Monday, June 21, 2010

RED WORLD CUP




ഡേ-10
ഇത്‌ ചുവന്ന ലോകകപ്പാണോ...? സംശയിക്കേണ്ടതുണ്ട്‌....ലോകകപ്പ്‌ പത്ത്‌ ദിവസം പിന്നിടുമ്പോഴേക്കും ചുവപ്പുകാര്‍ഡുകളുടെ എണ്ണം റെക്കോര്‍ഡിലേക്ക്‌ കുതിക്കുകയാണ്‌. ഏറ്റവും ഒടുവിലത്തെ കാഷ്വാലിറ്റിയാണ്‌ ബ്രസീലിന്റെ സൂപ്പര്‍ താരമായ പത്താം നമ്പറുകാരന്‍ കക്ക. ചുവപ്പിന്റെ കാര്യത്തില്‍ ഫിഫ ചില ഇളവുകള്‍ പറയുന്നുവെന്നത്‌ സത്യം. പക്ഷേ ഇത്തരത്തില്‍ ചുവപ്പ്‌ വ്യാപകമാക്കിയാല്‍ അത്‌ കളിയുടെ സൗന്ദര്യത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ ലോകകപ്പിന്റെ താരങ്ങളാവുമെന്ന്‌ കരുതപ്പെട്ടിരുന്ന പലരും ചുവപ്പിലും മഞ്ഞയിലുമെല്ലാമാണ്‌. മഞ്ഞ കണ്ടവരില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും റോബിഞ്ഞോയും ഫ്രാങ്ക്‌ റിബറിയും ഫ്രാങ്ക്‌ ലംപാര്‍ഡും സ്‌റ്റീവന്‍ ജെറാര്‍ഡും വെയിന്‍ റൂണിയും ടോറസുമെല്ലാമുണ്ട്‌. ഇവര്‍ക്ക്‌ ഒരു മഞ്ഞ കൂടി കണ്ടാല്‍ നിര്‍ണ്ണായകമായ മല്‍സരങ്ങള്‍ നഷ്ടമാവും. ചുവപ്പിന്റെ വേദനയില്‍ മിറോസ്ലാവ്‌ ക്ലോസും കക്കയുമെല്ലാമുണ്ട്‌.
വ്യക്തമായ നിര്‍ദ്ദേശങ്ങളാണ്‌ ഫിഫയുടെ റഫറീസ്‌ കമ്മിറ്റി റഫറിമാര്‍ക്ക്‌ നല്‍കുന്നത്‌. ലോകകപ്പിന്‌ തൊട്ട്‌ മുമ്പ്‌ ജര്‍മനിയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ മിഷേല്‍ ബലാക്ക്‌ പ്രതിയോഗിയുടെ ക്രൂരമായ ടാക്‌ളിംഗിന്‌ വിധേയനായി പുറത്തായിരുന്നു. ഈ ഫൗളിലാണ്‌ സൂപ്പര്‍താരത്തിന്‌ ലോകകപ്പ്‌ നഷ്ടമായത്‌. ഈ സംഭവം ഉദാഹരിച്ചാണ്‌ ഏത്‌ തരം ഫൗളിനും കര്‍ക്കശനടപടിക്ക്‌ റഫറിമാരോട്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പക്ഷേ പലപ്പോഴും റഫറിമാരുടെ നടപടി ഏകപക്ഷീയമായാണ്‌ അവസാനിക്കുന്നത്‌. ലോകകപ്പിന്റെ പത്താം ദിവസം നടന്ന ബ്രസീല്‍-ഐവറി കോസ്‌റ്റ്‌ മല്‍സരത്തില്‍ കക്ക ചുവപ്പില്‍ പുറത്തായത്‌ നിര്‍ഭാഗ്യകരമായാണ്‌.
കക്കയാണ്‌ ശരിക്കും ഫൗള്‍ ചെയ്യപ്പെട്ടത്‌. പക്ഷേ അദ്ദേഹത്തെ ഫൗള്‍ ചെയ്‌ത താരം രക്ഷപ്പെടുകയും കക്ക പുറത്താവുകയുമായിരുന്നു. കക്കയെ ഫൗള്‍ ചെയ്യാനായി ഐവറി താരം കാദര്‍ കൈത മുന്നോട്ട്‌ വന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കാണാതെ തികച്ചും സ്വാഭാവികമായുളള കക്കയുടെ ചലനത്തില്‍ റഫറി ബ്രസീലുകാരനെ പ്രതിയാക്കുകയായിരുന്നു. ബ്രസീല്‍-ഐവറി മല്‍സരം പലപ്പോഴും കൈയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. മല്‍സരം നിയന്ത്രിച്ച റഫറി പലപ്പോഴും വളരെ പ്രയാസപ്പെട്ടു. ഈ സമ്മര്‍ദ്ദത്തിലാവാം അദ്ദേഹം കടുത്ത നടപടിക്ക്‌ മുതിര്‍ന്നത്‌.
ചുവപ്പ്‌ വര്‍ദ്ധിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളാണ്‌ പലപ്പോഴും പിടിക്കപ്പെടുക. അവരെ പ്രതിരോധിക്കാന്‍ എതിര്‍നിരയിലെ താരങ്ങള്‍ വട്ടമിട്ട്‌ പറക്കും. കുതറാനുള്ള ശ്രമം പലപ്പോഴും പ്രശ്‌നങ്ങളുമാവും.
പത്താം ദിവസം ബ്രസീലിന്‌ സ്വന്തമാണ്‌. മൂന്ന്‌ മനോഹരമായ ഗോളുകളില്‍ അവര്‍ രണ്ടാം റൗണ്ട്‌ ഉറപ്പാക്കി. ആദ്യ മല്‍സരത്തില്‍ നിരാശ സമ്മാനിച്ച ലൂയിസ്‌ ഫാബിയാനോയാണ്‌ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. രണ്ട്‌ ഗോളുകളിലുമുളള സൗന്ദര്യം അതിലെ കൂട്ടായ്‌മയാണ്‌. കക്കയിലെ മിഡ്‌ഫീല്‍ഡര്‍ ഒരുക്കിയ അവസരങ്ങളിലാണ്‌ ഗോളുകള്‍ വന്നത്‌. ഇലിയാനോയുടെ മൂന്നാം ഗോളും സുന്ദരമായിരുന്നു. ഐവറിക്കാരുടെ സംഘത്തില്‍ ദിദിയര്‍ ദ്രോഗ്‌ബെയുടെ പരുക്ക്‌ തന്നെയായിരുന്നു വില്ലന്‍. ചെല്‍സി താരത്തിന്‌ അദ്ദേഹത്തിന്റെ പതിവ്‌ അനായാസതയില്‍ കളിക്കാന്‍ കഴിയുന്നില്ല. എന്നിട്ടും പ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിച്ച്‌ ദ്രോഗ്‌ബെ നേടിയ ഗോള്‍ അപാരമായിരുന്നു. ബ്രസീല്‍ പിന്‍നിര രണ്ടാം മല്‍സരത്തിലും പരീക്ഷിക്കപ്പെട്ടിരുന്നില്ല എന്ന സത്യം കോച്ച്‌ ഡുംഗെ തിരിച്ചിറിയേണ്ടിയിരിക്കുന്നു. ലൂസിയോ നയിക്കുന്ന പ്രതിരോധത്തെ തുറന്നുകാട്ടാന്‍ ഐവറിക്കാര്‍ ശ്രമിച്ചപ്പോഴെല്ലാം ഗോള്‍ക്കീപ്പര്‍ ജൂലിയസ്‌ സീസര്‍ പരീക്ഷിക്കപ്പെട്ടിരുന്നു. അതിവേഗനിക്കങ്ങളിലെ പതര്‍ച്ചയില്‍ നിന്നും ടീമിനെ അനുഭവസമ്പത്തിലൂടെ രക്ഷപ്പെടുത്താന്‍ മൈക്കോണിനോ, ഡാനിയല്‍ ആല്‍വസിനോ, ഗില്‍ബെര്‍ട്ടോക്കോ കഴിയുന്നില്ല.
അടുത്ത വെള്ളിയാഴ്‌ച്ച ഡര്‍ബനില്‍ പോര്‍ച്ചുഗലുമായാണ്‌ ഗ്രൂപ്പില്‍ ബ്രസീലിന്റെ അവസാന മല്‍സരം. രണ്ടാം റൗണ്ട്‌ ഉറപ്പായതിനാല്‍ ഈ മല്‍സരത്തില്‍ മഞ്ഞപ്പടക്ക്‌ അനായാസം കളിക്കാം. ഈ മല്‍സരമായിരിക്കണം ശരിക്കും ഡുംഗെ ലോകകപ്പിന്റെ അവസാന ഒരുക്കത്തിന്‌ ഉപയോഗിക്കേണ്ടത്‌.
ഇറ്റലിയുടെ കാര്യമാണ്‌ കഷ്ടം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അവര്‍ക്ക്‌ സമനില വഴങ്ങേണ്ടി വന്നു. ഫിഫയുടെ റാങ്കിംഗില്‍ 78 ല്‍ നില്‍ക്കുന്ന ന്യൂസിലാന്‍ഡിനെതിരെ റാങ്കിംഗിലെ അഞ്ചാം സ്ഥാനക്കാരായ ഇറ്റലിക്ക്‌ കാര്യമായി ഒന്നും ചെയ്യാനായില്ല എന്നതാണ്‌ രസകരം. ലോക സോക്കറില്‍ വിലാസമില്ലാത്ത കിവിക്കാര്‍ തുടക്കത്തില്‍ തന്നെ ഗോള്‍ സ്വന്തമാക്കി. മറുപടിക്ക്‌ പെനാല്‍ട്ടി കിക്ക്‌ വരെ കാത്തിരിക്കേണ്ടി വന്നു ചാമ്പ്യന്മാര്‍ക്ക്‌. മധ്യനിരയില്‍ മല്‍സരത്തെ പ്ലാന്‍ ചെയ്യാന്‍ ആരുമില്ലാത്തതാണ്‌ മാര്‍സിലോ ലിപ്പിയെ അലട്ടുന്നത്‌. ഫ്രാന്‍സിസ്‌ക്കോ ടോട്ടി എന്ന താരമായിരുന്നു നാല്‌ വര്‍ഷം മുമ്പ്‌ ടീമിന്റെ മധ്യനിരക്ക്‌ ഊര്‍ജ്ജം പകര്‍ന്നത്‌. ഇത്തവണ അങ്ങനെ ഒരാളില്ല. കിവീസിനെതിരെ അപകടകരമായി കളിക്കാന്‍ ഇറ്റലിക്കായി. പക്ഷേ സ്‌ക്കോറിംഗില്‍ പിഴച്ചു. എതിരാളികളെ വിറപ്പിക്കാന്‍ മാത്രമുള്ള കരുത്ത്‌ സ്‌ട്രൈക്കര്‍മാര്‍ക്കില്ല. അന്റോണിയോ ഡി നതാലെ, ഗില്ലാര്‍ഡിനോ, ഇയാക്വിറ്റ, കാഗിറെല്ല എന്നിവര്‍ക്കൊന്നും ശക്തമായ പ്രഹര ശേഷിയില്ല. പരമ്പരാഗതമായി ഇറ്റലിയുടെ കരുത്ത്‌ പ്രതിരോധമാണ്‌. കനവാരോ, സംബ്രോട്ട എന്നിവരുടെ മികവില്‍ അവിടെ പ്രശ്‌നങ്ങളില്ല. ഗോള്‍ക്കീപ്പര്‍ ബഫണിന്റെ അസുഖം ടീമിനെ ബാധിച്ചതായി തോന്നുന്നില്ല. മധ്യനിരയിലാണ്‌ ആവേശം വേണ്ടത്‌. രണ്ട്‌ കളികളില്‍ നിന്ന്‌ രണ്ട്‌ പോയന്റ്‌്‌ മാത്രമുള്ള ചാമ്പ്യന്മാര്‍ക്ക്‌ സ്ലോവേനിയയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ ഇനി രക്ഷ. ന്യൂസിലാന്‍ഡിന്‌ ലോകകപ്പ്‌ നേടിയതിന്‌ സമാനമായിരുന്നു ചാമ്പ്യന്മാര്‍ക്കെതിരായ സമനില. ആദ്യ മല്‍സരത്തില്‍ സ്ലോവേനിയക്കെതിരെ അവസാന സെക്കന്‍ഡില്‍ നേടാനായ സമനിലയാണ്‌ അവര്‍ക്ക്‌ ഊര്‍ജ്ജമായത്‌. ഗോള്‍വലയം കാത്ത മാര്‍ക്‌ പാസ്റ്റന്‍ സുന്ദരമായ പ്രകടനമാണ്‌ നടത്തിയത്‌. പരാഗ്വേ എന്നും അപകടകാരികളാണ്‌. അവര്‍ മികച്ച പ്രകടനവുമായാണ്‌ ഏറെക്കുറെ രണ്ടാം റൗണ്ട്‌ ഉറപ്പിച്ചിരിക്കുന്നത്‌.

ഇന്ന്‌ മുതല്‍ കളി നാല്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ന്‌ മുതല്‍ കളികള്‍ നാലാണ്‌.... ഗ്രൂപ്പുകളിലെ അവസാന മല്‍സരങ്ങളാണ്‌ നടക്കാന്‍ പോവുന്നത്‌. ഒത്തുകളിയുടെ ഒരു സാധ്യതയും ഇല്ലാതാക്കാന്‍ ഓരോ ഗ്രൂപ്പിലെയും അവസാന മല്‍സരങ്ങള്‍ വിവിധ വേദികളില്‍ ഒരേ സമയത്താണ്‌. ഗ്രൂപ്പ്‌ എയിലും ബി യിലുമാണ്‌ ഇന്ന്‌ അങ്കങ്ങള്‍. 7-30 നാണ്‌ എയിലെ മല്‍സരങ്ങള്‍. മാന്‍ഗോംഗില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സുമായി കളിക്കുമ്പോള്‍ റസ്‌തന്‍ബര്‍ഗ്ഗില്‍ മെക്‌സിക്കോ ഉറുഗ്വേയെ എതിരിടും. ബിയില്‍ രാത്രി 12 ലെ അര്‍ജന്റീന-ഗ്രീസ്‌ മല്‍സര വേദി പോളക്‌വെയിനാണ്‌. നൈജീരിയ-ദക്ഷിണ കൊറിയ മല്‍സരം ഡര്‍ബനില്‍ നടക്കും. രണ്ട്‌ ഗ്രൂപ്പിലെയും സാധ്യത ഇപ്രകാരമാണ്‌:
ഗ്രൂപ്പ്‌്‌ എയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഉറുഗ്വേ, മെക്‌സിക്കോ എന്നിവരാണ്‌. രണ്ട്‌ ടീമിനും നാല്‌ പോയന്റ്‌്‌ വീതമുണ്ട്‌. ഒരു വിജയവും ഒരു സമനിലയും. ഇന്ന്‌ രണ്ട്‌ പേരും പരസ്‌പരം കളിക്കുന്നുണ്ട്‌. ഈ മല്‍സരം സമനിലയില്‍ അവസാനിച്ചാല്‍ രണ്ട്‌ പേര്‍ക്കും ഗ്രൂപ്പില്‍ നിന്ന്‌ അടുത്തഘട്ടത്തിലെത്താം. ഗോള്‍ ശരാശരിയില്‍ ഇപ്പോള്‍ ഉറുഗ്വേയാണ്‌ മുന്നില്‍. രണ്ട്‌ ടീമുകളും മൂന്ന്‌ ഗോള്‍ വീതം സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്‌. ഉറുഗ്വേ ഇത്‌ വരെ ഗോള്‍ വഴങ്ങിയിട്ടില്ല. മെക്‌സിക്കോ വലയില്‍ ദക്ഷിണാഫ്രിക്ക ഒരു തവണ പന്ത്‌ എത്തിച്ചിരുന്നു.
ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കക്കും ഒരു പോയന്റ്‌്‌ വീതമണുള്ളത്‌. മെക്‌സിക്കോ-ഉറുഗ്വേ മല്‍സരത്തില്‍ ഒരു ടീം ജയിച്ചാല്‍ മാത്രമാണ്‌ ഫ്രാന്‍സിനും ദക്ഷിണാഫ്രിക്കക്കും എന്തെങ്കിലും സാധ്യത അവശേഷിക്കുന്നുള്ളു. ഉറുഗ്വേയോ, മെക്‌സിക്കോയോ തോറ്റാല്‍ അവരിലൊരാളുടെ സമ്പാദ്യം നാലില്‍ തന്നെ നില്‍ക്കും. അപ്പോള്‍ ഫ്രാന്‍സ്‌ ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കണം. അങ്ങനെയെങ്കില്‍ സാധ്യതയുണ്ട്‌. അതേ സാധ്യത തന്നെയാണ്‌ ദക്ഷിണാഫ്രിക്കക്കും.
ഗ്രൂപ്പ്‌ ബിയില്‍ നിന്ന്‌ അര്‍ജന്റീന ഇതിനകം ആദ്യ രണ്ട്‌ മല്‍സരങ്ങളിലെ വിജയവുമായി യോഗ്യത നേടിയിട്ടുണ്ട്‌. അര്‍ജന്റീനക്കൊപ്പം ആരായിരിക്കും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ എന്നതാണ്‌ ഇന്ന്‌ അറിയാനുള്ളത്‌. ഗ്രീസ്‌, ദക്ഷിണ കൊറിയ, എന്നിവര്‍ മൂന്ന്‌ പോയന്റുമായി രണ്ടാം സ്ഥാനത്താണ്‌. ഗ്രീസിന്‌ സാധ്യത കുറയുന്നത്‌ ഇന്നത്തെ പ്രതിയോഗികള്‍ അര്‍ജന്റീനയായത്‌ കൊണ്ടാണ്‌. അവിടെയാണ്‌ കൊറിയക്കാരുടെ സാധ്യതയും. നൈജീരിയക്കെതിരെ സമനില സ്വന്തമാക്കിയാല്‍ പോലും അവര്‍ക്ക്‌ സാധ്യതയുണ്ട്‌. നൈജീരിയക്കും സാധ്യത നിലനില്‍ക്കുന്നു. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും പരാജയപ്പെട്ടുവെങ്കിലും ഇന്ന്‌ കൊറിയയെ തോല്‍പ്പിച്ചാല്‍ അവര്‍ക്കും മൂന്ന്‌ പോയന്റാവും. അപ്പോള്‍ ഗ്രീസിനും കൊറിയക്കും നൈജീരിയക്കും മൂന്ന്‌ പോയന്റാവും. ഗോള്‍ ശരാശരിയായിരിക്കും പിന്നെ നിര്‍ണ്ണായകമാവുക.
ഗ്രൂപ്പ എ യില്‍ ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക മല്‍സരമാണ്‌ എല്ലാവരും സാകൂതം വീക്ഷിക്കുക. മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്‌ ആദ്യ രണ്ട്‌ മല്‍സരത്തിലും സമ്പൂര്‍ണ്ണ നിരാശ സമ്മാനിച്ചവരാണ്‌. ടീമിലാണെങ്കില്‍ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. നിക്കോളാസ്‌ അനേല്‍ക്കയെ ടീമില്‍ നിന്ന്‌ പുറത്താക്കിയതിനെതിരെ താരങ്ങളെല്ലാം കോച്ച്‌ ഡൊമന്‍ച്ചെക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ടീം പരിശീലനത്തിന്‌ തന്നെ ഇറങ്ങിയിരുന്നില്ല. ഡൊമന്‍ച്ചെയെ ഒരു തരത്തിലും അംഗീകരിക്കാന്‍ താരങ്ങളാരും തയ്യാറാവുന്നില്ല. തിയറി ഹെന്‍ട്രിയെ പോലുള്ള സീനിയര്‍ താരങ്ങളെ അവഗണിച്ച്‌ യുവതാരങ്ങള്‍ക്കാണ്‌ അദ്ദേഹം അവസരം നല്‍കുന്നത്‌. ദക്ഷിണാഫ്രിക്കയാണെങ്കില്‍ മെക്‌സിക്കോക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ലോകകപ്പിന്‌ വന്നത്‌. ഷബലാലയെ പോലുള്ള താരങ്ങളുടെ മികവിലാണ്‌ കാണികളുടെ പ്രതീക്ഷ. ഉറുഗ്വേയും മെക്‌സിക്കോയും സ്വന്തം സ്ഥാനത്തിനായി സേഫ്‌ ഫുട്‌ബോള്‍ നടത്തുമെന്നുറപ്പുള്ളതിനാല്‍ അല്‍ഭുതങ്ങള്‍ക്കാണ്‌ ഫ്രാന്‍സ്‌ കാത്തിരിക്കുന്നത്‌.
ബിയില്‍ ഗ്രീസിന്‌ പ്രതീക്ഷ തെല്ലുമില്ല. അര്‍ജന്റീനയെ തോല്‍പ്പിക്കുക എന്നത്‌ അതിമോഹമാണെന്ന്‌ അവര്‍ക്കറിയാം. കൊറിയക്കാരുടെ നോട്ടം മുഴുവന്‍ സമനിലയിലാണ്‌. നൈജീരിയക്കെതിരെ അപകടരഹിതമായ സോക്കറാണ്‌ നായകന്‍ പാര്‍ക്‌ ജി സംഗ്‌ വാഗ്‌ദാനം ചെയ്യുന്നത്‌.
ഫ്രാന്‍സ്‌-ദക്ഷിണാഫ്രിക്ക മല്‍സരം ഇ.എസ്‌.പി.എന്നിലും ഉറുഗ്വേ-മെക്‌സിക്കോ മല്‍സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സിലും തല്‍സമയമുണ്ട്‌. അര്‍ജന്റീന-ഗ്രീസ്‌ അങ്കം ഇ.എസ്‌.പി.എന്നിലാണ്‌. കൊറിയക്കാര്‍ നൈജീരിയയെ എതിരിടുന്നത്‌ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ആസ്വദിക്കാം.

വിംബിള്‍ഡണ്‍ തുടങ്ങി
ലണ്ടന്‍: കായിക ലോകം ലോകകപ്പ്‌ ആവേശത്തില്‍ നില്‍ക്കവെ, ഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പായ വിംബിള്‍ഡണിന്‌ തുടക്കം. മല്‍സരങ്ങളെല്ലാം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ രാത്രി പത്ത്‌ മുതല്‍.

No comments: