ഡേ-11
സ്‌പാനിഷ്‌് സൗന്ദര്യം
മൈതാനത്തെ സൗന്ദര്യം ഗോളുകളാണ് എന്ന് പറഞ്ഞത് പെലെ... ഗോളുകളില്ലെങ്കില്‍ ഫുട്‌ബോളില്ല. സുന്ദരമായ നീക്കങ്ങള്‍ക്ക് ഫിനീഷിംഗ് നല്‍കി പന്തിനെ വലയിലേക്ക് പായിക്കുമ്പോള്‍ ഉയരുന്ന ആവേശത്തിലും ആഹ്ലാദത്തിലുമാണ് കാല്‍പ്പന്തിന്റെ നിഗൂഡമല്ലാത്ത സൗന്ദര്യമെങ്കില്‍ പത്തൊമ്പതാമത് ലോകകപ്പിലെ സുന്ദരദിനം തിങ്കളാഴ്‌ച്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ മൂന്ന് മല്‍സരങ്ങളില്‍ പിറന്നത് പത്ത് ഗോളുകള്‍. പറങ്കിപ്പട ഉത്തര കൊറിയന്‍ വലയില്‍ ഏഴ് തവണ നിറയൊഴിച്ചപ്പോള്‍ ആദ്യ മല്‍സരത്തില്‍ ഗോളടിക്കാന്‍ മറന്ന കാളപ്പോരിന്റെ നാട്ടുകാര്‍ ഹോണ്ടുറാസിന് സമ്മാനമായി നല്‍കിയത് രണ്ട് ഗോളുകള്‍. ലോകകപ്പിന്റെ ആവേശത്തിലേക്ക് പന്ത് തട്ടുന്നതില്‍ അമാന്തമില്ലാതെ നീങ്ങുന്ന ചിലിക്കാരും ഒരു ഗോളടിച്ചപ്പോള്‍ പത്തിന്റെ പൂര്‍ണ്ണ ചന്ദ്രന്‍ കേപ്‌ടൗണിലും പോര്‍ട്ട് എലിസബത്തിലും ജൊഹന്നാസ്‌ബര്‍ഗ്ഗിലുമായി ഉദിച്ചത്.
ലോകകപ്പിന്റെ നിറത്തിലേക്ക് ഗോളുകള്‍ ഇത് വരെ കുറവായിരുന്നു. എത്യോപ്യക്കാരന്റെ ദാരിദ്ര്യം പോലെ മൈതാനത്ത് ജബുലാനി പന്ത് വലയിലേക്ക് പോവാന്‍ മടിച്ചുനിന്നുവെന്ന് പറഞ്ഞാല്‍ അത് അപരാധമാണ്. കാരണം ജബുലാനി പന്ത് ഗോള്‍ക്കീപ്പര്‍മാര്‍ പറയുന്നത് കേള്‍ക്കാതെ പലവട്ടം വലയെ ചുംബിച്ചിട്ടുണ്ട്. ഇല്ലെന്ന് റോബര്‍ട്ട് ഗ്രീനും ഫൗസി ചൗച്ചിയും പറയില്ല. ഇവരുടെ കരങ്ങളെ കബളിപ്പിച്ചാണ് പന്ത് വലയിലേക്ക് കടന്നത്.
പതിനൊന്നാം ദിവസത്തിന്റെ സൗന്ദര്യത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും ഡേവിഡ് വിയയും വന്നതാണ് സന്തോഷത്തിന് ഇരട്ടിമധുരം നല്‍കുന്നത്. ലോകത്തിന്റെ കാല്‍പ്പന്ത് മൈതാനത്ത് ഗോളുകളുടെ പുത്തന്‍ റെക്കോര്‍ഡുകള്‍ രചിച്ച പോര്‍ച്ചുഗലിന്റെ മാജിക് താരത്തിന് ആഫ്രിക്കയുടെ തട്ടകങ്ങള്‍ ഇത് വരെ മരീചികയായിരുന്നു. രണ്ട് വര്‍ഷത്തോളമായി പോര്‍ച്ചുഗലിന്റെ ചുവപ്പന്‍ കുപ്പായത്തില്‍ പന്തിനെ തട്ടി അകത്താക്കാന്‍ പയ്യന്‍സിന് കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഷര്‍ട്ടില്‍ മൈതാനത്ത് വന്നാല്‍ ആരെയും തോല്‍പ്പിക്കുന്ന റൊണാള്‍ഡോക്ക് ഇംഗ്ലണ്ട് വിട്ടത് ശനിദശയാണെന്ന് പലരും പറയുന്നത് സത്യമാവുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. സ്‌പാനിഷ് ലീഗിലേക്ക് റയല്‍ മാഡ്രിഡുകാര്‍ വലിയ വിലക്കാണ് അദ്ദേഹത്തെ ആനയിച്ചത്. പക്ഷേ സീസണില്‍ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ലോകകപ്പിലേക്ക് കാര്‍ലോസ് ക്വിറസ് എന്ന കോച്ച് റൊണാള്‍ഡോയെ കൊണ്ടുവന്നത് ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയാണ്. പക്ഷേ ആദ്യ മല്‍സരത്തില്‍ ഐവറിക്കാര്‍ സൂപ്പര്‍താരത്തെ പൂട്ടിയ കാഴ്‌ച്ചയില്‍ ക്വിറസ് തന്ത്രം മാറ്റി. കൊറിയക്കാര്‍ക്കെതിരായ മല്‍സരത്തില്‍ പന്തിനെ വലയിലേക്ക് പായിക്കാന്‍ കോച്ച് നിയോഗിച്ചത് ഏഴാം നമ്പറുകാരനെയായിരുന്നില്ല. പതിനൊന്നില്‍ കളിച്ച സിമാവോ, 18 ല്‍ കളിച്ച അല്‍മേഡ, ഒമ്പതില്‍ കളിച്ച ലീഡ്‌സണ്‍ എന്നിവരെ മുന്നില്‍ നിര്‍ത്തി റൊണാള്‍ഡോയെ പിറകിലാക്കിയുളള തന്ത്രത്തിലാണ് ഏഴ് ഗോളുകള്‍ പിറന്നത്. മാര്‍ക്ക് കോച്ചിന് നല്‍കണം. അദ്ദേഹം വേണമെങ്കില്‍ അര്‍ജന്റീനിന്‍ കോച്ച് മറഡോണയെ അനുകരിച്ചതാവാം. മെസി എന്ന ഗോളടിക്കാരനെ പ്രതിയോഗികള്‍ വല വീശി പിടിക്കുന്ന സാഹചര്യത്തില്‍ ഗോണ്‍സാലോ ഹ്വിഗിനെയും അഗ്വിറോയെയുമെല്ലാം മറഡോണ രംഗത്തിറക്കിയതാണ് ആ ടീമിന് ഗുണകരമായത്.
ഉത്തര കൊറിയക്കാര്‍ക്കാണ് ശരിക്കും പിഴച്ചത്. ബ്രസീലിനെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചപ്പോള്‍ അവരല്‍പ്പം മതിമറന്നോ എന്ന് സംശയം. ബ്രസീലിനെ വിറപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കാമെന്ന് കൊറിയന്‍ കോച്ച് കിം ജോംഗ് ഹൂനിന് തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാനാവില്ല. ഗ്രൂപ്പിലെ എല്ലാവരും കൊല കൊമ്പന്മാര്‍. ആരെങ്കിലും ഒരാളെ തോല്‍പ്പിച്ചാല്‍ മാത്രമല്ലേ രക്ഷയുള്ളു. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയ കൊറിയക്കാര്‍ രണ്ടാം പകുതിയില്‍ ആറ് ഗോളുകള്‍ കൂടി വാങ്ങിയത് പക്ഷേ ഏഷ്യക്കാണ് നാണക്കേടായത്. ലോകകപ്പിന്റെ ആദ്യ വാരത്തില്‍ ഏഷ്യന്‍ ടീമുകളാണ് വിസ്‌മവിജയങ്ങള്‍ നേടിയത്. ദക്ഷിണ കൊറിയ ഗ്രീസിനെ രണ്ട് ഗോളിന് കൊന്നപ്പോള്‍ ജപ്പാനികള്‍ കാമറൂണിനെ വീഴ്‌ത്തുന്നതിലും വിജയിച്ചിരുന്നു. കൊറിയന്‍ കോച്ച് ചെയ്‌ത വലിയ അപരാധം ഗോള്‍ക്കീപ്പറെ കണ്ണുമടച്ചങ്ങ് വിശ്വസിച്ചു എന്നതാണ്. കിം മ്യോംഗ് ഗില്‍ എന്ന കാവല്‍ക്കാരന് രണ്ടാം പകുതിയില്‍ തുടരെ പിഴച്ചപ്പോള്‍ അദ്ദേഹത്തെ പിന്‍വലിക്കുന്നതായിരുന്നു ബുദ്ധി. ലോകകപ്പ് പോലെ വലിയ മല്‍സര വേദിയില്‍ ഒരു ഗോള്‍ക്കീപ്പര്‍ ഏഴ് മിനുട്ടിനിടെ മൂന്ന് വട്ടം പിഴവ് കാട്ടിയെങ്കില്‍ അത് വലിയ കുറ്റമാണ്. അത് മനസ്സിലാക്കാനുളള താല്‍പ്പര്യം കോച്ച് പ്രകടിപ്പിക്കാത്തതാണ് വിനയായത്.
കൊച്ചു കൊച്ചു പാസുകളുമായി, ആക്രമണത്തിന്റെ വല നെയ്‌ത്, അവിടെ നിന്നും കുസൃതിക്കാരന്റെ മനസ്സോടെ പന്തിനെ വലയിലേക്ക് തൊടുത്തുവിടുന്നവന്റെ മനസ്സാണ് സ്‌പാനിഷ് മുന്‍നിരക്കാരുടേത്. ഈ മനസ്സുമായാണ് അവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ആദ്യ മല്‍സരത്തില്‍ കളിച്ചത്. എത്രയെത്ര സുന്ദര നീക്കങ്ങള്‍. പെനാല്‍ട്ടി ബോക്‌സില്‍ കയറി നാലും അഞ്ചും പാസുകള്‍. എതിര്‍ പ്രതിരോധനിര വിറച്ചു നില്‍ക്കുമ്പോള്‍ പോലും പാസുകള്‍ തന്നെ. സമയത്തിന്റെ ആ വലിയ നഷ്ടത്തില്‍ പന്തിനെ പലപ്പോഴും വലയിലേക്ക് പായിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സ്വിസുകാര്‍ ഫുട്‌ബോള്‍ സൗന്ദര്യത്തില്‍ വിശ്വസിക്കാത്തവരാണ്. അവര്‍ക്ക് ഇടക്ക് പന്ത്‌് വീണുകിട്ടി. പന്തുമായി ഒരൊറ്റയോട്ടം. അത് ഗോളാവുകയും ചെയ്‌തു. സുന്ദരമായി കളിക്കുന്നതില്ലല്ല കാര്യം ഗോളടിക്കുന്നതിലാണ് എന്ന് മനസ്സിലാക്കിയാണ് സ്‌പാനിഷ് സംഘം ഹോണ്ടുറാസിനെതിരെ കളിച്ചത്. പാവം കോണ്‍കാകാഫുകാര്‍. അവര്‍ക്ക് ആകെയുളളത് അല്‍പ്പം തിണ്ണമിടുക്ക് മാത്രമാണ്. യൂറോപ്യന്മാരെ പോലെ അതിവേഗമില്ല, ലാറ്റിനമേരിക്കക്കാരെ പോലെ സൗന്ദര്യ സോക്കര്‍ അറിയില്ല. ആരുമായും കളിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ഹോണ്ടുറാസ് കളിച്ചത്. സ്‌പെയിന്‍ സ്വിസുകാര്‍ നല്‍കിയ പാഠം ഉള്‍കൊണ്ട് ചെറിയ ചെറിയ പാസുകള്‍ക്ക് പകരം ഇടക്ക് നിറയൊഴിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ചു. ഡേവിഡ് വിയ രണ്ട് വട്ടം സുന്ദരമായി പന്തിനെ പ്രഹരിച്ചു. രണ്ടും ഗോളായി. ഒരു തവണ ലഭിച്ച സ്‌പോട്ട് കിക്കാവട്ടെ താരം പുറത്തേക്കാണ് പായിച്ചത്. അതും ഗോളായിരുന്നെങ്കില്‍ ഹ്വിഗിന് പിറകെ ലോകകപ്പിലെ രണ്ടാം ഹാട്രിക് പിറക്കുമായിരുന്നു.
സൗന്ദര്യത്തിന്റെ നിറകുടമാണ് സ്‌പെയിന്‍ എന്ന് പകല്‍ പോലെ വ്യക്തമാവുമ്പോഴും ഇത്തരം കളിക്ക് വിപണിയുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. ഗ്രൂപ്പില്‍ ഇപ്പോഴും സേഫ് അല്ല സ്‌പെയിന്‍. അടുത്ത മല്‍സരത്തില്‍ ചിലിയെ തോല്‍പ്പിക്കണം. സൗന്ദര്യത്തിനൊപ്പം ആക്രമണവുമാവണം ആയുധമെന്നതാണ് സ്‌പെയിന്‍ മാത്രമല്ല എല്ലാവരും പഠിക്കേണ്ടത്. ചിലിക്കാര്‍ ലാറ്റിനമേരിക്കക്കാരുടെ ആ വീര്യം രണ്ടാം മല്‍സരത്തിലും തെളിയിച്ചു. അവരാണ് ശരിക്കും അല്‍ഭുതമായി മാറുന്നത്. ലോക റാങ്കിംഗില്‍ പതിനെട്ടിലാണവര്‍ നില്‍ക്കുന്നത്. പക്ഷേ കളിക്കുന്നത് ഒന്നാം നമ്പറുകാരെ പോലെയാണ്. ഏഴാം നമ്പറില്‍ കളിക്കുന്ന അലക്‌സിസ് സാഞ്ചസ് അപാരമായ മികവാണ് പ്രകടിപ്പിക്കുന്നത്. എല്ലാവരും മെസിയെയും റൊണാള്‍ഡോയെയും ഹ്വിഗിനെയും ചര്‍ച്ച ചെയ്യുമ്പോള്‍ തളരാത്ത പോരാളിയായ സാഞ്ചസിനെ കാണാതിരിക്കരുത്.
ഇംഗ്ലീഷ് ആന്‍ഡ് ജര്‍മന്‍ ടെസ്‌റ്റ്
ജൊഹന്നാസ്‌ബര്‍ഗ്ഗ്: കടന്നുകയറില്ലേ ഇംഗ്ലണ്ട്...? എല്ലാവരും ഏക സ്വരത്തില്‍ ചോദിക്കുന്നു....കൊമ്പന്മാരാണെന്നും വമ്പന്മാരാണെന്നുമെല്ലാം പറഞ്ഞിട്ട് ഒന്നാം റൗണ്ടില്‍ തന്നെ കലമുടച്ച് പോരാളികള്‍ തല താഴ്‌ത്തി മടങ്ങുമോ- ചിന്തിക്കാന്‍ സമയമില്ല. വേവലാതിയും വേണ്ട. എല്ലാം ഇന്നറിയാം. ഇംഗ്ലണ്ട് ഇന്ന് കളിക്കുന്നുണ്ട്-ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സ്ലോവേനിയയുമായി. ഗ്രൂപ്പ് സിയില്‍ രണ്ട് കളികളിലെ ഇംഗ്ലീഷ് സമ്പാദ്യം രണ്ട് പോയന്റാണ്. ഇന്ന് തന്നെ അള്‍ജീരിയക്കാര്‍ ഇതേ ഗ്രൂപ്പില്‍ അമേരിക്കയുമായി കളിക്കുന്നു. സ്ലോവേനിയക്കാര്‍ക്ക് പോയന്റ് നാലാണ്. ഒരു സമനില ലഭിച്ചാല്‍ കര കയറാം അമേരിക്കക്കൊപ്പം ഇംഗ്ലണ്ടിന് രണ്ട് പോയന്റാണുള്ളത്. വലിയ വിജയം തന്നെ വേണം ഇംഗ്ലീഷുകാര്‍ക്ക്. അള്‍ജീരിയക്കും അമേരിക്കക്കുമെല്ലാം സാധ്യത നില്‍നില്‍ക്കുന്നു.
ഇംഗ്ലണ്ട് മാത്രമല്ല പുഴവക്കില്‍ ചൂണ്ടയുമായി നില്‍ക്കുന്നത്. ജര്‍മനിയുമുണ്ട്. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാരെ വിറപ്പിച്ച ജര്‍മന്‍ സംഘത്തിന് ആ മൂന്ന് പോയന്റാണുള്ളത്. ഇന്നവര്‍ ഘാനയുമായാണ് കളിക്കുന്നത്. ജയം മാത്രമാണ് ശരണം. ഘാനക്കാര്‍ നാല് പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ്. ജര്‍മനിയും സെര്‍ബിയയും മൂന്നില്‍ നില്‍ക്കുന്നു. സെര്‍ബിയക്കാര്‍ ഓസ്‌ട്രേലിയക്കാരുമായാണ് കളിക്കുന്നത്. എല്ലാവര്‍ക്കും ഈ ഗ്രൂപ്പില്‍ സാധ്യത നിലനില്‍ക്കുന്നു.
ഇംഗ്ലീഷ് ക്യാമ്പില്‍ പ്രതീക്ഷകള്‍ പോലും സജീവമല്ല. ടീമിലെ അസ്വാരസ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് സംസാരിക്കരുതെന്നാണ് നിര്‍ദ്ദേശം. രണ്ട് മല്‍സരങ്ങളിലെ വലിയ നിരാശ മറക്കാനാണ് കോച്ച് കാപ്പലോ ആവശ്യപ്പെടുന്നത്. അമേരിക്കക്കെതിരായ മല്‍സരത്തില്‍ മികവിന് അരികിലെത്തിയിരുന്നു ടീം. ആ ഘട്ടത്തിലാണ് ജബുലാനി ഗോള്‍ക്കീപ്പറെ ചതിച്ചത്. അള്‍ജീരിയക്കെതിരെയായിരുന്നു ഇംഗ്ലണ്ട് സമ്പൂര്‍ണ്ണ പരാജയമായി മാറിയത്. വെയിന്‍ റൂണി ഉള്‍പ്പെടെയുളള സൂപ്പര്‍ നിരക്ക് ക്രിയാത്മകമായ ഒരു നീക്കം പോലും നടത്താനായില്ല.
കോച്ച് കാപ്പലോയും സീനിയര്‍ താരങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വിത്യാസം ടീമിനെ ബാധിക്കില്ലെന്നാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ജോ കോളിനെ പോലുള്ളവര്‍ക്ക് കോച്ച് അവസരം നല്‍കാത്തതിലാണ് ജോണ്‍ ടെറിയെ പോലുള്ളവര്‍ക്ക് നീരസം. നായകന് സ്‌റ്റീവന്‍ ജെറാര്‍ഡ്, ഫ്രാങ്ക് ലംപാര്‍ഡ് തുടങ്ങിയവരെല്ലാം ടെറിയുടെ അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നവരാണ്. സ്ലോവേനിയക്കാര്‍ ശക്തരായ പ്രതിയോഗികളാണെന്നിരിക്കെ ഏത് തരത്തിലായിരിക്കും ഇംഗ്ലണ്ട് നിര്‍ണ്ണായക മല്‍സരത്തെ സമീപിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്നത്തെ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമാണ് ടീമിന്റെ നിലനില്‍പ്പ് ഉറപ്പിക്കാനാവു.
ലോക റാങ്കിംഗില്‍ 25 ല്‍ നില്‍ക്കുന്ന സ്ലോവേനിയക്കാര്‍ കീഴടങ്ങാത്ത പോരാളികളാണ്. ഇംഗ്ലണ്ടിനെ ഭയമില്ലാതെ കളിക്കുമെന്നാണ് കോച്ച് മത്യാസ് കെക്‌സ വ്യക്തമാക്കിയിരിക്കുന്നത്. മുന്‍നിരക്കാരായ സ്ലാറ്റോ ഡെഡിച്ച്, സുല്‍ത്താന്‍ ല്യുബിജാങ്കിച്ച് എന്നിവര്‍ ഇംഗ്ലീഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്ക രണ്ടാം റൗണ്ട് ഉറപ്പിക്കാനാണ് അള്‍ജീരിയയെ എതിരിടുന്നത്. സ്ലോവേനിയക്കെതിരെ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം രാജകീയമായി തിരിച്ചുവന്നവരാണ് അമേരിക്കന്‍ സംഘം. രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ട് പോയന്റ് സമ്പാദിച്ച അവര്‍ക്ക് ഇന്ന് ജയിച്ചാല്‍ സാധ്യതയുണ്ട്. സ്വന്തം വന്‍കരയില്‍ കളിക്കുന്ന അള്‍ജീരിയക്കാരിപ്പോള്‍ ഒരു പോയന്റുമായി നാലാമതാണ്. ഇന്ന് അട്ടിമറി വിജയം നേടിയാല്‍ തന്നെ ടീമിന് വലിയ സാധ്യതയില്ല. സി ഗ്രൂപ്പിലെ രണ്ട് മല്‍സരങ്ങളും 7-30 നാണ്. ഇ.എസ്.പി.എന്നിലും സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും തല്‍സമയം.
രാത്രിയിലാണ് ഡി യിലെ മല്‍സരങ്ങള്‍. ജര്‍മനി-ഘാനയും തമ്മില്‍ നടക്കുന്ന സോക്കര്‍ സിറ്റി അങ്കം അതിനിര്‍ണ്ണായകമാണ്. ആദ്യ മല്‍സരത്തിലെ രാജകീയതക്ക് ശേഷം തകര്‍ന്നവരാണ് ജര്‍മന്‍കാര്‍. മിറോസ്ലാവ് ക്ലോസെയെ പോലുള്ളവര്‍ ഇന്ന് കളിക്കുന്നുമില്ല. രണ്ട് പെനാല്‍ട്ടി ഗോളുകളില്‍ സാന്നിദ്ധ്യം തെളിയിച്ചവരാണ് അസമോവ് ഗ്യാനിന്റെ ഘാനക്കാര്‍. ജയം മാത്രമാണ് ജര്‍മനിക്ക് രക്ഷ. ഇതേ ഗ്രൂപ്പിലെ ഓസ്‌ട്രേലിയ-സെര്‍ബിയ മല്‍സരത്തിനും പ്രസക്തിയുണ്ട്. ഘാനയാണ് നാല് പോയന്റുമായി ഇപ്പോള്‍ മുന്നില്‍. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് രണ്ടാം റൗണ്ട് ഉറപ്പ്. അതേ സമയം ജര്‍മനിക്കും സെര്‍ബിയക്കും മൂന്ന് വീതം പോയന്റാണുള്ളത്. സ്വന്തം മല്‍സരങ്ങള്‍ ജയിച്ചാല്‍ ഇവര്‍ക്ക് മുന്നേറാം. പോയന്റില്ലാത്ത ഓസ്‌ട്രേലിയക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
സുന്ദരം സ്‌പെയിന്‍
ഡേവിഡ് വിയ നേടിയ രണ്ട് സുന്ദരമായ ഗോളുകള്‍ക്കൊപ്പം സ്‌പാനിഷ് ടീമിന്റെ സുന്ദരമായ മുന്നേറ്റങ്ങളും പന്ത് കൈമാറലും കണ്ണിന് നല്‍കിയ കുളിര്‍മ ചെറുതായിരുന്നില്ല. പണ്ട് ബ്രസീലായിരുന്നു ഇങ്ങനെ കൊച്ചു കൊച്ചു പാസുകള്‍ എളുപ്പത്തില്‍ കൈമാറി മൈതാനത്ത് ചിത്രം വരച്ചവര്‍. ആ ശൈലി ബ്രസീലില്‍ നിന്ന് കൈമോശം വന്നിട്ടുണ്ട്. അതാണ് സ്‌പാനിഷ് ടീം ഏറ്റെടുത്തിരിക്കുന്നത്. ഹോണ്ടുറാസിനെതിരായ മല്‍സരത്തിന്റെ ചന്തം സ്‌പാനിഷ് പാസുകളായിരുന്നു. എളുപ്പത്തിലുളള കൈമാറ്റത്തില്‍ ആര്‍ക്കും പിഴക്കുന്നില്ല എന്നതാണ് സവിശേഷത. ഇപ്പോള്‍ ടീമുകള്‍ സ്വീകരിക്കുന്ന ശൈലി രണ്ടോ മൂന്നോ ടച്ച് മാത്രമാണ്. അപ്പോഴേക്കും ലോംഗ് ലോബുകളില്‍ പന്ത് എതിര്‍ ഗോള്‍മുഖത്ത് എത്തും. അവിടെ ഉടലെടുക്കുന്ന പരിഭ്രാന്തിയെ ഉപയോഗപ്പെടുത്തുക. ഈ ഗെയിം പ്ലാനില്‍ സൗന്ദര്യമോ അച്ചടക്കമോ ഇല്ല. പോര്‍ച്ചുഗല്‍ ഉത്തര കൊറിയക്കാരെ നേരിട്ടപ്പോഴും പാസുകളുടെ സുഗമമായ കൈമാറ്റം കണ്ടു. ഏഴ് ഗോളുകള്‍-എല്ലാം ഒന്നിനൊന്ന് മെച്ചം. സുന്ദരമായ ഈ സോക്കര്‍ ലോകകപ്പിന്റെ മനോഹാരിതയാണ്. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ നില്‍ക്കുന്നത് ജര്‍മനി സെര്‍ബുകാരോട് തോറ്റതാണ്. ആക്രമണ ഫുട്‌ബോളിന്റെ പുതിയ മുഖം ആദ്യ മല്‍സരത്തില്‍ നല്‍കിയ ജര്‍മന്‍കാര്‍ രണ്ടാം മല്‍സരത്തില്‍ ഒരു ഗോളിന് തോറ്റത് അവിശ്വസനീയമാണ്. പോദോസ്‌ക്കിയെ പോലെ ഒരു താരം പെനാല്‍ട്ടി നഷ്‌ടമാക്കുമ്പോള്‍ പന്തയക്കാരും പണവും സോക്കറിലെ പുതിയ നിഗൂഢതകളുമെല്ലാമാണ് ഓര്‍മ്മ വരുന്നത്.
(കാലിക്കറ്റ് യുനിവേഴ്‌സിറ്റി മുന്‍ താരമായ ടി.പ്രസാദ് സംസ്ഥാന ജൂനിയര്‍ ടീമിനായി കളിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എക്‌സ് ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ ജോ.സെക്രട്ടറിയായ അദ്ദേഹം കോഴിക്കോട് എസ്.ബി.ഐയില്‍ ഉദ്യോഗസ്ഥനാണ്.)
ഫിലിപ്പ് കോക്കുവിനൊപ്പം ഒരാസ്വാദനം
ഡര്‍ബനില്‍ നിന്നും അരുണ്‍ കെ നാണു
ഓറഞ്ച് കുപ്പായത്തില്‍ മൈതാനത്ത് പന്തുമായി നൃത്തം ചവിട്ടുന്ന ഫിലിപ്പ് ജോണ്‍ വില്ല്യം കോക്കുവിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധനയോടെയാണ് കണ്ടിരുന്നത്. മധ്യനിരയിലും ഡിഫന്‍സിലുമെല്ലാം സാന്നിദ്ധ്യം തെളിയിച്ച കോക്കുവിനെ അവിചാരിതമായി ഡര്‍ബനിലെ ലോകകപ്പ് സ്‌റ്റേഡിയത്തില്‍ കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ തോന്നിയില്ല. പക്ഷേ ആ പുച്ച കണ്ണുകളിലെ തിളക്കത്തിലും മല്‍സരത്തെ ഗൗരവത്തില്‍ സമീപിച്ചതിലും അരികിലുള്ളത് കോക്കു തന്നെയാണെന്ന്‌് വ്യക്തമായി. ഡര്‍ബനിലെ സ്‌റ്റേഡിയവും ദക്ഷിണാഫ്രിക്കക്കാരുടെ ലോകകപ്പ് ആവേശവും നേരില്‍ കാണേണ്ടതാണ്. ഒരിക്കലും കരുതിയതല്ല ഒരു ലോകകപ്പ് മല്‍സരം നേരില്‍ കാണാനാവുമെന്ന്. അതും ഹോളണ്ടിനെ പോലെ ഒരു ടീമിന്റെ അങ്കം. ജപ്പാനായിരുന്നു പ്രതിയോഗികള്‍. ആദ്യ മല്‍സരത്തില്‍ കാമറൂണിനെ പരാജയപ്പെടുത്തിയ വീര്യത്തിലാണ് ജപ്പാനികള്‍ വന്നത്. പക്ഷേ സ്‌റ്റേഡിയത്തില്‍ നിറയെ ഓറഞ്ച് സൈന്യമായിരുന്നു. ഉദ്ദേശം 70 ശതമാനത്തോളം ഓറഞ്ചുകാര്‍ തന്നെ. ഏ.എഫ്.സി സംഘത്തില്‍ അംഗങ്ങളായാണ് ഞങ്ങളെത്തിയത്. സെപ്‌റ്റിന്റെ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റായ സോജന്‍, ഡര്‍ബനിലെ ഞങ്ങളുടെ സുഹൃത്ത് സെല്‍വരാജ് എന്നിവര്‍ക്കൊപ്പം കളിക്ക് മുമ്പ് തന്നെ കോക്കുവിനെ പരിചയപ്പെട്ടു. വലിയ താരത്തിന്റെ ജാഡയില്ലാതെ ഹോളണ്ടിന്റെ മുന്‍ ക്യാപ്‌റ്റന്‍ അല്‍പ്പസമയം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. ഫോട്ടോക്ക് കൂടെ നിന്നു. ഡച്ച് ടീമിന്റെ അസിസ്‌്‌റ്റന്‍ഡ് കോച്ചാണ് അദ്ദേഹം. മല്‍സരം തുടങ്ങിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടത് പോലെ അതിവേഗം ഡച്ചുകാര്‍ നിലയുറപ്പിച്ചു. വെസ്‌ലി സ്‌നൈഡറെ പോലുള്ള തകര്‍പ്പന്‍ താരങ്ങളുടെ മിന്നല്‍ നീക്കത്തില്‍ അവിസ്‌മരണീയമായിരുന്നു ഡച്ച് പ്രകടനം. കോക്കുവിനൊപ്പം ലോകകപ്പിലെ ഒരു നിര്‍ണ്ണായക മല്‍സരം തല്‍സമയം ആസ്വദിക്കാന്‍ കഴിഞ്ഞതിലെ സന്തോഷമാണ് ഇപ്പോഴും മനസ്സില്‍. ഇന്ന് നടക്കുന്ന ദക്ഷിണ കൊറിയ-നൈജീരിയ മല്‍സരത്തിനും ബ്രസീല്‍-പോര്‍ച്ചുഗല്‍ മല്‍സരത്തിനും ടിക്കറ്റുണ്ട്. ബ്രസീലിന്റെ അങ്കം കാണാനാണ് കാത്തിരിക്കുന്നത്. (കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്‌റ്റിന്റെ ചെയര്‍മാനാണ് യു.എ.ഇ എക്‌സ്‌ചേഞ്ചില്‍ ഉദ്യോഗസ്ഥനായ അരുണ്‍)
ഫ്രഞ്ച് ദുരന്തകാവ്യം
മാന്‍ഗോംഗ്: നാണക്കേടാണിത്..... മഹാനാണക്കേട്....ലോക റാങ്കിംഗില്‍ ഒമ്പതില്‍ നില്‍ക്കുന്ന ഒരു ടീം-അതും മുന്‍ ചാമ്പ്യന്മാര്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായിരിക്കുന്നു. പുറത്താവല്‍ മാത്രമല്ല-ഒരു മല്‍സരം ജയിച്ചില്ല, ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്‌തില്ല. മെക്‌സിക്കോയോട് രണ്ട് ഗോള്‍ വാങ്ങി, അവസാന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോടും രണ്ട് സുന്ദരഗോളുകള്‍ ചോദിച്ചുവാങ്ങി. ഈ ഫ്രഞ്ച് ദുരന്തകാവ്യത്തിന്റെ കര്‍ത്താവ് സംശയലേശമന്യേ പറയാം അവരുടെ തണുപ്പന്‍ പരിശീലകന്‍ റെയ്‌മോണ്ട് ഡൊമന്‍ച്ചെ തന്നെ... സ്വന്തം താല്‍പ്പര്യം ടീമില്‍ അടിച്ചേല്‍പ്പിക്കുന്ന പരിശീലകനെതിരെ താരങ്ങള്‍ ഉയര്‍ത്തിയ കലാപക്കൊടി തന്നെയാണ് ടീമിനെ ഈ പരുവത്തിലാക്കിയത്. സൈനുദ്ദിന്‍ സിദാനെ പോലെ ലോക ഫുട്‌ബോളില്‍ വിസ്‌മയം രചിച്ച ഒരു താരത്തിന്റെ പിന്‍ഗാമികളാണ് നാണക്കേടിന് പുതിയ വിലാസമുണ്ടാക്കിയിരിക്കുന്നത്. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലേക്ക് ഫ്രാന്‍സ് വന്നത് നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലക്കായിരുന്നു. 98 ല്‍ സ്വന്തം തട്ടകത്ത് നടന്ന ലോകകപ്പില്‍ സിദാന്റെ രണ്ട് തകര്‍പ്പന്‍ ഹെഡ്ഡറുകളും ഇമാനുവല്‍ പെറ്റിറ്റിന്റെ ലോംഗ് റേഞ്ചറുമായി മൂന്ന് ഗോളിന് ബ്രസീലിനെ മലര്‍ത്തിയടിച്ച് കപ്പില്‍ മുത്തമിട്ടവര്‍ ഏഷ്യയില്‍ വന്നപ്പോള്‍ സമ്പാദ്യം രണ്ട് സമനിലകളും ഒരു തോല്‍വിയുമായിരുന്നു. ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്‌തതുമില്ല. നിലവിലെ ചാമ്പ്യന്മാര്‍ എന്ന നിലയില്‍ ഏറ്റവും മോശം റെക്കോര്‍ഡ്. ഇന്നും ആ റെക്കോര്‍ഡ് ഫ്രഞ്ച് സംഘത്തിനൊപ്പമുണ്ട്. ഇപ്പോഴിതാ പുതിയ ഖ്യാതി-നിലവിലെ റണ്ണര്‍ അപ്പായി ഒരു മല്‍സരവും ജയിക്കാതെ നാല് ഗോളും വാങ്ങി മടങ്ങുന്നവര്‍.
എന്തെല്ലാമായിരുന്നു ലോകകപ്പിന് മുമ്പ് പറഞ്ഞത്. പക്ഷേ ശരിക്കും അയര്‍ലാന്‍ഡുകാരുടെ ശാപമാണ് ഫ്രഞ്ചുകാരെ ബാധിച്ചത്. തിയറി ഹെന്‍ട്രിയെന്ന സൂപ്പര്‍ താരം വഴി വിട്ട് സൃഷ്‌ടിച്ച അവസരത്തില്‍ പിറന്ന ഗോളിലാണ് ഫ്രഞ്ചുകാര്‍ ലോകകപ്പ് ടിക്കറ്റ് നേടിയത്. അന്ന് തുടങ്ങിയ കഷ്ടകാലമാണ് ഇപ്പോള്‍ ടീമിനെ വിടാതെ പിന്തുടരുന്നത്. ലോകകപ്പിന് ശേഷം പുതിയ കോച്ചായി ലൗറന്റെ ബ്ലാങ്കാണ് വരുന്നത്. ആരെങ്കിലും ചെയ്യുമോ ഇങ്ങനെ. ഒരു മുന്‍കൂര്‍ പ്രഖ്യാപനം. ലോകകപ്പ് നടക്കാനിരിക്കെ ലോകകപ്പിന് ശേഷം വരുന്ന കോച്ചിന്റെ പേര് പ്രഖ്യാപിച്ചതിലുടെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തിയ വിഡ്ഡിത്തമാണ് ഇപ്പോള്‍ ഫലം ചെയ്‌തിരിക്കുന്നത്. ഡൊമന്‍ച്ചെക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല-തോറ്റാലും ജയിച്ചാലും അദ്ദേഹത്തിന്റെ തൊപ്പി തെറിക്കുമായിരുന്നു.
ഫഅരാന്‍സ്
മാന്‍ഗോംഗ്: പ്രതികള്‍ മറ്റാരുമല്ല-ഫ്രഞ്ചുകാര്‍ തന്നെ...! ദക്ഷിണാഫ്രിക്കയോടും തോല്‍വി ചോദിച്ചുവാങ്ങി നിലവിലെ രണ്ടാം സ്‌ഥാനക്കാര്‍ നാണക്കേടിന്റെ പുതിയ അദ്ധ്യായം രചിച്ച് വിടവാങ്ങി. ഉറുഗ്വേക്കെതിരെ നേടിയ സമനിലയിലുടെ ലഭിച്ച ഒരു പോയന്റാണ് ടീമിന്റെ സമ്പാദ്യം.
ദയനീയമായ സോക്കറാണ് ഇന്നലെ ഫ്രഞ്ച് സംഘം ആവര്‍ത്തിച്ചത്. നാട്ടുകാരുടെ പിന്തുണയില്‍ കളിച്ച ദക്ഷിണാഫ്രിക്ക ഇരുപത്തിയൊന്നാം മിനുട്ടില്‍ മുന്നിലെത്തി. വില്ല്യം ഗല്ലാസ് നയിക്കുന്ന ഫ്രഞ്ച് പ്രതിരോധ നിരയുടെ പിഴവില്‍ ബോന്‍ഗാനി കുമാലോയാണ് സ്‌ക്കോര്‍ ചെയ്‌തത്. സൂപ്പര്‍ താരം ഷബലാല എടുത്ത കോര്‍ണര്‍കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് ഹുഗോ ലോറസിന്റെ തലക്ക് കൃത്യമായാണ് ഉയര്‍ന്നത്. അദ്ദേഹത്തിന് പക്ഷേ പിഴച്ചപ്പോള്‍ അവസരം പാര്‍ത്ത് നിന്നിരുന്ന കുമാലോ ഹെഡ്ഡറിലുടെ വല കുലുക്കി. പിറകെ ചുവപ്പിന്റെ ഭീഷണിയില്‍ യുവതാരം യോന്‍ യോര്‍ക്കഫിനെയും ഫ്രാന്‍സിന് നഷ്‌ടമായി. നിരുപദ്രവകരമെന്ന് തോന്നിയ നീക്കത്തിലാണ് നിര്‍ഭാഗ്യവാനായി യോര്‍ക്കഫ് പുറത്തായത്. ആഫ്രിക്കന്‍ ബോക്‌സില്‍ വെച്ച് ഉയര്‍ന്ന പന്തിനായുള്ള ശ്രമത്തില്‍ യോര്‍ക്കഫിന്റെ കരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരം മാക്‌ബെത്ത് സിബായയുടെ മുഖത്ത് തട്ടി. ഒറ്റനോട്ടത്തില്‍ കരുതിക്കൂട്ടിയുള്ള ശ്രമമായിരുന്നില്ല. പക്ഷേ മല്‍സരം നിയന്ത്രിച്ച കൊളംബിയന്‍ റഫറി ഓസ്‌ക്കാര്‍ റൂയിസ് കരുണ കാട്ടിയില്ല.
മുപ്പത്തിയേഴാം മിനുട്ടില്‍ ഫ്രഞ്ച് വലയില്‍ വീണ്ടും പന്തെത്തി. അബു ദിയാബിയുടെ പിഴവില്‍ പന്ത് ലഭിച്ച കാറ്റലെഗോ മഫാലയാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഹീറോയായത്. ആരും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങിയ ഫ്രാന്‍സ് ലോകകപ്പിലെ തങ്ങളുടെ ഏറ്റവും മികച്ച നീക്കത്തില്‍ ഒരു ഗോള്‍ മടക്കി. ബാക്രെ സാഗ്‌ന നീട്ടി നല്‍കിയ പന്തുമായി കുതിച്ച ഫ്രാങ്ക് റിബറി ബോക്‌സില്‍ വെച്ച് നല്‍കിയ ക്രോസ് സ്വീകരിക്കുമ്പോള്‍ ആഫ്രിക്കന്‍ വലയത്തില്‍ ആരുമുണ്ടായിരുന്നില്ല. ഫ്‌ളോറന്‍ഡ് മലൂദ ദൗത്യം ഭംഗിയാക്കി.
No comments:
Post a Comment