Saturday, May 23, 2009

GILLETIN GILLY

സെഞ്ചൂറിയന്‍: അതൊരു കൊലപാതകമായിരുന്നു... ആദം ഗില്‍ക്രൈസ്റ്റ്‌ എന്ന കൊലയാളി ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന ചെകുത്താന്മാരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കിയ കാഴ്‌ച്ചയില്‍ ഇന്ത്യന്‍ പ്രിമിയര്‍
ലീഗ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ്‌ ഫൈനല്‍ കാണാതെ പുറത്തായത്‌. ഐ.പി.എല്ലിന്റെ ഒന്നാം സെമി ഫൈനല്‍ നടക്കുമ്പോള്‍ എല്ലാവരും ഫുള്‍ മാര്‍ക്ക്‌ നല്‍കിയ ടീം ഡല്‍ഹിയായിരുന്നു. സന്തുലിതമായ ബാറ്റിംഗ്‌, മോശമല്ലാത്ത ബൗളിംഗ്‌ നിര. ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ വരെ സ്ഥിരത പ്രകടിപ്പിച്ച ടീം. വളരെ നേരത്തെ സെമി ഉറപ്പാക്കിയവര്‍-ഊ ഖ്യാതികളില്‍ സെമി കളിച്ച ടീമിന്‌ പക്ഷേ ഒരാള്‍ക്ക്‌ മുന്നില്‍ അടിയറവ്‌ പറയേണ്ടി വന്നു-ആദം ഗില്‍ക്രൈസ്റ്റിനോട്‌. മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ ഡല്‍ഹി നായകന്‍ വിരേന്ദര്‍ സേവാഗ്‌ പറഞ്ഞത്‌ തികച്ചും സത്യമായിരുന്നു-ഗില്‍ക്രൈസ്റ്റിനെ പിടിച്ചുകെട്ടാന്‍ എനിക്ക്‌ കഴിയില്ലായിരുന്നു. ഞാന്‍ എന്റെ എല്ലാ ആയുധങ്ങളും പ്രയോഗിച്ചു. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചു, ഫീല്‍ഡിലെ വിളളലുകള്‍ അടച്ചു. പക്ഷേ ഒന്നിനും ഗില്ലിയെ തടുക്കാനായില്ല. അദ്ദേഹത്തിന്റെ ദിവസത്തില്‍ അദ്ദേഹത്തെ തടയാന്‍ ആര്‍ക്കുമാവില്ല.
വീരുവിന്റെ ഈ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. 20-20 ക്രിക്കറ്റ്‌ ദര്‍ശിച്ച ഏറ്റവും മികച്ച സംഹാരത്തില്‍ ഗില്‍ക്രൈസ്റ്റ്‌ കത്തിത്തിളങ്ങിയപ്പോള്‍ ഡല്‍ഹിക്കാരുടെ എല്ലാ ആയുധങ്ങളും വെറുതെയായി. ഗില്‍ക്രൈസ്‌റ്റിന്റെ മികവിന്റെ അകത്താരിലേക്ക്‌ കടന്നാല്‍ തന്നെയറിയാം അദ്ദേഹത്തിന്റെ പ്ലസുകള്‍. 85 റണ്‍സാണ്‌ 35 പന്തില്‍ അദ്ദേഹം അടിച്ചുകൂട്ടിയത്‌. ഈ 35 പന്തുകളില്‍ അഞ്ച്‌ പന്തുകള്‍ മാത്രമാണ്‌ വെറുതെ വിട്ടത്‌. ബാക്കിയെല്ലം പന്തുകളും അതിര്‍ത്തിയിലേക്കും ഗ്യാലറിയിലേക്കും പാഞ്ഞു.17 പന്തുകളില്‍ നിന്നായിരുന്നു ഫിഫ്‌റ്റി. ഐ.പി.എല്ലിലെ ഈ റെക്കോര്‍ഡ്‌ ഫിഫ്‌റ്റിയില്‍ യൂസഫ്‌ പത്താന്റെയും ബ്രെന്‍ഡന്‍ മക്കലത്തിന്റെയും റെക്കോര്‍ഡ്‌ ഫിഫ്‌റ്റികള്‍ (21 പന്തുകളില്‍) വെറുതെയായി.
രാജ്യാന്തര ക്രിക്കറ്റ്‌ വിട്ടയാളാണ്‌ ഗില്ലി. ഒരു വര്‍ഷത്തോളമായി മല്‍സര ക്രിക്കറ്റ്‌ അദ്ദേഹം കളിച്ചിട്ടില്ല. എന്നിട്ടും വളരെ അനായാസമായിട്ടാണ്‌ അദ്ദേഹം കളിച്ചത്‌ എന്നതാണ്‌ ആ ഇന്നിംഗ്‌സിന്‌ ചേതോഹാരിത പകരുന്നത്‌. ഗില്ലിയുടെ ഷോട്ടുകളില്‍ ഒന്നും മോശമായിരുന്നില്ല. എല്ലാം ഒന്നിനൊന്ന്‌ മെച്ചപ്പെട്ടവ. വളരെ മനോഹരമായി തന്നെ അദ്ദേഹം പന്തിനെ കാണുന്നു, പ്രഹരിക്കുന്നു. നാനസ്‌ എന്ന ഓസ്‌ട്രേലിയക്കാരനായ അതിവേഗക്കാരന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഗില്ലി നേടിയത്‌ 22 റണ്‍സ്‌... നാല്‌ ബൗണ്ടറികളും ഒരു സിക്‌സറും. വിരേന്ദര്‍ സേവാഗ്‌ ആക്രമണത്തിന്‌ വന്നപ്പോള്‍ ഒന്നിന്‌ പിറകെ ഒന്നായി മൂന്ന്‌ സിക്‌സറുകള്‍.
ബൗളര്‍മാരൊന്നും ഗില്ലിക്ക്‌ പ്രശ്‌നമായിരുന്നില്ല. എല്ലാം പെട്ടെന്ന്‌ അവസാനിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഗ്രൂപ്പ്‌ തലത്തിലെ അവസാന മല്‍സരത്തില്‍ ബാംഗ്ലൂരിന്‌ മുന്നില്‍ തോറ്റതിന്റെ നിരാശയൊന്നും പ്രകടിപ്പിക്കാതെയാണ്‌ ഡക്കാന്‍ ചാര്‍ജേഴ്‌സിനെ നയിച്ച്‌ അദ്ദേഹം സെമിക്കിറങ്ങിയത്‌. അല്‍പ്പം ഭേദപ്പെട്ട്‌ ബൗള്‍ ചെയ്‌ത ഡല്‍ഹി സീമര്‍ ആശിഷ്‌ നെഹ്‌റയുടെ ഒരു പന്ത്‌ മുന്‍പാദത്തില്‍ അദ്ദേഹം അതിര്‍ത്തിയിലേക്ക പായിച്ചപ്പോള്‍ കമന്ററി ബോക്‌സിലിരുന്ന രവിശാസ്‌ത്രി പറഞ്ഞത്‌ ഇത്രയും മികച്ച ഷോട്ട്‌ ഐ.പി.എല്ലില്‍ കണ്ടിട്ടില്ലെന്നാണ്‌. ഒരിക്കല്‍ പോലും പന്തിനെ പ്രഹരിക്കുന്ന രീതിയില്‍ ഗില്ലി കൈകളെ ഉയര്‍ത്തുന്നില്ല.നിന്ന നില്‍പ്പില്‍ അദ്ദഹം പന്തിനെ ഉയര്‍ത്തുകയാണ്‌. ബാറ്റ്‌സ്‌മാന്മാര്‍ പലപ്പോഴും പുറത്താവുന്നത്‌ രണ്ട്‌ മനസ്സോടെ പന്തിനെ നേരിടുമ്പോഴാണ്‌. ഗില്ലിയുടെ കാര്യത്തില്‍ ഡബിള്‍ മൈന്‍ഡ്‌ ഇല്ല. അദ്ദേഹത്തിന്റെ ആവനാഴിയില്‍ ആക്രമണത്തിന്റെ ഒരു തിര മാത്രമാണുളളത്‌. ഒരു ബൗളര്‍ പന്തെറിയാന്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പലവിധ ചിന്തയുണ്ടാവും. അടുത്ത ആറ്‌ പന്തുകള്‍ ആറ്‌ തരത്തില്‍ നല്‍കണം. പക്ഷേ ഗില്ലിയുടെ മനസ്സില്‍ ഒരു ചിന്തയാണ്‌. ആറ്‌ പന്തിനെയും അകറ്റണം. വിവിയന്‍ റിച്ചാര്‍ഡ്‌സും ഗാരി സോബേഴ്‌സും കീത്ത്‌ മില്ലറുമെല്ലാം ചേര്‍ന്നതാണ്‌ ഗില്‍ക്രൈസ്‌റ്റ്‌്‌. ലോക ക്രിക്കറ്റിന്‌ ആക്രമണത്തിന്റെ മുഖമുദ്ര സമ്മാനിച്ചത്‌ വിവിയന്‍ റിച്ചാര്‍ഡ്‌സാണ്‌. അദ്ദേഹത്തിന്റെ വീര്യമാണ്‌ ഗില്ലിക്കുള്ളത്‌.
ഗില്‍ക്രൈസ്‌റ്റ്‌ എന്ന നായകന്റെ നിലപാടും അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ പോലെയാണ്‌. ഓരോ മല്‍സരത്തിന്‌ മുമ്പും അദ്ദേഹം തന്റെ താരങ്ങളോട്‌ പറയുന്നത്‌ മല്‍സരത്തെ-അത്‌ ബാറ്റിംഗാണെങ്കിലും ബൗളിംഗാണെങ്കിലും ആസ്വദിക്കാനാണ്‌. ബാറ്റുമായി ക്രീസില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ മൂഹൂര്‍ത്തമാണത്‌. അതിനെ ആഘോഷമാക്കണം. പന്തിനെ ഭയന്ന്‌ നില്‍ക്കരുത്‌. പന്തിനെ എന്തിന്‌ ഭയപ്പെടണം എന്നാണ്‌ അദ്ദേഹത്തിന്റെ ചോദ്യം. ബൗളര്‍മാര്‍ മോശക്കാരല്ല. അവര്‍ നല്ല പന്തുകള്‍ പായിക്കും. സെമിയില്‍ തന്നെ ഗില്ലിക്കെതിരെ നാനസും നെഹ്‌റയും സാംഗ്‌ വാനുമൊന്നും മോശം പന്തുകള്‍ പായിച്ചിരുന്നില്ല. പന്തുകളുടെ മികവല്ല, ഗില്ലി ക്രീസില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മികവാണ്‌ പ്രകടമാവുന്നത്‌.
ഇന്ന്‌ രണ്ടാം ഐ.പി.എല്ലിലെ ജേതാക്കള്‍ ആരെന്നറിയാം. ഫൈനലില്‍ ഗില്ലിക്കെതിരെ പന്തെറിയുന്ന ബൗളറുടെ നെഞ്ച്‌ തുടക്കത്തില്‍ തന്നെ പിടയും. കാരണം തന്റെ പന്തിന്‌ എന്താണ്‌ സംഭവിക്കാന്‍ പോവുന്നതെന്ന്‌ ബൗളര്‍ക്കറിയില്ല. ഫൈനലില്‍ ഗില്ലിയുടെ സംഘത്തിന്‌ കരുത്തേകാന്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സുണ്ട്‌, ഹര്‍ഷല്‍ ഗിബ്‌സുണ്ട്‌, രോഹിത്‌ ശര്‍മ്മയുണ്ട്‌, ആര്‍.പി സിംഗുമുണ്ട്‌. ഈ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ കരുത്ത്‌ പ്രകടപ്പിച്ചവരാണ്‌ ചാര്‍ജേഴ്‌സ്‌. ഇടക്കൊന്ന്‌ അവര്‍ മങ്ങിയിരുന്നു. സെമിയിലെ ഗില്ലി കരുത്തില്‍ സ്വന്തം മികവ്‌ വീണ്ടും തെളിയിച്ച ചാര്‍ജേഴ്‌സിനെ കരുതിയിരിക്കാത്തപക്ഷം എതിരാളികള്‍ വെള്ളം കുടിക്കും.

ഒന്നല്ല, രണ്ട്‌
ഡര്‍ബന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പിലുടെ യഥാര്‍ത്ഥ താരമായിരിക്കുന്നത്‌ ചാമ്പ്യന്‍ഷിപ്പിന്റെ കമ്മീഷണറും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ വൈസ്‌ പ്രസിഡണ്ടുമായ ലളിത്‌ മോഡിയാണ്‌. ഇന്ത്യയില്‍ നടന്ന ഐ.പി.എല്ലിന്റെ ആദ്യ എപ്പിസോഡ്‌ വന്‍ വിജയമാക്കിയത്‌ മോഡിയുടെ ബുദ്ധിയായിരുന്നു. രണ്ടാം എപ്പിസോഡ്‌ അവസാന നിമിഷത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റേണ്ടി വന്നിട്ടും ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ നിലനിര്‍ത്തിയതിന്‌ പിറകിലും മറ്റാരുമായിരുന്നില്ല. ഇന്ന്‌ ലോക ക്രിക്കറ്റിലെ സുപരിചിതനായി ഈ രാജസ്ഥാന്‍കാരന്‍ മാറിയതിലും അല്‍ഭുതമില്ല. ക്രിക്കറ്റിനെ കച്ചവടത്തിന്റെ പുതിയ വിപണിയിലേക്ക്‌ നയിക്കുന്ന മോഡിയുടെ പുതിയ ആശയം ഒരു വര്‍ഷം രണ്ട്‌ ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുകയാണ്‌. ഒന്ന്‌ ഇന്ത്യയിലും മറ്റൊന്ന്‌ വിദേശത്തും. ദക്ഷിണാഫ്രിക്കയില്‍ ഐ.പി.എല്‍ നടത്തിയപ്പോള്‍ ലഭിച്ച പിന്തുണയാണ്‌്‌ മോഡിയെ രണ്ട്‌്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്ന ആശയത്തിലേക്ക്‌ നയിച്ചിരിക്കുന്നത്‌. സത്യത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയത്‌. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ്‌ നടക്കുന്ന സമയമായതിനാല്‍ ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ക്ക്‌ വന്‍ സുരക്ഷ നല്‍കാനാവില്ലെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോള്‍ മറ്റ്‌ പോംവഴികളില്ലാതെയാണ്‌ മോഡി ദക്ഷിണാഫ്രിക്കയിലേക്ക്‌ പറന്നത്‌. ഈ നീക്കം ഗുണം ചെയ്‌തുവെന്നാണ്‌ ഇപ്പോള്‍ അദ്ദേഹം പറയുന്നത്‌. മല്‍സര കാര്യങ്ങളില്‍ മാത്രമല്ല, പരസ്യക്കാരെ ആകര്‍ഷിക്കുന്നതിലും കാണികളെ ആകര്‍ഷിക്കുന്നതിലും ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ നിലനിര്‍ത്തുന്നതിലുമെല്ലാം മോഡി വിജയിച്ചിരിക്കുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ എവിടെ നടത്തിയാലും കാണികളുടെ കാര്യത്തില്‍ പഞ്ഞമുണ്ടാവില്ല എന്ന സത്യമാണ്‌ ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌ എന്നാണ്‌ മോഡി അവകാശപ്പെടുന്നത്‌. ജോഹന്നാസ്‌ബര്‍ഗ്ഗിലും കേപ്‌ടൗണിലും കിംബര്‍ലിയുമെല്ലാം കാണികള്‍ മല്‍സരങ്ങളെ ആഘോഷമാക്കുന്നു. അമേരിക്കയില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ നടത്തിയാലും അത്‌ വന്‍വിജയമാക്കാന്‍ കഴിയുമെന്നാണ്‌ മോഡി പറയുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ നടക്കുന്നതിന്‌ മുമ്പ്‌ ഇതിന്റെ വിപണന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും വേവലാതിയില്ലെന്നും അദ്ദേഹം പറയുന്നു.

അവര്‍ക്ക്‌ വേണ്ടി
അബുദാബി: അബുദാബിയിലെ ഷെയ്‌ക്‌ സായിദ്‌ സ്റ്റേഡിയത്തില്‍ 2011 ലെ ക്രിക്കറ്റ്‌ ലോകകപ്പിലെ ചില മല്‍സരങ്ങളെങ്കിലും നടക്കുമോ...? പാക്കിസ്‌താന്റെ അനൗദ്യോഗിക രാജ്യാന്തര വേദിയായിരിക്കുന്ന സായിദ്‌ സ്‌റ്റേഡിയത്തില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ അനുവദിക്കുന്ന പക്ഷം അത്‌ വിജയപ്രദമാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ്‌ അബുദാബി ക്രിക്കറ്റ്‌ കൗണ്‍സില്‍ വ്യക്തമാക്കുന്നത്‌. സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്‌താനില്‍ ലോകകപ്പ്‌ മല്‍സരങ്ങള്‍ അനുവദിക്കേണ്ടതില്ലെന്ന്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) തീരുമാനിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പാക്കിസ്‌താന്‌ നേരത്തെ നല്‍കിയിരുന്ന മല്‍സരങ്ങള്‍ അബുദാബിയിലേക്ക്‌ മാറ്റാനായി അബുദാബി ക്രിക്കറ്റ്‌ കൗണ്‍സില്‍ പാക്കിസ്‌താനുമായി സഹകരിച്ച്‌ ആലോചന നടത്തുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.പി.എല്‍ മല്‍സരങ്ങള്‍ കാണാന്‍ ഇപ്പോള്‍ ജോഹന്നാസ്‌ബര്‍ഗ്ഗിലുള്ള അബുദാബി ക്രിക്കറ്റ്‌ കൗണ്‍സില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ദിലാവാര്‍ മാനി ഇതുമായി ബന്ധപ്പെട്ട്‌ പാക്‌ അധികൃതരെയും ഐ.സി.സി ഉന്നതരെയും കാണുന്നുണ്ട്‌.

എക്‌സ്‌പ്രസ്സ്‌ ഇല്ല
ലാഹോര്‍: ത്വക്‌ രോഗബാധിതനായ ഷുഹൈബ്‌ അക്തര്‍ ലോകകപ്പ്‌ 20-20 ക്കുള്ള പാക്കിസ്‌താന്‍ സംഘത്തില്‍ കളിക്കില്ല. പകരം പതിനഞ്ചംഗ സംഘത്തില്‍ റാവു ഇഫ്‌ത്തിക്കാറിനെ ഉള്‍പ്പെടുത്തി. രോഗ ബാധിതനായ അക്തറിനോട്‌ പത്ത്‌ ദിവസത്തെ ചികില്‍സക്കാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ എന്നാണ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. എന്നാല്‍ ഇന്ന്‌ പാക്കിസ്‌താനില്‍ ആരംഭിക്കുന്ന പ്രാദേശിക 20-20 ചാമ്പ്യന്‍ഷിപ്പില്‍ അക്തര്‍ കളിക്കുന്നുമുണ്ട്‌. ഷുഹൈബ്‌ ലോകകപ്പ്‌ സംഘത്തില്‍ കളിക്കില്ല എന്ന കാര്യം ടീം കോച്ച്‌ ഇന്‍ത്തികാബ്‌ ആലമാണ്‌ പരസ്യമാക്കിയത്‌. പലവട്ടം ഫിറ്റ്‌നസ്‌ വിഷയത്തില്‍ പി.സി.ബിയുമായി ഉടക്കിയ ചരിത്രമുണ്ട്‌ അക്തറിന്‌. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ പല ക്യാപ്‌റ്റന്മാരും പരസ്യമായി ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്‌. പുതിയ നീക്കങ്ങളില്‍ അക്തര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല.

No comments: