Friday, May 29, 2009

INDIA THE BEST

ജോഹന്നാലസ്‌ബര്‍ഗ്ഗ്‌: ഇംഗ്ലണ്ടില്‍ അടുത്തയാഴ്‌ച്ച ആരംഭിക്കുന്ന രണ്ടാമത്‌ 20:20 ലോകകപ്പ്‌ ആര്‌ സ്വന്തമാക്കും...? ചോദ്യത്തിനുത്തരം നല്‍കുന്നത്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ മിക്കി ആര്‍തറാണെങ്കില്‍ കപ്പ്‌ ഇന്ത്യ നിലനിര്‍ത്തും. മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്‌ ഫുള്‍മാര്‍ക്ക്‌ ദക്ഷിണാഫ്രിക്കന്‍ കോച്ച്‌ നല്‍കാന്‍ കാരണങ്ങളുണ്ട്‌-ഇത്രയും ഗംഭീരമായ തട്ടുതകര്‍പ്പന്‍ ബാറ്റ്‌സ്‌മാന്മാര്‍ മറ്റേത്‌ ടീമിലുണ്ട്‌...? നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി പന്തിനെ പറപ്പിക്കാന്‍ മിടുക്കന്‍...! ഓപ്പണര്‍ വിരേന്ദര്‍ സേവാഗാണെങ്കില്‍ പന്തിനെ അകറ്റാന്‍ മാത്രമറിയുന്നവന്‍...! ഗൗതം ഗാംഭീറോ-ഇടം കൈ കൊണ്ട്‌ പ്രഹരങ്ങളുടെ മാലപ്പടക്കം തീര്‍ക്കുന്നവന്‍...! സിക്‌സറുകളാണ്‌ യുവരാജ്‌ സിംഗിന്റെ ഹോബി...! രോഹിത്‌ ശര്‍മ്മ ഏത്‌ പൊസിഷനിലും ഭദ്രമായി കളിക്കുന്നവന്‍...! പിന്നെ യൂസഫ്‌ പത്താന്‍-ആയാളാരാ സ്‌ട്രോക്ക്‌ പ്ലെയര്‍...!
ഇങ്ങനെ പോവുന്നു ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ വാക്കുകള്‍. സ്വന്തം ടീമിനെ അദ്ദേഹം തള്ളിപ്പറയുന്നില്ല. ദക്ഷിണാഫ്രിക്കന്‍ സംഘത്തിന്റെ കരുത്ത്‌ ഫ്‌ളെക്‌സിബിലിറ്റിയാണ്‌.. ഏഴാം നമ്പര്‍ വരെ ബാറ്റിംഗ്‌, ഏഴ്‌ പേരും ബൗള്‍ ചെയ്യും, എല്ലാവരും നല്ല ഫീല്‍ഡര്‍മാര്‍. എങ്കിലും നൂറ്‌ മാര്‍ക്ക്‌ നല്‍കാന്‍ മികി ആര്‍തര്‍ക്ക്‌ ധൈര്യമില്ല. അദ്ദേഹം മാര്‍ക്കിടുന്നത്‌ ഇന്ത്യക്ക്‌ തന്നെ.
ആരൊക്കെയായിരിക്കും സൂപ്പര്‍ എട്ടില്‍ നിന്ന്‌ സെമി ഫൈനലില്‍ കളിക്കുക..? ഈ ചോദ്യത്തിന്‌ പക്ഷേ ആര്‍തര്‍ വ്യക്തമായ മറുപടിക്ക്‌ തയ്യാറായില്ല. പക്ഷേ ഇന്ത്യ എന്തായാലും സെമി കളിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. 20:20 ഒരു സ്വഭാവമനുസരിച്ച്‌ ഏത്‌ ടീമിന്‌ കപ്പ്‌ സ്വന്തമാക്കാം. എല്ലാ ടീമിലും മികച്ച താരങ്ങളുണ്ട്‌. ഒരാളുടെ പ്രകടനം മാത്രം മതി ചിലപ്പോള്‍ ഒരു ടീമിന്‌ കപ്പ്‌ സ്വന്തമാക്കാന്‍. ഈയിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ തന്നെ ഉദാഹരണം. ചിലരുടെ വ്യക്തിഗത മികവാണ്‌ പലപ്പോഴും ടീമുകളെ തുണക്കുന്നത്‌. ഇന്ത്യയെ പോലെ ഒരു ടീമില്‍ ഒന്നിലധികം വ്യക്തിഗത വിജയക്കാരുണ്ട്‌. അതാണ്‌ ആ ടീമിന്റെ സവിശേഷത. ഒരാള്‍ പരാജയപ്പെട്ടാല്‍ അടുത്തയാള്‍ക്ക്‌ വിജയിക്കാനാവും. അത്‌ കൊണ്ടാണ്‌ ഇന്ത്യയെ പരാജയപ്പെടുത്തുക എളുപ്പമല്ല എന്ന്‌ പറയുന്നത്‌. സൂപ്പര്‍ എട്ടില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരേ ഗ്രൂപ്പിലാണ്‌ വരുന്നത്‌. അത്‌ കൊണ്ട്‌ തന്നെ ദക്ഷിണാഫ്രിക്കയുടെ മുന്നോട്ടുളള പ്രയാണം എളുപ്പമുളളതല്ല. ഇംഗ്ലണ്ടിലാണ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. സാഹചര്യങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും സന്തുതിലമായ ഒരു ടീമിന്‌ അവിടെ ക്ലിക്‌ ചെയ്യാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌.
ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പ്ലസ്‌ പോയന്റുകള്‍ പറയാനും ആര്‍തര്‍ക്ക്‌ മടിയില്ല. ഞങ്ങള്‍ക്ക്‌ ഏത്‌ പൊസിഷനിലും കളിപ്പിക്കാന്‍ കഴിയുന്ന കൂറെ താരങ്ങളുണ്ട്‌. അതായിരിക്കും പ്രധാന ഘടകം. ദക്ഷിണാഫ്രിക്കയെ പോലെ ഈ കരുത്ത്‌ അധികം ടീമുകള്‍ക്കില്ല. മറ്റൊരു പ്ലസ്‌ പോയന്റ്‌്‌ ടീമിന്റെ അപ്രവചനീയത തന്നെ. ചിലപ്പോള്‍ ഏറ്റവും മികച്ച കരുത്തില്‍ കളിക്കാന്‍ ടീമിനാവും. വ്യക്തിഗത മികവില്‍ ഏത്‌ എതിര്‍ ടീമിനെയും വരച്ച വരയില്‍ നിര്‍ത്താനുളള ബാറ്റിംഗ്‌, ബൗളിംഗ്‌ കരുത്ത്‌ ടീമിനുണ്ട്‌. ബാറ്റിംഗിലെ ആഴവും പ്രധാന ഘടകമാണ്‌. എഴാം നമ്പര്‍ വരെ മികച്ച ബാറ്റിംഗ്‌ ടീമിനുണ്ട്‌. ഹര്‍ഷല്‍ ഗിബ്‌സ്‌ മുതല്‍ ജഹാന്‍ ബോത്ത വരെയുളളവര്‍ക്ക്‌ നന്നായി ബാറ്റ്‌ ചെയ്യാനാവും. ഞങ്ങളുടെ ബാറ്റ്‌സ്‌മാന്മാരില്‍ ഭൂരീപക്ഷവും നല്ല ബൗളര്‍മാരുമാണ്‌. അത്‌ അനുകൂല ഘടകമാണ്‌. മറ്റ്‌ ടീമുകളില്‍ നിന്ന്‌ ദക്ഷിണാഫ്രിക്കയെ വിത്യസ്‌തമാക്കുന്ന മറ്റൊരു ഘടകം ഫീല്‍ഡിംഗാണ്‌. എല്ലാവരും നല്ല അത്‌ലറ്റുകള്‍. പന്തിനെ പറന്ന്‌ പിടിക്കാന്‍ ഇവര്‍ക്കാവും. പലപ്പോഴും ലോക ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ന്നു നില്‍ക്കുന്നത്‌ ബാറ്റിംഗിലെ ആഴവും ബൗളിംഗിലെ വിത്യസ്‌തതയും കൊണ്ടാണ്‌. ഏഴ്‌ പേര്‍ ബൗള്‍ ചെയ്യാനുണ്ടെങ്കില്‍ എല്ലാവരെയും എപ്പോഴും ഉപയോഗപ്പെടുത്താനാവും. ഒരു താരത്തെ മാത്രം ആശ്രയിക്കേണ്ടി വരുന്നില്ല. എല്ലാവര്‍ക്കും ഏത്‌ റോളിലും ടീമിനെ സേവിക്കാനാവും.
ഇത്ര കരുത്തിലും എന്താണ്‌ ടീമിന്റെ ദൗര്‍ബല്യം എന്നതായിരുന്നു അടുത്ത ചോദ്യം. പക്ഷേ ആര്‍തര്‍ ഈ ചോദ്യത്തിന്‌ മുന്നില്‍ വ്യക്തമായി പ്രതികരിച്ചില്ല. ഞങ്ങളുടെ ടീമിന്‌ പ്ലസുകള്‍ മാത്രമാണുള്ളതെന്ന്‌ ഞാന്‍പറഞ്ഞാല്‍ അത്‌ അഹങ്കാരമാവും. അച്ചടക്കത്തോടെ കളിക്കാനാവണം. അതാണ്‌ പ്രധാനം. എല്ലാവരും നല്ല താരങ്ങളായത്‌ കൊണ്ട്‌ ജയിക്കണമെന്നില്ല. അച്ചടക്കം പാലിക്കണം. നല്ല തുടക്കമാണ്‌ ഏത്‌ ചാമ്പ്യന്‍ഷിപ്പിലും ഓരോ ടീമും ആഗ്രഹിക്കുക. നല്ല തുടക്കം ലഭിച്ചാല്‍ ആ ആത്മവിശ്വാസത്തില്‍ നന്നായി കളിക്കാനാവും. ഇംഗ്ലണ്ടില്‍ ആദ്യ മല്‍സരങ്ങളില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല.
ദക്ഷിണാഫ്രിക്കന്‍ ടീമിനെ സംബന്ധിച്ചുളള ഒരു പരാതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി-ജാക്‌ കാലിസിന്റെ വരവ്‌. പ്രഥം 20:20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്നപ്പോള്‍ ടീമില്‍ ഇടം ലഭിക്കാത്ത താരമായിരുന്നു ഓള്‍റൗണ്ടറായ കാലിസ്‌. അദ്ദേഹത്തെ പുറത്തിരുത്തിയത്‌ വിവാദവുമായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ കളിപ്പിക്കുന്നത്‌ ചോദ്യം ചെയ്യപ്പെട്ടിരിക്കെ ആര്‍തര്‍ കരുതലോടെയാണ്‌ ടീം സെലക്ഷനെ ന്യായീകരിച്ചത്‌.
ദക്ഷിണാഫ്രിക്കന്‍ ടീമിലെ പ്രധാനിയാണ്‌ ജാക്വസ്‌. അദ്ദേഹത്തെ കൊണ്ട്‌ രണ്ട്‌ കാര്യമുണ്ട്‌-ബാറ്റിംഗിലും ബൗളിംഗിലും. രണ്ട്‌ താരങ്ങളെ കൊണ്ട്‌ ലഭിക്കുന്ന ആനുകൂല്യമാണ്‌ അദ്ദേഹം ഒരാളില്‍ നിന്നും കിട്ടുന്നത്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന പ്രഥമ 20:20 ലോകകപ്പിനുളള ടീമില്‍ അദ്ദേഹത്തിന്‌ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ക്രിക്കറ്റിന്റെ പുതിയ പതിപ്പിനെ ്‌കൂറിച്ച്‌ അദ്ദേഹം കാര്യമായി പഠിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‌ 202:20 യെക്കുറിച്ച്‌ വ്യക്തമായി അറിയാം. സമീപകാലത്ത്‌ ദക്ഷിണാഫ്രിക്ക കളിച്ച 20: 20 മല്‍സരങ്ങളില്‍ അദ്ദേഹമുണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്‌ വേണ്ടി അദ്ദേഹം കരുത്ത്‌ പ്രകടിപ്പിച്ചിരുന്നു. ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ജാക്വസിനെ ഞങ്ങളുടെ ടീമില്‍ അംഗമാക്കിയിരുന്നു. ഐ.പി.എല്‍ മല്‍സരങ്ങള്‍ കൊണ്ട്‌ ദക്ഷിണാഫ്രിക്കന്‍ ടീമിലെ പലര്‍ക്കും കാര്യമുണ്ടായിട്ടുണ്ട്‌. ദക്ഷിണാഫ്രിക്കയുടെ പതിനഞ്ചംഗ ടീമിലെ പന്ത്രണ്ട്‌ പേരും ഐ.പി.എല്ലില്‍ വിവിധ ടീമുകള്‍ക്കായി കളിക്കാനുണ്ടായിരുന്നു. മറ്റ്‌ താരങ്ങള്‍ക്കൊപ്പം കളിച്ചത്‌ കൊണ്ട്‌ ആ താരങ്ങളെക്കുറിച്ചും ടീമിനെക്കുറിച്ചുമെല്ലാം അറിയാന്‍ കഴിഞ്ഞതും ചിലപ്പോള്‍ ഗുണം ചെയ്യും. ഇംഗ്ലണ്ടിലെ ചാമ്പ്യന്‍ഷിപ്പിനുളള ബ്ലൂ പ്രിന്റ്‌്‌ ഒരുക്കും മുമ്പ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നല്‍കിയ പാഠങ്ങള്‍ ഉപയോഗപ്പെടുത്തും. പ്രീമിയര്‍ ലീഗില്‍ പല ടീമുകളും പല തന്ത്രങ്ങളാണ്‌ പ്രയോഗിച്ചത്‌. ഈ തന്ത്രങ്ങളെക്കുറിച്ച്‌ അതത്‌ ടീമുകളില്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍
്‌ക്കറിയാം. ഈ തന്ത്രങ്ങള്‍ വേണമെങ്കില്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഉപയോഗപ്പെടുത്തും.
ഐ.പി.എല്ലിലെ തുടര്‍ച്ചയായ മല്‍സരങ്ങള്‍ ഇന്ത്യന്‍ ടീമിലെ ചിലരെയെങ്കിലും മാനസികമായി ക്ഷീണിതരാക്കിയിട്ടുണ്ടെന്ന ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റന്റെ അഭിപ്രായത്തോട്‌ ആര്‍തര്‍ക്ക്‌ യോജിപ്പുണ്ട്‌. ദക്ഷിണാഫ്രിക്കന്‍ ടീമിലെ പലരും ഐ.പി.എല്ലിലെ മല്‍സരങ്ങള്‍ കാരണം ക്ഷീണിതരാണ്‌. പക്ഷേ ഇംഗ്ലണ്ടില കാലാവസ്ഥ താരങ്ങളെ വലിയ തരത്തില്‍ ബാധിക്കില്ല എന്ന വിശ്വാസമുണ്ട്‌.
ഗ്രൂപ്പ്‌ ഡി യിലാണ്‌ ഇത്തവണ ദക്ഷിണാഫ്രിക്ക കളിക്കുന്നത്‌,. എതിരാളികള്‍ ന്യൂസിലാന്‍ഡും സ്‌ക്കോട്ട്‌ലാന്‍ഡുമാണ്‌. പ്രാഥമിക ലീഗില്‍ നിന്ന്‌ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലെത്തും. അതിനാല്‍ ദക്ഷിണാഫ്രിക്കക്ക്‌ ആദ്യ ഘട്ടത്തില്‍ ആശങ്കയില്ല. ഇന്നലെ ടീം ഇംഗ്ലണ്ടിലെത്തി. നാളെ പാക്കിസ്‌താനുമായി ട്രെന്‍ഡ്‌ ബ്രിഡ്‌ജില്‍ വാം അപ്പ്‌ മല്‍സരമുണ്ട്‌. ജൂണ്‍ മൂന്നിന്‌ ലോര്‍ഡ്‌സില്‍ ശ്രീലങ്കയുമായും വാം അപ്പ്‌. അതിന്‌ ശേഷമാണ്‌ ജൂണ്‍ ഏഴിന്‌ സ്‌ക്കോട്ട്‌ലാന്‍ഡിനെതിരെ ഓവലില്‍ ആദ്യ മല്‍സരം.

യുവി പുതിയ ഹെയര്‍ കട്ടില്‍
വീരു മൊട്ടത്തലയന്‍
മുംബൈ: നിലവിലെ ലോകകപ്പ്‌ ജേതാക്കളായ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളില്‍ പലരും ലോകകപ്പില്‍ പ്രത്യക്ഷപ്പെടുക പുതിയ രൂപത്തില്‍. ഇന്നലെ ഇംഗ്ലണ്ടിലേക്ക്‌ തിരിക്കാന്‍ എല്ലാവരും ഒരുമിച്ചപ്പോള്‍ പലരും പല രൂപത്തിലാണ്‌ എത്തിയാത്‌. ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി പുതിയ ഹെയര്‍ സ്‌റ്റൈലിലാണ്‌. അതേ പോലെ തന്നെ യുവരാജ്‌ സിംഗും. രണ്ട്‌ സൈഡും നന്നായി മുടി വെട്ടി മിലിട്ടറി രൂപത്തിലാണ്‌ യുവി. വിരേന്ദര്‍ സേവാഗ്‌ എന്ന കഷണ്ടിക്കാരനാവട്ടെ ആകെയുളള മുടിയും ഉപേക്ഷിച്ചു. ടീമിന്റെ ഫോട്ടോ സെഷനില്‍ എല്ലാവരും മൊട്ടത്തലയനായ വീരുവിനൊപ്പമായിരുന്നു.
ഇളം നീല കലര്‍ന്നതാണ്‌ ഇന്ത്യന്‍ ടീമിന്റെ പുതിയ യൂനിഫോം. ധോണി വളരെ വിശ്വാസത്തിലാണ്‌. രണ്ട്‌ വര്‍ഷം മുമ്പ്‌ ദക്ഷിണാഫ്രിക്കയില്‍ വെച്ച്‌ സ്വന്തമാക്കിയ കപ്പില്‍ ഇത്തവണയും മുത്തമിടാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ മല്‍സരങ്ങള്‍ ഗുണം ചെയ്‌തിട്ടുണ്ട്‌. എല്ലാവരും നല്ല ഫോമിലാണ്‌. ഇംഗ്ലണ്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നങ്ങളില്ലെന്നാണ്‌ നായകന്‍ വ്യക്തമാക്കുന്നത്‌.

പ്രാര്‍ത്ഥനയോടെ ലങ്ക
കൊളംബോ: ബുദ്ധമത വിശ്വാസികളായ ശ്രീലങ്കക്കാര്‍ ഏത്‌ കാര്യത്തിനും പുറപ്പെടുമ്പോഴും കൂട്ട പ്രാര്‍ത്ഥന നടത്തും. ഇന്നലെ കുമാര്‍ സങ്കക്കാരയുടെ നേതൃത്ത്വത്തിലുള്ള ടീം ഇംഗ്ലണ്ടിലേക്ക്‌ ലോകകപ്പിനായി പുറപ്പെടും മുമ്പ്‌ എല്ലാവരും പതിവ്‌ പോലെ പ്രാര്‍ത്ഥനാമുഖരായി. ബുദ്ധമത പണ്ഡിതര്‍ പങ്കെടുത്ത ചടങ്ങിലേക്ക്‌ എല്ലാ താരങ്ങളുമെത്തി. നായകനായി കുമാര്‍ സങ്കക്കാര ടീമിനെ നയിക്കുന്ന ആദ്യ ചാമ്പ്യന്‍ഷിപ്പാണിത്‌. പാക്കിസ്‌താന്‍ പര്യടനത്തിലെ ദുരന്ത സ്‌മരണകളുമായാണ്‌ ടീം ഒത്തുചേര്‍ന്നത്‌. ലാഹോറില്‍ വെച്ച്‌്‌ തീവ്രവാദികള്‍ ലങ്കന്‍ ടീം യാത്ര ചെയ്‌ത ബസ്‌്‌ ആക്രമിച്ചിരുന്നു. ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ താരങ്ങള്‍ രക്ഷപ്പെട്ടത്‌. പലര്‍ക്കും വെടിവെപ്പില്‍ പരുക്കേറ്റു.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ പല ടീമുകള്‍ക്കായി ലങ്കന്‍ താരങ്ങള്‍ കളിച്ചിരുന്നു. കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്‌ വേണ്ടി കളിച്ച കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ എന്നിവരാണ്‌ പ്രധാനികള്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന തിലകരത്‌നെ ദില്‍ഷാന്‍, മുംബൈ ഇന്ത്യന്‍സിന്റെ ലാസിത്‌ മാലിങ്ക, ഡല്‍ഹിയുടെ തന്നെ പര്‍വേസ്‌ മഹറൂഫ്‌ എന്നിവരെല്ലാം ലങ്കന്‍ നിരയിലുണ്ട്‌.

കേരളത്തിന്റെ പ്രതിയോഗികള്‍ മഹാരാഷ്ട്ര
കോയമ്പത്തൂര്‍: അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാളെ നടക്കുന്ന പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന്റെ പ്രതിയോഗികല്‍ ശക്തരും മുന്‍ ചാമ്പ്യന്മാരുമായ മഹാരാഷ്ട്ര. ഇന്നലെ ക്ലസ്റ്റര്‍ രണ്ടില്‍ നടന്ന അവസാന മല്‍സരത്തില്‍ മഹാരാഷ്ട്ര മൂന്ന്‌ ഗോളിന്‌ മേഘാലയയെ തകര്‍ത്തു. മഹാരാഷ്‌ട്രക്ക്‌ പുറമെ മുന്‍ ചാമ്പ്യന്മാരായ ഗോവ, മണിപ്പൂര്‍ എന്നിവരും ഹരിയാനയും പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ക്ലസ്റ്റര്‍ നാലിലെ അവസാന മല്‍സരത്തില്‍ ഗോവ നാല്‌ ഗോളിന്‌ ഒറീസയെ തരിപ്പണമാക്കിയപ്പോള്‍ ക്ലസ്‌റ്റര്‍ ആറില്‍ മണിപ്പൂര്‍ രണ്ട്‌ ഗോളിന്‌ സിക്കിമിനെ വീഴ്‌ത്തി. ക്ലസ്‌റ്റര്‍ ഏഴിലെ നിര്‍ണ്ണായകമായ അവസാന മല്‍സരത്തില്‍ ഹരിയാന മൂന്ന്‌ ഗോളിന്‌ ബീഹാറിനെ തകര്‍ത്തു.
ഇന്ന്‌ മല്‍സരങ്ങളില്ല. നാളെ നടക്കുന്ന പ്രി ക്വാര്‍ട്ടറുകളില്‍ കേരളം മഹാരാഷ്‌ട്രയെയും ഗോവ മിസോറാമിനെയും മണിപ്പൂര്‍ ഇന്ത്യന്‍ റെയില്‍വേസിനെയും ഹരിയാന തമിഴ്‌നാടിനെയും നേരിടും. കര്‍ണ്ണാടക, പഞ്ചാബ്‌, പശ്ചിമ ബംഗാള്‍, സര്‍വീസസ്‌ എന്നിവര്‍ നേരിട്ട്‌ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയിട്ടുണ്ട്‌.

അനുഭവങ്ങളില്‍ ഉഷയും വിജയനും
കോഴിക്കോട്‌: ഇന്ത്യന്‍ കായികരംഗത്തിന്‌ കേരളം നല്‍കിയ രണ്ട്‌ സംഭാവനകളാണ്‌ പി.ടി ഉഷയും ഐ.എം വിജയനും. ദേശീയ, രാജ്യാന്തര രംഗത്ത്‌ മൂന്ന്‌ ദശാബ്‌ദത്തോളം നിറഞ്ഞുനിന്ന ഈ പ്രതിഭകള്‍ ഇന്ന്‌ അനുഭവങ്ങള്‍ പങ്കിടാന്‍ ഒരുമിക്കുന്നു. കാപ്പാട്‌ ബീച്ച്‌ റിസോര്‍ട്ടില്‍ ഇന്ന്‌ ആരംഭിക്കുന്ന കായിക പത്രപ്രവര്‍ത്തകരുടെ ക്യാമ്പിലാണ്‌ ഉഷയും വിജയനുമെത്തുന്നത്‌. വൈകീട്ട്‌ ഏഴ്‌ മണിക്കാണ്‌ പരിപാടി. ഒളിംപിക്‌സുകളും ഏഷ്യന്‍ ഗെയിംസുകളുമെല്ലാം നിരവധി തവണ കണ്ട ഉഷയുടെ ഉയര്‍ച്ച നേരില്‍ കണ്ടവരാണ്‌ കേരളത്തിലെ സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റുകള്‍. തൃശൂരിലെ മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലെ കടല വില്‍പ്പനക്കാരന്‍ പയ്യനില്‍ നിന്നും മികച്ച ഫുട്‌ബോളറായി വളര്‍ന്ന വിജയന്റെ യാത്രകളിലും മാധ്യമ പ്രവര്‍ത്തകര്‍ ഒപ്പമുണ്ടായിരുന്നു. കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബും സംസ്ഥാന സ്‌പോര്‍ട്‌്‌സ്‌ കൗണ്‍സിലും ചേര്‍ന്ന്‌ ഒരുക്കുന്ന ദ്വിദിന സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌സ്‌ ശില്‍പ്പാല ഇന്ന്‌ രാവിലെ പത്തിന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. രണ്ട്‌ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ പ്രമുഖ കളിയെഴുത്തുകാര്‍ സംബന്ധിക്കും.

No comments: