Thursday, December 18, 2008

PAK JOURNEY IMPOSSIBLE

ഇല്ല
മുംബൈ: ഇല്ല, ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പാക്കിസ്‌താനിലേക്കില്ല. നവംബറില്‍ നടന്ന മുംബൈ ആക്രമണത്തെ തുടര്‍ന്ന്‌ സംജാതമായ സാഹചര്യങ്ങളില്‍ അസാധ്യമാണെന്നുറപ്പായ പരമ്പരയുടെ കാര്യത്തിലെ അന്തിമവാക്ക്‌ ഇന്നലെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനത്തിലൂടെ പുറത്ത്‌ വരുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ പാക്കിസ്‌താന്‍ യാത്രക്ക്‌ അനുമതി നല്‍കാന്‍ പ്രയാസമാണെന്ന്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചതിനെ തുടര്‍ന്നാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പര്യടനം റദ്ദാക്കിയത്‌. എന്നാല്‍ നിഷ്‌പക്ഷ വേദിയില്‍ പരമ്പര നടക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ല. പാക്കിസ്‌താന്‌ കനത്ത ആഘാതമാണ്‌ ഇന്ത്യന്‍ തീരുമാനം. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഒരു ക്രിക്കറ്റ്‌ ടീം പാക്കിസ്‌താനില്‍ പര്യടനം നടത്തുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങളാല്‍ എല്ലാവരും പിന്മാറിയപ്പോള്‍ ഇന്ത്യയില്‍ നിന്ന്‌ അനുകൂല പ്രതികരണമാണ്‌ അവര്‍ പ്രതീക്ഷിച്ചത്‌. ഇന്ത്യന്‍ ടീമിന്റെ പര്യടനം മാത്രം മുന്‍നിര്‍ത്തി സ്‌പോര്‍ട്‌സ്‌ ചാനലായ ടെന്‍ സ്‌പോര്‍ട്‌സുമായി കോടികളുടെ സംപ്രേക്ഷണ കരാറും പി.സി.ബി ഒപ്പിട്ടിരുന്നു. എല്ലാം ഇപ്പോള്‍ വെറുതെയായെന്നും കോടികളാണ്‌ തങ്ങള്‍ക്ക്‌ നഷ്ടമാവുന്നതെന്നും പി.സി.ബി വ്യക്തമാക്കി കഴിഞ്ഞു.
നവംബറിലെ മുംബൈ ആക്രമണത്തിന്‌ ശേഷം ചിത്രം വളരെ വ്യക്തമായിരുന്നു. ഇന്ത്യയുടെ വാണിജ്യാസ്ഥാനത്ത്‌ നടത്തിയ സ്‌ഫോടനങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താന്‍ കരങ്ങളുണ്ടെന്ന വാദം വളരെ വ്യക്തമായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ കാര്യം ആവര്‍ത്തിച്ചപ്പോള്‍ അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ പ്രബലരും ഇന്ത്യക്കൊപ്പം നിന്നിരുന്നു. എന്നാല്‍ മുംബൈ ആക്രമണങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താന്‍ പൗരന്മാരാണെന്ന വാദം തെളിയിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ പാക്കിസ്‌താന്‍ പ്രസിഡണ്ട്‌ ആസിഫ്‌ സര്‍ദാരി ഇന്നലെയും പറഞ്ഞതിന്‌ പിറകെയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനം പരസ്യമാക്കിയത്‌.
മുംബൈ ആക്രമണങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പാക്കിസ്‌താന്‍ പര്യടനം വിദേശകാര്യ മന്ത്രാലയം ഇടപ്പെട്ട്‌ റദ്ദാക്കിയിരുന്നു. ക്രിക്കറ്റ്‌ ടീമിനും അനുമതി ലഭിക്കില്ലെന്ന്‌ ഇതില്‍ നിന്ന്‌ തന്നെ വ്യക്തമായിട്ടും പാക്കിസ്‌താന്‍ പ്രതീക്ഷയോടെ നയതന്ത്ര നീക്കങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്‌, ഹര്‍ഭജന്‍സിംഗ്‌, സഹീര്‍ഖാന്‍ തുടങ്ങിയവരെല്ലാം പാക്കിസ്‌താന്‍ പര്യടനത്തിന്‌ എതിരായിരുന്നു. സുനില്‍ ഗവാസ്‌ക്കറെ പോലുള്ള മുന്‍കാല ക്രിക്കറ്റര്‍മാരും കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്ലും പര്യടനത്തിനെതിരെ രംഗത്ത്‌ വന്നപ്പോള്‍ സര്‍ക്കാരിന്റെ വിശദീകരണം മാത്രമായിരുന്നു ആവശ്യം. ഇന്നലെയാണ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഔദ്യോഗികമായി പര്യടനത്തിന്‌ അനുമതി നിഷേധിച്ച കാര്യം വ്യക്തമാക്കിയത്‌. ഉടന്‍ തന്നെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തീരുമാനം ഔദ്യോഗികമായി വ്യക്തമാക്കി.
170 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനങ്ങളില്‍ പാക്കിസ്‌താന്‍ അനുകൂല തീവ്രവാദി സംഘടന ലഷ്‌ക്കര്‍ ഇ ത്വയിബ ഉള്‍പ്പെടെയുളളവരെയാണ്‌ ലോകം സംശയിക്കുന്നത്‌. ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്താനുളള തീവ്രവാദികളുടെ നീക്കങ്ങളെ തടയാന്‍ പാക്കിസ്‌താന്‍ ഭരണക്കൂടത്തിന്‌ കഴിയുന്നില്ല എന്ന പരാതി ഇന്ത്യ നേരത്തെ ഉന്നയിച്ചതാണ്‌.

ലോകകപ്പിനെ ബാധിക്കില്ല
മുംബൈ: ഇന്ത്യന്‍ ടീമന്റെ പാക്കിസ്‌താന്‍ പര്യടനം അവസാന നിമിഷം റദ്ദാക്കിയത്‌ 2011 ല്‍ നടക്കുന്ന ലോകകപ്പിനെ ബാധിക്കില്ലെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്‌താനും ശ്രീലങ്കയും സംയുക്തമായാണ്‌ ലോകകപ്പിന്‌ ആതിഥ്യമരുളുന്നത്‌. പെട്ടെന്നുണ്ടായ കാരണത്താലാണ്‌ ഇപ്പോള്‍ പരമ്പര റദ്ദാക്കിയിരിക്കുന്നത്‌. ലോകകപ്പ്‌ 2011 ലാണ്‌ നടക്കുന്നത്‌. ഇന്ത്യ-പാക്കിസ്‌താന്‍ സൗഹൃദത്തെ ഇത്‌ ഒരിക്കലും ബാധിക്കില്ലെന്ന്‌ ഷെട്ടി പറഞ്ഞു. അതേ സമയം പാക്കിസ്‌താന്‌ കനത്ത ആഘാതമാണ്‌ ഇന്ത്യന്‍ തീരുമാനമെന്ന്‌ പി.സി.ബി ചെയര്‍മാന്‍ ഇജാസ്‌ ഭട്ട്‌ പറഞ്ഞു. ഞെട്ടിക്കുന്ന തീരുമാനമാണ്‌ ഇന്ത്യ എടുത്തത്‌. എങ്കിലും കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിക്കുന്നിടത്തല്ല-ഭട്ട്‌ വ്യക്തമാക്കി. ഇന്ത്യന്‍ തീരുമാനം തന്നെ അല്‍ഭുതപ്പെടുത്തിയില്ലെന്ന്‌ പി.സി.ബി മുന്‍ തലവന്‍ ഷഹരിയാര്‍ഖാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ തീരുമാനത്തില്‍ നിരാശയുണ്ട്‌. പക്ഷേ കാര്യങ്ങള്‍ കളിക്കാരുടെ കൈകകളില്‍ അല്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

പകരം ലങ്ക വന്നേക്കും
കൊളംബോ: ഇന്ത്യന്‍ ടീം പാക്‌ പര്യടനം റദ്ദാക്കിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം പാക്‌ പര്യടനം നടത്താന്‍ സാധ്യത. ജനുവരി 5 മുതലാണ്‌ ഇന്ത്യന്‍ ടീമിന്റെ പര്യടനം നിശ്ചയിച്ചിരുന്നത്‌. മൂന്ന്‌ ടെസ്‌റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമായിരുന്നു പരമ്പരയില്‍. ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ ലങ്കയെ നാട്ടിലേക്ക്‌്‌ വിളിക്കാനാണ്‌ പാക്‌ നീക്കം. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികാരികളുമായി ഇടഞ്ഞ്‌ നില്‍ക്കുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ്‌്‌ ബോര്‍ഡ്‌ തലവന്‍ അര്‍ജുന രണതുംഗെ പാക്കിസ്‌താനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. പാക്കിസ്‌താനില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നാണ്‌ അര്‍ജുനയുുടെ വാദം. ഇത്‌ വരെ പാക്കിസ്‌താന്‍ സര്‍ക്കാര്‍ ലങ്കയെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിക്കൂന്ന പക്ഷം ഗൗരവതരമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിഷ്‌പക്ഷ വേദിയില്‍ പരമ്പര നടത്താനും പാക്കിസ്‌താന്‍ ആലോചിക്കുന്നുണ്ട്‌. ഇന്ത്യ-പാക്‌ പരമ്പര ഏതെങ്കിലും മണലാരണ്യ അറബ്‌ രാജ്യത്തില്‍ നടത്തിയാല്‍ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഷാര്‍ജയിലാണ്‌ അവസാനമായി ഇന്ത്യ-പാക്കിസ്‌താന്‍ മല്‍സരം നടന്നത്‌. ഇന്ത്യയും പാക്കിസ്‌താനും കളിക്കുമ്പോള്‍ ഷാര്‍ജയില്‍ തിങ്ങിനിറയാറുളള കാണികളെ അബുദാബിയിലേക്ക്‌ ആകര്‍ഷിക്കാനാവുമെന്നാണ്‌ പ്രതീക്ഷ.

നല്ല തീരുമാനം
ഇന്നലെ-ഡിസംബര്‍ 18ന്‌ വ്യാഴാഴ്‌ച്ച ബി.ബി.സി യുമായി സംസാരിച്ചപ്പോഴും പാക്കിസ്‌താന്‍ പ്രസിഡണ്ട്‌ ആസിഫ്‌ അലി സര്‍ദാരി പറഞ്ഞത്‌ മുംബൈ സംഭവവികാസങ്ങളില്‍ പാക്കിസ്‌താന്‌ പങ്കില്ലെന്നാണ്‌.... വ്യക്തമായ കാരണങ്ങളാല്‍ ലോകം മുഴുവന്‍ പാക്കിസ്‌താനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക്‌ തെളിവ്‌ ഹാജരാക്കാന്‍ കഴിയുന്നില്ലെന്ന പരാതി പരസ്യമായി ഉന്നയിക്കന്ന സര്‍ദാരിയെ പോലുളളവര്‍ക്ക്‌ നല്‍കാനാവുന്നമികച്ച മറുപടിയാണ്‌ വിദേശകാര്യ മന്ത്രാലയവും ക്രിക്കറ്റ്‌ ബോര്‍ഡും നല്‍കിയിരിക്കുന്നത്‌. നവംബറിലെ രണ്ട്‌ രാത്രികളിലായി മുംബൈയില്‍ 170 ലധികം നിരപരാധികളാണ്‌ കൊല്ലപ്പെട്ടത്‌. ഇവരെ മറന്ന്‌ പാക്കിസ്‌താനില്‍ പോയി ക്രിക്കറ്റ്‌ കളിക്കുന്നത്‌ കുറ്റകരമായ അപരാധമാവുമായിരുന്നു. ക്രിക്കറ്റിലെ വാണിജ്യ താല്‍പ്പര്യത്തിനാണ്‌ പലപ്പോഴും ക്രിക്കറ്റ്‌ ബോര്‍ഡുകളും സര്‍ക്കാരും താല്‍പ്പര്യമെടുക്കാറുളളത്‌. ഇന്ത്യ-പാക്‌ പരമ്പര നടന്നാല്‍ ഇരു ബോര്‍ഡുകള്‍ക്കും കോടികള്‍ നേട്ടമുണ്ടാക്കാം. ആ നേട്ടത്തെ മറക്കാന്‍ കാട്ടിയ ആര്‍ജ്ജവത്തിന്‌ പ്രണബ്‌ മുഖര്‍ജിക്കും ശശാങ്ക്‌ മനോഹറിനും നന്ദി...
അതിര്‍ത്തി രാജ്യങ്ങള്‍ തമ്മിലുളള ശീത സമരത്തിന്‌ പലപ്പോഴും ഇരയായിട്ടുളളത്‌ ക്രിക്കറ്റാണ്‌. ദീര്‍ഘകാലത്തെ ഇടവേളക്ക്‌ ശേഷം 1999 ല്‍ പാക്കിസ്‌താന്‍ ടീം ഇന്ത്യയില്‍ വന്നത്‌ ആരും മറന്നിട്ടില്ല. അതിന്‌ ശേഷം പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ട്‌ പോവുകയായിരുന്നു. 2011 ല്‍ ലോകകപ്പിന്‌ സംയുക്തമായ ആതിഥ്യമരുളാന്‍ ഇന്ത്യയും പാക്കിസ്‌താനും ഒന്നിച്ചുവന്നു. ഓസ്‌ട്രേലിയയും ബ്രിട്ടനുമെല്ലാം ലോക ക്രിക്കറ്റിനെ ഭരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഏഷ്യന്‍ കരുത്തായി ഇന്ത്യയും പാക്കിസ്‌താനും ഒരുമിച്ചുനിന്നു. ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ തമ്മിലും കാണികള്‍ തമ്മിലുമുണ്ടായ സൗഹൃദത്തില്‍ അയല്‍ബന്ധം ശക്തമായി തുടരവെയാണ്‌ മുംബൈയിലെ രാത്രികള്‍ എല്ലാം തകര്‍ത്തത്‌.
പാക്കിസ്‌താനിലെ ഒരു നഗരവുമിപ്പോള്‍ സുരക്ഷിതമല്ല. ലാഹോറും കറാച്ചിയും റാവല്‍പിണ്ടിയും ഇസ്ലാമബാദിലുമെല്ലാം ഏത്‌ നിമിഷവും എന്തും സംഭവിക്കാം. ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്‌ കനത്ത സുരക്ഷക്കിടയിലായിരുന്നല്ലോ. കാറും ബസ്സും ബൈക്കുമെല്ലാം ഏത്‌ സമയവും പൊട്ടിത്തെറിക്കാമെന്ന നിലയില്‍ പായുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെ അത്തരമൊരു സാഹസിക തട്ടിലേക്ക്‌ അയക്കാന്‍ ഒരു ഭരണക്കൂടവും തയ്യാറാവില്ല.
അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ്‌ നിഷ്‌പക്ഷ വേദിയില്‍ നടത്തുന്നതില്‍ തെറ്റില്ല. മുംബൈ സംഭവങ്ങളില്‍ ക്രിക്കറ്റ്‌ പ്രതിയല്ല. ക്രിക്കറ്റിനെ സംരക്ഷിക്കാന്‍ മല്‍സരങ്ങള്‍ ഇവിടെയും നടത്താം. ഈ കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തുറന്ന സമീപനം സ്വീകരിക്കണം. ഇന്ന്‌ മുതല്‍ മൊഹാലിയില്‍ ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ്‌ ആരംഭിക്കുകയാണ്‌. ആത്മവിശ്വാസത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിനെ അനിശ്ചിതത്ത്വതിന്റെ പാക്‌ താഴ്‌വാരത്തിലേക്ക്‌ വിടുന്നതിന്‌ പകരം അവര്‍ക്ക്‌ അല്‍പ്പം വിശ്രമം നല്‍കുന്നതാണ്‌ നല്ലത്‌.

ഇംഗ്ലീഷ്‌ പ്രഷര്‍
മൊഹാലി: ചെന്നൈയിലെ ചെപ്പോക്കില്‍ മൂന്നര ദിവസവും രാജാക്കന്മാരായിരുന്നു ഇംഗ്ലണ്ട്‌..... പക്ഷേ വീരേന്ദര്‍ സേവഗ്‌ എന്ന വിരുവിന്റെ ഒരൊറ്റ ഇന്നിംഗ്‌സില്‍ സര്‍വ്വവും നഷ്‌ടമായ നിരാശയില്‍ ഇംഗ്ലീഷ്‌ ടീം ഇന്നിവിടെ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്‌ അധിക സമ്മര്‍ദ്ദത്തില്‍....
ആരെയും എപ്പോള്‍ വേണമെങ്കിലും തോല്‍പ്പിക്കാമെന്ന മാനസികാവസ്ഥയിലാണ്‌ ഇന്ത്യന്‍ ടീം. ചെപ്പോക്കില്‍ ജയമെന്ന സത്യത്തിലേക്ക്‌ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി പോലും ചിന്തിച്ചിരുന്നില്ല. പക്ഷേ സേവാഗിന്റെ കത്തിയാളിയ ഇന്നിംഗ്‌സിലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പക്വതയിലും ഇന്ത്യ അനായാസമായി വിജയിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പിച്ചാണ്‌ മൊഹാലിയിലേത്‌. ഈ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വെല്ലുവിളിക്കാന്‍ ഇംഗ്ലീഷ്‌ പേസര്‍മാര്‍ക്ക്‌ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എങ്കിലും ഇപ്പോഴുളള ഇന്ത്യന്‍ മാനസികാവസ്ഥയിലേക്ക്‌ അതിവേഗത്തില്‍ പന്തെറിഞ്ഞ്‌ ജയിക്കാനാവുമെന്ന വിശ്വാസം കെവിന്‍ പീറ്റേഴ്‌സണില്ല.
ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റത്തിന്‌ സാധ്യതില്ല. രാഹുല്‍ ദ്രാവിഡിന്‌ പകരം എസ്‌.ബദരിനാഥിന്‌ അവസരം ലഭിച്ചേക്കാം. തപ്പിതടയുന്ന ദ്രാവിഡിനെ അവസാന ഇലവനില്‍ കളിപ്പിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്‌ താല്‍പ്പര്യമില്ല. പക്ഷേ ധോണി മാറ്റത്തെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല. ഇന്ത്യന്‍ ബാറ്റിംഗിലെ ഇപ്പോഴത്തെ നിര്‍ജീവ ഘടകം ദ്രാവിഡാണ്‌. ദ്രാവിഡിനെ മാറ്റിനിര്‍ത്തി പകരം ബദരീനാഥിന്‌ അവസരം നല്‍കിയാല്‍ ബാറ്റിംഗ്‌ കൂടുതല്‍ ശക്തിപ്പെടുമെന്നാണ്‌ ശ്രീകാന്ത്‌ കരുതുന്നത്‌. ഇംഗ്ലീഷ്‌ നിരയില്‍ തീര്‍ച്ചയായും മാറ്റമുണ്ടാവും. ക്രിസ്‌ ബ്രോഡ്‌ എന്ന സീമര്‍ പരുക്കില്‍ നിന്ന്‌ മോചനം നേടിയിട്ടുണ്ട്‌. ബ്രോഡ്‌ തിരിച്ചുവരുമ്പോള്‍ ആന്‍ഡേഴ്‌സണ്‍, ഹാര്‍മിസണ്‍ എന്നിവരില്‍ ഒരാള്‍ പുറത്താവും. സ്‌പിന്നര്‍മാരായ സ്വാന്‍, മോണ്ടി പനേസര്‍ എന്നിവര്‍ തുടരും.
ഇന്ത്യ ആരെയും ഭയപ്പെടുന്നില്ലെന്‌ ധോണി പറഞ്ഞു. ചെന്നൈയില്‍ ബാറ്റിംഗില്‍ ആദ്യ ഇന്നിംഗ്‌സില്‍ പിഴവുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആ പിഴവുകള്‍ തിരുത്തി. ബാറ്റിംഗില്‍ ഇന്ത്യയാണിപ്പോള്‍ എല്ലാവരേക്കാളും മുന്നിലെന്നും നായകന്‍ സമര്‍ത്ഥിക്കുന്നു.
ബൗളിംഗില്‍ സഹീര്‍ഖാന്‍ റിവേഴ്‌സ്‌ സ്വിംഗിന്റെ പുതിയ ആശാനായിരിക്കുന്നു. ഇഷാന്ത്‌ ശര്‍മ്മ ഓരോ മല്‍സരം കഴിയും തോറും മെച്ചപ്പെട്ടുവരുന്നു. സ്‌പിന്നര്‍മാരായ ഹര്‍ഭജനും അമിത്‌ മിശ്രയും വിശ്വസ്‌തരാണ്‌.
മല്‍സരത്തിന്റെ തല്‍സമയ സംപ്രേക്ഷണം രാവിലെ ഒമ്പത്‌ മുതല്‍ നിയോ സ്‌പോര്‍ട്‌സില്‍.

ദ്രാവിഡ്‌ 5 ല്‍
മൊഹാലി: ഇന്ന്‌ ഇവിടെ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ്‌ ഓര്‍ഡറില്‍ മാറ്റത്തിന്‌ സാധ്യത. മൂന്നാം നമ്പറില്‍ തപ്പിതടയുന്ന ദ്രാവിഡിനെ അഞ്ചാം നമ്പറിലേക്ക്‌ മാറ്റാനാണ്‌ ടീം മാനേജ്‌മെന്റ്‌്‌്‌ ആലോചിക്കുന്നത്‌. ദ്രാവിഡിനെ ടീമില്‍ നിന്നന്‌ മാറ്റി പകരം എസ്‌.ബദരീനാഥിനെ കളിപ്പിക്കുന്നതിനോടാണ്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്തിന്‌ താല്‍പ്പര്യം. എന്നാല്‍ ധോണി ഇതിനോട്‌ യോജിക്കുന്നില്ല. വി.വി.എസ്‌ ലക്ഷ്‌മണിനെ മൂന്നാം നമ്പറിലും ദ്രാവിഡിനെ അഞ്ചിലും കളിപ്പിക്കുന്ന കാര്യമാണ്‌ അദ്ദേഹം ആലോചിക്കുന്നത്‌. പക്ഷേ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബാറ്റിംഗ്‌ ഓര്‍ഡറില്‍ പെട്ടെന്ന്‌ മാറ്റം വരുത്തിയാല്‍ അത്‌ ടീമിനെ തന്നെ ബാധിക്കുമോ എന്ന ഭയം ധോണിക്കുണ്ട്‌.

വിന്‍ഡീസിന്‌ പ്രതീക്ഷ
നേപ്പിയര്‍: മഴയില്‍ കുതിര്‍ന്ന ഒന്നാം ടെസ്‌റ്റിന്‌ ശേഷം വിന്‍ഡീസും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്‌ ഇന്ന്‌ ഇവിടെ ആരംഭം. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗ്‌ കരുത്ത്‌ കാട്ടിയ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍ പ്രതീക്ഷയിലാണ്‌. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ദയനീയതയില്‍ നിന്നും മോചനം ലഭിക്കാത്ത ആതിഥേയര്‍ക്ക്‌ കാര്യങ്ങള്‍ അനുകൂലമല്ല. ഡുനഡിനില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ബാറ്റിംഗ്‌ സാധ്യമായ സമയത്ത്‌ ഗെയില്‍ 74 റണ്‍സ്‌ നേടിയിരുന്നു. കൂട്ടുകാരനായ ശിവനാരായണ്‍ ചന്ദര്‍പോള്‍ 76 റണ്‍സും സ്വന്തമാക്കിയിരുന്നു. അതേസമയം കിവി ബാറ്റിംഗ്‌ നിരയിലെ ആര്‍ക്കും ആധികാരികത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കിവി ഓപ്പണര്‍ ജാമി ഹൗവിന്‌ കഴിഞ്ഞ 17 ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.

മാഞ്ചസ്‌റ്റര്‍ ഫൈനലില്‍
ടോക്കിയോ: ജപ്പാനില്‍ നിന്നുളള ഗാംബ ഒസാക്കയെ 3-5 ന്‌ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്‌ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മാഞ്ചസ്‌റ്റര്‍ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ലീഗ ഡി ക്വിറ്റോയെ നേരിടും. മൂന്നാം സ്ഥാനത്തിനായി ഗാംബ ഒസാക്ക കോണ്‍കാകാഫിലെ പച്ചുക്കയെ എതിരിടും. നേമാജ വിദിക്ക്‌, കൃസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ ലീഡ്‌ നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാട്ടുകാരുടെ പിന്തുണയില്‍ ഒസാക്കാ സംഘം തിരിച്ചെത്തി. മസാറ്റോ യമസൂക്കി ഇംഗ്ലീഷ്‌ ചാമ്പ്യന്മാരെ ഞെട്ടിച്ച്‌ കൊണ്ട്‌ മനോഹരമായ ഒരു ഗോള്‍ സ്വന്തമാക്കി. എന്നാല്‍ പരുക്കില്‍ നിന്നും പൂര്‍ണ്ണമോചനം നേടിയിട്ടില്ലാത്ത വെയിന്‍ റൂണി പതിവ്‌ കുതിപ്പില്‍ ടീമിന്റെ മൂന്നാം ഗോള്‍ നേടി. പിറകെ ഡാരന്‍ ഫ്‌ളെച്ചറും ഗോളടിച്ചു. മല്‍സരം 4-1 ല്‍ നില്‍ക്കവെ റൂണിയുടെ മറ്റൊരു ഗോളെത്തി. ഇതോടെ മല്‍സരം ഏകപക്ഷീയമാവുമെന്ന ഘട്ടത്തില്‍ യഷൂട്ടോ എന്‍ഡോ പെനാല്‍ട്ടി കിക്കില്‍ നിന്ന്‌ ഒരു ഗോള്‍ മടക്കി. ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുമ്പ്‌ ഹഷിമോട്ടോ മൂന്നാം ഗോള്‍ നേടി. അവസന പതിനാറ്‌ മിനുട്ടില്‍ ആറ്‌ ഗോളുകള്‍ പിറന്ന മല്‍സരം കാണികള്‍ക്ക്‌ വലിയ ആവേശമാണ്‌ പ്രദാനം ചെയ്‌തത്‌.

ഡെംപോ ഫൈനലില്‍
കൊല്‍ക്കത്ത: പരമ്പരാഗത വൈരികളായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവയെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തി ഐ ലീഗ്‌ ജേതാക്കളായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിക്ക്‌ യോഗ്യത നേടി. സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തിന്റെ പതിമൂന്നാം മിനുട്ടില്‍ പെനാല്‍ട്ടി കിക്കിലൂടെ റാന്‍ഡി മാര്‍ട്ടിനസ്‌ ഡെംപോയുടെ ആദ്യ ഗോള്‍ നേടി. അമ്പത്തിയെട്ടാം മിനുട്ടിലെ ഹെഡര്‍ ഗോളില്‍ ക്ലിഫോര്‍ഡ്‌ മിറാന്‍ഡ ഡെംപോയുടെ വിജയമുറപ്പിച്ചു.
രണ്ടാം പകുതിയില്‍ റാന്‍ഡി മാര്‍ട്ടിനസും ചര്‍ച്ചിലിന്റെ ഒഗ്‌ബാ കാലു നാനുവും ഹെഡ്ഡറിനിടെ തല കൂട്ടിയിടിച്ച്‌ നിലത്ത്‌ നിശ്ചലരായി വീണത്‌ മൈതാനത്ത്‌ അല്‍പ്പസമയം ആശങ്ക പരത്തി. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക്‌ മാറ്റി. ഡെംപോ കോച്ച്‌ അര്‍മാന്‍ഡോ കൊളോസോ ഓടിക്കരഞ്ഞാണ്‌ മൈതാനത്തിറങ്ങിയത്‌. 2004 ലെ ഫെഡറേഷന്‍ കപ്പ്‌ ഫൈനല്‍ ബാംഗ്ലൂരില്‍ നടന്നപ്പോള്‍ ഡെംപോ താരമായ കൃസ്‌റ്റിയാനോ ജൂനിയര്‍ മൈതാനത്ത്‌ ഹൃദായാഘാതത്തില്‍ മരിച്ചിരുന്നു. ആ രംഗമാണ്‌ എല്ലാവരുടെയും മനസ്സില്‍ പെട്ടെന്ന്‌ ഓടിയെത്തിയത്‌.

ജോണ്‍സണ്‍ മാജിക്‌
പെര്‍ത്ത്‌: 42 റണ്‍സിനിടെ ഏഴ്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മിച്ചല്‍ ജോണ്‍സന്റെ ബൗളിംഗ്‌ മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഡ്രൈവിംഗ്‌ സീറ്റില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌്‌ക്കോറായ 375 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക എട്ട്‌ വിക്കറ്റിന്‌ 243 റണ്‍സ്‌ എന്ന നിലയിലാണ്‌. മൂന്ന്‌ വിക്കറ്റിന്‌ 234 റണ്‍സ്‌ എന്ന ശക്തമായ നിലയില്‍ നിന്നാണ്‌ ജോണ്‍സണ്‌ മുന്നില്‍ സന്ദര്‍ശകര്‍ തകര്‍ന്നത്‌. ജാക്‌ കാലിസ്‌, ഡി വില്ലിയേഴ്‌സ്‌ എന്നിവര്‍ 63 റണ്‍സ്‌ വീതം നേടി. ഇവര്‍ പുറത്തായതിന്‌ ശേഷമായിരുന്നു ജോണ്‍സണ്‍ മാജിക്‌.

No comments: