Friday, May 29, 2009

INDIA THE BEST

ജോഹന്നാലസ്‌ബര്‍ഗ്ഗ്‌: ഇംഗ്ലണ്ടില്‍ അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന രണ്ടാമത്‌ 20:20 ലോകകപ്പ്‌ ആര്‌ സ്വന്തമാക്കും...? ചോദ്യത്തിനുത്തരം നല്‍കുന്നത്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ മിക്കി ആര്‍തറാണെങ്കില്‍ കപ്പ്‌ ഇന്ത്യ നിലനിര്‍ത്തും. മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്‌ ഫുള്‍മാര്‍ക്ക്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ നല്‍കാന്‍ കാരണങ്ങളുണ്ട്‌-ഇത്രയും ഗംഭീരമായ തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്മാര്‍ മറ്റേത്‌ ടീമിലുണ്ട്‌...? നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി പന്തിനെ പറപ്പിക്കാന്‍ മിടുക്കന്‍...! ഓപ്പണര്‍ വിരേന്ദര്‍ സേവാഗാണെങ്കില്‍ പന്തിനെ അകറ്റാന്‍ മാത്രമറിയുന്നവന്‍...! ഗൗതം ഗാംഭീറോ-ഇടം കൈ കൊണ്ട്‌ പ്രഹരങ്ങളുടെ മാലപ്പടക്കം തീര്‍ക്കുന്നവന്‍...! സിക്‌സറുകളാണ്‌ യുവരാജ്‌ സിംഗിന്റെ ഹോബി...! രോഹിത്‌ ശര്‍മ്മ ഏത്‌ പൊസിഷനിലും ഭദ്രമായി കളിക്കുന്നവന്‍...! പിന്നെ യൂസഫ്‌ പത്താന്‍-ആയാളാരാ സ്‌ട്രോക്ക്‌ പ്ലെയര്‍...!
ഇങ്ങനെ പോവുന്നു ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍. സ്വന്തം ടീമിനെ അദ്ദേഹം തള്ളിപ്പറയുന്നില്ല. ദക്ഷിണാഫ്രിക്കന്‍ സംഘത്തിന്റെ കരുത്ത്‌ ഫ്‌ളെക്‌സിബിലിറ്റിയാണ്‌.. ഏഴാം നമ്പര്‍ വരെ ബാറ്റിംഗ്‌, ഏഴ്‌ പേരും ബൗള്‍ ചെയ്യും, എല്ലാവരും നല്ല ഫീല്‍ഡര്‍മാര്‍. എങ്കിലും നൂറ്‌ മാര്‍ക്ക്‌ നല്‍കാന്‍ മികി ആര്‍തര്‍ക്ക്‌ ധൈര്യമില്ല. അദ്ദേഹം മാര്‍ക്കിടുന്നത്‌ ഇന്ത്യക്ക്‌ തന്നെ.
ആരൊക്കെയായിരിക്കും സൂപ്പര്‍ എട്ടില്‍ നിന്ന്‌ സെമി ഫൈനലില്‍ കളിക്കുക..? ഈ ചോദ്യത്തിന്‌ പക്ഷേ ആര്‍തര്‍ വ്യക്തമായ മറുപടിക്ക്‌ തയ്യാറായില്ല. പക്ഷേ ഇന്ത്യ എന്തായാലും സെമി കളിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. 20:20 ഒരു സ്വഭാവമനുസരിച്ച്‌ ഏത്‌ ടീമിന്‌ കപ്പ്‌ സ്വന്തമാക്കാം. എല്ലാ ടീമിലും മികച്ച താരങ്ങളുണ്ട്‌. ഒരാളുടെ പ്രകടനം മാത്രം മതി ചിലപ്പോള്‍ ഒരു ടീമിന്‌ കപ്പ്‌ സ്വന്തമാക്കാന്‍. ഈയിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ തന്നെ ഉദാഹരണം. ചിലരുടെ വ്യക്തിഗത മികവാണ്‌ പലപ്പോഴും ടീമുകളെ തുണക്കുന്നത്‌. ഇന്ത്യയെ പോലെ ഒരു ടീമില്‍ ഒന്നിലധികം വ്യക്തിഗത വിജയക്കാരുണ്ട്‌. അതാണ്‌ ആ ടീമിന്റെ സവിശേഷത. ഒരാള്‍ പരാജയപ്പെട്ടാല്‍ അടുത്തയാള്‍ക്ക്‌ വിജയിക്കാനാവും. അത്‌ കൊണ്ടാണ്‌ ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്ന്‌ പറയുന്നത്‌. സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പിലാണ്‌ വരുന്നത്‌. അത്‌ കൊണ്ട്‌ തന്നെ ദക്ഷിണാഫ്രിക്കയുടെ മുന്നോട്ടുളള പ്രയാണം എളുപ്പമുളളതല്ല. ഇംഗ്ലണ്ടിലാണ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. സാഹചര്യങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും സന്തുതിലമായ ഒരു ടീമിന്‌ അവിടെ ക്ലിക്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌.
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്ലസ്‌ പോയന്റുകള്‍ പറയാനും ആര്‍തര്‍ക്ക്‌ മടിയില്ല. ഞങ്ങള്‍ക്ക്‌ ഏത്‌ പൊസിഷനിലും കളിപ്പിക്കാന്‍ കഴിയുന്ന കൂറെ താരങ്ങളുണ്ട്‌. അതായിരിക്കും പ്രധാന ഘടകം. ദക്ഷിണാഫ്രിക്കയെ പോലെ ഈ കരുത്ത്‌ അധികം ടീമുകള്‍ക്കില്ല. മറ്റൊരു പ്ലസ്‌ പോയന്റ്‌്‌ ടീമിന്റെ അപ്രവചനീയത തന്നെ. ചിലപ്പോള്‍ ഏറ്റവും മികച്ച കരുത്തില്‍ കളിക്കാന്‍ ടീമിനാവും. വ്യക്തിഗത മികവില്‍ ഏത്‌ എതിര്‍ ടീമിനെയും വരച്ച വരയില്‍ നിര്‍ത്താനുളള ബാറ്റിംഗ്‌, ബൗളിംഗ്‌ കരുത്ത്‌ ടീമിനുണ്ട്‌. ബാറ്റിംഗിലെ ആഴവും പ്രധാന ഘടകമാണ്‌. എഴാം നമ്പര്‍ വരെ മികച്ച ബാറ്റിംഗ്‌ ടീമിനുണ്ട്‌. ഹര്‍ഷല്‍ ഗിബ്‌സ്‌ മുതല്‍ ജഹാന്‍ ബോത്ത വരെയുളളവര്‍ക്ക്‌ നന്നായി ബാറ്റ്‌ ചെയ്യാനാവും. ഞങ്ങളുടെ ബാറ്റ്‌സ്‌മാന്മാരില്‍ ഭൂരീപക്ഷവും നല്ല ബൗളര്‍മാരുമാണ്‌. അത്‌ അനുകൂല ഘടകമാണ്‌. മറ്റ്‌ ടീമുകളില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കയെ വിത്യസ്‌തമാക്കുന്ന മറ്റൊരു ഘടകം ഫീല്‍ഡിംഗാണ്‌. എല്ലാവരും നല്ല അത്‌ലറ്റുകള്‍. പന്തിനെ പറന്ന്‌ പിടിക്കാന്‍ ഇവര്‍ക്കാവും. പലപ്പോഴും ലോക ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ന്നു നില്‍ക്കുന്നത്‌ ബാറ്റിംഗിലെ ആഴവും ബൗളിംഗിലെ വിത്യസ്‌തതയും കൊണ്ടാണ്‌. ഏഴ്‌ പേര്‍ ബൗള്‍ ചെയ്യാനുണ്ടെങ്കില്‍ എല്ലാവരെയും എപ്പോഴും ഉപയോഗപ്പെടുത്താനാവും. ഒരു താരത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നില്ല. എല്ലാവര്‍ക്കും ഏത്‌ റോളിലും ടീമിനെ സേവിക്കാനാവും.
ഇത്ര കരുത്തിലും എന്താണ്‌ ടീമിന്റെ ദൗര്‍ബല്യം എന്നതായിരുന്നു അടുത്ത ചോദ്യം. പക്ഷേ ആര്‍തര്‍ ഈ ചോദ്യത്തിന്‌ മുന്നില്‍ വ്യക്തമായി പ്രതികരിച്ചില്ല. ഞങ്ങളുടെ ടീമിന്‌ പ്ലസുകള്‍ മാത്രമാണുള്ളതെന്ന്‌ ഞാന്‍പറഞ്ഞാല്‍ അത്‌ അഹങ്കാരമാവും. അച്ചടക്കത്തോടെ കളിക്കാനാവണം. അതാണ്‌ പ്രധാനം. എല്ലാവരും നല്ല താരങ്ങളായത്‌ കൊണ്ട്‌ ജയിക്കണമെന്നില്ല. അച്ചടക്കം പാലിക്കണം. നല്ല തുടക്കമാണ്‌ ഏത്‌ ചാമ്പ്യന്‍ഷിപ്പിലും ഓരോ ടീമും ആഗ്രഹിക്കുക. നല്ല തുടക്കം ലഭിച്ചാല്‍ ആ ആത്മവിശ്വാസത്തില്‍ നന്നായി കളിക്കാനാവും. ഇംഗ്ലണ്ടില്‍ ആദ്യ മല്‍സരങ്ങളില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല.
ദക്ഷിണാഫ്രിക്കന്‍ ടീമിനെ സംബന്ധിച്ചുളള ഒരു പരാതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി-ജാക്‌ കാലിസിന്റെ വരവ്‌. പ്രഥം 20:20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ ടീമില്‍ ഇടം ലഭിക്കാത്ത താരമായിരുന്നു ഓള്‍റൗണ്ടറായ കാലിസ്‌. അദ്ദേഹത്തെ പുറത്തിരുത്തിയത്‌ വിവാദവുമായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ കളിപ്പിക്കുന്നത്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കെ ആര്‍തര്‍ കരുതലോടെയാണ്‌ ടീം സെലക്ഷനെ ന്യായീകരിച്ചത്‌.
ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രധാനിയാണ്‌ ജാക്വസ്‌. അദ്ദേഹത്തെ കൊണ്ട്‌ രണ്ട്‌ കാര്യമുണ്ട്‌-ബാറ്റിംഗിലും ബൗളിംഗിലും. രണ്ട്‌ താരങ്ങളെ കൊണ്ട്‌ ലഭിക്കുന്ന ആനുകൂല്യമാണ്‌ അദ്ദേഹം ഒരാളില്‍ നിന്നും കിട്ടുന്നത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന പ്രഥമ 20:20 ലോകകപ്പിനുളള ടീമില്‍ അദ്ദേഹത്തിന്‌ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ക്രിക്കറ്റിന്റെ പുതിയ പതിപ്പിനെ ്‌കൂറിച്ച്‌ അദ്ദേഹം കാര്യമായി പഠിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‌ 202:20 യെക്കുറിച്ച്‌ വ്യക്തമായി അറിയാം. സമീപകാലത്ത്‌ ദക്ഷിണാഫ്രിക്ക കളിച്ച 20: 20 മല്‍സരങ്ങളില്‍ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്‌ വേണ്ടി അദ്ദേഹം കരുത്ത്‌ പ്രകടിപ്പിച്ചിരുന്നു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ജാക്വസിനെ ഞങ്ങളുടെ ടീമില്‍ അംഗമാക്കിയിരുന്നു. ഐ.പി.എല്‍ മല്‍സരങ്ങള്‍ കൊണ്ട്‌ ദക്ഷിണാഫ്രിക്കന്‍ ടീമിലെ പലര്‍ക്കും കാര്യമുണ്ടായിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയുടെ പതിനഞ്ചംഗ ടീമിലെ പന്ത്രണ്ട്‌ പേരും ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കാനുണ്ടായിരുന്നു. മറ്റ്‌ താരങ്ങള്‍ക്കൊപ്പം കളിച്ചത്‌ കൊണ്ട്‌ ആ താരങ്ങളെക്കുറിച്ചും ടീമിനെക്കുറിച്ചുമെല്ലാം അറിയാന്‍ കഴിഞ്ഞതും ചിലപ്പോള്‍ ഗുണം ചെയ്യും. ഇംഗ്ലണ്ടിലെ ചാമ്പ്യന്‍ഷിപ്പിനുളള ബ്ലൂ പ്രിന്റ്‌്‌ ഒരുക്കും മുമ്പ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നല്‍കിയ പാഠങ്ങള്‍ ഉപയോഗപ്പെടുത്തും. പ്രീമിയര്‍ ലീഗില്‍ പല ടീമുകളും പല തന്ത്രങ്ങളാണ്‌ പ്രയോഗിച്ചത്‌. ഈ തന്ത്രങ്ങളെക്കുറിച്ച്‌ അതത്‌ ടീമുകളില്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍
്‌ക്കറിയാം. ഈ തന്ത്രങ്ങള്‍ വേണമെങ്കില്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഉപയോഗപ്പെടുത്തും.
ഐ.പി.എല്ലിലെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ ഇന്ത്യന്‍ ടീമിലെ ചിലരെയെങ്കിലും മാനസികമായി ക്ഷീണിതരാക്കിയിട്ടുണ്ടെന്ന ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റന്റെ അഭിപ്രായത്തോട്‌ ആര്‍തര്‍ക്ക്‌ യോജിപ്പുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ ടീമിലെ പലരും ഐ.പി.എല്ലിലെ മല്‍സരങ്ങള്‍ കാരണം ക്ഷീണിതരാണ്‌. പക്ഷേ ഇംഗ്ലണ്ടില കാലാവസ്ഥ താരങ്ങളെ വലിയ തരത്തില്‍ ബാധിക്കില്ല എന്ന വിശ്വാസമുണ്ട്‌.
ഗ്രൂപ്പ്‌ ഡി യിലാണ്‌ ഇത്തവണ ദക്ഷിണാഫ്രിക്ക കളിക്കുന്നത്‌,. എതിരാളികള്‍ ന്യൂസിലാന്‍ഡും സ്‌ക്കോട്ട്‌ലാന്‍ഡുമാണ്‌. പ്രാഥമിക ലീഗില്‍ നിന്ന്‌ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലെത്തും. അതിനാല്‍ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യ ഘട്ടത്തില്‍ ആശങ്കയില്ല. ഇന്നലെ ടീം ഇംഗ്ലണ്ടിലെത്തി. നാളെ പാക്കിസ്‌താനുമായി ട്രെന്‍ഡ്‌ ബ്രിഡ്‌ജില്‍ വാം അപ്പ്‌ മല്‍സരമുണ്ട്‌. ജൂണ്‍ മൂന്നിന്‌ ലോര്‍ഡ്‌സില്‍ ശ്രീലങ്കയുമായും വാം അപ്പ്‌. അതിന്‌ ശേഷമാണ്‌ ജൂണ്‍ ഏഴിന്‌ സ്‌ക്കോട്ട്‌ലാന്‍ഡിനെതിരെ ഓവലില്‍ ആദ്യ മല്‍സരം.

യുവി പുതിയ ഹെയര്‍ കട്ടില്‍
വീരു മൊട്ടത്തലയന്‍
മുംബൈ: നിലവിലെ ലോകകപ്പ്‌ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലരും ലോകകപ്പില്‍ പ്രത്യക്ഷപ്പെടുക പുതിയ രൂപത്തില്‍. ഇന്നലെ ഇംഗ്ലണ്ടിലേക്ക്‌ തിരിക്കാന്‍ എല്ലാവരും ഒരുമിച്ചപ്പോള്‍ പലരും പല രൂപത്തിലാണ്‌ എത്തിയാത്‌. ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി പുതിയ ഹെയര്‍ സ്‌റ്റൈലിലാണ്‌. അതേ പോലെ തന്നെ യുവരാജ്‌ സിംഗും. രണ്ട്‌ സൈഡും നന്നായി മുടി വെട്ടി മിലിട്ടറി രൂപത്തിലാണ്‌ യുവി. വിരേന്ദര്‍ സേവാഗ്‌ എന്ന കഷണ്ടിക്കാരനാവട്ടെ ആകെയുളള മുടിയും ഉപേക്ഷിച്ചു. ടീമിന്റെ ഫോട്ടോ സെഷനില്‍ എല്ലാവരും മൊട്ടത്തലയനായ വീരുവിനൊപ്പമായിരുന്നു.
ഇളം നീല കലര്‍ന്നതാണ്‌ ഇന്ത്യന്‍ ടീമിന്റെ പുതിയ യൂനിഫോം. ധോണി വളരെ വിശ്വാസത്തിലാണ്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ വെച്ച്‌ സ്വന്തമാക്കിയ കപ്പില്‍ ഇത്തവണയും മുത്തമിടാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ മല്‍സരങ്ങള്‍ ഗുണം ചെയ്‌തിട്ടുണ്ട്‌. എല്ലാവരും നല്ല ഫോമിലാണ്‌. ഇംഗ്ലണ്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നങ്ങളില്ലെന്നാണ്‌ നായകന്‍ വ്യക്തമാക്കുന്നത്‌.

പ്രാര്‍ത്ഥനയോടെ ലങ്ക
കൊളംബോ: ബുദ്ധമത വിശ്വാസികളായ ശ്രീലങ്കക്കാര്‍ ഏത്‌ കാര്യത്തിനും പുറപ്പെടുമ്പോഴും കൂട്ട പ്രാര്‍ത്ഥന നടത്തും. ഇന്നലെ കുമാര്‍ സങ്കക്കാരയുടെ നേതൃത്ത്വത്തിലുള്ള ടീം ഇംഗ്ലണ്ടിലേക്ക്‌ ലോകകപ്പിനായി പുറപ്പെടും മുമ്പ്‌ എല്ലാവരും പതിവ്‌ പോലെ പ്രാര്‍ത്ഥനാമുഖരായി. ബുദ്ധമത പണ്ഡിതര്‍ പങ്കെടുത്ത ചടങ്ങിലേക്ക്‌ എല്ലാ താരങ്ങളുമെത്തി. നായകനായി കുമാര്‍ സങ്കക്കാര ടീമിനെ നയിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്‌. പാക്കിസ്‌താന്‍ പര്യടനത്തിലെ ദുരന്ത സ്‌മരണകളുമായാണ്‌ ടീം ഒത്തുചേര്‍ന്നത്‌. ലാഹോറില്‍ വെച്ച്‌്‌ തീവ്രവാദികള്‍ ലങ്കന്‍ ടീം യാത്ര ചെയ്‌ത ബസ്‌്‌ ആക്രമിച്ചിരുന്നു. ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ താരങ്ങള്‍ രക്ഷപ്പെട്ടത്‌. പലര്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ പല ടീമുകള്‍ക്കായി ലങ്കന്‍ താരങ്ങള്‍ കളിച്ചിരുന്നു. കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ വേണ്ടി കളിച്ച കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ എന്നിവരാണ്‌ പ്രധാനികള്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന തിലകരത്‌നെ ദില്‍ഷാന്‍, മുംബൈ ഇന്ത്യന്‍സിന്റെ ലാസിത്‌ മാലിങ്ക, ഡല്‍ഹിയുടെ തന്നെ പര്‍വേസ്‌ മഹറൂഫ്‌ എന്നിവരെല്ലാം ലങ്കന്‍ നിരയിലുണ്ട്‌.

കേരളത്തിന്റെ പ്രതിയോഗികള്‍ മഹാരാഷ്ട്ര
കോയമ്പത്തൂര്‍: അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാളെ നടക്കുന്ന പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ പ്രതിയോഗികല്‍ ശക്തരും മുന്‍ ചാമ്പ്യന്മാരുമായ മഹാരാഷ്ട്ര. ഇന്നലെ ക്ലസ്റ്റര്‍ രണ്ടില്‍ നടന്ന അവസാന മല്‍സരത്തില്‍ മഹാരാഷ്ട്ര മൂന്ന്‌ ഗോളിന്‌ മേഘാലയയെ തകര്‍ത്തു. മഹാരാഷ്‌ട്രക്ക്‌ പുറമെ മുന്‍ ചാമ്പ്യന്മാരായ ഗോവ, മണിപ്പൂര്‍ എന്നിവരും ഹരിയാനയും പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ക്ലസ്റ്റര്‍ നാലിലെ അവസാന മല്‍സരത്തില്‍ ഗോവ നാല്‌ ഗോളിന്‌ ഒറീസയെ തരിപ്പണമാക്കിയപ്പോള്‍ ക്ലസ്‌റ്റര്‍ ആറില്‍ മണിപ്പൂര്‍ രണ്ട്‌ ഗോളിന്‌ സിക്കിമിനെ വീഴ്‌ത്തി. ക്ലസ്‌റ്റര്‍ ഏഴിലെ നിര്‍ണ്ണായകമായ അവസാന മല്‍സരത്തില്‍ ഹരിയാന മൂന്ന്‌ ഗോളിന്‌ ബീഹാറിനെ തകര്‍ത്തു.
ഇന്ന്‌ മല്‍സരങ്ങളില്ല. നാളെ നടക്കുന്ന പ്രി ക്വാര്‍ട്ടറുകളില്‍ കേരളം മഹാരാഷ്‌ട്രയെയും ഗോവ മിസോറാമിനെയും മണിപ്പൂര്‍ ഇന്ത്യന്‍ റെയില്‍വേസിനെയും ഹരിയാന തമിഴ്‌നാടിനെയും നേരിടും. കര്‍ണ്ണാടക, പഞ്ചാബ്‌, പശ്ചിമ ബംഗാള്‍, സര്‍വീസസ്‌ എന്നിവര്‍ നേരിട്ട്‌ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയിട്ടുണ്ട്‌.

അനുഭവങ്ങളില്‍ ഉഷയും വിജയനും
കോഴിക്കോട്‌: ഇന്ത്യന്‍ കായികരംഗത്തിന്‌ കേരളം നല്‍കിയ രണ്ട്‌ സംഭാവനകളാണ്‌ പി.ടി ഉഷയും ഐ.എം വിജയനും. ദേശീയ, രാജ്യാന്തര രംഗത്ത്‌ മൂന്ന്‌ ദശാബ്‌ദത്തോളം നിറഞ്ഞുനിന്ന ഈ പ്രതിഭകള്‍ ഇന്ന്‌ അനുഭവങ്ങള്‍ പങ്കിടാന്‍ ഒരുമിക്കുന്നു. കാപ്പാട്‌ ബീച്ച്‌ റിസോര്‍ട്ടില്‍ ഇന്ന്‌ ആരംഭിക്കുന്ന കായിക പത്രപ്രവര്‍ത്തകരുടെ ക്യാമ്പിലാണ്‌ ഉഷയും വിജയനുമെത്തുന്നത്‌. വൈകീട്ട്‌ ഏഴ്‌ മണിക്കാണ്‌ പരിപാടി. ഒളിംപിക്‌സുകളും ഏഷ്യന്‍ ഗെയിംസുകളുമെല്ലാം നിരവധി തവണ കണ്ട ഉഷയുടെ ഉയര്‍ച്ച നേരില്‍ കണ്ടവരാണ്‌ കേരളത്തിലെ സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റുകള്‍. തൃശൂരിലെ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ കടല വില്‍പ്പനക്കാരന്‍ പയ്യനില്‍ നിന്നും മികച്ച ഫുട്‌ബോളറായി വളര്‍ന്ന വിജയന്റെ യാത്രകളിലും മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബും സംസ്ഥാന സ്‌പോര്‍ട്‌്‌സ്‌ കൗണ്‍സിലും ചേര്‍ന്ന്‌ ഒരുക്കുന്ന ദ്വിദിന സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌സ്‌ ശില്‍പ്പാല ഇന്ന്‌ രാവിലെ പത്തിന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ പ്രമുഖ കളിയെഴുത്തുകാര്‍ സംബന്ധിക്കും.

Thursday, May 28, 2009

MEGA BARCA, MEGA MESSI

സ്‌പോര്‍ട്‌സ്‌ വര്‍ക്ക്‌ഷോപ്പ്‌
കോഴിക്കോട്‌: സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ സഹകരണത്തോടെ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന ദ്വിദിന സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌സ്‌ വര്‍ക്ക്‌ഷോപ്പ്‌ നാളെയും മറ്റന്നാളുമായി കാപ്പാട്‌ റിനൈസന്‍സ്‌ ബീച്ച്‌ റിസോര്‍ട്ടില്‍ നടക്കും. സംസ്ഥാന തലത്തില്‍ നടത്തപ്പെടുന്ന വര്‍ക്ക്‌ഷോപ്പ്‌ നാളെ രാവിലെ പത്തിന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍ അദ്ധ്യക്ഷനായിരിക്കും. മുതിര്‍ന്ന കളിയെഴുത്തുകാരായ വിംസി, കെ.പി.ആര്‍ കൃഷ്‌ണന്‍, കെ.കോയ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മലയാള മനോരമ സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കെ.എന്‍.ആര്‍ നമ്പൂതിരി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.രാജഗോപാല്‍, ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍, ദേശാഭിമാനി സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ ഏ.എന്‍ രവീന്ദ്രദാസ്‌, കേരളാ കൗമുദി അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ മുരളീകൃഷ്‌ണ, ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ തലവന്‍ സതീഷ്‌ ചന്ദ്രന്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ്‌ വര്‍ക്ക്‌ഷോപ്പ്‌. ഒളിംപ്യന്‍ പി.ടി ഉഷ, ഫുട്‌ബോളര്‍ ഐ.എം വിജയന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കിടാനായി ക്യാമ്പിലെത്തും. 31 ന്‌ ഉച്ചക്ക്‌ സമാപിക്കും. ക്യാമ്പ്‌ സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ക്ക്‌ 9447637539 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ബാര്‍സ
റോം: ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ബാര്‍സിലോണയുടെ സ്വപ്‌നദിനം....... അതിമനോഹരമായ, ചേതോഹരമായ, കരുത്തേറിയ ഫുട്‌ബോളുമായി യൂറോപ്യന്‍ സോക്കര്‍ ലോകത്തിന്റെ അത്യുന്നതിയില്‍ ഒരിക്കല്‍ക്കൂടി ബാര്‍സിലോണ കൊടി നാട്ടി. ഒരു വര്‍ഷം മുമ്പ്‌ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിന്‍ ഉയരങ്ങളിലെത്തിയത്‌ പോലെ, സ്‌പെയിനില്‍ നിന്നും മറ്റൊരു ടീം ക്ലബ്‌ തലത്തില്‍ അജയ്യത തെളിയിച്ചപ്പോള്‍ സോക്കര്‍ ലോകത്ത്‌ ഇനി സ്‌പെയിന്‍ മാത്രമാണ്‌. ഇരു പകുതികളിലായി നേടിയ ഗോളുകള്‍ക്കാണ്‌ ബാര്‍സിലോണ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരും നിലവിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തിയത്‌. ആദ്യ പകുതിയുടെ പത്താം മിനുട്ടില്‍ കാമറൂണുകാരന്‍ സാമുവല്‍ ഇറ്റോ ബാര്‍സിലോണയുടെ കരുത്തായപ്പോള്‍ രണ്ടാം പകുതിയില്‍ സ്വതസിദ്ധമായ മാജിക്‌ ഗോളില്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി വിജയമുറപ്പിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ബഹുമതി സ്വന്തമാക്കാന്‍ മൈതാനത്തിറങ്ങിയ മാഞ്ചസ്റ്റര്‍ മല്‍സരത്തിന്റെ ആദ്യ പത്ത്‌ മിനുട്ടില്‍ മാത്രമായിരുന്നു ചിത്രത്തില്‍. സാമുവല്‍ ഇറ്റോയുടെ ഗോളോടെ ആധിപത്യം നേടിയ ബാര്‍സ പിന്നീട്‌ ഒരു ഘട്ടത്തിലും തിരിഞ്ഞ്‌ നോക്കിയില്ല. വിജയം വഴി സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പും ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ലീഗുമായി ബാര്‍സ സ്‌പാനിഷ്‌ സോക്കര്‍ ചരിത്രത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡ്‌ സ്വന്തമാക്കി.
ആന്‍ഡ്രിയാസ്‌ ഇനിയസ്‌റ്റ, സാവി എന്നിവര്‍ നയിച്ച മധ്യനിരയായിരുന്നു ബാര്‍സയുടെ കരുത്ത്‌. ഈ രണ്ട്‌ പേരും ചേര്‍ന്ന്‌ നല്‍കിയ പാസുകളില്‍ ഇറ്റോയും തിയറി ഹെന്‍ട്രിയും ലയണല്‍ മെസിയും കളം വാണു. യൂറോയില്‍ സ്‌പാനിഷ്‌ ദേശീയ ടീമിന്‌ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച സാവി മല്‍സരത്തിലുടനീളം അപാര ഫോമിലായിരുന്നു. ആദ്യ പത്ത്‌ മിനുട്ട്‌ മാത്രമാണ്‌ ബാര്‍സ അല്‍പ്പം പിറകില്‍നിന്നത്‌. പത്താം മിനുട്ടില്‍ ഇറ്റോയുടെ കരുത്ത്‌ മാഞ്ചസ്‌റ്റര്‍ പ്രതിരോധം ശരിക്കുമറിഞ്ഞു. ഒറ്റയോട്ടത്തില്‍ മാഞ്ചസ്‌റ്റര്‍ ഡിഫന്‍ഡര്‍ നെമാജ വിദിക്കിനെ പിറകിലാക്കിയ ഇറ്റോ അനുഭവ സമ്പന്നനായ ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍ സറിനും പിടി നല്‍കിയില്ല. ഈ ഗോള്‍ മാഞ്ചസ്‌റ്ററിനെ ആകെയുലച്ചു. കൃസ്‌റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയുമെല്ലാം പന്തിനായി അലയുന്ന കാഴ്‌ച്ചയില്‍ കളം നിറയെ ബാര്‍സക്കാരായിരുന്നു. സാവിയുടെ ഫ്രി കിക്ക്‌ ബാറില്‍ തട്ടി തെറിച്ചത്‌ മാഞ്ചസ്റ്ററിന്റെ ഭാഗ്യമായിരുന്നു. പിറകെ ഹെന്‍ട്രിയുടെ തകര്‍പ്പനൊരു ഷോട്ട്‌ വാന്‍ഡര്‍സര്‍ തട്ടി പുറത്താക്കി. രണ്ടാം പകുതിയില്‍ മെസിയായിരുന്നു കളി നിയന്ത്രിച്ചത്‌. റിയോ ഫെര്‍ഡിനാന്‍ഡ്‌ അര്‍ജന്റീനക്കാരനെ വിടാതെ പിന്തുടര്‍ന്നിട്ടും ലോംഗ്‌ വിസിലിന്‌ ഇരുപത്‌ മിനുട്ട്‌ മുമ്പ്‌ ആ മാജിക്‌ ലോകം കണ്ടു. തന്റെ ഉയരക്കുറവ്‌ ഒരു പ്രശ്‌നമല്ലെന്ന്‌ തെളിയിച്ച മെസി സാവിയുടെ ക്രോസിന്‌ ഉയര്‍ന്നു ചാടി തല വെച്ചപ്പോള്‍ വാന്‍ഡര്‍ സര്‍ പോലും ഞെട്ടി.
വെയിന്‍ റൂണി 90 മിനുട്ടും മങ്ങിയതാണ്‌ മാഞ്ചസ്‌റ്ററിനെ കാര്യമായി ബാധിച്ചത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ ബാര്‍സക്ക്‌ തലവേദനയാവുമെന്ന്‌ തെളിയിച്ചുളള കൃസ്‌റ്റിയാനോയുടെ നീക്കങ്ങളുണ്ടായിരുന്നു. പക്ഷേ ഇറ്റോയുടെ ഗോളില്‍ കൃസ്‌റ്റിയാനോ മങ്ങിയപ്പോള്‍, പകരം തിളങ്ങാന്‍ റൂണിക്കായില്ല. പഴയ ലോംഗ്‌ ഷോട്ടുകളും, മിന്നല്‍ നിക്കങ്ങളുമൊന്നും ഇംഗ്ലീഷ്‌ താരത്തില്‍ നിന്നുണ്ടായില്ല. സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഡാരന്‍ ഫ്‌ളച്ചര്‍ക്ക്‌ പകരം റ്യാന്‍ ഗിഗ്‌സിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ഇംഗ്ലീഷ്‌സംഘത്തെ ഇറക്കിയത്‌. ഫെര്‍ഗിയുടെ നീക്കം ഗുണം ചെയ്‌തുവെന്നാണ്‌ തുടക്കത്തില്‍ തോന്നിയത്‌. മല്‍സരത്തിന്‌ രണ്ട്‌ മിനുട്ട്‌ മാത്രം പ്രായമായപ്പോള്‍ കൃസ്‌റ്റിയാനോയുടെ ഷോട്ട്‌ പിടിക്കുന്നതില്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ വാല്‍ഡസ്‌ പരിഭ്രാന്തി പ്രകടിപ്പിച്ചത്‌ ഇംഗ്ലീഷ്‌ ക്യാമ്പിന്‌ ആവേശം പകര്‍ന്നിരുന്നു. കൃസ്റ്റിയാനോയുടെ ഷോട്ട്‌ കൈയ്യില്‍ നിന്ന്‌ വഴുതി കൊറിയക്കാരന്‍ പാര്‍ക്‌ ജി സംഗിലേക്ക്‌ വരവെ ജെറാര്‍ഡ്‌ പിക്‌ ഇടപ്പെട്ടതാണ്‌ ബാര്‍സക്ക്‌ തുണയായത്‌. അല്ലാത്തപക്ഷം അത്‌ ഗോളായി മാറുമായിരുന്നു. അടുത്ത നാല്‌ മിനുട്ടില്‍ രണ്ട്‌ തവണ കൂടി റൊണാള്‍ഡോ ബാര്‍സ വല ലക്ഷ്യമിട്ടു. മല്‍സരം സ്വന്തം കൈപ്പിടിയില്‍ നിന്ന്‌ അകലുന്നു എന്ന ഘട്ടത്തിലായിരുന്നു ഇറ്റോയുടെ ഗോള്‍. ഇറ്റോയുടെ കുതിപ്പ്‌ കണ്ട മാര്‍ക്‌ വിദിക്‌ മുന്നോട്ട്‌ കയറി തടയാനാണ്‌ ശ്രമിച്ചത്‌. പക്ഷേ സൂത്രത്തില്‍ വിദികിനെ പിറകിലാക്കി ബോക്‌സില്‍ കയറിയ കാമറൂണുകാരന്‌ മുന്നില്‍ ഗോള്‍ക്കീപ്പര്‍ക്ക്‌്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കളിയുടെ ഗതിക്ക്‌ വിപരീതമായിട്ടായിരുന്നു ഈ ഗോള്‍. പക്ഷേ മല്‍സരത്തിലേക്ക്‌ കരുത്തോടെ തിരിച്ചുവരാന്‍ ഇത്‌ വഴി ബാര്‍സക്കായി. ഇനിയസ്‌റ്റയും സാവിയും മധ്യനിരയില്‍ ആധിപത്യം സ്ഥാപിച്ചതും ഇറ്റോയുടെ ഗോളിന്‌ ശേഷമായിരുന്നു.
കാലിന്‌ പരുക്കുണ്ടായിരുന്ന ആന്ദ്രെ ഇനിയസ്റ്റ ഒരു ഘട്ടത്തില്‍ പോലും ആരോഗ്യപ്രശ്‌നം പുറത്തുകാട്ടിയില്ല. ഇനിയസ്റ്റയും സാവിയും കളം വാഴാന്‍ തുടങ്ങിയപ്പോള്‍ മെസിയുടെ കാലുകളില്‍ പന്ത്‌ എളുപ്പമെത്തി. മെസി തിളങ്ങി നില്‍ക്കവെ മാഞ്ചസ്റ്റര്‍ കോച്ച്‌്‌ ഫെര്‍ഗി ആന്‍ഡേഴ്‌സണ്‌ പകരം അര്‍ജന്റീനക്കാരനായ കാര്‍ലോസ്‌ ടെവസിനെ ഇറക്കി. ഇതും ഫലം ചെയ്‌തില്ല. അതിനിടെ റിയോ ഫെര്‍ഡിനാന്‍ഡിന്‌ പിറകിലാക്കി മാഞ്ചസ്റ്റര്‍ ബോക്‌സില്‍ കയറിയ ഹെന്‍ട്രിക്ക്‌ അല്‍പ്പം കൊണ്ട്‌ പിഴച്ചു. മെസിയെ വിദിക്‌ ഫൗള്‍ ചെയ്‌തതിന്‌ അനുവദിക്കപ്പെട്ട ഫ്രി കിക്ക്‌ സാവി മാഞ്ചസ്റ്റര്‍ വലയിലേക്ക്‌ പായിച്ചിരുന്നു. ഗോള്‍ക്കീപ്പര്‍ പരാജയപ്പെട്ട കാഴ്‌ച്ചയില്‍ ക്രോസ്‌ ബാര്‍ ഇംഗ്ലണ്ടുകാരുടെ രക്ഷക്കെത്തി. കളി അവസാനിക്കാന്‍ 25 മിനുട്ട്‌ ശേഷിക്കവെ പാര്‍ക്കിന്‌ പകരം ഫെര്‍ഗി ഡിമിതര്‍ ബെര്‍ബതോവിനെ ഇറക്കി. ഈ നീക്കവും ഫലം ചെയ്‌തില്ല. മാഞ്ചസ്റ്റര്‍ നിരയിലെ നിരാശപോലെ അവസാനത്തില്‍ കൃസ്‌റ്റിയാനോ മഞ്ഞകാര്‍ഡ്‌ വാങ്ങിയപ്പോള്‍ സ്‌പാനിഷ്‌ ക്ലബിന്റെ ആരോഹണത്തിന്‌ കര്‍ട്ടന്‍ ഉയര്‍ന്നിരുന്നു.

നമ്പര്‍ വണ്‍
റോം:ലോക ഫുട്‌ബോളിലെ നമ്പര്‍ വണ്‍ മുന്‍നിരക്കാരന്‍ ലയണല്‍ മെസിയല്ലാതെ മറ്റാരുമല്ല.... ഇന്നലെ ഇവിടെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മാനദണ്‌ഢമാണെങ്കില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ കേമന്‍ അര്‍ജന്റീനക്കാരന്‍ തന്നെ. ഫൈനല്‍ മല്‍സരം അവസാനിക്കാന്‍ 20 മിനുട്ട്‌ മാത്രം ശേഷിക്കെ മെസി നേടിയ ഗോള്‍ തന്നെ ഇരുവരും തമ്മിലുള്ള മാറ്റത്തിന്റെ തെളിവ്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ഇത്‌ വരെ പത്ത്‌ മല്‍സരങ്ങളില്‍ ഇംഗ്ലീഷ്‌ പ്രതിയോഗികള്‍ക്കെതിരെ കളിച്ചപ്പോള്‍ ഒരു തവണ പോലും ഗോള്‍ നേടാന്‍ കഴിയാതിരുന്ന മെസി ഇന്നലെ എല്ലാത്തിനും പരിഹാരമിട്ട്‌ നേടിയ ഗോള്‍. യൂറോപ്പ്‌ ഈ സീസണില്‍ ദര്‍ശിച്ച അതിമനോഹരമായ ഗോളുകളില്‍ ഒന്നായിരുന്നു. ഉയരക്കുറവാണ്‌ മെസിയുടെ പ്രശ്‌നമെന്ന്‌ പറഞ്ഞവര്‍ക്ക്‌ മുന്നിലൂടെ വാനിലുയര്‍ന്ന്‌ മെസി പായിച്ച ഹെഡര്‍ ഗോള്‍ അപാരമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പെനാല്‍ട്ടി ബോക്‌സ്‌ ലക്ഷ്യമാക്കി സാവി നല്‍കിയ ക്രോസിന്‌ ഉയര്‍ന്നു ചാടിയ മെസി പന്ത്‌ വലയിലേക്ക്‌ ചെത്തിയിടുകയായിരുന്നു. മെസിയുടെ ഇത്തരം ഹെഡ്ഡര്‍ ഗോളുകള്‍ വലിയ ഫൈനലില്‍ ഇതാദ്യമാണ്‌.
ലോകത്തിലെ ഏറ്റവും മികച്ച മുന്‍നിരക്കാരനുളള മല്‍സരത്തില്‍ പലപ്പോഴും മെസി റൊണാള്‍ഡോക്ക്‌ മുന്നില്‍ നിറം മങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടവും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും സ്വന്തമാക്കിയത്‌ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ കരുത്തിലായിരുന്നു. ഗോള്‍ വേട്ട നടത്തിയ പോര്‍ച്ചുഗീസുകാരനെ തേടി ആ സീസണില്‍ യൂറോപ്പിലെ മിക്ക സോക്കര്‍ പുരസ്‌ക്കാരങ്ങളും ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടവുമെത്തി. ഇത്തവണ ബാര്‍സിലോണ സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പുമെല്ലം സ്വന്തമാക്കിയത്‌ മെസിയുടെ കരുത്തിലാണ്‌. ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ലീഗും ബാര്‍സ സ്വന്തമാക്കിയതോടെ ഈ സീസണില്‍ സോക്കര്‍ പുരസ്‌ക്കാരങ്ങളെല്ലാം അര്‍ജന്റീനക്കാരനെ തേടിയെത്തും.

ഉയരത്തില്‍ യുവ കോച്ച്‌
റോം: പെപ്‌ ഗുര്‍ഡിയോള അത്യുന്നതങ്ങളിലാണ്‌..... ബാര്‍സിലോണ എന്ന സോക്കര്‍ ലോകത്തെ വിലപിടിപ്പുള്ള ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റ ആദ്യ വര്‍ഷത്തില്‍ തന്നെ ഗുര്‍ഡിയോള ടീമിന്‌ സമ്മാനിച്ചിരിക്കുന്നത്‌ വന്‍ കിരീടങ്ങള്‍. സ്‌പാനിഷ്‌ കപ്പ്‌, കിംഗ്‌സ്‌ കപ്പ്‌, സ്‌പാനിഷ്‌ ലീഗ്‌, ഇപ്പോഴിതാ യുവേഫ ചാമ്പ്യന്‍സ്‌ ലീഗും. 1992 ല്‍ താരമെന്ന നിലയില്‍ ബാര്‍സക്ക്‌ യൂറോപ്പിലെ വിലപിടിപ്പുളള കിരീടം സമ്മാനിച്ച ഗുര്‍ഡിയോള ഇപ്പോള്‍ പരിശീലകനായും സ്വന്തം ടീമിന്‌ വന്‍കരാപ്പട്ടം സമ്മാനിച്ച്‌ റെക്കോര്‍ഡ്‌ പുസ്‌തകത്തില്‍ സ്ഥാനം നേടിയിരിക്കയാണ്‌. 38 വയസ്സാണ്‌ ഗുര്‍ഡിയോളക്ക്‌. എല്ലായിടത്തും ഓടിചാടി നടന്ന്‌ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിക്കുന്നു. ബാര്‍സയുടെ താരങ്ങളില്‍ പലരും ഗുര്‍ഡിയോളക്കൊപ്പം കളിച്ചവരാണ്‌. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. ലയണല്‍ മെസി,സാമുവല്‍ ഇറ്റോ, കാര്‍ലോസ്‌ പുയോള്‍, തിയറി ഹെന്‍ട്രി, ആന്ദ്രെ ഇനിയസ്‌റ്റ,സാവി അലോണ്‍സോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയാണ്‌ ഗുര്‍ഡിയോള നയിക്കുന്നത്‌. ആര്‍ക്കും പ്രശ്‌നങ്ങളില്ലാത്ത രീതിയിലാണ്‌ അദ്ദേഹത്തിന്റെ നീക്കം. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ അദ്ദേഹം മാര്‍ക്‌ നല്‍കുന്നത്‌ ലയണല്‍ മെസിക്കാണ്‌. ഫൈനല്‍ മല്‍സരത്തിലെ രണ്ടാം ഗോള്‍ അപാരമാണെന്നാണ്‌ കോച്ച്‌ വിലയിരുത്തിയത്‌. ഞങ്ങള്‍ മനോഹരമായി ജയിക്കാനാണ്‌ കളിച്ചത്‌. ഒരു ഘട്ടത്തില്‍ പോലും പിന്തിരിഞ്ഞുനിന്നില്ല. ഒരു ഘട്ടത്തില്‍ മെസിയെ മധ്യനിരയിലേക്ക്‌ വിളിച്ചത്‌ സാഹചര്യം പരിഗണിച്ചായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍സയുടെ പ്രസിഡണ്ടായ ജോവന്‍ ലാപോര്‍ട്ട കോച്ചിനെ മുക്തക്‌ണഠം പ്രശംസിക്കുകയാണ്‌. ബാര്‍സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിനാണ്‌ ഗുര്‍ഡിയോള നേതൃത്ത്വം നല്‍കിയിരിക്കുന്നതെന്ന്‌ പ്രസിഡണ്ട്‌ പറഞ്ഞു. ജോഹാന്‍ ക്രൈഫ്‌ പരിശീലിപ്പിച്ച തൊണ്ണൂറുകളിലെ ബാര്‍സാ സംഘം അപരാജിതരായിരുന്നു. അതേ രീതിയില്‍ തന്നെയാണ്‌ ഗുര്‍ഡിയോളയും ടീമിനെ മുന്നോട്ട്‌ നയിക്കുന്നതെന്നും പ്രസിഡണ്ട്‌ പറഞ്ഞു. ഫ്രഞ്ച്‌ താരമായ തിയറി ഹെന്‍ട്രിയും ആഹ്ലാദം മറച്ചുവെക്കുന്നില്ല. ഈ സീസണില്‍ എത്ര കിരീടങ്ങളാണ്‌ ബാര്‍സ നേടിയത്‌. ഈ റെക്കോര്‍ഡ്‌ തകര്‍ക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം പ്രി ക്വാര്‍്‌ട്ടറില്‍
കോയമ്പത്തൂര്‍: മൂന്ന്‌ ഗോളുകള്‍ക്ക്‌ ചത്തിസ്‌ഗറിനെ കശക്കി മുന്‍ ചാമ്പ്യന്മാരായ കേരളം അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്ലസ്റ്റര്‍ ഒന്നില്‍ നിന്നും ഒന്നാം സ്ഥാനക്കാരായ കേരളത്തിന്റെ പ്രിക്വാര്‍ട്ടര്‍ പോരാട്ടം ഞായറാഴ്‌ച്ച ക്ലസ്‌റ്റര്‍ രണ്ടിലെ ജേതാക്കളുമായാണ്‌. ക്യാപ്‌റ്റന്‍ എന്‍.പി പ്രദീപ്‌, മുന്‍നിരക്കാരന്‍ സുബൈര്‍, ഡിഫന്‍ഡര്‍ സുശാന്ത്‌ മാത്യൂ എന്നിവരാണ്‌ കേരളത്തിനായി ഗോളുകള്‍ നേടിയത്‌. ആദ്യ മല്‍സരത്തില്‍ ചണ്ഡിഗറിനെ അഞ്ച്‌ ഗോളിന്‌ തോല്‍പ്പിച്ച കേരളം ആത്മവിശ്വാസത്തോടെയാണ്‌ ചത്തിസ്‌ഗറിനെ എതിരിട്ടത്‌. പക്ഷേ ആദ്യ മല്‍സരത്തില്‍ പ്രകടിപ്പിച്ച ഷൂട്ടിംഗ്‌ മികവ്‌ ആവര്‍ത്തിക്കാന്‍ ടീമിനായില്ല. പെനാല്‍ട്ടി കിക്കും കേരളം പാഴാക്കി. പ്രി ക്വാര്‍ട്ടറില്‍ കളിക്കാന്‍ വിജയം നിര്‍ബന്ധമായിരുന്ന ചത്തിസ്‌ഗര്‍ ആക്രമിച്ചാണ്‌ തുടങ്ങിയത്‌. പക്ഷേ കേരളാ ഗോള്‍ക്കീപ്പര്‍ നവാസിന്റെ കരുത്തില്‍ അവര്‍ക്ക്‌ ലക്ഷ്യം നേടാനായില്ല. ഇരുപത്തിയഞ്ചാം മിനുട്ടിലായിരുന്നു നായകനിലുടെ കേരളത്തിന്റെ ആദ്യ ഗോള്‍. സമനില സ്വന്തമാക്കാന്‍ ചത്തിസ്‌ഗറിന്‌ അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ നവാസ്‌ പിഴവുകള്‍ കാട്ടിയില്ല. നാല്‍്‌പത്തിമൂന്നാം മിനുട്ടില്‍ കേരളത്തിന്‌ ലീഡുയര്‍ത്താന്‍ അവസരം കിട്ടി. പക്ഷേ പെനാല്‍ട്ടി കിക്ക്‌്‌ ലക്ഷ്യത്തിലെത്തിക്കാന്‍ മഹീന്ദ്ര യുനൈറ്റഡിന്റെ മിഡ്‌ഫീല്‍ഡര്‍ കൂടിയായ സുശാന്തിന്‌ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഷോട്ട്‌ ചത്തിസ്‌ഗര്‍ ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗ്‌ കുത്തിയകറ്റി.
ഒന്നാം പകുതിയില്‍ 1-0 ത്തിന്റെ ലീഡുമായി ഇടവേളക്ക്‌ പിരിഞ്ഞ കേരളം അറുപത്തിരണ്ടാം മിനുട്ടില്‍ രണ്ട
ാം ഗോള്‍ നേടി. ചണ്ഡിഗറിനെതിരെ രണ്ട്‌ മികച്ച ഗോളുകള്‍ പായിച്ച പറപ്പൂരുകാരന്‍ സുബൈറാണ്‌ ചാമ്പ്യന്‍ഷിപ്പിലെ തന്റെ മൂന്നാം ഗോളുമായി കളം നിറഞ്ഞത്‌. പെനാല്‍ട്ടി കിക്ക്‌ നഷ്ടമാക്കിയ സുശാന്ത്‌ അതിന്‌ പരാഹാരമിട്ട്‌ 35 വാര അകലെ നിന്നും പായിച്ച ക്ലീന്‍ ഷോട്ടില്‍ കേരളത്തിന്റെ മൂന്നാം ഗോള്‍ പിറന്നു.
ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ മിസോറാം മൂന്ന്‌ ഗോളിന്‌ ജമ്മു കാശ്‌മീരിനെയും ഇന്ത്യന്‍ റെയില്‍വേസ്‌ ഒരു ഗോളിന്‌ ആസാമിനെയും രാജസ്ഥാന്‍ 3-2ന്‌ ഹിമാചല്‍ പ്രദേശിനെയും മധ്യപ്രദേശ്‌ നാല്‌ ഗോളിന്‌ പോണ്ടിച്ചേരിയെയും പരാജയപ്പെടുത്തി.
ഇന്ന്‌ ക്ലസ്റ്റര്‍ രണ്ടില്‍ മഹാരാഷ്‌ട്രയും മേഘാലയയും കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തിലെ വിജയികളാണ്‌ കേരളത്തിന്റെ പ്രിക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.

Wednesday, May 27, 2009

MESSI AND RO-THE RULERS

റോം: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്‌ തീരശ്ശീല വീണതോടെ യൂറോപ്പില്‍ ഫുട്‌ബോള്‍ സീസണിനും താല്‍കാലികാന്ത്യം... യൂറോ യോഗ്യത റൗണ്ടുകളും ലോകകപ്പ്‌ യോഗ്യതാ റൗണ്ടുകളുമാണ്‌ ഇനി നടക്കാനുളളത്‌. അതിനിടെ ദേശീയ ടീമുകള്‍ കോണ്‍ ഫെഡറേഷന്‍ കപ്പില്‍ കളിക്കും. ഇത്തവണയും ക്ലബ്‌ ചിത്രത്തില്‍ തെളിഞ്ഞ്‌ നിന്നത്‌ രണ്ട്‌ സൂപ്പര്‍ താരങ്ങളായിരുന്നു. ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ പരസ്‌പരം മല്‍സരിച്ച കൃസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കഴിഞ്ഞ അല്‍പ്പം വര്‍ഷങ്ങളായി യൂറോപ്യന്‍ ഫുട്‌ബോളില്‍ ഉയര്‍ന്നുനില്‍ക്കുന്നത്‌ ഈ രണ്ട്‌ താരങ്ങളാണ്‌. വന്‍കരയിലെ ഫുട്‌ബോള്‍ ബഹുമതികളെല്ലാം പങ്കിട്ടിരുന്നവരും ഇവര്‍ തന്നെ. വലിയ ചാമ്പ്യന്‍ഷിപ്പുകളുടെ ഗോള്‍വേട്ട കാര്യത്തില്‍ പരസ്‌പരം മല്‍സരിച്ചിരുന്നവരും ഇവരായിരുന്നു. ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ ഏറ്റവും മികച്ച ഫുട്‌ബോളറെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളില്ലെല്ലാം ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍ വന്നിരുന്ന പോര്‍ച്ചുഗീസുകാരനും അര്‍ജന്റീനക്കാരനും സ്വന്തം വിലാസം ഇത്തവണയും നിലനിര്‍ത്തിയപ്പോള്‍ നേട്ടങ്ങളുടെ കാര്യത്തില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ബാര്‍സിലോണയും പിറകോട്ട്‌ പോയില്ല. മാഞ്ചസ്‌റ്റര്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം നിലനിര്‍ത്തിയത്‌ കനത്ത വെല്ലുവിളികളെ അതിജയിച്ചായിരുന്നു. ലിവര്‍പൂളും ചെല്‍സിയും ചെലുത്തിയ വെല്ലുവിളികള്‍ക്ക്‌ മുന്നില്‍ തുടക്കത്തില്‍ പതറിയിട്ടും അവസാനത്തില്‍ രാജകീയമായ തിരിച്ചുവരവാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണും സംഘവും നടത്തിയത്‌. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോളിലും മാഞ്ചസ്‌റ്ററായിരുന്നു കേമന്മാര്‍. ബാര്‍സിലോണ സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും ഉള്‍പ്പെടെ യുവ പരിശീലകനായ ഗുര്‍ഡിയോളക്ക്‌ കീഴില്‍ മികച്ച വിജയങ്ങളാണ്‌ അവര്‍ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്‌.
ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ സ്‌പാനിഷ്‌-ഇംഗ്ലീഷ്‌ പോരാട്ടമായി, കൃസ്‌റ്റിയാനോ-മെസി അങ്കമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. റോമിലെ ലോകകപ്പ്‌ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയവര്‍ക്കെല്ലാം പറയാനും ചര്‍ച്ച ചെയ്യാനും ഈ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്‌. പത്ത്‌ തവണ മെസി ഇംഗ്ലീഷ്‌ പ്രതിയോഗികള്‍ക്കെതിരെ ചാമ്പ്യന്‍സ്‌ ലീഗില്‍ കളിച്ചിട്ടുണ്ട്‌. പക്ഷേ ഒരു തവണ പോലും അദ്ദേഹത്തിന്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ റോമിലെ ആരാധകര്‍ കാത്തിരുന്നത്‌ മെസിയുടെ ബൂട്ടില്‍ നിന്നും ഒരു ഗോള്‍ കാണാനായിരുന്നു.
ഇന്നലെ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍ മെസിയുടെ കാലില്‍ പന്ത്‌ കിട്ടിയപ്പോഴെല്ലാം ആര്‍ത്തുവിളിക്കുകയായിരുന്നു. ബാര്‍സയുടെ ഇത്‌ വരെയുളള കുതിപ്പുകളില്‍ നിറഞ്ഞ്‌ നിന്നിട്ടുളള മെസിയുടെ പന്തടക്കത്തിനൊപ്പം അദ്ദേഹത്തിന്റെ ദ്രുത ചലനങ്ങളും പലവട്ടം മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ കുഴക്കിയിരുന്നു. റിയോ ഫെര്‍ഡിനാന്‍ഡായിരുന്നു മെസിക്ക്‌ തടയിടാനായി മാഞ്ചസ്റ്റര്‍ പ്രതിരോധത്തില്‍ ഉറച്ചുനിന്നത്‌.
സ്‌റ്റേഡിയത്തിലെത്തിയ കാണികളില്‍ നാല്‍പ്പത്‌ ശതമാനത്തോളം പേര്‍ മെസിയുടെ പത്താം നമ്പര്‍ കുപ്പായമാണ്‌ അണിഞ്ഞിരുന്നത്‌. സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്‌ ഈ കുപ്പായമായിരുന്നു. യൂറോപ്പിലെ മിന്നലാട്ടങ്ങള്‍ അവസാനിപ്പിച്ച മെസിയും റൊണാള്‍ഡോയും ഇനി സ്വന്തം രാജ്യത്തിനായി പോരാടാന്‍ പോവുകയാണ്‌. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിലേക്ക്‌ സ്വന്തം ടീമുകളെ എത്തിക്കേണ്ട ബാധ്യത ഇവര്‍ക്കുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കയില്‍ അര്‍ജന്റീനയും യൂറോപ്പില്‍ പോര്‍ച്ചുഗലും വിറക്കുകയാണ്‌. ലാറ്റിനമേരിക്കയില്‍ പരാഗ്വേ, ബ്രസീല്‍ എന്നിവര്‍ക്ക്‌ പിറകില്‍ മൂന്നാമതാണ്‌ അര്‍ജന്റീന. പോര്‍ച്ചുഗലാവട്ടെ യൂറോപ്യന്‍ മല്‍സരങ്ങളില്‍ തപ്പിതടയുകയാണ്‌.

ഡെംപോ പുറത്ത്‌
കുവൈറ്റ്‌ സിറ്റി: ഏ.എഫ്‌.സി കപ്പ്‌ ഫുട്‌ബോളില്‍ നിന്നും ഇന്ത്യന്‍ പ്രതിനിധികളായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കുവൈറ്റിലെ ചാമ്പ്യന്‍ ക്ലബായ കുവൈറ്റ്‌ എസ്‌.സി 3-1ന്‌ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി. 44 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടിലും തകര്‍പ്പന്‍ പോരാട്ടം കാഴ്‌ച്ചവെച്ചാണ്‌ ഡെംപോ കീഴടങ്ങിയത്‌. കൈഫന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തടി മിടുക്കിന്റെ ആനുകൂല്യം കുവൈറ്റ്‌ ടീമിനായിരുന്നുവെങ്കിലും മികച്ച ഫുട്‌ബോള്‍ കാഴ്‌ച്ചവെച്ചത്‌ ഗോവന്‍ സംഘമായിരുന്നു. ക്യാപ്‌റ്റന്‍ ക്ലൈമാക്‌സ്‌ ലോറന്‍സ്‌, ആന്റണി പെരേര, റാന്‍ഡി മാര്‍ട്ടിനസ്‌, ബ്രസീലുകാരനായ ബെറ്റോ തുടങ്ങിയവരെല്ലാം മനോഹര ഫുട്‌ബോളുമായി കാണികളുടെ മനം കവര്‍ന്നെങ്കിലും ഡിഫന്‍സിന്റെ പിഴവ്‌ ടീമിന്‌ വിനായി. കുവൈറ്റ്‌ നേടിയ മൂന്ന്‌ ഗോളുകളില്‍ രണ്ടും പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു. ഒന്നാം പകുതിയുടെ ഇരുപതാം മിനുട്ടിലായിരുന്നു കുവൈറ്റിന്റെ ആദ്യ ഗോള്‍. ഈ ഗോളിന്റെ ലീഡില്‍ അറുപതാം മിനുട്ട്‌ വരെ മുന്നേറിയ ആതിഥേയര്‍ ഡെംപോ ഡിഫന്‍സിന്റെ പിഴവില്‍ നിന്നും കോര്‍ണര്‍ കിക്കിലൂടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ പത്ത്‌ മിനുട്ടിന്‌ ശേഷം ബെറ്റോ ഡെംപോക്കായി തിരിച്ചടിച്ചതോടെ കളി മാറി. ഗോവന്‍ കോച്ചായ അര്‍മാന്‍ഡോ കോളോസോ ഇതോടെ മുന്‍നിരയില്‍ മൂന്ന്‌ പേരെ അണിനിരത്തി ആക്രമണം ശക്തമാക്കി. പക്ഷേ പ്രത്യാക്രമണത്തില്‍ നിന്നും ലഭിച്ച പെനാല്‍ട്ടിയിലൂടെ കുവൈറ്റ്‌ ടീം മൂന്നാം ഗോള്‍ നേടിയതോടെ അവരുടെ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പായി.
കുവൈറ്റില്‍ അധിവസിക്കുന്ന ഗോവക്കാരില്‍ ഭൂരിപക്ഷവും സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

ബാറ്റിംഗ്‌ ടെന്‍ഷന്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതാണ്‌ സത്യം..... വീരേന്ദര്‍ സേവാഗിനും ഗൗതം ഗാംഭീറിനും അത്യാവശ്യ വിശ്രമം നിര്‍ബന്ധമാണ്‌. 20:20 ലോകകപ്പിന്റെ രണ്ടാം എപ്പിസോഡ്‌ ഇംഗ്ലണ്ടില്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങളില്ല. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ എല്ലാ താരങ്ങള്‍ക്കും ലോകകപ്പിനുള്ള ശക്തമായ ഒരുക്കമാണ്‌. ലോകകപ്പ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പിന്‌ മുന്നോടിയായി ഇത്രയും മികച്ച ഒരുക്കം ഒരു ടീമിനും താരങ്ങള്‍ക്കും ഇതിന്‌ മുമ്പ്‌ ലഭിച്ചിട്ടുണ്ടാവില്ല, ഇനി ലഭിക്കാനും പോവുന്നില്ല.
ഇന്ത്യയെ സംബന്ധിച്ച്‌ ഈ ഒരുക്ക ചാമ്പ്യന്‍ഷിപ്പ്‌ തലവേദനയായി മാറുമോ എന്നതാണ്‌ സംശയിക്കേണ്ടിയിരിക്കുന്നത്‌. നമ്മുടെ ഓപ്പണര്‍മാരായ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ഐ.പി.എല്ലില്‍ പരാജയമായിരുന്നു. ഇരുവരും ഒരു ടീമിന്‌ വേണ്ടിയാണ്‌ കളിച്ചത്‌. എന്നിട്ടും നല്ല തുടക്കം പലപ്പോഴും ടീമിന്‌ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം ഗാംഭീര്‍ പതിനഞ്ച്‌ 20:20 മല്‍സരങ്ങളില്‍ കളിച്ചു. ആകെയുളള അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ ശരാശരി 22 മാത്രമാണ്‌. പതിനൊന്ന്‌ മല്‍സരങ്ങള്‍ കളിച്ച സേവാഗിന്റെ ശരാശരി 19.38 ഉം.
തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ഇരുവരും തളരുന്നു എന്നതിന്റെ സൂചനയാണ്‌ ഐ.പി.എല്ലില്‍ കണ്ടത്‌. സമീപകാലത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നേടിയ വിജയങ്ങള്‍ക്ക്‌ പിറകില്‍ സേവാഗ്‌-ഗാംഭീര്‍ സഖ്യം നല്‍കിയ മിന്നുന്ന തുടക്കമായിരുന്നു. ഏകദിനങ്ങളിലും 20:20 യിലും പരസ്‌പര ധാരണയില്‍ പ്രതിയോഗികളെ തുടക്കത്തില്‍ തന്നെ പിന്‍പാദത്തിലാക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നു. പക്ഷേ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ബാറ്റിംഗ്‌ വീര്യം പ്രകടിപ്പിക്കാന്‍ ഇരുവര്‍ക്കുമായില്ല. ഡെയര്‍ഡെവിള്‍സ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ കളിച്ചത്‌ എബി ഡി വില്ലിയേഴ്‌സ്‌, തിലകരത്‌നെ ദില്‍ഷാന്‍, ദിനേശ്‌ കാര്‍ത്തിക്‌ തുടങ്ങിയവരുടെ മികവിലായിരുന്നു.
സേവാഗിന്റെയും ഗാംഭീറിന്റെയും ശൈലിയും തന്ത്രങ്ങളും പ്രതിയോഗികള്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യത്തെയും മറക്കാനാവില്ല. ഐ.പി.എല്ലില്‍ നിരവധി വിദേശ താരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ഡല്‍ഹി സംഘത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ഡി വില്ലിയേഴ്‌സും ന്യൂസിലാന്‍ഡിന്റെ ഡാനിയല്‍ വെട്ടോരിയും ശ്രീലങ്കയുടെ ദില്‍ഷാനുമെല്ലാമുണ്ടായിരുന്നു.
ഓസ്‌ട്രേലിയന്‍ തന്ത്രങ്ങള്‍ ഇവിടെയാണ്‌ പ്രസക്തമാവുന്നത്‌. മൈക്കല്‍ ക്ലാര്‍ക്ക്‌, ഷെയിന്‍ വാട്ട്‌സണ്‍, നതാന്‍ ബ്രാക്കന്‍, ഷോണ്‍ ടെയിറ്റ്‌ തുടങ്ങിയവരെയൊന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‌ ഓസ്‌ട്രേലിയ വിട്ടില്ല. 20:20 യില്‍ ഓസ്‌ട്രേലിയക്ക്‌ മികച്ച റെക്കോര്‍ഡില്ല. കഴിഞ്ഞ ലോകകപ്പില്‍ അവരുടെ പ്രകടനം മോശമായിരുന്നു. ഈ മോശം റെക്കോര്‍ഡ്‌ ഇല്ലാതാക്കി ഇത്തവണ കപ്പുമായി മടങ്ങാന്‍ തന്നെയാണ്‌ ക്രിക്കറ്റ്‌്‌ ഓസ്‌ട്രേലിയയുടെ സെലക്ടര്‍മാര്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഷെയിന്‍ വാട്ട്‌സണും നതാന്‍ ബ്രാക്കനും അവര്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കാതിരുന്നത്‌ ബോധപൂര്‍വ്വമാണ്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച സമയത്ത്‌ വാട്ട്‌സണും ബ്രാക്കനുമെല്ലാം ദുബായില്‍ പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുകയായിരുന്നു. ഈ പരമ്പരക്ക്‌ ശേഷമാണ്‌ ആന്‍ഡ്ര്യൂ സൈമണ്ട്‌സും ബ്രെട്ട്‌്‌ ലീയും ഡേവിഡ്‌ ഹസിയുമെല്ലാം സ്വന്തം ഐ.പി.എല്‍ ടീമുകളില്‍ ചേര്‍ന്നത്‌. വാട്ട്‌സണും ബ്രാക്കനുമൊന്നും പക്ഷേ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അനുമതി നല്‍കിയില്ല. പോയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ ഐ.പി.എല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച താരമായിരുന്നു വാട്ട്‌സണ്‍. ഇന്ത്യന്‍ ക്രിക്കറ്റ്‌ അധികാരികള്‍ക്ക്‌ പക്ഷേ ഈ മുന്‍കരുതല്‍ നടപടികള്‍ക്ക്‌ കഴിയുമായിരുന്നില്ല. ഐ.പി.എല്‍ നടത്തുന്നത്‌ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌. അതിനാല്‍ സ്വന്തം താരങ്ങളെ മറച്ചുപിടിക്കാന്‍ കഴിയില്ല. ജൂണ്‍ ആറിനാണ്‌ ലോകകപ്പ്‌ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്നത്‌. ഏഴിന്‌ ബംഗ്ലാദേശുമായാണ്‌ ഇന്ത്യയുടെ ആദ്യ മല്‍സരം. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ഇന്ത്യന്‍ സംഘം കളിച്ചത്‌ ഒട്ടും സമ്മര്‍ദ്ദമില്ലാതെയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌ തുടങ്ങിയ വന്‍ താരങ്ങളെ കൂടാതെ തികച്ചും പരീക്ഷണമെന്ന നിലയിലാണ്‌ ധോണിയുടെ ടീം കളിച്ചിരുന്നത്‌. ഈ സമ്മര്‍ദ്ദക്കുറവാണ്‌ ലോകകപ്പ്‌ സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ചത്‌. എന്നാല്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ഇന്ത്യക്കാണ്‌. നിലവിലെ ചാമ്പ്യന്മാര്‍ എന്നതിനൊപ്പം ക്രിക്കറ്റിലെ ഏറ്റവും വലിയ കരുത്തര്‍ എന്ന സ്ഥാനവും ഇന്ത്യക്കാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ കളിക്കാന്‍ അവസരം ലഭിച്ച ടീമെന്ന നിലയിലും സമ്മര്‍ദ്ദത്തിന്‌ കുറവുണ്ടാവില്ല.
വ്യക്തിഗതമായി ഇന്ത്യന്‍ താരങ്ങളെല്ലാം മിടുക്കരാണ്‌. സേവാഗും ഗാംഭീറും മികച്ച ഓപ്പണര്‍മാര്‍. എം.എസ്‌ ധോണിയും യുവരാജ്‌സിംഗും സുരേഷ്‌ റൈനയും രോഹിത്‌ ശര്‍മ്മയും മികച്ച ബാറ്റ്‌സ്‌മാന്മാര്‍. പത്താന്‍ സഹോദരന്മാരും പ്രവീണ്‍ കുമാറുമെല്ലാം നല്ല ഓള്‍റൗണ്ടര്‍മാര്‍. ബൗളര്‍മാരില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും ഹര്‍ഭജന്‍സിംഗും പ്രഗ്യാന്‍ ഒജയുമെല്ലാം കേമന്മാര്‍. ഈ വ്യക്തിഗത മികവിനെ ടീമെന്ന നിലയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതില്‍ ധോണിയിലെ നായകന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം താരങ്ങളുടെ മികവിനെ പ്രയോജനപ്പെടത്താന്‍ ധോണി മിടുക്കനാണ്‌. പക്ഷേ തുടക്ക മല്‍സരങ്ങള്‍ പാളിയാല്‍ ധോണിയും സമ്മര്‍ദ്ദത്തിലാവും. ഇവിടെയാണ്‌ പ്രശ്‌നം വരുക. ഇനി അല്‍പ്പദിവസങ്ങള്‍
കൂടി സേവാഗിനും ഗാംഭീറിനും വിശ്രമത്തിന്‌ അവസരമുണ്ട്‌. ജൂണ്‍ ആറിലെ ഇവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഭാവി.

കേരളം വീണ്ടും
കോയമ്പത്തൂര്‍: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാന്‍ കേരളമിന്ന്‌ ചത്തിസ്‌ഗറുമായി കളിക്കുന്നു. ക്ലസ്‌റ്റര്‍ ഒന്നിലെ ആദ്യ മല്‍സരത്തില്‍ ചണ്ഡിഗറിനെ അഞ്ച്‌ ഗോളിന്‌ തോല്‍പ്പിച്ച കേരളത്തിന്‌ ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ മാത്രം പ്രി ക്വാര്‍ട്ടര്‍ കളിക്കാം. പക്ഷേ ചത്തിസ്‌ഗര്‍ ദുര്‍ബലരായതിനാല്‍ വലിയ മാര്‍ജിനിലുളള വിജയമാണ്‌ കേരളം ലക്ഷ്യമിടുന്നത്‌്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ പോണ്ടിച്ചേരി മധ്യപ്രദേശിനെയും മിസോറാം ജമ്മു കാശ്‌മീരിനെയും ആസാം ഇന്ത്യന്‍ റെയില്‍വേസിനെയും രാജസ്ഥാന്‍ ഹിമാചല്‍ പ്രദേശിനെയും ആതിഥേയരായ തമിഴ്‌നാട്‌ ത്രിപുരയെയും നേരിടും.

യു.പി, ഉത്തര്‍ഖണ്ഡ്‌ പുറത്ത്‌
കോയമ്പത്തൂര്‍: അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിവസവും ഗോള്‍വേട്ട. വിവിധ വേദികളില്‍ നടന്ന ക്ലസ്‌റ്റര്‍ മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടിയത്‌ ബിഹാര്‍. ദുര്‍ബലരായ ഗുജറാത്തിനെ പത്ത്‌ ഗോളുകള്‍ക്കാണ്‌ അവര്‍ തകര്‍ത്തത്‌. മേഘാലയക്ക്‌ മുന്നില്‍ ഒരു ഗോള്‍ വാങ്ങി ഉത്തര്‍പ്രദേശ്‌ പുറത്തായപ്പോള്‍ താര്‍ഖണഡ്‌ 3-2ന്‌ ഒറീസയെ തോല്‍പ്പിച്ചു. ഉത്തര്‍ഖണ്ഡും സിക്കിമും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു.
കഴിഞ്ഞ വര്‍ഷം കാശ്‌മീരില്‍ മികവ്‌ പ്രകടിപ്പിച്ച ഉത്തര്‍ പ്രദേശിന്റെ തോല്‍വിയാണ്‌ ഇത്തവണ ശ്രദ്ധേയമായത്‌. ആദ്യ മല്‍സരത്തില്‍ മഹാരാഷ്ട്രക്ക്‌ മുന്നില്‍ മൂന്ന്‌ ഗോളിന്‌ തോറ്റ യു.പി ഇന്നലെ മേഘാലയയോടും തോറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായിരിക്കയാണ്‌. ക്ലസ്റ്റര്‍ രണ്ടില്‍ ഇന്നലെ മേഘാലയ ജയിച്ചതോടെ അവസാന മല്‍സരത്തില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക്‌ മുന്നേറാന്‍ അവസരമൊരുങ്ങിയിരിക്കയാണ്‌.
ക്ലസ്റ്റര്‍ നാലില്‍ ഒറിസയെ 2-3ന്‌ പരാജയപ്പെടുത്തി താര്‍ഖണ്ഡ്‌ പ്രി ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ ഗോവയെ പരാജയപ്പെടുത്താനായാല്‍ താര്‍ഖണ്ഡിന്‌ പ്രി ക്വാര്‍ട്ടര്‍ കളിക്കാം. ക്ലസ്റ്റര്‍ ആറില്‍ നിന്നും ഉത്തര്‍ഖണ്ഡ്‌ പുറത്തായി. ആദ്യ മല്‍സരത്തില്‍ മണിപ്പൂരിനോട്‌ ഒമ്പത്‌ ഗോളുകള്‍ വാങ്ങിയ ഉത്തര്‍ഖണ്ഡിന്‌ ഇന്നലെ ജയിച്ചാല്‍ മാത്രമായിരുന്നു പ്രതീക്ഷ. സമനില സീക്കിമിനും ആഘാതമാണ്‌. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ മണിപ്പൂരിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ അവര്‍ക്ക്‌ രക്ഷ. ക്ലസ്റ്റര്‍ ഏഴില്‍ ബിഹാര്‍ ഗുജറാത്തിനെ ഇല്ലാതാക്കുകയായിരുന്നു.

Tuesday, May 26, 2009

READY FOR THE ROMAN WAR

റെഡി
റോം: ഇറ്റാലിയന്‍ ആസ്ഥാനനഗരം ഒരുങ്ങിയിരിക്കുന്നു....ഇന്നറിയാം യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബ്‌ ആരാണെന്ന്‌. ലോകകപ്പ്‌ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്‌പെയിനിലെ ബാര്‍സിലോണയും ഏറ്റുമുട്ടുമ്പോള്‍ സോക്കര്‍ ലോകം കാത്തിരിക്കുന്ന 90 മിനുട്ടാണ്‌ സമാഗതമാവുന്നത്‌. ഇന്ത്യന്‍ സമയം രാത്രി 11-30 മുതല്‍ ആരംഭിക്കുന്ന അങ്കത്തിന്റെ തല്‍സമയ സംപ്രേഷണം ടെന്‍ സ്‌പോര്‍ട്‌സിലുണ്ട്‌.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തുന്ന രണ്ട്‌ ടീമുകളും വലിയ പ്രതീക്ഷയിലാണ്‌. ഇന്നലെ രാവിലെയോടെ ഇവിടെയെത്തിയ ടീമുകള്‍ വൈകീട്ട്‌ പരിശീലനം നടത്തി. പരുക്കിന്റെ പ്രശ്‌നങ്ങള്‍ ഇരു ക്യാമ്പിലുമുണ്ട്‌. എങ്കിലും ഇന്ന്‌ അവസാന ഇലവനില്‍ എല്ലാ പ്രമുഖരെയും ഉള്‍പ്പെടുത്താമെന്ന ശുഭാപ്‌തി വിശ്വാസമാണ്‌ പരിശീലകരായ അലക്‌സ്‌ ഫെര്‍ഗൂസണും പെപ്‌ ഗുര്‍ഡിയോളയും പ്രകട
ിപ്പിച്ചിരിക്കുന്നത്‌. ലയണല്‍ മെസി, സാമുവല്‍ ഇറ്റോ, ഹെര്‍ണാണ്ടസ്‌, തിയറി ഹെന്‍ട്രി എന്നിവരെല്ലാം കളിക്കുന്ന മുന്‍നിരയിലാണ്‌ ബാര്‍സിലോണയുടെ പ്രതീക്ഷകളത്രയും. മെസിയുടെ കുതിപ്പിനെ തടയിടുക എളുപ്പമല്ല. സ്‌പാനിഷ്‌ ലീഗില്‍ സ്വന്തം ടീമിന്‌ കപ്പ്‌ സമ്മാനിച്ചാണ്‌ അദ്ദേഹം എത്തിയിരിക്കുന്നത്‌. സാമുവല്‍ ഇറ്റോ, ഇനിയസ്‌റ്റ എന്നിവരെയും കരുതിയിരിക്കണം. മാഞ്ചസ്‌റ്റര്‍ നിരയിലാവട്ടെ കൃസ്‌റ്റിയാനോ റൊണാള്‍ഡോ കരുത്തനാണ്‌. ഏത്‌ ഡിഫന്‍സിനെയും കീറിമുറിക്കാന്‍ കരുത്തുണ്ട്‌ പോര്‍ച്ചുഗീസുകാരന്‌.
സ്വന്തം നാട്ടിലെ ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ്‌ ടീമുകള്‍ എത്തിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ ആധിപത്യം നിലനിര്‍ത്തിയവരാണ്‌. ശക്തരായ പ്രതിയോഗികളെ മറികടന്നുളള പ്രകടനവുമായി എത്തിയിരിക്കുന്ന ചുവപ്പന്‍ സംഘത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, വെയിന്‍ റൂണി തുടങ്ങിയ വമ്പന്മാരുണ്ട്‌. സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും സ്വന്തമാക്കിയാണ്‌ ബാര്‍സിലോണ എത്തിയിരിക്കുന്നത്‌. അര്‍ജന്റീനക്കാരനായ മുന്‍നിരക്കാരന്‍ ലയണല്‍ മെസിയാണ്‌ ടീമിന്റെ വജ്രായുധം. കാമറൂണുകാരനായ സാമുവല്‍ ഇറ്റോ, ഫ്രഞ്ചുകാരനായ തിയറി ഹെന്‍ട്രി എന്നിവരെല്ലാമുണ്ട്‌ ബാര്‍സ നിരയില്‍. സീസണ്‍ കിരീട നേട്ടത്തോടെ അവസാനിപ്പിക്കാനാണ്‌ ടീം എത്തിയിരിക്കുന്നതെന്നാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അഭിപ്രായപ്പെട്ടത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ ടീമിനായി. യൂറോപ്പിലെ നിലവിലെ ജേതാക്കളെന്ന നിലയില്‍ ആ കിരീടവും തന്റെ ടീമിന്‌ നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകനായി വിശേഷിപ്പിക്കപ്പെടുന്ന ഫെര്‍ഗ്ഗിയുടെ തന്ത്രങ്ങളിലാണ്‌ മാഞ്ചസ്റ്റര്‍ ഇത്രയേറെ മുന്നേറിയിരിക്കുന്നത്‌. ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ പിന്‍നിരക്കാരനായ റിയോ ഫെര്‍ഡിനാന്‍ഡ്‌ കളിക്കുമെന്ന്‌ കോച്ച്‌ വ്യക്തമാക്കി. മസില്‍ വേദന കാരണം കഴിഞ്ഞ മൂന്നാഴ്‌ച്ചയായി ചികില്‍സയിലായിരുന്ന ഫെര്‍ഡിനാന്‍ഡ്‌ ടീമിനൊപ്പമെത്തിയിട്ടുണ്ട്‌. ഇന്നലെ പരിശീലനത്തിലും അദ്ദേഹം സജീവമായിരുന്നു. ഞായറാഴ്‌ച്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഹള്‍ സിറ്റിയെ നേരിട്ടപ്പോള്‍ പുറത്ത്‌ നിന്ന്‌ കളി കണ്ട ഫെര്‍ഡിനാന്‍ഡ്‌ യൂറോപ്പിലെ ഏറ്റവും മികച്ച ഫൈനല്‍ തനിക്ക്‌ നഷ്ടമാവില്ലെന്നാണ്‌ വിശ്വസിക്കുന്നത്‌. തന്റെ കരിയറിലെ ഏറ്റവും വലിയ ഫിറ്റ്‌നസ്‌ പിന്നിടാനാവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഇന്നലെ പരിശീലനത്തില്‍ സജീവമാവാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍നിരക്കാരായ തിയറി ഹെന്‍ട്രി, ആന്ദ്രെ ഇനിയസ്റ്റ എന്നിവര്‍ക്ക്‌ ഇന്ന്‌ നിര്‍ണ്ണായക മല്‍സരത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ ബാര്‍സ കോച്ച്‌ ഗുര്‍ഡിയോള പറയുന്നത്‌. മെയ്‌ രണ്ടാം തിയ്യതിയാണ്‌ ഹെന്‍ട്രി അവസാനമായി ബാര്‍സക്കായി കളിച്ചത്‌. അന്ന്‌ എതിരാളികളായ റയല്‍ മാഡ്രിഡിനെതിരെ മാഡ്രിഡിലെ ബെര്‍ണബുവില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും അദ്ദേഹത്തിനായിരുന്നു. ആ മല്‍സരത്തിന്‌ ശേഷം ചികില്‍സയിലായ താരത്തിന്‌ പക്ഷേ ഇന്നത്തെ അങ്കത്തില്‍ 90 മിനുട്ടും കളിക്കാനാവുമെന്ന വിശ്വാസമുണ്ട്‌. ഇനിയസ്റ്റയും പ്രതീക്ഷയിലാണ്‌. വളരെ പ്രധാനപ്പെട്ട മല്‍സരമായതിനാല്‍ എല്ലാവരും കളിക്കാന്‍ ആഗ്രഹിക്കുന്നതായി ബാര്‍സ മധ്യനിരക്കാരന്‍ സാവി അലോണ്‍സോ പറഞ്ഞു. 17 വയസ്സ്‌ മാത്രം പ്രായമുളള ഡിഫന്‍ഡര്‍ ആല്‍ബെര്‍ട്ടോ ബോട്ടിയ ബാര്‍സ സംഘത്തില്‍ കളിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒസാസുനക്കെതിരെ സ്‌പാനിഷ്‌ ലീഗില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന്റെ തോല്‍വി വാങ്ങിയ മല്‍സരത്തില്‍ ബാര്‍സക്കായി യുവതാരം കളിച്ചിരുന്നു.

വിസിലുതാന്‍ മാസിമോ
റോം: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഇന്നത്തെ ഫൈനല്‍ മല്‍സരം നിയന്ത്രിക്കുക സ്വിറ്റ്‌സര്‍ലാന്‍ഡുകാരനായ റഫറി മാസിമോ ബുസാക്ക. നാല്‍പ്പതുകാരനായ ബുസാക്കയുടെ ആദ്യ മേജര്‍ ഫൈനലാണിത്‌. 2007 ല്‍ സ്‌പാനിഷ്‌ ക്ലബുകളായ എസ്‌പാനിയോളും സെവിയെയും തമ്മില്‍ നടന്ന യുവേഫ കപ്പ്‌ ഫൈനല്‍ മല്‍സരം നിയന്ത്രിച്ചത്‌ മാസിമോയായിരുന്നു.
നാലാം തവണ
റോം: ഇന്നത്തെ ഫൈനലില്‍ ഇറങ്ങുന്നതോടെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ക്കീപ്പര്‍ എഡ്വിന്‍ വാന്‍ ഡര്‍ സര്‍ പുതിയ റെക്കോര്‍ഡ്‌ സ്വന്തമാക്കും. യുവേഫ ചാമ്പ്യന്‍സ്‌ ലീഗല്‍ ഡച്ചുകാരനിത്‌ നാലാം ഫൈനലാണ്‌. നാല്‌ ചാമ്പ്യന്‍സ്‌ ഫൈനലുകള്‍ കളിച്ച ആറ്‌ താരങ്ങള്‍ റെക്കോര്‍ഡിലുണ്ട്‌. ആ പട്ടികയിലേക്കാണ്‌ ഇന്ന്‌ വാന്‍ഡര്‍ സര്‍ വരുന്നത്‌. മാഞ്ചസ്റ്റര്‍ നിരയിലെ വാന്‍ഡര്‍ സറും പോള്‍ ഷോള്‍സും റ്യാന്‍ ഗിഗ്‌സും ഗാരി നെവിലും വെസ്‌ ബ്രൗണും മൂന്ന്‌ തവണ കിരീടം സ്വന്തമാക്കിയവരാണ്‌.


സൂപ്പര്‍
റോം: ഇങ്ങനെയൊരു ഫൈനല്‍ കാണാന്‍ ചിലപ്പോള്‍ ലോകകപ്പില്‍ പോലുമാവില്ല... കളി മൈതാനത്തെ വിസ്‌മയിപ്പിക്കുന്ന രണ്ട്‌ മുന്‍നിരക്കാര്‍ നേര്‍ക്കുനേര്‍...! ലയണല്‍ മെസിയുടെ വേഗതയെയും കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ കുതിപ്പിനെയും സ്‌നേഹിക്കാത്ത ഫുട്‌ബോള്‍ പ്രേമികളില്ല. അവര്‍ രണ്ട പേരും ഇന്ന്‌ മുഖാമുഖം വരുന്നു. പോര്‍ച്ചുഗീസുകാരനായ റൊണാള്‍ഡോ കളിക്കുന്നത്‌ ഇംഗ്ലീഷ്‌ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ വേണ്ടിയാണ്‌. അര്‍ജന്റീനക്കാരായ മെസിയാവട്ടെ സ്‌പാനിഷ്‌ ക്ലബായ ബാര്‍സയുടെ പ്രിയതാരവും.
കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഫിഫയുടെ ലോക ഫുട്‌ബോള്‍പ്പട്ടം നേരിയ മാര്‍ജിനില്‍ നഷ്‌ടമായ താരമാണ്‌ മെസി. കഴിഞ്ഞ തവണ റൊണാള്‍ഡോക്ക്‌ മുന്നിലാണ്‌ അദ്ദേഹത്തിന്‌ പ്രിയപ്പെട്ട സ്ഥാനം അടിയറ വെക്കേണ്ടി വന്നത്‌. ഇത്തവണ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ഇന്നത്തെ അങ്കത്തില്‍ റൊണാള്‍ഡോയെക്കാള്‍ മികവ്‌ പ്രകടിപ്പിക്കണമെന്ന സത്യം മെസി മനസ്സിലാക്കുന്നു. പക്ഷേ ലോക പട്ടമല്ല തന്റെ ടീമിന്‌ കിരീടം എന്നതാണ്‌ വ്യക്തമായ ലക്ഷ്യമെന്ന്‌ സൂപ്പര്‍ താരം പറഞ്ഞു. റൊണാള്‍ഡോയെ പരാജയപ്പെടുത്തുക എന്ന ഗെയിം പ്ലാനല്ല പ്രധാനം, എന്റെ ക്ലബാണ്‌ വലുത്‌, നിര്‍ണ്ണായക മല്‍സരത്തില്‍ വിജയിക്കണം-അദ്ദേഹം പറഞ്ഞു. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ മെസി ബാര്‍സ സംഘത്തിലെത്തുന്നത്‌. ഈ അഞ്ച്‌ വര്‍ഷക്കാലയളവില്‍ ടീം ഏറെ മാറി. ഇന്ന്‌ ടീമിന്റെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്ന മെസിക്ക്‌ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ താല്‍പ്പര്യമുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗിലെ ഈ സീസണില്‍ ടോപ്‌ സ്‌ക്കോറര്‍ പട്ടവും നിലവില്‍ മെസിക്കാണ്‌. എട്ട്‌ ഗോളുകളാണ്‌ അദ്ദേഹത്തിന്റെ പേരില്‍. പക്ഷേ തന്റെ കരിയറില്‍ പത്ത്‌ തവണ ഇംഗ്ലീഷ്‌ പ്രതിയോഗികളെ ചാമ്പ്യന്‍സ്‌ ലീഗില്‍ നേരിട്ടിട്ടും ഒരു ഗോളും സ്‌ക്കോര്‍ ചെയ്യാന്‍ മെസിക്ക്‌ കഴിഞ്ഞിട്ടില്ല.
റൊണാള്‍ഡോയും സമീപകാലത്ത്‌ നല്ല ഫോമിലാണ്‌. കഴിഞ്ഞ സീസണില്‍ ഗോള്‍വേട്ട നട
ത്തി മാഞ്ചസ്‌റ്ററിന്‌ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ്‌ ലീഗും സമ്മാനിച്ച താരത്തിന്‌ ആ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായാല്‍ ലോക സോക്കറിലെ ഏറ്റവും വിലപ്പെട്ട താരമായി മാറാനാവും. ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ നാല്‌ ഗോളുകള്‍ ഇതിനകം റൊണാള്‍ഡോ നേടിയിട്ടുണ്ട്‌. പക്ഷേ ഇത്‌ വരെ സ്‌പാനിഷ്‌ ടീമുകള്‍ക്കെതിരെ സ്‌ക്കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടില്ല. കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്ററിനെതിരായ സെമി ഫൈനല്‍ ആദ്യപാദത്തില്‍ മൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ പോലും പാഴാക്കിയ ചരിത്രവും റൊണാള്‍ഡോക്കുണ്ട്‌.

കണക്ക്‌പുസ്‌തകം
റോം: മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ബാര്‍സിലോണയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുന്‍ത്തൂക്കം ഇംഗ്ലീഷ്‌ ക്ലബിന്‌. ഇത്‌ പത്താം തവണയാണ്‌ യൂറോപ്യന്‍ വേദിയില്‍ രണ്ട്‌ പ്രബലരും മുഖാമുഖം വരുന്നത്‌. നേരത്തെ ഒമ്പത്‌ തവണ മുഖാമുഖം വന്നപ്പോള്‍ മൂന്ന്‌ വിജയം മാഞ്ചസ്‌റ്ററിനൊപ്പം നിന്നു. രണ്ട്‌ മല്‍സരങ്ങളില്‍ ബാര്‍സ ജയിച്ചപ്പോള്‍ നാല്‌ മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 1991 ലെ കപ്പ്‌ വിന്നേഴ്‌സ്‌ കപ്പ്‌ ഫൈനലില്‍ രണ്ട്‌ ടീമുകളും കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ 2-1 ന്റെ വിജയം മാഞ്ചസ്റ്ററിനൊപ്പം നിന്നു. വന്‍കരാ പോരാട്ടങ്ങളില്‍ മൂന്ന്‌ തവണ മാഞ്ചസ്റ്റര്‍ ബാര്‍സയെ പുറത്താക്കിയിട്ടുണ്ട്‌. പക്ഷേ ഈ നേട്ടം ബാര്‍സക്കില്ല. ചാമ്പ്യന്‍സ്‌ ലീഗില്‍ ഈ ടീമുകള്‍ ആദ്യമായി മുഖാമുഖം വന്നത്‌ 1994 ല്‍ ആണ്‌. മല്‍സരം 2-2 ല്‍ അവസാനിച്ചു. ആ മല്‍സരത്തിന്‌ മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. ഇന്നത്തെ ബാര്‍സയുടെ മുഖ്യ പരിശീലകനായ ഗുര്‍ഡിയോള അന്ന്‌ ടീമിന്‌ വേണ്ടി 90 മിനുട്ടും കളിച്ചിരുന്നു. 1998 ല്‍ ഓള്‍ഡ്‌ട്രാഫോഡില്‍ ഇരുവരും കളിച്ചപ്പോള്‍ മല്‍സരം 3-3 ല്‍ അവസാനിച്ചു.

ഇന്‍ സ്‌റ്റൈല്‍
കോയമ്പത്തൂര്‍: അഞ്ച്‌ തകര്‍പ്പന്‍ ഗോളുകള്‍ക്ക്‌ ചണിഡറിനെ നിലംപരിശാക്കി കേരളം അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറി. ക്ലസ്റ്റര്‍ ഒന്നിലെ ആദ്യ അങ്കത്തില്‍ യുവതാരങ്ങളാണ്‌ മിന്നിയത്‌. മലപ്പുറത്തുകാരന്‍ കെ.പി സുബൈര്‍ മൂന്ന്‌ മിനുട്ടില്‍ രണ്ട്‌ ഗോള്‍ നേടിയപ്പോള്‍ ടി.ബിനീഷ്‌ ബാലന്‍, എം.പി സക്കീര്‍, എന്‍.പി പ്രദീപ്‌ എന്നിവരും പ്രതിയോഗികളുടെ വല ചലിപ്പിച്ചു. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ തമിഴ്‌നാട്‌ പതിനൊന്ന്‌ ഗോളിന്‌ ഹിമാചല്‍ പ്രദേശിനെയും ആസാം 2-1ന്‌ ഡല്‍ഹിയെയും തോല്‍പ്പിച്ചപ്പോള്‍ മധ്യപ്രദേശ്‌-മിസോറാം മല്‍സരം 2-2 ല്‍ അവസാനിച്ചു.
കഴിഞ്ഞ വര്‍ഷം കാശ്‌മീരില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണാതെ പുറത്തായതിനാല്‍ ക്ലസ്റ്റര്‍ മല്‍സരങ്ങള്‍ കളിക്കേണ്ടി വന്ന കേരളത്തിന്‌ ഇന്നലെ നെഹ്‌റു സ്റ്റേഡിയത്തില്‍ അധികം വിയര്‍ക്കേണ്ടി വന്നില്ല. കോച്ച്‌ സേതുമാധവന്റെ ആക്രമണ സോക്കറില്‍ ആദ്യ 45 മിനുട്ടില്‍ കേരളം രണ്ട്‌ ഗോളിന്‌ മുന്നിലെത്തി. കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ കുന്നത്തു സുബൈറായിരുന്നു ഹീറോ. മല്‍സരം മുപ്പത്തിയഞ്ച്‌ മിനുട്ട്‌ പിന്നിട്ടപ്പോള്‍ ചണ്ഡിഗര്‍ പ്രതിരോധ നിരയെ നിശ്ചലരാക്കി ഗോള്‍ നേടിയ ചാന്ദ്‌നി എഫ്‌.സി താരം മൂന്ന്‌ മിനുട്ടിനിടെ മിന്നല്‍ വേഗതയില്‍ രണ്ടാം ഗോളും നേടി. രണ്ടം പകുതിയിലും കേരളത്തിന്റെ മുന്‍നിര തളര്‍ന്നില്ല. അറുപത്തിയേഴാം മിനുട്ടില്‍ ബിനീഷ്‌ ബാലന്‍ ലീഡ്‌ ഉയര്‍ത്തി. ഇത്തവണയും ചണ്ഡിഗര്‍ പിന്‍നിരക്കാര്‍ കാഴ്‌ച്ചക്കാരായിരുന്നു. കേരളത്തിന്റെ നാലാം ഗോള്‍ എണ്‍പത്തിനാലാം മിനുട്ടിലായിരുന്നു. സക്കീറിന്റെ തകര്‍പ്പന്‍ ഷോട്ട്‌ വലയില്‍ കയറി. ലോംഗ്‌ വിസിലിന്‌ ഒരു മിനുട്ട്‌ മുമ്പാണ്‌ നായകന്‍ പ്രദീപ്‌ ഗോള്‍പ്പട്ടിക തികച്ചത്‌.
ക്ലസ്റ്റര്‍ ഒന്നില്‍ കേരളത്തിന്റെ ആദ്യ മല്‍സരം നാഗാലാന്‍ഡുമായിട്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നാഗാലാന്‍ഡ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ്‌ എതിരാളികളായി ചണ്ഡിഗര്‍ വന്നത്‌.
തിരുച്ചിറപ്പള്ളിയില്‍ നടന്ന ക്ലസ്റ്റര്‍ മൂന്നിലെ മധ്യപ്രദേശ്‌-മിസോറാം മല്‍സരം ആവേശകരമായിരുന്നു. നിരവധി ഐ ലീഗ്‌ താരങ്ങളുമായി കളിച്ച മിസോറാം അനായാസ വിജയം നേടുമെന്ന്‌ കരുതപ്പെട്ട അങ്കത്തില്‍ മധ്യപ്രദേശിന്റെ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ്‌ നടത്തിയത്‌. മല്‍സരം 2-2 ല്‍ അവസാനിച്ചപ്പോള്‍ ഇതേ ക്ലസ്‌റ്ററില്‍ ജമ്മു കാശ്‌മീര്‍ ഏക ഗോളിന്‌ പോണ്ടിച്ചേരിയെ വീഴ്‌ത്തി. ക്ലസ്‌റ്റര്‍ അഞ്ചില്‍ നടന്ന അങ്കത്തില്‍ കരുത്തരായ ഡല്‍ഹിക്ക്‌ വീണ്ടും പിഴച്ചു. ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ റെയില്‍വേസിന്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞ ഡല്‍ഹി ഇന്നലെ ആസ്സാമിന്‌ മുന്നില്‍ 1-2ന്‌ വീണതോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ തമിഴ്‌നാട്‌ കൂറ്റന്‍ വിജയമാണ്‌ ഹിമാചലിനെതിരെ നേടിയത്‌. ക്ലസ്റ്റര്‍ എട്ടിലെ മല്‍സരത്തില്‍ പതിനൊന്ന്‌ ഗോളുകളാണ്‌ തമിഴ്‌നാട്‌ ഹിമാചലിന്റെ വലയില്‍ നിറച്ചത്‌.

മടക്കം
പാരീസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക്‌ ആദ്യ റൗണ്ടില്‍ തന്നെ മടക്കം. കസാക്കിസ്ഥാന്റെ ഗലീന വോസ്‌കോബോദേവയാണ്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ഹൈദരാബാദുകാരിയെ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 4-6, 6-7 (3). ഒന്നര മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും പ്രതിയോഗിക്ക്‌ വെല്ലവിളി ഉയര്‍ത്താന്‍ സാനിയക്ക്‌ കഴിഞ്ഞിരുന്നില്ല. റോളണ്ട്‌ ഗാരോസില്‍ ഇത്‌ വരെ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ലാത്ത സാനിയ ആറ്‌ ഡബിള്‍ ഫാള്‍ട്ടുകളാണ്‌ ആദ്യ സെറ്റില്‍ തന്നെ നടത്തിയത്‌. പരുക്കുമായി അല്‍പ്പകാലമായി അകത്തും പുറത്തുമായി കഴിയുന്ന സാനിയ നാല്‌ തവണ ബ്രേക്ക്‌ പോയന്റ്‌്‌ നേടി. പക്ഷേ ഇതൊന്നും ഉപയോഗപ്പെടുത്താനായില്ല. 46 മിനുട്ട്‌ ദീര്‍ഘിച്ച ആദ്യ സെറ്റിന്റെ ഏഴാം ഗെയിമില്‍ നേടാനായ ബ്രേക്കാണ്‌ കസാക്‌ താരം ഉപയോഗപ്പെടുത്തിയത്‌. രണ്ടാം സെറ്റിലേക്ക്‌ വന്നപ്പോള്‍ സാനിയ അല്‍പ്പം മെച്ചപ്പെട്ടു. പക്ഷേ 14 അണ്‍ഫോഴ്‌സ്‌ഡ്‌ എററുകള്‍ താരത്തെ പിറകിലാക്കി. ഫ്രഞ്ച്‌ ഓപ്പണില്‍ ഡബിള്‍സിലാണ്‌ ഇനി സാനിയയുടെ പ്രതീക്ഷകള്‍. കഴിഞ്ഞയാഴ്‌ച്ച നടന്ന മാഡ്രിഡ്‌ ഓപ്പണില്‍ ചൈനീസ്‌ തായ്‌പെയ്‌ താരം ചിയ ജംഗ്‌ ചോംഗിനൊപ്പം സെമി കളിച്ച സാനിയ ലോക ഡബിള്‍സ്‌ റാങ്കിംഗിലിപ്പോള്‍ നാല്‍പ്പത്തി രണ്ടാം സ്ഥാനത്താണ്‌. അതേ സമയം സിംഗിള്‍സില്‍ സാനിയ തൊണുറ്റിയൊന്നാമത്‌ സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിട്ടുണ്ട്‌.
പ്രതീക്ഷയില്‍
മെല്‍ബണ്‍: റിക്കി പോണ്ടിംഗും സംഘവും ഇന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ വിമാനം കയറുന്നത്‌ രണ്ട്‌ ലക്ഷ്യങ്ങളുമായാണ്‌. 20-20 ലോകകപ്പില്‍ മുത്തമിടണം, അതിന്‌ ശേഷം ആഷസ്‌ പരമ്പര സ്വന്തമാക്കണം. ഇന്ത്യ ജേതാക്കളായ പ്രഥമ 20-20 ലോകകപ്പില്‍ പോണ്ടിംഗും സംഘവും ഏറെ പിറകിലായിരുന്നു. ഇത്തവണ യുവനിരക്കാണ്‌ ഓസ്‌ട്രേലിയ മുന്‍ത്തൂക്കം നല്‍കിയിരിക്കുന്നത്‌. അല്‍പ്പകാലമായി വിശ്രമത്തിലായിരുന്ന പോണ്ടിംഗിനൊപ്പം ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ഉള്‍പ്പെടെയുള്ള വെടിക്കെട്ടുകാരുണ്ട്‌. ജൂണ്‍ ആറിന്‌ വിന്‍ഡീസുമായാണ്‌ ഓസ്‌ട്രേലിയയുടെ ആദ്യ ലോകകപ്പ്‌ മല്‍സരം. ലോക ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള പോണ്ടിംഗിന്‌ 20-20 ഫോര്‍മാറ്റുമായി പൊരുത്തപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പതിനഞ്ച്‌ മല്‍സരങ്ങളാണ്‌ കുഞ്ഞന്‍ ക്രിക്കറ്റില്‍ ഇത്‌ വരെ അദ്ദേഹം കളിച്ചിട്ടുളളത്‌. 38 റണ്‍സാണ്‌ ഉയര്‍ന്ന സ്‌ക്കോര്‍. ദക്ഷിണാഫ്രിക്കയിലാണ്‌ അവസാനമായി അദ്ദേഹം രണ്ട്‌ മല്‍സരങ്ങള്‍ കളിച്ചത്‌. രണ്ടിലും ഒരു റണ്‍ വിതമാണ്‌ നേടാനായത്‌. ടെസ്റ്റ്‌ ക്രിക്കറ്റിലും ഏകദിനങ്ങളിലും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പ്രാപ്‌തിയുള്ള പോണ്ടിംഗിന്‌ അതിവേഗ ക്രിക്കറ്റിലെ തന്ത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഇത്തവണ കഴിയുമെന്നാണ്‌ അവകാശപ്പെടുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദം ഗില്‍ക്രൈസ്റ്റും മാത്യൂ ഹെയ്‌ഡനുമെല്ലാം അരങ്ങ്‌ തകര്‍
ത്തത്‌ പോണ്ടിംഗ്‌ ആവേശത്തോടെയാണ്‌ കണ്ടിരുന്നത്‌. ഗില്ലിയെ പോലുളളവര്‍ പ്രകടിപ്പിക്കുന്ന മികവ്‌ മാതൃകയാക്കി ഇത്തണ ലോകകപ്പില്‍ അരങ്ങ്‌ തകര്‍ക്കുമെന്ന ഉറപ്പാണ്‌ അദ്ദേഹം ആരാധകര്‍ക്ക്‌ നല്‍കുന്നത്‌.

വീണ്ടും പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 മല്‍സരങ്ങളില്‍ പാക്കിസ്‌താന്‌ പ്രാതിനിധ്യമുണ്ടാവില്ല. ഓരോ രാജ്യങ്ങളിലെയും 20-20 ലീഗിലെ ആദ്യ രണ്ട്‌ സ്ഥാനക്കാരെ ഉള്‍പ്പെടുത്തിയാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. നേരത്തെ എട്ട്‌ ടീമുകള്‍ക്കായിരുന്നു ലീഗില്‍ സ്ഥാനം. എന്നാല്‍ ടീമുകളുടെ പങ്കാളിത്തം എട്ടില്‍ നിന്ന്‌ പന്ത്രണ്ടാക്കി ഉയര്‍ത്തിയിട്ടും പാക്കിസ്‌താന്‌ പ്രാതിനിധ്യം ലഭിക്കാതിരുന്നത്‌ പാക്‌ സര്‍ക്കാരിന്റെ നടപടി മൂലമാണെന്ന്‌ ടൂര്‍ണ്ണമെന്റ്‌ ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുളള എന്‍ട്രി നല്‍കേണ്ട അവസാന തിയ്യതി കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു. എന്നാല്‍ പാക്കിസ്‌താന്‍ സര്‍ക്കാര്‍ രാജ്യത്തെ ടീമുകള്‍ക്ക്‌ ഇന്ത്യയില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന്‌ മോഡി പറഞ്ഞു.

Monday, May 25, 2009

VETERAN UTSAV

ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ കീരീടനേട്ടത്തില്‍ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ മിടുക്ക്‌ കാട്ടിയവര്‍ വെറ്ററന്മാര്‍....! രാജ്യാന്തര ക്രിക്കറ്റ്‌ വിട്ട ആദം ഗില്‍ക്രൈസ്‌റ്റും അനില്‍ കുംബ്ലെയും ഷെയിന്‍ വോണും മാത്യൂ ഹെയ്‌ഡനുമെല്ലാം മൈതാനത്ത്‌ വിസ്‌മയങ്ങളായി നിറഞ്ഞ്‌ നിന്നപ്പോള്‍ സീനിയര്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡും ഹര്‍ഷല്‍ ഗിബ്‌സും ആന്‍ഡ്ര്യൂ സൈമണ്ട്‌സും ആര്‍.പി സിംഗും സ്വന്തം കരുത്ത്‌ തെളിയിച്ചു. യുവതാരങ്ങളാണ്‌ നിരാശ സമ്മാനിച്ചത്‌. ബാംഗ്ലൂര്‍ റോല്‍സിന്റെ മനീഷ്‌ പാണ്ഡെയെ മാറ്റിനിര്‍ത്തിയാല്‍ ചാമ്പ്യന്‍ഷിപ്പിന്റെ കണ്ടുപിടുത്തമായി വിശേഷിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. രോഹിത്‌ ശര്‍മ്മയും പ്രഗ്യാന്‍ ഒജയും കാട്ടിയ മികവ്‌ മാത്രമാണ്‌ ലോകകപ്പിന്‌ ഒരുങ്ങുന്ന ഇന്ത്യന്‍ ക്യാമ്പിന്‌ ആശ്വസിക്കാനുളളത്‌.
പോയ വര്‍ഷത്തില്‍ അവസാന സ്ഥാനത്തേക്ക്‌ പിന്തളളപ്പെട്ടവരായ ഡക്കാനും ബാംഗ്ലൂരും ഇത്തവണ ഫൈനല്‍ കളിച്ചത്‌ തന്നെ സീനിയര്‍ താരങ്ങളുടെ പിന്‍ബലത്തിലാണ്‌. ഐ.പി.എല്‍ ആദ്യ സീസണില്‍ ഷെയിന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ്‌ കിരീടം നേടിയത്‌ യുവതാരങ്ങളായ അസനോദ്‌കര്‍, യൂസഫ്‌ പത്താന്‍, സുഹൈല്‍ തന്‍വീര്‍ തുടങ്ങിയവരിലൂടെയായിരുന്നു. പക്ഷേ ഇത്തവണ വോണിന്റെ സംഘത്തില്‍ കുതികുതിപ്പ്‌ നടത്താന്‍ യുവനിരയിലെ ആര്‍ക്കുമായില്ല. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളില്‍ സാഹചര്യം മനസ്സിലാക്കി കളിക്കാന്‍ യുവതാരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഡക്കാന്റെ നേട്ടത്തില്‍ നിറഞ്ഞത്‌ സീനിയേഴ്‌സാണ്‌. സീനിയേഴ്‌സിനൊപ്പം നായകന്‍ ആദം ഗില്‍ക്രൈസ്‌റ്റിന്റെ തന്ത്രങ്ങളില്‍ വളര്‍ന്ന യുവതാരങ്ങളില്‍ ചിലര്‍ പ്രതീക്ഷ കാത്തതുമാണ്‌ അന്തിമ വിശകലനത്തില്‍ ടീമിന്‌ തുണയായത്‌.
20-20 ക്രിക്കറ്റെന്നാല്‍ പലപ്പോഴും ബാറ്റ്‌സ്‌മാന്മാരുടെ ക്രിക്കറ്റാണ്‌. പക്ഷേ ദക്ഷിണാഫ്രിക്കയിലെ മല്‍സരങ്ങളില്‍ ബൗളര്‍മാര്‍ക്കും വ്യക്തമായ ആധിപത്യം നിലനിര്‍ത്താനായി. ഫൈനല്‍ മല്‍സരത്തില്‍ പോലും ബാറ്റ്‌സ്‌മാന്മാരെക്കാള്‍ കരുതത്‌ പ്രകടിപ്പിച്ചത്‌ ബൗളര്‍മാരായിരുന്നു.
ഫൈനലിനെ വിലയിരുത്തുമ്പോള്‍ ഡക്കാന്റെ നേട്ടമായത്‌ ഹര്‍ഷല്‍ ഗിബ്‌സ്‌ എന്ന ഓപ്പണറാണ്‌. സാധാരണ ഗതിയില്‍ ഗിബ്‌സ്‌ ആക്രമണകാരിയാണ്‌. പന്തിനെ അതിവേഗം അതിര്‍ത്തി കടത്താനുളള തിടുക്കത്തില്‍ പലപ്പോഴും അദ്ദേഹത്തിന്‌ പിഴക്കാറുണ്ട്‌. ഫൈനലില്‍ പക്ഷേ ആദ്യ ഓവറില്‍ തന്നെ ഗില്‍ക്രൈസ്‌റ്റ്‌ പൂജ്യനായി പുറത്തായപ്പോള്‍ ഗിബ്‌സ്‌ നിലപാട്‌ മാറ്റി. ഈ മാറ്റമാണ്‌ ഡക്കാന്‍ ഇന്നിംഗ്‌സിന്‌ കരുത്തായതും. ഗില്‍ക്രൈസ്റ്റിനെ പുറത്താക്കാന്‍ വേണ്ടി മാത്രമായിരുന്നു കുംബ്ലെ പുതിയ പന്തില്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്‌തത്‌്‌. വളരെ നാടകീയമായി ഗില്ലിയെ പുറത്താക്കുന്നതില്‍ കുംബ്ലെ വിജയിക്കകയും ചെയ്‌തു.
ഗിബ്‌സ്‌ ഗില്‍ക്രൈസ്റ്റിന്റെ പാതയില്‍ പെട്ടെന്ന്‌ തിരിഞ്ഞു നടന്നിരുന്നെങ്കില്‍ കാര്യങ്ങളെ നിയന്ത്രിക്കാന്‍
ഡക്കാന്‌ കഴിയുമായിരുന്നില്ല. ഗില്ലിക്ക്‌ പകരം ക്രീസിലെത്തിയ സുമനും മറ്റുള്ളവര്‍ക്കും വഴി കാട്ടുന്ന പക്വമായ ഇന്നിംഗ്‌സായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റേത്‌. ഡക്കാന്‍ ടീമിന്‌ ചാമ്പ്യന്‍ഷിപ്പില്‍ പ്രശ്‌നമായത്‌ വ്യക്തമായ നയമില്ലായ്‌മയായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ കരുത്ത്‌ കാട്ടി, പിന്നെ മങ്ങി. എല്ലാ മല്‍സരങ്ങളിലും ആക്രമണമാണ്‌ ഏറ്റവും മികച്ച ആയുധമെന്ന്‌ തെറ്റിദ്ധരിച്ചതായിരുന്നു ടീമിനെ ബാധിച്ചത്‌. സാഹചര്യങ്ങളെ പഠിച്ച്‌ കളിക്കണമെന്ന സത്യം ടീമിന്‌ പകര്‍ന്നു നല്‍കാന്‍ കോച്ച്‌ ലെഹ്‌മാനായില്ല. പക്ഷേ സെമിയില്‍ ടീം കാര്യങ്ങള്‍ പഠിച്ചു. ഫൈനലില്‍ അത്‌ മറന്നതുമില്ല. ഗില്‍ക്രൈസ്റ്റ്‌ പുറത്തായപ്പോള്‍ ഗിബ്‌സ്‌ മാതൃകാതാരമായി. ബൗളര്‍മാര്‍ക്ക്‌ പിച്ചില്‍ നിന്നും ലഭിക്കുന്ന പിന്തുണ മനസ്സിലാക്കി കൂറ്റനടികള്‍ക്ക്‌ ഗിബ്‌സ്‌ ശ്രമിച്ചില്ല. നേരിട്ട മുപ്പത്തിനാലാമത്‌ പന്തില്‍ മാത്രമാണ്‌ അദ്ദേഹം വലിയ ഷോട്ടില്‍ സിക്‌സര്‍ നേടിയത്‌. പുറത്താവാതെ അര്‍ദ്ധശതകം സ്വന്തമാക്കിയ ഗിബ്‌സിന്റെ ഇന്നിംഗ്‌സിലെ വലിയ ഷോട്ട്‌ ഇത്‌ മാത്രമായിുന്നു.
ആന്‍ഡ്ര്യൂ സൈമണ്ട്‌സും മാതൃക കാട്ടി. എല്ലാ പന്തുകളെയും അദ്ദേഹം പ്രഹരിച്ചില്ല. രാഹുല്‍ ദ്രാവിഡ്‌ നല്‍കിയ ലൈഫ്‌ ഉപയോഗപ്പെടുത്തി മോശം പന്തുകളെ തെരഞ്ഞെടുത്ത്‌ പ്രഹരിക്കുന്നതില്‍ സൈമോ വിജയിച്ചു. ബാറ്റ്‌സ്‌മാാന്‍ എന്ന നിലയിലും ബൗളര്‍ എന്ന നിലയിലും സൈമോ വളരെ പക്വമതിയായിരുന്നു.
ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ഗില്ലി പരാജയപ്പെട്ടിട്ടും അദ്ദേഹത്തിലെ നായകന്‍ തീര്‍ത്തും സാഹസീകനായി. നിരന്തരമായ ബൗളിംഗ്‌ മാറ്റങ്ങള്‍ മാത്രമല്ല, വിരാത്‌ കോഹ്‌ലിയെ പുറത്താക്കിയ സ്റ്റംമ്പിഗും ഗില്ലിയുടെ കരുത്തിനുളള തെളിവുകളായി. ഡക്കാന്‍ നിരയിലെ യുവതാരങ്ങളും സ്വന്തം സംഭാവനകള്‍ ടീമിന്‌ നല്‍കി. ഹര്‍മീത്‌ സിംഗ്‌ എന്ന പഞ്ചാബി സീമര്‍ തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക്‌ മാറ്റിവെച്ചത്‌ പോലെ തോന്നി. രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയത്‌ ഹര്‍മീതായിരുന്നു. പാഡില്‍ സ്വീപ്പിന്‌ ശ്രമിച്ച ദ്രാവിഡ്‌ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ബാംഗ്ലൂരിന്റെ വാലറ്റ്‌ ബാറ്റ്‌സ്‌മാന്‍ വീനയ്‌ കുമാറിനെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ചും ഹര്‍മിതിന്റെ വകയായിരുന്നു. രോഹിത്‌ ശര്‍മ്മയാണ്‌ ഡക്കാന്‍ ബാറ്റിംഗ്‌ നിരയില്‍ സ്ഥിരത കാട്ടിയ യുവതാരം. ഫൈനലില്‍ കേമത്വം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബൗളര്‍ എന്ന നിലയില്‍ കൂടി തന്റെ വിശ്വാസ്യത തെളിയിക്കുന്നതില്‍ മുംബൈക്കാരന്‍ വിജയിച്ചു. പ്രഗ്യാന്‌ ഒജയും മോശമാക്കിയില്ല.
കുംബ്ലെ നായകനായ ശേഷം അവിശ്വസനീയമാം വിധം തിരിച്ചുവരവ്‌ നടത്തിയ ബാംഗ്ലൂര്‍ നിര്‍ഭാഗ്യത്തിനിരയായാണ്‌ ഫൈനലില്‍ അടിയറവ്‌ പറഞ്ഞത്‌. കുംബ്ലെയിലെ നായകനെ സമ്മതിക്കാത വയ്യ. ജയിക്കാന്‍ വേണ്ടി അവസാനം വരെ അദ്ദേഹം ശ്രമിച്ചിരുന്നു. ആദ്യം ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ സ്വയം പുതിയ പന്തെടുത്തു. മൂന്നാം പന്തില്‍ തന്നെ അപകടകാരിയായ ഗില്‍ക്രൈസ്റ്റിനെ പുറത്താക്കി. ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ അപകടം വിതറാന്‍ തുടങ്ങിയപ്പോഴും രക്ഷകനായത്‌ കുംബ്ലെ. 16 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റുകളാണ്‌ അദ്ദേഹം നേടിയത്‌. പക്ഷേ നായകന്റെ കണക്ക്‌ക്കൂട്ടലുകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കായില്ല. ജാക്‌ കാലിസ്‌, മനീഷ്‌ പാണ്ഡെ, രാഹുല്‍ ദ്രാവിഡ്‌, റോസ്‌ ടെയ്‌ലര്‍, വിരാത്‌ കോഹ്‌ലി, മാര്‍ക്‌ ബൗച്ചര്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയ ബാറ്റ്‌സ്‌മാന്മാരെല്ലാമുണ്ടായിട്ടും 145 റണ്‍സ്‌ പിന്നിടാന്‍ ടീമിനായില്ല. ചാമ്പ്യന്‍ഷിപ്പിലെ അപകടകാരികളില്‍ ഒന്നാമന്‍ ടെയ്‌ലറായിരുന്നു. എതിര്‍ ബൗളര്‍മാരെ അനായാസം നേരിടുന്ന ന്യൂസിലാന്‍ഡുകാരന്‍ പുറത്തായതായിരുന്നു ഡക്കാന്‌്‌ കരുത്തായത്‌.
മല്‍സര ശേഷം സംസാരിക്കവെ ഡക്കാന്‍ നായകന്‍ ഗില്‍ക്രൈസ്റ്റ്‌ ഈ കാര്യം പറയുകയും ചെയ്‌തു. ഒരു മാസത്തെ ക്രിക്കറ്റ്‌ കാര്‍ണിവല്‍ സമ്മാനിച്ച ആവേശത്തിന്റെ പാരമ്യതയായിരുന്നു ന്യൂ വാണ്ടറേഴ്‌സ്‌ സ്റ്റേഡിയത്തിലെ ഫൈനല്‍. ടീമുകളില്‍ കൊല്‍ക്കത്തയാണ്‌ എല്ലാവരെയും നിരാശപ്പെടുത്തിയത്‌. മുംബൈയും രാജസ്ഥാനും പഞ്ചാബും സ്ഥിരതയില്‍ പിറകിലായി. കപ്പിലേക്ക്‌ നടന്നവരില്‍ മുന്‍പന്തിയിലായിരുന്ന ഡല്‍ഹിക്കാര്‍ക്ക്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പിഴച്ചു. മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈക്കും ഇത്‌ തന്നെയാണ്‌ സംഭവിച്ചത്‌.

20 ചിന്തകള്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: 20:20 ക്രിക്കറ്റിന്റെ ആവേശം അതിന്റെ അനിശ്ചിതത്വമുഖമാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ എന്ന ആശയം ലളിത്‌ മോഡിയുടെ തലയില്‍ ഉദിച്ചപ്പോള്‍, ഷെയിന്‍ വോണും രാജസ്ഥാന്‍ റോയല്‍സും കപ്പില്‍ മുത്തമിടുമെന്ന്‌ ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തവണ എല്ലാവരും പറഞ്ഞത്‌ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ കപ്പുമായി മടങ്ങുമെന്നാണ്‌. പക്ഷേ സംഭവിച്ചതാവട്ടെ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌. ആദ്യ സീസണിലെ അവസാന സ്ഥാനക്കാരായ ഡക്കാനും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സുമാണ്‌ ഇത്തവണ ഫൈനല്‍ കളിച്ചത്‌ എന്നതും തികഞ്ഞ വിരോധാഭാസം.
വളരെ പക്വമായി കളിക്കുന്നവര്‍ക്കാണ്‌ 20-20 യില്‍ വിജയം എന്നതാണ്‌ അംഗീകരിക്കപ്പെട്ട വസ്‌തുത. പക്ഷേ അതും വാണ്ടറേഴ്‌സില്‍ വെറുതെയായി. പക്വമതികളായ അനില്‍ കുംബ്ലെയും രാഹുല്‍ ദ്രാവിഡും ജാക്‌ കാലിസുമെല്ലാം കളിച്ചത്‌ ബാംഗ്ലൂര്‍ സംഘത്തിലായിരുന്നു. അവര്‍ക്ക്‌ പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ പക്വത പ്രകടിപ്പിക്കാനായില്ല. രാഹുല്‍ ദ്രാവിഡ്‌ എന്ന സ്ലിപ്പ്‌ ഫീല്‍ഡര്‍ ക്യാച്ചിന്റെ കാര്യത്തില്‍ ലോക റെക്കോര്‍ഡുകാരനാണ്‌. പക്ഷേ ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ നല്‍കിയ ഏറ്റവും വലിയ എളുപ്പ അവസരം നിലത്തിട്ടു. ബാറ്റ്‌സ്‌മാനായ ദ്രാവിഡ്‌ വെറുതെ റിവേഴ്‌സ്‌ സ്വീപ്പിന്‌ ശ്രമിച്ച്‌ വിക്കറ്റ്‌ ബലി നല്‍കി. ദ്രാവിഡിലെ പക്വമതിക്ക്‌്‌ പോലും പിഴച്ച കാഴ്‌ച്ചകളിലാണ്‌ ബാംഗ്ലൂര്‍ തോറ്റത്‌. കഴിഞ്ഞ തവണ രാജസ്ഥാന്‍ റോയല്‍സ്‌ കപ്പില്‍ മുത്തമിട്ടത്‌്‌ ചിലരുടെ വ്യക്തിഗത മികവിലായിരുന്നു. ഷെയിന്‍ വാട്ട്‌സണും യൂസഫ്‌ പത്താനും തന്‍വീര്‍ സുഹൈലുമെല്ലാം പ്രകടിപ്പിച്ച മികവിനൊപ്പം വോണിന്റെ നായകത്വവുമായപ്പോഴാണ്‌ റോയല്‍സ്‌ ജേതാക്കളായത്‌. ബാംഗ്ലൂര്‍ നിരയില്‍ വ്യക്തിഗത മികവുകാരുണ്ടായിരുന്നു. പക്ഷേ എല്ലാവരും സമ്മര്‍ദ്ദത്തില്‍ കളിച്ചു. സുന്ദരമായ തുടക്കമാണ്‌ കുംബ്ലെ ടീമിന്‌ നല്‍കിയത്‌. ഗില്‍ക്രൈസ്റ്റിനെ പൂജ്യത്തിന്‌ പുറത്താക്കിയതോടെ കളി പകുതി ജയിച്ചു എന്ന വിശ്വാസം പക്ഷേ അവരെ ചതിച്ചു. ഗില്ലിയെ പുറത്താക്കിയ ശേഷം ബൗളര്‍മാര്‍ അല്‍പ്പം ആലസ്യം പൂണ്ടു. സൈമണ്ട്‌സ്‌ അടിക്കാന്‍ തുടങ്ങിയതോടെ സമ്മര്‍ദ്ദമായി. ഈ സമ്മര്‍ദ്ദം ടീമിനെ അവസാനം വരെ വിടാതെ പിന്തുടര്‍ന്നു. അതേ സമയം ഡക്കാന്‍നിര ഗില്ലി തുടക്കത്തില്‍ പുറത്തായിട്ടും പതര്‍ച്ച പ്രകടിപ്പിച്ചില്ല. ഗിബ്‌സും സൈമണ്ട്‌സും പൊരുതി നിന്നു. ആര്‍.പി സിംഗ്‌ എന്ന സീമര്‍ അവസാന രണ്ട്‌്‌ നിര്‍ണ്ണായക ഓവറുകള്‍ എറിഞ്ഞത്‌ തന്നെ ഉദാഹരണം. പുഞ്ചിരിക്കുന്ന മുഖവുമായാണ്‌ ആര്‍.പി റോബിന്‍ ഉത്തപ്പക്കെതിരെ അവസാന പന്തുകള്‍ പായിച്ചത്‌.
സന്തുലിതമായ ടീമുകളുടെ കാര്യത്തില്‍ പോലും അനിശ്ചിതത്വം നിഴലിച്ചു. ഡല്‍ഹിയും ചെന്നൈയുമായിരുന്നു സന്തുലിതക്കാര്‍. ഈ രണ്ട്‌്‌ പേരും സെമി കളിച്ച്‌ പുറത്തായി. മികവല്ല, സാഹചര്യങ്ങളെ നേരിടുന്നതിലെ പക്വതയാണ്‌ വിജയഘടകമെന്ന്‌ ഇത്തവണയും ഐ.പി.എല്‍ തെളിയിച്ചു. ഇന്ത്യയില്‍ നിന്നും ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ പറിച്ചുനട്ടപ്പോള്‍ പിച്ചുകളിലെ ജീവന്‍ പ്രധാനമായിരുന്നു. അത്‌ മനസ്സിലാക്കി ബാറ്റ്‌സ്‌മാന്മാര്‍ക്കൊപ്പമുള്ള സ്ഥാനം ആദ്യ ഇലവനില്‍ ബൗളര്‍മാര്‍ക്ക്‌ നല്‍കുന്നതില്‍ പല ടീമുകളും പരാജയപ്പെട്ടു. ഷോട്ട്‌ പിച്ച്‌ പന്തുകള്‍ പായിക്കുന്ന ബൗളര്‍മാരാണ്‌ പലപ്പോഴും ഇവിടെ വിജയിച്ചത്‌. സുരേഷ്‌ റൈനയെ പോലുളളവര്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചു. പക്ഷേ ഷോട്ട്‌ പിച്ച്‌ പന്തുകള്‍ക്ക്‌ മുന്നില്‍ വിയര്‍ത്തു. 20-20 ക്ക്‌ പറ്റിയ താരമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന്‌ പലരും പറഞ്ഞിരുന്നു. പക്ഷേ സച്ചിന്‍ ഏത്‌ ക്രിക്കറ്റും തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ചു. കൊല്‍ക്കത്തന്‍ നിരയിലെ വെറ്ററനായ സൗരവ്‌ ഗാംഗുലിയും ചില മികച്ച ഇന്നിംഗ്‌സുകളിലൂടെ സാന്നിദ്ധ്യം തെളിയിച്ചു.

ഒന്നാമന്‍ ആരാണ്‌....
റോം: ഇറ്റാലിയന്‍ ആസ്ഥാന നഗരം ഒരുങ്ങിയിരിക്കുന്നു.... യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്തുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ കലാശപ്പോരാട്ടം നാളെ ഇവിടെ നടക്കുകയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മുടിചൂടാമന്നന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ സ്‌പെയിനിലെ ജേതാക്കളായ ബാര്‍സിലോണയുമായി കളിക്കുമ്പോള്‍ അത്‌ ലോക സോക്കറിലെ രണ്ട്‌ അജയ്യരുടെ ബലാബലമായി മാറും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരവും ലോക ഫുട്‌ബോളറുമായ കൃസ്‌റ്റിയാനോ റൊണാള്‍ഡോയും ബാര്‍സിലോണയുടെ അശ്വമായ ലയണല്‍ മെസിയും തമ്മിലുള്ള അങ്കമായിട്ടാണ്‌ നാളത്തെ ഫൈനല്‍ വിശേഷിപ്പിക്കപ്പെടുന്നത്‌.
ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടത്തിനായുളള മല്‍സരത്തില്‍ പോയ വര്‍ഷം കൃസ്‌റ്റിയാനോക്ക്‌ മുന്നില്‍ മെസി അടിയറവ്‌ പറഞ്ഞത്‌ ചെറിയ മാര്‍ജിനിലായിരുന്നു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ മാഞ്ചസ്റ്ററിനെതിരെ മികച്ച പ്രകടനം നടത്താനായാല്‍ അത്‌ ഈ വര്‍ഷത്തെ ഫിഫാ പട്ടം സ്വന്തമാക്കാന്‍ തന്നെ സഹായിക്കുമെന്ന കാര്യത്തില്‍ മെസിക്ക്‌ സംശയില്ല. റോം ഫൈനല്‍ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള അങ്കമായിരിക്കും എന്ന ചീത്രീകരണത്തോട്‌്‌ മെസി യോജിക്കുന്നില്ല. ഇന്ന്‌ ലോക സോക്കറിലെ ഏറ്റവും മികച്ച രണ്ട്‌ ക്ലബുകളാണ്‌ മാഞ്ചസ്‌റ്ററും ബാര്‍സയും. രണ്ട്‌ പ്രബല ടീമുകള്‍ തമ്മില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും മല്‍സരത്തിന്‌ അതിന്റേതായ പ്രസക്തിയുണ്ടാവുമെന്ന്‌ മെസി വിശദീകരിക്കുന്നു. പോയ വര്‍ഷം ഈ രണ്ട്‌ ടീമുകളും തമ്മില്‍ ചാമ്പ്യന്‍സ്‌ ലീഗില്‍ കണ്ട്‌ മുട്ടിയത്‌ സെമി ഫൈനലിലായിരുന്നു. ആ മല്‍സരത്തില്‍ ബാര്‍സ ഒരു ഗോളിന്‌ തോറ്റു. ആ തോല്‍വിക്ക്‌ പകരം വിട്ടാനുള്ള അവസരം തന്റെ ടീം ഉപയോഗപ്പെടുത്തുെമന്നാണ്‌ സൂപ്പര്‍ താരം പറയുന്നത്‌.
ഈ സീസണില്‍ ബാര്‍സക്ക്‌ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. സ്‌പാനിഷ്‌ ലീഗില്‍ കിരീടം ഉറപ്പാക്കിയ ടീം കോച്ചച്‌ പെപ്‌ ഗുര്‍ഡിയോളക്ക്‌ കീഴില്‍ ഒത്തൊരുമയോടെയാണ്‌ കളിക്കുന്നത്‌. സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും അതിനൊപ്പം യുവേഫ ചാമ്പ്യന്‍സ്‌ ലീഗും സ്വന്തമാക്കുന്ന ആദ്യ സ്‌പാനിഷ്‌ ടീം എന്ന ഖ്യാതി സ്വന്തമാക്കാനാണ്‌ നാളെ ടീം റോമില്‍ ഇറങ്ങുന്നത്‌. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ മെസി ബാര്‍സയിലെത്തുന്നത്‌. ഈ അഞ്ച്‌ വര്‍ഷ കാലയളവില്‍ തന്റെ ഏറ്റവും മികച്ച സീസണ്‍ ഇതാണെന്നാണ്‌ അദ്ദേഹം വീശദീകരിക്കുന്നത്‌. തുടക്കത്തില്‍ സ്‌പാനിഷ്‌ കപ്പ്‌ നേടാനായി. അതിന്‌ ശേഷം ലീഗ്‌ കിരീടം. ഇനി അവസാന ചാമ്പ്യന്‍ഷിപ്പായ ചാമ്പ്യന്‍സ്‌ ലീഗാണ്‌. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി കപ്പ്‌ സ്വന്തമാക്കുക എളുപ്പമല്ല. പക്ഷേ ആത്മവിശ്വാസത്തോടെ കളിച്ചാല്‍ ഒന്നാമന്മാരാവാമെന്നാണ്‌ അര്‍ജന്റീനക്കാരന്‍ സമര്‍ത്ഥിക്കുന്നത്‌. 1992 ലും 2006 ലും വന്‍കരയിലെ മികച്ച ക്ലബായി തെരഞ്ഞെടുക്കപ്പെട്ട ബാര്‍സക്ക്‌ നാളത്തെ ഫൈനലില്‍ പല സൂപ്പര്‍ താരങ്ങളുടെയും സേവനം ലഭ്യമല്ല. ഫുള്‍ബാക്കുകളായ ഡാനിയല്‍ ആല്‍വസ്‌, എറിക്‌ അബിദാല്‍ എന്നിവര്‍ സസ്‌പെന്‍ഷനിലാണ്‌. ഡിഫന്‍ഡര്‍മാരായ റാഫേല്‍ മാര്‍ക്കസ്‌, ഗബ്രിയേല്‍ മിലിഷോ എന്നിവരുടെ കാര്യത്തില്‍ ഉറപ്പുമില്ല. മുന്‍നിരയില്‍ കളിക്കുന്ന തിയറി ഹെന്‍ട്രി ഫൈനലില്‍ കളിക്കുന്ന കാര്യത്തിലും സംശയമുണ്ട്‌. ഈ സീസണില്‍ ടീമിന്‌ വേണ്ടി 25 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത ഹെന്‍ട്രി ഒരു മാസം മുമ്പാണ്‌ അവസാനമായി ടീമിനായി കളിച്ചത്‌. ആന്ദ്രെ ഇനിയസ്റ്റയുടെ ആരോഗ്യ കാര്യത്തിലും കോച്ച്‌ സംതൃപ്‌തനല്ല.

മണിപ്പൂരിന്‌ മഹാജയം
കോയമ്പത്തൂര്‍: അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്ലസ്റ്റര്‍ മല്‍സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ മണിപ്പൂര്‍ മറുപടിയില്ലാത്ത ഒമ്പത്‌ ഗോളിന്‌ ഉത്തര്‍കണ്ഡിനെ കശാപ്പ്‌ ചെയ്‌തു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഹരിയാന ആറ്‌ ഗോളിന്‌ ഗുജറാത്തിനെയും മഹാരാഷ്ട്ര മൂന്ന്‌ ഗോളിന്‌ ഉത്തര്‍ പ്രദേശിനെയും തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ ഗോവ ഒരു ഗോളിന്‌ താര്‍ഖണ്ഡിനെ തോല്‍പ്പിക്കാന്‍ ഏറെ വിയര്‍ത്തു. മണിപ്പൂരിന്റെ കരുത്തിന്‌ മുന്നില്‍ ഉത്തര്‍ഖണ്ഡ്‌ ഇല്ലാതാവുന്ന കാഴ്‌ച്ചയാണ്‌ തിരുവളളൂരില്‍ നടന്ന ക്ലസ്റ്റര്‍ ആറ്‌്‌ മല്‍സരത്തില്‍ കാണാനായത്‌. മുപ്പത്തിമൂന്നാം മിനുട്ട്‌ മുതലാണ്‌ മണിപ്പൂര്‍ ഗോള്‍വേട്ടയാരംഭിച്ചത്‌. ബിശേഷ്വര്‍ സിംഗിന്റെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ഇടവേളക്ക്‌ മുമ്പ്‌ ബിജന്‍സിംഗും റൈസന്‍ഗായിയും ടീമിന്റെ ലീഡ്‌ ഉയര്‍ത്തി. രണ്ടാം പകുതിയിലാണ്‌ ആറ്‌ ഗോളുകളുമായി മണിപ്പൂര്‍ കളം വാണത്‌.
ക്ലസ്റ്റര്‍ ഏഴില്‍ ഹരിയാനക്ക്‌ ഗുജറാത്ത്‌ എതിരാളികളായിരുന്നില്ല. നെഹ്‌റു സ്റ്റേഡിയത്തില്‍ കളി കാണാന്‍ ആരുമില്ലാതിരുന്നതൊന്നും ഹരിയാനക്കാരെ ബാധിച്ചില്ല. പതിനേഴാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. പിന്നെ ഹരിയാനക്ക്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ക്ലസ്‌റ്റര്‍ രണ്ടില്‍ മഹരാഷ്ട്രക്കാര്‍ അനായാസമാണ്‌ ഉത്തര്‍ പ്രദേശിനെ ഇല്ലാതാക്കിയത്‌. മലയാളിയായ അനസ്‌ നേടിയ ഗോളില്‍ മുപ്പത്തിരണ്ടാം മിനുട്ടില്‍ മഹാരാഷ്ട്ര ലീഡ്‌ നേടി. അലക്‌സ്‌ മരിയോ അംബ്രോസ്‌, സാഹിദ്‌ അന്‍സാരി എന്നിവര്‍ ടീമിന്റെ വിജയമുറപ്പിച്ച ഗോളുകള്‍ സക്കോര്‍ ചെയ്‌തു. ക്ലസ്‌റ്റര്‍ നാലില്‍ ഗോവയാണ്‌ വിയര്‍ത്തത്‌. ഫെലിക്‌സ്‌ ഡീസൂസ നയിച്ച ഗോവന്‍ ടീമിന്‌ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ എണ്‍പത്തി രണ്ട്‌ മിനുട്ട്‌ കാത്ത്‌ നില്‍ക്കേണ്ടി വന്നു. ലോംഗ്‌ വിസിലിന്‌ എട്ട്‌ മിനുട്ട്‌ ബാക്കിനില്‍ക്കെ സ്‌പോര്‍ട്ടിംഗ്‌ ക്ലബിന്റെ മുന്‍നിരക്കാരാനായ ഫ്രെഡ്ഡി മസ്‌കരാനസാണ്‌ ഗോള്‍ നേടിയത്‌.

ഇന്ന്‌ കേരളം
കോയമ്പത്തൂര്‍: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇന്ന്‌ ആദ്യ മല്‍സരത്തിനിറങ്ങുന്നു. എന്‍.പി പ്രദീപ്‌ നയിക്കുന്ന സംഘം എതിരിടുന്നത്‌ ദുര്‍ബലരായ ചണ്ഡിഗറിനെയാണ്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ പോണ്ടിച്ചേരി ജമ്മു കാശ്‌മീരിനെയും മധ്യപ്രദേശ്‌ മിസോറാമിനെയും ഡല്‍ഹി ആസാമിനെയും തമിഴ്‌നാട്‌ ഹിമാചലിനെയും രാജസ്ഥാന്‍ ത്രിപുരയെയും ഉത്തര്‍ പ്രദേശ്‌ മേഘാലയയെയും നേരിടും. കഴിഞ്ഞ വര്‍ഷം സെമിഫൈനല്‍ കാണാതെ പുറത്തായത്‌ കാരണം ഇത്തവണ പ്രാഥമിക റൗണ്ട്‌ മുതല്‍ കളിക്കേണ്ട അവസ്ഥയിലാണ്‌ കേരളാ ടീം.

Saturday, May 23, 2009

GILLETIN GILLY

സെഞ്ചൂറിയന്‍: അതൊരു കൊലപാതകമായിരുന്നു... ആദം ഗില്‍ക്രൈസ്റ്റ്‌ എന്ന കൊലയാളി ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന ചെകുത്താന്മാരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കിയ കാഴ്‌ച്ചയില്‍ ഇന്ത്യന്‍ പ്രിമിയര്‍
ലീഗ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ്‌ ഫൈനല്‍ കാണാതെ പുറത്തായത്‌. ഐ.പി.എല്ലിന്റെ ഒന്നാം സെമി ഫൈനല്‍ നടക്കുമ്പോള്‍ എല്ലാവരും ഫുള്‍ മാര്‍ക്ക്‌ നല്‍കിയ ടീം ഡല്‍ഹിയായിരുന്നു. സന്തുലിതമായ ബാറ്റിംഗ്‌, മോശമല്ലാത്ത ബൗളിംഗ്‌ നിര. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ സ്ഥിരത പ്രകടിപ്പിച്ച ടീം. വളരെ നേരത്തെ സെമി ഉറപ്പാക്കിയവര്‍-ഊ ഖ്യാതികളില്‍ സെമി കളിച്ച ടീമിന്‌ പക്ഷേ ഒരാള്‍ക്ക്‌ മുന്നില്‍ അടിയറവ്‌ പറയേണ്ടി വന്നു-ആദം ഗില്‍ക്രൈസ്റ്റിനോട്‌. മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ ഡല്‍ഹി നായകന്‍ വിരേന്ദര്‍ സേവാഗ്‌ പറഞ്ഞത്‌ തികച്ചും സത്യമായിരുന്നു-ഗില്‍ക്രൈസ്റ്റിനെ പിടിച്ചുകെട്ടാന്‍ എനിക്ക്‌ കഴിയില്ലായിരുന്നു. ഞാന്‍ എന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചു, ഫീല്‍ഡിലെ വിളളലുകള്‍ അടച്ചു. പക്ഷേ ഒന്നിനും ഗില്ലിയെ തടുക്കാനായില്ല. അദ്ദേഹത്തിന്റെ ദിവസത്തില്‍ അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ല.
വീരുവിന്റെ ഈ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. 20-20 ക്രിക്കറ്റ്‌ ദര്‍ശിച്ച ഏറ്റവും മികച്ച സംഹാരത്തില്‍ ഗില്‍ക്രൈസ്റ്റ്‌ കത്തിത്തിളങ്ങിയപ്പോള്‍ ഡല്‍ഹിക്കാരുടെ എല്ലാ ആയുധങ്ങളും വെറുതെയായി. ഗില്‍ക്രൈസ്‌റ്റിന്റെ മികവിന്റെ അകത്താരിലേക്ക്‌ കടന്നാല്‍ തന്നെയറിയാം അദ്ദേഹത്തിന്റെ പ്ലസുകള്‍. 85 റണ്‍സാണ്‌ 35 പന്തില്‍ അദ്ദേഹം അടിച്ചുകൂട്ടിയത്‌. ഈ 35 പന്തുകളില്‍ അഞ്ച്‌ പന്തുകള്‍ മാത്രമാണ്‌ വെറുതെ വിട്ടത്‌. ബാക്കിയെല്ലം പന്തുകളും അതിര്‍ത്തിയിലേക്കും ഗ്യാലറിയിലേക്കും പാഞ്ഞു.17 പന്തുകളില്‍ നിന്നായിരുന്നു ഫിഫ്‌റ്റി. ഐ.പി.എല്ലിലെ ഈ റെക്കോര്‍ഡ്‌ ഫിഫ്‌റ്റിയില്‍ യൂസഫ്‌ പത്താന്റെയും ബ്രെന്‍ഡന്‍ മക്കലത്തിന്റെയും റെക്കോര്‍ഡ്‌ ഫിഫ്‌റ്റികള്‍ (21 പന്തുകളില്‍) വെറുതെയായി.
രാജ്യാന്തര ക്രിക്കറ്റ്‌ വിട്ടയാളാണ്‌ ഗില്ലി. ഒരു വര്‍ഷത്തോളമായി മല്‍സര ക്രിക്കറ്റ്‌ അദ്ദേഹം കളിച്ചിട്ടില്ല. എന്നിട്ടും വളരെ അനായാസമായിട്ടാണ്‌ അദ്ദേഹം കളിച്ചത്‌ എന്നതാണ്‌ ആ ഇന്നിംഗ്‌സിന്‌ ചേതോഹാരിത പകരുന്നത്‌. ഗില്ലിയുടെ ഷോട്ടുകളില്‍ ഒന്നും മോശമായിരുന്നില്ല. എല്ലാം ഒന്നിനൊന്ന്‌ മെച്ചപ്പെട്ടവ. വളരെ മനോഹരമായി തന്നെ അദ്ദേഹം പന്തിനെ കാണുന്നു, പ്രഹരിക്കുന്നു. നാനസ്‌ എന്ന ഓസ്‌ട്രേലിയക്കാരനായ അതിവേഗക്കാരന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഗില്ലി നേടിയത്‌ 22 റണ്‍സ്‌... നാല്‌ ബൗണ്ടറികളും ഒരു സിക്‌സറും. വിരേന്ദര്‍ സേവാഗ്‌ ആക്രമണത്തിന്‌ വന്നപ്പോള്‍ ഒന്നിന്‌ പിറകെ ഒന്നായി മൂന്ന്‌ സിക്‌സറുകള്‍.
ബൗളര്‍മാരൊന്നും ഗില്ലിക്ക്‌ പ്രശ്‌നമായിരുന്നില്ല. എല്ലാം പെട്ടെന്ന്‌ അവസാനിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഗ്രൂപ്പ്‌ തലത്തിലെ അവസാന മല്‍സരത്തില്‍ ബാംഗ്ലൂരിന്‌ മുന്നില്‍ തോറ്റതിന്റെ നിരാശയൊന്നും പ്രകടിപ്പിക്കാതെയാണ്‌ ഡക്കാന്‍ ചാര്‍ജേഴ്‌സിനെ നയിച്ച്‌ അദ്ദേഹം സെമിക്കിറങ്ങിയത്‌. അല്‍പ്പം ഭേദപ്പെട്ട്‌ ബൗള്‍ ചെയ്‌ത ഡല്‍ഹി സീമര്‍ ആശിഷ്‌ നെഹ്‌റയുടെ ഒരു പന്ത്‌ മുന്‍പാദത്തില്‍ അദ്ദേഹം അതിര്‍ത്തിയിലേക്ക പായിച്ചപ്പോള്‍ കമന്ററി ബോക്‌സിലിരുന്ന രവിശാസ്‌ത്രി പറഞ്ഞത്‌ ഇത്രയും മികച്ച ഷോട്ട്‌ ഐ.പി.എല്ലില്‍ കണ്ടിട്ടില്ലെന്നാണ്‌. ഒരിക്കല്‍ പോലും പന്തിനെ പ്രഹരിക്കുന്ന രീതിയില്‍ ഗില്ലി കൈകളെ ഉയര്‍ത്തുന്നില്ല.നിന്ന നില്‍പ്പില്‍ അദ്ദഹം പന്തിനെ ഉയര്‍ത്തുകയാണ്‌. ബാറ്റ്‌സ്‌മാന്മാര്‍ പലപ്പോഴും പുറത്താവുന്നത്‌ രണ്ട്‌ മനസ്സോടെ പന്തിനെ നേരിടുമ്പോഴാണ്‌. ഗില്ലിയുടെ കാര്യത്തില്‍ ഡബിള്‍ മൈന്‍ഡ്‌ ഇല്ല. അദ്ദേഹത്തിന്റെ ആവനാഴിയില്‍ ആക്രമണത്തിന്റെ ഒരു തിര മാത്രമാണുളളത്‌. ഒരു ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പലവിധ ചിന്തയുണ്ടാവും. അടുത്ത ആറ്‌ പന്തുകള്‍ ആറ്‌ തരത്തില്‍ നല്‍കണം. പക്ഷേ ഗില്ലിയുടെ മനസ്സില്‍ ഒരു ചിന്തയാണ്‌. ആറ്‌ പന്തിനെയും അകറ്റണം. വിവിയന്‍ റിച്ചാര്‍ഡ്‌സും ഗാരി സോബേഴ്‌സും കീത്ത്‌ മില്ലറുമെല്ലാം ചേര്‍ന്നതാണ്‌ ഗില്‍ക്രൈസ്‌റ്റ്‌്‌. ലോക ക്രിക്കറ്റിന്‌ ആക്രമണത്തിന്റെ മുഖമുദ്ര സമ്മാനിച്ചത്‌ വിവിയന്‍ റിച്ചാര്‍ഡ്‌സാണ്‌. അദ്ദേഹത്തിന്റെ വീര്യമാണ്‌ ഗില്ലിക്കുള്ളത്‌.
ഗില്‍ക്രൈസ്‌റ്റ്‌ എന്ന നായകന്റെ നിലപാടും അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ പോലെയാണ്‌. ഓരോ മല്‍സരത്തിന്‌ മുമ്പും അദ്ദേഹം തന്റെ താരങ്ങളോട്‌ പറയുന്നത്‌ മല്‍സരത്തെ-അത്‌ ബാറ്റിംഗാണെങ്കിലും ബൗളിംഗാണെങ്കിലും ആസ്വദിക്കാനാണ്‌. ബാറ്റുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മൂഹൂര്‍ത്തമാണത്‌. അതിനെ ആഘോഷമാക്കണം. പന്തിനെ ഭയന്ന്‌ നില്‍ക്കരുത്‌. പന്തിനെ എന്തിന്‌ ഭയപ്പെടണം എന്നാണ്‌ അദ്ദേഹത്തിന്റെ ചോദ്യം. ബൗളര്‍മാര്‍ മോശക്കാരല്ല. അവര്‍ നല്ല പന്തുകള്‍ പായിക്കും. സെമിയില്‍ തന്നെ ഗില്ലിക്കെതിരെ നാനസും നെഹ്‌റയും സാംഗ്‌ വാനുമൊന്നും മോശം പന്തുകള്‍ പായിച്ചിരുന്നില്ല. പന്തുകളുടെ മികവല്ല, ഗില്ലി ക്രീസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മികവാണ്‌ പ്രകടമാവുന്നത്‌.
ഇന്ന്‌ രണ്ടാം ഐ.പി.എല്ലിലെ ജേതാക്കള്‍ ആരെന്നറിയാം. ഫൈനലില്‍ ഗില്ലിക്കെതിരെ പന്തെറിയുന്ന ബൗളറുടെ നെഞ്ച്‌ തുടക്കത്തില്‍ തന്നെ പിടയും. കാരണം തന്റെ പന്തിന്‌ എന്താണ്‌ സംഭവിക്കാന്‍ പോവുന്നതെന്ന്‌ ബൗളര്‍ക്കറിയില്ല. ഫൈനലില്‍ ഗില്ലിയുടെ സംഘത്തിന്‌ കരുത്തേകാന്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സുണ്ട്‌, ഹര്‍ഷല്‍ ഗിബ്‌സുണ്ട്‌, രോഹിത്‌ ശര്‍മ്മയുണ്ട്‌, ആര്‍.പി സിംഗുമുണ്ട്‌. ഈ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ കരുത്ത്‌ പ്രകടപ്പിച്ചവരാണ്‌ ചാര്‍ജേഴ്‌സ്‌. ഇടക്കൊന്ന്‌ അവര്‍ മങ്ങിയിരുന്നു. സെമിയിലെ ഗില്ലി കരുത്തില്‍ സ്വന്തം മികവ്‌ വീണ്ടും തെളിയിച്ച ചാര്‍ജേഴ്‌സിനെ കരുതിയിരിക്കാത്തപക്ഷം എതിരാളികള്‍ വെള്ളം കുടിക്കും.

ഒന്നല്ല, രണ്ട്‌
ഡര്‍ബന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിലുടെ യഥാര്‍ത്ഥ താരമായിരിക്കുന്നത്‌ ചാമ്പ്യന്‍ഷിപ്പിന്റെ കമ്മീഷണറും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വൈസ്‌ പ്രസിഡണ്ടുമായ ലളിത്‌ മോഡിയാണ്‌. ഇന്ത്യയില്‍ നടന്ന ഐ.പി.എല്ലിന്റെ ആദ്യ എപ്പിസോഡ്‌ വന്‍ വിജയമാക്കിയത്‌ മോഡിയുടെ ബുദ്ധിയായിരുന്നു. രണ്ടാം എപ്പിസോഡ്‌ അവസാന നിമിഷത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റേണ്ടി വന്നിട്ടും ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ നിലനിര്‍ത്തിയതിന്‌ പിറകിലും മറ്റാരുമായിരുന്നില്ല. ഇന്ന്‌ ലോക ക്രിക്കറ്റിലെ സുപരിചിതനായി ഈ രാജസ്ഥാന്‍കാരന്‍ മാറിയതിലും അല്‍ഭുതമില്ല. ക്രിക്കറ്റിനെ കച്ചവടത്തിന്റെ പുതിയ വിപണിയിലേക്ക്‌ നയിക്കുന്ന മോഡിയുടെ പുതിയ ആശയം ഒരു വര്‍ഷം രണ്ട്‌ ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുകയാണ്‌. ഒന്ന്‌ ഇന്ത്യയിലും മറ്റൊന്ന്‌ വിദേശത്തും. ദക്ഷിണാഫ്രിക്കയില്‍ ഐ.പി.എല്‍ നടത്തിയപ്പോള്‍ ലഭിച്ച പിന്തുണയാണ്‌്‌ മോഡിയെ രണ്ട്‌്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്ന ആശയത്തിലേക്ക്‌ നയിച്ചിരിക്കുന്നത്‌. സത്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയത്‌. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്‌ നടക്കുന്ന സമയമായതിനാല്‍ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ക്ക്‌ വന്‍ സുരക്ഷ നല്‍കാനാവില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ മറ്റ്‌ പോംവഴികളില്ലാതെയാണ്‌ മോഡി ദക്ഷിണാഫ്രിക്കയിലേക്ക്‌ പറന്നത്‌. ഈ നീക്കം ഗുണം ചെയ്‌തുവെന്നാണ്‌ ഇപ്പോള്‍ അദ്ദേഹം പറയുന്നത്‌. മല്‍സര കാര്യങ്ങളില്‍ മാത്രമല്ല, പരസ്യക്കാരെ ആകര്‍ഷിക്കുന്നതിലും കാണികളെ ആകര്‍ഷിക്കുന്നതിലും ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ നിലനിര്‍ത്തുന്നതിലുമെല്ലാം മോഡി വിജയിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ എവിടെ നടത്തിയാലും കാണികളുടെ കാര്യത്തില്‍ പഞ്ഞമുണ്ടാവില്ല എന്ന സത്യമാണ്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌ എന്നാണ്‌ മോഡി അവകാശപ്പെടുന്നത്‌. ജോഹന്നാസ്‌ബര്‍ഗ്ഗിലും കേപ്‌ടൗണിലും കിംബര്‍ലിയുമെല്ലാം കാണികള്‍ മല്‍സരങ്ങളെ ആഘോഷമാക്കുന്നു. അമേരിക്കയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടത്തിയാലും അത്‌ വന്‍വിജയമാക്കാന്‍ കഴിയുമെന്നാണ്‌ മോഡി പറയുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ നടക്കുന്നതിന്‌ മുമ്പ്‌ ഇതിന്റെ വിപണന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും വേവലാതിയില്ലെന്നും അദ്ദേഹം പറയുന്നു.

അവര്‍ക്ക്‌ വേണ്ടി
അബുദാബി: അബുദാബിയിലെ ഷെയ്‌ക്‌ സായിദ്‌ സ്റ്റേഡിയത്തില്‍ 2011 ലെ ക്രിക്കറ്റ്‌ ലോകകപ്പിലെ ചില മല്‍സരങ്ങളെങ്കിലും നടക്കുമോ...? പാക്കിസ്‌താന്റെ അനൗദ്യോഗിക രാജ്യാന്തര വേദിയായിരിക്കുന്ന സായിദ്‌ സ്‌റ്റേഡിയത്തില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ അനുവദിക്കുന്ന പക്ഷം അത്‌ വിജയപ്രദമാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ്‌ അബുദാബി ക്രിക്കറ്റ്‌ കൗണ്‍സില്‍ വ്യക്തമാക്കുന്നത്‌. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്‌താനില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) തീരുമാനിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പാക്കിസ്‌താന്‌ നേരത്തെ നല്‍കിയിരുന്ന മല്‍സരങ്ങള്‍ അബുദാബിയിലേക്ക്‌ മാറ്റാനായി അബുദാബി ക്രിക്കറ്റ്‌ കൗണ്‍സില്‍ പാക്കിസ്‌താനുമായി സഹകരിച്ച്‌ ആലോചന നടത്തുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.പി.എല്‍ മല്‍സരങ്ങള്‍ കാണാന്‍ ഇപ്പോള്‍ ജോഹന്നാസ്‌ബര്‍ഗ്ഗിലുള്ള അബുദാബി ക്രിക്കറ്റ്‌ കൗണ്‍സില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ദിലാവാര്‍ മാനി ഇതുമായി ബന്ധപ്പെട്ട്‌ പാക്‌ അധികൃതരെയും ഐ.സി.സി ഉന്നതരെയും കാണുന്നുണ്ട്‌.

എക്‌സ്‌പ്രസ്സ്‌ ഇല്ല
ലാഹോര്‍: ത്വക്‌ രോഗബാധിതനായ ഷുഹൈബ്‌ അക്തര്‍ ലോകകപ്പ്‌ 20-20 ക്കുള്ള പാക്കിസ്‌താന്‍ സംഘത്തില്‍ കളിക്കില്ല. പകരം പതിനഞ്ചംഗ സംഘത്തില്‍ റാവു ഇഫ്‌ത്തിക്കാറിനെ ഉള്‍പ്പെടുത്തി. രോഗ ബാധിതനായ അക്തറിനോട്‌ പത്ത്‌ ദിവസത്തെ ചികില്‍സക്കാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ എന്നാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. എന്നാല്‍ ഇന്ന്‌ പാക്കിസ്‌താനില്‍ ആരംഭിക്കുന്ന പ്രാദേശിക 20-20 ചാമ്പ്യന്‍ഷിപ്പില്‍ അക്തര്‍ കളിക്കുന്നുമുണ്ട്‌. ഷുഹൈബ്‌ ലോകകപ്പ്‌ സംഘത്തില്‍ കളിക്കില്ല എന്ന കാര്യം ടീം കോച്ച്‌ ഇന്‍ത്തികാബ്‌ ആലമാണ്‌ പരസ്യമാക്കിയത്‌. പലവട്ടം ഫിറ്റ്‌നസ്‌ വിഷയത്തില്‍ പി.സി.ബിയുമായി ഉടക്കിയ ചരിത്രമുണ്ട്‌ അക്തറിന്‌. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ പല ക്യാപ്‌റ്റന്മാരും പരസ്യമായി ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്‌. പുതിയ നീക്കങ്ങളില്‍ അക്തര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല.

Saturday, May 16, 2009

AZZA-THE M.P


ഇര്‍ഫാന്‍ ക്ലിക്‌ഡ്‌
ബ്ലോംഫോണ്‍ടെയിന്‍: ഇര്‍ഫാന്‍ പത്താന്‍ ക്ലിക്‌ഡ്‌...! ഇന്ത്യന്‍ ക്രിക്കറ്റ്‌ നഭസ്സിലെ പെര്‍ഫെക്ട്‌ ഓള്‍റൗണ്ടറായ ബറോഡക്കാരന്റെ കരുത്തില്‍ ജയിക്കാനായതോടെ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ആയുസ്സ്‌ നീട്ടികിട്ടിയിരിക്കയാണ്‌... രണ്ട്‌ വിക്കറ്റിന്റെ വിജയത്തില്‍ പോയന്റ്‌ ടേബിളില്‍ കിംഗ്‌സ്‌ ഇലവന്‍ ആറാം സ്ഥാനത്തേക്ക്‌ കയറി. 12 മല്‍സരങ്ങളില്‍ നിന്നായി അവര്‍ക്കിപ്പോള്‍ 12 പോയന്റായി. ഇനി രണ്ട്‌ മല്‍സരങ്ങള്‍ അവശേഷിക്കുന്നു. രണ്ടിലും വിജയിച്ചാല്‍ സെമി ടിക്കറ്റ്‌ സ്വന്തമാക്കാം.
ഇര്‍ഫാന്റെ ദിനമായിരുന്നു ബ്ലോംഫോണ്‍ടെയിനില്‍. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെട്ട ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ അവരെ 120 റണ്‍സില്‍ നിയന്ത്രിക്കുന്നതില്‍ കിംഗസ്‌ ഇലവനെ സഹായിച്ചത്‌ ഇര്‍ഫാനും ബ്രെട്ട്‌ ലീയും ശ്രീശാന്തുമായിരുന്നു. വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, എബി ഡി വില്ലിയേഴ്‌സ്‌, തിലകരത്‌നെ ദില്‍ഷാന്‍, പര്‍വേസ്‌ മഹറൂഫ്‌ തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരന്ന ടീമിനെ ചെറിയ സ്‌ക്കോറില്‍ തളക്കാനായത്‌ പക്ഷേ വലിയ നേട്ടമാക്കാന്‍ സ്വന്തം ബാറ്റിംഗിലൂടെ കിംഗ്‌സ്‌ സംഘത്തിന്‌ കഴിഞ്ഞിരുന്നില്ല. ഡല്‍ഹി ബൗളിംഗ്‌ മികവില്‍ നിലയുറപ്പിക്കവെ നിര്‍ണ്ണായകമായ അവസാന ഘട്ടത്തിലെത്തിയ ഇര്‍ഫാന്‍ മൂന്ന്‌ മിന്നല്‍ ബൗണ്ടറികളുമായി വിജയം ഉറപ്പിക്കുകയായിരുന്നു. 22 റണ്‍സ്‌ മാത്രം നല്‍കി ദിനേശ്‌ കാര്‍ത്തിക്കിന്റേതുള്‍പ്പെടെ രണ്ട്‌ വിക്കറ്റുകള്‍ സ്വന്തമാക്കുകയും 11 പന്തില്‍ പുറത്താവാതെ 21 ണ്‍സ്‌ നേടി ടീമിനെ വിജയിപ്പിക്കുകയും ചെയ്‌തിട്ടും പക്ഷേ കളിയിലെ കേമന്‍പ്പട്ടം ഇര്‍ഫാന്‌ ലഭിച്ചില്ല. 15 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയ ബ്രെട്ട്‌ ലീയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.
കിംഗ്‌സ്‌ ഇലവന്‌ വിജയം നിര്‍ബന്ധമായിരുന്ന മല്‍സരത്തില്‍ ടീമെന്ന നിലയില്‍ എല്ലാവരും പ്രകടിപ്പിച്ച കരുത്താണ്‌ പ്രധാനമായതെന്ന്‌ നായകന്‍ യുവരാജ്‌ സിംഗ്‌ പറഞ്ഞു. ഇര്‍ഫാനിലെ ഓള്‍റൗണ്ടര്‍ അപാരമായ കരുത്താണ്‌ പ്രകടിപ്പിച്ചത്‌. പുതിയ പന്തില്‍ ലീ എത്രത്തോളം അപകടകാരിയാണെന്ന സത്യം വീണ്ടും തെളിഞ്ഞതായും നായകന്‍ പറഞ്ഞു. അതേ സമയം നേരത്തെ തന്നെ സെമി ഉറപ്പാക്കിയതിന്റെ ആലസ്യം ഡല്‍ഹി നിരയിലുണ്ടായിരുന്നു. ഈ സത്യം വിരേന്ദര്‍ സേവാഗ്‌ അംഗീകരിക്കുകയും ചെയ്‌തു. ആദ്യം ബാറ്റ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ബൗളിംഗിന്‌ മേല്‍ കത്തിപ്പടരാന്‍ വീരുവിനും സംഘത്തിനുമായില്ല. ഓപ്പണര്‍മാരായി വന്ന വീരുവും ഗംഭീറും തുടക്കത്തില്‍ നിലയുറപ്പിക്കാനാണ്‌ ശ്രമിച്ചത്‌. അതിനിടെ പായിച്ച രണ്ട്‌ അതിര്‍ത്തി ഷോട്ടുകളില്‍ സ്‌ക്കോര്‍ബോര്‍ഡ്‌ ഉയര്‍ത്തിയ സേവാഗിന്‌ ആ ശൗര്യം നിലനിര്‍ത്താനായില്ല. ഗാംഭീറാവട്ടെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി.
ഫോമിലുളള താരമായ ഡി വില്ലിയേഴ്‌സും തിലകരത്‌നെ ദില്‍ഷാനും ഒരുമിച്ചപ്പോള്‍ കിംഗ്‌സ്‌ ഭയന്നിരുന്നു. പക്ഷേ ശ്രീശാന്തിന്റെ മികവ്‌ ഈ ഘട്ടത്തില്‍ തുണയായി. രണ്ട്‌ അപകടകാരികളെയും പുറത്താക്കിയത്‌ ശ്രീശാന്തായിരന്നു. ഇവരെല്ലാം പുറത്തായിട്ടും അപകടം വിതറാന്‍ ദിനേശ്‌ കാര്‍ത്തിക്കും പര്‍വേസ്‌ മഹറൂഫുമുണ്ടായിരുന്നു. ഇവര്‍ക്കാവട്ടെ സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജയിക്കാന്‍ കഴിഞ്ഞില്ല. ലങ്കന്‍ താരമായ പര്‍വേസ്‌ തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാനാണ്‌. പക്ഷേ അദ്ദേഹത്തെ സ്വയം ഇല്ലാതാക്കുന്ന ബൗളിംഗാണ്‌ ബ്രെട്ട്‌ ലീ തന്റെ രണ്ടാം സ്‌പെല്ലില്‍ നടത്തിയത്‌. ആദ്യ അഞ്ച്‌ പന്തുകളില്‍ റണ്‍ നല്‍കാതിരുന്ന ലീ അവസാന പന്തില്‍ സ്റ്റംമ്പ്‌ തകര്‍ത്തപ്പോള്‍ ഐ.പി.എല്ലില്‍ പിറന്ന അപൂര്‍വ്വമായ വിക്കറ്റ്‌ മെയ്‌ഡന്‍ ഓവറായി അത്‌. തന്റെ രണ്ടാം വരവിലാണ്‌ ഇര്‍ഫാന്‍ കാര്‍ത്തിക്കിനെ മടക്കിയത്‌. 29 പന്തില്‍ നിന്ന്‌ 32 റണ്‍സാണ്‌ അദ്ദേഹം നേടിയത്‌. 25 പന്തില്‍ 26 റണ്‍സ്‌ നേടിയ മിഥുന്‍ മന്‍ഹാസും മോശമാക്കിയില്ല. തന്റെ ആദ്യ ഓവറില്‍ ഏട്ട്‌്‌ റണ്‍സ്‌ നല്‍കിയ ലീ മൂന്ന്‌ ഓവര്‍ ദീര്‍ഘിച്ച അവസാന സ്‌പെല്ലില്‍ എട്ട്‌ റണ്‍സ്‌ മാത്രം നല്‍കി മൂന്ന്‌ വിക്കറ്റാണ്‌ നേടിയത്‌.
കിംഗ്‌സിന്റെ മറുപടി ദയനയീതയിലാണ്‌ തുടങ്ങിയത്‌. സൈമണ്‍ കാറ്റിച്ചും (20), സണി സോഹാലും (3), ലുക്‌ പോമര്‍ബാഷും (9) പുറത്താവുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 35 റണ്‍സ്‌ മാത്രമായിരുന്നു. ആശിഷ്‌്‌ നെഹ്‌റയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ്‌ സോഹാല്‍ പുറത്തായത്‌. പോമര്‍ബാഷാവട്ടെ സ്ലിപ്പില്‍ ഡി വില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. തുടര്‍ന്ന്‌ ഒരുമിച്ച നായകന്‍ യുവരാജും (31 പന്തില്‍ 18),കുമാര്‍ സങ്കക്കാരയുമാണ്‌ (പുറത്താവാതെ 43) ടീമിനെ മല്‍സരത്തില്‍ നിലനിര്‍ത്തിയത്‌. യുവരാജ്‌ പുറത്തായപ്പോള്‍ ഡല്‍ഹി തിരിച്ചുവരവിന്‌ ശ്രമിച്ചിരുന്നു. പക്ഷേ ഇര്‍ഫാന്റെ സിക്‌സര്‍ പ്രകടനത്തല്‍ കിംഗ്‌സ്‌ അര്‍ഹിച്ച വിജയം നേടി.

അസ്‌ഹര്‍ഗാഥ
ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ബാറ്റിംഗ്‌ വിസ്‌മയമായിരുന്നു മുഹമ്മദ്‌ അസിസൂദ്ദീന്‍ അസ്‌ഹറുദ്ദീന്‍. ജനിച്ചത്‌ ഹൈദരാബാദില്‍ 1963 ഫെബ്രുവരി എട്ടിന്‌. നൈസാം കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ ക്രിക്കറ്റിനെ മനസ്സാ വരിച്ച അസ്‌ഹര്‍ എന്ന വലത്‌ കൈയ്യന്‍ ബാറ്റ്‌സ്‌മാന്റെ കൈകുഴയിലെ മികവ്‌ വിസ്‌മയത്തോടെയാണ്‌ എല്ലാവരും കണ്ടത്‌. ക്രീസിലെ കവിതയായി, എതിരാളികളുടെ നെഞ്ചിലെ ഭയപ്പാടായി വളര്‍ന്ന അസ്‌ഹര്‍ രാഷ്ട്രീയ രംഗത്ത്‌ പുതിയ ഇന്നിംഗ്‌സിന്‌ തുടക്കമിടുകയാണ്‌. ഹൈദരാബാദിന്റെ രജ്ഞി ട്രോഫി ടീമില്‍ അംഗമായാണ്‌ തന്റെ ബാറ്റിംഗ്‌ കരുത്ത്‌ ലോകത്തിന്‌ മുന്നില്‍ അസ്‌ഹര്‍ തെളിയിച്ചത്‌. 1984 ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇംഗ്ലീഷ്‌ ടീമിനെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റിലുടെയായിരുന്നു ടെസ്റ്റ്‌ അരങ്ങേറ്റം. ആദ്യ മൂന്ന്‌ ടെസ്റ്റുകളിലും സെഞ്ച്വറിയുമായി ലോക റെക്കോര്‍ഡ്‌ കരസ്ഥമാക്കിയ അസ്‌ഹറിന്‌ ആ കാര്യത്തില്‍ പിറകിലാക്കാന്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 1985 ജനുവരി 20 ഇംഗ്ലണ്ടിനെതിരായായിരുന്നു ഏകദിന അരങ്ങേറ്റം.
ക്രിക്കറ്റ്‌ ലോകത്ത്‌ സ്വന്തമായ വിക്തിമുദ്ര പതിപ്പിച്ച അപൂര്‍വ്വം ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ്‌ അസ്‌ഹര്‍. ആരിലും അസുയ്യയുളവാക്കുന്ന അല്‍ഭുതകരമായ കരിയറിന്‌ പന്തയവിവാദത്തിന്റെ ക്രീസില്‍ വേദനയോടെയാണ്‌ വിരാമമായതെങ്കിലും അസ്‌ഹറിന്റെ ബാറ്റിംഗ്‌ കരുത്തിന്‌ സാക്ഷ്യമായി എത്രയോ റെക്കോര്‍ഡുകള്‍ ഇന്നും ജീവിക്കുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഹാട്രിക്‌ സെഞ്ച്വറികളോടെ അരങ്ങേറിയ അസ്‌ഹറിന്റെ പേരിലായിരുന്നു ദീര്‍ഘകാലം ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേിയ സെഞ്ച്വറിയുടെ റെക്കോര്‍ഡും. ന്യൂസിലാന്‍ഡിനെതിരെ 62 പന്തില്‍ അസ്‌ഹര്‍ നേടിയ അതിവേഗ സെഞ്ച്വറിയുടെ റെക്കോര്‍ഡ്‌ പിന്നീട്‌ സനത്‌ ജയസൂര്യയും ഷാഹിദ്‌ അഫ്രീദിയും തകര്‍ത്തിരുന്നു.
ഇടക്കിടെ ഓഫ്‌ സ്‌പിന്നുകളുമായി രംഗത്ത്‌ വരാറുളള അസ്സ ലോകം കീഴടക്കിയ ഫീല്‍ഡര്‍ കൂടിയായിരുന്നു. മിന്നുന്ന ക്യാച്ചുകളും, ഞെട്ടിപ്പിക്കുന്ന മെയ്‌ വഴക്കങ്ങളുമായി ഫീല്‍ഡില്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. ഗള്ളിയില്‍ നിന്നും ബാക്‌വാര്‍ഡ്‌ പോയന്റില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ ത്രോകളില്‍ എത്രയോ ബാറ്റ്‌സ്‌മാന്മാര്‍ റണ്ണൗട്ടായിട്ടുണ്ട്‌.
ദീര്‍ഘകാലം ഇന്ത്യന്‍ നായകനായ അസ്‌ഹറാണ്‌ സൗരവ്‌ ഗാംഗുലിക്ക്‌ മുമ്പ്‌ രാജ്യത്തിന്‌ ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച നായകന്‍. മൂന്ന്‌ ലോകകപ്പുകളില്‍ അദ്ദേഹം ടീമിനെ നയിച്ചിരുന്നു.
പന്തയത്തിന്റെ ക്രീസില്‍ അസ്‌ഹറിനെ ബലിയാടാക്കാന്‍ ശ്രമിച്ചവര്‍ക്ക്‌ മുന്നിലുടെയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വക്തവായി അസ്‌ഹര്‍ പാര്‍ലമെന്റില്‍ അംഗമാവുന്നത്‌. ഏ.സി മുത്തയ്യ പ്രസിഡണ്ടായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌ സി.ബി.ഐയെ ഉപയോഗപ്പെടുത്തി അസ്‌ഹറിനെ തേജോവധം ചെയ്‌തത്‌. തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു പറഞ്ഞിട്ടും അംഗീകരിക്കാതെ ആജീവനാന്ത വിലക്കാണ്‌ അദ്ദേഹത്തിന്‌ ക്രിക്കറ്റ്‌ ഭരണാധികാരികള്‍ നല്‍കിയത്‌.
99 ടെസ്റ്റുകള്‍ കളിച്ച്‌ വേദനയോടെ രംഗം വിട്ട അസ്‌ഹറിന്‌ ഇത്‌ രണ്ടാം വരവാണ്‌.... ഇന്ത്യന്‍ പാര്‍ലമെന്റില്‍ എത്രയോ മുന്‍ ക്രിക്കറ്റര്‍മാര്‍ അംഗങ്ങളായിട്ടുണ്ട്‌്‌. കീര്‍ത്തി ആസാദും നവജ്യോത്‌ സിംഗ്‌ സിദ്ദുവുമെല്ലാം ബാറ്റ്‌ ചെയ്‌ത രാഷ്ട്രീയ ക്രീസിലേക്ക്‌ അസ്‌ഹര്‍ വരുമ്പോള്‍ അദ്ദേഹത്തിനൊപ്പം ക്രിക്കറ്റ്‌ ആരാധകര്‍ മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനവുമുണ്ട്‌.

ഫ്രെഡ്ഡി നഷ്‌ടം
ലണ്ടന്‍: ജൂണ്‍ അഞ്ചിന്‌ ക്രിക്കറ്റ്‌ മക്കയായ ലോര്‍ഡ്‌സില്‍ ആരംഭിക്കുന്ന രണ്ടാമത്‌ ടൊന്റി-ടൊന്റി ലോകകപ്പിനുള്ള ഇംഗ്ലീഷ്‌്‌ സംഘത്തില്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ കളിക്കുന്ന കാര്യം സംശയത്തില്‍. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌്‌(ഐ.പി.എല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കവെ കാല്‍മുട്ടിലെ വേദനയുമായി മടങ്ങിയ ഫ്രെഡ്ഡി രണ്ടാഴ്‌ച്ച മുമ്പ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായിരുന്നു. ആശുപത്രി വിട്ട ഫ്രെഡി ഇപ്പോഴും ക്രച്ചസ്‌ ഉപയോഗിച്ചാണ്‌ നടക്കുന്നത്‌. അദ്ദേഹത്തിന്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ രണ്ടാഴ്‌്‌ച്ചത്തെ സമയമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഈ രണ്ടാഴ്‌ച്ച കഴിഞ്ഞാല്‍ മാത്രമാണ്‌ നടക്കാനോ ഓടാനോ കഴിയുക. ഇത്തരമൊരു സാഹചര്യത്തില്‍ ഫ്രെഡ്ഡിയെ പരീക്ഷിക്കുന്നതിനോട്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്‌ താല്‍പ്പര്യമില്ല. ഇതിനകം പ്രഖ്യാപിച്ച പതിനഞ്ചംഗ ലോകകപ്പ്‌ സംഘത്തില്‍ അദ്ദേഹം അംഗമാണ്‌. അദ്ദേഹത്തിന്‌ പകരം ഒരാളെ ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷ്‌ ബോര്‍ഡ്‌ ഐ.സി.സിയെ സമീപിക്കും. ലോകകപ്പിനേക്കാള്‍ ഇംഗ്ലീഷ്‌ ബോര്‍ഡ്‌ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്‌ ആസന്നമായ ആഷസ്‌ പരമ്പരയോടാണ്‌. രണ്ട്‌ മാസം കഴിഞ്ഞാണ്‌ ആഷസ്‌ ആരംഭിക്കുന്നത്‌. ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ശക്തമായ പ്രകടനം നടത്താന്‍ തീര്‍ച്ചയായും 31 കാരനായ ഓള്‍റൗണ്ടര്‍ നിര്‍ബന്ധമാണ്‌. നിലവില്‍ ആഷസ്‌ കപ്പ്‌ ഓസീസിന്റെ കൈവശമാണ്‌. അത്‌ തിരിച്ചുപിടിക്കാന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ നയിക്കുന്ന സംഘത്തിന്‌ കഴിയുമെന്നാണ്‌ പ്രതീക്ഷ.

പിണറായി ബേബീസ്‌ ക്ലീന്‍ ബൗള്‍ഡ്‌...!
കോഴിക്കോട്‌: കോളജ്‌ തെരഞ്ഞെടുപ്പിന്റെ ലാഘവത്തില്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കുട്ടി നേതാക്കളെ കൂട്ടമായി അവതരിപ്പിച്ച പിണറായി ലൈനിന്‌ കനത്ത തിരിച്ചടി. സി.പി.എം സംസ്ഥാന സെക്രട്ടറി സ്വന്തക്കാരായി അവതരിപ്പിച്ച കുട്ടി നേതാക്കളില്‍ പാലക്കാട്ട്‌ മല്‍സരിച്ച എം.ബി രാജേഷും, ആലത്തൂരില്‍ മല്‍സരിച്ച പി.കെ ബിജുവും മാത്രമാണ്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടത്‌. എറണാകുളത്ത്‌ മല്‍സരിച്ച സിന്ധു ജോയിയും കണ്ണൂരിലെ രാകേഷും കോഴിക്കോട്ടെ മുഹമ്മദ്‌ റിയാസുമെല്ലാം പരാജയത്തിന്റെ കയ്‌പ്പൂനീരറിഞ്ഞു. സീനിയര്‍ നേതാക്കളില്‍ പലരെയും പരിഗണിക്കാതെയാണ്‌ പിണറായി എസ്‌.എഫ്‌.ഐ ക്കാരെ രംഗത്തിറക്കിയത്‌. പാര്‍ട്ടിയുടെ പ്രധാന കോട്ടകളായി വിശേഷിപ്പിക്കപ്പെട്ട മണ്ഡലങ്ങളില്‍ ഇവര്‍ക്കെല്ലാം അവസരവും നല്‍കി. കണ്ണൂരില്‍ അബ്ദുല്ലകുട്ടി ചെങ്കൊടി പാറിപ്പിച്ച വേദികളിലാണ്‌ രാജേഷിന്‌ അവസരം നല്‍കിയത്‌. യുവനേതാവ്‌ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ച സി.പി.എമ്മുകാര്‍ വാരിക്കോരി കളളവോട്ടും നടത്തിയിട്ടും അര ലക്ഷത്തോളം വോട്ടിന്‌ കെ.സുധാകരനാണ്‌ അവിടെ ജയിച്ചത്‌. ശക്തമായ മല്‍സരത്തില്‍ അടിപതറാതെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സുധാകരന്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിറകിലായിരുന്നില്ല.
എറണാകുളത്ത്‌ മല്‍സരിച്ച സിന്ധു ജോയിക്ക്‌ അനുകൂലമായി തുടക്കത്തില്‍ ചിത്രമുണ്ടായിരുന്നു. ആ സമയത്ത്‌ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ വിജയം അവകാശപ്പെടാനും എസ്‌.എഫ്‌.ഐ നേതാവ്‌ മറന്നില്ല. പക്ഷേ അന്തിമഫലം വന്നപ്പോള്‍ പ്രൊഫസര്‍ കെ.വി തോമസ്‌ പതിനായിരത്തിലധികം വോട്ടുകള്‍ക്ക്‌ വിജയിച്ചപ്പോള്‍ സിന്ധുവിനെ തേടി നടന്ന ചാനലുകാര്‍ നിരാശരായി. കോഴിക്കോട്ട്‌ വിവാദ വ്യവസായിയുടെ ബിനാമിയായി വിശേഷിപ്പിക്കപ്പെട്ട മുഹമ്മദ്‌ റിയാസിന്‌ വേണ്ടി പിണറായി ഗ്രൂപ്പ്‌ മാത്രമല്ല വ്യവസായ ലോകവും ശക്തമായി രംഗത്തുണ്ടായിരുന്നു. മന്ത്രിമാര്‍ പരസ്യമായി തന്നെ വ്യവസായി യോഗങ്ങള്‍ വിളിച്ചിട്ടും റിയാസിന്‌ രക്ഷപ്പെടാനായില്ല. വിരേന്ദ്ര കുമാറിനും ചില പത്രങ്ങള്‍ക്കുമെതിരെ കൊടുത്ത മാനനഷ്ട കേസും വെറുതെയായി. പാലക്കാട്ട്‌ സതിഷന്‍ പാച്ചേനിയുമായി മല്‍സരിച്ച രാജേഷ്‌ തുടക്കം മുതല്‍ പിറകിലായിരുന്നു. അവസാനത്തില്‍ നേടിയ ആനുകൂല്യത്തിലാണ്‌ അദ്ദേഹം പിടിച്ചുനിന്നത്‌.
പിണറായി രംഗത്തിറക്കിയ ബേബിമാര്‍ക്കെതിരെ പാര്‍ട്ടിയിലെ വി.എസ്‌ വിഭാഗം രംഗത്തുണ്ടായിരുന്നു. പല പ്രമുഖര്‍ക്കും അവസരം നിഷേധിച്ചാണ്‌ കുട്ടി നേതാകള്‍ക്ക്‌ പിണറായി അവസരം നല്‍കിയത്‌. എസ്‌.എഫ്‌.ഐയുടെയും ഡി.വൈ.എഫ്‌ ഐയുടെയും പിന്തുണ ഉറപ്പാക്കാനുളള തന്ത്രപരമായ നീക്കമായിരുന്നു ഇത്‌. കോഴിക്കോട്ട്‌ സീനിയര്‍ നേതാവായ പി.വി ദക്ഷിണാമൂര്‍ത്തിയെ മല്‍സരിപ്പിക്കണമെന്നായിരുന്നു പൊതുവായ ആവശ്യം. അല്ലെങ്കില്‍ ഡി.വൈ.എഫ്‌.ഐ ദേശീയ നേതാവായ ശ്രീരാമകൃഷ്‌ണന്‌ അവസരം നല്‍കണമെന്നും അഭിപ്രായമുണ്ടായിരുന്നു. പക്ഷേ മുഹമ്മദ്‌ റിയാസിന്‌ വേണ്ടിയാണ്‌ പിണറായി വാദിച്ചത്‌. ഒരു കാര്യത്തല്‍ പിണറായിക്ക്‌ ആശ്വസിക്കാം-ഇത്തവണ കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക്‌ പോവുന്ന നാല്‌ പാര്‍ട്ടി പ്രതിനിധികളില്‍ രണ്ട്‌ പേരും ബേബിമാരാണ്‌. ഇവരുടെ പിന്തുണ വി.എസ്സിനായിരിക്കില്ല എന്നുറപ്പ്‌ വരുത്താന്‍ പിണറായിക്ക്‌ കഴിയും.

ഇനി അസ പൈജാമയില്‍
മൊറാദാബാദ്‌: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായ ശേഷം മുഹമ്മദ്‌ അസ്‌ഹറുദ്ദിന്‍ പ്രയാസം നേരിട്ടത്‌ ഒരു കാര്യത്തില്‍ മാത്രമായിരുന്നു. മൊറാദാബാദ്‌ ലോക്‌സഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചയുടന്‍ അദ്ദേഹത്തോട്‌ പ്രാദേശിക പാര്‍ട്ടി നേതൃത്ത്വം വസ്‌ത്രധാരണയുടെ കാര്യത്തില്‍ ചില ഉപാധികള്‍ വെച്ചിരുന്നു. പൈജാമയും കൂര്‍ത്തയുമാണ്‌ ധരിക്കേണ്ടത്‌. അതും വെളുത്ത നിറത്തിലുള്ളതായിരിക്കണം. പക്ഷേ ജീന്‍സും ടീ ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസും സ്ഥിരമായി അണിയാറുളള അസ്‌ഹര്‍ ഈ കാര്യത്തില്‍ മാത്രം തന്റെ അനുഭാവികളോട്‌ സഹകരിച്ചില്ല. സ്ഥിരമായി കൂര്‍ത്തയും പൈജാമയുമണിയാന്‍ അദ്ദേഹത്തിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. പക്ഷോ മസ്‌ജിദുകളില്‍ പ്രാര്‍ത്ഥനക്ക്‌ കയറുമ്പോള്‍, പ്രത്യേകിച്ച്‌ വെള്ളിയാഴ്‌ച്ചകളില്‍ ജുമുഅക്ക്‌ പോവുമ്പോള്‍ പൈജാമ ധരിക്കാന്‍ അദ്ദേഹം മറന്നിരുന്നില്ല.
ഒരു മാസത്തിലധികമായി രാവിലെ ഏഴ്‌ മണിക്ക്‌ തുടങ്ങുന്നതായിരുന്നു അസ്‌ഹറിന്റെ ദിവസം. മൊറാദാബാദിലെ ഗ്രാമങ്ങളിലൂടെയുളള സഞ്ചാരത്തില്‍ അദ്ദേഹത്തിന്‌ പലതും നേരില്‍ കാണാന്‍ കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ തന്റെ പ്രിയപ്പെട്ട ടീമായ ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഒരു മല്‍സരം പോലും കാണാന്‍ അസ്‌ഹറിന്‌ കഴിഞ്ഞിരുന്നില്ല. മൊറാദാബാദില്‍ മാത്രമായിരുന്നില്ല അസ്‌ഹറിന്‌ പ്രവര്‍ത്തിക്കാനുണ്ടായിരുന്നത്‌. ഉത്തര്‍ പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സിന്‌ വേണ്ടി സംസാരിക്കാനും വോട്ട്‌ തേടാനും താരമൂല്യമുള്ള ഏക വ്യക്തി മറ്റാരുമായിരുന്നില്ല. 1,200 ഗ്രാമങ്ങളിലൂടെയാണ്‌ അസഹര്‍ വോട്ട്‌ തേടിയത്‌. 1980 ലായിരുന്നു അവസാനമായി ഈ മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി വിജയിച്ചത്‌. നിങ്ങളുടെ സ്‌നേഹം വോട്ടിലൂടെ തെളിയിക്കണം, ഞാന്‍ നിങ്ങളെ നിരാശപ്പെടുത്തില്ല-ഇതായിരുന്നു എല്ലാ തെരഞ്ഞെടുപ്പ്‌ യോഗങ്ങളിലും അസ്‌ഹര്‍ പറഞ്ഞിരുന്നത്‌.
മൊറാദാബിദിലെ വോട്ടര്‍മാരില്‍ അമ്പത്‌ ശതമാനവും മുസ്ലീം വോട്ടര്‍മാരായിരുന്നു. ഈ വോട്ടുകള്‍ മാത്രമല്ല മറ്റ്‌ സമുദായ വോട്ടുകളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌ എന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്‌.
രാഷ്ട്രീയത്തിലറങ്ങാന്‍ തുടക്കത്തില്‍ അസ്‌ഹറിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ അനസ്‌ ബാഖി ഉള്‍പ്പെടെയുളളവര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിലാണ്‌ പുതിയ ഇന്നിംഗ്‌സിന്‌ തുടക്കമിടാന്‍ അസ്‌ഹര്‍ താല്‍പ്പര്യമെടുത്തത്‌. ഉത്തര്‍ പ്രദേശ്‌ എന്നും അസ്‌ഹറിന്റെ ഭാഗ്യ സംസ്ഥാനമായിരുന്നു. ക്രിക്കറ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ്‌ സ്‌ക്കോര്‍ കാണ്‍പ്പൂരില്‍ വെച്ചാണ്‌ നേടിയത്‌. 1986 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ 199 റണ്‍സ്‌ അസ്‌ഹര്‍ നേടിയിരുന്നു.

Friday, May 15, 2009

BIG WONY

വോ.... ണീ
ഡര്‍ബന്‍: കണ്ട്‌ പഠിക്കണം ജോണ്‍ ബുക്കാനനെ പോലുള്ളവര്‍ ഷെയിന്‍ വോണിനെ....! നായകന്‍ ധീരോദാത്തനും അതിപ്രതാപഗുണവാനുമാവുമ്പോള്‍ ടീം വിജയിക്കുന്നതിന്റെ ഉദാത്ത മാതൃകയാണ്‌ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന വോണീ.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ ഒരു പറ്റം അജ്ഞാതരുമായി വന്ന്‌ കപ്പുമായി മടങ്ങിയ വോണ്‍ ആ അല്‍ഭുതം ആവര്‍ത്തിക്കുകയാണ്‌. ഒന്നുമില്ലായ്‌മയില്‍ നിന്നും വിജയങ്ങള്‍ സ്വന്തമാക്കാനുളള ധൈര്യവും കരുത്തുമാണ്‌ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലും അദ്ദേഹം പ്രകടിപ്പിച്ചത്‌. മുംബൈ വിജയമുറപ്പിച്ച മല്‍സരത്തിലാണ്‌ വോണ്‍ അതി നാടകീയമായി സ്വന്തം ടീമിന്റെ വിജയമുറപ്പിച്ചത്‌. മുനാഫ്‌ പട്ടേലിന്റെ നിര്‍ണ്ണായകമായ അവസാന ഓവറില്‍ ജയിക്കാന്‍ കേവലം നാല്‌ റണ്‍സായിരുന്നു മുംബൈക്ക്‌ ആവശ്യം. പക്ഷേ സമ്മര്‍ദ്ദത്തില്‍ അടിപതറാതെ, സ്വന്തം താരങ്ങളെ ഓരോ പന്തിലും പ്രചോദിതരാക്കി, അവരിലെ മികവിനെ ചൂഷണം ചെയ്‌തുളള അസാമാന്യ പ്രകടനത്തില്‍ നായകന്‍ ടീമിനെ വിജയത്തേരിലേറ്റി. മുംബൈയുടെ അവസാന ബാറ്റ്‌സ്‌മാനായ ലാസിത്‌ മാലിങ്കയെ റണ്ണൗട്ടാക്കി രാജസ്ഥാന്റെ വിജയമുറപ്പിച്ചത്‌ വോണായിരുന്നു. മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടേതുള്‍പ്പെടെ നിര്‍ണ്ണായകമായ മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കി മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടവും അദ്ദേഹം സ്വന്തമാക്കി.
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ യഥാര്‍ത്ഥമായ 20:20 അനിശ്ചിതത്വത്തില്‍ കിംഗ്‌സ്‌ മീഡിലെ കാണികളെ ശരിക്കും വിരൂന്നൂട്ടിയ മല്‍സരമായിരുന്നു റോയല്‍സും ഇന്ത്യന്‍സും തമ്മില്‍ നടന്നത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ നല്ല തുടക്കത്തിന്‌ ശേഷം ഏഴ്‌്‌ വിക്കറ്റില്‍ 145 റണ്‍സില്‍ നിയന്ത്രിക്കപ്പെട്ടു. തുടര്‍ന്ന്‌ ബാറ്റേന്തിയ മുംബൈക്ക്‌ പ്രതീക്ഷിച്ച വേഗതയില്‍ സ്‌ക്കോര്‍ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്താനായില്ല. മുംബൈ ഇന്നിംഗ്‌സ്‌ പതിനാല്‌ ഓവര്‍ പിന്നിടൂമ്പോള്‍ വ്യക്തമായ മുന്‍ത്തൂക്കം റോയല്‍സിനായിരുന്നു. ഡ്വിന്‍ ബ്രാവോയും, ജെ.പി ഡുമിനിയും സനത്‌ ജയസൂര്യയും അപ്പോഴേക്കും പുറത്തായിരുന്നു. പക്ഷേ പതിനഞ്ചാം ഓവറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിഷേക്‌ നായരും കെട്ടുപൊട്ടിച്ചു. പക്ഷേ സച്ചിനെ പുറത്താക്കിയ വോണ്‍ സ്വന്തം ടീമിനെ മല്‍സരത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്നു. അവസാന ഓവര്‍ എറിയാന്‍ മുനാഫ്‌ പട്ടേലിനെ ചുമതലപ്പെടുത്തിയ വോണിന്റെ നീക്കവും ഗുണം ചെയ്‌തു. നാല്‌ റണ്‍സില്‍ വിജയം ലഭിക്കുമായിരുന്ന മുംബൈ മൂന്ന്‌ വിക്കറ്റുകള്‍ ഈ ഓവറില്‍ നഷ്ടമാക്കി.
പത്തൊമ്പതാം ഓവര്‍ എറിഞ്ഞത്‌ ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നറായ ജഹാന്‍ ബോത്തയായിരുന്നു. ഈ ഓവറില്‍ അഭിഷേക്‌ നായര്‍ സിക്‌സര്‍ നേടിയതോടെ കാര്യങ്ങള്‍ മുംബൈ നിയന്ത്രണത്തിലായിരുന്നു. പക്ഷേ അടുത്ത പന്തില്‍ നായര്‍ റണ്ണൗട്ടായി. അപ്പോഴും ആറ്‌ പന്തില്‍ നാല്‌ റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ധൈര്യത്തില്‍ മുംബൈക്ക്‌ കളിക്കാമായിരുന്നു. പതിനെട്ടാം ഓവറില്‍ 14 റണ്‍സ്‌ നല്‍കിയ മുനാഫ്‌ പട്ടേലിന്‌ ആത്മവിശ്വാസക്കുറവുണ്ടായിരുന്നു. അവസാന ഓവര്‍ പക്ഷേ അദ്ദേഹത്തിന്‌ നല്‍കാന്‍ വോണി ധൈര്യം കാട്ടിയത്‌ ക്രിസിലുളളത്‌ വാലറ്റക്കാരായത്‌ കൊണ്ടാണ്‌. ആദ്യ പന്തില്‍ മുനാഫ്‌ റണ്‍ നല്‍കിയില്ല. ക്രീസിലുണ്ടായിരുന്ന ധവാല്‍ കുല്‍ക്കര്‍ണിക്ക്‌ പന്ത്‌ കാണാന്‍ തന്നെ കഴിഞ്ഞില്ല. രണ്ടാം പന്തില്‍ അദ്ദേഹം വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. പുതിയ ബാറ്റ്‌സ്‌മാനായ ചേതന്യ നന്ദ നേരിട്ട ആദ്യ പന്തില്‍ റണ്‍ നേടാന്‍ ശ്രമിച്ച്‌ റണ്ണൗട്ടായി. യൂസഫ്‌ പത്താന്റെ ത്രോ സ്റ്റംമ്പില്‍ പതിക്കുമ്പോള്‍ ബാറ്റ്‌സ്‌മാന്‍ വളരെ അകലെയായിരുന്നു. നാലാം പന്ത്‌ നേരിട്ടത്‌ ഹര്‍ഭജന്‍ സിംഗ്‌. പക്ഷേ സിംഗിള്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. രണ്ട്‌ പന്തില്‍ മൂന്ന്‌ റണ്‍സ്‌ എന്ന ഘട്ടത്തില്‍ പുതിയ ബാറ്റ്‌സ്‌മാന്‍ ലാസിത്‌ മാലിങ്ക ക്രീസില്‍. ആത്മഹത്യാപരമായ മറ്റൊരു സിംഗിളിനുളള ശ്രമത്തില്‍ മാലിങ്കയും പുറത്തായപ്പോള്‍ സ്‌റ്റേഡിയത്തില്‍ റോയല്‍സിന്റെ ഉടമകളിലൊരാളായ ശില്‍പ്പാ ഷെട്ടി സ്വന്തം കാമുകനുമായി നൃത്തം ചവിട്ടുകയായിരുന്നു.
ബൗളിംഗില്‍, പ്രത്യേകിച്ച്‌ റോയല്‍സിന്റെ സ്‌പിന്നര്‍മാര്‍ കാഴ്‌ച്ചവെച്ച പ്രകടനമായിരുന്നു അപാരം. 20 വര്‍ഷത്തിലധികമായി രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കുന്ന സനത്‌ ജയസൂര്യയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും കെട്ടിയിടുന്നതല്‍ സ്‌പിന്നര്‍മാരാണ്‌ വിജയിച്ചത്‌. തുടര്‍ച്ചയായി 45 പന്തുകളില്‍ ബൗണ്ടറി പിറന്നില്ല. സഹികെട്ട്‌ പന്തിനെ പ്രഹരിക്കാന്‍ സനത്‌ ശ്രമിച്ചപ്പോള്‍ പന്ത്‌ യൂസഫ്‌ പത്താന്റെ കരങ്ങളിലെത്തി. സിദ്ധാര്‍ത്ഥ്‌ ത്രിവേദിയുടെ പന്ത്‌ തേര്‍ഡ്‌മാനിലേക്ക്‌ കളിക്കാന്‍ ശ്രമിച്ച ഡുമിനി ക്ലീന്‍ ബൗള്‍ഡായി. യൂസഫ്‌ പത്താനെതിരെ സിക്‌സര്‍ നേടിയ സച്ചിന്റെ ഇംഗീതം മനസ്സിലാക്കിയാണ്‌ വോണ്‍ ത്രിവേദിയെ കൊണ്ടുവന്നത്‌. ഈ മാറ്റമാണ്‌ ഫലം ചെയ്‌തതും. രവിന്ദു ജഡേജക്കെതിരെ സച്ചിന്‍ തുടര്‍ച്ചയായി മൂന്ന്‌ ബൗണ്ടറികള്‍ പായിച്ചതോടെ മുംബൈക്‌്‌ തിരിച്ചുവരാനുളള ആത്മവിശ്വാസമായി. പക്ഷേ അടുത്ത ഓവറില്‍ സച്ചിനെ വോണ്‍ വിക്കറ്റിന്‌ മുന്നില്‍ കുരുക്കി.
നായകന്റെ കരുതതില്‍ ജയം നേടിയ റോയല്‍സ്‌ ഇനി സെമി ഫൈനല്‍ ഉറപ്പാക്കാനുളള ശ്രമത്തിലാണ്‌. സെമിയില്‍ കളിക്കാന്‍ തന്റെ ടീമിന്‌ കഴിയുമെന്നാണ്‌ ധൈര്യത്തോടെ വോണ്‍ പറയുന്നത്‌. 12 മല്‍സരങ്ങളില്‍ നിന്നായി 13 പോയന്റാണ്‌ നിലവിലെ ചാമ്പ്യന്മാര്‍ നേടിയിരിക്കുന്നത്‌. ഇനി രണ്ട്‌ മല്‍സരങ്ങള്‍ കൂടി ബാക്കിനില്‍ക്കുന്നു.

മുംബൈക്ക്‌ ആഘാതം
ഡര്‍ബന്‍: രാജസ്ഥാന്‍ റോയല്‍സില്‍ നിന്നേറ്റ ആഘാതം മുംബൈ ഇന്ത്യന്‍സിന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക്‌ കനത്ത ആഘാതമാവുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നാലില്‍ സ്ഥാനം നേടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ സംഘത്തിന്‌ ഇനി അവശേഷിക്കുന്ന രണ്ട്‌ മല്‍സരങ്ങളിലും വിജയിക്കണം. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സുമാണ്‌ അവരുടെ പ്രതിയോഗികള്‍.
ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ഫോമില്‍ നില്‍ക്കുന്നവരാണ്‌ ഡല്‍ഹിക്കാര്‍. പത്ത്‌ മല്‍സരങ്ങളില്‍ നിന്ന്‌ മാത്രമായി 16 പോയന്റുമായി വിരേന്ദര്‍ സേവാഗും ടീമും സെമി ഉറപ്പിച്ചിട്ടുണ്ട്‌. ഇവരെ തോല്‍പ്പിക്കാന്‍ സച്ചിന്റെ ടീം ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരും. ഇന്നത്തെ പ്രതിയോഗികള്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്‌. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ മാത്രമാണ്‌ ഡല്‍ഹിയെ പ്രതീക്ഷയോടെ നേരിടാനാവുക.
ബാറ്റിംഗില്‍ ഇത്രമാത്രം ആഴമുണ്ടായിട്ടും വലിയ സക്കോര്‍ നേടാന്‍ കഴിയുന്നതിലെ വീഴ്‌ച്ചയാണ്‌ സച്ചിനെ നിരാശപ്പെടുത്തുന്നത്‌. റോയല്‍സിനെതിരായ മല്‍സരത്തല്‍ സച്ചിനും അഭിഷേക്‌ നായരും ടീമിന്റെ വിജയം ഉറപ്പിച്ചതാണ്‌. പക്ഷേ അവസാന ഘട്ടത്തില്‍ ടീം പതറി. കനത്ത സമ്മര്‍ദ്ദത്തില്‍ അവസാന ഓവറില്‍ മൂന്ന്‌ വിക്കറ്റുകളാണ്‌ ടീം ബലി കഴിച്ചത്‌. ജയസൂര്യക്ക്‌ ഇത്‌ വരെ പ്രതീക്ഷിക്കപ്പെട്ട രീതിയില്‍ വലിയ സ്‌ക്കോര്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. റോയല്‍സിനെതിരെ നാലാം നമ്പറിലാണ്‌ ലങ്കന്‍ താരം കളിച്ചത്‌. ഈ പൊസിഷനിലും പന്തിനെ പ്രഹരിക്കുന്നതില്‍ സനത്‌ പരാജയമായിരുന്നു. ഓപ്പണറുടെ റോളിലെത്തിയ ബ്രാവോക്കും പിഴച്ചു. ഡുമിനി മാത്രമാണ്‌ ബാറ്റിംഗിലെ വിശ്വസ്‌തന്‍. അദ്ദേഹത്തിനും പിഴച്ചതാണ്‌ റോയല്‍സിനെതിരായ മല്‍സരത്തില്‍ തോല്‍വിക്ക്‌ കാരണമായത്‌.
നിലവിലുളള പോയന്റ്‌്‌ ടേബിളില്‍ ഡല്‍ഹി, ചെന്നൈ, രാജസ്ഥാന്‍, ഡക്കാന്‍ എന്നിവര്‍ക്കാണ്‌ സെമി സാധ്യതകള്‍. ഡല്‍ഹിക്ക്‌ അടുത്ത മല്‍സരങ്ങള്‍ പ്രശ്‌നമല്ല. ചെന്നൈ ഇന്ന്‌ മുംബൈയുമായി കളിക്കുന്നു. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ അവര്‍ക്കും ധൈര്യത്തോടെ നീങ്ങാം. ഡക്കാന്‍ ഇന്ന്‌ കൊല്‍ക്കത്തക്കാരുമായി കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഡക്കാനും മുന്നോട്ട്‌ വരാനാവും.
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌, കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ എന്നിവര്‍ക്കും ഇനിയുളള എല്ലാ കളികളും ജീവന്മരണ പോരാട്ടങ്ങളായിരിക്കും.

പോന്‍ര്‌ നില
1-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌-16
2- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌-13
3-രാജസ്ഥാന്‍ റോയല്‍സ്‌-13
4-ഡക്കാന്‍ ചാര്‍ജേഴ്‌സ്‌-12
5-ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌-12
6-മുംബൈ ഇന്ത്യന്‍സ്‌-11
7-കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌-10
8-കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌-3

കപ്പില്‍ വിധി
ലണ്ടന്‍: ഇന്ത്യയില്‍ ഇന്ന്‌ വിധി നിര്‍ണ്ണയ ദിനമാണ്‌. രാജ്യം ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കുന്ന വിധിയെഴുത്തിന്റെ ദിനം. ഈ ദിനത്തിന്‌ യൂറോപ്പിലും പ്രാധാന്യമുണ്ട്‌. വിവിധ യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലെ അധിപന്മാര്‍ ആരാണെന്ന്‌ ഇന്ന്‌ അറിയാനാവും. ഇംഗ്ലണ്ടിലും ഇറ്റലിയിലും സ്‌പെയിനിലും ഇന്നും നാളെയുമായി നടക്കുന്ന മല്‍സരങ്ങളിലൂടെ ചാമ്പ്യന്മാരെ ഏറെക്കുറെ നിശ്ചയിക്കപ്പെടും. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന്‌ നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സനലിനെതിരെ തോല്‍വി ഒഴിവാക്കിയാല്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‌ കപ്പ്‌ നിലനിര്‍ത്താം. തട്ടുതകര്‍പ്പന്‍ പ്രകടനങ്ങളുമായി മുന്നേുന്ന റെഡ്‌സിന്‌ ഇന്നത്തെ ഫോമില്‍ കപ്പ്‌ നിലനിര്‍ത്തുക പ്രയാസമുളള ജോലിയല്ല. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ വിഗാനെ പരാജയപ്പെടുത്തിയ അലക്‌സ്‌ ഫെര്‍ഗൂസന്റെ ടീമിന്‌ പ്രശ്‌നം മല്‍സരം നടക്കുന്നത്‌ ആഴ്‌സനലിന്റെ മൈതാനമായ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ എന്നത്‌ മാത്രമാണ്‌. രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂള്‍ ദുര്‍ബലരായ വെസ്റ്റ്‌ ബ്രോവിച്ചുമായാണ്‌ കളിക്കുന്നത്‌. ചെല്‍സിയുടെ പ്രതിയോഗികള്‍ ബ്ലാക്‌ബര്‍ണ്‍ റേവേഴ്‌സാണ്‌. ഇന്ന്‌ കപ്പ്‌ സ്വന്തമാക്കാനായാല്‍ മാഞ്ചസ്റ്ററിനെ മറ്റൊരു റെക്കോര്‍ഡ്‌ കാത്തിരിക്കുന്നുണ്ട്‌. ഏറ്റവുമധികം തവണ പ്രീമിയര്‍ ലീഗ്‌ കിരീടം നേടിയവരെന്ന ഖ്യാതി ഇപ്പോള്‍ ലിവര്‍പൂളിനാണ്‌. 18 തവണയാണ്‌ അവര്‍ കപ്പില്‍ മുത്തമിട്ടത്‌. മാഞ്ചസ്റ്റര്‍ ഇതിനകം 17 തവണ കപ്പ്‌ നേടിയിട്ടുണ്ട്‌.
സ്‌പാനിഷ്‌ ലീഗില്‍ ബാര്‍സിലോണയുടെ മല്‍സരം നാളെയാണ്‌. എതിരാളികള്‍ മയോര്‍ക്ക. പക്ഷേ ആ മല്‍രത്തില്‍ പന്ത്‌ തട്ടുന്നതിന്‌ മുമ്പ്‌ ചിലപ്പോള്‍ ബാര്‍സ ചാമ്പ്യന്മാരാവും. ഇന്ന്‌ നടക്കുന്ന മല്‍സരത്തില്‍ വില്ലാ റയലിനെ തോല്‍പ്പിക്കുന്നതില്‍ റയല്‍ മാഡ്രിഡ്‌ പരാജയപ്പെട്ടാല്‍ ബാര്‍സക്ക്‌ കിരീടം ഉറപ്പിക്കാം. ഇറ്റലിയില്‍ ഇന്ന്‌ ഇന്റര്‍ മിലാന്‌ കളിയില്ല. പക്ഷേ ഇന്നത്തെ അങ്കത്തില്‍ ഉദിനസ്‌ ഏ.സി മിലാനെ തോല്‍പ്പിച്ചാല്‍ നാളെ കളിക്കുന്ന ഇന്ററിന്‌ കപ്പില്‍ മുത്തമിടാം.


ഓവന്‍ വിടുന്നല്ല
ലണ്ടന്‍: ഈ സീസണിന്‌ ശേഷം ന്യൂകാസില്‍ യുനൈറ്റഡ്‌ താരമായ മൈക്കല്‍ ഓവന്‍ കളി മതിയാക്കുമെന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്ന്‌ ടീം കോച്ച്‌ അലന്‍ ഷിയറര്‍ വ്യക്തമാക്കി. 29 കാരനായ ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍ പരുക്കിന്റെ പിടിയില്‍ കളി മറക്കുന്ന കാഴ്‌ച്ചയാണ്‌ 2009 ന്റെ തുടക്കം മുതല്‍ ഫുട്‌ബോള്‍ ലോകം കണ്ടത്‌. ദേശീയ ടീമില്‍ നിന്ന്‌ പുറത്തായ ഓവന്‌ ന്യൂകാസിലിനായും മിന്നാന്‍ കഴിയുന്നില്ല. പ്രീമിയര്‍ ലീഗില്‍ ഇത്തവണ തരം താഴ്‌ത്തലിന്റെ വക്കിലാണ്‌ ന്യൂകാസില്‍. കഴിഞ്ഞ ജനുവരി പത്തിന്‌ ശേഷം പ്രീമിയര്‍ ലീഗില്‍ ഒരു ഗോള്‍ സ്വന്തമാക്കാന്‍ ഓവന്‌ കഴിഞ്ഞിട്ടില്ല. നിര്‍ണ്ണായക മല്‍സരങ്ങളില്‍ പ്ലെയിംഗ്‌ ഇലവനിലെ സ്ഥാനം പോലും അദ്ദേഹത്തിന്‌ നഷ്ടമാവുന്നു. ലിവര്‍പൂളിനെതിരായ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ ഓവനുണ്ടായിരുന്നില്ല. മിഡില്‍സ്‌ബോറോക്കെതിരായ മല്‍സരത്തില്‍ അദ്ദേഹം പകരക്കാരനായിരുന്നു. എന്നാല്‍ ഓവന്‍ കളി മതിയാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന്‌ അദ്ദേഹത്തിന്റെ ഏജന്റും വ്യക്തമാക്കിയിരിക്കുന്നത്‌. ന്യൂകാസില്‍ ഓവനുമായുള്ള കരാര്‍ പുതുക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്‌.

കൂടുതല്‍ റിലീസ്‌
മുംബൈ: ദിപ്‌ദാസ്‌ ഗുപ്‌ത, അഭിഷേക്‌ ജുന്‍ജൂണ്‍ വാല, അമ്പാട്ട്‌ റായിഡു, ഹേമാംഗ്‌ ബദാനി, രോഹന്‍ ഗവാസ്‌ക്കര്‍, ഇബ്രാഹീം ഖലീല്‍ തുടങ്ങി അമ്പതോളം താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗ്‌ (ഐ.സി.എല്‍) വിടാന്‍ തീരുമാനിച്ച്‌ അധികൃതര്‍ക്ക്‌ കത്ത്‌ നല്‍കി. വിമത ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്ക്‌ മുഖ്യധാരയിലേക്ക്‌ തിരിച്ചുവരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നല്‍കിയ അവസരം ഉപയോഗപ്പെടുത്താനായി നൂറോളം താരങ്ങളാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. ഐ.സി.എല്ലുമായുളള കരാര്‍ പുതുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ സ്വന്തം അപേക്ഷകള്‍ മെയ്‌ 15നകം നല്‍കണമെന്നാണ്‌ ഐ.സി.എല്‍ ഭാരവാഹികള്‍ പറഞ്ഞത്‌. ആ സമയം ഇന്നലെ കഴിഞ്ഞിരിക്കുന്നു. 85 ദേശീയ താരങ്ങളും 70 വിദേശ താരങ്ങളുമാണ്‌ ഐ.സി.എല്‍ കരാറിലുളളവര്‍. ഐ.സി.എല്ലുമായുളള ബന്ധം വിഛേദിക്കാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയിരിക്കുന്ന സമയം മെയ്‌ 31 വരെയാണ്‌.
മഴ തടസ്സം
ഡര്‍ഹം: ഇംഗ്ലണ്ടും വിന്‍ഡീസം തമ്മിലുളള രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിനത്തില്‍ മഴയുടെ ഇടപെടല്‍. കനത്ത മഴയില്‍ രണ്ടാം ദിവസം ആദ്യ രണ്ട്‌ സെഷനുകള്‍ മഴ മൂലം തടസ്സപ്പെട്ടു. ആദ്യദിനം രണ്ട്‌ വിക്കറ്റിന്‌ 302 റണ്‍സ്‌ എന്ന തകര്‍പ്പന്‍ സ്‌ക്കോറാണ്‌ ഇംഗ്ലണ്ട്‌ നേടിയത്‌. പുറത്താവാതെ 126 റണ്‍സുമായി അലിസ്റ്റര്‍ കുക്ക്‌ ക്രീസിലുണ്ട്‌. 108 റണ്‍സ്‌ നേടിയ രവി ബോപ്പാരയാണ്‌ പുറത്തായത്‌. ആദ്യ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റിന്റെ വിജയം നേടിയ ഇംഗ്ലണ്ട്‌ പരമ്പരയില്‍ മുന്നിട്ട്‌ നില്‍ക്കുകയാണ്‌.

Thursday, May 14, 2009

REAL ROYALS

ഇന്ത്യ നേതാവാകണം
ലാഹോര്‍: ഏഷ്യന്‍ ക്രിക്കറ്റിനെ നയിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ നേതൃഗുണം കാണിക്കേണ്ട സമയമാണിതെന്ന്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ (ഐ.സി.സി) പാക്കിസ്‌താന്‍കാരനായ മുന്‍ അദ്ധ്യക്ഷന്‍ ഇഹ്‌സാന്‍ മാനി. 2011 ലെ ലോകകപ്പ്‌ ക്രിക്കറ്റിന്‌ ആതിഥേയത്വം വഹിക്കാനുളള പാക്കിസ്‌താന്റെ താല്‍പ്പര്യം ഇന്ത്യന്‍ സമ്മര്‍ദ്ദത്തിലാണ്‌ അട്ടിമറിക്കപ്പെട്ടതെന്ന വാദത്തോട്‌ പ്രതികരിക്കവെ ഏഷ്യയിലെ ക്രിക്കറ്റിനെ നയിക്കുന്ന ഇന്ത്യ നേതൃപരമായ ഗുണം കാണിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. പാക്കിസ്‌താന്‌ ലോകകപ്പ്‌ വേദി അനുവദിക്കാത്തതില്‍ ഏകപക്ഷീയ തീരുമാനമാണ്‌ വന്നിരിക്കുന്നത്‌. ഈ കാര്യത്തില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ നടന്നിരുന്നില്ല. ഐ.സി.സി തീരുമാനം ഏകപക്ഷീയമായത്‌ കൊണ്ടാണ്‌ പി.സി.ബി നിയമ നടപടിക്ക്‌ മുതിര്‍ന്നതെന്നും പി.സി.ബി ഉപദേഷ്ടാവായ മാനി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ പി.സി.ബിയുടെ ഭാഗത്തും തെറ്റുണ്ടാവാം. ഇന്ത്യയുടെ പിന്തുണയില്‍ ഒരുമിച്ച്‌ നില്‍ക്കാന്‍ അവര്‍ ശ്രമിച്ചില്ല. ഐ.സി.സിയില്‍ അംഗമായ ഒരു രാജ്യത്തിനെതിരെ ഇത്തരത്തില്‍ പെട്ടെന്ന്‌ തീരുമാനമെടുക്കുന്നത്‌ ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രസിഡണ്ടായിരുന്ന കാലത്ത്‌ (2003-06) സിംബാബ്‌വെയെ ഐ.സി.സിയില്‍ നിന്ന്‌ പുറത്താക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ സിംബാബ്‌വെയുടെ വാദം കേള്‍ക്കാതെ പുറത്താക്കല്‍ നീക്കം നടക്കില്ലെന്നാണ്‌ പ്രസിഡണ്ട്‌ എന്ന നിലയില്‍ താന്‍ വ്യക്തമാക്കിയത്‌. ഏഷ്യന്‍ ക്രിക്കറ്റ്‌ എപ്പോഴും ഐക്യത്തില്‍ നിലകൊണ്ടിരുന്നവരാണ്‌. ഇതാദ്യമായാണ്‌ പരസ്യമായ അനൈക്യം ദൃശ്യമായിരിക്കുന്നത്‌. ഈ കാര്യത്തില്‍ ഇന്ത്യ തന്നെയാണ്‌ പരിഹാരവിധിക്ക്‌ മുന്‍കൈ എടുക്കേണ്ടതെന്നും മാനി പറഞ്ഞു.

കപ്പിലേക്ക്‌
ഓള്‍ഡ്‌ ട്രാഫോഡ്‌: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടവും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മില്‍ ഇനി ഒരു പോയന്റിന്റെ അകലം മാത്രം. നാളെ എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സനലുമായി സമനിലയില്‍ പിരിഞ്ഞാല്‍ നിലവിലുള്ള ചാമ്പ്യന്മാര്‍ക്ക്‌ കപ്പില്‍ മുത്തമിടാം. ഇന്നലെ നടന്ന മല്‍സരത്തില്‍ വിഗാന്‍ യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുത്തിയതോടെയാണ്‌ മാഞ്ചസ്‌റ്റര്‍ കപ്പിന്‌ അരികിലെത്തിയത്‌. ഒരു ഗോളിന്‌ പിറകില്‍ നിന്ന ശേഷമാണ്‌ കാര്‍ലോസ്‌ ടെവസ്‌, മൈകല്‍ കാരിക്‌ എന്നിവരുടെ ഗോളുകളില്‍ ഫെര്‍ഗ്ഗിയുടെ ടീം കരുത്ത്‌ പ്രകടിപ്പിച്ചത്‌. ആഴ്‌സനലിനെതിരായ മല്‍സരത്തില്‍ ആലസ്യം പ്രകടിപ്പിക്കില്ലെന്നും ലീഗില്‍ ഇത്തവണ തുടക്കം മുതല്‍ പ്രകടിപ്പിച്ച ധൈര്യത്തില്‍ ടീം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗില്‍ 36 മല്‍സരങ്ങള്‍ വീതം എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയപ്പോള്‍ മാഞ്ചസ്‌റ്ററിന്‌ 86 പോയന്റുണ്ട്‌. ലിവര്‍പൂള്‍ 80 പോയന്റുമായി രണ്ടാമതും 77 പോയന്റുമായി ചെല്‍സി മൂന്നാമതും 68 പോയന്റുമായി ആഴ്‌സനല്‍ നാലാമതും നില്‍ക്കുന്നു.

ഇവിടെയുണ്ട്‌
മാഡ്രിഡ്‌:ഇന്ത്യന്‍ ടെന്നിസ്‌ താരം സാനിയ മിര്‍സ മാഡ്രിഡ്‌ ഓപ്പണ്‍ ടെന്നിസില്‍ കരുത്ത്‌ പ്രകടിപ്പിക്കുന്നു. വനിതാ വിഭാഗം ഡബിള്‍സില്‍ ചൈനീസ്‌ തായ്‌പെയില്‍ നിന്നുള്ള ചിയാ ചോംഗിനൊപ്പം കളിക്കുന്ന സാനിയ ആദ്യ റൗണ്ട്‌ പോരാട്ടത്തില്‍ തന്നെ രണ്ടാം സീഡായ സ്‌പാനിഷ്‌ ജോഡികള്‍-ആനബെല മെദീന ഗാരിഗസ്‌-വിര്‍ജീനിയ റുവാനോ പാസ്‌കല്‍ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌ക്കോര്‍ 7-6 (4), 4-6, 10-7. 4,500,000 ഡോളര്‍ സമ്മാനത്തുകയുളള ചാമ്പ്യന്‍ഷിപ്പില്‍ സാനിയയുടെ അടുത്ത പ്രതിയോഗി ബെലാറൂസിന്റെ വിക്ടോറിയ അസറെങ്ക, റഷ്യയുടെ എലീന വാസനിന സഖ്യമാണ്‌. മാഡ്രിഡ്‌ ഓപ്പണിന്റെ സിംഗിള്‍സ്‌ റൗണ്ടിലേക്ക്‌ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിന്‌ ശേഷമാണ്‌ ഡബിള്‍സില്‍ ഹൈദരാബാദുകാരി കരുത്ത്‌ കാട്ടിയത്‌.

ഗെയിലിനെതിരെ വിവിയന്‍
ഡര്‍ഹം: 20:20 ക്രിക്കറ്റിന്റെ ആഗോള വിപണനത്തോടെ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ മരണമണി മുഴങ്ങുമെന്ന വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയിലിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി വിന്‍ഡീസിന്റെ മുന്‍ നായകരായ വിവിയന്‍ റിച്ചാര്‍ഡ്‌സും ഗാരി സോബേഴ്‌സും. കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ അന്ത്യം ആസന്നമാണെന്നും 20-20 ക്രിക്കറ്റാണ്‌ പുതിയ ലോകത്തിന്റെ ഗെയിമെന്നും ഗെയില്‍ പറഞ്ഞിരുന്നു. ക്രിക്കറ്റിലൂടെ വളര്‍ന്നുവലുതായ ഗെയില്‍ ഇപ്പോള്‍ ആ ഗെയിമിനെ തന്നെ ഒറ്റുകൊടുക്കുന്ന രീതിയിലാണ്‌ സംസാരിക്കുന്നതെന്നാണ്‌ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ഇതിഹാസമായ വിവിയന്‍ അഭിപ്രായപ്പെട്ടത്‌. ടെസ്റ്റ്‌ ക്രിക്കറ്റാണ്‌ ക്രിക്കറ്റിന്റെ യഥാര്‍ത്ഥ മുഖം. ഓരോ ക്രിക്കറ്ററും ഇപ്പോഴും ആഗ്രഹിക്കുക ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ കളിക്കാനാണ്‌. ഗെയില്‍ പറഞ്ഞത്‌ സ്വന്തം അഭിപ്രായമായിരിക്കാം. പക്ഷേ ഒരു ടീമിന്റെ നായകന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ അല്‍പ്പം ജാഗ്രത പാലിക്കുന്നത്‌ നന്നായിരിക്കും. എല്ലാവര്‍ക്കും സ്വന്തമായ അഭിപ്രായങ്ങളുണ്ടാവാം. അത്‌ വലുതുമാണ്‌. പക്ഷേ ടെസ്റ്റ്‌ ക്രിക്കറ്റിനെ അങ്ങനെയങ്ങ്‌ വെറുക്കാന്‍ ഗെയിലിന്‌ കഴിയില്ല. അദ്ദേഹം വ്യക്തമായ നിലപാടിലാണ്‌ ടെസ്റ്റ്‌ ക്രിക്കറ്റിനെതിരെ സംസാരിച്ചതെങ്കില്‍ ഗെയിലിനോട്‌ എനിക്ക്‌ വെറുപ്പാണ്‌. കാരണം ക്രിക്കറ്റ്‌ എന്ന ഗെയിമിനെയാണ്‌ അദ്ദേഹം വഞ്ചിച്ചിരിക്കുന്നത്‌-റിച്ചാര്‍ഡ്‌സ്‌ പറഞ്ഞു. മികച്ച ഒരു ടെസ്റ്റ്‌ ക്രിക്കറ്റര്‍ എന്ന നിലയിലാണ്‌ ഗെയിലിനെ വിന്‍ഡീസ്‌ ക്രിക്കറ്റ്‌ ബോര്‍ഡും സെലക്ടര്‍മാരും അംഗീകരിച്ചത്‌. അല്ലാതെ മികച്ച 20:20 ക്രിക്കറ്റര്‍ എന്ന നിലക്കല്ല. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നാണ്‌ ഏകദിന ക്രിക്കറ്റ്‌ വന്നത്‌. ഏകദിനങ്ങളില്‍ നിന്നാണ്‌ 20:20 ക്രിക്കറ്റ്‌ വന്നത്‌. ഈ സത്യങ്ങളൊന്നും ഗെയില്‍ മറക്കരുതെന്നും റിച്ചാര്‍ഡ്‌സ്‌ പറഞ്ഞു. ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റ്‌ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ടീമിനൊപ്പം ചേര്‍ന്ന ഗെയിലിന്റെ നടപടിയോട്‌ തനിക്ക്‌ യോജിപ്പില്ലെന്നും റിച്ചാര്‍ഡ്‌സ്‌ പറഞ്ഞു. ടെസ്റ്റ്‌ ടീമിന്റെ നായകന്‍ സ്വന്തം ടീമിനൊപ്പം നേരത്തെ ചേരണം. മല്‍സര പ്രാക്ടീസും സഹതാരങ്ങളുടെ പിന്തുണയും നേടണം. ഈ കാര്യത്തില്‍ ക്ലൈവ്‌്‌ ലോയിഡ്‌്‌ പ്രകടിപ്പിച്ച ആശങ്കയാണ്‌ തനിക്കുള്ളതെന്നും മുന്‍ നായകന്‍ പറഞ്ഞു.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടെസ്റ്റ്‌ ക്രിക്കറ്റിന്റെ മഹത്വം ഒരിക്കലും നഷ്ടപ്പെടില്ലെന്നാണ്‌ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ സേബേഴ്‌സ്‌ പറഞ്ഞത്‌. ടെസ്റ്റ്‌ ക്രിക്കറ്റിനെ പിറകിലാക്കാന്‍ ക്രിക്കറ്റിന്റെ മറ്റൊരു പതിപ്പിനും കഴിയില്ല. ക്രിസ്‌ ഗെയില്‍ ക്രിക്കറ്റിലെ എല്ലാ പതിപ്പുകളിലും കളിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ ഇഷ്ടം തോന്നിയത്‌ 20-20 ക്രിക്കറ്റിനോടാണെങ്കില്‍ അതില്‍ കുറ്റം കാണാനാവില്ല. ഞങ്ങളുടെ കാലത്ത്‌ ടെസ്‌റ്റ്‌ ക്രിക്കറ്റായിരുന്നു മുഖ്യം. ഏകദിന ക്രിക്കറ്റ്‌ പോലും അന്ന്‌ പ്രചാരം നേടിയിരുന്നില്ല. ഇന്ന്‌ എല്ലാമുണ്ട്‌. ഇന്നത്തെ താരങ്ങള്‍ അവരുടെ ചോയിസ്‌ തെരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല-സോബേഴ്‌സ്‌ പറഞ്ഞു.

അങ്ങനെ പറഞ്ഞിട്ടില്ല
ഡര്‍ഹി: 20:20 ക്രിക്കറ്റിന്റെ ആഗമനത്തോടെ ടെസ്‌റ്റ്‌ ക്രിക്കറ്റിന്‌ മരണമണി മുഴങ്ങുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്ന്‌ വിന്‍ഡീസ്‌ നായകന്‍ ക്രിസ്‌ ഗെയില്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‌ മുമ്പായി വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ ടെസ്റ്റ്‌ മല്‍സരങ്ങളേക്കാള്‍ തനിക്ക്‌ താല്‍പ്പര്യം 20-20 യോടാണെന്നാണ്‌ പറഞ്ഞതെന്ന്‌ നായകന്‍ വിശദീകരിച്ചു. ഞാന്‍ അധികകാലം ടെസ്റ്റ്‌ ക്രിക്കറ്റില്‍ തുടരില്ല. 20-20 യോടാണ്‌ എനിക്ക്‌ അനുഭാവം. ഈ കാര്യമാണ്‌ പറഞ്ഞത്‌. അല്ലാതെ ടെസ്റ്റ്‌ ക്രിക്കറ്റിനെ നിന്ദിച്ച്‌ സംസാരിച്ചിട്ടില്ലെന്നും ഗെയില്‍ പറഞ്ഞു.

മരണമുഖം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: വിരേന്ദര്‍ സേവാഗിന്റെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‌ ശ്വാസം നേരെ വിടാം.... ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പത്ത്‌ മല്‍സരങ്ങളില്‍ നിന്നായി 16 പോയന്റുമായി അവര്‍ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു. സെമി ഫൈനല്‍ പട്ടികയിലെ അടുത്ത മൂന്ന്‌ ടീമുകളുടെ കാര്യത്തില്‍ തികഞ്ഞ അനിശ്ചിതത്വമാണ്‌. ഇനിയുള്ള മല്‍സരങ്ങളെല്ലാം എല്ലാ ടീമുകള്‍ക്കും നിര്‍ണ്ണായകം. കൊല്‍ക്കത്ത മാത്രമാണിപ്പോള്‍ പുറത്തായിരിക്കുന്നവര്‍. പതിനൊന്ന്‌ മല്‍സരങ്ങളില്‍ നിന്ന്‌ കേവലം മൂന്ന്‌ പോയന്റ്‌്‌ സമ്പാദിച്ച ബ്രെന്‍ഡന്‍ മക്കലത്തിന്റെ ടീമിന്‌ ഇനി ടെന്‍ഷനില്ലാതെ കളിക്കാം. അവസാന മൂന്ന്‌്‌ കളികളില്‍ ജയിച്ചാലും അവര്‍ക്ക്‌ ഒമ്പത്‌ പോയന്റ്‌ മാത്രമാണുണ്ടാവുക.
പതിനാല്‌ മല്‍സരങ്ങളാണ്‌ എല്ലാവരും കളിക്കേണ്ടത്‌. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ ഒഴികെ എല്ലാവരും പതിനൊന്ന്‌ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും പന്ത്രണ്ട്‌ മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞു.
ഡല്‍ഹി ഒഴികെ ഒരു ടീമിനും ഇത്‌ വരെ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിരേന്ദര്‍ സേവാഗ്‌ എന്ന നായകന്‍ മൂന്ന്‌ മല്‍സരങ്ങള്‍ പുറത്തിരുന്നിട്ടും കളിച്ച പത്ത്‌ മല്‍സരങ്ങളില്‍ എട്ടിലും ഡല്‍ഹിക്കാര്‍ ജയിച്ചു. ഗൗതം ഗാംഭീറും എബി ഡി വില്ലിയേഴ്‌സും ദിനേശ്‌ കാര്‍ത്തികും സേവാഗും തിലകരത്‌നെ ദില്‍ഷാനുമെല്ലാം ചേര്‍ന്നുള്ള ബാറ്റിംഗും ആശിഷ്‌ നെഹ്‌റയും ഡിര്‍ക്‌ നാനസും പ്രദീപ്‌ സാംഗ്‌വാനും ഡാനിയല്‍ വെട്ടോരിയുമെല്ലാം ചേര്‍ന്നുള്ള ബൗളിംഗുമാവുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ സന്തുലിത സംഘമെന്ന ഖ്യാതിയാണ്‌ ഡല്‍ഹി സ്വന്തമാക്കുന്നത്‌. കഴിഞ്ഞ ദിവസം ഡക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ നടന്ന മല്‍സരത്തിലെ വിസ്‌മയ വിജയം തന്നെ ഡല്‍ഹിയുടെ കരുത്തിനുള്ള തെളിവാണ്‌. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ ഡല്‍ഹി 173 റണ്‍സ്‌ നേടിയപ്പോള്‍ അവര്‍ വിജയിക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. പക്ഷേ ആദം ഗില്‍ക്രൈസ്റ്റിന്റെ വെടിക്കെട്ടില്‍, ആന്‍ഡ്ര്യൂ സൈമണ്ട്‌സിന്റെ തകര്‍പ്പനടികളില്‍ ഡക്കാന്‍ വിജയം മണത്തു. മൂന്ന്‌ വിക്കറ്റിന്‌ 150 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ഡക്കാന്‍ തളരുന്ന കാഴ്‌ച്ച അല്‍ഭുതത്തോടെയാണ്‌ ആരാധകര്‍ കണ്ടിരുന്നത്‌. അവസാന ഏഴ്‌ വിക്കറ്റുകള്‍ കേവലം 17 റണ്‍സിനാണ്‌ ഡല്‍ഹി കരസ്ഥമാക്കിയത്‌. ഭാട്ടിയ എന്ന മീഡിയം പേസര്‍ നാല്‌ വിക്കറ്റ്‌ നേടി. നെഹ്‌റ തന്റെ അവസാന ഓവറില്‍ രണ്ട്‌ പേരെ പുറത്താക്കി. കുറ്റനടിക്കാരായ സൈമണ്ട്‌സും ഡ്വിന്‍ സ്‌മിത്തും വേണുഗോപാല റാവുവുമെല്ലാം എളുപ്പം പുറത്തായി. ഈ വിജയത്തിലാണ്‌ ഡല്‍ഹി സെമി ഉറപ്പാക്കിയത്‌.
ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ മിന്നല്‍ വിജയങ്ങളുമായി കളം വാണ ഡക്കാന്‍ ഇപ്പോള്‍ പതിനൊന്ന്‌ മല്‍സരങ്ങളില്‍ നിന്നായി 12 പോയന്റുമായി മൂന്നാമതാണ്‌. ഗില്‍ക്രൈസ്‌റ്റും സൈമണ്ട്‌സും ഹര്‍ഷല്‍ ഗിബ്‌സും രോഹിത്‌ ശര്‍മ്മയും ഡ്വിന്‍ സ്‌മിത്തുമെല്ലാമുണ്ടായിട്ടും ഡക്കാന്‍കാര്‍ക്ക്‌ ഇനിയും സെമി ഉറപ്പായിട്ടില്ല.
ഇന്നലെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനോട്‌ തോറ്റതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ പിറകോട്ട്‌ പോയി. അവസാന ഓവര്‍ വരെ ആവേശം വിതറിയ മല്‍സരത്തിലാണ്‌ ധോണിയും സംഘവും തോല്‍വിയടഞ്ഞത്‌. വലിയ വിജയമാവട്ടെ ബാംഗ്ലൂരിന്‌ കരുത്താവുകയും ചെയ്‌തു. ടേബിളില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ബാംഗ്ലൂര്‍.
നിലവിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്‌ തപ്പിതടയുകയാണ്‌. കളിച്ച പതിനൊന്ന്‌്‌ മല്‍സരങ്ങളില്‍ നിന്നായി അഞ്ച്‌ വിജയങ്ങള്‍ മാത്രമാണ്‌ അവര്‍ക്ക്‌ സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. അഞ്ചില്‍ തോറ്റു. റണ്‍ ശരാശരിയിലും അവരാണ്‌ പിറകില്‍. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോറും ഏറ്റവും ചെറിയ സ്‌്‌ക്കോറും റോയല്‍സിന്റെ പേരിലാണ്‌. ബാറ്റിംഗില്‍ വിശ്വസ്‌തരാവാന്‍ ഗ്രയീം സ്‌മിത്തിനും യൂസഫ്‌ പത്താനുമൊന്നും കഴിയുന്നില്ല. ബൗളിംഗില്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടുന്നു. അടുത്ത കളികളില്ലെല്ലാം ജയിക്കാനാവാത്തപക്ഷം ചാമ്പ്യന്മാരുടെ കാര്യം കഷ്ടത്തിലാവും.
മുംബൈ ഇന്ത്‌്യന്‍സ്‌ അവസാന മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിക്കുന്നുണ്ട്‌. പതിനൊന്ന്‌ മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന്‌്‌ പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഇനിയുളള മല്‍സരങ്ങള്‍ അവര്‍ക്കും നിര്‍ണ്ണായകം. കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ പതിനൊന്ന്‌ കളികളില്‍ നിന്ന്‌ 10 പോയന്റാണ്‌ ലഭിച്ചിരിക്കുന്നത്‌. അഞ്ച്‌ വിജയങ്ങളും ആറ്‌ തോല്‍വികളും. ഇനിയുള്ള എല്ലാ മല്‍സരങ്ങളിലും ജയിച്ചാല്‍ മാത്രമാണ്‌ അവര്‍ക്കും രക്ഷ.
ഐ.പി.എല്ലിലെ ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളാണ്‌ സമാഗതമായിരിക്കുന്നത്‌. ഡല്‍ഹിക്ക്‌ മാത്രം ടെന്‍ഷനില്ല. ബാക്കിയെല്ലാവര്‍ക്കും നെഞ്ചിടിപ്പിന്റെ രാത്രികള്‍...

ബലേ ബാംഗ്ലൂര്‍
ഡര്‍ബന്‍: ബലേ ബാംഗ്ലൂര്‍.....! രണ്ട്‌ വിക്കറ്റിന്റെ വിസ്‌മയ വിജയത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിറകിലാക്കി അനില്‍ കുംബ്ലെയും സംഘവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ നിര്‍ണ്ണായക വിജയം സ്വന്തമാക്കിയതിനൊപ്പം സെമി ഫൈനല്‍ സാധ്യത സജീവമാക്കുകയും ചെയ്‌തു. അവസാന ഓവറിലെ നാലാം പന്ത്‌ വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ ബാംഗ്ലൂര്‍ ജയിച്ചു കയറിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈ മാത്യൂ ഹെയ്‌ഡന്‍ നല്‍കിയ സ്‌ഫോടന തുടക്കം പ്രയോജനപ്പെടുത്താതെ 129 റണ്‍സിന്‌ പുറത്തായപ്പോള്‍ ബാംഗ്ലൂര്‍ വിജയം മണത്തിരുന്നു. പക്ഷേ ജാക്‌ കാലിസും രാഹുല്‍ ദ്രാവിഡുമെല്ലാം പവിലിയനിലേക്ക്‌ പെട്ടെന്ന്‌ തിരിച്ചെത്തിയപ്പോള്‍ കാര്യങ്ങള്‍ ദുര്‍ഘടമായി. ഇവിടെ നിന്നാണ്‌ ന്യൂസിലാന്‍ഡുകാരനായ റോസ്‌ ടെയ്‌ലര്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കത്തിക്കയറിയത്‌. ടെയ്‌ലറുടെ തട്ടുതകര്‍പ്പന്‍ പ്രകടനത്തിലും അവസാനത്തില്‍ വിക്കറ്റുകള്‍ നിരന്തരം വീണതില്‍ ബാംഗ്ലൂരും ടെന്‍ഷനടിച്ചു. ജേക്കബ്‌ ഓരമെറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ച്‌ റണ്‍സായിരുന്നു ബാംഗ്ലൂരിന്‌ വേണ്ടിയിരുന്നത്‌. പ്രവീണ്‍ കുമാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ധോണിയുടെ സംഘത്തിന്‌ വിലപ്പെട്ട രണ്ട്‌ പോയന്റ്‌ നഷ്ടമായി. പന്ത്രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ 12 പോയന്റുമായി ബാംഗ്ലുരിപ്പോള്‍ നാലാമതാണ്‌. ഡല്‍ഹി ഒന്നാമതുള്ള പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നു.
38 പന്തില്‍ നിന്നും 60 റണ്‍സ്‌ സ്വന്തമാക്കിയ ഹെയ്‌ഡന്‍ ചെന്നൈക്ക്‌ നല്ല തുടക്കമാണ്‌ നല്‍കിയത്‌. പക്ഷേ അവസാന ആറ്‌ വിക്കറ്റുകള്‍ കേവലം 28 റണ്‍സിന്‌ നഷ്ടമാക്കി ചെന്നൈ നിരാശപ്പെടുത്തി. അനില്‍ കുംബ്ലെയാണ്‌ പുതിയ പന്തെടുത്തത്‌. നാല്‌ റണ്‍സ്‌ മാത്രമാണ്‌ അദ്ദേഹം നല്‍കിയത്‌. പക്ഷേ പ്രവീണ്‍ കുമാറിനെയും വിനയ്‌ കുമാറിനെയും കശക്കി ഹെയ്‌ഡന്‍ അടുത്ത ഓവറുകളില്‍ 28 റണ്‍സടിച്ചു. പതിമൂന്നം ഓവറില്‍ ചെന്നൈ സ്‌ക്കോര്‍ 100 കടന്നു. കുംബ്ലെയും കാലിസും റണ്‍സ്‌ വാതിലടച്ചുള്ള പ്രകടനമാണ്‌ നടത്തിയത്‌. ബാംഗ്ലൂര്‍ ഫീല്‍ഡിംഗും ഉന്നത്‌ നിലവാരത്തിലായിരുന്നു. സുരേഷ്‌ റൈനയും ധോണിയുമെല്ലാം പുറത്തായത്‌ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചുകളിലായിരുന്നു. നാല്‌ ഓവറില്‍ 18 റണ്‍സ്‌ മാത്രം നല്‍കി കാലിസ്‌ രണ്ട്‌ വിക്കറ്റ്‌ നേടി. ഷോട്ട്‌ ബോളുകളായിരുന്നു അദ്ദേഹത്തിന്റെ ആയുധം. ധോണിയെ സ്വന്തം ബൗളിംഗില്‍ മനോഹരമായ ഡൈവിംഗ്‌ ക്യാച്ചിലുടെ പുറത്താക്കിയതോടെയാണ്‌ ചെന്നൈയുടെ തകര്‍ച്ചയാരംഭിച്ചത്‌. ജേക്കബ്‌ ഓരം (7), ബദരീനാഥ്‌ (2), മോര്‍ക്കല്‍ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.
മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിനും തുടക്കം പിഴച്ചു. ആദ്യ പന്തില്‍ തന്നെ കാലിസ്‌ മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. റോബിന്‍ ഉത്തപ്പക്കും (6) പിഴച്ചു. നല്ല അവസരം ലഭിച്ച ദ്രാവിഡാവട്ടെ വന്‍ നിരാശയുമായി മടങ്ങി. ഇവിടെ നിന്നുമാണ്‌ റോസ്‌ ടെയ്‌ലറും (46), വിരാത്‌ കോഹ്‌ലിയും (38) ഒരുമിച്ചത്‌. ഈ സഖ്യത്തിന്റെ കരുത്താണ്‌ മല്‍സരം ആവേശകരമാക്കിയതും. 35 പന്തില്‍ നിന്നും 38 റണ്‍സുമായി കോഹ്‌ലി പുറത്തായതാണ്‌ ചെന്നൈക്ക്‌ പ്രതീക്ഷ നല്‍കിയത്‌. കോഹ്‌ലിക്ക്‌ പിറകെ മാര്‍ക്‌ ബൗച്ചറും (5), വാന്‍ഡര്‍ മെര്‍വും (3), അഖിലും (0)പുറത്തായിട്ടും ടെയ്‌ലര്‍ നിരാശാനാവാതെ കളിച്ചു. 46 റണ്‍സില്‍ ടെയ്‌ലര്‍ പുറത്തായപ്പോള്‍ ചെന്നൈക്ക്‌ വീണ്ടും പ്രതീക്ഷയായി. പക്ഷേ ബാലാജിയെ സിക്‌സറടിച്ച പ്രവീണ്‍ കുമാര്‍ ആറ്‌ പന്തില്‍ നിന്നും നേടിയ 12 റണ്‍സ്‌ നിര്‍ണ്ണായകമായി. ടെയ്‌ലറാണ്‌ കളിയിലെ കേമന്‍.