Wednesday, December 17, 2008

PONTING GOLDEN DUCK

ഓസീസ്‌ കര കയറി
പെര്‍ത്ത്‌: 15 റണ്‍സ്‌ നേടുന്നതിനിടെ മുന്‍നിരയിലെ മൂന്ന്‌ പ്രധാനികളെ നഷ്‌ടമായി നക്ഷത്രമെണ്ണിയ ഓസ്‌ട്രേലിയ മധ്യനിരയുടെയും വാലറ്റത്തിന്റെയും ചെറുത്തുനില്‍പ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ദിനം വലിയ പരുക്കില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ടു. വാക്കയില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 341 റണ്‍സാണ്‌ ആതിഥേയരുടെ സ്‌ക്കോര്‍. ലോക ക്രിക്കറ്റിലെ രണ്ട്‌ അജയ്യര്‍ തമ്മിലുളള നിര്‍ണ്ണായക പരമ്പരയിലെ ആദ്യ ടെസ്‌റ്റിലെ ആദ്യ സെഷന്‍ സംഭവബഹുലമായിരുന്നു. തുടര്‍ച്ചയായ പന്തുകളില്‍ മക്കായ എന്‍ടിനി എന്ന അതിവേഗക്കാരന്‍ മാത്യൂ ഹെയ്‌ഡനെയും (12) ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിനെയും പുറത്താക്കിയപ്പോള്‍ കാണികള്‍ ഞെട്ടി. എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ തിരിച്ചറിയും മുമ്പ്‌ മൈക്ക്‌ ഹസ്സിയും വട്ടപൂജ്യനായി മടങ്ങിയ കാഴ്‌്‌ച്ചയില്‍ ആഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്ത്‌ തന്ത്രങ്ങളുടെ പണിപ്പുരയില്‍ ആവേശഭരിതനായപ്പോഴാണ്‌ പ്രതിരോധ ക്രിക്കറ്റിന്റെ ശക്തരായ വക്താക്കളായി സൈമണ്‍ കാറ്റിച്ചും മൈക്കല്‍ ക്ലാര്‍ക്കും മാറിയത്‌. ഇവര്‍ നാലാം വിക്കറ്റില്‍ കരസ്ഥമാക്കിയ 149 റണ്‍സിന്റെ മികവിന്‌ ശേഷം ആന്‍ഡ്ര്യൂ സൈമണ്ട്‌സും വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനും പിന്നെ വാലറ്റത്തില്‍ ബ്രെട്ട്‌ ലീയൂം ശരാശരി പ്രകടനം നടത്തിയതാണ്‌ ലോക ചാമ്പ്യന്മാര്‍ക്ക്‌ തുണയായത്‌.
ഹെയ്‌ഡന്‍ തകര്‍പ്പന്‍ ഫോമിലാണ്‌ തുടങ്ങിയത്‌. എന്‍ടിനിയുടെ പന്തുകളില്‍ ഹാട്രിക്‌ ബൗണ്ടറി.... പക്ഷേ ഫുള്‍ ലെംഗ്‌ത്‌ പന്ത്‌ അതിര്‍ത്തിയിലേക്ക്‌ പായിക്കാനുളള ശ്രമത്തില്‍ ഇടം കൈയ്യന്‌ പിഴച്ചു. ഒന്നാം സ്ലിപ്പില്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്റെ കരങ്ങളില്‍ പന്ത്‌ ഭദ്രം. അടുത്ത പന്തില്‍ പോണ്ടിംഗ്‌ ഗോള്‍ഡന്‍ ഡക്കായത്‌ ശരിക്കും ഷോക്കായി. നിറമുള്ള കരിയറില്‍ ഒരു തവണ മാത്രമാണ്‌ പോണ്ടിംഗ്‌ ആദ്യ പന്തില്‍ തന്നെ മടങ്ങിയത്‌. 2001 ല്‍ ഇന്ത്യക്കെതിരെയായിരുന്നു ആ സുവര്‍ണ്ണ താറാവ്‌. അതിന്‌ ശേഷം ഇതാദ്യമായി പോണ്ടിംഗ്‌ ആദ്യ പന്തില്‍ പുറത്തായപ്പോള്‍ മല്‍സരത്തിന്റെ ഗതി മാറുകയായിരുന്നു. ഇത്തവണയും എന്‍ടിനി ഫുള്‍ ലെംഗ്‌ത്‌ പന്താണ്‌ പായിച്ചത്‌. ബാറ്റില്‍ നിന്നും ഉയര്‍ന്ന പന്ത്‌ ഗള്ളിയില്‍ എബി ഡി വില്ലിയേഴ്‌സ്‌ പിടിച്ചു. എന്‍ടിനിയടെ ഹാട്രിക്‌ മോഹം ഹസ്സി തടഞ്ഞുവെങ്കിലും അദ്ദേഹത്തിനും അക്കൗണ്ട്‌ തുറക്കാനായില്ല. ഡാലെ സ്‌റ്റിന്‍ പായിച്ച പന്തില്‍ ഹസി മൂന്നാം സ്ലിപ്പില്‍ ക്യാച്ച്‌ സമ്മാനിച്ചു.
മൂന്ന്‌ വിക്കറ്റുകള്‍ അതിവേഗം നഷ്ടമായ കാഴ്‌ച്ചയില്‍ കാറ്റിച്ച്‌ അസ്വസ്ഥനായിരുന്നു. ഉച്ചഭക്ഷണത്തിന്‌ പിരിയുമ്പോള്‍ തട്ടിമുട്ടി നേടിയ 74 റണ്‍സായിരുന്നു ഓസീസ്‌ സമ്പാദ്യം. രണ്ടാം സെഷനില്‍ പക്ഷേ ബാറ്റ്‌സ്‌മാന്മാര്‍ തല ഉയര്‍ത്തി. വെറുതെ ബൗളര്‍മാരെ പേടിക്കാതെ പന്തിനെ പ്രഹരിക്കുന്നതില്‍ കാറ്റിച്ചാണ്‌ താല്‍പ്പര്യമെടുത്തത്‌. തേര്‍ഡ്‌ മാന്‍ ബൗണ്ടറിയിലൂടെ പന്തിനെ ഗ്യാലറിയിലേക്ക്‌ പായിച്ച്‌ അര്‍ദ്ധശതകം സ്വന്തമാക്കിയ കാറ്റിച്ചിനൊപ്പം ക്ലാര്‍ക്കും ആക്രമണത്തിന്റെ മൂര്‍ഛ തെളിയിച്ചു. എന്നാല്‍ ചായക്ക്‌ തൊട്ട്‌ മുമ്പ്‌ ഈ രണ്ട്‌ പേരും പെട്ടെന്ന്‌ പുറത്തായപ്പോള്‍ വീണ്ടും പ്രശ്‌നങ്ങളായി. കാറ്റിച്ചിന്റെ ആക്രമണത്വര മനസ്സിലാക്കിയ മോര്‍ക്കല്‍ ഓപ്പണറെ വിക്കറ്റിന്‌ മുന്നില്‍ കുരുക്കിയപ്പോള്‍ സ്‌പിന്നര്‍ പോള്‍ ഹാരിസിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ ക്ലാര്‍ക്കിനെ മിഡോഫില്‍ സ്‌മിത്ത്‌ പിടിക്കുകയായിരുന്നു.
അവസാന സെഷനില്‍ ബാറ്റിംഗിന്‌ വന്ന സൈമണ്ട്‌സും ഹാദ്ദിനും ആക്രമിക്കാനുളള പതിവ്‌ താല്‍പ്പര്യം തല്‍ക്കാലം ഉപേക്ഷിക്കുന്നതാണ്‌ കണ്ടത്‌. ഈ സഖ്യം കരുതലോടെ കളിച്ച്‌ 93 റണ്‍സ്‌ നേടി. അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ഹാരിസിനെതിരെ അല്‍പ്പമാലസ്യം പ്രകടിപ്പിച്ചതിന്‌ സൈമണ്ട്‌സിന്‌ ശിക്ഷ കിട്ടി. ദക്ഷിണാഫ്രിക്ക പുതിയ പന്തെടുത്തപ്പോള്‍ ഹാദ്ദിന്‍ എന്‍ടിനിയെ പ്രഹരിച്ചതാവട്ടെ നേരെ ദക്ഷിണാഫ്രിക്കയുടെ കന്നിക്കാരന്‍ ഡുമിനിയുടെ കരങ്ങളിലാണ്‌ എത്തിയത്‌. ബ്രെട്ട്‌ ലീയുടെ പെട്ടെന്നുളള ആക്രമണത്തിന്‌ അതേ വേഗതയില്‍ സ്റ്റെന്‍ അന്ത്യമിട്ടു.
സ്‌ക്കോര്‍ബോര്‍ഡ്‌.
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-സ്‌മിത്ത്‌-ബി-എന്‍ടിനി-12, കാറ്റിച്ച്‌-എല്‍.ബി.ഡബ്ല്യൂ-ബി-മോര്‍ക്കല്‍-83, പോണ്ടിംഗ്‌--സി-ഡി വില്ലിയേഴ്‌സ്‌-ബി-എന്‍ടിനി-0, ഹസ്സി-സി-ഡി വില്ലിയേഴ്‌സ്‌-ബി-സ്‌റ്റെന്‍-0, ക്ലാര്‍ക്ക്‌-സി-സ്‌മിത്ത്‌-ബി-ഹാരിസ്‌-62, സൈമണ്ട്‌സ്‌-സി-മക്കന്‍സി-ബി-ഹാരിസ്‌-57, ഹാദ്ദിന്‍-സി-ഡുമിനി-ബി-എന്‍ടിനി-46, ലീ-സി-ഡുമിനി-ബി-സ്‌റ്റെന്‍-29, ക്രെസ്‌ജ-നോട്ടൗട്ട്‌-19, ജോണ്‍സണ്‍-എല്‍.ബി.ഡബ്ല്യൂ-ബി-മോര്‍ക്കല്‍-18, എക്‌സ്‌ട്രാസ്‌-15, ആകെ 89 ഓവറില്‍ ഒമ്പത്‌ വിക്കറ്റിന്‌ 41.
വിക്കറ്റ്‌ പതനം: 1-14 (ഹെയ്‌ഡന്‍), 2-14 (പോണ്ടിംഗ്‌), 3-15 (ഹസ്സി), 4-164 (കാറ്റിച്ച്‌), 5-166 (ക്ലാര്‍ക്ക്‌), 6-259 (സൈമണ്ട്‌സ്‌), 7-298 (ഹാദ്ദിന്‍),8-303 (ലീ), 9-341 (ജോണ്‍സണ്‍).
ബൗളിംഗ്‌: എന്‍ടിനി 18-1-66-3, സ്‌റ്റെന്‍ 18-2-71-2, കാലിസ്‌ 15-2-65-0, മോര്‍ക്കല്‍ 17-1-62-1,ഹാരിസ്‌ 21-2-70-2.

ഫെഡറേഷന്‍ കപ്പില്‍ ഇന്ന്‌ സെമി
കൊല്‍ക്കത്ത: ഇന്ത്യയിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന്‌ സാള്‍ട്ട്‌ലെക്ക്‌ സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മല്‍സരത്തില്‍ ഐ ലീഗ്‌ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ സ്വന്തം നാട്ടുകാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്താ പ്രബലരായ മോഹന്‍ബഗാനും ഈസ്‌റ്റ്‌ ബംഗാളും മാറ്റുരക്കും. രണ്ട്‌ മല്‍സരങ്ങളും സീ സ്‌പോര്‍ട്‌സ്‌ ചാനലില്‍ വൈകീട്ട്‌ 3-15 മുതല്‍ തല്‍സമയമുണ്ട്‌. ഗോവക്കാരും കൊല്‍ക്കത്തക്കാരും തമ്മിലുളള അങ്കത്തില്‍ തീപ്പാറുമെന്നാണ്‌ കരുതുന്നത്‌. ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയയാണ്‌ ബഗാന്റെ കരുത്ത്‌. മല്‍സരം സമനിലയിലാണ്‌ അവസാനിക്കുന്നതെങ്കില്‍ അധികസമയം നല്‍കും. അധികസമയത്തും ഗോള്‍ പിറക്കാത്തപക്ഷം ഷൂട്ടൗട്ട്‌്‌ അനുവദിക്കും.

ലോക ക്ലബ്‌ ഫുട്‌ബോളില്‍ ഇന്ന്‌ മാഞ്ചസ്‌റ്റര്‍
ഒസാക്ക: ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന്‌ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ ഗാംബ ഒസാക്കയെ എതിരിടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍ ക്ലബായ ഇക്വഡോറിലെ ലീഗ ഡി ക്വിറ്റോ രണ്ട്‌ ഗോളിന്‌ കോണ്‍കാകാഫിലെ ചാമ്പ്യന്മാരായ മെക്‌സിക്കന്‍ ക്ലബായ പച്ചൂക്കയെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചു. ഇന്നത്തെ സെമിയില്‍ മാഞ്ചസ്‌റ്റര്‍ സംഘത്തില്‍ സൂപ്പര്‍ താരങ്ങളായ ഡിമിതര്‍ ബെര്‍ബറ്റോവ്‌, വെയിന്‍ റൂണി എന്നിവര്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്‌. പനി ബാധിതനാണ്‌ ബെര്‍ബറ്റോവ്‌. ഇന്നലെ പരിശീലനത്തിനിടെ പരുക്കേറ്റ റൂണിയുടെ കാര്യത്തില്‍ ഇന്ന്‌ മാത്രമാണ്‌ തീരുമാനമെടുക്കുക. റ്യാന്‍ ഗിഗ്‌സ്‌, പോള്‍ ഷോള്‍സ്‌, ഗാരി നെവില്‍, കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്നിവരെല്ലാം കളിക്കുന്നുണ്ട്‌.

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 143
സൂറിച്ച്‌: ഫിഫയുടെ ലോക റാങ്കിംഗില്‍ ഇന്ത്യ 143-ാം സ്ഥാനത്ത്‌. 208 രാജ്യങ്ങളാണ്‌ ഫിഫയുടെ റാങ്കിംഗ്‌ പട്ടികയിലുള്ളത്‌.

No comments: