Thursday, December 4, 2008

YUVI IN, R.P OUT

യുവി ഇന്‍, ആര്‍.പി ഔട്ട്‌
ചെന്നൈ: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ വിശ്വസ്‌തനായ സീമര്‍ രുദ്രപ്രതാപ്‌ സിംഗിനെ വീണ്ടും ദേശീയ സെലക്ടര്‍മാര്‍ വെട്ടി. ഇംഗ്ലണ്ടിനെതിരായ രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആര്‍.പിക്ക്‌ പകരമെത്തിയത്‌ പ്രഗ്യാന്‍ ഒജ എന്ന സ്‌പിന്നര്‍. പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ റിട്ടയര്‍ ചെയ്‌ത സൗരവ്‌ ഗാംഗുലിയുടെ മധ്യനിരസ്ഥാനം യുവരാജ്‌ സിംഗിന്‌ ലഭിച്ചപ്പോള്‍ തമിഴ്‌നാട്ടുകാരനായ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ തന്റെ നാട്ടുകാരായ എസ്‌.ബദരീനാഥ്‌, മുരളി വിജയ്‌ എന്നിവരെ നിലനിര്‍ത്തി. ടീമില്‍ മറ്റ്‌ കാര്യമായ മാറ്റങ്ങളില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ ദേശീയ ടീമില്‍ നിന്ന്‌ ആര്‍.പി സിംഗിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച്‌ രീജി ഭീഷണി മുഴക്കിയ വ്യക്തിയായിരുന്നു ധോണി. അദ്ദേഹത്തിന്റെ വിശ്വസ്‌തരില്‍പ്പെട്ട ആര്‍.പി യെ ഒരിക്കല്‍ക്കൂടി തഴഞ്ഞതിലൂടെ സെലക്ടര്‍മാര്‍ തെളിയിച്ചിരിക്കുന്നത്‌ സ്വന്തം കരുത്താണ്‌. ക്യാപ്‌റ്റന്‌ മുകളില്‍ പറക്കാന്‍ സെലക്ടര്‍മാര്‍ക്ക്‌ കഴിയുമെന്ന സത്യം ധോണിയെ വിശ്വസിപ്പിക്കുന്നതില്‍ ശ്രീകാന്ത്‌ വിജയിച്ചതാണ്‌ രണ്ട്‌ മണിക്കൂറില്‍ അവസാനിച്ച ഇന്നലത്തെ യോഗത്തിലെ പ്രത്യേകത.
11 ന്‌ ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തിലാണ്‌ ആദ്യ ടെസ്റ്റ്‌ നടക്കുന്നത്‌. രണ്ടാം ടെസ്‌റ്റ്‌ 19 മുതല്‍ മൊഹാലിയില്‍ നടക്കും. മുംബൈ ഭീകര ആക്രമണത്തെ തുടര്‍ന്ന്‌ ഏകദിന പരമ്പരയിലെ അവസാന രണ്ട്‌ മല്‍സരങ്ങള്‍ റദ്ദാക്കി നാട്ടിലേക്ക്‌ മടങ്ങിയ കെവിന്‍ പീറ്റേഴ്‌സണും സംഘവും അടുത്തയാഴ്‌ച്ച ഇവിടെയെത്തും.
സൗരവ്‌ ഗാംഗുലിയുടെ ഒഴിവ്‌ യുവരാജ്‌ സിംഗ്‌ നികത്തുമെന്ന്‌ ഏകദിന പരമ്പരയിലെ അദ്ദേഹത്തിന്റെ പ്രകടനം തെളിയിച്ചിരുന്നു. ആദ്യ രണ്ട്‌ ഏകദിനങ്ങളിലും തകര്‍പ്പന്‍ സെഞ്ച്വറികള്‍ സ്വന്തമാക്കി യുവി ഇംഗ്ലീഷ്‌ ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ അവസാന മല്‍സരത്തിന്‌ ശേഷം രാജ്യാന്തര രംഗത്തോട്‌ ഗുഡ്‌ ബൈ പറഞ്ഞ സൗരവിന്റെ അഭാവം നികത്താന്‍ അനുയോജ്യനായ താരമാണ്‌ യുവിയെന്ന്‌ ശ്രീകാന്ത്‌ പറഞ്ഞു. 15 അംഗ സംഘത്തിലേക്ക്‌ വന്ന മറ്റൊരു പ്രധാനി സ്‌പിന്നര്‍ പ്രഗ്യാന്‍ ഒജയാണ്‌. വിരമിച്ച അനില്‍ കുംബ്ലെയുടെ സ്ഥാനമാണ്‌ അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്നത്‌. പക്ഷേ ഹര്‍ഭജന്‍സിംഗ്‌, അമിത്‌ മിശ്ര എന്നിവര്‍ ടീമിലുളളതിനാല്‍ ഒജക്ക്‌ ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ പ്രയാസമാണ്‌.
നാഗ്‌്‌പ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന നാലാം ടെസ്‌റ്റില്‍ ഓപ്പണറായ ഗൗതം ഗാംഭീറിന്‌ വിലക്ക്‌ കാരണം കളിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവസരം ലഭിച്ച മുരളി വിജയ്‌ മികവ്‌ പ്രകടിപ്പിച്ചിരുന്നു. ബദരീനാഥ്‌ നാല്‌ മല്‍സര ടീമിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ആദ്യ ഇലവനിലേക്ക്‌ സൗരവിന്റെ സ്ഥാനം ആര്‍ക്ക്‌ ലഭിക്കുമെന്നതാണ്‌ ഇനി അറിയാനുളളത്‌. യുവരാജ്‌ സിംഗും ബദരിനാഥുമാണ്‌ ഈ സീറ്റിനായി മല്‍സരിക്കുന്നത്‌. ഓസ്‌ട്രേലിയക്കെതിരായ നാല്‌ മല്‍സരത്തിലും കളിക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയുളള ബദരീനാഥിനൊപ്പം നില്‍ക്കാന്‍ ശ്രീകാന്ത്‌ തയ്യാറാവുമ്പോള്‍ ക്യാപ്‌റ്റന്‍ ധോണിക്ക്‌ താല്‍പ്പര്യം യുവരാജിനോടാണ്‌. ഏകദിന പരമ്പരയില്‍ തട്ടുതകര്‍പ്പന്‍ പ്രകടനം നടത്തിയ യുവരാജിന്റെ സാന്നിദ്ധ്യം തന്നെ ഇംഗ്ലീഷുകാരെ ഭയപ്പെടുത്തുമെന്നാണ്‌ നായകന്‍ കരുതുന്നത്‌. ടീമിന്‌ പുറത്താവുമെന്ന കരുതപ്പെട്ട രാഹുല്‍ ദ്രാവിഡിന്‌ ഒരവസരം കൂടി നല്‍കിയിരിക്കയാണ്‌ സെലക്ഷന്‍ സമിതി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വന്‍ പരാജയമായ ദ്രാവിഡിന്‌ ഈ പരമ്പരയിലും ക്ലിക്‌ ചെയ്യാന്‍ കഴിയാത്ത പക്ഷം തിരിച്ചുവരവ്‌ പ്രയാസമായിരിക്കും.
ടീം: മഹേന്ദ്രസിംഗ്‌ ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌ (വൈസ്‌ ക്യാപ്‌റ്റന്‍), ഗൗതം ഗാംഭീര്‍, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ്‌ ലക്ഷ്‌മണ്‍, യുവരാജ്‌സിംഗ്‌, അമിത്‌ മിശ്ര, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍, ഇശാന്ത്‌ ശര്‍മ്മ, എസ്‌.ബദരീനാഥ്‌, മുനാഫ്‌ പട്ടേല്‍, മുരളി വിജയ്‌, പ്രഗ്യാന്‍ ഒജ.

ഇംഗ്ലീഷ്‌ ടീം അബുദാബിയില്‍
തിങ്കളാഴ്‌ച്ച ചെന്നൈയില്‍
ലണ്ടന്‍: ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്ക്‌ മുന്നോടിയായുളള പരിശീലനത്തിനായി കെവിന്‍ പീറ്റേഴ്‌സന്റെ ഇംഗ്ലീഷ്‌ സംഘം ഇന്ന്‌ അബുദാബിയിലെത്തും. മൂന്ന്‌ ദിവസത്തെ പരിശീലനത്തിന്‌ ശേഷം തിങ്കളാഴ്‌ച്ച ടീം ആദ്യ ടെസ്റ്റ്‌ വേദിയായ ചെന്നൈയിലെത്തും. ഇന്ത്യയിലുളള സുരക്ഷാ ഉപദേഷ്ടാവില്‍ നിന്നും വ്യക്തമായ റിപ്പോര്‍ട്ട്‌്‌ തേടിയായിരിക്കും ടീമിന്റെ ഇന്ത്യന്‍ വരവ്‌. പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ വ്യോമാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌.
ഇന്ത്യന്‍ പര്യടനത്തിനായി തന്റെ സഹതാരങ്ങളില്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന്‌ അബുദാബി യാത്രക്ക്‌ തൊട്ട്‌ മുമ്പ്‌ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഞാന്‍ ആരെയും നിര്‍ബന്ധിക്കില്ല. വ്യക്തികള്‍ക്ക്‌ സ്വന്തം തീരുമാനങ്ങളെടുക്കാം. അത്‌ ഞാന്‍ മാനിക്കുന്നു. എല്ലാവരുടെയും സഹകരണത്തോടെ ഇന്ത്യക്കെതിരായ പരമ്പരയില്‍
കളിക്കാന്‍ കഴിയുമെന്നാണ്‌ തന്റെ വിശ്വാസമെന്നും നായകന്‍ പറഞ്ഞു. മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ഏകദിന പരമ്പര വെട്ടിചരുക്കി നാട്ടിലേക്ക്‌ മടങ്ങിയ ഇംഗ്ലീഷ്‌ സംഘത്തില്‍ നിന്നും സീനിയര്‍ താരങ്ങളായ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, സ്റ്റീവന്‍ ഹാര്‍മിസണ്‍, ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, റ്യാന്‍ സൈഡ്‌ബോട്ടം തുടങ്ങിയവര്‍ വിട്ടുനില്‍ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. പക്ഷേ ഈ കാര്യത്തില്‍ സ്ഥീരികരണം നല്‍കാന്‍ പീറ്റേഴ്‌സണ്‍ തയ്യാറായില്ല.
ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ വ്യോമാക്രണ റിപ്പോര്‍ട്ട്‌്‌ സംബന്ധിച്ച്‌ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ മാനേജിംഗ്‌ ഡയരക്ടര്‍ ഹ്യൂഗ്‌ മോറീസ്‌ പറഞ്ഞത്‌. അബുദാബിയില്‍ ക്യാമ്പ്‌ നടക്കുന്നതിനാല്‍ ടെസ്‌റ്റ്‌ പരമ്പരക്ക്‌ മുമ്പായി വാം അപ്പ്‌ മല്‍സരമുണ്ടാവില്ല. ചെന്നൈയിലെത്തി മൂന്നാം ദിവസം തന്നെ ടീം ആദ്യ ടെസ്റ്റിനിറങ്ങും.
ഞായറാഴ്‌ച്ച വരെയായിരിക്കും ടീം അബൂദാബിയിലുണ്ടാവുക. ഇന്ത്യയില്‍ കളിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലനില്‍ക്കുന്നതെങ്കില്‍ ഇവിടെ നിന്നും ടീം നാട്ടിലേക്ക്‌ മടങ്ങുമെന്ന്‌ പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. എല്ലാ താരങ്ങളോടും അഭിപ്രായം തേടിയായിരിക്കും അന്തിമതീരുമാനം കൈകൊളളുക. എല്ലാ താരങ്ങള്‍ക്കും സ്വന്തം തീരുമാനമെടുക്കാനുളള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും കുടുംബവുമായി ബന്ധപ്പെട്ട്‌ തീരുമാനമെടുക്കാം. ആരെങ്കിലും പിന്മാറുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ താനില്ലെന്നും നായകന്‍ വ്യക്തമാക്കുന്നുണ്ട്‌. ഫ്‌ളിന്റോഫും ഹാര്‍മിസണും വരുമോ എന്ന ചോദ്യത്തിന്‌ ടീമിലെ സീനിയര്‍ താരങ്ങളാണ്‌ അവരെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ്‌ ക്യാപ്‌റ്റന്‍ പ്രതീകരിച്ചത്‌. 22 പേരാണ്‌ ഇംഗ്ലീഷ്‌ സംഘത്തിലുളളത്‌. അവര്‍ ഇവരാണ്‌. ബ്രാക്കറ്റില്‍ കൗണ്ടി ക്ലബുകള്‍.
കെവിന്‍ പീറ്റേഴ്‌സണ്‍ (ഹാംഷെയര്‍), ടി.ആര്‍ അംബ്രോസ്‌ (വിക്കറ്റ്‌ കീപ്പര്‍, വാര്‍വിക്‌ഷെയര്‍), ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ (ലാഞ്ചഷെയര്‍), ഇയാന്‍ ബെല്‍ (വാര്‍വിക്‌ ഷെയര്‍), സ്റ്റ്യൂവാര്‍ട്ട്‌ ബ്രോഡ്‌ (നോട്ടിംഗ്‌ഹാം ഷെയര്‍), പോള്‍ കോളിംഗ്‌വുഡ്‌ (ഡര്‍ഹം), അലിസ്‌റ്റര്‍ കുക്ക്‌ (എസെക്‌സ്‌), ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ (ലാഞ്ചഷെയര്‍), സ്‌റ്റീവന്‍ ഹാര്‍മിസണ്‍ (ഡര്‍ഹം), മോണ്ടി പനേസര്‍ (നോര്‍ത്താംപ്‌ടണ്‍), മാറ്റ്‌ പ്രയര്‍ (വിക്കറ്റ്‌ കീപ്പര്‍-സസെക്‌സ്‌), ഒവൈസ്‌ ഷാ (മിഡില്‍സക്‌സ്‌), ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ (മിഡില്‍സക്‌സ്‌), ജി.പി സ്വാന്‍ (നോട്ടിംഗ്‌ഹാംഷെയര്‍), രവി ബോപ്പാര (എസെക്‌സ്‌), എം.എ ഡേവിസ്‌ (ഡര്‍ഹം), ആര്‍.എച്ച്‌ ജോസഫ്‌ (കെന്റ്‌), എ.ഖാന്‍ (കെന്റ്‌), സാജിദ്‌ മഹമൂദ്‌ (ലാഞ്ചഷെയര്‍), എസ്‌.ആര്‍ പട്ടേല്‍ (നോട്ടിംഗ്‌ ഹാംഷെയര്‍), പ്ലങ്കറ്റ്‌ (ഡര്‍ഹം), ഒ.പി റായ്‌നര്‍ (സസെക്‌സ്‌), എ.റിച്ചാര്‍ഡ്‌സണ്‍ (മിഡില്‍സക്‌സ്‌).

ലോകകപ്പ്‌ ഭാവി
ഇന്ന്‌ ഏഷ്യന്‍ യോഗം
കൊളംബോ: ഭീകരവാദാക്രമണത്തില്‍ ഒറ്റപ്പെട്ട്‌ നില്‍ക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്‌ഠത്തില്‍ നിശ്ചയിച്ചിരിക്കുന്ന 2011 ലെ ലോകകപ്പ്‌ വേദികള്‍ മാറ്റണമെന്ന ആവശ്യമുയരവെ ഏഷ്യയിലെ കരുത്തരായ ക്രിക്കറ്റ്‌ പ്രതിനിധികള്‍ ഇന്ന്‌ ഇവിടെ യോഗം ചേരുന്നു. മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെയും പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെയും പ്രതിനിധികളും ലങ്കന്‍, ബംഗ്ലാദേശ്‌ ബോര്‍ഡുകളുടെ അധിപരും ഒരുമിക്കുന്നത്‌. ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ ഇന്നത്തെ യോഗത്തില്‍ വെച്ച്‌ സ്ഥാനമേറ്റെടുക്കും. ജനറല്‍ പര്‍വേസ്‌ മുഷറഫ്‌ പാക്‌ പ്രസിഡണ്ട്‌ സ്ഥാനം രാജിവെച്ചയുടന്‍ അദ്ദേഹത്തിന്റെ വിശ്വസ്‌തനായിരുന്ന നാസീം അഷ്‌റഫ്‌ പി.സി.ബി തലവന്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന്‌ പാക്കിസ്‌താന്‌ അനുവദിച്ചിരുന്ന ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്‌.
ഇന്ത്യന്‍ ബോര്‍ഡിനെ പ്രതിനിധീകരിച്ച്‌ ആരാണ്‌ യോഗത്തില്‍ പങ്കെടുക്കുക എന്നത്‌ വ്യക്തമല്ല. ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ പാക്കിസ്‌താന്‍ പര്യടനം സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കവെ യോഗത്തില്‍ ഇന്ത്യയുടെയും പാക്കിസ്‌താന്റെയും ബോര്‍ഡ്‌ പ്രതിനിധികള്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ ടീമിന്റെ പാക്‌ പര്യടനം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. പക്ഷേ ഈ കാര്യത്തില്‍ ഇത്‌ വരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഭീകരവാദികള്‍ക്ക്‌ മറുപടി നല്‍കാന്‍ പരമ്പരയുമായി മുന്നോട്ട്‌ പോവണമെന്നതാണ്‌ പാക്‌ ആവശ്യം. എന്നാല്‍ മുംബൈ ആക്രമണത്തിന്‌ പിറകില്‍ പാക്കിസ്‌താന്‍ വംശജരാണെന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ ആ രാജ്യത്തേക്ക്‌ ടീമിനെ അയക്കുന്നതിനോട്‌ സര്‍ക്കാരിന്‌ താല്‍പ്പര്യമില്ല.
ഇന്ത്യന്‍ ബോര്‍ഡുമായി ഐ.പി.എല്‍ വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന ലങ്കന്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ അര്‍ജുന രണതുംഗെയും ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിനെ പ്രതീനിധീകരിച്ച്‌ ഡയരക്ടര്‍ അഷറഫുല്‍ ഹഖും യോഗത്തില്‍ സംബന്ധിക്കും.

എസ്‌.ബി.ടി തകര്‍ന്നു
കൊല്‍ക്കത്ത: ഐ ലീഗ്‌ ചാമ്പ്യന്മാരും ഏ.എഫ്‌.സി കപ്പ്‌ സെമി ഫൈനലിസ്‌റ്റുകളുമായ ഡെംപോ സ്‌പോര്‍
ട്‌സ്‌ ക്ലബ്‌ ഗോവക്ക്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ തുടക്കം. കേരളത്തില്‍ നിന്നുളള ഏക പ്രതിനിധികളായ എസ്‌.ബി.ടി തിരുവനന്തപുരത്തെ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്താണ്‌ ഡെംപോ കരുത്ത്‌ പ്രകടിപ്പിച്ചത്‌.
പന്ത്രണ്ടാം മിനുട്ടില്‍ ക്ലിഫോര്‍ഡ്‌ മിറാന്‍ഡ, പതിനാലാം മിനുട്ടില്‍ ക്ലിഫ്‌ടണ്‍ ഗോണ്‍സാല്‍വസ്‌, നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ ആന്റണി പെരേര എന്നിവരാണ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. അബ്ദുള്‍ ഹക്കീം നയിച്ച എസ്‌.ബി ടി സംഘം തീര്‍ത്തും നിസ്സഹായരായ പ്രകടനത്തില്‍ ഗോവക്കാരുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ്‌ പ്രകടമായത്‌.
ഹക്കീമിനൊപ്പം മുന്‍നിരയില്‍ കളിച്ച കണ്ണന്‌ രണ്ടവസരങ്ങള്‍ ലഭിച്ചെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. പിന്‍നിരയില്‍ കളിച്ച അബ്ദുള്‍ ബഷീറിനും മുഹമ്മദ്‌ ഹാരിസിനും സുര്‍ജിത്തിനും ഗോവക്കാരുടെ പെട്ടെന്നുളള ആക്രമണത്തിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഗോള്‍ക്കീപ്പര്‍ ഹര്‍ഷല്‍ റഹ്‌മാന്റെ മികവിലാണ്‌ വലിയ തോല്‍വിയില്‍ നിന്നും ടീം രക്ഷപ്പെട്ടത്‌.
യോഗ്യതാ മല്‍സരങ്ങളില്‍ സാല്‍ഗോക്കര്‍ ഉള്‍പ്പെടെയുളള കരുത്തരെ തോല്‍പ്പിച്ച എസ്‌.ബി.ടിക്ക്‌ ആ കരുത്ത്‌ ശക്തരായ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാന്‍ കഴിഞ്ഞില്ല. എസ്‌.ബി.ടിയുടെ അടുത്ത മല്‍സരം ഒമ്പതാം തിയ്യതി കൊല്‍ക്കത്ത ചിരാഗുമായാണ്‌. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ മുംബൈ എഫ്‌.സിയും ചിരാഗ്‌ യുനൈറ്റഡും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ മഹീന്ദ്ര യുനൈറ്റഡ്‌ എച്ച്‌.ഏ.എല്‍ ബാംഗ്ലൂരിനെയും ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെയും നേരിടും

മാഞ്ചസ്റ്ററിന്‌ ടെവസ്‌ വിജയം
ഓള്‍ഡ്‌ ട്രാഫോഡ്‌: കാര്‍ലിംഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ ശക്തരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ തകര്‍പ്പന്‍ പോരാട്ടത്തില്‍ ബ്ലാക്‌ബര്‍ണിനെ 5-3ന്‌ പരാജയപ്പെടുത്തി. നാല്‌ ഗോളുകള്‍ ബ്ലാക്‌ബര്‍ണ്‍ വലയിലെത്തിച്ച അര്‍ജന്റീനിയന്‍ താരം കാര്‍ലോസ്‌ ടെവസാണ്‌ മാഞ്ചസ്‌റ്ററിനായി മിന്നിയത്‌. ഇതാദ്യമായാണ്‌ സ്വന്തം കരിയറില്‍ ഒരു മല്‍സരത്തില്‍ ടെവസ്‌ നാല്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നത്‌. കഴിഞ്ഞയാഴ്‌ച്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച സംഘത്തില്‍ നിന്നും പത്ത്‌ മാറ്റങ്ങള്‍ വരുത്തിയാണ്‌ കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ബ്ലാക്‌ബര്‍ണിനെതിരെ ടീമിനെ ഇറക്കിയത്‌. റിസര്‍വ്‌ ബെഞ്ചിലുളള താരങ്ങളെ ഉപയോഗപ്പെടുത്തി മികച്ച വിജയം സ്വന്തമാക്കിയതിലാണ്‌ ആഹ്ലാദമെന്ന്‌ സ്‌്‌ക്കോട്ട്‌ലാന്‍ഡുകാരനായ ഫെര്‍ഗ്ഗി അഭിപ്രായപ്പെട്ടു.

ഇര്‍ഫാന്‌ രോഷം,ഖേദം
ന്യൂഡല്‍ഹി: കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന മല്‍സര വിജയത്തിന്‌ ശേഷം ഞങ്ങളെല്ലാം ആഘോഷ നിമിഷങ്ങളിലായിരുന്നു. അപ്പോഴാണ്‌ ടെലിവിഷനില്‍ മുംബൈ ആക്രമണത്തിന്റെ വാര്‍ത്തകള്‍ ഫ്‌ളാഷുകളായി മിന്നാന്‍ തുടങ്ങിയത്‌. എന്തിനാണ്‌ തീവ്രവാദികള്‍ ഇങ്ങനെ രാജ്യത്തെ ദ്രോഹിക്കുന്നത്‌. എത്ര ഭീകരമായാണ്‌ അവര്‍ വെടിയുതിര്‍ക്കുന്നത്‌- ഇര്‍ഫാന്‍ പത്താന്‍ രോഷം കൊള്ളുന്നു. മുംബൈ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യാന്‍ ക്രിക്കറ്റര്‍മാര്‍ ഒരുക്കമാണ്‌. ഇന്ത്യയില്‍ ഒരിടത്തുമിപ്പോള്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌. ഈ സന്നിഗ്‌ദ്ധഘട്ടത്തില്‍ രാജ്യ സുരക്ഷക്കായി എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇവിടെ ഒരു സ്വകാര്യ ചടങ്ങിനെത്തിയതായിരുന്നു ഇര്‍ഫാന്‍.

No comments: