Tuesday, December 23, 2008

DHONI-THE COWARD

സമനില
മൊഹാലി: സമനില തന്നെ....തുടര്‍ച്ചയായി അഞ്ചാം ദിവസവും മൂടല്‍മഞ്ഞ്‌ കാരണം മണിക്കൂറുകള്‍ വൈകി ആരംഭിച്ച ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ്‌ പ്രതീക്ഷിക്കപ്പെട്ട പോലെ ഫലമില്ലാതെ അവസാനിച്ചു. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റിലെ വിജയത്തിലൂടെ പരമ്പര ഇന്ത്യക്ക്‌ സ്വന്തമായി. അവസാന ദിവസമായ ഇന്നലെ ഇന്ത്യ ഏഴ്‌ വിക്കറ്റിന്‌ 251 റണ്‍സ്‌ എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 402 റണ്‍സായിരുന്നു. ഒരു സെഷനില്‍ ഇത്രയും റണ്‍സ്‌ നേടുക അസാധ്യമായതിനാല്‍ ഇംഗ്ലീഷ്‌ സ്‌ക്കോര്‍ ഒരു വിക്കറ്റിന്‌ 64 റണ്‍സ്‌ എന്ന നിലയില്‍ രണ്ട്‌ ക്യാപ്‌റ്റന്മാരും മല്‍സരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുവരാജ്‌സിംഗ്‌ സ്വന്തമാക്കിയ 86 റണ്‍സും ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ഗൗതം ഗാംഭീര്‍ ക്ഷമയോടെ നേടിയ 97 റണ്‍സുമായിരുന്നു രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യന്‍ കരുത്ത്‌. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ വിലപ്പെട്ട 153 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. വലിയ സ്‌ക്കോര്‍ പിന്തുടരാന്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന്‌ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അലിസ്‌റ്റര്‍ കുക്കിനെ നഷ്ടമായി. ഇയാന്‍ ബെല്ലും ആന്‍ഡ്ര്യൂ സ്‌ട്രോസും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കി സമനിലക്കായി കളിക്കുകയായിരുന്നു.
രണ്ടര മണിക്കൂര്‍ വൈകിയാണ്‌ പി.സി.എ സ്‌റ്റേഡിയത്തില്‍ ഇന്നലെ കളിയാരംഭിച്ചത്‌. അമ്പയര്‍മാര്‍ മൈതാനത്തിറങ്ങുമ്പോള്‍ തന്നെ ലഞ്ചിന്റെ സമയമായിരുന്നു. യുവരാജ്‌ സിംഗും ഗാംഭീറും സാഹചര്യങ്ങളെ മനസ്സിലാക്കി വളരെ പതുക്കെയാണ്‌ കളിച്ചത്‌. ഒരു വിജയത്തിനായി പൊരുതാനുളള ലക്ഷ്യം ഇന്ത്യക്കുണ്ടായിരുന്നില്ലെന്ന്‌ രണ്ട്‌ പേരുടെയും ബാറ്റിംഗില്‍ നിന്ന്‌ വ്യക്തമായി. സ്‌പിന്നര്‍ ഗ്രയീം സ്വാനിനെയും സീമര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണെയുമാണ്‌ കൂടുതല്‍ സമയം പീറ്റേഴ്‌സണ്‍ ആക്രമണത്തിന്‌ നിയോഗിച്ചത്‌. ഓഫ്‌ സൈഡില്‍ നിറയെ ഫീല്‍ഡര്‍മാരെ അണിനിരത്തിയുളള പീറ്റേഴ്‌സന്റെ തന്ത്രത്തില്‍ ഇന്ത്യക്കാര്‍ വീണില്ല. ഓഫ്‌ സൈഡിലെ കെണിയില്‍ നിന്ന്‌ രക്ഷപ്പടാന്‍ പലപ്പോഴും സ്വീപ്പ്‌ ഷോട്ടുകള്‍ക്കാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ മുതിര്‍ന്നത്‌.
അര്‍ദ്ധശതകം സ്വന്തമാക്കിയ ശേഷം രണ്ട്‌ പേരും ആക്രമിക്കാന്‍ തീരുമാനിച്ചു. ലഞ്ചിന്‌ പിരിയുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല്‌ വിക്കറ്റിന്‌ 216 റണ്‍സായിരുന്നു. അപ്പോള്‍ 367 റണ്‍സായിരുന്നു ടീമിന്റെ ലീഡ്‌. ആ സ്‌ക്കോറില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ ധോണി ഡിക്ലയര്‍ ചെയ്യുമെന്നാണ്‌ കരുതിയത്‌. പക്ഷേ യുവരാജിനും ഗാംഭീറിനും സെഞ്ച്വറിക്കുളള അവസരമാണ്‌ ധോണി നല്‍കിയത്‌. സെഞ്ച്വറിയിലെത്തും മുമ്പ്‌ യുവരാജ്‌ റണ്ണൗട്ടായി. പകരമെത്തിയ ധോണി പൂജ്യനായി. നേരിട്ട രണ്ടാം പന്ത്‌ തന്നെ ഇന്ത്യന്‍ നായകന്‍ മോണ്ടി പനേസറിന്റെ കരങ്ങളിലേക്ക്‌ നല്‍കി. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിയുടെ തുടര്‍ച്ചയായി രണ്ടാം ഇന്നിംഗ്‌സിലും മൂന്നക്കത്തിലേക്ക്‌ കുതിച്ച ഗാംഭീറിനെ സ്വാന്‍ പുറത്താക്കിയപ്പോള്‍ ധോണി ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌തു.
വലിയ ലക്ഷ്യത്തിലേക്കായി കളിക്കാന്‍ ഇംഗ്ലണ്ടിന്‌ സമയമുണ്ടായിരുന്നില്ല. ഇഷാന്തിന്റെ പന്തില്‍ കുക്ക്‌ പുറത്തായതോടെ എല്ലാം ചടങ്ങായി മാറി. ഗാംഭീറാണ്‌ കളിയിലെ കേമന്‍. സഹീര്‍ പരമ്പരയിലെ കേമനും.

ധോണിയുടെ സേഫ്‌റ്റി
മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‍ ഇന്നലെ സാഹസീകനായിരുന്നില്ല. പരമ്പരാഗത തന്ത്രത്തിന്റെ വക്താവായി അദ്ദേഹം മാറിയതിനാല്‍ മല്‍സരം വിരസമായി. രണ്ട്‌ ടെസ്‌റ്റുകള്‍ മാത്രമുളള ഹ്രസ്വ പരമ്പരയില്‍ ഒരു ടെസ്‌റ്റിന്‌ മുന്നിലെത്തിയാല്‍ ഏത്‌ നായകനും പ്രയോഗിക്കാറുളള പിന്തിരിപ്പിന്‍ പ്രതിരോധ ബുദ്ധിയാണ്‌ ധോണിയും നടപ്പാക്കിയത്‌. ഒരു ടെസ്റ്റ്‌ ജയിച്ചല്ലോ-ഇനി സാഹസം വേണ്ട. രണ്ടാം ടെസ്‌റ്റില്‍ സമനില നേടി പരമ്പര സ്വന്തമാക്കുക എന്ന സേഫ്‌ വഴിയില്‍ സഞ്ചരിച്ചതില്‍ ധോണിയെ കുറ്റം പറയുകയല്ല-പക്ഷേ ഒരു സാഹസീകനായ, ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ നായകനാണ്‌ ധോണി. സ്വന്തം ബൗളര്‍മാരെ അദ്ദേഹത്തിന്‌ വിശ്വസിക്കാമായിരുന്നു.
മല്‍സരം ഇന്നലെ അഞ്ചാം ദിവസം ലഞ്ചിന്‌ പിരിയുമ്പോള്‍ ഇന്ത്യക്ക്‌ 367 റണ്‍സിന്റെ വ്യക്തമായ ലീഡുണ്ടായിരുന്നു. ഈ ലീഡില്‍ ധോണി ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യുമെന്നാണ്‌ കരുതപ്പെട്ടത്‌. സുനില്‍ ഗവസ്‌ക്കറെ പോലുളള പരമ്പരാഗത വാദികളായ നായകരെ കണ്ട്‌ മടുത്ത ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ ധോണിയിലെ സാഹസീകനെയാണ്‌ ഇഷ്‌്‌ടപ്പെടുന്നത്‌.
ലഞ്ചിന്‌ ഇന്നിംഗ്‌സ്‌ ഡിക്ലര്‍ ചെയ്‌തിരുന്നെങ്കില്‍ ബൗളര്‍മാര്‍ക്ക്‌ രണ്ട്‌ സെഷനുകള്‍ പന്തെറിയാന്‍ അവസരമുണ്ടാവുമായിരുന്നു. പിച്ചില്‍ നിന്ന്‌ കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാര്‍ രണ്ട്‌ മനസ്സില്‍ അകപ്പെട്ടാല്‍ ചിലപ്പോള്‍ ഒരു ഇന്ത്യന്‍ വിജയത്തിന്‌ സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു.
ധോണി ലഞ്ചിന്‌ ശേഷവും തന്റെ ബാറ്റ്‌സ്‌മാന്മാരെ ക്രീസിലേക്ക്‌ അയച്ചത്‌ യുവരാജും ഗാംഭീറും സെഞ്ച്വറി നേടുക എന്ന ലക്ഷ്യത്തോടെയല്ല-ഇംഗ്ലീഷ്‌ സാധ്യതകള്‍ക്ക്‌ അവസരം നല്‍കാതിരിക്കുക എന്ന ബുദ്ധിയിലാണ്‌. രണ്ട്‌്‌ സെഷന്‍ കൊണ്ട്‌ ഇന്ത്യ നല്‍കുന്ന വലിയ ലക്ഷ്യത്തിലേക്ക്‌ തീര്‍ച്ചയായും ഇംഗ്ലണ്ട്‌ ബാറ്റേന്തില്ല എന്ന സത്യം തിരിച്ചറിയാന്‍ ധോണി വൈകി. ലഞ്ചിന്‌ പിറകെ ഇംഗ്ലണ്ടിനെ ബാറ്റിംഗിന്‌ അയച്ചിരുന്നെങ്കില്‍ ലഭിക്കാമായിരുന്ന സാധ്യതകള്‍ക്ക്‌ വെറുതെ അന്ത്യമിട്ട്‌ ധോണിയിലെ നായകന്‍ ഇതാദ്യമായാണ്‌ പരമ്പരാഗതവാദിയാവുന്നത്‌.
ഇവിടെ ചിന്തിക്കേണ്ടത്‌ പീറ്റേഴ്‌സന്റെ സമീപനമാണ്‌. അദ്ദേഹത്തിന്‌ വേണമെങ്കില്‍ ഇങ്ങോട്ട്‌ വരാതിരിക്കാമായിരുന്നു. ഏകദിന പരമ്പരയിലെ പരാജയത്തിനിടെ മുംബൈയില്‍ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ നാട്ടിലേക്ക്‌ മടങ്ങിയ ഇംഗ്ലീഷ്‌ സംഘം ഇവിടെ തിരിച്ചെത്തിയതിന്‌ പിറകില്‍ പീറ്റേഴ്‌സന്റെ സാഹസീക നിലാപാടിന്‌ പങ്കുണ്ട്‌. ഞാന്‍ ഇന്ത്യയിലേക്കില്ല എന്ന്‌ പീറ്റേഴ്‌സണ്‍ വ്യക്തമായി പറഞ്ഞിരുന്നെങ്കില്‍ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഈ പരമ്പര റദ്ദാക്കുമായിരുന്നു. കളിയോടുളള സമര്‍പ്പണത്തിനും ഇന്ത്യക്ക്‌ പിന്തുണ നല്‍കാനുമാണ്‌ എല്ലാ താരങ്ങളെയുമായി പീറ്റേഴ്‌സണ്‍ വന്നത്‌. അദ്ദേഹം പ്രകടിപ്പിച്ച സാഹസീകതക്ക്‌ മുന്നില്‍ ധോണിയും ഇന്ത്യയും നമ്രശിരസ്‌ക്കാരവണം. ശരിക്കും പരമ്പരയിലെ കേമന്‍പ്പട്ടം പീറ്റേഴ്‌സണാണ്‌ നല്‍കേണ്ടത്‌. അദ്ദേഹത്തിന്‌ ബാറ്റിംഗിനല്ല-സമീപനത്തിന്‌. സഹീര്‍ഖആനെയാണ്‌ ഇവിടെ പരമ്പരിലെ കേമനായി തെരഞ്ഞെടുത്തത്‌. ചെന്നൈയിലും മൊഹാലിയിലും സഹീറിന്റെ സംഭാവന എന്താണെന്ന്‌ ആരും പറഞ്ഞ്‌ കേട്ടില്ല.
ചെന്നൈ ടെസ്‌റ്റില്‍ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്താന്‍ ഇംഗ്ലണ്ടിനായി. നിര്‍ഭാഗ്യത്തിലാണ്‌ അവര്‍ പരാജയപ്പെട്ടത്‌. മൊഹാലിയിലും ഇംഗ്ലണ്ട്‌ കരുത്തു കാട്ടി. മൊത്തത്തില്‍ പരമ്പര വിലയിരുത്തിയാല്‍ നേട്ടം ഇംഗ്ലണ്ടിനാണ്‌. ഏകദിന പരമ്പരയില്‍ തകര്‍ന്നു തരിപ്പമണമായ ഒരു ടീമാണ്‌ ടെസ്റ്റ്‌ മല്‍സരത്തില്‍ ഒപ്പത്തിനൊപ്പം നിന്നത്‌. ഇന്ത്യക്ക്‌ ഈ പരമ്പരയില്‍ ഓര്‍മ്മിക്കാന്‍ സച്ചിന്റെ നാല്‍പ്പത്തിയൊന്നാമത്‌ ടെസ്റ്റ്‌ സെഞ്ച്വറിയുണ്ട്‌. ദ്രാവിഡിന്റെ തിരിച്ചുവരവുണ്ട്‌. ഗാംഭീറിന്റെ കരുത്തുണ്ട്‌. ബൗളിംഗ്‌ വശത്ത്‌ കാര്യമായൊന്നുമില്ല.
പാക്കിസ്‌താന്‍ പര്യടനം ഉപേക്ഷിച്ച സാഹചര്യത്തില്‍ അല്‍പ്പനാളുകള്‍ ഇന്ത്യന്‍ ടീമിന്‌ ഇനി വിശ്രമമാണ്‌. 2008 തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്‌ നേട്ടങ്ങള്‍ ധാരാളം സമ്മാനിച്ചു. അനില്‍ കുംബ്ലെയും സൗരവ്‌ ഗാംഗുലിയും വിരമിച്ചുവെങ്കിലും ലോക ടെസ്‌റ്റ്‌ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും ഏകദിന റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തും ടീമെത്തി. ധോണിയെന്ന നായകനാണ്‌ 2008 ലെ ഇന്ത്യന്‍ ക്രിക്കറ്ററെന്ന്‌ നിസ്സംശയം പറയാം.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 453. ഇംഗ്ലണ്ട്‌-ഒന്നാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-0, കുക്ക്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-50, ബെല്‍-ബി-ഇഷാന്ത്‌-1, പീറ്റേഴ്‌സണ്‍ -എല്‍.ബി,.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-144, കോളിംഗ്‌വുഡ്‌-സി-ധോണി-ബി-മിശ്ര-11, ഫ്‌ളിന്റോഫ്‌-സി-ഗാംഭീര്‍-ബി-മിശ്ര-62, ആന്‍ഡേഴ്‌സണ്‍ -നോട്ടൗട്ട്‌-8, പ്രയര്‍-സി-ധോണി-ബി-ഹര്‍ഭജന്‍-2, ബ്രോഡ്‌-ബി-ഹര്‍ഭജന്‍-1,സ്വാന്‍-ബി-സഹീര്‍-3, പനേസര്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-5, എക്‌സ്‌ട്രാസ്‌ 15, ആകെ 83.5 ഓവറില്‍ 302.
വിക്കറ്റ്‌ പതനം: 1-0 (സ്‌ട്രോസ്‌), 2-1 (ബെല്‍), 3-104 (കുക്ക്‌), 4-131 (കോളിംഗ്‌വുഡ്‌), 5-280 (പീറ്റേഴ്‌സണ്‍), 6-282 (ഫ്‌ളിന്റോഫ്‌), 7-285 (പ്രയര്‍), 8-290 (ബ്രോഡ്‌), 9-293 (സ്വാന്‍), 10-302 (പനേസര്‍).
ബൗളിംഗ്‌: സഹീര്‍ 21-3-76-3, ഇഷാന്ത്‌ 12-0-55-1, യുവരാജ്‌ 6-1-20-0, ഹര്‍ഭജന്‍ 205-2-68-4, മിശ്ര 24-0-75-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-ബെല്‍-ബി-സ്വാന്‍
-97 സേവാഗ്‌-റണ്ണൗട്ട്‌-17, ദ്രാവിഡ്‌ -ബി-ബ്രോഡ്‌-0, സച്ചിന്‍-സി-സ്വാന്‍-ബി-ആന്‍ഡേഴ്‌സണ്‍-5, ലക്ഷ്‌മണ്‍ -റണ്ണൗട്ട്‌-15, യുവരാജ്‌--റണ്ണൗട്ട്‌-86, ധോണി-സി- ആന്‍ഡ്‌ ബി-പനേസര്‍-0, ഹര്‍ഭജന്‍-നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌-26, ആകെ 73 ഓവറില്‍ ഏഴ്‌്‌ വിക്കറ്റിന്‌ 251.
വിക്കറ്റ്‌ പതനം: 1-30 (സേവാഗ്‌), 2-36 (ദ്രാവിഡ്‌), 3-44 (സച്ചിന്‍), 4-80 (ലക്ഷ്‌മണ്‍),5-233 (യുവി), 6-241 (ധോണി), 7-251 (ഗാംഭീര്‍) ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 19-8-51-1 ബ്രോഡ്‌ 14-2-50-1 ഫ്‌ളിന്റോഫ്‌ 13-1-39-0, സ്വാന്‍ 17-3-49-1,, പനേസര്‍ 10-0-44-1.
ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-നോട്ടൗട്ട്‌-21, കുക്ക്‌-ലി-ലക്ഷ്‌മണ്‍-ബി-ഇഷാന്ത്‌-10, ബെല്‍-നോട്ടൗട്ട്‌-24. എക്‌സ്‌ട്രാസ്‌-9, ആകെ 28 ഓവറില്‍ ഒരു വിക്കറ്റിന്‌ 64. വിക്കറ്റ്‌ പതനം: 1-18 (കുക്ക്‌). ബൗളിംഗ്‌: സഹീര്‍ 3-0-11-0, ഇഷാന്ത്‌ 5-1-7-1, ഹര്‍ഭജന്‍ 11-3-25-0, മിശ്ര 8-1-16-0, ധോണി 1-0-1-0


ഗെയില്‍ മാജിക്‌
നേപ്പിയര്‍: ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ സമനില സ്വന്തമാക്കി വിന്‍ഡീസ്‌ ഐ.സി.സി ലോക ടെസ്‌റ്റ്‌ റാങ്കിംഗില്‍ ഏഴാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലാന്‍ഡ്‌ ബംഗ്ലാദേശിന്‌ തൊട്ട്‌ മുമ്പ്‌ എട്ടാമത്‌ തന്നെ നില്‍ക്കുന്നു. ആദ്യ ഇന്നിംഗ്‌സില്‍ പിറകിലായ വിന്‍ഡീസിന്‌ രണ്ടാം ഇന്നിംഗ്‌സില്‍ പിടിച്ചുനില്‍ക്കാന്‍ ഭേദപ്പെട്ട സ്‌ക്കോര്‍ അത്യാവശ്യമായിരുന്നു. ഗെയില്‍ 197 റണ്‍സ്‌ സ്വതസിദ്ധമായ ശൈലിയില്‍ അടിച്ചുനേടിയപ്പോള്‍ നാഷ്‌ 65 റണ്‍സ്‌ നേടി. കിവി ബൗളിംഗ്‌ നിരയില്‍ 110 റണ്‍സ്‌ വഴങ്ങി ജിതന്‍ പട്ടേല്‍ അഞ്ച്‌ വിക്കറ്റ്‌ നേടി. 375 റണ്‍സിന്‌ കരീബിയന്‍സംഘം പുറത്തായപ്പോള്‍ ആതിഥേയര്‍ക്ക്‌ വിജയലക്ഷ്യം 312 റണ്‍സായിരുന്നു. ജെസി ടെയ്‌ലറും റോസ്‌ ടെയ്‌ലറും തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ കിവീസ്‌ അല്‍ഭുത വിജയം നേടുമോ എന്ന്‌ തോന്നി. പക്ഷേ കിവിസ്‌ 5 വിക്കറ്റിന്‌ 220 റണ്‍സിലെത്തിയപ്പോഴേക്കും സമയം അതിക്രമിച്ചു.
വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ബ്രെന്‍ഡന്‍ മക്കുലത്തിലായിരുന്നു കിവി പ്രതീക്ഷകള്‍. റൈഡര്‍ക്കൊപ്പം പൊരുതിയ മക്കുലത്തെ സംശയകരമായ സാഹചര്യത്തില്‍ അമ്പയര്‍ റൂഡി കുയര്‍ട്ടസണ്‍ പുറത്താക്കിയത്‌ വിവാദമായി. തേര്‍ഡ്‌ അമ്പയറുടെ സഹായം തേടണമെന്ന്‌ മക്കുലം പറഞ്ഞെങ്കിലും ടെലിവിഷന്‍ റിപ്ലേകള്‍ വ്യക്തമായ ചിത്രം നല്‍കാത്തതിനാല്‍ തീരുമാനം തേര്‍ഡ്‌ അമ്പയര്‍ കുയര്‍ട്‌സണ്‌ തന്നെ വിട്ടു. കുയര്‍ട്‌സണ്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. മക്കുലം പുറത്താവുമ്പോള്‍ കളി അവസാനിക്കാന്‍ 6.5 ഓവര്‍ മാത്രമായിരുന്നു ശേഷിച്ചത്‌.

ഓവന്‍ തീരുമാനിച്ചിട്ടില്ല
ലണ്ടന്‍: പുതിയ വര്‍ഷത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിന്റെ കുപ്പായത്തില്‍ മൈക്കല്‍ ഓവനെ കാണാന്‍ സംശയം. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ടീമിനെ കൈവിടാന്‍ ഒരുങ്ങുകയാണ്‌ സൂപ്പര്‍ താരം. പക്ഷേ അന്തിമ തീരുമാനം ഓവന്‍ പ്രഖ്യാപിച്ചിട്ടില്ല. 29 കാരനായ ഓവനുമായുളള ന്യൂകാസിലിന്റെ കരാര്‍ ജനുവരിയില്‍ അവസാനിക്കും. ചെല്‍സി, ടോട്ടന്‍ഹാം എന്നിവരാണ്‌ ഓവന്‌ വേണ്ടി രംഗത്തുള്ളത്‌. തല്‍ക്കാലം ന്യൂകാസിലില്‍ തുടരുമെന്നും ഒന്നും വളരെ വ്യക്തമായി പറയാന്‍ സമയമായിട്ടില്ലെന്നുമാണ്‌ ഓവന്റെ വാക്കുകള്‍.

ടെറിക്ക്‌ ചുവപ്പ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ കരുത്തരായ ചെല്‍സിയെ എവര്‍ട്ടണ്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുനിര്‍ത്തി. മല്‍സരത്തിനിടെ എവര്‍ട്ടണ്‍ താരം ലിയോണ്‍ ഉസ്‌മാനെ മാരകമായി ടാക്കിള്‍ ചെയ്‌തതിന്‌ ചെല്‍സി നായകന്‍ ജോണ്‍ ടെറി ചുവപ്പ്‌്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തു. മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിനെ മറികടന്ന്‌ ടേബിളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ചെല്‍സിക്ക്‌ കഴിയുമായിരുന്നു. സമനിലക്കൊപ്പം ക്യാപ്‌റ്റനെ നഷ്ടമായത്‌ ടീമിന്‌ ആഘാതമായിട്ടുണ്ട്‌.


റഹ്‌മാന്റെ സ്വപ്‌നം സത്യമായി
യുനിവേഴ്‌സല്‍ സോക്കര്‍ ദേശീയ ചാമ്പ്യന്മാര്‍
കൊല്‍ക്കത്ത: ഒളിംപ്യന്‍ റഹ്‌മാന്‍ എന്ന ഇതിഹാസ താരത്തിന്റെ സ്വപ്‌നമായിരുന്നു സ്വന്തം ടീം കൊല്‍ക്കത്തയില്‍ കളിക്കണമെന്നത്‌..... ഒരു കാലത്ത്‌ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞ്‌ നിന്ന റഹ്‌മാന്‍ക്ക രൂപം നല്‍കിയ യൂണിവേഴ്‌സല്‍ സോക്കര്‍ ക്ലബ്‌ ഇപ്പോഴിതാ കൊല്‍ക്കത്തയുടെ മണ്ണില്‍ കളിക്കുക മാത്രമല്ല കിരീടം സ്വന്തമാക്കുകയും ചെയ്‌തിരിക്കുന്നു. ദേശീയ ഫൂട്‌സാല്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട്‌ യൂനിവേഴ്‌സല്‍ സോക്കറാണ്‌്‌ ജേതാക്കള്‍. മോഹന്‍ ബഗാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന അവസാന റൗണ്ട്‌ മല്‍സരങ്ങളില്‍ യുനിവേഴ്‌സല്‍ 6-1ന്‌ ജയ്‌പ്പൂരിലെ ഒന്നാം സ്ഥാനക്കാരെയും ഒരു ഗോളിന്‌ കൊല്‍ക്കത്താ ചാമ്പ്യന്മാരെയും പരാജയപ്പെടുത്തി. യൂനിവേഴ്‌സലിന്റെ ക്യാപ്‌റ്റന്‍ ശരത്‌ ബാബുവാണ്‌ മികച്ച താരം. ടീമിന്‌ പ്രൈസ്‌ മണിയായി 1,10,000 രൂപ ലഭിച്ചു. സമ്മാനദാന ചടങ്ങില്‍ മുന്‍ ഫുട്‌ബോളര്‍ ചുനിഗോ സ്വാമി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ സമ്മാനദാനം നിര്‍
വഹിച്ചു. മൊത്തം 65 ലധികം ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. നാല്‌ മേഖലകളില്‍ നിന്നുള്ള ചാമ്പ്യന്മാരാണ്‌ അവസാന റൗണ്ടിന്‌ യോഗ്യത നേടിയത്‌.

No comments: