, ഹര്‍ഭജന്‍ 205-2-68-4, മിശ്ര 24-0-75-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-44, സേവാഗ്‌-റണ്ണൗട്ട്‌-17, ദ്രാവിഡ്‌ -ബി-ബ്രോഡ്‌-0, സച്ചിന്‍-സി-സ്വാന്‍-ബി-ആന്‍ഡേഴ്‌സണ്‍-5, ലക്ഷ്‌മണ്‍ -റണ്ണൗട്ട്‌-15, യുവരാജ്‌-നോട്ടൗട്ട്‌-39, എക്‌സ്‌ട്രാസ്‌-14, ആകെ 50 ഓവറില്‍ 134.
വിക്കറ്റ്‌ പതനം: 1-30 (സേവാഗ്‌), 2-36 (ദ്രാവിഡ്‌), 3-44 (സച്ചിന്‍), 4-80 (ലക്ഷ്‌മണ്‍). ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 15-8-32-1, ബ്രോഡ്‌ 11-2-22-1, ഫ്‌ളിന്റോഫ്‌ 9-1-16-0, സ്വാന്‍ 8-2-20-0, പനേസര്‍ 7-0-37-0

തേര്‍ഡ്‌ ഐ
മൊഹാലിയിലെ മൂന്നാം ദിവസത്തെ അവസാന സെഷനെ ഓര്‍ത്തത്‌ തീര്‍ച്ചയായും ഇംഗ്ലീഷ്‌ ടീം മാനേജ്‌മെന്റ്‌്‌ ദു:ഖിക്കുന്നുണ്ടാവും. സെഞ്ച്വറി സ്വന്തമാക്കിയ കെവിന്‍ പീറ്റേഴ്‌സണും, അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും പുറത്തായത്‌ മൂന്നാം ദിനത്തിന്റെ അവസാനത്തിലായിരുന്നു. ഈ നിര്‍ണ്ണായക വിക്കറ്റുകള്‍ വീണതോടെ മല്‍സരത്തില്‍ സന്ദര്‍ശകരുടെ സാധ്യതകളും അവസാനിച്ചിരുന്നു. ഇന്നലെ വാലറ്റക്കാര്‍ പെട്ടെന്ന്‌ പുറത്തായി. 151 റണ്‍സിന്റെ ലീഡാണ്‌ ഇന്ത്യക്ക്‌ ലഭിച്ചത്‌. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീഴ്‌്‌ത്തിയ സന്ദര്‍ഭത്തില്‍ പീറ്റേഴ്‌സണ്‍ തീര്‍ച്ചയായും മൂന്നാം ദിവസത്തെ ഓര്‍ത്തിരിക്കും. ഒന്നാം ഇന്നിംഗ്‌സില്‍ ചെറിയ ലീഡെങ്കിലും ഇംഗ്ലണ്ടിന്‌ നേടാനായിരുന്നെങ്കില്‍ മല്‍സരത്തില്‍ അവര്‍ക്ക്‌ പിടിമുറുക്കാമായിരുന്നു.
ഇപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ തന്നെയാണ്‌. ഇവിടെ ഇന്ത്യക്ക്‌ വിജയം ആവശ്യമില്ല. ചെന്നൈയിലെ വിജയത്തോടെ പരമ്പരയില്‍ ആതിഥേയര്‍ ലീഡിലാണ്‌. ഇവിടെ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ന്‌ സമനില ലക്ഷ്യമാക്കിയായിരിക്കും ധോണി കരുനീക്കം നടത്തുക. 285 റണ്‍സിന്റെ ലീഡ്‌ ഇപ്പോള്‍ ഇന്ത്യക്കുണ്ട്‌. ഗാംഭീര്‍, യുവരാജ്‌ എന്നിവര്‍ ക്രീസിലും ധോണിയും ഹര്‍ഭജനുമെല്ലാം ബാറ്റ്‌ ചെയ്യാനായിരിക്കുന്നു. ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സ്‌ ഇന്ന്‌ പെട്ടെന്ന്‌ അവസാനിപ്പിക്കാന്‍ കഴിഞ്ഞാലും വിജയം ലക്ഷ്യമാക്കി അവസാന ദിവസത്തില്‍ കളിക്കാന്‍ ഇംഗ്ലണ്ടിനാവില്ല. മൂടല്‍മഞ്ഞ്‌ കാരണം മല്‍സരം മണിക്കൂറുകള്‍ വൈകിയാണ്‌ ആരംഭിക്കുന്നത്‌. 90 ഓവറുകള്‍ ഇത്‌ വരെ കളി സാധ്യമായിട്ടില്ല. സേവാഗിന്റെ സാന്നിദ്ധ്യം മൈതാനത്ത്‌ അല്‍പ്പസമയമുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക്‌ വിജയിക്കാന്‍ കളിക്കാമായിരുന്നു. ചെന്നൈയില്‍ സേവാഗ്‌ രണ്ടാം ഇന്നിംഗ്‌സില്‍ പ്രകടിപ്പിച്ച ആ ധൈര്യത്തിലാണ്‌ ഇന്ത്യ വിജയിച്ചത്‌. സേവാഗ്‌ ഇന്നലെ റണ്ണൗട്ടിലൂടെ നാടകീയമായാണ്‌ പുറത്തായത്‌. എന്തിനാണ്‌ അദ്ദേഹം സാഹസികമായ റണ്ണിന്‌ ശ്രമിച്ചത്‌ എന്നത്‌ മനസ്സിലാവുന്നില്ല. പന്ത്‌ പതുക്കെ മുന്നോട്ട്‌ തട്ടിയിട്ടുളള ഓട്ടത്തിന്റെ ആവശ്യകത ആ ഘട്ടത്തിലുണ്ടായിരുന്നില്ല. സേവാഗിന്റെ പതനം ചെലുത്തിയ സമ്മര്‍ദ്ദത്തില്‍ ദ്രാവിഡും സച്ചിനും ലക്ഷ്‌മണും പെട്ടെന്ന്‌ പുറത്തായി.
യുവരാജിന്റെ സമീപനം അവസരോചിതമായിരുന്നു. നാല്‌ വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തില്‍ യുവരാജ്‌ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ അപകടമാവുമായിരുന്നു. യുവി സ്വതസിദ്ധമായ ശൈലിയില്‍ പന്തിനെ ആക്രമിച്ചതാണ്‌ ഗാംഭീറിനും ആശ്വാസമേകിയത്‌. ഒന്നാം ഇന്നിംഗ്‌സില്‍ ദ്രാവിഡ്‌-ഗാംഭീര്‍ സഖ്യം നല്‍കിയ ഗംഭീര തുടക്കം ഉപയോഗപ്പെടുത്താന്‍ യുവരാജിനെ പോലുളളവര്‍ക്ക്‌ കഴിയാതിരുന്നതാണ്‌ ഇന്ത്യന്‍ സ്‌്‌ക്കോറിനെ ബാധിച്ചിരുന്നത്‌.
നായകന്‍ എന്ന നിലയില്‍ പീറ്റേഴ്‌സണ്‍ പരമ്പരയില്‍ ഇതാദ്യമായി ധോണിയെക്കാള്‍ മുന്നിലെത്തി. മല്‍സരത്തില്‍ തന്റെ ടീമിന്‌ എന്തെങ്കിലും സാധ്യത വേണമെങ്കില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ്‌ ചുരുക്കണമെന്ന ലക്ഷ്യത്തില്‍ സമ്മര്‍ദ്ദത്തിന്റെ ക്ലോസ്‌ ഫീല്‍ഡിംഗാണ്‌ ഇംഗ്ലീഷ്‌ നായകന്‍ ഒരുക്കിയത്‌. ഈ കെണിയിലാണ്‌ നാല്‌ ഇന്ത്യക്കാരും വീണതും. ഇതേ തന്ത്രം അദ്ദേഹം മല്‍സരത്തിന്റെ ആദ്യദിവസം സേവാഗ്‌ പുറത്തായി, ദ്രാവിഡ്‌ വന്ന ഘട്ടത്തില്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ നേട്ടമുണ്ടാവുമായിരുന്നു.
ഇന്ന്‌ മല്‍സരത്തിന്റെ അവസാന ദിവസമാണ്‌. 90 ഓവറുകള്‍ സാധ്യമായാല്‍ തന്നെയും ഒന്നും നടക്കാന്‍ പോവുന്നില്ല. ആദ്യ ടെസ്‌റ്റിലെ തകര്‍പ്പന്‍ വിജയത്തില്‍ ഇന്ത്യക്ക്‌ പരമ്പര ഉറപ്പാണ്‌.

ഗെയില്‍ ദി മാന്‍
നേപ്പിയര്‍:ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ പുറത്താവാതെ നേടിയ സെഞ്ച്വറിയില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ പിടിമുറുക്കി. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ്‌ ഏഴ്‌ വിക്കറ്റിന്‌ 278 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ആതിഥേയര്‍ക്കെതിരെ 214 റണ്‍സിന്റെ വ്യക്തമായ ലീഡാണിപ്പോള്‍ സന്ദര്‍ശകര്‍ക്ക്‌. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ്‌ 307 റണ്‍സ്‌ നേടിയപ്പോള്‍ കിവീസ്‌ 371 റണ്‍സിന്‌ പുറത്തായിരുന്നു. 2005 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 317 റണ്‍സിന്‌ ശേഷം ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഗെയിലിന്റെ ആദ്യ സെഞ്ച്വറിയാണിത്‌. 13 ബൗണ്ടറികളും ആറ്‌ സിക്‌സറുകളുമായി 146 റണ്‍സ്‌ നേടി നായകന്‍ ക്രീസിലുണ്ട്‌. നാല്‌ വിക്കറ്റിന്‌ 106 റണ്‍സ്‌ എന്ന നിലയില്‍ ടീം തളരുമ്പോള്‍ ഗെയിലിന്‌ മികച്ച പിന്തുണ നല്‍കിയത്‌ മധ്യനിരക്കാരന്‍ ബ്രെന്‍ഡന്‍ നാഷാണ്‌. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ചന്ദര്‍പോള്‍ ജിതന്‍ പട്ടേലിന്റെ പന്തില്‍ പൂജ്യനായിരുന്നു.

ഓസീസ്‌ ടീമില്‍ മാറ്റം
പെര്‍ത്ത്‌: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍ന്നു തരിപ്പണമായ ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റിനുളള ടീമില്‍ മാറ്റം വരുത്തി. സ്‌പിന്നര്‍ ജാസോണ്‍ ക്രെസ്‌ജയാണ്‌ പെര്‍ത്തിലെ തോല്‍വിയില്‍ ബലിയാടായത്‌. ആദ്യ ഇന്നിംഗ്‌സില്‍ 102 റണ്‍സ്‌ വഴങ്ങി ഒരു വിക്കറ്റ്‌ മാത്രം നേടിയ ക്രെസ്‌ജ രണ്ടാം ഇന്നിംഗ്‌സിലും 102 റണ്‍സ്‌ വഴങ്ങി. ഒരു വിക്കറ്റും ലഭിച്ചതുമില്ല. ഓഫ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌, സീമര്‍ ബെന്‍ ഹില്‍ഫന്‍ഹസ്‌ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികവ്‌ കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ക്രെസ്‌ജയെ ടീമിലെടുത്തത്‌. പെര്‍ത്ത്‌ തോല്‍വിയെ തുടര്‍ന്ന്‌ മാത്യൂ ഹെയ്‌ഡന്‍, ബ്രെട്ട്‌ ലീ എന്നിവരെല്ലാം സമ്മര്‍ദ്ദത്തിലാണ്‌. ഹെയഡന്‍ സമീപകാലത്തായി വന്‍ പരാജയമാണ്‌.

ലോകപ്പട്ടം തെറിക്കുമോ
പെര്‍ത്ത്‌: നാണക്കേടിന്റെ നടുകയത്തിന്‌ മുന്നിലാണ്‌ ഓസ്‌ട്രേലിയ.... ലോക ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായി വാണ റിക്കി പോണ്ടിംഗും സംഘവും ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരുടെ സ്ഥാനത്ത്‌ നിന്നും തെറിക്കാന്‍ പോവുകയാണ്‌. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ദയനീയ തോല്‍വി രുചിച്ചതോടെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ ഓസീ സംഘം. പരമ്പരയില്‍ ഇനി രണ്ട്‌ ടെസ്‌റ്റുകള്‍ അവശേഷിക്കുന്നുണ്ട്‌. ഈ രണ്ട്‌ മല്‍സരത്തിലും ദക്ഷിണാഫ്രിക്കയാണ്‌ ജയിക്കുന്നതെങ്കില്‍ റാങ്കിംഗിലെ ഒന്നാമന്മാര്‍ ഇനി ഗ്രയീം സ്‌മിത്തിന്റെ സംഘമായിരിക്കും.
സ്വന്തം മണ്ണില്‍ ഇത്ര ദയനീയ തോല്‍വി ഓസ്‌ട്രേലിയക്ക്‌ ഇതാദ്യമാണ്‌. നാലാം ഇന്നിംഗ്‌സില്‍ 414 റണ്‍സാണ്‌ ദക്ഷിണാഫ്രിക്ക ചേസ്‌ ചെയ്‌ത്‌ നേടിയത്‌. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ തന്നെ ഇതിലുമധികം റണ്‍സ്‌ ചേസ്‌ ചെയ്‌ത്‌ നേടിയത്‌ ഒരു തവണ മാത്രമാണ്‌. ഗ്രയീം സ്‌മിത്ത്‌, മാന്‍ ഓഫ്‌ ദ മാച്ച്‌ എബി ഡിവില്ലിയേഴ്‌സ്‌്‌എന്നിവരുടെ സെഞ്ച്വറികളാണ്‌ സന്ദര്‍ശകര്‍ക്ക്‌ തുണയായത്‌.
ഇന്ത്യക്കെതിരായ പരമ്പരയിലെ നാണക്കേട്‌ മറക്കാന്‍ ഓസ്‌ട്രേലിയക്ക്‌ ദുര്‍ബരായ ന്യൂസിലാന്‍ഡിനെ ലഭിച്ചിരുന്നു. ഡാനിയല്‍ വെട്ടോരി നയിച്ച കിവി സംഘത്തില്‍ പ്രമുഖരാരും ഉണ്ടായിരുന്നില്ല. വളരെ അനായാസം ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയെ പോലെ കരുത്തരായ ദക്ഷിണാഫ്രിക്ക വന്നപ്പോള്‍ പോണ്ടിംഗും സംഘത്തിനും വിറച്ചു. ബാറ്റിംഗിനെയാണ്‌ പോണ്ടിംഗ്‌ പഴിക്കുന്നത്‌. പെര്‍ത്തിലെ ബാറ്റിംഗ്‌ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട്‌ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ തന്റെ ടീമിന്‌ കഴിഞ്ഞില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
1992 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയതിന്‌ ശേഷം ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക അവരുടെ നാട്ടില്‍ നേടുന്ന ആദ്യ ടെസ്റ്റ്‌്‌ വിജയം കൂടിയാണിത്‌. മാത്യൂ ഹെയ്‌ഡന്‍ റണ്‍സ്‌ നേടാന്‍ പ്രയാസപ്പെടുന്നതാണ്‌ ഓസ്‌ട്രേലിയക്ക്‌ കനത്ത പ്രഹരമാവുന്നത്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ റണ്‍സിനായി പാടുപ്പെട്ട ഹെയ്‌ഡന്‌ ഇവിടെയും പിഴക്കുകയാണ്‌. ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിയുന്നില്ല. ഹെയ്‌ഡന്‍-ജസ്റ്റിന്‍ ലാംഗര്‍ സഖ്യം സ്വന്തമാക്കാറുളള വന്‍ സ്‌ക്കോറുകളിലായിരുന്നു ഇത്‌ വരെ ടീം മുന്നേറിയത്‌. ലാംഗര്‍ വിരമിച്ച ശേഷം സൈമണ്‍ കാറ്റിച്ചാണ്‌ ഹെയ്‌ഡന്റെ കൂട്ട്‌. കാറ്റിച്ച്‌ ശരാശരി നിലവാരം പുലര്‍ത്തുമ്പോള്‍ ഹെയ്‌ഡന്‍ പരാജയമാവുന്നു. പുതിയ പന്തെടുക്കുന്ന ബ്രെട്ട്‌ ലീക്കും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ തുണക്കാന്‍ കഴിയുന്നില്ല.
ദക്ഷിണാഫ്രിക്കയാവട്ടെ ബാറ്റിംഗ്‌ കരുത്താണ്‌ പ്രകടിപ്പിക്കുന്നത്‌. സ്‌മിത്തും ഡി വില്ലിയേഴ്‌സും ഹാഷിം അ ംലയുമെല്ലാം ഫോമിലാണ്‌. ബൗളര്‍മരായ എന്‍ടിനിയും സ്‌റ്റെനും ടീമിന്‌ നല്ല തുടക്കവും നല്‍കുന്നു.

Saturday, December 20, 2008

AT LAST DRAVID.....

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌
ഗാംഭീര്‍-സി-കുക്ക്‌-ബി-സ്വാന്‍-179, സേവാഗ്‌-സി-പ്രയര്‍-ബി-ബ്രോഡ്‌-0, ദ്രാവിഡ്‌-സി-പനേസര്‍-ബി-സ്വാന്‍-136, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-സ്വാന്‍-11, ലക്ഷ്‌മണ്‍-എല്‍.ബി.ഡബ്ല്യ-ബി-ഫ്‌ളിന്റോഫ്‌-0, യുവരാജ്‌-സി-പ്രയര്‍-ബി-പനേസര്‍-27, ധോണി-സി-സബ്‌-ബി-ആന്‍ഡേഴ്‌സണ്‍-29, ഹര്‍ഭജന്‍-സി-സ്വാന്‍-ബി-പനേസര്‍-24, സഹീര്‍ഖാന്‍-ബി-ഫ്‌ളിന്റോഫ്‌-7, അമിത്‌ മിശ്ര-ബി-ഫ്‌ളിന്റോഫ്‌-23, ഇഷാന്ത്‌-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌ 16, ആകെ 158.2 ഓവറില്‍ 453.
വിക്കറ്റ്‌ പതനം: 1-6 (സേവാഗ്‌), 2-320 (ഗാംഭീര്‍), 3-329 (ദ്രാവിഡ്‌), 4-337 (സച്ചിന്‍), 5-339 (ലക്ഷ്‌മണ്‍), 6-379 (യുവരാജ്‌), 78-418 (ധോണി), 8-418 (ഹര്‍ഭജന്‍), 9-446 (സഹീര്‍), 10-453 (മിശ്ര). ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 32-5-84-1, ബ്രോഡ്‌ 26-9-84-1, ഫ്‌ളിന്റോഫ്‌ 30.2-10-54-3, പനേസര്‍ 23-2-89-2, സ്വാന്‍ 45-11-122-3, കോളിംഗ്‌ വുഡ്‌ 2-0-10-0.

ദ്രാവിഡ്‌ കീ
മൊഹാലി: രണ്ടാം വിക്കറ്റില്‍ ഗൗതം ഗാംഭീര്‍-രാഹുല്‍ ദ്രാവിഡ്‌ സഖ്യം നേടിയ 314 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലും പിടിമുറുക്കി. ഒന്നാം വിക്കറ്റ്‌ സഖ്യം തകര്‍ത്ത ശേഷം ശക്തമായി മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ ഇംഗ്ലണ്ടിനായെങ്കിലും മൂടല്‍മഞ്ഞില്‍ ഇന്നലെയും ഓവറുകള്‍ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യത്തില്‍ ഒരു വിജയം ഇംഗ്ലണ്ടുകാരുടെ സ്വപ്‌നം മാത്രമാവുകയാണ്‌. ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്‌സ്‌ 453 റണ്‍സില്‍ അവസാനിപ്പിച്ച ശേഏഷം ഇംഗ്ലണ്ടിന്‌ ബാറ്റേന്താന്‍ ഒമ്പത്‌ ഓവറുകള്‍ ശേഷിച്ചിരുന്നു. എന്നാല്‍ വെളിച്ചക്കുറവ്‌ കാരണം കളി നിര്‍ത്തിവെക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായി. ആദ്യ ദിവസത്തില്‍ പതിനൊന്ന്‌ ഓവറുകള്‍ മോശം കാലാവസ്ഥയില്‍ നഷ്ടമായിരുന്നു.
ഗാംഭീറിന്റെയും ദ്രാവിഡിന്റെയും ചെറുത്തുനില്‍പ്പില്‍ ഇന്നലെ ആദ്യ സെഷനില്‍ സമ്പൂര്‍ണ്ണ ഇന്ത്യന്‍ ആധിപത്യമായിരുന്നു. ആദ്യ ദിവസം രണ്ടാം ഓവറില്‍ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റ്‌ ലഭിച്ചതിന്‌ ശേഷം ഒരു ഇന്ത്യന്‍ വിക്കറ്റിനായി കാത്തിരിക്കേണ്ടി വന്ന ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പ്രതിരോധ കോട്ട കെട്ടി ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വെല്ലുവിളി ഉയര്‍ത്തി. പക്ഷേ രണ്ടാം സെഷന്‍ മുതല്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ഗ്രയീം സ്വാന്‍ എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട്‌ തിരിച്ചെത്തി. സ്‌ക്കോര്‍ 320 ല്‍ ഗാംഭീര്‍ പുറത്തായതിന്‌ ശേഷം തുടങ്ങിയ വിക്കറ്റ്‌ പതനത്തില്‍ ചെന്നൈ ഹീറോ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ്‌ സിംഗ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരെല്ലാം ഇരകളായി.
11 ഓവറിനിടെ ഇന്ത്യയുടെ വിലപ്പെട്ട നാല്‌ മധ്യനിര വിക്കറ്റുകള്‍ ലഭിച്ചതോടെ ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിന്റെ എല്ലാ ബൗളര്‍മാരും പന്തെറിഞ്ഞു. ദ്രാവിഡിന്റെ ഭദ്രമായ ഇന്നിംഗ്‌സായിരുന്നു രണ്ടാം ദിവസത്തെ സവിശേഷത. 19 ഇന്നിംഗ്‌സുകള്‍ക്കിടെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്‌ ക്ഷമയെന്ന ആയുധം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും പതറാതെ, പന്തുകളെ ബഹുമാനിച്ചുളള ഇന്നിംഗ്‌സില്‍ 328 പന്തുകള്‍ ദ്രാവിഡ്‌ നേരിട്ടു. 19 അതിര്‍ത്തി ഷോട്ടുകള്‍ മാത്രമാണ്‌ ഒന്നര ദിവസം ദീര്‍ഘിച്ച ഇന്നിംഗ്‌സില്‍ അദ്ദേഹം പായിച്ചത്‌. ഗാംഭീര്‍ 348 പന്തുകളെ നേരിട്ട്‌ 179 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. 25 അതിര്‍ത്തി ഷോട്ടുകളും ഒരു സിക്‌സറും ആ ബാറ്റില്‍ നിന്നും പിറന്നു.
ഇന്നലെ രാവിലെ തന്നെ ഇംഗ്ലീഷ്‌ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പുതിയ പന്തെടുത്തിരുന്നു. സീമര്‍മാരായ ആന്‍ഡേഴ്‌സണും ഫ്‌ളിന്റോഫും പന്തിന്റെ തിളക്കം ഉപയോഗപ്പടുത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. പക്ഷേ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ആക്രമിക്കാതെ, പ്രതിരോധത്തിന്റെ ശരിയായ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ വിക്കറ്റുകള്‍ ബൗളര്‍മാര്‍ക്ക്‌ ലഭിച്ചില്ല.
മോണ്ടി പനേസര്‍ രണ്ടാം ദിവസവും പരാജയമായി. സ്വാനാവട്ടെ പിച്ചിനെ ഉപയോഗപ്പെടുത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറെ വിക്കറ്റിന്‌ മുന്നില്‍ തളച്ചാണ്‌ സ്വാന്‍ ആരംഭിച്ചത്‌. രണ്ടാം സെഷനില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ സ്വാനിന്‌ ഫ്‌ളിന്റോഫ്‌ നല്ല പിന്തുണയും നല്‍കി. ഈ ഘട്ടമാണ്‌ ഇന്ത്യക്ക്‌ ആഘാതമായത്‌. 24 പന്തുകള്‍ നേരിട്ട്‌ വി.വി.എസ്‌ ലക്ഷ്‌മണ്‍ പൂജ്യനായതും ധോണി തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങിയതും ഈ ഘട്ടത്തിലായിരുന്നു.

തേര്‍ഡ്‌ ഐ
107.5 ഓവറുകള്‍ വിക്കറ്റ്‌ നഷ്ടമാവാതെ കളിച്ച രാഹുല്‍ ദ്രാവിഡും ഗൗതം ഗാംഭീറും ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ പരമ്പരാഗത ചിഹ്നങ്ങളായ ക്ഷമക്കും പക്വതക്കും പുതിയ പരിവേഷം നല്‍കി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല..... ഏകദിനങ്ങളുടെയും 20-20 ക്രിക്കറ്റിന്റെയും ആധിക്യത്തില്‍ ടെസ്റ്റ്‌ ക്രിക്കറ്റും ആക്രമണോത്സുകതയുടെ വഴിയില്‍ അകപ്പെട്ടിരുന്നു. ക്ഷമിച്ചും സഹിച്ചും കളിക്കാന്‍ താല്‍പ്പര്യമില്ലാത്തവരായി ബാറ്റ്‌സ്‌മാന്മാര്‍ മാറിയ കാഴ്‌്‌ചയാണ്‌ സമീപകാലത്ത്‌ കണ്ടത്‌. മൊഹാലിയില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ്‌ വീണത്‌ മല്‍സരത്തിന്റെ രണ്ടാം ഓവറില്‍ വീരേന്ദര്‍ സേവാഗിന്റെ രൂപത്തിലായിരുന്നു. അതിന്‌ ശേഷം തുടങ്ങിയ സഖ്യത്തിന്‌ അന്ത്യമായത്‌ ഇന്നലെ രണ്ടാം സെഷനിലാണ്‌. അതായത്‌ ഒന്നര ദിവസത്തോളം ഗാംഭീറും ദ്രാവിഡും ബാറ്റ്‌ ചെയ്‌തു.
ഇവരുടെ അതിജീവനം പ്രതികൂല സാഹചര്യങ്ങളിലാണ്‌. പഞ്ചാബിലെ ഡിസംബര്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. മൂടല്‍ മഞ്ഞും തണ്ണുപ്പുമായി സൂര്യനെ ആകാശത്ത്‌ കാണാന്‍ സമയമെടുക്കും. വൈകുന്നേരങ്ങളിലും പ്രശ്‌നങ്ങളുണ്ട്‌. മൂടികെട്ടി നില്‍ക്കുന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്കാവും. ഇന്നലെ ആന്‍ഡേഴ്‌സണും ഫ്‌ളിന്റോഫും സാഹചര്യങ്ങളെ ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടും ഗാംഭീറും ദ്രാവിഡും കുലുങ്ങിയില്ല എന്നതാണ്‌ ഈ സഖ്യത്തിന്റെ സവിശേഷത.
ആദ്യ ദിവസം പതിനൊന്ന്‌ ഓവര്‍ നഷ്ടമായതിനാല്‍ ഇന്നലെ മല്‍സരം പതിവിലും അര മണിക്കൂര്‍ നേരത്തെ തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ മൂടല്‍ മഞ്ഞില്‍ മല്‍സരം വൈകി. സമ്മര്‍ദ്ദങ്ങളുടെ കയത്തില്‍ നിന്നും കരകയറാന്‍ ദ്രാവിഡിന്‌ കഴിഞ്ഞത്‌ രണ്ടാം ദിവസത്തിന്റെ മറ്റൊരു സവിശേഷതയാണ്‌. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരു സെഞ്ച്വറിക്ക്‌ അതിന്റേതായ വിലയുണ്ട്‌. ഏതൊരു ബാറ്റ്‌സ്‌മാനും ആഗ്രഹിക്കുന്ന സെഞ്ച്വറിയിലേക്ക്‌ ദ്രാവിഡ്‌ നീങ്ങിയത്‌ പതര്‍ച്ചകളില്ലാതെയാണ്‌.
ഗാംഭീറും ദ്രാവിഡും പുറത്തായതിന്‌ ശേഷം 11 ഓവറിനിടെ നാല്‌ വിക്കറ്റ്‌ ഇന്ത്യക്ക്‌ നഷ്‌ടമായി. അതിവേഗ ബാറ്റിംഗ്‌ അസാധ്യമായ മൈതാനത്ത്‌ അതിനൊത്ത്‌ സഞ്ചരിക്കാന്‍ സച്ചിനോ ലക്ഷ്‌മണോ യുവരാജോ ശ്രമിച്ചില്ല. പ്രതിരോധ വഴിയിലേക്ക്‌ എല്ലാവരും മാറിയപ്പോള്‍ ഫ്‌ളിന്റോഫിലെ അനുഭവസമ്പന്നന്‍ പെട്ടെന്ന്‌ കാര്യങ്ങള്‍ ഗ്രഹിച്ചു. മോണ്ടി പനേസര്‍ ഗൃഹപാഠം ചെയ്യാത്ത സ്‌പിന്നറാണ്‌. ഗ്രയീം സ്വാന്‍ പ്രകടിപ്പിക്കുന്ന ആക്രമണവീര്യം പോലും പനേസറിനില്ല.
ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട്‌ പരമ്പരയില്‍ പിറകില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന്‌ മൊഹാലിയില്‍ അല്‍ഭുതങ്ങള്‍ കാണിക്കാനുളള സമയമില്ല. രണ്ട്‌ ദിവസം ബാറ്റ്‌ ചെയ്‌താല്‍ മാത്രമാണ്‌ ഇന്ത്യന്‍ സ്‌ക്കോര്‍ പിന്നിടാന്‍ കഴിയുക. പിന്നെയൊരു വിജയം പീറ്റേഴ്‌സന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടാവില്ല.

ഡെംപോ-ബഗാന്‍
കൊല്‍ക്കത്ത: സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരുടെ ബലാബലം. മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കാന്‍ ഐ ലീഗ്‌ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ കൊല്‍ക്കത്താ അജയ്യരായ മോഹന്‍ബഗാനുമായി കളിക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട്‌ അഞ്ചിനാണ്‌ കലാശപ്പോരാട്ടം. സി സ്‌പോര്‍ട്‌സ്‌, ടെന്‍ സ്‌പോര്‍ട്‌സ്‌ ചാനലുകളില്‍ തല്‍സമയം. ഏ.എഫ്‌.സി ചാമ്പ്യന്‍സ്‌ ലീഗില്‍ സെമി ഫൈനല്‍ വരെ കളിച്ചവരായ ഡെംപോക്കാണ്‌ മല്‍സരത്തില്‍ വ്യക്തമായ മുന്‍ത്തൂക്കം. പക്ഷേ സ്വന്തം മൈതാനത്ത്‌, സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കളിക്കാനാവുന്ന ആത്മവിശ്വാസം ബഗാനുണ്ട്‌.

ലോക ക്ലബ്‌ കിരീടത്തിന്‌ യൂറോപ്പും ലാറ്റിനമേരിക്കയും
ഒസാക്ക: ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്നത്തെ ഫൈനല്‍ അങ്കം രണ്ട്‌ വന്‍കരകള്‍ തമ്മില്‍. ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ലാറ്റിനമേരിക്കക്കാരും ഫുട്‌ബോളെന്നാല്‍ എല്ലാ മറക്കുന്ന യൂറോപ്പുകാരുമാണ്‌ ഏഷ്യന്‍ മണ്ണില്‍ ആധിപത്യത്തിനായി മാറ്റുരക്കുന്നത്‌. ലാറ്റിനമേരിക്കയെ പ്രതിനിധീകരിക്കുന്നത്‌ കോപ്പ ലിബര്‍ട്ടഡോറസ്‌ ജേതാക്കളായ ഇക്വഡോറില്‍ നിന്നുളള ചാമ്പ്യന്‍ ക്ലബായ ലീഗ ഡി ക്വിറ്റോ. യൂറോപ്പിലെ ചാമ്പ്യന്മാര്‍ക്കുളള യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്‌ യൂറോപ്പിന്റെ പ്രതിനിധികള്‍. താരബലത്തില്‍ മാഞ്ചസ്റ്ററിനാണ്‌ മുന്‍ത്തൂക്കം. റൂണിയും കൃസ്റ്റിയാനോയും ഷോള്‍സും ഗിഗ്‌സുമെല്ലാം ഫെര്‍ഗൂസന്റെ സംഘത്തിലുണ്ട്‌.

സ്‌മിത്തിന്‌ സെഞ്ച്വറി
ഇന്ന്‌ ആവേശദിനം
പെര്‍ത്ത്‌: 90 ഓവറുകളും ഏഴ്‌ വിക്കറ്റും ബാക്കി-ഇന്ന്‌ വാക്കയില്‍ ദക്ഷിണാഫ്രിക്കക്ക്‌ ജയിക്കാന്‍ 187 റണ്‍സ്‌....
ലോക ക്രിക്കറ്റിലെ രണ്ട്‌ കരുത്തര്‍ തമ്മിലുളള ആദ്യ ടെസ്‌റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുന്നു. വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 414 റണ്‍സ്‌ ആവശ്യമായ സന്ദര്‍ശകര്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ മൂന്ന്‌ വിക്കറ്റിന്‌ 227 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ജാക്‌ കാലിസ്‌ ഉള്‍പ്പെടെ പ്രമുഖര്‍ കളിക്കാനിരിക്കെ ദക്ഷിണാഫ്രിക്കക്ക്‌ വ്യക്തമായ വിജയ സാധ്യതകളുണ്ട്‌. 13 ബൗണ്ടറികളുമായി 103 റണ്‍സ്‌ നേടിയ സ്‌മിത്ത്‌ ഇന്നലെ അവസാന സെഷനില്‍ പുറത്തായത്‌ മാത്രമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ തിരിച്ചടിയായത്‌. നേരത്തെ ഓസീസ്‌ രണ്ടാം ഇന്നിംഗ്‌സ്‌ 319 റണ്‍സില്‍ അവസാനിച്ചിരുന്നു. 94 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ ടോപ്‌ സ്‌്‌ക്കോററായി. മുന്‍നിരയുടെയും മധ്യനിരയുടെയും തകര്‍ച്ചയില്‍ തളര്‍ന്ന ഓസീസിന്‌ വാലറ്റത്ത്‌ ഹാദ്ദിനും ക്രെസ്‌ജയുമാണ്‌ തുണയായത്‌. ഏഴ്‌ വിക്കറ്റിന്‌ 228 റണ്‍സ്‌ എന്ന നിലയില്‍ ടീം തളുമ്പോള്‍ ഒത്തുചേര്‍ന്ന ഇരുവരും 91 റണ്‍സാണ്‌ എട്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്‌.
414 റണ്‍സെന്ന എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയിലായിരുന്നു. സ്‌ക്കോര്‍ ബോര്‍ഡില്‍ 19 റണ്‍സുളളപ്പോള്‍ നീല്‍ മക്കന്‍സി പുറത്തായി. പക്ഷേ ഹാംഷിം അംലക്കൊപ്പം സ്‌മിത്ത്‌ പ്രതിരോധ ക്രിക്കറ്റിന്റെ ശക്തമായ ആയുധമെടുത്തു. 112 പന്തില്‍ നിന്ന്‌ 53 റണ്‍സുമായി അംല പുറത്താവുമ്പോള്‍ സ്‌്‌ക്കോര്‍ 172 ല്‍ എത്തിയിരുന്നു. ദിവസത്തിന്റെ അവസാനത്തില്‍ സ്‌മിത്തിനെ നഷ്ടമായതാണ്‌ സന്ദര്‍ശകര്‍ക്ക്‌ വലിയ തിരിച്ചടിയായത്‌. ആദ്യ ഇന്നിംഗ്‌സിസില്‍ എട്ട്‌ വിക്കറ്റ്‌ നേടിയ മിച്ചല്‍ ജോണ്‍സണാണ്‌ ഇന്നലെ രണ്ട്‌ വിക്കറ്റ്‌ നേടിയത്‌. ക്രിസില്‍ 33 റണ്‍സുമായി കാലിസും 11 റണ്‍സുമായി ഡി വില്ലിയേഴ്‌സുമാണുളളത്‌. ഡുമിനി, വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍, മോണ്ടി മോര്‍ക്കല്‍ എന്നിവര്‍ വരാനുണ്ട്‌.

കിവീസ്‌ പൊരുതുന്നു
നേപ്പിയര്‍: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ബാറ്റ്‌സ്‌മാന്മാരുടെ കരുത്തില്‍ ന്യൂസിലാന്‍ഡ്‌്‌ പൊരുതുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌്‌ക്കോറായ 307 റണ്‍സിന്‌ മറുപടിയായി ആതിഥേയര്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 145 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ശിവനാരായണ്‍ ചന്ദര്‍പോള്‍ പുറത്താവാതെ നേടിയ 126 റണ്‍സാണ്‌ വിന്‍ഡീസിനു കരുത്തായത്‌. 75 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ നേടിയ ഇയാന്‍ ഒബ്രൈനാണ്‌ കിവി ബൗളിംഗ്‌ നിരയില്‍ അന്തകനായത്‌.

Friday, December 19, 2008

INDIAN DRIVING

ഇന്ത്യ ഡ്രൈവിംഗ്‌ സീറ്റില്‍
മൊഹാലി: റണ്‍സ്‌ ദാരിദ്ര്യം നേരിട്ട മൊഹാലിയിലെ പി.സി.എ സ്‌റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം പിരിയുമ്പോള്‍ ഇന്ത്യ വിരേന്ദര്‍ സേവാഗിന്റെ (0) നഷ്ടത്തില്‍ 179 റണ്‍സ്‌ സ്വന്തമാക്കി. സെഞ്ച്വറിയുമായി ഓപ്പണര്‍ ഗൗതം ഗാംഭീറും (106), കഴിഞ്ഞ പത്ത്‌ ഇന്നിംഗ്‌സിലെ ആദ്യ അര്‍ദ്ധശതകവുമായി രാഹുല്‍ ദ്രാവിഡും ക്രീസില്‍. വെളിച്ചക്കുറവ്‌ കാരണം നേരത്തെ നിര്‍ത്തിയ മല്‍സരത്തിന്‌ ആവേശം പകരാന്‍ ഇംഗ്ലീഷ്‌്‌ ബൗളര്‍മാര്‍ക്കോ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കോ കഴിയാതെ വന്നപ്പോള്‍ മല്‍സരം കാണാനെത്തിയവര്‍ക്ക്‌ ലഭിച്ചത്‌ വിരസതയാണ്‌. ക്രിസ്‌ ബ്രോഡ്‌ എന്ന യുവസീമര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അക്കൗണ്ട്‌ തുറക്കാനാവാതെ വീരേന്ദര്‍ സേവാഗ്‌ പുറത്തായപ്പോള്‍ പി.സി.എ പിച്ചിലെ ആനുകൂല്യങ്ങള്‍ ഇംഗ്ലണ്ട്‌ ഉപയോഗപ്പെടുത്തുമെന്നാണ്‌ കരുതിയത്‌. പക്ഷേ തപ്പിതടയുന്ന രാഹുല്‍ ദ്രാവിഡും സമീപകാലത്തായി മികച്ച ഇന്നിംഗ്‌സുകളിലുടെ സല്‍പ്പേര്‌ നിലനിര്‍ത്തുന്ന ഗാംഭീറും ചേര്‍ന്ന്‌ ടീമിനെ പതുക്കെയാണെങ്കിലും മുന്നോട്ട്‌ നയിച്ചു.
ഭാഗ്യവാനായിരുന്നു ഡല്‍ഹിക്കാരനായ ഗാംഭീര്‍. 70 ല്‍ നില്‍ക്കവെ ഗ്രയീം സ്വാനിന്റെ പന്തില്‍ ഉയര്‍ന്ന ക്യാച്ച പോള്‍ കോളിംഗ്‌വുഡ്‌ നിലത്തിട്ടതിന്‌ പിറകെ ദ്രാവിഡ്‌ ശക്തമായ എല്‍.ബി അപ്പീലില്‍ നിന്ന്‌ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പറുടെ കാരുണ്യത്തില്‍ രക്ഷപ്പെടുകയും ചെയ്‌തു.
173 റണ്‍സാണ്‌ രണ്ടാം വിക്കറ്റില്‍ ഇതിനകം ദ്രാവിഡും ഗാംഭീറും നേടിയത്‌. ടോസ്‌ ഭാഗ്യം ധോണിക്കായിരുന്നു. പി.സി.എ യില്‍ മികച്ച വിജയ റെക്കോര്‍ഡ്‌ ഉളളതിനാല്‍ ആദ്യം ബാറ്റിംഗ്‌ തെരഞ്ഞെടുക്കാന്‍ ധോണിക്ക്‌ സംശയിക്കേണ്ടി വന്നില്ല. ഇന്ത്യന്‍ ടീമില്‍ മാറ്റം പ്രതീക്ഷിച്ചുവെങ്കിലും ദ്രാവിഡിനെ നിലനിര്‍ത്താനാണ്‌ അന്തിമനിമിഷത്തില്‍ ധോണി തീരുമാനിച്ചത്‌. ഇംഗ്ലീഷ്‌ നിരയില്‍ സ്‌റ്റീവന്‍ ഹാര്‍മിസണ്‌ പകരം ബ്രോഡ്‌ ഇറങ്ങി. തുടക്കത്തില്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ നല്ല പിന്തുണ പിച്ചില്‍ നിന്ന്‌ ലഭിച്ചു. ആന്‍ഡേഴ്‌സണും ബ്രോഡും മോഹിപ്പിക്കുന്ന ഔട്ട്‌ സൈഡ്‌ ഡെലിവറികളുമായി സേവാഗിന്റെ രക്തത്തിനായി മുറവിളികൂട്ടി. പ്രിയപ്പെട്ട മൈതാനത്ത്‌ നല്ല തുടക്കമായിരുന്നു സേവാഗ്‌ ആഗ്രഹിച്ചത്‌. 2001-02 സീസണില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഇതേ വേദിയില്‍ പത്ത്‌ വിക്കറ്റിനും 2005-06 സീസണില്‍ ഒമ്പത്‌ വിക്കറ്റിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഈ മല്‍സരങ്ങളില്‍ വീരുവിന്‌ സംഭാവന നല്‍കാന്‍ കഴിഞ്ഞിരുന്നു. രണ്ട്‌ മാസം മുമ്പ്‌ ഓസ്‌ട്രേലിയയെ ഇന്ത്യ ഇവിടെ തോല്‍പ്പിക്കുമ്പോഴും വീരു കരുത്തനായി നില കൊണ്ടിരുന്നു.
ആന്‍ഡേഴ്‌സണും ബ്രോഡും നല്‍കിയ പന്തുകള്‍ക്ക്‌ മുന്നില്‍ മന:സാന്നിദ്ധ്യത്തോടെ പിടിച്ചുനില്‍ക്കാന്‍ സേവാഗിന്‌ കഴിയില്ലെന്നുറപ്പായിരുന്നു. ഓഫ്‌ സ്‌റ്റംമ്പിന്‌ പുറത്ത്‌ ബ്രോഡ്‌ പായിച്ച രണ്ട്‌ പന്തുകള്‍ സേവാഗിന്റെ ബാറ്റിനെ തൊട്ടു, തൊട്ടില്ല എന്ന മട്ടില്‍ പറന്നു. അടുത്ത പന്തില്‍ സേവാഗ്‌ ബാറ്റ്‌ വെച്ചതും വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയര്‍ അവസരം ഉപയോഗപ്പെടുത്തി.
ചെന്നൈ ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ പരാജയം സമ്മാനിച്ചത്‌ സേവാഗിന്റെ ഇന്നിംഗ്‌സായിരുന്നു. ആ വിലപ്പെട്ട വിക്കറ്റ്‌ ലഭിച്ചതോടെ പീറ്റേഴ്‌സണും ആവേശഭരിതനായി. സേവാഗിന്‌ പകരം ഫോമില്ലല്ലാത്ത ദ്രാവിഡാണ്‌ വന്നത്‌. ബ്രോഡിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ ഒരു തവണ വ്യക്തമായി കുരുങ്ങിയ ദ്രാവിഡിനെ തുണക്കാന്‍ ഹാര്‍പ്പറുണ്ടായിരുന്നു. മറ്റൊരു തവണ ബ്രോഡിന്റെ ബൗളിംഗില്‍ ബാറ്റില്‍ തട്ടിയ പന്ത്‌ ഫീല്‍ഡറുടെ തൊട്ട്‌ മുന്നില്‍ വീണപ്പോള്‍ ഭാഗ്യം ദ്രാവിഡിനൊപ്പമാണെന്ന്‌ വ്യക്തമായി.
ദ്രാവിഡിനെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കാന്‍ പീറ്റേഴ്‌സണ്‍ തന്റെ പ്രധാന സ്‌പിന്നര്‍ മോണ്ടി പനേസറെ നേരത്തെ രംഗത്തിറക്കിയെങ്കിലും ഫലമുണ്ടായില്ല. പനേസറെക്കാള്‍ പന്തിനെ അപകടകരമായി നല്‍കിയത്‌ സ്വാനായിരുന്നു. ലഞ്ചിന്‌ പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 51 റണ്‍സായിരുന്നു.
രണ്ടാം സെഷനിലാണ്‌ ഗാംഭീര്‍ അര്‍ദ്ധശതകം നേടിയത്‌. സ്വാനിനെ കണ്ടപ്പോള്‍ ഗാംഭീര്‍ പലവട്ടം ക്രിസ്‌ വിട്ടു. പക്ഷേ കൂറ്റനടികള്‍ പോലും അതിര്‍ത്തി കടന്നില്ല. ഏത്‌ വിധേനയും പിടിച്ചുനില്‍ക്കുകയായിരുന്നു ദ്രാവിഡിന്റെ അജണ്ട. ഇത്‌ തകര്‍ക്കാന്‍ ഇംഗ്ലണ്ടിനായതുമില്ല.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-106, സേവാഗ്‌-സി-പ്രയര്‍-ബി-ബ്രോഡ്‌-0, ദ്രാവിഡ്‌ -നോട്ടൗട്ട്‌-65, എക്‌സ്‌ട്രാസ്‌ -8, ആകെ 72 ഓവറില്‍ ഒരു വിക്കറ്റിന്‌ 179.
വിക്കറ്റ്‌ പതനം: 1-6 (സേവാഗ്‌). ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 15-3-29-0, ബ്രോഡ്‌ 16-7-45-1, ഫ്‌ളിന്റോഫ്‌ 13-2-31-0, പനേസര്‍ 13-2-41-0, സ്വാന്‍ 15-4-30-0

തേര്‍ഡ്‌ ഐ
ഇംഗ്ലണ്ടിന്‌ സ്വയം പഴിക്കാം... ടോസ്‌ നഷ്ടമായിട്ടും ക്രിസ്‌ ബ്രോഡ്‌ നല്‍കിയ തകര്‍പ്പന്‍ തുടക്കം ഉപയോഗപ്പെടുത്തുന്നതില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പരാജയപ്പെട്ടു. വീരേന്ദര്‍ സേവാഗ്‌ എന്ന അപകടകാരിയുടെ വിക്കറ്റ്‌ തുടക്കത്തില്‍ തന്നെ ലഭിച്ചതിന്‌ ശേഷം ക്രീസിലെത്തിയത്‌ രാഹുല്‍ ദ്രാവിഡ്‌ എന്ന അതിസമ്മര്‍ദ്ദക്കാരനായിരുന്നു. ഈ രണ്ട്‌ ആനുകൂല ഘടകങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ശരിക്കും ഇന്ത്യയെ പിന്‍പാദത്തിലാക്കാന്‍ ഇംഗ്ലണ്ടിന്‌ കഴിയുമായിരുന്നു.
ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയിലെ ഇംഗ്ലീഷ്‌ നോട്ടപ്പുളളി സേവാഗാണെന്ന കാര്യത്തില്‍ സംശയമില്ല. ചെപ്പോക്കിലെ ഒന്നാം ടെസ്‌റ്റ്‌ ഇംഗ്ലണ്ടില്‍ നിന്നും തട്ടിപ്പറിച്ചത്‌ സേവാഗായിരുന്നു. മല്‍സരത്തിന്റെ നാലാം ദിവസം സേവാഗ്‌ നടത്തിയ മിന്നല്‍ ഇന്നിംഗ്‌സിലാണ്‌ ഇന്ത്യ ആറ്‌ വിക്കറ്റ്‌ വിജയം വരിച്ചത്‌. ആ ബാറ്റ്‌സ്‌മാനെ ഇംഗ്ലണ്ടിന്‌ ഇവിടെ ലഭിച്ചത്‌ പൂജ്യത്തിനായിരുന്നു. ക്രിസ്‌ ബ്രോഡിന്റെ മോഹിപ്പിക്കുന്ന പന്തിന്‌ മുന്നില്‍ ക്ഷമയോടെ കളിക്കാന്‍ സേവാഗിന്‌ കഴിയുമായിരുന്നില്ല. രണ്ടാം ഓവറിലാണ്‌ സേവാഗ്‌ മടങ്ങിയത്‌. തുടര്‍ന്ന്‌ വന്ന ദ്രാവിഡിനെ തന്ത്രപരമായി നേരിടുന്നതിന്‌ പകരം പതിവ്‌ ശൈലിയാണ്‌ പീറ്റേഴ്‌സണ്‍ അവലംബിച്ചത്‌.
ദ്രാവിഡിന്റെ മനോനില മനസ്സിലാക്കി ബൗളര്‍മാരെ ഉപയോഗപ്പെടുത്തണമായിരുന്നു. മൂന്നാം നമ്പറില്‍ ദ്രാവിഡിനെ അയക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ രണ്ടഭിപ്രായമുണ്ടായിരുന്നു. ദ്രാവിഡ്‌ ഫോമില്ലല്ലാത്തതിനാല്‍ മൂന്നാം നമ്പറില്‍ വി.വി.എസ്‌ ലക്ഷ്‌മണ്‍ വരുമെന്നാണ്‌ കരുതപ്പെട്ടത്‌. ഇന്ത്യന്‍ ക്യാമ്പിലെ ഈ സമ്മര്‍ദ്ദം റണ്‍നിരക്കിനെ ബാധിച്ചുവെങ്കിലും പുതിയ പന്തിന്റെ മിനുസം കളയാന്‍ ദ്രാവിഡിനും ഗാംഭീറിനുമായി.
ദ്രാവിഡിന്റെ അവസ്ഥ മനസ്സിലാക്കിയാണ്‌ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പര്‍ ചില തീരുമാനങ്ങളെടുത്തത്‌ എന്ന്‌ ഇംഗ്ലണ്ടുകാര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. രണ്ട്‌ തവണയാണ്‌ ശക്തമായ അപ്പീലില്‍ നിന്നും ദ്രാവിഡ്‌ രക്ഷപ്പെട്ടത്‌. പതുക്കെ നിലയുറപ്പിച്ച ദ്രാവിഡ്‌ ദീര്‍ഘകാലത്തിന്‌ ശേഷം പന്തിനെ റീഡ്‌ ചെയ്യുന്നതില്‍ വിജയിച്ചു. അനാവശ്യ തിടുക്കം അദ്ദേഹം കാട്ടിയില്ല. പന്തിനെ അതിന്റെ മെറിറ്റില്‍ സ്വീകരിച്ചു. മോണ്ടി പനേസര്‍ എന്ന ദുര്‍ബല ഇംഗ്ലീഷ്‌ ഘടകവും ദ്രാവിഡിനെ തുണച്ചു.
ക്രിസ്‌ ബ്രോഡ്‌ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പീറ്റേഴ്‌സണ്‍ തഴഞ്ഞത്‌ അനുഭവ സമ്പന്നനായ ഹാര്‍മിസണെയായിരുന്നു. പേസര്‍മാരെ തുണക്കുന്ന ഒരു ട്രാക്കില്‍ ഹാര്‍മിസണെ പോലെ അനുഭവസമ്പന്നനായ ഒരു സീമറെ തഴഞ്ഞ്‌ രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ അവസരം നല്‍കിയതിലെ സാംഗത്യം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. മോണ്ടി പനേസര്‍ എന്ന സ്‌പിന്നര്‍ ആദ്യ ടെസ്റ്റിലെന്ന പോലെ രണ്ടാം ടെസ്‌റ്റിലും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വെല്ലുവിളിയേ ആയില്ല. ഗ്രയിം സ്വാനായിരുന്നു സ്‌പിന്നര്‍മാരില്‍ തമ്മില്‍ ഭേദം. സ്വാന്‍ രണ്ട്‌ തവണ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിച്ചിരുന്നു. രണ്ട്‌ ഘട്ടത്തിലും ഫീല്‍ഡര്‍മാര്‍ ബൗളര്‍ക്കൊപ്പം നിന്നില്ല.
ഇന്ന്‌ മല്‍സരത്തിന്റെ രണ്ടാം ദിവസം നിലയുറപ്പിക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുക. വലിയ ബാറ്റിംഗ്‌ നിര വരാനുണ്ട്‌. ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌ക്കോര്‍ സമ്പാദിക്കാനായാല്‍ ഇംഗ്ലണ്ടിനെ വെളളം കുടിപ്പിക്കാന്‍ എളുപ്പം കഴിയും.

പാക്കിസ്‌താനിലേക്ക്‌ ലങ്ക
ലാഹോര്‍: ഇന്ത്യയുടെ അവസാന നിമിഷ പിന്മാറ്റത്തിലൂടെ ഗതിയില്ലാ കയത്തില്‍ വീണുപോയ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനെ രക്ഷിക്കാന്‍ ശ്രീലങ്ക. ഇന്ത്യക്ക്‌ പകരം പാക്കിസ്‌താനില്‍ പര്യടനം നടത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സമ്മതിച്ചു. ഇപ്പോള്‍ ബംഗ്ലാദേശിലുളള ശ്രീലങ്ക ജനുവരി അവസാനത്തോടെ പാക്കിസ്‌താനിലെത്തും. മൂന്ന്‌ ടെസ്‌റ്റും മൂന്ന്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവും ലങ്ക കളിക്കും.
മുംബൈ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്നും പിന്മാറുമെന്ന്‌്‌ നേരത്തെ തന്നെ ഉറപ്പുണ്ടായിരുന്നതിനാല്‍ പാക്കിസ്‌താനെ സഹായിക്കാമെന്ന്‌ ലങ്കന്‍ ബോര്‍ഡിനെ നയിക്കുന്ന അര്‍ജന രണതുംഗെ പറഞ്ഞിരുന്നു.
പുതിയ ഷെഡ്യൂള്‍ പ്രകാരം ബംഗ്ലാദേശില്‍ നിന്നും ലങ്കന്‍ ടീം നേരെ കറാച്ചിയിലെത്തും. ബംഗ്ലാദേശില്‍ രണ്ട്‌ ടെസ്റ്റും ഒരു ഏകദിന പരമ്പരയുമാണ്‌ ലങ്ക കളിക്കുന്നത്‌. ജനുവരി 19 ന്‌ ലങ്കന്‍ ടീം കറാച്ചയിലെത്തും. അവിടെയാണ്‌ 20-20 മല്‍സരം കളിക്കുന്നത്‌. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരവും അവിടെ തന്നെയായിരിക്കും. ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന രണ്ട്‌ മല്‍സരങ്ങള്‍ ലാഹോറില്‍ നടക്കും. ഒന്നാം ടെസ്‌റ്റും ഇവിടെ തന്നെയായിരിക്കും. മുള്‍ത്താനിലായിരിക്കും രണ്ടാം ടെസ്‌റ്റ്‌. അവസാന ടെസ്‌റ്റിനായി ലങ്കന്‍ ടീം കറാച്ചിയില്‍ തിരിച്ചെത്തും. ഇവിടെ നിന്നും നാട്ടിലേക്ക്‌ മടങ്ങും.

ഐ.പി.എല്‍
പാക്കിസ്‌താന്‍ പിന്മാറിയേക്കും
ലാഹോര്‍: പാക്കിസ്‌താന്‍ പര്യടനത്തില്‍ നിന്നും ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിച്ചേക്കില്ല. ഐ.പി.എല്ലില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്താന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ യോഗം വിളിച്ചിട്ടുണ്ട്‌. ഇന്ത്യ തങ്ങളുമായി നിസ്സഹകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടത്തുന്ന ഒരു ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമോ എന്ന ചോദ്യമാണ്‌ പാക്‌ ക്രിക്കറ്റിലെ ഉന്നതര്‍ ഉയര്‍ത്തുന്നത്‌. ഐ.പി.എല്ലിന്റെ പ്രഥമ പതിപ്പില്‍ ഷുഹൈബ്‌ അക്തര്‍, മുഹമ്മദ്‌ ആസിഫ്‌, ഷാഹിദ്‌ അഫ്രീദി, തന്‍വീര്‍ സുഹൈല്‍, കമറാന്‍ അക്‌മല്‍, യൂനസ്‌ഖാന്‍ തുടങ്ങിയ താരങ്ങള്‍ കളിച്ചിരുന്നു.

ചന്ദര്‍പോള്‍ രക്ഷകനായി
നേപ്പിയര്‍: വെറ്ററന്‍ ബാറ്റ്‌സ്‌മാന്‍ ശിവനാരായണ്‍ ചന്ദര്‍പോളിന്റെ തകര്‍പ്പന്‍ സെഞ്ച്‌്വറിയില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം വിന്‍ഡീസ്‌ ആറ്‌ വിക്കറ്റിന്‌ 258 റണ്‍സ്‌ സ്വന്തമാക്കി. കന്നിക്കാരനായ താരം ബ്രെന്‍ഡന്‍ നാഷ്‌ (74) ചന്ദര്‍പോളിന്‌ ഉറച്ച പിന്തുണ നല്‍കി. ടോസ്‌ നേടിയ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ ബാറ്റിംഗിന്‌ തീരുമാനിക്കുകയായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ ഗെയില്‍ 34 റണ്‍സ്‌ നേടിയ പുറത്തായതിന്‌ ശേഷം മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നിലം പതിച്ചു. സര്‍വന്‍,സേവ്യര്‍ മാര്‍ഷല്‍, ജെസി റൈഡര്‍ എന്നിവരാണ്‌ പെട്ടെന്ന്‌ മടങ്ങിയത്‌. പക്ഷേ ചന്ദര്‍പോളും നാഷും ഒത്തുചേര്‍ന്നതോടെ കിവി പ്രതീക്ഷകള്‍ക്ക്‌ തിരിച്ചടിയേറ്റു.

ആവേശകരമായ അന്ത്യത്തിലേക്ക്‌്‌
പെര്‍ത്ത്‌: ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുളള ഒന്നാം ടെസ്‌റ്റ്‌ ആവേശകരമാവുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ്‌ 281 റണ്‍സില്‍ അവസാനപ്പിച്ച ഓസ്‌ട്രേലിയക്ക്‌ രണ്ടാം ഇന്നിംഗ്‌സില്‍ അപ്രതീക്ഷിത തിരിച്ചടിയേറ്റു. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ്‌ വിക്കറ്റിന്‌ 224 റണ്‍സ്‌ എന്ന നിലയിലാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ 375 റണ്‍സ്‌ സ്വന്തമാക്കിയ ഓസ്‌ട്രേലിയക്ക്‌ ആകെയിപ്പോള്‍ 318 റണ്‍സിന്റെ ലീഡുണ്ട്‌.
വാലറ്റക്കാരായ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍, ജാസോണ്‍ ക്രെസ്‌ജ എന്നിവരുടെ ചെറുത്തുനില്‍പ്പാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ തുണച്ചത്‌. ഒരു ഘട്ടത്തില്‍ മുന്‍നിരയിലെ ഏഴ്‌ പേരെയും നഷ്ടമായി 162 റണ്‍സ്‌ എന്ന നിലയിലായിരുന്നു അവര്‍. ഒന്നാം ഇന്നിംഗ്‌സിലെന്ന പോലെ രണ്ടാം ഇന്നിംഗ്‌സിലും മാത്യൂ ഹെയ്‌ഡന്‍ നാല്‌ റണ്‍സുമായി പെട്ടെന്ന്‌ മടങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ ചെറുത്തുനില്‍പ്പ്‌ നടത്തിയ സൈമണ്‍ കാറ്റിച്ച്‌ 37 റണ്‍സ്‌ സമ്പാദിച്ചു. കാലിസിന്റെ പന്തില്‍ കാറ്റിച്ച്‌ പുറത്തായതിന്‌ പിറകെ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും ചെറുത്തുനില്‍പ്പിനാവാതെ തിരിഞ്ഞു നടന്നു.
മൈക്കല്‍ ക്ലാര്‍ക്കും ആന്‍ഡ്ര്യൂ സൈമണ്ട്‌സും തമ്മിലുളള സഖ്യം അല്‍പ്പസമയം പിടിച്ചുനിന്നു. ക്ലാര്‍ക്കിനെ (25) സ്റ്റെനും സൈമണ്ട്‌സിനെ (37) ഹാരിസും പുറത്താക്കിയപ്പോള്‍ ബ്രെട്ട്‌ ലീയെ കേവലം അഞ്ച്‌ റണ്ണിന്‌ കാലിസ്‌ പുറത്താക്കി. ഇവിടെ നിന്നുമാണ്‌ ഹാദ്ദിനും ക്രെസ്‌ജയും രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. ഹാദ്ദിന്‍ പുറത്താവാതെ 39 റണ്‍സ്‌ ഇതിനകം നേടിയിട്ടുണ്ട്‌. 48 പന്തില്‍ നിന്ന്‌്‌ 28 റണ്‍സുമായി ക്രെസ്‌ജ ഉറച്ച പിന്തുണയും നല്‍കുന്നു.
രാവിലെ മിച്ചല്‍ ജോണ്‍സണ്‍ ഇന്നിംഗ്‌സിലെ തന്റെ എട്ടാം വിക്കറ്റുമായി സ്‌റ്റെനെ പുറത്താക്കിയപ്പോള്‍ പൊരുതാന്‍ ശ്രമിച്ച മാര്‍ക്ക്‌ ബൗച്ചറെ പീറ്റര്‍ സിഡില്‍ പുറത്താക്കി.

ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ നാളെ
കൊല്‍ക്കത്ത: മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നാളെ ഗോവ-കൊല്‍ക്കത്ത പോരാട്ടം. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ബൈജൂംഗ്‌ ബൂട്ടിയ നയിക്കുന്ന കൊല്‍ക്കത്താ മോഹന്‍ ബഗാന്‍ റാന്‍ഡി മാര്‍ട്ടിനസിന്റെ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ എതിരിടും. ഷൂട്ടൗട്ടിലേക്ക്‌ ദീര്‍ഘിച്ച രണ്ടാം സെമിയില്‍ പാരമ്പര്യ വൈരിയായ ഈസ്റ്റ്‌ ബംഗാളിനെ 3-5ന്‌ പരാജയപ്പെടുത്തിയാണ്‌ ബഗാന്‍ കലാശപ്പോരാട്ടത്തിന്‌ ടിക്കറ്റ്‌ നേടിയത്‌. 120 മിനുട്ട്‌ പോരാട്ടം സമനിലയില്‍ കലാശിച്ചപ്പോഴാണ്‌ ഷൂട്ടൗട്ടിനെ ആശ്രയിച്ചത്‌. നിര്‍ണ്ണായകമായ അവസാന പെനാല്‍ട്ടി കിക്ക്‌ പാഴാക്കിയ ഈസ്റ്റ്‌ ബംഗാള്‍ സൂപ്പര്‍ താരം സുനില്‍ ചേത്രിയാണ്‌ മല്‍സരത്തിലെ വില്ലനായത്‌.

പ്രീമിയര്‍ ലീഗ്‌ ഇന്നത്തെ മല്‍സരങ്ങള്‍: ബ്ലാക്‌ബര്‍ണ്‍-സ്റ്റോക്‌ സിറ്റി, ബോള്‍ട്ടണ്‍-പോര്‍ട്‌സ്‌മൗത്ത്‌, ഫുള്‍ഹാം-മിഡില്‍സ്‌ബോറോ, ഹള്‍-സുതര്‍ലാന്‍ഡ്‌, വെസ്‌റ്റ്‌ ഹാം-ആസ്‌റ്റണ്‍ വില്ല

യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ അങ്കങ്ങള്‍
നിയോണ്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ കരുത്തര്‍ തമ്മില്‍ ബലാബലം. ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെയാണ്‌ പ്രി ക്വാര്‍ട്ടര്‍ പ്രതിയോഗികളെ നിശ്ചയിച്ചത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന ചെല്‍സിക്ക്‌ മുന്നില്‍ വരുന്നത്‌ ഇറ്റാലിയന്‍ കരുത്തരായ യുവന്തസാണ്‌. സ്‌പാനിഷ്‌ ലീഗില്‍ തപ്പിതടയുന്ന റയല്‍ മാഡ്രിഡിന്റെ പ്രതിയോഗികള്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളാണ്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എതിരാളികള്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനാണ്‌. ബാഴ്‌സിലോണക്കും ശക്തരായ എതിരാളികളെയാണ്‌ ലഭിച്ചത്‌്‌-ഫ്രഞ്ച്‌ ജേതാക്കളായ ലിയോണ്‍. ആഴ്‌സനലിന്റെ കരുത്തിനെ ചോദ്യം ചെയ്യാന്‍ ഫ്രാന്‍സിസ്‌ക്കോ ടോട്ടിയുടെ റോമയുണ്ട്‌. മറ്റ്‌ മല്‍സരങ്ങളില്‍ വില്ലാ റയല്‍ പനാത്തിനായിക്കോസിനെയും ബയേണ്‍ മ്യൂണിച്ച്‌ സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണെയും നേരിടും.
2009 ഫെബ്രുവരി 24, 25 തിയ്യതികളിലാണ്‌ പ്രി ക്വാര്‍ട്ടറിലെ ആദ്യ ലഗ്ഗ്‌ പോരാട്ടങ്ങള്‍. റിട്ടേണ്‍ മല്‍സരങ്ങള്‍ മാര്‍ച്ച്‌ 10,11 തിയ്യതികളില്‍ നടക്കും.

Thursday, December 18, 2008

PAK JOURNEY IMPOSSIBLE

ഇല്ല
മുംബൈ: ഇല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പാക്കിസ്‌താനിലേക്കില്ല. നവംബറില്‍ നടന്ന മുംബൈ ആക്രമണത്തെ തുടര്‍ന്ന്‌ സംജാതമായ സാഹചര്യങ്ങളില്‍ അസാധ്യമാണെന്നുറപ്പായ പരമ്പരയുടെ കാര്യത്തിലെ അന്തിമവാക്ക്‌ ഇന്നലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനത്തിലൂടെ പുറത്ത്‌ വരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ യാത്രക്ക്‌ അനുമതി നല്‍കാന്‍ പ്രയാസമാണെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പര്യടനം റദ്ദാക്കിയത്‌. എന്നാല്‍ നിഷ്‌പക്ഷ വേദിയില്‍ പരമ്പര നടക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. പാക്കിസ്‌താന്‌ കനത്ത ആഘാതമാണ്‌ ഇന്ത്യന്‍ തീരുമാനം. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഒരു ക്രിക്കറ്റ്‌ ടീം പാക്കിസ്‌താനില്‍ പര്യടനം നടത്തുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങളാല്‍ എല്ലാവരും പിന്മാറിയപ്പോള്‍ ഇന്ത്യയില്‍ നിന്ന്‌ അനുകൂല പ്രതികരണമാണ്‌ അവര്‍ പ്രതീക്ഷിച്ചത്‌. ഇന്ത്യന്‍ ടീമിന്റെ പര്യടനം മാത്രം മുന്‍നിര്‍ത്തി സ്‌പോര്‍ട്‌സ്‌ ചാനലായ ടെന്‍ സ്‌പോര്‍ട്‌സുമായി കോടികളുടെ സംപ്രേക്ഷണ കരാറും പി.സി.ബി ഒപ്പിട്ടിരുന്നു. എല്ലാം ഇപ്പോള്‍ വെറുതെയായെന്നും കോടികളാണ്‌ തങ്ങള്‍ക്ക്‌ നഷ്ടമാവുന്നതെന്നും പി.സി.ബി വ്യക്തമാക്കി കഴിഞ്ഞു.
നവംബറിലെ മുംബൈ ആക്രമണത്തിന്‌ ശേഷം ചിത്രം വളരെ വ്യക്തമായിരുന്നു. ഇന്ത്യയുടെ വാണിജ്യാസ്ഥാനത്ത്‌ നടത്തിയ സ്‌ഫോടനങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താന്‍ കരങ്ങളുണ്ടെന്ന വാദം വളരെ വ്യക്തമായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ കാര്യം ആവര്‍ത്തിച്ചപ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ പ്രബലരും ഇന്ത്യക്കൊപ്പം നിന്നിരുന്നു. എന്നാല്‍ മുംബൈ ആക്രമണങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താന്‍ പൗരന്മാരാണെന്ന വാദം തെളിയിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ പാക്കിസ്‌താന്‍ പ്രസിഡണ്ട്‌ ആസിഫ്‌ സര്‍ദാരി ഇന്നലെയും പറഞ്ഞതിന്‌ പിറകെയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനം പരസ്യമാക്കിയത്‌.
മുംബൈ ആക്രമണങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം വിദേശകാര്യ മന്ത്രാലയം ഇടപ്പെട്ട്‌ റദ്ദാക്കിയിരുന്നു. ക്രിക്കറ്റ്‌ ടീമിനും അനുമതി ലഭിക്കില്ലെന്ന്‌ ഇതില്‍ നിന്ന്‌ തന്നെ വ്യക്തമായിട്ടും പാക്കിസ്‌താന്‍ പ്രതീക്ഷയോടെ നയതന്ത്ര നീക്കങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്‌, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍ തുടങ്ങിയവരെല്ലാം പാക്കിസ്‌താന്‍ പര്യടനത്തിന്‌ എതിരായിരുന്നു. സുനില്‍ ഗവാസ്‌ക്കറെ പോലുള്ള മുന്‍കാല ക്രിക്കറ്റര്‍മാരും കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്ലും പര്യടനത്തിനെതിരെ രംഗത്ത്‌ വന്നപ്പോള്‍ സര്‍ക്കാരിന്റെ വിശദീകരണം മാത്രമായിരുന്നു ആവശ്യം. ഇന്നലെയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗികമായി പര്യടനത്തിന്‌ അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയത്‌. ഉടന്‍ തന്നെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനം ഔദ്യോഗികമായി വ്യക്തമാക്കി.
170 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനങ്ങളില്‍ പാക്കിസ്‌താന്‍ അനുകൂല തീവ്രവാദി സംഘടന ലഷ്‌ക്കര്‍ ഇ ത്വയിബ ഉള്‍പ്പെടെയുളളവരെയാണ്‌ ലോകം സംശയിക്കുന്നത്‌. ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്താനുളള തീവ്രവാദികളുടെ നീക്കങ്ങളെ തടയാന്‍ പാക്കിസ്‌താന്‍ ഭരണക്കൂടത്തിന്‌ കഴിയുന്നില്ല എന്ന പരാതി ഇന്ത്യ നേരത്തെ ഉന്നയിച്ചതാണ്‌.

ലോകകപ്പിനെ ബാധിക്കില്ല
മുംബൈ: ഇന്ത്യന്‍ ടീമന്റെ പാക്കിസ്‌താന്‍ പര്യടനം അവസാന നിമിഷം റദ്ദാക്കിയത്‌ 2011 ല്‍ നടക്കുന്ന ലോകകപ്പിനെ ബാധിക്കില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്‌താനും ശ്രീലങ്കയും സംയുക്തമായാണ്‌ ലോകകപ്പിന്‌ ആതിഥ്യമരുളുന്നത്‌. പെട്ടെന്നുണ്ടായ കാരണത്താലാണ്‌ ഇപ്പോള്‍ പരമ്പര റദ്ദാക്കിയിരിക്കുന്നത്‌. ലോകകപ്പ്‌ 2011 ലാണ്‌ നടക്കുന്നത്‌. ഇന്ത്യ-പാക്കിസ്‌താന്‍ സൗഹൃദത്തെ ഇത്‌ ഒരിക്കലും ബാധിക്കില്ലെന്ന്‌ ഷെട്ടി പറഞ്ഞു. അതേ സമയം പാക്കിസ്‌താന്‌ കനത്ത ആഘാതമാണ്‌ ഇന്ത്യന്‍ തീരുമാനമെന്ന്‌ പി.സി.ബി ചെയര്‍മാന്‍ ഇജാസ്‌ ഭട്ട്‌ പറഞ്ഞു. ഞെട്ടിക്കുന്ന തീരുമാനമാണ്‌ ഇന്ത്യ എടുത്തത്‌. എങ്കിലും കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കുന്നിടത്തല്ല-ഭട്ട്‌ വ്യക്തമാക്കി. ഇന്ത്യന്‍ തീരുമാനം തന്നെ അല്‍ഭുതപ്പെടുത്തിയില്ലെന്ന്‌ പി.സി.ബി മുന്‍ തലവന്‍ ഷഹരിയാര്‍ഖാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശയുണ്ട്‌. പക്ഷേ കാര്യങ്ങള്‍ കളിക്കാരുടെ കൈകകളില്‍ അല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

പകരം ലങ്ക വന്നേക്കും
കൊളംബോ: ഇന്ത്യന്‍ ടീം പാക്‌ പര്യടനം റദ്ദാക്കിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം പാക്‌ പര്യടനം നടത്താന്‍ സാധ്യത. ജനുവരി 5 മുതലാണ്‌ ഇന്ത്യന്‍ ടീമിന്റെ പര്യടനം നിശ്ചയിച്ചിരുന്നത്‌. മൂന്ന്‌ ടെസ്‌റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമായിരുന്നു പരമ്പരയില്‍. ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ ലങ്കയെ നാട്ടിലേക്ക്‌്‌ വിളിക്കാനാണ്‌ പാക്‌ നീക്കം. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികാരികളുമായി ഇടഞ്ഞ്‌ നില്‍ക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ്‌്‌ ബോര്‍ഡ്‌ തലവന്‍ അര്‍ജുന രണതുംഗെ പാക്കിസ്‌താനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. പാക്കിസ്‌താനില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നാണ്‌ അര്‍ജുനയുുടെ വാദം. ഇത്‌ വരെ പാക്കിസ്‌താന്‍ സര്‍ക്കാര്‍ ലങ്കയെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കൂന്ന പക്ഷം ഗൗരവതരമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിഷ്‌പക്ഷ വേദിയില്‍ പരമ്പര നടത്താനും പാക്കിസ്‌താന്‍ ആലോചിക്കുന്നുണ്ട്‌. ഇന്ത്യ-പാക്‌ പരമ്പര ഏതെങ്കിലും മണലാരണ്യ അറബ്‌ രാജ്യത്തില്‍ നടത്തിയാല്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഷാര്‍ജയിലാണ്‌ അവസാനമായി ഇന്ത്യ-പാക്കിസ്‌താന്‍ മല്‍സരം നടന്നത്‌. ഇന്ത്യയും പാക്കിസ്‌താനും കളിക്കുമ്പോള്‍ ഷാര്‍ജയില്‍ തിങ്ങിനിറയാറുളള കാണികളെ അബുദാബിയിലേക്ക്‌ ആകര്‍ഷിക്കാനാവുമെന്നാണ്‌ പ്രതീക്ഷ.

നല്ല തീരുമാനം
ഇന്നലെ-ഡിസംബര്‍ 18ന്‌ വ്യാഴാഴ്‌ച്ച ബി.ബി.സി യുമായി സംസാരിച്ചപ്പോഴും പാക്കിസ്‌താന്‍ പ്രസിഡണ്ട്‌ ആസിഫ്‌ അലി സര്‍ദാരി പറഞ്ഞത്‌ മുംബൈ സംഭവവികാസങ്ങളില്‍ പാക്കിസ്‌താന്‌ പങ്കില്ലെന്നാണ്‌.... വ്യക്തമായ കാരണങ്ങളാല്‍ ലോകം മുഴുവന്‍ പാക്കിസ്‌താനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക്‌ തെളിവ്‌ ഹാജരാക്കാന്‍ കഴിയുന്നില്ലെന്ന പരാതി പരസ്യമായി ഉന്നയിക്കന്ന സര്‍ദാരിയെ പോലുളളവര്‍ക്ക്‌ നല്‍കാനാവുന്നമികച്ച മറുപടിയാണ്‌ വിദേശകാര്യ മന്ത്രാലയവും ക്രിക്കറ്റ്‌ ബോര്‍ഡും നല്‍കിയിരിക്കുന്നത്‌. നവംബറിലെ രണ്ട്‌ രാത്രികളിലായി മുംബൈയില്‍ 170 ലധികം നിരപരാധികളാണ്‌ കൊല്ലപ്പെട്ടത്‌. ഇവരെ മറന്ന്‌ പാക്കിസ്‌താനില്‍ പോയി ക്രിക്കറ്റ്‌ കളിക്കുന്നത്‌ കുറ്റകരമായ അപരാധമാവുമായിരുന്നു. ക്രിക്കറ്റിലെ വാണിജ്യ താല്‍പ്പര്യത്തിനാണ്‌ പലപ്പോഴും ക്രിക്കറ്റ്‌ ബോര്‍ഡുകളും സര്‍ക്കാരും താല്‍പ്പര്യമെടുക്കാറുളളത്‌. ഇന്ത്യ-പാക്‌ പരമ്പര നടന്നാല്‍ ഇരു ബോര്‍ഡുകള്‍ക്കും കോടികള്‍ നേട്ടമുണ്ടാക്കാം. ആ നേട്ടത്തെ മറക്കാന്‍ കാട്ടിയ ആര്‍ജ്ജവത്തിന്‌ പ്രണബ്‌ മുഖര്‍ജിക്കും ശശാങ്ക്‌ മനോഹറിനും നന്ദി...
അതിര്‍ത്തി രാജ്യങ്ങള്‍ തമ്മിലുളള ശീത സമരത്തിന്‌ പലപ്പോഴും ഇരയായിട്ടുളളത്‌ ക്രിക്കറ്റാണ്‌. ദീര്‍ഘകാലത്തെ ഇടവേളക്ക്‌ ശേഷം 1999 ല്‍ പാക്കിസ്‌താന്‍ ടീം ഇന്ത്യയില്‍ വന്നത്‌ ആരും മറന്നിട്ടില്ല. അതിന്‌ ശേഷം പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട്‌ പോവുകയായിരുന്നു. 2011 ല്‍ ലോകകപ്പിന്‌ സംയുക്തമായ ആതിഥ്യമരുളാന്‍ ഇന്ത്യയും പാക്കിസ്‌താനും ഒന്നിച്ചുവന്നു. ഓസ്‌ട്രേലിയയും ബ്രിട്ടനുമെല്ലാം ലോക ക്രിക്കറ്റിനെ ഭരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഏഷ്യന്‍ കരുത്തായി ഇന്ത്യയും പാക്കിസ്‌താനും ഒരുമിച്ചുനിന്നു. ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ തമ്മിലും കാണികള്‍ തമ്മിലുമുണ്ടായ സൗഹൃദത്തില്‍ അയല്‍ബന്ധം ശക്തമായി തുടരവെയാണ്‌ മുംബൈയിലെ രാത്രികള്‍ എല്ലാം തകര്‍ത്തത്‌.
പാക്കിസ്‌താനിലെ ഒരു നഗരവുമിപ്പോള്‍ സുരക്ഷിതമല്ല. ലാഹോറും കറാച്ചിയും റാവല്‍പിണ്ടിയും ഇസ്ലാമബാദിലുമെല്ലാം ഏത്‌ നിമിഷവും എന്തും സംഭവിക്കാം. ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌ കനത്ത സുരക്ഷക്കിടയിലായിരുന്നല്ലോ. കാറും ബസ്സും ബൈക്കുമെല്ലാം ഏത്‌ സമയവും പൊട്ടിത്തെറിക്കാമെന്ന നിലയില്‍ പായുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ അത്തരമൊരു സാഹസിക തട്ടിലേക്ക്‌ അയക്കാന്‍ ഒരു ഭരണക്കൂടവും തയ്യാറാവില്ല.
അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ്‌ നിഷ്‌പക്ഷ വേദിയില്‍ നടത്തുന്നതില്‍ തെറ്റില്ല. മുംബൈ സംഭവങ്ങളില്‍ ക്രിക്കറ്റ്‌ പ്രതിയല്ല. ക്രിക്കറ്റിനെ സംരക്ഷിക്കാന്‍ മല്‍സരങ്ങള്‍ ഇവിടെയും നടത്താം. ഈ കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തുറന്ന സമീപനം സ്വീകരിക്കണം. ഇന്ന്‌ മുതല്‍ മൊഹാലിയില്‍ ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ്‌ ആരംഭിക്കുകയാണ്‌. ആത്മവിശ്വാസത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെ അനിശ്ചിതത്ത്വതിന്റെ പാക്‌ താഴ്‌വാരത്തിലേക്ക്‌ വിടുന്നതിന്‌ പകരം അവര്‍ക്ക്‌ അല്‍പ്പം വിശ്രമം നല്‍കുന്നതാണ്‌ നല്ലത്‌.

ഇംഗ്ലീഷ്‌ പ്രഷര്‍
മൊഹാലി: ചെന്നൈയിലെ ചെപ്പോക്കില്‍ മൂന്നര ദിവസവും രാജാക്കന്മാരായിരുന്നു ഇംഗ്ലണ്ട്‌..... പക്ഷേ വീരേന്ദര്‍ സേവഗ്‌ എന്ന വിരുവിന്റെ ഒരൊറ്റ ഇന്നിംഗ്‌സില്‍ സര്‍വ്വവും നഷ്‌ടമായ നിരാശയില്‍ ഇംഗ്ലീഷ്‌ ടീം ഇന്നിവിടെ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്‌ അധിക സമ്മര്‍ദ്ദത്തില്‍....
ആരെയും എപ്പോള്‍ വേണമെങ്കിലും തോല്‍പ്പിക്കാമെന്ന മാനസികാവസ്ഥയിലാണ്‌ ഇന്ത്യന്‍ ടീം. ചെപ്പോക്കില്‍ ജയമെന്ന സത്യത്തിലേക്ക്‌ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി പോലും ചിന്തിച്ചിരുന്നില്ല. പക്ഷേ സേവാഗിന്റെ കത്തിയാളിയ ഇന്നിംഗ്‌സിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പക്വതയിലും ഇന്ത്യ അനായാസമായി വിജയിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പിച്ചാണ്‌ മൊഹാലിയിലേത്‌. ഈ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വെല്ലുവിളിക്കാന്‍ ഇംഗ്ലീഷ്‌ പേസര്‍മാര്‍ക്ക്‌ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എങ്കിലും ഇപ്പോഴുളള ഇന്ത്യന്‍ മാനസികാവസ്ഥയിലേക്ക്‌ അതിവേഗത്തില്‍ പന്തെറിഞ്ഞ്‌ ജയിക്കാനാവുമെന്ന വിശ്വാസം കെവിന്‍ പീറ്റേഴ്‌സണില്ല.
ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന്‌ സാധ്യതില്ല. രാഹുല്‍ ദ്രാവിഡിന്‌ പകരം എസ്‌.ബദരിനാഥിന്‌ അവസരം ലഭിച്ചേക്കാം. തപ്പിതടയുന്ന ദ്രാവിഡിനെ അവസാന ഇലവനില്‍ കളിപ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്‌ താല്‍പ്പര്യമില്ല. പക്ഷേ ധോണി മാറ്റത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല. ഇന്ത്യന്‍ ബാറ്റിംഗിലെ ഇപ്പോഴത്തെ നിര്‍ജീവ ഘടകം ദ്രാവിഡാണ്‌. ദ്രാവിഡിനെ മാറ്റിനിര്‍ത്തി പകരം ബദരീനാഥിന്‌ അവസരം നല്‍കിയാല്‍ ബാറ്റിംഗ്‌ കൂടുതല്‍ ശക്തിപ്പെടുമെന്നാണ്‌ ശ്രീകാന്ത്‌ കരുതുന്നത്‌. ഇംഗ്ലീഷ്‌ നിരയില്‍ തീര്‍ച്ചയായും മാറ്റമുണ്ടാവും. ക്രിസ്‌ ബ്രോഡ്‌ എന്ന സീമര്‍ പരുക്കില്‍ നിന്ന്‌ മോചനം നേടിയിട്ടുണ്ട്‌. ബ്രോഡ്‌ തിരിച്ചുവരുമ്പോള്‍ ആന്‍ഡേഴ്‌സണ്‍, ഹാര്‍മിസണ്‍ എന്നിവരില്‍ ഒരാള്‍ പുറത്താവും. സ്‌പിന്നര്‍മാരായ സ്വാന്‍, മോണ്ടി പനേസര്‍ എന്നിവര്‍ തുടരും.
ഇന്ത്യ ആരെയും ഭയപ്പെടുന്നില്ലെന്‌ ധോണി പറഞ്ഞു. ചെന്നൈയില്‍ ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ പിഴവുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആ പിഴവുകള്‍ തിരുത്തി. ബാറ്റിംഗില്‍ ഇന്ത്യയാണിപ്പോള്‍ എല്ലാവരേക്കാളും മുന്നിലെന്നും നായകന്‍ സമര്‍ത്ഥിക്കുന്നു.
ബൗളിംഗില്‍ സഹീര്‍ഖാന്‍ റിവേഴ്‌സ്‌ സ്വിംഗിന്റെ പുതിയ ആശാനായിരിക്കുന്നു. ഇഷാന്ത്‌ ശര്‍മ്മ ഓരോ മല്‍സരം കഴിയും തോറും മെച്ചപ്പെട്ടുവരുന്നു. സ്‌പിന്നര്‍മാരായ ഹര്‍ഭജനും അമിത്‌ മിശ്രയും വിശ്വസ്‌തരാണ്‌.
മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം രാവിലെ ഒമ്പത്‌ മുതല്‍ നിയോ സ്‌പോര്‍ട്‌സില്‍.

ദ്രാവിഡ്‌ 5 ല്‍
മൊഹാലി: ഇന്ന്‌ ഇവിടെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ്‌ ഓര്‍ഡറില്‍ മാറ്റത്തിന്‌ സാധ്യത. മൂന്നാം നമ്പറില്‍ തപ്പിതടയുന്ന ദ്രാവിഡിനെ അഞ്ചാം നമ്പറിലേക്ക്‌ മാറ്റാനാണ്‌ ടീം മാനേജ്‌മെന്റ്‌്‌്‌ ആലോചിക്കുന്നത്‌. ദ്രാവിഡിനെ ടീമില്‍ നിന്നന്‌ മാറ്റി പകരം എസ്‌.ബദരീനാഥിനെ കളിപ്പിക്കുന്നതിനോടാണ്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്‌ താല്‍പ്പര്യം. എന്നാല്‍ ധോണി ഇതിനോട്‌ യോജിക്കുന്നില്ല. വി.വി.എസ്‌ ലക്ഷ്‌മണിനെ മൂന്നാം നമ്പറിലും ദ്രാവിഡിനെ അഞ്ചിലും കളിപ്പിക്കുന്ന കാര്യമാണ്‌ അദ്ദേഹം ആലോചിക്കുന്നത്‌. പക്ഷേ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബാറ്റിംഗ്‌ ഓര്‍ഡറില്‍ പെട്ടെന്ന്‌ മാറ്റം വരുത്തിയാല്‍ അത്‌ ടീമിനെ തന്നെ ബാധിക്കുമോ എന്ന ഭയം ധോണിക്കുണ്ട്‌.

വിന്‍ഡീസിന്‌ പ്രതീക്ഷ
നേപ്പിയര്‍: മഴയില്‍ കുതിര്‍ന്ന ഒന്നാം ടെസ്‌റ്റിന്‌ ശേഷം വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്‌ ഇന്ന്‌ ഇവിടെ ആരംഭം. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ്‌ കരുത്ത്‌ കാട്ടിയ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ പ്രതീക്ഷയിലാണ്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ദയനീയതയില്‍ നിന്നും മോചനം ലഭിക്കാത്ത ആതിഥേയര്‍ക്ക്‌ കാര്യങ്ങള്‍ അനുകൂലമല്ല. ഡുനഡിനില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ബാറ്റിംഗ്‌ സാധ്യമായ സമയത്ത്‌ ഗെയില്‍ 74 റണ്‍സ്‌ നേടിയിരുന്നു. കൂട്ടുകാരനായ ശിവനാരായണ്‍ ചന്ദര്‍പോള്‍ 76 റണ്‍സും സ്വന്തമാക്കിയിരുന്നു. അതേസമയം കിവി ബാറ്റിംഗ്‌ നിരയിലെ ആര്‍ക്കും ആധികാരികത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കിവി ഓപ്പണര്‍ ജാമി ഹൗവിന്‌ കഴിഞ്ഞ 17 ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

മാഞ്ചസ്‌റ്റര്‍ ഫൈനലില്‍
ടോക്കിയോ: ജപ്പാനില്‍ നിന്നുളള ഗാംബ ഒസാക്കയെ 3-5 ന്‌ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്‌ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മാഞ്ചസ്‌റ്റര്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ലീഗ ഡി ക്വിറ്റോയെ നേരിടും. മൂന്നാം സ്ഥാനത്തിനായി ഗാംബ ഒസാക്ക കോണ്‍കാകാഫിലെ പച്ചുക്കയെ എതിരിടും. നേമാജ വിദിക്ക്‌, കൃസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ ലീഡ്‌ നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാട്ടുകാരുടെ പിന്തുണയില്‍ ഒസാക്കാ സംഘം തിരിച്ചെത്തി. മസാറ്റോ യമസൂക്കി ഇംഗ്ലീഷ്‌ ചാമ്പ്യന്മാരെ ഞെട്ടിച്ച്‌ കൊണ്ട്‌ മനോഹരമായ ഒരു ഗോള്‍ സ്വന്തമാക്കി. എന്നാല്‍ പരുക്കില്‍ നിന്നും പൂര്‍ണ്ണമോചനം നേടിയിട്ടില്ലാത്ത വെയിന്‍ റൂണി പതിവ്‌ കുതിപ്പില്‍ ടീമിന്റെ മൂന്നാം ഗോള്‍ നേടി. പിറകെ ഡാരന്‍ ഫ്‌ളെച്ചറും ഗോളടിച്ചു. മല്‍സരം 4-1 ല്‍ നില്‍ക്കവെ റൂണിയുടെ മറ്റൊരു ഗോളെത്തി. ഇതോടെ മല്‍സരം ഏകപക്ഷീയമാവുമെന്ന ഘട്ടത്തില്‍ യഷൂട്ടോ എന്‍ഡോ പെനാല്‍ട്ടി കിക്കില്‍ നിന്ന്‌ ഒരു ഗോള്‍ മടക്കി. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പ്‌ ഹഷിമോട്ടോ മൂന്നാം ഗോള്‍ നേടി. അവസന പതിനാറ്‌ മിനുട്ടില്‍ ആറ്‌ ഗോളുകള്‍ പിറന്ന മല്‍സരം കാണികള്‍ക്ക്‌ വലിയ ആവേശമാണ്‌ പ്രദാനം ചെയ്‌തത്‌.

ഡെംപോ ഫൈനലില്‍
കൊല്‍ക്കത്ത: പരമ്പരാഗത വൈരികളായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവയെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ഐ ലീഗ്‌ ജേതാക്കളായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിക്ക്‌ യോഗ്യത നേടി. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തിന്റെ പതിമൂന്നാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കിലൂടെ റാന്‍ഡി മാര്‍ട്ടിനസ്‌ ഡെംപോയുടെ ആദ്യ ഗോള്‍ നേടി. അമ്പത്തിയെട്ടാം മിനുട്ടിലെ ഹെഡര്‍ ഗോളില്‍ ക്ലിഫോര്‍ഡ്‌ മിറാന്‍ഡ ഡെംപോയുടെ വിജയമുറപ്പിച്ചു.
രണ്ടാം പകുതിയില്‍ റാന്‍ഡി മാര്‍ട്ടിനസും ചര്‍ച്ചിലിന്റെ ഒഗ്‌ബാ കാലു നാനുവും ഹെഡ്ഡറിനിടെ തല കൂട്ടിയിടിച്ച്‌ നിലത്ത്‌ നിശ്ചലരായി വീണത്‌ മൈതാനത്ത്‌ അല്‍പ്പസമയം ആശങ്ക പരത്തി. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക്‌ മാറ്റി. ഡെംപോ കോച്ച്‌ അര്‍മാന്‍ഡോ കൊളോസോ ഓടിക്കരഞ്ഞാണ്‌ മൈതാനത്തിറങ്ങിയത്‌. 2004 ലെ ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ ബാംഗ്ലൂരില്‍ നടന്നപ്പോള്‍ ഡെംപോ താരമായ കൃസ്‌റ്റിയാനോ ജൂനിയര്‍ മൈതാനത്ത്‌ ഹൃദായാഘാതത്തില്‍ മരിച്ചിരുന്നു. ആ രംഗമാണ്‌ എല്ലാവരുടെയും മനസ്സില്‍ പെട്ടെന്ന്‌ ഓടിയെത്തിയത്‌.

ജോണ്‍സണ്‍ മാജിക്‌
പെര്‍ത്ത്‌: 42 റണ്‍സിനിടെ ഏഴ്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മിച്ചല്‍ ജോണ്‍സന്റെ ബൗളിംഗ്‌ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഡ്രൈവിംഗ്‌ സീറ്റില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌്‌ക്കോറായ 375 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട്‌ വിക്കറ്റിന്‌ 243 റണ്‍സ്‌ എന്ന നിലയിലാണ്‌. മൂന്ന്‌ വിക്കറ്റിന്‌ 234 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ ജോണ്‍സണ്‌ മുന്നില്‍ സന്ദര്‍ശകര്‍ തകര്‍ന്നത്‌. ജാക്‌ കാലിസ്‌, ഡി വില്ലിയേഴ്‌സ്‌ എന്നിവര്‍ 63 റണ്‍സ്‌ വീതം നേടി. ഇവര്‍ പുറത്തായതിന്‌ ശേഷമായിരുന്നു ജോണ്‍സണ്‍ മാജിക്‌.