Tuesday, June 29, 2010

HERE COMES THE ORANGE

ഡേ-20
മാര്‍ക്ക്‌ മാര്‍വിക്കിന്‌
മറ്റൊരു ക്ലാസിക്‌ പോരാട്ടത്തിന്‌ വഴിതെളിഞ്ഞിരിക്കുന്നു. മഞ്ഞപ്പടയും ഓറഞ്ച്‌ സൈന്യവും നേര്‍ക്കുനേര്‍. ലോകകപ്പ്‌ സമാപനഘട്ടത്തിലേക്ക്‌ നീങ്ങുമ്പോള്‍ ഇനി കാണാനുള്ളതെല്ലാം കനത്ത മല്‍സരങ്ങളാണ്‌. ഇഷ്‌ടടീമുകള്‍ പലതും പുറത്താവും. അര്‍ജന്റീനയും ജര്‍മ്മനിയും തമ്മിലുള്ള സൂപ്പര്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‌ പിറകെയാണ്‌ ലാറ്റിനമേരിക്കയും യൂറോപ്പും തമ്മിലുള്ള വലിയ ബലാബലവേദിയായി ബ്രസീല്‍-ഹോളണ്ട്‌ മല്‍സരം മാറുന്നത്‌. അതിനിടില്‍ നടക്കുന്ന ഉറുഗ്വേ-ഘാന ക്വാര്‍ട്ടറിലും ചിലപ്പോള്‍ തീ പാറിയേക്കും. ലോകകപ്പിന്റെ പതിനെട്ടാം ദിവസത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിരുന്നില്ല. ഹോളണ്ടുകാര്‍ വ്യക്തമായ മാര്‍ജിനില്‍ സ്ലോവാക്യയെയും ബ്രസീല്‍ മികച്ച വിജയവുമായി ചിലിയെയും തോല്‍പ്പിച്ചു. അട്ടിമറികള്‍ക്ക്‌ ആരും കാതോര്‍ത്തിരുന്നില്ല. ഡച്ചുകാരുടെ ഗെയിമായിരുന്നു സവിശേഷം. ലോകകപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സമ്മര്‍ദ്ദത്തിന്റെ ബൂട്ടണിയാന്‍ അവര്‍ തയ്യാറായിരുന്നില്ല. നോര്‍മല്‍ ഗെയിം. മല്‍സരത്തിന്റെ കിക്കോഫ്‌ മുതല്‍ ശ്രദ്ധിച്ചാല്‍ അത്‌ വ്യക്തമാവും. റൂബന്റെ ഗോളില്‍ പോലും ഡച്ചുകാരുടെ ശാന്തതയാണ്‌ പ്രകടമായത്‌. പരുക്ക്‌ കാരണം ലോകകപ്പിലെ ആദ്യ മൂന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ റൂബനെ മാറ്റിനിര്‍ത്തിയത്‌ തന്നെ പരിശീലകനായ ബെര്‍ട്ട്‌ വാന്‍ മര്‍വിക്കിന്റെ ദീര്‍ഘവീക്ഷണമാണ്‌. ആരോഗ്യപരമായി പിറകില്‍ നില്‍ക്കുന്ന സൂപ്പര്‍ താരങ്ങളെ വെറുതെ മൈതാനത്ത്‌ ഇറക്കി തിരിച്ചടി വാങ്ങിയ ഫാബിയോ കാപ്പലോക്ക്‌ പിറകെ പോവാതെ റൂബനെ പോലെ ശക്തനായ താരത്തിന്റെ പൊട്ടന്‍ഷ്യല്‍ മനസ്സിലാക്കി ടീമിനെ തീരുമാനിച്ച മാര്‍വികിന്‌ മാര്‍ക്ക്‌ നല്‍കണം. ലോകകപ്പ്‌ മൈതാനം പബ്ലിസിറ്റി വിപണിയില്ല. സൂപ്പര്‍ താരത്തിന്റെ ഇമേജല്ല മൈതാനത്ത്‌ കാണികളെ ആകര്‍ഷിക്കുന്നത്‌. സുന്ദരമായ മല്‍സരത്തിനാണ്‌ എന്നും പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇംഗ്ലീഷ്‌ ടീമില്‍ വെയിന്‍ റൂണിയെ പോലെ പരുക്കേറ്റ ഒരു താരത്തെ എല്ലാ മല്‍സരത്തിലും കളിപ്പിച്ചത്‌ വഴി കാപ്പലോ കാട്ടിയ വിഡ്ഡിത്തമാണ്‌ ഇംഗ്ലണ്ടിന്റെ മടക്കയാത്ര എളുപ്പമാക്കിയത്‌. കളിച്ച നാല്‌ മല്‍സരങ്ങളിലും ശാരീരിക കരുത്തില്‍ കളിക്കാന്‍ റൂണിക്ക്‌ കഴിഞ്ഞിരുന്നില്ല. ഡേവിഡ്‌ ബെക്കാം, മൈക്കല്‍ ഓവന്‍, റിയോ ഫെര്‍ഡിനാന്‍ഡ്‌ തുടങ്ങിയ പ്രബലരെ പരുക്കില്‍ നഷ്ടമായതിന്റെ ക്ഷീണമകറ്റാനെന്നോണമാണ്‌ കാപ്പലോ റൂണിക്ക്‌ അവസരങ്ങള്‍ തുടര്‍ച്ചയായി നല്‍കിയത്‌. പീറ്റര്‍ ക്രൗച്ച്‌ എപ്പോഴും റിസര്‍വ്‌ ബഞ്ചിലെ കാവല്‍ക്കാരനായിരുന്നു. തിയോ വാല്‍ക്കോട്ടിനെ പോലുളള യുവപ്രതിഭകളില്‍ കോച്ചിന്‌ വിശ്വാസവുമുണ്ടായിരുന്നില്ല. ബ്രസീല്‍ കോച്ച്‌ ഡുംഗെ, അര്‍ജന്റീനയുടെ മറഡോണ എന്നിവരും ഇത്തരം സൂപ്പര്‍ ബാഹുല്യത്തിന്‌ പിറകെ സഞ്ചരിക്കുന്നുണ്ട്‌. കക്കയും മെസിയും ഫോമില്‍ കളിക്കുന്നില്ലെങ്കില്‍ ഒരു മല്‍സരത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ബ്രേക്ക്‌ നല്‍കിയാല്‍ മതി. അവര്‍ ശക്തരായി തിരിച്ചുവരും. രണ്ട്‌ പേരും പ്രതിഭാശാലികളാണ്‌. റൂബന്‌ ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ പരുക്കേറ്റത്‌. അപ്പോള്‍ തന്നെ കോച്ച്‌ അദ്ദേഹത്തിന്‌ സ്വന്തം വീട്ടില്‍ ഒരാഴ്‌ച്ചത്തെ സമയം നല്‍കി. വിശ്രമത്തിനും ചികില്‍സക്കും. ലോകകപ്പ്‌ സംഘത്തിനൊപ്പം ചേര്‍ന്നപ്പോള്‍ പിന്നെും ഒരാഴ്‌ച്ച സമയം. രണ്ടാഴ്‌ച്ചയിലെ വിശ്രമവും ചികില്‍സയുമായപ്പോള്‍ റൂബന്‌ പ്രശ്‌നങ്ങളില്ല. മനോഹരമായിരുന്നു അദ്ദേഹത്തിന്റെ ഗോള്‍. വലത്‌ വിംഗില്‍ നിന്നും പന്ത്‌ സ്വീകരിച്ച്‌ പതുക്കെ രണ്ട്‌ പേരെ മറികടന്ന്‌ ഇടത്‌ കാലില്‍ പായിച്ച ഷോട്ടിന്‌ കരുത്ത്‌ കുറവായിരുന്നു. പക്ഷേ അവിടെ തന്ത്രവും മന: സാന്നിദ്ധ്യവും പ്രകടമായി. 25 വാര അകലെ നിന്നുമുള്ള ശക്തികുറഞ്ഞ ഷോട്ട്‌ ഗോള്‍ക്കീപ്പറുടെ കരങ്ങളെ ഭേദിച്ചുവെങ്കില്‍ അതാണ്‌ പ്രതിഭ. വാന്‍ഡര്‍വാര്‍ട്ടും സ്‌നൈഡറും വാന്‍ പര്‍സിയുമെല്ലാം നിറഞ്ഞിട്ടും റൂബനായിരുന്നു ഓറഞ്ച്‌ സൈന്യത്തിലെ സൈന്യാധിപന്‍. അദ്ദേഹത്തെ രണ്ടാം പകുതിയില്‍ പിന്‍വലിക്കുന്നതില്‍ പോലും മാര്‍വിക്‌ കാട്ടിയ ജാഗ്രതയില്‍ നിന്ന്‌ ഡച്ചുകാരുടെ ലക്ഷ്യം വ്യക്തമാണ്‌. സ്‌നൈഡര്‍ ശരിയായ ഗോള്‍വേട്ടക്കാരനാണ്‌. എല്ലാ മല്‍സരങ്ങളിലും അദ്ദേഹം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നു എന്ന സത്യം ബ്രസീല്‍ ക്യാമ്പിന്‌ ചെറുതല്ലാത്ത ആശങ്ക നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ലോവാക്യക്കാര്‍ പുറത്തായെങ്കിലും റോബര്‍ട്ട്‌ വിറ്റെക്‌ എന്ന അവരുടെ മുന്‍നിരക്കാരനെ സോക്കര്‍ ലോകം മറക്കില്ല. നാല്‌ കളികളില്‍ നിന്ന്‌ നാല്‌ ഗോളുകളുമായി അദ്ദേഹമിപ്പോള്‍ അര്‍ജന്റീനക്കാരന്‍ ഗോണ്‍സാലോ ഹ്വിഗിനൊപ്പം ടോപ്‌ സ്‌ക്കോറര്‍ പട്ടികയിലുണ്ട്‌.
ബ്രസീലിനെ വിറപ്പിക്കാന്‍ മാത്രമുള്ള അംഗബലം മാര്‍സിലോ ബിയല്‍സയുടെ ചിലിക്കുണ്ടായിരുന്നില്ല. മൂന്ന്‌ ഗോളുകള്‍ അവര്‍ വാങ്ങി. മല്‍സരത്തിന്റെ തുടക്കത്തില്‍ ചില വിരട്ടലുകള്‍ നടത്താനായെങ്കിലും അതിനപ്പുറമുള്ള ചലനശേഷി ടീമിനുണ്ടായിരുന്നില്ല. ഏകപക്ഷീയ വിജയം സ്വന്തമായെങ്കിലും ബ്രസീല്‍ പ്രകടനം സമ്പൂര്‍ണ്ണത നല്‍കുന്നില്ല. പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ പ്രകടിപ്പിച്ച പതര്‍ച്ച പലപ്പോഴും അവര്‍ ആവര്‍ത്തിച്ചു. പ്രത്യാക്രമണങ്ങളെ ചെറുക്കാനുള്ള ഊര്‍ജ്ജമില്ലാതെ രണ്ടാം പകുതിയില്‍ അവര്‍ നീങ്ങിയത്‌ ആശാവഹമല്ല. പ്രത്യേകിച്ച്‌ അടുത്ത മല്‍സരം നോര്‍മല്‍ സോക്കറിന്റെ വക്താക്കളായ ഡച്ചുകാരുമായിട്ടാവുമ്പോള്‍. മധ്യനിരയിലും മുന്‍നിരയിലും പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. കക്ക ഫോമിലേക്ക്‌ വന്നിട്ടില്ല. ഫാബിയാനോ നേടിയ രണ്ടാം ഗോളിന്‌ പന്ത്‌ നല്‍കിയത്‌ മാറ്റിനിര്‍ത്തിയാല്‍ കക്ക ശരാശരി മാത്രമായിരുന്നു. ചുവപ്പ്‌ കാര്‍ഡ്‌ വന്നതിന്‌ ശേഷം അനാവശ്യമായി ഒരു മഞ്ഞയും സമ്പാദിച്ചു. ചിലി സ്‌ട്രൈക്കര്‍ ഹുബെര്‍ട്ടോ സോസോവിനെ അനാവശ്യമായാണ്‌ കക്ക ഫൗള്‍ ചെയ്‌തത്‌. ലൂസിയോ നയിക്കുന്ന പിന്‍നിരയുടെ ജാഗ്രതയാണ്‌ കൂടുതല്‍ ഗോളുകളില്‍ നിന്ന്‌ ടീമിനെ രക്ഷിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ അഭിമാനങ്ങളായ അര്‍ജന്റീനയും ബ്രസീലും-യൂറോപ്പിന്റെ ശക്തികളായ ജര്‍മനിയും ഹോളണ്ടും. ക്വാര്‍ട്ടര്‍ ഫൈനലുകളുടെ ആവേശത്തിന്‌ ഇപ്പോള്‍ തന്നെ ചൂടുപിടിച്ചിരിക്കുന്നു.

ഇനി ഇങ്ങനെ
ക്വാര്‍ട്ടര്‍
ഉറുഗ്വേ-ഘാന
2-7-2010. രാത്രി 12-00
ബ്രസീല്‍-ഹോളണ്ട്‌
2-7-2010. രാത്രി 7-30
അര്‍ജന്റീന-ജര്‍മനി
3-7-2010 രാത്രി 7-30
പരാഗ്വേ അല്ലെങ്കില്‍ ജപ്പാന്‍
സ്‌പെയിന്‍ അല്ലെങ്കില്‍ പോര്‍ച്ചുഗല്‍
3-7-2010 രാത്രി 12-00

മറഡോണ എന്ത്‌ ചെയ്യും
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ജൂലൈ മൂന്നിന്റെ രാത്രിയില്‍ ജര്‍മനിക്കെതിരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ യുദ്ധത്തില്‍ എന്തായിരിക്കും അര്‍ജന്റീനിയന്‍ കോച്ച്‌ ഡിയാഗോ മറഡോണയുടെ തന്ത്രം...? ലോകകപ്പില്‍ ഇത്‌ വരെ കളിച്ച ആക്രമണ സോക്കര്‍ പുറത്തെടുക്കുമോ അതോ ജര്‍മനിയെ പോലെ ശക്തര്‍ക്കെതിരെ പ്രതിരോധത്തിലേക്ക്‌ മാറുമോ...? ലോകകപ്പ്‌ ചര്‍ച്ചകളില്‍ ഉയരുന്ന പ്രധാന വിഷയമിപ്പോള്‍ ഇതാണ്‌. ലോകകപ്പിന്‌ തൊട്ട്‌ മുമ്പാണ്‌ സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീന ജര്‍മനിയെ നേരിട്ടത്‌. അന്ന്‌ ഒരു ഗോളിന്‌ മ്യൂണിച്ചില്‍ വിജയിച്ച മറഡോണ പക്ഷേ ആ തന്ത്രം ലോകകപ്പില്‍ പ്രയോഗിച്ചിട്ടില്ല. ലോകകപ്പില്‍ 4-3-1-2 എന്ന ശൈലിയാണ്‌ കോച്ച്‌ അവലംബിക്കുന്നത്‌. അതായത്‌ മുന്‍നിരയില്‍ കാര്‍ലോസ്‌ ടെവസ്‌, ഗോണ്‍സാലോ ഹ്വിഗിന്‍ എന്നിവരെ വിട്ട്‌ അവര്‍ക്ക്‌ പിറകില്‍ ലയണല്‍ മെസിയെ കളിപ്പിക്കുന്നു. ആക്രമണ മുദ്രാവാക്യമുയര്‍ത്തിയാണ്‌ ഈ ശൈലി. ലോകകപ്പില്‍ ഇത്‌ വിജയിച്ചിട്ടുമുണ്ട്‌. കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നതിലും ഈ ശൈലിയില്‍ ടീം വിജയിച്ചിരുന്നു. എന്നാല്‍ മ്യൂണിച്ച്‌ മല്‍സരത്തില്‍ ജമനിക്കെതിരെ 4-4-2 ശൈലിയിലാണ്‌ അദ്ദേഹം കളിച്ചത്‌. മുന്‍നിരയില്‍ ടെവസിനപ്പം മെസി. അല്‍പ്പം പ്രതിരോധാത്മകമായിരുന്നു ഈ ശൈലി. പ്രതിരോധത്തിലും മധ്യനിരയിലും നാല്‌ പേരെ കളിപ്പിക്കുമ്പോള്‍ പ്രത്യാക്രമണങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും.
ഇംഗ്ലണ്ടിനെതിരായ പ്രി ക്വാര്‍ട്ടറില്‍ ജര്‍മന്‍കാര്‍ നടത്തിയ പ്രത്യാക്രമണങ്ങളെ വിജയകരമായ സാഹചര്യത്തില്‍ 4-4-2 ശൈലിയിലേക്ക്‌ മറഡോണ പോവാനാണ്‌ സാധ്യതകള്‍. പക്ഷേ അങ്ങനെ മാറ്റം വരുത്തിയാല്‍ അത്‌ നിലവിലെ ടീമിന്റെ താളത്തിന്‌ കോട്ടമാവുമോ എന്ന ചോദ്യവും ഉയരുന്നു.
പരിശീലകന്‍ എന്ന നിലയില്‍ ഇപ്പോള്‍ നൂറ്‌ ശതമാനം വിശ്വാസ്യത നേടാന്‍ മറഡോണക്ക്‌ കഴിഞ്ഞിട്ടില്ല. പ്രി ക്വാര്‍ട്ടറില്‍ മെക്‌സിക്കോയെ മൂന്ന്‌ ഗോളിന്‌ തോല്‍പ്പിച്ചിട്ടും നാട്ടിലെ ആരാധകര്‍ പറയുന്നത്‌ ശരിയായിട്ടില്ല എന്നാണ്‌. മൈതാനത്തിന്‌ പുറത്ത്‌ ടീമിലെ താരങ്ങള്‍ക്ക്‌ എല്ലാ പ്രചോദനവും നല്‍കി അദ്ദേഹം സജീവമാണ്‌. വാര്‍ത്തകളില്‍ നിറയുന്നതും മറ്റാരുമല്ല. പക്ഷേ ഇത്രയൊക്കെയായിട്ടും മെസി എന്തേ തളരുന്നു എന്ന ചോദ്യത്തിന്‌ കോച്ചിന്‌ വ്യക്തമായ ഉത്തരം നല്‍കാനായിട്ടില്ല. എല്ലാവരും മെസിയെ വളഞ്ഞാല്‍ അദ്ദേഹം എന്ത്‌ ചെയ്യുമെന്ന സ്വാഭാവിക ചോദ്യം മാത്രമാണ്‌ മറഡോണ ഉന്നയിച്ചിരിക്കുന്നത്‌. മെസി ഫോമിലെത്താന്‍ കഴിയാതെ ഉഴറുമ്പോഴും ചാമ്പ്യന്‍സ്‌ ലീഗ്‌ ഹീറോയായ ഡിയാഗോ മിലീഷ്യയും അത്‌ലറ്റികോ മാഡ്രിഡിന്റെ സെര്‍ജി അഗ്വിറോയും ബെഞ്ചില്‍ തന്നെ ഇരിപ്പാണ്‌. 4-3-1-2 ശൈലി അവലംബിക്കുമ്പോള്‍ പ്രശ്‌നം ഡിഫന്‍സിനാണ്‌. മൂന്‍നിരയിലെ രണ്ട്‌ പേരും അറ്റാക്കിംഗ്‌ സ്‌ട്രൈക്കറായ മെസിയും പിറകോട്ട്‌ വരില്ല. അപ്പോള്‍ എതിരാളികളെ നോക്കേണ്ടത്‌ നാലംഗ പ്രതിരോധവും മൂന്നംഗ മിഡ്‌ഫീല്‍ഡുമാണ്‌.
ജര്‍മന്‍ മുന്‍നിരയില്‍ കളിക്കുന്നവരെല്ലാം യുവാക്കളാണ്‌. പോദോസ്‌ക്കിയും മുള്ളറും കക്കാവോയുമെല്ലാം അതിവേഗക്കാര്‍. അവരെ പിടിച്ചുകെട്ടുക എളുപ്പമല്ല. ഗബ്രിയേല്‍ ഹൈന്‍സ്‌, ഡിമിഷിലസ്‌, ബുര്‍ദിസോ, നിക്കോളാസ്‌ ഒട്ടമന്‍ഡി എന്നിവരെയാണ്‌ മെക്‌സിക്കോക്കെതിരെ മറഡോണ പിന്‍നിരയില്‍ കളിപ്പിച്ചത്‌. ഇവരെല്ലാം അനുഭവസമ്പന്നരാണ.്‌ പക്ഷേ ഇത്‌ വരെ അവരുടെ അനുഭവ സമ്പത്ത്‌ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. അവിടെയാണ്‌ മറഡോണ കാണാത്ത പ്രശ്‌നമുള്ളത്‌. ഫാബിയോ കാപ്പലോ എന്ന ഇംഗ്ലീഷ്‌ പരിശീലകന്റെ തന്ത്രങ്ങളെ പിറകിലാക്കാന്‍ കഴിഞ്ഞവരാണ്‌ ജര്‍മന്‍കാര്‍. അനുഭവസമ്പത്തോ, ലോകകപ്പിലെ സമ്മര്‍ദ്ദമോ ഒന്നും അവര്‍ പ്രകടമാക്കുന്നില്ല. ആക്രമിച്ചു കയറുന്നു. അത്‌ തന്നെയായിരിക്കും ക്വാര്‍ട്ടറില്‍ കോച്ച്‌ ജോകിം ലോയുടെ തന്ത്രം.

കളി കാണുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ പിതാവ്‌ കൊന്നു
വാഷിംഗ്‌ടണ്‍: ലോകകപ്പ്‌ ലഹരിക്കിടെ ഇതാ ഒരു ദുരന്ത വാര്‍ത്ത. അമേരിക്കയില്‍ ലോകകപ്പ്‌ മല്‍സരം ആസ്വദിക്കുന്നതിനിടെ പിതാവ്‌ കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തി. ലോകകപ്പില്‍ അമേരിക്കയും ഘാനയും തമ്മിലുളള മല്‍സരം ആസ്വദിക്കുന്നതിനിടെ സ്വന്തം കുഞ്ഞ്‌ കരഞ്ഞ്‌ ബഹളം വെച്ചതാണ്‌ കൊലപാതകത്തിന്‌ പിതാവിനെ പ്രേരിപ്പിച്ചത്‌. ഹെക്ടര്‍ കാസ്‌ട്രോ എന്ന 28 കാരനാണ്‌ ടെക്‌സാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്‌ കൊടും ക്രൂരത കാട്ടിയത്‌. കരയുന്ന കുട്ടിയുടെ തൊണ്ടയില്‍ സ്‌ക്രൂ കൊണ്ട്‌ അമര്‍ത്തി പിടിക്കുകയായിരുന്നു കാസ്‌ട്രോ. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ക്രൂരതയാണ്‌ കാസ്‌ട്രോ കാട്ടിയതെന്ന്‌ പോലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു. അമേരിക്കക്കെതിരായ മല്‍സരത്തില്‍ ഘാന 1-2 ന്‌ വിജയിച്ചിരുന്നു.

രണ്ട്‌ നാള്‍ വിശ്രമം
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ലോകകപ്പ്‌ ബഹളത്തിനും ആവേശത്തിനും ഇനി രണ്ട്‌ നാള്‍ വിശ്രമം. ഇന്നും നാളെയും കളിയില്ല. രണ്ടാം തിയ്യതി ക്വാര്‍ട്ടര്‍ പോരാട്ടങ്ങളോടെയാണ്‌ ഇനി തുടക്കം. ജൂണ്‍ പതിനൊന്നിന്‌ സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ പത്തൊമ്പതാമത്‌ ലോകകപ്പ്‌ ആരംഭിച്ചത്‌ മുതല്‍ തുടര്‍ച്ചയായ മല്‍സരങ്ങളായിരുന്നു. എട്ട്‌ ഗ്രൂപ്പുകളിലായി കളിച്ച 32 ടീമുകള്‍ പ്രാഥമിക റൗണ്ട്‌ പൂര്‍ത്തിയാക്കിയതിന്‌ പിറകെ യോഗ്യത നേടിയ 18 ടീമുകള്‍ പ്രി ക്വാര്‍ട്ടറും കളിച്ചു. ഇനി അവശേഷിക്കുന്നത്‌ എട്ട്‌ പ്രബലരാണ്‌. ലാറ്റിനമേരിക്കയാണ്‌ ക്വാര്‍ട്ടര്‍ ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ബ്രസീലും അര്‍ജന്റീനയും ഉറുഗ്വേയും ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. യൂറോപ്പില്‍ നിന്ന്‌ ജര്‍മനിയും ഹോളണ്ടുമാണ്‌ ഇതിനകം സീറ്റ്‌ ഉറപ്പിച്ചവര്‍. ആഫ്രിക്കയുടെ പ്രതിനിധിയായി ഘാന മല്‍സരിക്കുന്നു. അവസാന പ്രി ക്വാര്‍ട്ടര്‍ ഫലങ്ങളെ ആശ്രയിച്ചിരിക്കും പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജപ്പാന്‍ തുടങ്ങിയ ടീമുകളുടെ വിധി.
ചാമ്പ്യന്മാരായ ഇറ്റലി, റണ്ണേഴ്‌സ്‌ അപ്പായ ഫ്രാന്‍സ്‌, മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്‌ എന്നിവരുടെ പുറത്താവലാണ്‌ യൂറോപ്പിന്‌ കനത്ത ആഘാതമായത്‌. ഇറ്റലിയും ഫ്രാന്‍സും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇംഗ്ലണ്ട്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ ദയനീയ തോല്‍വി രുചിച്ചാണ്‌ മടങ്ങിയത്‌. ജര്‍മനി അവരുടെ വലയില്‍ നാല്‌ ഗോളുകളാണ്‌ അടിച്ചു കയറ്റിയത്‌. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ നിരാശപ്പെടുത്തിയവരാണ്‌ ഫാബിയോ കാപ്പലോയുടെ സംഘം. ഒരു തലത്തിലും അവര്‍ നിലവാരം പുലര്‍ത്തിയില്ല. മുന്‍നിരയില്‍ കളിച്ച വെയിന്‍ റൂണി നല്‍കിയ നിരാശക്കൊപ്പം പ്രതിരോധത്തിലെ വിളളലുകളുമായപ്പോള്‍ ടീമിന്റെ ദയനീയത പൂര്‍ണ്ണമായി. യൂറോപ്പിനേറ്റ കനത്ത ആഘാതമായിരുന്നു ഇംഗ്ലണ്ടിന്റെ പുറത്താവല്‍. ലോക റാങ്കിംഗില്‍ എട്ടില്‍ നില്‍ക്കുന്ന ടീം ലോകകപ്പ്‌ സ്വന്തമാക്കുമെന്നായിരുന്നു യൂറോപ്പിലെ പ്രബലമായ പ്രവചനം.
ലാറ്റിനമേരിക്കയില്‍ നിന്ന്‌ വന്നവരില്‍ ചിലി മാത്രമാണ്‌ ഇതിനോടകം പുറത്തായത്‌. അഞ്ച്‌ ടീമുകളാണ്‌ വന്‍കരയെ പ്രതിനിധീകരിച്ചത്‌. ഇവരില്‍ ബ്രസീലും അര്‍ജന്റീനയുമാണ്‌ തകര്‍പ്പന്‍ പ്രകടനങ്ങളുമായി ആധികാരികത പുലര്‍ത്തുന്നത്‌. ബ്രസീല്‍ പ്രതീക്ഷ നിലനിര്‍ത്തി മുന്നേറുകയാണ്‌. കളിച്ച നാല്‌ മല്‍സരങ്ങളില്‍ മൂന്നിലും വിജയം വരിച്ച അവര്‍ പോര്‍ച്ചുഗലിനെതിരായ മല്‍സരത്തില്‍ സമനില വഴങ്ങിയിരുന്നു. കോച്ച്‌ ഡുംഗെയുടെ തന്ത്രങ്ങളില്‍ മുന്നേറുന്ന ടീമിന്‌ കാര്യമായ വെല്ലുവിളിയുമായി ഹോളണ്ട്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തുനില്‍പ്പുണ്ട്‌. അര്‍ജന്റീന കളിച്ച മല്‍സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിക്കഴിഞ്ഞു. ആധികാരികതയില്‍ ബ്രസീലിനേക്കാള്‍ ഒരു പടി മുന്നില്‍ മറഡോണയുടെ സംഘമാണ്‌. മെക്‌സിക്കോക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ നേടിയ വലിയ വിജയം തന്നെ അതിനുദാഹരണം. ഈ രണ്ട്‌ ലാറ്റിനമേരിക്കന്‍ കരുത്തരും തമ്മിലൊരു സ്വപ്‌ന ഫൈനല്‍ പോലും ഇപ്പോള്‍ പ്രവചിക്കപ്പെടുന്നുണ്ട്‌. ലോകകപ്പ്‌ ചിത്രം പരിശോധിച്ചാല്‍ ഇതിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഉറുഗ്വേയാണ്‌ കണക്ക്‌ക്കൂട്ടലുകള്‍ തെറ്റിച്ച്‌ അവസാന എട്ടിലേക്ക്‌ വന്ന ടീം. ഗ്രൂപ്പ്‌ എയില്‍ നിന്ന്‌ അവര്‍ രണ്ടാം റൗണ്ട്‌ കാണുമെന്ന്‌ കരുതിയവര്‍ കുറവായിരുന്നു. ഫ്രാന്‍സും ആതിഥേയരായ ദക്ഷിണാഫ്രിക്കയും കളിച്ച ഗ്രൂപ്പില്‍ നിന്ന്‌ യോഗ്യത നേടിയ അവര്‍ പ്രി ക്വാര്‍ട്ടറില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെയും തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറിലും ഉറുഗ്വേക്കാര്‍ക്ക്‌ ഘാനക്കെതിരെ മുന്‍ത്തൂക്കമുണ്ട്‌.
ആഫ്രിക്കന്‍ വന്‍കരയുടെ പ്രതീക്ഷകള്‍ അസമോവാ ഗ്യാന്‍ നയിക്കുന്ന ഘാനയില്‍ മാത്രമാണ്‌. ജര്‍മനി ഉള്‍പ്പെട്ട ഗ്രൂപ്പ്‌ ഡിയില്‍ നിന്ന്‌ രണ്ടാം സ്ഥാനക്കാരായി കയറിയ ടീം അമേരിക്കയെയാണ്‌ പ്രിക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്‌. ഇത്‌ വരെ അധികസമയത്തേക്ക്‌ ദീര്‍ഘിച്ച ഏക മല്‍സരവും ഇതായിരുന്നു. ക്യാപ്‌റ്റന്‍ ഗ്യാന്‍ തന്നെയാണ്‌ ടീമിന്റെ കരുത്തും ആവേശവും. ഏഷ്യയില്‍ നിന്ന്‌ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ സ്വന്തമാക്കിയവരില്‍ കൊറിയക്കാര്‍ പുറത്തായിട്ടുണ്ട്‌. ആദ്യ റൗണ്ടില്‍ മികവ്‌ പ്രകടിപ്പിച്ച ടീമിന്‌ ഉറുഗ്വേയാണ്‌ വിലങ്ങായത്‌. കോണ്‍കാകാഫിന്‌ ആഘാതമായി അമേരിക്ക പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയ ഉത്തര അമേരിക്കന്‍ നിരയിലെ ഏക പ്രതിനിധി അമേരിക്കയായിരുന്നു. ഓഷ്യാനയുടെ പ്രതിനിധിയായി ന്യൂസിലാന്‍ഡ്‌ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു.
ഇനി രണ്ട്‌ നാള്‍ താരങ്ങളും പരിശീലകരും തന്ത്രങ്ങളുടെ പണിപുരയിലായിരിക്കും. പ്രശ്‌നങ്ങളുണ്ടെന്ന്‌ സമ്മതിച്ച ബ്രസീല്‍ കോച്ച്‌ ഡുംഗെ നിര്‍ണ്ണായക ക്വാര്‍ട്ടറിന്‌ മുമ്പ്‌ പെലെ ഉള്‍പ്പെടെയുളളവരുടെ സഹായം തേടിയിട്ടുണ്ട്‌. മധ്യനിരയിലെ സൂപ്പര്‍ താരം കക്കയുടെ മോശം ഫോമാണ്‌ ഡുംഗെയുടെ വലിയ പ്രശ്‌നം. ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌്‌ ഒരു മല്‍സരം നഷ്‌ടമായ കക്ക പ്രി ക്വാര്‍ട്ടറിലും ബുക്ക്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ചിലിക്കെതിരായ മല്‍സരത്തില്‍ ഫാബിയാനോക്ക്‌ ഗോളവസരം ഒരുക്കിയ കക്ക ക്ലബ്‌ തലത്തില്‍ പ്രകടിപ്പിക്കുന്ന ഫോമിന്റെ നാലയലത്ത്‌ വരുന്നില്ല. മുന്‍നിരക്കാരായ ഫാബിയാനോ, റോബിഞ്ഞോ എന്നിവര്‍ നിലവാരം കാക്കുന്നുണ്ട്‌. ഫാബിയാനോ ഇതിനകം മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തെങ്കില്‍ റോബിഞ്ഞോ ചിലിക്കെതിരെ അവസാന ഗോളുമായി മികവ്‌ പുലര്‍ത്തി. മുന്‍നിരക്കാര്‍ക്ക്‌ പന്ത്‌ സപ്ലൈ ചെയ്യുന്നതില്‍ കക്കയെ പോലെ ഗില്‍ബെര്‍ട്ടോ സില്‍വയും ബാപ്‌റ്റിസ്‌റ്റയും ക്ലബേഴ്‌സണുമെല്ലാം തിളങ്ങണം. പിന്‍നിരയില്‍ വലിയ പ്രശ്‌നങ്ങളില്ല. ലൂസിയോ, മൈക്കോണ്‍, ഡാനിയല്‍ ആല്‍വസ്‌, തിയാഗോ സില്‍വ എന്നിവര്‍ ഉന്നത മികവാണ്‌ പുലര്‍ത്തുന്നത്‌. ഗോള്‍ വലയത്തില്‍ ജൂലിയസ്‌ സീസര്‍ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. കക്ക ഫോമിലേക്ക്‌ വന്നാല്‍ മൈതാനത്ത്‌ മല്‍സരത്തെ പ്ലാന്‍ ചെയ്യാനാവും.,
അര്‍ജന്റീനയിലും പ്രശ്‌നങ്ങളുണ്ട്‌. പ്രതിരോധത്തിലാണ്‌ തലവേദന വരുന്നത്‌. ഇത്‌ വരെ കാര്യമായ വെല്ലുവിളി പ്രതിരോധക്കാര്‍ നേരിട്ടിട്ടില്ല. ദക്ഷിണ കൊറിയക്കാരും മെക്‌സിക്കോയും അര്‍ജന്റീനയുടെ വലയില്‍ എത്തിച്ച ഗോളുകള്‍ മറഡോണയുടെ ഉറക്കം കെടുത്തും. അതിവേഗ നീക്കത്തില്‍ ഗബ്രിയേല്‍ ഹൈന്‍സ്‌ നയിക്കുന്ന പ്രതിരോധത്തെ ഉലക്കാന്‍ കഴിയുമെന്ന വിശ്വാസം ജര്‍മനിക്കുണ്ട്‌. യൂറോപ്പില്‍ നിന്നും ഹോളണ്ടാണ്‌ വിശ്വാസ്യത കാക്കുന്നത്‌. കളിച്ച മല്‍സരങ്ങളില്ലെല്ലാം ജയിച്ചവര്‍. എല്ലാ താരങ്ങളും ഫോമിലേക്ക്‌ വന്നതാണ്‌ ഡച്ചുകാര്‍ക്ക്‌ ആവേശമാവുന്നത്‌. പരുക്കില്‍ പുറത്തായ അര്‍ജന്‍ റൂബന്‍ പോലും കളിച്ച ഏക മല്‍സരത്തിലൂടെ കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌. സ്‌നൈഡര്‍, വാന്‍ പര്‍സി, വാന്‍ഡര്‍വാര്‍ട്ട്‌ എന്നിവരെല്ലാം തകര്‍ത്തു കളിക്കുമ്പോള്‍ ഡച്ചുകാര്‍ വലിയ പ്രതീക്ഷയിലാണ്‌. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച ജര്‍മനി ഒരു മല്‍സരത്തിലെ വീഴ്‌ച്ചക്ക്‌ ശേഷം കാര്യമായി തിരിച്ചെത്തിയിരിക്കുന്നു.

Thursday, June 24, 2010

ENGLISH LUCK

ഡേ-13
ഫുട്‌ബോളില്‍ ഒരിക്കലും ഭാഗ്യത്തിന്റെ വക്താക്കളല്ല ഇംഗ്ലണ്ട്‌. കാല്‍പ്പന്തിന്റെ തറവാട്ടുകാര്‍ മല്‍സര മൈതാനങ്ങളില്‍ ശരിയായ തറവാടിത്തം കാണിക്കാറുണ്ട്‌. ഒരു തവണ മാത്രമാണ്‌ അവര്‍ കപ്പ്‌ ഉയര്‍ത്തിയിട്ടുള്ളതെങ്കിലും ലോകകപ്പിന്റെ ചരിത്രത്തില്‍ മാന്യമായ സ്ഥാനമാണ്‌ എന്നും ഇംഗ്ലണ്ടിന്‌. പത്തൊമ്പതാമത്‌ ലോകകപ്പിന്റെ പതിമൂന്നാം ദിവസം ഇംഗ്ലീഷുകാരെ രക്ഷിച്ചത്‌ പക്ഷേ ഒരിക്കലും തറവാടിത്തമായിരുന്നില്ല-ഭാഗ്യമായിരുന്നു. ഒരു ഗോളിന്‌ സ്ലോവേനിയയെ പരാജയപ്പെടുത്തി മുഖം രക്ഷിക്കുന്നതിനിടിയില്‍ എത്രയോ തവണ ടീം മരണമുഖം മുന്നില്‍ കണ്ടിരുന്നു. കഷ്ടിച്ച്‌ രക്ഷപ്പെട്ടപ്പോഴാവട്ടെ സ്വന്തം ഗ്രൂപ്പില്‍ അമേരികക്ക്‌ പിറകിലായി. ഇനി പ്രീ ക്വാര്‍ട്ടറില്‍ നേരിടാനുള്ളത്‌ ജര്‍മനിയെ. ഇംഗ്ലണ്ടുകാരെക്കാള്‍ ഭാഗ്യവാന്മാരായിരുന്നു അമേരിക്ക. ആഫ്രിക്കന്‍ ചെറുത്തുനില്‍പ്പിന്റെ ശക്തരായ പ്രതിനിധികളായ അള്‍ജീരിയ അമേരിക്കന്‍ സംഘത്തെ വരച്ച വരയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ ഇഞ്ച്വറി സമയത്തിലാണ്‌ ക്യാപ്‌റ്റന്‍ ഡോണോവാന്റെ മികവില്‍ അമേരിക്ക രക്ഷപ്പെട്ടത്‌. ഗ്രൂപ്പ്‌ ഡിയിലും കാര്യങ്ങള്‍ വിത്യസ്‌തമായിരുന്നില്ല. ജര്‍മനി നിരാശ തുടര്‍ക്കഥയാക്കുമ്പോള്‍ തോറ്റിട്ടും ഘാനക്കാര്‍ കടന്നുകയറി. ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലോകകപ്പിലെ ആദ്യ മല്‍സരം ജയിക്കാനായി. പക്ഷേ ഗോള്‍ ശരാശരി പട്ടികയിലെ കണക്കുകള്‍ അവര്‍ക്ക്‌ അനുകൂലമായിരുന്നില്ല.
ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ അങ്കമാണ്‌ ഇപ്പോഴത്തെ സംസാരവിഷയം. പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ സൂപ്പര്‍ അങ്കമാണിത്‌. ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി അരങ്ങേറിയ ജര്‍മനിയോ, അല്ലെങ്കില്‍ ലോകകപ്പില്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ഇംഗ്ലണ്ടോ- ആരെങ്കിലുമൊരാള്‍ പുറത്താവും. രണ്ട്‌ പേരും ദയനീയ സോക്കര്‍ കാഴ്‌ച്ചവെക്കുന്ന സാഹചര്യത്തില്‍ ആര്‌ ജയിക്കുമെന്നത്‌ ആ ദിവസത്തെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.
ഇംഗ്ലീഷ്‌ കാര്യങ്ങളാണ്‌ കൂടുതല്‍ ദയനീയം. ഫാബിയോ കാപ്പലോ എന്ന വിഖ്യാതനായ പരിശീലകനും ഒരു പറ്റം നല്ല താരങ്ങളും ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പിന്റെ പിന്തുണയുമുണ്ടായിട്ടും ആ കരുത്ത്‌ ലോകകപ്പില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞ മൂന്ന്‌ മല്‍സരത്തിലും ഇംഗ്ലീഷ്‌ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. സ്ലോവേനിയക്കെതിരായ മല്‍സരം ടീമിന്‌ അതിനിര്‍ണ്ണായകമായിരുന്നു. എന്നിട്ടും അതിന്റെ ഒരു ഗൗരവബോധത്തില്‍ താരങ്ങള്‍ കളിച്ചില്ല. റൂണിയെന്ന മുന്‍നിര താരം ശരാശരിയില്‍ പോലുമെത്തിയില്ല. അവസരങ്ങള്‍ തുലക്കുന്നതിലാണ്‌ അദ്ദേഹം ജാഗ്രത പാലിച്ചത്‌. മധ്യനിരയില്‍ സ്റ്റീവന്‍ ജെറാര്‍ഡും ഫ്രാങ്ക്‌ ലംപാര്‍ഡും ജറാത്ത്‌ ബാരി എന്നിവരൊന്നും ഫലവത്താവുന്നില്ല. മല്‍സരത്തില്‍ പിറന്ന ഏക ഗോള്‍ ഇംഗ്ലീഷ്‌ മികവില്‍ പിറന്നതല്ല. സ്ലോവേനിയന്‍ ഗോള്‍ക്കീപ്പറുടെ പിഴവായിരുന്നു. ജെറമൈന്‍ ഡെഫോ എന്ന മുന്‍നിരക്കാരനെ മാര്‍ക്ക്‌ ചെയ്യുന്നതില്‍ ഡിഫന്‍സും അദ്ദേഹത്തിന്റെ കാലുകളിലുടെ വന്ന ബോളിനെ തടയുന്നതില്‍ ഗോള്‍ക്കീപ്പറും പരാജയപ്പെടുകയായിരുന്നു.
ഒരു കാര്യത്തില്‍ മാത്രം കാപ്പലോക്ക്‌ ആശ്വസിക്കാം-അദ്ദേഹത്തിന്റെ രണ്ട്‌ മാറ്റങ്ങള്‍, അത്‌ ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണെങ്കിലും ഫലം ചെയ്‌തു. നിര്‍ണ്ണായക മല്‍സരത്തിന്‌ മുമ്പ്‌ രണ്ട്‌ മാറ്റങ്ങളാണ്‌ കോച്ച്‌ വരുത്തിയത്‌. എമില്‍ ഹെസികിക്ക്‌ പകരം ജെറമൈന്‍ ഡെഫോയും ആരോണ്‍ ലിനന്‌ പകരം ജെയിംസ്‌ മില്‍നറും കളിച്ചു. ജോണ്‍ ടെറിയെ പോലുളള സീനിയര്‍ താരം ജോ കോളിന്‌ വേണ്ടി ടീമില്‍ കലാപം നടത്തിയതിന്‌ ശേഷമാണ്‌ അത്‌ വകവെക്കാതെ കോച്ച്‌ ടീമില്‍ മാറ്റം വരുത്തിയത്‌. സ്ലോവേനിയക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട്‌ തോറ്റിരുന്നെങ്കില്‍, കാപ്പലോ ഈ മാറ്റങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെടുമായിരുന്നു. അതാണ്‌ പറഞ്ഞത്‌ ഭാഗ്യമാണ്‌ ഇംഗ്ലണ്ടിന്‌ വേണ്ടി കളിച്ചതെന്ന്‌. പലപ്പോഴും പരിശീലകര്‍ ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുന്നത്‌ ടീം തോല്‍ക്കുമ്പോഴാണ്‌. വിജയിക്കുന്ന ടീമില്‍ ആരും മാറ്റം വരുത്തില്ല.
മൂന്ന്‌ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടും ലോകകപ്പിന്റെ പേസിലേക്ക്‌ ഇംഗ്ലണ്ട്‌ വന്നിട്ടില്ല എന്നതാണ്‌ വസ്‌തുത. ബ്രസീലും അര്‍ജന്റീനയും ഹോളണ്ടുമെല്ലാം ശരിക്കും വേഗത നേടിക്കഴിഞ്ഞു. അവര്‍ക്ക്‌ ഇനി പ്രയാസങ്ങളില്ലാതെ കളിക്കാനാവും. ഇംഗ്ലണ്ടും ജര്‍മനിയുമെല്ലാം തപ്പിതടയുമ്പോള്‍ അത്‌ അവരുടെ അടുത്ത മല്‍സരത്തെയും ബാധിക്കും. പരുക്കില്‍ തളര്‍ന്നാണ്‌ റൂണി ലോകകപ്പിന്‌ വന്നത്‌. ആരോഗ്യപരമായി യോഗ്യത തെളിയിക്കാത്ത ഒരു താരത്തെ കളിപ്പിക്കുമ്പോള്‍ അത്‌ കാപ്പലോ ഉള്‍പ്പെടുന്ന പരിശീലകര്‍ രാജ്യത്തോടും ഫുട്‌ബോളിനോടും ചെയ്യുന്ന പാതകമാണ്‌. റൂണി ആരോഗ്യവാനായി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരുത്ത്‌ പ്രകടമാവും. പരുക്കിലെ വേദനയും, കളിയിലെ വേദനുമെല്ലാമായി ആകെ നിരാശനായി കളിക്കുന്ന റൂണിയെയാണ്‌ കഴിഞ്ഞ മൂന്ന്‌ മല്‍സരത്തിലും കണ്ടത്‌. കഴിഞ്ഞ ലോകകപ്പിലെ ഒരു മല്‍സരമാണ്‌ പെട്ടെന്ന്‌ ഓര്‍മ്മ വരുന്നത്‌. ഇറ്റലി ഓസ്‌ട്രേലിയക്കാരുമായി കളിച്ചപ്പോള്‍ തട്ടിമുട്ടിയാണ്‌ അസൂരികള്‍ കടന്നു കയറിയത്‌. പക്ഷേ ആ മല്‍സരത്തിന്‌ ശേഷം ഇറ്റലിക്കാര്‍ തിരിഞ്ഞു നോക്കിയില്ല. അവര്‍ കപ്പുമായാണ്‌ മടങ്ങിയത്‌. അത്‌ പോലെ സ്ലോവേനിയയുമായി ഇംഗ്ലണ്ട്‌ വിയര്‍ത്തു നേടിയ വിജയം ചിലപ്പോള്‍ ആ ടീമിന്റെ ശനിയകറ്റുന്ന മല്‍സരമായിരിക്കാം. കുറഞ്ഞപക്ഷം ഇംഗ്ലീഷ്‌ ആരാധകരെങ്കിലും അങ്ങനെ കരുതുന്നുണ്ടാവാം.
മൈതാനത്ത്‌ ശരിക്കുമൊരു സ്‌പാര്‍ക്ക്‌ മതി ടീമിന്റെ ആത്മവിശ്വാസം ഉയരാന്‍... നല്ല ഒരു ഗോള്‍ പിറന്നാല്‍ അത്‌ വലിയ ഊര്‍ജ്ജമാവും. ഇംഗ്ലണ്ടിന്റെ കാര്യത്തില്‍ ഇത്‌ വരെ അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. ഡേവിഡ്‌ ബെക്കാമിനെ പോലുള്ളവര്‍ പുറത്ത്‌ നിന്ന്‌ ടീമിനെ തുണക്കുന്നുണ്ട്‌. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണം.
ജര്‍മനി ശരിക്കും ഘാനക്കെതിരെ രക്ഷപ്പെടുകയായിരുന്നു. ജോകിം ലോ എന്ന പരിശീലകന്‍ നേരിടുന്നത്‌ തികച്ചും വിത്യസ്‌തമായ പ്രശ്‌നമാണ്‌. ആദ്യ മല്‍സരത്തില്‍ ടീം നേടിയ തകര്‍പ്പന്‍ വിജയമാണ്‌ അദ്ദേഹത്തിന്റെ പ്രശ്‌നം. ആ വിജയത്തിന്‌ ശേഷം പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. ആരെയും തോല്‍പ്പിക്കാമെന്ന ആവേശം താരങ്ങളിലുമുണ്ടായി. ജര്‍മന്‍ സംഘത്തില്‍ കളിക്കുന്നവരില്‍ അറുപത്‌ ശതമാനവും യുവതാരങ്ങളാണ്‌. അണ്ടര്‍ 20 ലോകകപ്പില്‍ കളിച്ച ജര്‍മന്‍ സംഘത്തിലെ പത്തോളം പേരാണ്‌ ഘാനക്കെതിരെ ഇറങ്ങിയത്‌. കക്കാവോയും മുള്ളറുമെല്ലാം ആവേശത്തിലാണ്‌ കളിക്കുന്നത്‌. ഈ ആവേശം പക്ഷേ സ്വന്തം ടീമിന്റെ വലയില്‍ ഗോള്‍ വീഴുമ്പോള്‍ ഇല്ലാതാവുന്നു. ഇംഗ്ലണ്ടും ജര്‍മനിയും ലോകകപ്പിന്റെ പല വേദികളില്‍ കണ്ട്‌മുട്ടിയവരാണ്‌. രണ്ട്‌ ടീമുകളും തമ്മിലുള്ള പോരാട്ടവീര്യങ്ങളുടെ കഥകള്‍ പലതുണ്ട്‌. പക്ഷേ അനുഭവസമ്പന്നരായ ഇംഗ്ലണ്ടും യുവതാരങ്ങളുടെ ജര്‍മനിയും കളിക്കുമ്പോള്‍ വ്യക്തിഗത മികവുകളേക്കാള്‍ അത്‌ സമ്മര്‍ദ്ദ പോരാട്ടമായി മാറും.
ആഫ്രിക്കന്‍ ടീമുകള്‍ ലോകകപ്പിന്റെ രണ്ടാം റൗണ്ട്‌ കാണാതെ മടങ്ങുമ്പോള്‍ ഘാന ആശ്വാസമാണ്‌. അസമോവ്‌ ഗ്യാനിന്റെ മികവില്‍ കളിക്കുന്ന ടീമിന്‌ വേഗതയും കരുത്തുമുണ്ട്‌. ആത്മവിശ്വാസമാണ്‌ പ്രശ്‌നം. ജര്‍മന്‍ വലയിലേക്ക്‌ അവര്‍ പലവട്ടം വന്നു. പന്തിനെ പക്ഷേ അവസാന ഘട്ടത്തില്‍ വലയിലേക്ക്‌ ആനയിക്കാനുള്ള ശേഷിയില്ലാതാവുന്നു. ഗ്യാനിനെ മാത്രം മുന്‍നിര്‍ത്തിയുള്ള ഗെയിമില്‍ ഇത്‌ വരെ രണ്ട്‌ പെനാല്‍ട്ടി ഗോളുകള്‍ മാത്രമാണ്‌ ടീമിന്‌ നേടാനായത്‌. ഓസ്‌ട്രേലിയയാണ്‌ വലിയ നിര്‍ഭാഗ്യവാന്മാര്‍. ആദ്യ മല്‍സരത്തിലെ തോല്‍വി അവരെ തളര്‍ത്തിയിരുന്നില്ല എന്നതിന്‌ തെളിവായിരുന്നു സെര്‍ബിയക്കെതിരായ വിജയം.

ഇന്ന്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ആദ്യ റൗണ്ട്‌ അവസാനിക്കുന്ന ഇന്ന്‌ തകര്‍പ്പന്‍, ഒപ്പം തീവ്ര അങ്കങ്ങള്‍. ഗ്രൂപ്പ്‌ ജിയും എച്ചിലുമായി നടക്കുന്ന നാല്‌ മല്‍സരങ്ങളും ജീവന്മരണ പോരാട്ടങ്ങളാണ്‌. ഇന്ന്‌ രാത്രി 7-30 ന്‌ നടക്കുന്ന ബ്രസീല്‍-പോര്‍ച്ചുഗല്‍ അങ്കത്തില്‍ തീപ്പറാും. ഇതേ സമയം തന്നെ ഐവറികോസ്റ്റുകാര്‍ നിലനില്‍പ്പിന്റെ അങ്കത്തില്‍ ഉത്തര കൊറിയയുമായി കളിക്കുന്നു. രാത്രി പന്ത്രണ്ടിലെ മല്‍സരത്തില്‍ സ്‌പെയിന്‍-ചിലി തകര്‍പ്പന്‍ പോരാട്ടമുണ്ട്‌. സ്വറ്റ്‌സര്‍ലാന്‍ഡും ഹോണ്ടുറാസും തമ്മിലാണ്‌ അവസാന മല്‍സരം.
ഗ്രൂപ്പ്‌ ജിയില്‍ ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയവുമായി ബ്രസീല്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കിയിട്ടുണ്ട്‌. പക്ഷേ അവര്‍ക്ക്‌ മുന്നില്‍ വരുന്ന പോര്‍ച്ചുഗലിന്‌ ഇത്‌ വരെ ടിക്കറ്റ്‌ ഉറപ്പായിട്ടില്ല. ആദ്യ മല്‍സരത്തില്‍ ഐവറിക്കാരുമായി സമനിലയും രണ്ടാം മല്‍സരത്തില്‍ ഉത്തര കൊറിയക്കെതിരെ നേടിയ ഏഴ്‌ ഗോള്‍ പിന്‍ബലത്തിലും നാല്‌ പോയന്റാണ്‌ പറങ്കികള്‍ നേടിയിരിക്കുന്നത്‌. ഇന്നവര്‍ക്ക്‌ തോല്‍ക്കാതിരിക്കണം. സമനില നേടിയാലും നിലവിലെ ഗോള്‍ ശരാശരിയുടെ പിന്‍ബലത്തില്‍ കടന്നു കയറാനാവും. പോര്‍ച്ചുഗലിന്‌ നാല്‌ പോയന്റാണുള്ളത്‌. ഐവറി കോസ്‌റ്റുകാര്‍ക്ക്‌ രണ്ട്‌ പോയന്റുണ്ട്‌. ഇന്ന്‌ പോര്‍ച്ചുഗല്‍ തോല്‍ക്കുകയും ഐവറിക്കാര്‍ ജയിക്കുകയും ചെയ്‌താല്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ സംഘം മുന്നേറും. സമനിലയാണ്‌ പോര്‍ച്ചുഗല്‍ സമ്പാദിക്കുന്നതെങ്കില്‍ ഐവറിക്കാരുടെ വിജയം പ്രശ്‌നമാവില്ല.
വിട്ടുകൊടുക്കില്ല എന്ന്‌ ബ്രസീല്‍ നയം വ്യക്തമാക്കിയിട്ടുണ്ട്‌. ഉത്തര കൊറിയയെ തോല്‍പ്പിതച്ചതില്‍ നിന്നും ഐവറി മല്‍സരത്തിലേക്ക്‌ വന്നപ്പോള്‍ ആധികാരികതയാണ്‌ മഞ്ഞപ്പട പ്രകടിപ്പിച്ചത്‌. ഇന്ന്‌ പോര്‍ച്ചുഗലിനെതിരെ വിജയിക്കുക മാത്രമാണ്‌ ലക്ഷ്യമെന്ന്‌ കോച്ച്‌ ഡുംഗെ വ്യക്തമാക്കി. സ്വന്തം ഗ്രൂപ്പില്‍ അവര്‍ ഒന്നാം സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്‌. എച്ചിലെ രണ്ടാം സ്ഥാനക്കാരാണ്‌ രണ്ടാം റൗണ്ടിലെ പ്രതിയോഗികള്‍. ചിലി, സ്‌പെയിന്‍ എന്നിവരില്‍ ഒരാളായിരിക്കാം ബ്രസീലിന്റെ പ്രതിയോഗികള്‍.
അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അര്‍ജന്റീനിയന്‍ കോച്ച്‌ ഡിയാഗോ മറഡോണ സ്വന്തം സീനിയര്‍ താരങ്ങള്‍ക്ക്‌ വിശ്രമം നല്‍കിയത്‌ പോലെ ചില സീനിയര്‍ താരങ്ങള്‍ ഇന്ന്‌ ആദ്യ ഇലവനില്‍ കളിക്കില്ലെന്ന്‌ കോച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട കക്ക ഇന്ന്‌ പുറത്താണ്‌. ലൂയീസ്‌ ഫാബിയാനോ, റോബിഞ്ഞോ എന്നിവര്‍ക്ക്‌ പകരം ഗ്രാഫറ്റെ, നില്‍മര്‍ എന്നിവര്‍ വരും. പോര്‍ച്ചുഗല്‍ കോച്ച്‌ കാര്‍ലോസ്‌ ക്വിറസ്‌ പക്ഷേ വിട്ടുവീഴ്‌ചകള്‍ക്ക്‌ ഒരുക്കമല്ല. ഉത്തര കൊറിയക്കെതിരെ നേടാനായ വലിയ വിജയത്തില്‍ മതിമറക്കാതെ ശക്തരായ ബ്രസീലിനെതിരെ സമനില ലക്ഷ്യമാക്കിയാണ്‌ അദ്ദേഹം നീങ്ങുന്നത്‌. കൃസ്റ്റിയാനോ റൊണാള്‍ഡോ, സിമാവോ, അല്‍മേഡ എന്നിവരെല്ലാം ഫോമിലേക്ക്‌ വന്നിട്ടുണ്ട്‌. യൂറോപ്പിലും ലാറ്റിനമേരിക്കയും തമ്മിലുള്ള അങ്കമാണിത്‌. ഇവിടെ പ്രസ്റ്റീജാണ്‌ പ്രധാനം.
ഐവറി കോസ്‌റ്റുകാര്‍ക്ക്‌ ഉത്തര കൊറിയക്കെതിരെ വലിയ മാര്‍ജിനില്‍ തന്നെ വിജയിക്കേണ്ടതുണ്ട്‌. ബ്രസീല്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കുമെന്നാണ്‌ ദ്രോഗ്‌ബയും സംഘവും കരുതുന്നത്‌. അത്തരം സാഹചര്യത്തില്‍ സാധാരണ വിജയം നേടിയാല്‍ ഗ്രൂപ്പിലെ രണ്ടാം സ്‌ഥാനക്കാരായി മുന്നോട്ട്‌ പോവാന്‍ കഴിയും. പോര്‍ച്ചുഗല്‍ ബ്രസീലിനെ തളച്ചാലാണ്‌ പ്രശ്‌നം, അവിടയാണ്‌ ഗോള്‍ മാര്‍ജിന്‍ പ്രശ്‌നമാവുത. കൊറിയക്കാര്‍ ഒരു വിജയം കൊതിക്കുന്നുണ്ട്‌. നാട്ടിലേക്ക്‌ അഭിമാനത്തോടെ തല ഉയര്‍ത്തി മടങ്ങാന്‍.
ഗ്രൂപ്പ്‌ എച്ചില്‍ ചിലിയും സ്‌പെയിനും തമ്മിലുള്ള അങ്കം തുല്യശക്തികളുടേതാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും ജയിച്ചവരാണ്‌ ചിലി. ആറ്‌ പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഈ ഗ്രൂപ്പില്‍ രണ്ടാം സ്‌ഥാനത്ത്‌ വരാന്‍ പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. രണ്ടാം സ്‌ഥാനക്കാര്‍ പ്രി ക്വാര്‍ട്ടര്‍ കളിക്കേണ്ടത്‌ ബ്രസീലുമായിട്ടാണ്‌. ഒരു സമനില നേടിയാല്‍ ചിലിക്ക്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താം. സ്‌പെയിനിന്‌ പക്ഷേ വിജയം തന്നെ വേണം. ലോകകപ്പിന്‌ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ ആദ്യമല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോടേറ്റ തോല്‍വിയാണ്‌ ആഘാതമായിരിക്കുന്നത്‌. സ്‌പെയിനിനും സ്വിറ്റ്‌സര്‍ലാന്‍ഡിനും മൂന്ന്‌ പോയന്റ്‌ വീതമാണുള്ളത്‌. സ്വിസുകാര്‍ ഇന്ന്‌ ദുര്‍ബലരായ ഹോണ്ടുറാസുമായി കളിക്കുന്നതില്‍ അവര്‍ക്കാണ്‌ സാധ്യത. അങ്ങനെ വന്നാല്‍ സ്‌പാനിഷ്‌ കാര്യം അപകടത്തിലാവും. ചിലിയെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിക്കുക മാത്രമാണ്‌ സ്‌പെയിനിന്‌ മുന്നിലുളള സേഫ്‌ വഴി. സ്‌പാനിഷ്‌ മധ്യനിര ലോകോത്തരമാണ്‌. ഇനിയസ്‌റ്റ പരുക്കില്‍ നിന്ന്‌ മുക്തനായി കളിക്കും. സാവിയും ഫാബ്രിഗസും സില്‍വയും ഫോമിലാണ്‌. മുന്‍നിരയില്‍ കളിക്കുന്ന വിയ ഹോണ്ടുറാസിനെതിരെ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തിരുന്നു. ടോറസിന്റെ ഫോമില്ലായ്‌മാണ്‌ ടീമിന്‌ പ്രശ്‌നം. ചിലിക്കാണെങ്കില്‍ മാര്‍സിലോ ബിയല്‍സ എന്ന മികച്ച പരിശീലകന്റെ തന്ത്രങ്ങളുണ്ട്‌. അലക്‌സിസ്‌ സാഞ്ചസ്‌ എന്ന പോരാളിയെയും കാണാതിരിക്കരുത്‌.
ഹക്കാന്‍ യാകിന്റെ സ്വിസുകാര്‍ അട്ടിമറികളുടെ വക്താക്കളാണ്‌. ഹോണ്ടുറാസിനെ തോല്‍പ്പിക്കാനാവുമെന്ന്‌ തന്നെയാണ്‌ അവര്‍ പറയുന്നത്‌. മല്‍സരങ്ങള്‍ ഇ.എസ്‌.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും.

സ്‌പെയിന്‍ കപ്പടിക്കും
ലോകകപ്പിന്റെ ആദ്യ റൗണ്ട്‌ അവസാനിക്കുകയാണ്‌. സ്വാഭാവികമായും ചിത്രം ഒന്ന്‌ കൂടി വ്യക്തമാവുന്നു. ഇംഗ്ലണ്ടും ജര്‍മനിയും തമ്മിലൊരു പ്രി ക്വാര്‍ട്ടര്‍ ഉറപ്പായിരിക്കുന്നു. അതൊരു മല്‍സരമായിരിക്കും. പരമ്പരാഗത കരുത്തര്‍ തമ്മില്‍ കളിക്കുമ്പോഴാണ്‌ ഫുട്‌ബോളിന്‌ സൗന്ദര്യം വര്‍ദ്ധിക്കുക. ചെറിയ ടീമുകളെ വിലയിരുത്തുമ്പോള്‍ പലപ്പോഴും പിഴക്കാറുണ്ട്‌. ആരും കരുതിയിരുന്നില്ലല്ലോ ഫ്രാന്‍സ്‌ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുമെന്ന്‌. ഫുട്‌ബോളിനെ ചര്‍ച്ച ചെയ്യുമ്പോള്‍ താരങ്ങളുടെ മികവും മൈതാനത്തിന്റെ പാരമ്പര്യവും മല്‍സരം നിയന്ത്രിക്കുന്ന റഫറിയുടെ അനുഭവവുമെല്ലം പ്രധാനമാണ്‌. പക്ഷേ വലിയ ഒരു ടീം ചെറിയ ടീമുമായി കളിക്കുമ്പോള്‍ മാനസികമായുള്ള വലിയ ഒരു തടസ്സമുണ്ട്‌. വലിയ ടീമിന്‌ ആത്മവിശ്വാസമുണ്ടാവും. ആ ആത്മവിശ്വാസത്തില്‍ അല്‍പ്പം സമ്മര്‍ദ്ദത്തിന്റെ ചേരുവ ഉറപ്പാണ്‌. ചെറിയ ടീമാവുമ്പോള്‍ അതില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന വിശ്വാസം. അള്‍ജീരിയയെ പോലുള ടീമുകളുടെ കളി നോക്കുക-മനോഹരമായാണ്‌ അവര്‍ കളിക്കുന്നത്‌. അവര്‍ക്ക്‌ ഓരോ മല്‍സരവും വലിയ ആവേശമാണ്‌. പ്രി ക്വാര്‍ട്ടര്‍ കളിക്കണമോ അല്ലെങ്കില്‍ സെമിയില്‍ കളിക്കണമോ എന്ന ചിന്ത വേണ്ട. കളിക്കുന്നത്‌ ജയിക്കാനാണ്‌. ജയിച്ചില്ലെങ്കിലും നഷ്‌ടമില്ല. സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനോട്‌ തോറ്റത്‌ ഈ പ്രശ്‌നത്തിലാണ്‌. ലോകകപ്പിലെ ആദ്യ മല്‍സരം കളിക്കുമ്പോള്‍ സ്‌പാനിഷ്‌ ടീമിന്‌ പലതും മുന്‍കരുതലായി സ്വീകരിക്കേണ്ടതുണ്ടായിരുന്നു. താരങ്ങളുടെ പരുക്കും ഒരു മാസത്തോളം ദീര്‍ഘിക്കുന്ന ലോകകപ്പിലേക്കുളള ഊര്‍ജ്ജ സംഭരണവുമെല്ലാം പ്രധാനമായിരുന്നു. പക്ഷേ സ്വിസുകാര്‍ കളി ജയിച്ചു. പക്ഷേ ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത്‌ സ്‌പെയിന്‍ ജൂലൈ 11 ലെ ഫൈനല്‍ കളിക്കുമെന്നാണ്‌. കപ്പ്‌ സ്വന്തമാക്കാന്‍ ഞാന്‍ കാണുന്നത്‌ സ്‌പെയിനിനെയാണ്‌. ഇന്നവര്‍ കളിക്കുന്നുണ്ട്‌. ചിലിക്കെതിരായ അങ്കത്തില്‍ ജയിച്ചാല്‍ ചിലപ്പോള്‍ പ്രി ക്വാര്‍ട്ടര്‍ ഘട്ടത്തില്‍ ബ്രസീല്‍ മുന്നില്‍ വരും. ലോകകപ്പിലെ മല്‍സരങ്ങളെ ഇനി ഗൗരവത്തില്‍ കാണണം. നോക്കൗട്ട്‌ ഘട്ടമാണ്‌.

മെസി പുരാണം
പറഞ്ഞിട്ടും പറഞ്ഞിട്ടും ഡിയാഗോ മറഡോണക്ക്‌ മെസി പുരാണം മതിയാവുന്നില്ല.... അവന്‍ എന്നെ പോലെയാണെന്ന്‌ അദ്ദേഹം പറഞ്ഞിട്ട്‌ രണ്ട്‌ നാളുകളേ ആയിട്ടുള്ളു. 1982 ലെ എന്നെയാണ്‌ അവനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്‌ എന്നദ്ദേഹം പറഞ്ഞത്‌ ഒരു ദിവസം മുമ്പ്‌. ഇന്നലെ മറഡോണ വാക്കുമാറ്റി-അവന്‍ 1986 ലെ എന്നെ പോലെയാണ്‌. 86 ലാണ്‌ മറഡോണ മാജിക്കില്‍ അര്‍ജന്റീന ലോകകപ്പ്‌ സ്വന്തമാക്കിയത്‌. മറഡോണ സംസാരിക്കാന്‍ തുടങ്ങിയാല്‍ അതെല്ലാം ഇപ്പോള്‍ മെസിയെക്കുറിച്ചാണ്‌. അവന്‍ ഗോളടിച്ചില്ലെങ്കിലെന്താ കളിക്കുന്നില്ലേ.. അവന്‍ കപ്പ്‌ തന്നെ ഉയര്‍ത്തും... ഇതെല്ലാം കോച്ചിന്റെ വാക്കുകളാണ്‌. തന്നെ പ്രകീര്‍ത്തിക്കുന്ന മറഡോണയെ നോക്കി ചിരിക്കുക മാത്രമാണ്‌ മെസി ചെയ്യുന്നത്‌.... ഈ വാഴ്‌ത്തുമൊഴികള്‍ എവിടെയവസാനിക്കുമെന്നാണ്‌ ബ്രസീല്‍ ആരാധകര്‍ ചോദിക്കുന്നത്‌... ആയിരം കക്കക്ക്‌ അര മെസിയെന്ന്‌ പറയുന്ന അര്‍ജന്റീനക്കാരും ചോദിക്കുന്നു-ഇതല്‍പ്പം കടക്കുന്നില്ലേ...

Wednesday, June 23, 2010

SORRY FRANCE

ഇന്ന്‌ ഫൈനല്‍
ധാംബൂല: ലോകകപ്പ്‌ ഫുട്‌ബോളില്‍ നിറം മങ്ങിയ ഏഷ്യാ കപ്പ്‌ ക്രിക്കറ്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ ഇന്ന്‌ ആതിഥേയരായ ശ്രീലങ്കയുമായി കളിക്കും. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ പര്‍വേസ്‌്‌ മഹറൂഫിന്റെ ഹാട്രിക്കില്‍ ഇന്ത്യയെ ഏഴ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച ലങ്കക്കാണ്‌ കലാശപ്പോരാട്ടത്തില്‍ നേരിയ മുന്‍ത്തൂക്കം. ഒരു വര്‍ഷം മുമ്പ്‌ കറാച്ചിയില്‍ അജാന്ത മെന്‍ഡിസിന്റെ മിന്നല്‍ പ്രകടനത്തില്‍ തളര്‍ന്ന ഇന്ത്യക്ക്‌ ആ തിരിച്ചടിക്ക്‌ പ്രഹരമേല്‍പ്പിക്കാനുള്ള അവസരവുമാണിത്‌. മല്‍സരം ഇന്ത്യന്‍ സമയം ഉച്ചിതിരിഞ്ഞ്‌ രണ്ട്‌ മുതല്‍ നിയോ ക്രിക്കറ്റിലുണ്ട്‌.

ഡേ-12
ഈ ലോകകപ്പില്‍ ഇത്രമാത്രമാണ്‌ ഫ്രാന്‍സ്‌ അര്‍ഹിച്ചത്‌. അവരുടെ ദുരന്തത്തില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ നിരാശയുണ്ടാവില്ല. തപ്പിതടയുന്ന, ഗെയിം പ്ലാനില്ലാത്ത, തമ്മിലടിക്കുന്ന ഒരു ടീമിന്‌ ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ സ്ഥാനമില്ല. പത്തൊമ്പതാമത്‌ ലോകകപ്പിന്റെ പന്ത്രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ഫ്രഞ്ച്‌ ദുരന്തമല്ല സോക്കര്‍ പ്രേമികളെ വേദനിപ്പിക്കുന്നത്‌-ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ നിര്‍ഭാഗ്യമാണ്‌. ഗ്രൂപ്പ്‌ എ യില്‍ നിന്ന്‌ ഉറുഗ്വേ, മെക്‌സിക്കോ എന്നിവര്‍ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ കരസ്ഥമാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയും ഫ്രാന്‍സുമാണ്‌ പുറത്തായത്‌. ബി യില്‍ അര്‍ജന്റീന, ദക്ഷിണ കൊറിയ എന്നിവര്‍ കയറിയപ്പോള്‍ ഗ്രീസും നൈജീരിയയും പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേ ദ. കൊറിയയുമായും അര്‍ജന്റീന മെക്‌സിക്കോയുമായും കളിക്കുന്നു.
ലോക റാങ്കിംഗില്‍ എണ്‍പത്തിമൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക രാജകീയമായി വിടവാങ്ങിയത്‌ ശക്തമായ സോക്കര്‍ കാഴ്‌ച്ചവെച്ചും, ആത്മവിശ്വാസം പ്രകടിപ്പിച്ചുമാണ്‌. മുന്‍ ചാമ്പ്യന്മാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവര്‍ക്ക്‌ മൂന്നാം സ്ഥാനം നേടാനായി. ഒരു ഗോള്‍ വിത്യാസത്തിലാണ്‌ അവര്‍ പുറത്തായതും. ആദ്യ മല്‍സരത്തില്‍ ഷബലാല എന്ന പുത്തന്‍ താരത്തിന്റെ മനോഹരമായ ഗോളില്‍ മെക്‌സിക്കോയെ തളച്ച ആതിഥേയര്‍ അവസാന മല്‍സരത്തില്‍ 2-1 നാണ്‌ ഫ്രാന്‍സിനെ തോല്‍പ്പിച്ചത്‌. തുടക്കത്തില്‍ തന്നെ രണ്ട്‌ ഗോള്‍ നേടിയ ശേഷം ഒരു ഗോള്‍ വഴങ്ങിയതാണ്‌ അന്തിമ വിശകലനത്തില്‍ അവര്‍ക്ക്‌ ആഘാതമായത്‌. വുവുസേല മുഴക്കിവന്ന ആഫ്രിക്കന്‍ ആരാധകര്‍ പോലും ഇത്രയൊന്നും കരുതിയിട്ടുണ്ടാവില്ല. ആതിഥേയര്‍ എന്ന ടിക്കറ്റില്‍ ലോകകപ്പില്‍ കളിച്ച ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ നടത്തിയ പ്രകടനം വെറും ഫ്‌ളൂക്കല്ല എന്ന്‌ തെളിയിച്ചാണ്‌ അവര്‍ അവസാന മല്‍സരത്തില്‍ വിജയിച്ചത്‌. ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിനെ വാഴ്‌ത്താന്‍ സോക്കര്‍ ഭാഷയിലെ വിശേഷണങ്ങള്‍ കടമെടുക്കേണ്ടതില്ല. ഉല്‍സാഹമായിരുന്നു അവരുടെ കൈമുതല്‍. ടീമില്‍ സൂപ്പര്‍ താരങ്ങളാരുമുണ്ടായിരുന്നില്ല. വലിയ ടീമുകളുമായി കളിച്ചിട്ടുളള പരിചയമില്ല. വലിയ വേദികളില്‍ ആദ്യമായി വരുന്നവര്‍. പക്ഷേ മൈതാനത്ത ഉല്‍സാഹത്തിലാണ്‌ അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായത്‌. ഫ്രാന്‍സുമായി അവര്‍ കളിക്കുമ്പോള്‍ അവരായിരുന്നു ആദ്യാവസാനം ജേതാക്കളെ പോലെ കളിച്ചത്‌. കാര്‍്‌ലോസ്‌ ആല്‍ബെര്‍ട്ടോ പെരേര എന്ന അനുഭവ സമ്പന്നനായ പരിശീലകന്റെ സാന്നിദ്ധ്യത്തില്‍ ടീം നടത്തിയ പ്രകടനം ഒരു സൂചികയാണെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോളിന്‌ ശക്തമായ ഭാവിയുണ്ട്‌ എന്ന കാര്യത്തില്‍ സംശയമില്ല. ആഫ്രിക്കയുടെ ആയുധമായ ഭയമില്ലായ്‌മയില്‍ ലോകകപ്പില്‍ കളിച്ച എല്ലാവരെയും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌ അവര്‍. ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ഖുനെയും സിഫിവെ ഷബലാലയെയുമെല്ലാം ചെറിയ ദിവസങ്ങളിലാണ്‌ സോക്കര്‍ ലോകത്തിന്റെ പ്രിയപ്പെട്ടവരായി മാറിയത്‌. മെക്‌സിക്കോയാണ്‌ ആഫ്രിക്കന്‍ നിര്‍ഭാഗ്യത്തെ ഉപയോഗപ്പെടുത്തിയത്‌. റഫേല്‍ മാര്‍ക്കസിന്റെ സംഘം തോറ്റിട്ടും പുറത്തായില്ല.
ഫ്രാന്‍സ്‌ എന്നും അസ്ഥിര സോക്കറിന്റെ ശക്തരായ വക്താക്കളാണ്‌. 98 ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ ആരും അവര്‍ക്ക്‌ സാധ്യത കല്‍പ്പിച്ചിരുന്നില്ല. പക്ഷേ അവര്‍ കപ്പ്‌ സ്വന്തമാക്കി. 2002 ല്‍ ഏഷ്യയിലേക്ക്‌ വന്നപ്പോള്‍ എല്ലാവരും സാധ്യത കല്‍പ്പിച്ചിരുന്നവര്‍ ഫ്രഞ്ചുകാരായിരുന്നു. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 2006 ല്‍ ജര്‍മനിയില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ സിദാന്‍ എന്ന ആയുധവുമായി വന്ന ഫ്രഞ്ചുകാര്‍ ഫൈനല്‍ വരെയെത്തി. ഇതാ ഇപ്പോള്‍ ഇവിടെ ഒരു ജയം പോലുമില്ലാതെ പുറത്തായിരിക്കുന്നു. പിഴവുകള്‍ ധാരാളം സംഭവിച്ചിട്ടുണ്ട്‌ ടീമിന്‌. കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയില്‍ ആരംഭിക്കുന്നു പ്രശ്‌നങ്ങള്‍. ചീത്തപ്പേരുമായാണ്‌ അവര്‍ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ നേടിയത്‌ തന്നെ. അയര്‍ലാന്‍ഡുകാരെ കൈ ഗോളില്‍ പുറത്താക്കി വന്നവര്‍ ഒരു മല്‍സരത്തിലും ഒന്നും ചെയ്‌തില്ല എന്നതാണ്‌ ദയനീയമായ കാര്യം. മധ്യനിരയിലെ പ്ലാനും മുന്‍നിരയിലെ ഫിനീഷിംഗുമായി 98 ല്‍ ലോകകപ്പും 2000 ത്തില്‍ യൂറോപ്യന്‍ പട്ടവുമെല്ലാം നേടിയ ടീം ദക്ഷിണാഫ്രിക്കയില്‍ പഴയ പ്രഭാവം തെളിയിച്ചത്‌ ഒരേ ഒരു നിമിഷത്തിലായിരുന്നു-ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ റിബറിയുടെ ക്രോസില്‍ മലൂഡ ഗോള്‍ നേടിയപ്പോള്‍.
ബി ഗ്രൂപ്പില്‍ നിന്ന്‌ അര്‍ജന്റീനയുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവസാന മല്‍സരത്തില്‍ മറഡോണ റിസര്‍വ്‌ താരങ്ങള്‍ക്കാണ്‌ അവസരം നല്‍കിയത്‌. ആ ടീം രണ്ട്‌ ഗോളുകള്‍ നേടി. മെസിയായിരുന്നു നായകന്‍. അദ്ദേഹത്തെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്നുണ്ട്‌. ഗ്രീസിനെതിരെ രണ്ട്‌ തവണ ക്രോസ്‌ ബാര്‍ മെസിക്ക്‌ വിലങ്ങായി. അദ്ദേഹം നല്‍കിയ ക്രോസാണ്‌ പലെര്‍മോ ഉപയോഗപ്പെടുത്തിയത്‌. ഫ്രാന്‍സിനെ പോലെ ഗ്രീസും ലോകകപ്പിന്റെ രണ്ടാം റൗണ്ട്‌ അര്‍ഹിച്ചിട്ടില്ല. പ്രതിരോധ മികവുളള ആ ടീം മൂന്ന്‌ കളിയിലും ശരാശരി നിലവാരം പോലും കാത്തിരുന്നില്ല. അര്‍ഹമായ പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ വഴി ദക്ഷിണ കൊറിയ ഏഷ്യയുടെ അഭിമാനമാണ്‌ ഉയര്‍ത്തിയത്‌. ഗ്രീസിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചതിലുടെ ലഭിച്ച ആത്മവിശ്വാസത്തിന്റെ വഴിയിലാണ്‌ പാര്‍ക്‌ ജി സംഗും കുട്ടികളും സഞ്ചരിച്ചത്‌. റാങ്കിംഗില്‍ 47-ാം സ്ഥാനത്താണവര്‍. ഗ്രൂപ്പില്‍ വലിയ സാധ്യതകളും ടീമിനുണ്ടായിരുന്നില്ല. അവസാന മല്‍സരത്തിന്റെ തുടക്കത്തില്‍ നൈജീരിയക്ക്‌ മുന്നില്‍ അവര്‍ പതറിയിരുന്നു. എങ്കിലും അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സോക്കറിലുടെയാണ്‌ സമനിലയും അത്‌ വഴി പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റും സ്വന്തമാക്കിയത്‌. ഇനി പ്രി ക്വാര്‍ട്ടര്‍ ചിത്രമാണ്‌. അര്‍ജന്റീനയും മെക്‌സിക്കോയും കളിക്കുമ്പോള്‍ സാധ്യതകള്‍ മറ്റാര്‍ക്കുമല്ല. ഉറുഗ്വേ കൊറിയയെ നേരിടുമ്പോള്‍ അത്‌ തുല്യശക്തികളുടെ അങ്കമാവും.

ഇറ്റലി
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: നിലവിലെ രണ്ടാം സ്ഥാനക്കാര്‍ പുറത്തായിരിക്കുന്നു. ഇന്ന്‌ ചാമ്പ്യന്മാരുടെ ഊഴമാണ്‌. ഗ്രൂപ്പ്‌ എഫില്‍ വിജയം അനിവാര്യമായ ഘട്ടത്തില്‍ അതീവ സമ്മര്‍ദ്ദപ്പാതയില്‍ ഇറ്റലി കളിക്കുന്നത്‌ സ്ലോവാക്യയുമായി. നാല്‌ പോയന്റുമായി പരാഗ്വേ മുന്നിട്ട്‌ നില്‍ക്കുന്ന ഗ്രൂപ്പില്‍ ജയമല്ലാതെ മറ്റൊരു വഴി അസൂരികള്‍ക്കില്ല. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ പരാഗ്വേ ന്യൂസിലാന്‍ഡുമായി കളിക്കുന്നുണ്ട്‌. പരാഗ്വേക്കാര്‍ക്ക്‌ സമനില മതി മുന്നേറാന്‍. കിവികള്‍ക്ക്‌ വിജയം നിര്‍ബന്ധം. ഈ രണ്ട്‌ മല്‍സരങ്ങളും 7-30 നാണ്‌. ഇന്ന്‌ ഗ്രൂപ്പ്‌ ഇയില്‍ ഹോളണ്ട്‌ കാമറൂണുമായും ജപ്പാന്‍ ഡെന്മാര്‍ക്കുമായും കളിക്കുന്നുണ്ട്‌. ഈ ഗ്രൂപ്പിലും ജീവന്മരണ യുദ്ധങ്ങളാണ്‌. ഡച്ചുകാര്‍ക്ക്‌ ഭയപ്പെടാനില്ല. അവര്‍ക്ക്‌ ആറ്‌ പോയന്റുണ്ട്‌. പക്ഷേ കാമറൂണുകാര്‍ക്ക്‌ രക്ഷയില്ല. സാമുവല്‍ ഇറ്റോയുടെ ടീം കളിച്ച രണ്ട്‌ കളികളിലും തല താഴ്‌ത്തിയവരാണ്‌. ജപ്പാനും ഡെന്മാര്‍ക്കും മൂന്ന്‌ പോയന്റ്‌ വീതം സ്വന്തമാക്കി രണ്ടാം സ്ഥാനത്തുണ്ട്‌. ഈ മല്‍സര ഫലമാണ്‌ നിര്‍ണ്ണായകം.
ഫ്രാന്‍സിന്‌ സംഭവിച്ചത്‌ ഇറ്റലിക്ക്‌ സംഭവിക്കില്ലെന്നില്ല. അവരും വിരസതയാണ്‌ ഇത്‌ വരെ സമ്മാനിച്ചത്‌. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ അനുഭവസമ്പന്നര്‍ ഇല്ലാത്തത്‌ ടീമിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്‌. ഗോളടിക്കാന്‍ കഴിയുന്നവര്‍ മുന്‍നിരയിലുമില്ല. പ്രതിരോധ മികവിലാണ്‌ ഇത്‌ വരെ പിടിച്ചുനിന്നത്‌. ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ബഫണിന്‌ പരുക്കുമുണ്ട്‌. സ്ലോവാക്യക്ക്‌്‌ നഷ്ടപ്പടാന്‍ ഒന്നുമില്ല. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഒരു വിജയം അവര്‍ കൊതിക്കുന്നുണ്ട്‌. പരാഗ്വേയാണ്‌ ഗ്രൂപ്പില്‍ സ്ഥിരത പ്രകടിപ്പിച്ചവര്‍.അവര്‍ക്ക്‌ മുന്നില്‍ വരുന്ന കിവികള്‍ രണ്ട്‌ തകര്‍പ്പന്‍ സമനിലകള്‍ സ്വന്തമാക്കിയവരാണ്‌. സ്ലോവാക്യയുമായുളള കളിയില്‍ അവസാന സെക്കന്‍ഡില്‍ സമനില നേടിയ കിവികള്‍ ഇറ്റലിക്കാര്‍ക്കെതിരെ തുടക്കത്തില്‍ തന്നെ ഗോളടിക്കുകയും ചെയ്‌തിരുന്നു. അപ്രതീക്ഷിതമായാണ്‌ തന്റെ ടീം നീങ്ങുന്നതെന്നും അതിനാല്‍ ഇന്നും ചിലതെല്ലാം സംഭവിക്കുമെന്നുമാണ്‌ കിവി കോച്ച്‌ റിക്കി ഹെര്‍ബര്‍ട്ട്‌ പറയുന്നത്‌.
ഗ്രൂപ്പ്‌ ഇ യില്‍ ജപ്പാനാണ്‌ നോട്ടപ്പുള്ളികള്‍. കാമറൂണിനെ തോല്‍പ്പിച്ച്‌ തുടങ്ങിയ ജപ്പാന്‍ രണ്ടാം മല്‍സരത്തില്‍ ഡച്ചുകാര്‍ക്ക്‌ മുന്നില്‍ പതറിയിരുന്നു. ഇന്ന്‌ ഡെന്മാര്‍ക്കിനെ വീഴ്‌ത്തിയാല്‍ അവര്‍ക്ക്‌ മുന്നേറാനാവും. രണ്ട്‌ ടീമുകളും പോയന്റ്‌്‌ നിലയില്‍ തുല്യരാണ്‌. ഗോള്‍ നേട്ടത്തിലും ഒപ്പം. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയക്കാര്‍ പ്രകടിപ്പിച്ച വീര്യമാണ്‌ ജപ്പാനികളുടെ ആയുധം. മല്‍സരങ്ങള്‍ ഇ,എസ്‌.പി.എന്നിലും സ്റ്റാര്‍ സ്‌പോര്‍ട്‌സിലും.

സമര്‍പ്പണം
അതറിയില്ല യൂറോപ്യന്മാര്‍ക്ക്‌
സംഭവ ബഹുലമായിരുന്നു ആ തുടക്കം.... ഓസ്‌ട്രേലിയക്കെതിരെ അതിമനോഹരമായ നാല്‌ ഗോളുകള്‍.. പക്ഷേ അതേ ജര്‍മനി സെര്‍ബിയക്ക്‌ മുന്നില്‍ ഒരു ഗോളിന്‌ തോറ്റു. ഇതെങ്ങനെ സംഭവിച്ചു എന്നത്‌ എല്ലാവരുടെയും ചോദ്യമാണ്‌. ഇനി മറ്റൊരു കഥ: മധ്യനിരയിലെ രാജാക്കന്മാരായ ഫ്രാങ്ക്‌ ലംപാര്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും ജോകോളും. പിന്‍നിരയില്‍ പാറ പോലെ ഉറച്ചുനില്‍ക്കുന്ന ആഷ്‌ലി കോളും ജോണ്‍ ടെറിയുമെല്ലാം. മുന്‍നിരയില്‍ വെടിയുണ്ട കണക്കെ പന്തിനെ പായിക്കുന്ന വെയിന്‍ റൂണിയും ഹൈ ബോളിനെ പ്രയോജനപ്പെടുത്താന്‍ മാത്രം ഉയരമുളള പീറ്റര്‍ ക്രൗച്ചുമെല്ലാം. പറഞ്ഞുവന്നത്‌ ഇംഗ്ലണ്ടനെക്കുറിച്ചാണ്‌. കൊമ്പും കൂഴലുമായി വന്ന ഫാബിയോ കാപ്പലോയുടെ സംഘം ലോകകപ്പില്‍ ഒരു വിജയത്തിനായി തപ്പിതടഞ്ഞ കാഴ്‌ച്ച വേദനാജനകമായിരുന്നു. എന്തെല്ലാമായിരുന്നു ഫ്രാന്‍സിനെക്കുറിച്ച്‌ എല്ലാവരും പറഞ്ഞത്‌. സൈനുദ്ദിന്‍ സിദാന്റെ പിന്‍ഗാമിയായി ഫ്രാങ്ക്‌ റിബറി, ഗോളുകളെ മാത്രം താലോലിക്കുന്ന തിയറി ഹെന്‍ട്രി, പ്രതിരോധ കോട്ട തീര്‍ക്കുന്ന വില്ല്യം ഗല്ലാസും ഫ്‌ളോറന്‍ഡ്‌ മലൂഡയുമെല്ലാം. ആ ഫ്രാന്‍സാണ്‌ ഒരു വിജയം പോലുമില്ലാതെ രണ്ട്‌ വന്‍ തോല്‍വികളുമായി നാട്ടിലേക്ക്‌ വന്ന അതേ വേഗതയില്‍ മടങ്ങിയത്‌. കഥ ഇവിടെയും അവസാനിക്കുന്നില്ല-നോക്കുക ചാമ്പ്യന്മാരായ ഇറ്റലിയെ. ജര്‍മനിയില്‍ നാല്‌ വര്‍ഷം മമ്പ്‌ കപ്പുയര്‍ത്തിയ അസൂരികള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഈ നാല്‌ പ്രമുഖരും യൂറോപ്പിന്റെ പ്രതിനിധികളാണ്‌. എന്ത്‌ പറ്റി യൂറോപ്പിന്‌...?
ഏഷ്യ, ഉത്തര അമേരിക്ക, ആഫ്രിക്ക, ഓഷ്യാന എന്നിവരെയെല്ലാം വിടാം നമുക്ക്‌. അവിടെയൊന്നും ഫുട്‌ബോളിന്‌ വലിയ വിലാസമില്ലെന്നാണല്ലോ യൂറോപ്യര്‍ വീമ്പടിക്കാറുള്ളത്‌. ഫുട്‌ബോളെന്നാല്‍ അത്‌ യൂറോപ്പാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗും ഇറ്റാലിയന്‍ ലീഗുമാണ്‌ ഫുട്‌ബോളിന്റെ കളരി. അവിടെ കളിക്കുന്നവരാണ്‌ യഥാര്‍ത്ഥ ഫുട്‌ബോളര്‍മാര്‍. അവിടെ മല്‍സരം നിയന്ത്രിക്കുന്നവരാണ്‌ ശരിയായ റഫറിമാര്‍-അങ്ങനെ എന്തെല്ലാം വീരവാദങ്ങള്‍. പക്ഷേ ലോകകപ്പില്‍ എല്ലാം വെറുതെ.... വെള്ളത്തില്‍ രചിച്ച കവിത പോലെ..
യൂറോപ്പിന്റെ പ്രതിനിധികളില്‍ ശരാശരി കാത്തവര്‍ ഹോളണ്ട്‌ മാത്രമാണ്‌. ഇതിനകം ലോകകപ്പില്‍ നിന്ന്‌ പുറത്തായവരെ നോക്കുക. എ ഗ്രൂപ്പില്‍ നിന്ന്‌ ഫ്രാന്‍സും ബി യില്‍ നിന്ന്‌ ഗ്രീസും പുറത്തായിട്ടുണ്ട്‌. സിയില്‍ കളിക്കുന്ന ഇംഗ്ലണ്ടും സ്ലോവേനിയയും ഡിയിലെ ജര്‍മനിയും ഘാനയും ഇ യിലെ ഡെന്മാര്‍ക്കും എഫിലെ ഇറ്റലിയും സ്ലോവാക്യയും ജിയിലെ പോര്‍ച്ചുഗലും എച്ചിലെ സ്‌പെയിനും സ്വിറ്റ്‌സര്‍ലാന്‍ഡുമെല്ലാം വിശ്വാസ്യതയുടെ അരികില്‍ എത്തിയിട്ടില്ല.
യൂറോപ്യര്‍ക്ക്‌ കുറ്റം പറയാന്‍ ധാരാളം കാര്യങ്ങളുണ്ട്‌. ജബുലാനി പന്ത്‌ ചതിക്കുന്നു, കാലാവസ്ഥ പ്രശ്‌നമുണ്ടാക്കുന്നു, വുവുസേലയുടെ ബഹളം താരങ്ങളെ ബാധിക്കുന്നു, റഫറിമാരുടെ വിളികള്‍ തലവേദനയാവുന്നു-ഇതെല്ലാം ഇതിനകം പറഞ്ഞ കുറ്റകാര്യങ്ങളാണ്‌. ഇതേ ജബുലാനി ഉപയോഗിച്ചാണ്‌ പോര്‍ച്ചുഗീസുകാര്‍ ഉത്തര കൊറിയന്‍ വലയില്‍ ഏഴ്‌ ഗോളുകള്‍ നിക്ഷേപിച്ചത്‌. ഇതേ പന്ത്‌ കൊണ്ടാണ്‌ ജര്‍മനി ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിച്ചത്‌. അര്‍ജന്റീനയും ബ്രസീലും ഗോളുകള്‍ അടിച്ചുകൂട്ടുന്നത്‌ ഇതേ ജബുലാനിയിലാണ്‌. ജയിക്കുമ്പോള്‍ ജബുലാനി വില്ലനാവുന്നില്ല. തോല്‍ക്കുമ്പോഴാണ്‌ പ്രശ്‌നം. വുവുസേല എന്ന കുഴല്‍വാദ്യം ഒരു തെറ്റും ചെയ്‌തിട്ടില്ല. യൂറോപ്യന്‍ കാണികളെല്ലാം വുവുസേലയുമായാണ്‌ ഗ്യാലറിയിലേക്ക്‌ വരുന്നത്‌ തന്നെ. താരങ്ങളും അത്‌ ആസ്വദിക്കുന്നു. കാലാവസ്ഥയുമായി പരിചയപ്പെടുന്നതില്‍ ചില യൂറോപ്യന്‍ ടീമുകള്‍ പരാജയമാണ്‌ എന്നത്‌ സത്യം. പക്ഷേ ഇത്‌ ടീമുകളുടെ മാത്രം കുറ്റമാണ്‌. ആദ്യ മല്‍സരത്തില്‍ പതറിയതില്‍ കാലാവസ്ഥയെ കുറ്റം പറായം. എന്നാല്‍ രണ്ടും മൂന്നും മല്‍സരങ്ങളില്‍ തോറ്റതില്‍ എന്ത്‌ ന്യായീകരണം. റഫറിമാരുടെ നിറം പോലും ചില യൂറോപ്യന്‍ താരങ്ങള്‍ക്ക്‌ ഇഷ്ടമല്ല. കറുത്തവരായ റഫറിമാര്‍ക്ക്‌ തങ്ങളെ നിയന്ത്രിക്കാന്‍ മാത്രം കരുത്തുണ്ടോ എന്ന്‌ ചോദിക്കുന്ന വെയിന്‍ റൂണിയെ പോലുള്ളവരാണ്‌ യൂറോപ്പിലെ ഉന്നതര്‍...
പിന്നെ എന്താണ്‌ യൂറോപ്പിനെ ബാധിച്ചത്‌. താരങ്ങളുടെ പരുക്കും ക്ഷീണവും തന്നെ മുഖ്യകാരണം. ലോകകപ്പിലെ ആഫ്രിക്കന്‍ ടീമുകളെ നോക്കുക. വലിയ താരങ്ങള്‍ ഒരു നിരയിലുമില്ല. പക്ഷേ മൈതാനത്ത്‌ ഇറങ്ങിയാല്‍ അവര്‍ പുലികളാണ്‌. എല്ലാവരും മൈതാനം നിറയുന്നു. ഷബലാല എന്ന ദക്ഷിണാഫ്രിക്കന്‍ താരത്തെ മാത്രം ഉദാഹരിച്ചാല്‍ വ്യക്തമാവും. ഫ്രാന്‍സിനെ പോലെ ഒരു ടീമിനെ തോല്‍പ്പിക്കാനാവുമെന്ന്‌ ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ അത്‌ സംഭവിച്ചു. ആഫ്രിക്കന്‍ താരങ്ങള്‍ ഒന്നും കാര്യമായി ചെയ്‌തില്ല-അവര്‍ ഉല്‍സാഹിച്ച്‌ കളിച്ചു. ഫ്രഞ്ച്‌ ടീമിലാണെങ്കില്‍ കലാപങ്ങളും കുഴപ്പവും. നിക്കോളാസ്‌ അനേല്‍ക്കയെന്ന താരത്തെ കോച്ച്‌ പുറത്താക്കുന്നു, മറ്റ്‌ താരങ്ങള്‍ പരിശീലനം ബഹിഷ്‌ക്കരിക്കുന്നു, ആര്‍ക്കോ വേണ്ടി കളിക്കുന്നു-ഇതാണോ യൂറോപ്പിന്റെ പ്രൊഫഷണലിസം. എല്ലാ യൂറോപ്യന്‍ താരങ്ങളും സ്വന്തം ലീഗുകളിലെ ക്ഷീണത്തിലാണ്‌. റൂണിയെല്ലാം ആര്‍ക്കോ വേണ്ടിയാണ്‌ കളിക്കുന്നത്‌. കൃസ്‌റ്റിയാനൊ റൊണാള്‍ഡോ സ്വന്തം മികവിന്റെ നാലയലത്ത്‌ വരുന്നില്ല. സിദാന്റെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട ഫ്രാങ്ക്‌ റിബറിയും തിയറി ഹെന്‍ട്രിയും വന്‍ ദുരന്തങ്ങളായി മാറി.
താരങ്ങളുടെ പരുക്കും ക്ഷീണത്തിനുമൊപ്പം അവരുടെ ശരീരഭാഷയും ഒരിക്കലും ഒരു ഫുട്‌ബോളര്‍ക്ക്‌ യോജിച്ചതായിരുന്നില്ല. ഇംഗ്ലീഷ്‌ ടീമാണ്‌ ഇതിന്‌ നല്ല ഉദാഹരണം. ജോണ്‍ ടെറിയെ പോലെ ഒരാള്‍ മൈതാനത്ത്‌ വെറുതെ ഉഴപ്പി നടക്കുന്നു. ഹെന്‍ട്രി കളിക്കാന്‍ ലഭിച്ച അല്‍പ്പസമയം ചിരിച്ച്‌ നില്‍ക്കുകയായിരുന്നു. വെറുതെ പരിശീലകരെ കുറ്റം പറയാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. ലോകകപ്പ്‌ നടക്കുന്ന സമയത്താണ്‌ ടെറി സ്വന്തം കോച്ച്‌ ഫാബിയോ കാപ്പലോക്കെതിരെ തുറന്നടിച്ചത്‌. ലീഗ്‌ ഫുട്‌ബോളില്‍ പ്രകടിപ്പിക്കുന്ന ആവേശവും വേഗതയുമൊന്നും ആരിലും കാണുന്നില്ല. യൂറോപ്പിലെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമിട്ട്‌, ശരീരത്തെ സംരക്ഷിക്കുന്ന പ്രകടനം. ഗോളുകള്‍ അടിക്കാന്‍ മാത്രമറിയുന്ന സ്‌പാനിഷ്‌ ടീം തപ്പിതടയുമ്പോള്‍ ജര്‍മന്‍കാരും ഇറ്റലിക്കാരും പ്രതിരോധപ്പേരില്‍ സ്വയം ഇല്ലാതാവുന്നു.
ഇവിടെയാണ്‌ ലാറ്റിനമേരിക്കയെ കാണേണ്ടതും കണ്ട്‌ പഠിക്കേണ്ടതും. ബ്രസീലിനും അര്‍ജന്റീനക്കും ചിലിക്കും പരാഗ്വേക്കുമെല്ലാം ഫുട്‌ബോള്‍ എന്നാല്‍ അത്‌ ജീവിതമാണ്‌. അവര്‍ മൈതാനത്ത്‌ സ്വയമങ്ങ്‌ മറക്കും. കണ്ടില്ലേ മെസിയും ഫാബിയാനോയുമെല്ലാം കുതികുതിക്കുന്നത്‌. ആരോഗ്യത്തെയല്ല, രാജ്യത്തെയാണ്‌ അവര്‍ മുന്നില്‍ കാണുന്നത്‌. സ്വന്തം രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ അത്‌ നെഞ്ചിലേറ്റി കളിക്കുന്നവര്‍. പെലെയും മറഡോണയും ലോകത്തോളം ഉയരുന്നത്‌ അവരുടെ സിരകളില്‍ നിറയെ ഫുട്‌ബോളായത്‌ കൊണ്ടാണ്‌. ഇവിടെ കേരളത്തില്‍ പോലും ലാറ്റിനമേരിക്കക്കാര്‍ക്ക്‌ ആരാധകര്‍ കൂടുന്നത്‌ ആ സമര്‍പ്പണത്തിലാണ്‌. കാല്‍പ്പന്തിലെന്നല്ല, ഏത്‌ കളിയിലും സമര്‍പ്പണമാണ്‌ വലിയ ശക്തി. യൂറോപ്പ്‌ ഇനിയും അത്‌ പഠിച്ചിട്ടില്ല....

Tuesday, June 22, 2010

MEGA SPAIN

ഡേ-11
സ്‌പാനിഷ്‌്‌ സൗന്ദര്യം
മൈതാനത്തെ സൗന്ദര്യം ഗോളുകളാണ്‌ എന്ന്‌ പറഞ്ഞത്‌ പെലെ... ഗോളുകളില്ലെങ്കില്‍ ഫുട്‌ബോളില്ല. സുന്ദരമായ നീക്കങ്ങള്‍ക്ക്‌ ഫിനീഷിംഗ്‌ നല്‍കി പന്തിനെ വലയിലേക്ക്‌ പായിക്കുമ്പോള്‍ ഉയരുന്ന ആവേശത്തിലും ആഹ്ലാദത്തിലുമാണ്‌ കാല്‍പ്പന്തിന്റെ നിഗൂഡമല്ലാത്ത സൗന്ദര്യമെങ്കില്‍ പത്തൊമ്പതാമത്‌ ലോകകപ്പിലെ സുന്ദരദിനം തിങ്കളാഴ്‌ച്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്ന്‌ മല്‍സരങ്ങളില്‍ പിറന്നത്‌ പത്ത്‌ ഗോളുകള്‍. പറങ്കിപ്പട ഉത്തര കൊറിയന്‍ വലയില്‍ ഏഴ്‌ തവണ നിറയൊഴിച്ചപ്പോള്‍ ആദ്യ മല്‍സരത്തില്‍ ഗോളടിക്കാന്‍ മറന്ന കാളപ്പോരിന്റെ നാട്ടുകാര്‍ ഹോണ്ടുറാസിന്‌ സമ്മാനമായി നല്‍കിയത്‌ രണ്ട്‌ ഗോളുകള്‍. ലോകകപ്പിന്റെ ആവേശത്തിലേക്ക്‌ പന്ത്‌ തട്ടുന്നതില്‍ അമാന്തമില്ലാതെ നീങ്ങുന്ന ചിലിക്കാരും ഒരു ഗോളടിച്ചപ്പോള്‍ പത്തിന്റെ പൂര്‍ണ്ണ ചന്ദ്രന്‍ കേപ്‌ടൗണിലും പോര്‍ട്ട്‌ എലിസബത്തിലും ജൊഹന്നാസ്‌ബര്‍ഗ്ഗിലുമായി ഉദിച്ചത്‌.
ലോകകപ്പിന്റെ നിറത്തിലേക്ക്‌ ഗോളുകള്‍ ഇത്‌ വരെ കുറവായിരുന്നു. എത്യോപ്യക്കാരന്റെ ദാരിദ്ര്യം പോലെ മൈതാനത്ത്‌ ജബുലാനി പന്ത്‌ വലയിലേക്ക്‌ പോവാന്‍ മടിച്ചുനിന്നുവെന്ന്‌ പറഞ്ഞാല്‍ അത്‌ അപരാധമാണ്‌. കാരണം ജബുലാനി പന്ത്‌ ഗോള്‍ക്കീപ്പര്‍മാര്‍ പറയുന്നത്‌ കേള്‍ക്കാതെ പലവട്ടം വലയെ ചുംബിച്ചിട്ടുണ്ട്‌. ഇല്ലെന്ന്‌ റോബര്‍ട്ട്‌ ഗ്രീനും ഫൗസി ചൗച്ചിയും പറയില്ല. ഇവരുടെ കരങ്ങളെ കബളിപ്പിച്ചാണ്‌ പന്ത്‌ വലയിലേക്ക്‌ കടന്നത്‌.
പതിനൊന്നാം ദിവസത്തിന്റെ സൗന്ദര്യത്തിലേക്ക്‌ കൃസ്റ്റിയാനോ റൊണാള്‍ഡോയും ഡേവിഡ്‌ വിയയും വന്നതാണ്‌ സന്തോഷത്തിന്‌ ഇരട്ടിമധുരം നല്‍കുന്നത്‌. ലോകത്തിന്റെ കാല്‍പ്പന്ത്‌ മൈതാനത്ത്‌ ഗോളുകളുടെ പുത്തന്‍ റെക്കോര്‍ഡുകള്‍ രചിച്ച പോര്‍ച്ചുഗലിന്റെ മാജിക്‌ താരത്തിന്‌ ആഫ്രിക്കയുടെ തട്ടകങ്ങള്‍ ഇത്‌ വരെ മരീചികയായിരുന്നു. രണ്ട്‌ വര്‍ഷത്തോളമായി പോര്‍ച്ചുഗലിന്റെ ചുവപ്പന്‍ കുപ്പായത്തില്‍ പന്തിനെ തട്ടി അകത്താക്കാന്‍ പയ്യന്‍സിന്‌ കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഷര്‍ട്ടില്‍ മൈതാനത്ത്‌ വന്നാല്‍ ആരെയും തോല്‍പ്പിക്കുന്ന റൊണാള്‍ഡോക്ക്‌ ഇംഗ്ലണ്ട്‌ വിട്ടത്‌ ശനിദശയാണെന്ന്‌ പലരും പറയുന്നത്‌ സത്യമാവുന്നത്‌ പോലെയായിരുന്നു കാര്യങ്ങള്‍. സ്‌പാനിഷ്‌ ലീഗിലേക്ക്‌ റയല്‍ മാഡ്രിഡുകാര്‍ വലിയ വിലക്കാണ്‌ അദ്ദേഹത്തെ ആനയിച്ചത്‌. പക്ഷേ സീസണില്‍ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. ലോകകപ്പിലേക്ക്‌ കാര്‍ലോസ്‌ ക്വിറസ്‌ എന്ന കോച്ച്‌ റൊണാള്‍ഡോയെ കൊണ്ടുവന്നത്‌ ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കിയാണ്‌. പക്ഷേ ആദ്യ മല്‍സരത്തില്‍ ഐവറിക്കാര്‍ സൂപ്പര്‍താരത്തെ പൂട്ടിയ കാഴ്‌ച്ചയില്‍ ക്വിറസ്‌ തന്ത്രം മാറ്റി. കൊറിയക്കാര്‍ക്കെതിരായ മല്‍സരത്തില്‍ പന്തിനെ വലയിലേക്ക്‌ പായിക്കാന്‍ കോച്ച്‌ നിയോഗിച്ചത്‌ ഏഴാം നമ്പറുകാരനെയായിരുന്നില്ല. പതിനൊന്നില്‍ കളിച്ച സിമാവോ, 18 ല്‍ കളിച്ച അല്‍മേഡ, ഒമ്പതില്‍ കളിച്ച ലീഡ്‌സണ്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി റൊണാള്‍ഡോയെ പിറകിലാക്കിയുളള തന്ത്രത്തിലാണ്‌ ഏഴ്‌ ഗോളുകള്‍ പിറന്നത്‌. മാര്‍ക്ക്‌ കോച്ചിന്‌ നല്‍കണം. അദ്ദേഹം വേണമെങ്കില്‍ അര്‍ജന്റീനിന്‍ കോച്ച്‌ മറഡോണയെ അനുകരിച്ചതാവാം. മെസി എന്ന ഗോളടിക്കാരനെ പ്രതിയോഗികള്‍ വല വീശി പിടിക്കുന്ന സാഹചര്യത്തില്‍ ഗോണ്‍സാലോ ഹ്വിഗിനെയും അഗ്വിറോയെയുമെല്ലാം മറഡോണ രംഗത്തിറക്കിയതാണ്‌ ആ ടീമിന്‌ ഗുണകരമായത്‌.
ഉത്തര കൊറിയക്കാര്‍ക്കാണ്‌ ശരിക്കും പിഴച്ചത്‌. ബ്രസീലിനെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചപ്പോള്‍ അവരല്‍പ്പം മതിമറന്നോ എന്ന്‌ സംശയം. ബ്രസീലിനെ വിറപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാമെന്ന്‌ കൊറിയന്‍ കോച്ച്‌ കിം ജോംഗ്‌ ഹൂനിന്‌ തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഗ്രൂപ്പിലെ എല്ലാവരും കൊല കൊമ്പന്മാര്‍. ആരെങ്കിലും ഒരാളെ തോല്‍പ്പിച്ചാല്‍ മാത്രമല്ലേ രക്ഷയുള്ളു. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ കൊറിയക്കാര്‍ രണ്ടാം പകുതിയില്‍ ആറ്‌ ഗോളുകള്‍ കൂടി വാങ്ങിയത്‌ പക്ഷേ ഏഷ്യക്കാണ്‌ നാണക്കേടായത്‌. ലോകകപ്പിന്റെ ആദ്യ വാരത്തില്‍ ഏഷ്യന്‍ ടീമുകളാണ്‌ വിസ്‌മവിജയങ്ങള്‍ നേടിയത്‌. ദക്ഷിണ കൊറിയ ഗ്രീസിനെ രണ്ട്‌ ഗോളിന്‌ കൊന്നപ്പോള്‍ ജപ്പാനികള്‍ കാമറൂണിനെ വീഴ്‌ത്തുന്നതിലും വിജയിച്ചിരുന്നു. കൊറിയന്‍ കോച്ച്‌ ചെയ്‌ത വലിയ അപരാധം ഗോള്‍ക്കീപ്പറെ കണ്ണുമടച്ചങ്ങ്‌ വിശ്വസിച്ചു എന്നതാണ്‌. കിം മ്യോംഗ്‌ ഗില്‍ എന്ന കാവല്‍ക്കാരന്‌ രണ്ടാം പകുതിയില്‍ തുടരെ പിഴച്ചപ്പോള്‍ അദ്ദേഹത്തെ പിന്‍വലിക്കുന്നതായിരുന്നു ബുദ്ധി. ലോകകപ്പ്‌ പോലെ വലിയ മല്‍സര വേദിയില്‍ ഒരു ഗോള്‍ക്കീപ്പര്‍ ഏഴ്‌ മിനുട്ടിനിടെ മൂന്ന്‌ വട്ടം പിഴവ്‌ കാട്ടിയെങ്കില്‍ അത്‌ വലിയ കുറ്റമാണ്‌. അത്‌ മനസ്സിലാക്കാനുളള താല്‍പ്പര്യം കോച്ച്‌ പ്രകടിപ്പിക്കാത്തതാണ്‌ വിനയായത്‌.
കൊച്ചു കൊച്ചു പാസുകളുമായി, ആക്രമണത്തിന്റെ വല നെയ്‌ത്‌, അവിടെ നിന്നും കുസൃതിക്കാരന്റെ മനസ്സോടെ പന്തിനെ വലയിലേക്ക്‌ തൊടുത്തുവിടുന്നവന്റെ മനസ്സാണ്‌ സ്‌പാനിഷ്‌ മുന്‍നിരക്കാരുടേത്‌. ഈ മനസ്സുമായാണ്‌ അവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആദ്യ മല്‍സരത്തില്‍ കളിച്ചത്‌. എത്രയെത്ര സുന്ദര നീക്കങ്ങള്‍. പെനാല്‍ട്ടി ബോക്‌സില്‍ കയറി നാലും അഞ്ചും പാസുകള്‍. എതിര്‍ പ്രതിരോധനിര വിറച്ചു നില്‍ക്കുമ്പോള്‍ പോലും പാസുകള്‍ തന്നെ. സമയത്തിന്റെ ആ വലിയ നഷ്ടത്തില്‍ പന്തിനെ പലപ്പോഴും വലയിലേക്ക്‌ പായിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. സ്വിസുകാര്‍ ഫുട്‌ബോള്‍ സൗന്ദര്യത്തില്‍ വിശ്വസിക്കാത്തവരാണ്‌. അവര്‍ക്ക്‌ ഇടക്ക്‌ പന്ത്‌്‌ വീണുകിട്ടി. പന്തുമായി ഒരൊറ്റയോട്ടം. അത്‌ ഗോളാവുകയും ചെയ്‌തു. സുന്ദരമായി കളിക്കുന്നതില്ലല്ല കാര്യം ഗോളടിക്കുന്നതിലാണ്‌ എന്ന്‌ മനസ്സിലാക്കിയാണ്‌ സ്‌പാനിഷ്‌ സംഘം ഹോണ്ടുറാസിനെതിരെ കളിച്ചത്‌. പാവം കോണ്‍കാകാഫുകാര്‍. അവര്‍ക്ക്‌ ആകെയുളളത്‌ അല്‍പ്പം തിണ്ണമിടുക്ക്‌ മാത്രമാണ്‌. യൂറോപ്യന്മാരെ പോലെ അതിവേഗമില്ല, ലാറ്റിനമേരിക്കക്കാരെ പോലെ സൗന്ദര്യ സോക്കര്‍ അറിയില്ല. ആരുമായും കളിക്കാം എന്ന ആത്മവിശ്വാസത്തിലാണ്‌ ഹോണ്ടുറാസ്‌ കളിച്ചത്‌. സ്‌പെയിന്‍ സ്വിസുകാര്‍ നല്‍കിയ പാഠം ഉള്‍കൊണ്ട്‌ ചെറിയ ചെറിയ പാസുകള്‍ക്ക്‌ പകരം ഇടക്ക്‌ നിറയൊഴിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ചു. ഡേവിഡ്‌ വിയ രണ്ട്‌ വട്ടം സുന്ദരമായി പന്തിനെ പ്രഹരിച്ചു. രണ്ടും ഗോളായി. ഒരു തവണ ലഭിച്ച സ്‌പോട്ട്‌ കിക്കാവട്ടെ താരം പുറത്തേക്കാണ്‌ പായിച്ചത്‌. അതും ഗോളായിരുന്നെങ്കില്‍ ഹ്വിഗിന്‌ പിറകെ ലോകകപ്പിലെ രണ്ടാം ഹാട്രിക്‌ പിറക്കുമായിരുന്നു.
സൗന്ദര്യത്തിന്റെ നിറകുടമാണ്‌ സ്‌പെയിന്‍ എന്ന്‌ പകല്‍ പോലെ വ്യക്തമാവുമ്പോഴും ഇത്തരം കളിക്ക്‌ വിപണിയുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. ഗ്രൂപ്പില്‍ ഇപ്പോഴും സേഫ്‌ അല്ല സ്‌പെയിന്‍. അടുത്ത മല്‍സരത്തില്‍ ചിലിയെ തോല്‍പ്പിക്കണം. സൗന്ദര്യത്തിനൊപ്പം ആക്രമണവുമാവണം ആയുധമെന്നതാണ്‌ സ്‌പെയിന്‍ മാത്രമല്ല എല്ലാവരും പഠിക്കേണ്ടത്‌. ചിലിക്കാര്‍ ലാറ്റിനമേരിക്കക്കാരുടെ ആ വീര്യം രണ്ടാം മല്‍സരത്തിലും തെളിയിച്ചു. അവരാണ്‌ ശരിക്കും അല്‍ഭുതമായി മാറുന്നത്‌. ലോക റാങ്കിംഗില്‍ പതിനെട്ടിലാണവര്‍ നില്‍ക്കുന്നത്‌. പക്ഷേ കളിക്കുന്നത്‌ ഒന്നാം നമ്പറുകാരെ പോലെയാണ്‌. ഏഴാം നമ്പറില്‍ കളിക്കുന്ന അലക്‌സിസ്‌ സാഞ്ചസ്‌ അപാരമായ മികവാണ്‌ പ്രകടിപ്പിക്കുന്നത്‌. എല്ലാവരും മെസിയെയും റൊണാള്‍ഡോയെയും ഹ്വിഗിനെയും ചര്‍ച്ച ചെയ്യുമ്പോള്‍ തളരാത്ത പോരാളിയായ സാഞ്ചസിനെ കാണാതിരിക്കരുത്‌.

ഇംഗ്ലീഷ്‌ ആന്‍ഡ്‌ ജര്‍മന്‍ ടെസ്‌റ്റ്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: കടന്നുകയറില്ലേ ഇംഗ്ലണ്ട്‌...? എല്ലാവരും ഏക സ്വരത്തില്‍ ചോദിക്കുന്നു....കൊമ്പന്മാരാണെന്നും വമ്പന്മാരാണെന്നുമെല്ലാം പറഞ്ഞിട്ട്‌ ഒന്നാം റൗണ്ടില്‍ തന്നെ കലമുടച്ച്‌ പോരാളികള്‍ തല താഴ്‌ത്തി മടങ്ങുമോ- ചിന്തിക്കാന്‍ സമയമില്ല. വേവലാതിയും വേണ്ട. എല്ലാം ഇന്നറിയാം. ഇംഗ്ലണ്ട്‌ ഇന്ന്‌ കളിക്കുന്നുണ്ട്‌-ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സ്ലോവേനിയയുമായി. ഗ്രൂപ്പ്‌ സിയില്‍ രണ്ട്‌ കളികളിലെ ഇംഗ്ലീഷ്‌ സമ്പാദ്യം രണ്ട്‌ പോയന്റാണ്‌. ഇന്ന്‌ തന്നെ അള്‍ജീരിയക്കാര്‍ ഇതേ ഗ്രൂപ്പില്‍ അമേരിക്കയുമായി കളിക്കുന്നു. സ്ലോവേനിയക്കാര്‍ക്ക്‌ പോയന്റ്‌ നാലാണ്‌. ഒരു സമനില ലഭിച്ചാല്‍ കര കയറാം അമേരിക്കക്കൊപ്പം ഇംഗ്ലണ്ടിന്‌ രണ്ട്‌ പോയന്റാണുള്ളത്‌. വലിയ വിജയം തന്നെ വേണം ഇംഗ്ലീഷുകാര്‍ക്ക്‌. അള്‍ജീരിയക്കും അമേരിക്കക്കുമെല്ലാം സാധ്യത നില്‍നില്‍ക്കുന്നു.
ഇംഗ്ലണ്ട്‌ മാത്രമല്ല പുഴവക്കില്‍ ചൂണ്ടയുമായി നില്‍ക്കുന്നത്‌. ജര്‍മനിയുമുണ്ട്‌. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച ജര്‍മന്‍ സംഘത്തിന്‌ ആ മൂന്ന്‌ പോയന്റാണുള്ളത്‌. ഇന്നവര്‍ ഘാനയുമായാണ്‌ കളിക്കുന്നത്‌. ജയം മാത്രമാണ്‌ ശരണം. ഘാനക്കാര്‍ നാല്‌ പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്‌. ജര്‍മനിയും സെര്‍ബിയയും മൂന്നില്‍ നില്‍ക്കുന്നു. സെര്‍ബിയക്കാര്‍ ഓസ്‌ട്രേലിയക്കാരുമായാണ്‌ കളിക്കുന്നത്‌. എല്ലാവര്‍ക്കും ഈ ഗ്രൂപ്പില്‍ സാധ്യത നിലനില്‍ക്കുന്നു.
ഇംഗ്ലീഷ്‌ ക്യാമ്പില്‍ പ്രതീക്ഷകള്‍ പോലും സജീവമല്ല. ടീമിലെ അസ്വാരസ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ താരങ്ങള്‍ക്ക്‌ സംസാരിക്കരുതെന്നാണ്‌ നിര്‍ദ്ദേശം. രണ്ട്‌ മല്‍സരങ്ങളിലെ വലിയ നിരാശ മറക്കാനാണ്‌ കോച്ച്‌ കാപ്പലോ ആവശ്യപ്പെടുന്നത്‌. അമേരിക്കക്കെതിരായ മല്‍സരത്തില്‍ മികവിന്‌ അരികിലെത്തിയിരുന്നു ടീം. ആ ഘട്ടത്തിലാണ്‌ ജബുലാനി ഗോള്‍ക്കീപ്പറെ ചതിച്ചത്‌. അള്‍ജീരിയക്കെതിരെയായിരുന്നു ഇംഗ്ലണ്ട്‌ സമ്പൂര്‍ണ്ണ പരാജയമായി മാറിയത്‌. വെയിന്‍ റൂണി ഉള്‍പ്പെടെയുളള സൂപ്പര്‍ നിരക്ക്‌ ക്രിയാത്മകമായ ഒരു നീക്കം പോലും നടത്താനായില്ല.
കോച്ച്‌ കാപ്പലോയും സീനിയര്‍ താരങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വിത്യാസം ടീമിനെ ബാധിക്കില്ലെന്നാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്‌. ജോ കോളിനെ പോലുള്ളവര്‍ക്ക്‌ കോച്ച്‌ അവസരം നല്‍കാത്തതിലാണ്‌ ജോണ്‍ ടെറിയെ പോലുള്ളവര്‍ക്ക്‌ നീരസം. നായകന്‌ സ്‌റ്റീവന്‍ ജെറാര്‍ഡ്‌, ഫ്രാങ്ക്‌ ലംപാര്‍ഡ്‌ തുടങ്ങിയവരെല്ലാം ടെറിയുടെ അഭിപ്രായ പ്രകടനത്തോട്‌ യോജിക്കുന്നവരാണ്‌. സ്ലോവേനിയക്കാര്‍ ശക്തരായ പ്രതിയോഗികളാണെന്നിരിക്കെ ഏത്‌ തരത്തിലായിരിക്കും ഇംഗ്ലണ്ട്‌ നിര്‍ണ്ണായക മല്‍സരത്തെ സമീപിക്കുക എന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. ഇന്നത്തെ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമാണ്‌ ടീമിന്റെ നിലനില്‍പ്പ്‌ ഉറപ്പിക്കാനാവു.
ലോക റാങ്കിംഗില്‍ 25 ല്‍ നില്‍ക്കുന്ന സ്ലോവേനിയക്കാര്‍ കീഴടങ്ങാത്ത പോരാളികളാണ്‌. ഇംഗ്ലണ്ടിനെ ഭയമില്ലാതെ കളിക്കുമെന്നാണ്‌ കോച്ച്‌ മത്യാസ്‌ കെക്‌സ വ്യക്തമാക്കിയിരിക്കുന്നത്‌. മുന്‍നിരക്കാരായ സ്ലാറ്റോ ഡെഡിച്ച്‌, സുല്‍ത്താന്‍ ല്യുബിജാങ്കിച്ച്‌ എന്നിവര്‍ ഇംഗ്ലീഷ്‌ പ്രതിരോധത്തിന്‌ തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്ക രണ്ടാം റൗണ്ട്‌ ഉറപ്പിക്കാനാണ്‌ അള്‍ജീരിയയെ എതിരിടുന്നത്‌. സ്ലോവേനിയക്കെതിരെ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ശേഷം രാജകീയമായി തിരിച്ചുവന്നവരാണ്‌ അമേരിക്കന്‍ സംഘം. രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ രണ്ട്‌ പോയന്റ്‌ സമ്പാദിച്ച അവര്‍ക്ക്‌ ഇന്ന്‌ ജയിച്ചാല്‍ സാധ്യതയുണ്ട്‌. സ്വന്തം വന്‍കരയില്‍ കളിക്കുന്ന അള്‍ജീരിയക്കാരിപ്പോള്‍ ഒരു പോയന്റുമായി നാലാമതാണ്‌. ഇന്ന്‌ അട്ടിമറി വിജയം നേടിയാല്‍ തന്നെ ടീമിന്‌ വലിയ സാധ്യതയില്ല. സി ഗ്രൂപ്പിലെ രണ്ട്‌ മല്‍സരങ്ങളും 7-30 നാണ്‌. ഇ.എസ്‌.പി.എന്നിലും സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും തല്‍സമയം.
രാത്രിയിലാണ്‌ ഡി യിലെ മല്‍സരങ്ങള്‍. ജര്‍മനി-ഘാനയും തമ്മില്‍ നടക്കുന്ന സോക്കര്‍ സിറ്റി അങ്കം അതിനിര്‍ണ്ണായകമാണ്‌. ആദ്യ മല്‍സരത്തിലെ രാജകീയതക്ക്‌ ശേഷം തകര്‍ന്നവരാണ്‌ ജര്‍മന്‍കാര്‍. മിറോസ്ലാവ്‌ ക്ലോസെയെ പോലുള്ളവര്‍ ഇന്ന്‌ കളിക്കുന്നുമില്ല. രണ്ട്‌ പെനാല്‍ട്ടി ഗോളുകളില്‍ സാന്നിദ്ധ്യം തെളിയിച്ചവരാണ്‌ അസമോവ്‌ ഗ്യാനിന്റെ ഘാനക്കാര്‍. ജയം മാത്രമാണ്‌ ജര്‍മനിക്ക്‌ രക്ഷ. ഇതേ ഗ്രൂപ്പിലെ ഓസ്‌ട്രേലിയ-സെര്‍ബിയ മല്‍സരത്തിനും പ്രസക്തിയുണ്ട്‌. ഘാനയാണ്‌ നാല്‌ പോയന്റുമായി ഇപ്പോള്‍ മുന്നില്‍. ഇന്ന്‌ ജയിച്ചാല്‍ അവര്‍ക്ക്‌ രണ്ടാം റൗണ്ട്‌ ഉറപ്പ്‌. അതേ സമയം ജര്‍മനിക്കും സെര്‍ബിയക്കും മൂന്ന്‌ വീതം പോയന്റാണുള്ളത്‌. സ്വന്തം മല്‍സരങ്ങള്‍ ജയിച്ചാല്‍ ഇവര്‍ക്ക്‌ മുന്നേറാം. പോയന്റില്ലാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല.

സുന്ദരം സ്‌പെയിന്‍
ഡേവിഡ്‌ വിയ നേടിയ രണ്ട്‌ സുന്ദരമായ ഗോളുകള്‍ക്കൊപ്പം സ്‌പാനിഷ്‌ ടീമിന്റെ സുന്ദരമായ മുന്നേറ്റങ്ങളും പന്ത്‌ കൈമാറലും കണ്ണിന്‌ നല്‍കിയ കുളിര്‍മ ചെറുതായിരുന്നില്ല. പണ്ട്‌ ബ്രസീലായിരുന്നു ഇങ്ങനെ കൊച്ചു കൊച്ചു പാസുകള്‍ എളുപ്പത്തില്‍ കൈമാറി മൈതാനത്ത്‌ ചിത്രം വരച്ചവര്‍. ആ ശൈലി ബ്രസീലില്‍ നിന്ന്‌ കൈമോശം വന്നിട്ടുണ്ട്‌. അതാണ്‌ സ്‌പാനിഷ്‌ ടീം ഏറ്റെടുത്തിരിക്കുന്നത്‌. ഹോണ്ടുറാസിനെതിരായ മല്‍സരത്തിന്റെ ചന്തം സ്‌പാനിഷ്‌ പാസുകളായിരുന്നു. എളുപ്പത്തിലുളള കൈമാറ്റത്തില്‍ ആര്‍ക്കും പിഴക്കുന്നില്ല എന്നതാണ്‌ സവിശേഷത. ഇപ്പോള്‍ ടീമുകള്‍ സ്വീകരിക്കുന്ന ശൈലി രണ്ടോ മൂന്നോ ടച്ച്‌ മാത്രമാണ്‌. അപ്പോഴേക്കും ലോംഗ്‌ ലോബുകളില്‍ പന്ത്‌ എതിര്‍ ഗോള്‍മുഖത്ത്‌ എത്തും. അവിടെ ഉടലെടുക്കുന്ന പരിഭ്രാന്തിയെ ഉപയോഗപ്പെടുത്തുക. ഈ ഗെയിം പ്ലാനില്‍ സൗന്ദര്യമോ അച്ചടക്കമോ ഇല്ല. പോര്‍ച്ചുഗല്‍ ഉത്തര കൊറിയക്കാരെ നേരിട്ടപ്പോഴും പാസുകളുടെ സുഗമമായ കൈമാറ്റം കണ്ടു. ഏഴ്‌ ഗോളുകള്‍-എല്ലാം ഒന്നിനൊന്ന്‌ മെച്ചം. സുന്ദരമായ ഈ സോക്കര്‍ ലോകകപ്പിന്റെ മനോഹാരിതയാണ്‌. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുന്നത്‌ ജര്‍മനി സെര്‍ബുകാരോട്‌ തോറ്റതാണ്‌. ആക്രമണ ഫുട്‌ബോളിന്റെ പുതിയ മുഖം ആദ്യ മല്‍സരത്തില്‍ നല്‍കിയ ജര്‍മന്‍കാര്‍ രണ്ടാം മല്‍സരത്തില്‍ ഒരു ഗോളിന്‌ തോറ്റത്‌ അവിശ്വസനീയമാണ്‌. പോദോസ്‌ക്കിയെ പോലെ ഒരു താരം പെനാല്‍ട്ടി നഷ്‌ടമാക്കുമ്പോള്‍ പന്തയക്കാരും പണവും സോക്കറിലെ പുതിയ നിഗൂഢതകളുമെല്ലാമാണ്‌ ഓര്‍മ്മ വരുന്നത്‌.
(കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റി മുന്‍ താരമായ ടി.പ്രസാദ്‌ സംസ്ഥാന ജൂനിയര്‍ ടീമിനായി കളിച്ചിട്ടുണ്ട്‌. കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി എക്‌സ്‌ ഫുട്‌ബോളേഴ്‌സ്‌ അസോസിയേഷന്‍ ജോ.സെക്രട്ടറിയായ അദ്ദേഹം കോഴിക്കോട്‌ എസ്‌.ബി.ഐയില്‍ ഉദ്യോഗസ്ഥനാണ്‌.)

ഫിലിപ്പ്‌ കോക്കുവിനൊപ്പം ഒരാസ്വാദനം
ഡര്‍ബനില്‍ നിന്നും അരുണ്‍ കെ നാണു
ഓറഞ്ച്‌ കുപ്പായത്തില്‍ മൈതാനത്ത്‌ പന്തുമായി നൃത്തം ചവിട്ടുന്ന ഫിലിപ്പ്‌ ജോണ്‍ വില്ല്യം കോക്കുവിനെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആരാധനയോടെയാണ്‌ കണ്ടിരുന്നത്‌. മധ്യനിരയിലും ഡിഫന്‍സിലുമെല്ലാം സാന്നിദ്ധ്യം തെളിയിച്ച കോക്കുവിനെ അവിചാരിതമായി ഡര്‍ബനിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തില്‍ കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല. പക്ഷേ ആ പുച്ച കണ്ണുകളിലെ തിളക്കത്തിലും മല്‍സരത്തെ ഗൗരവത്തില്‍ സമീപിച്ചതിലും അരികിലുള്ളത്‌ കോക്കു തന്നെയാണെന്ന്‌്‌ വ്യക്തമായി. ഡര്‍ബനിലെ സ്‌റ്റേഡിയവും ദക്ഷിണാഫ്രിക്കക്കാരുടെ ലോകകപ്പ്‌ ആവേശവും നേരില്‍ കാണേണ്ടതാണ്‌. ഒരിക്കലും കരുതിയതല്ല ഒരു ലോകകപ്പ്‌ മല്‍സരം നേരില്‍ കാണാനാവുമെന്ന്‌. അതും ഹോളണ്ടിനെ പോലെ ഒരു ടീമിന്റെ അങ്കം. ജപ്പാനായിരുന്നു പ്രതിയോഗികള്‍. ആദ്യ മല്‍സരത്തില്‍ കാമറൂണിനെ പരാജയപ്പെടുത്തിയ വീര്യത്തിലാണ്‌ ജപ്പാനികള്‍ വന്നത്‌. പക്ഷേ സ്‌റ്റേഡിയത്തില്‍ നിറയെ ഓറഞ്ച്‌ സൈന്യമായിരുന്നു. ഉദ്ദേശം 70 ശതമാനത്തോളം ഓറഞ്ചുകാര്‍ തന്നെ. ഏ.എഫ്‌.സി സംഘത്തില്‍ അംഗങ്ങളായാണ്‌ ഞങ്ങളെത്തിയത്‌. സെപ്‌റ്റിന്റെ മാര്‍ക്കറ്റിംഗ്‌ കണ്‍സല്‍ട്ടന്റായ സോജന്‍, ഡര്‍ബനിലെ ഞങ്ങളുടെ സുഹൃത്ത്‌ സെല്‍വരാജ്‌ എന്നിവര്‍ക്കൊപ്പം കളിക്ക്‌ മുമ്പ്‌ തന്നെ കോക്കുവിനെ പരിചയപ്പെട്ടു. വലിയ താരത്തിന്റെ ജാഡയില്ലാതെ ഹോളണ്ടിന്റെ മുന്‍ ക്യാപ്‌റ്റന്‍ അല്‍പ്പസമയം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. ഫോട്ടോക്ക്‌ കൂടെ നിന്നു. ഡച്ച്‌ ടീമിന്റെ അസിസ്‌്‌റ്റന്‍ഡ്‌ കോച്ചാണ്‌ അദ്ദേഹം. മല്‍സരം തുടങ്ങിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ അതിവേഗം ഡച്ചുകാര്‍ നിലയുറപ്പിച്ചു. വെസ്‌ലി സ്‌നൈഡറെ പോലുള്ള തകര്‍പ്പന്‍ താരങ്ങളുടെ മിന്നല്‍ നീക്കത്തില്‍ അവിസ്‌മരണീയമായിരുന്നു ഡച്ച്‌ പ്രകടനം. കോക്കുവിനൊപ്പം ലോകകപ്പിലെ ഒരു നിര്‍ണ്ണായക മല്‍സരം തല്‍സമയം ആസ്വദിക്കാന്‍ കഴിഞ്ഞതിലെ സന്തോഷമാണ്‌ ഇപ്പോഴും മനസ്സില്‍. ഇന്ന്‌ നടക്കുന്ന ദക്ഷിണ കൊറിയ-നൈജീരിയ മല്‍സരത്തിനും ബ്രസീല്‍-പോര്‍ച്ചുഗല്‍ മല്‍സരത്തിനും ടിക്കറ്റുണ്ട്‌. ബ്രസീലിന്റെ അങ്കം കാണാനാണ്‌ കാത്തിരിക്കുന്നത്‌. (കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്‌റ്റിന്റെ ചെയര്‍മാനാണ്‌ യു.എ.ഇ എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗസ്ഥനായ അരുണ്‍)

ഫ്രഞ്ച്‌ ദുരന്തകാവ്യം
മാന്‍ഗോംഗ്‌: നാണക്കേടാണിത്‌..... മഹാനാണക്കേട്‌....ലോക റാങ്കിംഗില്‍ ഒമ്പതില്‍ നില്‍ക്കുന്ന ഒരു ടീം-അതും മുന്‍ ചാമ്പ്യന്മാര്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായിരിക്കുന്നു. പുറത്താവല്‍ മാത്രമല്ല-ഒരു മല്‍സരം ജയിച്ചില്ല, ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്‌തില്ല. മെക്‌സിക്കോയോട്‌ രണ്ട്‌ ഗോള്‍ വാങ്ങി, അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടും രണ്ട്‌ സുന്ദരഗോളുകള്‍ ചോദിച്ചുവാങ്ങി. ഈ ഫ്രഞ്ച്‌ ദുരന്തകാവ്യത്തിന്റെ കര്‍ത്താവ്‌ സംശയലേശമന്യേ പറയാം അവരുടെ തണുപ്പന്‍ പരിശീലകന്‍ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെ തന്നെ... സ്വന്തം താല്‍പ്പര്യം ടീമില്‍ അടിച്ചേല്‍പ്പിക്കുന്ന പരിശീലകനെതിരെ താരങ്ങള്‍ ഉയര്‍ത്തിയ കലാപക്കൊടി തന്നെയാണ്‌ ടീമിനെ ഈ പരുവത്തിലാക്കിയത്‌. സൈനുദ്ദിന്‍ സിദാനെ പോലെ ലോക ഫുട്‌ബോളില്‍ വിസ്‌മയം രചിച്ച ഒരു താരത്തിന്റെ പിന്‍ഗാമികളാണ്‌ നാണക്കേടിന്‌ പുതിയ വിലാസമുണ്ടാക്കിയിരിക്കുന്നത്‌. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലേക്ക്‌ ഫ്രാന്‍സ്‌ വന്നത്‌ നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലക്കായിരുന്നു. 98 ല്‍ സ്വന്തം തട്ടകത്ത്‌ നടന്ന ലോകകപ്പില്‍ സിദാന്റെ രണ്ട്‌ തകര്‍പ്പന്‍ ഹെഡ്ഡറുകളും ഇമാനുവല്‍ പെറ്റിറ്റിന്റെ ലോംഗ്‌ റേഞ്ചറുമായി മൂന്ന്‌ ഗോളിന്‌ ബ്രസീലിനെ മലര്‍ത്തിയടിച്ച്‌ കപ്പില്‍ മുത്തമിട്ടവര്‍ ഏഷ്യയില്‍ വന്നപ്പോള്‍ സമ്പാദ്യം രണ്ട്‌ സമനിലകളും ഒരു തോല്‍വിയുമായിരുന്നു. ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്‌തതുമില്ല. നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലയില്‍ ഏറ്റവും മോശം റെക്കോര്‍ഡ്‌. ഇന്നും ആ റെക്കോര്‍ഡ്‌ ഫ്രഞ്ച്‌ സംഘത്തിനൊപ്പമുണ്ട്‌. ഇപ്പോഴിതാ പുതിയ ഖ്യാതി-നിലവിലെ റണ്ണര്‍ അപ്പായി ഒരു മല്‍സരവും ജയിക്കാതെ നാല്‌ ഗോളും വാങ്ങി മടങ്ങുന്നവര്‍.
എന്തെല്ലാമായിരുന്നു ലോകകപ്പിന്‌ മുമ്പ്‌ പറഞ്ഞത്‌. പക്ഷേ ശരിക്കും അയര്‍ലാന്‍ഡുകാരുടെ ശാപമാണ്‌ ഫ്രഞ്ചുകാരെ ബാധിച്ചത്‌. തിയറി ഹെന്‍ട്രിയെന്ന സൂപ്പര്‍ താരം വഴി വിട്ട്‌ സൃഷ്‌ടിച്ച അവസരത്തില്‍ പിറന്ന ഗോളിലാണ്‌ ഫ്രഞ്ചുകാര്‍ ലോകകപ്പ്‌ ടിക്കറ്റ്‌ നേടിയത്‌. അന്ന്‌ തുടങ്ങിയ കഷ്ടകാലമാണ്‌ ഇപ്പോള്‍ ടീമിനെ വിടാതെ പിന്തുടരുന്നത്‌. ലോകകപ്പിന്‌ ശേഷം പുതിയ കോച്ചായി ലൗറന്റെ ബ്ലാങ്കാണ്‌ വരുന്നത്‌. ആരെങ്കിലും ചെയ്യുമോ ഇങ്ങനെ. ഒരു മുന്‍കൂര്‍ പ്രഖ്യാപനം. ലോകകപ്പ്‌ നടക്കാനിരിക്കെ ലോകകപ്പിന്‌ ശേഷം വരുന്ന കോച്ചിന്റെ പേര്‌ പ്രഖ്യാപിച്ചതിലുടെ ഫ്രഞ്ച്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയ വിഡ്ഡിത്തമാണ്‌ ഇപ്പോള്‍ ഫലം ചെയ്‌തിരിക്കുന്നത്‌. ഡൊമന്‍ച്ചെക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല-തോറ്റാലും ജയിച്ചാലും അദ്ദേഹത്തിന്റെ തൊപ്പി തെറിക്കുമായിരുന്നു.

ഫഅരാന്‍സ്‌
മാന്‍ഗോംഗ്‌: പ്രതികള്‍ മറ്റാരുമല്ല-ഫ്രഞ്ചുകാര്‍ തന്നെ...! ദക്ഷിണാഫ്രിക്കയോടും തോല്‍വി ചോദിച്ചുവാങ്ങി നിലവിലെ രണ്ടാം സ്‌ഥാനക്കാര്‍ നാണക്കേടിന്റെ പുതിയ അദ്ധ്യായം രചിച്ച്‌ വിടവാങ്ങി. ഉറുഗ്വേക്കെതിരെ നേടിയ സമനിലയിലുടെ ലഭിച്ച ഒരു പോയന്റാണ്‌ ടീമിന്റെ സമ്പാദ്യം.
ദയനീയമായ സോക്കറാണ്‌ ഇന്നലെ ഫ്രഞ്ച്‌ സംഘം ആവര്‍ത്തിച്ചത്‌. നാട്ടുകാരുടെ പിന്തുണയില്‍ കളിച്ച ദക്ഷിണാഫ്രിക്ക ഇരുപത്തിയൊന്നാം മിനുട്ടില്‍ മുന്നിലെത്തി. വില്ല്യം ഗല്ലാസ്‌ നയിക്കുന്ന ഫ്രഞ്ച്‌ പ്രതിരോധ നിരയുടെ പിഴവില്‍ ബോന്‍ഗാനി കുമാലോയാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. സൂപ്പര്‍ താരം ഷബലാല എടുത്ത കോര്‍ണര്‍കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത്‌ ഹുഗോ ലോറസിന്റെ തലക്ക്‌ കൃത്യമായാണ്‌ ഉയര്‍ന്നത്‌. അദ്ദേഹത്തിന്‌ പക്ഷേ പിഴച്ചപ്പോള്‍ അവസരം പാര്‍ത്ത്‌ നിന്നിരുന്ന കുമാലോ ഹെഡ്ഡറിലുടെ വല കുലുക്കി. പിറകെ ചുവപ്പിന്റെ ഭീഷണിയില്‍ യുവതാരം യോന്‍ യോര്‍ക്കഫിനെയും ഫ്രാന്‍സിന്‌ നഷ്‌ടമായി. നിരുപദ്രവകരമെന്ന്‌ തോന്നിയ നീക്കത്തിലാണ്‌ നിര്‍ഭാഗ്യവാനായി യോര്‍ക്കഫ്‌ പുറത്തായത്‌. ആഫ്രിക്കന്‍ ബോക്‌സില്‍ വെച്ച്‌ ഉയര്‍ന്ന പന്തിനായുള്ള ശ്രമത്തില്‍ യോര്‍ക്കഫിന്റെ കരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരം മാക്‌ബെത്ത്‌ സിബായയുടെ മുഖത്ത്‌ തട്ടി. ഒറ്റനോട്ടത്തില്‍ കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നില്ല. പക്ഷേ മല്‍സരം നിയന്ത്രിച്ച കൊളംബിയന്‍ റഫറി ഓസ്‌ക്കാര്‍ റൂയിസ്‌ കരുണ കാട്ടിയില്ല.
മുപ്പത്തിയേഴാം മിനുട്ടില്‍ ഫ്രഞ്ച്‌ വലയില്‍ വീണ്ടും പന്തെത്തി. അബു ദിയാബിയുടെ പിഴവില്‍ പന്ത്‌ ലഭിച്ച കാറ്റലെഗോ മഫാലയാണ്‌ സ്വന്തം കാണികള്‍ക്ക്‌ മുന്നില്‍ ഹീറോയായത്‌. ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്‌. ആദ്യ പകുതിയില്‍ രണ്ട്‌ ഗോള്‍ വഴങ്ങിയ ഫ്രാന്‍സ്‌ ലോകകപ്പിലെ തങ്ങളുടെ ഏറ്റവും മികച്ച നീക്കത്തില്‍ ഒരു ഗോള്‍ മടക്കി. ബാക്രെ സാഗ്‌ന നീട്ടി നല്‍കിയ പന്തുമായി കുതിച്ച ഫ്രാങ്ക്‌ റിബറി ബോക്‌സില്‍ വെച്ച്‌ നല്‍കിയ ക്രോസ്‌ സ്വീകരിക്കുമ്പോള്‍ ആഫ്രിക്കന്‍ വലയത്തില്‍ ആരുമുണ്ടായിരുന്നില്ല. ഫ്‌ളോറന്‍ഡ്‌ മലൂദ ദൗത്യം ഭംഗിയാക്കി.

Monday, June 21, 2010

BIG PORTUGAL 7-0
ഡേ-10
ഇത്‌ ചുവന്ന ലോകകപ്പാണോ...? സംശയിക്കേണ്ടതുണ്ട്‌....ലോകകപ്പ്‌ പത്ത്‌ ദിവസം പിന്നിടുമ്പോഴേക്കും ചുവപ്പുകാര്‍ഡുകളുടെ എണ്ണം റെക്കോര്‍ഡിലേക്ക്‌ കുതിക്കുകയാണ്‌. ഏറ്റവും ഒടുവിലത്തെ കാഷ്വാലിറ്റിയാണ്‌ ബ്രസീലിന്റെ സൂപ്പര്‍ താരമായ പത്താം നമ്പറുകാരന്‍ കക്ക. ചുവപ്പിന്റെ കാര്യത്തില്‍ ഫിഫ ചില ഇളവുകള്‍ പറയുന്നുവെന്നത്‌ സത്യം. പക്ഷേ ഇത്തരത്തില്‍ ചുവപ്പ്‌ വ്യാപകമാക്കിയാല്‍ അത്‌ കളിയുടെ സൗന്ദര്യത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ലോകകപ്പിന്റെ താരങ്ങളാവുമെന്ന്‌ കരുതപ്പെട്ടിരുന്ന പലരും ചുവപ്പിലും മഞ്ഞയിലുമെല്ലാമാണ്‌. മഞ്ഞ കണ്ടവരില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും റോബിഞ്ഞോയും ഫ്രാങ്ക്‌ റിബറിയും ഫ്രാങ്ക്‌ ലംപാര്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും വെയിന്‍ റൂണിയും ടോറസുമെല്ലാമുണ്ട്‌. ഇവര്‍ക്ക്‌ ഒരു മഞ്ഞ കൂടി കണ്ടാല്‍ നിര്‍ണ്ണായകമായ മല്‍സരങ്ങള്‍ നഷ്ടമാവും. ചുവപ്പിന്റെ വേദനയില്‍ മിറോസ്ലാവ്‌ ക്ലോസും കക്കയുമെല്ലാമുണ്ട്‌.
വ്യക്തമായ നിര്‍ദ്ദേശങ്ങളാണ്‌ ഫിഫയുടെ റഫറീസ്‌ കമ്മിറ്റി റഫറിമാര്‍ക്ക്‌ നല്‍കുന്നത്‌. ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ ജര്‍മനിയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ മിഷേല്‍ ബലാക്ക്‌ പ്രതിയോഗിയുടെ ക്രൂരമായ ടാക്‌ളിംഗിന്‌ വിധേയനായി പുറത്തായിരുന്നു. ഈ ഫൗളിലാണ്‌ സൂപ്പര്‍താരത്തിന്‌ ലോകകപ്പ്‌ നഷ്ടമായത്‌. ഈ സംഭവം ഉദാഹരിച്ചാണ്‌ ഏത്‌ തരം ഫൗളിനും കര്‍ക്കശനടപടിക്ക്‌ റഫറിമാരോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പക്ഷേ പലപ്പോഴും റഫറിമാരുടെ നടപടി ഏകപക്ഷീയമായാണ്‌ അവസാനിക്കുന്നത്‌. ലോകകപ്പിന്റെ പത്താം ദിവസം നടന്ന ബ്രസീല്‍-ഐവറി കോസ്‌റ്റ്‌ മല്‍സരത്തില്‍ കക്ക ചുവപ്പില്‍ പുറത്തായത്‌ നിര്‍ഭാഗ്യകരമായാണ്‌.
കക്കയാണ്‌ ശരിക്കും ഫൗള്‍ ചെയ്യപ്പെട്ടത്‌. പക്ഷേ അദ്ദേഹത്തെ ഫൗള്‍ ചെയ്‌ത താരം രക്ഷപ്പെടുകയും കക്ക പുറത്താവുകയുമായിരുന്നു. കക്കയെ ഫൗള്‍ ചെയ്യാനായി ഐവറി താരം കാദര്‍ കൈത മുന്നോട്ട്‌ വന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കാണാതെ തികച്ചും സ്വാഭാവികമായുളള കക്കയുടെ ചലനത്തില്‍ റഫറി ബ്രസീലുകാരനെ പ്രതിയാക്കുകയായിരുന്നു. ബ്രസീല്‍-ഐവറി മല്‍സരം പലപ്പോഴും കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. മല്‍സരം നിയന്ത്രിച്ച റഫറി പലപ്പോഴും വളരെ പ്രയാസപ്പെട്ടു. ഈ സമ്മര്‍ദ്ദത്തിലാവാം അദ്ദേഹം കടുത്ത നടപടിക്ക്‌ മുതിര്‍ന്നത്‌.
ചുവപ്പ്‌ വര്‍ദ്ധിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളാണ്‌ പലപ്പോഴും പിടിക്കപ്പെടുക. അവരെ പ്രതിരോധിക്കാന്‍ എതിര്‍നിരയിലെ താരങ്ങള്‍ വട്ടമിട്ട്‌ പറക്കും. കുതറാനുള്ള ശ്രമം പലപ്പോഴും പ്രശ്‌നങ്ങളുമാവും.
പത്താം ദിവസം ബ്രസീലിന്‌ സ്വന്തമാണ്‌. മൂന്ന്‌ മനോഹരമായ ഗോളുകളില്‍ അവര്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കി. ആദ്യ മല്‍സരത്തില്‍ നിരാശ സമ്മാനിച്ച ലൂയിസ്‌ ഫാബിയാനോയാണ്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ട്‌ ഗോളുകളിലുമുളള സൗന്ദര്യം അതിലെ കൂട്ടായ്‌മയാണ്‌. കക്കയിലെ മിഡ്‌ഫീല്‍ഡര്‍ ഒരുക്കിയ അവസരങ്ങളിലാണ്‌ ഗോളുകള്‍ വന്നത്‌. ഇലിയാനോയുടെ മൂന്നാം ഗോളും സുന്ദരമായിരുന്നു. ഐവറിക്കാരുടെ സംഘത്തില്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ പരുക്ക്‌ തന്നെയായിരുന്നു വില്ലന്‍. ചെല്‍സി താരത്തിന്‌ അദ്ദേഹത്തിന്റെ പതിവ്‌ അനായാസതയില്‍ കളിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ച്‌ ദ്രോഗ്‌ബെ നേടിയ ഗോള്‍ അപാരമായിരുന്നു. ബ്രസീല്‍ പിന്‍നിര രണ്ടാം മല്‍സരത്തിലും പരീക്ഷിക്കപ്പെട്ടിരുന്നില്ല എന്ന സത്യം കോച്ച്‌ ഡുംഗെ തിരിച്ചിറിയേണ്ടിയിരിക്കുന്നു. ലൂസിയോ നയിക്കുന്ന പ്രതിരോധത്തെ തുറന്നുകാട്ടാന്‍ ഐവറിക്കാര്‍ ശ്രമിച്ചപ്പോഴെല്ലാം ഗോള്‍ക്കീപ്പര്‍ ജൂലിയസ്‌ സീസര്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അതിവേഗനിക്കങ്ങളിലെ പതര്‍ച്ചയില്‍ നിന്നും ടീമിനെ അനുഭവസമ്പത്തിലൂടെ രക്ഷപ്പെടുത്താന്‍ മൈക്കോണിനോ, ഡാനിയല്‍ ആല്‍വസിനോ, ഗില്‍ബെര്‍ട്ടോക്കോ കഴിയുന്നില്ല.
അടുത്ത വെള്ളിയാഴ്‌ച്ച ഡര്‍ബനില്‍ പോര്‍ച്ചുഗലുമായാണ്‌ ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മല്‍സരം. രണ്ടാം റൗണ്ട്‌ ഉറപ്പായതിനാല്‍ ഈ മല്‍സരത്തില്‍ മഞ്ഞപ്പടക്ക്‌ അനായാസം കളിക്കാം. ഈ മല്‍സരമായിരിക്കണം ശരിക്കും ഡുംഗെ ലോകകപ്പിന്റെ അവസാന ഒരുക്കത്തിന്‌ ഉപയോഗിക്കേണ്ടത്‌.
ഇറ്റലിയുടെ കാര്യമാണ്‌ കഷ്ടം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവര്‍ക്ക്‌ സമനില വഴങ്ങേണ്ടി വന്നു. ഫിഫയുടെ റാങ്കിംഗില്‍ 78 ല്‍ നില്‍ക്കുന്ന ന്യൂസിലാന്‍ഡിനെതിരെ റാങ്കിംഗിലെ അഞ്ചാം സ്ഥാനക്കാരായ ഇറ്റലിക്ക്‌ കാര്യമായി ഒന്നും ചെയ്യാനായില്ല എന്നതാണ്‌ രസകരം. ലോക സോക്കറില്‍ വിലാസമില്ലാത്ത കിവിക്കാര്‍ തുടക്കത്തില്‍ തന്നെ ഗോള്‍ സ്വന്തമാക്കി. മറുപടിക്ക്‌ പെനാല്‍ട്ടി കിക്ക്‌ വരെ കാത്തിരിക്കേണ്ടി വന്നു ചാമ്പ്യന്മാര്‍ക്ക്‌. മധ്യനിരയില്‍ മല്‍സരത്തെ പ്ലാന്‍ ചെയ്യാന്‍ ആരുമില്ലാത്തതാണ്‌ മാര്‍സിലോ ലിപ്പിയെ അലട്ടുന്നത്‌. ഫ്രാന്‍സിസ്‌ക്കോ ടോട്ടി എന്ന താരമായിരുന്നു നാല്‌ വര്‍ഷം മുമ്പ്‌ ടീമിന്റെ മധ്യനിരക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌. ഇത്തവണ അങ്ങനെ ഒരാളില്ല. കിവീസിനെതിരെ അപകടകരമായി കളിക്കാന്‍ ഇറ്റലിക്കായി. പക്ഷേ സ്‌ക്കോറിംഗില്‍ പിഴച്ചു. എതിരാളികളെ വിറപ്പിക്കാന്‍ മാത്രമുള്ള കരുത്ത്‌ സ്‌ട്രൈക്കര്‍മാര്‍ക്കില്ല. അന്റോണിയോ ഡി നതാലെ, ഗില്ലാര്‍ഡിനോ, ഇയാക്വിറ്റ, കാഗിറെല്ല എന്നിവര്‍ക്കൊന്നും ശക്തമായ പ്രഹര ശേഷിയില്ല. പരമ്പരാഗതമായി ഇറ്റലിയുടെ കരുത്ത്‌ പ്രതിരോധമാണ്‌. കനവാരോ, സംബ്രോട്ട എന്നിവരുടെ മികവില്‍ അവിടെ പ്രശ്‌നങ്ങളില്ല. ഗോള്‍ക്കീപ്പര്‍ ബഫണിന്റെ അസുഖം ടീമിനെ ബാധിച്ചതായി തോന്നുന്നില്ല. മധ്യനിരയിലാണ്‌ ആവേശം വേണ്ടത്‌. രണ്ട്‌ കളികളില്‍ നിന്ന്‌ രണ്ട്‌ പോയന്റ്‌്‌ മാത്രമുള്ള ചാമ്പ്യന്മാര്‍ക്ക്‌ സ്ലോവേനിയയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ ഇനി രക്ഷ. ന്യൂസിലാന്‍ഡിന്‌ ലോകകപ്പ്‌ നേടിയതിന്‌ സമാനമായിരുന്നു ചാമ്പ്യന്മാര്‍ക്കെതിരായ സമനില. ആദ്യ മല്‍സരത്തില്‍ സ്ലോവേനിയക്കെതിരെ അവസാന സെക്കന്‍ഡില്‍ നേടാനായ സമനിലയാണ്‌ അവര്‍ക്ക്‌ ഊര്‍ജ്ജമായത്‌. ഗോള്‍വലയം കാത്ത മാര്‍ക്‌ പാസ്റ്റന്‍ സുന്ദരമായ പ്രകടനമാണ്‌ നടത്തിയത്‌. പരാഗ്വേ എന്നും അപകടകാരികളാണ്‌. അവര്‍ മികച്ച പ്രകടനവുമായാണ്‌ ഏറെക്കുറെ രണ്ടാം റൗണ്ട്‌ ഉറപ്പിച്ചിരിക്കുന്നത്‌.

ഇന്ന്‌ മുതല്‍ കളി നാല്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ന്‌ മുതല്‍ കളികള്‍ നാലാണ്‌.... ഗ്രൂപ്പുകളിലെ അവസാന മല്‍സരങ്ങളാണ്‌ നടക്കാന്‍ പോവുന്നത്‌. ഒത്തുകളിയുടെ ഒരു സാധ്യതയും ഇല്ലാതാക്കാന്‍ ഓരോ ഗ്രൂപ്പിലെയും അവസാന മല്‍സരങ്ങള്‍ വിവിധ വേദികളില്‍ ഒരേ സമയത്താണ്‌. ഗ്രൂപ്പ്‌ എയിലും ബി യിലുമാണ്‌ ഇന്ന്‌ അങ്കങ്ങള്‍. 7-30 നാണ്‌ എയിലെ മല്‍സരങ്ങള്‍. മാന്‍ഗോംഗില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സുമായി കളിക്കുമ്പോള്‍ റസ്‌തന്‍ബര്‍ഗ്ഗില്‍ മെക്‌സിക്കോ ഉറുഗ്വേയെ എതിരിടും. ബിയില്‍ രാത്രി 12 ലെ അര്‍ജന്റീന-ഗ്രീസ്‌ മല്‍സര വേദി പോളക്‌വെയിനാണ്‌. നൈജീരിയ-ദക്ഷിണ കൊറിയ മല്‍സരം ഡര്‍ബനില്‍ നടക്കും. രണ്ട്‌ ഗ്രൂപ്പിലെയും സാധ്യത ഇപ്രകാരമാണ്‌:
ഗ്രൂപ്പ്‌്‌ എയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഉറുഗ്വേ, മെക്‌സിക്കോ എന്നിവരാണ്‌. രണ്ട്‌ ടീമിനും നാല്‌ പോയന്റ്‌്‌ വീതമുണ്ട്‌. ഒരു വിജയവും ഒരു സമനിലയും. ഇന്ന്‌ രണ്ട്‌ പേരും പരസ്‌പരം കളിക്കുന്നുണ്ട്‌. ഈ മല്‍സരം സമനിലയില്‍ അവസാനിച്ചാല്‍ രണ്ട്‌ പേര്‍ക്കും ഗ്രൂപ്പില്‍ നിന്ന്‌ അടുത്തഘട്ടത്തിലെത്താം. ഗോള്‍ ശരാശരിയില്‍ ഇപ്പോള്‍ ഉറുഗ്വേയാണ്‌ മുന്നില്‍. രണ്ട്‌ ടീമുകളും മൂന്ന്‌ ഗോള്‍ വീതം സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. ഉറുഗ്വേ ഇത്‌ വരെ ഗോള്‍ വഴങ്ങിയിട്ടില്ല. മെക്‌സിക്കോ വലയില്‍ ദക്ഷിണാഫ്രിക്ക ഒരു തവണ പന്ത്‌ എത്തിച്ചിരുന്നു.
ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കക്കും ഒരു പോയന്റ്‌്‌ വീതമണുള്ളത്‌. മെക്‌സിക്കോ-ഉറുഗ്വേ മല്‍സരത്തില്‍ ഒരു ടീം ജയിച്ചാല്‍ മാത്രമാണ്‌ ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കക്കും എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളു. ഉറുഗ്വേയോ, മെക്‌സിക്കോയോ തോറ്റാല്‍ അവരിലൊരാളുടെ സമ്പാദ്യം നാലില്‍ തന്നെ നില്‍ക്കും. അപ്പോള്‍ ഫ്രാന്‍സ്‌ ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കണം. അങ്ങനെയെങ്കില്‍ സാധ്യതയുണ്ട്‌. അതേ സാധ്യത തന്നെയാണ്‌ ദക്ഷിണാഫ്രിക്കക്കും.
ഗ്രൂപ്പ്‌ ബിയില്‍ നിന്ന്‌ അര്‍ജന്റീന ഇതിനകം ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയവുമായി യോഗ്യത നേടിയിട്ടുണ്ട്‌. അര്‍ജന്റീനക്കൊപ്പം ആരായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്നതാണ്‌ ഇന്ന്‌ അറിയാനുള്ളത്‌. ഗ്രീസ്‌, ദക്ഷിണ കൊറിയ, എന്നിവര്‍ മൂന്ന്‌ പോയന്റുമായി രണ്ടാം സ്ഥാനത്താണ്‌. ഗ്രീസിന്‌ സാധ്യത കുറയുന്നത്‌ ഇന്നത്തെ പ്രതിയോഗികള്‍ അര്‍ജന്റീനയായത്‌ കൊണ്ടാണ്‌. അവിടെയാണ്‌ കൊറിയക്കാരുടെ സാധ്യതയും. നൈജീരിയക്കെതിരെ സമനില സ്വന്തമാക്കിയാല്‍ പോലും അവര്‍ക്ക്‌ സാധ്യതയുണ്ട്‌. നൈജീരിയക്കും സാധ്യത നിലനില്‍ക്കുന്നു. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പരാജയപ്പെട്ടുവെങ്കിലും ഇന്ന്‌ കൊറിയയെ തോല്‍പ്പിച്ചാല്‍ അവര്‍ക്കും മൂന്ന്‌ പോയന്റാവും. അപ്പോള്‍ ഗ്രീസിനും കൊറിയക്കും നൈജീരിയക്കും മൂന്ന്‌ പോയന്റാവും. ഗോള്‍ ശരാശരിയായിരിക്കും പിന്നെ നിര്‍ണ്ണായകമാവുക.
ഗ്രൂപ്പ എ യില്‍ ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക മല്‍സരമാണ്‌ എല്ലാവരും സാകൂതം വീക്ഷിക്കുക. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്‌ ആദ്യ രണ്ട്‌ മല്‍സരത്തിലും സമ്പൂര്‍ണ്ണ നിരാശ സമ്മാനിച്ചവരാണ്‌. ടീമിലാണെങ്കില്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. നിക്കോളാസ്‌ അനേല്‍ക്കയെ ടീമില്‍ നിന്ന്‌ പുറത്താക്കിയതിനെതിരെ താരങ്ങളെല്ലാം കോച്ച്‌ ഡൊമന്‍ച്ചെക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ടീം പരിശീലനത്തിന്‌ തന്നെ ഇറങ്ങിയിരുന്നില്ല. ഡൊമന്‍ച്ചെയെ ഒരു തരത്തിലും അംഗീകരിക്കാന്‍ താരങ്ങളാരും തയ്യാറാവുന്നില്ല. തിയറി ഹെന്‍ട്രിയെ പോലുള്ള സീനിയര്‍ താരങ്ങളെ അവഗണിച്ച്‌ യുവതാരങ്ങള്‍ക്കാണ്‌ അദ്ദേഹം അവസരം നല്‍കുന്നത്‌. ദക്ഷിണാഫ്രിക്കയാണെങ്കില്‍ മെക്‌സിക്കോക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ലോകകപ്പിന്‌ വന്നത്‌. ഷബലാലയെ പോലുള്ള താരങ്ങളുടെ മികവിലാണ്‌ കാണികളുടെ പ്രതീക്ഷ. ഉറുഗ്വേയും മെക്‌സിക്കോയും സ്വന്തം സ്ഥാനത്തിനായി സേഫ്‌ ഫുട്‌ബോള്‍ നടത്തുമെന്നുറപ്പുള്ളതിനാല്‍ അല്‍ഭുതങ്ങള്‍ക്കാണ്‌ ഫ്രാന്‍സ്‌ കാത്തിരിക്കുന്നത്‌.
ബിയില്‍ ഗ്രീസിന്‌ പ്രതീക്ഷ തെല്ലുമില്ല. അര്‍ജന്റീനയെ തോല്‍പ്പിക്കുക എന്നത്‌ അതിമോഹമാണെന്ന്‌ അവര്‍ക്കറിയാം. കൊറിയക്കാരുടെ നോട്ടം മുഴുവന്‍ സമനിലയിലാണ്‌. നൈജീരിയക്കെതിരെ അപകടരഹിതമായ സോക്കറാണ്‌ നായകന്‍ പാര്‍ക്‌ ജി സംഗ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.
ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക മല്‍സരം ഇ.എസ്‌.പി.എന്നിലും ഉറുഗ്വേ-മെക്‌സിക്കോ മല്‍സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും തല്‍സമയമുണ്ട്‌. അര്‍ജന്റീന-ഗ്രീസ്‌ അങ്കം ഇ.എസ്‌.പി.എന്നിലാണ്‌. കൊറിയക്കാര്‍ നൈജീരിയയെ എതിരിടുന്നത്‌ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ആസ്വദിക്കാം.

വിംബിള്‍ഡണ്‍ തുടങ്ങി
ലണ്ടന്‍: കായിക ലോകം ലോകകപ്പ്‌ ആവേശത്തില്‍ നില്‍ക്കവെ, ഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പായ വിംബിള്‍ഡണിന്‌ തുടക്കം. മല്‍സരങ്ങളെല്ലാം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ രാത്രി പത്ത്‌ മുതല്‍.

RED WORLD CUP
ഡേ-10
ഇത്‌ ചുവന്ന ലോകകപ്പാണോ...? സംശയിക്കേണ്ടതുണ്ട്‌....ലോകകപ്പ്‌ പത്ത്‌ ദിവസം പിന്നിടുമ്പോഴേക്കും ചുവപ്പുകാര്‍ഡുകളുടെ എണ്ണം റെക്കോര്‍ഡിലേക്ക്‌ കുതിക്കുകയാണ്‌. ഏറ്റവും ഒടുവിലത്തെ കാഷ്വാലിറ്റിയാണ്‌ ബ്രസീലിന്റെ സൂപ്പര്‍ താരമായ പത്താം നമ്പറുകാരന്‍ കക്ക. ചുവപ്പിന്റെ കാര്യത്തില്‍ ഫിഫ ചില ഇളവുകള്‍ പറയുന്നുവെന്നത്‌ സത്യം. പക്ഷേ ഇത്തരത്തില്‍ ചുവപ്പ്‌ വ്യാപകമാക്കിയാല്‍ അത്‌ കളിയുടെ സൗന്ദര്യത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ലോകകപ്പിന്റെ താരങ്ങളാവുമെന്ന്‌ കരുതപ്പെട്ടിരുന്ന പലരും ചുവപ്പിലും മഞ്ഞയിലുമെല്ലാമാണ്‌. മഞ്ഞ കണ്ടവരില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും റോബിഞ്ഞോയും ഫ്രാങ്ക്‌ റിബറിയും ഫ്രാങ്ക്‌ ലംപാര്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും വെയിന്‍ റൂണിയും ടോറസുമെല്ലാമുണ്ട്‌. ഇവര്‍ക്ക്‌ ഒരു മഞ്ഞ കൂടി കണ്ടാല്‍ നിര്‍ണ്ണായകമായ മല്‍സരങ്ങള്‍ നഷ്ടമാവും. ചുവപ്പിന്റെ വേദനയില്‍ മിറോസ്ലാവ്‌ ക്ലോസും കക്കയുമെല്ലാമുണ്ട്‌.
വ്യക്തമായ നിര്‍ദ്ദേശങ്ങളാണ്‌ ഫിഫയുടെ റഫറീസ്‌ കമ്മിറ്റി റഫറിമാര്‍ക്ക്‌ നല്‍കുന്നത്‌. ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ ജര്‍മനിയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ മിഷേല്‍ ബലാക്ക്‌ പ്രതിയോഗിയുടെ ക്രൂരമായ ടാക്‌ളിംഗിന്‌ വിധേയനായി പുറത്തായിരുന്നു. ഈ ഫൗളിലാണ്‌ സൂപ്പര്‍താരത്തിന്‌ ലോകകപ്പ്‌ നഷ്ടമായത്‌. ഈ സംഭവം ഉദാഹരിച്ചാണ്‌ ഏത്‌ തരം ഫൗളിനും കര്‍ക്കശനടപടിക്ക്‌ റഫറിമാരോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പക്ഷേ പലപ്പോഴും റഫറിമാരുടെ നടപടി ഏകപക്ഷീയമായാണ്‌ അവസാനിക്കുന്നത്‌. ലോകകപ്പിന്റെ പത്താം ദിവസം നടന്ന ബ്രസീല്‍-ഐവറി കോസ്‌റ്റ്‌ മല്‍സരത്തില്‍ കക്ക ചുവപ്പില്‍ പുറത്തായത്‌ നിര്‍ഭാഗ്യകരമായാണ്‌.
കക്കയാണ്‌ ശരിക്കും ഫൗള്‍ ചെയ്യപ്പെട്ടത്‌. പക്ഷേ അദ്ദേഹത്തെ ഫൗള്‍ ചെയ്‌ത താരം രക്ഷപ്പെടുകയും കക്ക പുറത്താവുകയുമായിരുന്നു. കക്കയെ ഫൗള്‍ ചെയ്യാനായി ഐവറി താരം കാദര്‍ കൈത മുന്നോട്ട്‌ വന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കാണാതെ തികച്ചും സ്വാഭാവികമായുളള കക്കയുടെ ചലനത്തില്‍ റഫറി ബ്രസീലുകാരനെ പ്രതിയാക്കുകയായിരുന്നു. ബ്രസീല്‍-ഐവറി മല്‍സരം പലപ്പോഴും കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. മല്‍സരം നിയന്ത്രിച്ച റഫറി പലപ്പോഴും വളരെ പ്രയാസപ്പെട്ടു. ഈ സമ്മര്‍ദ്ദത്തിലാവാം അദ്ദേഹം കടുത്ത നടപടിക്ക്‌ മുതിര്‍ന്നത്‌.
ചുവപ്പ്‌ വര്‍ദ്ധിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളാണ്‌ പലപ്പോഴും പിടിക്കപ്പെടുക. അവരെ പ്രതിരോധിക്കാന്‍ എതിര്‍നിരയിലെ താരങ്ങള്‍ വട്ടമിട്ട്‌ പറക്കും. കുതറാനുള്ള ശ്രമം പലപ്പോഴും പ്രശ്‌നങ്ങളുമാവും.
പത്താം ദിവസം ബ്രസീലിന്‌ സ്വന്തമാണ്‌. മൂന്ന്‌ മനോഹരമായ ഗോളുകളില്‍ അവര്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കി. ആദ്യ മല്‍സരത്തില്‍ നിരാശ സമ്മാനിച്ച ലൂയിസ്‌ ഫാബിയാനോയാണ്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ട്‌ ഗോളുകളിലുമുളള സൗന്ദര്യം അതിലെ കൂട്ടായ്‌മയാണ്‌. കക്കയിലെ മിഡ്‌ഫീല്‍ഡര്‍ ഒരുക്കിയ അവസരങ്ങളിലാണ്‌ ഗോളുകള്‍ വന്നത്‌. ഇലിയാനോയുടെ മൂന്നാം ഗോളും സുന്ദരമായിരുന്നു. ഐവറിക്കാരുടെ സംഘത്തില്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ പരുക്ക്‌ തന്നെയായിരുന്നു വില്ലന്‍. ചെല്‍സി താരത്തിന്‌ അദ്ദേഹത്തിന്റെ പതിവ്‌ അനായാസതയില്‍ കളിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ച്‌ ദ്രോഗ്‌ബെ നേടിയ ഗോള്‍ അപാരമായിരുന്നു. ബ്രസീല്‍ പിന്‍നിര രണ്ടാം മല്‍സരത്തിലും പരീക്ഷിക്കപ്പെട്ടിരുന്നില്ല എന്ന സത്യം കോച്ച്‌ ഡുംഗെ തിരിച്ചിറിയേണ്ടിയിരിക്കുന്നു. ലൂസിയോ നയിക്കുന്ന പ്രതിരോധത്തെ തുറന്നുകാട്ടാന്‍ ഐവറിക്കാര്‍ ശ്രമിച്ചപ്പോഴെല്ലാം ഗോള്‍ക്കീപ്പര്‍ ജൂലിയസ്‌ സീസര്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അതിവേഗനിക്കങ്ങളിലെ പതര്‍ച്ചയില്‍ നിന്നും ടീമിനെ അനുഭവസമ്പത്തിലൂടെ രക്ഷപ്പെടുത്താന്‍ മൈക്കോണിനോ, ഡാനിയല്‍ ആല്‍വസിനോ, ഗില്‍ബെര്‍ട്ടോക്കോ കഴിയുന്നില്ല.
അടുത്ത വെള്ളിയാഴ്‌ച്ച ഡര്‍ബനില്‍ പോര്‍ച്ചുഗലുമായാണ്‌ ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മല്‍സരം. രണ്ടാം റൗണ്ട്‌ ഉറപ്പായതിനാല്‍ ഈ മല്‍സരത്തില്‍ മഞ്ഞപ്പടക്ക്‌ അനായാസം കളിക്കാം. ഈ മല്‍സരമായിരിക്കണം ശരിക്കും ഡുംഗെ ലോകകപ്പിന്റെ അവസാന ഒരുക്കത്തിന്‌ ഉപയോഗിക്കേണ്ടത്‌.
ഇറ്റലിയുടെ കാര്യമാണ്‌ കഷ്ടം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവര്‍ക്ക്‌ സമനില വഴങ്ങേണ്ടി വന്നു. ഫിഫയുടെ റാങ്കിംഗില്‍ 78 ല്‍ നില്‍ക്കുന്ന ന്യൂസിലാന്‍ഡിനെതിരെ റാങ്കിംഗിലെ അഞ്ചാം സ്ഥാനക്കാരായ ഇറ്റലിക്ക്‌ കാര്യമായി ഒന്നും ചെയ്യാനായില്ല എന്നതാണ്‌ രസകരം. ലോക സോക്കറില്‍ വിലാസമില്ലാത്ത കിവിക്കാര്‍ തുടക്കത്തില്‍ തന്നെ ഗോള്‍ സ്വന്തമാക്കി. മറുപടിക്ക്‌ പെനാല്‍ട്ടി കിക്ക്‌ വരെ കാത്തിരിക്കേണ്ടി വന്നു ചാമ്പ്യന്മാര്‍ക്ക്‌. മധ്യനിരയില്‍ മല്‍സരത്തെ പ്ലാന്‍ ചെയ്യാന്‍ ആരുമില്ലാത്തതാണ്‌ മാര്‍സിലോ ലിപ്പിയെ അലട്ടുന്നത്‌. ഫ്രാന്‍സിസ്‌ക്കോ ടോട്ടി എന്ന താരമായിരുന്നു നാല്‌ വര്‍ഷം മുമ്പ്‌ ടീമിന്റെ മധ്യനിരക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌. ഇത്തവണ അങ്ങനെ ഒരാളില്ല. കിവീസിനെതിരെ അപകടകരമായി കളിക്കാന്‍ ഇറ്റലിക്കായി. പക്ഷേ സ്‌ക്കോറിംഗില്‍ പിഴച്ചു. എതിരാളികളെ വിറപ്പിക്കാന്‍ മാത്രമുള്ള കരുത്ത്‌ സ്‌ട്രൈക്കര്‍മാര്‍ക്കില്ല. അന്റോണിയോ ഡി നതാലെ, ഗില്ലാര്‍ഡിനോ, ഇയാക്വിറ്റ, കാഗിറെല്ല എന്നിവര്‍ക്കൊന്നും ശക്തമായ പ്രഹര ശേഷിയില്ല. പരമ്പരാഗതമായി ഇറ്റലിയുടെ കരുത്ത്‌ പ്രതിരോധമാണ്‌. കനവാരോ, സംബ്രോട്ട എന്നിവരുടെ മികവില്‍ അവിടെ പ്രശ്‌നങ്ങളില്ല. ഗോള്‍ക്കീപ്പര്‍ ബഫണിന്റെ അസുഖം ടീമിനെ ബാധിച്ചതായി തോന്നുന്നില്ല. മധ്യനിരയിലാണ്‌ ആവേശം വേണ്ടത്‌. രണ്ട്‌ കളികളില്‍ നിന്ന്‌ രണ്ട്‌ പോയന്റ്‌്‌ മാത്രമുള്ള ചാമ്പ്യന്മാര്‍ക്ക്‌ സ്ലോവേനിയയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ ഇനി രക്ഷ. ന്യൂസിലാന്‍ഡിന്‌ ലോകകപ്പ്‌ നേടിയതിന്‌ സമാനമായിരുന്നു ചാമ്പ്യന്മാര്‍ക്കെതിരായ സമനില. ആദ്യ മല്‍സരത്തില്‍ സ്ലോവേനിയക്കെതിരെ അവസാന സെക്കന്‍ഡില്‍ നേടാനായ സമനിലയാണ്‌ അവര്‍ക്ക്‌ ഊര്‍ജ്ജമായത്‌. ഗോള്‍വലയം കാത്ത മാര്‍ക്‌ പാസ്റ്റന്‍ സുന്ദരമായ പ്രകടനമാണ്‌ നടത്തിയത്‌. പരാഗ്വേ എന്നും അപകടകാരികളാണ്‌. അവര്‍ മികച്ച പ്രകടനവുമായാണ്‌ ഏറെക്കുറെ രണ്ടാം റൗണ്ട്‌ ഉറപ്പിച്ചിരിക്കുന്നത്‌.

ഇന്ന്‌ മുതല്‍ കളി നാല്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ന്‌ മുതല്‍ കളികള്‍ നാലാണ്‌.... ഗ്രൂപ്പുകളിലെ അവസാന മല്‍സരങ്ങളാണ്‌ നടക്കാന്‍ പോവുന്നത്‌. ഒത്തുകളിയുടെ ഒരു സാധ്യതയും ഇല്ലാതാക്കാന്‍ ഓരോ ഗ്രൂപ്പിലെയും അവസാന മല്‍സരങ്ങള്‍ വിവിധ വേദികളില്‍ ഒരേ സമയത്താണ്‌. ഗ്രൂപ്പ്‌ എയിലും ബി യിലുമാണ്‌ ഇന്ന്‌ അങ്കങ്ങള്‍. 7-30 നാണ്‌ എയിലെ മല്‍സരങ്ങള്‍. മാന്‍ഗോംഗില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സുമായി കളിക്കുമ്പോള്‍ റസ്‌തന്‍ബര്‍ഗ്ഗില്‍ മെക്‌സിക്കോ ഉറുഗ്വേയെ എതിരിടും. ബിയില്‍ രാത്രി 12 ലെ അര്‍ജന്റീന-ഗ്രീസ്‌ മല്‍സര വേദി പോളക്‌വെയിനാണ്‌. നൈജീരിയ-ദക്ഷിണ കൊറിയ മല്‍സരം ഡര്‍ബനില്‍ നടക്കും. രണ്ട്‌ ഗ്രൂപ്പിലെയും സാധ്യത ഇപ്രകാരമാണ്‌:
ഗ്രൂപ്പ്‌്‌ എയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഉറുഗ്വേ, മെക്‌സിക്കോ എന്നിവരാണ്‌. രണ്ട്‌ ടീമിനും നാല്‌ പോയന്റ്‌്‌ വീതമുണ്ട്‌. ഒരു വിജയവും ഒരു സമനിലയും. ഇന്ന്‌ രണ്ട്‌ പേരും പരസ്‌പരം കളിക്കുന്നുണ്ട്‌. ഈ മല്‍സരം സമനിലയില്‍ അവസാനിച്ചാല്‍ രണ്ട്‌ പേര്‍ക്കും ഗ്രൂപ്പില്‍ നിന്ന്‌ അടുത്തഘട്ടത്തിലെത്താം. ഗോള്‍ ശരാശരിയില്‍ ഇപ്പോള്‍ ഉറുഗ്വേയാണ്‌ മുന്നില്‍. രണ്ട്‌ ടീമുകളും മൂന്ന്‌ ഗോള്‍ വീതം സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. ഉറുഗ്വേ ഇത്‌ വരെ ഗോള്‍ വഴങ്ങിയിട്ടില്ല. മെക്‌സിക്കോ വലയില്‍ ദക്ഷിണാഫ്രിക്ക ഒരു തവണ പന്ത്‌ എത്തിച്ചിരുന്നു.
ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കക്കും ഒരു പോയന്റ്‌്‌ വീതമണുള്ളത്‌. മെക്‌സിക്കോ-ഉറുഗ്വേ മല്‍സരത്തില്‍ ഒരു ടീം ജയിച്ചാല്‍ മാത്രമാണ്‌ ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കക്കും എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളു. ഉറുഗ്വേയോ, മെക്‌സിക്കോയോ തോറ്റാല്‍ അവരിലൊരാളുടെ സമ്പാദ്യം നാലില്‍ തന്നെ നില്‍ക്കും. അപ്പോള്‍ ഫ്രാന്‍സ്‌ ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കണം. അങ്ങനെയെങ്കില്‍ സാധ്യതയുണ്ട്‌. അതേ സാധ്യത തന്നെയാണ്‌ ദക്ഷിണാഫ്രിക്കക്കും.
ഗ്രൂപ്പ്‌ ബിയില്‍ നിന്ന്‌ അര്‍ജന്റീന ഇതിനകം ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയവുമായി യോഗ്യത നേടിയിട്ടുണ്ട്‌. അര്‍ജന്റീനക്കൊപ്പം ആരായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്നതാണ്‌ ഇന്ന്‌ അറിയാനുള്ളത്‌. ഗ്രീസ്‌, ദക്ഷിണ കൊറിയ, എന്നിവര്‍ മൂന്ന്‌ പോയന്റുമായി രണ്ടാം സ്ഥാനത്താണ്‌. ഗ്രീസിന്‌ സാധ്യത കുറയുന്നത്‌ ഇന്നത്തെ പ്രതിയോഗികള്‍ അര്‍ജന്റീനയായത്‌ കൊണ്ടാണ്‌. അവിടെയാണ്‌ കൊറിയക്കാരുടെ സാധ്യതയും. നൈജീരിയക്കെതിരെ സമനില സ്വന്തമാക്കിയാല്‍ പോലും അവര്‍ക്ക്‌ സാധ്യതയുണ്ട്‌. നൈജീരിയക്കും സാധ്യത നിലനില്‍ക്കുന്നു. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പരാജയപ്പെട്ടുവെങ്കിലും ഇന്ന്‌ കൊറിയയെ തോല്‍പ്പിച്ചാല്‍ അവര്‍ക്കും മൂന്ന്‌ പോയന്റാവും. അപ്പോള്‍ ഗ്രീസിനും കൊറിയക്കും നൈജീരിയക്കും മൂന്ന്‌ പോയന്റാവും. ഗോള്‍ ശരാശരിയായിരിക്കും പിന്നെ നിര്‍ണ്ണായകമാവുക.
ഗ്രൂപ്പ എ യില്‍ ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക മല്‍സരമാണ്‌ എല്ലാവരും സാകൂതം വീക്ഷിക്കുക. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്‌ ആദ്യ രണ്ട്‌ മല്‍സരത്തിലും സമ്പൂര്‍ണ്ണ നിരാശ സമ്മാനിച്ചവരാണ്‌. ടീമിലാണെങ്കില്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. നിക്കോളാസ്‌ അനേല്‍ക്കയെ ടീമില്‍ നിന്ന്‌ പുറത്താക്കിയതിനെതിരെ താരങ്ങളെല്ലാം കോച്ച്‌ ഡൊമന്‍ച്ചെക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ടീം പരിശീലനത്തിന്‌ തന്നെ ഇറങ്ങിയിരുന്നില്ല. ഡൊമന്‍ച്ചെയെ ഒരു തരത്തിലും അംഗീകരിക്കാന്‍ താരങ്ങളാരും തയ്യാറാവുന്നില്ല. തിയറി ഹെന്‍ട്രിയെ പോലുള്ള സീനിയര്‍ താരങ്ങളെ അവഗണിച്ച്‌ യുവതാരങ്ങള്‍ക്കാണ്‌ അദ്ദേഹം അവസരം നല്‍കുന്നത്‌. ദക്ഷിണാഫ്രിക്കയാണെങ്കില്‍ മെക്‌സിക്കോക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ലോകകപ്പിന്‌ വന്നത്‌. ഷബലാലയെ പോലുള്ള താരങ്ങളുടെ മികവിലാണ്‌ കാണികളുടെ പ്രതീക്ഷ. ഉറുഗ്വേയും മെക്‌സിക്കോയും സ്വന്തം സ്ഥാനത്തിനായി സേഫ്‌ ഫുട്‌ബോള്‍ നടത്തുമെന്നുറപ്പുള്ളതിനാല്‍ അല്‍ഭുതങ്ങള്‍ക്കാണ്‌ ഫ്രാന്‍സ്‌ കാത്തിരിക്കുന്നത്‌.
ബിയില്‍ ഗ്രീസിന്‌ പ്രതീക്ഷ തെല്ലുമില്ല. അര്‍ജന്റീനയെ തോല്‍പ്പിക്കുക എന്നത്‌ അതിമോഹമാണെന്ന്‌ അവര്‍ക്കറിയാം. കൊറിയക്കാരുടെ നോട്ടം മുഴുവന്‍ സമനിലയിലാണ്‌. നൈജീരിയക്കെതിരെ അപകടരഹിതമായ സോക്കറാണ്‌ നായകന്‍ പാര്‍ക്‌ ജി സംഗ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.
ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക മല്‍സരം ഇ.എസ്‌.പി.എന്നിലും ഉറുഗ്വേ-മെക്‌സിക്കോ മല്‍സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും തല്‍സമയമുണ്ട്‌. അര്‍ജന്റീന-ഗ്രീസ്‌ അങ്കം ഇ.എസ്‌.പി.എന്നിലാണ്‌. കൊറിയക്കാര്‍ നൈജീരിയയെ എതിരിടുന്നത്‌ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ആസ്വദിക്കാം.

വിംബിള്‍ഡണ്‍ തുടങ്ങി
ലണ്ടന്‍: കായിക ലോകം ലോകകപ്പ്‌ ആവേശത്തില്‍ നില്‍ക്കവെ, ഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പായ വിംബിള്‍ഡണിന്‌ തുടക്കം. മല്‍സരങ്ങളെല്ലാം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ രാത്രി പത്ത്‌ മുതല്‍.

Saturday, June 19, 2010

POOR ENGLAND

ഡേ-8
ഫ്രാന്‍സിന്‌ പിറകെ ഗമിക്കുകയാണ്‌ ഇംഗ്ലണ്ടും.... അള്‍ജീരിയക്കെതിരെ ഇംഗ്ലണ്ട്‌ നടത്തിയ പ്രകടനം കണ്ടപ്പോള്‍ ഫാബിയാ കാപ്പലോ എന്ന പരിശീലകനോടുള്ള മതിപ്പാണ്‌ കുറയുന്നത്‌. ഫ്രഞ്ച്‌ കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെയെ പോലെ കാപ്പലോയും ഗോള്‍ ദാരിദ്ര്യ ലോകത്താണ്‌. പരിശീലകന്‍ ഉപദേശിക്കുന്ന തന്ത്രങ്ങളാണ്‌ താരങ്ങള്‍ മൈതാനത്ത്‌ പ്രാവര്‍ത്തികമാക്കാറുള്ളത്‌. കാപ്പലോ ഇംഗ്ലീഷ്‌ ചുമതല ഏറ്റെടുത്തത്‌ മുതല്‍ ടീമിന്റെ ഗമനം മുന്നോട്ടായിരുന്നു. ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളിലും ഈയിടെ നടന്ന ലോകകപ്പ്‌ സന്നാഹ മല്‍സരങ്ങളിലുമെല്ലാം അത്‌ കണ്ടതാണ്‌. കാപ്പലോയുടെ കാര്യങ്ങളില്‍ ഇടപ്പെടാതെ അദ്ദേഹത്തിന്‌ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയാണ്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ നീങ്ങുന്നതും. പക്ഷേ ഇന്നലെ ബഞ്ചിലിരുന്ന്‌ സ്വയം ശപിക്കുന്ന കതാപ്പലോയെ കണ്ടപ്പോള്‍ ആദ്യമായി അദ്ദേഹവും ആശയദാരിദ്ര്യം നേരിടുന്നത്‌ വ്യക്തമായിരുന്നു. ലോകകപ്പിന്റെ രണ്ടാം വെള്ളിയാഴ്‌ച്ച അള്‍ജീരിയ സ്വന്തമാക്കി എന്നതിന്‌ സംശയമില്ല. അവര്‍ക്ക്‌ വിജയത്തിന്‌ തുല്യമായിരുന്നു ഈ ഗോള്‍രഹിത സമനില. ആദ്യ മല്‍സരത്തില്‍ ജര്‍മനി തോറ്റത്‌ വലീയ ഷോക്കായിരുന്നു. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരെ ഇല്ലാതാക്കിയ ടീമാണ്‌ രണ്ടാം മല്‍സരത്തില്‍ അധികം വിരഗാഥകള്‍ രചിക്കാത്ത സെര്‍ബിയയോട്‌ ഒരു ഗോളിന്‌ തോറ്റത്‌. തോല്‍വി മാത്രമല്ല മിറോസ്ലാവ്‌ ക്ലോസെ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ലുക്കാസ്‌ പോദോസ്‌ക്കി പെനാല്‍ട്ടി കിക്ക്‌ പാഴാക്കുകയും ചെയ്‌തു. രണ്ടാം മല്‍സരത്തിലാണ്‌ പോരാട്ടം അതിന്റെ പ്രബലമായ അര്‍ത്ഥത്തില്‍ കാണാനായത്‌. എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ കൊച്ചു സ്ലോവേനിയക്കാര്‍ അമേരിക്കന്‍ വലയില്‍ രണ്ട്‌ തവണ പന്ത്‌ നിക്ഷേപിക്കുന്നു. രണ്ടാം പകുതിയില്‍ ഡോണോവാന്‍ എന്ന മെഗാ താരത്തിന്റെ കരുത്തില്‍ അമേരിക്ക രണ്ട്‌ ഗോളടിച്ച്‌ തിരിച്ചുവരുന്നു. മൂന്നാമതൊരു ഗോളും അമേരിക്കകാര്‍ നേടിയിരുന്നു. പക്ഷേ ഓഫ്‌ സൈഡിന്റെ നിര്‍ഭാഗ്യം അവരെ പിടികൂടി. കേപ്‌ടൗണിലെ മൈതാനത്ത്‌ ഇന്നലെ തമ്പടിച്ചത്‌ മുപ്പതിനായിരത്തോളം ഇംഗ്ലീഷ്‌ ആരാധകരായിരുന്നു. സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ കറന്‍സികള്‍ ചെലവഴിച്ചാണ്‌ അവരെത്തിയത്‌. വലിയ വിജയമായിരുന്നു എല്ലാവരും കൊതിച്ചത്‌. പക്ഷേ അവര്‍ കണ്ടത്‌ മൈതാനത്ത്‌ വെറുതെ ഓടിനടക്കുന്ന ഒരുപ്പറ്റം ഇംഗ്ലീഷ്‌ താരങ്ങളെ. വെയിന്‍ റൂണിയെ പോലുള്ള സൂപ്പര്‍ താരത്തില്‍ നിന്നുണ്ടായ പെരുമാറ്റവും ഇംഗ്ലീഷ്‌ ആരാധകര്‍ക്ക്‌ ക്ഷീണമാണ്‌. പണ്ട്‌ കാലമാണെങ്കില്‍ ഇംഗ്ലീഷ്‌ ആരാധകരായിരുന്നു പ്രശ്‌നക്കാര്‍. എവിടെ ഫുട്‌ബോള്‍ നടന്നാലും ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. ഇപ്പോള്‍ കാണികള്‍ മര്യാദക്കാരായപ്പോള്‍ താരങ്ങളാണ്‌ പ്രശ്‌നക്കാര്‍. ലോകകപ്പ്‌ സന്നാഹ മല്‍സരത്തിനിടെ റഫറിയെ അസഭ്യം പറഞ്ഞ വെയിന്‍ റൂണി അള്‍ജീരിയക്കെതിരെ പലവട്ടം നിയന്ത്രണം വിട്ടു.ഗോളടിക്കാന്‍ കഴിയാതെ വരുമ്പോള്‍ താരങ്ങള്‍ നിരാശരാവുമെന്നത്‌ സ്വാഭാവികമാണ്‌. ആ നിരാശ പരസ്യമായി പ്രകടിപ്പിച്ചാലാണ്‌ പ്രശ്‌നമാവുക.
അടുത്ത ബുധനാഴ്‌ച്ചയാണ്‌ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന്റെ അവസാന മല്‍സരം. പ്രതിയോഗികളായ സ്ലോവേനിയക്കാരെ വലിയ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കേണ്ടതുണ്ട്‌. അതാണെങ്കില്‍ എളുപ്പവുമല്ല. സ്ലോവേനിയക്കാര്‍ ആദ്യ മല്‍സരത്തില്‍ ജയിച്ച്‌ രണ്ടാം മല്‍സരത്തില്‍ സമനിലയുമായി സി യില്‍ ഒന്നാം സ്ഥാനത്താണ്‌. ഇംഗ്ലണ്ട്‌ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാന്‍ വന്ന ടീമല്ല. കഴിഞ്ഞ രണ്ട്‌ ലോകകപ്പിലും അവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചവരാണ്‌. ഇത്തവണ വന്നതാവട്ടെ കിരീടം സ്വന്തമാക്കാന്‍ തന്നെയാണ്‌. അങ്ങനെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ടീമിനെ ആദ്യ റൗണ്ട്‌ ദുര്‍ഗതി വന്നാല്‍ കാപ്പലോ പിന്നെ ആ സ്ഥാനത്ത്‌ തുടരില്ല എന്ന കാര്യം വ്യക്തമാണ്‌. ഇംഗ്ലണ്ടില്‍ വിംബിള്‍ഡണ്‍ സമയം സമാഗതമാവുകയാണ്‌. പക്ഷേ ലോകകപ്പ്‌ വേളയില്‍ വിംബിള്‍ഡണ്‍ കാണാന്‍ ഒരു ഇംഗ്ലീഷുകാരനും ആഗ്രഹിക്കില്ല.
റൂണിയെ പോലെ ഒരു താരം അദ്ദേഹത്തിന്റെ പതിവ്‌ കരുത്തിന്റെ അരികില്‍ പോലുമെത്തിയില്ല. ആരെയോ വെല്ലുവിളിക്കുന്നത്‌ പോലെ, അല്ലെങ്കില്‍ മദം പൊട്ടിയ ആനയെ പോലെ കുതികുതിക്കുന്ന കാഴ്‌ച്ച മാത്രം. സൂപ്പര്‍ താരങ്ങള്‍ക്ക്‌ അവരുടേതായ പ്രശ്‌നങ്ങളുണ്ടാവും. പരുക്കും ക്ഷീണവും സമ്മര്‍ദ്ദവുമെല്ലാം അവരെ തളര്‍ത്തും. പക്ഷേ ഇത്‌ ലോകകപ്പ്‌ വേദിയാണ്‌. ലോകം മുഴുവുന്‍ ഉറ്റുനോക്കുമ്പോള്‍ കളിയിലും പെരുമാറ്റത്തിലും ജാഗ്രത പാലിക്കുമ്പോഴാണ്‌ ഒരു താരത്തിന്‌ അംഗീകാരം ലഭിക്കുന്നത്‌. അള്‍ജീരിയക്കെതിരായ മല്‍സരം സമാപിച്ചപ്പോള്‍ ക്ഷുഭിതനാവുന്ന റൂണിയെയാണ്‌ കണ്ടത്‌. അദ്ദേഹത്തിന്‌ ഒരു കാര്യം ചെയ്യാമായിരുന്നു. ടീം സമനിലയില്‍ കുരുങ്ങി പ്രതിസന്ധി മുഖത്തായപ്പോള്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌ ആരാധകരുടെ പിന്തുണ തേടാമായിരുന്നു. അതായിരുന്നു ചെയ്യേണ്ട കാര്യം.
അല്ലെങ്കില്‍ സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ പണവും മുടക്കി വരുന്നവരെ കുറ്റം പറയാനാവില്ലല്ലോ. മുപ്പതിനായിരത്തോളം ഇംഗ്ലീഷ്‌്‌ കാണികളെ നോക്കി ഒന്നു ചിരിക്കാനെങ്കിലുമുളള സാമാന്യ നീതി റൂണി കാണിച്ചില്ല. കാണികള്‍ക്ക്‌ കൂറെയെല്ലാം കാര്യങ്ങള്‍ അറിയാം. ലോകകപ്പിന തൊട്ട്‌ മുമ്പാണ്‌ മൈക്കല്‍േ ഓവനും ഡേവിഡ്‌ ബെക്കാമും റിയോ ഫെര്‍ഡിനാന്‍ഡുമെല്ലാം പരുക്കില്‍ പുറത്തായത്‌. ലോകകപ്പിലേക്ക്‌ വന്നപ്പോള്‍ ആദ്യ മല്‍സരത്തില്‍ തന്നെ സമനില വഴങ്ങേണ്ടി വന്നു.
അമേരിക്കക്കെതിരെ ഗോള്‍ വാങ്ങിയ കുറ്റം ചാര്‍ത്തി ഗോള്‍ക്കീപ്പര്‍ റോബര്‍ട്ട്‌ ഗ്രീനിനെ മാറ്റിയതില്‍ തന്നെ കാപ്പലോ പരിഭ്രാന്തനാണ്‌ എന്ന വ്യക്തമായ സന്ദേശമാണ്‌ അള്‍ജീരിയക്കാര്‍ക്ക്‌ ലഭിച്ചത്‌. ഗ്രീനിന്റെ പിഴവിലായിരുന്നില്ല അമേരിക്ക ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ജബുലാനി പന്തായിരുന്നു വില്ലനായത്‌. രണ്ടാം മല്‍സരത്തില്‍ ഗ്രീനിന്‌ പകരം ഡേവിഡ്‌ ജെയിംസിനാണ്‌ കാപ്പലോ അവസരം നല്‍കിയത്‌. മല്‍സരം സത്യസന്ധമായി വിലയിരുത്തിയാല്‍ ഇംഗ്ലണ്ടിനേക്കാള്‍ അച്ചടക്കം പാലിച്ചതും പന്ത്‌ നന്നായി പാസ്‌ ചെയ്‌തതും അള്‍ജീരിയക്കാരായിരുന്നു. സുന്ദരമായ പാസിംഗാണ്‌ വന്‍കരയിലെ കുറുക്കന്മാര്‍ എന്ന വിളിപ്പേരുളള അള്‍ജീരിയക്കാര്‍ നടത്തിയത്‌.
ഇംഗ്ലീഷ്‌ നീക്കങ്ങള്‍ പലപ്പോഴും ഒറ്റയാന്‍ നീക്കത്തില്‍ അവസാനിച്ചു. സ്‌റ്റീവന്‍ ജെറാര്‍ഡും ഫ്രാങ്ക്‌ ലംപാര്‍ഡും ഓടിക്കയറിയ കാഴ്‌ച്ച അള്‍ജിരിയക്കാരെ വിറപ്പിച്ചിരുന്നില്ല. മുന്‍നിരയില്‍ എമില്‍ ഹെസിക്കി അദ്ധ്വാനിച്ച്‌ കളിച്ചതില്‍ കാര്യമുണ്ടായില്ല. കോച്ചിന്‌ വളരെയെറെ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു ജറാത്ത്‌ ബാറ്റി. അദ്ദേഹത്തിനും വിശ്വാസം കാക്കാന്‍ കഴിഞ്ഞില്ല. ബെക്കന്‍ ബോവര്‍ പറഞ്ഞതാണ്‌ സത്യം-ഇംഗ്ലീഷ്‌ താരങ്ങളുടെ കരുത്തും ന്യൂനതയുമെല്ലാം എല്ലാവര്‍ക്കുമറിയാം. അതിനാല്‍ എതിര്‍ ടീമുകള്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാണ്‌. റൂണി ഏത്‌ സമയത്തും നിറയൊഴിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിന്റെ കാലില്‍ പന്തെത്തിയാല്‍ ഗോള്‍ക്കീപ്പര്‍മാര്‍ ജാഗ്രത പാലിക്കും. അത്‌ മാത്രമാണ്‌ അള്‍ജിരിയിന്‍ ഗോള്‍ക്കീപ്പര്‍ ചെയ്‌തതെന്നാണ്‌ ബെക്കന്‍ ബോവര്‍ പറഞ്ഞത്‌. താരങ്ങളാവട്ടെ സ്വന്തം ശൈലി മാറ്റുന്നുമില്ല.
ജര്‍മനിക്ക്‌ സംഭവിച്ചതാണ്‌ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം. ലോകകപ്പില്‍ ആരും ആഗ്രഹിക്കുന്ന തകര്‍പ്പന്‍ തുടക്കം ലഭിച്ച ഒരു ടീം രണ്ടാം മല്‍സരത്തില്‍ തോല്‍ക്കുന്നത്‌ അപൂര്‍വ സംഭവമാണ്‌. തോല്‍വി മാത്രമായിരുന്നില്ല ദുരന്തം, എല്ലാവരും കളി മറന്നു. ക്ലോസെക്ക്‌ ചുവപ്പ്‌ കാട്ടിയതില്‍ റഫറിക്ക്‌ പിഴച്ചിട്ടുണ്ട്‌. പോദോസ്‌ക്കിയുടെ കാര്യവും ഇത്‌ തന്നെ. സെര്‍ബിയക്കാര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. ആ പ്രകടനമാണ്‌ അവരെ തുണച്ചത്‌. സ്ലോവേനിയക്കെതിരെ അമേരിക്ക വിജയം അര്‍ഹിച്ചിരുന്നു. അവര്‍ക്ക്‌ അര്‍ഹമായ ഒരു ഗോളാണ്‌ അവസാനത്തില്‍ റഫറി നിഷേധിച്ചത്‌. ലോകകപ്പ്‌ മുന്നേറുമ്പോള്‍ വമ്പന്‍ ടീമുകള്‍ക്ക്‌ ഏല്‍ക്കുന്ന തിരിച്ചടികള്‍ സോക്കറിലെ വലിയ മാമാങ്കത്തിന്റെ ജനപ്രീതിയെ തന്നെ ബാധിക്കുന്നുണ്ട്‌.

ഇന്ന്‌
ബ്രസീലും ആനകളും
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്നത്തെ രാത്രി മല്‍സരം കാണാതിരിക്കരുത്‌-ഈ ലോകകപ്പിലെ തട്ടുതകര്‍പ്പനായേക്കാവുന്ന പോരാട്ടത്തില്‍ ബ്രസീല്‍ ദീദിയര്‍ ദ്രോഗ്‌ബെയുടെ ഐവറി കോസ്‌റ്റുകാരെ എതിരിടുന്നു... പത്തൊമ്പതാമത്‌ ലോകകപ്പ്‌ ഇന്ന്‌ പത്താം ദിവസം പിന്നിടുമ്പോള്‍ ബ്രസീല്‍ ആരാധകര്‍ക്ക്‌ പ്രതീക്ഷയിലും ടെന്‍ഷനാണ്‌. വലിയ ടീമുകളെല്ലാം തോല്‍വി സ്വന്തമാക്കുന്ന കാഴ്‌ച്ചയില്‍ ഐവറിക്കാരുടെ ചെറുത്തുനില്‍പ്പില്‍ ബ്രസീലിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ എന്ന വലിയ ചോദ്യമാണ്‌ ഉയരുന്നത്‌. ഉത്തര കൊറിയക്കെതിരായ മല്‍സരത്തില്‍ 2-1 ന്‌ ജയിച്ചെങ്കിലും ബ്രസീലിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. ഇന്നത്തെ ആദ്യ മല്‍സരം സ്ലോവാക്യയും പരാഗ്വേയും തമ്മിലാണ്‌. രണ്ടാം മല്‍സരത്തില്‍ ഇറ്റലി ന്യൂസിലാന്‍ഡുമായി കളിക്കും.
ഗ്രൂപ്പ്‌ ജിയില്‍ ബ്രസീല്‍ ഒന്നാമതാണിപ്പോള്‍. ഉത്തര കൊറിയക്കെതിരായ പോരാട്ടത്തിലെ മികവില്‍ മുന്നിലെത്തിയ അവര്‍ക്ക്‌ പിറകില്‍ ഒരു പോയന്റ്‌ വീതം സ്വന്തമാക്കിയ ഐവറി കോസ്‌റ്റും പോര്‍ച്ചുഗലുമുണ്ട്‌. ഇന്ന്‌ ജയിച്ചാല്‍ ബ്രസീലിന്‌ രണ്ടാം റൗണ്ട്‌ ഉറപ്പിക്കാന്‍ കഴിയും. സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട്‌ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്ക്‌ ചെറിയ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തിളങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്രസീല്‍ കോച്ച്‌ ഡുംഗെ ഇന്ന്‌ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ്‌ പ്രധാനം. ഉത്തര കൊറിയക്കെതിരെ ആശാവഹമല്ലാത്ത പ്രകടനം നടത്തിയ ടീമിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ സേഫ്‌ ഫുട്‌ബോളായിരിക്കും ഡുംഗെ പരീക്ഷിക്കുക എന്നാണ്‌ സൂചന. മുന്‍നിരയില്‍ ഫാബിയാനോയും റോബിഞ്ഞോയും ആദ്യ മല്‍സരത്തില്‍ ഫലപ്രദമായിരുന്നില്ല. ഗ്രാഫിറ്റെ, നീല്‍മര്‍ എന്നിവര്‍ക്ക്‌ അവസരം നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന്‌ കോച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സെല്‍ഫ്‌ ഗെയിമാണ്‌ റോബിഞ്ഞോ പലപ്പോഴും കളിക്കുന്നത്‌. കൊറിയക്കെതിരെ ഡിഫന്‍ഡര്‍ മൈക്കോണ്‍ നേടിയ മികച്ച ഗോളാണ്‌ ടീമിന്‌ തുണയായത്‌. ഇലാനോവും അവസരം ഉപയോഗപ്പെടുത്തിയിരുന്നു. മധ്യനിരയില്‍ ഇലാനോയും കക്കയും ജൂലിയോ ബാപ്‌റ്റിസ്റ്റയും ഫലപ്രദമായി കളിച്ചാല്‍ ഭയപ്പെടാനില്ല. ഐവറി ടീമിന്റെ പരിശീലകനായ ഗോരാന്‍ എറിക്‌സണ്‍ ബ്രസീല്‍ തന്ത്രങ്ങളെക്കുറിച്ച്‌ അറിയുന്ന വ്യക്തിയാണ്‌. നാലാം നമ്പറില്‍ കളിക്കുന്ന തന്റെ ഡിഫന്‍ഡര്‍ കോലോ ടൂറെക്കാണ്‌ അദ്ദേഹം ബ്രസീല്‍ മുന്‍നിരക്കാര ഏല്‍പ്പിക്കുന്നത്‌. ദ്രോഗ്‌ബെ ഇന്ന്‌ കളിക്കുന്നുണ്ട്‌. കൈ ഒടിഞ്ഞ അവസ്ഥയില്‍ അദ്ദേഹം പോര്‍ച്ചുഗലിനെതിരെ ബാന്‍ഡേജ്‌ ധരിച്ചാണ്‌ കളിച്ചത്‌. പഴയ കരുത്തില്‍ ദ്രോഗ്‌ബെക്ക്‌ കളിക്കാനാവില്ല. ദൗംബിയ, സുലൈമാന്‍ കാലു എന്നിവരായിരിക്കും മുന്‍നിരയില്‍ വരുക.
ആദ്യ മല്‍സരത്തില്‍ പരാഗ്വേക്കെതിരെ സമനില വഴങ്ങിയ ക്ഷീണമകറ്റാനാണ്‌ ഇന്ന്‌ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഇറങ്ങുന്നത്‌. ഓഷ്യാനാ പ്രതിനിധികളായ ന്യുസിലാന്‍ഡില്‍ നിന്നും അവര്‍ വെല്ലുവിളി പ്രതീക്ഷിക്കുന്നുണ്ട്‌. സ്ലോവേനിയക്കെതിരെ അവസാന സെക്കന്‍ഡില്‍ സമനില പിടിച്ചുവാങ്ങിയ ആത്മവിശ്വാസത്തില്‍ ചാമ്പ്യന്മാര്‍ക്കെതിരെ മികച്ച പ്രകടനമാണ്‌ കിവി സംഘം വാഗ്‌ദാനം ചെയ്യുന്നത്‌. ഹെര്‍ണിയക്ക്‌ ചികില്‍സ തേടുന്ന ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ജിയാന്‍ ലുക്കാ ബഫണ്‍ ഇറ്റാലിയന്‍ സംഘത്തില്‍ കളിക്കില്ല. ഫ്രെഡറികോ മാര്‍ചെറ്റിക്കായിരിക്കും അവസരം. പരാഗ്വേ-സ്ലോവേനിയ മല്‍സരം തുല്യ ശക്തികളുടേതാണ്‌. എല്ലാ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍.

മറഡോണ
നിങ്ങളാരും ആശങ്കപ്പെടരുത്‌-ഈ ലോകകപ്പില്‍ കൂടുതല്‍ ഗോളുകള്‍ വരും. ഒരു വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കൂടുതല്‍ ഗോളുകള്‍ പ്രതീക്ഷിക്കരുത്‌. ടീമുകളെല്ലാം തുടക്കത്തില്‍ ജാഗ്രത പാലിക്കും. കാലാവസ്ഥയും വേദിയും കാണികളുമെല്ലാം പ്രശ്‌നമാണ്‌. ആദ്യ മല്‍സരത്തില്‍ തന്നെ ഒരു ടീമും കടന്നാക്രമണം നടത്തില്ല. തുടക്കത്തില്‍ ആക്രമണം മുദ്രാവാക്യമായാല്‍ ചിലപ്പോള്‍ കണക്ക്‌ക്കൂട്ടലുകള്‍ പിഴക്കും. അതാണ്‌ പലര്‍ക്കും സംഭവിച്ചത്‌. ഈ ലോകകപ്പില്‍ ഗോളുകള്‍ കുറയുമെന്ന അഭിപ്രായത്തോട്‌ എനിക്ക്‌ വിയോജിപ്പാണുള്ളത്‌. ഗോളുകള്‍ വരും. നിങ്ങള്‍ കാത്തിരിക്കുക. അര്‍ജന്റീന ആദ്യ മല്‍സരത്തില്‍ ഒരു ഗോളാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ടാം മല്‍സരത്തില്‍ അത്‌ നാലായി മാറി. ഇന്ന്‌ ബ്രസീല്‍ കളിക്കുന്നുണ്ട്‌. അവരും വലിയ വിജയം നേടും. നല്ല തുടക്കമായിരുന്നില്ല അവര്‍ക്ക്‌ ലഭിച്ചത്‌. ഉത്തര കൊറിയയെ പോലെ ഒരു ടീമിനെതിരെ എങ്ങനെ കളിക്കണമെന്നത്‌ പ്രശ്‌നമാണ്‌. പ്രതിയോഗികളുടെ ശൈലി നമുക്ക്‌ അറിയാവുന്നതാണെങ്കില്‍ അതിന്‌ അനയോജ്യമായി മല്‍സരത്തെ പ്ലാന്‍ ചെയ്യാനാവും. ദക്ഷിണ കൊറിയക്കെതിരെ എനിക്ക്‌ മല്‍സരത്തെ ചിട്ടപ്പെടുത്താന്‍ എളുപ്പമായത്‌ അവരുടെ ആദ്യ മല്‍സരം കണ്ടത്‌ കൊണ്ടാണ്‌. ബ്രസീല്‍ ഇന്ന്‌ കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുമെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്‌. ബ്രസീല്‍ എന്നും ബ്രസീലാണ്‌. അവര്‍ പിറകോട്ട്‌ പോവില്ല. ഡുംഗെ ശക്തമായ ജോലിയാണ്‌ ചെയ്യുന്നത്‌. ബ്രസീലിനെയും അര്‍ജന്റീനയെയും പോലെയുള്ള രാജ്യത്ത്‌ ഫുട്‌ബോള്‍ കോച്ചിന്റെ ജോലി എളുപ്പമുള്ളതല്ല.
സ്‌പെയിന്‍, ജര്‍മനി, ഇംഗ്ലണ്ട്‌ ടീമുകള്‍ക്ക്‌ സംഭവിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാവുന്നില്ല. ഈ ലോകകപ്പില്‍ എന്നെ ഏറെ ആകര്‍ഷിക്കുന്ന ടീം സ്‌പെയിനാണ്‌. അവരുടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനല്‍ പ്രകടനം കണ്ടിരുന്നു. ആ ടീമാണ്‌ സ്വിറ്റ്‌സര്‍ലാന്‍ഡിനെ പോലുളളവര്‍ക്ക്‌ മുന്നില്‍ പതറിയത്‌. ലോകകപ്പിലെ സ്‌പാനിഷ്‌ തോല്‍വി എല്ലാവര്‍ക്കുമുളള മുന്നറിയിപ്പാണ്‌. ആരെയും എഴുതിത്തള്ളാനാവില്ല. പ്രത്യേകിച്ച്‌ പ്രാഥമിക റൗണ്ടില്‍. നമുക്കറിയില്ല അവരുടെ ഹിസ്റ്ററി. ഇംഗ്ലണ്ട്‌-അള്‍ജീരിയ മല്‍സരത്തില്‍ കണ്ടതും മറിച്ചല്ല. എനിക്ക്‌ തോന്നുന്നു ഒരു പക്ഷേ അള്‍ജീരിയയാണ്‌ മികച്ച സോക്കര്‍ പുറത്തെടുത്തത്‌. ഫ്രാന്‍സിന്റെ കാര്യത്തിലാണ്‌ വലിയ ആശങ്ക. അവര്‍ രണ്ട്‌ മല്‍സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഇനി മുന്നോട്ട്‌ പോവുക എളുപ്പവുമല്ല.
ഫ്രഞ്ച്‌ താരമായിരുന്ന മിഷേല്‍ പ്ലാറ്റിനിയെ ഞാന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. എന്റെ കോച്ചിംഗ്‌ ശൈലിക്കെതിരെ അദ്ദേഹം സംസാരിച്ചുവെന്ന്‌ കരുതിയാണ്‌ പ്ലാറ്റിനിക്കെതിരെ സംസാരിച്ചത്‌. ഇതില്‍ ഖേദമുണ്ട്‌. അദ്ദേഹം തന്നെ എനിക്ക്‌ എഴുതിയിരുന്നു താന്‍ അത്തരത്തില്‍ സംസാരിച്ചിട്ടില്ലെന്ന്‌. പ്ലാറ്റിനിയെ പോലെ ഒരാള്‍ക്കെതിരെ സംസാരിച്ചതില്‍ വിഷമമുണ്ട്‌. ഖേദം ഞാന്‍ പ്ലാറ്റിനിയെ അറിയിച്ചിട്ടുണ്ട്‌.

മൈ വ്യൂ
എം.പി സക്കീര്‍
മധ്യനിരയിലെ ഡച്ച്‌ പ്ലാനിംഗ്‌
ഈ ലോകകപ്പില്‍ അധികമാരും ചര്‍ച്ച ചെയ്യപ്പെടാത്ത ടീമാണ്‌ ഹോളണ്ട്‌. അവരുടെ മധ്യനിരയുടെ കരുത്ത്‌ ജപ്പാനെതിരായ മല്‍സരത്തില്‍ പകല്‍ പോലെ വ്യക്തമായ സാഹചര്യത്തില്‍ ഒരു കാര്യം ഉറപ്പ്‌-ഡച്ചുകാര്‍ വളരെ ദൂരം മുന്നോട്ട്‌ പോവും. മല്‍സരത്തെ പ്ലാന്‍ ചെയ്യുന്നതാണ്‌ മധ്യനിരയുടെ മുഖ്യജോലി. മൈതാനത്ത്‌ കളിയെ നിയന്ത്രിക്കാനും മധ്യനിരക്കാണ്‌ കഴിയുക.
ഡച്ച്‌ മധ്യനിരയില്‍ കളിക്കുന്നവരെല്ലാം യൂറോപ്യന്‍ ലീഗില്‍ പ്രധാനപ്പെട്ട ക്ലബുകളുടെ മധ്യനിരയില്‍ ശക്തി തെളിയിച്ചവരാണ്‌. റാഫേല്‍ വാന്‍ഡര്‍വാര്‍ട്ട്‌, മാര്‍ക്‌ വാന്‍ ബൊമ്മല്‍, വെസ്‌ലി സ്‌നൈഡര്‍ എന്നിവരെ അറിയാത്ത ഫുട്‌ബോള്‍ പ്രേമികളുണ്ടാവില്ല. ഈ മുന്ന്‌ പേരിലും കാണുന്ന സവിശേഷത അവരുടെ ആക്രമണം തന്നെ. മുന്‍നിരക്കാര്‍ക്ക്‌ പന്ത്‌ നല്‍കി ഇവര്‍ വിശ്രമിക്കുന്നില്ല. സ്വന്തം പൊസിഷന്‍ ഭദ്രമാക്കി പ്രതിയോഗികള്‍ക്ക്‌ തലവേദന നല്‍കി കളിക്കുന്നു. സ്‌നൈഡറാണ്‌ ഇന്നലെ ഗോള്‍ നേടിയത്‌. ലോകകപ്പില്‍ വന്ന ടീമുകളില്‍ മധ്യനിരയില്‍ കരുത്തര്‍ സ്‌പെയിനാണ്‌. അവരുടെ താരങ്ങളെല്ലാം അനുഭവ സമ്പന്നരാണ്‌. മുന്‍നിരക്കാരുടെ ശരീരഭാഷ മനസ്സിലാക്കിയാണ്‌ എല്ലായ്‌പ്പോഴും മധ്യനിരക്കാര്‍ പന്ത്‌ സപ്ലൈ ചെയ്യുക. അതിവേഗം കുതിക്കാന്‍ കഴിയുന്ന മുന്‍നിരക്കാരാണെങ്കില്‍ അവരുടെ വേഗത മനസ്സിലാക്കി പന്തിനെ പാസ്‌ ചെയ്യാന്‍ കഴിയും. പ്രൊഫഷണലിസത്തിന്റെ അവസാന വാക്കാണല്ലോ യൂറോപ്യന്‍ ടീമുകള്‍. അവര്‍ക്ക്‌ കാര്യങ്ങളെ പഠിക്കാനും അത്‌ പ്രാവര്‍ത്തികമാക്കാനും വളരെയെളുപ്പത്തില്‍ കഴിയും. ജപ്പാനെ പോലെ ഒരു ഏഷ്യന്‍ ടീമിന്‌ അത്‌ എളുപ്പമല്ല. യൂറോപ്പും ഏഷ്യയും തമ്മിലാണ്‌ കളിയെങ്കില്‍ അത്‌ കാണാം.

പോയന്‍ര്‌ നില
(കളി,ജയം. സമനില തോല്‍വി,പോ.യന്‍ര്‌ ക്രമത്തില്‍)
ഗ്രൂപ്പ്‌ എ
ഉറുഗ്വേ 2-1-1-0-4
മെക്‌സിക്കോ 2-1-1-0-4
ഫ്രാന്‍സ്‌ 2-0-1-1-1
ദക്ഷിണാഫ്രിക്ക 2-0-1-1-1
ഗ്രൂപ്പ്‌ ബി
അര്‍ജന്റീന 2-2-0-0-6
ഗ്രീസ്‌ 2-1-0-1-3
ദക്ഷിണ കൊറിയ 2-1-0-1-3
നൈജീരിയ 2-0-0-2-0
ഗ്രൂപ്പ്‌ സി
സ്ലോവേനിയ 2-1-1-0-4
അമേരിക്ക 2-0-2-0-2
ഇംഗ്ലണ്ട്‌ 2-0-2-0-2
അള്‍ജീരിയ 2-0-1-1-1
ഗ്രൂപ്പ്‌ ഡി
ജര്‍മനി 2-1-0-1-3
സെര്‍ബിയ 2-1-0-1-3
ഘാന 2
ഓസ്‌ട്രേലിയ 2
ഗ്രൂപ്പ്‌ ഇ
ഹോളണ്ട്‌ 2-2-0-0-6
ജപ്പാന്‍ 2-1-0-1-3
ഡെന്മാര്‍ക്ക്‌ 1-0-0-1-0
കാമറൂണ്‍ 1-0-0-1-0
ഗ്രൂപ്പ്‌ എഫ്‌
ഇറ്റലി 1-0-1-0-1
പരാഗ്വേ 1-0-1-0-1
സ്ലോവാക്യ 1-0-1-0-1
ന്യൂസിലാന്‍ഡ്‌ 1-0-1-0-1
ഗ്രൂപ്പ്‌ ജി
ബ്രസീല്‍ 1-1-0-0-3
പോര്‍ച്ചുഗല്‍ 1-0-1-0-1
ഐവറി കോസ്‌റ്റ്‌ 1-0-1-0-1
ഉത്തര കൊറിയ 1-0-1-0-0
ഗ്രൂപ്പ്‌ എച്ച്‌
ചിലി 1-1-0-1-3
സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 1-1-0-0-3
സ്‌പെയിന്‍ 1-0-0-1-0
ഹോണ്ടുറാസ്‌ 1-0-0-1-0

ഹോളണ്ട്‌ പ്രീക്വാര്‍ട്ടറില്‍, ഓസീസിന്‌ സമനില
റുസ്‌തന്‍ബര്‍ഗ്ഗ്‌: വന്‍കിടക്കാര്‍ കടപുഴകുന്ന പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഓറഞ്ച്‌ സൈന്യത്തിന്‌ തുടര്‍ച്ചയായ രണ്ടാം വിജയവും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റും. ഗ്രൂപ്പ്‌ ഇ യില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ മധ്യനിരക്കാരന്‍ വെസ്‌ലി സ്‌നൈഡറുടെ മികച്ച ഗോളില്‍ ഡച്ചുകാര്‍ ജപ്പാനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ച്‌ ഘാനക്കാര്‍ 1-1 സമനില നേടി. ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട്‌ നാല്‌ ഗോള്‍ വാങ്ങിയ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ഇന്നലെ വിജയം നിര്‍ബന്ധമായിരുന്നു. പക്ഷേ തുടക്കത്തില്‍ തന്നെ മുന്‍നിരക്കാരന്‍ ഹാരി കെവിലിനെ നഷ്‌ടമായ കങ്കാരുക്കള്‍ക്ക്‌ പെനാല്‍ട്ടിയും അത്‌ വഴി സമനിലയും വഴങ്ങേണ്ടി വന്നു. മികച്ച ഗോളില്‍ ലീഡ്‌ നേടിയ ഏഷ്യന്‍ പ്രതിനിധികള്‍ ഘാനയുടെ ഗോളെന്നുറച്ച ആക്രമണത്തില്‍ നിന്ന്‌ രക്ഷ നേടാനുള്ള ശ്രമത്തിനിടെയാണ്‌ ചുവപ്പ്‌ കണ്ടതും പെനാല്‍ട്ടി വഴങ്ങിയതും. ഗോള്‍ ഷോട്ട്‌ തടയാനുളള ശ്രമത്തില്‍ കെവിലിന്റെ കൈകളില്‍ പന്ത്‌ തട്ടിയപ്പോള്‍ റഫറി ചുവപ്പും പെനാല്‍ട്ടിയും വിധിച്ചു. കിക്കെടുത്ത ഘാനയുടെ സൂപ്പര്‍ താരം അസമോവ്‌ ഗ്യാനിന്‌ പിഴച്ചില്ല. ഇന്ന്‌ ശക്തരായ ബ്രസീല്‍ ഐവറി കോസ്‌റ്റുമായി രാത്രി 12-00 ന്‌ മരണ ഗ്രൂപ്പില്‍ കളിക്കുന്നുണ്ട്‌. ആദ്യ മല്‍സരത്തില്‍ സ്ലോവാക്യ പരാഗ്വേയുമായും രണ്ടാം മല്‍സരത്തില്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി ന്യൂസിലാന്‍ഡുമായും കളിക്കുന്നുണ്ട്‌. (കൂടുതല്‍ ലോകകപ്പ്‌ വാര്‍ത്തകള്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക പേജുകളില്‍)

മല്‍സരഫലങ്ങള്‍
ഹോളണ്ട്‌ 1- ജപ്പാന്‍ -0
ഓസ്‌ട്രേലിയ 1- ഘാന-1
ഇന്നത്തെ കളികള്‍
സ്ലോവാക്യ-പരാഗ്വേ (5-00)
ഇറ്റലി-ന്യൂസിലാന്‍ഡ്‌ (7-25)
ബ്രസീല്‍-ഐവറി കോസ്‌റ്റ്‌ (12-00)

ചിത്രം
ഓറഞ്ച്‌ വെളിച്ചം.... ലോകകപ്പ്‌ ഗ്രൂപ്പ്‌ ഇ യില്‍ ഇന്നലെ ജപ്പാനെതിരെ വിജയഗോള്‍ നേടിയ ഡച്ച്‌ താരം വെസ്‌ലി സ്‌നൈഡറെ (10) സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു. മല്‍സരം ജയിച്ച ഡച്ചുകാര്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കി.

ഹര്‍ഭജന്റെ അവസാന ഓവര്‍ സിക്‌സര്‍ ഇന്ത്യക്ക്‌ വിജയം
ധാംബൂല: ഏഷ്യാകപ്പ്‌ ക്രിക്കറ്റിലെ ആവേശ പോരാട്ടത്തില്‍ അവസാന ഓവറില അഞ്ചാം പന്തില്‍ ഹര്‍ഭജന്‍സിംഗ്‌ പായച്ച സിക്‌സറില്‍ ഇന്ത്യ പാക്കിസ്‌താനെ മൂന്ന്‌ വിക്കറ്റിന്‌ തോല്‍പ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ 267 റണ്‍സാണ്‌ നേടിയത്‌. ഇന്ത്യക്ക്‌ ജയിക്കാന്‍ അവസാന രണ്ട്‌ പന്തില്‍ മൂന്ന്‌ സിക്‌സര്‍ വേണ്ടിയിരുന്നു. മുഹമ്മദ്‌ ആമിര്‍ എറിഞ്ഞ അഞ്ചാം പന്ത്‌ ബാജി സിക്‌സറിന്‌ പറത്തിയാണ്‌ വിജയം ഉല്‍സവമാക്കിയത്‌. 83 റണ്‍സ്‌ നേടിയ ഗാംഭീറാണ്‌ ഇന്ത്യക്ക്‌ നല്ല തുടക്കം നല്‍കിയത്‌. ധോണി 56 റണ്‍സ്‌ നേടി.

Friday, June 18, 2010

GERMAN SHOCK


ഡേ-7
ഫ്രാന്‍സ്‌ സോറി
2002 ല്‍ കണ്ടിരുന്നു ഇത്‌ പോലെ കളിയറിയാത്ത ഫ്രാന്‍സിനെ... 98 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ട്‌, നിലിവലെ ചാമ്പ്യന്മാര്‍ എന്ന മഹാഖ്യാതിയില്‍ ഏഷ്യയിലെത്തിയ ഫ്രഞ്ചുകാരുടെ മേല്‍ ഇപ്പോള്‍ ഫിഫ റെക്കോര്‍ഡ്‌ ബുക്കില്‍ ഒരു വാചകമുണ്ട്‌-ലോകകപ്പ്‌ ചരിത്രത്തിലെ നിലവിലെ ജേതാക്കള്‍ എന്ന ഖ്യാതിയിലെത്തി ഏറ്റവും മോശം പ്രകടനം നടത്തിയവര്‍. 2002 ല്‍ രണ്ട്‌ സമനിലയും ഒരു തോല്‍വിയുമായിരുന്നു ഫ്രാന്‍സിന്റെ ആദ്യ റൗണ്ട്‌ സമ്പാദ്യം. സൈനുദ്ദിന്‍ സിദാനെ പോലുളള താരങ്ങള്‍ പരുക്കില്‍ തളര്‍ന്നപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ കഴിയാതെയാണ്‌ ഫ്രാന്‍സ്‌ ഏഷ്യ വിട്ടത്‌. അത്‌ പോലെയുളള വലിയ നിരാശയാണ്‌ പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഫ്രഞ്ച്‌ പട നല്‍കുന്നത്‌. ഇതിനകം കളിച്ച രണ്ട്‌ മല്‍സരങ്ങളില്‍ ഒരു ബോറന്‍ സമനിലയും വലിയ ഒരു തോല്‍വിയും. ഒരു ഗോളും സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ റൗണ്ടില്‍ തന്നെ ഫ്രാന്‍സ്‌ പുറത്താവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി അവശേഷിക്കുന്നത്‌ ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു മല്‍സരം മാത്രം. അതില്‍ ജയിച്ചിട്ടും കാര്യമില്ല. ഗ്രൂപ്പില്‍ ഉറുഗ്വേയും മെക്‌സിക്കോയും നാല്‌ പോയന്റുമായി ഇപ്പോള്‍ മുന്നിലാണ്‌. ഇവരാണ്‌ ഇനി പരസ്‌പരം കളിക്കേണ്ടത്‌. ഒരു സമനിലയില്‍ രണ്ട്‌്‌ പേര്‍ക്കും രണ്ടാം റൗണ്ട്‌ ഉറപ്പാക്കാം.
ലോകകപ്പിന്റെ ഏഴാം ദിവസത്തില്‍ അര്‍ജന്റീന നല്‍കിയ തട്ടുതകര്‍പ്പന്‍ തുടക്കമാണ്‌ ഫ്രാന്‍സ്‌ ഇല്ലാതാക്കിയത്‌. അര്‍ജന്റീന ബി ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി രണ്ടാം റൗണ്ട്‌ ഉറപ്പാക്കിയപ്പോള്‍ ഗ്രൂപ്പിലെ സാധ്യതകള്‍ സജീവമാക്കി ഗ്രീസ്‌ നൈജീരിയയെ പരാജയപ്പെടുത്തിയിരുന്നു. ബിയില്‍ നിന്ന്‌ അര്‍ജന്റീനക്കൊപ്പം ആരായിരിക്കും രണ്ടാമന്മാരായി കടന്നുകയറുക എന്ന കാര്യത്തില്‍ മാത്രം സംശയം. ഗ്രീസിനൊപ്പം ദക്ഷിണ കൊറിയക്കും മൂന്ന്‌ പോയന്റുണ്ട്‌. കൊറിയയുടെ അവസാന മല്‍സരം നൈജീരിയയുമായിട്ടാണ്‌. ഗ്രീസിനാവട്ടെ ശക്തരായ അര്‍ജന്റീനയുമായാണ്‌ കളിക്കേണ്ടത്‌. അതിനാല്‍ തന്നെ കൊറിയക്കാര്‍ക്കാണ്‌ രണ്ടാം റൗണ്ട്‌ സാധ്യത കൂടുതല്‍. ഇനി നൈജീരിയ കൊറിയയെ തോല്‍പ്പിക്കുകയും അര്‍ജന്റീന ഗ്രീസിനെ പരാജയപ്പെടുത്തകയും ചെയ്‌താല്‍ ഗ്രീസ്‌, കൊറിയ, നൈജീരിയ ടീമുകള്‍ക്ക്‌ മൂന്ന്‌ പോയന്റ്‌്‌ വീതമാവും. അവിടെ ഗോള്‍ ശരാശരിയാവും ഗ്രൂപ്പിലെ രണ്ടാമന്മാരെ തെരഞ്ഞെടുക്കുക.
എന്താണ്‌ ഫ്രാന്‍സിന്‌ പറ്റിയതെന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. യോഗ്യതാ റൗണ്ട്‌ മുതല്‍ തപ്പിതടഞ്ഞാണ്‌ നീലക്കൂപ്പായക്കാര്‍ വന്നത്‌. ഭാഗ്യത്തിന്റെ അകമ്പടിയില്‍ പ്ലേ ഓഫ്‌ ടിക്കറ്റ്‌ നേടിയവര്‍ അവിടെ തിയറി ഹെന്‍ട്രിയുടെ കൈ ആനുകൂല്യത്തിലാണ്‌ അയര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്‌. ഫൈനല്‍ റൗണ്ടില്‍ ടീമിന്റെ ദുരന്തം പകല്‍ പോലെ വ്യക്തമായിരുന്നു. സിദാനെ പോലെ ശക്തനായ ഒരു പ്ലേ മേക്കറുടെ അഭാവം മുഴച്ച്‌ നില്‍ക്കുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ടീം ഫൈനല്‍ വരെയെത്തിയത്‌ സിദാന്‍ എന്ന മാന്ത്രികന്റെ കരുത്തില്‍ മാത്രമായിരുന്നു. അദ്ദേഹത്തെ പോലെ ടീമിനെ പ്രചോദിപ്പിക്കാന്‍, ഒരുമിപ്പിക്കാന്‍ ആരുമില്ല. എല്ലാവരും വ്യക്തിഗതമായാണ്‌ കളിക്കുന്നത്‌. ഒത്തൊരുമയില്ലാത്ത, പ്ലാനിംഗ്‌ ഇല്ലാത്ത ബോറന്‍ പ്രകനം.
ഫ്രാങ്ക്‌ റിബറി എന്ന ബയേണ്‍ മ്യൂണിച്ച്‌ താരത്തെ കേന്ദ്രീകരിച്ചാണ്‌ ടീം തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കളിച്ചത്‌. പക്ഷേ റിബറി സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന മുദ്രാവാക്യത്തിന്റെ പുത്തന്‍ ഹെന്‍ട്രി പതിപ്പാണ്‌ എന്ന്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടു. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ പന്തുമായി ഡ്രിബിള്‍ ചെയ്യുന്ന റിബറിയെ മാത്രമാണ്‌ കണ്ടത്‌. പാസിംഗില്‍ അദ്ദേഹം ജാഗ്രത കാട്ടിയില്ല. നിര്‍ണ്ണായക ഘട്ടത്തില്‍ കൂട്ടുകാരെ ഉത്തേജിപ്പിക്കാനും കഴിയാത്ത ഒരാളെ പ്ലേ മേക്കര്‍ എന്ന്‌ വിളിക്കാനാവില്ല. ഇത്‌ തന്നെയായിരുന്നു ക്യാപ്‌റ്റന്‍ പാട്രിക്‌ എവ്‌രയുടെ പ്രകടനവും. അദ്ദേഹത്തിന്‌ ക്യാപ്‌റ്റന്റെ ആം ബാന്‍ഡ്‌ സമ്മാനിച്ചതിന്‌ പിറകില്‍ കോച്ചിന്റെ താല്‍പ്പര്യം വ്യക്തമല്ല. മിഷല്‍ പ്ലാറ്റിനിയും സിദാനുമെല്ലാം അണിഞ്ഞ ഫ്രഞ്ച്‌ നായകന്റെ ആം ബാന്‍ഡിന്‌ ഒരിക്കലും അനുയോജ്യനല്ല എവ്‌ര. ഉറുഗ്വേക്കതിരായ ആദ്യ മല്‍സരത്തില്‍ അവസാനം മാത്രം കോച്ച്‌ കളത്തിലിറക്കിയ ഫ്‌ളോറന്‍ഡ്‌ മലൂദ മെക്‌സിക്കോക്കെതിരെ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്നു. ഫ്രഞ്ച്‌ നിരയില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്‌ മലൂദ മാത്രമായിരുന്നു.
എന്തായിരുന്നു ഫ്രാന്‍സിന്റെ ഗെയിം പ്ലാന്‍ എന്ന്‌ പറയാന്‍ പോലും ആരുമില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പഴയകാല പ്രകടനം പോലെ പന്തിന്‌ ചുറ്റും ഓടുന്ന പത്ത്‌ പേര്‍. അവര്‍ക്ക്‌ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നില്ല. ചെറിയ പാസുകള്‍ നല്‍കുന്നു. ചിലപ്പോള്‍ പെട്ടെന്ന്‌ എതിര്‍ പെനാല്‍ട്ടി ബോക്‌സില്‍ പ്രവേശിക്കുന്നു. അതോടെ എല്ലാം അവസാനിച്ചു. മെക്‌സിക്കന്‍ ഗോള്‍ക്കീപ്പരെ പരീക്ഷിക്കുന്ന ഒരു ഷോട്ട്‌ പോലും ഫ്രഞ്ച്‌ ടീമില്‍ നിന്നുണ്ടായിട്ടില്ല എന്നത്‌ ടീമിന്റെ ദയനീയതക്ക്‌ മനോഹരമായ ഉദാഹരണം. ആറ്‌ ഫ്രീകിക്കുകള്‍ ടീമിന്‌ പെനാല്‍ട്ടി ബോക്‌സിന്‌ സമീപത്ത്‌ നിന്ന്‌ ലഭിച്ചു. എല്ലാം വെറുതെ. ഇതില്‍ മൂന്ന്‌ കിക്കുകളും പായിച്ചത്‌ റിബറി. അദ്ദേഹത്തിന്റെ ഷോട്ടുകള്‍ മൂന്നും മെക്‌സിക്കന്‍ പ്രതിരോധഭിത്തിയില്‍ തട്ടി തകര്‍ന്നു. തിയറി ഹെന്‍ട്രി എന്ന വെറ്ററന്‌ അവസരം നല്‍കാതിരുന്നത്‌ മാത്രമാണ്‌ കോച്ച്‌ ചെയ്‌ത നല്ല കാര്യം. സിഡ്‌നി ഗോവു എന്ന പത്താം നമ്പറുകാരനെ കോച്ച്‌ എന്തിനാണ്‌ ഇറക്കുന്നത്‌ എന്നത്‌ മനസ്സിലാവുന്നില്ല. ആദ്യ മല്‍സരത്തില്‍ സാന്നിദ്ധ്യം തെളിയിച്ച അബു ദിയാബി രണ്ടാം മല്‍സരത്തില്‍ തളര്‍ന്നതും ടീമിനെ ബാധിച്ചു. ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍ കളിക്കാന്‍ യോഗ്യരല്ല ഫ്രാന്‍സ്‌ എന്നതിനാല്‍ അവരുടെ പുറത്താവലില്‍ നിരാശപ്പെടാനില്ല.
അര്‍ജന്റീനക്കാര്‍ അവരുടെ കോച്ച്‌ പറഞ്ഞത്‌ പോലെ തന്നെ മുന്നേറുന്നുണ്ട്‌. ഈ മുന്നേറ്റം പക്ഷേ നിലനില്‍ക്കണം. സ്ഥിരതയുടെ കാര്യത്തില്‍ അര്‍ജന്റീന പിറകിലാണ്‌. ഇത്‌ വരെ കളിച്ചത്‌ രണ്ട്‌ ദുര്‍ബല ടീമുകളുമായാണ്‌. അടുത്ത റൗണ്ടിലാണ്‌ കരുത്തരുമായി പട നടത്തേണ്ടി വരുരക. ഗോണ്‍സാലോ ഹ്വിഗീന്‍, ലയണല്‍ മെസി എന്നിവരാണ്‌ തിളങ്ങിയവര്‍. മെസി പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ കൊറിയകക്കാരുടെ പൂട്ടിലായിരുന്നു. പക്ഷേ ഇടക്ക്‌ അദ്ദേഹം കെട്ടുപൊട്ടിച്ച്‌ കുതറി സ്വതസിദ്ധമായ മിന്നലാട്ടങ്ങള്‍ പ്രകടിപ്പിച്ചു. മെസിയുടെ മികവാണ്‌ ഹ്വീഗിനെ തുണച്ചത്‌. ലോകകപ്പില്‍ പിറന്ന ആദ്യ ഹാട്രിക്കില്‍ റയല്‍ മാഡ്രിഡിന്റെ താരം തന്റെ കരുത്ത്‌ തെളിയിച്ചത്‌ മുന്‍നിരയിലെ മറ്റൊരു സൂപ്പര്‍ പങ്കാളിയായ ഡിയാഗോ മീല്യഷ്യക്കാണ്‌ തിരിച്ചടിയാവുക. ഹ്വിഗീന്‍ ഫോമില്‍ നില്‍ക്കുന്നതിനാല്‍ ആദ്യ ഇലവനിലേക്ക്‌ വരാന്‍ മില്യഷോക്ക്‌ കഴിയില്ല. യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഫൈനലില്‍ ബയേണ്‍ മ്യൂണിച്ചിനെതിരെ ഇന്റര്‍ മിലാന്‌ വേണ്ടി രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌ മിലീഷ്യോയായിരുന്നു.
ടീമെന്ന നിലയില്‍ അര്‍ജന്റീന പ്രകടിപ്പിക്കുന്ന ഒത്തിണക്കമാണ്‌ മല്‍സര വിജയത്തില്‍ കാതലായി പ്രതിഫലിച്ചത്‌. മറഡോണ എന്ന കോച്ചും കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. എല്ലാവരുടെയും ഇടയിലേക്ക്‌ വന്ന്‌ അവരില്‍ ഒരാളായാണ്‌ മറഡോണ പെരുമാറുന്നത്‌. ഇത്‌ ഗുണം ചെയ്യും.
ഗ്രീസിന്റെ കാര്യത്തില്‍ ആശങ്കയാണ്‌ തുടക്കത്തില്‍ തോന്നിയിരുന്നത്‌. കൊറിയക്കാരില്‍ നിന്ന്‌ രണ്ട്‌ ഗോള്‍. അതിന്‌ ശേഷം നൈജീരിയക്കെതിരെ തുടക്കത്തില്‍ തന്നെ ഒരു ഗോളും അവര്‍ വഴങ്ങിയിരുന്നു. പക്ഷേ രണ്ട്‌ നല്ല ഗോളുകളുമായി അവര്‍ തിരിച്ചെത്തിയതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിന്‌ കേമന്‍ പോരാട്ടം ഉറപ്പായി.
ഗ്രൂപ്പ്‌ ബി പോയന്റ്‌്‌ നില
അര്‍ജന്റീന-6
ദക്ഷിണ കൊറിയ-3
ഗ്രീസ്‌-3
നൈജീരിയ-0

ഓസീസ്‌ ടെന്‍ഷന്‍
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക്‌ ഇന്ന്‌ അതീവ ടെന്‍ഷന്‍ ഡേ... ആദ്യ മല്‍സരത്തില്‍ ജര്‍മനിയോട്‌ നാല്‌ ഗോള്‍ വാങ്ങുകയും ചുവപ്പ്‌ കാര്‍ഡുമായി പ്രധാന താരം ടീം കാഹിലിനെ നഷ്‌ടമാവുകയും ചെയ്‌ത കങ്കാരുക്കള്‍ ഇന്ന്‌ എതിരിടുന്നത്‌ ആഫ്രിക്കന്‍ കരുത്തരായ ഘാനയെ. വൈകീട്ട്‌ 7-30 നാണ്‌ ഈ മല്‍സരം. ഇന്ന്‌ നടക്കുന്ന ആദ്യ മല്‍സരം രണ്ടാം റൗണ്ട്‌ ഉറപ്പിക്കാനുള്ളതാണ്‌. ഡച്ചുകാര്‍ ജപ്പാനെ എതിരിടുന്നു. രണ്ട്‌ ടീമുകളും ആദ്യ മല്‍സരം വിജയിച്ചവരാണ്‌. അവസാന മല്‍സരം കാമറൂണും ഡെന്മാര്‍ക്കും തമ്മിലാവുമ്പോള്‍ ഇത്‌ അതീജീവന അങ്കവും. രണ്ട്‌്‌ ടീമുകളും ആദ്യ മല്‍സരം തോറ്റവരാണ്‌.
വലിയ പ്രതീക്ഷകളുമായി ലോകകപ്പിന്‌ വന്നവരില്‍ ആദ്യ ആഴ്‌ച്ചയില്‍ ഓസ്‌ട്രേലിയയെ പോലെ വലിയ നിരാശയില്‍ അകപ്പെട്ടവര്‍ കുറവാണ്‌. അപ്രതീക്ഷിതമായിട്ടായിരുന്നു അവരുടെ വലിയ തോല്‍വി. ജര്‍മന്‍കാര്‍ ഇങ്ങനെ കുതിച്ചു കയറുമെന്ന്‌ ഓസീസ്‌ കോച്ച്‌ പിം വെര്‍ബിക്‌ കരുതിയിരുന്നില്ല. ആദ്യ മല്‍സരത്തിലെ തോല്‍വിയെ തുടര്‍ന്ന്‌ കോച്ചിനെതിരെ നാട്ടില്‍ കലാപമാണ്‌. ഒന്നാം ഗോള്‍ക്കീപ്പര്‍ മാര്‍ക്‌ ഷെവര്‍സഗര്‍ക്കെതിരെയും വിമര്‍ശനത്തിന്റെ വാളുണ്ട്‌. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായിട്ടും നാല്‌ ഗോളുകള്‍ വഴങ്ങിയ മാര്‍ക്കിന്‌ മാപ്പില്ല എന്നാണ്‌ ഓസീസുകാര്‍ പറയുന്നത്‌. ഇന്ന്‌ അരങ്ങ്‌ തകര്‍ക്കണം. എങ്കില്‍ മാത്രമാണ്‌ രക്ഷ.
ഘാന അത്ര പ്രബലരല്ല. പക്ഷേ ആദ്യ മല്‍സരത്തിലവര്‍ ക്യാപ്‌്‌റ്റന്‍ അസമോവ ഗ്യാനിന്റെ മികവില്‍ സെര്‍ബിയയെ തോല്‍പ്പിച്ചവരാണ്‌. സമ്മര്‍ദ്ദം അധികമില്ലാതെ കളിക്കുന്ന ഘാനക്കാരെ പിടിച്ചുകെട്ടുന്നതില്‍ ഓസീസ്‌ ഡിഫന്‍സിലെ ലുക്കാസ്‌ നീലും സ്‌ക്കോട്ട്‌ ചിപ്പര്‍ഫീല്‍ഡും ഡേവിഡ്‌ കാര്‍നിയുമെല്ലാം ജാഗ്രത പാലിക്കേണ്ടി വരും. ഗ്യാന്‍ തന്നെയാണ്‌ ഘാനക്കാരുടെ പ്ലസ്‌. ഇന്നും ജയിക്കാനായാല്‍ ഘാനക്കാര്‍ക്ക്‌ വന്‍കരയുടെ കരുത്തായി മാറാനാവും.
ഇന്നലെ നടന്ന മല്‍സരത്തില്‍ സെര്‍ബിയക്കാര്‍ ജര്‍മനിയെ ഏക ഗോളിന്‌ പരാജയപ്പെടുത്തിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ പ്രശ്‌നങ്ങളുണ്ട്‌. ജര്‍മനിക്കൊപ്പം സെര്‍ബിയക്കും ഇപ്പോള്‍ മൂന്ന്‌ പോയന്റായി. ഇന്ന്‌ ഓസ്‌ട്രേലിയക്കാര്‍ക്ക്‌ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും മൂന്ന്‌ പോയന്റാവും.
ഗ്രൂപ്പ്‌ ഇ യിലാണ്‌ ഇന്നത്തെ ആദ്യ മല്‍സരം. ജപ്പാനും ഹോളണ്ടും നേര്‍ക്കുനേര്‍. രണ്ട്‌ ടീമുകളും ആദ്യ മല്‍സരത്തില്‍ ജയം നേടിയവര്‍. ഇന്നത്തെ ജയത്തില്‍ രണ്ടാം റൗണ്ട്‌ ഉറപ്പിക്കാം. ഡച്ചുകാര്‍ക്കാണ്‌ വ്യക്തമായ മുന്‍ത്തൂക്കം. ഡെന്മാര്‍ക്കിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചവര്‍. എല്ലാ താരങ്ങളും നല്ല ഫോമില്‍ കളിക്കുന്നു. വാന്‍ പര്‍സിയും വാന്‍ഡര്‍വാര്‍ട്ടും അര്‍ജന്‍ റൂബനുമെല്ലാം അണിനിരക്കുന്ന ഡച്ച്‌ സംഘത്തെ പിടിച്ചുകെട്ടാന്‍ മാത്രമുള്ള അനുഭവകരുത്ത്‌ ജപ്പാനില്ല. പക്ഷേ നകമുറെ നയിക്കുന്ന സംഘം കാമറൂണിനെ വിറപ്പിച്ചതിന്‌ ആഫ്രിക്ക സാക്ഷ്യം വഹിച്ചിരുന്നു. ഇന്ന്‌ നകമുറെ കളിക്കുന്നുണ്ട്‌. രണ്ടാം വിജയവും പ്രി ക്വാര്‍ട്ടറുമാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ഡെന്മാര്‍ക്കിനെതിരെ നടത്തിയ പ്രകടനത്തിന്റെ ആവര്‍ത്തനമാണ്‌ ഡച്ചുകാര്‍ ഉറപ്പ്‌ നല്‍കുന്നത്‌. ലോകകപ്പിന്റെ എട്ടാം ദിവസത്തിലെ അവസാന മല്‍സരം അതിജീവനത്തിന്റേതാണ്‌. തോല്‍വി പിണഞ്ഞ കാമറൂണും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍. ജപ്പാന്‌ മുന്നില്‍ തോറ്റതിന്റെ നിരശയിലാണ്‌ ഇപ്പോഴും സാമുവല്‍ ഇറ്റോയുടെ സംഘം. അവര്‍ക്ക്‌ കരുത്ത്‌ തെളിയിക്കേണ്ടതുണ്ട്‌. അത്‌ തന്നെയാണ്‌ ഡെന്മാര്‍ക്കിന്റെ പ്രശ്‌നവും. ആദ്യ മല്‍സരത്തില്‍ കരുത്ത്‌ തെളിയിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. എല്ലാ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍.

അട്ടിമറി നമ്പര്‍ 3
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: രണ്ട്‌ ദിവസം മുമ്പാണ്‌ ഫുട്‌ബോള്‍ ലോകം സ്‌പെയിനിന്റെ ദുരന്തം കണ്ടത്‌. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള കാളപ്പോരിന്റെ നാട്ടുകാരെ തോല്‍പ്പിച്ചത്‌ റാങ്കിംഗില്‍ 24 ല്‍ നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ്‌. ഒരു ദിവസം മുമ്പാണ്‌ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ മെക്‌സിക്കോക്കാര്‍ രണ്ട്‌ ഗോളിന്‌ മറിച്ചിട്ടത്‌. പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ രണ്ട്‌ വമ്പന്‍ അട്ടിമറികളായിരുന്നു ഇവ. ഇന്നലെ മൂന്നാമത്തെ അട്ടിമറിയും വന്നു. റാങ്കിംഗില്‍ ആറില്‍ നില്‍ക്കുന്ന, ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ നാല്‌ ഗോളിന്‌ തോല്‍പ്പിച്ച ജര്‍മനിയെ സെര്‍ബിയക്കാര്‍ (റാങ്കിംഗില്‍ 15) ഒരു ഗോളിന്‌ മുക്കി. ആദ്യ മല്‍സരത്തിലെ പ്രകടനം വഴി ലോകത്തെ വിസ്‌മയിപ്പിച്ചിരുന്നു ജര്‍മന്‍കാര്‍. അവരായിരുന്നു ആദ്യ വാരത്തിലെ ടീം. പക്ഷേ ലോകകപ്പ്‌ രണ്ടാം വാരത്തിലേക്ക്‌ കടന്നപ്പോള്‍ ജര്‍മന്‍കാര്‍ക്ക്‌ അടിതെറ്റി. ഗ്രൂപ്പ്‌ ഡി പോരാട്ടത്തില്‍ സെര്‍ബിയക്കാര്‍ അരങ്ങ്‌ തകര്‍ത്തുവെന്ന്‌ മാത്രമല്ല ഗ്രൂപ്പിലെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ഇപ്പോള്‍ ജര്‍മനിക്കും സെര്‍ബിയക്കും ഘാനക്കും മൂന്ന്‌ പോയന്റ്‌ വീതമായി. ഓസ്‌ട്രേലിയക്കാര്‍ക്ക്‌ മാത്രമാണ്‌ സമ്പാദ്യമില്ലാത്തത്‌.
ഇന്നലെ തോറ്റുവെന്ന്‌ മാത്രമല്ല ജര്‍മന്‍ സൂപ്പര്‍ താരങ്ങളിലൊരാളായ മിറോസ്ലാവ്‌ ക്ലോസ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്താവുകയും ചെയ്‌തത്‌ മുന്‍ ചാമ്പ്യന്മാര്‍ക്ക്‌ കനത്ത ആഘാതമാണ്‌. തുടര്‍ച്ചയായി രണ്ട്‌ കാര്‍ഡുകള്‍ കണ്ടതാണ്‌ സൂപ്പര്‍ താരത്തിന്‌ വിനയായത്‌. അദ്ദേഹത്തിന്‌ അടുത്ത മല്‍സരം തീര്‍ച്ചയായും നഷ്ടമാവും. മല്‍സരം നിയന്ത്രിച്ച സ്‌പാനിഷ്‌ റഫറി ആല്‍ബെര്‍ട്ടോ ഉദിനാവോ കാര്‍ഡുകള്‍ മാത്രം പുറത്തെടുത്തപ്പോള്‍ മല്‍സരം ശരിക്കുമൊരു യൂറോപ്യന്‍ കൈയ്യാങ്കളിയായി മാറിയിരുന്നു. മുപ്പത്തിയേഴാം മിനുട്ടിലായിരുന്നു ക്ലോസെ പുറത്തായത്‌. സെര്‍ബിയക്കാരന്‍ ഡിജാന്‍ സ്റ്റാന്‍കോവിച്ചിനെ ഫൗള്‍ ചെയ്‌തതിനായിരുന്നു ചുവപ്പ്‌. വലിയ ഫൗളായിരുന്നില്ല അത്‌. പക്ഷേ തുടക്കത്തില്‍ തന്നെ മഞ്ഞകാര്‍ഡ്‌ കണ്ടത്‌ അദ്ദേഹത്തിന്‌ വിനയായി. ക്ലോസെ ചുവപ്പ്‌ കണ്ടതിന്‌ പിറകെയാണ്‌ സെര്‍ബിയക്കാര്‍ മുന്നിലെത്തിയത്‌. ജര്‍മന്‍ പ്രതിരോധ നിരക്കാര്‍ക്ക്‌ മുകളിയുടെ പന്ത്‌ ക്രോസ്‌ ചെയ്‌ത നികോള സിഗിച്ച്‌ ലക്ഷ്യമാക്കിയത്‌ മിലാന്‍ ജാന്‍കോവിച്ചിനെയായിരുന്നു. അദ്ദേഹത്തിന്‌ പിഴച്ചില്ല. എല്ലാവരും ഞെട്ടിയ ഗോളായിരുന്നു അത്‌. ആദ്യ മല്‍സരത്തില്‍ നാല്‌ ഗോളടിച്ച ജര്‍മനിയുടെ വലയില്‍ ആദ്യ പന്ത്‌...!
പത്ത്‌ പേരുമായി കളിക്കേണ്ടി വന്ന ജോകിം ലോയുടെ സംഘം തിരിച്ചടിക്കാന്‍ സര്‍വ കരുത്തുമായി കളിച്ചുവെങ്കിലും രക്ഷയുണ്ടായില്ല. സമനിലക്കായി ലഭിച്ച പെനാല്‍ട്ടികിക്ക്‌ പോലും അവര്‍ നഷ്‌ടപ്പെടുത്തി. സൂപ്പര്‍ താരം ലുക്കാസ്‌ പോദോസ്‌ക്കിയാണ്‌ പെനാല്‍ട്ടി കിക്ക്‌ പാഴാക്കിയത്‌. ഇതിന്‌ പുറമെ നിരവധി അവസരങ്ങള്‍ ടീമിനെ തേടിയെത്തി. ഒന്നും ഫലം ചെയ്‌തില്ല.
തുടക്കത്തില്‍ കണ്ടത്‌ ജര്‍മന്‍ മുന്നേറ്റങ്ങളായിരുന്നു. ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച പോലെ തന്റെ ടീമിനും ജര്‍മന്‍ മുന്‍നിരക്കാര്‍ വിരട്ടുമെന്ന്‌ കരുതി പ്രതിരോധത്തിലാണ്‌ സെര്‍ബിയന്‍ കോച്ച്‌ റഡോമിര്‍ ആന്റിച്ച്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്‌. പോദോസ്‌ക്കിയും ക്ലോസെയും ആദ്യ ആറ്‌ മിനുട്ടില്‍ രണ്ട്‌ തവണ വല ലക്ഷ്യമിട്ടിരുന്നു. സെര്‍ബിയന്‍ പ്രതിരോധക്കാര്‍ വിലങ്ങുമായി കരുത്ത്‌ കാട്ടിയപ്പോഴാണ്‌ കളിയില്‍ മഞ്ഞ പ്രയോഗം വന്നത്‌. സ്‌പാനിഷ്‌ റഫറി ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം കാര്‍ഡ്‌ എടുത്തപ്പോള്‍ രണ്ട്‌ പരിശീലകര്‍ക്കും ഇരിപ്പിടത്തില്‍ ഇരിക്കാന്‍ സമയമുണ്ടായിരുന്നില്ല. ക്ലോസെക്കെതിരെ ഉയര്‍ത്തിയ രണ്ട്‌ മഞ്ഞകാര്‍ഡും ചെറിയ ഫൗളിനായിരുന്നു.
അവസരങ്ങളുടെ മധ്യേ ജര്‍മനി കുതിക്കവെയായിരുന്നു ചുവപ്പ്‌ കാര്‍ഡും സെര്‍ബിയന്‍ ഗോളുമെത്തിയത്‌. അതിന്‌ ശേഷം നെമാന്‍ജ വിദിച്‌ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ പന്ത്‌ കൈ കൊണ്ട്‌ തൊട്ടതിന്‌ അനുവദിച്ച പെനാല്‍ട്ടി കിക്ക്‌ ജര്‍മന്‍ ആരാധകരെ കണ്ണീരിലാഴ്‌ത്തി പോദോസ്സക്ക അടിച്ചത്‌ നേരേ ഗോള്‍ക്കീപ്പറുടെ കരങ്ങളിലേക്ക്‌. 1974 ന്‌ ശേഷം ലോകകപ്പില്‍ ജര്‍മനിക്ക്‌ നഷ്ടമാവുന്ന ആദ്യ പെനാല്‍ട്ടി കിക്കായിരുന്നു അത്‌. രണ്ടാം പകുതിയിലും കളം നിറയെ ജര്‍മന്‍കാരായിരുന്നു. പക്ഷേ ഗോള്‍ മാത്രം പിറന്നില്ല. ഇനി ജര്‍മനിയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ അവര്‍ക്ക്‌ രക്ഷ.

ഭാഗ്യവാന്മാര്‍ക്ക്‌ നോക്കിയ മൊബൈല്‍
കോഴിക്കോട്‌: സ്‌പോര്‍ട്‌സ്‌ ചന്ദ്രിക റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ നടത്തുന്ന ലോകകപ്പ്‌ പ്രവചന മല്‍സരത്തിലെ ആദ്യ അഞ്ച്‌ വിജയികള്‍ക്ക്‌ നോക്കിയ കളര്‍ മൊബൈല്‍ സെറ്റുകള്‍ നല്‍കി. ആദ്യ അഞ്ച്‌ ദിവസത്തെ മല്‍സരങ്ങളിലെ വിജയികളെ പ്രവചിച്ചവരില്‍ നിന്നും നറുക്കെടുപ്പിലുടെ വിജയിച്ച അബ്‌ദുള്‍ ഖാദിര്‍ ചെങ്ങള, ഷാദിയ വട്ടക്കിണര്‍ കോഴിക്കോട്‌, മുഹമ്മദ്‌ എ, മാനന്തവാടി വയനാട്‌, പ്രമോദ്‌ കൃഷ്‌ണന്‍ തിരുവനന്തപുരം, എം.സെറിന കപ്പക്കടവ്‌ കണ്ണൂര്‍ എന്നിവര്‍ക്കാണ്‌ റോയല്‍ ട്രാവല്‍സ്‌ ഡയരക്ടര്‍ മുഹമ്മദ്‌ മുസ്‌തഫ കാവുങ്ങല്‍ മൊബൈലുകള്‍ സമ്മാനിച്ചത്‌. ചടങ്ങില്‍ ചന്ദ്രിക ചീഫ്‌ എഡിറ്റര്‍ ടി.പി ചെറൂപ്പ അദ്ധ്യക്ഷനായിരുന്നു. കമാല്‍ വരദൂര്‍ സ്വാഗതം പറഞ്ഞു. അന്‍വര്‍ സാദത്ത്‌, മുഹമ്മദ്‌ കക്കോടന്‍, കെ.മൊയ്‌തീന്‍ കോയ, നവാസ്‌ പുനൂര്‍, സെയ്‌താലി തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌പോര്‍ട്‌സ്‌ ചന്ദ്രിക-റോയല്‍ ട്രാവല്‍സ്‌ പ്രവചന മല്‍സരത്തിലെ വിജയികളായവര്‍ റോയല്‍ ട്രാവല്‍സ്‌ ഡയരക്ടര്‍ മുഹമ്മദ്‌ മുസ്‌തഫ കാവുങ്ങല്‍, ടി.പി ചെറൂപ്പ, അന്‍വര്‍ സാദത്ത്‌, കെ.മൊയ്‌തീന്‍കോയ, സെയ്‌താലി തങ്ങള്‍, മുഹമ്മദ്‌ കക്കോടന്‍ എന്നിവര്‍ക്കൊപ്പം

കോച്ച്‌ കാട്ടിയത്‌ പമ്പര വിഡ്ഡിത്തം
റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെ ഇന്നലെ കാട്ടിയത്‌ ശുദ്ധവിഡ്ഡിത്തമാണ്‌..... യോവാന്‍ ജോര്‍ക്കഫിനെ പോലുള്ള ശക്തനായ ഒരു യുവതാരത്തെ പൂര്‍ണ്ണമായും ബഞ്ചിലിരുത്തിയ നടപടിയോട്‌ എനിക്ക്‌ ഒട്ടും യോജിപ്പില്ല. കോച്ചിന്‌ അദ്ദേഹത്തിന്റെ ന്യായങ്ങളുണ്ടാവാം. പക്ഷേ യോര്‍ക്കഫ്‌ മിടുക്കനാണ്‌. അദ്ദേഹത്തിനറിയാം നുഴഞ്ഞ്‌ കയറാന്‍. ഞാന്‍ തന്നെ അത്‌ കണ്ടിട്ടുമുണ്ട്‌. അത്തരത്തില്‍ ഒരു താരം ഒരു മിനുട്ട്‌ പോലും കളിക്കാന്‍ കഴിയാതെ ബെഞ്ചിലിരിക്കുന്നത്‌ വേദനാജനകമാണ്‌. ഫ്രാന്‍സിന്‌ ഈ ലോകകപ്പില്‍ ഇനി സാധ്യതയുണ്ടോ എന്ന്‌ എനിക്ക്‌ പറയാന്‍ കഴിയില്ല. നേര്‍വഴിയില്‍ സാധ്യതയില്ല. ആകെയുള്ളത്‌ ഒരു പോയന്റാണ്‌. കളിക്കാനുള്ളത്‌ ദക്ഷിണാഫ്രിക്കയുമായി. രണ്ട്‌ മല്‍സരങ്ങളിലാണ്‌ ടീം കളിച്ചത്‌. രണ്ടിലും ദയനീയമായിരുന്നു പ്രകടനം. കോച്ചിനെ മാത്രമാണ്‌ എനിക്ക്‌ കുറ്റപ്പെടുത്താനുള്ളത്‌. മെക്‌സിക്കോക്കെതിരായ മല്‍സരത്തില്‍ ഒരു തവണ പോലും ഗോളിലേക്ക്‌ പന്തടിക്കാന്‍ ഫ്രാന്‍സിന്‌ കഴിഞ്ഞിട്ടില്ലെങ്കില്‍ അതില്‍പ്പരം വിഷമം മറ്റെന്താണുള്ളത്‌. പൂര്‍ണ്ണമായും ഞാന്‍ മല്‍സരം കണ്ടിരുന്നത്‌ വേദനയോടെയാണ്‌. ഞങ്ങള്‍ ലോക ചാമ്പ്യന്മാരായിരുന്നു. നാല്‌ വര്‍ഷം മുമ്പ്‌ ഫൈനല്‍ കളിച്ചവരാണ്‌. ശക്തമായ താരനിരയുമായാണ്‌ വന്നത്‌. പക്ഷേ ഒരു ഗോളടിക്കാന്‍ കഴിയാത്തത്‌ വലിയ നിരാശയാണ്‌. ഗോള്‍ പോയിട്ട്‌ ഗോളിലേക്ക്‌ ശക്തമായ ഒരു ഷോട്ട്‌ പോലുമുണ്ടായില്ല. മികച്ച ടീമാണ്‌ ആ മല്‍സരത്തില്‍ ജയിച്ചത്‌. മെക്‌സിക്കോ എന്ത്‌ പറഞ്ഞാലും ശാരീരികമായി ഫ്രാന്‍സിനേക്കാള്‍ മുന്‍പന്തിയിലായിരുന്നു.
മികച്ച്‌ കളിക്കുമ്പോള്‍ ചിലപ്പോള്‍ തോറ്റേക്കാം. അതാണല്ലോ സ്‌പെയിനിന്‌ സംഭവിച്ചത്‌. അങ്ങനെ തോല്‍ക്കുമ്പോള്‍ നിരാശയില്ല. ഇത്‌ കളിച്ചില്ല, രണ്ട്‌ ഗോളും വാങ്ങി. ഫുട്‌ബോള്‍ കൂട്ടായ്‌മയാണ്‌. ഇത്‌ ഞാന്‍ പറഞ്ഞതുമാണ്‌. നിങ്ങള്‍ കണ്ട ഫ്രഞ്ച്‌ ടീം ഒത്തൊരുമയില്‍ ഒരു നീക്കമെങ്കിലും മെക്‌സിക്കോക്കെതിരെ നടത്തിയിട്ടുണ്ടോ...? ഇല്ല. ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ കളിക്കുമ്പോള്‍ ആദ്യം വേണ്ടത്‌ ഒത്തൊരുമയുടെ കരുത്താണ്‌. ഈ കാര്യത്തിലും കോച്ച്‌ പരാജയമാണ്‌. നല്ല ടീമിനെ ഇറക്കണമെങ്കില്‍ എല്ലാ താരങ്ങളുമായി കാര്യങ്ങള്‍ തുറന്ന്‌ പറയണം. റിബറിയെ കുറ്റം പറയാന്‍ കഴിയില്ല. അദ്ദേഹത്തെ പ്രതിയോഗികള്‍ മാര്‍ക്ക്‌ ചെയ്‌തിരുന്നു. ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങാന്‍ കാരണം താരങ്ങളില്‍ പലരും സ്വന്തം താല്‍പ്പര്യത്തിനാണ്‌ മുന്‍ത്തൂക്കം നല്‍കിയത്‌. ഇന്നലെയും അതിന്‌ മാറ്റമുണ്ടായിരുന്നില്ല. ഇനി കാര്യമായി പ്രതീക്ഷിക്കാനില്ല. ബ്രസീലും അര്‍ജന്റീനയും നന്നായി കളിക്കുന്നു. സ്‌പെയിന്‍ നന്നായി കളിച്ചിട്ടും തോല്‍ക്കുന്നു. ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ജര്‍മനി രണ്ടാം മല്‍സരത്തില്‍ തോല്‍ക്കുന്നു. സത്യം-തല്‍ക്കാലം എന്റെ വോട്ട്‌ ആര്‍ക്കും ഇപ്പോള്‍ നല്‍കുന്നില്ല.

ജര്‍മനിക്ക്‌
കാലിടറി
പോര്‍ഡട്ട്‌ എലിസബത്ത്‌: പത്തൊമ്പതാമത്‌ ഫിഫ ലോകകപ്പ്‌ അപ്രവചനീയതയുടെ അതിര്‍ത്തികളിലുടെ മുന്നേറുന്നു...സ്‌പെയിനും ഫ്രാന്‍സും തോല്‍ക്കുന്നതിന്‌ സാക്ഷ്യം വഹിച്ച ദക്ഷിണാഫ്രിക്ക ഇന്നലെ മറ്റൊരു അട്ടിമറിയും കണ്ടു. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരെ നാല്‌ ഗോളിന്‌ തകര്‍ത്ത ജര്‍മനിക്ക്‌ സെര്‍ബിയക്ക്‌ മുന്നില്‍ അടിതെറ്റി. ഏകപക്ഷീയമായ ഒരു ഗോളിന്‌ വീണ ജര്‍മ്മനിയുടെ രണ്ടാം റൗണ്ട്‌ പ്രവേശനവും ഇതോടെ അവതാളത്തിലായി. ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ശേഷം തകര്‍പ്പന്‍ തിരിച്ചുവരവിലുടെ സ്ലോവേനിയക്കെതിരെ അമേരിക്ക കരുത്ത്‌ കാട്ടി 2-2 ല്‍ അവസാനിച്ചു. ജര്‍മനിയുടെ തോല്‍വിയോടെ ഗ്രൂപ്പ്‌ ഡിയില്‍ കാര്യങ്ങള്‍ കുഴഞ്ഞ്‌ മറിയുകയാണ്‌. അവരെ കൂടാതെ സെര്‍ബിയക്കും ഘാനക്കും മൂന്ന്‌ പോയന്റ്‌ വീതമായി. ഓസ്‌ട്രേലിയക്ക്‌ മാത്രമാണ്‌ പോയന്റില്ലാത്തത്‌. അവര്‍ ഇന്ന്‌ ഘാനയുമായി കളിക്കുന്നുണ്ട്‌. ഡര്‍ബനിലെ ഗോള്‍വേട്ടക്ക്‌ ശേഷം വലിയ പ്രതീക്ഷയില്‍ കളിച്ച ജര്‍മനിക്ക്‌ അനുകൂലമായിരുന്നില്ല ഇന്നലെ കാര്യങ്ങള്‍. തോല്‍വിക്കൊപ്പം അവരുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ മിറോസ്ലാവ്‌ ക്ലോസെ ചുവപ്പ്‌ കാര്‍ഡ്‌ കണ്ട്‌ പുറത്തായി. മറ്റൊരു സൂപ്പര്‍ താരമായ ലുക്കാസ്‌ പോദോസ്‌ക്കി പെനാല്‍ട്ടി കിക്ക്‌ പാഴാക്കുകയും ചെയ്‌തു.
മല്‍സരഫലങ്ങള്‍
സെര്‍ബിയ 1- ജര്‍മനി 0
അമേരിക്ക 2- സ്ലോവേനിയ 2
ഇന്നത്തെ കളി
ഹോളണ്ട്‌ -ജപ്പാന്‍ (5-00)
ഘാന-ഓസ്‌ട്രേലിയ (7-30)
കാമറൂണ്‍-ഡെന്മാര്‍ക്ക്‌ (12-00)

ചിത്രം
പന്തിനൊപ്പം തലയില്ല....ലോകകപ്പില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ അമേരിക്കയുടെ ജേ ഡി മെറിറ്റും സ്ലോവേനിയയുടെ അന്ദ്രാസ്‌ കിര്‍മും പന്തിനായുള്ള തല പോരാട്ടത്തില്‍. മല്‍സരം 2-2 ല്‍ അവസാനിച്ചു.