Thursday, October 23, 2008

FREE MALIK

സലീം മാലിക്‌ വിലക്ക്‌ നീക്കി
കറാച്ചി:പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റന്‍ സലീം മാലിക്കിനെതിരെ പന്തയക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രഖ്യാപിച്ച വിലക്ക്‌ കോടതി റദ്ദാക്കി. പന്തയവിവാദത്തില്‍ മാലിക്‌ പ്രതിയാണെന്ന ആരോപണം വരുകയും അദ്ദേഹത്തിനെതിരെ ജസ്‌റ്റിസ്‌ മാലിക്‌ മുഹമ്മദ്‌ ഖയ്യൂം കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാലിക്‌ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ 2000 ത്തിലാണ്‌ പി.സി.ബി ആജീവനാന്ത വിലക്ക്‌ പ്രഖ്യാപിച്ചത്‌. വിലക്കിനെതിരെ മാലിക്‌ നല്‍കിയ കേസിലാണ്‌ ഇന്നലെ കോടതി വിധി വന്നിരിക്കുന്നത്‌. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാലിക്കിന്‌ സജീവ ക്രിക്കറ്റില്‍ തുടാരാനാവും. വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന്‌ പി.സി.ബി വ്യക്തമാക്കിയിട്ടുമുണ്ട്‌. യുവതാരങ്ങളെ വളര്‍ത്താനായി പുതിയ ക്രിക്കറ്റ്‌ അക്കാദമി സ്ഥാപിക്കുമെന്ന്‌്‌ കോടതി വിധിക്ക്‌ ശേഷം ആഹ്ലാദവാനായി കണ്ട മാലിക്‌ പറഞ്ഞു.
1994-95 സീസണില്‍ ഓസ്‌ട്രേലിയന്‍ ടീം പാക്കിസ്‌താന്‍ പര്യടനം നടത്തിയപ്പോള്‍ കറാച്ചി ടെസ്‌റ്റിന്‌ മുമ്പ്‌ ഓസീസ്‌ താരങ്ങളായ മാര്‍ക്ക്‌ വോ, ഷെയിന്‍ വോണ്‍ എന്നിവര്‍ക്ക്‌ കൈക്കൂലി മാലിക്‌്‌ വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നാണ്‌ ജസ്‌റ്റിസ്‌ ഖയ്യൂം കമ്മീഷന്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന്‌ മാലിക്‌ ആവര്‍ത്തിച്ചിട്ടും അന്വേഷണ കമ്മീഷന്‍ വഴങ്ങിയില്ല. തുടര്‍ന്ന്‌ സെഷന്‍സ്‌ കോടതിയെ മാലിക്‌ സമീപിച്ചു. അവിടെ നിന്ന്‌ കേസ്‌ തളളപ്പെട്ടപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി കേസ്‌ വീണ്ടും കീഴ്‌ കോടതിയിലേക്ക്‌ വിട്ടു. കീഴ്‌കോടതിയാണ്‌ ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്‌.
കോടതി വിധിയില്‍ അതിയായ സന്തോഷമുണ്ടെങ്കിലും ഇല്ലാത്ത ആരോപണമുന്നയിച്ച്‌ തന്റെ വിലപ്പെട്ട വര്‍ഷങ്ങളാണ്‌ ചിലര്‍ ചേര്‍ന്ന്‌ ഇല്ലാതാക്കിയതെന്ന്‌ മാലിക്‌ പറഞ്ഞു. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ക്രിക്കറ്റിനെക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ പോലും എനിക്ക്‌ അനുവാദമുണ്ടായിരുന്നില്ല-പാക്കിസ്‌താന്‌ വേണ്ടി 103 ടെസ്റ്റുകളും 283 ഏകദിനങ്ങളും കളിച്ച താരം പറഞ്ഞു. പതിനെട്ടാം വയസ്സില്‍ രാജ്യത്തിനായി അരങ്ങേറ്റം നടത്തിയ മാലിക്‌ 1992 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ഇമ്രാന്‍ഖാന്റെ പാക്കിസ്‌താന്‍ സംഘത്തില്‍ അംഗമായിരുന്നു. 1993 ലാണ്‌ അദ്ദേഹം രാജ്യത്തിന്റെ നായകനായത്‌. എന്നാല്‍ 95 ല്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തയവിവാദത്തില്‍ മാലിക്കിന്റെ പേരും ഉയര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ നായകനായിരുന്ന ഹാന്‍സെ ക്രോണിയ ഒന്നാം പ്രതിയായ പന്തയവിവാദത്തില്‍ വിവിധ രാജ്യങ്ങള്‍ അന്വേഷണ കമ്മീഷനെ വെച്ചപ്പോള്‍ പാക്കിസ്‌താനില്‍ ചുമതല ജസ്‌റ്റിസ്‌ ഖയ്യൂം കമ്മീഷനായിരുന്നു. ഈ കമ്മീഷന്റെ മാസങ്ങള്‍ ദീര്‍ഘിച്ച തെളിവെടുപ്പും വാദപ്രതിവാദങ്ങളും കഴിഞ്ഞപ്പോള്‍ മാലിക്കിനും അതാവുര്‍ റഹ്‌മാനുമെല്ലാം വിലക്ക്‌ കല്‍പ്പിക്കുകയായിരുന്നു.

മാലിക്കിന്‌ കപിലിന്റെ ക്ഷണം
ന്യൂഡല്‍ഹി: പന്തയ വിവാദകേസില്‍ പ്രതിയായി ഏഴ്‌ വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കപ്പെട്ട പാക്കിസ്‌താന്‍ മുന്‍ ക്യാപ്‌റ്റന്‍ സലീം മാലിക്കിന്റെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ ചെയര്‍മാന്‍ കപില്‍ദേവിന്റെ ക്ഷണം. ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിക്കാന്‍ പക്ഷേ 47 കാരനായ മാലിക്കിന്‌ കഴിയുമോ എന്നത്‌ സംശയകരമാണ്‌. കപിലിന്റെ ക്ഷണം സ്ഥീരികരിച്ച മാലിക്‌ തനിക്ക്‌ കളിക്കാന്‍ കഴിയുന്ന കാര്യം സംശയമാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി ഞാന്‍ കളിച്ചിട്ട്‌. അതിനാല്‍ തന്നെ പെട്ടെന്ന്‌ ഒരു ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക എളുപ്പമല്ലെന്നും വെറ്ററന്‍ താരം പറഞ്ഞു.

റഹ്‌മാന്‌ ശേഷം മാലിക്‌
ലാഹോര്‍: ക്രിക്കറ്റിലെ പന്തയവിവാദം ഏറെ ബാധിച്ചത്‌ പാക്കിസ്‌താനെയായിരുന്നു. രാജ്യത്തെ പല പ്രമുഖ താരങ്ങളും ആരോപണവിധേയരായപ്പോള്‍ ഒരു വേള രാജ്യത്ത്‌്‌ ക്രിക്കറ്റ്‌ തന്നെ ഇല്ലാതാകുമെന്ന അവസ്ഥയായിരുന്നു. വസീം അക്രം, വഖാര്‍ യൂനസ്‌ , മുഷ്‌താഖ്‌ അഹ്‌മ്മദ്‌, സയദ്‌ അന്‍വര്‍, ഇജാസ്‌ അഹമ്മദ്‌, സഖ്‌ലൈന്‍ മുഷ്‌ത്താഖ്‌, സലീം മാലിക്‌, അതാവുര്‍ റഹ്‌മാന്‍ എന്നിവരെല്ലാം പ്രതിക്കൂട്ടിലായിരുന്നു. ഇവരില്‍ മാലിക്കും റഹ്‌മാനുമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. എന്നാല്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ അതാവുര്‍ റഹ്‌മാനെതിരായ വിലക്ക്‌ നീക്കിയിരുന്നു.

അസ്‌ഹറിന്റെ കേസ്‌
മുംബൈ: 2000 ത്തില്‍ ലോക ക്രിക്കറ്റിനെ പിടിച്ചുലച്ച പന്തയ വിവാദകേസില്‍ ആരോപണ വിധേയരായവരില്‍ പലരും കുറ്റവിമുക്തരാക്കപ്പെട്ടിട്ടും ഇന്ത്യന്‍ താരങ്ങളില്‍ പലരും ഇപ്പോഴും പ്രതിക്കൂട്ടില്‍ തന്നെ.
മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, മനോജ്‌ പ്രഭാകര്‍, അജയ്യ്‌ ശര്‍മ, അജയ്‌ ജഡേജ എന്നിവരില്‍ ജഡേജ മാത്രമാണ്‌ പീഡനത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. പാക്കിസ്‌താനില്‍ സലീം മാലിക്‌, അതാവുര്‍ റഹ്‌മാന്‍, വസീം അക്രം, മുഷ്‌ത്താഖ്‌ അഹമ്മദ്‌, സയദ്‌ അന്‍വര്‍ തുടങ്ങിയവരെല്ലാം ആരോപണവിധേയരായിരുന്നു. ഇവരില്‍ അക്രവും അന്‍വറും മുഷ്‌ത്താഖും നേരത്തെ മോചിതരായി. അതാവുര്‍ റഹ്‌മാനും മാലിക്കിനുമാണ്‌ ആജീവനാന്ത വിലക്ക്‌ നല്‍കിയത്‌. ഇപ്പോള്‍ ഈ രണ്ട്‌ പേരും മോചിതരായിരിക്കുന്നു. വിന്‍ഡീസി ക്രിക്കറ്റ്‌ ഇതിഹാസം ബ്രയന്‍ ചാള്‍സ്‌ ലാറക്കെതിരെ ചിലര്‍ വിരല്‍ ചൂണ്ടിയതാണ്‌. പക്ഷേ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടപടികള്‍ക്ക്‌ മുതിര്‍ന്നില്ല. ഇംഗ്ലണ്ടിന്റെ ക്യാപ്‌റ്റനും വിക്കറ്റ്‌ കീപ്പറുമായിരുന്ന അലക്‌സ്‌ സ്റ്റ്യൂവര്‍ട്ട്‌ ആരോപണവിധേയനായിട്ടും ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നടപടികള്‍ക്ക്‌ മുതിര്‍ന്നില്ല. ദക്ഷിണാഫ്രിക്കയില്‍ ഹാന്‍സെ ക്രോണിയക്കൊപ്പം ഹര്‍ഷല്‍ ഗിബ്‌സ്‌, നിക്കി ബോയെ എന്നിവരും പ്രതികൂട്ടിലായിരുന്നു. ക്രോണിയ കുറ്റം സമ്മതിച്ചതിന്‌ ശേഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബോയെയില്‍ നിന്നും പിഴ ഈടാക്കി. ഗിബ്‌സിനെതിരെ ഇപ്പോഴും കേസുണ്ട്‌.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിലെ രാഷ്‌ട്രീയമാണ്‌ അസ്‌ഹറിനെ പോലുളളവരെ ഇപ്പോഴും സംശയത്തിന്റെ കൂട്ടില്‍ നിര്‍ത്തുന്നത്‌. ഏ.സി മുത്തയ്യ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാനായിരുന്ന കാലത്താണ്‌ അസ്‌ഹര്‍, ശര്‍മ, പ്രഭാകര്‍ എന്നിവര്‍ക്കെതിരെ ആജീവനാന്ത വിലക്കു വന്നത്‌. പന്തയ വിവാദത്തില്‍ നിന്നും ക്രിക്കറ്റ്‌ ബോര്‍ഡിന്‌ രക്ഷപ്പെടാന്‍ ചിലരെ ബലിയാടാക്കുകയായിരുന്നു മുത്തയ്യ.
പന്തയ വിവാദം അന്വേഷിച്ച സി.ബി.ഐ അസ്‌ഹറിനെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണംം നടത്തിയത്‌. സംഭവത്തില്‍ അസ്‌ഹര്‍ നല്‍കിയ കേസില്‍ ഇത്‌ വരെ ഹൈദരാബാദ്‌ കോടതിയുടെ വിധി വന്നിട്ടില്ല. വിലക്കിന്‌ ശേഷം പല തലത്തിലൂം അദ്ദഹം പീഡിക്കപ്പെട്ടു. നൂറ്റാണ്ടിന്റെ താരമാവാനുളള നോമിനേഷന്‍ ലഭിച്ചിട്ടും ആരും അംഗീകരിക്കാന്‍ തയ്യാറായില്ല. അസ്‌ഹറിന്റെ സമകാലികരായ പല താരങ്ങളും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരിക്കപ്പെട്ടിട്ടും വിവേചനം തുടര്‍ന്നു. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു.
ശരത്‌ പവാര്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തലവനായപ്പോള്‍ അദ്ദേഹത്തിന്റെ അണിയിലുണ്ടായിരുന്ന മുന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ രാജ്‌സിംഗ്‌ ദുംഗാര്‍പ്പൂരിന്റെ പിന്തുണയില്‍ അസ്‌ഹറിന്‌ മോചനം നല്‍കാന്‍ ശ്രമമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഇന്ത്യയുടെ ക്രിക്കറ്റ്‌ നായകരെ ആദരിച്ച ചടങ്ങില്‍ അസ്‌ഹറിനും ഇടം കിട്ടി. പക്ഷേ കേസ്‌്‌ ഇപ്പോഴും കോടതിയിലുണ്ട്‌. ക്രിക്കറ്റ്‌്‌ ബോര്‍ഡിന്‌ അസ്‌ഹറിനോടുളള സമീപനത്തില്‍ മാറ്റം വന്നു, വിലക്ക്‌ നീക്കാന്‍ ധാരണയായി. പക്ഷേ ഐ.സി.സി ഈ കാര്യത്തില്‍ നിലപാട്‌ മാറ്റിയിട്ടില്ല. ആജീവനാന്ത വിലക്ക്‌ നീക്കാന്‍ തങ്ങള്‍ക്ക്‌ മാത്രമാണ്‌ അവകാശമെന്നാണ്‌ അവരുടെ നിലപാട്‌.
അജയ്‌ ജഡേജക്ക്‌ അഞ്ച്‌ വര്‍ഷമാണ്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നത്‌. രാഷ്‌ട്രീയ സമ്മര്‍്‌ദ്ദത്തില്‍ ജഡേജ കാലാവധി പൂര്‍ത്തിയാക്കും മുമ്പ്‌ മോചിതനാവുകയും രഞ്‌ജി ക്രിക്കറ്റ്‌ കളിക്കുകയും ചെയ്‌തു. ഇപ്പോള്‍ ടെലിവിഷന്‍ കമന്റേ്‌റ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. അസ്‌ഹറിനെ കളി പറയാന്‍ പോലും അനുവദിക്കരുതെന്നാണ്‌ ചിലരുടെ നിലപാട്‌. ഹൈദരാബാദില്‍ സ്വന്തമായി നടത്തുന്ന ജിംനേഷ്യമാണ്‌ ഇപ്പോള്‍ മുന്‍ ക്യാപ്‌റ്റന്റെ ലാവണം.
അസ്‌ഹറിന്റെ പുത്രന്മാരായ അയാസുദ്ദിനും അസീസുദ്ദിനും ക്രിക്കറ്റര്‍മാരാണ്‌. 1984 ഡിസംബര്‍ 31ന്‌ ഇംഗ്ലണ്ട
ിനെതിരായ ടെസ്റ്റിലൂടെയാണ്‌ അസ്‌ഹര്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്‌. ആദ്യ മൂന്ന്‌ ടെസ്റ്റിലും സെഞ്ച്വറി സ്വന്തമാക്കി അദ്ദേഹം സൃഷ്‌ടിച്ച ലോക റെക്കോര്‍ഡ്‌ ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. 99 ടെസ്‌റ്റുകളിലാണ്‌ അദ്ദേഹം കളിച്ചത്‌, 2000 മാര്‍ച്ച്‌ രണ്ടിന്‌ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്‌. രാജ്യത്തിനായി 100 ടെസ്റ്റ്‌ മല്‍സരങ്ങള്‍ കളിക്കാന്‍ മോഹിച്ച താരത്തിന്‌ പന്തയവിവാദം ഇരുട്ടടിയായി. 22 ടെസ്‌റ്റ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ അസ്‌ഹര്‍ ഏകദിന ക്രിക്കറ്റില്‍ ഏഴ്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. മൂന്ന്‌ ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച അസ്‌ഹര്‍ രാജ്യത്തന്‌ 103 ഏകദിന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. ഈ റെക്കോര്‍ഡ്‌ തകര്‍ക്കപ്പെട്ടിട്ടില്ല.
സലീം മാല്‌്‌കിനെത ഇന്നലെ കോടതി വെറുതെ വിട്ടപ്പോള്‍ അസ്‌ഹറും പ്രതീക്ഷയിലാണ്‌.

മല്‍സരഫലങ്ങള്‍
അത്‌ലറ്റികോ മാഡ്രിഡ്‌ 1- ലിവര്‍പൂള്‍ 1
ബേസില്‍ 0- ബാര്‍സിലോണ 5
ബോറോഡോക്‌സ്‌ 1-സി.എഫ്‌.ആര്‍ ക്ലൂജ്‌ 0
ചെല്‍സി 1- റോമ 0
ഇന്റര്‍ മിലാന്‍ 1- ഫമഗുസ്റ്റ 0
പി.എസ്‌.വി 2- മാര്‍സലി 0
പനാത്തിനായിക്കോസ്‌ 2- വെര്‍ഡര്‍ ബ്രെഹ്മന്‍ 2
ഷാക്തര്‍ ഡോണ്‍സ്‌റ്റക്‌ 0-സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണ്‍ 1
ബാര്‍സ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ബാര്‍സിലോണ മുന്നോട്ട്‌. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നുള്ള ബേസിലിനെ അഞ്ച്‌ ഗോളിന്‌ ബാര്‍സ തരിപ്പണമാക്കിയപ്പോള്‍ തുല്യശക്തികളുടെ അങ്കത്തില്‍ ചെല്‍സി ഒരു ഗോളിന്‌ റോമയെ വീഴ്‌ത്തി. സ്‌പെയിനില്‍ നിന്നുളള അത്‌ലറ്റികോ മാഡ്രിഡ്‌ ശക്തരായ ലിവര്‍പൂളിനെ 1-1 ല്‍ തളച്ച്‌ വിലപ്പെട്ട പോയിന്റ്‌ പങ്കിട്ടു. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ഒരു ഗോളിന്‌ ഫമഗുസ്റ്റയെ വീഴ്‌ത്തിയപ്പോള്‍ പി.എസ്‌.വി ഐന്തോവാന്‍ രണ്ട്‌ ഗോളിന്‌ മാര്‍സലിയെയും സ്‌പോര്‍്‌ട്ടിംഗ്‌ ലിസ്‌ബണ്‍ ഒരു ഗോളിന്‌ ഷാക്തര്‍ ഡോണ്‍സ്‌റ്റക്കിനെ പരാജയപ്പെടുത്തി. പനാത്തിനായിക്കോസും വെര്‍ഡര്‍ ബ്രെഹ്മനും തമ്മിലുളള മല്‍സരം 2-2 ല്‍ അവസാനിച്ചു.
ഗ്രൂപ്പ്‌ സിയില്‍ സ്വിസ്‌ ടീമിനെതിരെ ഏകപക്ഷീയ വിജയമാണ്‌ ബാര്‍സ ആഘോഷമാക്കിയത്‌. പ്രാഥമിക ലീഗില്‍ കളിച്ച മൂന്ന്‌ മല്‍സരങ്ങളിലും വിജയം സ്വന്തമാക്കിയ ടീം ഇന്നലെ ആദ്യ നാല്‍പ്പത്തിയെട്ട്‌ മിനുട്ടില്‍ തന്നെ അഞ്ച്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തിരുന്നു. ഇതില്‍ രണ്ട്‌ ഗോളുകള്‍ സ്‌പാനിഷ്‌ താരം ബോജാന്‍ കിര്‍ക്കിന്റെ ബൂട്ടില്‍ നിന്നായിരുന്നു. പ്രീമിയര്‍ ലീഗില്‍ ഈയാഴ്‌ച്ച ലിവര്‍പൂളിനെ നേരിടാനുളള ചെല്‍സി കരുതലോടെയാണ്‌ റോമയെ എതിരിട്ടത്‌. ഫ്രാന്‍സിസ്‌ക്കോ ടോട്ടി എന്ന വെറ്ററന്‍ താരത്തിന്റെ പിന്‍ബലത്തില്‍ കളിച്ച റോമ ആദ്യ പകുതിയില്‍ അപകടകരമായി കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ ആ സാഹസത്തിന്‌ മുതിര്‍ന്നില്ല. സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ലോംഗ്‌ വിസിലിന്‌ 12 മിനുട്ട്‌ മുമ്പ്‌ ഫ്രാങ്ക്‌ ലംപാര്‍ഡ്‌ പായിച്ച കോര്‍ണറില്‍ നിന്ന്‌ ക്യാപ്‌റ്റന്‍ ജോണ്‍ ടെറി നീലപ്പടയുടെ വിജയം ഉറപ്പാക്കി. വിജയത്തോടെ ഗ്രൂപ്പ്‌ എ യില്‍ ചെല്‍സി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗ്രൂപ്പിലെ മറ്റൊരു മല്‍രത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ബോറോഡോക്‌സ്‌ ഏക ഗോളിന്‌ ക്ലൂജിനെ വീഴ്‌ത്തി.
ബി ഗ്രൂപ്പില്‍ സൂപ്പര്‍ താരങ്ങളുമായി കളിച്ച ഇന്റര്‍ മിലാന്‌ വേണ്ടി ബ്രസീലുകാരന്‍ അഡ്രിയാനോയാണ്‌ ഗോള്‍ നേടിയത്‌. ഫമഗൂസ്‌റ്റ പ്രതിരോധത്തില്‍ ജാഗ്രത പുലര്‍ത്തിയപ്പോള്‍ സ്വീഡിഷ്‌ മുന്‍നിരക്കാന്‍ ഇബ്രാഹീമോവിച്ചിന്റെ ക്രോസ്‌്‌ ഉപയോഗപ്പെടുത്തിയാണ്‌ അഡ്രിയാനോ മല്‍സരത്തിലെ ഏക ഗോള്‍ സ്വന്തമാക്കിയത്‌. ഗ്രീസില്‍ നിന്നുളള പനാത്തിനായിക്കോസും ജര്‍മനിയിലെ വെര്‍ഡര്‍ ബ്രെഹ്മനും തമ്മിലുളള പോരാട്ടം ആവേശകരമായിരുന്നു. തുടക്കത്തില്‍ തന്നെ ജര്‍മന്‍കാരാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. എന്നാല്‍ ഗ്രീസുകാര്‍ തിരിച്ചടി തുടങ്ങിയപ്പോള്‍ ബ്രെഹ്മന്‍ നിര പതറി.
ഡി ഗ്രൂപ്പില്‍ ലിവര്‍പൂള്‍-അത്‌ലറ്റികോ മാഡ്രിഡ്‌ മല്‍സരമായിരുന്നു ആവേശം പകര്‍ന്നത്‌. ക്യാപ്‌റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ്‌ നല്‍കിയ ക്രോസില്‍ റോബീ കീന്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ജാമി കാരഗറുടെ പിഴവില്‍ സിമാവോ സമനില നേടി.

കുംബ്ലെയെ വേണം
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ 29ന്‌ ഡല്‍ഹയിലെ ഫിറോസ്‌്‌ ഷാ കോട്‌്‌ലയില്‍ നടക്കുന്ന ടെസ്‌റ്റിനുളള ആദ്യ ഇലവനിലും പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ ക്യാപ്‌റ്റന്‍ സ്ഥാനത്തും അനില്‍ കുംബ്ലെ നിലനിര്‍ത്തണമെന്ന്‌ സര്‍വെ. സ്‌പോര്‍ട്‌സ്‌ ചന്ദ്രിക നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേരും കുംബ്ലെക്ക്‌ മാന്യമായ യാത്രയയപ്പ്‌ നല്‍കണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. 39 ശതമാനം പേര്‍ അമിത്‌ മിശ്രക്കും മഹേന്ദ്രസിംഗ്‌ ധോണിക്കും വേണ്ടി ഉടന്‍ തന്നെ കുംബ്ലെ വഴിമാറണമെന്നാണ്‌ അഭിപ്രായപ്പെട്ടത്‌. കോളജ്‌ വിദ്യാര്‍ത്ഥികളാണ്‌ ധോണിക്ക്‌ വേണ്ടി കഠിനമായി വാദിച്ചത്‌.

മറഡോണക്ക്‌ നിര്‍ണ്ണായക വോട്ട്‌
ബ്യൂണസ്‌ അയേഴ്‌സ്‌: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌്‌ നോറെ നാകിസ്‌ സ്വന്തം വോട്ട്‌ ഡീഗോ മറഡോണക്ക്‌ സമ്മാനിച്ചതോടെ അര്‍ജന്റീനയുടെ പുതിയ പരിശീലകനായി ഇതിഹാസതാരം മാറാനുളള സാധ്യതയേറി. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ചിലിയോട്‌ പരാജയപ്പെട്ടതിന്‌ പിറകെ ദേശീയ കോച്ച്‌ അല്‍ഫിയോ ബാസില്‍ രാജി നല്‍കിയതോടെ പുതിയ കോച്ചിനായുളള അന്വേഷണത്തിലാണ്‌ അര്‍ജന്റീന. ബൊക്ക ജൂനിയേഴ്‌സിന്റെ മുന്‍ കോച്ച്‌ കാര്‍ലോസ്‌ ബിനാച്ചി, സാന്‍ ലോന്‍ഡസോ ക്ലബിന്റെ കോച്ച്‌ മിഗേല്‍ ആഞ്ചല്‍ റൂസോ, അര്‍ജന്റീനയെ ഒളിംപിക്‌ സ്വര്‍ണ്ണത്തിലേക്ക്‌ നയിച്ച കോച്ച്‌ സെര്‍ജിയോ ബാറ്റിസ്‌റ്റ എന്നിവര്‍ക്കൊപ്പമാണ്‌ മറഡോണയുടെ പേരും ഉയര്‍ന്നത്‌. രാജ്യത്തെ പരിശീലിപ്പിക്കാനുളള താല്‍പ്പര്യം മറഡോണ പരസ്യമായി പ്രകടിപ്പിച്ചതിന്‌ പിറകെയാണ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവന്‍ പിന്തുണ നല്‍കിയിരിക്കുന്നത്‌.
എന്നാല്‍ രാജ്യത്ത്‌ ചില മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ മറഡോണയെക്കാള്‍ മാര്‍ക്ക്‌ ബിനാച്ചിക്കാണ്‌ ലഭിച്ചിരിക്കുന്നത്‌. നാല്‌ തവണ ബൊക്ക ജൂനിയേഴ്‌സിനെ ദേശീയ ലീഗ്‌ കിരീടത്തിലേക്ക്‌ നയിച്ചത്‌ ബിനാച്ചിയാണ്‌. രാജ്യത്തെ ഏറ്റവും മികച്ച സോക്കര്‍ പരിശീലകനും അദ്ദേഹമാണെന്നാണ്‌ ഫുട്‌ബോള്‍ പ്രിയര്‍ പയുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന്‌ ഫെഡറേഷന്‍ യോഗത്തില്‍ ബിനാച്ചിയുടെ പേര്‌ ഉയര്‍ന്നിരുന്നില്ലെന്നാണ്‌ നാകിസ്‌ പറഞ്ഞത്‌. ഈ വാക്കുകളാണ്‌ മറഡോണക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌. പുതിയ കോച്ചിനെ അര്‍ജന്റീന 27 ന്‌ പ്രഖ്യാപിക്കും.

No comments: