Tuesday, June 15, 2010

LAST SECOND KIWEES


കിവീസ്‌ രക്ഷപ്പെട്ടു
റസ്‌തന്‍ബര്‍ഗ്ഗ്‌: ഗ്രൂപ്പ്‌ എഫില്‍ നിന്ന്‌ വിലപ്പെട്ട മൂന്ന്‌ പോയന്റ്‌ ഉറപ്പിച്ചിരുന്നു സ്ലോവാക്യക്കാര്‍. പക്ഷേ ഇഞ്ച്വറി ടൈമില്‍ വിന്‍സ്റ്റണ്‍ റീഡിന്റെ തട്ടുതകര്‍പ്പന്‍ ഹെഡറില്‍ ന്യൂസിലാന്‍ഡിന്‌ സമനില. ലോകകപ്പിലെ ആദ്യ പോയന്റ്‌ സ്വന്തമാക്കുന്നതില്‍ അവസാനം വരെ അദ്ധ്വാനിച്ച കിവിസ്‌ അര്‍ഹിക്കുന്ന സമനിലയാണ്‌ സ്വന്തമാക്കിയത്‌. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക്‌ ശേഷം അമ്പതാം മിനുട്ടില്‍ റോബര്‍ട്ട്‌ വിട്ടെക്കിന്റെ ഹെഡ്ഡറില്‍ സ്ലോവാക്യക്കാര്‍ ലീഡ്‌ നേടി. ഈ കരുത്തില്‍ അവര്‍ മൂന്ന്‌ പോയന്റും ഉറപ്പിച്ചിരുന്നു. പക്ഷേ ശക്തമായ പോരാട്ടവീര്യവുമായി കിവിപക്ഷികള്‍ ഇരച്ചുകയറിയ കാഴ്‌ച്ചയില്‍ യൂറോപ്യന്‍ ടീമിന്‌ മുട്ടുമടക്കേണ്ടി വന്നു. സ്വതന്ത്ര രാജ്യമായതിന്‌ ശേഷം ആദ്യമായി കളിക്കുന്ന ലോകകപ്പില്‍ നല്ല തുടക്കമാണ്‌ സ്ലോവാക്യക്കാര്‍ നേടിയത്‌. പക്ഷേ അവസാനത്തിലെ അലസതയിലും കിവി ടീമിന്റെ പോരാട്ടവീര്യത്തിലും മൂന്ന്‌ പോയന്റ്‌ ഒന്നായി ചുരുങ്ങി. ലോംഗ്‌ വിസിലിന്‌ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കവെയാണ്‌ ഷെയിന്‍ സ്‌മെല്‍റ്റിന്റെ ക്രോസില്‍ നിന്നും വിന്‍സ്‌റ്റണ്‍ റീഡ്‌ സമനില ഗോള്‍ നേടിയത്‌. ഇതോടെ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും ഒരു പോയന്റ്‌്‌്‌ വീതമായി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഇറ്റലിയും പരാഗ്വേയും 1-1 ല്‍ പിരിഞ്ഞിരുന്നു.
ലോകകപ്പില്‍ ഇത്‌ വരെ കാര്യമായി ഒന്നും നേടാന്‍ കഴിയാത്തവരായിരുന്നു ന്യൂസിലാന്‍ഡ്‌. കളിച്ച മല്‍സരങ്ങളില്‍ തോറ്റവര്‍. ഒരു ഗോള്‍ പോലും സ്‌ക്കോര്‍ ചെയ്യാന്‍ കഴിയാത്തവര്‍. പക്ഷേ ഇന്നലെ ആ കുറവുകളെല്ലാം മനോഹരമായ, അവസരവാദ അവസാന സെക്കന്‍ഡ്‌ ഗോളിലുടെ അവര്‍ തിരുത്തി. 1982 ലെ ലോകകപ്പിലാണ്‌ ന്യൂസിലാന്‍ഡ്‌ കളിച്ചിരുന്നത്‌. പ്രാഥമിക റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ സ്‌ക്കോട്ട്‌ലാന്‍ഡിനോട്‌ 2-5ന്‌ തോറ്റവര്‍ രണ്ടാം മല്‍സരത്തില്‍ സോവിയറ്റ്‌ യൂണിയനില്‍ നിന്ന്‌ മൂന്ന്‌ ഗോളുകള്‍ വാങ്ങി. അവസാന മല്‍സരം ശക്തരായ ബ്രസീലുമായിട്ടായിരുന്നു. വാങ്ങിയത്‌ നാല്‌ ഗോളുകള്‍. ഒരേ ഒരു ലോകകപ്പില്‍ നിന്ന്‌ മാത്രം ഒരു ഡസന്‍ ഗോളുകള്‍ സ്വന്തമാക്കിയവരെന്ന നാണക്കേടില്‍ നിന്നുമാണ്‌ ആഫ്രിക്കയിലേക്ക്‌ ടീം വന്നത്‌. ഇത്തവണ സന്നാഹ മല്‍സരങ്ങളിലും മെച്ചമായിരുന്നില്ല ടീമിന്റെ പ്രകടനം. സ്ലോവേനിയ, ഓസ്‌ട്രേലിയ, മെക്‌സിക്കോ എന്നിവരോട്‌ തോറ്റപ്പോള്‍ സെര്‍ബിയക്കെതിരെ മാത്രമാണ്‌ ജയിക്കാനായത്‌.
രാജ്യത്തെ ഓരോ പൗരനും അഭിമാനം സമ്മാനിക്കുന്ന സമനിലയാണ്‌ ടീം നേടിയതെന്ന്‌ മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ നായകന്‍ റ്യാന്‍ നെല്‍സണ്‍ പറഞ്ഞു. ബഫാക്‌ സ്‌റ്റേഡിയത്തില്‍ കിവി ടീമിന്റെ പ്രകടനത്തിന്‌ സാക്ഷ്യം വഹിക്കാന്‍ കൂടുതല്‍ ആളുകളുണ്ടായരുന്നില്ല. ഉച്ചവെയിലില്‍ നടന്ന മല്‍സരത്തിന്റെ ഒന്നാം പകുതിയില്‍ യൂറോപ്യന്‍ ടീമാണ്‌ ആധിപത്യം നേടിയതും. 20 വയസ്സ്‌ മാത്രം പ്രായമുള്ള സ്ലോവാക്യയുടെ മാഞ്ചസ്‌റ്റര്‍ സിറ്റി താരം വ്‌ളാഡിമിര്‍ വിസായിരുന്നു പ്രധാന വെല്ലുവിളി. ഡിഫന്‍സില്‍ ജാഗ്രത പുലര്‍ത്തി ആദ്യ പകുതി പിന്നിട്ട കിവി ടീമിന്‌ രണ്ടാം പകുതിയുടെ തുടക്കത്തിലാണ്‌ പിഴച്ചത്‌. ഇതിന്‌ അവസാന സെക്കന്‍ഡില്‍ പരിഹാരമിട്ട അവര്‍ക്കിനി നേരിടാനുള്ളത്‌ ലോക ചാമ്പ്യന്മാരായ ഇറ്റലിയെയാണ്‌.


ഡേ-4
പാരമ്പര്യമാണേ സത്യം...
ജര്‍മനി നാല്‌ ഗോളിന്‌ ഓസ്‌ട്രേലിയയെ തകര്‍ക്കുന്ന സുന്ദരമായ കാഴ്‌ച്ച ഇറ്റാലിയന്‍ കോച്ച്‌ മാര്‍സിലോ ലിപ്പി കണ്ടിരിക്കും. അതില്‍ നിന്ന്‌ പ്രചോദനമുള്‍കൊണ്ട്‌ പരമ്പരാഗത പ്രതിരോധ സോക്കര്‍ വിട്ട്‌ പരാഗ്വേക്കെതിരെ ഇറ്റലിക്ക്‌ ആക്രമണ സര്‍ട്ടിഫിക്കറ്റ്‌ ലിപ്പി നല്‍കുമെന്ന്‌ കരുതി. പക്ഷേ പാരമ്പര്യം വിട്ട്‌ ഒരു കളിയുമില്ലെന്ന മുദ്രാവാക്യവുമായാണ്‌ ഇറ്റലിക്കാര്‍ തടിത്തപ്പിയത്‌. ലോകകപ്പിന്റെ നാലാം ദിവസം നടന്ന ആദ്യ മല്‍സരത്തില്‍ പ്രതീക്ഷിക്കപ്പെട്ട പോലെ ഹോളണ്ട്‌ ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ്‌ ഇയിലെ അട്ടിമറിക്കാര്‍ ജപ്പാനായിരുന്നു. ആഫ്രിക്കന്‍ സിംഹങ്ങളായ കാമറൂണിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ ജപ്പാന്‍ ഏഷ്യയുടെ അഭിമാനമായി. ഇ യിലിപ്പോള്‍ ഹോളണ്ടും ജപ്പാനുമാണ്‌ ഒന്നാം സ്ഥാനത്ത്‌. ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ ഡച്ചുകാര്‍ മുന്നില്‍ നില്‍ക്കുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി യോഗ്യതാ റൗണ്ടില്‍ തപ്പിതടഞ്ഞവരാണ്‌. ഗോളടിക്കാരുടെ അഭാവമാണ്‌ ടീമിനെ ബാധിച്ചിരുന്നത്‌. നാല്‌ വര്‍ഷം മുമ്പ്‌ കപ്പ്‌ സ്വന്തമാക്കുമ്പോള്‍ അലക്‌സാണ്ടറോ ദെല്‍പിയാറോ, ഫ്രാന്‍സിസ്‌ക്കോ ടോട്ടി, ലുക്കാ ടോണി തുടങ്ങിയ ശക്തരായ മുന്‍നിരക്കാര്‍ ടീമിലുണ്ടായിരുന്നു, ഇവര്‍ക്കാര്‍ക്കും ലിപ്പി സ്ഥാനം നല്‍കിയില്ല. ഇവര്‍ക്ക്‌ പകരം അദ്ദേഹം അവസരം നല്‍കിയ അന്റോണിയോ ഡി നതാലെ, ഗിലാര്‍ഡിനോ, പസീനി എന്നിവരാവട്ടെ സമ്മര്‍ദ്ദത്തിന്റെ പിടിയില്‍ പന്തിനെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. വലിയ വേദികളില്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി അനായാസം ശരീരചലനങ്ങളുമായി കളിക്കാനാവണം. ടോട്ടിക്കും ദെല്‍പിയാറോക്കുമെല്ലാമുണ്ടായിരുന്ന ഗുണം ഇതായിരുന്നു. മധ്യനിരയില്‍ കമറനേസി, ഡാനിയല്‍ ഡി റോസി, ഗന്നാരോ ഗട്ടൂസോ എന്നിവര്‍ക്കൊന്നും അനുഭവസമ്പത്തിന്റെ കരുത്തില്‍ മുന്‍നിരക്കാരെ ആക്രമണകാരികളാക്കാന്‍ കഴിഞ്ഞില്ല. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും നല്ല തുടക്കം ലഭിച്ചവരല്ല അസൂരികള്‍. കഴിഞ്ഞ തവണ അവര്‍ ലോകകപ്പിന്‌ വന്നത്‌ പന്തയ പ്രശ്‌നങ്ങളുടെ നടുവിലാണ്‌. യുവന്തസിലെയും ഏ.സി മിലാനിലെയും പല താരങ്ങളും പന്തയത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ ഇറ്റാലിയന്‍ സംഘത്തിന്റെ ആകെയുണ്ടായിരുന്ന മൂലധനം പാരമ്പര്യം മാത്രമായിരുന്നു. ആ ആയുധത്തിലാണ്‌ അവര്‍ കളിച്ചതും അവസാനം കപ്പ്‌ സ്വന്തമാക്കിയതും. ഇത്തവണ കേളി ശൈലിയില്‍ അവര്‍ മാറ്റം വരുത്തിയിട്ടില്ല. ഗോള്‍വലയത്തില്‍ ബഫണ്‍, പിന്‍നിരയില്‍ കനവാരോ, മധ്യനിരയില്‍ കമറനേസിയും സംഘവും. പക്ഷേ മുന്‍നിര നോക്കുക-അവിടെ പ്രശ്‌നങ്ങളുണ്ട്‌. പോദോസ്‌ക്കിയും ക്ലോസെയും ജര്‍മനിക്കായി ഗോളുകള്‍ നേടിയത്‌ അനുഭവ സമ്പത്തിന്റെ പിന്‍ബലത്തിലാണ്‌. ഈ രണ്ട്‌ പേരും ജര്‍മന്‍ ബുണ്ടേല്‍സ്‌ ലീഗില്‍ പരാജയമായിരുന്നു. എന്നിട്ടും അവരെ ലോകകപ്പ്‌ സംഘത്തില്‍ ജര്‍മന്‍ കോച്ച്‌ ജോകിം ലോ അംഗങ്ങളാക്കിയതും ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇലവനില്‍ അവസരം നല്‍കിയതും പരിചയ സമ്പത്തിന്‌ മുന്‍ഗണന നല്‍കിയാണ്‌. ഗില്ലാര്‍ഡിനോയെ പോലുളള മുന്‍നിരക്കാര്‍ തളര്‍ന്ന കാഴ്‌ച്ചയില്‍ ലിപ്പി പോലും ആഗ്രഹിച്ചിട്ടുണ്ടാവും ടോട്ടിയെക്കുറിച്ചോ അല്ലെങ്കില്‍ ദെല്‍പിയാറോയെക്കെുറിച്ചും. പ്രതിരോധത്തിലെ കാവലിനും പഴയ കരുത്തില്ല എന്ന്‌ തോന്നിക്കുന്ന തരത്തിലാണ്‌ ഇറ്റലി ഗോള്‍ വഴങ്ങിയത്‌. ഫ്രീകിക്കില്‍ നിന്നും വന്ന പന്ത്‌ വലിയ പ്രയാസമില്ലാതെയാണ്‌ 21-ാം നമ്പര്‍ ജഴ്‌സിക്കാരന്‍ അന്റോലിന്‍ അല്‍കരാസ്‌ വലയിലാക്കിയത്‌. സാധാരണ ഗതിയില്‍ മാന്‍ ടു മാന്‍ മാര്‍ക്കിംഗില്‍ കണിശക്കാരാണ്‌ ഇറ്റലിക്കാര്‍. വെറുതെ ആരെയുമങ്ങ്‌ കയറൂരി വിടില്ല. പക്ഷേ ജിയാന്‍ ലുക്കാ സംബ്രോട്ടയെ പോലുളളവര്‍ക്ക്‌ മുന്നില്‍ നിന്നാണ്‌ പരാഗ്വേ ഡിഫന്‍ഡര്‍ പന്തിനെ വലയിലാക്കിയത്‌.
സമനില പരാഗ്വേക്ക്‌ കരുത്താണ്‌. അവര്‍ ജയിക്കാന്‍ വന്നവരല്ല. സമനില തന്നെ ധാരാളമാണെന്ന്‌ കോച്ച്‌ ജറാര്‍ദോ മാര്‍ട്ടിനോ വ്യക്തമാക്കിയിരുന്നു. മല്‍സരത്തിന്റെ ആവേശം കെടുത്താനെത്തിയ മഴ പക്ഷേ താരങ്ങളെ ബാധിച്ചിരുന്നില്ല. ഒമ്പതാം നമ്പറുകാരന്‍ റോക്കി സാന്ദാക്രൂസ്‌ എന്ന അനുഭവസമ്പന്നന്റെ സാന്നിദ്ധ്യമുള്ള പരാഗ്വേ സംഘത്തിന്‌ ഇനിയുള്ള മല്‍സരങ്ങളില്‍ കരുത്തോടെ കളിക്കാന്‍ ഇറ്റലിക്കെതിരായ സമനില ധാരാളമാണ്‌.
ദക്ഷിണ കൊറിയ ഗ്രീസിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ചതാണ്‌ ജപ്പാന്‌ കരുത്തായത്‌. ഇത്‌ വരെ സ്വന്തം തട്ടകത്തിന്‌ പുറത്ത്‌ നടന്ന ഒരു ലോകകപ്പ്‌ മല്‍സരത്തില്‍ ജയിക്കാത്തവരാണ്‌ ജപ്പാന്‍. 2002 ല്‍ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പില്‍ രണ്ടാം റൗണ്ട്‌ കളിച്ച ഉദയ സൂര്യന്റെ നാട്ടുകാര്‍ ലോക റാങ്കിംഗില്‍ 19 ലുള്ള കാമറൂണിനെ വീഴ്‌ത്താന്‍ യഥാര്‍ത്ഥ പ്രൊഫഷണലിസമാണ്‌ പ്രകടിപ്പിച്ചത്‌. അപ്രതീക്ഷിത ഗോളില്‍ ലീഡ്‌ നേടാനായതിന്‌ ശേഷവും ജപ്പാന്‍ സ്വീകരിച്ച നിലപാടാണ്‌ ശ്ലാഘനീയം. ഒരിക്കല്‍പ്പോലും പ്രതിരോധത്തിലേക്ക്‌ പിന്‍വലിയാതെ സ്വന്‌ചം മുന്‍നിരക്കാര്‍ക്ക്‌ ആക്‌മിക്കാനുളഅള നിര്‍ദ്ദേശമാണ്‌ കോച്ച്‌ ഒക്കാഡ ടീമിന്‌ നല്‍കരിയത്‌. ഏഷ്യന്‍ ടീമുതല്‍ സാധാരണ മുന്‍നിരക്കാര്‍ക്കെതിരെ പ്രതിരോധത്തിലാണ്‌ ജാഗ്രത പുലര്‍ത്താറുള്ളത്‌. പതിനെട്ടാം നമ്പറുകാരന്‍ കെയ്‌സുക്കെ ഹോണ്ടയുടെ ഗോള്‍ അവസരോചിതമായിരുന്നു. ഗ്രൂപ്പില്‍ ഹോളണ്ടും ഡെന്മാര്‍ക്കുമാണ്‌ അടുത്ത മല്‍സരങ്ങളില്‍ ജപ്പാന്റെ പ്രതിയോഗികള്‍. ഈ സത്യം മനസ്സിലാക്കി വ്യക്തമായ വിജയത്തില്‍ തുടങ്ങാനായതിന്റെ നേട്ടം അടുത്ത മല്‍സരങ്ങളിലൊന്നില്‍ തോല്‍ക്കാതിരുന്നാല്‍ മുന്നേറാമെന്നതാണ്‌. കാമറൂണിന്‌ സ്വയം പഴിക്കാം. അവസരങ്ങള്‍ അവര്‍ നെയ്‌തു. പക്ഷേ പണ്ട്‌ റോജര്‍ മില്ലയെ പോലുളളവര്‍ കാണിച്ച എന്തിനുമുള്ള കരുത്ത്‌ പ്രകടിപ്പിക്കാന്‍ ഇറ്റോക്ക്‌ പോലുമായില്ല. ഈ ലോകകപ്പില്‍ ഇത്‌ വരെ ആഫ്രിക്കന്‍ ടീമുകള്‍ക്ക്‌ അവരില്‍ നിന്നും പ്രതീക്ഷിക്കപ്പെട്ട കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക മെക്‌സിക്കോയെ തളച്ച ശേഷം കണ്ടത്‌ ഘാന പതറുന്നതാണ്‌. പെനാല്‍ട്ടി ഗോളില്‍ ജയിക്കാന്‍ കഴിഞ്ഞുവെങ്കിലും ഘാനയുടെ പ്രകടനം ആശാവഹമായിരുന്നില്ല. ഇതാ ഇപ്പോള്‍ കാമറൂണിനും അടിതെറ്റിയിരിക്കുന്നു. നാലാം ദിവസത്തെ ആദ്യ മല്‍സരത്തില്‍ ഡച്ചുകാര്‍ക്ക്‌ മുന്നില്‍ വലിയ തടസ്സമുണ്ടാക്കാന്‍ ഡെന്മാര്‍ക്കിന്‌ കഴിഞ്ഞിരുന്നില്ല. പക്ഷേ ഡച്ചുകാരുടെ പ്രകടനത്തിലും പ്രതീക്ഷിക്കപ്പെട്ട വേഗതയുണ്ടായിരുന്നില്ല. ജര്‍മനിയെക്കാള്‍ അതിവേഗക്കാരായ മുന്‍നിരക്കാരാണ്‌ വാന്‍ഡര്‍ വാര്‍ട്ടും സ്‌നൈഡറും വാന്‍ പര്‍സിയുമെല്ലാം. പക്ഷേ ജര്‍മന്‍ മുന്‍നിരക്കാര്‍ പ്രകടിപ്പിച്ച വേഗതയും ഗോളും നേടാന്‍ അവര്‍ക്കായില്ല. സെല്‍ഫ്‌ ഗോളിന്റെ തണലില്‍ ഡിര്‍ക്‌ ക്യൂട്ട്‌ നേടിയ രണ്ടാം ഗോളിനും ചന്തമുണ്ടായിരുന്നില്ല.

ഇന്ന്‌
കാളപ്പോരിന്റെ നാട്ടുകാര്‍
ഡര്‍ബന്‍: ഇതേ വലിയ മൈതാനത്താണ്‌ രണ്ട്‌ ദിവസം മുമ്പ്‌ ജര്‍മനിക്കാര്‍ ഓസ്‌ട്രേലിയയുടെ വലയില്‍ നാല്‌ ഗോളുകള്‍ അടിച്ചു കയറ്റിയത്‌. ഇന്നിതാ ഗോള്‍വേട്ടക്കാരായ സ്‌പെയിനുകാര്‍ ഇവിടെ കളിക്കുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡുകാരാണ്‌ പ്രതിയോഗികള്‍. എത്ര ഗോള്‍ പിറക്കും ഇന്നത്തെ ഈ മല്‍സരത്തില്‍...? ഈ ലോകകപ്പില്‍ ബ്രസീലിനേക്കാള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന സംഘമാണ്‌ സ്‌പെയിന്‍. യൂറോപ്പിലെ ചാമ്പ്യന്മാര്‍ക്ക്‌ തകര്‍പ്പന്‍ തുടക്കം ലഭിക്കുമെന്ന കാര്യത്തില്‍ ഫുട്‌ബോളിനെ അറിയുന്നവര്‍ക്ക്‌ സംശയങ്ങളില്ല. ലോകകപ്പിന്റെ ആറാം ദിവസമായ ഇന്ന്‌ ആദ്യ മല്‍സരത്തില്‍ ഗ്രൂപ്പ്‌ എച്ചില്‍ ചിലി ഹോണ്ടുറാസുമായി കളിക്കുമ്പോള്‍ രണ്ടാം മല്‍സരത്തിലാണ്‌ സ്‌പെയിന്‍ ഇറങ്ങുന്നത്‌. ഇതോടെ ഒന്നാം റൗണ്ടിലെ ഒരു ഘട്ടം പൂര്‍ത്തിയാവും. പ്രാഥമിക ഘട്ടത്തിലെ രണ്ടാം മല്‍സരത്തിനും ഇന്ന്‌ തുടക്കമാവുകയാണ്‌. ഗ്രൂപ്പ്‌ എ.യില്‍ ദക്ഷിണാഫ്രിക്ക ഉറുഗ്വേയുമായി രാത്രിയില്‍ കളിക്കുന്നുണ്ട്‌.
സാധാരണ വിജയമല്ല സ്‌പാനിഷ്‌ കോച്ച്‌ വിസന്‍ഡെ ഡെല്‍ ബോസ്‌ക്കെ ലക്ഷ്യമിടുന്നത്‌. ജര്‍മനി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്‌ പോലെ ടെന്നിസ്‌ സ്‌ക്കോറിന്‌ ജയിക്കണം. ഇത്‌ അത്യാഗ്രഹമായിരിക്കാം എന്ന്‌ ചിലരെല്ലാം പറയുന്നുവെങ്കിലും കോച്ചിന്‌ വ്യക്തമായ ഉത്തരമുണ്ട്‌-എന്റെ ടീമില്‍ നിന്ന്‌ ഞാന്‍ കൂടുതല്‍ ഗോളുകള്‍ ചോദിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ എന്താ ഛേദം..!
ലോകകപ്പിന്റെ യോഗ്യതാ ഘട്ടത്തില്‍ പരാജമറിയാത്തവരാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍. കോണ്‍ഫെഡറേഷന്‍ കപ്പ്‌ സെമി ഫൈനലില്‍ അമേരിക്കയോടേറ്റ പരാജയം മാറ്റിനിര്‍ത്തിയാല്‍ സ്‌പെയിന്‍ അപരാജിതരാണ്‌. അതിശക്തരും മല്‍സരത്തെ പ്ലാന്‍ ചെയ്യുന്നവരുമായ മുന്‍നിരക്കാരാണ്‌ സ്‌പാനിഷ്‌ ആര്‍മഡയുടെ സ്‌പെഷ്യാലിറ്റി. സ്‌പാനിഷ്‌ മധ്യനിരയൊന്ന്‌ നോക്കുക-സാബി അലോണ്‍സോ, സെര്‍ജിയോ ബാസ്‌കിറ്റസ്‌, സെസ്‌ക്‌ ഫാബ്രിഗസ്‌, ആന്ദ്രെ ഇനിയസ്റ്റ, ഹാവിയര്‍ മാര്‍ട്ടിനസ്‌, ഡേവിഡ്‌ സില്‍വ, സാവി ഹര്‍ണാണ്ടസ്‌. ഇവരില്‍ ആര്‍ക്കെല്ലാം അവസരം നല്‍കണമെന്ന ചോദ്യത്തിന്‌ മുന്നില്‍ കോച്ച്‌ മനസ്സ്‌ തുറന്നിട്ടില്ല. സാബിയിലെ താരത്തെ കാണാത്തവരില്ല. സെസ്‌ക്‌ ഫാബ്രിഗസാണെങ്കില്‍ പ്രീമിയര്‍ ലീഗിലുടെ ശേഷി തെളിയിച്ചവന്‍. ഇനിയസ്റ്റയുടെ കാലിന്‌ പരുക്കുണ്ട്‌. പക്ഷേ ഇന്ന്‌ കളിക്കും. മധ്യനിരക്കാരുടെ പ്ലാന്‍ വിജയത്തിലെത്തിക്കാന്‍ മിടുക്കരാണ്‌ മുന്‍നിരയിലെ ചാട്ടൂളികളായ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ്‌ വിയയും യുവാന്‍ മാറ്റയുമെല്ലാം. സ്‌പാനിഷ്‌ ഗോള്‍വല കാക്കുന്നത്‌ ലോകത്തെ സീനിയര്‍ ഗോള്‍ക്കീപ്പര്‍മാരില്‍ ഒരാളായ ഇകാര്‍ കസിയസ്‌. പിന്‍നിരയില്‍ കാര്‍ലോസ്‌ പുയോള്‍, സെര്‍ജിയോ റാമോസ്‌ തുടങ്ങിയവര്‍. പലപ്പോഴും ലോകകപ്പ്‌ വേദിയില്‍ നിര്‍ഭാഗ്യത്തിന്റെ മഴയില്‍ ഒലിച്ചിട്ടുളളവരാണ്‌ സ്‌പെയിന്‍. ഇത്തവണ അവര്‍ക്ക്‌ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ പാഠമുണ്ട്‌.
ഓട്ട്‌മര്‍ ഫിറ്റ്‌സ്‌ഫെല്‍ഡ്‌ പരിശീലിപ്പിക്കുന്ന സ്വിസുകാര്‍ റാങ്കിംഗില്‍ 24 ലാണ്‌. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ അവര്‍ പതറിയിട്ടില്ല. പതിനഞ്ചാം നമ്പറില്‍ കളിക്കുന്ന ഹക്കാന്‍യാക്കിനും അലക്‌സാണ്ടര്‍ ഫ്രേയുമെല്ലാം കസിയസിനെ വെല്ലുവിളിക്കാന്‍ പ്രാപ്‌തരാണ്‌. ഗോളടിക്കാന്‍ സ്‌പെയിനും പ്രതിരോധിക്കാന്‍ സ്വിസുകാരും വരുമ്പോള്‍ നല്ല മല്‍സരമാണ്‌ കാര്‍ഡില്‍. ഗ്രൂപ്പില്‍ പിടിച്ചുനില്‍ക്കാനാണ്‌ ചിലിയും ഹോണ്ടുറാസും കളിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ യോഗ്യതാ ഘട്ടത്തില്‍ ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ വമ്പന്മാരെ വീഴ്‌ത്തിയവരാണ്‌ മര്‍സിലോ ബിയല്‍സ എന്ന മുന്‍ അര്‍ജന്റീനിന്‍ കോച്ച്‌ പരിശീലിപ്പിക്കുന്ന ചിലിക്കാര്‍. താരനിരയില്‍ അവര്‍ പിറകില്ലല്ല. അലക്‌സിസ്‌ സാഞ്ചസ്‌ എന്ന ഏഴാം നമ്പറുകാരന്‍ ശക്തനാണ്‌. ഹ്യുംബെര്‍ട്ടോ സുവാസോയാണ്‌ ചിലിയിലെ ഇപ്പോഴത്തെ ഹീറോ. കാര്‍ലോസ്‌ കാര്‍മോണ, മാര്‍ക്കോ എസ്‌ട്രാഡ തുടങ്ങിയവര്‍ മധ്യനിരയെ നയിക്കുന്നുണ്ട്‌. ഹോണ്ടുറാസ്‌ റാങ്കിംഗില്‍ 38 ല്‍ കളിക്കുന്നവരാണ്‌. കോണ്‍കാകാഫില്‍ നിന്ന്‌ ഒരു വിധമാണ്‌ അവര്‍ അവസാന റൗണ്ട്‌ ടിക്കറ്റ്‌ നേടിയത്‌. കോച്ച്‌ റെയ്‌നാള്‍ഡോ റുവേര പറയുന്നത്‌ സാന്നിദ്ധ്യമറിയിക്കുക എന്നതാണ്‌ പ്രധാനമെന്ന്‌. ഡേവിഡ്‌ സുവാസോ, ഹോര്‍ജി വെല്‍കം, കര്‍ലോസ്‌ പാവോണ്‍ തുടങ്ങിയ മുന്‍നിക്കാരുടെ സാന്നിദ്ധ്യം ടീമിനുണ്ട്‌.
ആദ്യഘട്ടം ഇതോടെ പൂര്‍ത്തിയാവുമ്പോള്‍ രണ്ടാം ഘട്ടത്തിന്‌ പെരുമ്പറ മുഴക്കി ദക്ഷിണാഫ്രിക്ക വരുന്നുണ്ട്‌. ഉദ്‌ഘാടന ദിവസം മെക്‌സിക്കോയെ ഷബലാലയുടെ ഗോളില്‍ വിറപ്പിച്ച ആതിഥേയ സംഘത്തിന്‌ മുന്‍ ലോക ചാമ്പ്യന്മാരുടെ മുന്നില്‍ വിറക്കാതെ കളിക്കേണ്ടതുണ്ട്‌. ഫ്രാന്‍സിനെ തളച്ചവരാണ്‌ ഉറുഗ്വേ. പ്രിട്ടോറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ ഷബലേല തന്നെയാണ്‌ ആതിഥേയരുടെ കരുത്ത്‌. കോച്ച്‌ കാര്‍ലോസ്‌ ആല്‍ബെര്‍ട്ടോ പെരേര ഇന്ന്‌ ഡിഫന്‍സില്‍ ജാഗ്രത പാലിക്കും. മെക്‌സിക്കോ സമനില ഗോള്‍ സ്വന്തമാക്കിയത്‌ ദക്ഷിണാഫ്രിക്കന്‍ ഡിഫന്‍സിലെ പാളിച്ചകള്‍ ഉപയോഗപ്പെടുത്തിയാണ്‌. സിബോനിസോ ഗാക്‌സയാണ്‌ പ്രതിരോധത്തിലെ കുന്തമുന. മാത്യൂ ബൂത്ത്‌, ലുക്കാസ്‌ ത്വാല എന്നിവരും അനുഭവസമ്പന്നരാണ്‌. ഇവര്‍ക്ക്‌ തലവേദനയായി ഉറുഗ്വേയുടെ നീളം മുടിക്കാരന്‍ ഫോര്‍ലാനുണ്ട്‌. ഫ്രാന്‍സിനെതിരെ പലവട്ടം ഗോളിന്‌ അരികിലെത്തിയിരുന്നു ഫോര്‍ലാന്‍. എല്ലാ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍.

മറഡോണ
മെസിക്ക്‌ പന്ത്‌, എനിക്ക്‌ ഗോള്‍
ദക്ഷിണാഫ്രിക്കയിലെത്തുന്നതിന്‌ മുമ്പ്‌ ഞാന്‍ ഒരു കാര്യം ലോകത്തോട്‌ വിളിച്ചു പറഞ്ഞിരുന്നു. അര്‍ജന്റീന മാറുമെന്ന്‌. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ തപ്പിതടഞ്ഞവരായിരുന്നു ഞങ്ങള്‍. അത്‌ സമ്മതിച്ച്‌ തന്നെയാണ്‌ ദക്ഷിണാഫ്രിക്കയില്‍ പുതിയ അര്‍ജന്റീനയെ കാണാമെന്ന്‌ വ്യക്തമാക്കിയത്‌. ലോകകപ്പിലെ ഞങ്ങളുടെ ആദ്യ മല്‍സരത്തില്‍ കളി പ്രേമികള്‍ സംതൃപ്‌തരായിരിക്കുമെന്നാണ്‌ കരുതുന്നത്‌. കൂടുതല്‍ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ മെസിയെ കണ്ടില്ലേ... അവന്റെ മികവിലാണ്‌ എനിക്ക്‌ സന്തോഷം. ഫുട്‌ബോള്‍ സുന്ദരമായ ഗെയിമാണ്‌. ആ സൗന്ദര്യത്തിനാണ്‌ മെസിയെ പോലുള്ളവര്‍ മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നത്‌. നൈജീരിയക്കെതിരായ മല്‍സരത്തില്‍ മെസിക്ക്‌ ധാരാളം അവസരങ്ങള്‍ കിട്ടി. നൈജീരിയന്‍ ഗോള്‍ക്കീപ്പറുടെ മികവില്‍ അതെല്ലം ഇല്ലാതായി. പക്ഷേ അവിടെ കാണാനായത്‌ ഒരു മുന്‍നിരക്കാരന്റെ മികവും ഗോള്‍ക്കീപ്പറുടെ കരുത്തുമാണ്‌. മെസിക്ക്‌ പന്ത്‌ നല്‍കാനാണ്‌ ഞാന്‍ സഹതാരങ്ങളോട്‌ പറയാറുള്ളത്‌. അവന്‌ പന്തിനെ നന്നായി നിയന്ത്രിക്കാന്‍ കഴിയും. പിന്നെ ഗോളിന്റെ കാര്യം. അതെപ്പോഴും ശരിയാവണമെന്നില്ല. 1986 ലെ ലോകകപ്പില്‍ ഞാന്‍ കളിച്ചപ്പോള്‍ എനിക്കൊപ്പം ഭാഗ്യവുമുണ്ടായിരുന്നു. അത്‌ കൊണ്ടാണ്‌ ആ ലോകകപ്പ്‌ എനിക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. മികവിനൊപ്പം ഭാഗ്യവും ചേരണം. അപ്പോഴാണ്‌ ഒരു ഫുട്‌ബോളര്‍ കരുത്തനാവുന്നത്‌. മെസിക്ക്‌ അടുത്ത മല്‍സരത്തില്‍ ഭാഗ്യമുണ്ടാവാന്‍ പ്രാര്‍ത്ഥിക്കാം.
അവസരങ്ങള്‍ ധാരാളം ഉണ്ടാവുമ്പോള്‍ കളി കേമമാവും. ജര്‍മനി ഓസ്‌ട്രേലിയക്കെതിരെ കളിച്ചപ്പോള്‍ മല്‍സരത്തിലുടനീളം അവസരങ്ങളായിരുന്നു. അതാണ്‌ കൂടുതല്‍ ഗോളുകള്‍ പിറന്നത്‌. ലോകകപ്പിന്റെ മഹത്‌ വേദിയിലേക്ക്‌ വന്നപ്പോഴുള്ള സന്തോഷം ചെറുതല്ല. 86 മുതല്‍ തുടര്‍ച്ചയായി മൂന്ന്‌ ലോകകപ്പുകളില്‍ അര്‍ജന്റീനിയന്‍ ടീമിനെ നയിച്ച്‌ ഞാനുണ്ടായിരുന്നു ലോകകപ്പ്‌ വേദികളില്‍. ഏത്‌ ഫുട്‌ബോളറും കൊതിക്കുന്ന വലിയ വേദിയില്‍ സ്വന്തം രാജ്യത്തിന്റെ വസ്‌ത്രത്തില്‍ ഒരിക്കല്‍ക്കൂടി വരാന്‍ കഴിയുമെന്ന്‌ കരുതിയിരുന്നില്ല. 86 ല്‍ ഞങ്ങള്‍ കപ്പ്‌ നേടി. 90 ല്‍ ഫൈനലിലെത്തി. 94 ല്‍ ഞാന്‍ നിര്‍ഭാഗ്യകരമായി പുറത്തായി, പിന്നെ ഈ വേദി എനിക്ക്‌ അന്യമായിരുന്നു. ഇപ്പോള്‍ പരിശീലകനായി ടീമിനൊപ്പം നില്‍ക്കുമ്പോള്‍ പഴയ ആ നല്ല നാളുകളാണ്‌ ഓര്‍മ്മ വരുന്നത്‌. ഫുട്‌ബോളില്‍ നിന്ന്‌ ഞാന്‍ വിരമിച്ചതിന്‌ ശേഷം പലതും സംഭവിച്ചിരുന്നു. ലോകകപ്പിലേക്ക്‌ തിരിച്ചുവന്നപ്പോള്‍ വളരെ വികാരഭരിതനായിരുന്നു ഞാന്‍. എന്റെ പേരക്കുട്ടികളെ കണ്ടു, എന്റെ മകളെ കണ്ടു, എല്ലാവരുമായും സന്തോഷം പങ്കിട്ടു. 2006 ല്‍ ജര്‍മനിയില്‍ ലോകകപ്പ്‌ നടന്നപ്പോള്‍ കാഴ്‌ച്ചക്കാരനായി ഞാന്‍ അവിടെയുണ്ടായിരുന്നു. ഇപ്പോള്‍ കോച്ചായും. ഈ നിയോഗങ്ങള്‍ക്ക്‌ ആരോടാണ്‌ നന്ദി പറയേണ്ടത്‌ എന്ന്‌ വ്യക്തമല്ല. ക്യാപ്‌റ്റനായി ലോകകപ്പ്‌ നേടിയതിന്‌ ശേഷം പരിശീലകനായി ലോകകപ്പ്‌ നേടി ചരിത്രത്തില്‍ സ്ഥാനം പിടിക്കാനുള്ള മോഹമില്ല. പക്ഷേ ലോകകപ്പ്‌ നേടണം.
ഓരോ മല്‍സരവും പുതിയ പരീക്ഷണമാണ്‌. നൈജീരിയക്കെതിരെ കളിച്ചപ്പോള്‍ അത്‌ ലോകകപ്പിലെ ആദ്യ മല്‍സരമായതിനാല്‍ അല്‍പ്പം മുന്‍കരുതലുണ്ടായിരുന്നു. പക്ഷേ ഹൈന്‍സിന്റെ ആ ഗോള്‍ വന്നപ്പോള്‍ ടീമിന്റെ സ്‌പിരിറ്റ്‌ മാറി. എല്ലാവര്‍ക്കും വലിയ മാര്‍ജിനില്‍ ജയിക്കാമെന്ന ആവേശമായി. പക്ഷേ നൈജീരിയന്‍ ഗോള്‍ക്കീപ്പര്‍ തകര്‍പ്പന്‍ സേവുകളുമായി ഉറച്ച്‌ നിന്നു. മൂന്നോ നാലോ ഗോളിന്‌ ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അത്‌ മഹത്തായ വിജയമായി ഞാന്‍ അവകാശപ്പെടുമായിരുന്നു. പന്ത്‌ ഗോള്‍വലയത്തിലേക്ക്‌ പോവാന്‍ മടിക്കുന്നത്‌ പോലെയാണ്‌ എനിക്ക്‌ തോന്നിയത്‌. ജബുലാനി പന്തുകളെക്കുറിച്ച്‌ പരാതികള്‍ വരുന്നുണ്ട്‌. ഇംഗ്ലണ്ടിന്റെയും അള്‍ജിരിയയുടെയും ഗോള്‍ക്കീപ്പര്‍മാര്‍ക്ക്‌ സംഭവിച്ച പിഴവ്‌ നോക്കുമ്പോള്‍ അതില്‍ സത്യമുണ്ടെന്ന്‌ തോന്നുന്നു. ഫുട്‌ബോളിന്റെ നീതിശാസ്‌ത്രത്തില്‍ ജയവും തോല്‍വിയും സമനിലയുമെല്ലാമുണ്ട്‌. ഇന്ന്‌ ജയിച്ചാല്‍ ചിലപ്പോള്‍ നാളെ തോല്‍ക്കാം. എല്ലാ സമയത്തും ഒരേ മാനസിക നിലയുണ്ടാവണം. പക്ഷേ അതിന്‌ എല്ലാവര്‍ക്കും കഴിയുമെന്ന്‌ തോന്നുന്നില്ല. പ്രത്യേകിച്ച്‌ എന്നെ പോലുള്ളവര്‍ക്ക്‌. മെസി നന്നായി കളിച്ചില്ലെങ്കില്‍ എനിക്ക്‌ ദേഷ്യം വരും. ഒരു കൊച്ചു കുട്ടിക്ക്‌ മുന്നില്‍ നിങ്ങള്‍ ചോക്ക്‌ളേറ്റ്‌ വെക്കുക, എന്നിട്ടത്‌ തട്ടിപ്പറിക്കുക. അവന്‌ കോപം വരും. അത്‌ പോലെയാണ്‌ കാര്യങ്ങള്‍. മെസിക്ക്‌ എപ്പോഴും പന്ത്‌ വേണം. എനിക്ക്‌ ഗോളും വേണം. അതാണ്‌ അത്യാവശ്യം.

ഇതാ സൂപ്പര്‍ അടി
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: ലോക ഫുട്‌ബോളിലെ രണ്ട്‌ ഇതിഹാസ താരങ്ങളിതാ ഹ്രസ്വകാല ഇടവേളക്ക്‌ ശേഷം പരസ്‌പരം ചെളി വാരിയെറിയാന്‍ തുടങ്ങിയിരിക്കുന്നു. ഫുട്‌ബോള്‍ രാജാവ്‌ പെലെയും അര്‍ജന്റീനിയന്‍ ഇതിഹാസം ഡിയാഗോ മറഡോണയുമാണ്‌ ലോകകപ്പ്‌ ആവേശത്തിനിടെ കൊമ്പ്‌ കോര്‍ക്കുന്നത്‌. ഒരാഴ്‌ച്ച മുമ്പ്‌ മറഡോണ പറഞ്ഞ വാക്കുകളാണ്‌ പെലെയെ ചൊടിപ്പിച്ചത്‌. അംഗോളയില്‍ ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പ്‌ മല്‍സരങ്ങള്‍ക്കിടെ ടോംഗോ ടീമിന്റെ മൂന്ന്‌ ഒഫീഷ്യലുകള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ആഫ്രിക്കയില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ സുരക്ഷിതമല്ലെന്ന്‌ പെലെ പറഞ്ഞിരുന്നു. ഇതിനുളള മറുപടിയില്‍ മറഡോണ കഴിഞ്ഞ ദിവസം പെലെക്കെതിരെ സംസാരിക്കുകയും ലോകകപ്പിന്‌ അനുയോജ്യമായ വേദിയാണ്‌ ദക്ഷിണാഫ്രിക്കയെന്നും വ്യക്തമാക്കിയിരുന്നു. പെലെയെ പരോക്ഷമായി വിമര്‍ശിച്ചാണ്‌ മറഡോണ സംസാരിച്ചത്‌. അംഗോളയില്‍ പ്രശ്‌നങ്ങള്‍ നടന്നപ്പോള്‍ കറുത്ത കളറുള്ള, പത്താം നമ്പറില്‍ കളിച്ചിടുള്ള ഒരാള്‍ പറഞ്ഞിരുന്നു ലോകകപ്പ്‌ സുരക്ഷിതമല്ലെന്ന്‌. പക്ഷേ ഇപ്പോള്‍ നോക്കുക എത്ര ഭദ്രമായാണ്‌ ലോകകപ്പ്‌ നടക്കുന്നത്‌- മറഡോണയുടെ ഈ വാക്കുകളാണ്‌ പെലെയെ പ്രകോപിതനാക്കിയത്‌.
മറഡോണയെന്ത്‌ കൊണ്ടാണ്‌ എന്നെക്കുറിച്ച്‌്‌ ഇങ്ങനെ സംസാരിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ല. ചിലപ്പോള്‍ സ്‌നേഹം കൊണ്ടാവാം. എനിക്കിപ്പോഴും അദ്ദേഹത്തെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയ വിവാദ സമയത്ത്‌ അദ്ദേഹം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞിരുന്നു എന്നെ സഹായിക്കണമെന്ന്‌. ഉടന്‍ തന്നെ ഞാന്‍ ബ്യൂണസ്‌ അയേഴ്‌സിലേക്ക്‌ പോയി അദ്ദേഹത്തെ സഹായിച്ചു. പിന്നീട്‌ ഞങ്ങള്‍ രണ്ട്‌ പേരും പരസ്യങ്ങളില്‍ അഭിനയിച്ചു. പക്ഷേ പെട്ടെന്ന്‌ അദ്ദേഹമതങ്ങ്‌ ഏകപക്ഷീയമായി അവസാനിപ്പിച്ചു. എന്തായാലും ഇപ്പോഴും അദ്ദേഹം എന്നെ ഓര്‍ത്തിരിക്കുന്നു. മാധ്യമങ്ങള്‍ മറഡോണ പറയുന്നത്‌ എന്തും വലിയ വാര്‍ത്തയാക്കും. നിങ്ങള്‍ നോക്കുക-അയാള്‍ അര്‍ജന്റീനയുടെ പരിശീലകനായത്‌ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നത്‌ കൊണ്ടല്ല. പണത്തിന്‌ വേണ്ടിയാണ്‌. പണത്തിന്‌ വേണ്ടി അയാള്‍ എന്തും ചെയ്യും. മറഡോണ നല്ല കോച്ചാണെന്ന്‌ എനിക്ക്‌ വിശ്വാസമില്ല. ഒരു നല്ല താരത്തിന്‌ നല്ല പരിശീലകനാവാന്‍ കഴിയുമെന്ന വിശ്വാസം വേണ്ടെന്നും പെലെ പറഞ്ഞു.
പലവട്ടം പരിശീലക പദവി തന്നെ തേടിയെത്തിയിരുന്നതായും ഫുട്‌ബോള്‍ രാജാവ്‌ പറയുന്നു. പക്ഷേ ഡുംഗെയെ പോലുള്ളവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ അറിയാം. അതിനാല്‍ അത്തരം ജോലിക്ക്‌ ഞാനില്ല. പണത്തിന്‌ വേണ്ടി എന്തും ചെയ്യുന്നത്‌ ശരിയല്ല. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീന തപ്പിതടഞ്ഞില്ലേ... അതിന്‌ മറഡോണയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. അദ്ദേഹത്തെ ആ ജോലി ഏല്‍പ്പിച്ചവരെയാണ്‌ ചീത്ത പറയേണ്ടത്‌. ഒരു പരിശീലകനെ അസഭ്യം പറയരുത്‌. ഡുംഗെയെ പോലുള്ളവര്‍ക്ക്‌ വേണ്ടത്‌ എല്ലാവരുടെയും പിന്തുണയാണെന്നും പെലെ പറഞ്ഞു. 70 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തെയാണ്‌ എല്ലാവരും എക്കാലത്തെയും ഏറ്റവും മികച്ച ആക്രമണ സംഘമായി വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ ആ ലോകകപ്പില്‍ ഞങ്ങളുടെ തന്ത്രം പ്രതിരോധാത്മകമായിരുന്നു. ടോസാറ്റോ മാത്രമാണ്‌ മുന്‍നിരയില്‍ കളിച്ചിരുന്നത്‌. ബാക്കിയെല്ലാവരും പ്രതിരോധ ജാഗ്രതയിലായിരുന്നു. അവിടെയുളള മാറ്റം വ്യക്തികളായിരുന്നു. എല്ലാവരും ഒന്നിനൊന്ന്‌ മിടുക്കര്‍. ഈ ലോകകപ്പില്‍ നോക്കുക-ബ്രസീല്‍ സംഘത്തില്‍ എല്ലാവരും മിടുക്കരാണ്‌. അവരെ നയിക്കാന്‍ മിടുക്കനാണ്‌ ഡുംഗെ. ഡുംഗെയുടെ പ്രത്യേകത അദ്ദേഹം ഫുട്‌ബോളിലെ ആധുനിക ട്രെന്‍ഡുകളെ സ്വീകരിക്കുന്നു എന്നതാണ്‌. ഈ ലോകകപ്പില്‍ ഞാന്‍ സാധ്യത കല്‍പ്പിക്കുന്നത്‌ ബ്രസീലിനും പിന്നെ സ്‌പെയിനിനുമാണ്‌. അല്‍പ്പം മുന്‍ത്തൂക്കം ചരിത്രത്തിന്റെ പിന്‍ബലത്തില്‍ ബ്രസീലിനും നല്‍കുന്നു. ആഫ്രിക്കന്‍ സംഘങ്ങളില്‍ മികച്ചത്‌ ഐവറി കോസ്‌റ്റാണ്‌. പോര്‍ച്ചുഗലിനെയും എഴുതിതളളുന്നില്ലെന്ന്‌ വ്യക്തമാക്കിയ പെലെ പക്ഷേ അര്‍ജന്റീനക്ക്‌ മാര്‍ക്ക്‌ നല്‍കിയില്ല.

അഫ്രീദിയുടെ സെഞ്ച്വറിയിലും പാക്കിസ്‌താന്‌ തോല്‍വി, ഇന്ന്‌ ഇന്ത്യ
ധാംബൂല്ല: ഏഷ്യാ കപ്പ്‌ ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ശ്രീലങ്ക 16 റണ്‍സിന്‌ പാക്കിസ്‌താനെ തോല്‍പ്പിച്ചു. ലങ്ക ഒമ്പത്‌ വിക്കറ്റിന്‌ 242 റണ്‍സ്‌ നേടിയപ്പോള്‍ പാക്കിസ്‌താന്‍ 226 ല്‍ പുറത്തായി. 109 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ഷാഹിദ്‌ അഫ്രീദി മാത്രമാണ്‌ പാക്‌ നിരയില്‍ പൊരുതിയത്‌. ഇന്ന്‌ ഇന്ത്യ ബംഗ്ലാദേശുമായി കളിക്കും.

No comments: