Friday, October 31, 2008

Harbajan Lossന്യൂഡല്‍ഹി: ഹര്‍ഭജന്‍സിംഗ്‌ എന്ന ബാജി വേണമായിരുന്നു ഫിറോസ്‌ ഷാ കോട്‌ലയില്‍.... ലെഗ്‌ സ്‌പിന്നര്‍മാരായ അനില്‍ കുംബ്ലെയും അമിത്‌ മിശ്രയും പരാജയപ്പെട്ടപ്പോള്‍ താല്‍കാലിക ഓഫ്‌ സ്‌പിന്നര്‍ വിരേന്ദര്‍ സേവാഗ്‌ മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മൂന്നാം ദിനത്തില്‍ ഫോളോ ഓണ്‍ കടമ്പ മറികടക്കാന്‍ ഇനിയും 76 റണ്‍സ്‌ ആവശ്യമായ ഓസ്‌ട്രേലിയ പൊരുതുകയാണ്‌. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌ക്കോറായ 613 റണ്‍സിനെതിരെ സന്ദര്‍ശകര്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 338 റണ്‍സ്‌ എന്ന നിലയിലാണ്‌. ഓസീസ്‌ ബാറ്റിംഗ്‌ നിരയില്‍ ഓപ്പണര്‍മാരായ സൈമണ്‍ കാറ്റിച്ചും മാത്യൂ ഹെയ്‌ഡനും ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും പിടിച്ചുനില്‍ക്കാന്‍ നടത്തിയ ശ്രമത്തില്‍ ഇന്ത്യന്‍ ബൗളിംഗിന്‌ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ല. മൂന്ന്‌ നിര്‍ണ്ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയ സേവാഗ്‌ തന്റെ ഓഫ്‌ സ്‌പിന്നില്‍ കരുത്തുണ്ടെന്ന്‌ തെളിയിച്ചപ്പോള്‍ ഫീല്‍ഡിംഗിനിടെ കുംബ്ലെയുടെ കൈവിരലിന്‌ മുറിവേറ്റതും ഇന്ത്യക്ക്‌ ആഘാതമായി. ബാംഗ്ലൂര്‍, മൊഹാലി ടെസ്റ്റുകളില്‍ റിവേഴ്‌സ്‌ സ്വിംഗുകളിലൂടെ ഓസീസ്‌ ബാറ്റ്‌സ്‌മാന്മാരെ വട്ടംകറക്കിയ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും ഇന്നലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ചുവെങ്കിലും വിക്കറ്റ്‌ വീഴ്‌ത്താനായില്ല.
സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ മൂന്നാം ദിവസം ബാറ്റിംഗിനിറങ്ങിയത്‌. ഫോളോ ഓണ്‍ എന്ന നാണക്കേടിനെ അകറ്റാന്‍ ശ്രദ്ധയും ക്ഷമയുമായിരുന്നു ഹെയ്‌ഡന്റെയും കാറ്റിച്ചിന്റെയും ആയുധം. എതിരാളികളെ ഇല്ലാതാക്കുന്ന ആക്രമണ ക്രിക്കറ്റിന്റെ വക്താക്കളായിരുന്ന ഓസീസുകാര്‍ ഷെല്ലിനുള്ളിലേക്ക്‌ മടങ്ങിയ കാഴ്‌ച്ചയില്‍ ഇവരെ തളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ വിജയിക്കാനായില്ല. ആദ്യ സെഷനില്‍ കാറ്റിച്ചിന്റെ വിക്കറ്റ്‌ മാത്രമാണ്‌ ഇന്ത്യക്ക്‌ നേടാനായാത.്‌ അമിത്‌ മിശ്രയുടെ പന്തിനെ ആക്രമിക്കാന്‍ ക്രിസ്‌ വിട്ട കാറ്റിച്ചിന്‌ സ്വന്തം സ്റ്റംമ്പുകള്‍ നഷ്ടമാവുകയായിരുന്നു. മിശ്രക്ക്‌ പക്ഷേ ഇത്തരം പന്തുകള്‍ ആവര്‍ത്തിച്ചെറിയാന്‍ കഴിഞ്ഞില്ല. പിച്ചിലെ കുഴികളായിരുന്നു ഡല്‍ഹിക്കാരന്റെ നോട്ടം. ചതിക്കുഴികള്‍ മനസ്സിലാക്കിയ പോണ്ടിംഗ്‌ കരുതലോടെ നിന്നു. ഇഷാന്ത്‌ എന്ന പോണ്ടിംഗ്‌ ആയുധവുമായി കുംബ്ലെ വന്നപ്പോള്‍ ഓസീ നായകന്റെ ലക്ഷ്യം റണ്‍സായിരുന്നില്ല-പ്രതിരോധമായിരുന്നു. പലവട്ടം ഇഷാന്ത്‌ പോണ്ടിംഗിനെ വട്ടം കറക്കി.
സേവാഗായിരുന്നു പിച്ചിന്റെ കുഴികളെ കാര്യമായി മുതലാക്കിയത്‌. തന്റെ സ്വന്തം മൈതാനത്തിന്റെ പെരുമാറ്റമറിയുന്ന സേവാഗ്‌ 22 ഓവറുകളാണ്‌ ഇന്നലെയെറിഞ്ഞത്‌. റണ്‍സ്‌ നല്‍കാതെ, ബാറ്റ്‌സ്‌മാന്മാരെ വട്ടം കറക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പോണ്ടിംഗ്‌, ഹസി എന്നിവരുടെ വലിയ വിക്കറ്റുകള്‍ അവസാന സെഷനില്‍ സ്വന്തമാക്കിയ സേവാഗാണ്‌ ഇന്ത്യക്ക്‌ പ്രതീക്ഷ സമ്മാനിച്ചത്‌. ഹസി ദൃഡനിശ്ചയത്തിലായിരുന്നു. എന്ത്‌ വില കൊടുത്തും സ്വന്തം വിക്കറ്റ്‌ സംരക്ഷിക്കുമെന്ന നിലപാടില്‍ എല്ലാ ബൗളര്‍മാരെയും ബഹുമാനിച്ച ഹസിക്ക്‌ പക്ഷേ സേവാഗിന്റെ സ്‌പിന്നില്‍ തോല്‍ക്കേണ്ടി വന്നു. മുന്നില്‍ പിച്ച്‌ ചെയ്‌ത പന്ത്‌ ബാറ്റിനിടയിലൂടെ മൂളിപറന്ന്‌ സ്റ്റംമ്പിനെ റാഞ്ചിയപ്പോള്‍ ഹസിക്ക്‌ കാഴ്‌ച്ചകാരനാവേണ്ടി വന്നു. ഇതേ പിഴവാണ്‌ പോണ്ടിംഗിനും സംഭവിച്ചത്‌. ബാംഗ്ലൂര്‍ ടെസ്‌റ്റില്‍ പ്രകടിപ്പിച്ച പ്രതിരോധ കരുത്തില്‍ പോണ്ടിംഗ്‌ 87 റണ്‍സാണ്‌ സ്വന്തമാക്കിയത്‌. മൊഹാലിയിലെ രണ്ട്‌ ഇന്നിംഗ്‌സിലും സംഭവിച്ച പിഴവ്‌ ആവര്‍ത്തിക്കാതെ ഹസിക്കൊപ്പം ഇന്നിംഗ്‌സ്‌ പടുത്തുയര്‍ത്തിയ പോണ്ടിംഗിന്റെ വൈകുന്നേരത്തെ പതനമാണ്‌ ഇന്ന്‌ ഇന്ത്യക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌.
പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരത്തിലും തിളങ്ങാതെ പോയ ഹെയ്‌ഡന്‍ ശക്തമായ രണ്ട്‌ എല്‍.ബി അപ്പീലുകളെ അതിജയിച്ചാണ്‌ പിടിച്ചുനിന്നത്‌. ഒരു ഘട്ടത്തില്‍ സേവാഗിന്റെ പന്തില്‍ രാഹുല്‍ ദ്രാവിഡിന്റെ കരങ്ങളിലേക്കും പന്ത്‌ ഉയര്‍ന്നിരുന്നു. സെഞ്ച്വറിക്ക്‌ പതിനേഴ്‌ റണ്‍സ്‌ അരികെ പക്ഷേ ഹെയ്‌ഡന്റെ ഭാഗ്യം അവസാനിച്ചു. സേവാഗിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി ഓപ്പണര്‍ പുറത്തായപ്പോള്‍ സ്‌ക്കോര്‍ 202. തുടര്‍ന്നാണ്‌ പോണ്ടിംഗ്‌-ഹസി സഖ്യം കരുത്ത്‌ പ്രകടിപ്പിച്ചത്‌.
ഇന്ത്യന്‍ ബൗളര്‍മാര്‍ കഠിനമായ വെയിലില്‍ തളര്‍ച്ച പ്രകടിപ്പിക്കാതെയാണ്‌ പന്തെറിഞ്ഞത്‌. 275 റണ്‍സിനാണ്‌ ഇപ്പോള്‍ ഓസീസ്‌ പിറകില്‍. മൈക്കല്‍ ക്ലാര്‍ക്ക്‌, ഷെയിന്‍ വാട്ട്‌സണ്‍ എന്നിവരാണ്‌ ക്രീസില്‍.

തേര്‍ഡ്‌ ഐ
ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ പരമ്പരയില്‍ ആദ്യമായി ഓസീസ്‌ ബാറ്റിംഗ്‌ ആധികാരികത പ്രകടിപ്പിച്ച ദിവസമായിരുന്നു ഇന്നലെ. ഹെയ്‌ഡനും കാറ്റിച്ചും പോണ്ടിംഗും ഹസിയും ക്ലാര്‍ക്കുമെല്ലാം അപകടം മനസ്സിലാക്കിയുളള സെയിഫ്‌ ഗെയിം പുറത്തെടുക്കാന്‍ നിര്‍ബന്ധിതരായത്‌ ഇന്ത്യന്‍ വിജയമാണ്‌. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഓസ്‌ട്രേലിയക്കാര്‍ ബഹുമാനിച്ചു. സച്ചിന്‍ ഉള്‍പ്പെടെ ആറ്‌ പേരാണ്‌ ഇന്ത്യക്കായി പന്തെറിഞ്ഞത്‌. ഇവരില്‍ ആരും അധികം റണ്‍സ്‌ വഴങ്ങിയില്ല. 90 ഓവറുകളില്‍ ഇരുപത്‌ മെയ്‌ഡന്‍. ഓസ്‌ട്രേലിയക്ക്‌ പ്രതീക്ഷയില്ലാത്ത ടെസ്റ്റില്‍ ഇന്ത്യക്ക്‌ തന്നെയാണ്‌ ഇപ്പോഴും സാധ്യത. ഫോളോ ഓണ്‍ കടമ്പ ഓസ്‌ട്രേലിയ കടന്നില്ലെങ്കിലും അവരെ വീണ്ടും ബാറ്റ്‌ ചെയ്യിക്കാന്‍ കുംബ്ലെ മുതിരില്ല. മൊഹാലിയില്‍ ധോണി പ്രകടിപ്പിച്ച അതേ ധൈര്യത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റ്‌ ചെയ്‌ത്‌ ലീഡ്‌ ഉയര്‍ത്തി അവസാന ദിവസത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായിരിക്കും ഇന്ത്യന്‍ ശ്രമം. അതിന്‌ ഇന്ന്‌ ആറ്‌ ഓസീസ്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീഴ്‌ത്തണം. ക്രിസിലുളള മൈക്കല്‍ ക്ലാര്‍ക്ക്‌, ഓള്‍റൗണ്ടര്‍ ഷെയിന്‍ വാട്ട്‌സണ്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്‌ത്താനായാല്‍ പിന്നെ വാലറ്റമാണ്‌. ക്ലാര്‍ക്ക്‌ മൊഹാലിയില്‍ പിടിച്ചുനിന്നിരുന്നു. ഇന്നലെ 45 പന്തുകള്‍ ധൈര്യസമേതം നേരിട്ട ക്ലാര്‍ക്കിനെ പോലെയല്ല വാട്ട്‌സണ്‍. ക്ഷമയോടെ കളിക്കാന്‍ വാട്ട്‌സണ്‌ കഴിയില്ല. ഈ സത്യം തിരിച്ചറിയാന്‍ കുംബ്ലെക്ക്‌ കഴിയണം. വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിനും ക്ഷമയോടെ ഭദ്രമായി കളിക്കാന്‍ കഴിയില്ല.
കുംബ്ലെക്ക്‌ തന്റെ പ്രിയപ്പെട്ട മൈതാനത്ത്‌ കാര്യമായ നേട്ടം സമ്പാദിക്കാന്‍ കഴിയാതിരുന്നത്‌ അദ്ദേഹത്തിന്റെ ആരോഗ്യം മൂലം തന്നെയാണ്‌. മൊഹാലി ടെസ്‌റ്റില്‍ പരുക്ക്‌ കാരണം കളിക്കാന്‍ കഴിയാതിരുന്ന കുംബ്ലെക്ക്‌ ഇന്നലെ ഫീല്‍ഡിംഗിനിടെ വിരലിന്‌ മുറിവുമേറ്റു. ഒന്നര മണിക്കൂറോളം അദ്ദേഹം ക്രീസിലുണ്ടായിരുന്നില്ല. അമിത്‌ മിശ്രക്ക്‌ നല്ല തുടക്കം പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല. ഇവിടെയാണ്‌ സേവാഗിലെ സ്‌പിന്നര്‍ ഉപകാരിയായത്‌. ഹര്‍ഭജന്‍ സിംഗ്‌ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ബാജിക്ക്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമായിരുന്നു.
കോട്‌ലാ മല്‍സരത്തിന്റെ ആദ്യദിനം ഓസീസ്‌ താരം ഷെയിന്‍ വാട്ട്‌സണുമായുളള തര്‍ക്കത്തില്‍ ഗൗതം ഗാംഭീറിന്‌ ഒരു മല്‍സരവിലക്ക്‌ നല്‍കാനുളള മാച്ച്‌്‌ റഫറിയുടെ തീരുമാനം ഇന്ത്യക്ക്‌ ആഘാതമാണ്‌. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍- 2 വകുപ്പ്‌ ഉപയോഗിച്ചാണ്‌ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌്‌ ശിക്ഷ പ്രഖ്യാപിച്ചത്‌. നേരത്തെയും ഇതേ തെറ്റിന്‌ ഗാംഭീര്‍ പിടിക്കപ്പെട്ടതിനാല്‍ മാച്ച്‌ റഫറി ശക്തമായി തന്നെയാണ്‌ ഇടപ്പെട്ടിരിക്കുന്നത്‌. ഇതില്‍ അദ്ദേഹത്തെ തെറ്റ്‌ പറയാനും കഴിയില്ല. എങ്കിലും തുല്യനീതി നടപ്പാക്കുന്നതില്‍ ബ്രോഡിനും പിഴക്കുന്നു എന്നാണ്‌ ബാംഗ്ലൂരും മൊഹാലിയും തെളിയിച്ചത്‌. ഓസീസ്‌ താരങ്ങളില്‍ പലരും ഇന്ത്യന്‍ താരങ്ങളെ ബോധപൂര്‍വം പ്രകോപിതരാക്കാന്‍ ശ്രമിക്കാറുണ്ട്‌. അത്‌ പക്ഷേ മാച്ച്‌ റഫറിമാര്‍ കാണുന്നില്ല. മൊഹാലിയില്‍ സഹീര്‍ഖാന്‌ പിഴ വിധിച്ച മാച്ച്‌ റഫറി ആ മല്‍സരത്തിലെ ഹെയ്‌ഡന്റെയും കാറ്റിച്ചിന്റെയും പെരുമാറ്റം കണ്ടില്ല. ഗാംഭീറിനുളള ശിക്ഷ അദ്ദേഹത്തെ നല്ലവനാക്കാം. ഇതേ ശിക്ഷകള്‍ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെയും വേണമെന്ന്‌ മാത്രം.

ഇടിക്ക്‌്‌ വിലക്ക്‌
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീറിന്‌ കാണ്‍പ്പൂരില്‍ ആരംഭിക്കുന്ന നാലാം ടെസ്‌റ്റില്‍ കളിക്കാനാവില്ല. കോട്‌ലയില്‍ നടന്നുവരുന്ന മൂന്നാം ടെസ്‌റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയന്‍ താരം ഷെയിന്‍ വാട്ട്‌സണെ ബോധപൂര്‍വം ഇടിച്ച കുറ്റത്തില്‍ ഐ.സി.സി പെരുമാറ്റചട്ടത്തിലെ ലെവല്‍ രണ്ട്‌ വകുപ്പ്‌ പ്രകാരം മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌ ഇന്ത്യന്‍ താരത്തെ ഒരു ടെസ്‌റ്റില്‍ നിന്നും വിലക്കി. മാച്ച്‌ റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ അറിയിച്ചിട്ടുണ്ടെങ്കിലും നാലാം ടെസ്‌റ്റിന്‌ അധികം ദിവസമില്ലാത്തതിനാല്‍ ഗാംഭീറിന്‌ സൗരവ്‌ ഗാംഗുലിയുടെ അവസാന ടെസ്‌റ്റ്‌ പവിലിയനില്‍ ഇരുന്ന്‌ കാണേണ്ടി വരും.
എതിര്‍താരത്തെ ശാരീരികമായി നേരിട്ടാല്‍ അത്‌ വെറുതെ വിടാന്‍ കഴിയില്ലെന്നാണ്‌ മാച്ച്‌ റഫറി വ്യക്തമാക്കിയത്‌. മല്‍സരത്തിന്റെ മൂന്നാം ദിവസം രാവിലെയാണ്‌ അദ്ദേഹം ശിക്ഷ പ്രഖ്യാപിച്ചത്‌. രണ്ടാം ദിവസത്തെ മല്‍സരത്തിന്‌ ശേഷം ക്രിസ്‌ ബ്രോഡ്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ, ഗാംഭീര്‍ എന്നിവരെ വിചാരണ ചെയ്‌തിരുന്നു. ഗാംഭീര്‍ തെറ്റുകാരനാണെന്ന സമ്മതമാണ്‌ കുംബ്ലെ നടത്തിയത്‌. ഗാംഭീറാവട്ടെ ബോധപൂര്‍വമായിരുന്നില്ല ആ ഇടിയെന്നാണ്‌ പറഞ്ഞത്‌. മല്‍സരത്തിന്റെ അമ്പത്തിയൊന്നാം ഓവറിലായിരുന്നു വിവാദ സംഭവം. വാട്ട്‌സന്റെ പന്തില്‍ ആദ്യ റണ്‍ നേടവെ ഗാംഭീറിനെ ബൗളര്‍ തുറിച്ചു നോക്കുകയും എന്തോ ചിലത്‌ പറയുകയും ചെയ്‌തു. രണ്ടാം റണ്ണിനിടെ ഗാംഭീര്‍ പ്രതികരണമെന്നോണം കൈമുട്ട്‌ കൊണ്ട്‌ ഇടിക്കുകയും ചെയ്‌തു. ഗാംഭീറിനെ പ്രകോപിതനാക്കിയതിന്‌ ലെവല്‍ ഒന്ന്‌ വകുപ്പ്‌ പ്രകാരം വാട്ട്‌സണ്‌ മാച്ച്‌ ഫീസിന്റെ പത്ത്‌ ശതമാനം പിഴയാണ്‌ ചുമത്തിയത്‌.
കഴിഞ്ഞ വര്‍ഷം പാക്കിസ്‌താന്‍ ടീം ഇന്ത്യയില്‍ വന്നപ്പോള്‍ കാണ്‍പ്പൂരില്‍ നടന്ന ഏകദിനത്തില്‍ ഷാഹിദ്‌ അഫ്രീദിക്കെതിരെ ഇതേ തെറ്റ്‌ ഗാംഭീര്‍ ചെയ്‌തിരുന്നു. ഇതാണ്‌ മാച്ച്‌ റഫറിയെ കടുത്ത ശിക്ഷക്ക്‌ പ്രേരിപ്പിച്ചത്‌. എതിര്‍താരത്തെ ശാരീരികമായി നേരിടുന്ന ഒരു താരത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാനാണ്‌ ശിക്ഷയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 2007 ലെ സംഭവത്തില്‍ ഗാംഭീറിന്‌ മല്‍സരവരുമാനത്തിന്റെ 65 ശതമാനം നഷ്ടമായിരുന്നു.

സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍
കോഴിക്കോട്‌: സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെയും സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌്‌ പൂര്‍ത്തിയായി. കോടതി നിര്‍ദ്ദേശമുളളതിനാല്‍ ഫലപ്രഖ്യാപനം നടത്താനായിട്ടില്ല. തിങ്കളാഴ്‌ച്ച കേസ്‌ കോടതിയില്‍ വരുന്നുണ്ട്‌. കോഴിക്കോട്ട്‌്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ വോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ചു. സി.പി.എം ഔദ്യോഗിക പാനലിനെ വിജയിപ്പിക്കാന്‍ അധികാരികള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി ആരോപിച്ചാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ വോട്ടെടുപ്പ്‌്‌ ബഹിഷ്‌ക്കരിച്ചത്‌.
രഹസ്യ ബാലറ്റായിരുന്നെങ്കിലും വോട്ട്‌ രേഖപ്പെടുത്തുന്നവര്‍ സ്വന്തം പേര്‌ ബാലറ്റ്‌ പേപ്പറില്‍ എഴുതണമെന്ന നിര്‍ദ്ദേശത്തെ പലരും ചോദ്യം ചെയ്‌തു. സി.പി.എമ്മിലെ ഗ്രൂപ്പിസം മുന്‍നിര്‍ത്തിയാണ്‌ ഇത്തരമൊരു നിര്‍ദ്ദേശം അധികാരികള്‍ ബലം പ്രയോഗിച്ച്‌ നടപ്പിലാക്കിയതെന്ന്‌ ഒളിംപിക്‌ അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു.
ദാസനെതിരെ കരുനീക്കം
കോഴിക്കോട്‌: സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ പ്രസിഡണ്ട്‌ സ്ഥാനം നിലനിര്‍ത്താന്‍ നിലവിലെ പ്രസിഡണ്ട്‌ ടി.പി ദാസന്‌ കഴിയില്ല... സി.പി.എമ്മിലെ പ്രബലമായ ഗ്രൂപ്പ്‌ ദാസനെതിരെ രംഗത്തുണ്ട്‌. കോഴിക്കോട്‌ ജില്ലയില്‍ നിന്നാണ്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയായി ദാസന്‍ മല്‍സരിച്ചത്‌. ഇവിടെ നിന്ന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമെന്ന്‌ ഉറപ്പാണ്‌. പക്ഷേ സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനം അദ്ദേഹത്തിന്‌ നല്‍കരുതെന്ന കര്‍ക്കശ നിലപാടുളളവര്‍ പാര്‍ട്ടിയിലുണ്ട്‌. രഹസ്യ ബാലറ്റ്‌ സമ്പ്രായത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നിരുന്നതെങ്കില്‍ കോഴിക്കോട്ട്‌ ദാസന്‌ കാര്യമായ വോട്ടുകള്‍ ലഭിക്കുമായിരുന്നില്ല. ദാസനെരക്ഷിക്കാനാണ്‌ ബാലറ്റ്‌ പേപ്പറില്‍ വോട്ടര്‍മാര്‍ പേര്‌ രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം തന്നെ വന്നതെന്നാണ്‌ അദ്ദേഹത്തിന്റെ ഗ്രൂപ്പുകാര്‍ തന്നെ പറയുന്നത്‌.

മറഡോണ ബ്രിട്ടനിലേക്ക്‌
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനിയന്‍ ദേശീയ ടീമിന്റെ പുതിയ കോച്ചായി നിയമിതനായ ഡിയാഗോ മറഡോണ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സ്വന്തം താരങ്ങളെ കാണാനായി ബ്രിട്ടനിലേക്ക്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ താരമായ കാര്‍ലോസ്‌ ടെവസ്‌, ലിവര്‍പൂളിന്റെ താരമായ ജാവിയര്‍ മസ്‌ക്കരാനോ എന്നിവരെ മറഡോണ സന്ദര്‍ശിക്കും. നവംബര്‍ 19ന്‌ അര്‍ജന്റീന സൗഹൃദ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡിനെ നേരിടുന്നുണ്ട്‌. ഈ മല്‍സരത്തോടെയാണ്‌ മറഡോണ ചുമതലയേല്‍ക്കുന്നത്‌. ആദ്യ മല്‍സരത്തില്‍ തന്നെ എല്ലാ മികച്ച താരങ്ങളെയും അണിനിരത്തുമെന്നാണ്‌ മറഡോണ പറയുന്നത്‌.

ബ്ലോഗ്‌
പരിശീലകരെ നിയമിക്കുന്നതിലും പുറത്താക്കുന്നതിലും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മടി കാണിക്കാറില്ല. അതിനാല്‍ ഡിയാഗോ മറഡോണക്ക്‌ കസേര ഉറപ്പാക്കാന്‍ കഴിയില്ല. രാജ്യത്തെ സോക്കര്‍ ദൈവമാണ്‌ ഡിയാഗോ. പക്ഷേ ടീമിനെ ജയിപ്പിക്കാത്തപക്ഷം അദ്ദേഹവും പുറത്താവും
ടിം വിക്കി

ഡെംപോയെ ബഗാന്‍ വീഴ്‌ത്തി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെ ജോസ്‌ റാമിറസ്‌ ബാരറ്റോയുടെ പെനാല്‍ട്ടി ഗോളില്‍ വീഴ്‌ത്തി മോഹന്‍ ബഗാന്‍ കരുത്ത്‌ കാട്ടി. മല്‍സരത്തിന്റെ അമ്പത്തിരണ്ടാം മിനുട്ടിലായിരുന്നു നിര്‍ണ്ണായക ഗോള്‍. കളിയിലെ കേമനായി ബഗാന്റെ ദീപക്‌ കുമാര്‍ മണ്ഡല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന്‌ തകര്‍പ്പന്‍ ഇംഗ്ലീഷ്‌ അങ്കം
ഓള്‍ഡ്‌ ട്രാഫോഡ്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ അങ്കം. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ അട്ടിമറി വീരന്മാരായ ഹള്‍ സിറ്റിയുമായി കളിക്കുന്നു. മറ്റ്‌ മല്‍സരങ്ങള്‍: ചെല്‍സി-സുതര്‍ലാന്‍ഡ്‌, എവര്‍ട്ടണ്‍-ഫുള്‍ഹാം, മിഡില്‍സ്‌ബോറോ-വെസ്‌റ്റ്‌ ഹാം, പോര്‍ട്‌സ്‌മൗത്ത്‌-വിഗാന്‍, സ്‌റ്റോക്‌-ആഴ്‌സനല്‍, ടോട്ടന്‍ഹാം-ലിവര്‍പൂള്‍, വെസ്റ്റ്‌ ബ്രോം-ബ്ലാക്‌ബര്‍ണ്‍. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍,ചെല്‍സി എന്നിവരാണ്‌ ഇപ്പോള്‍ മുന്‍പന്തിയില്‍. സ്‌പാനിഷ്‌ ലീഗിലും ഇറ്റാലിയന്‍
ലീഗിലും ഇന്ന്‌ മല്‍സരങ്ങളുണ്ട്‌.

ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-ബി-വാട്ട്‌സണ്‍-206, വിരേന്ദര്‍ സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ലീ-1, രാഹുല്‍ ദ്രാവിഡ്‌-സി-ഹെയ്‌ഡന്‍-ബി-ജോണ്‍സണ്‍-11, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-68, വി.വി.എസ ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-200, സൗരവ്‌ ഗാംഗുലി-സി-പോണ്ടിംഗ്‌-ബി-കാറ്റിച്ച്‌-5, മഹേന്ദ്രസിംഗ്‌ ധോണി-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-27, അനില്‍ കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-45, സഹീര്‍ഖാന്‍-നോട്ടൗട്ട്‌-28.എക്‌സ്‌ട്രാസ്‌-22, ആകെ ഏഴ്‌ വിക്കറ്റിന്‌ 613 ഡിക്ലയേര്‍ഡ്‌. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-27 (ദ്രാവിഡ്‌), 3-157 (സച്ചിന്‍), 4-435 (ഗാംഭീര്‍), 5-444 (സൗരവ്‌), 6-481 (ധോണി), 7-579 (കുംബ്ലെ). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 30-2-119-1, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ 33-9-69-0, ജോണ്‍സണ്‍ 32-4-142-3, വാട്ട്‌സണ്‍ 20-4-66-2, കാമറൂണ്‍ വൈറ്റ്‌ 15-1-73-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 14-0-59-0, കാറ്റിച്ച്‌ 15-3-60-1, പോണ്ടിംഗ്‌ 2-0-11-0 ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍ -എല്‍.ബി.ഡബ്ല്യൂ-ബി-സേവാഗ്‌-83, കാറ്റിച്ച്‌-ബി-മിശ്ര-64, റിക്കി പോണ്ടിംഗ്‌-ബി-സേവാഗ്‌-87,മൈക്‌ ഹസി-ബി-സേവാഗ്‌-53, മൈക്കല്‍ ക്ലാര്‍ക്‌-നോട്ടൗട്ട്‌-21, ഷെയിന്‍ വാട്ട്‌സണ്‍-നോട്ടൗട്ട്‌-4, എക്‌സ്‌ട്രാസ്‌ 26, ആകെ 105 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 338. വിക്കറ്റ്‌ പതനം: 1-123 (കാറ്റിച്ച്‌), 2-202 (ഹെയ്‌ഡന്‍), 3-284 (പോണ്ടിംഗ്‌), 4-326 (ഹസി). ബൗളിഗ്‌: സഹീര്‍ 16-4-57-0, ഇഷാന്ത്‌ 19-5-46-0, കുംബ്ലെ 17-3-53-0, മിശ്ര 30-7-95-1, സേവാഗ്‌ 22-4-66-3, സച്ചിന്‍ 1-0-2-0

Thursday, October 30, 2008

political sports

കോഴിക്കോട്‌: സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെയും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളിലേക്ക്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌. രാവിലെ പത്തിന്‌ ആരംഭിക്കുന്ന തെരഞ്ഞെടുപ്പില്‍ അംഗീകൃത അസോസിയേഷന്‍ പ്രതിനിധികള്‍ക്കും നോമിനേറ്റഡ്‌ അംഗങ്ങള്‍ക്കുമാണ്‌ വോട്ടവകാശം. പല ജില്ലകളിലും സി.പി.എമ്മിന്റെ രാഷ്‌ട്രീയ പാനലാണ്‌ രംഗത്തുളളത്‌. ഇതിനെതിരെ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ രംഗത്ത്‌ വന്നിരിക്കുന്ന സാഹചര്യത്തില്‍ മല്‍സരത്തിന്‌ വീറും വാശിയുമുണ്ട്‌. സമ്പൂര്‍ണ്ണ കായിക വികസനമെന്ന ലക്ഷ്യത്തില്‍ രാഷട്രീയ മുക്തമായ പാനലിനായാണ്‌ ശ്രമം നടന്നിരുന്നതെങ്കിലും നിലവില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരണം നിയന്ത്രിക്കുന്ന സി.പി.എം ഔദ്യോഗിക ഗ്രൂപ്പ്‌ ഏകപക്ഷീയമായി പാനലിനെ നിശ്ചയിച്ചതില്‍ കോഴിക്കോട്‌ ജില്ലയിലുള്‍പ്പെടെ പലയിടങ്ങളിലും കേരളാ ഒളിംപിക്‌ അസോസിയേഷന്‍ രംഗത്തുണ്ട്‌. കോഴിക്കോട്‌ ഒളിംപിക്‌ അസോസിയേഷന്‍ സ്വന്തം പാനലിനെയാണ്‌ രംഗത്തിറക്കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കേന്ദ്രങ്ങളില്‍ രണ്ട്‌ ബാലറ്റ്‌ ബോക്‌സുകളുണ്ടാവും. അസോസിയേഷന്‍ പ്രതിനിധികള്‍ക്കും നേമിനേറ്റഡ്‌ വോട്ടര്‍മാര്‍ക്കുമായാണിത്‌.
ഓരോ ജില്ലയിലും അറുപത്തിരണ്ട്‌ പേര്‍ക്കാണ്‌ വോട്ടവകാശം. ഇതില്‍ 35 പേര്‍ അസോസിയേഷന്‍ പ്രതിനിധികളാണ്‌. 27 നോമിനേറ്റഡ്‌ വോട്ടര്‍മാരും. തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കുമെങ്കിലും മല്‍സരഫലം പ്രഖ്യാപിക്കാന്‍ കോടതി അനുമതി വേണം. സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനെ നയിക്കുന്ന സി.പി.എം പല ജില്ലകളിലും പരസ്‌പരധാരണ കാറ്റില്‍പ്പറത്തി ഏകപക്ഷീയ പാനലാണ്‌ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന്‌ ആരോപിച്ച്‌ കേരളാ ഒളിംപിക്‌ അസോസിയേഷനാണ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്‌.
തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തിരുവനന്തപുരത്ത്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ സമവായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ പരസ്‌പരധാരണയില്‍ പ്രവര്‍ത്തിക്കാന്‍ അന്നത്തെ യോഗത്തില്‍ ടി.പി ദാസന്റെ നേതൃത്ത്വത്തിലുള്ള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും കേരളാ ഒളിംപിക്‌ അസോസിയേഷനും തീരുമാനിച്ചിരുന്നു. ഒരു ജില്ലയില്‍ നിന്ന്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ ടി.പി ദാസന്‍ ഗ്രൂപ്പിന്റെ നോമിനിയാണ്‌ മല്‍സരിക്കുന്നതെങ്കില്‍ ആ ജില്ലയില്‍ നിന്നുള്ള സംസ്ഥാന സപോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി സ്ഥാനം ഒളിംപിക്‌ അസോസിയേഷന്‌ നല്‍കണമെന്നയതായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണ കോഴിക്കോട്‌ ഉള്‍പ്പെടെ പല ജില്ലകളിയും ലംഘിച്ചിരിക്കയാണെന്നാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്‌. കോഴിക്കോട്‌ സ്വന്തം പാനലാണ്‌ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എം ഹംസയും ജോ.സെക്രട്ടറി എം.കൃഷ്‌ണകുമാറും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കായിക സ്‌നേഹികളായ പലരെയും പുറത്താക്കി സ്വന്തക്കാരെ മാത്രമാണ്‌ പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതിനെതിരെ പുതിയ പാനലമായി മല്‍സരിക്കുമെന്നുമാണ്‌ ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
നോമിനേറ്റഡ്‌ വോട്ടര്‍മാരിലൂടെ അധികാരം പിടിച്ചെടുക്കാനാണ്‌ സി.പി.എം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്‌. എല്ലാ ജില്ലകളിലും 27 നോമിനേറ്റഡ്‌ വോട്ടര്‍മാരുണ്ട്‌. നിലവില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരണം നിയന്ത്രിക്കുന്നതിനാല്‍ സി.പി.എം അനുകൂലികള്‍ തന്നെയാണ്‌ നോമിനേറ്റഡ്‌ വോട്ടര്‍മാരുടെ പട്ടികയിലുളളത്‌. ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നവരുമാണ്‌ നോമിനേറ്റഡ്‌ വോട്ടര്‍മാര്‍. ഇവരെല്ലാം സി.പി.എം പാനലിനെ അനുകൂലിക്കുന്നവരാണ്‌. അസോസിയേഷന്‍ പ്രതിനിധികള്‍ രാഷ്ട്രീയത്തിന്‌ അതീതമായി ചിന്തിച്ചാലും നോമിനേറ്റഡ്‌ അംഗങ്ങളുടെ പിന്തുണയില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരമം ഉറപ്പാണെന്നാണ്‌ ടി.പി ദാസന്‍ ഗ്രൂപ്പ്‌ പറയുന്നത്‌. എന്നാല്‍ പാര്‍ട്ടയിലെ ഗ്രൂപ്പിസത്തില്‍ കോഴിക്കോട്‌ ഉള്‍പ്പെടെ പല ജില്ലകളിലും സി.പി.എം വോട്ടില്‍ ചോര്‍ച്ചകള്‍ക്ക്‌ സാധ്യതയുണ്ട്‌. ഇത്‌ മനസ്സിലാക്കിയാണ്‌ നോമിനേറ്റഡ്‌ വോട്ടര്‍മാരില്‍ ഔദ്യോഗിക ഗ്രൂപ്പ്‌ നോട്ടമിട്ടിരിക്കുന്നത്‌.
സംസ്ഥാനത്ത്‌ കായികഭരണത്തെ ഏകോപിപ്പിക്കുകയാണ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുടെ ലക്ഷ്യമെന്ന്‌കായിക മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളാ ഒളിംപിക്‌ അസോസിയേഷന്‍ പോലെയുളള പ്രബല വിഭാഗത്തെ നോക്കുകുത്തിയാക്കിയാണ്‌ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഈ രീതി തുടരുന്ന പക്ഷം കേരളത്തിന്‌ അനുവദിച്ചിരിക്കുന്ന ദേശീയ ഗെയിംസിനെ പോലും അത്‌ ബാധിക്കുമെന്നാണ്‌ അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ദേശീയ ഗെയിംസ്‌ മുന്‍നിര്‍ത്തി രാഷ്ട്രീയ-സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയാണ്‌ സി.പി.എംസ്വന്തം പാനലിനെ രംഗത്തിറക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

വേട്ടര്‍മാര്‍ പേരെഴുതണമെന്ന്‌
തിരുവനന്തപുരം: ഇന്ന്‌ നടക്കുന്ന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ ബാലറ്റ്‌ പേപ്പറിന്‌ മറുഭാഗത്ത്‌ സ്വന്തം പേരെഴുതണമെന്ന നിര്‍ദ്ദേശം വിവാദമാവുന്നു. സര്‍ക്കാര്‍ ഉത്തരവായാണ്‌ പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്‌. എന്നാല്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ സ്വന്തം പേര്‌ ബാലറ്റ്‌ പേപ്പറില്‍ എഴുതണമെങ്കില്‍ പിന്നെയെന്തിനാണ്‌ രഹസ്യ ബാലറ്റ്‌ എന്നാണ്‌ ചോദ്യം. സി.പി.എമ്മിലെ ഒദ്യോഗിക ഗ്രൂപ്പാണ്‌ പുതിയ നിര്‍ദ്ദേശത്തിന്റെ വക്താക്കള്‍. സ്വന്തം വോട്ടുകള്‍ തന്നെ പുറത്ത്‌ പോവുമെന്ന ഭയത്തില്‍ നിന്നാണ്‌ ഈ നിര്‍ദ്ദേശം വന്നിരിക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. കോഴിക്കോട്ട്‌ നിന്ന്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയായി മല്‍സരിക്കുന്ന ടി.പി ദാസന്‌ വോട്ട്‌ ചെയ്യാന്‍ ജില്ലയില്‍ തന്നെയുളള സി.പി.എം ജനപ്രതിനിധികള്‍ ഒരുക്കമല്ല. സമാന സാഹചര്യങ്ങള്‍ കണ്ണൂര്‍,തൃശൂര്‍, പാലക്കാട്‌ ഉള്‍പ്പെടെയുളള ജില്ലകളിലുമുണ്ട്‌. പാര്‍ട്ടി ഗ്രൂപ്പിന്‌ വോട്ട്‌ ചെയ്യാത്തവരെ കണ്ടുപിടിക്കാനാണ്‌ ജനാധിപത്യത്തില്‍ എവിടെയും കേള്‍ക്കാത്ത രീതി കൊണ്ട്‌ വന്നിരിക്കുന്നത്‌. ബാലറ്റ്‌ പേപ്പറില്‍ പേരെഴുതാത്തവരുടെ വോട്ട്‌ അസാധുവായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്‌.

ന്യൂഡല്‍ഹി: കോട്‌്‌ലയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ തല്‍ക്കാലം ഇനി ഓസ്‌ട്രേലിയക്കാവില്ല. പരമ്പരയില്‍ ഒപ്പമെത്താന്‍ വിജയം മുദ്രാവാക്യമാക്കിയ ഓസ്‌ട്രേലിയക്കാരെ നിലംപരിശാക്കുന്ന പ്രകടനത്തിലൂടെ ഗൗതം ഗാംഭീറും വി.വി.എസ്‌ ലക്ഷ്‌മണും ഇന്ത്യക്ക്‌ നല്‍കിയത്‌ തോല്‍ക്കില്ല എന്ന സര്‍ട്ടിഫിക്കറ്റ്‌. ഒന്നാം ഇന്നിംഗ്‌സില്‍ 613 റണ്‍സാണ്‌ ഇന്ത്യ വാരിക്കൂട്ടിയത്‌. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പതിനഞ്ച്‌ ഓവറില്‍ ഓസ്‌ട്രേലിയക്കാര്‍ വിക്കറ്റ്‌്‌ പോവാതെ 50 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
ഗാംഭീറും (206), ലക്ഷ്‌മണും (200 നോട്ടൗട്ട്‌) നടത്തിയ ആക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഓസ്‌ട്രേലിയക്ക്‌ ഇനിയുളള ദിവസങ്ങള്‍ ചെറുത്തുനില്‍പ്പിന്റേതാണ്‌. വിജയത്തെക്കുറിച്ച്‌ തല്‍ക്കാലം ചിന്തിക്കാന്‍ അവര്‍ക്കാവില്ല. സ്‌പിന്നര്‍മാര്‍ക്ക്‌ അനുകൂലമായി വരുന്ന ട്രാക്കില്‍ അനില്‍ കുംബ്ലെ, അമിത്‌ മിശ്ര എന്നിവരുടെ കുത്തിത്തിരിയുന്ന പന്തുകളെ അതിജയിച്ച്‌ ഒരു സമനില സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ തന്നെ ടീമിന്‌ അത്‌ വലിയ നേട്ടമാവും. ആദ്യ ദിവസത്തെ ഏകാധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ കടന്നാക്രമണമാണ്‌ രണ്ടാം ദിവസത്തില്‍ കണ്ടത്‌. ബ്രെട്ട്‌ ലീ നേതൃത്തം നല്‍കിയ ബൗളിംഗ്‌പ്പട വിയര്‍ത്തുകുളിച്ച കാഴ്‌ച്ച ദയനീയമായിരുന്നു.
സ്വന്തം തട്ടകത്ത്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയുമായി ഗാംഭീര്‍ കളം നിറഞ്ഞപ്പോള്‍ ലക്ഷ്‌മണ്‍ ഓസ്‌ട്രേലിയക്കാര്‍ തന്റെ പ്രിയപ്പെട്ട എതിരാളികളാണെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഇവര്‍ക്ക്‌ രണ്ട്‌ പേര്‍ക്കും അവകാശപ്പെട്ടതായിരുന്നു രണ്ടാം ദിവസം. ഓസ്‌ട്രേലിയക്കെതിരെ ധാരാളം റണ്‍സ്‌ സ്വന്തമാക്കിയ ഹൈദരാബാദുകാരന്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 278 റണ്‍സാണ്‌ നാലാം വിക്കറ്റില്‍ ഗാംഭീര്‍-ലക്ഷ്‌മണ്‍ സഖ്യം സ്വന്തമാക്കിയത്‌.
ലീയുടെ പന്തില്‍ മിന്നുന്ന ബൗണ്ടറിയുമായാണ്‌ ലക്ഷ്‌മണ്‍ ഇന്നലെ ബാറ്റിംഗ്‌ ആരംഭിച്ചത്‌. സെഞ്ച്വറിയിലേക്കുളള യാത്രയില്‍ അധികസമയം പാഴാക്കാതെ കാമറൂണ്‍ വൈറ്റിനെ ശിക്ഷിച്ചാണ്‌ അദ്ദേഹം മൂന്നക്കത്തിലെത്തിയത്‌. ലക്ഷ്‌മണിനെ എങ്ങനെ തളക്കണന്നെ ചിന്തയില്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പാഡിലേക്ക്‌ പന്തെറിഞ്ഞപ്പോള്‍ റണ്ണൊഴുക്ക്‌്‌ തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ സ്ലിപ്പില്‍ നിന്ന്‌ എല്ലാവരെയും പിന്‍വലിച്ച്‌ അതിര്‍ത്തിയിലേക്ക്‌ മാറ്റാനും നിര്‍ബന്ധിതനായി. 21 ബൗണ്ടറികളാണ്‌ ലക്ഷ്‌മണ്‍ പായിച്ചത്‌. ലക്ഷ്‌്‌മണ്‍ സ്വതസിദ്ധമായ കരുത്തില്‍ പന്തിനെ എളുപ്പം നേരിടുന്നത്‌ കണ്ട്‌ ഗാംഭീര്‍ അതേ അനായാസത പ്രകടിപ്പിച്ചതിനൊപ്പം സ്‌പിന്നര്‍മാര്‍ക്കെതിരെ ക്രിസ്‌ വിട്ട്‌ മികച്ച ഷോട്ടുകള്‍ പായിക്കാനും മുതിര്‍ന്നു. ആദ്യ സെഷനില്‍ ലോക ചാമ്പ്യന്മാര്‍ക്ക്‌ വിക്കറ്റ്‌ തന്നെ ലഭിച്ചില്ല. രണ്ടാം സെഷനില്‍ ഗാംഭീര്‍ കരിയറിലെ ആദ്യ ഡബിള്‍ സ്വന്തമാക്കി. 26 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം പായിച്ചു. രണ്ട്‌ ദിവസത്തോളം ബാറ്റ്‌ ചെയ്‌ത ഡല്‍ഹിക്കാരന്‍ ക്ഷീണിതനുമായിരുന്നു. ലീയുടെ പന്ത്‌ മിഡ്‌ വിക്കറ്റിലേക്ക്‌ പായിച്ച്‌ ഡബിള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ ഗാംഭീറിനെ അഭിനന്ദിക്കാനും ലീ മറന്നില്ല. വ്യക്തിഗത സ്‌ക്കോര്‍ 206 ല്‍ ഷെയിന്‍ വാട്ട്‌സന്റെ പന്തിലാണ്‌ ഗാംഭീര്‍ പുറത്തായത്‌. ആദ്യ ദിവസം ചായക്ക്‌ തൊട്ട്‌ മുമ്പ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായ ശേഷം ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലഭിക്കുന്ന ആദ്യ വിക്കറ്റായിരുന്നു അത്‌.
കനത്ത ചൂടില്‍ ഓസ്‌ട്രേലിയക്കാരെല്ലാം തളര്‍ന്നിരുന്നു. മിച്ചല്‍ ജോണ്‍സണ്‌ താളം കണ്ടെത്താനാവാതെ വന്നപ്പോള്‍ വിക്കറ്റിന്‌ പിറകില്‍ ബ്രാഡ്‌ ഹാദ്ദിനും പിഴവുകള്‍ കാണിച്ചു. പക്ഷേ ഈ ആലസ്യം ഉപയോഗപ്പെടുത്താന്‍ സൗരവ്‌ ഗാംഗുലിക്കായില്ല. അദ്ദേഹം അഞ്ച്‌ റണ്ണുമായി കാറ്റിച്ചിന്‌ വിക്കറ്റ്‌ നല്‍കി. മൊഹാലി ഹീറോ മഹേന്ദ്രസിംഗ്‌ ധോണി ഏകദിന ശൈലിയിലാണ്‌ ബാറ്റേന്തിയത്‌. കാറ്റിച്ചിനെതിരെ ധോണി പായിച്ച തകര്‍പ്പന്‍ ഷോട്ടുകള്‍ കാണികള്‍ക്ക്‌ വിരുന്നായി. കുംബ്ലെയും ബാറ്റിംഗില്‍ മോശമായില്ല. സഹീര്‍ഖാനും സ്വന്തം പങ്ക്‌ ഭംഗിയാക്കി. ഓസീസ്‌ ബൗളിംഗ്‌ നിരയില്‍ എട്ട്‌ പേര്‍ പന്തെറിഞ്ഞപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‌ മാത്രമാണ്‌ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌.
ലക്ഷ്‌മണിന്റെ ഡബള്‍ സെഞ്ച്വറിക്ക്‌ ശേഷം ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ പേസര്‍മാരായ സഹീറിനും ഇഷാന്തിനും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
സക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-ബി-വാട്ട്‌സണ്‍-206, വിരേന്ദര്‍ സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ലീ-1, രാഹുല്‍ ദ്രാവിഡ്‌-സി-ഹെയ്‌ഡന്‍-ബി-ജോണ്‍സണ്‍-11, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-68, വി.വി.എസ ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-200, സൗരവ്‌ ഗാംഗുലി-സി-പോണ്ടിംഗ്‌-ബി-കാറ്റിച്ച്‌-5, മഹേന്ദ്രസിംഗ്‌ ധോണി-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-27, അനില്‍ കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-45, സഹീര്‍ഖാന്‍-നോട്ടൗട്ട്‌-28.എക്‌സ്‌ട്രാസ്‌-22, ആകെ ഏഴ്‌ വിക്കറ്റിന്‌ 613 ഡിക്ലയേര്‍ഡ്‌. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-27 (ദ്രാവിഡ്‌), 3-157 (സച്ചിന്‍), 4-435 (ഗാംഭീര്‍), 5-444 (സൗരവ്‌), 6-481 (ധോണി), 7-579 (കുംബ്ലെ). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 30-2-119-1, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ 33-9-69-0, ജോണ്‍സണ്‍ 32-4-142-3, വാട്ട്‌സണ്‍ 20-4-66-2, കാമറൂണ്‍ വൈറ്റ്‌ 15-1-73-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 14-0-59-0, കാറ്റിച്ച്‌ 15-3-60-1, പോണ്ടിംഗ്‌ 2-0-11-0 ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍ -നോട്ടൗട്ട്‌-16, കാറ്റിച്ച്‌-നോട്ടൗട്ട്‌-29, എക്‌സ്‌ട്രാസ്‌ 5, ആകെ വിക്കറ്റ്‌ പോവാതെ 50. ബൗളിഗ്‌: സഹീര്‍ 4-2-9-0, ഇഷാന്ത്‌ 4-1-9-0, കുംബ്ലെ 4-1-17-0, മിശ്ര 3-0-11-0
സ്‌പെഷ്യല്‍ ലക്ഷ്‌മണ്‍
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ എന്നാല്‍ വെങ്കട്ടസായി ലക്ഷ്‌മണിന്‌ പ്രിയപ്പെട്ട എതിരാളികളാണ്‌. കങ്കാരുക്കളാണ്‌ പന്തെറിയുന്നതെങ്കില്‍ ഹൈദരാബാദുരകാരന്റെ ബാറ്റിന്‌ വിശ്രമമില്ല. ഇന്നലെ ഫിറോസ്‌ ഷാ കോടലയില്‍ ആ സില്‍ക്കി ടച്ച്‌ വീണ്ടും കണ്ടു. മറ്റൊരു സുന്ദരമായ ഡബിള്‍ സെഞ്ച്വറി. 2000 ത്തിലധികം റണ്‍സാണ്‌ ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്‌മണ്‍ പൂര്‍ത്തിയാക്കിയത്‌. 2000-01 പരമ്പരയില്‍ സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയക്കെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ വാരിക്കൂട്ടിയ 281 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്‌മണിന്റെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍. അതിന്‌ ശേഷമിതാ വീണ്ടും അദ്ദേഹം ഇരട്ട ശതകത്തിലെത്തി. ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പക്ഷേ ലക്ഷമണ്‍ ആറ്‌ സെഞ്ച്വറികളാണ്‌ ലോക ചാമ്പ്യന്മാര്‍ക്കെതിരെ നേടിയിട്ടുളളത്‌. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളെല്ലാം ഓസ്‌ട്രേലിയക്കെതിരെയായിരുന്നു.

തേര്‍ഡ്‌
റിക്കി പോണ്ടിംഗ്‌ ഒരു ടെസ്‌റ്റില്‍ പന്തെറിയുന്നത്‌ ഇതാദ്യമല്ല. 1995 ല്‍ പെര്‍ത്തില്‍ ശ്രീലങ്കക്കെതിരായ ടെസ്‌റ്റില്‍ പാഡണിഞ്ഞ്‌ രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ വന്ന റിക്കി തോമസ്‌ പോണ്ടിംഗ്‌ ഇതിനകം 121 ടെസ്‌റ്റുകള്‍ കളിച്ചിട്ടുണ്ട്‌. ഇതില്‍ ചില ഘട്ടങ്ങളില്‍ മാത്രമാണ്‌ അദ്ദേഹം പന്തെടുത്തിട്ടുളളത്‌. ടീം വളരെ കരുത്തുറ്റ നിലയിലുള്ളപ്പോള്‍ മാത്രം ബൗളറായിട്ടുളള പോണ്ടിംഗ്‌ ഇന്നലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ പന്തെടുക്കുകയും രണ്ട്‌ ഓവറുകള്‍ എറിയുകയും ചെയ്‌തത്‌ ഗതികേടു കൊണ്ടാണ്‌. ഈ ഗതിക്കേട്‌ പോണ്ടിംഗിനോ ഓസ്‌ട്രേലിയക്കോ സമീപകാലത്തുണ്ടായിട്ടില്ല. 12 മണിക്കൂറാണ്‌ തുടര്‍ച്ചയായി ഇന്ത്യ ബാറ്റ്‌ ചെയ്‌തത്‌. ഇത്രയും ദീര്‍ഘസമയം ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഓസീസ്‌ ബൗളര്‍മാരെ നിഷ്‌കരുണം ശിക്ഷിക്കുകയായിരുന്നു. എട്ട്‌ ബൗളര്‍മാരെ പോണ്ടിംഗ്‌ രംഗത്തിറക്കി. എല്ലാവരും അടിവാങ്ങി. ഇത്തരം ദയനീയമായ കാഴ്‌്‌ച സത്യത്തില്‍ ഓസ്‌ട്രേലിയ സമീപകാലത്ത്‌ പ്രകടിപ്പിച്ചിട്ടില്ല. ലക്ഷ്‌മണും ഗാംഭീറും ബാറ്റ്‌ ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാരെ എങ്ങനെ അണിനിരത്തണമെന്ന കാര്യത്തില്‍ പോലും പോണ്ടിംഗിന്‌ ആശയക്കുഴപ്പമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ എതിരാളികളെയല്ലാം വരച്ച വരയില്‍ നിര്‍ത്തിയിട്ടുളളത്‌ സ്ലിപ്പില്‍ ഒരു കൂട്ടം ഫീല്‍ഡര്‍മാരെ അണിനിരത്തിയാണ്‌. ഒമ്പത്‌ സ്ലിപ്‌ ഫീല്‍ഡര്‍മാരെ പോലും ചില മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ അണിനിരത്തിയിട്ടുണ്ട്‌. ഇന്നലെ പോണ്ടിംഗ്‌ സ്ലിപ്‌ ഫീല്‍ഡര്‍മാരെ മിഡ്‌ വിക്കറ്റിലേക്ക്‌ മാറ്റിനിര്‍ത്തിയത്‌ കണ്ടു. ആദ്യ സെഷന്റെ അവസാനത്തില്‍ സ്ലിപ്പില്‍ മാത്യൂ ഹെയ്‌ഡനെ കണ്ടതുപോലുമില്ല. ക്രിക്കറ്റ്‌ വിദ്യാര്‍ത്ഥികള്‍ കളി പഠിക്കുമ്പോള്‍ യഥാര്‍ത്ഥ പൊസിഷനുകള്‍ മാറ്റി എല്ലായിടത്തും ഫീല്‍ഡ്‌ ചെയ്യുന്നത്‌ പോലെയായിരുന്നു ആ കാഴ്‌ച്ച. സ്ഥിരം പൊസിഷനുകളില്‍ ആളില്ലായിരുന്നു. ഈ ആനുകൂല്യമാണ്‌ 99 ല്‍ നിന്നും എളുപ്പത്തില്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ ലക്ഷ്‌മണിനെ സഹായിച്ചത്‌.
സമ്മര്‍ദ്ദത്തില്‍ പോണ്ടിംഗും പതറും എന്നതിന്‌ വ്യക്തമായ തെളിവായിരുന്നു മൊഹാലി ടെസ്‌റ്റ്‌. ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യം പ്രകടിപ്പിച്ച മല്‍സരത്തില്‍ പോണ്ടിംഗിന്‌ തൊട്ടതെല്ലാം പിഴച്ചു. ഇന്നലെയും പിഴവുകള്‍ തുടര്‍ക്കഥയായി. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പാഡിലേക്‌ പന്തെറിയാന്‍ വിവേകിയായ ഒരു ക്യാപ്‌റ്റനും സ്വന്തം ബൗളര്‍മാരോട്‌ നിര്‍ദ്ദേശിക്കില്ല. കാരണം ലെഗ്‌ സൈഡില്‍ ഇന്ത്യക്കാരോളം ബാറ്റിംഗ്‌ മികവ്‌ മറ്റാര്‍
ക്കുമില്ല. ഗാംഭീറിന്റെയും ലക്ഷ്‌മണിന്റെയും പാഡിലേക്ക്‌ പന്തെറിഞ്ഞ്‌ ബൗളര്‍മാരും പോണ്ടിംഗും സ്വയം ശിക്ഷ വാങ്ങുകയായിരുന്നു. ഇന്ത്യന്‍ ഭാഗത്ത്‌ ഇന്നലെ ഒരു പിഴവ്‌ മാത്രമാണ്‌ സംഭവിച്ചത്‌-കുംബ്ലെയുടെ ഡിക്ലറേഷന്‍ അല്‍പ്പം വൈകി. ലക്ഷ്‌മണ്‍ ഡബിള്‍ സെഞ്ച്വറിക്ക്‌ അരികെ നില്‍ക്കുമ്പോള്‍ ഒരു ക്യാപ്‌റ്റന്‌ സ്വന്തം താരത്തിന്റെ കാര്യം അവഗണിക്കനാവില്ല. കുംബ്ലെ ചെയ്‌തതില്‍ തെറ്റില്ല,പക്ഷേ പിഴവുണ്ട്‌. ഇന്ന്‌ ആദ്യ മണിക്കൂര്‍ നിര്‍ണ്ണായകമാണ്‌. സഹീറിനും ഇഷാന്തിനും പിച്ചിലെ ഈര്‍പ്പം ഉപയോഗപ്പെടുത്താന്‍ കഴിയുകയും ഒന്നോ രണ്ടോ വിക്കറ്റുകള്‍ നേടാനും കഴിഞ്ഞാല്‍ തീര്‍ച്ചയായും സ്‌പിന്നര്‍മാര്‍ അവരുടെ ദൗത്യം നിര്‍വഹിക്കും. ഇന്നലെ തന്നെ ഹെയ്‌ഡന്റെ വിക്കറ്റ്‌ മിശ്രക്ക്‌ ലഭിച്ചതാണ്‌. പക്ഷേ അമ്പയര്‍ അപ്പീല്‍ അംഗീകരിച്ചില്ല. മല്‍സരത്തിലേക്ക്‌ തിരിച്ചുവരുക എന്നത്‌ ഓസ്‌ട്രേലിയക്ക്‌ എളുപ്പമല്ല എന്ന സത്യമാണ്‌ ഇന്ന്‌ ഇന്ത്യന്‍ കരുത്ത്‌.


ആമിറിന്‌ കിരീടം
കോഴിക്കോട്‌: ഹൈദാരാബാദ്‌ കേന്ദ്രീയ വിദ്യാലയ അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച അണ്ടര്‍ 14 ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആമിര്‍ അസീം ചാമ്പ്യനായി. കോഴിക്കോട്‌ കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ആമിര്‍. 72 പേര്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏഴ്‌ പോയന്റാണ്‌ ആമിര്‍ സമ്പാദിച്ചത്‌. കെ.ആര്‍ മധുസൂധനാണ്‌ കോച്ച്‌്‌.

ഹളിനെ
ചെല്‍സിക്ക്‌ വീഴ്‌ത്തി
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ അട്ടിമറികളുമായി മുന്നേറിയ ഹള്‍ സിറ്റിക്കെതിരെ മൂന്ന്‌ ഗോളിന്റെ തകര്‍പ്പന്‍ ജയവുമായി ചെല്‍സി കരുത്ത്‌ കാട്ടി. മറ്റ്‌ മല്‍സരങ്ങളില്‍ ആസ്‌റ്റണ്‍വില്ല 3-2ന്‌ ബ്ലാക്‌ബേര്‍ണിനെയും എവര്‍ട്ടണ്‍ ഒരു ഗോളിന്‌ ബോള്‍ട്ടണെയും ഫുള്‍ഹാം രണ്ട്‌ ഗോളിന്‌ വിഗാനെയും ലിവര്‍പൂള്‍ ഒരു ഗോളിന്‌ പോര്‍ട്‌സ്‌മൗത്തിനെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ രണ്ട്‌ ഗോളിന്‌ വെസ്റ്റ്‌ഹാമിനെയും സ്‌റ്റോക്ക്‌ സിറ്റി ഒരു ഗോളിന്‌ സുതര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സനല്‍-ടോട്ടന്‍ഹാം 4-4ല്‍ അവസാനിച്ചു.

Thursday, October 23, 2008

HAYDEN -THE STUDENT

ന്യൂഡല്‍ഹി: മാത്യൂ ഹെയ്‌ഡന്‍ പുതിയ പാഠം പഠിക്കുകയാണ്‌... സഹീര്‍ഖാന്റെയും ഇഷാന്ത്‌ ശര്‍മ്മയുടെയും റിവേഴ്‌സ്‌ സ്വിംഗുകളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്ന പാഠം ഓസ്‌ട്രേലിയന്‍ ഓപ്പണറെ പഠിപ്പിക്കുന്നത്‌ മറ്റാരുമല്ല-ടീമിന്റെ ടെക്‌നിക്കല്‍ അസിസ്‌റ്റന്‍ഡായ ഗ്രെഗ്‌ ചാപ്പല്‍. നാളെ ബോര്‍ഡര്‍-ഗവാസ്‌്‌കര്‍ ട്രോഫി ടെസ്‌റ്റ്‌ പരമ്പരയിലെ മൂന്നാം മല്‍സരം ഫിറോസ്‌ ഷാ കോട്‌ലയില്‍ അരങ്ങേറുമ്പോള്‍ പിടിച്ചുനില്‍്‌ക്കാന്‍ കഴിയാത്തപക്ഷം ടീമിലെ തന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന്‌ ഹെയ്‌ഡന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. ബാംഗ്ലൂരിലും മൊഹാലിയിലും സഹീര്‍ഖാന്റെ റിവേഴ്‌സ്‌ സ്വിംഗുകള്‍ക്കും ഇന്‍സ്വിംഗറുകള്‍ക്കും മുന്നില്‍ പ്രതിരോധം നഷ്ടമായ ഓപ്പണര്‍ക്ക്‌ പരമ്പരയില്‍ സ്വന്തം സംഭാവന നല്‍കാന്‍ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. മൊഹാലി ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 516 റണ്‍സെന്ന വലിയ വിജയ ലക്ഷ്യത്തിലേക്കുളള യാത്രയുടെ ആരംഭിച്ചതില്‍ നാല്‌ ബൗണ്ടറികള്‍ നേടാനായത്‌ മാത്രമാണ്‌ ആകെയുളള നേട്ടം. പരമ്പരയില്‍ ഓസ്‌ട്രേലിയ പിറകില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഫോം കണ്ടെത്തുക മാത്രമല്ല ടീമിനെ രക്ഷിക്കാനുളള ബാധ്യതയും ടീമിലെ സീനിയര്‍ അംഗമായ ഹെയ്‌ഡനുണ്ട്‌. ഇന്ത്യക്കെതിരെ മികച്ച ട്രാക്‌ റെക്കോര്‍ഡുളള ഹെയ്‌ഡന്‌ ഇത്തവണ പിഴക്കുന്നത്‌ എന്താണെന്ന ചോദ്യത്തിന്‌ ചാപ്പലിന്‌ ഉത്തരമുണ്ട്‌-ബാറ്റിംഗ്‌ സാങ്കേതികതയില്‍ മാറ്റം വരുത്തിയിട്ടില്ല. സഹീര്‍ഖാന്‍ പുതിയ പന്ത്‌ കൈയ്യില്‍ ഒളിപ്പിച്ചുവരുമ്പോള്‍ പ്രതിരോധമോ, ആക്രമണമോ എന്ന ആശങ്കയിലാണ്‌ പലപ്പോഴും ഹെയ്‌ഡന്‌ പിഴക്കുന്നതെന്നാണ്‌ ചാപ്പലിന്റെ കണ്ടുപിടുത്തം.
2003 ലെ ലോകകപ്പ്‌ ഫൈനലില്‍ സഹീറിന്റെ പന്തുകളെ നിഷ്‌കരുണം അതിര്‍ത്തി കടത്തി സ്വന്തം ടീമിനെ ലോകത്തിന്റെ ഉയരത്തിലെത്തിച്ച ഹെയ്‌ഡന്‌ പക്ഷേ പതിവ്‌ പാദചലനങ്ങളും ആത്മവിശ്വാസവും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഹെയ്‌ഡന്റെ റണ്‍ പ്രവാഹത്തിന്‌ സാക്ഷിയായ ഓപ്പണര്‍ ജസ്‌റ്റിന്‍ ലാംഗറായിരുന്നു. ലാംഗര്‍ വിരമിച്ച ശേഷം നല്ല കൂട്ടുകാരനെ ഹെയ്‌ഡന്‌ ലഭിച്ചിട്ടില്ല. സൈമണ്‍ കാറ്റിച്ചാണ്‌ ഇപ്പോഴത്തെ കൂട്ടുകാരന്‍. കാറ്റിച്ചിന്‌ ഈ രംഗത്ത്‌ ശോഭിക്കാന്‍ കഴിയാത്തതിനാല്‍ ടീമിന്റെ ബാറ്റിംഗ്‌ ഭാരം മാത്രമല്ല പുതിയ പന്തിലെ തിളക്കം അകറ്റാനുളള ബാധ്യതയും ഹെയ്‌ഡനിലാണ്‌.
ഇന്നലെ കോട്‌ലയിലെ നെറ്റ്‌സില്‍ മണിക്കൂറുകളോളമാണ്‌ ഹെയ്‌ഡന്‍ ബാറ്റിംഗ്‌ പ്രാക്ടീസ്‌്‌ നടത്തിയത്‌. മാനസികമായി ഇന്ത്യന്‍ ബൗളര്‍മാരായ സഹീര്‍ഖാനും ഹര്‍ഭജന്‍സിംഗും അദ്ദേഹത്തിനുമേല്‍ നേടിയിരിക്കുന്ന ആധിപത്യവും പ്രശ്‌നമാണ്‌. ഹെയ്‌ഡന്റെ രണ്ട്‌ പ്രധാന ഇന്ത്യന്‍ ശത്രുക്കളാണ്‌ സഹീറും ബാജിയും. ബാജിയും ഹെയ്‌ഡനും കളത്തിന്‌ പുറത്തും അകത്തും പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്‌. കഴിഞ്ഞ തവണ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയല്‍ പര്യടനം നടത്തിയപ്പോള്‍ ഹെയ്‌ഡനും ബാജിയും തമ്മിലുണ്ടായ വാക്കേറ്റം പലതവണ മാച്ച്‌ റഫറിയുടെ ഇടപെടലില്‍ കലാശിച്ചിരുന്നു. വിവാദമായ സിഡ്‌നി ടെസ്‌റ്റില്‍ ബാജിയും ആന്‍ഡ്ര്യൂ സൈമണ്ട്‌സും കൊമ്പ്‌ കോര്‍ത്തപ്പോള്‍ അതിന്‌ വേദിയൊരുക്കിയത്‌ ഹെയ്‌ഡനായിരുന്നു. ഹെയ്‌ഡനെതിരെ ഇത്തവണ ബാജിക്ക്‌ വലിയ വിജയം നേടാനായത്‌ മൊഹാലി ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു. സഹീറിനെയും ഇഷാന്തിനെയും ശിക്ഷിച്ച്‌ തുടങ്ങിയ ഹെയ്‌ഡന്‍ ബാജിയുടെ ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു. ഹെയ്‌ഡന്‍ പവിലിയനിലേക്ക്‌്‌ മടങ്ങവെ അദ്ദേഹത്തിന്റെ വഴി തടഞ്ഞ്‌ ആഹ്ലാദപ്രകടനം നടത്തിയതിന്‌ സഹീര്‍ പിടിക്കപ്പെടുകയും ചെയ്‌തിരുന്നു.
കോട്‌ലയില്‍ തുടക്കത്തില്‍ തന്നെ ബൗളര്‍മാരില്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ്‌ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ ഹെയ്‌ഡന്‌ നല്‍കുന്ന ഉപദേശം. ഇന്ത്യന്‍ ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കരുത്‌. അനുവദിക്കുന്നപക്ഷം കളിയുടെ താളം തെറ്റും. കോട്‌ലയിലെ പിച്ച്‌ തുടക്കത്തില്‍ സീമര്‍മാരെയും പിന്നെ സ്‌പിന്നര്‍മാരെയും തുണക്കുന്നതിനാല്‍ മല്‍സരത്തിന്റെ തുടക്കത്തില്‍ ലഭിക്കുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി കളിക്കുകയാണ്‌ ഓസീസ്‌ ലക്ഷ്യം. മൂന്നാം ടെസ്‌റ്റില്‍ വിജയിച്ച്‌ പരമ്പരയില്‍ ഒപ്പമെത്തുക എന്ന ദൃഢനിശ്ചയത്തില്‍ പക്ഷേ ടീമിന്റെ സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു. മുന്‍കാല ഇന്ത്യന്‍ സ്‌പിന്നര്‍ ബിഷന്‍സിംഗ്‌ ബേദിയുടെ സഹായത്തോടെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കൂട്ടിലടക്കാനുളള തന്ത്രങ്ങളാണ്‌ കാമറൂണ്‍ വൈറ്റും മൈക്കല്‍ ക്ലാര്‍ക്കുമെല്ലാം പഠിക്കുന്നത്‌.

പ്ലീസ്‌ സിനിയേഴ്‌സ്‌
ന്യൂഡല്‍ഹി: സ്വന്തം ടീമിലെ സീനിയര്‍ താരങ്ങളോട്‌ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ അഭ്യര്‍ത്ഥന-പ്ലീസ്‌-ഒന്ന്‌ പൊരുതുക...... ഇന്ത്യക്കെതിരായ പരമ്പരയില്‍ പിന്നിട്ട്‌ നല്‍ക്കുന്ന ടീമിനെ കരകയറ്റാന്‍ സീനിയര്‍ താരങ്ങള്‍ക്ക്‌ മാത്രമേ കഴിയുവെന്നാണ്‌ പോണ്ടിംഗ്‌ കരുതുന്നത്‌. മാത്യൂ ഹെയ്‌ഡന്‍, വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌, സീമര്‍ ബ്രെട്ട്‌ ലീ എന്നിവരാണ്‌ ടീമിലെ സീനിയേഴ്‌സ്‌. ഇവരുടെ കരുത്തിനെയാണ്‌ നായകന്‍ പ്രചോദിപ്പിക്കുന്നത്‌. നാല്‌ വര്‍ഷം മുമ്പ്‌ ഇന്ത്യക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ ക്ലാര്‍ക്കിന്‌ മൊഹാലി ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. സീനിയര്‍ താരങ്ങള്‍ സ്വന്തം ഉത്തരവാദിത്ത്വം നിറവേറ്റണമെന്ന്‌ റിക്കി പറഞ്ഞതായി ക്ലാര്‍ക്‌ വെളിപ്പെടുത്തി. ഇന്ത്യയില്‍ ആദ്യ പരമ്പര കളിക്കുന്ന താരങ്ങളില്‍ നിന്ന്‌ കൂടുതല്‍ ആവശ്യപ്പെടാന്‍ കഴിയില്ല. അതിനാല്‍ ക്യാപ്‌റ്റന്‍, വൈസ്‌ ക്യാപ്‌റ്റന്‍, സീനിയര്‍ താരങ്ങള്‍ എന്നിവരില്‍ കൂടുതല്‍ ഭാരമുണ്ട്‌. അത്‌ നിറവേറ്റപ്പെടണമെന്നാണ്‌ ക്യാപ്‌റ്റന്‍ സൂചിപ്പിച്ചതെന്നും വൈസ്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കി. ഡല്‍ഹി ടെസ്‌റ്റില്‍ വിജയിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമാണ്‌ പരമ്പരയില്‍ നിലനില്‍ക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട്‌ വര്‍ഷം ഓസീസ്‌ ക്രിക്കറ്റിന്‌ തിരക്ക്‌ മാത്രമാണ്‌. ആ തിരക്കിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയണമെങ്കില്‍ ഇന്ത്യക്തെിരെ വിജയിക്കണം. ഇന്ത്യക്കെതിരായ പരമ്പരക്ക്‌ ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനമുണ്ട്‌. അതിന്‌ ശേഷം ആഷസ്‌-എല്ലാ മല്‍സരങ്ങളെയും കരുത്തോടെ നേരിടാന്‍ സീസണിലെ ആദ്യ പരമ്പര സ്വന്തമാക്കാന്‍ കഴിയണം-ഗില്‍ക്രൈസ്റ്റില്‍ നിന്ന്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍ പട്ടം ഏറ്റെടുത്ത ക്ലാര്‍ക്‌ പറഞ്ഞു. കഴിഞ്ഞ വിന്‍ഡീസ്‌ പര്യടനത്തിലാണ്‌ ഗില്ലിയില്‍ നിന്ന്‌ ക്ലാര്‍ക്‌ നായകപ്പട്ടം ഏറ്റെടുത്തത്‌. അതിന്‌ ശേഷം നാല്‌ ടെസ്‌റ്റില്‍ നിന്നായി 277 റണ്‍സാണ്‌ നേടാനായത്‌. കരിബീയയില്‍ നേടാനായ 110 റണ്‍സാണ്‌ ഉയര്‍ന്ന സമ്പാദ്യം. വൈസ്‌ ക്യാപ്‌റ്റന്‍സി തന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടില്ലെന്നാണ്‌ ക്ലാര്‍ക്‌ കരുതുന്നത്‌. ടീമിനെ പരാജയത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തുക എന്നതാണ്‌ തല്‍ക്കാലം തന്റെ ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ലോകം
ബോണ്‍: ലോക ചെസ്‌ കിരീടം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബുദ്ധികേന്ദ്രം വിശ്വനാഥന്‍ ആനന്ദിന്റെ തലയില്‍. റഷ്യന്‍ ചാമ്പ്യന്‍ വ്‌ളാഡിമിര്‍ ക്രാംനിക്കിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ്‌ ലോകപ്പട്ടം നിലനിര്‍ത്തിയത്‌. ഇന്നലെ പത്താം റൗണ്ട്‌ പോരാട്ടം നടക്കുമ്പോള്‍ ചാമ്പ്യന്‍പ്പട്ടം ആനന്ദില്‍ നിന്ന്‌ അര പോയന്റ്‌ മാത്രം അകലെയായിരുന്നു. ഇന്ത്യന്‍ കായികരംഗത്തിന്റെ ലോക മേല്‍വിലാസമായ ആനന്ദ്‌ ലോകപ്പട്ടം നിലനിര്‍ത്തുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ്‌ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ കളിച്ചത്‌. എട്ടാം റൗണ്ട്‌ അവസാനിക്കുമ്പോള്‍ ലോകപ്പട്ടത്തിന്‌ ഒരു പോയന്റ്‌ മാത്രം അകലെയായിരുന്നു അദ്ദേഹം. ഒമ്പതാം റൗണ്ടില്‍ വിജയിച്ചാല്‍ കിരീടം ഉറപ്പായിരുന്നു. പക്ഷേ സമനിലയില്‍ അവസാനിച്ചു. ക്രാംനിക്കിന്‌ തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ പഴുതുകളടച്ചാണ്‌ അദ്ദേഹം ഇന്നലെ കളിച്ചത്‌.
ലോക ചെസിലും ഇന്ത്യന്‍ ചെസിലും സമാനതകളില്ലാത്ത താരമാണ്‌ ആനന്ദ്‌. പതിനാറാം വയസ്സില്‍ ദേശീയ ചാമ്പ്യനായി അദ്ദേഹം നടത്തിയ കുതിപ്പിന്‌ തടസ്സം നില്‍ക്കാന്‍ ഇന്ത്യന്‍ ചെസില്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ലോക വേദികളില്‍ ക്രാംനിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി. കഴിഞ്ഞ രണ്ട്‌ തവണയായി ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്രാംനിക്കിനെതിരെ അദ്ദേഹം ആധികാരികത പ്രകടിപ്പിക്കുന്നു. ലോക വേദിയില്‍ ആനന്ദിനെ പരാജയപ്പെടുത്താന്‍ ശക്തരായ പ്രതിയോഗികള്‍ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍.
ഇത്‌ മൂന്നാം തവണയാണ്‌ ലോക ചെസ്‌പട്ടം ആനന്ദ്‌ സ്വന്തമാക്കുന്നത്‌. രണ്ടായിരത്തില്‍ ഇന്ത്യയിലും ഇറാനിലുമായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അലക്‌സി ഷിറോവിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ്‌ ആദ്യമായി ലോകത്തിലെ ഒന്നാമനായത്‌. 2007 ല്‍ മെക്‌സിക്കോ സിറ്റിയില്‍ വെച്ചായിരുന്നു രണ്ടാം കിരീടം. വാസലിന്‍ ടോപ്പലോവ്‌, അലക്‌സി ഷിറോവ്‌, വ്‌ളാഡിമിര്‍ ക്രാംനിക്‌ എന്നിവരാണ്‌ നിലവില്‍ ലോകതലത്തില്‍ ആനന്ദിന്‌ വെല്ലുവിളി. പക്ഷേ സമീപകാലത്തായി ഇവരെയെല്ലാം ആധികാരികമായി തന്നെ പരാജയപ്പെടുത്താന്‍ ആനന്ദിന്‌ കഴിഞ്ഞിട്ടുണ്ട്‌.
ഗാരി കാസ്‌പറോവും അനറ്റോലി കാര്‍പ്പോവും ലോക ചെസില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലത്താണ്‌ ആനന്ദ്‌ ലോക വേദിയിലേക്ക്‌ വരുന്നത്‌.
അതിവേഗ ചെസ്സിലാണ്‌ തുടക്കം മുതല്‍ ആനന്ദ്‌ കരുത്ത്‌ പ്രകടിപ്പിച്ചത്‌. കാസ്‌പറോവിനോ, കാര്‍പ്പോവിനോ റാപ്പിഡ്‌ മല്‍സര വിഭാഗത്തില്‍ ആനന്ദിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ലിനാറസ്‌, മെയിന്‍സ്‌ തുടങ്ങിയ പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടങ്ങള്‍ സ്വന്തമാക്കിയാണ്‌ ലോക തലത്തില്‍ ഒന്നാം സ്ഥാനം ആനന്ദ്‌ നേടിയത്‌.

16 ല്‍ തുടങ്ങിയ യാത്ര
കോഴിക്കോട്‌: പതിനാറാം വയസ്സില്‍ തുടങ്ങിയതാണ്‌ വിശ്വനാഥന്‍ ആനന്ദിന്റെ വിശ്വയാത്ര. 1984 ല്‍ ദേശീയ ചെസ്‌ കിരീടത്തില്‍ മുത്തമിട്ടതിന്‌ ശേഷം അദ്ദേഹത്തിന്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം ലോക കായികവേദികളില്‍ ഇന്ത്യന്‍ മേല്‍വിലാസമായിരുന്നു. ആനന്ദിന്‌ പിന്‍ഗാമികളായ എത്രയോ താരങ്ങള്‍ ഇന്ത്യന്‍ ചെസില്‍ പിറന്നു. പക്ഷേ അവര്‍ക്കാര്‍ക്കും ലോകോത്തര വേദികളില്‍ ആനന്ദിനോളം ഉയരാന്‍ കഴിഞ്ഞില്ല എന്ന സത്യത്തിലാണ്‌ ആനന്ദിന്റെ പ്രഭാവം മാസ്‌മരികമാവുന്നത്‌.
ആനന്ദിന്‍െ പ്രഭാവത്തില്‍ ഇന്ത്യന്‍ ചെസ്‌ വേദിയില്‍ വന്നവരാണ്‌ ശശികിരണ്‍, ഹരികൃഷ്‌ണ,കൊണേരു ഹംപി തുടങ്ങിയവര്‍.


സെപ്‌റ്റിന്‌ രണ്ടാം ജയം
പനാജി: ഗോവയില്‍ പര്യടനം നടത്തുന്ന സെപ്‌റ്റ്‌ ഫുട്‌ബോള്‍ ടീമിന്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വിജയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഹന്നാന്‍ ജാവേദ്‌ നയിച്ച ടീം 4-2ന്‌ ഗോവന്‍ സ്‌്‌റ്റേറ്റ്‌ സ്‌ക്കൂള്‍ ടീമിനെ പരാജയപ്പെടുത്തി. അരീക്കോട്‌ തെരട്ടമല്‍ സ്വദേശിയായ ക്യാപ്‌റ്റന്‍ ഹന്നാന്‍ രണ്ട്‌ തവണ നെറ്റ്‌ ചലിപ്പിച്ചപ്പോള്‍ മിഥുന്‍, ആസില്‍ എന്നിവരും ലക്ഷ്യം കണ്ടു. നോര്‍ത്ത ഗോവക്കെതിരായ ആദ്യ മല്‍സരത്തില്‍ സെപ്‌റ്റ്‌ മൂന്ന്‌ ഗോളിന്‌ വിജയിച്ചിരുന്നു, ആസില്‍ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ മൂന്നാം ഗോള്‍ ഹന്നാനാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. ഇന്ന്‌ നടക്കുന്ന മല്‍സരത്തില്‍ സെപ്‌റ്റ്‌ സാല്‍ഗോക്കര്‍ അക്കാദമിയെ നേരിടും. ദേശീയ സോക്കറില്‍ ചിരപ്രതിഷ്‌ഠ നേടിയ സാല്‍ഗോക്കര്‍ ടീമിന്റെ ജൂനിയര്‍ നിരയാണ്‌ അക്കാദമി നിരയില്‍ കളിക്കുന്നത്‌.
അടുത്ത മാസം നടക്കുന്ന മലേഷ്യന്‍ പര്യടനം മുന്‍നിര്‍ത്തിയാണ്‌ സെപ്‌റ്റ്‌ ടീം ഗോവയില്‍ പര്യടനം നടത്തുന്നത്‌. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എജ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ്‌ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ നിന്ന്‌ തെരഞ്ഞെടുത്ത കുട്ടികളെയുമായാണ്‌ ഗോവയില്‍ എത്തിയിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം വിജയകരമായ സ്‌കാന്‍ഡിനേവിയന്‍ പര്യടനം പൂര്‍ത്തിയാക്കിയ സംഘത്തിന്റെ മുഖ്യപരിശീലകന്‍ കോഴിക്കോട്ടുകാരനായ മനോജാണ്‌. സെപ്‌റ്റ്‌ ചെയര്‍മാന്‍ അരുണ്‍ പി നാണുവാണ്‌ ടീമിന്റെ മാനേജര്‍.

യൂറോപ്യന്‍ ലീഗുകള്‍
അല്‍ഭുതങ്ങളില്ല
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും ജര്‍മനിയിലും കാര്യമായ അല്‍ഭുതങ്ങളില്ല. വമ്പന്മാര്‍ സ്വന്തം സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ചെല്‍സിക്കാര്‍ ലിവര്‍പൂളിന്‌ മുന്നില്‍ ഞായറാഴ്‌ച്ച പരാജയപ്പെട്ടത്‌ മാത്രമാണ്‌ വാര്‍ത്ത.
പ്രീമിയര്‍ ലീഗ്‌
സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലെ തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തെത്തി. 23 പോയന്റാണ്‌ അവരുടെ സമ്പാദ്യം. മല്‍സരത്തിന്റെ പത്താം മിനുട്ടില്‍ സാബി അലോണ്‍സോ സ്‌ക്കോര്‍ ചെയ്‌ത ഗോളാണ്‌ റാഫേല്‍ ബെനിറ്റസിന്റെ സംഘത്തിന്‌ നേട്ടമായത്‌. കഴിഞ്ഞ നാലര വര്‍ഷമായി സ്വന്തം മൈതാനത്ത്‌ പരാജയമറിയാത്തവരാണ്‌ ചെല്‍സി. ആ റെക്കോര്‍ഡാണ്‌ ലിവര്‍പൂള്‍ തകര്‍ത്തത്‌. ചെല്‍സിക്കും ഹള്‍ സിറ്റിക്കും 20 പോയന്റ്‌്‌ വീതമുണ്ട്‌. ഇവരാണ്‌ ടേബിളില്‍ രണ്ടാമതും മൂന്നാമതും വരുന്നത്‌. കരുത്തരായ ആഴ്‌്‌സനല്‍ വെസ്‌റ്റ്‌ ഹാം യുനൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോള്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ എവര്‍ട്ടണ്‍ 1-1 ല്‍ തളച്ചിരുന്നു. ടോപ്‌ സ്‌ക്കോറര്‍ പട്ടികയില്‍ ആമിര്‍ സാകി (7) തന്നെ തുടരുന്നു. ആറ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത റോബിഞ്ഞോ, ജെറമിന്‍ ഡഫോ എന്നിവരാണ്‌ രണ്ടാം സ്ഥാനങ്ങളില്‍.
ഇറ്റലി
ഇറ്റാലിയന്‍ സിരിയ എ യില്‍ ആരും പ്രതീക്ഷിക്കാത്ത ഉദിനസാണ്‌ മുന്നില്‍. 17 പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഇന്റര്‍ മിലാന്‍, നാപ്പോളി എന്നിവര്‍ക്കും 17 പോയന്റ്‌ വീതമുണ്ട്‌. പക്ഷേ ഗോള്‍ ശരാശരയില്‍ ഉദിനസിനാണ്‌ മുന്‍ത്തൂക്കം. ഇന്നലെയവര്‍ മുന്‍ ചാമ്പ്യന്മാരായ ഏ.എസ്‌ റോമയെ 3-1നാണ്‌ വീഴ്‌ത്തിയത്‌. അതേസമയം ഇന്റര്‍മിലാനെ ജിനോവ 1-1 ല്‍ തളച്ചു. കക്കയുടെ ഗോളില്‍ ഏ.സി മിലാന്‍ അറ്റ്‌ലാന്റയെ പരാജയപ്പെടുത്തി. ടൂറിനിലെ സ്വന്തം മൈതാനത്ത്‌ ഇന്നലെ നടന്ന മല്‍സരത്തില്‍ ടോറിനോയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതോടെ യുവന്തസിന്‌ ദീര്‍ഘനിശ്വാസം വിടാനായി. കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ ടീമിന്‌ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്‌പെയിന്‍
സ്‌പാനിഷ്‌ ലീഗില്‍ വലന്‍സിയ 20 പോയന്റുമായി ലീഡ്‌ തുടരുകയാണ്‌. 19 പോയന്റ്‌്‌ വീതമുളള ബാര്‍സിലോണയും ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ബാര്‍സ അഞ്ച്‌ ഗോളിന്‌ അല്‍മേരിയയെ തകര്‍ത്തപ്പോള്‍ റയല്‍ മാഡ്രിഡ്‌ 3-2ന്‌ അത്‌ലറ്റികോ ബില്‍ബാവോയെ പരാജയപ്പെടുത്തി. പക്ഷേ ആവേശകരമായ പോരാട്ടം നടന്നത്‌ വില്ലാ റയലും അത്‌ലറ്റികോ മാഡ്രിഡും തമ്മില്‍ നടന്ന മല്‍സരത്തിലാണ്‌. എട്ട്‌ ഗോളുകള്‍ പിറന്ന മല്‍സരം 4-4 സമനിലയില്‍ അവസാനിച്ചു. ഒമ്പത്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത സാമുവല്‍ ഇറ്റോ, ഡേവിഡ്‌ വിയ എന്നിവരാണ്‌ ടോപ്‌ സ്‌ക്കോറര്‍പ്പട്ടികയില്‍.
ജര്‍മനി
ഹാംബര്‍ഗിനെ പിറകിലാക്കി ജര്‍മന്‍ ലീഗില്‍ ഹോഫന്‍ ഹീം എന്നാം സ്ഥാനത്തെത്തി. 19 പോയന്റാണ്‌ അവരുടെ സമ്പാദ്യം. ബയര്‍ ലെവര്‍കൂസണ്‍ (18), ഹാംബര്‍ഗ്‌ (17) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച്‌ 4-2ന്‌ വോള്‍സ്‌ബര്‍ഗിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ രണ്ട്‌
ഗോളിന്‌ പിറകിലായ ബയേണിനെ ഫ്രഞ്ച്‌ സൂപ്പര്‍ താരം ഫ്രാങ്ക്‌ റിബറിയാണ്‌ രക്ഷപ്പെടുത്തിയത്‌.
ഫ്രാന്‍സ്‌
ഫ്രാന്‍സില്‍ ചാമ്പ്യന്മാരായ ലിയോണ്‍ 21 പോയന്റുമായി ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. മാര്‍സലി (19), ലിമാന്‍സ്‌ (18 എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍.

കെയിന്‍സിനും മോംഗിയക്കും വിലക്ക്‌
ചണ്ഡിഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ചണ്ഡിഗര്‍ ലയണ്‍സിനായി കളിക്കുന്ന ന്യൂസിലാന്‍ഡ്‌ ഓള്‍റൗണ്ടര്‍ ക്രി്‌സ്‌ കെയിന്‍സ്‌, മുന്‍ ഇന്ത്യന്‍ താരം ദിനേശ്‌ മോംഗിയ എന്നിവര്‍ക്ക്‌ സസ്‌പെന്‍ഷന്‍. അച്ചടക്കനടപടിയുടെ ഭാഗമായാണ്‌ ഇവരെ താല്‍കാലികമായി പുറത്താക്കിയിരിക്കുന്നത്‌. കെയിന്‍സിന്‌ പകരം ആന്‍ഡ്ര്യൂ ഹാള്‍ ചണ്ഡിഗര്‍ ലയണ്‍സിനെ നയിക്കും.

മിയാന്‍ദാദ്‌ നിരസിച്ചു
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ കോച്ചാവാനുളള നിര്‍ദ്ദേശം ജാവേദ്‌ മിയാന്‍ദാദ്‌ നിരസിച്ചു. പുറത്താക്കപ്പെട്ട കോച്ച്‌ ജെഫ്‌ ലോസണ്‌ പകരം പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആദ്യം സമീപിച്ചത്‌ മിയാന്‍ദാനിനെയായിരുന്നുവെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ വെളിപ്പെടുത്തി. എന്നാല്‍ മറ്റൊരിക്കല്‍ കൂടി പരിശീലകന്റെ കുപ്പായത്തില്‍ താല്‍പ്പര്യമില്ലെന്നാണ്‌ മിയാന്‍ദാദ്‌ മറുപടി നല്‍കിയത്‌. ഇതേ തുടര്‍ന്നാണ്‌ ഇന്‍ത്തികാബ്‌ ആലത്തെ സമീപിച്ചതെന്നും ഭട്ട്‌ പറഞ്ഞു. മൂന്ന്‌ തവണ പാക്കിസ്‌താന്‍ ടീമിന്റെ കോച്ചായിരുന്നു മിയാന്‍ദാദ്‌.

FREE MALIK

സലീം മാലിക്‌ വിലക്ക്‌ നീക്കി
കറാച്ചി:പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റന്‍ സലീം മാലിക്കിനെതിരെ പന്തയക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ച വിലക്ക്‌ കോടതി റദ്ദാക്കി. പന്തയവിവാദത്തില്‍ മാലിക്‌ പ്രതിയാണെന്ന ആരോപണം വരുകയും അദ്ദേഹത്തിനെതിരെ ജസ്‌റ്റിസ്‌ മാലിക്‌ മുഹമ്മദ്‌ ഖയ്യൂം കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാലിക്‌ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ 2000 ത്തിലാണ്‌ പി.സി.ബി ആജീവനാന്ത വിലക്ക്‌ പ്രഖ്യാപിച്ചത്‌. വിലക്കിനെതിരെ മാലിക്‌ നല്‍കിയ കേസിലാണ്‌ ഇന്നലെ കോടതി വിധി വന്നിരിക്കുന്നത്‌. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാലിക്കിന്‌ സജീവ ക്രിക്കറ്റില്‍ തുടാരാനാവും. വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന്‌ പി.സി.ബി വ്യക്തമാക്കിയിട്ടുമുണ്ട്‌. യുവതാരങ്ങളെ വളര്‍ത്താനായി പുതിയ ക്രിക്കറ്റ്‌ അക്കാദമി സ്ഥാപിക്കുമെന്ന്‌്‌ കോടതി വിധിക്ക്‌ ശേഷം ആഹ്ലാദവാനായി കണ്ട മാലിക്‌ പറഞ്ഞു.
1994-95 സീസണില്‍ ഓസ്‌ട്രേലിയന്‍ ടീം പാക്കിസ്‌താന്‍ പര്യടനം നടത്തിയപ്പോള്‍ കറാച്ചി ടെസ്‌റ്റിന്‌ മുമ്പ്‌ ഓസീസ്‌ താരങ്ങളായ മാര്‍ക്ക്‌ വോ, ഷെയിന്‍ വോണ്‍ എന്നിവര്‍ക്ക്‌ കൈക്കൂലി മാലിക്‌്‌ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നാണ്‌ ജസ്‌റ്റിസ്‌ ഖയ്യൂം കമ്മീഷന്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന്‌ മാലിക്‌ ആവര്‍ത്തിച്ചിട്ടും അന്വേഷണ കമ്മീഷന്‍ വഴങ്ങിയില്ല. തുടര്‍ന്ന്‌ സെഷന്‍സ്‌ കോടതിയെ മാലിക്‌ സമീപിച്ചു. അവിടെ നിന്ന്‌ കേസ്‌ തളളപ്പെട്ടപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി കേസ്‌ വീണ്ടും കീഴ്‌ കോടതിയിലേക്ക്‌ വിട്ടു. കീഴ്‌കോടതിയാണ്‌ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്‌.
കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെങ്കിലും ഇല്ലാത്ത ആരോപണമുന്നയിച്ച്‌ തന്റെ വിലപ്പെട്ട വര്‍ഷങ്ങളാണ്‌ ചിലര്‍ ചേര്‍ന്ന്‌ ഇല്ലാതാക്കിയതെന്ന്‌ മാലിക്‌ പറഞ്ഞു. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ക്രിക്കറ്റിനെക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ പോലും എനിക്ക്‌ അനുവാദമുണ്ടായിരുന്നില്ല-പാക്കിസ്‌താന്‌ വേണ്ടി 103 ടെസ്റ്റുകളും 283 ഏകദിനങ്ങളും കളിച്ച താരം പറഞ്ഞു. പതിനെട്ടാം വയസ്സില്‍ രാജ്യത്തിനായി അരങ്ങേറ്റം നടത്തിയ മാലിക്‌ 1992 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇമ്രാന്‍ഖാന്റെ പാക്കിസ്‌താന്‍ സംഘത്തില്‍ അംഗമായിരുന്നു. 1993 ലാണ്‌ അദ്ദേഹം രാജ്യത്തിന്റെ നായകനായത്‌. എന്നാല്‍ 95 ല്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തയവിവാദത്തില്‍ മാലിക്കിന്റെ പേരും ഉയര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സെ ക്രോണിയ ഒന്നാം പ്രതിയായ പന്തയവിവാദത്തില്‍ വിവിധ രാജ്യങ്ങള്‍ അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ പാക്കിസ്‌താനില്‍ ചുമതല ജസ്‌റ്റിസ്‌ ഖയ്യൂം കമ്മീഷനായിരുന്നു. ഈ കമ്മീഷന്റെ മാസങ്ങള്‍ ദീര്‍ഘിച്ച തെളിവെടുപ്പും വാദപ്രതിവാദങ്ങളും കഴിഞ്ഞപ്പോള്‍ മാലിക്കിനും അതാവുര്‍ റഹ്‌മാനുമെല്ലാം വിലക്ക്‌ കല്‍പ്പിക്കുകയായിരുന്നു.

മാലിക്കിന്‌ കപിലിന്റെ ക്ഷണം
ന്യൂഡല്‍ഹി: പന്തയ വിവാദകേസില്‍ പ്രതിയായി ഏഴ്‌ വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട പാക്കിസ്‌താന്‍ മുന്‍ ക്യാപ്‌റ്റന്‍ സലീം മാലിക്കിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ ചെയര്‍മാന്‍ കപില്‍ദേവിന്റെ ക്ഷണം. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിക്കാന്‍ പക്ഷേ 47 കാരനായ മാലിക്കിന്‌ കഴിയുമോ എന്നത്‌ സംശയകരമാണ്‌. കപിലിന്റെ ക്ഷണം സ്ഥീരികരിച്ച മാലിക്‌ തനിക്ക്‌ കളിക്കാന്‍ കഴിയുന്ന കാര്യം സംശയമാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ഞാന്‍ കളിച്ചിട്ട്‌. അതിനാല്‍ തന്നെ പെട്ടെന്ന്‌ ഒരു ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക എളുപ്പമല്ലെന്നും വെറ്ററന്‍ താരം പറഞ്ഞു.

റഹ്‌മാന്‌ ശേഷം മാലിക്‌
ലാഹോര്‍: ക്രിക്കറ്റിലെ പന്തയവിവാദം ഏറെ ബാധിച്ചത്‌ പാക്കിസ്‌താനെയായിരുന്നു. രാജ്യത്തെ പല പ്രമുഖ താരങ്ങളും ആരോപണവിധേയരായപ്പോള്‍ ഒരു വേള രാജ്യത്ത്‌്‌ ക്രിക്കറ്റ്‌ തന്നെ ഇല്ലാതാകുമെന്ന അവസ്ഥയായിരുന്നു. വസീം അക്രം, വഖാര്‍ യൂനസ്‌ , മുഷ്‌താഖ്‌ അഹ്‌മ്മദ്‌, സയദ്‌ അന്‍വര്‍, ഇജാസ്‌ അഹമ്മദ്‌, സഖ്‌ലൈന്‍ മുഷ്‌ത്താഖ്‌, സലീം മാലിക്‌, അതാവുര്‍ റഹ്‌മാന്‍ എന്നിവരെല്ലാം പ്രതിക്കൂട്ടിലായിരുന്നു. ഇവരില്‍ മാലിക്കും റഹ്‌മാനുമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. എന്നാല്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ അതാവുര്‍ റഹ്‌മാനെതിരായ വിലക്ക്‌ നീക്കിയിരുന്നു.

അസ്‌ഹറിന്റെ കേസ്‌
മുംബൈ: 2000 ത്തില്‍ ലോക ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തയ വിവാദകേസില്‍ ആരോപണ വിധേയരായവരില്‍ പലരും കുറ്റവിമുക്തരാക്കപ്പെട്ടിട്ടും ഇന്ത്യന്‍ താരങ്ങളില്‍ പലരും ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെ.
മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, മനോജ്‌ പ്രഭാകര്‍, അജയ്യ്‌ ശര്‍മ, അജയ്‌ ജഡേജ എന്നിവരില്‍ ജഡേജ മാത്രമാണ്‌ പീഡനത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. പാക്കിസ്‌താനില്‍ സലീം മാലിക്‌, അതാവുര്‍ റഹ്‌മാന്‍, വസീം അക്രം, മുഷ്‌ത്താഖ്‌ അഹമ്മദ്‌, സയദ്‌ അന്‍വര്‍ തുടങ്ങിയവരെല്ലാം ആരോപണവിധേയരായിരുന്നു. ഇവരില്‍ അക്രവും അന്‍വറും മുഷ്‌ത്താഖും നേരത്തെ മോചിതരായി. അതാവുര്‍ റഹ്‌മാനും മാലിക്കിനുമാണ്‌ ആജീവനാന്ത വിലക്ക്‌ നല്‍കിയത്‌. ഇപ്പോള്‍ ഈ രണ്ട്‌ പേരും മോചിതരായിരിക്കുന്നു. വിന്‍ഡീസി ക്രിക്കറ്റ്‌ ഇതിഹാസം ബ്രയന്‍ ചാള്‍സ്‌ ലാറക്കെതിരെ ചിലര്‍ വിരല്‍ ചൂണ്ടിയതാണ്‌. പക്ഷേ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടപടികള്‍ക്ക്‌ മുതിര്‍ന്നില്ല. ഇംഗ്ലണ്ടിന്റെ ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായിരുന്ന അലക്‌സ്‌ സ്റ്റ്യൂവര്‍ട്ട്‌ ആരോപണവിധേയനായിട്ടും ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടപടികള്‍ക്ക്‌ മുതിര്‍ന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഹാന്‍സെ ക്രോണിയക്കൊപ്പം ഹര്‍ഷല്‍ ഗിബ്‌സ്‌, നിക്കി ബോയെ എന്നിവരും പ്രതികൂട്ടിലായിരുന്നു. ക്രോണിയ കുറ്റം സമ്മതിച്ചതിന്‌ ശേഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബോയെയില്‍ നിന്നും പിഴ ഈടാക്കി. ഗിബ്‌സിനെതിരെ ഇപ്പോഴും കേസുണ്ട്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ രാഷ്‌ട്രീയമാണ്‌ അസ്‌ഹറിനെ പോലുളളവരെ ഇപ്പോഴും സംശയത്തിന്റെ കൂട്ടില്‍ നിര്‍ത്തുന്നത്‌. ഏ.സി മുത്തയ്യ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന കാലത്താണ്‌ അസ്‌ഹര്‍, ശര്‍മ, പ്രഭാകര്‍ എന്നിവര്‍ക്കെതിരെ ആജീവനാന്ത വിലക്കു വന്നത്‌. പന്തയ വിവാദത്തില്‍ നിന്നും ക്രിക്കറ്റ്‌ ബോര്‍ഡിന്‌ രക്ഷപ്പെടാന്‍ ചിലരെ ബലിയാടാക്കുകയായിരുന്നു മുത്തയ്യ.
പന്തയ വിവാദം അന്വേഷിച്ച സി.ബി.ഐ അസ്‌ഹറിനെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണംം നടത്തിയത്‌. സംഭവത്തില്‍ അസ്‌ഹര്‍ നല്‍കിയ കേസില്‍ ഇത്‌ വരെ ഹൈദരാബാദ്‌ കോടതിയുടെ വിധി വന്നിട്ടില്ല. വിലക്കിന്‌ ശേഷം പല തലത്തിലൂം അദ്ദഹം പീഡിക്കപ്പെട്ടു. നൂറ്റാണ്ടിന്റെ താരമാവാനുളള നോമിനേഷന്‍ ലഭിച്ചിട്ടും ആരും അംഗീകരിക്കാന്‍ തയ്യാറായില്ല. അസ്‌ഹറിന്റെ സമകാലികരായ പല താരങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരിക്കപ്പെട്ടിട്ടും വിവേചനം തുടര്‍ന്നു. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു.
ശരത്‌ പവാര്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തലവനായപ്പോള്‍ അദ്ദേഹത്തിന്റെ അണിയിലുണ്ടായിരുന്ന മുന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ രാജ്‌സിംഗ്‌ ദുംഗാര്‍പ്പൂരിന്റെ പിന്തുണയില്‍ അസ്‌ഹറിന്‌ മോചനം നല്‍കാന്‍ ശ്രമമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇന്ത്യയുടെ ക്രിക്കറ്റ്‌ നായകരെ ആദരിച്ച ചടങ്ങില്‍ അസ്‌ഹറിനും ഇടം കിട്ടി. പക്ഷേ കേസ്‌്‌ ഇപ്പോഴും കോടതിയിലുണ്ട്‌. ക്രിക്കറ്റ്‌്‌ ബോര്‍ഡിന്‌ അസ്‌ഹറിനോടുളള സമീപനത്തില്‍ മാറ്റം വന്നു, വിലക്ക്‌ നീക്കാന്‍ ധാരണയായി. പക്ഷേ ഐ.സി.സി ഈ കാര്യത്തില്‍ നിലപാട്‌ മാറ്റിയിട്ടില്ല. ആജീവനാന്ത വിലക്ക്‌ നീക്കാന്‍ തങ്ങള്‍ക്ക്‌ മാത്രമാണ്‌ അവകാശമെന്നാണ്‌ അവരുടെ നിലപാട്‌.
അജയ്‌ ജഡേജക്ക്‌ അഞ്ച്‌ വര്‍ഷമാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. രാഷ്‌ട്രീയ സമ്മര്‍്‌ദ്ദത്തില്‍ ജഡേജ കാലാവധി പൂര്‍ത്തിയാക്കും മുമ്പ്‌ മോചിതനാവുകയും രഞ്‌ജി ക്രിക്കറ്റ്‌ കളിക്കുകയും ചെയ്‌തു. ഇപ്പോള്‍ ടെലിവിഷന്‍ കമന്റേ്‌റ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. അസ്‌ഹറിനെ കളി പറയാന്‍ പോലും അനുവദിക്കരുതെന്നാണ്‌ ചിലരുടെ നിലപാട്‌. ഹൈദരാബാദില്‍ സ്വന്തമായി നടത്തുന്ന ജിംനേഷ്യമാണ്‌ ഇപ്പോള്‍ മുന്‍ ക്യാപ്‌റ്റന്റെ ലാവണം.
അസ്‌ഹറിന്റെ പുത്രന്മാരായ അയാസുദ്ദിനും അസീസുദ്ദിനും ക്രിക്കറ്റര്‍മാരാണ്‌. 1984 ഡിസംബര്‍ 31ന്‌ ഇംഗ്ലണ്ട
ിനെതിരായ ടെസ്റ്റിലൂടെയാണ്‌ അസ്‌ഹര്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്‌. ആദ്യ മൂന്ന്‌ ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കി അദ്ദേഹം സൃഷ്‌ടിച്ച ലോക റെക്കോര്‍ഡ്‌ ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. 99 ടെസ്‌റ്റുകളിലാണ്‌ അദ്ദേഹം കളിച്ചത്‌, 2000 മാര്‍ച്ച്‌ രണ്ടിന്‌ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്‌. രാജ്യത്തിനായി 100 ടെസ്റ്റ്‌ മല്‍സരങ്ങള്‍ കളിക്കാന്‍ മോഹിച്ച താരത്തിന്‌ പന്തയവിവാദം ഇരുട്ടടിയായി. 22 ടെസ്‌റ്റ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ അസ്‌ഹര്‍ ഏകദിന ക്രിക്കറ്റില്‍ ഏഴ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. മൂന്ന്‌ ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച അസ്‌ഹര്‍ രാജ്യത്തന്‌ 103 ഏകദിന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. ഈ റെക്കോര്‍ഡ്‌ തകര്‍ക്കപ്പെട്ടിട്ടില്ല.
സലീം മാല്‌്‌കിനെത ഇന്നലെ കോടതി വെറുതെ വിട്ടപ്പോള്‍ അസ്‌ഹറും പ്രതീക്ഷയിലാണ്‌.

മല്‍സരഫലങ്ങള്‍
അത്‌ലറ്റികോ മാഡ്രിഡ്‌ 1- ലിവര്‍പൂള്‍ 1
ബേസില്‍ 0- ബാര്‍സിലോണ 5
ബോറോഡോക്‌സ്‌ 1-സി.എഫ്‌.ആര്‍ ക്ലൂജ്‌ 0
ചെല്‍സി 1- റോമ 0
ഇന്റര്‍ മിലാന്‍ 1- ഫമഗുസ്റ്റ 0
പി.എസ്‌.വി 2- മാര്‍സലി 0
പനാത്തിനായിക്കോസ്‌ 2- വെര്‍ഡര്‍ ബ്രെഹ്മന്‍ 2
ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌ 0-സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ 1
ബാര്‍സ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ബാര്‍സിലോണ മുന്നോട്ട്‌. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ബേസിലിനെ അഞ്ച്‌ ഗോളിന്‌ ബാര്‍സ തരിപ്പണമാക്കിയപ്പോള്‍ തുല്യശക്തികളുടെ അങ്കത്തില്‍ ചെല്‍സി ഒരു ഗോളിന്‌ റോമയെ വീഴ്‌ത്തി. സ്‌പെയിനില്‍ നിന്നുളള അത്‌ലറ്റികോ മാഡ്രിഡ്‌ ശക്തരായ ലിവര്‍പൂളിനെ 1-1 ല്‍ തളച്ച്‌ വിലപ്പെട്ട പോയിന്റ്‌ പങ്കിട്ടു. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ഒരു ഗോളിന്‌ ഫമഗുസ്റ്റയെ വീഴ്‌ത്തിയപ്പോള്‍ പി.എസ്‌.വി ഐന്തോവാന്‍ രണ്ട്‌ ഗോളിന്‌ മാര്‍സലിയെയും സ്‌പോര്‍്‌ട്ടിംഗ്‌ ലിസ്‌ബണ്‍ ഒരു ഗോളിന്‌ ഷാക്തര്‍ ഡോണ്‍സ്‌റ്റക്കിനെ പരാജയപ്പെടുത്തി. പനാത്തിനായിക്കോസും വെര്‍ഡര്‍ ബ്രെഹ്മനും തമ്മിലുളള മല്‍സരം 2-2 ല്‍ അവസാനിച്ചു.
ഗ്രൂപ്പ്‌ സിയില്‍ സ്വിസ്‌ ടീമിനെതിരെ ഏകപക്ഷീയ വിജയമാണ്‌ ബാര്‍സ ആഘോഷമാക്കിയത്‌. പ്രാഥമിക ലീഗില്‍ കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും വിജയം സ്വന്തമാക്കിയ ടീം ഇന്നലെ ആദ്യ നാല്‍പ്പത്തിയെട്ട്‌ മിനുട്ടില്‍ തന്നെ അഞ്ച്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തിരുന്നു. ഇതില്‍ രണ്ട്‌ ഗോളുകള്‍ സ്‌പാനിഷ്‌ താരം ബോജാന്‍ കിര്‍ക്കിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഈയാഴ്‌ച്ച ലിവര്‍പൂളിനെ നേരിടാനുളള ചെല്‍സി കരുതലോടെയാണ്‌ റോമയെ എതിരിട്ടത്‌. ഫ്രാന്‍സിസ്‌ക്കോ ടോട്ടി എന്ന വെറ്ററന്‍ താരത്തിന്റെ പിന്‍ബലത്തില്‍ കളിച്ച റോമ ആദ്യ പകുതിയില്‍ അപകടകരമായി കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ ആ സാഹസത്തിന്‌ മുതിര്‍ന്നില്ല. സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ലോംഗ്‌ വിസിലിന്‌ 12 മിനുട്ട്‌ മുമ്പ്‌ ഫ്രാങ്ക്‌ ലംപാര്‍ഡ്‌ പായിച്ച കോര്‍ണറില്‍ നിന്ന്‌ ക്യാപ്‌റ്റന്‍ ജോണ്‍ ടെറി നീലപ്പടയുടെ വിജയം ഉറപ്പാക്കി. വിജയത്തോടെ ഗ്രൂപ്പ്‌ എ യില്‍ ചെല്‍സി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍രത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ബോറോഡോക്‌സ്‌ ഏക ഗോളിന്‌ ക്ലൂജിനെ വീഴ്‌ത്തി.
ബി ഗ്രൂപ്പില്‍ സൂപ്പര്‍ താരങ്ങളുമായി കളിച്ച ഇന്റര്‍ മിലാന്‌ വേണ്ടി ബ്രസീലുകാരന്‍ അഡ്രിയാനോയാണ്‌ ഗോള്‍ നേടിയത്‌. ഫമഗൂസ്‌റ്റ പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തിയപ്പോള്‍ സ്വീഡിഷ്‌ മുന്‍നിരക്കാന്‍ ഇബ്രാഹീമോവിച്ചിന്റെ ക്രോസ്‌്‌ ഉപയോഗപ്പെടുത്തിയാണ്‌ അഡ്രിയാനോ മല്‍സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്‌. ഗ്രീസില്‍ നിന്നുളള പനാത്തിനായിക്കോസും ജര്‍മനിയിലെ വെര്‍ഡര്‍ ബ്രെഹ്മനും തമ്മിലുളള പോരാട്ടം ആവേശകരമായിരുന്നു. തുടക്കത്തില്‍ തന്നെ ജര്‍മന്‍കാരാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. എന്നാല്‍ ഗ്രീസുകാര്‍ തിരിച്ചടി തുടങ്ങിയപ്പോള്‍ ബ്രെഹ്മന്‍ നിര പതറി.
ഡി ഗ്രൂപ്പില്‍ ലിവര്‍പൂള്‍-അത്‌ലറ്റികോ മാഡ്രിഡ്‌ മല്‍സരമായിരുന്നു ആവേശം പകര്‍ന്നത്‌. ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ നല്‍കിയ ക്രോസില്‍ റോബീ കീന്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ജാമി കാരഗറുടെ പിഴവില്‍ സിമാവോ സമനില നേടി.

കുംബ്ലെയെ വേണം
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 29ന്‌ ഡല്‍ഹയിലെ ഫിറോസ്‌്‌ ഷാ കോട്‌്‌ലയില്‍ നടക്കുന്ന ടെസ്‌റ്റിനുളള ആദ്യ ഇലവനിലും പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ ക്യാപ്‌റ്റന്‍ സ്ഥാനത്തും അനില്‍ കുംബ്ലെ നിലനിര്‍ത്തണമെന്ന്‌ സര്‍വെ. സ്‌പോര്‍ട്‌സ്‌ ചന്ദ്രിക നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേരും കുംബ്ലെക്ക്‌ മാന്യമായ യാത്രയയപ്പ്‌ നല്‍കണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. 39 ശതമാനം പേര്‍ അമിത്‌ മിശ്രക്കും മഹേന്ദ്രസിംഗ്‌ ധോണിക്കും വേണ്ടി ഉടന്‍ തന്നെ കുംബ്ലെ വഴിമാറണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. കോളജ്‌ വിദ്യാര്‍ത്ഥികളാണ്‌ ധോണിക്ക്‌ വേണ്ടി കഠിനമായി വാദിച്ചത്‌.

മറഡോണക്ക്‌ നിര്‍ണ്ണായക വോട്ട്‌
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌്‌ നോറെ നാകിസ്‌ സ്വന്തം വോട്ട്‌ ഡീഗോ മറഡോണക്ക്‌ സമ്മാനിച്ചതോടെ അര്‍ജന്റീനയുടെ പുതിയ പരിശീലകനായി ഇതിഹാസതാരം മാറാനുളള സാധ്യതയേറി. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ചിലിയോട്‌ പരാജയപ്പെട്ടതിന്‌ പിറകെ ദേശീയ കോച്ച്‌ അല്‍ഫിയോ ബാസില്‍ രാജി നല്‍കിയതോടെ പുതിയ കോച്ചിനായുളള അന്വേഷണത്തിലാണ്‌ അര്‍ജന്റീന. ബൊക്ക ജൂനിയേഴ്‌സിന്റെ മുന്‍ കോച്ച്‌ കാര്‍ലോസ്‌ ബിനാച്ചി, സാന്‍ ലോന്‍ഡസോ ക്ലബിന്റെ കോച്ച്‌ മിഗേല്‍ ആഞ്ചല്‍ റൂസോ, അര്‍ജന്റീനയെ ഒളിംപിക്‌ സ്വര്‍ണ്ണത്തിലേക്ക്‌ നയിച്ച കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ എന്നിവര്‍ക്കൊപ്പമാണ്‌ മറഡോണയുടെ പേരും ഉയര്‍ന്നത്‌. രാജ്യത്തെ പരിശീലിപ്പിക്കാനുളള താല്‍പ്പര്യം മറഡോണ പരസ്യമായി പ്രകടിപ്പിച്ചതിന്‌ പിറകെയാണ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ പിന്തുണ നല്‍കിയിരിക്കുന്നത്‌.
എന്നാല്‍ രാജ്യത്ത്‌ ചില മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ മറഡോണയെക്കാള്‍ മാര്‍ക്ക്‌ ബിനാച്ചിക്കാണ്‌ ലഭിച്ചിരിക്കുന്നത്‌. നാല്‌ തവണ ബൊക്ക ജൂനിയേഴ്‌സിനെ ദേശീയ ലീഗ്‌ കിരീടത്തിലേക്ക്‌ നയിച്ചത്‌ ബിനാച്ചിയാണ്‌. രാജ്യത്തെ ഏറ്റവും മികച്ച സോക്കര്‍ പരിശീലകനും അദ്ദേഹമാണെന്നാണ്‌ ഫുട്‌ബോള്‍ പ്രിയര്‍ പയുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന്‌ ഫെഡറേഷന്‍ യോഗത്തില്‍ ബിനാച്ചിയുടെ പേര്‌ ഉയര്‍ന്നിരുന്നില്ലെന്നാണ്‌ നാകിസ്‌ പറഞ്ഞത്‌. ഈ വാക്കുകളാണ്‌ മറഡോണക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌. പുതിയ കോച്ചിനെ അര്‍ജന്റീന 27 ന്‌ പ്രഖ്യാപിക്കും.

Tuesday, October 21, 2008

WHAT A WIN

വാട്ട്‌ എ വിന്‍
മൊഹാലി: ആദ്യ നാല്‌ ദിവസങ്ങളില്‍ പ്രകടിപ്പിച്ച അതേ മികവ്‌ അഞ്ചാം ദിവസത്തിന്റെ തുടക്കത്തിലും ഇന്ത്യ ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഒരു മണിക്കൂറില്‍ അവസാനിച്ചു. 516 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ഓസ്‌ട്രേലിയയെ 195 ല്‍ പുറത്താക്കി 320 റണ്‍സിന്റെ രാജകീയ വിജയം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ ക്ലോക്കില്‍ കൃത്യം 11-00 മണി.... നാല്‌്‌ പന്തിനിടെ സഹീര്‍ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ തന്റെ ആദ്യ രണ്ട്‌ ഓവറില്‍ അമിത്‌ മിശ്ര ശേഷിക്കുന്ന രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തിയപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു-ടെസ്റ്റ്‌്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഓസ്‌ട്രേലിയക്ക്‌ 1991 ന്‌ ശേഷം ഏറ്റവും വലിയ പരാജയവും. 91 ല്‍ ബാര്‍ബഡോസില്‍ വിന്‍ഡീസിനെതിരെ നടന്ന മല്‍സരത്തില്‍ കങ്കാരുക്കള്‍ 343 റണ്‍സിന്‌ തോല്‍വി രുചിച്ചിരുന്നു. അതിന്‌ ശേഷം വിജയങ്ങളെ മാത്രം പുണര്‍ന്ന റിക്കി പോണ്ടിംഗിന്റെ സംഘത്തിന്‌ താങ്ങാന്‍ കഴിയാത്ത ആഘാതം ഇന്ത്യ സമ്മാനിക്കുമ്പോള്‍ അതിന്‌ സാക്ഷിയാവാന്‍ പാവം ഗ്രെഗ്‌ ചാപ്പലിനുമുണ്ടായി നിയോഗം. ഇന്ത്യയെ തൂത്തെറിയാന്‍ ഓസീസ്‌ സംഘത്തെ സഹായിക്കാനാണ്‌ മുന്‍ ഇന്ത്യന്‍ കോച്ച്‌ ഇവിടെയെത്തിയത്‌.
നാലാം ദിവസത്തില്‍ തന്നെ വിജയമുറപ്പാക്കിയ ഇന്ത്യക്ക്‌ കാലാവസ്ഥയെ മാത്രമായിരുന്നു ഭയം. പ്രകൃതി പൂര്‍ണ്ണമായും മഹേന്ദ്രസിംഗ്‌ ധോണിയുടെ സംഘത്തിനൊപ്പം നിന്ന കാഴ്‌ച്ചയില്‍ രാവിലെ കാണാനായത്‌ സഹീര്‍ഖാന്റെ മാന്ത്രികത. അതോടെ ഓസ്‌ട്രേലിയക്കാരില്‍ ചിലര്‍ക്കെങ്കിലുമുണ്ടായിരുന്ന പ്രതീക്ഷകള്‍ അസ്‌തമിച്ചിരുന്നു. നാലാം ദിവസം അഞ്ച്‌ വിക്കറ്റിന്‌ 58 റണ്‍സ്‌്‌ എന്ന നിലയില്‍ ഓസ്‌ട്രേലിയയെ തളര്‍ത്തിയ ഇന്ത്യക്ക്‌ മുന്നില്‍ മൈക്കല്‍ ക്ലാര്‍ക്കും വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദീനും ചേര്‍ന്ന്‌ തടസ്സങ്ങളുണ്ടാക്കിയിരുന്നു. 84 റണ്‍സ്‌ കൂട്ടിചേര്‍ത്ത ഈ സഖ്യത്തില്‍ പോണ്ടിംഗ്‌ കണ്ണും നട്ടിരിക്കവെയാണ്‌ ഇന്നലെ രാവിലെ ധോണി സഹീറിന്‌ പന്ത്‌ നല്‍കുന്നത്‌. അപാരമായ ഫോമിലായിരുന്നു സഹീര്‍. ഇത്ര കരുത്തില്‍ മുംബൈക്കാരനെ ഇതിന്‌ മുമ്പ്‌ കണ്ടിട്ടില്ല. ആദ്യ ഓവറില്‍ തന്നെ സഹീര്‍ ബ്രാഡ്‌ ഹാദ്ദിനെ പുറത്താക്കി. മനോഹരമായ കാഴ്‌ച്ചയായിരുന്നു അത്‌. ലെംഗ്‌ത്‌ ബോള്‍ പെട്ടെന്ന്‌ കുത്തിതിരിഞ്ഞ്‌ ബാറ്റിനും പാഡിനുമിടയിലൂടെ മിഡില്‍ സ്‌റ്റംമ്പും ഓഫ്‌ സ്‌റ്റംമ്പും തകര്‍ക്കുകയായിരുന്നു. മൊഹാലി ടെസ്‌റ്റിലെ ഏറ്റവും മികച്ച ഡെലിവറി. ഹാദ്ദിന്‌ ഒന്നും ചെയ്യാനാവുമായിരുന്നില്ല. അടുത്ത ഓവറിലെ രണ്ടാം പന്തില്‍ വീണ്ടും സഹീര്‍ ആഞ്ഞടിച്ചു. ഇന്‍സ്വിംഗറില്‍ ഡ്രൈവിന്‌ ശ്രമിച്ച കാമറൂണ്‍ വൈറ്റിനെ ധോണി മുന്നോട്ട്‌ ഡൈവ്‌ ചെയ്‌ത്‌ പിടികൂടി. അടുത്ത പന്തില്‍ ബ്രെട്ട്‌ ലീയും വീണു. ഹാദ്ദിനെതിരെ പായിച്ച അതേ പന്തില്‍ ലീയുടെ സ്റ്റംമ്പും വായുവില്‍ പറന്നു. കേവലം മൂന്ന്‌ റണ്ണിനിടെയായിരുന്നു ഈ മൂന്ന്‌ വിക്കറ്റുകളും വീണത്‌. ഹാട്രിക്കിന്റെ വക്കത്തായിരുന്നു സഹീര്‍. പുതിയ ബാറ്റ്‌സ്‌മാന്‍ മിച്ചല്‍ ജോണ്‍സണ്‌ മുന്നില്‍ ധോണി ഒമ്പത്‌ ഫീല്‍ഡര്‍മാരെ നിരത്തി. സഹീറിന്‌ പക്ഷേ ഹാട്രിക്‌ നല്‍കാന്‍ ജോണ്‍സണ്‍ തയ്യാറായിരുന്നില്ല.
ഒരു ഭാഗത്ത്‌ മൈക്കല്‍ ക്ലാര്‍ക്‌ വിക്കറ്റ്‌ സംരക്ഷിക്കുന്നതിലും റണ്‍സ്‌ നേടുന്നതിലും ജാഗ്രത കാട്ടിയപ്പോള്‍ ജോണ്‍സണ്‍ അവസരം ഉപയോഗപ്പെടുത്തി. ഉടന്‍ തന്നെ ധോണി ഹര്‍ഭജനെയും മിശ്രയെയും വിളിച്ചു. അമ്പത്‌ റണ്‍സാണ്‌ ക്ലാര്‍ക്‌-ജോണ്‍സണ്‍ സഖ്യം ഇതിനകം നേടിയത്‌. മിശ്രയുടെ ഫ്‌ളിപ്പറില്‍ ജോണ്‍സണ്‌ ആയുധമുണ്ടായിരുന്നില്ല. പന്ത്‌ വാനിലുയര്‍ന്നപ്പോള്‍ ബൗളര്‍ക്ക്‌ തന്നെ അനായാസ ക്യാച്ച്‌. പരാജയം ഏത്‌ നിമിഷത്തിലും സംഭവിക്കാമെന്ന ഘട്ടത്തില്‍ ക്ലാര്‍ക്കിനൊപ്പം അവസാന ബാറ്റ്‌സ്‌മാന്‍ സിഡില്‍. മിശ്രയുടെ പന്തിനെ മിഡ്‌വിക്കറ്റിലുടെ അതിര്‍ത്തി കടത്താനുളള ക്ലാര്‍ക്കിന്റെ മോഹം സേവാഗിന്റെ കരങ്ങളിലവസാനിക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ബാംഗ്ര നൃത്തമാരംഭിച്ചുകഴിഞ്ഞിരുന്നു.
രണ്ട്‌ ഇന്നിംഗ്‌സിലും തകര്‍പ്പന്‍ ബാറ്റിംഗ്‌ നടത്തിയ ധോണിയാണ്‌ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. അടുത്ത ടെസറ്റ്‌ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ 29 ന്‌. അത്‌ വരെ ടീമുകള്‍ക്ക്‌ വിശ്രമം. പരമ്പരയില്‍ 1-0 ത്തിന്‌ ലീഡ്‌ നേടിയ ഇന്ത്യക്ക്‌ കോട്‌ലയിലേക്കായി ആയുധങ്ങള്‍ക്ക്‌്‌ മൂര്‍ഛ കൂട്ടാം. ഓസ്‌ട്രേലിയക്കാര്‍ക്ക്‌ തിരിച്ചടിക്കാനുളള ആയുധങ്ങളും ഒരുക്കാം.

തേര്‍ഡ്‌ ഐ
മൊഹാലി വിജയത്തിലെ ഏറ്റവും പ്രധാന സവിശേഷത മല്‍സരത്തിന്റെ ഒരു സെഷനിലും ഇന്ത്യ പ്രതിയോഗികള്‍ക്ക്‌ അവസരം നല്‍കിയില്ല എന്നതാണ്‌. അഞ്ച്‌ ദിവസങ്ങളിലായി 13 സെഷനുകളില്‍ കളി നടന്നു. എല്ലാ സെഷനുകളും ഇന്ത്യന്‍ നിയന്ത്രണത്തിലായിരുന്നു-ഇങ്ങനെ ഒരു ഏകാധിപത്യം ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക്‌ ഇത്‌ വരെ സാധിച്ചിരുന്നില്ല. ടോസ്‌ നേടിയത്‌ മുതല്‍ തുടങ്ങിയ ആധിപത്യത്തിന്‌ ചെറിയ തടസ്സം വന്നത്‌ ഗാംഭീര്‍,സേവാഗ്‌, ദ്രാവിഡ്‌ എന്നിവരുടെ വിക്കറ്റുകള്‍ പെട്ടെന്ന്‌ പോയപ്പോള്‍ മാത്രമായിരുന്നു. പക്ഷേ സച്ചിനും സൗരവും ഒത്തുചേര്‍ന്നതോടെ റണ്‍സ്‌ എളുപ്പമായി. സച്ചിന്റെയും സൗരവിന്റെയും റെക്കോര്‍ഡുകളില്‍ ഒന്നാം ദിവസം പിന്നിട്ട ഇന്ത്യ രണ്ടാം ദിനത്തില്‍ സൗരവ്‌-ധോണി സഖ്യത്തിന്റെ മികവിലായിരുന്നു. ഓസ്‌ട്രേലിയ ബാറ്റിംഗിനിറങ്ങിയപ്പോള്‍ സഹീറും ഇഷാന്തും നല്‍കിയ തുടക്കം ഉപയോഗപ്പെടുത്തി അമിത്‌ മിശ്ര കരുത്ത്‌ കാട്ടി. മൂന്നാം ദിവസത്തില്‍ മിശ്രയുടെ അഞ്ച്‌്‌ വിക്കറ്റ്‌ നേട്ടവും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ കരുത്തും കണ്ടു. നാലാം ദിവസം ഗാംഭീറിന്റെ സെഞ്ച്വറിയിലും ഹര്‍ഭജന്റെ മികവിലും ഇന്ത്യ തന്നെ. അഞ്ചാം ദിവസം സഹീറും മിശ്രയും ദൗത്യം പൂര്‍ത്തിയാക്കി.
ഇത്തരത്തിലുളള ഏകപക്ഷീയ വിജയം ഇത്‌ വരെ സ്വന്തമാക്കിയിരുന്നവര്‍ ഓസ്‌ട്രേലിയയായിരുന്നു. എതിരാളികളെ നാമാവശേഷരാക്കാന്‍ മിടുക്കരായവര്‍ക്ക്‌ പക്ഷേ ഇന്ത്യ പ്രകടിപ്പിച്ച ഓള്‍റൗണ്ട്‌ മികവിന്‌ മുന്നില്‍ തല താഴ്‌്‌ത്തേണ്ടിവന്നു.
മറ്റൊരു ഇന്ത്യന്‍ സവിശേഷത മല്‍സരം ഫിനിഷ്‌ ചെയ്യുന്നതില്‍ കാട്ടിയ വേഗതയായിരുന്നു. പലവട്ടം മല്‍സരത്തില്‍ പിടിമുറുക്കിയിട്ടും ഫിനിഷിംഗില്‍ ഇന്ത്യക്ക്‌ പിഴച്ച അനുഭവങ്ങള്‍ സമീപകാലത്ത്‌ മാത്രം ധാരാളമുണ്ടായിരുന്നു. മൊഹാലിയില്‍ പക്ഷേ ഫിനിഷിംഗിലും ഇന്ത്യ പിഴവു വരുത്തിയില്ല. മല്‍സരത്തിലേക്ക്‌ ഓസ്‌ട്രേലിയയെ തിരിച്ചുവരാന്‍ അനുവദിക്കാത്ത രീതിയില്‍ എല്ലാ പഴുതുകളും ധോണി അടച്ചിരുന്നു. വളരെ ശാന്തനായി മല്‍സരത്തെ സമീപിച്ച ധോണിയുടെ ക്ഷമയാണ്‌ ഇന്ത്യക്ക്‌ വിജയം സമ്മാനിച്ചത്‌. ഒരു നായകന്‍ പെര്‍ഫെക്ടാവുന്നത്‌ എല്ലാ തീരുമാനങ്ങളും ശരിയാവുമ്പോഴാണ്‌. ധോണിക്ക്‌ മൊഹാലിയില്‍ പിഴച്ചതേയില്ല. ഓസ്‌ട്രേലിയയെ ഫോളോ ഓണിന്‌ വിടാതിരുന്നത്‌ തന്ത്രപരമായ വിജയമായിരുന്നു. നാലാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമാണെന്ന്‌ മനസ്സിലാക്കിയാണ്‌ ധോണി ഫോളോ ഓണിന്‌ നിര്‍ബന്ധിക്കാതിരുന്നത്‌. ബാറ്റിംഗിലും ബൗളിംഗിലും വരുത്തിയ മാറ്റങ്ങളും അവസരോചിതമായി.
സ്വന്തം തട്ടകത്ത്‌ സ്‌പിന്‍ കുഴിയൊരുക്കിയാണ്‌ ഇന്ത്യ വിജയിക്കാറുളളത്‌ എന്നത്‌ പതിവ്‌ ആക്ഷേപമാണ്‌. ഇവിടെ തീര്‍ച്ചയായും ആ ആക്ഷേപമുണ്ടാവില്ല. ബാറ്റിംഗിനെ തുണക്കുന്ന ട്രാക്കായിരുന്നു ഇത്‌. അത്തരം ട്രാക്കിലാണ്‌ ഓസ്‌ട്രേലിയയെ വീഴ്‌ത്താനായത്‌ എന്നതും വിജയത്തെ ശ്രദ്ധേയമാക്കുന്നു.
ഈ മല്‍സരം ചരിത്രത്തില്‍ പല വിധത്തില്‍ അറിയപ്പെടും. സച്ചിന്റെ ലോക റെക്കോര്‍ഡ്‌, 12,000 ക്ലബില്‍ അംഗമാവുന്ന ആദ്യതാരമെന്ന ബഹുമതി, സൗരവ്‌ 7000 ക്ലബില്‍ അംഗമായ മല്‍സരം,. അമിത്‌ മിശ്രയുടെയും സിഡിലിന്റെയും അരങ്ങേറ്റം, ഇന്ത്യ റണ്‍സിന്റെ കാര്യത്തില്‍ സമ്പാദിച്ച ഏറ്റവും വലിയ വിജയം തുടങ്ങി സമ്പൂര്‍ണ്ണമായി ഇന്ത്യ നിറഞ്ഞുനിന്ന മല്‍സരം. ഈ ആധിപത്യം നിലനിര്‍ത്തപ്പെടണം. സ്ഥിരതയിലാണ്‌ ഇന്ത്യ കരുത്ത്‌ പ്രകടിപ്പിക്കേണ്ടത്‌. ബാംഗ്ലൂര്‍ ടെസ്റ്റിലെ വീഴ്‌ച്ചക്ക്‌ ശേഷമുളള തിരിച്ചുവരവില്‍ എല്ലാ താരങ്ങളുടെയും ശരീരഭാഷ അപാരമായിരുന്നു. ടീം എന്ന നിലയില്‍ ഇത്ര കരുത്ത്‌ പ്രകടിപ്പിച്ച മറ്റൊരു മല്‍സരമില്ല. ഇന്ത്യന്‍ ആരാധകര്‍ക്ക്‌ ആവശ്യം ഇത്തരം വിജയങ്ങളാണ്‌. ഓസട്രേലിയയെ പോലെ ഒരു ടീമിനെ ഒരു ഘട്ടത്തില്‍ പോലും തിരിച്ചുവരാന്‍ അനുവദിക്കാതെ നേടിയ വിജയത്തിന്റെ ശില്‍പ്പികള്‍ മതിമറക്കാതിരിക്കുക.


അവസാന സ്‌ക്കോര്‍
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 469 (സൗരവ്‌ 102, ധോണി 92, സച്ചിന്‍ 88, ഗാംഭീര്‍ 67), രണ്ടാം ഇന്നിംഗ്‌സ്‌ 314 ഡിക്ലയേര്‍ഡ്‌ (ഗാംഭീര്‍ 104, സേവാഗ്‌ 90, ധോണി 68 നോട്ടൗട്ട്‌)
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 268 (വാട്ട്‌സണ്‍ 78, ഹസി 54, മിശ്ര 71ന്‌ 5), രണ്ടാം ഇന്നിംഗ്‌സ്‌ 195 (മൈക്കല്‍ ക്ലാര്‍ക്ക്‌ 69)

വിജയത്തിന്‌ ശേഷം
ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ റണ്‍സിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ്‌ മൊഹാലിയില്‍ പിറന്നത്‌. നിരവധി തവണ ഇന്നിംഗ്‌സ്‌ വിജയം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും റണ്‍സിന്റെ കാര്യത്തില്‍ ഇത്ര വലിയ വിജയം ഇന്ത്യയെ പുണര്‍ന്നിരുന്നില്ല. മഹാവിജയത്തിന്‌ ശേഷമുള്ള മുഹൂര്‍ത്തങ്ങളിലൂടെ...

രാവിലെ 11-00 മണി: അമിത്‌ മിശ്രയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ മധ്യനിരക്കാരന്‍ മൈക്കല്‍ ക്ലാര്‍ക്‌ മിഡ്‌ വിക്കറ്റില്‍ വിരേന്ദര്‍ സേവാഗിന്‍െ കരങ്ങളിലെത്തിയതോടെ ഇന്ത്യന്‍ താരങ്ങള്‍ സ്‌റ്റംമ്പിന്‌ നേരെ ഓടിയടുക്കുന്നു. എന്നുമെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും സുവനീറായി സ്‌റ്റംമ്പ്‌ വേണമായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ഗൗതം ഗാംഭീര്‍ ഒരു സ്‌റ്റംമ്പ്‌ കൈക്കലാക്കിയപ്പോള്‍ ആദ്യ ടെസ്‌റ്റില്‍ തന്നെ ഏഴ്‌ വിക്കറ്റ്‌ സ്വന്തമാക്കിയ അമിത്‌ മിശ്ര മറ്റൊന്ന്‌ റാഞ്ചി. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ സ്വന്തം പേരിലാക്കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വേണമായിരുന്നു ഒരു സുവനീര്‍. അദ്ദേഹത്തിനും സ്‌റ്റംമ്പ്‌ കിട്ടി. ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ധോണിയും ഒരു സ്‌റ്റംമ്പ്‌ കൈക്കലാക്കിയപ്പോഴാണ്‌ സൗരവ്‌ ഗാംഗുലി വരുന്നത്‌. തന്റെ അവസാന പരമ്പര കളിക്കുന്ന സൗരവിന്‌ മൊഹാലിയിലെ സെഞ്ച്വറി ഓര്‍മ്മിക്കാന്‍ സുവനീര്‍ വേണമായിരുന്നു. പക്ഷേ സ്റ്റംമ്പില്ല. കാര്യം മനസ്സിലാക്കിയ ധോണി വളരെ പെട്ടെന്ന്‌ തന്റെ സുവനീര്‍ സൗരവിന്‌ കൈമാറി.....

ഇന്ത്യന്‍ വിജയത്തില്‍ പങ്ക്‌ ചേരാന്‍ ടെലിവിഷന്‍ കമന്ററി സംഘത്തിലെ രവിശാസ്‌ത്രിയും അലന്‍ ബോര്‍ഡറും മൈതാനത്തിറങ്ങി. ഇന്ത്യന്‍ ബൗളിംഗ്‌ ഇത്രത്തോളം മികവ്‌ പുലര്‍ത്തിയ മല്‍സരമില്ലെന്ന്‌ രവി. ബാജി തുടങ്ങി, ഇഷാന്ത്‌ കസറി, സഹീര്‍ പാര്‍ട്ടിയില്‍ പങ്ക്‌ ചേര്‍ന്നു, അമിത്‌ മിശ്ര ഫിനിഷ്‌ ചെയ്‌തു. എന്തും കൊണ്ടും ഏറ്റവും മികച്ച ഓള്‍റൗണ്ട്‌ പ്രകടനം-രവിയുടെ വാക്കുകള്‍.

പവിലിയനിലേക്ക്‌ മടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെ അനുമോദിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ മൈതാനത്ത്‌. എല്ലാവരെയും ശ്രീകാന്ത്‌ ആശ്ലേഷിച്ചു. ക്യാപ്‌റ്റന്‍ ധോണിക്ക്‌ പക്ഷേ പ്രത്യേക അഭിനന്ദനമുണ്ടായിരുന്നു മുഖ്യ സെലക്ടറുടെ വക

സമ്മാനദാന വേള. റിക്കി പോണ്ടിംഗാണ്‌ ആദ്യം സംസാരിച്ചത്‌. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹം ഇന്ത്യന്‍ ടീമിന്‌ നല്‍കി. ആദ്യദിവസം രാവിലെ മുതല്‍ തന്നെ ഇന്ത്യ മല്‍സരത്തില്‍ പിടിമുറുക്കിയിരുന്നു. അവര്‍ വളരെ അക്രമകാരികളായി. ഈ വിജയം ധോണിയും സംഘവും അര്‍ഹിക്കുന്നതാണ്‌. അവര്‍ക്കാണ്‌ ഫുള്‍മാര്‍ക്ക്‌. ഇനി അല്‍പ്പദിവസം വിശ്രമമുണ്ട്‌. തുടര്‍ച്ചയായ മല്‍സരങ്ങള്‍ തീര്‍ച്ചയായും കഠിനമാണ്‌. ഇന്ത്യന്‍ ബൗളിംഗിന്റെ കരുത്തും മറക്കാനാവില്ല. രണ്ട്‌ സീമര്‍മാരും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി. റിവേഴ്‌സ്‌ സ്വിംഗും അവര്‍ ഫലപ്രദമാക്കി. തീര്‍ച്ചയായും അല്‍പ്പദിവസത്തെ വിശ്രമം ഗുണം ചെയ്യും.
ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായതിന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും, 7000 റണ്‍സ്‌ പിന്നിട്ടതിന്‌ സൗരവ്‌ ഗാംഗുലിക്കും പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ വക പ്രത്യേക ഉപഹാരം.

ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി എല്ലാവരെയും അഭിനന്ദിച്ചാണ്‌ സംസാരം ആരംഭിച്ചത്‌. ടോസ്‌ ലഭിച്ചത്‌ തന്നെ വലിയ സഹായമായി. കളിയുടെ സമസ്‌ത മേഖലകളിലൂം ആധിപത്യം ചെലുത്താനുമായി. ബാറ്റിംഗിന്‌ ആനുകൂലമായിരന്നു തുടക്കത്തില്‍ കാര്യങ്ങള്‍. കന്നിക്കാരനായ അമിത്‌ മിശ്ര വളരെ മനോഹരമായാണ്‌ ബൗള്‍ ചെയ്‌തത്‌. ഫാസ്‌റ്റ്‌ ബൗളര്‍മാര്‍ നല്‍കിയ നല്ല തുടക്കമാണ്‌ മിശ്ര ഉപയോഗപ്പെടുത്തിയത്‌. രണ്ടാം ഇന്നിംഗ്‌സില്‍ പുതിയ പന്ത്‌ ഫലപ്രദമാവാതെ വന്നപ്പോള്‍ എത്ര പെട്ടെന്ന്‌ റിവേഴ്‌സ്‌ സ്വിംഗുകള്‍ പായിക്കാനാവും എന്നതിനെ ആശ്രയിച്ചായിരുന്നു കാര്യങ്ങള്‍. ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവര്‍ മുതല്‍ റിവേഴ്‌സ്‌ സ്വിംഗുകള്‍ പിറന്നു.

മാന്‍ ാേഫ്‌ ദ മാച്ചായി ധോണിയെ പ്രഖ്യാപിക്കുന്നു. രണ്ട്‌ ഇന്നിംഗ്‌സിലെയും ബാറ്റിംഗ്‌ മികവിനാണ്‌ അംഗീകാരം.

സെലക്ടര്‍മാര്‍ക്ക്‌ സുഖകര തലവേദന
മൊഹാലി: തല്‍ക്കാലം കൃഷ്‌ണമാചാരി ശ്രീകാന്തിനും സംഘത്തിനും റെക്കോര്‍ഡ്‌ വിജയം ആഘോഷമാക്കാം. പക്ഷേ ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ലയിലേക്ക്‌ മൂന്നാം ടെസ്‌റ്റ്‌ കളിക്കാനായി പോവുമ്പോള്‍ ആദ്യ ഇലവനെ തെരഞ്ഞെടുക്കുക എളുപ്പമായിരിക്കില്ല. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ എങ്ങനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തും എന്നതാണ്‌ വലിയ ചോദ്യം. പരുക്ക്‌ കാരണം ഇവിടെ കളിക്കാതിരുന്ന കുംബ്ലെക്ക്‌ പകരം കളിച്ച അമിത്‌ മിശ്ര ഏഴ്‌ വിക്കറ്റാണ്‌ കന്നി ടെസ്റ്റില്‍ സ്വന്തമാക്കിയത്‌. അദ്ദേഹത്തെ ഡല്‍ഹി ടെസ്‌റ്റില്‍ നിന്ന മാറ്റി നിര്‍ത്താനാവില്ല. ഡല്‍ഹിക്കാരന്‍ കൂടിയാണ്‌ മിശ്ര. അതേ സമയം കുംബ്ലെ ഫിറ്റ്‌നസ്‌ തെളിയിക്കുന്നപക്ഷം അദ്ദേഹത്തിനും അവസരം നല്‍കേണ്ടതുണ്ട്‌. കോട്‌ലയിലെ മൈതാനത്താണ്‌ ഒരു ഇന്നിംഗ്‌സില്‍ പത്ത്‌ വിക്കറ്റുമായി കുംബ്ലെ കളം നിറഞ്ഞത്‌. പരമ്പരയിലെ ക്യാപ്‌റ്റനായി കുംബ്ലെയെ നേരത്തെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അകറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്ക്‌ കഴിയില്ല.
കുംബ്ലെക്കും മിശ്രക്കും അവസരം നല്‍കിയാല്‍ അഞ്ച്‌ ബൗളര്‍മാരാവും. അപ്പോള്‍ മധ്യനിരയില്‍ വി.വി.എസ്‌ ലക്ഷ്‌മണിന്റെ സ്ഥാനത്തിനാണ്‌ ഭീഷണി വരുക.
താല്‍കാലിക നായകന്‍ എന്ന നിലയില്‍ ധോണി പ്രകടിപ്പിച്ച മികവും, പകരക്കാരനായി മിശ്ര പുറത്തെടുത്ത കരുത്തും കുംബ്ലെയില്‍ സൃഷ്ടിച്ചിരിക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല.

ശാസ്‌ത്രി കുംബ്ലെക്കൊപ്പം
ചാപ്പല്‍ ധോണിക്കൊപ്പം
മൊഹാലി: ഓസ്‌ട്രേലിയക്കെതിരെ അവശേഷിക്കുന്ന ടെസ്‌റ്റുകളിലും മഹേന്ദ്രസിംഗ്‌ ധോണിയെ നായകനാക്കി നിലനിര്‍ത്തണമെന്ന്‌ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. എന്നാല്‍ 600 ലധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ അനില്‍ കുംബ്ലെയെ തന്നെ നിലനിര്‍ത്തണമെന്ന്‌ രവിശാസ്‌ത്രി. ഇന്നലെ മൊഹാലി ടെസ്‌റ്റിന്റെ സമാപനത്തിലാണ്‌ രണ്ട്‌ മുന്‍ താരങ്ങള്‍ തമ്മില്‍ കമന്ററി കൂട്ടില്‍ വാദപ്രതിവാദം നടത്തിയത്‌. മൊഹാലി വിജയത്തിന്റെ ക്രെഡിറ്റ്‌ ചാപ്പല്‍ നല്‍കുന്നത്‌ ധോണിക്കാണ്‌. ഒരു നായകന്‍ എന്ന നിലയില്‍ ധോണി പ്രകടിപ്പിച്ച ആക്രമണോത്സുകതയാണ്‌ വിജയത്തിന്‌ കാരണം. സേവാഗിനെ പോലുള്ള താരങ്ങള്‍ പ്രകടിപ്പിച്ച ആവേശം ധോണിയെന്ന നായകന്‍ നല്‍കിയ പ്രചോദനത്തിലാണ്‌. ധാരാളം മല്‍സരങ്ങള്‍ കളിച്ച കുംബ്ലെ ധോണിക്ക്‌ വഴി മാറണം-ചാപ്പല്‍ പറഞ്ഞു. രാജ്യത്തിന്‌ വേണ്ടി വര്‍ഷങ്ങളോളമായി കളിക്കുന്ന കുംബ്ലെയെ പരുക്കിന്റെ പേരില്‍ മാറ്റിനിര്‍ത്തരുതെന്ന്‌ ശാസ്‌ത്രി അഭിപ്രായപ്പെട്ടു. മിശ്ര മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌്‌. പക്ഷേ പ്രായം അദ്ദേഹത്തിന്‌ അനുകൂല ഘടകമാണ്‌. 25 വയസ്സാണ്‌ മിശ്രയുടെ പ്രായം. അദ്ദേഹത്തിന്‌ ഇനിയും കളിക്കാം. എന്നാല്‍ കുംബ്ലെ കരിയറിന്റെ അവസാനത്തിലാണ്‌. അദ്ദേഹത്തിന്‌ അവസരം നല്‍കണം. നായകന്റെ കാര്യത്തില്‍ തീര്‍ച്ചയായും കുംബ്ലെ വിരമിക്കുമ്പോള്‍ ആ പട്ടത്തിന്‌ ധോണിയല്ലാതെ മറ്റൊരാളില്ലെന്നും ശാസ്‌ത്രി പറഞ്ഞു. ഡല്‍ഹി ടെസ്റ്റില്‍ കുംബ്ലെ കളിക്കുമോ എന്ന ചോദ്യത്തിന്‌ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ മറുപടി നല്‍കിയില്ല.

അപാരമെന്ന്‌ ശ്രീകാന്ത്‌
മൊഹാലി: അപാരം-സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ ഇന്ത്യന്‍ വിജയത്തെ പ്രകീര്‍ത്തിച്ചത്‌ ഈ ഒരു വാക്കില്‍. അസാധാരണമായ ടീം വിജയം. ടേണും ബൗണ്‍സുമൊന്നുമില്ലാത്ത ബാറ്റിംഗ്‌ ട്രാക്കിലാണ്‌ ഓസ്‌ട്രേലിയക്കാര്‍ കുഴഞ്ഞുവീണത്‌. നല്ല ട്രാക്കില്‍ തകര്‍പ്പന്‍ വിജയം. ധോണിയെന്ന നായകന്റെ സമീപനം, ക്ഷമ-അത്‌ മറക്കാനാവില്ല. സേവാഗ്‌, ഗാംഭീര്‍, മിശ്ര, സഹീര്‍, ബാജി എന്നിവരെല്ലാം മികവു പ്രകടിപ്പിച്ചു. ദുര്‍ബലരായ ഓസീസ്‌ സംഘത്തോടാണ്‌ ഇന്ത്യ ജയിച്ചത്‌ എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ശ്രീകാന്ത്‌ പറഞ്ഞു.

ലീയുമായി പിണങ്ങിയിട്ടില്ലെന്ന്‌ പോണ്ടിംഗ്‌
മൊഹാലി: ബ്രെട്ട്‌ ലീയുമായി താന്‍ പിണങ്ങിയിട്ടില്ലെന്ന്‌ റിക്കി പോണ്ടിംഗ്‌. രണ്ടാം ടെസ്‌റ്റിന്റെ നാലാം ദിനത്തിന്റെ തുടക്കത്തില്‍ ലീക്ക്‌ പന്ത്‌ നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന്‌ ലീ ക്യാപ്‌റ്റനുമായി വഴക്കിട്ടിരുന്നു. ഈ കാര്യം ഓസീസ്‌ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ നാലാം ദിവസം ലീക്ക്‌ പന്ത്‌ നല്‍കാതിരുന്നത്‌ ടീമിന്റെ തന്ത്രത്തിന്‍െ ഭാഗമായിട്ടായിരുന്നു എന്നാണ്‌ പോണ്ടിംഗ്‌ വിശേഷിപ്പിച്ചത്‌. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ യഥേഷ്ടം റണ്‍സ്‌ നേടുമ്പോള്‍ പന്തിന്റെ പേസ്‌ കുറക്കാനാണ്‌ ലീയെ മാറ്റിനിര്‍ത്തിയത്‌. കൂടാതെ ഞങ്ങള്‍ ഓവര്‍ നിരക്കിലും പിറകിലായിരുന്നു. അത്‌ കൊണ്ടാണ്‌ ഹസിയെ പോലുളളവര്‍ ബൗള്‍ ചെയ്‌തതെന്നും പോണ്ടിംഗ്‌ പറഞ്ഞു. എന്നാല്‍ താനും ലീയും തമ്മില്‍ ആശയവിനിമയത്തില്‍ പാകപിഴവുകള്‍ സംഭവിച്ചതായി ക്യാപ്‌റ്റന്‍ സമ്മതിക്കുന്നുണ്ട്‌.

സഹീറിന്‌ പിഴ
മൊഹാലി: രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‍ ഹര്‍ഭജന്‍സിംഗിന്റെ പന്തല്‍ പുറത്തായി മടങ്ങുമ്പോള്‍ അദ്ദേഹത്തിനെ അവഹേളിച്ചതിന്‌ ഇന്ത്യന്‍ സീമര്‍ സഹീര്‍ഖാന്‌ മാച്ച്‌ റഫറി മല്‍സര ഫീസിന്റെ എണ്‍പത്‌ ശതമാനം പിഴ ചുമത്തി. രണ്ടാം ഇന്നിംഗ്‌സില്‍ സഹീറിന്റെ പന്തുകളെ ഹെയ്‌ഡന്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ്‌ ക്യാപ്‌റ്റന്‍ ധോണി ഹര്‍ഭജന്‌ പന്ത്‌ നല്‍കിയത്‌. ബാജിയുടെ ആദ്യ ഓവറില്‍ തന്നെ ഹെയ്‌ഡന്‍ പുറത്താവുകയും ചെയ്‌തു. പവിലിയനിലേക്ക്‌ മടങ്ങവെ തന്റെ ഫീല്‍ഡിംഗ്‌ പൊസിഷനില്‍ നിന്നും ഹെയ്‌ഡനു നേരെ ഓടിയടുത്ത സഹീര്‍ ചിലത്‌ പറയുകയും ചെയ്‌തു. ഇത്തരത്തിലുളള പെരുമാറ്റം ഒരു തരത്തിലും അനുവദിക്കില്ലെന്ന്‌ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌ വ്യക്തമാക്കി.

നായകന്‍
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ആരാണ്‌...? ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരമില്ല. മികച്ച നായകന്‌ വേണ്ട ഗുണഗണങ്ങള്‍ സംബന്ധിച്ച്‌ വിദഗ്‌ദ്ധര്‍ക്കിടയില്‍ ഏകാഭിപ്രായങ്ങളില്ല. മൈക്‌ ബ്രിയാര്‍ലി എന്ന ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ക്യാപ്‌റ്റന്‍സിയെക്കുറിച്ചെഴുതിയ പുസ്‌തകമാണ്‌ ദി ആര്‍ട്ട്‌ ഓഫ്‌ ക്യാപ്‌റ്റന്‍സി (The Art of Captaincy ).
ഈ പുസ്‌കത്തില്‍ അദ്ദേഹം ഏറ്റവും നല്ല നായകന്‌ വേണ്ട യോഗ്യതയായി പറയുന്നത്‌ സ്വന്തം താരങ്ങളെ അറിയുകയും വിശ്വസിക്കുകയുമാണ്‌. ക്രിക്കറ്റ്‌ എന്നാല്‍ ടീം ഗെയിമാണ്‌. ടീമില്‍ പതിനൊന്ന്‌ പേര്‍ കളിക്കുന്നു. അവരുടെ കരുത്തും ന്യൂനതകളും അറിയണം. അതിനനുസരിച്ച്‌ അവരെ ഉപയോഗപ്പെടുത്തണം. സ്വന്തം താരങ്ങളെ ഉപയോഗപ്പെടുത്തുന്ന ക്യാപ്‌റ്റനാണ്‌ മികച്ച ക്യാപ്‌റ്റനെന്ന്‌ ബ്രിയാര്‍ലി പറയുന്നതില്‍ കാര്യമുണ്ട്‌. (ബ്രിയാര്‍ലി എന്ന നായകന്‍ ക്രിക്കറ്റ്‌ ലോകത്ത്‌ അറിയപ്പെടുന്നത്‌ 1981 ലെ ആഷസ്‌ പരമ്പരയിലൂടെയാണ്‌. ആഷസ്‌ പരമ്പരക്കായി ഓസ്‌ട്രേലിയന്‍ ടീം ഇംഗ്ലണ്ടിലെത്തുന്നു.ഹെഡിംഗ്ലിലിയിലെ മല്‍സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്‌ ഫോളോ ഓണ്‍ ചെയ്യുകയാണ്‌. ഏഴ്‌ വിക്കറ്റിന്‌ 135 റണ്‍സ്‌ എന്ന നിലയില്‍
ടീം തകരവെ ഇയാന്‍ ബോതമിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ഇംഗ്ലണ്ട്‌ 356 റണ്‍സ്‌ നേടുന്നു. പക്ഷേ ഓസ്‌ട്രേലിയക്ക്‌ ജയിക്കാന്‍ വേണ്ടത്‌ 130 റണ്‍സ്‌ മാത്രം. നല്ല തുടക്കമാണ്‌ ഓസീസിന്‌ ലഭിച്ചത്‌. എതിരാളികള്‍ ഒരു വിക്കറ്റിന്‌ 56 റണ്‍സ്‌ എന്ന നിലയില്‍ മുന്നേറവെ ബ്രിയാര്‍ലിയിലെ നായകന്‍ പ്രാക്ടിക്കലാവുന്നു. സ്വന്തം നിരയിലെ പേസറായ ബോബ്‌ വില്ലിസിനെ അരികില്‍ വിളിച്ച്‌ കാറ്റിന്‌ അനുകൂലമായി പന്തെറിയാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കേവലം 43 റണ്‍സ്‌ മാത്രം വഴങ്ങി എട്ട്‌ വിക്കറ്റാണ്‌ വില്ലിസ്‌ നേടിയത്‌. മല്‍സരത്തില്‍ ഓസ്‌ട്രേലിയ 19 റണ്‍സിന്‌ തോറ്റു. ക്യാപ്‌റ്റന്‌ സ്വന്തം താരത്തിലുണ്ടായ വിശ്വാസവും അതിനെ ഉപയോഗപ്പെടുത്തിയതുമാണ്‌ ഈ ടെസ്‌റ്റിലെ വിജയത്തിന്‌ കാരണം. ഈ വിജയത്തിലൂടെ മാത്രം ലോക ക്രിക്കറ്റിലെ മികച്ച നായകരില്‍ ഒരാളായി ഇന്നും ബ്രിയാര്‍ലി അറിയപ്പെടുന്നു)
സ്വന്തം നിരയിലെ താരങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരാണ്‌ മികച്ച ക്യാപ്‌റ്റനെങ്കില്‍ മഹേന്ദ്രസിംഗ്‌ ധോണിയിലെ നായകന്‍ മികച്ചതല്ലേ...? ഇന്നലെ മൊഹാലിയില്‍ കണ്ടില്ലേ... ഇന്ത്യ ഓസ്‌ട്രേലിയയെ 320 റണ്‍സിനാണ്‌ തകര്‍ത്തത്‌. ഈ വിജയത്തില്‍ ധോണിയിലെ നായകന്‌ ചെറുതല്ലാത്ത പങ്കുണ്ട്‌. ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ തന്ത്രപരമായാണ്‌ ധോണി കരുക്കള്‍ നീക്കിയത്‌. ധോണിയിലെ നായകന്‍ ചിന്തകനും ദീര്‍ഘവീക്ഷണക്കാരനുമാണ്‌. അനില്‍ കുംബ്ലെ വഴി മാറേണ്ട സന്ദര്‍ഭമല്ലേ ഇത്‌......
അലന്‍ ബോര്‍ഡര്‍ എന്ന നായകനിലെ സവിശേഷത പോരാട്ടവീര്യമായിരുന്നു. 1984 ല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ തരിപ്പണമായി നില്‍ക്കുന്ന കാലത്താണ്‌ കിം ഹ്യൂസില്‍ നിന്ന്‌ ബോര്‍ഡര്‍ നായകസ്ഥാനം ഏറ്റെടുക്കുന്നത്‌. പത്ത്‌ വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം ടീമിനെ നയിച്ചു. ഓസ്‌ട്രേലിയ ലോകത്തോളം ഉയരുകയും ചെയ്‌തു. പോരാട്ടവീര്യം മാനദണ്ഡമാക്കിയാലും ധോണിയിലെ നായകന്‍ കരുത്തനാണ്‌. പോരാട്ടം അദ്ദേഹം എതിര്‍ ക്യാമ്പിലേക്ക്‌ നല്‍കുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പിന്റെ ഫൈനലില്‍ കണ്ട കാഴ്‌്‌ചകള്‍ അതായിരുന്നു. ഇന്ത്യയില്‍ നിന്ന്‌ പാക്കിസ്‌താന്‍ അവസാന ഓവറില്‍ മല്‍സരം റാഞ്ചുമെന്ന ഘട്ടത്തില്‍ പോലും പതറാതെ പട നയിച്ച ധോണി അലന്‍ ബോര്‍ഡറിലെ നായകനെയാണ്‌ അനുസ്‌മരിപ്പിച്ചത്‌. ഒരിക്കലും തോല്‍വിക്ക്‌ മുന്നില്‍ തല താഴ്‌ത്താറില്ലായിരുന്നു ബോര്‍ഡര്‍. തോല്‍ക്കുമെന്നുറപ്പിച്ച മല്‍സരങ്ങളില്‍ പോലും അദ്ദേഹം എന്തെങ്കിലും തന്ത്രങ്ങള്‍ പ്രയോഗിക്കും. ധോണി 20-20 ഫൈനലില്‍ ജോഗീന്ദര്‍ ശര്‍മ്മയെ അവസാന ഓവര്‍ ഏല്‍പ്പിച്ചത്‌ വിജയമുറപ്പിച്ചായിരുന്നില്ല-എന്തെങ്കിലും സംഭവിക്കട്ടെ എന്ന്‌ കരുതിയാണ്‌.
പലപ്പോഴും ക്രിക്കറ്റിലെ നായകന്‍ ഭാഗ്യവാനാണ്‌. ബ്രിയാര്‍ലി മികച്ച താരമായിരുന്നില്ല. പക്ഷേ മികച്ച ക്യാപ്‌റ്റനായത്‌ ഇയാന്‍ ബോതം, ബോബ്‌ വില്ലിസ്‌ തുടങ്ങിയ പ്രതിഭാശാലികളുടെ സാന്നിദ്ധ്യം ടീമിലുളളത്‌ കൊണ്ടായിരുന്നു. ബോര്‍ഡറുടെ ഓസീസ്‌ സംഘത്തില്‍ മാര്‍ക്‌ ടെയ്‌ലറും സ്റ്റീവ്‌ വോയും ജെഫ്‌ മാര്‍ഷും ഡേവിഡ്‌ ബൂണുമെല്ലാമുണ്ടായിരുന്നു. ധോണിയിലെ നായകന്‌ കരുത്ത്‌ പകരാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും വിരേന്ദര്‍ സേവാഗുമെല്ലാമുണ്ട്‌. കുംബ്ലെയെന്ന നായകന്‌ പക്ഷേ ഈ സൂപ്പര്‍താരങ്ങളുടെ സേവനമുണ്ടായിട്ടും അവരെ വിജയഘടകമാക്കി മാറ്റാന്‍ കഴിയുന്നില്ല എന്ന സത്യത്തിലാണ്‌ ധോണിയിലെ നായകന്‍ വിത്യസ്‌തനാവുന്നത്‌.
അലന്‍ ബോര്‍ഡുടെ പിന്‍ഗാമിയായി വന്ന സ്റ്റീവ്‌ വോക്ക്‌ ലഭിച്ചത്‌ മികച്ച ടീമിനെയായിരുന്നു. ആ കരുത്താണ്‌ വോ ഉപയോഗപ്പെടുത്തിയത്‌. സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌ എന്നിവര്‍ക്ക്‌ ശേഷം നായകനായ കുംബ്ലെക്ക്‌ ലഭിച്ചത്‌ മികച്ച ടീമിനെയാണ്‌. പക്ഷേ അവരെ പ്രയോജനകരമായി കളത്തിലിറക്കാന്‍ കുംബ്ലെക്ക്‌ കഴിയുന്നില്ല. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ ആതിഥേയര്‍ക്കെതിരെ നടന്ന ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനലില്‍ ധോണിയുടെ ഇന്ത്യ വിജയം വരിച്ച കാഴ്‌്‌ച കണ്ട്‌ ടോണി ക്രെയിഗ്‌ പറഞ്ഞിരുന്നു-ഇതാണ്‌ നായകന്നെ്‌. ധിരോദാത്തനും അതിപ്രതാപ ഗുണവാനുമായ നായകന്‍. കാരണം അദ്ദേഹം ആരെയും ഭയപ്പെടുന്നില്ല. സ്വന്തം താരങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണ ധോണിക്ക്‌ ലഭിക്കുന്നു. സച്ചിന്‍ എന്ന അനുഭവസമ്പന്നന്‍ പോലും ധോണിക്ക്‌ മാര്‍ക്കിടുന്നു. സച്ചിന്‍ ഒരിക്കലും മികച്ച നായകനായിരുന്നില്ല. ക്രിക്കറ്റ്‌ ചരിത്രത്തിലെ മോശം നായകരുടെ പട്ടികയിലാണ്‌ സച്ചിന്‍. അദ്ദേഹം നായകനായ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തേടിയെത്തിയത്‌ തോല്‍വികലായിരുന്നു. അതേ സമയം അസ്‌ഹറദ്ദീന്‍ എന്ന നായകന്‌ വിജയങ്ങള്‍ സമ്മാനിച്ചതാവട്ടെ സച്ചിനും. നല്ല താരത്തിന്‌ നല്ല നായകനാവാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ധോണി പെര്‍ഫോം ചെയ്യുമ്പോള്‍ സപ്പോര്‍ട്ട്‌ ചെയ്യുന്ന സച്ചിനിലെ മഹാമനസ്‌കതയാണ്‌ ശ്രദ്ധിക്കേണ്ടത്‌.
മൊഹാലി ടെസ്‌റ്റില്‍ കണ്ട വിരേന്ദര്‍ സേവാഗിനെയാണ്‌ ഇവിടെ ഉദാഹരിക്കുന്നത്‌. മല്‍സരത്തിന്റെ അഞ്ച്‌്‌ ദിസവും ആഹ്ലാദവാനായിരുന്നു സേവാഗ്‌. ബാറ്റിംഗിലും ഫീല്‍ഡിഗിലും അദ്ദേഹത്തിന്റെ പാര്‍ട്ട്‌ ടൈം സ്‌പിന്‍ ബൗളിംഗിലുമെല്ലാം ഈ ആഹ്ലാദം പ്രകടമായിരുന്നു. ഈ ആഹ്ലാദത്തിന്‌ നിദാനം ധോണിയാണെന്ന സത്യം അറിയാത്തവരില്ല. ധോണി നല്‍കുന്ന സ്വാതന്ത്ര്യമാണ്‌ സേവാഗിനെ പോലുളളവര്‍ ഉപയോഗപ്പെടുത്തിയത്‌. 20-20 ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ ആര്‍ക്കും വേണ്ടാതെ ടീമിന്‌ പുറത്ത്‌്‌ നില്‍ക്കാനായിരുന്നു സേവാഗിന്റെ വിധി. ലോകകപ്പില്‍ ധോണി സേവാഗിനെ മാറ്റി. ബ്രിയാര്‍ലി ചെയ്‌തത്‌ പോലെ ആ താരത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ താരത്തിന്റെ കരുത്തിനെ ചൂഷണം ചെയ്‌തു.
നായകന്‍ ക്ഷമാശീലനായിരിക്കണമെന്നാണ്‌ ഇമ്രാന്‍ഖാന്‍ പറയാറുളളത്‌. പാക്കിസ്‌താന്‍ ദര്‍ശിച്ച ഏറ്റവും മികച്ച നായകനായിരുന്നു ഇമ്രാന്‍. രാജ്യത്തിന്‌ ലോകകപ്പ്‌ സമ്മാനിച്ച ഇമ്രാന്റെ സവിശേഷത ടീമില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമായിരുന്നു. പാക്കിസ്‌താന്‍ ടീമെന്നാല്‍ എല്ലാവര്‍ക്കുമറിയാം പടലപിണക്കത്തിന്റെ താവളമാണെന്ന്‌. ജാവേദ്‌ മിയാന്‍ദാദിനെ പോലുളളവരുളളപ്പോള്‍ തന്നെ ഇമ്രാന്‍ എന്നാല്‍ ടീമിലെ സര്‍വാധിപതിയായിരുന്നു. ഇമ്രാന്‌ ശേഷം പാക്കിസ്‌താനില്‍ വന്ന ഒരു നായകനും (അക്രം, അന്‍വര്‍, വഖാര്‍, ഇന്‍സമാം, മാലിക്‌) ഇമ്രാനോളം പിന്തുണ ലഭിച്ചിട്ടില്ല. ഇമ്രാനുമായി ധോണിയെ താരതമ്യം ചെയ്യാം. കാരണം ഇന്നത്തെ ഇന്ത്യന്‍ ടീമിലെ സര്‍വസമ്മതന്‍ ധോണിയാണ്‌.
ഇവിടെ തിരിച്ചറിവ്‌ വേണ്ടത്‌ കുംബ്ലെക്കാണ്‌. കുംബ്ലെയിലെ നായകന്‍ പരമ്പരാഗത വാദിയും സംഭവങ്ങള്‍ക്ക്‌ കാത്തുനില്‍ക്കുന്ന മിതവാദിയുമാണ്‌. ആധുനിക യുഗത്തില്‍ പരമ്പരാഗതമായി ചിന്തിക്കുന്നത്‌ കുംബ്ലെയിലെ തെറ്റ്‌. ബാറ്റിംഗ്‌ ഓര്‍ഡറില്‍ ചെറിയ മാറ്റത്തിന്‌ പോലും അദ്ദേഹം തയ്യാറാവുന്നില്ല. തന്ത്രപരമായി ചിന്തി്‌ക്കാത്തത്‌ കൊണ്ടാണിത്‌.
ഇന്ന്‌ ലോക ക്രിക്കറ്റിലെ മികച്ച നായകന്‍ റിക്കി പോണ്ടിംഗാണ്‌ എന്ന ലോകം സമര്‍ത്ഥിക്കുന്നത്‌ അദ്ദേഹത്തിലൂടെ ഓസ്‌ട്രേലിയ സമ്പാദിച്ച വിജയ ശരാശരി വിലയിരുത്തിയാണ്‌. പോണ്ടിംഗ്‌ വിജയിക്കുന്നത്‌ സ്വന്തം താരങ്ങള്‍ മികവ്‌ പ്രകടിപ്പിക്കുന്നത്‌ കൊണ്ടാണ്‌. മൊഹാലിയില്‍ അദ്ദേഹത്തിന്റെ സൈന്യം പരാജയപ്പെട്ടപ്പോള്‍ നായകനും പരാജയമായി. ടീമിനോളം ഉയാരാന്‍ മാത്രമാണ്‌ ക്യാപ്‌റ്റനാവുക എന്ന്‌്‌ അസ്‌ഹറുദ്ദീന്‍ പറഞ്ഞത്‌ വിഡ്ഡിത്തമായിരുന്നു. ടീമിന്‌ മുകളില്‍ ഉയരണം-അതാണ്‌ വ്യക്തിപ്രഭാവം. അതും ധോണിക്കുണ്ട്‌. മൊഹാലിയില്‍ രണ്ട്‌ ഇന്നിംഗ്‌സിലും ധോണി പ്രകടിപ്പിച്ചത്‌ വ്യക്തിപ്രഭാവമാണ്‌. ആ നേട്ടത്തിനാണ്‌ അദ്ദേഹത്തിന്‌ കളിയിലെ കേമന്‍പ്പട്ടം നല്‍കിയത്‌.
ബാംഗ്ലരിലെ സൗരവ്‌ ഗാംഗുലിയുടെ പ്രഖ്യാപനം പോലെ നാഗ്‌പ്പൂരില്‍ (നാലാം ടെസ്റ്റ്‌ വേദി) കുംബ്ലെയുടെ പ്രഖ്യാപനമുണ്ടാവുന്നതായിരിക്കും ബുദ്ധി. കാരണം ക്രിക്കറ്റില്‍ സമയം തെല്ലുമില്ല. ധോണിയെന്ന നായകന്‍ റെഡിയാണ്‌. കുംബ്ലെക്ക്‌ ധൈര്യസമേതം ബാറ്റണ്‍ കൈമാറാം.

Friday, October 17, 2008

GREAT SACHIN


2008 ഒക്ടോബര്‍ 17. ക്ലോക്കില്‍ ഉച്ചതിരിഞ്ഞ്‌ 2.31.. മൊഹാലിയിലെ പി.സി.എ സ്‌റ്റേഡിയത്തില്‍ പവിലിയന്‍ എന്‍ഡില്‍ നിന്നും പീറ്റര്‍ സിഡില്‍ എന്ന ഓസട്രേലിയന്‍ ബൗളറുടെ ഇന്‍സ്വിംഗര്‍. ക്രിസില്‍ അചഞ്ചലനായി നില്‍ക്കുകയായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പന്ത്‌ തേര്‍ഡ്‌മാനിലേക്ക്‌ സ്റ്റിയര്‍ ചെയ്‌ത്‌ മൂന്ന്‌ റണ്‍സ്‌ സ്വന്തമാക്കുന്നു.......
ലോക ക്രിക്കറ്റ്‌ ചരിത്രത്തിലേക്കായിരുന്നു ആ റണ്‍സ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കുന്ന ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതി ഇന്ത്യയുടെ ഒരേ ഒരു സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ സ്വന്തം. ബ്രയന്‍ ചാള്‍സ്‌്‌ ലാറ എന്ന വിന്‍ഡീസ്‌്‌ രാജകുമാരന്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ വിടപറഞ്ഞത്‌ മുതല്‍ ഈ നേട്ടത്തിലേക്ക്‌ സച്ചിനെത്തുമെന്ന്‌്‌ ഉറപ്പായിരുന്നു. അല്‍പ്പം വൈകിയാണെങ്കില്‍ പോലും ചാരുതയാര്‍ന്ന പ്രകടനത്തിലാണ്‌ മുംബൈ ഇതിഹാസം റെക്കോര്‍ഡിലേക്ക്‌ നടന്നെത്തിയത്‌. ടെസ്റ്റ്‌ കരിയറിലെ അമ്പതാമത്‌ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സച്ചിന്റെ ആകെ റണ്‍സ്‌ സമ്പാദ്യം 12,000 വും പിന്നിട്ടു. ലോക ക്രിക്കറ്റില്‍ ഇതാദ്യമായാണ്‌ ഒരു ബാറ്റ്‌സ്‌്‌മാന്‍ 12,000 റണ്‍സ്‌ പിന്നിടുന്നത്‌.
സച്ചിന്റെ ഇതിഹാസ പ്രകടനം കാണാന്‍ ഇന്നലെ പി.സി.എ സ്‌റ്റേഡിയത്തില്‍ ആളുകള്‍ കുറവായിരുന്നു. സൗജന്യമായി ടിക്കറ്റ്‌ നല്‍കിയതിനാല്‍ എത്തിയ സ്‌ക്കൂള്‍ കുട്ടികള്‍ക്കായിരുന്നു സച്ചിന്റെ റെക്കോര്‍ഡ്‌ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായത്‌. റെക്കോര്‍ഡ്‌ സ്വന്തമാക്കിയതും സച്ചിന്‍ പതിവ്‌ പോലെ ഹെല്‍മറ്റ്‌ എടുത്തുമാറ്റി ആകാശത്തേക്ക്‌ നോക്കി പിതാവിന്‌ നന്ദി പറഞ്ഞു. പിന്നെ പവിലിയനിലേക്ക്‌ ബാറ്റ്‌ ചൂണ്ടി സഹതാരങ്ങളുമായി ആഹ്ലാദം പങ്കിട്ടു. ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം ഓടി സച്ചിന്റെ അരികിലെത്തി. എല്ലാവരും സൂപ്പര്‍ ബാറ്റ്‌്‌സ്‌മാനെ അഭിനന്ദിച്ചു. സച്ചിന്റെ റെക്കോര്‍ഡിന്‌ ഭീഷണിയായുളള ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്‌ ആദ്യം ഇന്ത്യന്‍ താരത്തിന്റെ കരം ഗ്രഹിച്ചത്‌. റെക്കോര്‍ഡിലേക്കുളള സച്ചിന്റെ മന്ദഗതിയിലുളള യാത്ര വിമര്‍ശനവിധേയമായിരുന്നു. ലാറ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ വിട്ടയുടന്‍ റെക്കോര്‍ഡ്‌ സച്ചിന്‍ സ്വന്തമാക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. ശ്രീലങ്കയില്‍ മൂന്ന്‌ ടെസ്റ്റ്‌ പരമ്പരക്കായി പുറപ്പെടുമ്പോള്‍ സച്ചിനും റെക്കോര്‍ഡും തമ്മില്‍ 177 റണ്‍സിന്റെ അകലമുണ്ടായിരുന്നു. പക്ഷേ മരതക ദ്വീപില്‍ മൂന്ന്‌ ടെസ്റ്റിലുമായി സച്ചിന്‌ 95 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ഓസ്‌ടല്രേിയക്കെതിരെ ബാംഗ്ലൂരില്‍ നടന്ന ഒന്നാം ടെസ്റ്റിലും സച്ചിന്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 13 റണ്‍സിന്‌ പുറത്തായ സൂപ്പര്‌താരം രണ്ടാം ഇന്നിംഗ്‌സില്‍ 49 റണ്‍സ്‌ നേടിയാണ്‌ പുറത്തായത്‌. മൊഹാലിയിലേക്ക്‌ വരുമ്പോേള്‍ റെക്കോര്‍ഡ്‌ ഉറപ്പായിരുന്നു.
അലന്‍ ബോര്‍ഡറുടെ പേരിലുണ്ടായിരുന്നു ടെസ്‌റ്റ്‌ റണ്‍ റെക്കോര്‍ഡ്‌ ബ്രയന്‍ ലാറ സ്വന്തമാക്കിയത്‌ 2005 ല്‍ അഡലെയ്‌ഡില്‍ നടന്ന ടെസ്‌റ്റിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ലാറ ഒന്നാമത്‌ വന്നത്‌. അതേ ഓസ്‌ട്രേലിയക്കെതിരെ മികവ്‌ പ്രകടിപ്പിച്ചാണ്‌ ഇപ്പോള്‍ സച്ചിന്‍ ലാറയുടെ റെക്കോര്‍ഡ്‌ തകര്‍ത്തിരിക്കുന്നത്‌.

രാജരാജാവ്‌
മൊഹാലി: സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ തുല്യം സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ മാത്രം.... ലോക ക്രിക്കറ്റില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ്‌ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്‌ ഇന്നലെ പി.സി.എ സ്‌റ്റേഡിയത്തില്‍ പിറന്നത്‌. 88 റണ്‍സുമായി രണ്ടാം ടെസ്‌റ്റിന്റെ അവസാന നിമിഷങ്ങളില്‍ പുറത്താവുമ്പോള്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍സ്‌ വേട്ടക്കാരന്‍ എന്ന വലിയ റെക്കോര്‍ഡും, ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 12,000 റണ്‍സ്‌ പിന്നിടുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന അസുലഭ റെക്കോര്‍ഡുമാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്‌.
റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഈ കൊച്ചുതാരം ലോക ക്രിക്കറ്റിലെ രാജരാജാവാണ്‌... സമാനതകളില്ലാത്ത താരം. ഡോണ്‍ ബ്രാഡ്‌മാനില്‍ തുടങ്ങിയാല്‍ ക്രിക്കറ്റ്‌ ചരിത്രങ്ങളില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ട്‌്‌. ബ്രാഡ്‌്‌മാന്റെ ബാറ്റിംഗ്‌ ശരാശരിക്ക്‌ അരികിലെത്താന്‍ ഇനിയാര്‍ക്കുമാവില്ല. പക്ഷേ ബ്രാഡ്‌മാനോളം ഉയരത്തില്‍ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ ബാലികേറാമലയായി നില്‍ക്കുന്ന പര്‍വതമായി സച്ചിന്‍ പതിനാറാം വയസ്സില്‍ തുടങ്ങിയ പോരാട്ടം ഇന്നും തുടരുകയാണ്‌. എത്രയെത്ര എതിരാളികള്‍, എത്രയെത്ര മല്‍സരങ്ങള്‍- രാജ്യത്തിന്‌ വേണ്ടി അര്‍പ്പണ മനോഭാവത്തോടെ കളിക്കുമ്പോള്‍ സച്ചിന്‍ മല്‍സരങ്ങളെയോ പ്രതിയോഗികളെയോ കാര്യമായി എടുക്കാറില്ല.
152 ടെസ്‌റ്റില്‍ നിന്നായി 39 സെഞ്ച്വറികള്‍, 12,000 ത്തിലധികം റണ്‍സ്‌-ഇരുപത്‌ വര്‍ഷത്തോളം നിറഞ്ഞ കരിയറിലെ ഈ റെക്കോര്‍ഡ്‌ മാത്രം മതി ഈ രാജരാജാവിനെ വിലയിരുത്താന്‍. 1989 ല്‍ കറാച്ചിയില്‍ വെച്ച്‌ പാക്കിസ്‌താനെതിരെ തുടങ്ങിയ അശ്വമേഥത്തില്‍ ഒരിക്കല്‍ പോലും സച്ചിന്‍ കുലുങ്ങിയിട്ടില്ല. അക്രമിന്റെ ബൗണ്‍സറും ലിയുടെ ബൗണ്‍സറും നേരിടുമ്പോള്‍ പ്രകടിപ്പിച്ചിട്ടുളള ധൈര്യമാണ്‌ സച്ചിനെ സച്ചിനാക്കി മാറ്റിയത്‌. തൊണ്ണൂറുകളിലാണ്‌ സച്ചിന്‍ സ്വന്തം കരിയറിലെ ഏറ്റവും മികച്ച ഫോമിലെത്തിയത്‌. തൊട്ടതെല്ലാംപൊന്നാക്കിയ കാലം. റെക്കോര്‍ഡുകളെല്ലാം അദ്ദേഹത്തെ മാടിവിളിച്ച സമയം. വിദേശ പിച്ചുകളില്‍ ഇന്ത്യക്ക്‌ ഉയര്‍ത്തിക്കാട്ടാന്‍ ഒരു താരം മാത്രം. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ എന്ന നായകന്‌ കീഴില്‍ സച്ചിന്‍ പുഷ്‌്‌പിക്കുമ്പോള്‍ ഇന്ത്യയെന്നാല്‍ സച്ചിനായിരുന്നു. രാഹുല്‍ ദ്രാവിഡും സൗരവ്‌്‌ ഗാംഗുലിയും വി.വി.എസ്‌ ലക്ഷണുമെല്ലാം വന്നപ്പോള്‍ സച്ചിനിലെ സമ്മര്‍ദ്ദം കുറഞ്ഞു. പക്ഷേ എതിരാളികള്‍ക്ക്‌ സച്ചിന്റെ വിക്കറ്റായിരുന്നു എന്നും പ്രധാനം. ഒരു പരമ്പര ആരംഭിക്കുമ്പോള്‍ ആദ്യം എതിര്‍ ക്യാപ്‌റ്റന്മാര്‍ സച്ചിനെ ഉന്നം വെച്ചാണ്‌ സംസാരിക്കുക. സച്ചിനെന്നാല്‍ ഇന്ത്യയെന്നും സച്ചിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെന്നുമാണ്‌ റിക്കി പോണ്ടിംഗ്‌ ഉള്‍പ്പെടെയുളളവരുടെ നിര്‍വചനം.
ഏറ്റവും മികച്ച പ്രതിയോഗിക്കെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നയാളാണ്‌ ഏറ്റവും മികച്ച താരമെങ്കില്‍ സച്ചിന്‍ തന്നെയാണ്‌ ലോകത്തിലെ ഒന്നാമന്‍. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ 25 ടെസ്‌റ്റുകള്‍. ബാറ്റിംഗ്‌ ശരാശരി 56. ഒമ്പത്‌ സെഞ്ച്വറികള്‍.
ലോക ക്രിക്കറ്റില്‍ ഉയര്‍ന്ന ടെസ്‌റ്റ്‌ റണ്‍സ്‌ സ്വന്തമാക്കിയവരുടെ പട്ടിക പരിശോധിച്ചാല്‍ ഇന്ത്യക്കാരാണ്‌ കൂടുതല്‍. സുനില്‍ ഗവാസ്‌്‌കറില്‍ തുടങ്ങി അസ്‌ഹറിലൂടെ സച്ചിന്‍, ദ്രാവിഡ്‌, ഗാംഗുലി, ലക്ഷ്‌മണ്‍ തുടങ്ങിയവര്‍. ബ്രയന്‍ ലാറ 11,912 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. ആ റെക്കോര്‍ഡാണ്‌ സച്ചിന്‍ മറികടന്നത്‌. ഗവാസ്‌ക്കര്‍ 10,122 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. രാഹുലും പതിനായിരം പിന്നിട്ടു. 11,174 റണ്‍സ്‌ നേടി ലോകത്തെ ഒന്നാമനായി നിലനിന്ന ഓസ്‌ട്രേലിയക്കാരന്‍ അലന്‍ ബോര്‍ഡറെ പിറകിലാക്കിയാണ്‌ ലാറ ദീര്‍ഘകാലം ഒന്നാമനായത്‌. സ്റ്റീവ്‌ വോ, പോണ്ടിംഗ്‌ എന്നിവരാണ്‌ പതിനായിരം പിന്നിട്ട മറ്റ്‌ ഓസ്‌ട്രേലിയക്കാര്‍.
സച്ചിന്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്‌ തുടങ്ങുന്നത്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ ആറാമനായാണ്‌. 22 ഇന്നിംഗ്‌സുകളില്‍ അദ്ദേഹം ഈ സ്ഥാനത്ത്‌ തുടര്‍ന്നു. 1991-92 ലെ അഡലെയ്‌ഡ്‌ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ്‌ ഓര്‍ഡറില്‍ പ്രൊമോഷനുമായി സച്ചിന്‍ നാലാം നമ്പറിലെത്തി. 372 റണ്‍സ്‌ എന്ന വിജയലക്ഷ്യവുമായി അസ്‌ഹറിന്റെ ഇന്ത്യ കളിക്കുമ്പോഴാണ്‌ സച്ചിന്‌ പ്രൊമോഷന്‍ നല്‍കിയത്‌. പക്ഷേ 17 റണ്‍സാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌്‌. പക്ഷേ ബാറ്റ്‌സ്‌മാന്മാരുടെ ശവപറമ്പായ പെര്‍ത്തിലെ വാക്കയില്‍ നടന്ന അടുത്ത മല്‍സരത്തില്‍ നാലാം നമ്പറില്‍ 114 റണ്‍സാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. പെര്‍ത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിക്ക്‌ ശേഷം ദീര്‍ഘകാലം ആ സ്ഥാനത്ത്‌ തന്നെയായിരുന്നു സച്ചിന്‍. ഈ സ്ഥാനത്ത്‌ മൊഹാലി ടെസ്‌റ്റില്‍ ഉള്‍പ്പെടെ 10,041 റണ്‍സാണ്‌ സച്ചിന്‍ നേടിയത്‌. ഒരേ സ്ഥാനത്ത്‌ ബാറ്റേന്തി ഇത്രയും റണ്‍സ്‌ സ്വന്തമാക്കിയ മറ്റൊരു ബാറ്റ്‌സ്‌മാനില്ല.
മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിന്റെ സാന്നിദ്ധ്യമാണ്‌ സച്ചിന്‌ പലപ്പോഴും സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അവസരം നല്‍കിയത്‌. ഇന്ത്യക്ക്‌ ഓപ്പണിംഗിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും സച്ചിന്‌ തുടക്കത്തില്‍ തന്നെ കളിക്കേണ്ടി വന്നിട്ടുണ്ട്‌. പന്തിലെ തിളക്കം പോവാത്ത സമയത്ത്‌, ബൗളര്‍മാര്‍ ആവേശത്തടെ പന്തെറിയുമ്പോള്‍ ക്രിസിലെത്തുന്ന സച്ചിനാണ്‌ പലപ്പോഴും ടീമിനെ രക്ഷപ്പെടുത്താറുള്ളത്‌. 200 തവണയാണ്‌ അദ്ദേഹം നാലാം നമ്പറില്‍ വന്നത്‌. ഇതില്‍ 78 തവണയും സച്ചിന്‍ അമ്പതിലേറെ റണ്‍സ്‌ സ്വന്തമാക്കയിട്ടുണ്ട്‌. 34 തവണയാണ്‌ അദ്ദേഹം 20 ല്‍ താഴെ റണ്‍സിന്‌ പുറത്തായത്‌.
അവിസ്‌മരണീയമായ പല ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളും സച്ചിന്‍ കളിച്ചിട്ടുണ്ട്‌. ഇതില്‍ ഒന്നാം സ്ഥാനത്ത്‌ ചെന്നൈയില്‍ പാക്കിസ്‌താനെതിരെ നടത്തിയ പ്രകടനമായിരുന്നു. 1999 ല്‍ വസീം അക്രം നയിച്ച പാക്കിസ്‌താന്‍ ഇന്ത്യക്ക്‌ 271 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചപ്പോള്‍ പ്രതീക്ഷകളെല്ലാം സച്ചിനിലായിരുന്നു. കഠിനമായ വെയിലത്ത്‌്‌ ഇന്ത്യ രണ്ട്‌ വിക്കറ്റിന്‌ 6 റണ്‍സ്‌ എന്ന നിലയില്‍ പതറുമ്പോള്‍ ക്രിസിലെത്തിയ സച്ചിന്‍ 136 വിലപ്പെട്ട റണ്‍സാണ്‌ നേടിയത്‌. മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സച്ചിന്റെ പ്രകടനം ആരും മറക്കില്ല. 2000 ത്തിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റില്‍ ഇന്ത്യ രണ്ട്‌ വിക്കറ്റിന്‌ 11 റണ്‍സ്‌ എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ സച്ചിന്‍ 116 റണ്‍സാണ്‌ നേടിയത്‌. 1996 ലെ ഇംഗ്ലണ്ട്‌ പര്യടനത്തിലെ എജ്‌ബാസ്‌റ്റണ്‍ ടെസ്‌റ്റില്‍ ഇന്ത്യ രണ്ട്‌ വിക്കറ്റിന്‌ 17 റണ്‍സ്‌ എന്ന നിലയില്‍ തകരുമ്പോള്‍ സച്ചിന്‍ ക്രീസിലെത്തി നേടിത്‌ 122 റണ്‍സായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ സച്ചിന്‌ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കഴിയാറില്ല. സമ്മര്‍ദ്ദത്തിനൊപ്പം പതറി പുറത്തായിട്ടുണ്ട്‌. നല്ല തുടക്കം ലഭിച്ചാല്‍ അത്‌ പ്രയോജനപ്പെടുത്താന്‍ സച്ചിന്‌ കഴിയാറുണ്ട്‌.

അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ സമ്പാദ്യമായ 11, 953 റണ്‍സിനെ മറികടന്ന്‌ പുതിയ ഇതിഹാസം രചിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌്‌ അഭിനന്ദന പ്രവാഹം. രാഷ്ട്രപതി പ്രതിഭാ പാട്ടില്‍, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ തുടങ്ങിയ ഭരണാധികാരികളും ക്രിക്കറ്റ്‌ വിദഗ്‌ദ്ധരും സച്ചിനെ അഭിനന്ദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാന താരമാണ്‌ സച്ചിനെന്ന്‌ പ്രതിഭാ പാട്ടില്‍ പറഞ്ഞു. സച്ചിനോളം മികച്ച അംബാസിഡര്‍ ഇന്ത്യക്കില്ലെന്നാണ്‌ മന്‍മോഹന്‍സിംഗ്‌ പ്രതികരിച്ചത്‌.
സച്ചിന്‌്‌ വിരമിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റുണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പറഞ്ഞു. മുമ്പ്‌ സുനില്‍ ഗവാസ്‌ക്കറിലൂടെയാണ്‌്‌ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യ ലോകത്തിന്‌ മുന്നില്‍ ഉയര്‍ന്നുനിന്നത്‌. ഇപ്പോള്‍ സച്ചിനിലൂടെയും. സച്ചിന്‌ കളിയോടുളള പ്രതിബദ്ധതയും സ്‌നേഹവും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹത്തോളം ഉയരത്തിലെത്താന്‍ ആര്‍ക്കുമാവില്ലെന്നും ശ്രീകാന്ത്‌ പറഞ്ഞു. രണ്ട്‌ വര്‍ഷം കൂടി തീര്‍ച്ചയായും സച്ചിന്‌ കളിക്കാന്‍ കഴിയുമെന്ന്‌ സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ദിലീപ്‌ വെംഗ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. മഹാനായ താരമാണ്‌ സച്ചിന്‍. അദ്ദേഹത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍-കേണല്‍ പറഞ്ഞു.

തേര്‍ഡ്‌ ഐ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന സമ്പൂര്‍ണ്ണ ക്രിക്കറ്റര്‍ക്ക്‌്‌ അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ മഹാനായ അംബാസിഡറായ സച്ചിന്‍ ടീമിനോടും ക്രിക്കറ്റിനോടും പ്രകടിപ്പിക്കുന്ന അര്‍പ്പണത്തിലാണ്‌ വ്യത്യസ്‌തനാവുന്നത്‌. പതിനാറാം വയസ്സില്‍ തുടങ്ങിയ യാത്രയില്‍ സച്ചിന്‍ പത്തൊമ്പത്‌ വര്‍ഷമാണ്‌ പിന്നിട്ടിരിക്കുന്നത്‌. ഒരു പുരുഷായുസ്സിന്റെ പകുതിയും അദ്ദേഹം മൈതാനത്തായിരുന്നു. വിശ്രമമില്ലാത്ത യാത്രയിലും കളിയിലും അദ്ദേഹം ലോകത്തോളം ഉയര്‍ന്നു. രണ്ട്‌ തവണ അദ്ദേഹവുമായി ഞാന്‍ അഭിമുഖസംഭാഷണം നടത്തിയിരുന്നു. അത്യുന്നതിയിലും ഇത്ര കൂലീനമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പറയാനും കഴിയുന്ന സച്ചിന്‍ ഒരിക്കല്‍ പോലും സ്വന്തം സഹപ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മുഹമ്മദ്‌്‌ അസ്‌ഹറുദ്ദീന്‍ പന്തയ വിവാദത്തില്‍ പ്രതിയായപ്പോഴും, സൗരവ്‌ ഗാംഗുലി കോച്ച്‌ ചാപ്പലുമായി പിണങ്ങിയപ്പോഴും, താല്‍കാലിക നായകനായിരുന്ന രാഹുല്‍ ദ്രാവിഡ്‌ മുള്‍ത്താനില്‍ വെച്ച്‌ തനിക്ക ഡബിള്‍ സെഞ്ച്വറി നിഷേധിച്ചപ്പോഴുമെല്ലാം സച്ചിന്‌ പ്രതികരിക്കാമായിരുന്നു. പക്ഷേ ആരോടും ഒന്നും പറയാതെ ബാറ്റിംഗില്‍ തന്റെ മറുപടി നിറച്ച സച്ചിനോളം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കുമായിട്ടില്ല എന്നത്‌ സത്യമാണ്‌.
സുനില്‍ ഗവാസ്‌ക്കര്‍ മഹാനായ താരമായിരുന്നു. പക്ഷേ പ്രതിഭയോട്‌ നീതി പുലര്‍ത്തുന്ന സ്വഭാവമായിരുന്നില്ല ലിറ്റില്‍ മാസ്റ്ററുടേത്‌. സച്ചിന്‍ മൈതാനത്തെ ആക്രമണാത്മകത ഒരിക്കലും മൈതാനത്തിന്‌ പുറത്ത്‌ കാണിച്ചിരുന്നില്ല. രാജ്യത്തിന്‌ മല്‍സരങ്ങള്ളുള്ളപ്പോള്‍ മറ്റൊന്നിലും ചിന്തിക്കാത്ത ബാറ്റ്‌സ്‌മാന്‍. മല്‍സരങ്ങളില്ലാത്തപ്പോള്‍ ഭാര്യ.ഡോ.അഞ്‌ജലിക്കൊപ്പവും കുട്ടികള്‍ക്കൊപ്പവും ഒതുങ്ങികൂടൂന്ന സാധാരണക്കാരന്‍. ലോക ക്രിക്കറ്റിലെ ഏതാണ്ട്‌ എല്ലാ റെക്കോര്‍ഡുകളും ഇപ്പോള്‍ സച്ചിന്‌ സ്വന്തമാണ്‌. കുറഞ്ഞത്‌ രണ്ട്‌ വര്‍ഷമെങ്കിലും അദ്ദേഹത്തിന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടാരാനാവും. കൂടുതല്‍ നേട്ടങ്ങളും അത്‌ വഴി സ്വന്തമാവും.
മൊഹാലി ടെസ്‌റ്റില്‍ സച്ചിനും സൗരവും നല്‍കിയ മുന്‍ത്തൂക്കത്തില്‍ ഇന്ത്യക്ക്‌ നല്ല സാധ്യതയാണ്‌ കൈവന്നിരിക്കുന്നത്‌. ടോസ്‌ നേടിയത്‌ തന്നെ വലിയ ഭഗ്യം. സേവാഗും ഗംഭീറും നല്ല തുടക്കം നല്‍കി. ഇടക്ക്‌ മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ പോയെങ്കിലും സച്ചിന്‍-സൗരവ്‌ സഖ്യം പ്രകടിപ്പിച്ച ധൈര്യത്തില്‍ എളുപ്പം റണ്‍സ്‌്‌ പിറന്നു. ഇന്ന്‌ സൗരവിനൊപ്പം ധോണിയും കളിക്കാനുണ്ട്‌. 400 പ്ലസ്‌ റണ്‍സ്‌ നേടാനായല്‍ ഇന്ത്യക്ക്‌ തീര്‍ച്ചയായും വിലപേശാനാവും. സഹീറും ഇശാന്തും ഫോമിലാണ്‌. അമിത്‌ മിശ്രയെന്ന ഹരിയാനക്കാരനായ സ്‌പിന്നര്‍ ഹര്‍ഭജനൊപ്പമുണ്ട്‌. ആദ്യ ദിവസത്തെ മുന്‍കൈ നിലനിര്‍ത്തിയാല്‍ മൊഹാലിയില്‍ ഫലം ഉറപ്പാണ്‌.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-സി-ഹാദ്ദിന്‍-ബി-ജോണ്‍സണ്‍-67, വിരേന്ദര്‍ സേവാഗ്‌-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-35, രാഹുല്‍ ദ്രാവിഡ്‌-ബി-ലീ-39, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹെയ്‌ഡന്‍-ബി-സിഡില്‍-88, വി.വി.എസ്‌ ലക്ഷ്‌മണ്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-12, സൗരവ്‌ ഗാംഗുലി-നോട്ടൗട്ട്‌-54, ഇഷാന്ത്‌ ശര്‍മ-നോട്ടൗട്ട്‌-2, എക്‌സ്‌ട്രാസ്‌ 14, ആകെ 85 ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 311. വിക്കറ്റ്‌ വീഴ്‌ച്ച: 1-70 (സേവാഗ്‌), 2-146 (ദ്രാവിഡ്‌), 3-146 (ഗാംഭീര്‍), 4-163 (ലക്ഷ്‌മണ്‍), 5-305 (സച്ചിന്‍). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 18-5-56-1, സിഡില്‍ 18-2-80-1, ജോണ്‍സണ്‍ 20-3-68-3, വാട്ട്‌സണ്‍ 14-3-47-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 7-0-28-0, ക്രെയിഗ്‌ വൈറ്റ്‌ 8-0-26-0

ഇന്ത്യ ഡ്രൈവര്‍
മൊഹാലി: സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറും സൗരവ്‌ ഗാംഗുലിയും നാലാം വിക്കറ്റില്‍ സ്വന്തമാക്കിയ 142 റണ്‍സ്‌ സഖ്യത്തിന്റെ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഡ്രൈവിംഗ്‌ സീറ്റില്‍. അഞ്ച്‌ വിക്കറ്റിന്‌ 311 റണ്‍സാണ്‌ ടീം സമ്പാദിച്ചിരിക്കുന്നത്‌. 54 റണ്‍സുമായി സൗരവും രണ്ട്‌ റണ്ണുമായി നൈറ്റ്‌വാച്ച്‌മാന്‍ ഇഷാന്ത്‌ ശര്‍മ്മയുമാണ്‌ ക്രീസില്‍. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡും, ടെസ്‌റ്റില്‍ 12,000 റണ്‍സ്‌ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിയും സ്വന്തമാക്കിയ സച്ചിന്‍ 88 റണ്‍സുമായി കളിയുടെ അന്ത്യസമയത്ത്‌ സെഞ്ച്വറി കാണാതെ പുറത്തായത്‌ മാത്രമാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌.
പരുക്ക്‌ കാരണം ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ സ്വയം പിന്മാറിയപ്പോള്‍ ടോസിനിറങ്ങിയ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം വീണ നാണയത്തിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്ല തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. പി.സി.എ സ്‌റ്റേഡിയത്തിലെ ഗ്രീന്‍ ട്രാാക്കില്‍ ഓസ്‌ട്രേലിയന്‍സീമര്‍മാര്‍ ഇന്ത്യയെ വെല്ലുവിളിക്കുമെന്ന്‌ കരുതിയെങ്കിലും മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മിച്ചല്‍ ജോണ്‍സണ്‍ ഒഴികെ ആര്‍ക്കും അപകടകാരികളാവാന്‍ കഴിഞ്ഞില്ല. പന്ത്‌ കൃത്യമായി ബാറ്റിലേക്ക്‌ വന്നപ്പോള്‍ സേവാഗിന്‌ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനായി. 70 റണ്‍സാണ്‌ ആദ്യ വിക്കറ്റില്‍ ഇന്ത്യ നേടിയത്‌. ജോണ്‍സന്റെ ലെഗ്‌ സൈഡ്‌ ഡെലിവറിക്ക്‌ ബാറ്റ്‌ വെച്ച്‌ സേവാഗ്‌ പുറത്തായ ശേഷം ഗാംഭീറും ദ്രാവിഡും ചേര്‍ന്ന്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു. 146 ല്‍ ദ്രാവിഡ്‌ പുറത്തായത്‌ പക്ഷേ തിരിച്ചടിയായി. തൊട്ടുപിറകെ ഗാംഭീറും ലക്ഷ്‌മണും പുറത്തായപ്പോള്‍ ഇന്ത്യക്ക്‌ 17 റണ്‍സ്‌ സമ്പാദിക്കുന്നതിനിടെ മൂന്ന്‌ പേരെയാണ്‌ നഷ്‌ടമായത്‌.
മല്‍സരത്തിലേക്ക്‌ ഓസ്‌ട്രേലിയ തിരിച്ചുവരവെയാണ്‌ സച്ചിനും സൗരവും നിലയുറപ്പിച്ചത്‌. പിന്നെ ഇന്ത്യയുടെ ദിനമായിരുന്നു. ചായക്ക്‌ ശേഷം പീറ്റര്‍ സിഡില്‍ എന്ന കന്നിക്കാരന്‍ എറിഞ്ഞ ആദ്യ പന്ത്‌്‌ തന്നെ തേര്‍ഡ്‌മാനിലേക്ക്‌ തട്ടി സച്ചിന്‍ ലാറയുടെ റെക്കോര്‍ഡ്‌്‌ മറികടന്നു. അര്‍ദ്ധ സെഞ്ച്വറിയായപ്പോള്‍ 12,000 ക്ലബിലെ ആദ്യ അംഗവും സച്ചിനായി. പിറകെ സൗരവും അര്‍ദ്ധശതകം പിന്നിട്ടു. ഓസീ നിരയിലെ എല്ലാ ബൗളര്‍മാരും തല്ല്‌ വാങ്ങിയ സന്ദര്‍ഭത്തിലാണ്‌ സച്ചിന്‍ മറ്റൊരിക്കല്‍കൂടി 100 നരികെ പുറത്തായത്‌. പോണ്ടിംഗ്‌ പുതിയ പന്തെടുത്തപ്പോള്‍ സിഡിലിന്റെ ആദ്യ രണ്ട്‌ ഡെലിവറികളും അതിര്‍ത്തി കടത്തിയ സച്ചിന്‌ മൂന്നാം പന്തില്‍ പിഴച്ചു. മാത്യൂ ഹെയ്‌ഡന്‌ ക്യാച്ച്‌.
തന്റെ അവസാന ടെസ്റ്റ്‌ പരമ്പര കളിക്കുന്ന സൗരവ്‌്‌ ക്രീസിലുണ്ട്‌. ക്യാപ്‌റ്റന്‍ ധോണി വരാനുണ്ട്‌. ബാംഗ്ലൂരില്‍ മിന്നിയ വാലറ്റക്കാരായ സഹീറും ഹര്‍ഭജനും കന്നിക്കാരനായ അമിത്‌ മിശ്രയും കളിക്കാനുളളപ്പോള്‍ 400 റണ്‍സ്‌ പിന്നിടാന്‍ ഇന്ത്യക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഇന്ത്യക്ക്‌ കിരീടം
പൂനെ: ആതിഥേയരായ ഇന്ത്യയുടെ കിരീടധാരണത്തോടെ മൂന്നാമത്‌ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസിന്‌ ഇന്ന്‌ അവസാനമാവും. 332 സ്വര്‍ണ്ണമുള്‍പ്പെടെ മൊത്തം 74 മെഡലുകളാണ്‌ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്‌. 24 സ്വര്‍്‌ണ്ണമുള്‍പ്പെടെ 64 മെഡലുകള്‍ നേടിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ര്‌ണ്ടാം സ്ഥാനത്താണ്‌.

Thursday, October 16, 2008

DIRECT DRIVE- KAMAL VARADOOR

ആസുത്രണം ആരുടെ ജോലി
കേണല്‍ ഗോദവര്‍മരാജ എന്ന ജി.വി രാജയുടെ ജന്മദിനമായ ഒക്ടോബര്‍ 13 സംസ്ഥാനത്ത്‌ കായികദിനമായി ആഘോഷിക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിന്‌ നൂറില്‍ നൂറ്‌ മാര്‍ക്ക്‌. ജി.വി രാജയുടെ പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍ മാത്രമായിരുന്നല്ലോ ഇത്‌ വരെ ആ കായിക ദാര്‍ശനികനെ ഓര്‍മിക്കാനുളള ഏക പരിപാടി. സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്‌ രൂപം നല്‍കിയ രാജയാണ്‌ കായികഭരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഭരണക്കൂടങ്ങളെ ബോധിപ്പിച്ചത്‌. വളരെ വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുളള തീരുമാനമെടുത്ത സ്‌പോര്‍ട്‌്‌സ്‌ മന്ത്രി എം.വിജയകുമാര്‍ പക്ഷേ ഒരു പാതകം ചെയ്‌തു. സ്‌പോര്‍ട്‌സ്‌ ദിനാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ സംസാരിക്കവെ കേരളം കായികമായി പിറകോട്ട്‌ പോവാന്‍ കാരണം ആസുത്രണമില്ലായ്‌മയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മന്ത്രി പറഞ്ഞത്‌ പകല്‍ പോലെയുളള സത്യമാണ്‌. പക്ഷേ ആരാണ്‌ കായികാസുത്രണം നടത്തേണ്ടത്‌. മന്ത്രി തന്നെ നേതൃത്ത്വം നല്‍കുന്ന കായിക വകുപ്പും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളും വിവിധ കായിക അസോസിയേഷനുകളുമല്ലേ....?
ഇന്ത്യയില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്ന പത്രപ്രവര്‍ത്തകരില്‍ തലമുതിര്‍ന്ന വ്യക്തിയും എഴുപതോളം വര്‍ഷമായി മാധ്യമ പ്രവര്‍ത്തനരംഗത്ത്‌ സജീവസാന്നിദ്ധ്യവുമായ എം.വി കാമത്തുമായി വിശദമായി സംസാരിക്കാന്‍ ഇന്നലെ അവസരം ലഭിച്ചിരുന്നു. 1947 ഓഗസ്‌റ്റ്‌ പതിനാലിന്‌ അര്‍ദ്ധരാത്രി വെളളക്കാര്‍ ഇന്ത്യ വിടുന്ന അവിസ്‌മരണീയ ചരിത്ര മുഹൂര്‍ത്തം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അവസരമുണ്ടായ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗുമായി രണ്ട്‌ മണിക്കൂറിലധികം സംസാരിച്ച, ലോകത്തെ നൂറ്‌ കണക്കിന്‌ ഭരണത്തലവന്മാരെ അഭിമുഖം നടത്തിയ കാമത്ത്‌ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായി പറഞ്ഞത്‌ നമ്മുടെ കായിക മന്ത്രി പറഞ്ഞ ആസുത്രണമില്ലായ്‌മ തന്നെയാണ്‌. വാര്‍ത്താ ലോകത്ത്‌ എല്ലാം ബ്രേക്കിംഗ്‌ വാര്‍ത്തകളാവുന്നു. വാര്‍ത്തകള്‍ക്ക്‌ പിറകെ പോവാനും വാര്‍ത്തകളിലെ സത്യസന്ധതയെ പഠിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ സമയമില്ല എന്ന്‌ അദ്ദേഹം പറഞ്ഞത്‌ പോലെ നമ്മുടെ കായിക ഭരണാധികാരികള്‍ക്ക്‌ കായിക സംഭവങ്ങളെല്ലാം ബ്രേക്കിംഗ്‌ വാര്‍ത്തകള്‍ മാത്രമാവുകയാണ്‌.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഷൂട്ടര്‍ അഭിനവ്‌ ബിന്ദ്ര സ്വര്‍ണ്ണം സ്വന്തമാക്കിയ ദിവസം മന്ത്രി വിജയകുമാര്‍ തന്നെ തിരുവനന്തപുരത്ത്‌ അടിയന്തിര വാര്‍ത്താസമ്മേളനം വിളിച്ച്‌ തൊടുപുഴയില്‍ ഷൂട്ടിംഗ്‌ അക്കാദമി ആരംഭിക്കുമെന്ന്‌ വ്യക്തമാക്കി. ബിന്ദ്ര സ്വര്‍ണ്മം നേടിയപ്പോള്‍, അതും ഒളിംപിക്‌സില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണമായപ്പോള്‍ ആ നേട്ടത്തിന്‌ ലഭിച്ച വാര്‍ത്താ പ്രാധാന്യത്തില്‍ മന്ത്രിയിലെ രാഷ്ട്രീയക്കാരന്‍ ഉണരുകയായിരുന്നു. അടിയന്തിരമായി എന്തെങ്കിലും ചെയ്‌താല്‍ വാര്‍ത്തയില്‍ നിറയാം എന്ന സത്യത്തില്‍ നിന്നുമായിരുന്നു ആ വാര്‍ത്താ സമ്മേളനം. ബ്രേക്കിംഗ്‌ ന്യൂസ്‌ പോലെ തൊടുപുഴയിലെ അക്കാദമി വാര്‍ത്തകളിലെത്തി. പിന്നെ അതിനെപ്പറ്റി ഒന്നും മന്ത്രി പറഞ്ഞില്ല, ആരും അന്വേഷിച്ചതുമില്ല.
ജസ്‌പാല്‍ റാണയെയും മന്‍ഷേര്‍ സിംഗിനെയും അഭിനവ്‌ ബിന്ദ്രയെയും അഞ്‌ജലി ഭാഗവതിനെയുമെല്ലാം ഉന്നം പഠിപ്പിച്ചയാള്‍ മലയാളിയായ സണ്ണി ജോസഫാണ്‌. അദ്ദേഹത്തെ ഒന്നാദരിക്കന്‍ കേരളക്കര ഭരിച്ചവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. സണ്ണിയെ ദ്രോണാചാര്യയാക്കിയതും ഇന്ത്യന്‍ ഷൂട്ടിംഗിലെ തലതൊട്ടപ്പനാക്കിയതും ഉത്തരേന്ത്യക്കാരായ സംഘാടകരും താരങ്ങളുമാണ്‌. നമുക്ക്‌ അതില്‍ ഒരു പങ്കുമില്ല. ഏഷ്യന്‍ ഗെയിംസോ, ഒളിംപിക്‌്‌സോ, കോമണ്‍വെല്‍ത്ത്‌്‌ ഗെയിംസോ നടക്കുമ്പോള്‍ മാധ്യമങ്ങളില്‍ മാത്രം നിറയുന്ന പ്രതിഭാസമാണ്‌ നമുക്‌ സണ്ണി ജോസഫ്‌. മന്ത്രി പറഞ്ഞ ആസുത്രണമില്ലായ്‌മയുടെ ഒന്നാം നമ്പര്‍ തെളിവാണ്‌ സണ്ണി. ഉന്നതനായ ഒരു പരിശീലകന്‍ സ്വന്തം നാട്ടില്‍ നില്‍ക്കവെ ഒരു അക്കാദമിയെക്കുറിച്ച്‌ പ്രഖ്യാപനം നടത്താന്‍ ബിന്ദ്രയുടെ സ്വര്‍ണ്ണം വേണ്ടിവന്നു.
അദ്ദേഹത്തെ ഉപയോഗപ്പെടുത്താന്‍ നമ്മുടെ കായിക ഭരണാധികാരികള്‍ക്ക്‌ സമയമില്ല. കാമത്ത്‌ പറഞ്ഞത്‌ പോലെ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ടും സെക്രട്ടറിയുമെല്ലാം ബ്രേക്കിംഗ്‌ വാര്‍ത്തകളുടെ മാത്രം വക്താക്കളാണ്‌. ബെയ്‌ജിംഗില്‍ ഒളിംപിക്‌സ്‌ നടന്നപ്പോള്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധികളായി മൂന്ന്‌ പേര്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനെ പ്രതിനിധീകരിച്ച്‌ ചൈനയിലേക്ക്‌ പോയി. (മന്ത്രി വിജയകുമാര്‍ പോവാതിരുന്നത്‌ ഭാഗ്യമായി. നന്ദി കേന്ദ്രസര്‍ക്കാരിന്‌) ഈ മൂന്ന്‌ പേരെയും കേരളക്കരയില്‍ നിന്ന്‌ ഒളിംപിക്‌്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ പോലും ബെയ്‌ജിംഗില്‍ കണ്ടില്ല ഒരു ദിവസം മാത്രമാണത്രെ ഇവര്‍ ഒളിംപിക്‌സ്‌ മല്‍സരങ്ങള്‍ കാണാനുണ്ടായിരുന്നത്‌. മല്‍സരങ്ങള്‍ കാണാനല്ല, ചൈനയിലെ കായികസൗകര്യങ്ങള്‍ നിരീക്ഷിക്കാനും ആ സൗകര്യങ്ങള്‍ ഇവിടെ നടപ്പിലാക്കാനുമാണ്‌ പോവുന്നതെന്ന്‌ സ്‌പോര്‍ട്‌്‌്‌സ്‌ കൗണ്‍സിലിന്റെ മഹാനായ പ്രസിഡണ്ട്‌ ടി.പി ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചൈനയില്‍ നിറയെ സ്‌പോര്‍ട്‌സ്‌ സ്‌ക്കൂളുകളാണ്‌. സ്‌പോര്‍ട്‌സ്‌ അക്കാദമികളും ധാരാളം. പക്ഷേ നമ്മുടെ പ്രതിനിധികള്‍ ഒരു സ്‌ക്കൂളിലോ അക്കാദമിയിലോ എത്തിയില്ല. അക്കാദമികളില്‍ എത്തണമെങ്കില്‍ ആ വഴികളിലൂടെ സഞ്ചരിക്കണം. നമ്മുടെ സ്‌പോര്‍ട്‌സ്‌ സ്‌ക്കൂളില്‍ ഓടിക്കയറുന്നത്‌ പോലെ എളുപ്പം നടക്കില്ല. ആദ്യം അധികാരികളില്‍ നിന്ന്‌ അനുമതി തേടണം. അക്കാദമികള്‍ നിരീക്ഷിക്കാന്‍ മാത്രം യോഗ്യരാണ്‌ ഇവരെന്ന്‌ തെളിയിക്കണം. നമ്മുടെ ദാസനും തങ്കപ്പനും നാടുകാണാനുളള യോഗ്യതയുണ്ടായിരുന്നു. അവരത്‌ ഭംഗിയായി നിര്‍വഹിച്ചു. അവര്‍ സിംഗപ്പൂരിലും തായ്‌ലാന്‍ഡിലുമെല്ലാം ഷോപ്പിംഗിലായിരുന്നു. ബെയ്‌ജിംഗിലേക്ക്‌ പോവാനും കാര്യങ്ങള്‍ പഠിക്കാനും യോഗ്യതയുളളവരായി പി.ടി ഉഷയെ പോലുളളവര്‍ ഇവിടെയുണ്ടായിരുന്നു. നാളെയുടെ കായിക ഇന്ത്യയുടെ അഭിമാനമായി വളരാന്‍ പോവുന്ന ഉഷ സ്‌്‌ക്കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സില്‍ നടപ്പിലാക്കേണ്ട അത്യാധുനിക സൗകര്യങ്ങളെക്കുറിച്ച്‌ അറിയാനും പഠിക്കാനും ഉഷക്ക്‌ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ദാസനും സംഘവുമെല്ലാം സ്വയാസുത്രണത്തിന്റെ വക്താക്കളായി ഷോപ്പിംഗ്‌ നടത്തി. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ പ്രതിനിധികളായി നൂറോളം പേര്‍ ബെയ്‌ജിംഗിലുണ്ടായിരുന്നു. ആ നൂറംഗ സംഘത്തില്‍ പോലും ഉഷയെ പോലുളളവര്‍ക്ക്‌ ബെര്‍ത്ത്‌ ലഭിച്ചില്ല. സുരേഷ്‌ കല്‍മാഡി തനക്കിഷ്ടപ്പെട്ടവരെ തിരുകിക്കയറ്റി, ബെയ്‌ജിംഗിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ദിവസങ്ങളോളം വാടകകെടുത്ത്‌ രാജകീയമായി വാണു. ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്ററായ ദുരദര്‍ശനിലൂടെ ബെയ്‌ജിംഗില്‍ നിന്ന്‌്‌ കല്‍മാഡിയും രണ്‍ധീര്‍ സിംഗും ലളിത്‌ ഭാനോട്ടും വീരാസാഹസികങ്ങള്‍ ദിനേന വിവരിച്ചപ്പോള്‍ എല്ലാം ദൂരദര്‍ശനിലായത്‌ കൊണ്ട്‌്‌ പാവം ജനതക്ക്‌ കേള്‍്‌ക്കേണ്ടി വന്നില്ല. (ഇവിടെ ആസുത്രണമുണ്ടായിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലവനായ പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷി വാര്‍ത്താവിതരണ മന്ത്രി. വാര്‍ത്താ വിനിമയ വകുപ്പിന്റെതാണല്ലോ പ്രസാര്‍ ഭാരതി. കോണ്‍ഗ്രസ്സുകാരായ മുന്‍ഷിയും കല്‍മാഡിയും പരസ്‌പരാസുത്രണം ഭംഗിയായി നടപ്പിലാക്കി. ഇപ്പോള്‍ പൂനെയില്‍ നടക്കുന്ന യൂത്ത്‌ ഗെയിംസിലെ കാഴ്‌ച്ചകള്‍ പോലെ)
വിജയകുമാര്‍ മന്ത്രിയായത്‌ മുതല്‍ പ്രസ്‌താവനകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും കുറവില്ല. മലപ്പുറത്തെ അരീക്കോട്ട്‌്‌ ഫുട്‌ബോള്‍ അക്കാദമി, കോഴിക്കോട്ട്‌്‌്‌ ക്രിക്കറ്റ്‌ അക്കാദമി തുടങ്ങി അദ്ദേഹം അക്കാദമികളുടെ സ്വന്തം വക്താവായിരുന്നു. പക്ഷേ ഫുട്‌ബോള്‍ അക്കാദമിയും ക്രിക്കറ്റ്‌ അക്കാദമിയും ഇന്നും കടലാസില്‍ തന്നെ.( ഇവിടെ നമ്മുടെ കേരളാ ക്രിക്കറ്റ്‌ അസോസിയേഷനെ ഭരിക്കുന്ന ടി.സി മാത്യൂവിനെ സമ്മതിക്കണം. ലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പോക്കറ്റിലേക്ക്‌ മറിഞ്ഞെങ്കിലും സമീപഭാവിയില്‍ തന്നെ അല്‍പ്പം ക്രിക്കറ്റ്‌ മൈതാനങ്ങള്‍ നമുക്ക്‌ സ്വന്തമാവും. ക്രിക്കറ്റ്‌ കള്ളക്കളിയിലെ വാളയാര്‍ സത്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമ പ്രവര്‍ത്തകരെ കൊല വിളിച്ച്‌ പത്രസമ്മേളനം നടത്തിയ മാത്യു അടുത്ത ദിവസം തന്നെ മാപ്പ്‌്‌ പ്രസ്‌താവനയുമായി രംഗത്ത്‌ വന്ന്‌ ആസുത്രണ ബോധവും തെളിയിച്ചിരുന്നു) മന്ത്രിയടെ പാര്‍ട്ടി ഭരിക്കുന്ന കോഴിക്കോട്‌ കോര്‍പ്പറേഷന്‌ സ്വന്തമായി ഒരു സ്‌റ്റേഡിയമുണ്ട്‌. അതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്‌....? ഫ്‌ളഡ്‌ലിറ്റ്‌്‌ സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന്‌ പറഞ്ഞ്‌ സ്‌റ്റേഡിയത്തിന്റെ മുറ്റത്ത്‌ രണ്ട്‌ ഇരുമ്പ്‌ദണ്ഡ്‌ നാട്ടിയിട്ട്‌ മാസങ്ങളായി. അതങ്ങനെ തന്നെ കിടക്കുന്നു. ( ഫ്‌ള്‌ഡലിറ്റ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നടന്നത്‌ സ്‌റ്റേഡിയം പരിസരത്തായിരുന്നു. കോര്‍പ്പറേഷനിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും ചടങ്ങിന്‌്‌ സാക്ഷി. അവര്‍ക്കെല്ലാം ചുവന്ന നിറത്തിലുളള ലഡു ലഭിച്ചിരുന്നു. അത്‌ തന്നെ ലാഭം). തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും കണ്ണൂരിലെ ജവഹര്‍ സ്‌റ്റേഡിയവും കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയവുമെല്ലാം പിടിപ്പുകേടിന്റെ നിത്യസ്‌മാരകങ്ങളായി നിലനില്‍ക്കുന്നു. മഹാരാജാസ്‌ കോളജ്‌ മൈതാനിയില്‍ സിന്തറ്റിക്‌ സംവിധാനം ഒരുക്കിയത്‌ കാണാതിരിക്കുന്നില്ല. കൊച്ചിയില്‍ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റ്‌്‌്‌ നടന്നപ്പോള്‍ സിന്തറ്റിക്‌ പ്രൗഡി നാം കണ്ടതാണ്‌. ഇനിയിപ്പോള്‍ ദേശീയ ഗെയിംസ്‌ കേരളത്തില്‍ നടക്കാന്‍ പോവുന്നു. ഈ വര്‍ഷത്തെ ഗെയിംസ്‌ താര്‍ഖണ്ഡിലാണ്‌. അതിന്‌ ശേഷമാണ്‌ മഹാമേള കേരളത്തില്‍ വരുന്നത്‌. സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ബാക്കിയെല്ലാം കടലാസിലായിരിക്കും.
സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളില്‍ ഇലക്ഷന്‍ സമയാണിപ്പോള്‍. ഇത്‌ വരെ കൗണ്‍സിലിന്റെ ചെയര്‍മാന്മാര്‍ ജില്ലാ കലക്ടര്‍മാരായിരുന്നു. പുതിയ ഭേദഗതിയില്‍ ചെയര്‍മാന്‍ഷിപ്പും രാഷ്ട്രിയക്കാര്‍ക്കാണ്‌ നല്‍കുന്നത്‌. അപ്പോള്‍ പിന്നെ പറയാനില്ല. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സ്‌പോര്‍ട്‌സ്‌ കമ്മീഷന്‍ എല്ലാ ജില്ലകളിലും രാജകീയ സിറ്റിംഗ്‌ നടത്തി. എല്ലാവരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി. കായികസംഘാടകരെല്ലാം മല്‍സരിച്ച്‌ അഭിപ്രായങ്ങള്‍ കമ്മീഷനല്‍ അടിച്ചേല്‍പ്പിച്ചു. ഉത്തരേന്ത്യക്കാരനായ കമ്മീഷണര്‍ നമ്മുടെ സംഘാടകരുടെ മലയാളവും ആവശ്യങ്ങളും തലകുലുക്കി സമ്മതിക്കുമ്പോള്‍ തന്നെ കമ്മീഷന്റെ ഭാവി വ്യക്തമായിരുന്നു.
ആസുത്രണം ഇങ്ങനെയെല്ലാം നീങ്ങുമ്പോള്‍ ഒരു കായിക ദിനാചരണത്തില്‍ എന്ത്‌ കാര്യം...? ഇത്‌ വരെ നമ്മുടെ കായികദിനം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്‌റ്റ്‌ 29 നായിരുന്നു. അതിനൊരു മാറ്റമായി ജി.വി രാജയുടെ ജന്മദിനം കായികദിനമായിരിക്കുന്നു. ഈ മാറ്റം തന്നെ ഒരു ആസുത്രണവും ഇല്ലാതെയാണ്‌. പക്ഷേ ജി.വി രാജയെ ഓര്‍മിക്കാന്‍ ഈ ദിനം സഹായകമാവുമെന്ന കാര്യത്തില്‍ സംശയമില്ല. അത്‌ തന്നെ വലിയ നേട്ടം. ഇങ്ങനെയുള്ള ദിവസങ്ങളില്‍ അല്‍പ്പം കായികചിന്തകളെങ്കിലും നടക്കുമല്ലോ.....!